ചിത്രീകരണം : ജാസില ലുലു

മൊല്ലാച്ചികളുടെ മദ്രസകൾ

സുന്നി വിഭാഗത്തിന്റെ പരമ്പരാഗത മദ്രസ നടത്തിപ്പിൽ തന്നെ സ്ത്രീകൾക്ക് പങ്കാളിത്തവും നിർവാഹകത്വവും ഉണ്ടായിരുന്നതായി കാണാം.

ടലിനോടടുത്തായിരുന്നു ഞങ്ങളുടെ മദ്രസ.
മദ്രസ കോമ്പൗണ്ടിൽ നിന്നിറങ്ങിയാൽ ഒരുവശം നിരന്നുനിൽക്കുന്ന കൊച്ചുവീടുകളും ഒരുഭാഗത്തുനിന്ന് നോക്കിയാൽ നേരെ കടലും കാണാമായിരുന്നു. കടലിനഭിമുഖമായി കുറച്ച് നടന്ന് പിന്നീടൊരു തോടും ചെറിയ പാലവുമെല്ലാം കടന്നാണ് വീട്ടിലെത്തുക. ആൾപാർപ്പില്ലാത്ത നീണ്ട ഇടവഴികൾ കടന്നാലേ ചെമ്മണ്ണ് നിരത്തിയ, പണി പൂർത്തീകരിക്കാത്ത റോഡിൽ വരെ എത്തുകയുള്ളൂ. അതുകൊണ്ട് ആ വഴി ഒറ്റയ്ക്ക് നടക്കുമ്പോൾ ഭയം കലർന്ന ഒരു ആഹ്ലാദമാണ് നൽകുന്നത്. കൽമതിലുകളൊന്നും അധികമില്ല. മണ്ണ് ചെത്തിയുണ്ടാക്കിയ വീതിയുള്ള ഇടവഴിയിൽ ഉയരത്തിൽ മൺഭിത്തിയും അതിനുമുകളിൽ കാടിനു സമാനമായ വൃക്ഷക്കൂട്ടങ്ങളുമായിരുന്നു. ചിലഭാഗത്ത് വീടിന്റെ ഓലമേഞ്ഞ മേൽക്കൂര മാത്രം കാണാം. അവിടെനിന്ന് ഇറങ്ങിനടന്ന് വഴിപോലെ രൂപപ്പെട്ട ചെരിഞ്ഞ പാതയും കാണാം. വഴിയിലൊക്കെയും ഞങ്ങൾക്ക് പരിചയമുള്ള വീടുകൾ തന്നെയായിരുന്നു പലതും.

പൊന്നാനി പ്രദേശത്താണ് പൊതുവായ മദ്രസകൾ തന്നെ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തിയിരുന്നത്. മദ്രസ നടത്തിയിരുന്ന ഒരു സ്ത്രീയെ കാണുകയും അവരുടെ ഫോട്ടോ എന്റെ ആദ്യ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാലുപേരാണ്‌ അന്ന് ഞങ്ങളുടെ വീട്ടിൽനിന്ന് മദ്രസയിലേയ്ക്ക് പോകാനുണ്ടായിരുന്നത്. ഞാനും ഏട്ടൻ ഹർഷാദും അമ്മായിയുടെയും അമ്മാവന്റെയും മക്കളായ സുൾഫി കാക്കയും ഇഷാമെഹനാസും. അമ്മാവന്റെയും അമ്മായിയുടെയും മക്കൾ എന്നുപറയാനും പ്രത്യേക കാരണമുണ്ട്. എന്റെ ഉമ്മയുടെ സഹോദരനാണ് അവരുടെ ഉപ്പ. അവരുടെ ഉമ്മ എന്റെ ഉപ്പാന്റെ സഹോദരിയും. ഇവിടെ ഈ ബന്ധം മാത്രമായിരുന്നില്ല, ഉമ്മയും ഉപ്പയും തന്നെ കസിൻസായിരുന്നു. എന്തായാലും ഒരു വീട്ടിൽനിന്ന് ഞങ്ങൾ നാലുപേർ അതിരാവിലെ മദ്രസയിലേയ്ക്കിറങ്ങും.

മദ്രസയിൽനിന്ന് എന്നും പ്രതീക്ഷിക്കാവുന്ന ഉസ്താദിന്റെ ചോദ്യമുണ്ട്; രാവിലെ എന്താണ് കഴിച്ചതെന്ന്. അത് എന്നും രാവിലെ ഞങ്ങൾ പരസ്പരം പറഞ്ഞുറപ്പിക്കുമായിരുന്നു. സാധാരണ ദിവസങ്ങളിൽ പ്രശ്‌നമില്ല. ചില ദിവസം പുഴുങ്ങിയ കടല പോലെ ചെറിയ സാധനങ്ങളേ കഴിച്ചിട്ടുള്ളൂവെങ്കിൽ ഇന്ന് "പുട്ടും കടലയും കഴിച്ചു എന്ന് പറയാം' എന്ന് വഴിയിൽ നിന്ന് തീരുമാനിക്കപ്പെടും. പല ക്ലാസിലുള്ള ഞങ്ങൾ ഒരുപോലെ തന്നെ ഉത്തരം പറയണമല്ലോ. വലിയ വീട്ടിൽ കുറെ അംഗങ്ങളുമുണ്ടായിരുന്നതിനാൽ രാവിലെ പലപ്പോഴും ഇങ്ങനെ ചെറിയതെന്തെങ്കിലും മാത്രമെ കഴിക്കാൻ കാണൂ. ഉച്ചയ്ക്ക് ചോറ് എത്രയും കഴിക്കാം. പലഹാരങ്ങളാണ് പലപ്പോഴും കുറവു വരുന്നത്. നോമ്പുകാലത്ത് കുട്ടികളെ വേണ്ടത്ര തീറ്റിക്കുമെങ്കിലും ഈ കമ്മി പലപ്പോഴും എനിയ്ക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ ഭക്ഷണത്തിലാവും ഇതെല്ലാം കുറവുവരുത്തുക. അവർ പരമാവധി ഇത് ഞങ്ങളെ അറിയിക്കാതെ നോക്കും. എന്നിട്ട് കഴിച്ചുകഴിയുന്നതുവരെ കാത്തിരിക്കും, അവർക്ക് കഴിക്കാൻ. ഇപ്പോൾ ആലോചിക്കുമ്പോൾ ആ കുറവുകൾക്കുപോലും നല്ല രുചി തോന്നുകയും ചെയ്യുന്നുണ്ട്.

മദ്രസയിൽ ഞങ്ങൾക്ക് ഭക്ഷണം തരുന്ന ദിവസങ്ങൾ നബിദിനവുമായി ബന്ധപ്പെട്ടതാണ്. നബിദിനത്തിനുമുമ്പെ വൈകുന്നേരങ്ങളിൽ ദുആ ഉണ്ടാവും. അതുകഴിഞ്ഞാൽ ഓരോ വിദ്യാർഥികളും കൊണ്ടുവന്ന മധുരപലഹാരങ്ങൾ കൂട്ടിച്ചേർത്തുവെച്ചത് എല്ലാവർക്കുമായി വീതിച്ചുകൊടുക്കും. ഒരു കുട്ടിയുടെ വീട്ടിൽനിന്ന് ഒരു ദിവസം ചീർനി കൊണ്ടുവരണം എന്നതാണ് കണക്ക്. ഒരാഴ്ചയോളം ഇത് നീണ്ടുനിൽക്കും. ഇതവസാനിക്കുക നബിദിനത്തിന്റെ അന്നായിരിക്കും. അന്ന് ജാഥയായി വല്യ മദ്രസയിലേയ്ക്ക് എല്ലാ വിദ്യാർഥികളെയും കൊണ്ടുപോകും. ഇതിനിടയ്ക്ക് കലാപരിപാടികളുടെ അവതരണവും പാട്ടുകളും തക്ബീർ വിളികളും എല്ലാമുണ്ടാകും. അതോടൊപ്പം വഴിയിൽ നിന്ന് പൊതുജനങ്ങളുടെ വക വിദ്യാർഥികൾക്ക് നാരങ്ങാ ജ്യൂസ്, പലഹാരങ്ങൾ, മിഠായി, ബിസ്‌കറ്റുകൾ എന്നിവയും വിതരണം ചെയ്യും.
തീർന്നില്ല, വല്യ മദ്രസയിലെത്തിയാൽ അവിടുത്തെ രസകരമായ കാഴ്ച, വലിയ അണ്ഡാവുകളിലെ ഭക്ഷണം വെക്കലും വിളമ്പലുമാണ്. നല്ല നെയ്‌ച്ചോറും സവിശേഷ രുചിയുള്ള പോത്തിറച്ചി കറിയും. ഇന്നും അതിന്റെ രുചി നാവിൽനിന്ന് പോയിട്ടില്ലെന്ന് തോന്നും ഇതെഴുതുമ്പോൾ. അത് എല്ലാവർക്കും ഇഷ്ടം പോലെ കഴിക്കാം. വീട്ടിലുള്ളവർക്ക് കൂടിയുള്ള മിഠായികളും കൊണ്ടാവും അന്ന് ഞങ്ങൾ വീട്ടിലെത്തുക. പലനിറങ്ങളിലുള്ള കൊടികളും തോരണങ്ങളുമെല്ലാം കൊണ്ട് അലങ്കരിച്ച വർണാഭമായ യാത്രയായിരുന്നു അവ. പിൽക്കാലത്ത് അതിൽ ചില മാറ്റങ്ങൾ വന്നത് വലിയ അമർഷവും സങ്കടവും കൂടി ഉണ്ടാക്കിയ കാഴ്ചയായിരുന്നു.

സ്ത്രീകൾ നടത്തിയിരുന്ന മതപാഠശാലകൾ കേരളത്തിൽ പല സ്ഥലങ്ങളിലുമുണ്ടായിരുന്നു. പരപ്പനങ്ങാടിയിൽ അത്ര പഴയതല്ലെങ്കിലും മുസ്‌ല്യാരും മൊല്ലാച്ചിയും കൂടി നടത്തിയിരുന്ന ഒരു മദ്രസയെക്കുറിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.

സാധാരണ സുന്നി മദ്രസകളിലാണ് ഈ നബിദിനം ഇത്ര വിപുലമായി ആഘോഷിച്ചിരുന്നത്. ആഘോഷിക്കുന്നതിനെ വിമർശിക്കുന്നവരാണ് മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങൾ. ആഘോഷങ്ങൾ വിമർശിക്കപ്പെടുമ്പോൾ, വിമർശനങ്ങളെ നേരിടാനും ആഘോഷങ്ങൾക്ക് ആധികാരികത വരുത്താനുമാകാം ഇവർ ആദ്യം ചെയ്തത് പെൺകുട്ടികളെ അതിൽ നിന്ന് ഒഴിവാക്കുകയാണ്. ഒരിക്കൽ മമ്പുറത്തെ മദ്രസയിൽ ജാഥ തുടങ്ങുമ്പോൾ കണ്ട ഒരു കാഴ്ച, ജാഥയ്ക്കുപിന്നാലെ പെൺകുട്ടികൾ കൂടാൻ ശ്രമിക്കുന്നതും ഉസ്താദുമാർ അവരെ തിരിച്ചോടിക്കുന്നതുമായിരുന്നു. പല പെൺകുട്ടികളും കരഞ്ഞുകൊണ്ടാണ് തിരിച്ചുപോയത്. ആൺ/ പെൺ വിവേചനത്തിൽ നിന്ന് ബാല്യങ്ങളെയും ബാല്യകൗതുങ്ങളെയുമെങ്കിലും നമുക്കൊഴിവാക്കാമായിരുന്നു. ഇങ്ങനെ വിവേചനം കാണിക്കുന്ന ഒരു സ്ഥാപനത്തിൽ പെൺകുട്ടികളെ എങ്ങനെ പഠിക്കാൻ വിടും രക്ഷിതാക്കൾ എന്നും എനിയ്ക്ക് അത്ഭുതം തോന്നി. അതിൽ പരമ്പരാഗത രീതികളും പെൺകുട്ടികൾക്ക് തുണയായില്ല.

എന്റെ അനുജത്തി പഠിച്ചത് മുജാഹിദ് വിഭാഗം നടത്തുന്ന മദ്രസയിലാണ്. അവൾ പഠിക്കാറായപ്പോഴേയ്ക്കും ഞങ്ങൾ വീടു മാറിയതുകൊണ്ടും അവളുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സമയക്രമം മദ്രസയുമായി പൊരുത്തപ്പെടാത്തതുകൊണ്ടും ആദ്യം അവ​ളെ വീട്ടിൽ ഒരു ഉസ്താദ് വന്ന് പഠിപ്പിച്ചു. പിന്നീടാണ് മുജാഹിദ് മദ്രസയിൽ ചേർന്നത്. അവിടുത്തെ പാഠങ്ങളിലെല്ലാം ചെറിയ മാറ്റങ്ങളുണ്ടായിരുന്നു. വലിയ വിശേഷം, പെൺകുട്ടികളെ പഠിപ്പിക്കാൻ പെൺ ഉസ്താദുമാർ ഉണ്ടായിരുന്നു എന്നതാണ്. മുജാഹിദ് വിഭാഗത്തിൽ പല സ്ത്രീകളും മതപഠനത്തിൽ വൈദഗ്ധ്യം നേടുകയും ഖുർആൻ വായിക്കാനും മറ്റുമായി വീടുകളിൽ പോവുകയും പതിവുണ്ട്. എന്നാലിത് മുജാഹിദ് വിഭാഗങ്ങൾ ഇവിടെ ആരംഭിച്ച പതിവല്ല എന്നാണ് എന്റെ അന്വേഷണത്തിൽ മനസ്സിലായത്. സ്ത്രീകൾ നടത്തിയിരുന്ന മതപാഠശാലകൾ കേരളത്തിൽ പല സ്ഥലങ്ങളിലുമുണ്ടായിരുന്നു. പരപ്പനങ്ങാടിയിൽ അത്ര പഴയതല്ലെങ്കിലും മുസ്‌ല്യാരും മൊല്ലാച്ചിയും കൂടി നടത്തിയിരുന്ന ഒരു മദ്രസയെക്കുറിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. നേരിൽ കാണാൻ സാധിച്ചുവെങ്കിലും ഫോട്ടോ എടുക്കാനൊന്നും അനുവാദം കിട്ടിയില്ല.

പൊന്നാനി പ്രദേശത്താണ് പൊതുവായ മദ്രസകൾ തന്നെ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തിയിരുന്നത്. മദ്രസ നടത്തിയിരുന്ന ഒരു സ്ത്രീയെ കാണുകയും അവരുടെ ഫോട്ടോ എന്റെ ആദ്യ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫീസില്ലാതെ പഠിപ്പിക്കുന്ന മദ്രസകൾ വന്നപ്പോഴാണ് അവർ ഓത്തുപള്ളി നിർത്തിയതെന്നാണ് അവർ ഓർക്കുന്നത്. എന്റെ സുഹൃത്തായ അഷ്‌റഫ് ഹംസയെയും അവന്റെ സുഹൃത്തുക്കളിൽ പലരെയും മൊല്ലാച്ചികളാണ് പഠിപ്പിച്ചത്. മുല്ല എന്നതിനോടുകൂടി സ്ത്രീലിംഗ പ്രത്യയമായി ഉപയോഗിക്കുന്ന അച്ചി ചേർന്നിട്ടാവാം മൊല്ലാച്ചി എന്ന പ്രയോഗം വന്നത്. എന്തായാലും സുന്നി വിഭാഗത്തിന്റെ പരമ്പരാഗത മദ്രസ നടത്തിപ്പിൽ തന്നെ സ്ത്രീകൾക്ക് പങ്കാളിത്തവും നിർവാഹകത്വവും ഉണ്ടായിരുന്നതായി കാണാം.

മതകാര്യങ്ങൾക്ക് വലിയ പ്രാമുഖ്യം കൊടുക്കുന്ന തീരപ്രദേശവാസികൾ തന്നെയാണ് വെള്ളിയാഴ്ചകളിൽ തിയേറ്ററുകളിൽ നിറയുന്നതും.

അതുപോലെ മദ്രസ നടത്തിപ്പിൽ കൗതുകകരമായ ഒരു കാര്യം, അവരിൽ ചിലരെങ്കിലും നാടകം, സിനിമ എന്നിവ ഹറാമാണെന്ന് ക്ലാസിൽ പറയാറുണ്ടായിരുന്നു. എന്നാൽ അക്കാലത്ത് ഇവയെല്ലാം കാണാൻ വീട്ടുകാരോടൊത്ത് ഞങ്ങൾ പോയിരുന്നത് അവർക്കറിയാമെങ്കിലും അതിനെക്കുറിച്ചവർ മൗനം പാലിക്കും. ചില തെറ്റിദ്ധാരണയുടെ ഫലമാണെങ്കിലും ഇവ രണ്ടും ചേരാത്തതാണെന്ന തോന്നൽ ചില സഹപാഠികളും ചില അധ്യാപകരും ഉണ്ടാക്കിയിരുന്നു. എന്നാൽ മതകാര്യങ്ങൾക്ക് വലിയ പ്രാമുഖ്യം കൊടുക്കുന്ന തീരപ്രദേശവാസികൾ തന്നെയാണ് വെള്ളിയാഴ്ചകളിൽ തിയേറ്ററുകളിൽ നിറയുന്നതും.

ഇവ പരസ്പര വിരുദ്ധമല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്റെ സുഹൃത്തും പൊന്നാനി മഖ്ദൂം കുടുംബാംഗവുമായ സക്കീർ തന്നെയായിരുന്നു. അവൻ മദ്രസയിലെ കുട്ടികളെ പഠിപ്പിച്ചിരുന്നു. അതോടൊപ്പം അവൻ ചെയ്ത തൊഴിൽ പൊന്നാനിയിലെ അലങ്കാർ തിയേറ്ററിന്റെ മാനേജർ ജോലിയാണ്. മദ്രസയിൽ പഠിക്കുന്ന കുട്ടികൾ തിയേറ്ററിൽ ഉസ്താദിനെ കാണുമ്പോൾ സ്‌നേഹത്തോടെ ഉസ്താദേ എന്ന് വിളിച്ച് ഓടിവരുമായിരുന്നു എന്നും സക്കീർ പറഞ്ഞിരുന്നു. എന്തായാലും മലബാറിന്റെ മണ്ണിൽ കൊള്ളകൊടുക്കലുകളില്ലാതെയല്ല ഒരു വ്യവസ്ഥയും നിലനിന്നത് എന്നതിന്റെ കൂടി ഉദാഹരണമാണിത്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments