അഭയ കേസ്:
ഈ വിധി ആണോ
ആത്യന്തികമായ സത്യം?
ഇതാ അതിനുത്തരം
അഭയ കേസ്: ഈ വിധി ആണോ ആത്യന്തികമായ സത്യം? ഇതാ അതിനുത്തരം
അഭയ കേസില്‍ വിധി വന്നശേഷം, പ്രാഥമിക വസ്തുതകള്‍ പോലും തെറ്റായി വ്യാഖ്യാനിച്ച് ‘ഫേസ്ബുക് കോടതി'കളില്‍ ഗൂഢാലോചന സിദ്ധാന്തം അരങ്ങുതകര്‍ക്കുകയാണ്. കേസിന്റെ സങ്കീര്‍ണത നന്നായി അറിയുന്ന സി.ബി.ഐ കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ഇന്ത്യന്‍ തെളിവ് നിയമം വിശദമായി വ്യാഖ്യാനിച്ചു തന്നെയാണ് തര്‍ക്കവിഷയമായ പല തെളിവുകളും തീര്‍പ്പാക്കിയിരിക്കുന്നതെന്ന്, അഭയ കേസ് തുടക്കം മുതല്‍ റിപ്പോര്‍ട്ടുചെയ്യുകയും പല നിര്‍ണായക വിവരങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്ത മാധ്യമപ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ മെട്രോ എഡിറ്ററുമായ ബി. ശ്രീജന്‍ വ്യക്തമാക്കുന്നു
3 Jan 2021, 09:12 AM
മഴ പെയ്തുതീര്‍ന്നാലും മരം പെയ്തുതീരില്ല എന്ന മട്ടിലാണ് സിസ്റ്റര്‍ അഭയ വധക്കേസ് വിധിയുടെ വിചാരണ സാമൂഹിക മാധ്യമങ്ങളിലും ഗൂഢാലോചന സിദ്ധാന്ത സദസ്സുകളിലും പുരോഗമിക്കുന്നത്. വിധി പറഞ്ഞു കഴിഞ്ഞിട്ട് ദിവസം പത്തായി, വിധിപ്പകര്‍പ്പ് പൊതുമണ്ഡലത്തില്‍ ലഭ്യമായിട്ട് എട്ടു ദിവസം കഴിഞ്ഞു. വിധിയിലേക്ക് കോടതി എത്തിയത് എങ്ങനെ എന്ന് വിശദമായി രേഖപ്പെടുത്തിയിട്ടും പ്രാഥമിക വസ്തുതകള്‍ പോലും തെറ്റായി വ്യാഖ്യാനിച്ച് ദുരൂഹത പരത്താനാണ് പല മണ്ഡലങ്ങളിലെയും വിദഗ്ധര്‍ കൈമെയ് മറന്ന് ശ്രമിക്കുന്നത്.
ഫെയര്‍ ട്രയല്‍
കേസിന്റെ സങ്കീര്‍ണത നന്നായി അറിയുന്ന സി.ബി.ഐ കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ഇന്ത്യന്‍ തെളിവ് നിയമം വിശദമായി വ്യാഖ്യാനിച്ചു തന്നെയാണ് തര്‍ക്കവിഷയമായ പല തെളിവുകളും തീര്‍പ്പാക്കിയിരിക്കുന്നത്. സാക്ഷിമൊഴികളുടെ വിശ്വാസ്യത നിരവധി സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചാണ് സാധൂകരിച്ചിരിക്കുന്നത്.

കുറ്റകൃത്യത്തിന്റെ ദൃക്സാക്ഷിയല്ലാത്ത കോടതിക്ക്, തെളിവുകളും സാക്ഷിമൊഴികളും അവ ഒന്നുകൂടെ വിശദമാക്കി നല്‍കുന്ന അഭിഭാഷക വാദങ്ങളും അനുസരിച്ചു വിധിയില്‍ എത്തുക എന്നല്ലാതെ നിയമ വ്യവസ്ഥയില്‍ മറ്റു വഴികളൊന്നും ഇല്ല.
ഈ വിധി ആണോ ആത്യന്തികമായ സത്യം എന്ന് ചോദിച്ചാല്‍ വിധിച്ച ജഡ്ജി പോലും ഒന്ന് സംശയിച്ചേക്കും. നമ്മുടെ നിയമവ്യവസ്ഥ നല്‍കുന്ന ഫെയര്‍ ട്രയല്‍ എന്ന സൗകര്യം മറ്റെല്ലാ കേസിലും എന്ന പോലെ ഈ കേസിലെ പ്രതികള്‍ക്കും ലഭിച്ചിട്ടുണ്ട്; ഒരു പക്ഷെ, മറ്റു കേസുകളിലേക്കാള്‍ കൂടുതലും.
ഉദാഹരണത്തിന്, സാധാരണ കൊലക്കേസുകള്‍ പ്രതികള്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടവയാണ്; വേണ്ടവണ്ണം അഭിഭാഷകരോട് ആശയവിനിമയം നടത്താന്‍ പോലും ആയില്ലെന്നു വരും. ഇവിടെ 11 വര്‍ഷമായി ജാമ്യത്തില്‍ പുറത്തായിരുന്നു പ്രതികള്‍ രണ്ടുപേരും. പണം, സ്വാധീനം, ആള്‍ബലം ഒക്കെ വേണ്ടുവോളവും.
Also Read: അപമാന ഭാരംകൊണ്ട് ശിരസ് കുനിക്കുകയാണ് ഞങ്ങളെപ്പോലുള്ള വൈദികര്‍ | ഫാ. അഗസ്റ്റിൻ വട്ടോളി
കേരളത്തിലെ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകനായ ബി. രാമന്‍ പിള്ളയുടെ നേതൃത്വത്തില്‍ അഭിഭാഷകരായ ജോര്‍ജ് ഫിലിപ്പ്, ബി. ശിവദാസ്, എ.ആര്‍. താരാ തമ്പി എന്നിവര്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനുവേണ്ടി ഹാജരായപ്പോള്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജെ. ജോസിന്റെ നേതൃത്വത്തില്‍ സാജന്‍ മൈക്കേല്‍, ബിനോ ബാബു, ബിമല്‍ വി. എസ്. എന്നിവര്‍ സിസ്റ്റര്‍ സെഫിക്കു വേണ്ടി കേസ് വാദിച്ചു.

രണ്ടു സംഘങ്ങളുടെയും ഏകോപന ചുമതല ചാക്കോ സൈമണ്‍ എന്ന കോട്ടയം സ്വദേശിയായ, മുംബൈയിലെ പ്രമുഖ നിയമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവ അഭിഭാഷകനായിരുന്നു.
വിധിയുടെ അവസാന ഭാഗങ്ങളിലേക്ക് വരുമ്പോള്‍ ഒരു അഭിഭാഷകന് കോടതി ആദരാഞ്ജലി അര്‍പ്പിക്കുന്നത് കാണാം. സിസ്റ്റര്‍ സെഫിക്കുവേണ്ടി മൂന്നു ദിവസം അന്തിമവാദം നടത്തിയ ശേഷം കൊച്ചിയിലേക്ക് മടങ്ങിയ ജെ. ജോസ് രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു. അഭയയുടെ മരണം ആത്മഹത്യ ആണെന്നും മാനസിക രോഗം പാരമ്പര്യമായി ലഭിച്ച ഒരു കുടുംബത്തിലെ പിന്മുറക്കാരി ആയിരുന്നു അഭയ എന്നുമായിരുന്നു ജോസിന്റെ വാദത്തിന്റെ കാതല്‍.
കന്യാചര്‍മം പുനര്‍നിര്‍മിക്കുന്ന ശസ്ത്രക്രിയയെക്കുറിച്ച്
‘ഫേസ്ബുക് കോടതി’യില്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. കൃഷ്ണന്‍ ബാലേന്ദ്രനും വ്യാജ ഐ.ഡിയില്‍ മറ്റൊരു ഡോക്ടറും ഒക്കെ ചൂണ്ടിക്കാട്ടുന്ന വസ്തുതകളെല്ലാം ഈ പ്രഗത്ഭരായ അഭിഭാഷകര്‍ക്ക് വ്യക്തമായി അറിയാമായിരുന്ന കാര്യങ്ങള്‍ മാത്രം. എന്നിട്ടും അവര്‍ എന്തുകൊണ്ട് ആ വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചില്ല എന്ന ഒറ്റ ചോദ്യത്തില്‍ തീരാവുന്ന തര്‍ക്കമേ വിധിയെപ്പറ്റി ഉള്ളൂ എന്നതാണ് കോടതി നടപടികളും വിധിയും റിപ്പോര്‍ട്ടു ചെയ്ത ആള്‍ എന്ന നിലയില്‍ എനിക്കുതോന്നുന്നത്.
ഒരു പ്രധാന വാദം Hymenoplasty (കന്യാചര്‍മം പുനര്‍നിര്‍മിക്കുന്ന ശസ്ത്രക്രിയ) സിസ്റ്റര്‍ സെഫി ചെയ്തിട്ടില്ല എന്നും ആലപ്പുഴ മെഡിക്കല്‍ കോളജിലെ രണ്ടു വനിതാ ഡോക്ടര്‍മാര്‍ കെട്ടിച്ചമച്ച പരിശോധനാ റിപ്പോര്‍ട്ടും വിസ്താര, എതിര്‍ വിസ്താര വേളയില്‍ ബോധിപ്പിച്ച തെറ്റായ വിവരങ്ങളും കൊണ്ടാണ് കോടതി തെറ്റിദ്ധരിപ്പിക്കപ്പെട്ടത് എന്നുമാണ്. ഈ വാദങ്ങളെ പൂര്‍ണമായും നിരാകരിക്കുന്ന വസ്തുതകള്‍ വിധിയിലുണ്ട്.
‘നവംബര്‍ 25, 26 തീയതികളില്‍ നടത്തിയ വൈദ്യപരിശോധനക്കുശേഷം മൂന്നാം പ്രതിയെ 2008 ഡിസംബര്‍ രണ്ടിനു കോടതിയില്‍ ഹാജരാക്കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട്, സമ്മതപത്രം എന്നിവയെ പറ്റി പ്രതി ഒരു പരാതിയും പറഞ്ഞിട്ടില്ല. 2009 ജനുവരി ഒന്നിന് ജാമ്യത്തിലിറങ്ങിയ പ്രതി ഇതുവരെ മെഡിക്കല്‍ പരിശോധനയെ പറ്റിയോ റിപ്പോര്‍ട്ടിനെ പറ്റിയോ ഒരു പരാതിയും ബന്ധപ്പെട്ട ഇടങ്ങളില്‍ ഉന്നയിച്ചിട്ടേ ഇല്ല. വേണ്ടത്ര വിഭവശേഷിയും സ്വാതന്ത്ര്യവും ഉണ്ടായിട്ടും പരാതി പറഞ്ഞിട്ടില്ല എന്നതിന്റെ അര്‍ഥം പ്രതിക്ക് പരാതി ഇല്ലായിരുന്നു എന്ന് തന്നെയാണ്', കോടതി വിധി വ്യക്തമാക്കുന്നു.
‘പരിശോധന കഴിഞ്ഞു, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു 12 വര്‍ഷത്തിനുശേഷമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും സമ്മതപത്രത്തിന്റെയും ആധികാരികത പ്രതി ഈ കോടതിയില്‍ ആദ്യമായി ചോദ്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ പ്രതിയുടെ നീക്കം ദുരുപദിഷ്ടമാണെന്നും പ്രതിയുടെ കരങ്ങള്‍ സംശുദ്ധമല്ലെന്നും കോടതി സംശയിക്കുന്നു', എന്നും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഡോക്ടര്‍മാരുടെ വിസ്താരവും മൊഴിയും തെളിയിച്ചത്
ആലപ്പുഴ ഗവ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകരനെ സാക്ഷിയായി കോടതി വിസ്തരിച്ചത് 2019 ഒക്ടോബര്‍ 18നാണ്. അന്ന് ഫോറന്‍സിക് വിഭാഗം മേധാവി ആയിരുന്ന ഡോ.പി. രമയെ കോടതി ചുമതലപ്പെടുത്തിയ മജിസ്ട്രേറ്റ് വീട്ടില്‍ ചെന്ന് വിസ്തരിക്കുന്നത് നവംബര്‍ അഞ്ചിനും. അവരുടെ ഗുരുതരമായ പാര്‍ക്കിന്‍സണ്‍സ് രോഗാവസ്ഥ കണക്കിലെടുത്താണ് കോടതി പ്രത്യേക വിസ്താരം അനുവദിച്ചത്. രണ്ടു വിസ്താരവും ഇന്‍ക്യാമെറ ആയിരുന്നു. ഇരുപക്ഷത്തേയും അഭിഭാഷകര്‍, കോടതി ജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് ആ വിസ്താരങ്ങളില്‍ പങ്കെടുത്തത്.
‘രണ്ടു ഡോക്ടര്‍മാരെയും നീണ്ടതും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതുമായ എതിര്‍ വിസ്താരത്തിനാണ് പ്രതിഭാഗം അഭിഭാഷകരായ ബി. രാമന്‍ പിള്ളയും ജെ. ജോസും വിധേയനാക്കിയത്. എന്നിട്ടും ആ ദ്വന്ദയുദ്ധങ്ങളില്‍ ഈ ഡോക്ടര്‍മാര്‍ക്കായിരുന്നു വിജയം എന്നത് അവരുടെ തെളിവുകള്‍ സത്യം ആണെന്നതിന്റെ തെളിവാണ്', വിധിയില്‍ പറയുന്നു.
Also Read: അഭയ കേസ്: അന്നത്തെ വാർത്തക്ക് എന്തുപറ്റി? | ബി.ശ്രീജന്‍
മറ്റൊരു ശ്രദ്ധേയമായ പ്രക്രിയ, ‘ഹൈമെനോപ്ലാസ്റ്റി നടന്നിട്ടുണ്ടാവാം' എന്ന ഡോ. ലളിതാംബികയുടെ മൊഴി വിസ്താരത്തിലൂടെ സ്ഥാപിച്ചെടുക്കുന്ന രീതിയാണ്. ശസ്ത്രക്രിയ നടത്തിയതിനു സമാനമായ മുറിവ് ഉണങ്ങിയ പാടും പുതിയ കോശങ്ങളുടെ സാന്നിദ്ധ്യവും ആണ് പ്രാഥമികമായി അത്തരം ഒരു സാധ്യത സംശയിക്കാന്‍ കാരണമെന്ന് ഡോക്ടര്‍ പറയുന്നു. അത് പ്രതിഭാഗം നിഷേധിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ മറ്റു ചില വസ്തുതകളിലേക്ക് വിചാരണ കടക്കുകയാണ്.

സിസ്റ്റര്‍ സെഫിയുടെ മെഡിക്കല്‍ ഹിസ്റ്ററി ദേഹപരിശോധനക്ക് മുന്‍പ് രേഖപ്പെടുത്തിയ ഫയലാണ് അതിലൊന്ന്. 1992, 2007 വര്‍ഷങ്ങളില്‍ ഗൈനെക്കോളജിസ്‌റ് Per Vaginal Examination (യോനിക്കുള്ളിലെ പരിശോധന) നടത്തിയിട്ടുണ്ട് എന്ന് ഡോക്ടറോട് വെളിപ്പെടുത്തിയത് സിസ്റ്റര്‍ സെഫി തന്നെയാണ്. ഇതിനു പുറമെ 2004 യിലും ഗൈനക്കോളജി പരിശോധന നടത്തിയിട്ടുണ്ട്.

കൈയുറ ഇട്ട വിരലുകള്‍ യോനിയില്‍ കടത്തിയിട്ടുള്ള പരിശോധനയാണ് ഇതെന്നും കന്യാചര്‍മം പൊട്ടാതെ ഇരുന്നിരുന്നെങ്കില്‍ അത്തരം പരിശോധനാവേളയില്‍ അത് പൊട്ടുമായിരുന്നുവെന്നും ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ വിസ്താര വേളയില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ലൈംഗിക ബന്ധം ഉണ്ടായിട്ടിരുന്നില്ലെങ്കില്‍ പോലും ഈ പരിശോധനയുടെ ഭാഗമായി കന്യാചര്‍മം പൊട്ടിയിരുന്നേനെ. വൈദ്യ പരിശോധനയില്‍ കണ്ടെത്തിയതാകട്ടെ കേടുപാടുകള്‍ ഒന്നുമില്ലാത്ത കന്യാചര്‍മം. 2007 ലെ പരിശോധനക്കും 2008 നവംബറിലെ അറസ്റ്റിനും ഇടയില്‍ ശസ്ത്രക്രിയ ചെയ്തു കന്യാചര്‍മം പുനഃസ്ഥാപിച്ചു എന്ന് കോടതി നിഗമനത്തില്‍ എത്തുന്നത് അങ്ങനെയാണ്.
ഇന്‍ഫെക്ഷന്‍ വന്നതിനെ തുടര്‍ന്നുണ്ടായ പാടാണ് അവിടെ ഉള്ളത്, ശസ്ത്രക്രിയ മുറിവ് അല്ല എന്ന വാദം ഉന്നയിക്കുന്നുണ്ട് പ്രതിഭാഗം വക്കീല്‍. ആ പാടിന്റെ (scar) സ്വഭാവം ഇന്‍ഫെക്ഷന്‍ വഴി ഉണ്ടാവുന്ന തരത്തില്‍ ഉള്ളതല്ല എന്ന ഉത്തരം ആണ് ഡോക്ടര്‍ നല്‍കുന്നത്. മെഡിക്കല്‍ ഹിസ്റ്ററി ഫയലിലെ മറ്റൊരു രേഖ, 2007 ല്‍ ബന്ധുവായ ഒരു പുരുഷനൊപ്പം കിടക്ക പങ്കിട്ടിരുന്നു, പക്ഷെ, പെനെട്രേറ്റിവ് സെക്‌സ് ഉണ്ടായിട്ടില്ല എന്ന സിസ്റ്റര്‍ സെഫിയുടെ പ്രസ്താവനയാണ്. ‘സെക്‌സ് ആന്‍ഡ് മര്‍ഡര്‍' കേസ് എന്ന് പ്രോസിക്യൂഷന്‍ ആദ്യം മുതല്‍ വാദിക്കുന്ന ഒരു കേസില്‍ കുറ്റകൃത്യത്തിന്റെ കാരണം സ്ഥാപിക്കാനുള്ള ഒരു പരോക്ഷ ഘടകമായി ഇതും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കരുതാം.
Also Read: അഭയയുടെ കൊലപാതകം കള്ളന്റെ നീതിബോധം ദാവീദിന്റെ വിജയം | ബി.ശ്രീജന്‍
തീര്‍ത്തും അപചരിതയായ പ്രതിക്കെതിരെ വ്യാജരേഖ ചമയ്ക്കാന്‍ രണ്ടു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് പ്രേരണയായത് എന്തായിരിക്കാം ചോദ്യം കോടതി ഉയര്‍ത്തുന്നുണ്ട്. സി.ബി.ഐ സമ്മര്‍ദം ചെലുത്തി ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റ് ആണെന്ന മറുപടി പറഞ്ഞ പ്രതിഭാഗം അഭിഭാഷകന്‍ അത് വിശദീകരിക്കാന്‍ ശ്രമിക്കുന്നേയില്ല. ‘കേരള സര്‍ക്കാര്‍ ജീവനക്കാരാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍, അവര്‍ സി.ബി.ഐയുടെ കീഴില്‍ അല്ല', അത്തരം വാദങ്ങള്‍ എല്ലാം തള്ളി കോടതി നിരീക്ഷിക്കുന്നു.
വൈദ്യശാസ്ത്ര വിദഗ്ധരായ രണ്ടു ഡോക്ടര്‍മാരുടെ മൊഴി തെറ്റാണെങ്കില്‍ അത് സ്ഥാപിക്കാന്‍ കുറച്ചുകൂടെ വിദഗ്ധന്‍ ആയ ഒരു ഡോക്ടറെ സാക്ഷിയായി വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് അവസരം ഉണ്ടായിരുന്നു. ഒരു വര ചെറുതാക്കാന്‍ നീളം കൂടിയ മറ്റൊരു വര വരയ്ക്കുന്ന രീതിയാണ് ഇത്തരം ഘട്ടങ്ങളില്‍ പൊതുവെ അഭിഭാഷകര്‍ പിന്തുടരാറ്. എന്തുകൊണ്ടോ, ഇവിടെ അത്തരം ഒരു ശ്രമം അവര്‍ നടത്തിയിട്ടേ ഇല്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്ന ഭാഗത്തും പുറത്തുനിന്നുള്ള വിദഗ്ധനെ സാക്ഷിയായി വിസ്തരിക്കാന്‍ അവസരം ഉണ്ടായിരുന്നിട്ടും പ്രതിഭാഗം അത് ചെയ്തിട്ടില്ല. പ്രോസിക്യൂഷന്‍ ആകട്ടെ പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോ. സി. രാധാകൃഷ്ണനു പുറമെ മറ്റൊരു വിദഗ്ധനായ ഡോ. കന്തസ്വാമിയെ കൂടെ വിസ്തരിക്കുന്നുണ്ട്. രണ്ടു ഡോക്ടര്‍മാരുടെയും മൊഴികളിലൂടെ തങ്ങളുടെ കേസ് വിദഗ്ധമായി വാദിച്ചെടുക്കുകയായിരുന്നു പ്രോസിക്യൂട്ടര്‍ എം. നവാസ്.
ഡോ. രാധാകൃഷ്ണന്‍ സംശയം പ്രകടിപ്പിക്കുന്ന മുറിവുകളുടെ സ്വഭാവം ആക്രമണം കൊണ്ടുതന്നെ ഉണ്ടായതാണ് എന്ന് ഉറപ്പിക്കുന്നത് കന്തസ്വാമിയാണ്. മരണം സാധാരണ മുങ്ങിമരണം അല്ലെന്നും അതിനുള്ള ലക്ഷണങ്ങളല്ല കണ്ടത് എന്നും പറയുന്നത് ഡോ. രാധാകൃഷ്ണന്‍ തന്നെയാണ്. തലയിലെ മുറിവുകളും വെള്ളത്തില്‍ മുങ്ങിയതും ചേര്‍ന്നുണ്ടായ ഒരു അവസ്ഥയിലാണ് മരണം സംഭവിച്ചതെന്ന് തന്റെ മൊഴിയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ആ വാദങ്ങള്‍ ആധികാരികമായി ചോദ്യം ചെയ്യാനുള്ള വിദഗ്ധരെ ആരും സാക്ഷിപ്പട്ടികയില്‍ പ്രതിഭാഗം പെടുത്തിയിട്ടേ ഇല്ലായിരുന്നു.

രാജുവിന്റെ മൊഴി എത്ര വിശ്വസനീയമാണ്?
നിര്‍ണായക സാക്ഷിയായ രാജുവിന്റെ മൊഴി എത്ര വിശ്വസനീയാമണെന്ന ചോദ്യം വീണ്ടും ഉയര്‍ന്നു വരുന്നുണ്ട്. മൂന്നാം സാക്ഷിയായ രാജുവിന്റെ മൊഴി ഇരുപതാം സാക്ഷിയായ മുന്‍ ഡിവൈ.എസ്.പി പി. ടി. ജേക്കബിന്റെയും എട്ടാം സാക്ഷിയായ ആക്രി കച്ചവടക്കാരന്‍ ഷമീറിന്റെയും മൊഴികള്‍ക്കൊപ്പം നിരത്തി ആധികാരികത തെളിയിച്ച ശേഷമാണ് കോടതി അത് അംഗീകരിക്കുന്നത്. 1992 മാര്‍ച്ച് അവസാന ആഴ്ച മൂന്നുതവണ തന്റെ കടയില്‍ മിന്നല്‍രക്ഷാ ചാലകത്തിന്റെ ചെമ്പുതകിട് രാജു വിറ്റിരുന്നു എന്നും അതില്‍ സൂര്യന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട് എന്നും ഷമീര്‍ പറയുന്നുണ്ട്. അത് തിരക്കി അന്ന് കടയില്‍ വന്ന പോലീസ് സംഘത്തിലെ അംഗമായ ജേക്കബ് അവിടെച്ചെന്ന് ചെമ്പുതകിട് കണ്ടെടുത്ത കാര്യം പറയുന്നുണ്ട്.


രാജുവാണ് അത് വിറ്റതെന്നു മൊഴി നല്‍കിയ ഷമീറിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് രാജുവാണ് സിസ്റ്റര്‍ അഭയയെ കൊന്നതെന്ന് മൊഴി നല്‍കാന്‍ പീഡിപ്പിക്കുന്നുണ്ട് പൊലീസ്. പിന്നീട് രാജുവിനെ കള്ളക്കേസില്‍ കുടുക്കാന്‍ 20 വാട്ടര്‍ മീറ്ററും 20 കിലോ ചെമ്പും കെ. ടി. മൈക്കിള്‍ വാങ്ങുന്നത് ഇതേ ആക്രിക്കടയില്‍ നിന്നാണെന്നും മൊഴിയിലുണ്ട്. ആ മോഷണ കേസുകളില്‍ ഷമീര്‍ സാക്ഷി ആയിരുന്നു എന്നതും തൊണ്ടിമുതല്‍ തിരിച്ചറിയുന്നത് ഷമീര്‍ ആണെന്നും അന്നത്തെ വിധി പകര്‍പ്പുകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ചുരുക്കത്തില്‍ രാജുവിന്റെ വാദഗതികള്‍ക്കെല്ലാം അധികബലം നല്‍കുന്ന തെളിവായി ഷമീറിന്റെ മൊഴി. ഹോസ്റ്റലില്‍ നിന്ന് മോഷ്ടിച്ച ചെമ്പ് തകിട് ആക്രിക്കടയില്‍ നിന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ എതിര്‍ വിസ്താരം നടത്താന്‍ പ്രതിഭാഗം തുനിയാത്തതിലും കോടതി അസ്വാഭാവികത കാണുന്നുണ്ട്.
പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം വേണോ?
കൂറുമാറിയ സാക്ഷികളായ അച്ചാമ്മ, നിഷാറാണി തുടങ്ങിയവരുടെ മൊഴികളില്‍ പോലും തങ്ങള്‍ക്ക് ആവശ്യമായ വസ്തുതകള്‍ രേഖപ്പെടുത്താനുള്ള സാമര്‍ഥ്യം പ്രോസിക്യൂഷന്‍ കാണിക്കുന്നുണ്ട്. ഉദാഹരണത്തിന് ആത്മഹത്യാവാദം പൊളിക്കാന്‍ സിസ്റ്റര്‍ അഭയ മരിക്കുന്നതിന്റെ തലേരാത്രി ഉല്ലാസവതി ആയിരുന്നു എന്ന് വാദിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്നത് നാഗമ്പടത്ത് ബൈബിള്‍ കണ്‍വണ്‍ഷനില്‍ പോയി 8.30 നാണ് തിരിച്ചു വന്നതെന്നും അഭയ പ്രസന്നവതിയായി കാണപ്പെട്ടു എന്നും ഉള്ള അച്ചാമ്മയുടെ മൊഴി ആണ്.
ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു എന്ന വസ്തുത തെളിയിക്കാനും അച്ചന്‍ വരുന്ന ദിവസം നല്ല വിഭവങ്ങള്‍ പാചകം ചെയ്യാറുണ്ടായിരുന്നു എന്നും കൂറുമാറിയ സാക്ഷി പറയുന്ന മൊഴി വിദഗ്ധമായി ഉപയോഗിക്കുന്നുണ്ട് പ്രോസിക്യൂഷന്‍.

സാക്ഷി മൊഴികളിലുണ്ടായ ചെറിയ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി മൊഴികള്‍ നിരാകരിക്കാന്‍ പ്രതിഭാഗം നടത്തുന്ന ശ്രമങ്ങളെ സുപ്രീം കോടതി വിധികളെ കൂട്ടുപിടിച്ച് ഫലപ്രദമായി ചെറുക്കാനും സി.ബി.ഐ അഭിഭാഷകന് കഴിഞ്ഞിട്ടുണ്ട്. സാക്ഷി മൊഴികള്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ തെളിവിന്റെ വൃത്തം പൂര്‍ത്തിയാക്കുന്നുണ്ടോ എന്നും 27 വര്‍ഷം പഴയ കേസില്‍ ഫോട്ടോഗ്രാഫിക് മെമ്മറി സാധ്യമല്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വിട്ടയക്കണം എന്ന വാദം ഖണ്ഡിക്കാന്‍ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെയും ജസ്റ്റിസ് നാഗേശ്വറിന്റെയും രണ്ടു സുപ്രീം കോടതി വിധികള്‍, വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്.


1973 ലെ കൃഷ്ണ ഖോബയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ ജസ്റ്റിസ് നാഗേശ്വറിന്റെ മൂന്ന് അംഗ ബെഞ്ച് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: നിരപരാധിയെ ശിക്ഷിക്കുമ്പോള്‍ മാത്രമല്ല, ലഭ്യമായ തെളിവുകള്‍ അന്യായമായി ഹാജരാക്കാതെ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുമ്പോഴും നീതി പരാജയപ്പെടുകയാണ്.
Joshy
4 Jan 2021, 01:35 PM
// "മഴ പെയ്തുതീര്‍ന്നാലും മരം പെയ്തുതീരില്ല എന്ന മട്ടിലാണ് സിസ്റ്റര്‍ അഭയ വധക്കേസ് വിധിയുടെ വിചാരണ സാമൂഹിക മാധ്യമങ്ങളിലും ഗൂഢാലോചന സിദ്ധാന്ത സദസ്സുകളിലും പുരോഗമിക്കുന്നത്" ബി.ശ്രീജൻ // ക്ഷമിക്കണം, മാധ്യമ വിചാരണയുടെ ഭാഗമായി, പൊതു സമൂഹത്തെ സ്വാധീനിക്കുന്ന തരത്തിൽ വര്ഷങ്ങളായി മഴക്ക് മുൻപേ പെയ്തു കൊണ്ടിരുന്ന വൻ മരങ്ങളൊന്നും അദ്ദേഹം കാണാതെ പോയി.
National Desk
Mar 03, 2021
8 Minutes Read
ഫാ. അഗസ്റ്റിൻ വട്ടോളി
Dec 23, 2020
8 Minutes Read
കെ.എം. വേണുഗോപാലൻ
Nov 25, 2020
19 Minutes Read
എസ്. ശാരദക്കുട്ടി
Nov 23, 2020
3 Minutes Read
ഗീത
Nov 22, 2020
27 Minutes Watch
അലി ഹൈദര്‍
Oct 22, 2020
13 Minutes Read
JM
6 Jan 2021, 03:23 AM
"നിരപരാധിയെ ശിക്ഷിക്കുമ്പോള്‍ മാത്രമല്ല, ലഭ്യമായ തെളിവുകള്‍ അന്യായമായി ഹാജരാക്കാതെ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുമ്പോഴും നീതി പരാജയപ്പെടുകയാണ്." യഥാർത്ഥ കുറ്റവാളി രക്ഷപെടുമ്പോൾ നീതി പരാജയപ്പെടുന്നു എന്നത് ശരി തന്നെ. പക്ഷെ, നീതി വിജയിച്ചു എന്ന് വരുത്താൻ മാത്രം പ്രതിയെ ശിക്ഷിക്കുന്നത് ശരിയാണോ? പ്രതികളായിരിക്കാം കുറ്റകൃത്യം ചെയ്തത്. ചിലപ്പോൾ മറ്റാരെങ്കിലും ആയിരുന്നിരിക്കാം. ഇവർ തന്നെയാണ് ചെയ്തത് എന്ന് എങ്ങിനെ ബോധ്യമായി? ഉദാഹരണമായി പ്രതിയെ ടെറസ്സിൽ കണ്ട് എന്ന മൊഴി എടുക്കാം. രണ്ട് മണിക്ക് പ്രതിയെ കണ്ടു. കൊല നടന്നത് അഞ്ചു മണിക്ക് ശേഷവും. How does that tie the defendant to the crime? Any fingerprints or other evidence? They might have had illicit affairs. That does not mean they killed, although that's a possibility too. How can you convict based on a possibility?