സില്‍വ
ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളുടെ
അകമ്പടിയോടെ യാത്രയാകും
സില്‍വ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളുടെ അകമ്പടിയോടെ യാത്രയാകും
കപ്പിലേക്ക് ആരവങ്ങള്‍ നിറയ്ക്കേണ്ട സ്റ്റേഡിയങ്ങളൊക്കെയും നിശബ്ദമായിക്കിടക്കുന്നു. ആര്‍പ്പുവിളികളാലും വാദ്യഘോഷങ്ങളായും ആവേശം പരന്നൊഴുകേണ്ട ഇരിപ്പിടങ്ങള്‍ മുമ്പെപ്പഴോ പൂശിയ ചായത്തില്‍ മുങ്ങിക്കിടക്കുന്നു. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കായിക മത്സരങ്ങളില്‍ ചിലത് പുനരാരംഭിച്ചട്ടുണ്ട്. കാണികളില്ലാത്ത കളിക്കളങ്ങള്‍ കളിക്കാരിലുണ്ടാക്കുന്ന ഏകാന്തതയെ കുറിച്ച് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ബാസു.
9 Jul 2020, 11:01 AM
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിന്റെ ഫിക്സ്ചര്‍ ലിസ്റ്റ് കഴിഞ്ഞ വേനല്‍ക്കാലത്ത് തയ്യാറാക്കിയപ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഏപ്രിലില്‍ അവരുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ലിവര്‍പൂളിനെതിരായ മത്സരം കിരീടപ്പോരാട്ടം ആയിരിക്കുമെന്ന് ആരാധകരും നിരീക്ഷകരും കരുതിയിരുന്നു. എന്നാല്‍ ഈ ജൂലൈയില്‍, പതിവിലും നിശബ്ദനായ ഡേവിഡ് സില്‍വ ആളൊഴിഞ്ഞ സ്റ്റാന്‍ഡുകളില്‍ ഇരുന്ന്, മൂന്നുമാസത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം തന്റെ ടീമംഗങ്ങള്‍ ലിവര്‍പൂളിനെ നേരിടുന്നത് കാണുമ്പോള്‍, അത് ഒരു പ്രാധാന്യവുമില്ലാത്ത കളിയായി മാറിയിരുന്നു. കളിച്ച 31 ല്‍ 28 ലും വിജയിച്ച് എതിരാളികള്‍ 30 വര്‍ഷത്തിനുശേഷം ലീഗ് ചാമ്പ്യന്‍മാരായി അതും, കഴിഞ്ഞ രണ്ട് സീസണിലും റെക്കോര്‍ഡ് ഭേദിച്ച് ചാമ്പ്യന്മാരായ സിറ്റിയെ 23 പോയിന്റ് പിന്നിലാക്കിക്കൊണ്ട്.
2010ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീം അംഗവും യൂറോ 2008, യൂറോ 2012 എന്നിവ ഉയര്‍ത്തിയ സ്പാനിഷ് സുവര്‍ണ തലമുറയുടെ ഭാഗവുമായ സില്‍വ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരില്‍ ഒരാളായി ചരിത്രത്തില്‍ ഇടം നേടുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. 2010 വേനല്‍ക്കാലത്ത് അദ്ദേഹം മാഞ്ചസ്റ്ററിലെത്തിയപ്പോള്‍, സിറ്റി അപ്പോഴും- മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ മാനേജര്‍ സര്‍ അലക്സ് ഫെര്‍ഗൂസന്റെ വാക്കുകളില്‍- ‘ഒച്ചക്കാരായ അയല്‍ക്കാര്‍' മാത്രം ആയിരുന്നു. കാരണം 42 വര്‍ഷം മുമ്പായിരുന്നു അവര്‍ അവസാനമായി ഇംഗ്ലീഷ് ലീഗ് കിരീടം നേടിയത്. മാത്രമല്ല, ഏതെങ്കിലും പ്രധാന ട്രോഫി അവര്‍ നേടുന്നത് കാണാന്‍ മൂന്ന് പതിറ്റാണ്ടിലേറെ പിന്നോട്ട് പോകേണ്ടിയിരുന്നു.
കാല്‍പന്തുകളിയുടെ ദൈവങ്ങള്‍ക്ക് അല്പമെങ്കിലും നീതിബോധമുണ്ടെങ്കില്‍, ഒരു ചാമ്പ്യന്‍സ് ലീഗ് വിജയിയുടെ മെഡലും കൊണ്ടായിരിക്കും ഈ സീസണിന്റെ അവസാനം ഡേവിഡ് സില്‍വ വിട വാങ്ങുക
ഈ സീസണിന്റെ അന്ത്യത്തില്‍ സില്‍വ സ്പെയിനിലേക്ക് മടങ്ങുമ്പോള്‍, ഒരു സീരിയല്‍ വിജയിയായാണ് അദ്ദേഹം ഓര്‍ക്കപ്പെടുക. സെര്‍ജിയോ അഗ്യൂറോ, വിന്‍സെന്റ് കൊമ്പനി, യായാ ടൂറെ എന്നിവരടങ്ങിയ പ്രധാന ഗ്രൂപ്പിനൊപ്പം ചേര്‍ന്ന്, മാഞ്ചസ്റ്ററിലെ പ്രധാന ടീമായി മാത്രമല്ല, ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും പ്രബല ശക്തിയായും സിറ്റിയെ സ്ഥാപിക്കാന്‍ സില്‍വക്ക് കഴിഞ്ഞു. കഴിഞ്ഞ ദശകത്തില്‍ സിറ്റി നേടിയ നാല് ലീഗ് കിരീടങ്ങള്‍ അതിന് തെളിവാണ്. കാല്‍പന്തുകളിയുടെ ദൈവങ്ങള്‍ക്ക് അല്പമെങ്കിലും നീതിബോധമുണ്ടെങ്കില്‍, ഒരു ചാമ്പ്യന്‍സ് ലീഗ് വിജയിയുടെ മെഡലും കൊണ്ടായിരിക്കും ഈ സീസണിന്റെ അവസാനം അദ്ദേഹം വിട വാങ്ങുക.
സില്‍വയെ ആരാധിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ മാത്രമല്ല. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരുമാണ്. കാരണം പന്തിനെ തന്റെ കാല്‍സ്പര്‍ശം കൊണ്ട് കീഴ്പ്പെടുത്തുന്നതിലെ വൈദഗ്ദ്ധ്യവും, കളിയുടെ ഒഴുക്ക് മനസ്സിലാക്കാനുള്ള ദീര്‍ഘദൃഷ്ടിയും കൊണ്ട് അദ്ദേഹം ഇംഗ്ലീഷ് ഗെയിമിന്റെ അലങ്കാരമായിരുന്നു. സ്റ്റാന്‍ഡുകള്‍ കോവിഡ് ശൂന്യമാക്കിയിരുന്നില്ലെങ്കില്‍, അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തില്‍, ഇംഗ്ലണ്ടില്‍ അദ്ദേഹം കളിക്കുന്നിടത്തെല്ലാം ആരാധകരുടെ ആരവം മുഴങ്ങുമായിരുന്നു. പകരം, സില്‍വ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലെ മാറ്റൊലികളുടെ അകമ്പടിയോടെ യാത്രയാകും. ആരാധകരുടെ പോര്‍വിളികള്‍ക്കും പാട്ടുകള്‍ക്കും പകരം, ശൂന്യമായ ഭീമന്‍ സ്റ്റാന്‍ഡുകളില്‍ മുഴങ്ങുന്നത് ടീമംഗങ്ങളുടെയും പരിശീലകരുടെയും അലര്‍ച്ചകളായിരിക്കും. എത്തിഹാദിന് 55,000 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ സില്‍വ തന്റെ അവസാന മത്സരം അവിടെ കളിക്കുമ്പോള്‍, അത് കാണാന്‍ അവിടെ നൂറിലേറെ ആളുകള്‍ മാത്രമേ ഉണ്ടാകൂ - കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ടി.വി ക്യാമറക്കാര്‍, പത്രപ്രവര്‍ത്തകര്‍, പിന്നെ കുറച്ച് സ്റ്റേഡിയം വോളന്റിയര്‍മാരും.
കോഴിക്കോട്ടുകാരന്റെ സ്വന്തം ബാഴ്‌സലോണ
ഒരു കായികതാരവും ആരാധകനും തമ്മിലുള്ള ബന്ധം സിനിമയിലേതിൽനിന്ന് വ്യത്യസ്തമാണ്. വെള്ളിത്തിരയില്‍ കാണുന്ന കാര്യങ്ങളില്‍ സിനിമ കാണാന്‍ പോകുന്നയാള്‍ക്ക് സ്വാധീനമില്ല. സിനിമാതാരങ്ങളുമായി എത്ര അടുപ്പം തോന്നിയാലും, ഒരു സിനിമാ ആരാധകന്റെ യഥാര്‍ത്ഥ ജീവിതവും, സിനിമാതാരങ്ങളുടെ അഭ്രപാളികളിലെ ജീവിതവും തമ്മില്‍ കേവലം പ്രൊജക്ഷന്‍ റൂമിനേക്കാള്‍ കൂടുതല്‍ അകലമുണ്ട്. സിനിമതാരങ്ങള്‍ ആരാധകരുടെ പ്രശംസ ആസ്വദിക്കുമെങ്കിലും, അവര്‍ ആരാധകരുമായി പങ്കിടുന്ന ബന്ധം പ്രച്ഛന്നമായ ഒന്നാണ്.
യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കാല്‍പന്തുകളിയുടെ ഹൃദയഭൂമികളില്‍, ആ കളി വിശ്വാസത്തിന്റെ ആധാരശിലയാണ്. ആണ്‍, പെൺ മക്കൾ ഒരേപോലെ മാതാപിതാക്കളുടെയോ മുന്‍തലമുറകളുടെയോ പാത പിന്തുടരുന്നു. എന്നാല്‍ ആ വിശ്വാസത്തിന്റെ അതിരുകള്‍ കല്ലില്‍ പതിച്ച ഒന്നല്ല. ഒരേ കുടുംബത്തില്‍ തന്നെ സിറ്റിയുടെയോ യുണൈറ്റഡിന്റെയോ ആരാധകര്‍ ഉണ്ടാകാം. ലിവര്‍പൂളിനായി കളിക്കുന്ന ഒരാള്‍ ബാല്യകാലത്ത് എവര്‍ട്ടണ്‍ ആരാധകന്‍ ആയിരുന്നിരിക്കാം.

കോഴിക്കോട്ടുള്ള ഒരാള്‍ക്ക് ബാഴ്‌സലോണയെ അയാളുടെ ടീമായി സ്വീകരിക്കുന്നതിന് തടസ്സമില്ല. സ്വന്തം കുട്ടിയ്ക്ക് ലിയോ, മെസുട്ട് അല്ലെങ്കില്‍ സിദാന്‍ എന്നൊക്കെ പേരിടുന്നതിനും വിലക്കില്ല. ജനിച്ച് വീഴുന്നത് എവിടെയാണെന്ന് നിയന്ത്രിക്കാന്‍ ആര്‍ക്കുമാകില്ലെങ്കിലും കായിക കുടുംബങ്ങളെ തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും കഴിയും. മാത്രമല്ല, ഇത്തരത്തില്‍ രൂപംകൊണ്ട ബന്ധങ്ങള്‍ ജീവിതകാലം നീണ്ടുനില്‍ക്കുകയും ചെയ്യും.
കളിക്കാര്‍ എങ്ങനെ കളിക്കുന്നു എന്നതില്‍ സ്റ്റേഡിയത്തിനകത്തെ ആരാധകര്‍ക്ക് നല്ല പങ്കുണ്ട്. ഒരു സംഗീത മേളയുടെയോ നൃത്തപരിപാടിയുടെയോ മികവ്, പ്രേക്ഷകരെ ആശ്രയിച്ച് വ്യത്യാസപ്പെടില്ല. ഒരു പരിധിവരെ കലാകാരന്റെതായ ഇടപെടലുകൾ ഉണ്ടായേക്കാം, പക്ഷേ അത് അയാളുടെ/അവളുടെ മികവിനെ ആശ്രയിച്ചിരിക്കും. പ്രേക്ഷകന് പ്രകടനക്കാരന്റെ മാനസികാവസ്ഥയെയും പ്രകടനത്തെയും വരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരേയൊരു മേഖലയാണ് സ്പോര്‍ട്സ്. അതുകൊണ്ടാണ്
കോഴിക്കോടുള്ള ഒരാള്‍ക്കു ബാഴ്‌സലോണയെ അയാളുടെ ടീമായി സ്വീകരിക്കുന്നതിന് തടസ്സമില്ല. സ്വന്തം കുട്ടിയ്ക്ക് ലിയോ, മെസുട്ട് അല്ലെങ്കില്‍ സിദാന്‍എന്നൊക്കെ പേരിടുന്നതിനും വിലക്കില്ല
ഓട്ടക്കാരും ചാട്ടക്കാരും പോള്‍ വോള്‍ട്ടുകാരും ഒക്കെ ഗാലറികളിലേക്ക് തിരിയുന്നതും, കാണികളോട് പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെടുന്നത്. കാണികളുടെ കൈയടികളുടെ ഇരമ്പം സൃഷ്ടിക്കുന്ന അഡ്രിനാലിന്‍ ആയിരിക്കും, പലപ്പോഴും ഒരു സാധാരണ റണ്ണിനെയോ കുതിച്ചുചാട്ടത്തെയോ റെക്കോര്‍ഡ് ഭേദിക്കാന്‍ പ്രാപ്തമാക്കുന്നത്. എന്നാല്‍ ടീം സ്പോര്‍ട്സിനെക്കാള്‍ കൂടുതലായി ഈ കൂട്ടായ്മയുടെ പ്രഭാവം മറ്റൊരിടത്തും അനുഭവപ്പെടില്ല, കാണികള്‍ പ്രചോദിപ്പിക്കുന്നത് ടീമിലെ ഏതെങ്കിലും ഒരു പ്രത്യേക കളിക്കാരനെ മാത്രമാണെങ്കില്‍ കൂടി.
സാ-ച്ചിന്‍, സാ-ച്ചിന്‍
കാല്‍നൂറ്റാണ്ടോളം ""സാ-ച്ചിന്‍, സാ-ച്ചിന്‍'' എന്ന മന്ത്രമില്ലാതെ ലോകത്തെവിടെയും ഒരു ഇന്ത്യന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ കഴിയില്ലായിരുന്നു. 2013 നവംബറില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന തന്റെ അവസാന ടെസ്റ്റില്‍ സച്ചിന്‍ 74 റണ്‍സ് നേടി ഡാരന്‍ സാമിക്ക് സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായി. ക്ഷണനേരം സ്റ്റേഡിയത്തിലുണ്ടായ നിശബ്ദത പേടിപ്പെടുത്തുന്നതായിരുന്നു. സ്റ്റാന്‍ഡുകളിലെ ആരാധകനെന്നോ, പ്രസ് ബോക്സിലെ മാധ്യമപ്രവ
ര്‍ത്തകനെന്നോ, കോര്‍പ്പറേറ്റ് ആതിഥ്യം ആസ്വദിക്കുന്ന സെലിബ്രിറ്റിയെന്നോ, ആ നിമിഷം ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല, എല്ലാവരും എഴുന്നേറ്റ് കൈയടിക്കുകയായിരുന്നു. ഗ്രൗണ്ടിലെ ഇരമ്പം, കാണികളുടെ കൈയടിയും ആരവങ്ങളും തേങ്ങലുകളും ചേര്‍ന്നതായിരുന്നു.
പിന്നീട് സ്റ്റേഡിയത്തെ അഭിസംബോധന ചെയ്ത സച്ചിന്‍, ‘ഞാന്‍ ശ്വാസമെടുക്കുന്ന കാലത്തോളം സച്ചിന്‍-സച്ചിന്‍ എന്ന ആരവം എന്റെ കാതുകളില്‍ പ്രതിഫലിക്കും' എന്നാണ് പറഞ്ഞത്. ഒരു വര്‍ഷത്തിനുശേഷം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായി ഞാന്‍ അദ്ദേഹത്തെ കണ്ടു. കളിയുടെ ഹാഫ് ടൈമില്‍ അദ്ദേഹം സ്റ്റേഡിയത്തിലേക്കു പോയപ്പോള്‍ പഴയ ആ മന്ത്രം വീണ്ടും ആരംഭിച്ചു. അല്പം വീര്‍പ്പുമുട്ടലോടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് കാണാമായിരുന്നു.

ആരാധകരും കളിക്കാരും തമ്മിലുള്ള ഈ പാവന ബന്ധം ഏറ്റവും പ്രകടമാകുന്നത്, ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡ്, അഥവാ ജര്‍ഗന്‍ ക്ലോപ്പ് ഇപ്പൊള്‍ പ്രധാന പുരോഹിതനായ ഫുട്ബോള്‍ കത്തീഡ്രലിലാണ്. 1960കളുടെ തുടക്കത്തില്‍, ബില്‍ ഷാങ്ക്ലി ഇംഗ്ലീഷ് ഫുട്ബോളിലെ അനിഷേധ്യ നേതാക്കളായി ക്ലബ്ബിനെ പുനസ്ഥാപിച്ചപ്പോള്‍ മുതല്‍, ആന്‍ഫീല്‍ഡിലെ ‘കോപ്പ്' എന്നറിയപ്പെടുന്ന - എല്ലാക്കാലത്തെയും ലിവര്‍പൂള്‍ ടീമുകള്‍ ഹോം മത്സരങ്ങളുടെ രണ്ടാം പകുതിയില്‍ ആക്രമിക്കാന്‍ ഇഷ്ടപ്പെടുന്ന സ്റ്റാന്‍ഡ് - ആരാധകരുടെ ഭ്രാന്തമായ ആവേശത്താല്‍ ടീമിന്റെ ‘പന്ത്രണ്ടാമത്തെ കളിക്കാരന്‍' എന്ന നിലയില്‍ ഐതിഹാസിക പദവി നേടിയിട്ടുണ്ട്.
കൊരിന്ത്യന്‍സ്, 'ഡെമോക്രേഷ്യ'
2019 മേയില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍, ആദ്യ പാദത്തിലെ 3-0 ന്റെ അപര്യാപ്തത മറികടന്ന് മെസ്സിയുടെ ബാഴ്‌സലോണയെ പരാജയപ്പെടുത്തി മുന്നേറി. മുമ്പ് കറ്റാലന്‍ ഭീമന്‍മാര്‍ക്കൊപ്പം രണ്ടുതവണ ട്രോഫി നേടിയ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയ്ക്ക്, ബാഴ്‌സയുടെ ദയനീയമായ കീഴടങ്ങലില്‍ ആന്‍ഫീല്‍ഡ്വേദി വഹിച്ച പങ്ക് വളരെ വലുതാണ്. കളിക്കാരെ പിച്ചിലേക്ക് നയിക്കുന്ന തുരങ്കത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്: ‘ഇതാണ് ആന്‍ഫീല്‍ഡ്'. ഗ്വാര്‍ഡിയോള തന്നെ പിന്നീട് കാറ്റലോണിയന്‍ പ്രസിദ്ധീകരണമായ ‘അറാ'യോട് പറഞ്ഞിട്ടുണ്ട്; ‘അതൊരു മാര്‍ക്കറ്റിംഗ് വാചകം അല്ല', എന്ന്. ‘ലോകത്തിലെ മറ്റൊരു സ്റ്റേഡിയത്തിലും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍ അവിടെയുണ്ട്. അവര്‍ ഒരു ഗോള്‍ നേടിയാല്‍, അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്കെതിരെ മറ്റൊരു നാല് ഗോളുകള്‍ കൂടെ വരുമെന്ന് തോന്നിപ്പോകും. നിങ്ങള്‍ ചെറുതായതായും, എതിരാളികള്‍ എല്ലായിടത്തുമുണ്ടെന്നും'
1982 ല്‍ബ്രസീല്‍ സൈനിക ഭരണത്തിലായിരിക്കെ, കൊരിന്ത്യന്‍സ് തങ്ങളുടെ ജഴ്‌സിയുടെ മുന്‍ഭാഗത്ത് ‘ഡെമോക്രേഷ്യ'(ജനാധിപത്യം)എന്ന വാക്ക് പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത്
ഇത്തരം ഉത്സാഹവും ആവേശവും പിച്ചിനു പുറത്തേക്കും പ്രവഹിക്കാം. ബ്രസീലില്‍, സാവോ പോളോയുടെ കൊരിന്ത്യന്‍സ് ഏറ്റവും മികച്ച പിന്തുണയുള്ള ക്ലബ്ബുകളില്‍ ഒന്നാണ്. 1982 ല്‍ബ്രസീല്‍ സൈനിക ഭരണത്തിലായിരിക്കെ, കൊരിന്ത്യന്‍സ് തങ്ങളുടെ ജഴ്‌സിയുടെ മുന്‍ഭാഗത്ത് ‘ഡെമോക്രേഷ്യ'(ജനാധിപത്യം)എന്ന വാക്ക് പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. ആ വര്‍ഷം ലോകകപ്പില്‍ ബ്രസീലിന്റെ ക്യാപ്റ്റനായിരുന്ന മിഡ്ഫീല്‍ഡര്‍ സോക്രട്ടീസായിരുന്നു അവരുടെ പ്രധാന പ്രേരകശക്തി. ‘ഞാന്‍ കളിച്ച ഏറ്റവും മഹത്തായ ടീം അതായിരുന്നു, കാരണം അത് കളിയേക്കാള്‍ കാര്യമുള്ള ഒന്നായിരുന്നു' എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ‘ഒരു പ്രൊഫഷണല്‍ കളിക്കാരനെന്ന നിലയില്‍ ഞാന്‍ നേടിയ വിജയത്തേക്കാള്‍ പ്രധാനമാണ് എന്റെ രാഷ്ട്രീയ വിജയങ്ങള്‍. ഒരു മത്സരം 90 മിനിറ്റിനുള്ളില്‍ അവസാനിക്കുന്നു, പക്ഷേ ജീവിതം പിന്നെയും തുടര്‍ന്നു പോകും'; 1984 ല്‍ ഇറ്റലിയില്‍ ഒരു വര്‍ഷം കളിക്കാന്‍ പോകുന്നതിനുമുമ്പ് ദശലക്ഷത്തിലധികം ആളുകളുടെ റാലിയില്‍ സോക്രട്ടീസ് പറഞ്ഞ വാചകങ്ങളാണിത്. സ്റ്റേഡിയങ്ങളുടെ ടെറസുകളില്‍ രൂപംകൊണ്ട ഇത്തരം ബന്ധങ്ങള്‍ അതിനു പുറത്തേക്കും വളരെയധികം വ്യാപിക്കാറുണ്ട്. ഒരു കായിക മത്സരത്തിന്റെ സകല അടിസ്ഥാന സ്വഭാവങ്ങളെയും ആരാധകര്‍ക്ക് മാറ്റാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളുണ്ട്. അത്തരമൊന്നായിരുന്നു 2005 മേയില്‍ ഇസ്താംബൂളില്‍ നടന്ന എസി മിലാനും ലിവര്‍പൂളും തമ്മിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഏറ്റുമുട്ടല്‍. ആ രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്ന് ക്ലബുകളായ ഗലറ്റാസരെ, ഫെനെര്‍ബാഷെ, ബെസിക്ടാസ് എന്നിവയുടെ സ്റ്റേഡിയങ്ങള്‍ക്ക് പകരം നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്ത്, ഈ മത്സരം നടത്തണമെന്നഒറ്റ ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ച അറ്റാറ്റുര്‍ക്ക് സ്റ്റേഡിയമായിരുന്നു മത്സരവേദി. അന്ന് സ്റ്റേഡിയത്തിന് 76,000 ലേറെകാണികളെ ഉള്‍ക്കൊള്ളാന്‍ കരുത്തുണ്ടായിരുന്നു.
ഫൈനലിന് രണ്ട് വര്‍ഷം മുമ്പായിരുന്നു എസി മിലാന്‍ ആറാം ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിയത്, പക്ഷേ ലിവര്‍പൂളിനെ സംബന്ധിച്ച് അവരുടെ 20 വര്‍ഷത്തിലെ ആദ്യ ഫൈനലായിരുന്നു. ടൂര്‍ണമെന്റ് സംഘാടകരായ യുവേഫ, ഓരോ ക്ലബിനും 20,000 ടിക്കറ്റു വീതവും, ബാക്കി സ്പോണ്‍സര്‍മാര്‍ക്കും, മറ്റു ഫുട്ബോള്‍ ആരാധകവൃന്ദത്തിനുമായി വിതരണം ചെയ്തിരുന്നു. പക്ഷേ ലിവര്‍പൂള്‍ ആരാധകര്‍ക്ക് ആ ടിക്കറ്റിനോടുള്ള ആഗ്രഹം വളരെ വലുതായത് കൊണ്ട് - ചിലര്‍ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പോലുള്ള ദൂരസ്ഥലങ്ങളില്‍ നിന്നു വരെ എത്തിച്ചേര്‍ന്നിരുന്നു - 35,000ത്തില്‍പ്പരംആരാധകര്‍ കിക്ക് ഓഫിന് മുമ്പ് പ്രിയ ടീമിനെ പിന്തുണക്കാന്‍ സ്റ്റേഡിയത്തില്‍ കയറിപ്പറ്റി.
പക്ഷേ ലിവര്‍പൂള്‍ ആരാധകരുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നതായിരുന്നു, ആദ്യ പകുതിയിലെ കളിയുടെ ഗതി. ആദ്യപകുതിയുടെ വിസില്‍ മുഴങ്ങുമ്പോള്‍ കളം നിറഞ്ഞാടിയ മിലാന്‍ ടീം 3-0 ന് മുന്നിലെത്തിയിരുന്നു. കളി കൈ വിട്ടു പോയെന്ന് അറിയാമെങ്കിലും, പ്രതീക്ഷ അണയാതെ നിര്‍ത്താന്‍ ലിവര്‍പൂള്‍ ആരാധകര്‍ ഇടവേളയിൽ ‘യൂ വില്‍ നേവര്‍ വോക്ക് അലോണ്‍ ' എന്ന അവരുടെ ക്ലബിന്റെ ഗാനം ഹൃദയത്തില്‍ തട്ടുംവിധം പാടാൻ തുടങ്ങി . കളിക്കാര്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പിച്ചിലേക്ക് വരുമ്പോൾ അവര്‍ ആ ഗാനം നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു. രണ്ടാം പകുതി തുടങ്ങി ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോള്‍, സ്റ്റീവന്‍ ജെറാര്‍ഡ് - ക്യാപ്റ്റന്‍ ചുമതലയേന്തിയ ലിവര്‍പൂള്‍ നഗരത്തിന്റെ സ്വന്തം പുത്രന്‍ - മിലാന്‍ കീപ്പര്‍ ഡിഡയെ മറികടന്ന് ഒരുഗ്രന്‍ ഹെഡ്ഡര്‍ സ്‌കോര്‍ ചെയ്തു. ഗോള്‍ വലയിലെ പന്തും എടുത്ത് സെന്റര്‍ സര്‍ക്കിളിലേക്ക് തിരികെ ഓടുന്നതിനിടയിലും ജെറാര്‍ഡ് ലിവര്‍പൂള്‍ ആരാധകരുടെ ദിശയിലേക്ക് തിരിഞ്ഞ് നോക്കി, കൈകള്‍ ഉയര്‍ത്തി, ഉറക്കെയുറക്കെ പാടാന്‍ ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തിനുശേഷം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായി ഞാന്‍ അദ്ദേഹത്തെ കണ്ടു. ഹാഫ് ടൈമില്‍ അദ്ദേഹം സ്റ്റേഡിയത്തില്‍ പോയപ്പോള്‍ പഴയ ആ മന്ത്രം വീണ്ടും ആരംഭിച്ചു. അല്പം വീര്‍പ്പുമുട്ടലോടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് കാണാമായിരുന്നു
പിന്നെ അവിടെ വിശീയത് ഒരു കൊടുങ്കാറ്റായിരുന്നു. സ്റ്റാന്റുകളിലെ ലിവര്‍പൂള്‍ ആരാധകരുടെ ഇരമ്പം ഉയര്‍ന്നുയര്‍ന്നു വന്നപ്പോള്‍, അതുവരെ വൈദഗ്ധ്യത്തോടെയും സമചിത്തതയോടെയും കളിച്ചിരുന്ന മിലാന്‍ ടീം അക്ഷരാര്‍ഥത്തില്‍ മരവിച്ചു. അടുത്ത ആറ് മിനിറ്റിനുള്ളില്‍ ലിവര്‍പൂള്‍ രണ്ടു ഗോളുകള്‍ കൂടി നേടി, മിലാനോട് ഒപ്പമെത്തി. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജയിച്ച് ട്രോഫി നേടുകയും ചെയ്തു. കളി നടന്ന സ്റ്റേഡിയം ആരും തിരിഞ്ഞു നോക്കാത്ത വിജനപ്രദേശത്തായിരുന്നിരിക്കാം, പക്ഷേ അവിസ്മണീയമായ കുറച്ച് മണിക്കൂറുകളിലേക്കെങ്കിലും, ആരാധകര്‍ അതിനെ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി.
കോഴിക്കോട്ടെ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ ആവേശത്തിരമാല
ചിലപ്പോള്‍, അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇരു ടീമിന്റെയും ആജീവനാന്ത ആരാധകര്‍ തന്നെ വേണമെന്നില്ല. 1987 ല്‍ കോഴിക്കോട് നെഹ്‌റു കപ്പിന് ആതിഥേയത്വം വഹിച്ചപ്പോള്‍, ഡെന്‍മാര്‍ക്ക് തങ്ങളുടെ പ്രാദേശിക ലീഗില്‍ കളിച്ചിരുന്ന യുവ കളിക്കാരടങ്ങിയ ടീമിനെ അയച്ചു. 1986 ലോകകപ്പിലെ താരങ്ങളിലൊരാളായ മൈക്കിള്‍ ലോഡ്രപ്പിന്റെ ഇളയ സഹോദരന്‍ ബ്രയാന്‍ ലോഡ്രപ്പായിരുന്നു അതിലൊരാള്‍. ചൈനീസ് ബി ടീമിനെതിരെ ഇളയ ലോഡ്രപ്പ് മികച്ച ഗോള്‍ നേടിയപ്പോള്‍, മുള കൊണ്ട് നിര്‍മിച്ച ആ താല്‍ക്കാലിക ഗാലറി അണപൊട്ടിയ ആഹ്ലാദത്താല്‍ ഇടിഞ്ഞ് വീഴുമെന്ന് ഒരു നിമിഷത്തേക്കെങ്കിലും ഭയപ്പെടുത്തി. ഒലെക്‌സി മൈഖെയ്‌ലി ചെങ്കോ ആയിരുന്നു ഫൈനലില്‍ ബള്‍ഗേറിയയ്‌ക്കെതിരെ വിജയമുറപ്പാക്കിയ ഗോള്‍ നേടിയത് - അദ്ദേഹം പിന്നീട്, 1988 യൂറോയില്‍ നെതര്‍ലാന്‍ഡിനോട് റണ്ണറപ്പായ സോവിയറ്റ് യൂണിയന്‍ ടീമിലും അംഗമായിരുന്നു - ഫൈനലില്‍ ആ ഗോള്‍ പിറന്നപ്പോള്‍, സോവിയറ്റ് യൂണിയന്‍ കളിക്കാര്‍ ഒരു നിമിഷം, തങ്ങള്‍ മോസ്‌കോ നഗരത്തിന്റെ തന്നെ ചൂടും ഈര്‍പ്പവും കൂടിയ ഏതോ ഒരു പതിപ്പിലാണെന്ന് വിചാരിച്ചുപോയെങ്കില്‍ അവരെ കുറ്റം പറയാനാവില്ലായിരുന്നു. കാരണം അത്രക്കുണ്ടായിരുന്നു പഴയ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ടെറസുകളില്‍ അലയടിച്ച ആവേശത്തിരമാല.
കാണാനാവില്ല കളി നിശ്ശബ്ദമായി
ഫുട്ബോളിന്റെ അത്രനാടകീയതയില്ലാത്ത മത്സരങ്ങളില്‍ പോലും ആരാധകര്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. അധികം കാണികളൊന്നും ഇല്ലാതെ ദിവസങ്ങള്‍ കൊണ്ട് കളിച്ച് തീര്‍ക്കുന്ന വിരസമായ ടെസ്റ്റ് മത്സരങ്ങള്‍ വരെ ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും ഇംഗ്ലണ്ടും രണ്ട് ടെസ്റ്റ് കളിച്ചു. ആദ്യത്തേത്, ചെന്നൈയില്‍. കളിയുടെ ആദ്യ മൂന്നര ദിവസം സന്ദര്‍ശകരുടെ ആധിപത്യമായിരുന്നു. നാലാം ദിനം ഉച്ചതിരിഞ്ഞ് ഇംഗ്ലണ്ട് ഇന്നിംഗ്സ് മതിയാക്കിയപ്പോള്‍, ഇന്ത്യ 387 എന്ന കൂറ്റന്‍ ലക്ഷ്യത്തെയാണ് നേരിട്ടത്. ഇന്ത്യന്‍ മണ്ണിലെ 75 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍, ഒരു ടീമും അവസാന ഇന്നിംഗ്സില്‍ 276 റണ്ണില്‍ കൂടുതല്‍ നേടി വിജയിച്ചിട്ടുണ്ടായിരുന്നില്ല.
അവസാന സെഷനായപ്പോളേക്കും സാമാന്യം നല്ല ജനക്കൂട്ടം ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. വീരേന്ദര്‍ സെവാഗ് ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കാന്‍ തുടങ്ങിയതോടെ ഗ്രൗണ്ടിലെ ശബ്ദത്തിന്റെ തോതും ഉയരാന്‍ തുടങ്ങി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 131 റണ്‍സ് നേടിയിരുന്നു, അഞ്ചാം ദിനത്തില്‍ അത്ഭുതകരമായ ഒരു വിജയത്തിനുള്ള സാധ്യതയും. പിറ്റേന്ന് രാവിലെ, തന്റെ ഭാഗ്യഗ്രൗണ്ടില്‍ സച്ചിന്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ മൈതാനം നിറഞ്ഞു. ആദ്യ പന്തു മുതലുള്ള ആരാധകരുടെ പിന്തുണ അമ്പരപ്പിക്കുന്നതായിരുന്നു. നാലാം ദിവസം വരെ കളി ജയിക്കാന്‍ എല്ലാവരും സാധ്യത കല്‍പിച്ചിരുന്ന ഇംഗ്ലണ്ട് ടീം അതോടെ തളര്‍ന്നു. സച്ചിന്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം സമ്മാനിച്ചു.
‘ആരാധകര്‍ ഇല്ലാതെ ഫുട്ബോള്‍ ഒന്നുമല്ല.' എന്ന് പറഞ്ഞത് ജോക്ക് സ്റ്റെയ്ന്‍ ആയിരുന്നു
ഇംഗ്ലണ്ടിന്റെ മനോവീര്യം കെടുത്താന്‍ വഴിമരുന്നിട്ട സെവാഗിനെ മാന്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു, പക്ഷേ അദ്ദേഹം അത് സന്തോഷത്തോടെ കാണികളുമായി പങ്കിട്ടു, കാരണം അത്രത്തോളം ആയിരുന്നു വിജയത്തില്‍ കാണികളുടെ പ്രോത്സാഹനത്തിന്റെ പങ്ക്. ആ അനുഭവം നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഒരിക്കലും സ്വയം പൊറുക്കാന്‍ കഴിയില്ലായിരുന്നുവെന്ന് അന്ന് അവിടെ ഉണ്ടായിരുന്ന ആരാധകര്‍ പറയാറുണ്ട്.

ജൂലൈയിൽ സതാംപ്ടണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം ആരംഭിക്കുമ്പോള്‍ അത് ആഗോള ലോക്ക്ഡൗണിനുശേഷം കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരിക്കും. ഇസ്താംബൂളിലെ അറ്റാറ്റുര്‍ക്ക് സ്റ്റേഡിയം പോലെ, 'റോസ് ബൗള്‍' സ്റ്റേഡിയവും നഗര കേന്ദ്രത്തില്‍ നിന്ന് അകലെയാണ്. അത് കൊണ്ട് തന്നെ അത് ഒരു 'ബയോസെക്യൂര്‍' ലൊക്കേഷനുമാണ്. പക്ഷേ കളിക്കാര്‍ എന്തിനാണ് ചടങ്ങു പോലെ ഈ കളി കളിക്കുന്നത് എന്ന് ആരാധകരില്ലാത്ത മൈതാനത്തിന്റെ വിരസാന്തരീക്ഷം കണ്ടാല്‍ ആരായാലും ആശ്ചര്യപ്പെടും.
2011 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍, ലോര്‍ഡ്‌സിലെ ആദ്യ ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ കളി എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന അവസ്ഥയായിരുന്നു. കളി തുടങ്ങിയിട്ടും, ടിക്കറ്റിനായുള്ള ക്യൂ ഗ്രൗണ്ടിന്റെ കവാടത്തില്‍ നിന്ന് നൂറു കണക്കിനു മീറ്റര്‍ നീണ്ടിരുന്നു, കാരണം തങ്ങള്‍ക്ക് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍ എന്നീ ഇതിഹാസതാരങ്ങള്‍ ബാറ്റേന്തുന്നത് അവസാനമായി കാണാനുള്ള അവസരം അതായിരിക്കുമെന്ന് ആരാധകര്‍ക്ക് അറിയാമായിരുന്നു. കളി ഇന്ത്യ തോറ്റു. പക്ഷേ നിരവധി ഇന്ത്യന്‍ കളിക്കാര്‍, തോറ്റെങ്കിലും അത്തരമൊരു അവസരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
‘ആരാധകര്‍ ഇല്ലാതെ ഫുട്ബോള്‍ ഒന്നുമല്ല.' എന്ന് പറഞ്ഞത് ജോക്ക് സ്റ്റെയ്ന്‍ ആയിരുന്നു. 1967 ല്‍ ഗ്ലാസ്ഗോ കെല്‍റ്റിക്കിനെ യൂറോപ്യന്‍ കപ്പ് വിജയത്തിലേക്ക് നയിച്ചആദ്യത്തെ ബ്രിട്ടീഷ് ടീമിന്റെപരിശീലകന്‍ ജോക്ക് സ്റ്റെയ്ന്‍.പക്ഷെ ആ വാചകം ഫുട്ബോളിന്റെ കാര്യത്തില്‍ മാത്രമല്ല ബാധകം. ഏതൊരു കായിക വിനോദവും അതിനെ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും ആള്‍ക്കൂട്ടമില്ലെങ്കില്‍ വെറുമൊരു നിറം മങ്ങിയ അനുകരണമായി മാറും. എല്ലാ കായികതാരങ്ങളും ജനങ്ങള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുന്നവരാണ്. അവര്‍ക്ക് നല്ല പ്രകടനം കാഴ്ച വെക്കാന്‍ ജനക്കൂട്ടത്തിന്റെ ആവേശം പകര്‍ന്നു നല്‍കുന്ന അഡ്രിനാലിന്‍ ആവശ്യമാണ്.
കളിക്കാര്‍ എന്തിനാണ് ചടങ്ങു പോലെ ഈ കളി കളിക്കുന്നത് എന്ന് ആരാധകരില്ലാത്ത മൈതാനത്തിന്റെ വിരസാന്തരീക്ഷം കണ്ടാല്‍ ആരായാലും ആശ്ചര്യപ്പെടും
വെസ്റ്റ് ഇന്‍ഡീസ് ലോക ക്രിക്കറ്റില്‍ ഭയപ്പെടേണ്ട ഒരു ടീമായിരുന്ന കാലത്തെ, ജമൈക്കയിലെ കിംഗ്സ്റ്റണിലെ സബീന പാര്‍ക്കിനെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘സ്റ്റേഡിയത്തിന്റെ ചുറ്റുമുള്ള മരങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആരാധകര്‍, എതിരാളികളെ നശിപ്പിക്കാന്‍ കില്‍ ദേം, മാന്‍! എന്ന് ആക്രോശിക്കുന്ന ജനക്കൂട്ടം, ഒപ്പം ഏറ്റവും കഠിനരായ അതിഥി ടീമുകളെ പോലും ഭയപ്പെടുത്തുന്ന കാര്‍ണിവല്‍ അന്തരീക്ഷം, ഇതൊക്കെ അവിടെ എപ്പോഴുമുണ്ടായിരുന്നു. ഇപ്പോള്‍, പല അന്താരാഷ്ട്ര മത്സരങ്ങളിലും സ്റ്റേഡിയത്തിലെ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആ സ്റ്റേഡിയത്തിന് പഴയ പ്രഭാവമൊന്നുമില്ല.'

വിംബിള്‍ഡണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും അരങ്ങേറിയ റോജര്‍ ഫെഡററും റാഫേല്‍ നദാലും തമ്മിലുള്ള ക്ലാസിക് മത്സരങ്ങളെക്കുറിച്ച് ഓര്‍ത്തു നോക്കൂ. ടെന്നീസ് കോര്‍ട്ടില്‍ കാണികള്‍ക്ക് മുന്നില്‍ കാഴ്ചവെക്കാന്‍ ബാക്കിയൊന്നും വെക്കാതെയുള്ള ഇരുവരുടെയും പോരാട്ടങ്ങള്‍ എന്നെന്നും ഓര്‍ക്കപ്പെടും. പക്ഷേ തങ്ങളുടെ ഓരോ ഷോട്ടും ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഇല്ലായിരുന്നുവെങ്കില്‍, തളര്‍ന്നു വീഴേണ്ടതിന് പകരം അത്രയും വൈദഗ്ധ്യവും നിശ്ചയദാര്‍ഢ്യവും പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നോ.
മുഹമ്മദ് അലിയെയും റംബിള്‍ ഇന്‍ ദ ജംഗിളിനെയും കുറിച്ചും ആലോചിച്ച് നോക്കൂ. നിലവിലെ ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന ജോര്‍ജ്ജ് ഫോര്‍മാന്‍, 32-കാരനായ അലിയെ പുഷ്പം പോലെ തോല്‍പ്പിക്കാന്‍ പ്രാപ്തനായിരുന്നു. എന്നാല്‍ ‘20 വേ ഓഫ് മെയ്' സ്റ്റേഡിയത്തിലെ 60,000 വരുന്ന കാണികള്‍ മത്സരത്തില്‍ വിജയസാധ്യതയില്ലാത്ത അണ്ടര്‍ഡോഗിനെ പിന്തുണച്ച് ശബ്ദമുയര്‍ത്തി. കാണികളില്‍ ഭൂരിഭാഗവും ‘അലി, ബൂമാ യേ അലി, അവനെ കൊല്ലുക' എന്ന് ആക്രോശിക്കാന്‍ തുടങ്ങിയതോടെ, ചാമ്പ്യന്റെ പഞ്ചുകളുടെ പതിവ് രൗദ്രതയും ശക്തിയും പടിപടിയായി കുറയാന്‍ തുടങ്ങി, അതേസമയം വെറ്ററന്‍ ആയ അലി ശക്തി പ്രാപിക്കാനും തുടങ്ങി. ഒടുവില്‍ കാണികളുടെ പിന്തുണയോടെ എട്ടാം റൗണ്ടില്‍ അലി തന്റെ ശക്തനായ എതിരാളിയെ വീഴ്ത്തി.
ആന്‍ഫീല്‍ഡിന്റെ ചെകിടടപ്പിക്കുന്ന അലര്‍ച്ചയോ, ‘കോഹ്ലി - കോഹ്ലി' ആരവങ്ങളോ ഇല്ലാതെയുള്ള, ദൃശ്യാനുഭവം നിറം മങ്ങിയതായിരിക്കും
ഈ മഹാമാരിയുടെ കാലത്ത് വിംബിള്‍ഡണ്‍ ഉള്‍പ്പെടെ നിരവധി കായിക മത്സരങ്ങള്‍ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് ആലോചിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. അതില്‍ ചില മത്സരങ്ങളെങ്കിലും അടച്ച വാതിലുകള്‍ക്ക് പിന്നില്‍ നടത്താമായിരുന്നു, പക്ഷേ അവയുടെ ആത്യന്തികലക്ഷ്യം എന്താവുമായിരുന്നു? ആരും കാണാതെയുള്ള ഒരു നദാല്‍ - ഫെഡറര്‍ മത്സരം, വെറും ഒരു പരിശീലന സെഷന്‍ ആകുമായിരുന്നു. അടുത്ത സീസണില്‍ കിരീടം നിലനിര്‍ത്താന്‍ ലിവര്‍പൂളിന് എത്രമാത്രം കഷ്ടപ്പെടേണ്ടി വരും എന്ന് വ്യക്തമാക്കുന്ന രീതിയില്‍ സിറ്റി 4-0ന് ലിവര്‍പൂളിനെ തോല്‍പ്പിച്ചപ്പോള്‍, എല്ലാര്‍ക്കും കേള്‍ക്കാനാകുന്ന ഒരേയൊരു ആരവം സിറ്റി കളിക്കാരില്‍ നിന്നും കോച്ചിംഗ് സ്റ്റാഫില്‍ നിന്നും മാത്രമായിരുന്നു. സിറ്റി ആരാധകര്‍ക്ക് തങ്ങളുടെ ‘ബ്ലൂ മൂണ്‍' എന്ന ഗാനം എത്തിഹാദിന്റെ സ്റ്റാന്‍ഡുകളില്‍ നിന്ന് ഉറക്കെയുറക്കെ പാടിക്കേള്‍ക്കുന്നതിന് പകരം, അവരുടെ വീടുകളില്‍ ഒറ്റക്കുപാടേണ്ടിവന്നു.
ഇതാണ് പുതിയ യാഥാര്‍ത്ഥ്യം. മനുഷ്യജീവിതം മുന്നോട്ടുപോകും, അതിനൊപ്പം കായികലോകവും. എന്നാല്‍ ആന്‍ഫീല്‍ഡിന്റെ ചെകിടടപ്പിക്കുന്ന അലര്‍ച്ചയോ, പഴയ ‘സച്ചിന്‍ - സച്ചിന്‍' വിളികള്‍ക്ക് പകരമായി വന്ന ‘കോഹ്ലി - കോഹ്ലി' ആരവങ്ങളോ ഇല്ലാതെയുള്ള ദൃശ്യാനുഭവം നിറം മങ്ങിയതായിരിക്കും. ഒരു സിനിമ നിശബ്ദമായി കാണാനും, കഥ മനസ്സിലാക്കാനും കഴിയും, പക്ഷേ ആ അനുഭവം ഒരിക്കലും പൂർണമായിരിക്കുകയില്ല.
പ്രമോദ് പുഴങ്കര
Nov 26, 2020
5 Minutes Read
കെ. സഹദേവന്‍
Nov 13, 2020
5 minute read
നൊച്ചാട് ഗ്രാമപഞ്ചായത്ത് പഠനസമിതി
Nov 06, 2020
12 Minutes Read
ഡോ. എം. മുരളീധരന്‍
Oct 18, 2020
6 Minutes Read
Santhosh Kottayj
9 Jul 2020, 09:40 PM
Beautiful article . Well researched and well structured.