Fiat justitia, ruat caelum
"Let a hundred guilty be acquitted, but one innocent should not be convicted'
ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാവണം എന്ന തത്വം ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന വിശ്വാസവുമായി നേർക്ക് നേർ ഏറ്റുമുട്ടിയ വിചാരണ ആണ് സിസ്റ്റർ അഭയ വധക്കേസിൽ കഴിഞ്ഞ നാല് മാസമായി നടന്നത്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനിൽകുമാർ നീതിയുടെ തട്ട് നിയമത്തിന്റെ തട്ടിന് മേൽ വരും എന്ന് തീരുമാനിച്ചതിനാൽ മാത്രമാണ് ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അഭയ വധക്കേസിൽ കുറ്റക്കാർ ആയത്.
വിധി പകർപ്പ് ഇനിയും പുറത്തു വന്നിട്ടില്ലാത്ത കേസിലെ പ്രാഥമിക നിരീക്ഷണം ഇതാണ്. കോടതി മുറിയുടെ പിന്നിൽ പല വിചാരണ ദിനങ്ങളിലും മണിക്കൂറുകൾ ദൃക്സാക്ഷിയായി നിന്ന അനുഭവം വിധി ദിവസത്തെ പറ്റി ധാരാളം ആശങ്കകൾ ഉളവാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി കൊമ്പന്മാർ ആയ അഭിഭാഷകർ - അഡ്വ. ബി രാമൻ പിള്ള, അഡ്വ ജെ. ജോസ്, ദിനംപ്രതി കൂറ് മാറുന്ന പ്രോസിക്യൂഷൻ സാക്ഷികൾ, ഉറച്ചു നിൽക്കുന്ന ചുരുക്കം ചിലരെ മാനസികമായി തളർത്തുന്ന നിലയിലുള്ള മണിക്കൂറുകൾ നീളുന്ന പ്രതിഭാഗം ക്രോസ് വിസ്താരം, ആകെയുള്ള ശാസ്ത്രീയ തെളിവ് ആയ നാർകോ അനാലിസിസ് റിപ്പോർട് സുപ്രീം കോടതി വിധിപ്രകാരം നിർവീര്യം ആകുന്നത്, എല്ലാം നേരിടാൻ താരതമ്യേന ജൂനിയർ ആയ എം. നവാസ് എന്ന സി.ബി.ഐ പ്രോസിക്യൂട്ടർ ഒറ്റയ്ക്ക് പൊരുതുന്ന കാഴ്ച, പിന്നെ 28 വർഷത്തെ നിഷ്ഠ തെറ്റിക്കാതെ കോടതിയുടെ പിൻബെഞ്ചിൽ കാത് കൂർപ്പിച്ചിരിക്കുന്ന ജോമോൻ പുത്തൻപുരയ്ക്കലും.
പ്രതിക്കൂട്ടിൽ രണ്ട് അറ്റത്തായാണ് കോട്ടൂർ അച്ചനും സെഫി സിസ്റ്ററും ഇരിക്കാറുള്ളത്. അനാരോഗ്യവും പ്രായവും കാരണം ക്ഷീണിത ഭാവത്തിൽ ആയിരിക്കും കോട്ടൂർ അച്ചൻ, സിസ്റ്റർ മിക്കപ്പോഴും കൊന്ത തൊട്ട് ജപിച്ച് ഇരിക്കുകയാവും. വിചാരണ ദിവസങ്ങളിൽ ഒപ്പം വരുന്ന ആൾക്കാർക്കും അഭിഭാഷക സംഘത്തിലെ അംഗങ്ങൾക്കും ഇത് കെട്ടിച്ചമച്ച കേസ് ആണെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നേ ഇല്ല. ഈശ്വരൻ കൂടെയുണ്ടെന്നും വിധി അനുകൂലം ആവുമെന്ന ഉറച്ച വിശ്വാസവും ഇടയ്ക്കു സംസാരിക്കുമ്പോഴൊക്കെ അവർ പ്രകടിപ്പിച്ചിരുന്നു.
വിചാരണ തുടങ്ങിയ ആദ്യ ദിനം തന്നെ പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. അഭയയുടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന സിസ്റ്റർ അനുപമ സിബിഐക്ക് കൊടുത്ത മൊഴി പാടെ നിഷേധിച്ചു. ശിരോവസ്ത്രവും ചെരുപ്പും അടുക്കളയിൽ കണ്ടിരുന്നു എന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. പിന്നെ, സിസ്റ്റർ സുദീപ, മറ്റൊരു അന്തേവാസി നിഷാ റാണി, അയല്പക്കത്തെ താമസക്കാരൻ സഞ്ജു പി. മാത്യു എന്നിങ്ങനെ അന്വേഷകർക്ക് നിർണായക മൊഴികൾ നൽകിയവർ ഓരോന്നായി കൂറ് മാറുന്ന കാഴ്ചയാണ് വിചാരണയുടെ ആദ്യഘട്ടങ്ങളിൽ കണ്ടത്. സഞ്ജു സംഭവ ദിവസത്തിന് തലേ രാത്രി കോട്ടൂർ അച്ചന്റെ സ്‌കൂട്ടർ കോൺവന്റിന് മുന്നിൽ കണ്ട ആൾ ആണെന്ന് മാത്രമല്ല ആ വിവരം മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയ ആളുമാണ്.
പദവിയും സാമൂഹിക അംഗീകാരവും ഉന്നത വിദ്യാഭ്യാസവും ഉള്ള സാക്ഷികൾ ഒന്നൊന്നായി കൂറ് മാറിയപ്പോഴും മൊഴിയിൽ ഉറച്ചു നിന്നത് കൗമാരം മുതൽ മോഷണം തൊഴിൽ ആക്കിയിരുന്ന അടയ്ക്ക രാജുവാണ്. മൊഴി മാറ്റാൻ തനിക്കും സമ്മർദം ഉണ്ടായിരുന്നെന്നും എന്റെ പെൺമക്കളെ ഓർത്തു ഞാൻ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും ആണ് രാജു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ക്രോസ് വിസ്താരത്തിൽ ഉടനീളം രാജുവിന്റെ ഭൂതകാലം ചികയുകയായിരുന്നു രാമൻ പിള്ള വക്കീൽ. ദുർഗുണ പരിഹാര പാഠശാലയിൽ പ്രവേശിക്കാൻ ഇടയായ സാഹചര്യം മുതൽ വിവാഹത്തിലെ ദുരൂഹത വരെയുള്ള കാര്യങ്ങൾ പറയിച്ച് നാല് മണിക്കൂർ നീണ്ട ക്രോസ്. തിരിഞ്ഞു നോക്കുമ്പോൾ ആ ക്രോസ്സ് വിസ്താരം ആണ് കേസിനെ ഏറ്റവും സഹായിച്ചത് എന്ന് തോന്നുന്നു. സ്വകാര്യ ജീവിതത്തെ പറ്റി ഉള്ള ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകിയ രാജു സാക്ഷിമൊഴി മാത്രം കളവ് പറയും എന്ന വാദം കോടതിക്ക് അവിശ്വസനീയമായി തോന്നിയിരിക്കാം.
ഫാദർ കോട്ടൂർ സിസ്റ്ററുമായി ഉള്ള ബന്ധത്തെ പറ്റി തന്നോട് കുമ്പസരിച്ചിട്ടുണ്ടെന്നും ഒരു അബദ്ധം പറ്റി പോയെന്ന് പറഞ്ഞുവെന്നും പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാൽ നൽകിയ മൊഴിയും കോട്ടൂരിന്റെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ചു പ്രൊഫ. ത്രേസ്യാമ്മ നൽകിയ മൊഴിയും ഒക്കെ വിധിയെ നിർണയിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് കരുതാം.
സംഘടിതമായ ശ്രമം തെളിവ് നശിപ്പിക്കാൻ നടന്നിട്ടുണ്ടെന്നും സിസ്റ്റർ അഭയയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു എന്നും തെളിവുകൾ നിരത്തി വാദിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. തെളിവ് നശിപ്പിക്കാൻ മുന്നിൽ നിന്നത് പൊലീസും ക്രൈംബ്രാഞ്ചും ആണെന്നതും അതിന്റെ പിന്നിലെ ലക്ഷ്യം അത്ര നിഷ്‌കളങ്കം അല്ലായിരുന്നുവെന്നതും കോടതിയുടെ പരിഗണനയിൽ വന്ന വസ്തുതകൾ ആണ്.
ചങ്ങല പൊട്ടാതെ ഓരോ കണ്ണിയും കൃത്യമായി വിളക്കിച്ചേർത്ത ഒരു പ്രോസിക്യൂഷൻ കേസ് ആയിരുന്നില്ല ഇത്. നിയമപുസ്തകങ്ങൾ മാത്രം കണക്കിലെടുക്കുന്ന കോടതികൾ ഒരു കണ്ണി മുറിഞ്ഞാൽ പോരും പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കാറുള്ളത് പല കേസിലും നമ്മൾ കാണാറുള്ളതുമാണ്. നീതിദേവത കണ്ണ് കെട്ടി യാന്ത്രികമായി വിധിക്കുന്ന പതിവ് ഈ കേസിൽ ഉണ്ടായില്ല എന്നത് സമകാലീനമായ പല കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നീതിപീഠത്തിലേക്ക് പ്രതീക്ഷയോടെ നോക്കാൻ നമ്മെ വീണ്ടും പ്രേരിപ്പിക്കുന്ന വസ്തുതയാണ്.
ഈ കേസ് സുപ്രീം കോടതിയിൽ പല തവണ എത്തിയപ്പോഴും സഭയുടെ പ്രതിനിധികൾക്ക് വേണ്ടി വാദിക്കാൻ ഇറങ്ങിയത് ഹരീഷ് സാൽവെ, മുകുൾ റോഹ്തഗി തുടങ്ങിയ അതിപ്രഗത്ഭരായ അഭിഭാഷകർ ആണ്; നാല് എസ്റ്റേറ്റ് കളിലുമായി സഭയെ സഹായിക്കാൻ വരി നിൽക്കുന്ന അനുഭാവികൾ വേറെയും.
എതിർ ഭാഗത്താകട്ടെ എന്നോ മരിച്ചു പോയ 20 വയസുകാരിയെ പ്രതിനിധീകരിച്ചു സ്റ്റേറ്റും, സ്റ്റേറ്റ് കണ്ണടയ്ക്കുമ്പോൾ വിളിച്ചുയർത്താൻ ജാഗരൂകനായി ജോമോൻ പുത്തൻപുരക്കൽ എന്ന ഒരു പൊതു പ്രവർത്തകനും. സത്യത്തിൽ ദാവീദും ഗോലിയാത്തും തമ്മിലുള്ള പോര് തന്നെയായിരുന്നു. ഈ ക്രിസ്ത്മസ് വാരത്തിൽ ദാവീദിന്റെ വിജയം ആഘോഷിക്കാൻ പറ്റുന്നതിലും ദൈവികമായി എന്ത് സന്തോഷമാണ് ഉണ്ടാകാനുള്ളത് ?