അദർ മേരി കംസ് ടു മി
(M)other Mary comes to me

‘‘അമ്മ അപരമായി മാറുന്ന വിപര്യയത്തെ മുൻനിർത്തിയുള്ള ആലോചകളാണ് ‘മദർ മേരി...’യിൽ അരുന്ധതി റോയിയെ നയിക്കുന്നത്‌. ഈ ആലോചനകൾ അതിന്റെ പ്രാഥമിക തലത്തിനപ്പുറം കടന്ന് സ്വന്തം ഉടലിന്റെ കെട്ടുറപ്പിനെക്കുറിച്ചും പ്രതിച്ഛായയുടെ തകർച്ചയെക്കുറിച്ചുമുള്ള വിഭ്രാമക ചിന്തകളായി മാറി ഗ്രന്ഥകാരിയെ പിടിച്ചുലക്കുന്നു’’- അരുന്ധതി റോയിയുടെ Mother Mary comes to me എന്ന ആത്മകഥയുടെ വേറിട്ടൊരു വായന. ഷിബു മുഹമ്മദ് എഴുതുന്നു.

മ്മ (mother) അപരമാണ് (other) എന്നത് ലക്കാനിയൻ മനോവിഞ്ജാനീയത്തിന്റെ പ്രാഥമീക തത്വങ്ങളിൽ ഒന്നാണ്‌. സ്‌നേഹപരിലാളനകൾകൊണ്ട് ശിശുവിനെ ചൂഴുന്ന അമ്മ പക്ഷെ ആ ഉഭയബന്ധത്തിനകത്ത് ഒതുങ്ങി നിൽക്കാതെ, അതിനു പുറത്തുള്ള മറ്റൊന്നിലേക്ക് (phallus) അനുരക്തയാവുന്നു. സാങ്കൽപികതയുടെ തലത്തിൽ (imaginary) നിൽക്കുമ്പോൾ മാത്രമാണ് പരിപൂർണ്ണമായ അർത്ഥത്തിൽ അമ്മ തനിക്കുമാത്രം സ്വന്തമാണ് എന്ന് ശിശുവിന് തോന്നുന്നത്‌. മറ്റൊരർത്ഥത്തിൽ അമ്മ തനിക്ക് സ്വന്തമാണ് എന്നത് ഒരുശൈശവ സങ്കൽപം മാത്രമാണ്‌.

അമ്മക്കും മകൾക്കുമിടയിലെ ഈഡിപ്പൽ സംഘർഷങ്ങൾ പ്രമേയമായി വരുന്ന അരുന്ധതി റോയിയുടെ ആത്മകഥ, Mother Mary comes to me, ലക്കാനിയൻ മനോവിഞ്ജാനീയത്തെ മുൻനിർത്തി വായിക്കുമ്പോൾ (M)other Mary comes to me എന്ന് തിരുത്തിയെഴുതാൻ നാം നിർബന്ധിതരായിത്തീരും.

മദർ (Mother), അദർ (Other) ആയി മാറുന്ന ഈ പ്രക്രിയ പക്ഷെ ഒരു വാക്കിലെ ആദ്യാക്ഷരം ബ്രാക്കറ്റിനുള്ളിൽ നിശ്ശബ്‌ദമാകുമ്പോൾ സംഭവിക്കുന്ന അർത്ഥവ്യത്യാസത്തെക്കുറിച്ചുള്ള ആലോചനയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സ്വാർത്ഥയായ അമ്മ, ധിക്കാരിയായ മകൾ, മദ്യപാനിയായ അച്ഛൻ, കുടുംബ കലഹം, വിവാഹബന്ധം വേർപിരിയൽ, സ്വത്തുതർക്കം, കേസ്‌, ഒളിച്ചോട്ടം, അവിഹിത ഗർഭവും അതിന്റെ അലസിപ്പിക്കലും, അസൂയ, കുശുമ്പ് എന്നിങ്ങനെ ഒരു ഫാമിലി മെലോഡ്രാമക്കുവേണ്ടിയുള്ള എല്ലാ ചേരുവകകളും അരുന്ധതി റോയിയുടെ ആത്മകഥാഖ്യാനത്തിലുണ്ട്‌.

ബാല്യ ‐ കൗമാര ‐ യൗവ്വനങ്ങളിലൂടെ ഏറെക്കുറെ ക്രമാനുഗതമായി വികസിക്കുന്ന ഒരു വ്യക്തിയുടെ ജീവിതപ്പാതയിലൂടെയുള്ള അനാസമായ യാത്ര സാധ്യമാക്കുന്ന യഥാതഥവും രേഖീയവുമായ ഒരു ആഖ്യാനഘടനയും ഈ പുസ്‌തകത്തിനുണ്ട്‌. കോട്ടയവും അയ്‌മനവും ആസാമും ബംഗാളും ഗോവയും ഡൽഹിയും അടങ്ങുന്ന തികച്ചും റിയലിസ്‌റ്റിക് ആയ ഒരു സമൂഹ / ദേശഘടനയാണ് ‘മദർ മേരി...’യുടെ പശ്‌ചാത്തലത്തിലുള്ളത്‌. പുസ്‌തകത്തിന് ഇതിനകംതന്നെ കൈവന്ന ജനപ്രിയതക്ക് കാരണവും ഈ ഘടകങ്ങളൊക്കെത്തന്നെയാണ്‌.

എന്നാൽ മകൾ ‐ അമ്മ എന്ന കേവല വിപരീതത്തിനപ്പുറം വിഷയി ‐ അപരം എന്ന വിപരീതത്തിൽ നിന്ന് വായിക്കുമ്പോൾ പുസ്‌തകം അതിന്റെ ബാഹ്യതലത്തിൽ നിലനിർത്തുവാൻ ശ്രമിക്കുന്ന നാടകീയത നഷ്‌ടപ്പെടുകയും ആഖ്യാനത്തിന്റെ രേഖീയത തകർന്നുപോവുകയും റിയലിസത്തിന്റെ പരിചിതത്വം ചില അപരിചിതത്വങ്ങൾക്ക് വഴിമാറുകയും ചെയ്യും.

ഫെദറിഗോ ഫെല്ലിനിയുടെ സിനിമകൾ ആദ്യം കണ്ടപ്പോൾ അദ്ദേഹം ഒരു സോഷ്യൽ റിയലിസ്‌റ്റാണെന്ന് തെറ്റിദ്ധരിച്ചതിന് തന്നോട് ക്ഷമിക്കണമെന്ന് പുസ്‌തകത്തിലൊരിടത്ത് അരുന്ധതി റോയി പറയുന്നുണ്ട്‌. ഫെല്ലിനിയെക്കുറിച്ച് അരുന്ധതിക്കുണ്ടായ തെറ്റിദ്ധാരണ അവരുടെ പുസ്‌തകത്തെക്കുറിച്ച് വായനക്കാർക്കും ഉണ്ടാവുന്നുണ്ട്‌. ‘മദർ മേരി...’യിൽ ഗ്രന്ഥകാരി പറയുന്ന ജീവിതകഥ റിയലിസ്‌റ്റിക് ആണെന്ന് തെറ്റിദ്ധരിക്കുന്ന വായനക്കാർ അതിൽ ഫെല്ലിനിയൻ വിഭ്രാമകതകൾ മറഞ്ഞുകിടക്കുന്നുണ്ടെന്ന കാര്യം കാണാതെ പോകുന്നു.

ബാല്യ ‐ കൗമാര ‐ യൗവ്വനങ്ങളിലൂടെ ഏറെക്കുറെ ക്രമാനുഗതമായി വികസിക്കുന്ന ഒരു വ്യക്തിയുടെ   ജീവിതപ്പാതയിലൂടെയുള്ള അനാസമായ യാത്ര സാധ്യമാക്കുന്ന യഥാതഥവും രേഖീയവുമായ ഒരു ആഖ്യാനഘടനയും ഈ പുസ്‌തകത്തിനുണ്ട്‌.
ബാല്യ ‐ കൗമാര ‐ യൗവ്വനങ്ങളിലൂടെ ഏറെക്കുറെ ക്രമാനുഗതമായി വികസിക്കുന്ന ഒരു വ്യക്തിയുടെ ജീവിതപ്പാതയിലൂടെയുള്ള അനാസമായ യാത്ര സാധ്യമാക്കുന്ന യഥാതഥവും രേഖീയവുമായ ഒരു ആഖ്യാനഘടനയും ഈ പുസ്‌തകത്തിനുണ്ട്‌.

അമ്മ എക്കാലവും തനിക്ക്‌ സ്വന്തമായിരിക്കുമെന്ന ‘ഇമേജിനറി രജിസ്‌റ്ററി’ൽ നിന്നുകൊണ്ടാണ് ‘മദർ മേരി കംസ് ടു മീ...’ എന്ന് പോൾ മക്കാർത്തിനി പാടുന്നത്‌. എന്നാൽ ഇത്തരമൊരു ‘സാങ്കൽപിക’ത്തിൽ നിന്നുകൊണ്ടല്ല അരുന്ധതി റോയി തന്റെ ആത്മകഥ പറയുന്നത്‌. ഇവിടെ അമ്മ ‘സ്വന്ത’മല്ല. അമ്മ അപരമായി മാറുന്ന വിപര്യയത്തെ മുൻനിർത്തിയുള്ള ആലോചകളാണ് ‘മദർ മേരി...’യിൽ അരുന്ധതി റോയിയെ നയിക്കുന്നത്‌. ഈ ആലോചനകൾ അതിന്റെ പ്രാഥമിക തലത്തിനപ്പുറം കടന്ന് സ്വന്തം ഉടലിന്റെ കെട്ടുറപ്പിനെക്കുറിച്ചും പ്രതിച്ഛായയുടെ തകർച്ചയെക്കുറിച്ചുമുള്ള വിഭ്രാമക ചിന്തകളായി മാറി ഗ്രന്ഥകാരിയെ പിടിച്ചുലയ്ക്കുന്നു.

അമ്മ ‘‘മൂർഛയേറിയ കത്രികകൊണ്ട് ഒരു ചിത്രപ്പുസ്‌തകത്തിൽ നിന്നെന്നവണ്ണം എന്നെ ‐ എന്റെ രൂപത്തെ ‐ വെട്ടിയെടുക്കുകയും കീറിക്കളയും ചെയ്‌തു’’ (പേജ് 22) എന്ന് അരുന്ധതി റോയി പറയുന്നുണ്ട്‌. മേരി റോയി കത്രിക കൊണ്ട് മകളുടെ പ്രതിരൂപത്തെ വെട്ടിമുറിച്ച് നശിപ്പിക്കുകയാണ്‌. അമ്മക്കും മകൾക്കുമിടയിലെ ഈഡിപ്പൽ സംഘർഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്ന സന്ദർഭങ്ങളിൽ ഒന്നാണിത്‌. മേരീമാതാവ് അപരയായി മാറി മകളെ ഇവിടെ പ്രതീകാത്മകമായി കാസ്‌ട്രേറ്റ് ചെയ്യുന്നു. തന്നോട് വഴക്കടിക്കുമ്പോൾ കോപം തീർക്കാനായി അമ്മ തന്റെ ചേഷ്‌ടകൾ പരിഹാസരൂപേണ അനുകരിച്ചു കാണിക്കാറുള്ള സന്ദർഭങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മാഞ്ഞുപോകാതെ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടെന്ന് അരുന്ധതി റോയി എഴുതുന്നു.

മേരി റോയ് നല്ലൊരു മിമിക് കൂടിയായിരുന്നു. അവജ്ഞയുടെയും ലജ്ജയുടേയും പടുകുഴിയിലേക്ക് തന്നെ തള്ളിയിടാനാണ് തന്റെ സംസാരരീതികളെയും വസ്‌ത്രധാരണത്തെയും അമ്മ വികൃതമായി അനുകരിക്കുന്നത് എന്ന് മകൾക്ക് അറിയാമായിരുന്നു. അമ്മ എന്ന കണ്ണാടിയിൽ പ്രതിഫലിക്കുന്ന പ്രതിഛായയുടെ ആവാഹനത്തിലൂടെ ഉടലിനെ രൂപപ്പെടുത്തുന്ന ശൈശവപ്രകൃയയാണ് ലക്കാനിയൻ ദർപ്പണ ഘട്ടം (mirror stage). അപൂർണ്ണതയിൽ നിലച്ചുപോവുകയോ പരിപൂർണ്ണമായി തകർന്നുപോവുകയോ ചെയ്‌ത ഈ ദർപ്പണ ഘട്ടത്തെ മുൻനിർത്തിയുള്ള, നാർസിസിസ്‌റ്റിക് ആയ ഒരു ലക്കാനിയൻ ശിശുവിന്റെ നിലവിളിയാണ് അരുന്ധതി റോയിയുടെ പുസ്‌തകത്തിൽ നിന്നും മുഴങ്ങുന്നത്‌. അമ്മ തന്നെ അനുകരിക്കുമ്പോൾ, അഥവാ അമ്മയിലൂടെ താൻ പ്രതിഫലിക്കപ്പെടുമ്പോൾ അത് തന്റെ പ്രതിഛായയുടെ തകർച്ചയിൽ കലാശിക്കുന്ന വൈപരീത്യത്തിലൂടെ ഗ്രന്ഥകാരി കടന്നുപോവുന്നു. അമ്മ അപരമാവുമ്പോൾ സംഭവിക്കുന്ന മനോവിജ്ഞാനീയപരമായ വിപര്യയമാണിത്‌.

അമ്മ തന്നെ അനുകരിക്കുന്ന നിമിഷം ‘‘എന്റെ ചർമ്മത്തിനകത്തിരുന്ന് ചുക്കിച്ചുളിഞ്ഞ്‌’’ താൻ ഇല്ലാതായിത്തീരുന്നതായും ‘‘ജലം പോലെ എന്നിൽ നിന്ന് ഞാൻ ചോർന്ന് പോവുകയും പരിപൂർണ്ണമായി അപ്രത്യക്ഷമാവുകയും ചെയ്യുന്നതായും’’ അരുന്ധതി റോയി പറയുന്നു. അപകടങ്ങൾ പതിയിരിക്കുന്ന ആ ഇടത്തിലൂടെ ഭൂപടത്തിന്റെ സഹായമില്ലാതെ തനിക്ക് യാത്രചെയ്യേണ്ടിവന്നു എന്നുപറഞ്ഞതിനുശേഷം അവർ ഇങ്ങനെ എഴുതുന്നു:

‘‘എന്റെ വിരലുകളും കാൽപാദങ്ങളും, ചിലനേരങ്ങളിൽ എന്റെ ശിരസ്സ് പോലും, ചിതറിത്തെറിക്കുകയും കുറച്ചുനേരം പിടുത്തംവിട്ട് ചുറ്റുപാടും ഒഴുകി നടന്നതിന് ശേഷം മാന്ത്രികവിദ്യയിലെന്ന വണ്ണം അവ കൂടിച്ചേർന്ന് പൂർവ്വസ്ഥിതിപ്രാപിക്കുകയും ചെയ്യും.’’

അവയവങ്ങൾ ഉടലിൽ നിന്നു വേർപെട്ട് നിൽക്കുകയും ചിന്നിച്ചിതറുകയും ചെയ്യുന്ന ഈ അവസ്ഥ ദർപ്പണപൂർവ്വ ഘട്ടത്തിലെ വിഷയിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കാണ്‌. ഏകോപിതമല്ലാത്ത അവയവങ്ങളുടെയും സ്വേഛാചാരികളായ ചോദനകളുടെയും അരാചകമായ ഇന്ദ്രിയങ്ങളുടെയും കുത്തഴിഞ്ഞ സമാഹാരമെന്ന നിലയിലുള്ള ഒരു ജീവിതം ഉടലിനുണ്ട്‌. ഈ ഘട്ടത്തിൽ വിഷയിക്ക് നിയതമായ അതിരുകൾ ഉണ്ടാവില്ല. ദർപ്പണപൂർവ്വഘട്ടത്തിൽ ഉടലിന്റെ പരിധികൾ മറന്നുകൊണ്ട് അവയവങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാം. ‘‘എന്റെ ശ്വാസംകോശം എനിക്ക് പുറത്തുകടന്ന് അമ്മയുടെ ഉടലിൽ പ്രവേശിക്കുകയും അവിടെ ഇരുന്ന് കൊണ്ട് അത് അമ്മക്കുവേണ്ടി ശ്വസിക്കുകയും ചെയ്‌തു’’ എന്നത് ‘മദർ മേരി’യിൽ ആവർത്തിച്ചുവരുന്ന ഒരു വിചിത്ര ഭാവനയാണ്‌.
‘‘I will breath for you, mama’’ എന്ന് പറയുന്ന കുട്ടി ഒരുവശത്ത് അമ്മയുടെ ഇഛാവസ്‌തുവായി (phallus) മാറാൻ ശ്രമിക്കുന്ന ശിശുവും മറുവശത്ത് സ്വന്തം ഉടലിന്റെ പരിധിക്ക് പുറത്തേക്ക് വ്യാപിക്കുവാൻ കഴിയുന്ന വിഷയിയുമാണ്‌. ‘‘എന്റെ ഹൃദയം പെരുവഴിയിലൂടെ സഞ്ചരിക്കുകയും പൊതുവിടങ്ങളിൽ അലഞ്ഞുതിരിയുകയും അപരിചിതമായ ഇടങ്ങളിൽ ചുറ്റിത്തിരിയുകയും പൊതുവായ വിഷയങ്ങൾ അത്യധികം വ്യക്തിപരമായി ഏെറ്റടുക്കാൻ’’ തുടങ്ങുകയും ചെയ്‌തു എന്ന് അരുന്ധി റോയി എഴുതുന്നുണ്ട്‌.

ശരീരത്തിന്റെ ഇത്തരം സൂക്ഷ്‌മമായ ആയിത്തീരലുകൾ ‘മദർ മേരി..’യിൽ യാദൃച്ഛികമായി കടന്നുവരുന്ന ഒറ്റപ്പെട്ട സൂചനകളല്ല. നിയതമായ പരിധിയില്ലാത്തതും തുറന്നതും സുഷിരങ്ങളുള്ളതുമായ ഒരു ഉടലിന്റെ സജീവ സാന്നിധ്യം അരുന്ധതി റോയിയുടെ ആത്മകഥാഖ്യാനത്തെ നിയന്ത്രിച്ചുകൊണ്ട് അതിന്റെ അധോതലങ്ങളിൽ നിലനിൽക്കുന്നുണ്ട്‌. സ്‌നേഹത്തിന്റെ പാരമ്യത്തിൽ പരസ്‌പരം കൂടിക്കുഴഞ്ഞു കിടക്കുന്ന അവയവങ്ങളുടെ സമാഹാരം (a mess of entangled limbs) എന്ന ഒരവസ്ഥസ്ഥയെക്കുറിച്ച് അരുന്ധതി റോയി വിവരിക്കുന്നുണ്ട് (പേജ് 194).

അമ്മ ‘‘മൂർഛയേറിയ കത്രികകൊണ്ട്  ഒരു ചിത്രപ്പുസ്‌തകത്തിൽ നിന്നെന്നവണ്ണം എന്നെ ‐ എന്റെ രൂപത്തെ ‐ വെട്ടിയെടുക്കുകയും കീറിക്കളയും ചെയ്‌തു’’ (പേജ് 22) എന്ന് അരുന്ധതി റോയി പറയുന്നുണ്ട്‌. മേരി റോയി കത്രിക കൊണ്ട് മകളുടെ പ്രതിരൂപത്തെ വെട്ടിമുറിച്ച് നശിപ്പിക്കുകയാണ്‌.
അമ്മ ‘‘മൂർഛയേറിയ കത്രികകൊണ്ട് ഒരു ചിത്രപ്പുസ്‌തകത്തിൽ നിന്നെന്നവണ്ണം എന്നെ ‐ എന്റെ രൂപത്തെ ‐ വെട്ടിയെടുക്കുകയും കീറിക്കളയും ചെയ്‌തു’’ (പേജ് 22) എന്ന് അരുന്ധതി റോയി പറയുന്നുണ്ട്‌. മേരി റോയി കത്രിക കൊണ്ട് മകളുടെ പ്രതിരൂപത്തെ വെട്ടിമുറിച്ച് നശിപ്പിക്കുകയാണ്‌.

ഉടലിന്റെ പരിധികൾ ലംഘിച്ച് ഇടകലരുന്ന അവയവങ്ങളുടെ ഈ കൊളാഷ് അമ്മക്കെത്തിരായ ഈഡിപ്പൽ കലഹത്തിന്റെ ഭാഗമായാണ് ഗ്രന്ഥകാരി വികസിപ്പിച്ചെടുക്കുന്നത് (‘‘...as a reaction to Mrs. Roy's physical coldness with me’’). തുടക്കത്തിൽ അമ്മ എന്ന അപരത്തിന്റെ പ്രഹരത്തിൽ ഉടഞ്ഞുചിതറുന്ന ഉടലിന്റെ ചീളുകളെ (അഥവാ പരാജയപ്പെട്ട ദർപ്പണഘട്ടത്തിന്റെ വിപര്യയങ്ങളെ) പിന്നീട് അമ്മ എന്ന സ്ഥാപനത്തിനെതിരായ കലഹത്തിനുള്ള ഉപകരണമായി മകൾ ഉപയോഗപ്പെടുത്തുന്നു. തന്റെ അമ്മ അടഞ്ഞ ശരീരത്തിന്റെ ഉടമയാണ് എന്ന് അരുന്ധതി റോയ് ഈ പുസ്‌തകത്തിൽ ആവർത്തിച്ചു പറയുന്നുണ്ട്‌. ഇതിനെതിരെ അവർ ജീവിതത്തിലുടനീളം തന്റെ ശരീരത്തെ തുറന്നുവെക്കുന്നു. മനോ‐ ലൈംഗിക വികാസത്തിൽ സംഭവിക്കുന്ന ചില ഫ്രോയിഡിയൻ ഫിക്‌സേഷനുകളാണ് അരുന്ധതി റോയിയെ ഇതിന് പ്രാപ്‌തമാക്കുന്നത്‌.

1976-ൽ ഡൽഹിയിലെത്തുമ്പോൾ സ്വരക്ഷക്കായി തന്റെ ബാഗിൽ ഒരു കത്തി കരുതിയിരുന്നു എന്നും പിന്നീട് കത്തി കൈമാറ്റം ചെയ്‌ത് ഹഷീഷ് വാങ്ങി എന്നും അരുന്ധതി റോയ് എഴുതുന്നുണ്ട്‌. കത്തിയിൽ നിന്നും ഹഷീഷിലേക്കുള്ള പരിവർത്തനം കേവലമൊരു ദുശ്ശീലത്തിന്റെ പ്രശ്‌നത്തിനപ്പുറം ആഖ്യാനത്തിന്റെ രേഖീയതയിലുള്ള ശരീരത്തിന്റെ ഇടപെടലായിട്ടാണ് വിലയിരുത്തേണ്ടത്‌. ഈ മാറ്റത്തിനകത്ത് മനോലൈംഗികമായ ( psycho ‐ sexual) ഒരു തലം ‐ ഒരു ഫ്രോയിഡിയൻ ഫിക്‌സേഷൻ ‐ ഉണ്ട്‌. ശരീരത്തിന്റെ സമഗ്രമായ ഇമേജിനെ അവഗണിച്ചുകൊണ്ട് അതിനുള്ളിലെ സവിശേഷമായ ഒരു ഭാഗത്തെ അഥവാ ഒരു കാമോത്തേജക മേഖലയെ ( erogenous zone ) ഉയർത്തിയെടുക്കുകയാണ് ഇവിടെ ആഖ്യാതാവ്‌. ദൽഹിയിലെത്തി രണ്ട് വർഷത്തിനുള്ളിൽ താൻ നല്ലൊരു ലഹരിപ്പുകവലിക്കാരിയായി മാറുന്നതായി അരുന്ധതി റോയി പറയുന്നു. ദൽഹി സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിലെ വാച്ച്‌മേനും സുഹൃത്തുമായ ബഹാദൂർ പിന്നീടൊരിക്കൽ കണ്ടപ്പോൾ തനിക്ക് മരിജുവാന നൽകിയ കാര്യം അരുന്ധതി ഓർമ്മിക്കുന്നു. കൂടാതെ അദ്ദേഹം മണ്ണിനടിയിൽ കുപ്പിയിലാക്കി കുഴിച്ചിട്ട് വീര്യപ്പെടുത്തിയ മദ്യം കുടിക്കാൻ കൊടുക്കുകയും ചെയ്‌തു. ഒരു ദിവസം ഒന്ന് എന്ന മട്ടിൽ തുടങ്ങിയ പുകവലി പിന്നീട് രണ്ടാവുകയും ആഴ്‌ചയിൽ അത് 40 ആയി ഉയരുകയും ചെയ്തതായി മറ്റൊരിടത്ത് അരുന്ധതി റോയി പറയുന്നു. ഇത് കൂടാതെ വിവിധ തരത്തിലുള്ള മദ്യവും അവർക്ക് ശീലമാവുന്നു. ഇത്തരത്തിൽ ഗ്രന്ഥകാരിയുടെ മനോലൈംഗിക വികാസത്തിൽ ഓറൽ ഫിക്‌സേഷനുള്ള പ്രാധാന്യം മനസ്സിലാക്കിയിട്ടാവണം ‘മദർ മേരി...’യുടെ കവർ ചിത്രത്തിൽ സിഗരറ്റ് വലിക്കുന്ന ചെറുപ്പകാലത്തുള്ള അവരുടെ ഫോട്ടോ ഉൾപ്പെടുത്തിയത്‌.

ചുണ്ടും നാവും പല്ലുകളും ഉപയോഗിച്ച് ലോകത്തെ അറിയാനുള്ള ഈ അഭിവാഞ്ഛ അതിന്റെ പാരമ്യത്തിലെത്തുന്നത് ഭാഷയോട് പിൽക്കാലത്ത് ഗ്രന്ഥകാരി വികസിപ്പിച്ചെടുക്കുന്ന സവിശേഷമായസമീപനത്തിലാണ്‌. വേട്ടയാടിപ്പിടിച്ച് ഭക്ഷിക്കേണ്ട ഒരു മൃഗമാണ്‌ ഭാഷ എന്ന് അരുന്ധതി റോയി എഴുതുന്നു:

‘‘ ഒരു ഇരയെ എന്നതുപോലെ എനിക്ക് അതിനെ (ഭാഷയെ) വേട്ടയാടി പിടിക്കേണ്ടതുണ്ടായിരുന്നു. എന്നിട്ട് അതിന്റെ വയറ് കീറി കുടലെടുത്ത് കളഞ്ഞ് അതിനെ ഭക്ഷിക്കുവാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ ചെയ്‌തപ്പോൾ ഭാഷ, എന്റെ ഭാഷ, എന്റെ ശരീരത്തിലെ രക്തത്തിന്റെ പ്രവാഹത്തെ അനായാസമാക്കിത്തീർക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ കാട്ടിലെ നിയമം ഒരിക്കലും അഹിംസാവാദപരമോ സസ്യഭോജനപരമോ ആയിരുന്നില്ല. വരകളും പുള്ളികളുമുള്ള ഭാഷയുടെ മൃഗം പുറത്തെവിടെയോ ഞാൻ എന്ന വേട്ടക്കാരിയെ കാത്ത് പുല്ലുമേഞ്ഞ് നടക്കുന്നുണ്ടായിരുന്നു’’ (പേജ് 145).

ഭാഷയുടെ മൃഗത്തെ താൻ വേട്ടയാടിപ്പിടിച്ചു എന്നും കുടലുകൾ എടുത്ത് കളഞ്ഞ് അതിന്റെ മാംസം ഭക്ഷിക്കുകയും ചോര കുടിക്കുകയും ചെയ്‌തു എന്നും അരുന്ധതി റോയി ഇതിനുപിന്നാലെ മറ്റൊരിടത്ത് പറയുന്നുണ്ട് (പേജ് 215). വസ്‌തുക്കളെ കൊന്നുകൊണ്ടാണ് വാക്കുകൾ ( ഭാഷ) രംഗപ്രവേശനം ചെയ്യുന്നത് എന്ന് ലക്കാൻ എഴുതുന്നുണ്ട്‌. അരുന്ധതി റോയി വാക്കുകളെ കൊന്നുകൊണ്ട് വസ്‌തുക്കളിലേക്ക് തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നത്‌. ഭാഷ എന്ന മാധ്യമത്തിലൂടെ വസ്‌തുക്കളെ കാണുവാനും മണത്തുനോക്കുവാനും സ്‌പർശിക്കുവാനും കഴിയുമ്പോഴാണ് താൻ ഒരു എഴുത്തുകാരി ആവുകയെന്ന് അവർ പറയുന്നു. വായയിലൂടെ ഭാഷയെ അറിയാനുള്ള ശ്രമം ഈ ലക്ഷ്യപ്രാപ്‌തിക്ക് തന്നെ സഹായിക്കുമെന്ന് അവർ വിശ്വസിച്ചു.

മുതിർന്ന പെൺകുട്ടികളെ അവരുടെ ബ്രായുടെയും മാറിടത്തിന്റെയും പേരിൽ പരിഹസിച്ച തന്റെ സ്‌കൂളിലെ ചില ആൺകുട്ടികളെ മേരി റോയി കൈകാര്യം ചെയ്ത വിധത്തെക്കുറിച്ച് പുസ്‌തകത്തിന്റെ ആദ്യഭാഗത്ത് അരുന്ധതിറോയി വിവരിക്കുന്നുണ്ട്‌. കുറ്റക്കാരുടെ കൂട്ടത്തിലുള്ള രണ്ട് ആൺകുട്ടികളോട് മുറിയിലെ അലമാരയിലുള്ള തന്റെ ബ്രാ എടുത്തുകൊണ്ട് വരാൻ പറഞ്ഞ മേരി റോയി അത് കയ്യിൽ പിടിച്ച നിലയിൽ തന്നെ അവരെ സ്‌കൂൾ അസംബ്ലിയിൽ കൊണ്ടുവന്ന് നിർത്തുകയും ഒരു അടിവസ്‌ത്രം എന്ന നിലയിലുള്ള അതിന്റെ ഉപയോഗമൂല്യത്തെക്കുറിച്ചും സ്വാഭാവികതയെക്കുറിച്ചും വിവരിക്കുകയും ചെയ്‌തു. സ്വന്തം ഈഗോയുടെ പടച്ചട്ട ആയിരുന്നു മേരി റോയിയെ സംബന്ധിച്ച് അവരുടെ ബ്രാ. അതേസമയം ആൺകുട്ടികൾ അമ്മയുടെ ബ്രാ കയ്യിൽ പിടിച്ചുനിൽക്കുന്ന കാഴ്‌ചയിലെ സർറിയലിസമാണ് അരുന്ധതി റോയ് ആസ്വദിക്കുന്നത്‌. സ്‌കൂൾ അസംബ്ലിയിൽ അരങ്ങറേിയ വിചിത്രമായ ഈ രംഗത്തുനിന്നും ഫെദറിഗോ ഫെല്ലിനിയിലേക്കാണ് ഗ്രന്ഥകാരി കട്ട് ചെയ്യുന്നത്‌.

ഇറ്റലിയിലെ ഫെരാര തെരുവിൽ മേരി റോയിക്ക് ഇണങ്ങിയ 44DD ബ്രാ വാങ്ങാൻ വിഖ്യാത ചിന്തകൻ ജോൺ ബർജ്ജറോടൊപ്പം പോയ കഥ പുസ്‌തകത്തിന്റെ അവസാന ഭാഗത്തായി അരുന്ധതി റോയി വിശദീകരിക്കുന്നുണ്ട്‌. ഓരോ ഷോപ്പിലും കയറി ‘‘Excuse me, could you show us what you have in size 44 DD?’’ എന്ന് ചോദിച്ച് അമ്മയുടെ അടിവസ്‌ത്രം വാങ്ങാൻ തന്നെ സഹായിച്ച ജോൺ ബർജ്ജറെ തികഞ്ഞ സ്‌നേഹാതിരേകത്തോടെയാണ് നോക്കിനിന്നത് എന്ന് അരുന്ധതി റോയ് പറയുന്നു.

‘‘ബ്രായുടെ കാര്യത്തിൽ എനിക്ക് പ്രത്യേകമായ സന്തോഷമുണ്ട്‌’’ എന്ന് പറയുന്ന ഗ്രന്ഥകാരിക്ക് ആ അടിവസ്‌ത്രം അധീശത്വവാഞ്ഛയുള്ള ഒരു സ്‌ത്രീയുടെ ആത്മബോധത്തിന്റെ കവചമോ മാറുമറക്കൽ സമരത്തിലെന്നതുപോലെ ഒരു രാഷ്‌ട്രീയ ആയുധമോ ആയിരുന്നില്ല; മറിച്ച് അമ്മയുടെ സ്‌തനങ്ങളെക്കുറിച്ചുള്ള ശൈശവസ്‌മരണയിലേക്ക് തന്നെ ആനയിക്കുന്ന ഒരു ഓറൽ ഫെറ്റിഷ് ആയിരുന്നു. അസുഖത്തെ തുടർന്ന് ശയ്യാവലംബിയായിത്തീർന്ന മേരി റോയിയെ പരിചാരികമാർ കുളിപ്പിക്കുമ്പോൾ അനാവൃതമാവുന്ന അവരുടെ മാറിടത്തെ ശിശുസഹജമായ സ്‌നേഹാതിരേകത്തോടെ നോക്കി നിൽക്കുന്ന മകളെ ‘മദർ മേരി....’യിൽ നമുക്ക് കാണാം:

  അരുന്ധതി റോയി  ജോൺ ബർജ്ജറോടൊപ്പം
അരുന്ധതി റോയി ജോൺ ബർജ്ജറോടൊപ്പം

Mrs Roy’s morning bath and post- bath grooming had become an elaborate affair. Jessie, Reena, Indira and Annamma knew her body perhaps better than they knew their own. They knew how to... lift her breasts and soap underneath them, how not to lift her arms higher than shoulder level’’ ( page 352).

അരുന്ധതി റോയിയുടെ വ്യക്തിത്വത്തിൽ എക്കാലവും പ്രബലമായി നിലനിന്ന ഓറൽ ഫിക്‌സേഷന്റെ വേരുകൾ ശൈശവത്തിൽ തന്നിൽ നിന്നും വിഛേദിക്കപ്പെട്ട അമ്മയുടെ മാറിടങ്ങളിലേക്കാണ് നീണ്ടു കിടക്കുന്നത്‌. ബീഡിയും സിഗരറ്റും മദ്യവും മുതൽ മേരി റോയിയുടെ ബ്രാ വരെ ഇതിന്റെ രൂപാന്തരങ്ങളാണ്‌.

വിസർജ്ജനം എന്നത് ‘മദർ മേരി...’ യിൽ ആവർത്തിച്ചുവരുന്ന അനുഭൂതിപരമായ ഒരു പ്രമേയമാണ്‌. ഓറൽ ഫിക്‌സേഷൻ എന്നതുപോലെ ഈ പ്രമേയവും ഉടലിനെ അതിന്റെ പ്രതിഛായാപരമായ സമഗ്രതയിൽ നിന്നും ഒരു ഇറോജനസ് സോണിന്റെ വസ്‌തുനിഷ്‌ഠമായ സവിശേഷതയിലേക്ക് ശിഥിലമാക്കുന്നുണ്ട്‌. കോട്ടയത്തെ സ്‌റ്റാർ തീയറ്ററിൽ സിനിമ കാണാൻ വരുന്നവർക്കൊപ്പമുള്ള കൊച്ചുകുട്ടികൾ തീയറ്ററിനുള്ളിലെ കസേരകൾക്കിടയിലുള്ള സ്ഥലത്തിരുന്ന് മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് അരുന്ധതി റോയി എഴുതുന്നുണ്ട്‌. പുരുഷന്മാർ തീയറ്ററിനോട് ചേർന്ന് കിടക്കുന്ന ചീഞ്ഞുനാറുന്ന ഇടവഴിയിലാണ് മൂത്രമൊഴിക്കുക. സ്‌ത്രീകൾക്കാകട്ടെ ടോയ്‌ലറ്റോ ഇടവഴികളൊ ഇല്ല. അവർ വീട്ടിലെത്തുന്നതുവരെ അത് പിടിച്ചു വെക്കണം. പിന്നീട് ദൽഹിയിലായിരിക്കുമ്പോൾ കൂട്ടുകാരോപ്പം സിനിമ കണ്ട് മടങ്ങും വഴി കോട്ടയത്തെ സിനിമാപ്രേമികളായ പുരുഷന്മാർക്ക് അഭിവാദ്യമർപ്പിച്ച് തുറന്ന സ്ഥലത്ത് മൂത്രമൊഴിച്ചതിനെക്കുറിച്ച് പറയുന്നുണ്ട് അരുന്ധതി റോയി. ദൽഹിയിലെ അർച്ചനാ തീയറ്ററിൽ നിന്നും തൊട്ടടുത്ത ബസ്‌റ്റോപ്പിലേക്ക് നടക്കവെ വഴിയരികിൽ കാണുന്ന ധനികന്റെ പുൽത്തകിടിയിൽ അവർ മൂത്രവിസർജ്ജനത്തിനുള്ള ഇടം കണ്ടെത്തി. ദില്ലി സ്‌കൂൾ ഓഫ് ആർകിടെക്‌ചറിന്റെ ക്യാംപസിലുള്ള സ്‌റ്റോർറൂമിൽ തന്റെ കാമുകനായ സഹപാഠിയോടൊപ്പം കഴിച്ചുകൂട്ടിയ രാത്രികളിൽ താൻ ഉപയോഗിച്ചത് പുരുഷന്മാരുടെ ടോയ്‌ലറ്റ് ആണെന്ന് അരുന്ധതി പറയുന്നു.

‘‘യൂറിനലുകളിൽ ആരും സിഗരറ്റ് കുറ്റികൾ ഇടരുത്‌, എന്തുകൊണ്ടെന്നാൽ അവ നനഞ്ഞുകുതിരുകയും കത്തിക്കാൻ പ്രയാസമാവുകയും ചെയ്യും’’ എന്ന് ടോയ്‌ലറ്റിനടുത്തുള്ള ചുവരിൽ ആരോ എഴുതിവെച്ചത് പുസത്‌കത്തിൽ ഗ്രന്ഥകാരി ഉദ്ധരിച്ച് ചേർക്കുന്നുമുണ്ട്‌. (സിഗരറ്റും യൂറിനലും അഥവാ ചുണ്ടും മൂത്രനാളവും കൂടിച്ചേരുന്ന അനുഭൂതികളുടെ ഇത്തരം കൊളാഷുകൾ അരുന്ധതി റോയ് പുനരാവിഷ്‌കരിക്കുന്നത് സംഭവപരമ്പരകളുടെ രേഖീയമായ കാലക്രമത്തെ തകർക്കുവാൻ വേണ്ടിയാണ്‌.

രുചിയും ഗന്ധവും ലൈംഗികതയും കൂടിച്ചേരുന്ന മറ്റൊരു കൊളാഷ് ‘മദർ മേരി..’യിൽ ഉണ്ട് ( പേജ് 167). ജീവിതത്തിലാദ്യമായി ഉണ്ടായ ലൈംഗികാനുഭൂതിയെ അരുന്ധതി റോയി വിവരിക്കുന്നത്, ‘‘എന്റെ തലച്ചോറും എന്റെ ഹൃദയവും എന്റെ ആത്മാവും എന്റെ നാഭിദേശത്ത് ഒത്തുചേർന്നു’’ എന്ന കൊളാഷിലൂടെയാണ്. വർഷങ്ങൾ നീണ്ട വേർപാടിനുശേഷം അച്ഛൻ രജിബ് റോയി (മിക്കി റോയി )യുമായുള്ള പുനഃസമാഗമവേളയിലും മൂത്രം കടന്നുവരുന്നുണ്ട്‌. ‘Mama bear, Pappa Bear’ എന്ന അധ്യായത്തിൽ അരുന്ധതി റോയി എഴുതുന്നു:

‘‘(ബാത്ത് റൂമിൽ നിന്ന്) അദ്ദേഹം പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ പാന്റിന്റെ കാലുകൾ ചേരുന്ന ഭാഗത്ത് നനവിന്റെ പാട് പടരുന്നുണ്ടായിരുന്നു...

‘ഹേയ്‌... നിങ്ങൾ പാന്റിൽ മൂത്രമൊഴിച്ചു’.

മിക്കി തന്റെ മൂത്രനാളത്തിന്റെ ഭാഗത്തേക്ക് നോക്കി പ്രത്യേക തരത്തിൽ ചിരിച്ചു. അതിനുശേഷം മൂത്രം അത് വന്ന സ്ഥലത്തേക്കുതന്നെ തിരിച്ചുപോകുമെന്ന് കരുതിയിട്ടെന്ന വണ്ണം കിടക്കയിൽ നിവർന്നുകിടന്ന് കാലുകൾ മേലോട്ട് ഉയർത്തിപ്പിടിച്ചു...’’

ഇത്തരത്തിൽ അസന്തുലിതവും ക്രമരഹിതവും തുറന്നതും തുളകൾ വീണതും അതിരുകളില്ലാത്തതുമായ ഉടലിന്റെ ആയിത്തീരൽ ‘മദർ മേരി...’യിൽ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് സ്ഥലകാലങ്ങളെ സംബന്ധിച്ച് വിഭിന്നമായ ഒരു സമീപനം വികസിപ്പിച്ചെടുത്തുകൊണ്ടാണ്‌. ഇടുങ്ങിയതും അലങ്കോലപ്പെട്ടതും മിക്കപ്പോഴും ബാഹ്യലോകത്തേക്ക് തുറന്നുകിടക്കുന്നതും ആദർശാത്മക ഗാർഹികതയുടെ സദാചാരയുക്തികളിൽ നിന്നും വിഭിന്നവുമായ വസ്‌തു വിന്യാസങ്ങളോടും ഇടങ്ങളോടും അരുന്ധതിറോയി സവിശേഷമായ ഒരു ആഭിമുഖ്യം വെച്ചുപുലർത്തുന്നതായി ഈ പുസ്‌തകത്തിലൂടെ കടന്നുപോകുമ്പോൾ നമുക്ക് കാണാം. നിയതമായ ഒരു പ്രതിച്ഛായയുടെ അഭാവത്തിൽ വിഷയി അതിജീവനത്തിനായി കണ്ടെത്തുന്ന ഒരു മാർഗ്ഗമാണിത്‌. ചുറ്റുപാടുകളിലേക്ക് ചില്ലുപാത്രം പോലെ വീണ് ചിതറുന്ന ഉടലാണ് ക്രമരഹിതമായ വസ്‌തുക്കളും ഇടങ്ങളുമായി ‘മദർമേരി...’യിൽ പ്രത്യക്ഷപ്പെടുന്നത്‌.

ഊട്ടിയിൽ അമ്മയോടും സഹോദരനോടുമൊപ്പം താമസിച്ച മുത്തശ്ശന്റെ വകയിലുള്ള കോട്ടേജിനെക്കുറിച്ചുള്ള വിവരണങ്ങളിൽ ക്രമരഹിതവും ശിഥിലവുമായ ഇടങ്ങളോടും വസ്‌തുക്കളോടും ആഖ്യാതാവിനുള്ള സവിശേഷമായ ആഭിമുഖ്യത്തിന്റെ ലാഞ്ഛനകളുണ്ട്‌. കോട്ടേജിന്റെ അകം ഈർപ്പം പറ്റിനിൽക്കുന്നതും ഇരുണ്ടതുമായിരുന്നുവെന്നും ആസ്‌ബറ്റോസ് ഷീറ്റിട്ട മേൽക്കൂരക്ക് കീഴിൽ തറ പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്നുവെന്നും പറഞ്ഞിരിക്കുന്നു.
‘‘മരത്തിന്റെ കൂറ്റൻ പെട്ടികൾ കൂട്ടിയിട്ടിരിക്കുന്ന കോട്ടേജിനുള്ളിൽ അഭയാർത്ഥികളെപ്പോലെയാണ്‌’’ അവർ ജീവിച്ചത്‌. ആ പെട്ടികൾക്കകത്ത് സിൽക് ടൈകളും ഷേർടുകളും സ്യൂട്ടുകളും കുത്തിനിറച്ചിരിന്നു. മുറിക്കുള്ളിൽ നിന്നും കണ്ടുകിട്ടിയ പഴയ ബിസ്‌കറ്റ് ടിന്നിൽ നിറയെ കഫ്ലിംഗുകൾ ആയിരുന്നു’’.

പിൽക്കാലത്ത് സഹപാഠിയും കാമുകനുമായ ചെറുപ്പക്കാരനെ ആദ്യമായി കണ്ടുമുട്ടിയ രംഗത്തെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ഒഴിവാക്കാമായിരുന്നിട്ടും അയാൾ നടന്നുവരുന്നത് വസ്‌തുക്കളുടെ കൂനകൾ കുമിഞ്ഞു കിടക്കുന്ന വഴിയിലൂടെയാണ് എന്ന് പറഞ്ഞിരിക്കുന്നു. ദൽഹി സ്‌കൂൾ ഓഫ് ആർകിടെക്‌ചറിൽ പഠിക്കുമ്പോൾ രാത്രിയിൽ അരുന്ധതി റോയ് കാമുകനൊത്ത് കഴിഞ്ഞുകൂടിയത് ഡ്രോയിംഗ് ബോർഡുകളും ഡ്രാഫ്‌റ്റിംഗ് ടേബിളുകളും കൂട്ടിയിട്ട ക്യാപംസിനകത്ത് തന്നെയുള്ള മുറിയിലായിരുന്നു. പിൽക്കാലത്ത് ഫെറോസ് ഷാ കോട്‌ലയിലുള്ള കുടിലിലേക്ക് താമസം മാറ്റിയപ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ഏതോ വിദ്യാർത്ഥി പരീക്ഷക്കുവേണ്ടി ഉണ്ടാക്കിയ നഗരത്തിന്റെ മോഡൽ ക്യാംപസിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് അതിന് മുകളിലായിരുന്നു അരുന്ധതിയും കൂട്ടുകാരനും കിടന്നിരുന്നത്‌. മോഡലിന്റെ മുകളിൽ പായ വിരിക്കുന്നതിന് അതിനെ പൊതിഞ്ഞുനിന്ന പരുക്കൻ ഷീറ്റ് അടർത്തി മാറ്റുകയും മരങ്ങളുടെ രൂപങ്ങൾ പൊളിച്ചുകളയുകയും ചെയ്‌തതായും പറഞ്ഞിരിക്കുന്നു.

ഈ രീതിയിൽ ക്രമഭംഗം വന്ന ഇടങ്ങളെയും വസ്‌തുക്കളെയും അനുഭവത്തിലൂടെ ആശ്ലേഷിക്കുവാനുള്ള സന്നദ്ധത ഉണ്ടാവുന്നത് ‘മദർ മേരി’യിൽ ആഖ്യാതാവ് ആവർത്തിച്ചു പറയുന്ന ‘the safest place would become the most dangerous’ എന്ന കണ്ടെത്തലിൽ നിന്നാണ്‌.

പിൽക്കാലത്ത് ജീവിതപങ്കാളിയായി മാറിയ സുഹൃത്തിന്റെ ആഡംബരവീട്ടിൽ ആദ്യമായി കടന്നുചെല്ലുമ്പോൾ തനിക്കുണ്ടായ അസ്വസ്ഥതയെക്കുറിച്ച് അരുന്ധതി റോയി സുദീർഘമായി വിവരിക്കുന്നുണ്ട്‌. എല്ലാം തികഞ്ഞ, ലക്ഷണമൊത്ത ആ ഗാർഹിക പരിസരം (a picture of perfect domesticity) തനിക്ക് അന്യവും അപരിചിതവുമായാണ് അനുഭവപ്പെട്ടത് എന്ന് ഗ്രന്ഥകാരി പറയുന്നു.
‘‘ഒരു വ്യൂഫൈന്ററിലൂടെയെന്നവണ്ണമാണ് എനിക്ക് അവിടം കാണുവാൻ കഴിഞ്ഞത്‌. എന്നിൽ നിന്നും വളരെ അകലത്തിൽ നിലകൊള്ളുന്ന ഒരു ലോകം. ഭൗതികമായി ഞാൻ അവിടെ ആയിരുന്നുവെങ്കിലും ആ ലോകം എനിക്ക് സ്‌പർശവേദ്യമായിത്തോന്നിയില്ല. അധികനേരം എനിക്കവിടെ നിൽക്കുവാനായില്ല. തികച്ചും സാധാരണ മനുഷ്യരായ എന്റെ കൂട്ടുകാർ എന്നെ കാത്തിരിക്കുന്ന നിസാമുദ്ദീനിലുള്ള എന്റെ ലോകത്തേക്ക് തന്നെ ഞാൻ തിരിച്ചുപോയി...’’

പിന്നീട് കൂട്ടുകാരന്റെ അപ്പാർട്‌മെന്റിൽ ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ, ‘‘എന്റെ സാന്നിധ്യം പ്രത്യക്ഷമാകാത്ത ഒരു ചിത്രം പോലെയാണ്‌’’ അത് മനസിലേക്ക് കടന്നുവന്നത് എന്ന് ആഖ്യാതാവ് പറയുന്നു. ‘‘ഞാൻ ആ ചിത്രത്തിലേക്ക് പ്രവേശിക്കുന്ന മാത്രയിൽ എന്റെ വരവ് മുൻകൂട്ടി അറിഞ്ഞിട്ടെന്നവണ്ണം അതിന്റെ ക്യാൻവാസ് ശിഥിലമാവാനും പൊട്ടിച്ചിതറാനും തുടങ്ങി’’ എന്നും പറഞ്ഞിരിക്കുന്നു.

‘യൂറിനലുകളിൽ ആരും സിഗരറ്റ് കുറ്റികൾ ഇടരുത്‌, എന്തുകൊണ്ടെന്നാൽ അവ നനഞ്ഞുകുതിരുകയും കത്തിക്കാൻ പ്രയാസമാവുകയും ചെയ്യും’’ എന്ന് ടോയ്‌ലറ്റിനടുത്തുള്ള ചുവരിൽ ആരോ എഴുതിവെച്ചത് പുസത്‌കത്തിൽ ഗ്രന്ഥകാരി  ഉദ്ധരിച്ച് ചേർക്കുന്നുമുണ്ട്‌.
‘യൂറിനലുകളിൽ ആരും സിഗരറ്റ് കുറ്റികൾ ഇടരുത്‌, എന്തുകൊണ്ടെന്നാൽ അവ നനഞ്ഞുകുതിരുകയും കത്തിക്കാൻ പ്രയാസമാവുകയും ചെയ്യും’’ എന്ന് ടോയ്‌ലറ്റിനടുത്തുള്ള ചുവരിൽ ആരോ എഴുതിവെച്ചത് പുസത്‌കത്തിൽ ഗ്രന്ഥകാരി ഉദ്ധരിച്ച് ചേർക്കുന്നുമുണ്ട്‌.

യാഥാർത്ഥ്യത്തെ അതിന്റെ സമഗ്രതയിൽ അനുഭവിക്കാൻ വിഷയിയെ സജ്ജമാക്കുന്ന ദർപ്പണഘട്ടത്തിന്റെ അപര്യാപ്‌തത സുരക്ഷിതമായ ഇടങ്ങൾ സൃഷ്‌ടിക്കുന്ന പരിമിതികൾക്കെതിരായ ഒരു ആന്റി ഈഡിപ്പൽ മുന്നേറ്റമായി മാറുന്ന കാഴ്‌ചയാണ് നാമിവിടെ കാണുന്നത്‌. സമഗ്രതയുടെ ആധിപത്യം ആധിപത്യത്തിന്റെ സമഗ്രതയായി മാറുന്നതിനെക്കുറിച്ചാണ് അരുന്ധതി റോയി ഉത്‌കണ്്‌ഠപ്പെടുന്നത്‌. നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന സുഹൃത്തിന്റെ ചോദ്യത്തിന്, ‘‘...well… I am here now’’ എന്ന് അവർ മറുപടി പറയുന്നു. തന്റെ അസ്‌തിത്വത്തെ ‘ഇവിടെ, ഇപ്പോൾ’ എന്ന സ്ഥല‐കാലത്തിലേക്ക് ശിഥിലപ്പെടുത്തുകയാണ് ആഖ്യാതാവ്‌. സാമാന്യവൽക്കരണങ്ങൾക്കപ്പുറത്തുള്ള വിധ്വംസകമായ സവിശേഷതയായി വിഷയി ഇവിടെ രൂപാന്തരപ്പെടുന്നു. സമഗ്രതയെ അതിലംഘിച്ച് വേറിട്ട് നിൽക്കുന്ന ഒരു ഇടവും കാലത്തിന്റെ രേഖീയമായ ആദിമധ്യാന്തങ്ങളിൽ നിന്ന് നിരന്തരം സ്വയം വിഛേദിച്ചുകൊണ്ടിരിക്കുന്ന സമയത്തിന്റെ ഒരു ബിന്ദുവും അങ്ങനെ രൂപം കൊള്ളുന്നു.

ദില്ലി സ്‌കൂൾ ഓഫ് ആർകിടെക്‌ചറിൽ നിന്നും വാസ്‌തുവിദ്യയിൽ ബിരുദം നേടിയ ഒരാൾ തുറസ്സുകളോടും ക്രമം തെറ്റിയ വസ്‌തുക്കളോടും അനുരക്തയാവുക ‐ അരുന്ധതി റോയിയുടെ ജീവിതത്തിലെ ഏറ്റവും സർഗ്ഗാത്മകമായ വൈരുധ്യങ്ങളിൽ ഒന്നാണിത്‌. വസ്‌തുക്കളുടെ വിട്ടുവീഴ്‌ചയില്ലാത്ത ക്രമപ്പെടുത്തലുകളിലൂടെ സുരക്ഷിതമായ അകങ്ങൾ നിർമ്മിക്കുന്ന ആളാണ് പൊതുബോധത്തിലെ വാസ്‌തുശിൽപി. പക്ഷെ അരുന്ധതി റോയി തെരുവുകളോടും തുറസ്സുകളോടും അരക്ഷിതവും ഗാർഹികേതരവുമായ ഇടങ്ങളോടും അനുരക്തയായി. അത് ഒരേസമയം ‘ലിബിഡിനലും’ പൊളിറ്റിക്കലും ആയിരുന്നു. ദില്ലി സ്‌കൂൾ ഓഫ് ആർകിടെക്‌ചറിൽ അരുന്ധതി റോയി സമർപ്പിച്ച തിസീസ് തെരുവിനെക്കുറിച്ചുള്ളതായിരുന്നു. ആശുപത്രി, സിനിമാഹാൾ, ഓഫീസ് കോംപ്ലക്‌സ് തുടങ്ങിയ പതിവ് വാസ്‌തുശിൽപരൂപങ്ങളെ അവഗണിച്ചുകൊണ്ട് ‘‘പോസ്‌റ്റ് കൊളോണിയൽ അർബൻ ഡെവലപ്‌മെന്റ് ഇൻ ദൽഹി...’’ എന്ന പേരിലുള്ള തിസീസ് പ്രൊഫസർമാരെക്കൊണ്ട് സമ്മതിപ്പിക്കാൻ വളരെ പാടുപെടേണ്ടിവന്നു എന്ന് അരുന്ധതിറോയി എഴുതുന്നു.

വാസ്‌തുശിൽപകലയിലെ അരുന്ധതിറോയിയുടെ പ്രചോദനം ലാറി ബേക്കറായിരുന്നു. അദ്ദേഹമായിരുന്നു കോട്ടയത്ത് മേരിറോയി പണികഴിപ്പിച്ച സ്‌കൂളിന്റെ കെട്ടിടം രൂപകൽപന ചെയ്‌തത്. ലാറി ബേക്കറുടെ നിർമ്മിതികളെക്കുറിച്ച് അരുന്ധതി റോയ് പറയുന്നത് ‘‘ മൗലികമാണെങ്കിലും ആ കെട്ടിടങ്ങൾക്ക് തീരെ ഈഗോ ഉണ്ടായിരുന്നില്ല’’ എന്നാണ്‌. ‘‘അവ നിങ്ങളുടെ കണ്ണിൽ തട്ടാത്തവിധം, ചുറ്റുപാടുകളോട് നിശ്ശബ്‌ദമായി സംവദിച്ചുകൊണ്ട്‌, പ്രകൃതിയിൽ ലയിച്ചുനിന്നു’’ ( പേജ് 59). ബേക്കറുടെ ഈഗോ (ego) ഇല്ലാത്ത നിർമ്മിതികളിലൂടെ അരുന്ധതി റോയി എത്തിച്ചേരുന്നത് പ്രകൃതിയുടെ ഇദ്ദി (id) ലേക്കാണ്‌.

മേരി റോയിയുടെ സ്‌കൂൾ ഉയർന്നുപൊങ്ങിയ കോട്ടയം നഗരത്തിനടുത്തുള്ള മൊട്ടക്കുന്നിനെക്കുറിച്ചുള്ള വിവരണങ്ങളിൽ പ്രകൃതിയുടെ ഈ അബോധം കടന്നുവരുന്നത് കാണാം. വസ്‌തുക്കളുടെ പ്രവചനാതീതമായ നിലനിൽപുകളെയും തുറസ്സുകളുടെ അപരിമേയതകളേയും അരുന്ധതി റോയി ഇവിടെ ആഘോഷമാക്കുന്നു. ഈ പ്രകൃതിവിവരണം ഒട്ടും കാൽപനീകമോ റിയലിസ്‌റ്റിക്കോ അല്ല. ശവസംസ്‌കാരവേളയിലെ ആളുകളെപ്പോലെ ദുഃഖത്താൽ കിറുകിറുക്കുകയും വിതുമ്മുകയും ചെയ്യുന്ന ഇടതൂർന്ന് വളർന്നുനിൽക്കുന്ന മുളങ്കൂട്ടങ്ങളെക്കുറിച്ച് അരുന്ധതി പറയുന്നു. പ്ലാവുകൾക്കും മുളകൾക്കുമടിയിലെ പൊന്തകളിൽ ഓന്തുകളും കീരികളും അരണകളുമുണ്ട്‌. മൊട്ടക്കുന്നിൽ വെള്ളം വറ്റിപ്പോയ ഒരു പൊട്ടക്കിണറുണ്ടായിരുന്നു. അതിന്റെ ആഴത്തിൽ പക്ഷികളുടെയും പാമ്പുകളുടേയും തവളകളുടെയും അസ്ഥികൾ ചിതറിക്കിടന്നിരുന്നു. കിണറിനുള്ളിൽ പ്രേതങ്ങൾ ഒളിച്ചിരിക്കുന്നതായി ആളുകൾ വിശ്വസിച്ചു. അവരാണ് വഴിതെറ്റി എത്തുന്ന ജീവികളെ പിടിച്ചുതിന്ന് അസ്ഥികൾ പുറന്തള്ളുന്നത്‌. ചീവീടുകളുടെയും തവളകളുടെയും കരച്ചിലുകൾ കുന്നിന് ചുറ്റും ശബ്‌ദത്തിന്റെ ഒരു കമാനം തീർത്ത് അതിനെ തൊട്ടടുത്ത നഗരത്തിൽ നിന്ന് വേർതിരിച്ചു നിർത്തി.

ബാഹ്യലോകത്തിന്റെ തുറസ്സുകളോടും ക്രമരഹിതമായ ഇടങ്ങളോടും വസ്‌തുക്കളോടുമുള്ള അഭിനിവേശം വിഷയിയും ചുറ്റുപാടും തമ്മിലുള്ള പ്രതിനിധാനാത്മകമായ പാരസ്‌പപര്യം എന്നതിനപ്പുറം, അരുന്ധതി റോയിയുടെ ആത്മകഥാഖ്യാനത്തിൽ, ജൈവികമായ ഒരു രൂപം കൈവരിക്കുന്നുണ്ട്‌. ഗാർഹികതയുടെ അച്ചടക്കങ്ങളെയും അത് വെച്ചുനീട്ടുന്ന സാംസ്‌കാരികമായ സുരക്ഷിതത്വങ്ങളെയും അതിന്റെ സദാചാരപരമായ നിബന്ധനകളേയും മുൻവിധികളെയും മനുഷ്യകേന്ദ്രിതമായ വീക്ഷണകോണുകളേയും അതിലംഘിച്ച് നിൽക്കുന്ന ആന്റി ഈഡിപ്പലായ ഈ ജൈവരൂപം, ‘മദർ മേരി...’യിൽ പലതവണ പ്രത്യക്ഷപ്പെടുന്ന ഡിഡോ എന്ന നായയാണ്‌. ‘Doesn't she sound like that person in the Exorcist?’ എന്ന അധ്യായത്തിൽ അരുന്ധതി റോയ് ഡിഡോയുടെ കഥ പറയുന്നു:

‘‘അവൾ (ഡിഡോ) ഞങ്ങളുടെ അടുത്തെത്തുമ്പോൾ ചെറിയ ഒരു നായ്‌ക്കുട്ടിയായിരുന്നു. റോട്ടറി ക്ലബ്ബിനടുത്തുള്ള ഹോസ്‌റ്റൽ‐ ഹോമിലായിരുന്നു അപ്പോൾ ഞങ്ങൾ താമസിച്ചിരുന്നത്‌. വളർന്ന് മുതിർന്ന നായയായി മാറിയപ്പോൾ മുൻകാലുകൾ എന്റെ ചുമലുകളിൽ വെച്ച് പിൻകാലുകൾ നിലത്ത് കുത്തി എഴുന്നേറ്റുനിൽക്കുക അവളുടെ ഒരു ശീലമായിരുന്നു. അപ്പോൾ അവൾക്കും എനിക്കും ഒരേ പൊക്കമായിരുന്നു.... വീടിനകലെയുള്ള ബോർഡിംഗ് സ്‌കൂളിൽ ഞാൻ ചേർന്നപ്പോൾ മറ്റാരേക്കാളും എനിക്കവളെ മിസ് ചെയ്‌തു. പക്ഷെ, അവധിക്കാലത്ത് തിരിച്ചു വന്നപ്പോൾ വീട്ടിൽ എനിക്കവളെ കാണാൻ കഴിഞ്ഞില്ല. കാർത്തേജിലെ ഡിഡോ രാജ്ഞിയെപ്പോലെ പ്രണയത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയായിരുന്നില്ല അവൾ. മിസിസ് റോയ് അവളെ വെടിവെച്ചു കൊല്ലുകയായിരുന്നു. അജ്ഞാതനായ ഒരു തെരുവുപട്ടിയുമായി ഇണ ചേർന്നു എന്നതായിരുന്നു അവൾ ചെയ്‌ത കുറ്റം. ഒരർത്ഥത്തിൽ അതൊരു ദുരഭിമാനക്കൊല ആയിരുന്നു. വീടിന് പിറകിലുള്ള സ്ഥലത്ത് അവളെ കുഴിച്ചിട്ടു. അപ്പോൾ ഡിഡോക്ക് മൂന്നും എനിക്ക് പതിമൂന്നുമായിരുന്നു പ്രായം....’’
മരണവേളയിൽ അമ്മയുടെ മൃതദേഹം കാണുവാൻ എത്തിയവർക്കൊപ്പം തലയോട്ടിയിൽ വെടിയുണ്ട തറച്ച പാടുമായി ഡിഡോയും ഉണ്ടായിരുന്നു എന്ന് അരുന്ധതി റോയി പിന്നീട് എഴുതുന്നുണ്ട്‌.

വളർത്തുനായ ആയിരുന്ന (ദലേസിയൻ ഭാഷയിൽ ഈഡിപ്പൽ എനിമൽ) ഡിഡോ ഗാർഹികതയുടെ അടഞ്ഞ ലോകത്തുനിന്ന് ബാഹ്യലോകത്തിന്റെ തുറസ്സിലേക്ക് പോവുകയായിരുന്നു. തെരുവിന്റെ അരക്ഷിതത്വവും ക്രമരാഹിത്യങ്ങളുമായിരുന്നു ഡിഡോയെ ആകർഷിച്ചത്‌. ‘ the safest place would become the most dangerous’ എന്ന തിരിച്ചറിവിന്റെ ജൈവികരൂപമായിരുന്നു ഡിഡോ എന്ന നായ. അടുക്കും ചിട്ടയുമില്ലാത്ത, അവ്യവസ്ഥിതമായ ഇടങ്ങളുടെ ഇറോട്ടിക്‌സിൽ ആയിരുന്നു അവളുടെ അഭിനിവേശം. ഡിഡോയുടെ കാമുകൻ, തുറസ്സുകളുടെ കളിത്തോഴൻ, ഗാർഹികേതരമായ ഇടങ്ങളുടെ ആ അവതാരമൂർത്തി, അഥവാ അവൾ ഇണചേർന്ന ആ തെരുവുനായ ആരായിരുന്നു എന്ന ചോദ്യം ‘മദർ മേരി...’യുടെ ആഖ്യാന പരിസരത്തിനുള്ളിൽ മറഞ്ഞുകിടക്കുന്നുണ്ട്‌. (അമ്മയുമായുള്ള ഈഡിപ്പൽ സംഘർഷത്തിന്റെ കഥ പറയുന്ന ആഖ്യാനത്തിനുള്ളിൽ അഛനിലേക്ക് നീളുന്ന ഒരു ത്രെഡ് രൂപംകൊള്ളുന്നതിന്റെ സൂചന ഈ ചോദ്യത്തിന്റെ ഉത്തരത്തിലുണ്ട്‌. അതിനെക്കുറിച്ച് പിന്നാലെ വിശദമാക്കാം).

സാന്ദർഭികമായ ചില പരാമർശങ്ങൾക്കപ്പുറം നായ ഒരു പ്രമേയമായി ‘മദർ മേരി...’യിൽ വികസിക്കുന്നുണ്ട്‌. ആഖ്യതാവിന്റെ അന്യാപദേശം മാത്രമല്ല, വിഷയിയുടെ മനുഷ്യകേന്ദ്രിതമായ അസ്ഥിത്വത്തിന് പുറത്തേക്കുള്ള ഒരു സംക്രമിക്കൽ കൂടി ആയി (ദെലേസിന്റെ becoming animal എന്ന പരികൽപന ഓർമ്മിക്കുക) ഇത് മാറുന്നുണ്ട്‌. മറ്റുള്ളവരുടെ മുന്നിൽ വെച്ച് അമ്മ നടത്തിയ ‘you bitch’ ( പെൺപട്ടീ..) എന്ന് വിളിച്ചുകൊണ്ടുള്ള അധിക്ഷേപം അരുന്ധതി റോയിയുടെ മനസിൽ ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവിനെക്കുറിച്ച് പറയുന്നിടത്താണ് ‘നായ’ ആദ്യമായി ‘മദർ മേരി...’യിൽ പ്രത്യക്ഷപ്പെടുന്നത്‌. അമ്മയുടെ ആ തെറിവാക്ക് എത്ര മായ്‌ച്ചുകളഞ്ഞിട്ടും തന്റെ മനസ്സിൽ മായാതെകിടന്നു എന്ന് അരുന്ധതി റോയി എഴുതുന്നു.

ദില്ലിയിലെ മകളുടെ വളർത്തുനായകൾ ഏത് ലിംഗത്തിൽ പെട്ടവരായിരുന്നു എന്ന് മരിക്കുന്നതിന് ഏതാനും വർഷം മുൻപ് മേരിറോയ് ചോദിച്ചുവത്രെ. മേരി റോയിക്ക് നായകളോട് കരുണ ഉണ്ടായിരുന്നില്ല. ഡിഡോയുടെ കഥ അതിന്റെ തെളിവാണ്‌. you bitch എന്ന അമ്മയുടെ ആക്രോശം അനിയന്ത്രിതമായ കോപത്തിന്റെ പൊട്ടിത്തെറി എന്ന നിലയിൽ തള്ളിക്കളയാതെ ഒരു വംശീയാധിക്ഷേപം എന്ന വണ്ണം ആഴത്തിലുള്ള മുറിവായി അരുന്ധതി റോയി തന്റെ മനസിൽ ഏറ്റുവാങ്ങിയതിന് കാരണമെന്തായിരിക്കും?

മേരി റോയിയും കുടുംബവും പഴയ വീട്ടിൽ നിന്ന് പുതിയ ക്യാംപസിലേക്ക് താമസം മാറ്റിയപ്പോൾ വെടിയേറ്റ് മരിച്ച ഡിഡോ കിടന്നിരുന്ന കൂടും ഒപ്പം കൊണ്ടുവന്നിരുന്നു. ആൾപാർപ്പില്ലാെത ആ നായ്‌ക്കൂട് അതിന്റെ ഒഴിഞ്ഞ അകവുമായി ആരും ഉപയോഗിക്കാതെ അവിടെ കിടന്നു. ഒരു ചെറിയ മുറിയുടെ വലിപ്പമുണ്ടായിരുന്ന ആ കൂട്ടിനുള്ളിൽ താമസിക്കുവാൻ ദില്ലിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ താൻ ആഗ്രഹിച്ചിരുന്നതായി അരന്ധതി റോയ് പറയുന്നു. പക്ഷെ അവർ അത് ചെയ്‌തില്ല. ഡിഡോയെപ്പോലെ വെടികൊണ്ട് മരിച്ചാലോ എന്ന ഭയമായിരുന്നു അതിന് കാരണം.

ഡിഡോ എന്ന നായയുടെ കഥ സ്വന്തം ജീവിതത്തിന്റെ അന്യാപദേശമായിട്ടാണ് അരുന്ധതി റോയി അവതരിപ്പിക്കുന്നത് എങ്കിലും അതിനപ്പുറത്തേക്ക് വികസിക്കുന്ന ഒരു becoming dog ‘മദർ മേരി...’യിൽ കാണാം. തന്റെ ജീവിതപങ്കാളിയുടെ വീട്ടിൽ താമസിക്കവെ അയാളുടെ ആദ്യഭാര്യയിലെ കുട്ടികളുമായുള്ള തന്റെ സ്‌നേഹപരിലാളനകളെക്കുറിച്ച് വിവരിക്കുന്ന സന്ദർഭത്തിൽ അരുന്ധതി റോയി ഇങ്ങനെ എഴുതുന്നു:

‘‘ഞങ്ങളുടെ പെൺകുട്ടികൾ. അതേ... അത് സംഭവിച്ചു ‐ പ്രകൃതിയിലെ മാറ്റങ്ങൾ പോലെ, സ്വാഭാവികമായി. മിസിസ് റോയിയുടെ ശരീരം എല്ലായ്‌പ്പോഴും അതിന്റെ തണുത്തുറഞ്ഞ അവസ്ഥയിലാണ് എന്നോട് സംവദിച്ചത്‌. ചിലപ്പോൾ അതിനോടുള്ള പ്രതികരണമെന്ന നിലയിൽ ആയിരിക്കാം ആ കുട്ടികളോടുള്ള എന്റെ ബന്ധം പരമാവധി ജൈവികമാക്കാൻ ഞാൻ ശ്രമിച്ചു. മനുഷ്യരെന്നതിനേക്കാൾ ഞങ്ങൾ നായകളെപ്പോലെ പെരുമാറി. എന്നെ അടിക്കുവാനും നക്കുവാനും കടിക്കുവാനും ഞാനവരെ അനുവദിച്ചു. ചില സമയത്ത് ഞങ്ങൾ കിടക്കയിൽ ഒരുമിച്ച് കിടന്നു. അപ്പോൾ ഞങ്ങളുടെ അവയവങ്ങൾ കെട്ടുപിണയുകയും കൂടിക്കുഴഞ്ഞ് ഒന്നായിക്കാണപ്പെടുകയും ചെയ്‌തു. മുറി ആരവങ്ങളും പൊട്ടിച്ചിരികളും കൊണ്ട് നിറഞ്ഞു....’’ We behaved more like dogs than humans എന്ന് പറയുമ്പോൾ സ്‌നേഹപരിലാളനകളുടെ ഈഡിപ്പൽ രീതികൾക്ക് പുറത്തുകടക്കുകയാണ് ആഖ്യാതാവ്‌.

മേരി റോയി എന്ന ദുഷ്‌ടയായ അമ്മക്കുപകരം സ്‌നേഹമയിയായ അമ്മ എന്ന ജനപ്രിയ സങ്കൽപം മുന്നോട്ട് വെച്ചുകൊണ്ടല്ല ‘മദർ മേരി...’യുടെ ആഖ്യാനം പുരോഗമിക്കുന്നത്‌. ഗോവയിൽ വെച്ച് സഹവസിക്കേണ്ടിവന്ന തന്റെ കാമുകന്റെ അമ്മ മേരി റോയിയിൽ നിന്ന് വ്യത്യസ്തയായിരുന്നു എന്ന് അരുന്ധതി റോയി ഓർമ്മിക്കുന്നുണ്ട്‌. അവർ പ്രസന്നവതിയും സ്‌നേഹമയിയും ആയിരുന്നു. മകനോട് അളവറ്റ വാത്സല്യവും ബഹുമാനവും അവർ കാണിച്ചു. പക്ഷെ കാമുകന്റെ അമ്മയുടെ പെരുമാറ്റം തന്നെ അസ്വസ്ഥയാക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്‌തതായി അരുന്ധതി റോയി പറയുന്നു. അവർ തന്റെ മകനെ ഗാർഹികവൽക്കരിക്കുകയും അയാളെ ഒരു മാതൃകാ ഇന്ത്യൻ പുരുഷനാക്കിത്തീർക്കുകയും ചെയ്‌തു. പരമ്പരാഗതവും വിലോഭനീയവുമായ മാതൃകാകുടുംബങ്ങളും അതിനകത്തെ അതിസാധാരണമായ പതിവുകളും ചതിക്കുഴികളായി തിരച്ചറിയുന്ന ഭാവുകത്വമായിരുന്നു അരുന്ധതി റോയിയെ നയിച്ചത്‌. becoming dog എന്നത് ദുഷ്‌ടയായ അമ്മ ‐ സ്‌നേഹനിധിയായ അമ്മ എന്ന ജനപ്രിയ വിപരീതത്തിന് പുറത്തേക്കുള്ള വിഷയിയുടെ രക്ഷാമാർഗ്ഗമായിരുന്നു.

മേരി റോയി എന്ന ദുഷ്‌ടയായ അമ്മക്കുപകരം സ്‌നേഹമയിയായ  അമ്മ എന്ന  ജനപ്രിയ സങ്കൽപം മുന്നോട്ട് വെച്ചുകൊണ്ടല്ല ‘മദർ മേരി...’യുടെ ആഖ്യാനം പുരോഗമിക്കുന്നത്‌.
മേരി റോയി എന്ന ദുഷ്‌ടയായ അമ്മക്കുപകരം സ്‌നേഹമയിയായ അമ്മ എന്ന ജനപ്രിയ സങ്കൽപം മുന്നോട്ട് വെച്ചുകൊണ്ടല്ല ‘മദർ മേരി...’യുടെ ആഖ്യാനം പുരോഗമിക്കുന്നത്‌.

പിൽക്കാലത്ത് കാമുകനും പങ്കാളിയുമായി മാറിയ പുരുഷനിൽ അനുരക്തയാവാനുള്ള ഒരു കാരണം നായകളോടുള്ള അയാളുടെ പെരുമാറ്റത്തിലെ ഊഷ്‌മളതയാണ് എന്ന് അരുന്ധതി റോയി പറയുന്നു. സ്‌കൂളിൽ പണ്ട് പഠിച്ച ഹിന്ദി പാഠങ്ങളിൽ അവർ ഓർത്തുവെക്കുന്ന കഥയിലെ മുഖ്യകഥാപാത്രവും നായ ആയിരുന്നു. യജമാനന് വേണ്ടി സ്വയം ബലിയാടാവുന്ന ഒരു വളർത്തുനായയുടെ കഥയായിരുന്നു അത്‌. ചുരുക്കത്തിൽ അരുന്ധതി റോയിയുടെ കുലത്തിന്റെ അടയാളം നായ ആണ്‌. തെരുവാണ് അവരുടെ ദേശം. അമ്മയുമായുള്ള ഈഡിപ്പൽ സംഘർഷങ്ങളുടെ പരിണതിയാണ് ക്രമരഹിതവും അരക്ഷിതവുമായ ഇടങ്ങളോടും അതിന്റെ ജൈവരൂപമായ നായയോടുമുള്ള ആഖ്യാതാവിന്റെ ആഭിമുഖ്യമായി മാറുന്നത്‌. ഈ ആഭിമുഖ്യം അഥവാ becoming dog , അതിന്റെ ത്രെഡ് , ഗ്രന്ഥകാരിയുടെ അഛനിലേക്ക് കൂടി നീളുന്നു എന്നതാണ് ‘മദർ മേരി...’യുടെ ആഖ്യാനത്തിലെ ഏറ്റവും നാടകീയമായ വഴിത്തിരിവ്‌.

വളരെ കുട്ടിക്കാലത്തുതന്നെ അച്ഛനിൽ നിന്ന് വേർപിരിഞ്ഞ അരുന്ധതി റോയി പിൽക്കാലത്ത് അദ്ദേഹത്തെ കണ്ടെടുക്കുന്നത് അക്ഷരാർത്ഥത്തിൽ തെരുവിൽ നിന്നായിരുന്നു. കടുത്ത മദ്യപാനാസക്തി രജിബ് റോയിയെ കുടുംബത്തിൽനിന്ന് തിരസ്‌കൃതനാക്കി. പുറമ്പോക്കുകളിലും കടത്തിണ്ണകളിലും അനാഥാലയത്തിലുമായിരുന്നു മിക്കപ്പോഴും അദ്ദേഹം കഴിഞ്ഞുകൂടിയത്‌. ദൽഹിയിലെ തെരുവുകളിലൊന്നിൽ പെട്ടെന്നൊരുദിവസം കാണാതായ അച്ഛനെ തിരഞ്ഞുനടന്ന അനുഭവം അരുന്ധതി റോയി ‘മദർ മേരി...’യിൽ വിവരിക്കുന്നുണ്ട്‌:

‘‘സിഗരറ്റ് വിൽപ്പനക്കാരോടും ചെരുപ്പുകുത്തികളോടും ടാക്‌സി ഡ്രൈവർമാരോടും ഞങ്ങൾ അദ്ദേഹത്തെക്കുറിച്ച് ചോദിച്ചു. അവർക്കെല്ലാം അദ്ദേഹത്തെ അറിയാം. ഞങ്ങളുടെ ചോദ്യം കേട്ടപ്പോൾ അവരുടെ മുഖത്ത് ചിരിവിടർന്നു. മിക്കി (രജിബ് റോയി) അവരുടെ കത്തെഴുത്തുകാരനും അപേക്ഷാഫോം പൂരിപ്പിച്ചുകൊടുക്കുന്നവനും മദ്യപാനത്തിലെ കൂട്ടാളിയുമാണ്‌. വൈകുന്നേരത്തോടെ ഒരു ബിൽഡിംഗ് നിർമ്മാണ സൈറ്റിൽ വെച്ച് ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തി. തകരപ്പാളിയും കെട്ടിടനിർമ്മാണത്തിന്റെ അവശിഷ്‌ടങ്ങളും കൊണ്ട് താൽക്കാലികമായി നിർമ്മിച്ച ഒരു കുടിലിൽ, സിമന്റ് ചാക്കുകൾക്കും ഇരുന്പു കന്പികൾക്കും മണൽക്കൂനകൾക്കുമിടയിൽ, ഒരു ബംഗാളി സുഹൃത്തിനൊപ്പം അദ്ദേഹം താമസിക്കുകയാണ്‌....’’

അരക്ഷിതമായ ഇടങ്ങളോടും ക്രമരഹിതമായ വസ്‌തുക്കളോടും തനിക്കുള്ള അഭിനിവേശത്തിന്റെ ജനറ്റിക്‌സിലേക്ക് വിരൽചൂണ്ടുകയാണ്, പരോക്ഷമായി ഇവിടെ അരുന്ധതി റോയി. മദ്യാസക്തനായ പിതാവുമായി തനിക്കുള്ള ജനിതകബന്ധം വിവരിക്കാൻ അരുന്ധതി റോയി ഉപയോഗിക്കുന്നത് നായ എന്ന രൂപകത്തെയാണ്‌. എല്ലാ റോയിമാരും നല്ല മദ്യപാനികൾ കൂടിയാണ് എന്ന മിക്കി റോയിയുടെ പരാമർശം തന്നെ തെല്ല് അസ്വസ്ഥയാക്കി എന്ന് പറഞ്ഞതിനുശേഷം അരുന്ധതി റോയി ഇങ്ങനെ എഴുതുന്നു:

‘‘ The sleeping hound of addiction was alive and well in me’’.

തന്നിൽ ഉറങ്ങിക്കിടക്കുന്ന ആസക്തിയുടെ നായയെ (hound) നിയന്ത്രിച്ചില്ലെങ്കിൽ അത് ഏത് നിമിഷവും തുടലുപൊട്ടിച്ചേക്കാമെന്ന് അരുന്ധതി റോയി തുടർന്ന് എഴുതുന്നു. ചെറിയ കുട്ടിയായിരിക്കുന്ന കാലത്ത് തനിക്ക് (മദ്യപിച്ച) പുരുഷന്മാരുടെ ഗന്ധം ഇഷ്‌ടമാണെന്ന് അരുന്ധതി പറയുമായിരുന്നുവെന്ന കാര്യം മിക്കി റോയി ഓർമ്മിക്കുന്നുണ്ട്‌. ചുരുക്കത്തിൽ അരക്ഷിതമായ ഇടങ്ങളുടെയും വസ്‌തുക്കളുടെയും സ്ഥലകാലങ്ങളും, ജനിതകവും, പിതൃത്വവും, ലഹരിവസ്‌തുക്കളും, ലൈംഗികതയും കൂടിച്ചേരുന്ന പ്രമേയത്തിന്റെ സവിശേഷമായ മിശ്രിതത്തിൽ നിന്നാണ്‌, അത് പ്രദാനം ചെയ്യുന്ന ഊർജ്ജത്തിൽ നിന്നാണ് ‘മദർമേരി...’യുടെ ആഖ്യാനരൂപം ഉണ്ടായിത്തീരുന്നത്‌. ഇതിൽ അന്തർവർത്തിതമായ ജൈവികതയാണ് നായ ആയി മാറുന്നത്‌.

അമ്മയുമായുള്ള ഈഡിപ്പൽ സംഘർഷത്തിന്റെ പരിണതഫലമെന്ന വണ്ണം അഛനിലേക്ക് എത്തിച്ചേരുന്ന മകളേയാണ് ‘മദർ മേരിയി’ൽ നാം കാണുന്നത്‌. പക്ഷെ ഈ അച്ഛൻ അധികാരസ്വരൂപനായ പിതൃബിംബമല്ല. ക്രമരഹിതമായ വസ്‌തുക്കളിലേക്കും അരക്ഷിതമായ തുറസ്സുകളിലേക്കും നഷ്‌ടമാകുന്ന ഒരു ജീവിതത്തേയാണ് അരുന്ധതി റോയി തന്റെ അച്ഛനിൽ നിന്നും കണ്ടെടുക്കുന്നത്‌. നിറയെ സുഷിരങ്ങളും വിടവുകളുമുള്ള ഒരു പ്രതിച്ഛായയുടെ ഉടമയായിരുന്നു രജിബ് റോയി. വെളുത്ത പാടകെട്ടിയ കണ്ണും ഏറ്റുമുട്ടലിൽ മുറിഞ്ഞുേപായ ചെവിയും പൊള്ളലുകൾ വീണ ചർമ്മവും മദ്യപിക്കാനും പുകവലിക്കാനുമായി തുറക്കുകയും അടക്കുകയും ചെയ്യുന്ന വായും നിയന്ത്രണമില്ലാതെ പ്രവർത്തിച്ച് പാന്റിൽ നനവ് പടർത്തുന്ന മൂത്രക്കുഴലുമുള്ള അച്ഛന്റെയും അതിന് നേർവിപരീതദിശയിൽ നിലയുറപ്പിക്കുന്ന അമ്മയുടെയും ഉടലിന്റെ സ്വരൂപങ്ങളെ ഒട്ടൊരു സർക്കാസത്തോടെ അരുന്ധതി റോയി ആത്മകഥയിൽ വരച്ചുവെക്കുന്നുണ്ട്‌.

ആസക്തികളെ പുറത്താക്കി തന്റെ ഉടലിന്റെ വാതിലുകളൊക്കെയും കൊട്ടിയടച്ചിട്ട വ്യക്തിയായിരുന്നു മേരി റോയി. ലൈംഗികതയോട് അവർ പുലർത്തിയ വിട്ടുവീഴ്‌ചയില്ലാത്ത കാർക്കശ്യത്തെക്കുറിച്ച് ‘മദർ മേരി…’യിൽ ആഖ്യാതാവ് പ്രത്യേകം എടുത്തുപറയുന്നുണ്ട്‌.
That part of herself, she, the beutifull women, kept bottled up എന്നാണ് അരുന്ധതി റോയ് എഴുതുന്നത്‌. ലൈംഗികതയുടെ നേർത്തഗന്ധം പോലും തന്റെ അമ്മയെ അസ്വസ്ഥമാക്കിയതായി അവർ പറയുന്നു. കാമനകളോടുള്ള മേരി റോയിയുടെ ഈ മനോഭാവം കോഴികൾ, നായകൾ, പക്ഷികൾ തുടങ്ങി മനുഷ്യർക്ക് പുറത്തുള്ള ജീവജാലങ്ങളുടെ ലൈംഗികതയോട് പോലും അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന ഒരു സവിശേഷ വ്യക്തിത്വമായി അവരെ മാറ്റിത്തീർത്തു ( പേജ് 83).

മേരി റോയിയുടെ വ്യക്തിത്വത്തിൽ ഒരുതരം തൊട്ടുകൂടായ്‌മ നിലനിന്നിരുന്നതായി അരുന്ധതി റോയി പറയുന്നുണ്ട്. മറ്റുള്ളവരെ സ്‌പർശിക്കുന്നതിനോടും ആലിംഗനം ചെയ്യുന്നതിനോടും അവർ വൈമുഖ്യം കാണിച്ചു. വർഷങ്ങളുടെ വേർപാടിനുശേഷം ദില്ലിയിലെ നിസാമുദ്ദീൻ സ്‌റ്റേഷനിൽവെച്ച് തന്റെ അമ്മയെ കണ്ടുമുട്ടിയ അനുഭവം അരുന്ധതി വിവരിക്കുന്നതിങ്ങനെ:

അമ്മയുമായുള്ള ഈഡിപ്പൽ സംഘർഷത്തിന്റെ പരിണതഫലമെന്ന വണ്ണം അഛനിലേക്ക് എത്തിച്ചേരുന്ന മകളേയാണ് ‘മദർ മേരിയി’ൽ നാം കാണുന്നത്‌. പക്ഷെ ഈ അച്ഛൻ അധികാരസ്വരൂപനായ പിതൃബിംബമല്ല.
അമ്മയുമായുള്ള ഈഡിപ്പൽ സംഘർഷത്തിന്റെ പരിണതഫലമെന്ന വണ്ണം അഛനിലേക്ക് എത്തിച്ചേരുന്ന മകളേയാണ് ‘മദർ മേരിയി’ൽ നാം കാണുന്നത്‌. പക്ഷെ ഈ അച്ഛൻ അധികാരസ്വരൂപനായ പിതൃബിംബമല്ല.

‘‘ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് അവരെ ആലിംഗനം ചെയ്‌തു. ഒട്ടും ഊഷ്‌മളമല്ലാത്ത, മരവിച്ച ഒരു ശരീരത്തേയാണ് എനിക്കപ്പോൾ അനുഭവവേദ്യമായത്‌. ശരീരത്തിൽ സ്‌പർശിച്ചുകൊണ്ടുള്ള സ്‌നേഹപ്രകടനം അവർക്കിഷ്‌ടമല്ല. ഞാനും അമ്മയും ഉള്ള എല്ലാ ഫോട്ടോകളിലും ഞാൻ അമ്മയെ അങ്ങോട്ട് ചുംബിക്കുന്നതാണ് കാണുവാനാവുക. അബദ്ധവശാൽ അവരുടെ കൈ എന്നെ ചുറ്റിപ്പിടിച്ചാൽ തന്നെ, ആ സ്‌പർശാനുഭവത്തെ ലഘൂകരിക്കാൻ എന്നവണ്ണം വിചിത്രമായ രീതിയിൽ അവരുടെ വിരലുകൾ ഉയർന്ന് നിൽക്കും’’ ( പേജ് 152).

സ്‌പർശനം അപരരിലേക്കുള്ള ഉടലിന്റെ തുറക്കലാണ്‌. പക്ഷെ ആ അനുഭൂതി അസഹനീയമായിരുന്നു, മേരി റോയിയെ സംബന്ധിച്ച്. ചർമ്മം വഴിയുള്ള വിനിമയം അവർ ഇഷ്‌ടപ്പെട്ടില്ല. തൊട്ടുകൂടായ്‌മ ഉറപ്പിക്കുന്നതിലൂടെ തന്റെ ചർമ്മത്തെ അവർ ഉടലിന്റെ സുരക്ഷിതമായ കവചമാക്കി മാറ്റുകയായിരുന്നു. വസ്‌ത്രങ്ങളോടുള്ള മേരി റോയിയുടെ സമീപനത്തിലും ഇതേ മനോഭാവമാണ് പ്രകടമാകുന്നത്‌. It looked like a piece of armour എന്ന് അക്കാലത്തെ ബ്രാകളെക്കുറിച്ച് അരുന്ധതി റോയി പറയുന്നതിലെ (പേജ് 38) armour (പടച്ചട്ട ) എന്ന പ്രയോഗം മേരി റോയിക്കാണ് ബാധമാകുന്നത്‌. ഈഗോയെ വിശേഷിപ്പിക്കാൻ The Mirror Stage as Formative of the I Function എന്ന വിഖ്യാത ലേഖനത്തിൽ ലക്കാൻ ഉപയോഗിക്കുന്നതും armour എന്ന രൂപകം ആണ് (‘‘armour of an alienating identity’’).

അമ്മയുടെ ബ്രാ അരുന്ധതിക്ക് ഒരു ഫെല്ലിനിയൻ ഫെറ്റീഷ് ആയിരുന്നപ്പോൾ മേരി റോയി അനുഭൂതികളുടെ അത്തരം നനവുകളെല്ലാം പിഴിഞ്ഞുകളഞ്ഞതിനുശേഷം മാത്രമാണ് അത് ഉപയോഗിച്ചത്‌. വസ്‌ത്രങ്ങളെ അവർ ഈഗോയുടെ പര്യായമാക്കി മാറ്റി. ബ്രായുടെ പേരിൽ പെൺകുട്ടികളെ പരിഹസിച്ച ആൺകുട്ടികളെ സ്‌കൂൾ അസംബ്ലിയിൽ വിളിച്ചുവരുത്തി മേരി റോയി അവരോട് അടിവസ്‌ത്രത്തിന്റെ ഉപയോഗമൂല്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചത് മുകളിൽ നാം കണ്ടു. ശരീരത്തിന്റെ കവചം എന്നതിനപ്പുറം മിസിസ് റോയിക്ക് അനുശാസനത്തിനുള്ള ആയുധം കൂടിയായിരുന്നു വസ്‌ത്രം എന്ന് അരുന്ധതി റോയി പറയുന്നു: ‘‘കുട്ടിക്കാലത്ത് ഞങ്ങളുടെ വസ്‌ത്രം മിസിസ് റോയിയുടെ ഒരു പ്രൊജക്‌ട് ആയിരുന്നു. തനിക്കൊപ്പമുള്ളവർ എന്ത് ധരിക്കണം എന്ന് അവരാണ് തീരുമാനിച്ചത്‌. എന്റെ വസ്‌ത്രത്തിനുള്ള തുണി തിരഞ്ഞെടുത്തതും താൻ നിശ്‌ചയിച്ച തരത്തിൽ ടൈലർമാരെക്കൊണ്ട് തയ്‌പ്പിച്ചതും മിസിസ് റോയി തന്നെയായിരുന്നു...’’

ആസാമിൽ നിന്ന് കൽക്കത്തയിലേക്കും അവിടെ നിന്ന് ഊട്ടി വഴി കേരളത്തിലേക്കും കുട്ടികളുമൊത്ത് അഭയാർത്ഥിയെപ്പോലെ കടന്നുവന്ന് കോട്ടയത്ത് പള്ളിക്കൂടം സ്ഥാപിക്കുകയും പിൽക്കാലത്ത് അതിന്റെ സർവ്വാധികാരിയായി മാറുകയും ചെയ്‌ത മേരി റോയിയുടെ ജീവിതം ബാഹ്യമായ ഇടങ്ങളുടെ അരക്ഷിതത്വത്തിൽ നിന്നും അതിന്റെ അവ്യവസ്ഥകളിൽ നിന്നും വ്യവസ്ഥാപിതമായ ഒരു അന്തർസ്ഥലിയിലേക്കുള്ള പരിവർത്തനമായിരുന്നു. ഈ അകത്തെ വലയം ചെയ്‌തുനിൽക്കുന്ന മൂന്ന് പാളികളെക്കുറിച്ച് ‘മദർ മേരി...’യിൽ സൂചനകളുണ്ട്‌.

ഒന്ന്, സ്‌പർശനം അടക്കമുള്ള അനുഭൂതികളെയും കാമനകളേയും പ്രതിരോധിക്കുന്ന ചർമ്മത്തിന്റെ വലയം. ഈഗോയുടെ പ്രാഥമികമായ കവചമാണിത്‌.

വസ്‌ത്രത്തിന്റെ വലയമാണ് രണ്ടാമത്തേത്‌. മേരി റോയിയെ സംബന്ധിച്ച് വസ്‌ത്രം ഒരു കോഡ് ആണ് ‐ ഡ്രസ് കോഡ്‌.

മൂന്ന്‌, ലാറിബേക്കറുടെ സഹായത്താൽ കോട്ടയം നഗരത്തിനടുത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടം.

ഈ മൂന്ന് വലയങ്ങളെയും തന്റെ വ്യവസ്ഥാപിതമായ വ്യക്തിത്വത്തിന്റെ കവചകങ്ങളാക്കി മാറ്റാൻ മിസിസ് റോയിക്ക് കഴിഞ്ഞു. സ്‌കൂൾ മിസിസ് റോയിയുടെ വ്യക്തിത്വത്തിന്റെ ജൈവികമായ അനുബന്ധമായിരുന്നു എന്ന തരത്തിലുള്ള പരമാർശങ്ങൾ ‘മദർ മേരി...’യിൽ ഉണ്ട്‌. അമ്മക്ക് ഞാനും സഹോദരനും കൂടാതെ മൂന്നാമതൊരു കുട്ടി കൂടി ഉണ്ടായിരുന്നു എന്നും ആ കുട്ടി അവരുടെ സ്‌കൂളായിരുന്നു എന്നും പുസ്‌തകത്തിലൊരിടത്ത് അരുന്ധതി റോയി പറയുന്നുണ്ട്‌. മിസിസ് റോയിയും താൻ ഡാഡി എന്ന് വിളിച്ചിരുന്ന ലാറി ബേക്കറും തമ്മിലുള്ള കൂടിച്ചേരലിലുണ്ടായ സന്തതിയായിരുന്നു (‘‘the progeny of the union between Mummy and Daddy...’’- page 60) ആ സ്‌കൂൾ ക്യാംപസ് എന്ന് എഴുതുമ്പോൾ അജൈവികമായ ആ വാസ്‌തുരൂപത്തെ മേരി റോയിയുടെ ഉടലിന്റെ ഭാഗമാക്കി മാറ്റുകയാണ് ഗ്രന്ഥകാരി.

അതേസമയം രജിബ് റോയിയുടെ ജീവിതം, മുകളിൽ വിവരിച്ചതുപോലെ, നേർവിപരീത ദിശയിലായിരുന്നു മുന്നോട്ട് പോയത്. മേരി റോയി പുറത്തുനിന്നും അകത്തേക്ക് വന്നപ്പോൾ രജിബ് റോയി അകത്തുനിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി. കവചങ്ങളില്ലാത്ത ഉടലും പ്രതിച്ഛായ നഷ്‌ടപ്പെട്ട വ്യക്തിത്വവുമുള്ള ഒരു അച്ഛനെക്കുറിച്ച് മകൾ എഴുതുന്ന ഓർമ്മക്കുറിപ്പുകൾ കൂടിയാണ് ‘മദർ മേരി കംസ് ടു മി’. അച്ഛൻ ‐ അമ്മ എന്ന ഈ ഈഡിപ്പൽ വിപരീതം വസ്‌തു ‐ വാക്ക് എന്നും ആർകിടെക്‌ട് ‐ എഴുത്തുകാരി എന്നും തിരക്കഥാകൃത്ത് ‐ നോവലിസ്‌റ്റ് എന്നുമുള്ള വിപരീതങ്ങളായി മാറി അരുന്ധതി റോയിയുടെ ജീവിതത്തെ നെടുകെ പിളർത്തുന്നു. വാക്കും എഴുത്തും സാഹിത്യവും ഇവിടെ അമ്മയോട് ചേർന്നുനിൽക്കുമ്പോൾ, വസ്‌തുക്കളുടെ ലോകം അഛനോട് ചേർത്തുവെക്കാനുള്ള അബോധ പ്രേരണയാൽ വശംവദയാകുന്ന ഒരു എഴുത്തുകാരിയെ ഈ പുസ്‌തകത്തിൽ കാണാം.

ലാറിബേക്കറുടെ സഹായത്താൽ കോട്ടയം നഗരത്തിനടുത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടം.
ലാറിബേക്കറുടെ സഹായത്താൽ കോട്ടയം നഗരത്തിനടുത്ത് നിർമ്മിച്ച സ്‌കൂൾ കെട്ടിടം.

എഴുത്ത്‌, വായന എന്നിവയെക്കുറിച്ചുള്ള അരുന്ധതിയുടെ ഓർമ്മകൾ അമ്മയോട് ഇടകലർന്നുനിൽക്കുന്നവയാണ്‌. കുട്ടിക്കാലത്ത് തന്റെ എഴുത്തിനെ രൂപപ്പെടുത്തുന്നതിൽ മിസിസ് റോയിയുടെ പങ്കിനെക്കുറിച്ച് ഗ്രന്ഥകാരി അനുസ്‌മരിക്കുന്നുണ്ട്‌. വർഷങ്ങളോളം പിരിഞ്ഞിരുന്നതിനുശേഷം ദൽഹിയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ മേരി റോയി തന്റെ മകൾക്ക് കൊടുക്കാൻ കയ്യിൽ കരുതിയത്, അവൾ നേരത്തെ ഉപയോഗിച്ചിരുന്ന ടൈപ്പ് റൈറ്റർ ആയിരുന്നു. ഇതിനോടുള്ള പ്രതികരണമായി അരുന്ധതി റോയി മനസിൽ പറഞ്ഞത്, ‘‘നിങ്ങളുടെ മകൾക്ക് എഴുത്തുകാരിയുടെ ഹൃദയം ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിന് നന്ദി’’ എന്നാണ്‌.

‘ദ മിനിസ്‌ട്രി ഓഫ് അട്‌മോസ്‌റ്റ് ഹാപ്പിനെസ്സ്‌’ എന്ന നോവലിന്റെ രചന ആരംഭിക്കുന്നതിന് തൊട്ടുമുൻപ് തന്റെ സമീപത്തേക്ക് അമ്മ കടന്നുവരുന്നതിനെക്കുറിച്ച് അരുന്ധതി റോയി പറയുന്നത് ഇങ്ങനെ: ‘‘ഒരു കൊച്ചു വേഴാമ്പൽ പറന്നുവന്ന് എന്റെ ബാൽക്കണിയിൽ ഇരുന്നു. മിസിസ് റോയിയെ പോലെ അതെന്നോട് പറഞ്ഞു: ‘നീ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചുവെങ്കിൽ സസന്തോഷം അത് നിർവ്വഹിക്കൂ’. ഞാൻ ആ നിർദ്ദേശം ശിരസാവഹിച്ചു...’’

ലക്കാന്റെ Name of the father അരുന്ധതി റോയിയുടെ ജീവിതത്തിൽ പ്രത്യക്ഷമാവുന്നത് Name of the mother എന്ന രൂപത്തിലാണ്‌. ഭാഷ നിയമങ്ങളുടെ ലോകമാണ്‌. അത് വെട്ടിയും തിരുത്തിയുമാണ് രൂപം കൊള്ളുന്നത്‌. സ്‌കൂളിൽ പഠിക്കുമ്പോൾ ‘‘എനിക്കൊരിക്കലും (ഭാഷയുടെ) നിയമങ്ങൾ മനസിലായിരുന്നില്ല’’ എന്ന് അരുന്ധതിറോയി ഓർമ്മിക്കുന്നു. ‘‘മിസിസ് റോയി ഞാൻ എഴുതുന്ന ഉപന്യാസങ്ങളും കോംപോസിഷനുകളും വെട്ടുകയും പത്തിൽ മൂന്ന് മാർക്ക് മാത്രം തന്ന് അതിൽ ഭീകരം, വിഢിത്തരം എന്നിങ്ങനെ കമന്റുകൾ എഴുതുകയും ചെയ്‌തു.’’ (പേജ് 145).
‘മദർ മേരി...’ ഗ്രന്ഥകാരിയുടെ ജീവിതത്തിലേക്ക് ഭാഷയുടെ രൂപത്തിൽ കടന്നുവരുന്നു. വസ്‌തുക്കളുടെ ലോകത്തുനിന്നുള്ള (മുകളിൽ വിവരിച്ച തരത്തിൽ അഛന്റെ ലോകത്തുനിന്നുള്ള) വിച്ഛേദമാണ് ഭാഷയുടെ ലോകത്തിലേക്കുള്ള (അമ്മയുടെ ലോകത്തിലേക്കുള്ള) പ്രവേശനത്തോടെ സംഭവിക്കുന്നത്‌.

പക്ഷെ ഈ രീതിയിൽ വയലൻസിലൂടെ തന്നിലേക്ക് കടന്നുവരുന്ന ഭാഷയ്ക്ക് അഥവാ അമ്മക്ക് പൂർണ്ണമായും കീഴടങ്ങാൻ വിഷയി തയ്യാറാവുന്നില്ല. രണ്ടു തരത്തിലുള്ള ഭാഷയെക്കുറിച്ച് അരുന്ധതി റോയി പറയുന്നുണ്ട്‌.
ഒന്ന്, ‘ഞാൻ’ ഉപയോഗിക്കുന്ന ഭാഷ (‘‘Language that I used’’).
രണ്ട്, എന്നെ ഉപയോഗിക്കുന്ന ഭാഷ (‘‘Language that used me’’).

രണ്ടാമത്തെ ഭാഷ വിഷയിക്ക് പുറത്തുള്ള ഭാഷയാണ്. ആ ഭാഷയെ മെരുക്കിയെടുത്ത് സ്വന്തമാക്കേണ്ടതുണ്ട്‌. മുകളിൽ സൂചിപ്പിച്ചതുപോലെ, പുറത്തുമേഞ്ഞു നടക്കുന്ന ഭാഷയുടെ ഈ മൃഗത്തെ വേട്ടയാടിപ്പിടിച്ച് ഭക്ഷിക്കുമ്പോഴാണ് തനിക്ക് എഴുത്തുകാരിയുടെ ഭാഷ കരഗതമാവുന്നത് എന്ന് അരുന്ധതി റോയി എഴുതുന്നു (‘‘I knew that I hadn't found the grazing language ‐ animal. But the bloodhound in me caught the faint , faraway scent of it on the breeze...’’ , പേജ് 146).

ഭാഷയുടെ മാംസം കഴിക്കുന്ന മൃഗം എന്ന സങ്കൽപത്തിൽ ഒരു വീണ്ടെടുപ്പുണ്ട്‌. വാക്കുകളുടെ അമൂർത്തതയിലേക്ക് (അമ്മയിലേക്ക്‌) അന്യവൽക്കരിക്കപ്പെട്ട വിഷയി വസ്‌തുക്കളുടെ മൂർത്തത (അച്ഛൻ) വീണ്ടെുക്കാൻ പ്രകടിപ്പിക്കുന്ന അഭിവാഞ്‌ഛയിൽ നിന്നാണ് ഈ സങ്കൽപം ഉണ്ടാവുന്നത്‌. ഒരു എഴുത്തുകാരിയിലേക്കുള്ള തന്റെ പരിവർത്തനത്തെക്കുറിച്ചു പറയുന്ന സന്ദർഭത്തിൽ ഈ ആശയം കൂടുതൽ വിശദീകരിക്കുന്നുണ്ട് ഗ്രന്ഥകാരി. ദൽഹിയിലെ ജീവിതത്തിന്റെ തുടക്കകാലത്ത് താൻ വ്യാപരിച്ചിരുന്ന തിരക്കഥാരചനകളെ കയ്യൊഴിഞ്ഞുകൊണ്ടാണ് അരുന്ധതി റോയി നോവൽ രചനയിലേക്ക് പ്രവേശിക്കുന്നത്‌. വസ്‌തുക്കൾക്കും ഇടങ്ങൾക്കും വേണ്ടി വാക്കുകളെ ഒറ്റിക്കൊടുക്കുകയാണ് തിരക്കഥ ചെയ്യുന്നത്‌. സാഹിത്യരചന ഇതിന് നേർവിപരീതമായ ഭാഷയുടെ വ്യവഹാരമാണ്‌. വസ്‌തുക്കളെ കൊന്നുകൊണ്ട് ഇവിടെ വാക്കുകൾ കടന്നു വരുന്നു. വസ്‌തുക്കൾ അതിന്റെ ഇന്ദ്രിയസംവേദകത്വത്തെ കയ്യൊഴിഞ്ഞുകൊണ്ട് മസ്‌തിഷ്‌കത്തിലേക്ക് പ്രേവേശിക്കുന്നിടത്താണ് അവ വാക്കുകളായി രൂപാന്തരം പ്രാപിക്കുന്നത്‌. അരുന്ധതി റോയി ഈ പ്രക്രിയയെ വിവരിക്കുന്നത് ഇങ്ങനെ:

‘‘ഞാൻ ഏതിൽ നിന്നൊക്കെയാണോ ഓടി അകന്നത്, അവയെല്ലാം എന്നിലേക്ക് തിരിച്ചുവന്നു. അയ്‌മനവും അവിടുത്തെ മുഴുവൻ ജീവജാലങ്ങളും എന്റെ തലച്ചോറിലേക്ക് തിക്കിത്തിരക്കി കൂട്ടത്തോടെ പ്രവേശിച്ചു’’.

പക്ഷെ ഇങ്ങനെ തലച്ചോറിലേക്ക് പ്രവേശിക്കുന്നതിലൂടെ അമൂർത്തമായിത്തീരുന്ന വസ്‌തുക്കളെ അഥവാ വാക്കുകളെ അവയുടെ ഇന്ദ്രിയ സംവേദകത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുമ്പോഴാണ് താൻ യഥാർത്ഥ എഴുത്തുകാരിയാവുന്നത് എന്ന് അരുന്ധതി റോയി പറയുന്നു:

‘‘നിങ്ങൾക്ക് കാണുവാനും വാസനിക്കുവാനും സ്‌പർശിക്കുവാനും കഴിയുന്ന തരത്തിൽ എനിക്ക് എന്റെ പുഴകളെക്കുറിച്ച് വിവരിക്കാൻ കഴിഞ്ഞെങ്കിൽ, എനിക്ക് മഴകളെക്കുറിച്ച് വിവരിക്കാൻ കഴിഞ്ഞെങ്കിൽ, എനിക്ക് അനുഭൂതികളെക്കുറിച്ച് വിവരിക്കാൻ കഴിഞ്ഞെങ്കിൽ ഞാൻ ഒരു എഴുത്തുകാരിയായി മാറിയതായി എനിക്ക് തോന്നും’’ ( പേജ് 215).

വാക്കുകളും വസ്‌തുക്കളും, ചിന്തയും അനുഭൂതികളും, മനസ്സും ശരീരവും ഒന്നായി മാറുന്ന അസംഭവ്യമായ ഇത്തരമൊരു അവസ്ഥാവിശേഷത്തെയാണ് അരുന്ധതി റോയി സ്വപ്‌നം കാണുന്നത്‌. ഈ സ്വപ്‌നം രൂപപ്പെടുന്നതാകട്ടെ ജീവിതത്തിൽ തെറ്റിപ്പിരിഞ്ഞുപോയ അച്ഛനും അമ്മയും വീണ്ടും ഒന്നിക്കുവാനുള്ള ഒരു മകളുടെ ഈഡിപ്പൽ അഭിവാഞ്‌ഛയിൽ നിന്നും. ഭാഷയുടെ മാംസം ഭക്ഷിക്കുന്ന മൃഗം ഇണചേരുന്ന അമ്മയും അഛനുമാണ്‌.

Comments