ബാൾട്ടിക് തീരം തഴുകിയ കഥകൾ

‘ട്രൂകോപ്പി വെബ്സീനി’ൽ പരമ്പരയായി പ്രസിദ്ധീകരിക്കുകയും സാഹിത്യപ്രവർത്തക സഹകരണസംഘം പുസ്തകമാക്കുകയും ചെയ്ത ഡോ. അമൽ പുല്ലാർക്കാട്ടിന്റെ ‘ആമ്പർ തീരങ്ങളും ബാൾട്ടിക് വർത്തമാനങ്ങളും: സോവിയറ്റ് അനന്തര ദേശങ്ങളുടെയും മനുഷ്യരുടെയും ഒരു യാത്രാരേഖ’ എന്ന പുസ്തകത്തിനെഴുതിയ ആമുഖം.

റെ ഇഷ്ടപ്പെടുന്ന ഒരു ചെറിയ കാലത്തിന്റെ ഓർമക്കുറിപ്പാണ് ആമ്പർ തീരങ്ങളും ബാൾട്ടിക് വർത്തമാനങ്ങളും: സോവിയറ്റ് അനന്തര ദേശങ്ങളുടെയും മനുഷ്യരുടെയും ഒരു യാത്രാരേഖ എന്ന ഈ കുഞ്ഞുപുസ്‌തകം. നിരവധി മാനസിക വ്യാപാരങ്ങളിലൂടെ കടത്തിക്കൊണ്ടുപോയ സോവിയറ്റ് അനന്തര ബാൾട്ടിക് രാജ്യങ്ങളിലെ ജനതയുമൊന്നിച്ചുള്ള ജെ.എൻ.യു.വിലെ പി.എച്ച്.ഡി.വിദ്യാർത്ഥിയായ എന്റെ ഒരു സെമസ്റ്റർ കാലത്തെ ജീവിതമാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, വടക്കുകിഴക്കൻ യൂറോപ്പിന്റെ ബാൾട്ടിക് സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന മനോഹരങ്ങളായ മൂന്ന് കൊച്ചു രാജ്യങ്ങൾ- ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ- എന്നിവ ഇന്ന് യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടേയും ഭാഗമാണ്. ഈ നാടുകളിലൂടെയുള്ള സഞ്ചാരവും ജനജീവിതവുമായുള്ള ഇടപെടലുകളുമാണ് ഈ കൃതിയിൽ അടയാളപ്പെടുത്തുന്നത്. ഏറെക്കുറെ സമാനമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുള്ള ഈ രാജ്യങ്ങളിൽ വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് ലഭിച്ച സമയത്തിൽ ഭൂരിപക്ഷവും ചിലവഴിച്ചത് ലിത്വാനിയയിലും അവിടുത്തെ സർവ്വകലാശാലകളിലുമാണ്. ബാൾട്ടിക് ജനജീവിതം കേന്ദ്രമായി വരുമ്പോൾതന്നെ സർവകലാശാലയിൽ സുഹൃത്തുക്കളായി ലഭിച്ച യൂറോപ്പടക്കമുള്ള വിവിധ നാടുകളിലെ വിദ്യാർത്ഥികളുടെ ജീവിതകഥകളും സാന്ദർഭികമായി ഈ യാത്രാവിവരണത്തിൽ പരന്നു കിടക്കുന്നു.അവരിൽ ഭൂരിഭാഗവും എന്നെപ്പോലെ തന്നെ യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് പ്ലസ് സ്കോളർഷിപ്പ് ലഭിച്ച് ഇവിടേക്ക് പറന്നെത്തിയവരാണ്.

ഒരു യാത്രികൻ എന്ന നിലയിൽ കൈവരുന്ന അന്വേഷണാത്മകതയും അനുഭവങ്ങളും വ്യത്യസ്‌തമായ ഒരുപാട് ജീവിതങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ഇത് വായനക്കാരിൽ പലർക്കും ഇതുവരെ അറിയാത്ത വേറൊരു ലോകമായിരിക്കാം. ഇവിടെ ഈ അനുഭവങ്ങൾ പങ്കുവച്ച് നമുക്ക് സമാന്തരമായി ലോകത്തിന്റെ മറ്റൊരു കോണിൽ സംഭവിക്കുന്ന ജനജീവിതം വായനാമനസുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. സോവിയറ്റ് അനന്തരകാല നാടുകളിലെ രാഷ്ട്രീയ ചരിത്രത്തിന്റെ അടരുകളെ തേടിപ്പുറപ്പെട്ട ഒരു ഗവേഷകവിദ്യാർത്ഥി എന്ന നിലയിൽ അനുഭവപ്പെട്ടചില വസ്തുതകളുണ്ട്. കേരളീയർ സസൂക്ഷ്‌മമായി നോക്കികാണേണ്ടതും വിമർശനപരമായി വിലയിരുത്തേണ്ടതുമായ ചരിത്രവും വർത്തമാനവുമാണ് ബാൾട്ടിക് നാടുകളിലെ ജനങ്ങൾക്കുള്ളത്. ഈ സഞ്ചാരം മാത്യഭാഷയിൽ തന്നെ രേഖപ്പെടുത്താൻ പ്രാഥമികമായി ആഗ്രഹിച്ചതും അതിനാലാണ്. സോവിയറ്റ് അനന്തരകാല ജീവിതം എങ്ങനെയാകുമെന്നു ഏറെ ആകാംക്ഷ പുലർത്തിയ ജനതയാണ് മലയാളികൾ. എന്നാൽ കേവലം റഷ്യക്ക് അപ്പുറത്തുള്ള കൊച്ചു നാടുകളിലേക്ക് നമ്മുടെ ശ്രദ്ധ എത്രത്തോളം കടന്നുചെന്നിട്ടുണ്ട് എന്നതിനെ കുറിച്ചു ചിന്തിച്ചാൽ അത് ഇതുവരെ കാര്യമായൊന്നും ആലോചിക്കാതിരുന്ന പ്രദേശങ്ങളുടെയും ജനജീവിതത്തിന്റെയും ചുരുളുകൾ അഴിയുന്നതിലേക്കെത്തിക്കും. ഇത്തരമൊരു വിഷയത്തെ കേന്ദ്രമാക്കി വ്യക്തിപരമായ അനുഭവങ്ങളും അറിവുകളും വായനക്കാർക്ക് സമക്ഷം അവതരിപ്പിക്കുന്നതിനുള്ള ഒരു എളിയ പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്‌തകം.

ഈ സഞ്ചാരങ്ങൾ എഴുതി പ്രസിദ്ധീകരിക്കാനായെടുത്ത അൽപം നീണ്ട മൂന്നുവർഷ കാലയളവിനുള്ളിൽ നിരവധി സങ്കിർണമായ സാഹചര്യങ്ങളിലൂടെ ആ നാട് കടന്നുപോയിട്ടുണ്ട്. പിന്നീട് കേട്ടതും വായിച്ചതുമായ വിശേഷങ്ങളിലൂടെ കടന്നുപോയപ്പോൾ ചെല്ലാൻ അൽപമെങ്കിലും വൈകിപ്പോയിരുന്നെങ്കിൽ ഒരിക്കലും ഈ യാത്ര ഇത്രത്തോളം ആസ്വാദിക്കാൻ കഴിയുമായിരുന്നില്ല എന്ന് തോന്നിപ്പോയി. വന്നിറങ്ങിയപ്പോൾ മഞ്ഞുമൂടി കിടന്നിരുന്ന മനോഹരമായ ആ നാട്ടിൽ കാലാവസ്ഥാ വ്യതിയാനനത്തിന്റെ ഭാഗമായി തൊട്ടടുത്ത വർഷം മഞ്ഞുവീഴ്ച്ച തന്നെ ഉണ്ടായിരുന്നില്ലത്രേ. ഇറ്റലിയിൽ നിന്നുള്ള സുഹൃത്തുക്കളും മറ്റും ആ വാർത്ത സങ്കടത്തോടെ ഷെയർ ചെയ്‌തത് കണ്ടു. സുന്ദരമായ ആ പ്രദേശങ്ങൾ അങ്ങനെ സങ്കൽപ്പിച്ചെടുക്കാൻ പോലും പ്രയാസം. നിരവധിതവണ ഞങ്ങളുടെ ആതിഥേയനായി സൽക്കരിച്ച കൗണസിലെ ക്രസ്റ്റീനയുടെ പിതാവിന്റെ മരണം ഈ കാലയളവിലുണ്ടായവളരെ ദുഖകരമായഒരു സംഭവമായിരുന്നു. ഇന്ത്യക്കാരെ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നയാളായിരുന്നു അദ്ദേഹം.

പിന്നീടുവന്ന പ്രധാന വില്ലൻ റഷ്യ- യുക്രൈൻ യുദ്ധമായിരുന്നു. യുദ്ധത്തിനിടയിൽ യുക്രൈനിലെ സുഹൃത്ത് എലേനയുമായി സംസാരിച്ചു. യുദ്ധത്തിന്റെ വിഹ്വലതകൾക്കിടയിൽ അവർ തന്റെ മാതാവിനൊപ്പം ചെക്ക് റിപ്പബ്ലിക്കിലേക്കാണ് പലായനം ചെയ്‌തത്‌. മറ്റു കുടുംബക്കാർ യുക്രൈനിൽ തന്നെ ഭീതിയോടെ തുടർന്നു. റഷ്യ നടത്തിയ ആക്രമണവും പാശ്ചാത്യ ലോകവും നാറ്റോയും ചേർന്ന് നയിക്കുന്ന യുക്രൈനിയൻ ഭരണകൂടവും ചേർന്ന് ജനങ്ങളുടെ ജീവിതം വലിയൊരു ദുരന്തമാക്കിമാറ്റി എന്ന് അവർ പറഞ്ഞു. യുക്രൈൻ ഭരണകൂടം എല്ലാവർക്കും ആയുധങ്ങൾ വിതരണം ചെയ്‌തശേഷം അന്തരീക്ഷം കൂടുതൽ ആകുലമാകുകയും ആളുകൾക്ക് പുറത്തേക്കിറങ്ങുവാൻ പോലും ഭയമാകുകയും ചെയ്യുന്നു. റഷ്യൻ ന്യൂനപക്ഷ വംശജരെ ചാരന്മാരായി മുദ്രകുത്തുകയും അവരെ കൊല്ലാനും ആക്രമിക്കാനും ആഹ്വാനം ചെയ്യലും നടക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കമുള്ളവരോടുള്ള സേനയുടെ പെരുമാറ്റം കൂടുതൽ മോശമായി. ജനതയുടെ മുന്നോട്ടുള്ള ജീവിതം ഏറ്റവും വലിയ അനിശ്ചിതാവസ്ഥയായി മാറി.

യുക്രൈൻ യുദ്ധം 2014- ലെ ക്രിമിയൻ പ്രതിസന്ധിയേക്കാൾ വലിയ ഭയത്തിന്റെയും അസ്വസ്ഥതകളുടെയും പശ്ചാത്തലത്തിലേക്ക് ബാൾട്ടിക് ജനതയെ തള്ളിയിട്ടു. ഭരണകൂടം മിലിറ്ററി സംവിധാനങ്ങളും നിയമങ്ങളും കടുപ്പിച്ചു. നാട്ടിൽ അവശേഷിച്ച നാസികൾക്കെതിരായ രണ്ടാം ലോക മഹായുദ്ധ വിജയത്തിന്റെ സോവിയറ്റ് കാലത്തെ സ്‌മാരകങ്ങളും കാലനിർമിതികളും ഘട്ടം ഘട്ടമായി തകർക്കപ്പെട്ടു. നാസിപ്പട്ടാളത്തോടു പോരാടി മരിച്ച ചെമ്പടയാളികളുടെ ശവകുടീരങ്ങളടക്കം ഇനി ശേഷിച്ചവ വൈകാതെ നീക്കം ചെയ്യാൻ വലതുപക്ഷ ബാൾട്ടിക് ഭരണകൂടങ്ങൾനിയമങ്ങൾ പാസാക്കി. എന്നാൽ നാസികളോടൊപ്പം ചേർന്ന് സോവിയറ്റ് യൂണിയനോട് യുദ്ധം ചെയ്‌തവരുടെ സ്‌മാരകങ്ങളും ഓർമ്മകളും നിലനിറുത്തി. റഷ്യയിൽ നിന്നുള്ള വാതക ഊർജത്തിന്റെ ഇറക്കുമതികൾ പൂർണമായി നിർത്തുന്നു എന്ന് പ്രഖ്യാപിച്ച ആദ്യത്തെ രാജ്യമായി മാറി ലിത്വാനിയ. ലാത്വിയയിലെ ഭരണകൂടം 25 ശതമാനത്തിലേറെ റഷ്യൻ സാംസ്‌കാരിക ന്യൂനപക്ഷം രാജ്യത്ത് അധിവസിക്കുമ്പോൾ പോലും സ്‌കൂളുകളിൽ റഷ്യൻ ഭാഷ പഠിപ്പിക്കുന്നത് പരിമിതപ്പെടുത്തി. എസ്റ്റോണിയൻ ഭരണകൂടം റഷ്യക്കാർക്ക് യൂറോപ്പിലേക്കുള്ള ഷെങ്കൻ വിസ നൽകരുതെന്ന് ആവശ്യപ്പെട്ടു. ബാൾട്ടിക് നാടുകളിലെ റഷ്യൻ ന്യൂനപക്ഷങ്ങൾ ശക്തമായ സമരങ്ങളുയർത്തുകയും അവ അടിച്ചമർത്തപ്പെടുകയും ചെയ്‌തു. ജനജീവിതം അപരവൽക്കരണത്തിന്റെയും വെറുപ്പിന്റെയും ഇടയിൽപ്പെട്ടു കൂടുതൽ ഞെരുങ്ങി. ഈ അവസരം മുതലെടുത്തു നാറ്റോയുടെ പുതിയ മിലിറ്ററി ബെയ്‌സുകൾ യൂറോപ്പിന്റെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ആരംഭിക്കാനുള്ള കോപ്പുകൂട്ടലും ഇവിടെനടക്കുന്നു.

റഷ്യൻ അതിർത്തികളിലെ ചെക്ക്പോസ്റ്റ്

കോവിഡിനും യുക്രൈൻ യുദ്ധത്തിനും ശേഷം ബാൾട്ടിക് ജനതയുടെ പ്രതിസന്ധികൾ ഏറിയിരിക്കുന്നു. ഭക്ഷണ വസ്‌തുക്കളുടെയും മറ്റും വില ഇരട്ടിയിലേറെ വർധിച്ചു. താമസ വാടക മൂന്നുനാല് മടങ്ങായി. വൈദുതി നിരക്കും മറ്റും അഞ്ചാറ് മടങ്ങായി വർധിച്ചു. ജീവിത സാഹചര്യങ്ങൾ ഇത്ര രൂക്ഷമായിട്ടും വിലക്കുറവിൽ ലഭിച്ചിരുന്ന റഷ്യൻ ഊർജവും മറ്റ് വസ്‌തുക്കളുമൊന്നും വാങ്ങാൻ തയ്യാറാകില്ലെന്ന വാശിയിലാണ് ബാൾട്ടിക് ഭരണകൂടങ്ങൾ. വലിയ ശതമാനം പേരുടെ ഇഷ്ട ബ്രാൻഡായ റഷ്യൻ വോഡ്ക്കകൾ പോലും നിരോധിക്കപ്പെട്ടു. വരാനിരിക്കുന്ന കൊടും തണുപ്പുകാലങ്ങളിൽ ഇനി എന്താണ് ബാൾട്ടിക്കുകളെ കാത്തിരിക്കുന്നത് എന്നത് കൂടുതൽ ആശങ്കാജനകമാണ്. ഭൂതകാല പാരമ്പര്യം പറഞ്ഞിരിക്കുന്ന തറവാട്ടുകാർ വീടുവിറ്റും കേസ് നടത്തും എന്ന് പറഞ്ഞത് പോലെയാണ് ഇവരുടെ ഇന്നത്തെ അവസ്ഥ എന്ന് വിഷ്‌ണു സൂചിപ്പിച്ചു. ഒരു കോളേജ് അധ്യാപകന്റെ കുറഞ്ഞ ശമ്പളം തന്റെ ഭാവി ലിത്വാനിയയിൽ സുരക്ഷിതമല്ലാതാക്കുകയാണ് എന്നറിയിച്ച അവൻ പിഎച്ച്ഡിക്കു ശേഷം ലിത്വാനിയ വിട്ടു പുറത്തേക്കു പോകുവാനുള്ള ശ്രമത്തിലാണ് എന്ന് പറഞ്ഞു. തന്റെ ശിഷ്ട്ട ജീവിതം ഇനി ഇവിടെയായിരിക്കുമെന്ന് മുൻപ് പറഞ്ഞിട്ടുള്ള വിഷ്‌ണുവിന്റെ ഈ വാക്കുകൾ ഞെട്ടിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു.

ഈയടുത്ത് ജെ.എൻ.യു.വിലേക്കു വന്ന വിൽനസിലെ സുഹൃത്ത് ക്രിസ്റ്റീന യൂറോപ്യൻ സ്വത്വമാണ് ഞങ്ങളുടെ പറുദീസ എന്ന് അവകാശപ്പെട്ടപ്പോൾ അവരുമായി തർക്കിച്ചത് ഓർക്കുന്നു. നിങ്ങൾ ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷങ്ങളേക്കാൾ മോശം അവസ്ഥയിലേക്ക് പോകരുത് എന്ന് പറയേണ്ടിവന്നു. കുറച്ചുനാൾ മുൻപ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ശിൽപശാലയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ബാൾട്ടിക്ക് രാജ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അവിടുത്തെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ റഷ്യക്കുനേരേ അവർ നിരന്തരം കടുത്ത വെറുപ്പ് വാരിവിതറുന്നതിൽ ഞങ്ങൾക്ക് വലിയ പ്രതിഷേധമുണ്ട് എന്ന് പറഞ്ഞു. ലാത്വിയയിലെ റിഗയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി ഞങ്ങൾക്കിടയിലേക്കു കടന്നുവരുന്ന ചിലരുടേയും ഇവിടെത്തന്നെയുള്ള ചിലരുടേയും സ്ഥാപിത താൽപര്യങ്ങളാണ് ജനങ്ങളെ തമ്മിൽ അകറ്റുന്നതെന്നും സംഘർഷങ്ങൾ നിർമ്മിക്കുന്നതെന്നും സൂചിപ്പിച്ചു.

ലിത്വാനിയൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന്

ഇത്തരത്തിൽ കലുഷിതവും ആകുലവുമായ സംഭവവികാസങ്ങൾക്കിടയിൽ പ്രതീക്ഷ നൽകുന്ന ഒരു കാര്യമായി ഭവിച്ചത് ഇന്ത്യ ബാൾട്ടിക് രാജ്യങ്ങളിലെ തങ്ങളുടെ ആദ്യ എംബസി ലിത്വാനിയയിൽ തുടങ്ങുവാനായി 24 ഏപ്രിൽ 2022 ന് തീരുമാനിച്ചതാണ്. ഇത് സവിശേഷമായി ഇന്ത്യ - ബാൾട്ടിക് ബന്ധങ്ങളുടെ വികസനത്തിലെ ഒരു നാഴികക്കല്ലായി മാറുന്നതാണ്. സ്വാതന്ത്ര്യത്തിന് ശേഷം ലിത്വാനിയയാണ് 2008ൽ ഇന്ത്യയിൽ എംബസി ആരംഭിച്ച ആദ്യ ബാൾട്ടിക് രാജ്യം. വളരെ സന്തോഷം തോന്നിയ മറ്റൊരു കാര്യം കേരളത്തിലെത്തിയ ലിത്വാനിയക്കാരിയായ ക്രിസ്റ്റീന സെമസ്കെയ്റ്റയും ആലപ്പുഴയിൽ നിന്നുള്ള ഡി വൈ എഫ് ഐ നേതാവ് ജോൺസൺ വർഗീസും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാർത്ത വായിച്ചതാണ്. ശേഷം ജോൺസന്റെ കോൺടാക്റ്റ് തപ്പിപ്പിടിച്ച് വിളിച്ചു സംസാരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്‌തു. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചുറ്റുപാടിൽ നിന്നുള്ള ഒരാളും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും തമ്മിലുള്ള പ്രണയം ഏറെ കൗതുകമുളവാക്കുന്നതും സ്നേഹത്തിന് അതിരുകളില്ല എന്ന് മനസ്സിലാക്കിത്തരുന്നതുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് കടുത്ത എതിർപ്പുള്ള ലിത്വാനിയൻ സാഹചര്യവും കമ്മ്യൂണിസ്റ്റ് പാർട്ടിയെ മറ്റെന്തിനും ഉപരിയായി ഇഷ്ട്ടപ്പെടുന്ന കേരളത്തിലെ സാഹചര്യവും നേരിട്ടറിയുന്ന ഒരാൾ എന്ന നിലക്ക് ഈ സന്ദർഭം വലിയൊരു ആനന്ദമാണ് സമ്മാനിക്കുന്നത്.

ബാൾട്ടിക് രാജ്യങ്ങളെക്കുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട രണ്ടു യാത്രാനുഭവങ്ങൾ മാത്രമാണ് ഇതുവരെ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. ഒന്ന്, യു.എസ്.എസ്.ആറിന്റെ തകർച്ചക്കുമുൻപ് എൻ. വി. കൃഷ്ണവാരിയർ 1989- ൽ പ്രസിദ്ധീകരിച്ച “പുതിയ ചിന്ത സോവിയറ്റ് യൂണിയനിൽ” എന്ന ചെറിയ പുസ്‌തകവും അടുത്തത് സന്തോഷ് ജോർജ് കുളങ്ങര 2012-ൽ പ്രസിദ്ധീകരിച്ച “ബാൾട്ടിക് ഡയറി” എന്ന യാത്രാവിവരണവുമാണ്. ഏതാനും ചില ദിവസങ്ങൾ ബാൾട്ടിക് നാട്ടിൽ ചെലവഴിച്ച ചെറിയ അനുഭവവങ്ങളാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്. എൻ. വി. കൃഷ്ണവാരിയർ, ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുവാൻ പോയപ്പോൾ കണ്ടറിഞ്ഞതും വിലയിരുത്തിയതുമായ ബാൾട്ടിക് നാടുകളിലെ കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. സഞ്ചാരസാഹിത്യത്തിന്റെ വിപുലമായൊരു ലോകമുണ്ടായിരുന്നിട്ടും സോവിയറ്റ് പ്രണയത്തിന്റെയും വിമർശനങ്ങളുടെയും സമ്പന്നമായ ബൗദ്ധികവ്യാപാരങ്ങൾ നിലനിന്നിട്ടും ബാൾട്ടിക് നാടുകൾ പോലെ പ്രധാനപ്പെട്ടൊരു ഇടത്തെക്കുറിച്ചു നമ്മുടെ ചിന്തകൾ പരിമിതമായിപ്പോയതിന്റെ വിടവാണ് ഈ യാത്രകളുടെ പുസ്‌തകം അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്. ഇവിടെ സംഭവിക്കുന്ന പരിമിതികളേയും പോരായ്മകളേയുമെല്ലാം ഒരു വിദ്യാർത്ഥിയുടെ എളിയ പരിശ്രമങ്ങളുടെ ഭാഗമായി നോക്കിക്കണ്ട് സദയം ക്ഷമിക്കണമെന്നുകൂടി സഹൃദയരായ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

കൗണസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റി

ഈ ചെറിയ പുസ്തകത്തിനു നിശ്ചയമായും കുറച്ചുപേരോട് കടപ്പാട് രേഖപ്പെടുത്തിയേ മതിയാകൂ. എന്റെ ഈ യാത്രയുടെ പ്രധാന കാരണക്കാരി ജെ.എൻ.യു.വിലെ പ്രിയങ്കരിയായ പ്രൊഫ. ഡോ. കെ. ബി. ഉഷയാണ്. ബാൾട്ടിക് നാടുകളെ പരിചയപ്പെടുത്തുകയും, എന്റെ എഴുത്തുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും, ആത്മവിശ്വാസം പകരുകയും, സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുവാൻ ഊർജ്ജമാവുകയും ചെയ്‌ത ഉഷ ടീച്ചറോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങുന്നതല്ല. വിമാനയാത്രാ ടിക്കറ്റുകൾ എടുത്തു തന്നതുമുതൽ യാത്രയുടെ ഓരോ ആലോചനകളിലും എന്നെ ഒറ്റയ്ക്കാക്കാതിരുന്ന കൂട്ടുകാരി ശ്രീലക്ഷ്‌മി എന്റെ എല്ലാ സന്തോഷങ്ങളുടെയും സങ്കടങ്ങളുടേയുമെല്ലാം പാതി ഏറ്റെടുത്തയാളാണ്. പലപ്പോഴും എന്നെക്കാളേറെ എന്റെ യാത്രകളുടെ അവകാശിയായി മാറിയവൾ. അവളില്ലാതിരുന്നെങ്കിൽ ഈ യാത്രകൾക്ക് ഇത്രയേറെ ഭംഗിയുണ്ടാകുമായിരുന്നില്ല. ഈ സഞ്ചാര സാഹിത്യകൃതിയുടെ മനസറിഞ്ഞൊരു അവതാരിക എഴുതിത്തന്നത് ബഹുമാനപ്പെട്ട പ്രൊഫ. സുനിൽ പി. ഇളയിടമാണ്. ഇവിടെ യാത്രികൻ കടന്നുപോകുന്ന ആത്മസംഘർഷങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമെല്ലാം എത്രയോ മനോഹരമായി സുനിൽ മാഷ് പറഞ്ഞുവയ്ച്ചിരിക്കുന്നു. അത് അവതാരിക ഒരു പഠനം തന്നെയാകുന്ന മാന്ത്രികതയാണ്. ഇത് എന്റെ യാത്രാവിവരണത്തിന് ഒരു സൈദ്ധാന്തിക അടിത്തറകൂടി നൽകി. സുനിൽ മാഷിന്റെ അവതാരിക ഈ പുസ്‌തകം ഇറങ്ങുംമുമ്പുതന്നെ അതിന് ലഭിച്ച വലിയൊരു പുരസ്‌ക്കാരമായി മാറി. ഏത് പരീക്ഷണ കാലഘട്ടങ്ങളിലും എന്റെ സാഹസങ്ങൾക്കെല്ലാം തുണയായി നിന്നിട്ടുള്ളവരാണ് എന്റെ അച്ഛൻ പുഷ്‌കരനും അമ്മലതയും. സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗാവസ്ഥകളുമെല്ലാം മറന്ന് മകനെ പിന്തുണച്ചു നിന്ന അവരെ എങ്ങനെ രേഖപ്പെടുത്താതിരിക്കാനാകും. ഈ യാത്രാനുഭവത്തിന്റെ അൽപം കൂടി ചെറിയ രൂപം "എ ജേണി ടു ബാൾട്ടിക്‌" എന്ന പേരിൽ പരമ്പരയായി ആദ്യം പ്രസിദ്ധീകരിച്ചത് ട്രൂ കോപ്പി വെബ്‌സിൻ ആണ്. നൂറ് ലക്കം100 പാക്കറ്റ് പിന്നിട്ട അവരുടെ ഏറ്റവും മികച്ച നൂറ് കൃതികളുടെ പട്ടിക തയ്യാറാക്കി അവതരിപ്പിച്ചപ്പോൾ അതിൽ ഈ യാത്രാവിവരണവും ഉൾപ്പെട്ടു എന്നത് വളരെ സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു. ഒരു സഞ്ചാരസാഹിത്യ പരമ്പര എഴുതാൻ പ്രോത്സാഹിപ്പിച്ച മനില സി. മോഹൻ, ഒരു വായനക്കാരന്റെ നല്ല അനുഭവം ആദ്യമായി അറിയിച്ച പ്രിയപ്പെട്ട എഴുത്തുകാരൻ അശോകൻ ചരുവിൽ, പുസ്തകത്തിന്റെ പകർപ്പ് വായിച്ചു വിശദമായി അഭിപ്രായം പറഞ്ഞ പ്രിയപ്പെട്ട പ്രസീദ ചേച്ചി, വിധു വിൻസെന്റ്, കെ. എസ്. രഞ്‌ജിത്ത്‌, ആതിര കെ. വി., പുസ്തകമാക്കേണ്ടുന്നതിനുള്ള വിവരങ്ങൾ നൽകിയ പ്രിയ സുഹൃത്ത് വിനിൽ പോൾ, ലിത്വാനിയയിലെ പ്രിയപ്പെട്ടവർ പ്രൊഫ. സാരുണാസ്, രണ്ട് ക്രിസ്റ്റീനമാർ, വിഷ്‌ണു മുരളി, അമേരിക്കൻ സുഹൃത്ത് മിച്ചൽ ഹാർമൺ, സന്തോഷപൂർവം ഈ യാത്രാവിവരണം പ്രസിദ്ധീകരിക്കാമെന്നറിയിച്ച സാഹിത്യപ്രവർത്തക സഹകരണസംഘം; അനിവാര്യവും ആകർഷണീയവുമായ ഒരു പുറംചട്ട രൂപകൽപ്പന ചെയ്തുതന്ന ബോബൻ മാമ്മൻ, ജീവിതത്തിലെ വലിയ പ്രാധാന്യങ്ങളായി വന്നു നിറഞ്ഞ എല്ലാ പ്രിയപ്പെട്ടകൂട്ടുകാർക്കും അകമഴിഞ്ഞ നന്ദി, മനസുനിറഞ്ഞ സ്നേഹം.


ഡോ. അമൽ പുല്ലാർക്കാട്ട്

ജെ.എൻ.യു സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽനിന്ന് ഗവേഷണ ബിരുദമെടുത്തശേഷം ഇപ്പോൾ എം.ജി യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷനൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments