8 Oct 2020, 10:00 AM
"മക്കളേ, നമ്മുടെ പ്രവാചകന്‍ മുഹമ്മദ് നബി വിവരമില്ലാത്തവര്‍ക്ക് വിവരത്തിന്റെ വെളിച്ചവും കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസവും രക്ഷയും നല്‍കി. നബിക്കു ശേഷം കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതേ പോലെ അറിവിന്റെ വെളിച്ചവും എല്ലാ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിന്റെ മാര്‍ഗം കാണിച്ചുതരികയും ചെയ്തു കൊണ്ട് മാര്‍ക്‌സ് എന്നും ലെനിന്‍ എന്നും പേരുള്ള രണ്ടു നബിമാര്‍ ഭൂമിയില്‍ ജീവിച്ചിരുന്നു. രക്ഷിതാക്കള്‍ മദ്രസയിലെ വിശേഷങ്ങളും പഠിച്ച കാര്യങ്ങളുമൊക്കെ കുട്ടികളുമായി പങ്കുവെച്ച സമയത്ത് അവര്‍ക്ക് ക്ലാസില്‍ ഉസ്താദ് (അധ്യാപകന്‍) തങ്ങള്‍ക്കു പഠിപ്പിച്ചതും, കഥ പറഞ്ഞതുമൊക്കെ തങ്ങളുടെ ഭാഷയില്‍ വിവരിച്ചു.

പിന്നീടെന്തുണ്ടായി എന്ന് വിശദീകരിക്കേണ്ട ആവശ്യം ഇല്ലല്ലോ. നല്ലവരായ മദ്രസ അധികൃതര്‍ നല്ലവനായ മൗലവിക്കു നേരെ കടും കൈ ഒന്നും ചെയ്തില്ല. പകരം പരിപാടി മതിയാക്കി നേരെ വീട്ടില്‍ പോയിക്കൊള്ളാന്‍ മാത്രം പറഞ്ഞു'. ( മാര്‍ക്‌സ് മാവോ മലബാര്‍ ഓര്‍മക്കുറിപ്പുകള്‍- അമീര്‍ അലി -ബാവാക്ക).
അബ്ദുറഹിമാന്‍ മൗലവി എടക്കര എന്നും റാന്‍ഫെഡ് മൗലവി എന്നും അറിയപ്പെട്ടിരുന്ന അബ്ദുറഹിമാന്‍ മൗലവിയെക്കുറിച്ച് നക്‌സലൈറ്റ് നേതാവ് അമീര്‍ അലി എന്ന ബാവാക്ക തന്റെ ആത്മകഥയില്‍ എഴുതിയ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ബാവാക്ക 2016 ഫെബ്രുവരി 11നും അബ്ദുറഹിമാന്‍ മൗലവി ഇക്കഴിഞ്ഞ സംപ്തംബര്‍ ആറിനും മരിച്ചു. മൗലവി എടക്കരയിലെ ഒരു മദ്രസയില്‍ പഠിപ്പിച്ച കാലത്തെ അനുഭവമാണ് ബാവാക്ക വിശദീകരിക്കുന്നത് (ബാവാക്ക അക്കാലത്ത് മുണ്ടപ്പാടം ജനകീയ വിചാരണയുടെ പ്രവര്‍ത്തനങ്ങളിലായിരുന്നു). കണ്ണൂരില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനവുമായി ഇവിടെയെത്തി പില്‍ക്കാലത്ത് മലപ്പുറംകാരനായി മാറിയ ആളായിരുന്നു ബാവാക്ക.

മൗലവി തന്റെ 20-ാം വയസ്സിലാണ് മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത്. അതിനു മുമ്പുള്ള അദ്ദേഹത്തിന്റെ അക്ഷര ലോകം അറബിയും അറബി മലയാളവുമായിരുന്നു. ബീഫിസ്ഥാന്റെ അക്ഷര ചരിത്രത്തിന്റെ സമൂര്‍ത്തമായ ചിത്രമാണ് മൗലവിയുടെ ജീവചരിത്രത്തിലൂടെ ഇന്ന് കണ്ണോടിക്കുമ്പോള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുക. അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്ന കാലത്ത് താന്‍ പഠിപ്പിച്ച മദ്രസയിലെ വിദ്യാര്‍ഥികള്‍ക്ക് കഥാരൂപത്തില്‍ ചരിത്രം പഠിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഒരു സന്ദര്‍ഭമാണ് ബാവാക്ക തന്റെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്. മാര്‍ക്‌സും ലെനിനും രണ്ടു നബിമാര്‍ തന്നെ എന്നതില്‍ അക്കാലത്ത് മൗലവിക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അദ്ദേഹം അകന്നു. അദ്ദേഹം പിന്നീട് സാക്ഷരതാ പ്രവര്‍ത്തകനുമായി. അക്ഷരമാണ് അഗ്‌നി എന്നുറച്ചു വിശ്വസിച്ചു.
മൗലവി മരിച്ചപ്പോള്‍ "അക്ഷരങ്ങള്‍ക്കൊപ്പം ജീവിച്ച റാന്‍ഫെഡ് മൗലവി' എന്ന തലക്കെട്ടില്‍ മലയാള മനോരമ എഴുതി: 1962ല്‍ എടക്കരയിലെ പാലേമാട്ടെത്തി കര്‍ഷകത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചു. അതിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊത്തു പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് വിദ്യാഭ്യാസ രംഗത്ത് സജീവമായി. 1978ല്‍ വയോജന വിദ്യാഭ്യാസ പ്രചരണത്തിന്റെ ഭാഗമായി പി.ടി. ഭാസ്‌ക്കരപ്പണിക്കര്‍, ശൂരനാട് കുഞ്ഞന്‍പിള്ള, പി.എന്‍.പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ കാന്‍ഫെഡ് ജാഥയില്‍ സജീവമായി. രാജ്യമെങ്ങും സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയപ്പാള്‍ ഗ്രാമീണ അനൗപചാരിക വിദ്യാഭ്യാസ സമിതിക്കു (റാന്‍ഫെഡ്) രൂപം നല്‍കി. അങ്ങിനെ "റാന്‍ഫെഡ് മൗലവി' ആയി.
40 വര്‍ഷം മുന്‍പാണ് നിലമ്പൂര്‍ ആദിവാസി കോളനിയില്‍ സാക്ഷരതാ പ്രവര്‍ത്തനവുമായി പോകുന്നത്. പിന്നീട് വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഊരുകളിലുമെത്തി. ആദിവാസികളെ സമര രംഗത്തിറക്കാനും കോളനികളില്‍ അടിസ്ഥാന സൗകര്യമൊരുക്കാനും അദ്ദേഹം മുന്നില്‍ നിന്നു. 26 വര്‍ഷം മുമ്പ് എടക്കരയില്‍ നിന്നും അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ "റാന്‍ഫെഡ് ശബ്ദം' എന്ന മാസിക പുറത്തിറക്കിയിരുന്നു.
1979ല്‍ സംസ്ഥാനത്തെ മികച്ച സാക്ഷരതാ പ്രവര്‍ത്തകനും 81-ല്‍ സാമൂഹിക പ്രവര്‍ത്തകനുമുള്ള പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മൗലവിയുടെ വിയോഗം ലോക സാക്ഷരതാ ദിനത്തിന് രണ്ടുദിവസം മുന്‍പാണെന്ന യാദൃശ്ചികതയമുണ്ട്. "സ്ത്രീകളും ആഭരണങ്ങളും' , എന്റെ കുട്ടിക്കാലം' തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച മൗലവി ആദിവാസി വിഭാഗത്തില്‍പെട്ടവരുടെ രചനകള്‍ ഉള്‍പ്പെടുത്തി "ഉദയസൂര്യന്‍' എന്ന കയ്യെഴുത്ത് മാസികയും പുറത്തിറക്കി'.
ബീഫിസ്ഥാന്‍ ആധുനികതയിലേക്ക് പ്രവേശിക്കുന്നതും അതിനെ സ്വന്തമാക്കുന്നതും മലയാള അക്ഷരങ്ങളിലൂടെയാണെന്ന വിശ്വാസമാണ് മൗലവിയെ നയിച്ചത്. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇതേ അക്ഷരങ്ങള്‍ക്കാകുമെന്നും അദ്ദേഹം വിശ്വസിച്ചു. അറബിയില്‍ നിന്നും അറബി മലയാളത്തില്‍ നിന്നുമുള്ള വിഛേദനമാണ് ആധുനിക വിദ്യാഭ്യാസം എന്ന അക്കാലത്തെ ഉല്‍പ്പതിഷ്ണുക്കള്‍ വെച്ചു പുലര്‍ത്തിയിരുന്ന കാഴ്ചപ്പാടു തന്നെയാണ് മൗലവിയേയും സ്വാധീനിച്ചത്. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ സര്‍വ്വേയില്‍ (നിരക്ഷരെ കണ്ടെത്താനുള്ള സര്‍വ്വേ) അറബി മലയാളം വായിക്കാനും എഴുതാനുമറിയുന്നവരെല്ലാം നിരക്ഷര്‍ എന്ന് രേഖപ്പെടുത്തപ്പെടുത്തപ്പെട്ടതും ഇതേ "ആധുനികത' കൊണ്ടു തന്നെ. ഒരു ഭാഷയില്‍ എഴുതാനും വായിക്കാനുമറിയുന്നവര്‍ എങ്ങിനെ നിരക്ഷരരാകുമെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. പക്ഷെ, ഉത്തരമില്ല എന്ന കാരണത്താല്‍ മൗലികമായ ഈ ചോദ്യം അസാധുവാക്കപ്പെട്ടിട്ടില്ല ഇന്നും. അക്കാലത്ത് ഈ ചോദ്യം അപൂര്‍വ്വമായി മാത്രമേ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കിടയില്‍ ചോദ്യമോ ചര്‍ച്ചയോ ആയുള്ളൂ.
അക്ഷര സങ്കല്‍പ്പങ്ങള്‍ മലപ്പുറത്തെ എങ്ങിനെയെല്ലാം സ്വാധീനിച്ചുവെന്നാലോചിക്കുമ്പോഴും മലപ്പുറത്തുകാര്‍ കമ്യൂണിസ്റ്റുകാരാവുകയും അതില്‍ നിന്ന് അകന്നു പോവുകയും ചെയ്തത് എന്തു കൊണ്ടാണെന്നതിനെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുമ്പോഴുമെല്ലാം ഏറ്റവും വലിയ പാഠപുസ്തകമായി മുന്നില്‍ വരാറുള്ളത് അബ്ദുറഹിമാന്‍ മൗലവി ആയിരുന്നു. അവസാന കാലത്ത് അദ്ദേഹം കൊപ്പം "അഭയ'ത്തിലാണ് ജീവിച്ചത്. വീടുവിട്ടിറങ്ങുന്നവര്‍ ഒടുവില്‍ പൊതു ജീവിത കേന്ദ്രങ്ങളില്‍ തന്നെ എത്തണമെന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടിരുന്നു എന്നാണ് മനസ്സിലാകുന്നത്. അതിലും താന്‍ പരിചയിച്ച ആധുനികത അദ്ദേഹം നില നിര്‍ത്തി.
അടുത്ത ദിവസങ്ങളില്‍ കണ്ട ഒരു നോവല്‍ പരസ്യവും ഒരു അറബി മലയാള പ്രശ്നത്തിലേക്കു വിരല്‍ ചൂണ്ടി. നാലകത്ത് കുഞ്ഞിമൊയ്തീന്‍കുട്ടി 1901-ല്‍ അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ച "ചാര്‍ ദര്‍വേശ്' എന്ന നോവലിനെക്കുറിച്ചായിരുന്നു പരസ്യം:

ആഖ്യാന തന്ത്രങ്ങളിലേയും ഭാഷാ സമീപനത്തിലേയും വ്യതിരിക്തത ഇഴ പിരിച്ചെടുത്ത് മലയാള സാഹിത്യ ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തേണ്ട കൃതി. അറബി മലയാള ലിപിയില്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം പ്രചാരം സിദ്ധിക്കാതെ പോയ ഒന്ന്. ലിപ്യന്തരണവും പരാവര്‍ത്തനവും- ഡോ. സി. സെയ്തലവി. പ്രസാധനം തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല. വിതരണം നാഷണല്‍ ബുക്ക്സ്റ്റാള്‍: 119 വര്‍ഷം മുമ്പ് ഒരു മലയാളി മറ്റൊരു മലയാളത്തില്‍ (അറബി മലയാളത്തില്‍) എഴുതിയ നോവല്‍ ഇപ്പോള്‍ മലയാളത്തിലേക്ക് പരാവര്‍ത്തനം ( ശരിക്കുമത് വിവര്‍ത്തനം തന്നെയാണ്) ചെയ്തു വരുന്നു. അത് മലയാള യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്നു. അറബി മലയാള ലിപിയില്‍ എഴുതിയതു കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടാതെ പോയത് എന്നാണ് പുസ്തകത്തിന്റെ പരസ്യത്തില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ തറവാട്ടില്‍ ഏതോ വഴികളിലൂടെ എത്തുകയും കൗമാരത്തിലേക്ക് മുതിര്‍ന്നു കൊണ്ടിരുന്ന കാലത്ത് ചാര്‍ദര്‍വേശ് കാരണോത്തിമാരുടെ സഹായത്തോടെ ഭാഗികമായി വായിക്കാന്‍ ശ്രമിച്ചതും ഈ പരസ്യത്തിലൂടെ കടന്നു പോയപ്പോള്‍ ഓര്‍ത്തു പോയി. (80തുകളില്‍ ചാര്‍ദര്‍വേശിന്റെ മലയാള പരാവര്‍ത്തനം ഇറങ്ങിയതായി ഓര്‍മയുണ്ട്).
മുഖ്യധാരയിലെത്താന്‍ കഴിയാത്ത ഒരു ഭാഷാ യുക്തിയിലാണോ ബീഫിസ്ഥാനികള്‍ ജീവിച്ചത്? ആധുനിക വിദ്യാഭ്യാസമെന്ന് ഇടതുപക്ഷക്കാരും ഭൗതിക വിദ്യാഭ്യാസമെന്ന് മലപ്പുറം പൊതുധാരയും വിളിച്ചു വന്ന ജ്ഞാന പദ്ധതിയുടെ ഭാഗമായി മുഖ്യാധാരാ വിനിമയം സാധ്യമാക്കാന്‍ ഇവിടെയുള്ളവര്‍ക്ക് ആയിട്ടുണ്ടോ? പുസ്തകങ്ങള്‍ പകര്‍ത്തി എഴുതിയെടുക്കുന്നതിന്റെ കാലം കഴിയുകയും ഫോട്ടോസ്റ്റാറ്റു കടകള്‍ പ്രവര്‍ത്തിച്ചു തുടങ്ങാതിരിക്കുകയും ചെയ്ത ഒരിടക്കാലം പോലെ (പ്രയോഗത്തിന് കവി പി. രാമനോട് കടപ്പാട്) അറബി മലയാളത്തില്‍ നിന്നും മലയാളത്തിലേക്കും അതില്‍ നിന്നും ഇംഗ്ലീഷ് പഠനത്തിലേക്കും മലപ്പുറത്തുകാര്‍ പതിയെ പതിയെ വളര്‍ന്നു. പക്ഷെ അറബി മലയാളം നല്‍കിയ ഭാഷാ യുക്തിയില്‍ തന്നെയാണോ ഇന്നും മലപ്പുറത്തുകാര്‍ ജീവിക്കുന്നത്?
ഓരോ ഭാഷയും നല്‍കുന്ന ജീവിത-വിനിമയ യുക്തികള്‍ വിഭിന്നമാണ്. ഉദാഹരണത്തിന് മാപ്പിള രാമായണത്തില്‍ മറ്റൊരു രാമായാണത്തിലും ഒരിക്കലും കാണാന്‍ കഴിയാത്ത യുക്തികളില്‍ ഒന്നുണ്ട്. രാമായണത്തിലെ "ഹൈ ഡ്രാമ' എന്നു വേണമെങ്കില്‍ വിളിക്കാവുന്നത്. ഹനുമാന്‍ എപ്പോഴാണ്, എങ്ങിനെയാണ് സീതാ ദേവിയെ വീണ്ടെടുക്കാനായി ലങ്കയില്‍ എത്തിയത്? ഈ ചോദ്യത്തിന് മാപ്പിള രാമായണം നല്‍കുന്ന ഉത്തരം രാവണന്‍ ക്ഷൗരം ചെയ്യാനിരിക്കുമ്പോള്‍ എന്നാണ്. രാവണന് പത്തു തലയുണ്ട്. അത്രയും തലകള്‍ ക്ഷൗരം ചെയ്യാന്‍ സാധാരണ ഒരാള്‍ക്കുവേണ്ട സമയം പോര. പത്തിരട്ടി സമയം വേണം. എന്നു മാത്രമല്ല, ക്ഷൗരത്തിനിടയില്‍ രാവണന് എഴുന്നേറ്റു വരാനുമാകില്ല. അതിനാല്‍ ഈ സമയം നോക്കിയാണ് ( ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തം) ഹനുമാന്‍ ലങ്കയില്‍ സുരക്ഷിതനായി പ്രവേശിച്ചതെന്ന് മാപ്പിള രാമായാണം പറയുന്നു. ഇത് മലയാള ഭാഷയുടെ യുക്തിയില്‍ നിന്നും വരുന്ന ഭാവനയല്ല. കാരണം മലയാളത്തിലുള്ള രാമായണ പരിഭാഷകളോ, ആഖ്യാന-വ്യാഖ്യാനങ്ങളിലോ ഇത്തരമൊരു ഭാവന ഒരിക്കലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മാപ്പിള രാമായണത്തിന്റെ ഭാഷാ യുക്തിയും സാഹിത്യ-സൗന്ദര്യ ശാസ്ത്ര യുക്തിയും തീര്‍ത്തും വിഭിന്നമായ ഒന്നായിരുന്നുവെന്ന്, അതിന്റെ പ്രഭവ കേന്ദ്രം മലയാളം നല്‍കിയ യുക്തിയല്ലെന്ന് ഈ ഒരൊറ്റക്കാര്യത്തില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ മലയാളി പൊതുധാര ഈ സങ്കല്‍പ്പത്തെ അംഗീകരിക്കുമോ? ഇല്ല എന്ന് ഇത്രയും കാലത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
70-തുകളില്‍ മലപ്പുറത്ത് കേട്ടിട്ടുള്ള വിദ്യാഭ്യാസ കഥകളില്‍ പ്രധാനപ്പെട്ട ഒന്ന് ഒരു വാപ്പ മകളെ പൊതുസമൂഹം കാണാതെ അതിരഹസ്യമായി കോളേജില്‍ പഠിക്കാന്‍ വിട്ടിരുന്ന കഥയാണ്. അതിരാവിലെ മകളെ തോണിയില്‍ ചാലിയാറിലൂടെ കൊണ്ടു പോകും. ഫറോക്ക് കോളേജില്‍ എത്തിക്കും. അവരായിരുന്നു ബീഫിസ്ഥാനില്‍ നിന്നുള്ള ആദ്യത്തെ സ്‌കൂള്‍ അധ്യാപിക. ഗള്‍ഫില്‍ എത്തിയവരില്‍ അല്‍പ്പമെങ്കിലും വിദ്യാഭ്യാസമുള്ളവര്‍ക്ക് മികച്ച ശമ്പളമുള്ള ഓഫീസ്/കമ്പനി ജോലികള്‍ ലഭിക്കുന്നതായി മലപ്പുറത്ത് വാര്‍ത്തകള്‍ പരന്നു തുടങ്ങുന്നതും അതേ കാലത്താണ്.

എന്നാല്‍ ഈ കഥകളെ റദ്ദാക്കിക്കൊണ്ട് നാലാം ക്ലാസ് വരെ മാത്രം സ്കൂളില്‍ പഠിച്ചവര്‍ ഗള്‍ഫില്‍ നിന്നും സമ്പന്നരായി മലപ്പുറത്ത് വന്നിറങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. അവരുടെ കയ്യിലുണ്ടായിരുന്ന അലാവുദ്ദീന്റെ വിളക്ക് കഠിനമായ, അവിശ്വസനീയമായ അധ്വാന ശേഷിയായിരുന്നുവെന്നത് ആരും മനസ്സിലാക്കിയില്ല. എണ്ണക്കിണറുകളില്‍ പോയി മുകളിലേക്ക് വരുമ്പോള്‍ അഗ്നിബാധയിലും മറ്റും കണ്ണുകള്‍ നഷ്ടപ്പെട്ടവര്‍ വരെ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. കഠിനമായ അധ്വാന ശീലവും മികച്ച ആധുനിക/ഭൗതിക വിദ്യാഭ്യാസവും അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലപ്പുറത്തുകാര്‍ ഇത്തരം നിരവധി അനുഭവങ്ങളിലൂടെ പതുക്കെ പതുക്കെ വളര്‍ന്നു കൊണ്ടിരുന്നു. അതായിരുന്നു ബീഫിസ്ഥാനികളുടെ പ്രധാന തിരിച്ചറിവുകളില്‍ ഒന്ന്. സമയവും കാലവുമെടുത്തു അത് യാഥാര്‍ഥ്യമാകാന്‍. വാപ്പ ഗള്‍ഫിലെ കമ്പനിയില്‍ ടീ മേക്കറും കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് അതേ കമ്പനിയിലെത്തിയ മകന്‍ അക്കൗണ്ടന്റുമാകുന്ന സംഭവങ്ങള്‍ സാക്ഷാ്ത്കരിക്കപ്പെട്ടത് ഈ തിരിച്ചറിവില്‍ നിന്നു തന്നെയാണ്.
മലപ്പുറം കേരളത്തിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പ്രദേശമായി മാറുകയുമുണ്ടായി. ഇവിടെ നിന്നുള്ള ചേലക്കോടന്‍ ആയിഷയാണ് കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.
സാക്ഷരതാ പ്രവര്‍ത്തനത്തില്‍ രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ കെ.വി. റാബിയയും ഉയര്‍ന്നു വന്നത് ഇവിടെ നിന്നും തന്നെ. പില്‍ക്കാലത്ത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ നിരവധി വിജയ ഗാഥകളും ബീഫിസ്ഥാനില്‍ നിന്നും കേള്‍ക്കാനായി. ആ പെണ്‍കുട്ടികളായിരുന്നു പൗരത്വ സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്നത്. ഇന്ത്യയിലെ പല യൂണിവേഴ്‌സിറ്റികളിലും സമര മുഖത്ത് മലപ്പുറത്തെ പുതു തലമുറയുടെ ശബ്ദവും സാന്നിധ്യവും സജീവമായിരുന്നു.
എന്നാല്‍ പൊതു സമൂഹവുമായി, തങ്ങള്‍ നേടിയ അറിവും ജ്ഞാനവും ഉപയോഗിക്കുന്നതില്‍ മലപ്പുറത്തുകാര്‍ പരാജയപ്പെടുന്നുണ്ടോ? ഉണ്ട്. അതില്‍ ഒരു "മൈഗുരുഡ്' പ്രശ്‌നമുണ്ട്
(തുടരും)
ബീഫിസ്ഥാന്‍; മറ്റു ഭാഗങ്ങള്‍ വായിക്കാം
എഴുത്തുകാരന്‍, ജേണലിസ്റ്റ്
ABDUL RASHEED N
11 Oct 2020, 01:27 PM
ബാക്കി വായിക്കാൻ കാത്തിരിക്കുന്നു.
എ. കെ. റിയാസ് മുഹമ്മദ്
11 Oct 2020, 12:54 PM
നിർമ്മിക്കപ്പെട്ട ചരിത്രത്തെ ഇന്ന് അപ്രസക്തമാകുന്നത് പ്രദേശികചരിത്രം മുന്നോട്ടുവെക്കുന്ന സൂക്ഷ്മാംശങ്ങളാണ്. ബീഫിസ്ഥാൻ പംക്തി മലപ്പുറമെന്ന ദേശത്തിന്റെ യഥാതഥമായ പുരാവൃത്തത്തെ വരച്ചുവെക്കുന്നു. വി. മുസഫർ അഹമ്മദിനും ട്രൂകോപ്പി തിങ്കിനും നന്ദി.
ഉമർ തറമേൽ
8 Oct 2020, 05:37 PM
റാൻഫെഡ് അബ്ദുറഹിമാൻ മൗലവിയുടെ കഥപറഞ്ഞു തുടങ്ങി, മുസഫർ അഹമ്മദ് ബീഫിസ്ഥന്റെ ചരിത്രകഥ തുടരുകയാണ്. സന്തോഷം. അതിനിടയിൽ, നാലകത്ത് കുഞ്ഞിമോയ്ദീന് കുട്ടി 1901 ൽ അറബി മലയാളത്തിലേയ്ക് പരിഭാഷപ്പടുത്തിയ പേർഷ്യൻ നോവൽ, ചാർ ദർവീഷിനെ പറ്റി പറഞ്ഞു. മലയാളം സർവകലാശാലയിൽ അധ്യാപകനായ, സി. സൈദലവി ലിപ്യന്തരവും പ്രവർത്തനവും നടത്തി, എൻ ബി എസ് പുസ്തകം പുറത്തിറക്കുന്നതും കാണിച്ചു. (പുറഞ്ചട്ട ). ഈ അറബിമലയം നോവലിന് 1970കളിൽ തന്നെ മലയാള ലിപ്യന്തരണവും പരാവർത്തനവും പുറത്തു വന്നിട്ടുണ്ട്. അക്കാലത്തു തന്നെ, ഞാൻ ഈ നോവൽ രസംപിടിച്ചു വായിച്ചിട്ടുണ്ട്.ആരാണ് പരിഭാഷകൻ എന്നു ഇപ്പോൾ ഓർക്കുന്നില്ല. എന്നാൽ, മറ്റൊരു പരിഭാഷ ഇപ്പോൾ എന്റെ കൈവശമുണ്ട്. . ചാർ ദർവേശ് അഥവാ നാലു ഫക്കീറാൻമാർ എന്നാണ് മുഴുപേര്. 1980 ൽ ആണ് ഈ പരിഭാഷ. ഇത് മൂന്നുപതിപ്പാണ്എ. ഞാൻ വായിച്ചത് ചിലപ്പോൾ ഈ പരിഭാഷയുടെ തന്നെ ആദ്യ പതിപ്പുകൾ ഏതെങ്കിലും ആവും. എ . മുഹമ്മദ് സാഹിബ് ആണ് പരിഭാഷകൻ. ആ പരിഭാഷ ഇന്നും ഉണ്ട്. നല്ല തെളിമലയാളത്തിൽ ആണ് പരിഭാഷ. കാലിക്കറ്റ് സർവകലാശാലയുടെ സി എച് ചെയർ ഗ്രന്ഥാലയത്തിൽ നിന്നാണ് ഇതിന്റെ കോപ്പി ഞാൻ എടുത്തത്ന. തിരുവനന്തപുരം, കരമന അൽ -ഇസ്ലാം പബ്ലിഷിംഗ് ഹൌസ് ആണ് പ്രസാധകർ. ഇപ്പോൾ, മലയാള സർവകലാശാല ഇറക്കുന്നു എന്നു പറയുന്നത് അതുകൊണ്ട് തന്നെ ആദ്യ ലിപ്യന്തരണമോ പരിഭാഷയോ അല്ല, എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. മുസ ഫ റിന്റെ ആഖ്യാനത്തിൽ നിന്നും അങ്ങനെയാണ് ലഭിക്കുന്ന വിവരം. ഇത് വ്യക്തമാക്കാൻ മലയാള സര്വകലാശാലക്കും ബാധ്യതയുണ്ട് എന്നറിയിക്കട്ടെ.
പി.പി. ഷാനവാസ്
Mar 29, 2023
6 Minutes Read
വി.കെ. ബാബു
Mar 23, 2023
8 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Mar 14, 2023
6 Minutes Read
മുസാഫിര്‍
Nov 21, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Nov 17, 2022
7 Minutes Watch
Truecopy Webzine
Oct 27, 2022
6 Minutes Read
എന്‍.വി.ബാലകൃഷ്ണന്‍
Aug 02, 2022
15 minutes Read
Fasal pookoya
22 Apr 2021, 02:39 PM
ബാവാക്ക,!! റാൻഫെഡ് മൗലവി, മാർക്സും, എംഗൽസും....