ബിഹാർ;
ഈ രാഷ്ട്രീയമാണ്
ഇന്ത്യ മുഴുവന്‍
ജയിക്കേണ്ടത്
ബിഹാർ; ഈ രാഷ്ട്രീയമാണ് ഇന്ത്യ മുഴുവന്‍ ജയിക്കേണ്ടത്
ബിഹാര്‍ വിധി ഒരു ഇന്ത്യന്‍ തെരഞ്ഞെടുപ്പുവിധി തന്നെയായിരിക്കും; എന്തുകൊണ്ട്? ജീവിതം അസാധ്യമാക്കപ്പെട്ട കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീകളും കീഴാളരാക്കപ്പെട്ടവരുമെല്ലാം എങ്ങനെ വോട്ടുചെയ്തു എന്നതല്ല, അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജനാധിപത്യത്തിന് എത്ര പ്രാപ്തിയുണ്ട് എന്നതിലായിരിക്കും ഈ വിധി, ഒരു ഇന്ത്യന്‍ വിധിയായി മാറുന്നത്
9 Nov 2020, 04:44 PM
ഒരിക്കല്‍ കൂടി ബിഹാറിന്, ഇന്ത്യക്ക് ഇപ്പോള്‍ അനിവാര്യമായ, കൃത്യമായൊരു രാഷ്ട്രീയദിശ നിര്‍ണയിക്കാനാകുമോ? തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുകയും അധികാരം കൈയാളുകയും ചെയ്യുന്ന കക്ഷിരാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ചല്ല പറയുന്നത്, ജനങ്ങള്‍ക്കുവേണ്ട രാഷ്ട്രീയത്തിന്റെയും സമഗ്രാധിപത്യത്തിനെതിരായ ജനാധിപത്യ രാഷ്ട്രീയത്തിന്റെയും പുതിയ സഖ്യം സാധ്യമാണോ?, അതെ എന്ന് ബിഹാര്‍ ശുഭസൂചന നല്‍കുന്നു.
എക്‌സിറ്റ്‌പോള്‍ പ്രവചനമനുസരിച്ച് ആര്‍.ജെ.ഡി- കോണ്‍ഗ്രസ്- ഇടതുപക്ഷ മഹാസഖ്യം അധികാരത്തിലേറിയാലും ഇല്ലെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വന്നാലും ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലൂടെ ബിഹാര്‍ രാജ്യത്തിന് നല്‍കിയ രാഷ്ട്രീയപാഠങ്ങള്‍ പ്രസക്തമാണ്.
ഒന്ന്: ജാതി- സമുദായ വോട്ടുബാങ്കുകളെ തരാതരം ഒന്നിപ്പിച്ചും ഭിന്നിപ്പിച്ചും നടത്തുന്ന, അപ്രതിരോധ്യമെന്ന് കരുതിയിരുന്ന കാസ്റ്റ് വോട്ടിംഗിനെ, ചില ഇഷ്യൂകളിലൂന്നി ഒരു പരിധിവരെ രാഷ്ട്രീയവല്‍ക്കാന്‍ കഴിഞ്ഞു. രണ്ട്: തീവ്ര വര്‍ഗീയത എന്ന എക്കാലത്തെയും മുഖ്യ ഇലക്ഷന്‍ അജണ്ട നിര്‍വീര്യമാക്കപ്പെട്ടു. മൂന്ന്: വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി തികച്ചും സെക്യുലറായ ‘പുതുതലമുറ രാഷ്ട്രീയ സഖ്യം' സാധ്യമാക്കി.
ആള്‍ക്കൂട്ടത്തിനുമുന്നില്‍, അവരുടെ പ്രശ്‌നങ്ങള്‍ തികഞ്ഞ രാഷ്ട്രീയബോധ്യത്തോടെ ഉന്നയിക്കപ്പെട്ട ഒരു കാമ്പയിന്‍ കൂടിയായിരുന്നു ഇത്തവണ ബിഹാറിലേത്. അതുകൊണ്ടുതന്നെ, കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു ഈ ഇലക്ഷന്‍.
പോസ്റ്റ് മണ്ഡല്‍, പോസ്റ്റ് ബാബറി മസ്ജിദ് തലമുറ
സ്വയവും ജനങ്ങളാലും പലവട്ടം തോല്‍പ്പിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പുരോഗമനപരമായൊരു കാല്‍വെപ്പ് ഇത്തവണ ബിഹാര്‍ സാധ്യമാക്കി. അവഗണിക്കാന്‍ കഴിയാത്തവിധം കഠിനമായിരുന്നതുകൊണ്ടുതന്നെ,
ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും അടിസ്ഥാന ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നു. അവ, ഏത് സംസ്ഥാനത്തെയും ജനം നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. കര്‍ഷകനെയും തൊഴിലാളിയെയും വിദ്യാര്‍ഥിയെയുമെല്ലാം നേരിട്ട് ആക്രമിക്കുന്ന നരേന്ദ്രമോദിയുടെ ക്രോണി കാപ്പിറ്റലിസ്റ്റ് ഭരണകൂടം സൃഷ്ടിച്ച ആഘാതത്തിന്റെ ഒരു ടെസ്റ്റ് ഡോസാകാന്‍ അവസരം ലഭിച്ചത് ബിഹാറിനാണെന്നുമാത്രം.
പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ നിതീഷ്- ബി.ജെ.പി സഖ്യത്തിന് ‘ഈസി വാക്കോവര്‍’ ഉറപ്പിച്ച സ്ഥാനത്ത് എക്‌സിറ്റ്‌പോളില്‍ മഹാസഖ്യത്തിന് വിജയം വരെ പ്രവചിക്കുന്ന സാഹചര്യത്തിലെത്താന്‍ കഴിഞ്ഞത് ജനകീയ രാഷ്ട്രീയത്തിന്റെ ഋജുവായ സമവാക്യങ്ങളുപയോഗിച്ചാണ്. പോസ്റ്റ് മണ്ഡല്‍, പോസ്റ്റ് ബാബറി മസ്ജിദ് തലമുറക്കുമുന്നില്‍ സെക്യുലറിസത്തിന്റെയും സാമൂഹിക നീതിയുടെയും മുദ്രാവാക്യങ്ങള്‍ പുതിയ കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെട്ടു.

ലാലു പ്രസാദ് യാദവ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഉയര്‍ത്തിയ ഈ മുദ്രാവാക്യങ്ങള്‍ 2020ലും അതേപടി ആവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ നേതാവ്, അദ്ദേഹത്തിന്റെ 31 കാരനായ മകന്‍ തേജസ്വി യാദവ് തന്നെയായിരുന്നു; ആര്‍.ജെ.ഡിയുടെയും മഹാസഖ്യത്തിന്റെയും പ്രധാന ഊര്‍ജസ്രോതസ്സ്.
അച്ഛന്റെ നിഴലില്‍നിന്ന് സ്വതന്ത്രനായി തേജസ്വി, സാര്‍വത്രികമായ സാമ്പത്തിക നീതിയുടെ രാഷ്ട്രീയമാണ് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.
ഭക്ഷ്യസുരക്ഷയുടെയും തൊഴിലിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയുമെല്ലാം പ്രയോഗങ്ങളെ വിശ്വസനീയമായും ജനകീയമായും വിളക്കിച്ചേര്‍ത്താണ് തേജസ്വി പഴയ മുദ്രാവാക്യങ്ങള്‍ കാലികമാക്കിയത്. ‘ഞാന്‍ കണ്ടുമുട്ടിയ പത്തില്‍ ഒമ്പതുപേരും തൊഴില്‍ രഹിതരാണ്' എന്ന് പറഞ്ഞ്, തൊഴിലില്ലായ്മയെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും സംസാരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് തേജസ്വി ആവശ്യപ്പെട്ടു: ‘15 വര്‍ഷത്തെ നിതീഷിന്റെ ഭരണം വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകള്‍ തകര്‍ത്തു. രണ്ടു തലമുറകളുടെ വര്‍ത്തമാനത്തെയും ഭാവിയെയും നിതീഷ് നശിപ്പിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിന് തൊഴിലില്ലായ്മയെക്കുറിച്ചും വ്യവസായത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും സംസാരിക്കാന്‍ കഴിയാത്തത്. ഇതേക്കുറിച്ചല്ലേ ഒരു മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ സംസാരിക്കേണ്ടത്?''.
മറ്റൊരു സംസ്ഥാനത്തും സമീപകാല തെരഞ്ഞെടുപ്പുകളിലൊന്നും ബിഹാറിലേതുപോലെ തൊഴിലില്ലായ്മ കേന്ദ്ര വിഷയമായി വന്നിട്ടില്ല. തൊഴിലില്ലായ്മ കുതിച്ചുയരുമ്പോള്‍ തന്നെ സംസ്ഥാനത്തെ നല്ലൊരു ഭാഗം സര്‍ക്കാര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. പൊതുമേഖലയെ തകര്‍ക്കുകയും സ്വകാര്യമേഖലയെ തലോടുകയും ചെയ്യുന്ന നിയോ ലിബറല്‍ നയങ്ങളുടെ കൂടി പ്രത്യാഘാതമാണിത്.
സപ്തംബര്‍ 19ന് ലോക്‌സഭയില്‍ നല്‍കിയ ഒരു മറുപടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്, രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്ന 10.6 ലക്ഷം അധ്യാപക തസ്തികകളില്‍ 2.75 ലക്ഷവും ബിഹാറിലാണ് എന്നാണ്. 2018 ജനുവരി ഒന്നുവരെ സംസ്ഥാനത്ത് 50,000 പൊലീസ് തസ്തികകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്.
പ്ലസ് ടു, ബിരുദം കഴിഞ്ഞ് പുറത്തുവരുന്നവരുടെ എണ്ണം സമീപവര്‍ഷങ്ങളില്‍ സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഇവരില്‍ നല്ലൊരുപങ്കും പിന്നാക്ക, ദളിത് വിദ്യാര്‍ഥികളുമാണ്. ഇതാണ് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നത്. 2000ല്‍ ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ ബിഹാറിന് നിരവധി വ്യവസായങ്ങളും ധാതുനിക്ഷേപ മേഖലകളും നഷ്ടമായി. അതുകൊണ്ടുതന്നെ, നിക്ഷേപകര്‍ തിരിഞ്ഞുനോക്കാതായി.
വിദ്യാഭ്യാസം നേടുന്ന യുവാക്കള്‍ക്ക് ആശ്രയം സേവനമേഖല മാത്രമായി. കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവ് ഗ്രാമങ്ങളില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാക്കി. തൊഴിലില്ലായ്മയുടെ അനുബന്ധ ആഘാതങ്ങളായ ദാരിദ്ര്യവല്‍ക്കണവും പട്ടിണിയും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമില്ലായ്മയും ഗ്രാമങ്ങളെ പിടിച്ചുലക്കുകയാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ച കൂടിയായപ്പോള്‍ ദുരന്തവൃത്തം പൂര്‍ത്തിയാകുന്നു.
യൗവനം തിരിച്ചുപിടിച്ച ആള്‍ക്കൂട്ടങ്ങള്‍
15 വര്‍ഷമായി മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരം മാത്രമല്ല, തേജസ്വി യാദവിനുമുന്നിലേക്ക് ആള്‍ക്കൂട്ടത്തെ ഒഴുക്കിവിട്ടത്. യുവാക്കളുടെ തൊഴിലില്ലായ്മയെക്കുറിച്ചും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സ്ഥാപനങ്ങളെക്കുറിച്ചും സംസാരിക്കുന്ന, യുവാവായ ഒരു രാഷ്ട്രീയനേതാവ് ബിഹാറിലെ യുവസമൂഹത്തെ സംബന്ധിച്ച് വലിയ ആവേശമായിരുന്നു. ദിവസം 15-19 റാലികളില്‍ വരെ പറന്നുനടന്നാണ് (20 ദിവസത്തെ പ്രചാരണത്തില്‍ 247 റാലികള്‍) തേജസ്വി ആള്‍ക്കൂട്ടത്തിന്റെ യൗവനം തിരിച്ചുപിടിച്ചത്. (സംസ്ഥാനത്തെ 7.18 കോടി വോട്ടര്‍മാരില്‍ 18-39 പ്രായക്കാര്‍ 3.66 കോടിയാണ്.)
മഹാസഖ്യത്തിന്റെ തളരാത്ത ശബ്ദം 33 കാരന്‍ കനയ്യകുമാറിന്റേതായിരുന്നു. ‘ഞാനൊരു ലോ പ്രൊഫൈല്‍ പേഴ്‌സണാണ്' എന്ന സത്യസന്ധതയുടെ ഉപ്പുരസമുള്ള സാധാരണത്വം. രാഷ്ട്രീയത്തെ പ്രതീകവല്‍ക്കരിക്കാത്ത, യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കുന്ന യുവാവ്. കേന്ദ്ര സര്‍ക്കാറിന്റെ നിയോ ലിബറല്‍ കൊള്ളക്കും വര്‍ഗീയ ഫാസിസത്തിനും എതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ദരിദ്രരെക്കുറിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചുമാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. പ്രചാരണത്തിന്റെ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തിയവരില്‍ പ്രധാനി.

സി.പി.ഐ(എം.എല്‍)യുടെ പ്രധാന പ്രചാരകര്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, പി.ബി അംഗം കവിത കൃഷ്ണന്‍, ‘ഐസ’ ദേശീയ പ്രസിഡന്റ് എന്‍. സായ് ബാലാജി, രാജു യാദവ് എന്നിവരായിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും പ്രതിനിധാനങ്ങളാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികളും പ്രചാരകരും എന്നത് എടുത്തുപറയേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളുടെയും കര്‍ഷകരുടെയുമെല്ലാം നിത്യജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഇവരുടെ സാന്നിധ്യം അടിസ്ഥാന വര്‍ഗ രാഷ്ട്രീയത്തിലൂന്നിയ ഒരു ഇലക്ഷന്‍ അജണ്ട സാധ്യമാക്കിയ ഒന്നാണ്. തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളില്‍ ഏറെയും യുവാക്കളായിരുന്നു. അവര്‍ എങ്ങനെയാണ് സ്വീകരിക്കപ്പെട്ടത്, പുനരധിവസിപ്പിക്കപ്പെട്ടത് എന്നത് ഇടതുപക്ഷം വലിയ ചോദ്യമായി ഉന്നയിച്ചു.
ഇടതുപക്ഷം ഇത്തവണ 29 സീറ്റിലാണ് മല്‍സരിച്ചത്. 1995ല്‍ 38 സീറ്റ് നേടി ശക്തി തെളിയിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് (സി.പി.ഐ- 26, സി.പി.എം- 6, സി.പി.ഐ(എം.എല്‍)- 6) കഴിഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞതവണ സി.പി.ഐ(എം.എല്‍)യുടെ മൂന്നു സീറ്റില്‍ ഒതുങ്ങി ഇടതുപ്രാതിനിധ്യം. ജനകീയപ്രശ്‌നങ്ങളിലൂന്നിയ തെരഞ്ഞെടുപ്പുരാഷ്ട്രീയം ഇത്തവണ ഇടതുപക്ഷത്തിന് സാധ്യത നല്‍കുന്നു.
യുവാക്കളുടെ വോട്ടിങ് ബ്ലോക്ക്; ഒരു അസാധ്യത
ഒരു തെരഞ്ഞെടുപ്പിലും യുവാക്കള്‍ ഒരു സ്വതന്ത്ര വോട്ടിങ് ബ്ലോക്കായി മാറാറില്ല. മാത്രമല്ല, ജാതിയും വര്‍ഗീയതയും പ്രധാന അജണ്ടയാക്കപ്പെടുമ്പോള്‍, യുവാക്കളുടെ വോട്ട് അതിനൊപ്പം ഭിന്നിക്കും. എന്നാല്‍, യുവാക്കളുടെ പ്രശ്‌നങ്ങളുന്നയിക്കപ്പെടുകയും അത് ഒരു മൊബിലൈസേഷന്റെ തലത്തിലേക്ക് വികസിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. അത്, ഇത്തവണ ബിഹാറിലുണ്ടായി എന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്.
സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചില പ്രവണതകളും ഇത്തവണ സംസ്ഥാനത്തുണ്ടായി. അതിലൊന്ന്, ‘പ്ലൂരല്‍സ്' എന്ന പാര്‍ട്ടിയുടെ ജനനമാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായിരുന്ന 28 കാരിയായ പുഷ്പം പ്രിയ ചൗധരിയാണ് കഴിഞ്ഞ മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്ര വനിത ദിനത്തില്‍ പാര്‍ട്ടി സ്ഥാപിച്ചത്. ജെ.ഡി(യു) നേതാവ് വിനോദ് ചൗധരിയുടെ മകളാണ് പുഷ്പം.

80 ലക്ഷം തൊഴിലാണ് പാര്‍ട്ടിയുടെ വാഗ്ദാനം. അടുത്ത പത്തുവര്‍ഷത്തേക്കുള്ള വികസന മാസ്റ്റര്‍ പ്ലാനും പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. മധുബനി ജില്ലയിലെ ബിസ്ഫി മണ്ഡലത്തില്‍ മല്‍സരിക്കുന്ന പുഷ്പം തന്നെയാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും. 243 സീറ്റിലും മല്‍സരിക്കുന്ന പാര്‍ട്ടിയുടെ 50 ശതമാനം സ്ഥാനാര്‍ഥികളും സ്ത്രീകളാണ്. ഇവരില്‍ ഏറെയും ഉന്നത വിദ്യാഭ്യാസവും തൊഴിലുമുള്ള ആക്റ്റിവിസ്റ്റുകളും അധ്യാപകരും ഡോക്ടര്‍മാരുമൊക്കെയാണ്. 2030ഓടെ ബിഹാറിനെ യൂറോപ്പ് ആക്കുമെന്നാണ് പുഷ്പം പ്രിയയുടെ ഉറപ്പ്. ‘ബിഹാറി' എന്നാണ് സ്ഥാനാര്‍ഥികളെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചും ജനപ്രതിനിധികളുടെ വിശ്വാസ്യതയെക്കുറിച്ചുമെല്ലാം പറയുന്നുണ്ടെങ്കിലും അരാഷ്ട്രീയവാദികളുടെ സംഘമാണിത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ജാതി വോട്ടുബാങ്കിന്റെ രാഷ്ട്രീയവല്‍ക്കണം
മറുപക്ഷത്ത്, ബി.ജെ.പിക്ക് കേന്ദ്ര സര്‍ക്കാറിന്റെയോ നിതീഷിന് സംസ്ഥാന സര്‍ക്കാറിന്റെയോ പറയത്തക്ക വികസന നടപടികളൊന്നും ഉന്നയിക്കാന്‍ കഴിയാത്തതിനാല്‍, എന്‍.ഡി.എ സഖ്യം പതിവുപോലെ ജാതി- സമുദായ വോട്ടുബാങ്കിനെയാണ് ആശ്രയിച്ചത്. നിതീഷ്, ലാലുപ്രസാദ് യാദവിന്റെ ‘ജംഗിള്‍ രാജി'നെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. മൂന്നാംഘട്ട പ്രചാരണത്തിന്റെ അവസാന ദിവസം പുര്‍ണിയ ജില്ലയിലെ ധംധ മണ്ഡലത്തില്‍ നടന്ന റാലിയില്‍ ഒരു ഇമോഷണല്‍ കാര്‍ഡും ഇറക്കി നിതീഷ്; ‘ഇന്ന് അവസാന ദിവസമാണ്. മറ്റന്നാളാണ് തെരഞ്ഞെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്...'.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാശ്മീര്‍, രാമക്ഷേത്രം, പൗരത്വഭേദഗതി നിയമം, പുല്‍വാമ വിഷയങ്ങളല്ലാതെ ഒന്നും പറയാനുണ്ടായിരുന്നില്ല.
എന്‍.ഡി.എ സഖ്യം കണക്കുകൂട്ടുന്ന ജാതി വോട്ടുബാങ്കിലും ഇത്തവണ ചില അടിയൊഴുക്കുകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിതീഷ് കെട്ടിപ്പടുത്ത മഹാദളിത്, ഏറ്റവും പിന്നാക്കം നില്‍ക്കുന്ന (ഇ.ബി.സി) വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തവണ പുനരാലോചനകളുണ്ടായി. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലേതുപോലെ മഹാദളിത്- ഇ.ബി.സി വിഭാഗങ്ങള്‍ ഇത്തവണ നിതീഷിനൊപ്പമില്ല.
15 വര്‍ഷവും നിതീഷിനൊപ്പമായിരുന്നു സംസ്ഥാന ജനസംഖ്യയില്‍ 30 ശതമാനത്തോളം വരുന്ന ഇ.ബി.സി (എക്‌സ്ട്രീമിലി ബാക്ക്‌വേഡ് കാസ്റ്റ്). ഒപ്പം, മുന്നാക്ക ജാതിവിഭാഗങ്ങളും നിതീഷില്‍നിന്ന് അകന്നു. 1960കളിലും എഴുപതുകളിലും പിന്നാക്ക വിഭാഗം ഉയര്‍ത്തിയ ‘ഞങ്ങളുടെ വോട്ട് നിങ്ങളുടെ ഭരണം ഇനി നടപ്പില്ല' എന്ന മുദ്രാവാക്യം ഇപ്പോള്‍ മുന്നാക്ക വിഭാഗമാണ് നിതീഷിനെതിരെ ഉയര്‍ത്തുന്നത്.
1990കള്‍ക്കുശേഷം പിന്നാക്കക്കാരുടെ രാഷ്ട്രീയ പ്രാതിനിധ്യം കൂടുകയും രാഷ്ട്രീയാധികാരം കൈവന്നിട്ടുണ്ടെങ്കിലും ഭരണകൂടം എന്നും മേലാളരുടേതായിരുന്നു. 1995 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ 44 ശതമാനം എം.എല്‍.എമാരും ഒ.ബി.സിക്കാരായിരുന്നു, അതില്‍ 26 ശതമാനം യാദവ വിഭാഗവും. 2000ല്‍ റബ്‌റി ദേവി മന്ത്രിസഭയില്‍ 50 ശതമാനം മന്ത്രിമാരും ഒ.ബി.സിക്കാരായിരുന്നു. മേലാള വിഭാഗം 13 ശതമാനം മാത്രം. എന്നാല്‍, ദളിത്- ഒ.ബി.സി സാന്നിധ്യം പ്രാതിനിധ്യത്തില്‍ മാത്രം ഒതുങ്ങി.
Indian Human Development Survey യിലെ ഒരു കണക്ക് നോക്കുക: സംസ്ഥാനത്ത് ബ്രാഹ്മണരുടെ ശരാശരി പ്രതിശീര്‍ഷ വരുമാനം 28,093 രൂപയാണ്. മറ്റ് മുന്നാക്കക്കാര്‍ക്ക് 20,655 രൂപ. കുശ്‌വാഹ, കുര്‍മി വിഭാഗങ്ങളുടെ പ്രതിശീര്‍ഷ വരുമാനം 18,811- 17,835 രൂപ വീതം. യാദവ് വിഭാഗത്തിനാണ് ഒ.ബി.സിക്കാരില്‍ ഏറ്റവും കുറവ്; 12,314 രൂപ. ബാക്കി ഒ.ബി.സിക്കാരുടേത് 12,617 രൂപയും.
സര്‍ക്കാര്‍ ജോലികളിലും മറ്റും ഒ.ബി.സിക്കാര്‍ക്ക് ജോബ് ക്വാട്ട ലഭിച്ചിട്ടുണ്ടെങ്കിലും ബ്യൂറോക്രസി മേലാള നിയന്ത്രണത്തിലാണ്.
കീഴാളരെ വോട്ടുബാങ്കുകളാക്കി ‘സംരക്ഷിക്കുന്ന' കക്ഷിരാഷ്ട്രീയം, അവരെ പാര്‍ട്ടി താല്‍പര്യങ്ങളുടെ മാത്രം പ്രതിനിധാനങ്ങളില്‍ തളച്ചിടാന്‍ സദാ ശ്രദ്ധിക്കാറുണ്ട്. അതിന്റെ ‘മാതൃക'കളാണ് ബിഹാറും യു.പിയും അടങ്ങുന്ന ഹിന്ദി ബെല്‍റ്റ്. ദളിത്- കീഴാള വിഭാഗങ്ങളുടെ രാഷ്ട്രീയവല്‍ക്കരണത്തെ അസാധ്യമാക്കുന്ന മുഖ്യധാരാ രാഷ്ട്രീയം തന്നെയാണ് ആര്‍.ജെ.ഡിയുടെയും കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും. അതുകൊണ്ട്, ഈ വിഭാഗങ്ങളെ കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു അധികാര രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെങ്കിലും അവകാശബോധത്തിലൂന്നിയുള്ള ഒരു വോട്ടിംഗിന് ഇവരെ പ്രാപ്തരാക്കാന്‍ ഉതകുന്ന പ്രചാരണം ഇത്തവണ ഇതേ പാര്‍ട്ടികള്‍ നടത്തിയെന്നത് ശുഭസൂചനയാണ്.

ശേഷപത്രം: പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ യോഗേന്ദ്ര യാദവ് പറയുന്നു: ബിഹാര്‍ തെരഞ്ഞെടുപ്പ് എന്നെ ആവേശം കൊള്ളിക്കാത്തതിന് മൂന്നുകാരണങ്ങളുണ്ട്. ഒന്ന്; സമീപഭൂതകാലവുമായി താരതമ്യം ചെയ്താല്‍, നമ്മുടെ ദേശീയ ജീവിതത്തില്‍ ബീഹാര്‍ അത്ര വലിയ വിഷയമല്ല. രണ്ട്; സംസ്ഥാന രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ച് അത്ര പ്രധാനമല്ല. മൂന്ന്; തെരഞ്ഞെടുപ്പും വിജയങ്ങളും പരാജയങ്ങളും നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ച് അത്ര പ്രധാനപ്പെട്ട സംഗതികളല്ല.
ശരിയാണ്. പട്‌നയില്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വിജയസൂചന കിട്ടിയാലുടന്‍ ആഘോഷത്തിനൊന്നും നില്‍ക്കാതെ നേരെ ഹോട്ടലില്‍ ഒത്തുകൂടാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച നിര്‍ദേശം. തൂക്കുസഭയാണെങ്കില്‍ ചാക്കിട്ടുപിടുത്തത്തിന്റെ ‘കര്‍ണാടക, മധ്യപ്രദേശ്, ഗോവ, മണിപ്പുര്‍ തന്ത്രം' പയറ്റുകതന്നെ ചെയ്യും ബി.ജെ.പി. അതിനുള്ള ആളും ‘അര്‍ഥ'വും ഇപ്പോഴേ തയാറായിരിക്കും. ഏതു മുന്നണിയായാലും ‘മുഖ്യമന്ത്രി' എന്ന ഒരൊറ്റ അജണ്ട നിതീഷ്‌കുമാറും പയറ്റും.
അപ്പോള്‍, യോഗേന്ദ്ര യാദവ് പറഞ്ഞത് ശരിയായി വരുന്നു- തെരഞ്ഞെടുപ്പുകള്‍ക്കും വിജയത്തിനും തോല്‍വിക്കുമൊന്നും ജനാധിപത്യവുമായി ഒരു ബന്ധവുമില്ല. പക്ഷെ, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ബലം, സാധ്യതകൾ അവശേഷിപ്പിക്കാനുള്ള അതിന്റെ ശേഷിയാണ്. അത്തരം സാധ്യതകൾ ഏറ്റവും സാധ്യമായ ഒരു മണ്ണാണ് ബിഹാർ എന്ന് അതിന്റെ ഭൂതകാലം നമ്മോട് പറയുന്നു.
ഫസൽ തങ്ങൾ നടുവണ്ണൂർ
9 Nov 2020, 05:52 PM
പ്രോഗ്രസീവ് ഡമോക്രാറ്റിക് അലയൻസ് (PDA) പറ്റി സാറ് അറിയാഞ്ഞിട്ടോ അതോ മന: പൂർവ്വം പറയാഞ്ഞിട്ടോ ....?
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
കെ.കണ്ണന്‍
Jun 09, 2022
60 Minutes Watch
Truecopy Webzine
May 17, 2022
8 minutes read
കെ.കണ്ണന്‍
Apr 06, 2022
5 Minutes Watch
കെ.കണ്ണന്‍
Mar 23, 2022
5 Minutes Watch
കെ.കണ്ണന്‍
Mar 17, 2022
6 Minutes Watch
Truecopy Webzine
Mar 13, 2022
3 Minutes Read
സുരേന്ദ്രകുമാർ ടി പി
9 Nov 2020, 09:25 PM
നല്ല വിശകലനം.