വി.സി. ഹാരിസ്: ഓർമ (മറവി?), എഴുത്ത്, രാഷ്ട്രീയം

ഹാരിസിന്റെ ജന്മദിനം ജൂലൈ 29നാണ്. രണ്ടു വർഷങ്ങൾക്കുമുമ്പ്, ഹാരിസിന്റെ 60ാം ജന്മദിനത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് ഞാൻ അയാളെ (കുറിച്ച്) എഴുതുവാൻ തുടങ്ങി; അദമ്യമായ ഉൾപ്രേരണയാൽ എന്നുപറയാം. A compulsive urge to write him. ഇതിനകം മൂന്നോ നാലോ തവണ ഞാൻ ഹാരിസിനെ പറ്റി എഴുതിക്കഴിഞ്ഞു. പക്ഷേ, ‘പോരാ, വീണ്ടും എഴുതൂ' എന്ന് ഉള്ളിൽനിന്ന് ഒരു പറച്ചിലുണ്ട്. A spectral voice. ഹാരിസിനെ കുറിച്ച് എഴുതുകയെന്നാൽ ഞാൻ കർത്താവും (Subject) അയാൾ കർമ (Object) വും ആകേണ്ടതാണ്. എന്നാൽ, അയാളെ എഴുതുമ്പോൾ, ‘ഞാൻ' അയാളോടൊപ്പം നിരന്തരം ഒഴുകിപ്പോവുന്ന, അയാളാൽ ആദേശം ചെയ്യപ്പെടുന്ന, ഒട്ടുമേ തീർച്ചയില്ലാത്ത, ഒരു പിളർപ്പായി മാറുന്നു. അയാളിൽ നിന്ന് വിടുതൽ കിട്ടിയ, അപരവൽക്കരിക്കപ്പെട്ട ഒരു ‘ഞാനാ'യി എനിക്ക് അയാളെ എഴുതാൻ പറ്റില്ല. എന്റെ എഴുത്ത് പലകുറി മുറിഞ്ഞുപോയി. എന്താണ് ഞാൻ എഴുതുന്നതെന്നുപോലും എനിക്ക് തീർച്ചയില്ലായിരുന്നു. അന്തിമലക്ഷ്യമില്ലാത്ത, നിരന്തരം നീട്ടിവെക്കപ്പെടുന്ന എഴുത്ത്. ഈ എഴുത്തിന്റെ പൊതുസ്വഭാവം എന്തെന്നെനിക്കറിയില്ല. പല പാഠങ്ങളിലൂടേയും, പല വിനിമയങ്ങളിലൂടേയും, തുടർച്ചകളേക്കാൾ ഇടർച്ചകളിലൂടെ, നീളുന്ന ആ എഴുത്തിന്റെ ആദ്യഭാഗം, രണ്ട് വർഷങ്ങൾക്കിപ്പുറം, ഹാരിസിന്റെ 62ാം ജന്മദിനത്തിൽ, പൊതുവായനയിലേക്ക്. തീർച്ചയായും ഈ എഴുത്ത് തുടർന്നുകൊണ്ടിരിക്കും. ഇടതടവില്ലാതെയല്ല. മുറിഞ്ഞ്, മുറിപ്പെട്ട്, തട്ടിതടഞ്ഞ്, അങ്ങനെ...

ഹാരിസ് നിശ്ചയമായും മരണപ്പെട്ടിരിക്കുന്നു (ഏതാണ്ട് മൂന്നുവർഷങ്ങൾക്ക് മുമ്പ്). എന്നാൽ, ഹാരിസ് ഇല്ലാതായിരിക്കുന്നു എന്നത് എത്രത്തോളം സത്യമാണ്? ഇവിടെ, എപ്പോഴും ഞങ്ങളിൽ ചിലരെ ചേർത്ത് കൂട്ടുന്നത് ഹാരിസ് എന്ന ഇപ്പോഴും തുടരുന്ന ഒരു അഭാവമോ, സാന്നിധ്യമോ, അഭാവ സാന്നിധ്യമോ, സാദ്ധ്യതയോ ഒക്കെയാണ്. ഹാരിസിന്റെ 62ാം ജന്മദിനത്തിലും ഹാരിസിന്റെ പ്രിയപ്പെട്ടവരിൽ ചിലർ അദ്ദേഹത്തെ ഓർമിച്ച് ചിലത് കുറിക്കുന്നു. അവർ മരിച്ചവനെ അവന്റെ ജന്മദിനത്തിലൂടെ ഓർക്കാനും വീണ്ടെടുക്കാനും ശ്രമിക്കുന്നു. ഒരോ ജനനവും മരണത്താൽ അടയാളപ്പെട്ടിരിക്കുന്നു. ഹാരിസിന്റെ ഓർമ- ഹാരിസിനെ കുറിച്ചുള്ള ഓർമകൾ- എവ്വിധമെല്ലാം നിലനിറുത്തുവാൻ കഴിയുമെന്നതിന്റെ അന്വേഷണത്തിലാണ് ഇപ്പോഴും ഞങ്ങൾ. അതിനായി ഒരു സൊസൈറ്റി രൂപീകരിക്കുന്നു, ഹാരിസിന്റെ എഴുത്തുകൾ സമാഹരിക്കുന്നു, ഹാരിസിനെ ഡോക്യുമന്റ് ചെയ്യുന്നു, ആർക്കൈവ് ചെയ്യുന്നു. ഇതെല്ലാം ചെയ്തുകൊണ്ട് ഞങ്ങൾ ഞങ്ങളെ തന്നെ ഓർമിപ്പിക്കുന്നു, ഓർമിക്കുക എന്നത് എത്രത്തോളം ക്ലേശകരമാണെന്ന്​, എത്ര അദ്ധ്വാനം ആവശ്യമുള്ള ഒന്നാണെന്ന്. മറക്കുക എന്നത് പലപ്പോഴും ഓർമിക്കലായി തീരുംപോലെ തന്നെയാണ്, ഓർമിക്കുക എന്നത് മറവിയാൽ മറയ്ക്കപ്പെടുന്ന ഒന്നായി തീരുന്നതും. കൃത്യമായ ഒരോർമയുടെ ഫ്രെയ്മിൽനിന്ന് എന്തൊക്കെയാണ് പിന്തള്ളപ്പെടുന്നതെന്നോർത്തെടുത്താൽ, അങ്ങനെ ഓർത്തെടുക്കപ്പെടുന്നത് ഓർമയാണോ, മറവിയാണോ? മറവിയെ നമുക്ക് ഓർത്തെടുക്കുവാൻ കഴിയുമോ? മറവിയെ ഓർത്തെടുക്കാൻ കഴിഞ്ഞാൽ മറവി, മറവി അല്ലാതായി തീരില്ലേ?
ഹാരിസ് ഒരോർമയായി നമ്മോടൊപ്പം ഉണ്ടെന്ന് പറയുമ്പോഴും, ആ ഓർമയുടെ ഇടമുറിയാത്ത നീൾച്ചയെക്കുറിച്ച് നമുക്ക് സംശയങ്ങളുണ്ട്.

ഓർമ അതിന്റെ ഏറ്റവും തീഷ്ണമായ രൂപത്തിൽ ഒരൊഴിയാബാധയായിത്തീരുകയും കാലികതയുടെ ക്രമബദ്ധതയെ തന്നെ കുഴച്ചുമറിക്കുകയും ചെയ്യും. "ഹാംലറ്റി' ലെ ആ രംഗം ഓർക്കുക:
Hamlet: For look you how cheerfully my mother looks, and my father
died within two hours.
Ophelia: Nay, it's twice two months,
My Lord

നാലു മാസങ്ങളെ, ഒഴിയാബാധയായി തീരുന്ന ഓർമ, രണ്ട് മണിക്കൂറിലേക്ക് ചുരുക്കുന്നു. നാലു മാസത്തെ അനുഭവങ്ങളും ചെയ്തികളും- ഹാംലറ്റ് ആയതിനാൽ നീട്ടിവെയ്ക്കപ്പെടുന്ന ചെയ്തികൾ എന്നു വേണമെങ്കിൽ പറയാം- അവയുടെ ഓർത്തെടുക്കലും സമാനതകളില്ലാത്ത ഒരൊറ്റ സംഭവത്തിന്റെ, ഒരു മരണത്തിന്റെ, ഒരു കടന്നുപോകലിന്റെ ദയാരഹിതമായ മരവിക്കപ്പെട്ട ഒരൊറ്റ നിമിഷത്തിലേക്ക്, അതിന്റെ നിശ്ചലതയിലേക്ക് ചുരുങ്ങിയൊതുങ്ങുകയും, ആ ഒറ്റ ഒന്നിന്റെ ഓർമയിൽ മറ്റെല്ലാം മറക്കപ്പെടുകയും ചെയ്യുന്നു. ഹാംലറ്റിന്റെ ദുഃഖാചരണം പൂർണമായ ഒന്നാണ്.

കാരണം, മറ്റാരും മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തിലെന്ന് തോന്നിക്കുമാറ്, അയാൾ മരിച്ചവനെ തന്റെയുള്ളിൽ പേറുന്നു."എന്നെ ഓർക്കുക' എന്ന് പറയുന്ന മരിച്ചവന്റെ വാക്കുകൾക്ക് ആത്മഗതത്തിലൂടെ അയാൾ നൽകുന്ന മറുപടി ഓർക്കുക:
.....Remember thee!
Yea, from the table of my memory
I'll wipe away all trivial fond records,
All saws of books, all forms, all pressures past
That youth and observation copied there,
And thy commandment all alone shall live

ഇതാണ് പൂർണമായി തീരുന്ന ദുഃഖാചരണം: മരിച്ചവനേയും, അവന്റെ വചനങ്ങളേയും ഒഴിച്ച്, മറ്റെല്ലാം തുടച്ചുമാറ്റുക. ആത്മഗതമെന്നത്, താൻ ഉള്ളിൽ പേറുന്ന മരിച്ച അപരനോടുള്ള പറച്ചിൽ തന്നെയായിത്തീരുന്നു. മരിച്ചവനെ

ഹവാർഡ്​ സിൻ രചിച്ച മാർക്​സ്​ ഇൻ സോഹോ എന്ന നാടകാവതരണത്തിൽ വി.സി. ഹാരിസ്​

പൂർണമായി ആഗിരണം ചെയ്യുന്നതോടെ, മരിച്ചവനും ജീവിച്ചിരിക്കുന്നവനും ഒന്നായി മാറുന്നു. ഓർമയിൽ നിന്ന് മറ്റെല്ലാം മാഞ്ഞുപോയി, ശ്വാസമറ്റവന്റെ ശാസനം മാത്രം ബാക്കിയാവുന്നു. പക്ഷേ, ഇത് മരണമെന്ന ഉണ്മയുടെ, മരിച്ചവന്റെ കടന്നുപോകലിന്റെ റദ്ദാക്കൽ കൂടിയാണ്. മരിച്ചവനും ജീവിച്ചിരിക്കുന്നവനും തമ്മിൽ ഭേദമില്ലെങ്കിൽ, പകരം വെയ്ക്കലുകൾ സാധ്യമല്ലാത്ത മരണത്തിന്റെ അനന്യതയെ എപ്രകാരം അനുഭവിക്കാൻ കഴിയും?
ഹാരിസ് എഴുതുന്നു. എവിടെ? ‘ആത്മകഥ'യിൽ: ‘വാഗ്ദാനങ്ങൾ നിറവേറ്റണം. ഒപ്പം ഓർമകളുണ്ടായിരിക്കണം.... ഓർമകൾ ഉണ്ടായിരിക്കുന്നതുകൊണ്ടാണല്ലൊ ആത്മകഥ രചിക്കപ്പെടുന്നത്. ആത്മകഥയുടെ വാഗ്ദാനമെന്താണ്? ആത്മകഥ ഓർമയാണ്. ഓർമയുടെ പുനനിർമ്മിതിയാണ്. ഓർമ ഇന്നു നൽകുന്ന വാഗ്ദാനമാണ്. നാളേയ്ക്കായി.' (P.273).

ആത്​മകഥ ഓർമയാണ്​. ആയതിനാൽ അത്​ മറവി കൂടിയാണ്​. എന്റെ ആത്​മകഥ, എന്റെ സ്വത്വപ്രകാശനം, ഞാൻ എന്തെല്ലാം ഓർക്കുന്നു എന്നതുമാത്രമല്ല, ഞാൻ എന്തെല്ലാം മറക്കുന്നു എന്നതു കൂടിയാണ്. എന്റെ ഓർമ എന്റെ മറവി കൂടിയാണ്. എന്റെ ആത്മകഥയിലെ ഹാരിസിനെ കുറിച്ചുള്ള ഓർമകൾ- ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നതെല്ലാം: സ്‌നേഹം, അറിവിന്റെ വിനിമയങ്ങൾ, ക്ലാസ് മുറിയിലെ ഇരിപ്പ്, പ്രബന്ധ രചന, ജിനു കഫെയിലെ ചായകുടി, സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് പ്രവർത്തിച്ചിരുന്ന ഹസൻമൻസിൽ നിന്ന് ഏറ്റുമാനൂർ വരെയുള്ള നടപ്പ്, മദ്യശാലകൾ, തർക്കങ്ങൾ, സിദ്ധാന്ത ശാഠ്യങ്ങൾ, അന്തരങ്ങൾ, എഴുത്ത്, ക്ഷോഭം, ഒത്തുതീർപ്പുകൾ, രാജിയാവലുകൾ, പൊട്ടിച്ചിരികൾ, അരങ്ങ്, അഭിനയം, ജലമർമ്മരം, ആശ്ലേഷങ്ങൾ, അകന്നു മാറലുകൾ, കലിപ്പുകൾ, പ്രക്ഷുബ്ദതകൾ, മൗനങ്ങൾ, കരച്ചിലുകൾ, ഒന്നും എഴുതപ്പെടാത്ത മെസേജുകൾ...മുഴുവനും ഓർത്തെടുക്കാൻ കഴിയുന്നില്ല, മറവി മൂടുന്നു. അയാളെ മറന്നുകൊണ്ട്​ മാത്രമേ എനിക്കയാളെ ഓർമിക്കാൻ കഴിയൂ.

വി.സി ഹാരിസ്, ബി. ഉണ്ണികൃഷ്ണൻ

ഇന്ന് നൽകുന്ന വാഗ്ദാനമാണ് ഓർമ. നാളേയ്ക്കായി. ഇന്നിന് നൽകാൻ കഴിയാവുന്ന ഒരേയൊരു വാഗ്ദാനം ഓർമ മാത്രമാണ്. ഇന്നിൽ ആ വാഗ്ദാനം പ്രവർത്തനക്ഷമമാവുന്നത് "നാളെ'യ്ക്കു വേണ്ടിയാണ്. ഓർമ ‘ഇന്നി'ന്റെ കാലികതയിൽ സമർപ്പിക്കുന്ന പാരിതോഷികമാണ്, ‘നാളെ.' വാഗ്ദാനം

(Promise), പാരിതോഷികം (Gift): രണ്ടും ഹാരിസിന്റെ പ്രിയ ദരിദയ്ക്ക് (Jacques Derrida) ഏറെ പ്രിയപ്പെട്ട വാക്കുകൾ. രാഷ്ട്രീയവും മതവും പ്രവർത്തനക്ഷമമാവുന്നത് ഈ രണ്ടുവാക്കുകളുടെ സംയോഗത്തിലാണ്: The Promise of (a/the) Gift. മോക്ഷപ്രാപ്തിയോ, മിശിഹായുടെ വരവോ, വിപ്ലവമോ, എന്തുമാകട്ടെ അത് പ്രവചനാതീതമായ ഒരു ഭാവിമുഹൂർത്തത്തിൽ വെളിപ്പെടാൻ സാധ്യതയുള്ള ഒരു പാരിതോഷികമോ, വരദാനമോ ആണ്; ഇന്ന് നമുക്ക് നൽകുന്ന വാഗ്ദാനമാണത്. എന്നാൽ ദെരിദ പറയുന്നത്, വാഗ്ദാനത്തെ വാഗ്ദാനമാക്കി നിലനിറുത്തുന്നത് അത് എപ്പോൾ വേണമെങ്കിലും പരാജയപ്പെട്ടേക്കാം, നിഷ്ഫലമായിതീർന്നേക്കാം എന്ന സാധ്യതയാണ് എന്നാണ്. എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെട്ടാൽ, വാഗ്ദാനത്തിന്റെ നിസ്തുലത നഷ്ടപ്പെടും. അന്തിമ വിപ്ലവമെന്ന ആശയത്തെ വിമോഹകമാക്കുന്നത് പരാജയപ്പെട്ട വിപ്ലവങ്ങളാണ്.
ഈ സൈദ്ധാന്തീകരണത്തോട് ചേർത്തുവേണം പാരിതോഷികത്തെ/ വരദാനത്തെ (Gift) കുറിച്ച് ദെരിദ എഴുതുന്നത് വായിക്കാൻ: ‘ഏതു പരിധിക്കുള്ളിലും, പാരിതോഷികമോ/ വരദാനമോ ദാതാവിന്റെയോ സ്വീകർത്താവിന്റേയോ നോട്ടത്തിൽ പാരിതോഷികമായി/ വരദാനമായി പ്രത്യക്ഷപ്പെടുകയോ, തിരിച്ചറിയപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല.... ദാതാവോ, സ്വീകർത്താവോ ഒരു പാരിതോഷികമായി/ വരദാനമായി ‘അതിനെ' കണക്കാക്കുകയോ, കൈമാറുകയോ, കൈപറ്റുകയോ ചെയ്താൽ, അത് അതല്ലാതായിത്തീരുന്നു'. (പരിഭാഷ എന്റേത്, Given Time, P 14).

(മുൻ) ഉപാധികളില്ലാത്ത, കൃത്യമായോ ഉറവിടമോ, ലക്ഷ്യസ്ഥാനമോ, ഉദ്ദേശ്യമോ, താൽപര്യങ്ങളോ ഇല്ലാത്ത ഒരു കൈമാറ്റത്തിനുള്ളിൽ/ വിനിമയത്തിനുള്ളിൽ മാത്രമേ പാരിതോഷികം (Gift) അതിന്റെയെല്ലാ വിവക്ഷകളിലും നിലനിൽക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, ദൈവത്തിനും മനുഷ്യനുമിടയിൽ ‘നടന്നിരിക്കുന്ന' വരദാനസംബന്ധിയായ എല്ലാ വിനിമയങ്ങളിലും വരദാനം എന്ന സങ്കൽപ്പനം അപനിർമ്മിക്കപ്പെടുന്നുണ്ട്. ഭസ്മാസുരന് ദൈവം വരം കൊടുത്തത്, ദൈവം ഒറ്റയർത്ഥം / വാച്യാർത്ഥം മാത്രം മനസിലാക്കുന്ന/ എതിർവ്വായനയുടെ സാദ്ധ്യത റദ്ദ് ചെയ്യുന്ന വായനക്കാരനായതിനാലാണ്.
‘ഓർമ ഇന്നുനൽകുന്ന വാഗ്ദാനമാണ്. നാളേയ്ക്കായി.’ ‘നാളെ' എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ/സമരങ്ങളുടെ/വിപ്ലവങ്ങളുടെ സഫലീകരണത്തെ ആലങ്കാരികമായി ധ്വനിപ്പിക്കുന്ന ഒരു trope ആണ്, അങ്ങനെയെങ്കിൽ

ബി.ഉണ്ണികൃഷ്ണൻ

വരാനിരിക്കുന്ന ജനാധിപത്യം(democracy/ the gift to come) കാലേക്കൂട്ടി തയ്യാറാക്കാൻ കഴിയുന്ന ഒന്നല്ല. അന്തിമ വിപ്ലവം, രാഷ്ട്രീയസമരങ്ങളുടെ ഒരോ ഘട്ടത്തിലും കേവലവും വശ്യവുമായ ഒരസാധ്യതായി തുടരുക തന്നെ ചെയ്യും. അസാധ്യതയുടെ ചക്രവാളത്തിനുള്ളിൽ, താൽക്കാലിക സാധ്യതകൾ ആരായുന്ന, നിരന്തരം തിരുത്തപ്പെടുന്ന, സ്വയം റദ്ദാക്കപ്പെടുന്ന, തന്റെ തന്നെ അപരമായി ആവിർഭവിക്കേണ്ട ഒന്നായി മാറേണ്ടതുണ്ട് രാഷ്ട്രീയം. എ.കെ. ആന്റണി സർക്കാരിന്റെ സമയത്ത്, സി.കെ. ജാനു നയിച്ച ആദിവാസി സമരത്തെക്കുറിച്ച് ഹാരിസ് എഴുതുന്നു: ‘എന്നാൽ [സമരത്തിന്റെ] ഗൗരവം, അതിന്റെ അർജൻസി, പരിപക്വമായ സിദ്ധാന്ത രൂപീകരണത്തെ കാത്തുനിൽക്കാൻ അനുവദിക്കുന്നുമില്ല. മാത്രമല്ല, മറ്റൊരു വിധത്തിൽ നോക്കിയാൽ, ദളിത്-ആദിവാസി സമരങ്ങളുടെ ഗതകാലാനുഭവങ്ങൾ എന്തുതന്നെയായാലും, പ്രയോഗപൂർവ്വ സിദ്ധാന്തരൂപീകരണത്തിനായുള്ള ആഗ്രഹവും കാത്തിരിപ്പും പ്രതിരോധസ്വഭാവിയായ സൂക്ഷ്മരാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ ഇന്നെത്രത്തോളം പ്രസക്തമാണെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്'. (P 255)
ഏതാനും വരികൾക്കപ്പുറം: ‘ദളിത്- ആദിവാസി സമൂഹങ്ങളിൽ ഇന്ന് നിലനിൽക്കുന്ന തീക്ഷ്ണമായ അഭിപ്രായഭിന്നതകൾ പൂർണമായും ഏകോപിതമായ ഒരു മഹാസമരത്തെ അഥവാ ഒരു മഹാഖ്യാനത്തെ അസാധ്യമാക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നാൽ, ഒരോ പ്രക്ഷോഭത്തിന്റേയും തീക്ഷ്ണതകൾക്കകത്ത് പുത്തൻ ചോദ്യങ്ങളുടേയും പ്രയോഗ പരീക്ഷണങ്ങളുടേയും ഒരുതരം സജീവത സൃഷ്ടിക്കുവാൻ അവർക്ക് കഴിയുന്നുണ്ട്. ഈ സജീവതയുടെ ആയുർദൈർഘ്യത്തെ ഓർത്ത് വേവലാതിപ്പെടാതെ, ഇതിന്റെ പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെ അന്തിമഫലത്തെ ഓർത്ത് വേവലാതിപ്പെടാതെ, ഇന്നിപ്പോൾ മുഖ്യമന്ത്രിയുടെ വസതിക്കു സമീപമുള്ള അഭയാർത്ഥി ക്യാമ്പുകളിലേക്ക്. കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ നിന്ന് നൂറുകണക്കിന് ആദിവാസി-ദളിത് പ്രവർത്തകരെ ആകർഷിക്കുവാൻ ഇതിനു കഴിയുന്നുണ്ടെന്നത് നിസ്സാരകാര്യമല്ല എന്നു നാമറിയുക.'

പ്രതിരോധാത്മകമായ സജീവതയുടെ ആയുർദൈർഘ്യത്തെയോ, അന്തിമഫലത്തെയോ കുറിച്ച് ‘വേവലാതിപ്പെടാത്ത' രാഷ്ട്രീയം. ഇന്നിന്റെ രാഷ്ട്രീയം. നാളെയെന്നത് പരാജയപ്പെടാൻ സാധ്യതയുള്ള ഒരു വാഗ്ദാനമാണെന്ന തിരിച്ചറിവുള്ള രാഷ്ട്രീയം. ഇനി, ഉദ്ധരണിയിലെ അവസാന വാക്ക്: ‘നാമറിയുക.' ‘ആത്മകഥ' എന്ന് പേരിട്ടിരിക്കുന്ന ഹാരിസിന്റെ എഴുത്തിൽ, ആദ്യ പത്ത് പുറങ്ങൾ കഴിഞ്ഞാണ് ഈ ‘നാം' ആദ്യമായി പ്രത്യക്ഷപ്പെടുന്നത്; അതുവരെ ഞാനും നിങ്ങളുമൊക്കെ മാത്രം. ആത്മകഥയിലെ നാം ഒരു വിചിത്ര സംഗതിയാണ്. ‘ഞാൻ' കർത്താവായ എന്റെ പറച്ചിലിൽ, എന്റെ കഥയിൽ, എന്റെ ഏകതയെ നാം എന്ന

ബഹുത്വത്തിലേക്ക് ചിതറിക്കുന്ന, ഒരേസമയം, ആഹ്വാനവും, ശാസനയും, അപേക്ഷയുമൊക്കെയായ ‘നാമറിയുക' പ്രത്യക്ഷപ്പെടുന്നു. അത് നമ്മെ-- ആരെ? എന്നേയും പിന്നെ മറ്റാരെയൊക്കെ?-- ചൂഴ്ന്നു നിൽക്കുന്ന ഒരു (രാഷ്ട്രീയ) അജ്ഞതയെയാണ് അറിവിലേക്ക് പരിവർത്തിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത്. ആ തിരിച്ചറിവ് ഇതാണ്: ഇപ്പോൾ, ഇന്ന്, ഇവിടെ ‘ഒരുമിച്ചു കൂടുന്ന' ഒരു ജനസമൂഹത്തിന്റെ, രാഷ്ട്രീയമായി കമ്പിതമായ ശരീരങ്ങളുടെ സജീവത കാലദൈർഘ്യം കുറഞ്ഞ, നാളെ മൃതമായി തീരാൻ സാധ്യതയുള്ള ഒന്നാണെങ്കിലും, അത് ഇന്നിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുന്നു.

വി.സി ഹാരിസ് നാടകവേദിയിൽ

ആരാണീ നാം? അത് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന്​ ഒഴുകിയെത്തുന്ന ആദിവാസി-ദളിതർ മാത്രമാണെങ്കിൽ, നാം എന്നതിനു പകരം, ‘അവർ' എന്നായിരുന്നു എഴുതേണ്ടിയിരുന്നത്. ‘ആത്മകഥ'യുടെ തുടക്കത്തിൽ ഹാരിസ് പറയുന്നുണ്ട്, ‘ഇന്നിപ്പോൾ... ആദിവാസി സമരത്തിന്റെ അരികുകളിലെവിടെയോ നിന്നുകൊണ്ട് ചിലപ്രവർത്തങ്ങളിൽ ഏർപ്പെടുമ്പോൾ...' (P247). അരികുകളിൽ നിന്ന് ചില പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഈ ‘ഞാൻ ' ആണ് ‘നാം' എന്ന ബഹുത്വത്തിലേക്ക് ഉൾചേർക്കപ്പെട്ടത്. ആദ്യമാദ്യം അരികുകളിൽ നിന്ന ‘എനിക്ക്,' സമരത്തിന്റെ വളർച്ചയിൽ, ‘നാം' എന്ന ബഹുത്വത്തിലേക്ക് ‘ഞാൻ' ആഗീരണം ചെയ്യപ്പെടും എന്ന് കാലേകൂട്ടി കാണാൻ കഴിയില്ല. പിന്നീട് എപ്പൊഴോ സംഭവിച്ച ആ ആഗിരണം മുന്നുപാധികളില്ലാത്ത ഒരു കൈമാറ്റമാണ്. It's a gift. ദാതാവിനെയോ സ്വീകർത്താവിനേയോ കൃത്യമായി അടയാളപ്പെടുത്താൻ കഴിയാത്ത ഒരു വിനിമയ മുഹൂർത്തം. അപ്പോൾ, ‘നാം' ??

‘ഞാനൊരു മുസ്​ലിം അല്ലതന്നെ. ദളിതനും ആദിവാസിയുമല്ല. എന്നാൽ, കൊടും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന നിസ്സഹായരായ, ആ നിസ്സഹായതയിൽ നിന്നുകൊണ്ട് പൊരുതുന്ന, ജനവിഭാഗങ്ങളോടൊപ്പം ചേർന്നു നിൽക്കുകയെന്ന മനുഷ്യസഹജമായ ഇച്ഛയുടെ പേരിൽ-- ഈ ഇച്ഛയുടെ രാഷ്ട്രീയ വിവക്ഷകളുടെ പേരിൽ- ഞാനൊരു മുസ്‌ലിമും, ദളിതനും, ആദിവാസിയും, സ്ത്രീയുമൊക്കെയാണെന്ന് പ്രഖ്യാപിക്കാൻ ആഗ്രഹം തോന്നുന്നു.' (P 274).

ഒരേസമയം അനവധി അപരങ്ങളുടെ-- മുസ്‌ലിം, ആദിവാസി, ദളിതൻ, സ്ത്രീ-- സങ്കലനമായ ഞാൻ എന്ന നാം വിപ്ലവകരമായ ഒരു കർത്തൃത്വ സങ്കൽപ്പനമാണ്. കർത്തൃത്വത്തെ മാത്രമല്ല agencyയേയും പാടെ മാറ്റിത്തീർക്കുന്നുണ്ട്, ഈ ഞാൻ/ നാം. ഇത്തരമൊരു കർത്തൃത്വസങ്കൽപനം, പൗരത്വത്തെ എങ്ങിനെയാവും അപനിർമിക്കുക എന്നത് വളരെ പ്രധാനമാണ്. മറ്റൊന്ന്, സ്ഥിരകർത്തൃത്വങ്ങളുടെ ഭൂമികയിൽ മാത്രം പ്രവർത്തനക്ഷമമാകുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് അതുയർത്തുന്ന വെല്ലുവിളിയാണ്. തന്റെ എഴുത്തിലും, മറ്റ് വ്യവഹാരങ്ങളിലും, മാർക്‌സിസത്തോട് ഹാരിസ് പുലർത്തിയിരുന്ന രാഗ-ദ്വേഷ ബന്ധത്തെ ഈ സന്ദർഭത്തിൽ എങ്ങിനെ പുനർവായിക്കാൻ കഴിയും? എഴുത്ത് അതിലേക്ക് നീളുന്നതിനുമുമ്പ്, എന്റെ ആത്മകഥയിൽ നിന്ന് ഒരേട്. വക്കിൽ ചോര പൊടിയാത്ത (എം.പി. പോളിന്റെ ആ പ്രയോഗത്തെ പലതരത്തിൽ ഹാരിസ് ‘ആത്മകഥ'യിൽ ഉപയോഗിക്കുന്നുണ്ട്) ഒരേട്. Fluoxetine Hydrochloride എന്ന anti- depressant- ന്റെ മണമുള്ള ഒരേട്; 1991 ഫെബ്രുവരിയിൽ, ഹാരിസ് എനിക്കെഴുതി, ‘Your Marxist closures are claustrophobic.' ഞാൻ തിരിച്ചെഴുതി, ‘My Marxist closures are just the ruses I cling onto. I am frightened by the abyss you speak to me from.' എത്ര ആഴത്തിൽ ഞങ്ങൾക്കിടയിൽ ‘ഹാംലെറ്റ്' എന്ന ഈഡിപ്പൽ ഡ്രാമ പ്രവർത്തിച്ചിരുന്നു, മധ്യസ്ഥം പറഞ്ഞിരുന്നു എന്ന് ഈ കത്തിടപാട് ഇന്നെനിക്ക് പറഞ്ഞുതരുന്നുണ്ട്; ‘ആണയിടൂ' എന്ന പ്രേതരൂപിയായ പിതാവിന്റെ ആജ്ഞ വരുന്നത് സ്റ്റെയ്ജിനടിയിൽ നിന്നാണ് (Ghost cries under the stage), തമോഗർത്തത്തിൽ നിന്നും (from the abyss) ഹാരിസ് എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നു, ‘നിന്റെ മാർകിസിസ്റ്റ് അടച്ചുകെട്ടലുകൾ എന്നെ ശ്വാസം മുട്ടിക്കുന്നു.’ ഞാൻ ഇനി അതേ പറ്റി പറയാം. Let the talking cure begin.

സൂചന
വി.സി.ഹാരിസ്: എഴുത്തും പറച്ചിലും. (വി.സി.ഹാരിസ് സ്മാരകസമിതി, 2019)

ബി. ഉണ്ണിക്കൃഷ്ണന്റെ മറ്റ് ലേഖനങ്ങൾ

ചിരകാലമങ്ങനെ ചിതൽ തിന്നു പോയിട്ടും ചിലതുണ്ടു ചിതയിന്മേൻ വയ്ക്കാൻ

ടി.ടി. ശ്രീകുമാർ എന്തിനാണ് കുമാരനാശാനെ ന്യായീകരിക്കുന്നത്

Comments