3 AM; പുതിയ കാലത്തിന്റെ ഏറ്റവും അവസാന പടവിൽ നിന്നൊരു നോവൽ

പ്രിയപ്പെട്ട വായനക്കാരേ, നിങ്ങൾ പലപല ഭാഷകളിലേതായി ധാരാളം നോവലുകൾ വായിച്ചിട്ടുണ്ടാകും; ഉറപ്പുതരികയാണ്, ഉണ്ടാകില്ല, ഇതുപോലുള്ള മറ്റൊന്ന്. അതുതന്നെയാണല്ലോ ഒരു നോവലിനുവേണ്ട സവിശേഷഗുണവും- റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച അരുൺപ്രസാദിന്റെ 3 AM എന്ന നോവലിന്റെ വായന. റെഷി എഴുതുന്നു.

റെഷി.

ഴുകുന്ന പുഴയിൽ വീണ പച്ചില, പർവ്വതം കയറുന്ന മനുഷ്യൻ- യാത്രയിലാണ് ഇരു പേരും; ഒന്ന്, അനായാസം. രണ്ടാമത് ​ക്ലേശകരം. ആ വഴിയാണ് അരുൺപ്രസാദ് 3 AM (പ്രസാധനം , റാറ്റ് ബുക്സ്, 2024) എന്ന നോവലിൽ സ്വീകരിച്ചിരിക്കുന്നത്. മറിച്ചല്ലേ എന്നു പറയുന്നവരുമുണ്ടാകാം, ചിലപ്പോൾ അതാകാം ശരിയും.

മറ്റൊന്നുപോലെയല്ലാത്ത ഒന്നാകുക, അതാകണമല്ലോ ഒരു നോവലിനുവേണ്ട സവിശേഷഗുണം. നോവൽ എന്ന ആംഗലേയ പദവും അതാവശ്യപ്പെടുന്നുണ്ട്. മലയാള ഭാഷയിലിറങ്ങുന്ന ഭൂരിഭാഗം നോവലുകളും അതാകുന്നില്ലെങ്കിലും തീർച്ചയായും ഈ കൃതി അത്തരത്തിലൊന്നാണ്. അസാധാരണം, അന്യാദൃശം, ലോകോത്തര നിലവാരമുള്ളത്- തീർച്ചയായും ഈ കൃതി ഇത്തരം വിശേഷണങ്ങളെല്ലാം അർഹിക്കുന്നുണ്ട്.

എത്ര ഉച്ചത്തിൽ കേൾപ്പിച്ചിട്ടും കേൾക്കാതെ പോകുന്നുണ്ട്, മികച്ചത് തേടുന്നവരിൽ പോലും പലരും പലതും. ശ്രദ്ധിക്കാത്തതുകൊണ്ടുള്ള കുറവാണത്, അങ്ങനെയല്ലെങ്കിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ട പുസ്തകമാകുമായിരുന്നു 3 AM എന്ന നോവൽ.

അരുൺ പ്രസാദ്
അരുൺ പ്രസാദ്

തുടങ്ങുന്നതും അവസാനിക്കുന്നതും രണ്ടും ഒന്നു തന്നെ. ഒടുങ്ങുകയില്ല തുടങ്ങിയതൊന്നും ഒരു കാലവും എന്നറിയാത്ത ആളുകൾക്ക് ഒരു പക്ഷെ ഈ കൃതി ഇഷ്ടപ്പെട്ടവയുടെ കൂട്ടത്തിൽ ഉൾപ്പെടണമെന്നില്ല. കാലം, ഒരു കാലവും ഇതിൽ കൂടുതൽ വിസ്തൃതമാകാനിടയില്ല, മറ്റൊരു കൃതിയിലും. നൂറു വർഷത്തെ ഏകാന്തയനുഭവിക്കുന്ന നാലുതലമുറയിലെ മനുഷ്യരുടെ കഥ നടക്കുന്ന മാർക്കേസിന്റെ മക്കൊണ്ടൊ പോലെയല്ല 3 AM- ന്റെ ദേശകാലം. ആകെ മനുഷ്യരും മറ്റു ജീവജാലങ്ങളും വസിക്കുന്ന ലോകമെന്നു നാം പേരിട്ടു വിളിക്കുന്ന ഇത്തിരിയിടമല്ല പ്രപഞ്ചമാകെയുണ്ട് ഈ നോവലിൽ.

മുഴുവൻ ലോകത്തെ ആർക്കും മുഴുവനായും കണ്ടറിഞ്ഞനുഭവിക്കാനാകില്ല. ഇൻ്റർനെറ്റിന്റെ, എ.ഐയുടെ, ഏതൊരു സഹായവഴിയിലൂടെ പോലും. അപ്പോൾ ശേഷിച്ച ഭാഗങ്ങൾ കണ്ടെത്തുവാൻ ഭാവനയുടെ സഹായം വേണം. ഭാഷയിലെ വെറും മൂന്നക്ഷരത്തിന്റെ സ്ഥലകാലരാശിയിൽ ഒതുങ്ങുന്നതല്ല, അറിയാനാകുന്നതല്ല പ്രപഞ്ചം. അതിന് കുറെയൊക്കെ സഹായകമാകും ഈ കൃതി. ഈ നോവലിലെ കഥാപാത്രങ്ങളെ എണ്ണി തിട്ടപ്പെടുത്തുക അസാധ്യമാണ്. മനുഷ്യർ മാത്രമല്ല സർവചരാചരങ്ങളും മരങ്ങളും ചെടികളും പുൽനാമ്പുകളും പുഴകളുമരുവികളും ഒരേറ്റക്കുറച്ചിലുമില്ലാതെ ഇതിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

3 AM -ന് ശ്രീജിത്ത് പി.എസ്. വരച്ച ഇല്ലസ്ട്രേഷൻ.
3 AM -ന് ശ്രീജിത്ത് പി.എസ്. വരച്ച ഇല്ലസ്ട്രേഷൻ.

ഒരു പേജും ചെടിപ്പില്ലാതെ, 574 എന്ന ബൃഹദ് രൂപത്തിലെത്തിക്കാനും അന്യാദൃശവും അസാധാരണവും അതേസമയം ലളിതവുമായ ഒരു ഭാഷയിലും ഘടനയിലും എഴുതാനും പ്രതിഭാശാലിക്കേ കഴിയുകയുള്ളൂ. സംശയമില്ലാതെ പറയാം, ലോകനിലവാരത്തിലാണ് ഈ നോവലിന്റെ സ്ഥാനം. ഏതഭിരുചിയുള്ള, ഏതൊരു നല്ല വായനക്കാരും അത് നിഷേധിക്കുമെന്നു തോന്നുന്നില്ല. പാരമ്പര്യ ആരാധനയുടെ തടവിൽപെട്ടു കിടക്കുന്ന വായനക്കാർക്ക് മോചനം നൽകും, ഈ നോവൽ.

3 AM വായിച്ച മനുഷ്യൻ കപട സദാചാരനെന്നല്ല സദാചാരവാദിയേ ആകില്ല. ജീവിതത്തിലൂടെ അവർ കൂസലില്ലാതെ നടക്കും. അളുകൾ എന്തു വിചാരിക്കും എന്നു തോന്നി, ഒരു പ്രവൃത്തിയുടെ മുന്നിലും അവർ തലകുനിച്ചു നിൽക്കില്ല. കാൽപനികതയെ കോറച്ചാക്കിലാക്കി അമർത്തിനിറച്ച് തോട്ടിൽ കൊണ്ടുപോയി വലിച്ചെറിയും അവർ. ആ തിരിച്ചറിവിൽ അയുക്തികമായ വിശ്വാസവിചാര ആചാരപ്രവൃത്തികളെല്ലാം ആവിയായി പോകും.

ഉള്ളത്, അതെ, ഉള്ളതെല്ലാമുള്ളതിലൂടെ ആവിഷ്കരിക്കുന്നു, സവിശേഷ ഭാഷയിലും ഇതുവരെയും കണ്ടുമുട്ടാത്ത ശൈലിയിലും അരുൺ പ്രസാദ്. കണ്ട കാഴ്ചകളിലൂടെ, ജാഗ്രത്തിലൂടെ, സ്വപ്നത്തിലൂടെ, ഭാവനയിലൂടെ…

നോവലിന്റെ കഥയിലേക്ക് കടക്കുന്നില്ല. പ്രധാന കാരണം, അങ്ങനൊരു കഥ കൃത്യമായി ഇല്ല. ഒരറ്റത്തു നിന്നാരംഭിച്ച് പല പല കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും ശ്രുതി തെറ്റാതെ മറ്റൊരറ്റത്തു ചെന്നവസാനിക്കുന്ന ആദിമധ്യാന്തമുള്ള കഥ പറച്ചിൽ രീതിയില്ല എന്നല്ലാതെ കഥകൾക്കും കവിതകൾക്കും തത്വചിന്തകൾക്കും ദർശനങ്ങൾക്കും പഞ്ഞമില്ല ഈ ബൃഹദ് നോവലിൽ.

പുതിയ കാലത്തിന്റെ ഏറ്റവും അവസാന പടവിൽ ഇരുന്നായിരിക്കണം അരുൺ പ്രസാദ് ഈ നോവൽ എഴുതിയിരിക്കുക, ഘടനാപരമായ ഉന്നതിക്കുവേണ്ടിയാണെന്നു തോന്നുന്നു, അദ്ദേഹം കൂടുതലായും പരിശ്രമിച്ചിട്ടുള്ളത്. ആത്മീയം- കാല്പനികം - പ്രസാദാത്മകം- വിഷാദാത്മകം; അങ്ങനെ ഒരു കള്ളിയിലും പെട്ടുപോകാതെ ആഖ്യാനം സൂക്ഷ്മമായി നിർവഹിക്കപ്പെട്ടിരിക്കുന്നു.

ജീവിച്ചിരിക്കുമോരോ നിമിഷവും കൂടെയുണ്ടെങ്കിലും ആരുമൊരിക്കലും കാണാത്തതും അനുഭവിക്കാത്തയുമായ മരണവുമായി മേരിയുടെ അപ്പാപ്പൻ പുറപ്പെടും നേരം ഇരുപേരുമുള്ള ദീർഘമായൊരു സംഭാഷണമുണ്ട് നോവലിൽ, സാമ്പിളിനായി അതിൽ നിന്ന് ഇത്തിരിയെടുക്കാം:

‘‘അപ്പാപ്പൻ: ഇനിയെന്താണ് സംഭവിക്കുക?
മരണം: അതെനിക്കറിയില്ല.
അപ്പാപ്പൻ: അല്ല, നിങ്ങൾ മരണമല്ലേ, നിങ്ങൾക്കറിയേണ്ടതല്ലേ?
മരണം: ജീവിതം മുഴുവൻ ജീവിച്ചുതീർത്തതല്ലേ, എന്നിട്ട് ജീവിതത്തെയോ മനുഷ്യനെയോ നിങ്ങൾ മനസിലാക്കിയോ?
അപ്പാപ്പൻ: ഇല്ല.
മരണം: ജീവിതത്തിൽ സംഭവിച്ചതുപോലെ പുണ്യം പാപം ശരി തെറ്റ് എന്നിവയിൽ മരണത്തിനും വിശ്വാസമില്ല. സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന ഒരു പ്രവൃത്തിയിൽ മുഴുകിയ ഒരാൾ മാത്രമാണ് ഞാൻ.
അപ്പാപ്പൻ: നിങ്ങൾ കമ്മ്യൂണിസ്റ്റാണോ?
മരണം: ഒരർഥത്തിൽ അതെ. പുലയനും പറയനും സവർണനും അവർണനും ക്ര്യസ്ത്യനും മുസ്ലിമും വിശ്വാസിയും അവിശ്വാസിയും രാജ്യമുള്ളവനും ഇല്ലാത്തവനും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവർ തന്നെ. എല്ലാവരും എന്നെ സ്വീകരിക്കുന്നതു പോലെ ഞാൻ എല്ലാവരെയും സ്വീകരിക്കുന്നു.
അപ്പാപ്പൻ: അല്ലാ, നിങ്ങളൊരു ഫാഷിസ്റ്റാണ്, സ്വേച്ഛാധിപതി.
മരണം: നോക്കൂ, സുനിശ്ചിതമായ ഒന്നിനെ അങ്ങനെ കരുതുന്നതിലെ നിങ്ങളുടെ യുക്തി എന്താണ്? നിങ്ങൾ ജനിച്ചപ്പോൾ കൂടെ ഞാനും ജനിച്ചു സുഹൃത്തേ. ജീവിതമാണ് സഹനം, അതിൽ നിന്നുള്ള മോചനം ആശ്വാസവും.
അപ്പാപ്പൻ: സുഹൃത്തേ, നിങ്ങൾ മൂലമാണ് ഇവിടെ മതങ്ങൾ പിറവിയെടുത്തത്. നിങ്ങളെ ഭയന്ന് ഇന്നേക്കു വേണ്ടി ജീവിക്കാതെ ഭയന്ന് ഭയന്ന് കാലം കഴിക്കുന്നവർ, കഴിച്ചവർ എത്ര പേർ?’’

ധിഷണയെ ത്രസിപ്പിക്കുന്ന ഇതുപോലുള്ള വേറെയും സംവാദങ്ങളുണ്ട് നോവൽ നിറയെ. നോവലിലെ പ്രധാന കഥാപാത്രമായ മേരി ജൻമമെടുത്ത നിമിഷമാണ് 3 AM . അതേ, പുലർച്ച മൂന്നു മണി. രാത്രി കഴിഞ്ഞുവെങ്കിലും സമയം കുറ്റാകൂരിരുട്ടിൽ തന്നെ ആണ്ടുറങ്ങുന്ന നേരം. അന്നേരം മേരിയുടെ അപ്പൻ ഉണരാതിരിക്കുകയും തന്റെ ഉദ്ധരിച്ച ലിംഗം കണ്ട് അന്തിച്ച് മേരിയുടെ അമ്മയെ വിളിച്ചുണർത്തുകയും ചെയ്തില്ലെങ്കിൽ മേരിയെന്ന സ്ത്രീ ഈ ഭൂമിയിൽ ജന്മമെടുക്കില്ലായിരുന്നു.

പിന്നെടെപ്പോഴെങ്കിലും മേരിയുടെ അമ്മ ഗർഭം ധരിച്ചിരുന്നുവെങ്കിലും അത് മറ്റേതൊരുവനോ മറ്റേതൊരുവളോ ആയിരിക്കും. എത്ര പേർ പിറക്കാതെ പോകുന്നു, പിറന്നവരിൽ എത്ര പേർ ജീവിക്കാതെ പോകുന്നു, അപ്പോൾ മേരി പിറന്നില്ലെങ്കിൽ എന്തോന്ന് കുന്തം ഈ ലോകത്തിന്, മേരിയെ അറിഞ്ഞ് ഇഷ്ടപ്പെട്ട ഒരാൾക്കും അങ്ങനെ പറയാനാകില്ല.

ചരിത്രത്തിലൂടെ കേട്ടും മുന്നിലൂടെ കടന്നുപോകുന്നതിലൂടെ കണ്ടും അമ്പേ മടുത്ത ജീവിതം എന്ന തുച്ഛതയെ മേരി തൻ്റേതുമാത്രമായ ജീവിതത്തിലൂടെ അസാധാരണമാംവിധം പൊളിച്ചൊഴുതുകയാണ്.
ഒന്നു മാത്രം എടുത്തെഴുതാം:

‘‘സോളമൻ: Do you know why l Like you so much?
മേരി: May be because I am a wolf?
സോളമൻ: അല്ല.
മേരി: ബികോസ് ഐ ഹാവ് വൺ പുഴുപ്പല്ല്.
സോളമൻ: അല്ലല്ല.
മേരി: ബികോസ് എന്റെ കുഞ്ഞ് ആനക്കുട്ടി ആയതോണ്ട്.
സോളമൻ: അല്ലല്ലല്ല.
മേരി: ബികോസ് ബികോസ് എന്റെ ദിവടെ കാക്കപ്പുള്ളി ഉള്ളതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ല.
മേരി: പനി പകർന്നുതരുന്നോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ല.
മേരി: ആരും ഇല്ലാത്ത റോഡിൽ അമ്മിഞ്ഞ കാണിച്ച് തരുന്നോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ല.
മേരി: സിഗരറ്റ് പുകയ്ക്കൊപ്പം ഉമ്മവയ്ക്കുന്നതോണ്ട്. സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: വീണ് കാൽമുട്ട് പൊട്ടിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: മൊത്തം കാമുകൻമാരേം പിന്നാലെ നടത്തിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: വയറിൽ ഗുളുഗുളു സൗണ്ട് ഉണ്ടാക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നീ കുക്ക് ചെയ്യുന്നതൊക്കെ മിണ്ടാതെ തിന്ന് തീർക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നിന്ന് മൂത്രം ഒഴിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: സോക്സ് ഇടാതെ കാൻവാസ് ഷൂ ധരിക്കുന്നതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നിന്റെ ഗിത്താർ തല്ലിപ്പൊട്ടിച്ചതോണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: ചാറ്റിനിടെ ബൂബ് പിക്സ് അയച്ചുതരുന്നതുകൊണ്ട്.
സോളമൻ: അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നല്ല സൂപ്പർ കുണ്ടി ഉള്ളതോണ്ട്.
സോളമൻ: അല്ലേയല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല.
മേരി: നിനക്ക് ഞാൻ മാത്രം ഉള്ളതോണ്ട്.
സോളമൻ: No. because you have a forehead Just like my mom.
മേരി: ഭൂമിയിലെ ഓരോ മകനും തുടക്കത്തിൽ തങ്ങളുടെ അമ്മമാരുമായി പ്രേമത്തിലായിരിക്കും. പിന്നീട് അമ്മമാരുടേതു പോലെയുള്ള സ്ത്രീകളെത്തേടിപ്പിടിച്ച് പ്രേമം അനുഭവിക്കുന്നു’’.

പ്രിയപ്പെട്ട വായനക്കാരേ, നിങ്ങൾ അറിയാതെ പോകരുത്, ഈ കൃതിയിലെ മേരി എന്ന കഥാപാത്രത്തെ, ആകത്തുകയിൽ ഈ നോവലിനെയും. നിങ്ങൾ പല പല ഭാഷകളിലേതായി ധാരാളം നോവലുകൾ വായിച്ചിട്ടുണ്ടാകും; ഉറപ്പുതരികയാണ്, ഉണ്ടാകില്ല, ഇതു പോലുള്ള മറ്റൊന്ന്. അതുതന്നെയാണല്ലോ ഒരു നോവലിനുവേണ്ട സവിശേഷഗുണവും.

നോവലിന്റെ അവസാന പുറത്തിലെ ചില വരികൾ കൂടി:
‘മഴ കൊണ്ട പക്ഷിക്കുഞ്ഞുങ്ങൾ കൂട്ടിനുള്ളിൽ വാ പൊളിച്ചു കരഞ്ഞുനിൽക്കേ അമ്മമാർ അതുങ്ങൾക്ക് കക്ഷങ്ങളുടെ ചൂടു പകർന്നു. പാമ്പുകൾ തണുപ്പു തട്ടാത്ത കയ്യാലകൾ തേടിയിറങ്ങി. ഓടുകളുടെ കിനിപ്പുകളിലൂടെ വെള്ളം നൂൽപ്പുട്ടുപോലെ വീടിനുചുറ്റും വലവിരിച്ചു. മഴമേഘങ്ങളുടെ കുടവയറുകളെ കാണിച്ച് മിന്നൽവെളിച്ചങ്ങൾ കടന്നുപോയി. കാറ്റടിച്ചപ്പോൾ ചെടികളും മരങ്ങളും ഇലകൾ മലർത്തിക്കാണിച്ചു. ഉയരം കൂടിയ മരങ്ങൾ താഴെയുള്ള ചെറുമരങ്ങളെ പൊതിഞ്ഞു പിടിച്ചു. ഭൂമിക്കടിയിൽ കാത്തുകിടന്ന വിത്തുകളും ഇയ്യാമ്പാറ്റകളും മണ്ണിന്റെ ആവരണത്തിൽ തട്ടി തിരിച്ചുപോയി. മനുഷ്യർ നിശ്ശബ്ദതയിലേക്കാണ്ടു. മരണം തന്റെ കോട്ടും തൊപ്പിയും അണിഞ്ഞ് സിഗാറൊരെണ്ണം കത്തിച്ച് ഉൾമനസിലെ ഗർത്തങ്ങളിലേക്ക് പടിയിറങ്ങി കൊണ്ടിരിക്കുന്നവരെ തിരക്കി മഴയിലേക്കിറങ്ങി. സമയം പുലർച്ച മൂന്നുമണിയായി. മണ്ണെണ്ണവിളക്കാരോ ഊതിയതുപോലെ ബ്ലാക്ക്ബെറിയുടെ പ്രകാശം അണഞ്ഞു. ഇളകുന്ന ശവപ്പറമ്പിനുതാഴെ ജന്മാന്തരങ്ങളായി നൃത്തം ചെയ്യുകയായിരുന്ന ആത്മാക്കൾ ആലീസിനെ താങ്ങിനിർത്തി’.


Summary: 3AM, Malayalam Novel by Arun Prasad Reviewed by Rasheed K.


റെഷി.

കർഷകൻ. ഒരു സാധാരണക്കാരൻ്റെ വിചാരങ്ങൾ, മുസ്ലീം സമുദായത്തെക്കുറിച്ച് ചില പരാതികൾ, ഞങ്ങളും നിങ്ങളും ഉണ്ടാകുന്നത് (പഠനം), മരങ്ങളേ കിളികളേ മറ്റുളളവരേ (കവിത) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Comments