മാര്‍ക്‌സിസം ഇന്ന് മര്‍ദ്ദിത കീഴാള ജനതയെ സംബന്ധിച്ച് മൃതമായ ഒന്നാണെന്ന് തെളിയിക്കാന്‍ ഡോ.എം. കുഞ്ഞാമന്‍ നിരത്തുന്ന വാദങ്ങള്‍ ശീതയുദ്ധാനന്തര മാര്‍ക്‌സിസ്റ്റു വിരുദ്ധ ലിബറല്‍ യുക്തിയുടെ വാദമുഖങ്ങളാണെന്ന നിശിത വിമര്‍ശനമുന്നയിക്കുകയാണ് ബി. രാജീവന്‍
5 May 2020, 09:30 PM
Labour in the white skin cannot emancipate itself where in the black skin it is branded
- Karl Marx
ഡോ. കുഞ്ഞാമന്റെ ഹൃദയസ്പര്‍ശിയായ ജീവിതാഖ്യാനം വായിച്ചപ്പോള്‍ ഡോ. അംബേദ്ക്കറുടെ ജീവിതത്തിലെ തിക്താനുഭവങ്ങളാണ് ഓര്‍മ്മയില്‍വന്നത്. അംബേദ്കറെ പോലെ തന്നെ ജാതിപരമായ വിവേചനത്തിനെതിരെ ധീരമായ നിലപാട് കൈക്കൊള്ളുകയും ആരേയും കൂസാതെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയുകയും ചെയ്ത കുഞ്ഞാമന്റെ ആഖ്യാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ഇന്ന് ആധിപത്യം പുലര്‍ത്തുന്ന വ്യവസ്ഥക്ക് എതിരായതുകൊണ്ടു തന്നെ അത് വിപ്ലവകരമായ രാഷ്ട്രീയമാണ്.
ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകളില്‍ നിന്ന് അകന്നുനില്‍ക്കേണ്ടി വന്ന അംബേദ്കര്‍ അതേസമയം മാര്‍ക്സിസത്തിന്റെ യുഗനിര്‍ണ്ണായകമായ പ്രാധാന്യം അംഗീകരിച്ചിരുന്നു. വര്‍ഗ്ഗസമരത്തെ കേവലം ഒരു സാമ്പത്തിക ശാസ്ത്രപ്രശ്‌നമെന്നതിനുപരി ജീവിക്കുന്ന മനുഷ്യസമൂഹത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ സംഘര്‍ഷമായി അംബേദ്കര്‍ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയില്‍ ആ സംഘര്‍ഷം അഥവാ വര്‍ഗ്ഗസമരം പ്രവര്‍ത്തിക്കുന്നത് ജാതിപരമായ അടിമത്തത്തിനെതിരായ സമരത്തിന്റെ രൂപത്തിലാണെന്നും അംബേദ്കര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ജാതി അടഞ്ഞ വര്‍ഗ്ഗമാണ് (Caste is enclosed class) എന്ന് ജാതിയെ നിര്‍വ്വചിച്ചതും ആ നിര്‍വ്വചനത്തില്‍ വിശ്വാസമില്ലാതിരുന്ന സാമ്പത്തിക വാദികളായ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളെ അകറ്റിനിര്‍ത്തിയതും.

മാര്‍ക്‌സിനെക്കുറിച്ച ആ അസത്യം
"മാര്‍ക്‌സിസത്തിന് തിരിച്ചുവരവില്ല' എന്ന തലക്കെട്ടിനു കീഴില്‍ ഡോ. കുഞ്ഞാമന്‍ പറയുന്ന കാര്യങ്ങള്‍ വളരെ ഉത്തരവാദിത്ത്വത്തോടെയുള്ള വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ടവയാണ്. ഭൂമിയിലെ മനുഷ്യജീവിതത്തേയും ജീവജാലങ്ങളേയും ഒന്നാകെ ഗ്രസിച്ചിരിക്കുന്ന ആഗോള മുതലാളിത്തം അതിന്റെ ചൂഷണ- മര്‍ദ്ദന മുറകള്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള എല്ലാത്തരം കീഴാളര്‍ക്കും മേല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കാലഹരണപ്പെട്ടു കഴിഞ്ഞ ഒരു ശീതയുദ്ധാനന്തര മാര്‍ക്‌സിസ്റ്റു വിരുദ്ധ ലിബറല്‍ യുക്തിയുടെ വാദമുഖങ്ങള്‍ അപ്പാടെ ഡോ. കുഞ്ഞാമനെ പോലൊരാള്‍ ആവര്‍ത്തിക്കുമ്പോഴാണ് നമുക്കത് ഗൗരവത്തോടെ പരിഗണിക്കേണ്ടി വരുന്നത്. അതുകൊണ്ട് മാര്‍ക്‌സിസം ഇന്ന് മര്‍ദ്ദിത കീഴാള ജനതയെ സംബന്ധിച്ച് മൃതമായ ഒന്നാണെന്ന് തെളിയിക്കാന്‍ വേണ്ടി അദ്ദേഹം നിരത്തുന്ന വാദങ്ങളിലേക്ക് വരാം.
അദ്ദേഹം പറയുന്നു-""മാര്‍ക്‌സ് ഒരിക്കലും വിമോചന സമരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയില്ല. അദ്ദേഹത്തിന് പല പരിമിതികളുമുണ്ടായിരുന്നു. മൂലധനത്തിന്റെ ആദ്യ വാല്യത്തില്‍ അമേരിക്കന്‍ അടിമ സമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗേതര ( non-class)വിമോചന സമരങ്ങള്‍ക്ക് മാര്‍ക്‌സ് പ്രാധാന്യം നല്‍കിയില്ല. വര്‍ഗേതര പ്രസ്ഥാനങ്ങളേയും വിമോചന മുന്നേറ്റങ്ങളേയും അവഗണിച്ചത് മാര്‍ക്‌സിനു പറ്റിയ ഒരു തെറ്റാണ്''.
ഇത്തരമൊരു നിഗമനത്തില്‍ എത്താന്‍ ഡോ. കുഞ്ഞാമനെ പ്രേരിപ്പിച്ച സൈദ്ധാന്തികവും രാഷ്ട്രീയവുമായ പശ്ചാത്തലമെന്തെന്ന് പരിഗണിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യങ്ങളെ മാര്‍ക്‌സിന്റെ രചനകളേയും ചരിത്ര വസ്തുതകളേയും മുന്‍നിര്‍ത്തി പരിശോധിക്കേണ്ടതുണ്ട്. മാര്‍ക്‌സ് ഒരിക്കലും വിമോചനസമരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടില്ല എന്ന് പറയുമ്പോള്‍ പിന്നെ മാര്‍ക്‌സ് എന്തിനാണ് പ്രാധാന്യം നല്‍കിയത് എന്ന് തിരിച്ചു ചോദിക്കാനാണ് തോന്നുക.
എന്നാല്‍ ഡോ. കുഞ്ഞാമന്‍ വിമോചനസമരങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വര്‍ഗേതര (Non -class ) സമരങ്ങളെയാണെന്ന് തുടര്‍ന്ന് വരുന്ന വാക്യങ്ങളില്‍ നിന്ന് നമുക്കൂഹിക്കാം. മൂലധനത്തിന്റെ ആദ്യവാല്യത്തില്‍ അമേരിക്കന്‍ അടിമത്ത സമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന വര്‍ഗേതര സമരങ്ങള്‍ക്ക് മാര്‍ക്‌സ് പ്രാധാന്യം നല്‍കിയില്ല എന്ന് തുടര്‍ന്നു വരുന്ന പ്രസ്താവമാകട്ടെ മാര്‍ക്‌സിന്റെ രചനാലോകത്തേയും പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള സങ്കുചിതവും ഭാഗികവുമായ ഒരു വീക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്. ഈ വീക്ഷണ പരിമിതി കുഞ്ഞാമന്‍ എന്ന പണ്ഡിതന്‍ വ്യക്തിപരമായി നേരിടുന്ന ഒരു പ്രശ്‌നമല്ല. മാര്‍ക്‌സിനെ വെട്ടിച്ചുരുക്കി യൂറോപ്യന്‍ വ്യവസായത്തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിമോചനം മാത്രം ലക്ഷ്യം വച്ച, അതുകൊണ്ടു തന്നെ മുതലാളിത്ത വികസനത്തിന്റെ അനിവാര്യതയില്‍ വിശ്വസിച്ച ഒരു യൂറോപ്യന്‍ ആധുനിക ചിന്തകന്‍ മാത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരാശയ മണ്ഡലത്തിന്റെ പ്രശ്‌നമാണത്.
മാര്‍ക്‌സ് അടിമകളുടെ വിമോചനം മുതല്‍ ആദിമ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രസക്തി വരെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് എഴുതിയ വളരെ വിപുലമായ രാഷ്ട്രീയ സാഹിത്യത്തെ മുഴുവന്‍ പാര്‍ശ്വവത്ക്കരിക്കുകയോ തമസ്‌ക്കരിക്കുകയോ ചെയ്തുകൊണ്ടാണ് പാശ്ചാത്യ മുഖ്യധാരാ ആധുനികതയിലേക്കുള്ള മാര്‍ക്‌സിസത്തിന്റെ ഈ വെട്ടിച്ചുരുക്കല്‍ നടന്നത്. അങ്ങനെയാണ് താന്‍ ജീവിച്ചിരുന്ന കാലത്തെ ഏറ്റവും നീറുന്ന രാഷ്ട്രീയ പ്രശ്‌നമായിരുന്ന കറുത്തവരുടെ വിമോചനത്തെക്കുറിച്ച് മൂലധനത്തില്‍ പരാമര്‍ശിക്കുകമാത്രം ചെയ്തുകൊണ്ട് മാര്‍ക്‌സ് ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന അസത്യം പ്രചരിപ്പിക്കപ്പെട്ടത്.

ഇതാ, ആ രേഖകള്‍
1861 മുതല്‍ 65 വരെയുള്ള, അടിമത്ത വിമോചനത്തെ കേന്ദ്രമാക്കിയ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ടുകൊണ്ട് "ന്യൂയോര്‍ക് ട്രിബ്യൂണ്‍', "ഡി പ്രസ്സേ' തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങള്‍, അടിമത്ത വിമോചന പ്രസ്ഥാനം യൂറോപ്പില്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടി യൂറോപ്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ അണിനിരത്തുന്നതിനായി നടത്തിയ ആഹ്വാനങ്ങള്‍, അടിമത്ത വിമോചനപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് "കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍' അവതരിപ്പിച്ച പ്രമേയങ്ങള്‍, എബ്രഹാം ലിങ്കണും പ്രസിഡണ്ട് ജോണ്‍സണും മുതല്‍ തന്റെ യൂറോപ്യന്‍ സഹപ്രവര്‍ത്തകര്‍ക്ക് വരെ എഴുതിയ കത്തുകള്‍ തുടങ്ങി അടിമത്ത വ്യവസ്ഥ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള മാര്‍ക്‌സിന്റെ തീവ്രമായ ഇച്ഛ വെളിപ്പെടുത്തുന്ന രേഖകളുടെ ഒരു വന്‍ ശേഖരം തന്നെയുണ്ട്. ഇവയിലെല്ലാം കറുത്തവരുടെ മോചനത്തെ ചൊല്ലിയുള്ള അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെ മനുഷ്യ വിമോചനത്തിനുവേണ്ടി നടക്കുന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായി ഉയര്‍ത്തിപ്പിടിക്കുകയാണ് മാര്‍ക്‌സ് ചെയ്തത്.
കറുത്തവരുടെ വിമോചനത്തെ ചൊല്ലി നടന്ന അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെ "രണ്ടാം അമേരിക്കന്‍ വിപ്ലവം' എന്നാണ് മാര്‍ക്‌സ് വിശേഷിപ്പിച്ചത്. എന്നാല്‍ അമേരിക്കയിലെ കറുത്തവരുടെ വിമോചനം അമേരിക്കയിലെയോ യൂറോപ്പിലെയോ വെളുത്ത തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിമോചനത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന ഒരു പ്രശ്നമായല്ല മാര്‍ക്‌സ് കാണുന്നത്.
മാര്‍ക്‌സിനെ സംബന്ധിച്ച് വെളുത്ത തൊഴിലാളിവര്‍ഗ്ഗ മുന്നണിപ്പടയുടെ വിമോചനത്തിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട ഒന്നായിരുന്നില്ല കറുത്തവരുടെ വിമോചനത്തിന്റെ പ്രശ്‌നം. കറുത്തവരുടെ അദ്ധ്വാന (Black Labour) ത്തിന്റെ മോചനത്തെ വെളുത്തവരുടെ അദ്ധ്വാന (White Labour)ത്തിന്റെ മോചനത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു സവിശേഷ പ്രശ്‌നമായിത്തന്നെയാണ് മാര്‍ക്‌സ് പരിഗണിച്ചത്. മാത്രമല്ല പില്‍ക്കാല ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകളുടെ ധാരണകള്‍ക്കു വിരുദ്ധമായി കറുത്തവരുടെ അദ്ധ്വാനത്തിന്റെ മോചനത്തിലൂടെ മാത്രമേ വെളുത്തവരുടെ അധ്വാനത്തിന് മോചനമുള്ളൂ എന്ന് മാര്‍ക്‌സ് തീര്‍ത്തു പറയുകപോലും ചെയ്തു.
പോള്‍ ലഫാര്‍ഗ്വേയുടെ അച്ഛന്‍ ഫ്രാന്‍സ്വാ ലഫാര്‍ഗ്വേക്ക് അയച്ച ഒരു കത്തില്‍ മാര്‍ക്‌സ് ഇങ്ങനെ എഴുതി: "Labour in the white skin cannot emancipate itself where in the black skin it is branded'. ഈ പ്രസ്താവത്തിന് ആധാരമായി പ്രവര്‍ത്തിക്കുന്ന അദ്ധ്വാനത്തിന്റെ വംശീയാടിസ്ഥാനമെന്തെന്ന്, തെക്കന്‍പക്ഷം ആധിപത്യത്തില്‍ എത്തിയാലുള്ള സ്ഥിതി വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ മാര്‍ക്‌സ് വെളിപ്പെടുത്തുന്നത് നോക്കുക: "The slave system would infect the whole Union. In the northern states, where Negro slavery is unworkable in practice, the white working class would be gradually depressed to the level of helotry. This would be in accord with the loudly proclaimed principle that only certain races are capable of freedom, and that in the South the real labour is the lot of the Negro'. ( The Civil War in the United States- അടിവര കൂട്ടിച്ചേര്‍ത്തത്).
ആധുനിക മുതലാളിത്ത വ്യവസ്ഥയിലെ അടിമ സമ്പ്രദായത്തെ കുറിച്ചുള്ള ചിന്ത തീവ്രമായിത്തന്നെ മാര്‍ക്‌സിന്റെ ആദ്യകാല രചനകളിലും വ്യക്തമായിരുന്നു. 1846ല്‍ മാര്‍ക്‌സ് ഇങ്ങനെ എഴുതി: "Direct slavery is as much the pivot upon which our present-day industrialism turns as are machinery, credit , etc. Without slavery there would be no cotton, without cotton there would be no modern industry. It is slavery which has given value to the colonies, it is the colonies which have created world trade, and world trade is the necessary condition for large scale machine industry........slavery is therefore an economic category of paramount importance'( MECW 38, 101).

അടിമത്ത നിരോധനത്തെ ചൊല്ലിയുള്ള അമേരിക്കന്‍ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നതിന് മുന്‍പു തന്നെ അടിമകള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന സായുധ ചെറുത്തുനില്‍പ്പുകളില്‍ മാര്‍ക്‌സ് ആവേശം കൊണ്ടിരുന്നു. 1860 ല്‍, രക്തസാക്ഷിയായ ജോണ്‍ ബ്രൗണിന്റെ നേതൃത്വത്തില്‍ ഹാര്‍പേഴ്സ് ഫെറിയില്‍ നടന്ന ആക്രമണത്തെ കുറിച്ച് മാര്‍ക്‌സ് എഴുതിയത് ഇങ്ങനെയാണ്: " In my view, the most momentous thing happening in the world today is, on the one hand, the movement among the slaves in America, started by the death of Brown, and the movement among the slaves in Russia, on the other I have just seen in the Tribune that there was a new slave uprising in Missouri, naturally suppressed. But the signal has now been given'. ( MECW 41, 4).
ഇതിനൊക്കെ ഉപരിയായി ആഭ്യന്തര യുദ്ധകാലത്ത് കറുത്തവരുടെ വിമോചനത്തിനായി മാര്‍ക്‌സ് നടത്തിയ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളുടെ ചരിത്ര പ്രാധാന്യം എന്തെന്നുകൂടി പരിശോധിക്കാം. 1864 ല്‍ മാര്‍ക്‌സിന്റെ കൂടി നേതൃത്വത്തില്‍ "ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്‍' എന്ന പേരില്‍ ഒന്നാം ഇന്റര്‍നാഷണല്‍ രൂപം കൊള്ളുന്നതുതന്നെ അമേരിക്കയിലെ അടിമകളുടെ വിമോചനത്തിനു വേണ്ടിയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്.
ബ്രിട്ടനും ഫ്രാന്‍സും സ്പെയിനും അടക്കമുള്ള യൂറോപ്പിലെ ഭരണവര്‍ഗ്ഗങ്ങളും ഭരണകൂടങ്ങളും എല്ലാം ആഭ്യന്തര യുദ്ധത്തില്‍ അടിമത്തത്തിനുവേണ്ടി നിലകൊള്ളുന്ന തെക്കന്‍ പക്ഷത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. അടിമകളുടെ വിമോചന സമരത്തെ പരാജയപ്പെടുത്തുന്നതിനു വേണ്ടി ബ്രിട്ടന്റെയും സ്‌പെയിനിന്റെയും പിന്തുണയോടെ നെപ്പോളിയന്‍ മൂന്നാമന്റെ നേതൃത്വത്തില്‍ മെക്‌സിക്കോ ആക്രമിക്കാനും തെക്കന്‍ പക്ഷത്തെ യുദ്ധത്തില്‍ പിന്തുണക്കാനുമായിരുന്നു അവരുടെ പദ്ധതി. ഇതിനെതിരെ യൂറോപ്പിലെ തൊഴിലാളികളടക്കമുള്ള ജനങ്ങളെ തിരിച്ചുവിടാനും അമേരിക്കന്‍ അടിമകളുടെ മോചനത്തിനായി അവരെ അണിനിരത്താനും ശ്രമിച്ചത് മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള 'ഇന്റര്‍നാഷണല്‍' ആണ്. ഈ പരിശ്രമത്തിന്റെ വിജയത്തെക്കുറിച്ച് മാര്‍ക്‌സ് ഒരു പ്രസംഗത്തില്‍ പ്രസ്താവിക്കുന്നത് നോക്കുക: "It was not the wisdom of the ruling classes , but the heroic resistance to their criminal folly by the working classes of England that saved the West of Europe from plunging headlong into an infamous crusade for the perpetuation of slavery on the other side of the Atlantic'. ( MECW 20, 13).
കറുത്തവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുള്ള പിന്തുണ അറിയിച്ച് "ഇന്റര്‍നാഷണല്‍' എബ്രഹാം ലിങ്കണ് അയച്ച സന്ദേശത്തില്‍ മാര്‍ക്‌സ് എഴുതിയത് ഇങ്ങനെയാണ്: "You have opened the gates of freedom to the millions of our Negro brothers who have been deprived of their manhood by the infernal laws which have so long disgraced the civilization of America'. (John Bright- Speeches on American Question ). ഇങ്ങനെ മാര്‍ക്‌സിസത്തെ കുറിച്ച് ഇന്ന് ആധിപത്യം പുലര്‍ത്തുന്ന ധാരണകള്‍ക്ക് വിരുദ്ധമായി കറുത്തവരുടെ വിമോചനത്തിന്റെ പ്രശ്‌നം മാര്‍ക്‌സിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെയും പ്രവര്‍ത്തനങ്ങളുടേയും കേന്ദ്ര സ്ഥാനത്തു തന്നെയായിരുന്നു എന്ന് തെളിയിക്കാന്‍ മാര്‍ക്‌സിന്റെ രചനകളിലും പ്രവര്‍ത്തനങ്ങളിലും നിന്ന് നൂറു കണക്കിന് വസ്തുതകള്‍ എടുത്തുകാട്ടാന്‍ കഴിയും.
"ഒരു യാന്ത്രിക സിദ്ധാന്തമാണ് മാര്‍ക്‌സിസമെങ്കില്‍ ഞാന്‍ മാര്‍ക്‌സിസ്റ്റല്ല'
മേല്‍ വിവരിച്ച വസ്തുതകളില്‍ നിന്ന് വ്യക്തമാകുന്നത് ഡോ. കുഞ്ഞാമന്‍ കരുതുന്നതുപോലെ മാര്‍ക്‌സിനെ സംബന്ധിച്ച് വര്‍ഗ്ഗ സമരമെന്നും വര്‍ഗ്ഗേതര സമരമെന്നും രണ്ടുതരം വിമോചന സമരങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ്. മാര്‍ക്‌സിന്, അമര്‍ച്ച ചെയ്യപ്പെടുന്ന ഓരോ ജനവിഭാഗവും അവരുടെ ചൂഷിതവും മര്‍ദ്ദിതവുമായ അവസ്ഥക്കെതിരെ നടത്തുന്ന രാഷ്ട്രീയ സമരമാണ് വര്‍ഗ്ഗസമരം. വര്‍ഗ്ഗസമരത്തെ ഇങ്ങനെ രാഷ്ട്രീയമായി, അധികാരരൂപങ്ങളുടെ സംഘര്‍ഷമായി മനസ്സിലാക്കപ്പെടാതെ പോയതിന് ഒരു പ്രധാന കാരണം മാര്‍ക്‌സിസത്തിന് മേല്‍ കെട്ടിവയ്ക്കപ്പെട്ട സാമ്പത്തിക ശാസ്ത്രവാദമാണ്.
നിശ്ചയമായും, യൂറോപ്യന്‍ വികസിത മുതലാളിത്തത്തെ മാതൃകയാക്കി, ആ വ്യവസ്ഥയുടെ ചരിത്രപരമായ സവിശേഷത കണ്ടെത്തുകയും മുതലാളിത്ത മൂലധനത്തിന്റെ ചൂഷണരീതി വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു ശാസ്ത്രീയ രചനയാണ് മാര്‍ക്‌സിന്റെ മൂലധനം. എന്നാല്‍ ഇതിനര്‍ത്ഥം വൈവിദ്ധ്യമാര്‍ന്ന സാമൂഹ്യ വ്യവസ്ഥകളില്‍ നിലകൊള്ളുന്ന ലോക ജനത മുഴുവന്‍ യൂറോപ്യന്‍ മുതലാളിത്ത മാതൃകയില്‍ കൂടി കടന്നു പോയിട്ടുവേണം തൊഴിലാളിവര്‍ഗ്ഗ മുന്നണിപ്പടയുടെ കൈപിടിച്ച് കരകയറാന്‍ എന്നല്ല.
ലോകജനതയെ ആധുനിക പാശ്ചാത്യ മുതലാളിത്ത മാതൃകയിലേക്കുയര്‍ത്തി മോചനത്തിലേക്കു നയിക്കാനുള്ള ഒരു സിദ്ധാന്തമാണ് മാര്‍ക്‌സിസമെന്ന് മാര്‍ക്‌സിന്റെ അനുയായികള്‍ മാര്‍ക്‌സ് ജീവിച്ചിരുന്ന കാലത്തുതന്നെ പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇത്തരം അനുയായികള്‍ക്ക് നേരെ നോക്കിക്കൊണ്ടാണ്, ഈ വിധം ഒരു യാന്ത്രിക സിദ്ധാന്തമാണ് മാര്‍ക്‌സിസമെങ്കില്‍ താന്‍ മാര്‍ക്‌സിസ്റ്റല്ല എന്ന് മാര്‍ക്‌സ് പറഞ്ഞത്.

പടിഞ്ഞാറന്‍ യൂറോപ്പിലെ മുതലാളിത്ത വ്യവസ്ഥയുടെ ആവിര്‍ഭാവത്തെ കുറിച്ചുള്ള ചരിത്രപരമായ തന്റെ വിവരണത്തെ ലോകജനതക്കു മുഴുവന്‍ ബാധകമായ ഒരു ചരിത്ര സത്യമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ അസംബന്ധത്തെ കുറിച്ച് മിഖൈലോവിസ്‌കിക്ക് മറുപടി നല്‍കുമ്പോള്‍ മാര്‍ക്‌സ് പറയുന്നത് നോക്കുക: "Mikhailovisky insists on transforming my historical sketch of the genesis of capitalism in Western Europe into a historico- philosophical theory of the general course fatally imposed on all peoples, whatever the historical circumstances in which they find themselves placed'. ( Teodor Shanin- Late Marx and the Russian Road, Page 139).
മാര്‍ക്‌സ് ഇവിടെ തിരുത്താന്‍ ശ്രമിക്കുന്ന, മിഖൈലോവിസ്‌കിയെപ്പോലുള്ളവര്‍ക്ക് പറ്റിയ ഗുരുതരമായ അബദ്ധം തന്നെയാണ് മൂലധനത്തിന്റെ രചനക്ക് മാര്‍ക്‌സ് മാതൃകയായി കൈക്കൊണ്ട പടിഞ്ഞാറന്‍ യൂറോപ്പിന്റെ ചരിത്രം ലോകത്തിനു മുഴുവന്‍ ബാധകമാണെന്ന് ധരിച്ച മാര്‍ക്‌സിസ്റ്റുകള്‍ക്കും, യൂറോ സെന്ററിസത്തിന്റെ പേരില്‍ മാര്‍ക്‌സിസത്തെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്കും സംഭവിച്ചത്. മാര്‍ക്‌സ് തിരുത്താന്‍ ശ്രമിക്കുന്ന ഈ ധാരണയില്‍ നിന്നാണ് ഡോ: കുഞ്ഞാമന്റെ വാദമുഖങ്ങളും വരുന്നത്.
മാര്‍ക്‌സിസത്തെ ഇങ്ങനെ യൂറോപ്യന്‍ മാതൃകയില്‍ തളച്ചിടുന്ന സാമ്പത്തിക ശാസ്ത്രവാദമനുസരിച്ച്, "വര്‍ഗ്ഗം' വര്‍ഗ്ഗ സംഘര്‍ഷത്തില്‍ നിന്ന് മുക്തമായ, സമൂഹസിദ്ധമായ ഒരു സാമ്പത്തിക ഗണം മാത്രമാണ്. വര്‍ഗ്ഗം നിഷ്‌ക്രിയമായ ഒരു സാമ്പത്തികശാസ്ത്ര ഗണമെന്നതിനുപരി ഒരു സജീവരാഷ്ട്രീയ കര്‍ത്തൃത്വരൂപമായി ( Political Subjectivity ) ആവിഷ്‌കരിക്കപ്പെടുന്നത് മാര്‍ക്‌സിന്റെ രാഷ്ട്രീയ സൈദ്ധാന്തിക രചനകളുടെ അത്യുന്നതാവസ്ഥ എന്ന് വിശേഷിക്കപ്പെടുന്ന ഗ്രന്‍ഡ്രിസ്സെ ( Grundrisse ) എന്നറിയപ്പെടുന്ന സമീപകാലത്തു മാത്രം വെളിച്ചംകണ്ട 1857 -58 കാലത്തെ നോട്ടുബുക്കുകളിലാണ്.
വര്‍ഗ്ഗസമരത്തെ ഇങ്ങനെ സാമ്പത്തിക വര്‍ഗ്ഗസമരം മാത്രമായി വ്യാഖ്യാനിച്ച ഇന്ത്യയിലെ മാര്‍ക്‌സിന്റെ അനുയായികളാണ് അടിമജാതികളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച ഡോ. അംബേദ്കറെ ശത്രുവായി കണ്ടത്. അടിമത്ത വിമോചന സമരത്തില്‍ മാര്‍ക്‌സ് കണ്ടതുപോലെ ജാതി വിമോചന സമരത്തില്‍ വര്‍ഗ്ഗസമരം കാണാന്‍ കഴിയാതെ പോയ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളെ അംബേദ്കര്‍ക്കും അകറ്റി നിര്‍ത്തേണ്ടതായി വന്നു. എന്നാല്‍ 19ാം നൂറ്റാണ്ടില്‍ കറുത്ത അദ്ധ്വാനത്തിന്റെ മോചനത്തിലൂടെയല്ലാതെ വെളുത്ത അദ്ധ്വാനത്തിന് മോചനമില്ല എന്ന് പറഞ്ഞ മാര്‍ക്സിന്റെ അതെ സമീപനം തന്നെയാണ് 20-ാം നൂറ്റാണ്ടില്‍ ഡോ. അംബേദ്കര്‍ ജാതി വിമോചന സമരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ആവിഷ്‌ക്കരിച്ചത് എന്നു പറയാം.
വര്‍ഗ്ഗത്തിന്റെയും വംശത്തിന്റെയും പരസ്പര ബന്ധത്തിന്റെ പ്രശ്‌നത്തെ അടിമത്ത വിമോചന യുദ്ധകാലത്ത് മാര്‍ക്‌സ് കൈകാര്യം ചെയ്ത രീതിയില്‍ തന്നെയാണ് ഇന്ത്യന്‍ ജാതി വിമോചന സമരത്തില്‍ ജാതിയുടേയും വര്‍ഗ്ഗത്തിന്റെയും ബന്ധത്തെ ഡോ. അംബേദ്കറും കൈകാര്യം ചെയ്തത് എന്ന് കണ്ടെത്താന്‍ കഴിയും. അതുകൊണ്ടാണ് ജാതിയെ അടഞ്ഞ വര്‍ഗ്ഗമെന്ന് അംബേദ്കര്‍ക്ക് നിര്‍വ്വചിക്കാന്‍ കഴിഞ്ഞത്.
അമേരിക്കയിലെ കറുത്തവരുടെ വിമോചനത്തിന്റെ കാര്യത്തില്‍ മാര്‍ക്‌സ് കണ്ടെത്തിയ, ഒരേസമയം ഭിന്നതയിലും ഐക്യത്തിലും വര്‍ത്തിക്കുന്ന വംശ-വര്‍ഗ്ഗ ബന്ധത്തിന്റെ ഡയലക്ടിക്‌സ് തന്നെയാണ് ഇന്ത്യയിലെ ജാതി-വര്‍ഗ്ഗബന്ധത്തിന്റെ കാര്യത്തിലും അംബേദ്ക്കര്‍ ദര്‍ശിച്ചത്. അതുകൊണ്ടാണ് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ യാന്ത്രിക വര്‍ഗ്ഗ നിലപാടുകളുമായി അകലം പുലര്‍ത്തിയപ്പോഴും അംബേദ്കര്‍ക്ക് മാര്‍ക്‌സിസത്തിന്റെ വിമോചക ശക്തിയെ അംഗീകരിക്കാന്‍ കഴിഞ്ഞത്. സ്റ്റാലിന്‍ മരിച്ച ദിവസം അംബേദ്കര്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചത് മനുഷ്യസമത്വത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ മാര്‍ക്‌സിസത്തിന്റെ മൂല്യങ്ങളോടുള്ള ആത്മാര്‍ത്ഥമായ അനുഭാവം കൊണ്ടുതന്നെയാവണം. ( അംബേദ്ക്കറുടെ ഈ ഉപവാസ വിവരം വെളിപ്പെടുത്തിയത് ആനന്ദ് ടെല്‍തുംബ്ദെയാണ്).

അവരുടേത് വിമോചനസമരമാണ്, മാര്‍ക്‌സിസമാണ്
മാര്‍ക്‌സിസത്തിന്റെ പരിമിതിയെ കുറിച്ച് ഡോ. കുഞ്ഞാമന്‍ തുടര്‍ന്നു പറയുന്ന കാര്യങ്ങളും ഇന്ന് പുനഃപരിശോധിക്കപ്പെടേണ്ടവയാണ്. മാര്‍ക്‌സിന്റെ പരിമിതികള്‍ക്ക് പ്രധാന കാരണമായി അദ്ദേഹം പറയുന്നത് മാര്‍ക്‌സ് കിഴക്കന്‍ സമൂഹങ്ങളെക്കുറിച്ച് ശരിക്ക് പഠിച്ചില്ല എന്നതാണ്. യഥാര്‍ത്ഥത്തില്‍ യൂറോപ്പിനെ കേന്ദ്രമാക്കിയുള്ള സാമ്പത്തിക-രാഷ്ട്രീയ പഠനങ്ങള്‍ 1872 നു ശേഷം, അതായത് പാരീസ് കമ്മ്യൂണിനു ശേഷം, മാര്‍ക്‌സ് അവസാനിപ്പിക്കുകയും യൂറോപ്പിന് പുറത്തുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലോക രാഷ്ട്രങ്ങളെ കുറിച്ചുള്ള വിശദ പഠനങ്ങളിലേക്ക് തിരിയുകയുമാണ് ചെയ്യുന്നത്.
മുതലാളിത്ത വ്യവസ്ഥയെ കുറിച്ചുള്ള തന്റെ പഠന മാതൃകയായ പടിഞ്ഞാറന്‍ യൂറോപ്പില്‍ ഒതുങ്ങി നില്‍ക്കാതെ ലോകജനതയെ മുഴുവന്‍ അവയുടെ വൈവിധ്യങ്ങളോടും വൈചിത്ര്യങ്ങളോടും പഠനവിഷയമാക്കാനാണ് മാര്‍ക്‌സ് പിന്നീടുള്ള ജീവിതകാലം മുഴുവന്‍ ആവേശപൂര്‍വ്വം ഉഴിഞ്ഞു വയ്ക്കുന്നത്. 1857 -58 ലെ ഗ്രന്‍ഡ്രിസ്സെ നോട്ടുബുക്കുകളുടെ കാലത്തു തന്നെ, പിന്നീട് സ്റ്റാലിനിസത്തിലൂടെ പ്രചാരത്തില്‍ വന്ന ഏകരേഖീയവും ( Unilinear) അനിവാര്യ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതുമായ (Sta-gits) ചരിത്ര സങ്കല്‍പ്പത്തെ മറികടക്കുന്ന ബഹുരേഖീയമായ ( Multilinear ) തുറന്ന സമീപനമാണ് തന്റേതെന്ന് മാര്‍ക്‌സ് വെളിപ്പെടുത്തിക്കഴിഞ്ഞിരുന്നു.
ഇന്ത്യ, ചൈന, ഇന്‍ഡോനേഷ്യ, റഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ പാശ്ചാത്യേതര പ്രാങ്ങ്-മുതലാളിത്ത രാജ്യങ്ങളുടെ നരവംശശാസ്ത്രപരവും ചരിത്രപരവുമായ പഠനങ്ങളിലാണ് പിന്നീട് മാര്‍ക്‌സ് മുഴുകുന്നത്. ഇന്ന് പ്രചാരത്തിലുള്ളതും ഔദ്യോഗിക മാര്‍ക്‌സിസ്റ്റുകളും മാര്‍ക്‌സിസ്റ്റു വിരുദ്ധരും ഒരേപോലെ പ്രചരിപ്പിച്ചു പോരുന്നതുമായ കിഴക്കന്‍ രാജ്യങ്ങളെ കുറിച്ചുള്ള ട്രിബ്യുണ്‍ ലേഖനങ്ങളിലെ നിഗമനങ്ങളെ മുഴുവന്‍ ഈ പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ മാര്‍ക്‌സ് തള്ളിക്കളയുകയാണ് ചെയ്യുന്നത്.

ഇന്ന് പ്രചാരത്തിലുള്ള കിഴക്കന്‍ രാജ്യങ്ങളെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ 1853 ലെ നിഗമനങ്ങള്‍ ഹെഗലിന്റെയും ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാരുടെയും സ്വാധീനത്തില്‍ നിന്ന് രൂപപ്പെട്ടവയാണ്. എന്നാല്‍ ഏകരേഖീയമായ പാശ്ചാത്യ ചരിത്ര വികാസ മാതൃകയെ കിഴക്കന്‍ രാജ്യങ്ങളടക്കമുള്ള പ്രാങ് മുതലാളിത്ത രാജ്യങ്ങള്‍ക്കുമേല്‍ യാന്ത്രികമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച യൂറോ കേന്ദ്രിത മാര്‍ക്‌സിസം ആധികാരികമാവുകയും മുപ്പതിനായിരത്തോളം പേജുകള്‍ വരുന്ന മാര്‍ക്‌സിന്റെ നോട്ടുബുക്കുകളില്‍ ഉയിര്‍കൊള്ളുന്ന ഇന്ത്യയടക്കമുള്ള പ്രാങ് മുതലാളിത്ത രാജ്യങ്ങളുടെ മാര്‍ക്‌സിസം തമസ്‌കരിക്കപ്പെടുകയും ആണുണ്ടായത്.
1920 ല്‍ മാര്‍ക്‌സ്-ഏംഗല്‍സ് സമാഹൃതകൃതികളുടെ എഡിറ്റര്‍ ആയി ചുമതലയേറ്റ ഡേവിഡ് റിയാസിനോവ്, ബഹുരേഖീയമായ ചരിത്ര സങ്കല്‍പ്പവും ലോക കീഴാള രാജ്യങ്ങളുടെ മാര്‍ക്‌സിസവും അടങ്ങുന്ന മാര്‍ക്‌സിന്റെ കയ്യെഴുത്തുകള്‍ മുഴുവന്‍ കണ്ടെടുത്തിരുന്നു.

എന്നാല്‍ റിയാസിനോവിന് അതിന്റെ പ്രസിദ്ധീകരണം മുഴുവന്‍ തുടരാന്‍ കഴിഞ്ഞില്ല. സ്റ്റാലിന്‍ ഭരണകൂടം റിയാസിനോവിനെ സൈബീരിയയിലേക്ക് നാടുകടത്തുകയും അവിടെ വച്ച് വധിക്കുകയും ചെയ്തു. ഇതിനര്‍ത്ഥം തന്റെ ബഹുരേഖീയമായ ചരിത്ര സങ്കല്‍പ്പവുമായി മാര്‍ക്‌സ് തന്നെ സ്റ്റാലിന്റെ റഷ്യയിലേക്ക് വന്നിരുന്നെങ്കില്‍ മാര്‍ക്‌സിനും റിയാസിനോവിന്റെ അനുഭവം നേരിടേണ്ടി വരുമായിരുന്നു എന്നാണ്.
എന്നാലിന്ന് കറുത്തവരും വെളുത്തവരും സ്ത്രീകളുമെല്ലാമടങ്ങുന്ന ലോകമെമ്പാടുമുള്ള കീഴാള ജനസഞ്ചയം ആഗോള മുതലാളിത്തം സൃഷ്ടിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ അധികാര ബന്ധങ്ങളില്‍ നിന്ന് പുറത്തുകടക്കാനുള്ള നാനാമുഖമായ സമരങ്ങളിലാണ്. അവരിലൂടെ പ്രവര്‍ത്തിക്കുന്നത് ആഗോളമുതലാളിത്തത്തിന്റെ കാലത്തെ വിമോചനസമരമാണ്, മാര്‍ക്‌സിസമാണ്.
Sunil. B. Varkala
8 May 2020, 06:37 PM
Good
Latheef Abbas Patla
6 May 2020, 08:15 PM
ഇന്ന് നടക്കുന്ന സമരങ്ങളെ വർഗസമരമെന്നു വിളിക്കണോ വിമോചന സമരമെന്നു വിളിക്കണോ മാർക്സിയൻ രീതിയാക്കണോ അംബേദ്ക്കറൻ മോഡലാക്കണോ എന്നിങ്ങനെ സൈദ്ധാന്തിക ചർവ്വിത ചർവ്വണം കൊണ്ട് മസ്തിഷ്ക വ്യായാമം നടത്തി സ്വന്തം സമയവും അത് വായിക്കാനെടുക്കുന്നവരുടെ സമയവും പഴാക്കാനല്ലാതെ ഇന്ത്യയിലെ സകല അവർണ്ണ വിഭാഗങ്ങളുടേയും മോചനത്തിനു വേണ്ടി പ്രായോഗിക രാഷ്ട്രീയത്തിലധിഷ്ടിതമായ മാർഗങ്ങൾ വല്ലതും നിർദ്ദേശിക്കാനോ, പ്രവൃത്തി തലത്തിൽ എന്തെങ്കിലും ചെയ്ത് കാണിക്കാനോ ഈ ലേഖകനടക്കമുള്ളവർ തയ്യാറായിരുന്നെങ്കിൽ ഇങ്ങനെ കുത്തിയിരുന്ന് വാചക പ്രതിവാചക മേള നടത്തി നടുവൊടിയേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. പാവം ദലിതർ അവർക്ക് മാർക്സും വേണ്ട അംബേദ്ക്കറും വേണ്ട. ഇപ്പോൾ വേണ്ടത് കാലിലെ ചങ്ങല പൊട്ടിച്ചു കളയാൻ ഹാമറുമായ് ധൈര്യസമേതം മുന്നിട്ടു വരുന്ന ഒരു നേതാവിനെയാണ്. സൈദ്ധാന്തികം ചർച്ചിക്കുന്നവർ ശീതീകരിച്ച മുറിയിൽ മഷി നിറച്ചു കൊണ്ടേയിരിക്കുമ്പോൾ വയറു നിറക്കാൻ സഹായിക്കുന്ന ഒരു നേതാവിനായി തെരുവിൽ അവർ കാത്തിരിക്കുകയാണ്. Latheef Abbas Patla
Latheef Abbas Patla
6 May 2020, 05:48 PM
ഇന്ന് നടക്കുന്ന സമരങ്ങളെ വർഗസമരമെന്നു വിളിക്കണോ വിമോചന സമരമെന്നു വിളിക്കണോ മാർക്സിയൻ രീതിയാക്കണോ അംബേദ്ക്കറൻ മോഡലാക്കണോ എന്നിങ്ങനെ സൈദ്ധാന്തിക ചർവ്വിത ചർവ്വണം കൊണ്ട് മസ്തിഷ്ക വ്യായാമം നടത്തി സ്വന്തം സമയവും അത് വായിക്കാനെടുക്കുന്നവരുടെ സമയവും പഴാക്കാനല്ലാതെ ഇന്ത്യയിലെ സകല അവർണ്ണ വിഭാഗങ്ങളുടേയും മോചനത്തിനു വേണ്ടി പ്രായോഗിക രാഷ്ട്രീയത്തിലധിഷ്ടിതമായ മാർഗങ്ങൾ വല്ലതും നിർദ്ദേശിക്കാനോ, പ്രവൃത്തി തലത്തിൽ എന്തെങ്കിലും ചെയ്ത് കാണിക്കാനോ ഈ ലേഖകനടക്കമുള്ളവർ തയ്യാറായിരുന്നെങ്കിൽ ഇങ്ങനെ കുത്തിയിരുന്ന് വാചക പ്രതിവാചക മേള നടത്തി നടുവൊടിയേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. പാവം ദലിതർ അവർക്ക് മാർക്സും വേണ്ട അംബേദ്ക്കറും വേണ്ട. ഇപ്പോൾ വേണ്ടത് കാലിലെ ചങ്ങല പൊട്ടിച്ചു കളയാൻ ഹാമറുമായ് ധൈര്യസമേതം മുന്നിട്ടു വരുന്ന ഒരു നേതാവിനെയാണ്. സൈദ്ധാന്തികം ചർച്ചിക്കുന്നവർ ശീതീകരിച്ച മുറിയിൽ മഷി നിറച്ചു കൊണ്ടേയിരിക്കുമ്പോൾ വയറു നിറക്കാൻ സഹായിക്കുന്ന ഒരു നേതാവിനായി തെരുവിൽ അവർ കാത്തിരിക്കുകയാണ്. Latheef Abbas Patla
Bipin
5 May 2020, 10:52 PM
ചില കാര്യങ്ങളിൽ ആദ്യ കാല മാർക്സും മറ്റ് ചില കാര്യങ്ങളിൽ പില്ക്കാല മാർക്സുമാണ് ശരിയെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്? നമുക്ക് ആവശ്യമുള്ളത് മാർ ക്ലിൽ കണ്ടെത്താനുള്ള വ്യഗ്രത മാർക്സിസ്റ്റുകാരിൽ ഒരു മത വിശ്വാസം പോലെ പടരുന്നത് എന്തുകൊണ്ടാണ്? ‘‘the development of the capacities of the human species takes place at the cost of the majority of individuals and even classes.’ എന്നെഴുതുമ്പോൾ മാർക്സ് മനുഷ്യകുലത്തിന് മുഴുവൻ ബാധകമാകുന്ന ഒരു ഭാവിയെക്കുറിച്ചല്ലേ പ്രവചിക്കുന്നത് ? അതിന്റെ അടിസ്ഥാനം എന്താണ്? പാശ്ചാത്യ മുതലാളിത്തത്തിന്റെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള സ്വന്തം സിദ്ധാന്തമല്ലാതെ? കമ്യൂണിസത്തിലേക്ക് മുതലാളിത്തത്തിന്റെ മിച്ചമൂല്യത്തിലൂടെയല്ലാതെ കടക്കാൻ എന്തെങ്കിലും വഴി മാർക്സിസത്തിലുണ്ടോ?
ആരോ ഒരുത്തൻ
5 May 2020, 09:08 PM
മാർക്സ് ജർമ്മനിലല്ലേ എഴുതിയത്. അപ്പോൾ ദയവായി അത് ഇംഗ്ലിഷിൽ ഉദ്ദരിക്കുമ്പോ മലയാളത്തിൽ കൂടി മൊഴിമാറ്റം ചെയ്തൂടെ
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Truecopy Webzine
Dec 03, 2020
1 Minutes Read
ബി.രാജീവന്‍
Nov 30, 2020
3 Minutes Read
K M Venugopalan
31 May 2020, 01:31 PM
സ്വന്തം വകതിരിവ് കുറവ് കൊണ്ടോ , മുതലാളിത്ത മീഡിയകളിൽ കിട്ടുന്ന അംഗീകാരവും , ഗാലറികളിൽ ഇരുന്ന് കയ്യടിക്കുന്നവരിൽ നിന്ന് ചാർത്തി കിട്ടുന്ന ബുദ്ധിജീവിപ്പട്ടവുമോ മാത്രംകൊണ്ട് മാർക്സിനെ "വെട്ടിനിരത്താൻ" കഴിയില്ല എന്ന് മനസ്സിലാക്കാൻ ബുദ്ധിജീവികൾക്ക് ഒരു പക്ഷേ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് .