അനന്തപുരിപ്പള്ളത്തില്‍ പുതിയ മുതല
ദിവസങ്ങള്‍ക്കകം പ്രത്യക്ഷപ്പെടാം,
ബലികൾ ഇനിയും തുടരാം...
അനന്തപുരിപ്പള്ളത്തില്‍ പുതിയ മുതല ദിവസങ്ങള്‍ക്കകം പ്രത്യക്ഷപ്പെടാം, ബലികൾ ഇനിയും തുടരാം...
അനുഷ്ഠാന നരബലികള്‍ക്ക് ശിക്ഷയൊന്നുമില്ലെന്നതാണ് അനുഭവ പാഠങ്ങള്‍. വിശ്വാസം അന്ധമായാല്‍ ബലികള്‍ ഇനിയും തുടരും. ഒരന്ധവിശ്വാസത്തെ നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുന്ന വിശ്വാസ സമൂഹമാണ് നമ്മുടേത്. അനന്തപുരിപ്പള്ളത്തില്‍ പുതിയ മുതല ദിവസങ്ങള്‍ക്കകം പ്രത്യക്ഷപ്പെടാം. പാരിസ്ഥിതികമായി അതിന് സാധ്യതയില്ലെങ്കിലും. ശങ്കരാചര്യരെ പിടിച്ച മുതല ഇപ്പോഴും കാലില്‍ പിണഞ്ഞിരിക്കുന്നവരുടെ ചീറ്റപ്പുലികള്‍ പറന്നെത്തുന്ന നാട്ടില്‍ ചീങ്കണ്ണികളെ കൊണ്ടുവരാനും ഉന്നതാനുമതി ലഭിച്ചേക്കാം.
12 Oct 2022, 10:27 AM
കാസര്‍കോട് അനന്തപുരം ക്ഷേത്രക്കുളത്തില്‍ മുക്കാല്‍ നൂറ്റാണ്ടായി ജീവിച്ചു വന്നിരുന്ന ‘വിശുദ്ധ മുതല’ ബബിയ 2022 ഒക്ടോബര്‍ 9ന് ‘അന്തരിച്ചു.’ ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി ആ ‘മകരമത്സ്യം’ വിഷ്ണു ദാസനായ മുതല വിഷ്ണുപദം പൂകിയതാണെന്ന് ഭക്തര്‍ വിശ്വസിച്ചു. മുതലയ്ക്ക് സ്മാരകം പണിയണമെന്ന ആരാധകരുടെ ആവശ്യം സ്ഥലം എം.പി യുടെ വായില്‍ നിന്നുതന്നെ തിരുമൊഴിയായി. അതൊരു ലോഹ രൂപമായിരിക്കണമെന്ന ജനഹിതവും അദ്ദേഹം പറഞ്ഞു. ലോഹമെന്നത് സ്വര്‍ണമായാലും കാസര്‍കോട്ടുകാര്‍ അത് സാധിതപ്രായമാക്കും.
വിശ്വാസത്തിന്റെ വഴി തടുക്കാവുന്നതാര്‍ക്കാണ്? എന്നാല്‍
സാധാരണ ജലജീവിമരണത്തിലേറെ ഈ ചാവലിന് പ്രത്യേക പരിവേഷമുണ്ടായത് എന്തുകൊണ്ടാണ് എന്നാലോചിക്കേണ്ടത് സാധാരണ
ഉരഗജീവിതത്തില്‍ നിന്ന് വിഷ്ണുപദത്തിലേക്ക് ഒരു അമ്പല മുതല പരിണമിച്ചതിന്റെ വര്‍ത്തമാന രാഷ്ട്രീയത്തെക്കൂടി കണക്കിലെടുത്താണ്.
മഗര്‍ എന്നും മാര്‍ഷ് ക്രോക്കഡൈല്‍ എന്നും രണ്ടിനം മുതലകളാണ് കേരളത്തില്‍ ഒരു നൂറ്റാണ്ട് മുമ്പുവരെ മദിച്ചുപുളച്ച് അര്‍മാദിച്ചിരുന്നത്. ക്രോക്കഡൈലസ് പാലുസ്ട്രിസ്എന്ന ശാസ്ത്രനാമമുള്ള ചീങ്കണ്ണിയാണ് മഗര്‍ എന്നറിയപ്പെടുന്നത്. ശുദ്ധജലതടാകങ്ങള്‍ വാസസ്ഥാനമാക്കി അവിടത്തെ മത്സ്യസമൃദ്ധി ആഹരിച്ചു വളര്‍ന്ന ഇവര്‍ വടക്കന്‍ കേരളത്തില്‍ ‘മണ്ണന്‍ '' എന്നറിയപ്പെട്ടു. മുതലയുള്ള കുളം മുതലക്കുളമായി. ചിലയിടത്ത് അത് സ്ഥലനാമം തന്നെയുമായി . (കായ്ക്കനമില്ലെങ്കിലും ഈ ഘടാഘടിയന്റെ ഉടലു സാമ്യം കൊണ്ട് ഒരിനം നാട്ടുവാഴയും വടക്കന് മണ്ണന്‍വാഴയായി. )

അനന്തേശ്വരം ക്ഷേത്രക്കുളം ഇത്തരത്തില്‍ മണ്ണന്‍ മുതല അഥവാ ചീങ്കണ്ണികള്‍ വിഹരിച്ച ഒരു തടാകമായിരിക്കണം. 1945 ല്‍ ബ്രിട്ടീഷ് പട്ടാളക്കാരന്‍ ഒരു മുതലയെ വെടിവെച്ചുകൊന്നുവെന്നും അടുത്തദിവസം മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടുവെന്നും നായാട്ടുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചെന്നുമുള്ള സംഭവ കഥയിലെ സത്യമെത്രയെന്നറിയാന്‍ വഴിയൊന്നുമില്ല. മുതല നായാട്ട് ധീരകൃത്യമായിരുന്ന കാലത്ത് സായിപ്പിനോടാരും, ‘ദിസ് ക്‌റോക്ക് ബിലോങ്ങ്‌സ് ടു ദി ഹെര്‍മിറ്റേജ്’ എന്ന് ഇംഗ്ലീഷില്‍ പറഞ്ഞുകാണില്ല. പറഞ്ഞാലും അക്കാലത്ത് കാര്യവുമുണ്ടാവില്ല.
‘വലിയ കമ്പക്കയറു കൊണ്ട് തീര്‍ത്ത വലകളുമായി സ്ത്രീകളും പുരുഷന്മാരും കായല്‍ നിലങ്ങളിലെ മണല്‍ക്കൂനകളില്‍ വെയിലുകാഞ്ഞിരിക്കുന്ന ഒരു എരുമയുടെ വണ്ണമുള്ള മുതലകളെ വേട്ടയാടിയിരുന്നതിന്റെ വിശദ വിവരണം മലബാര്‍ മാന്വല്‍ കര്‍ത്താവും മലബാര്‍ കലക്ടറുമായ വില്യം ലോഗന്‍ നല്കുന്നുണ്ട്. ലോഗന്‍ ഏഴിമലപ്പുഴകള്‍ എന്നു വിളിക്കുന്ന കവ്വായിക്കായലിന്റെ പോഷകനദികളും കായല്‍ തീരത്തെ മണല്‍ക്കൂനകളും കണ്ടല്‍ക്കാടുകളും മുതലകളുടെ വിഹാരരംഗമായിരുന്നു, പ്രത്യേകിച്ച് ക്രോക്കഡൈലസ് പൊറോസസ് എന്ന ശാസ്ത്രനാമമുള്ള ഉപ്പുജല മുതലയുടെ. വെടിക്കലയും കഷണ്ടിയും കഞ്ഞി പിഴിഞ്ഞമുണ്ടും നാടന്‍ പുരുഷലക്ഷണമായി കരുതിയ ആ കാലത്ത്, കേസരി നായനാര്‍ കുറ്റൂരിലെ കടുവയേയും ജിം കോര്‍ബറ്റ് കുമയൂണിലെ നരഭോജികളെയും വേട്ടയാടിയിരുന്ന ആ കാലത്ത് ഏതോ ഒരു സായ്പ് ഇക്കാര്യം ചെയ്തിരിക്കാം. അയാള്‍ ചിലപ്പോള്‍ മലമ്പനി പിടിച്ചോ പാമ്പ് കടിച്ചോ ചത്തുപോവുകയോ പ്രമോഷനോടെ ജന്മനാട്ടിലേക്ക് തിരിച്ചു പോവുകയോ ചെയ്തിരിക്കാം. വെടിവെച്ച സായ്പിനെതിരിച്ചു വെടിവെക്കാന്‍ കെല്പുള്ള ഉധംസിംഗുമാരൊന്നും കൂട്ടത്തിലില്ലാത്ത കൂട്ടായ്മയുണ്ടാക്കുന്ന കഥയാണ്, മഹാപാപിയെ കുരുപ്പ് കൊണ്ടുപോയെന്നോ കാലസര്‍പ്പം കടിച്ചെന്നോ ഉള്ളത്. അത് ഫോക് ലോറിലെ നടപ്പുരീതിയാണ്.

മറ്റെല്ലാ ഉരഗങ്ങളേക്കാളും സാമൂഹിക ജീവിതമിഷ്ടപ്പെടുന്നവയാണ് മുതലകള്‍. ഒറ്റയാനായി കാണപ്പെടുമ്പോഴും വേട്ടയാടാനും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ വളര്‍ത്താനും അവര്‍ സംഘജീവിയാകുന്നു. പരസ്പരം തിരിച്ചറിയുക മാത്രമല്ല, തമ്മില്‍ ദീര്‍ഘകാല ബന്ധങ്ങള്‍ ഉണ്ടാക്കുകയും ശബ്ദം, ഭാവങ്ങള്‍, രാസസിഗ്‌നലുകള്‍, സ്പര്‍ശനം എന്നിവയിലൂടെ ആശയവിനിമയം നടത്തുകയും ചെയ്യുന്നു അവ തമ്മില്‍. പലതരം പ്രാണികളേയും വണ്ടുകളേയും ഒക്കെ തീറ്റിച്ച് കുഞ്ഞുങ്ങളെ തള്ളമുതല ഒരു വര്‍ഷത്തോളമെങ്കിലും പരിപാലിക്കും. തച്ചോളിക്കഥകള്‍ മുതല്‍ ബാഹുബലി വരെയുള്ള ബഹുശതം സിനിമകളില്‍ നമ്മെ ആവേശം കൊള്ളിച്ച ജീവിതസന്ദര്‍ഭമാണ് മക്കള്‍ക്കായി സ്വയം ത്യജിച്ച് നേടിക്കൊടുക്കുന്ന ജീവന്റെ വംശാനന്തര നൈരന്തര്യം. സായിപ്പിന്റെ വെടിയേറ്റു വീണപ്പോള്‍ ബബിയ എന്ന അമ്മമുതല , പില്‍ക്കാലത്ത് തന്റെ തന്നെ നാമധേയത്തില്‍ പ്രശസ്തനാ/യാകാനിരിയ്ക്കുന്ന മകന് / മകള്‍ക്ക് ( മുട്ട വിരിയുന്ന കാലത്തുള്ള അന്തരീക്ഷ താപമാണ് ആണോ പെണ്ണോ എന്നതിലെ നിര്‍ണായകഘടകം. ) പകര്‍ന്നുനല്കിയ നക്രകുലത്തിന്റെ ആ അതിജീവന മന്ത്രത്തിന്റെ സാരാംശമെന്തായിരിക്കും? തല്ലിക്കൊന്നും ചൂണ്ടലിട്ടു പിടിച്ചും നക്രൗഹണികള്‍ തകര്‍ത്താണ് ഇടനാട്ടിലും തീരപ്രദേശങ്ങളിലും ജനപഥങ്ങള്‍ ഉണ്ടാക്കിയെടുത്തത്. കവി പി.എൻ. ഗോപികൃഷ്ണന്‍ കുറിച്ചതുപോലെ, കനത്ത ഏകാന്തതയിലൂടെ
ലോകാന്തതയില്‍ ലയിച്ചുചേരും വരെ ബബിയ താണ്ടിയ ഏകാന്തതയുടെ ഹിമാലയങ്ങള്‍ എന്തായിരിക്കും? ഈ ഒറ്റജീവിതം അതിന് നഷ്ടപ്പെടുത്തിയ ഇരയെടുപ്പിന്റെയും ഇണയെടുപ്പിന്റെയും മൃഗാനുഭവങ്ങളുടെ വലിയൊരു പരമ്പര തന്നെയുണ്ടാകണം. ആ അഭാവമാകണം മെരുങ്ങിയ ഒരു വന്യ ജീവിയായി ബബിയയെ മാറ്റിയത്.
ബബിയ ഒരു ആണ്‍ മുതലയായിരുന്നു. വൈല്‍ഡ് ലൈഫ് നിയമങ്ങളുടെ നിഷ്‌ക്കര്‍ഷയാല്‍ മരണാനന്തരം നടത്തിയ പോസ്റ്റ്മാര്‍ട്ടം ഇക്കാര്യം രേഖയാക്കുന്നു. മൃഗയൗവനത്തിന്റെ ഉഷ്ണകാമനകളിലൂടെ ആ ജന്തുജന്മം കടന്നുപോയ ആദ്യ വര്‍ഷങ്ങളില്‍ മധൂര്‍പ്പുഴയിലും കുമ്പളപ്പുഴയിലുമെല്ലാം അപൂര്‍വ്വമായെങ്കിലും പെണ്‍മുതലകളുണ്ടായിരുന്നു. അക്കാലത്തെ അവന്റെയോ അവനെത്തേടിയോ ഉള്ള പ്രേമ യാത്രകള്‍ എന്നോ അവസാനിച്ചിരിക്കണം. അവന്‍ അവളായിരുന്നുവെങ്കില്‍ അടര്‍ മണ്ണിലെ കുഴികളില്‍ നിക്ഷേപിക്കപ്പെട്ട മുട്ടകള്‍ വിരിഞ്ഞ് കുറച്ചുവര്‍ഷങ്ങള്‍ കൂടി ജീവന്റെ പുഷ്‌ക്കലമായ തുടര്‍ച്ചയുണ്ടാകുമായിരുന്നു, തടാക പരിസരത്ത്.
ബബിയ ഒരു മഗര്‍ ആണ്. മഗര്‍ ക്രൊക്കോഡൈലുകളുടെ ഭക്ഷണം മീനുകള്‍, പാമ്പുകള്‍, ആമകള്‍, പക്ഷികള്‍, നായകള്‍, കുരങ്ങന്മാര്‍, അണ്ണാന്‍, പെരുച്ചാഴി തുടങ്ങിയ പല ജീവികളുമാണ്. പഴങ്ങളും അഴുകി ജീര്‍ണിച്ചവയും തിന്നും. അത്തിപ്പഴം തിന്നുന്ന മുതല പഞ്ചതന്ത്രം കഥയില്‍ മാത്രമല്ല. ജെ.സി.ഡാനിയേലിന്റെ ഇന്ത്യന്‍ ഉരഗങ്ങളെപ്പറ്റിയുള്ള ഗ്രന്ഥത്തില്‍ സാല്‍സെറ്റേ ദ്വീപിലെ അത്തിപ്പഴം തിന്നാനെത്തുന്ന മുതലകളെക്കുറിച്ച് വിവരിക്കുന്നുണ്ട്.

കാട്ടിലെ കടുവയാണ് കായലോരത്ത് മുതല. ഒരാവാസവ്യവസ്ഥയുടെ ശീര്‍ഷ സ്ഥാനത്തിരിക്കുന്ന രണ്ട് മാംസഭോജികള്‍. കടുവയേയും മുതലയെയും തീറ്റിപ്പോറ്റണമെങ്കില്‍ ഒരാവാസവ്യവസ്ഥ അത്രത്തോളം സമ്പുഷ്ടമാകണം. സുന്ദര്‍ബന്‍സ് അത്തരമൊന്നാണ്. മാടായിപ്പാറയും ഏഴിമലപ്പുഴയും ഒക്കെ ചേര്‍ന്ന ഇടനാട്- തീരദേശ ഇക്കോടോണ്‍ സുന്ദര്‍ബന്‍സ് പോലെ കടുവയ്ക്കും മുതലയ്ക്കും ആലംബമേകി. വേട്ടക്കുപുറമെ ഇടനാട് ജനാവാസം കൊണ്ടും തീരദേശം മത്സ്യസമ്പത്തിന്റെ നാശം കൊണ്ടും ക്ഷയിച്ച് തീര്‍ന്നു. ഗതി കെട്ടാല്‍ പുലി പുല്ലു തിന്നുമെന്നാണ്. ഗതികെട്ടാല്‍ മുതല നേദ്യച്ചോറും തിന്നുമായിരിക്കും.
അനന്തപുരക്ഷേത്രത്തിലെ മുതല തടാകത്തില്‍ സമൃദ്ധമായ മീനിനെതിന്നിരുന്നുവോ, രാത്രി ഇര തേടിയിറങ്ങി പാമ്പിനെയും ചെറുമൃഗങ്ങളെയും വേട്ടയാടിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് ജന്തുശാസ്ത്രപരമായി ‘ഉവ്വ് 'എന്ന ഒറ്റ ഉത്തരമേ ഉള്ളൂ. ‘ഇല്ല ' എന്നത് വിശ്വാസത്തിന്റെ ഉത്തരമാണ്. നേദ്യച്ചോറ് മാത്രം കഴിച്ച് ജീവിച്ച മുതലയെയാണ് അതിന് പ്രിയം. രണ്ടായിരമാണ്ടിന്റെ തുടക്കം വരെ ഈ ക്ഷേത്ര മുതലയ്ക്ക് കോഴിയെ നല്കിയിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഭക്തിപൂര്‍വ്വം ബബിയക്ക് കോഴിയെ നല്കുന്നത് അവിടത്തെ പ്രാര്‍ത്ഥനാവൃത്തിയായി നിലനിന്നിരുന്നു. തൊട്ടടുത്ത് ചായക്കട നടത്തിയിരുന്ന യക്ഷഗാന കലാകാരന്‍ കൂടിയായ സുബ്ബണ്ണ ഷെട്ടിയാണ് ഇങ്ങനെ മുതലയെ ഊട്ടിയിരുന്നത്. കുളത്തിനടുത്ത മണ്‍തിട്ടില്‍ കോഴിയെ വെച്ച്, ‘ബബിയാ’ എന്ന് നീട്ടി വിളിക്കുമ്പോള്‍ നീന്തിയെത്തി ഇരയെടുക്കുന്ന ഈ കൗതുകമായിരുന്നു 20 വര്‍ഷം മുമ്പുവരെ അനന്തപുരത്തിന്റെ വിശേഷം. 1997ല്‍ ഈ ലേഖകന്‍ തന്നെ അത് ചിത്രീകരിച്ചിട്ടുണ്ട്. പിന്നീട് നേദ്യച്ചോറ് മാത്രം തിന്നുന്ന മുതലയായി കൗതുകം. ഈ കുഴമറിച്ചില്‍ എങ്ങനെ സംഭവിച്ചു?

മഞ്ചേശ്വരം - കുമ്പള പ്രദേശങ്ങള്‍ ജൈനമതത്തിന്റെ കേരളത്തിലെ അവസാന തുരുത്തായിരുന്നു. ഇപ്പോഴും ജൈനമതവിശ്വാസികളുടെ നാലഞ്ച് കുടുംബങ്ങള്‍ മഞ്ചേശ്വരത്തുണ്ട്, വലിയ കഷ്ടസ്ഥിതിയില്‍. പൊളിഞ്ഞു വീഴാറായ രണ്ട് ജൈനബസ്തികളും. ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ കാസര്‍കോട്ടെ പല ജൈനക്ഷേത്രങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളായി പരിണമിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് പൂജാരിക്കല്ലാതെ മറ്റാര്‍ക്കാണ് പ്രവേശനം? വിഗ്രഹത്തിനടുത്തേക്ക് ഭക്തര്‍ ചെന്ന് വന്ദിക്കുന്ന സമ്പ്രദായം ജൈന- ബുദ്ധ കേന്ദ്രങ്ങളുടെ പ്രത്യേകതയാണ്. കാസര്‍കോട്ടെ ജൈന -ശ്രമണ ബന്ധമുണ്ടായിരുന്ന ആരാധനാലയങ്ങളിലെല്ലാം ഈ പ്രത്യക്ഷ ദര്‍ശനം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ തീര്‍ത്ഥങ്കരനൊപ്പം ഗണപതി പ്രതിഷ്ഠ കൂടി നടത്തി സിദ്ധിവിനായക ക്ഷേത്രങ്ങളാക്കി മാറ്റപ്പെട്ടു.
കുമ്പളയിലെ ജൈന വിശ്വാസം പരിവര്‍ത്തനപ്പെട്ടുണ്ടായ ശ്രീമദനന്തേശ്വ ക്ഷേത്രം അരനൂറ്റാണ്ടു മുമ്പുവരെ ശ്രീമദ് അനന്തേശ്വര ക്ഷേത്രമായിരുന്നു. ഇപ്പോഴത് ശ്രീമദനന്തേശ്വര ക്ഷേത്രമെന്ന് സന്ധിചേര്‍ത്ത് മദനന്തേശ്വരന്‍ എന്ന പുതിയ ദൈവത്തെ സൃഷ്ടിച്ചിരിക്കുകയാണ്. ഈ ടെമ്പിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള 1925ല്‍ സ്ഥാപിച്ച സ്‌കൂളിന്റെ പേര് ഇപ്പോഴും എസ്.എ. ടി ഹൈസ്‌കൂള്‍ എന്നാണ്. ശ്രീ / ശ്രീമദ് അനന്തേശ്വര ടെമ്പിള്‍ ഹൈസ്‌കൂള്‍ എന്നതിന്റെ ഇംഗ്ലീഷ് ചുരുക്കപ്പേര്. ചരിത്രം അവശേഷിപ്പിച്ചു പോയ ചില തെളിവുകളെ മായ്ക്കാനായി 2025 ഓടെ ഇത് ചിലപ്പോള്‍ എസ്.എം ഹൈസ്‌കൂളാക്കി മാറ്റപ്പെട്ടേക്കാം. കാസര്‍കോടിന്റെ മാത്രമല്ല, ഇന്ത്യയുടെ ഒട്ടാകെ സംസ്‌കൃതവത്കരണ/ ആര്യവത്കരണ/ഹൈന്ദവവത്കരണ പദ്ധതിയുടെ രീതിശാസ്ത്രമിങ്ങനെയൊക്കെയാണ്.
രണ്ടായിരാമാണ്ടോടെ അനന്തപുരി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും ബ്രഹ്മകലശവും നടന്നിട്ടുണ്ട്. പഴയ വിഗ്രഹങ്ങള്‍ക്ക് ജലസമാധി വിധിച്ച് പുതിയവ പ്രതിഷ്ഠിച്ചു. അതോടെയാണ് ക്ഷേത്രം പൂര്‍ണമായും ബ്രാഹ്മണ താന്ത്രികാരാധനയുടെ ഏകശിലാരൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ക്ഷേത്രത്തിലെ ചുമര്‍ച്ചിത്രങ്ങള്‍ കാണുന്നതില്‍ നിന്നുപോലും സന്ദര്‍ശകര്‍ വിലക്കപ്പെട്ടു. മുതലയ്ക്ക് കോഴിയെ നല്കുന്നത് നിര്‍ത്തിവെക്കപ്പെട്ടു. സസ്യഭുക്കായ ലോകത്തിലെ ഏക മുതലയായി ബബിയാ ഉയര്‍ത്തപ്പെട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലാണ് ക്ഷേത്രമെങ്കിലും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുപിന്നിലെ തലച്ചോറുകളെ തിരുത്തുവാനുള്ള ആര്‍ജവമൊന്നും സര്‍ക്കാരിനില്ലായിരുന്നു. ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരമായി. നാളെയുടെ ശാസ്ത്രവുമായി. ‘പത്മനാഭസ്വാമിയുടെ മുതല കോഴിയെ കഴിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല' എന്ന് സത്യബോധ്യപ്പെടുത്തി ജനാധിപത്യകാലത്തെ രാജ / രാജ്യ പ്രതിനിധികള്‍ പുതിയ ശാസ്ത്രത്തിന്റെ പതാകകള്‍ സ്വയം കയ്യിലേന്തി.
‘വിശുദ്ധ മുതല’യ്ക്ക് ക്ഷേത്രമോ സ്വര്‍ണപ്രതിമയോ ഉടന്‍ പണിയപ്പെട്ടേക്കാം.
കുഴിക്കാട്ടുപച്ചയില്‍ നക്രപൂജാവിധികള്‍ പുതുതായി എഴുതി ചേര്‍ക്കേണ്ടിയും വന്നേക്കാം.
ഇന്നിപ്പോള്‍ ഏതോ സൈക്കോപ്പാത്ത് നടത്തിയ നരബലിയെക്കുറിച്ച് കേരളത്തിന്റെ നവോത്ഥാന മനസ്സ് ആധി മുഴുത്തുഴലുമ്പോള്‍ പത്തുവര്‍ഷം മുമ്പ് അനന്തപുരം ക്ഷേത്രത്തിന് മൂന്നാല് കിലോമീറ്റര്‍ മാറി മധൂരില്‍ വയനാട്ടുകുലവന്‍ തെയ്യത്തിനായി നാട്ടുപ്രമാണിമാര്‍ നടത്തിയ നായാട്ടു ബലിക്കിടയില്‍ പന്നിയെന്നു കരുതി വെടിവെച്ചു കൊല്ലപ്പെട്ട ഒരു സാധുവിന്റെ ഓര്‍മ തികട്ടുന്നു. അനുഷ്ഠാന നരബലികള്‍ക്ക് ശിക്ഷയൊന്നുമില്ലെന്നതാണ് അനുഭവപാഠങ്ങള്‍. വിശ്വാസം അന്ധമായാല്‍ ബലികള്‍ ഇനിയും തുടരും. ഒരന്ധവിശ്വാസത്തെ നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുന്ന വിശ്വാസ സമൂഹമാണ് നമ്മുടേത്. അനന്തപുരിപ്പള്ളത്തില്‍ പുതിയ മുതല ദിവസങ്ങള്‍ക്കകം പ്രത്യക്ഷപ്പെടാം. പാരിസ്ഥിതികമായി അതിന് സാധ്യതയില്ലെങ്കിലും. ശങ്കരാചര്യരെ പിടിച്ച മുതല ഇപ്പോഴും കാലില്‍ പിണഞ്ഞിരിക്കുന്നവരുടെ ചീറ്റപ്പുലികള്‍ പറന്നെത്തുന്ന നാട്ടില്‍ ചീങ്കണ്ണികളെ കൊണ്ടുവരാനും ഉന്നതാനുമതി ലഭിച്ചേക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നിലവിലെ വന്യജീവിസംരക്ഷണ നിയമം ഒന്നാം ഷെഡ്യൂളില്‍പ്പെടുത്തിയ, നിയമപ്രകാരം വളര്‍ത്താനുവാദമില്ലാത്ത, ഭാവിയില്‍ മനുഷ്യ - മൃഗ സംഘര്‍ഷത്തിന് കാരണമായേക്കാവുന്ന ഒരു ജലജീവിയെ ഭക്ത കൗതുകത്തിലുപരി, കച്ചവടകാമനയെ കരുതി പോറ്റിവളര്‍ത്തിയാല്‍ സൃഷ്ടിച്ചേക്കാവുന്ന നാളെയുടെ പരിസ്ഥിതി -നിയമ-സമാധാന പ്രശ്‌നങ്ങള്‍ എന്തായിരിക്കും എന്നാലോചിക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല.
ആയതിനാല്‍
യാവത്പവനോ നിവസതി ദേഹേ
താവല്‍ പൃച്ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്മിന്‍ കായേ....... എന്നത് ക്ഷണിക മനുഷ്യജന്മത്തിനല്ലാതെ ഒരു മുതലയ്ക്കു പോലും ബാധകമല്ലല്ലോ എന്ന തത്വചിന്താഭാരത്താല്‍ മനുഷ്യ സഹജമായ അസൂയയോടെ ഭജഗോവിന്ദം പാടി വിരമിക്കുന്നു.
1997 ൽ ഇ. ഉണ്ണികൃഷ്ണൻ ചെയ്ത ഡോക്യുമെന്ററി
വി. കെ. അനില്‍കുമാര്‍
Oct 12, 2022
6 Minutes Read