വാക്കുകൾ കൊണ്ടല്ല ജീവിതത്തിന്റെ ഉൺമ കൊണ്ടാണ് പി.എ. നാസിമുദ്ദീൻ കവിതയെഴുതുന്നത്. തന്റെ ആവിഷ്കാരത്തിന് ഉപയോഗിക്കുന്ന വെറും വാക്കല്ല അയാൾക്ക് കവിത. കവിയും കവിതയും രണ്ട് അസ്തിത്വമുള്ള ദ്വൈതസ്ഥാനങ്ങളല്ല. തന്റെ ജീവിതാനുഭവങ്ങളുടെ പ്രതിനിധാനങ്ങളുമല്ല. പ്രത്യക്ഷാനുഭവങ്ങളെ പോലും നിർണ്ണയിക്കുന്ന പരോക്ഷാനുഭവങ്ങളുടെ ഭാവരൂപമാണത്. അതുകൊണ്ടുതന്നെ നാസിമുദ്ദീന്റെ ദൈവത്തിനൊപ്പം ഒരു പിക്നിക് എന്ന പുതിയ സമാഹാരത്തിലെ കവിതകൾ വായിച്ചെടുക്കാൻ വ്യവസ്ഥാപിതമായ രീതിശാസ്ത്രങ്ങളോ ഭാഷയോ മതിയാകാതെ വരുന്നു.
നാസിമുദ്ദീന്റെ കവിത പുതുകവിതയുടെ ജനുസ്സിനെ പങ്കുവെക്കുമ്പോഴും അതിന്റെ പൊതുലക്ഷണങ്ങളുടെ സാമാന്യതയെ സർഗാത്മകമായി മറികടക്കാൻ ഉദ്യമിക്കുന്ന കവിതകളാണ്. തന്റെ വൈയക്തികമായ ഒരു നവീതയിലാണ് അയാളുടെ കാവ്യജീവിതം. വാക്കിനെ സൃഷ്ടിക്കുകയല്ല, വാക്ക് കവിയുടെ സ്വത്വത്തിൽ ഉരുവം കൊള്ളുകയാണ്. അവിടെ പ്രണയം മാനവികതയായി പൂക്കും. രതിയാൽ മോക്ഷം പ്രാപിക്കും. ഉന്മാദം കൊണ്ട് ജീവിതത്തിന്റെ അന്തർഗതങ്ങളിലൂടെ ഗമിക്കും. ആദ്ധ്യാത്മികതയാൽ ജീവിതത്തോട് നിർമ്മമമാവും. ആസക്തിയുടെ തിരകളിൽ മുങ്ങി വിരക്തിയുടെ ശൂന്യതയിൽ വിലയിക്കും. രാഷ്ട്രീയം കൊണ്ട് ചോദ്യമുതിർക്കുകയും കലഹത്തിന്റെ അഗ്നിനാളങ്ങളായി തിരിതെളിക്കുകയും ചെയ്യും. സ്നേഹം കൊണ്ട് മനുഷ്യവംശത്തിനാകെ പ്രകാശത്തിന്റെ സൗന്ദര്യം പകരും. ഈവിധം കലങ്ങിമറിയുന്ന വീര്യവത്തായ വീഞ്ഞു പോലാണ് നാസിമുദ്ദീന്റെ കവിത. സാന്ദ്രത കൂടിയ ഹൃദ്രക്തം.
കവിതയുടെ പാരമ്പര്യത്തിൽ ഉൾച്ചേർന്നുനിൽക്കുന്ന സർഗാത്മകതയെ അദ്ദേഹം തന്റെ കവിതയുടെ ഈടുവെയ്പായി സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് പാരമ്പര്യത്തിന്റെ പുതിയ പ്രഭാവശക്തിയായി അത് ആവിർഭവിക്കുന്നു.
പുതിയ ഭാവന ഉദാത്തതയിൽ നിന്നുള്ള പ്രത്യക്ഷമായ ഒരു ഇറക്കമായി എണ്ണാറുണ്ട്. ഉദാത്ത ജീവിതാനുഭവങ്ങളായി ഒന്നും ഇപ്പോൾ അവശേഷിക്കുന്നില്ല എന്ന് അവർ കരുതുന്നു. അവർക്ക് രാഷ്ട്രമില്ല, പരിസരങ്ങളേയുള്ളൂ. വൻകരകളില്ല, മണൽത്തരികളേയുള്ളൂ. വിപ്ലവങ്ങളില്ല, സ്വാനുഭവ വിഹ്വലതകളേയുള്ളൂ. മാനവികതയില്ല, സ്വത്വബോധമേയുള്ളൂ. മാനകഭാഷയില്ല, വാമൊഴി വഴക്കങ്ങളേയുള്ളൂ. ഈ വിധം ചിതറി നിൽക്കുന്ന പുതുകവിതയുടെ ഭാവമണ്ഡലത്തിൽ നാസിമുദ്ദീൻ തന്റെ ജീവിതം കൊണ്ട് കവിത സൃഷ്ടിക്കുകയും കവിത കൊണ്ട് ജീവിതത്തെ പുനർനിർമ്മിക്കുകയും ചെയ്യുന്നു.
കവിത ജീവിതാനുഭവങ്ങളുടെ കലാആവിഷ്കാരം മാത്രമല്ല. കലാവിഷ്കാരങ്ങളുടെ ജീവിതാനുഭവങ്ങൾ കൂടിയാണ് നിർവഹിക്കുന്നത്. ആ നിലയിൽ കവിതയ്ക്ക് ഉത്തുംഗമമായ ഒരു പദവിയുണ്ടെന്നു തന്നെ അയാൾ കരുതുന്നു. അത് ചരിത്രനിയോഗമാവണമെന്നില്ല. മനുഷ്യരിൽ കവിതയ്ക്ക് എന്തോ ചിലത് ചെയ്യാനുണ്ട് എന്ന് അയാൾ വിശ്വസിക്കുന്നുണ്ട്. അത് ചിലപ്പോൾ ബോധജ്ഞാനത്തോളം വളരും. എന്നാൽ കവിതയുടെ ചരിത്രാനുഭവത്തെ സാമൂഹികമായ അതിന്റെ പ്രസക്തിയെ അയാൾ ഒട്ടും വില കുറച്ച് കാണുകയും ചെയ്യുന്നില്ല.

മനുഷ്യർക്ക് പുതിയ വെളിച്ചം നൽകുന്ന ആശയമാണ് ഞാൻ
കഴിയുമെങ്കിൽ എന്നെ ഒരു
സുന്ദരകവിതയാക്കൂ…
....................................
മനുഷ്യർക്ക്
പുതിയ വെളിച്ചമേകാൻ
ദൈവം എന്നെ ഇവിടെ
കൊണ്ടിട്ടതാണ്.
(അനാഥമായിപ്പോയ കവിത)
എന്ന് കവിതയെ സംബന്ധിച്ച ഒരു സൗവർണ വിശ്വാസം അദ്ദേഹം പുലർത്തുന്നുണ്ട്. "കവിതയോ, അതെന്റെ പട്ടിയെഴുതും" (അജീഷ് ദാസൻ) എന്ന മട്ടിലുള്ള നിഷ്ഫലത ചൂഴ്ന്നുനിൽക്കുന്ന ഒരു കാലത്തിലാണ് കവിതയ്ക്ക് ദൈവികമായ ഒരു സത്തയും ഒസ്യത്തും ഉണ്ടെന്ന് നാസിമുദ്ദീൻ വിശ്വസിക്കുന്നത്.
കവിതയെ പോലെ തന്നെ മൂല്യവത്താണ് അയാൾക്ക് ഓരോ ജീവിതനിമിഷങ്ങളും. പ്രേമത്തെ അയാൾ മനുഷ്യബന്ധത്തിന്റെ ഉദാത്ത സ്ഥാനമായി കണക്കാക്കുന്നു. മാനുഷ്യകതയുടെ ഹൃദ്രക്തം കൊണ്ടാണ് അയാൾ പ്രണയിക്കുന്നത്. ‘ലോകത്തെ മാറ്റുന്ന പ്രണയം’ എന്ന് ഒക്ടോവിയോ പാസ് കുറിച്ച മനുഷ്യസ്നേഹത്തിന്റെ മഹാകാന്തി അയാൾ സ്നേഹത്തിനു പകരുന്നുണ്ട്. ഉലകിന്നുയിരായ ആ വിശുദ്ധാനുഭവത്തെ അയാൾ സൗവർണ്ണ രേഖകളാക്കുന്നു.
ചെട്ടിയാർ ആൻഡ് സൺസ്
ജ്വല്ലറിക്കാരന്റെ മകൾ
സുബ്ബലക്ഷ്‌മിയും
സയ്യിദ് ബാബയുടെ
ദർഗയിൽ
ചന്ദനത്തിരി കത്തിച്ച്
പ്രാർത്ഥിക്കുന്ന ഞാനും
ഫ്യൂഷൻ സോങ്ങിലെ ഒരേ തരംഗദൈർഘ്യമുള്ള രണ്ടുനാദങ്ങൾ പോലെ അറിയാതെയലിഞ്ഞൊന്നായി.
(പൗരത്വ പ്രശ്നം)
ഇവിടെ പ്രണയം വൈയക്തികമായ വികാരതലം വിട്ട് രാഷ്ട്രീയമാനങ്ങളുള്ള ക്രിയാത്മകവൃത്തിയായി മാറുന്നു. വ്യക്തിസത്തയിൽ നിന്ന് രാഷ്ട്രീയ സ്വത്വ ത്തിലേയ്ക്ക് നാസിമുദ്ദീൻ കവിത പ്രണയത്തെ പരാവർത്തനം ചെയ്യുന്നു. കവിതയുടെ ഒരു രാഷ്ട്രപദത്തെ ചരിത്രലിപികൊണ്ട് എഴുതുകയാണ് അദ്ദേഹം. മനുഷ്യവിരുദ്ധമായിത്തീരുന്ന കോർപ്പറേറ്റിസത്തിനെതിരെ അദ്ദേഹം ഉൺമയെ പ്രതിഷ്ഠിക്കുന്നു. വ്യവസ്ഥാപിതത്ത്വവും ജൈവജീവിതവും സംഘർഷഭരിതമാകുന്നതിന്റെ ദൃഷ്ടാന്തങ്ങൾ പല കവിതകളിലും കാണാം.
കോർപ്പറേറ്റ്
പരസ്യമുള്ള
എക്‌സിക്യൂട്ടീവ്
ബാഗ് നിലത്തുവെച്ച്
ബൂട്ട്സൂരി
ഷോക്‌സൂരി
കോട്ടൂരി
പാൻ്റൂരി
ഫ്ളാറ്റിലെ
മൂന്നാം നിലയിലെ
ചെയറിൽ
വന്നിരിക്കുമ്പോൾ
ഹാ! മൂക്കിൽ വന്നടിയുന്നു
പുല്ലിൽ
മഴതുള്ളികൾ
ഇറ്റിറ്റ് വീണ്
പൊങ്ങും പച്ചപ്പിൻ മണം.
(എക്സിക്യൂട്ടീവും പൊൻമയും).
‘ഇല്ലാത്തതിന്റെ മുഴുവൻ കനവും ഉള്ളവ പേറണമെന്ന ഒരു വിളംബരം’ (പി. രാമൻ) കടന്നുപോയ ഒരു വഴിയെയാണ് പുതിയ കവിത അതിന്റെ ആരംഭബിന്ദുവിൽ അടയാളപ്പെടുത്തപ്പെട്ടത്. എന്നാൽ അഗാധമായ ദാർശനിക ഭാരത്താൽ കനപ്പെട്ടു നിൽക്കുന്നതാണ് നാസിമുദ്ദീന്റെ കവിതകൾ. ഭാരതീയമായ ജ്ഞാനവും ആധുനികമായ വിജ്ഞാനവും ദാർശനികതയും എല്ലാം ഘനീഭവിക്കുന്ന വാക്കാണ് അദ്ദേഹത്തിന്റെ കവിതകൾ.

"കാലവും പ്രായവുമൊക്കെ
വെറും തോന്നലുകൾ
പ്രപഞ്ചത്തിലുള്ളത് ഒന്നും ഇല്ലാതാകുന്നില്ല
ഇല്ലാതാകുന്നതൊന്നും
ഉണ്ടാകുന്നില്ല".
(പ്രായം).
ഇന്ത്യൻ ബ്രഹ്മസങ്കല്പത്തോടും ആധുനിക ശാസ്ത്രജ്ഞാനത്തോടും സംവാദാത്മകമായ ഒരു നില കവിത പുലർത്തുന്നുണ്ട്.
പുകയുന്ന അടുപ്പിൽ
ചരാചരങ്ങളിൽ
കുടി കൊള്ളും
അഗ്നി കണ്ടു
(ചായ സെൻ)
എന്നെഴുതുമ്പോൾ ഭാരതീയ പ്രപഞ്ചവീക്ഷണത്തിന്റെ ഒരു തരി ഇവിടെ മിന്നി നിൽക്കുന്നു. നിത്യജീവിതത്തിൽ ബൃഹദ് ദർശനങ്ങളുടെ തിളക്കങ്ങളെ കണ്ടെത്തുന്നു.
ആസക്തിക്കും വിരക്തിക്കും ഇടയിലുള്ള ആന്ദോളനമാണ് മനുഷ്യവംശത്തിന്റെ തന്നെ ദയനീയത. ഈ വിരുദ്ധ സംഘർഷങ്ങളിലൂടെയാണ് ഓരോ വ്യക്തിയും കടന്നുപോകുന്നത്. ആ ആത്മകലഹങ്ങൾ മുഴുവൻ നാസിമുദ്ദീന്റെ പല കവിതകളിലും നമുക്കു കാണാൻ കഴിയും. നിശ്ശബ്ദ പ്രണയത്തിന്റെ മഴരഥം, സുബൈദ സ്വർഗത്തിൽ, മുഖപടത്തിനുള്ളിൽ എന്നിങ്ങനെ പലതിലും. ലൈംഗികത ജ്ഞാനോദയത്തിന്റെ കവാടമായി അദ്ദേഹം കണക്കാക്കുന്നു. പാപപങ്കിലമായ ഒന്നിനെ അദ്ദേഹം പരിപാവന കർമ്മമാക്കി മാറ്റുന്നു. പിമ്പും ജ്ഞാനിയും എന്ന കവിതയിൽ പ്രവർത്തിക്കുന്നത് അപകൃഷ്ടമായി എണ്ണിയ ലൈംഗികതയുടെ ഉൽകൃഷ്ട പദവിയാണ്. ഭാരതീയമായ തന്ത്രശാസ്ത്രപ്രകാരം ലൈംഗികത ആത്മജ്ഞാനത്തിനുള്ള തേജോമയമായ ഒരു പന്ഥാവാണ്. ലൗകിക ജീവിതം വെറും ആഹ്ലാദത്തിന്റെ പാതയായി കണ്ട ലൈംഗികതയെ തന്ത്രം ബോധോദയത്തിന്റെ മറ്റൊരു പന്ഥാവായി എണ്ണുന്നു. വേദാന്തം ശരീരത്തെ മായയാക്കി മാറ്റുമ്പോൾ തന്ത്രം ദൈവത്തിന്റെ സജീവാവതാരമായി അതിനെ പ്രതിഷ്ഠിക്കുന്നു. ശരീരം ശിവാലയമായാണ് ഗണിക്കുന്നത്. അതിനാൽ ലൈംഗികത പാപമല്ല മോക്ഷദായകമായ കാമമോഹങ്ങളുടെ വാതിലാണ് അത് തുറക്കുന്നത്. ദൈവികാനുഭവത്തിലേയ്ക്കുള്ള പ്രവേശന ദ്വാരമാണത്. ശാരീരികാനന്ദത്തെ ബോധജ്ഞാനത്തിന്റെ പ്രസാദാത്മകമായ വഴിയാക്കി മാറ്റുകയാണ് തന്ത്രം.
ബോധോദയത്തിന്റെ ഈ ജ്വലനസ്ഥാനമായി തന്ത്രപഥത്തെ പ്രതിഷ്ഠിക്കുന്ന ഒരു കാവ്യശ്രമം പി.എ നാസിമുദ്ദീന്റെ പിമ്പും ജ്ഞാനിയും എന്ന കവിത നിർവഹിക്കുന്നു. ആത്മജ്ഞാനം ധ്യാനത്തിലൂടെയോ നിരന്തരമായ പാരായണത്തിലൂടെയോ വരിഷ്ഠമെന്നെണ്ണുന്ന കർമ്മപഥങ്ങളിലൂടെയോ മാത്രമല്ലെന്നും സർവം സമർപ്പിതമായി ചെയ്യുന്ന ഏതു കർമ്മാനുഷ്ഠാനങ്ങളിലും സാധ്യമാകുമെന്ന ഐതിഹാസികമായ പാർശ്വധാരയെ പുനരാനയിക്കാനാണ് കവി ശ്രമിക്കുന്നത്.
ഒരാൾ ഒരിടം രണ്ടു യാത്രയും എന്ന കവിതയും ഇതിനു സമാനമാണ്. ഗുരുവിനെ തേടിയിറങ്ങുന്ന ഒരു യാത്രികൻ തരുണികളുടെ മസാജ് സെൻ്ററിൽ എത്തിച്ചേരുന്നു.
‘ചെറു നഗരത്തിൽ
വന്നിറങ്ങി
ഗുരുവിനെ കാണാൻ
മലമ്പാതകളിലൂടെ
വളഞ്ഞുപുളഞ്ഞു പോകുന്ന
ബസ്സിലിരിക്കു’ന്ന ഒരാൾ
‘പ്രഷർ തലകറക്കം, എല്ലാം കളഞ്ഞ്
പുതുതായി ഉയിർപ്പിക്കും സാർ
തൗസൻ്റ് രൂപ ഓൺലി’ എന്ന് പറയുന്ന മസാജ് സെൻ്ററിലെ ഏജൻ്റിനൊപ്പം പോകുന്നു. കാമനകളെയും വിരക്തികളെയും ഇങ്ങനെ അഗാധമായി അടയാളപ്പെടുത്തുന്നു.
അതികാല്പനികതയും ഉന്മാദവും തമ്മിൽ അധികദൂരങ്ങളില്ല. അത് രണ്ടും യാഥാർത്ഥ്യത്തിനു മേലെ വിഭ്രമിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യത്തെ ഭാവനാനിഷ്ടമായി നിർമ്മിക്കുന്നു. അതുകൊണ്ട് കവികളെല്ലാം ഉന്മാദികളാണെന്നു പറയാം. ധാരാളിത്തമാർന്ന ഒരു ഉന്മാദാനുഭൂതി നാസിമുദ്ദീൻ അനുഭവിക്കുന്നുണ്ട്. ഉന്മാദമുണ്ടാക്കുന്ന ഉൾപുളകങ്ങളാണ് അയാൾക്ക് പല കവിതകളും.
ഇടയ്ക്ക് അതിൽ
കാറ്റു പടരുമ്പോൾ
ഏതോ വ്യഥിത പ്രവാചകൻ
തന്റെ യുഗത്തിന്റെ സങ്കടങ്ങൾ
നെഞ്ചിലേറ്റി
വിതുംമ്പും പോലെ
ഇടയ്ക്ക് ഇലകൾ
വിറയാർന്നാർക്കുമ്പോൾ
നിന്റെ ഏകാന്തതയിൽ
ഉൻമാദത്തിന്റെ കുപ്പിവളകൾ
പൊട്ടിച്ചിതറും പോലെ
(അരളി മരവും തുമ്പിയും).
മെറ്റിൽഡ, കുഞ്ചൻ നമ്പ്യാർ മാനാഞ്ചിറ പാർക്കിൽ, നിശ്ശബ്ദ പ്രണയത്തിന്റെ മഴർഥം, അരളി മരവും തുമ്പിയും തുടങ്ങി അനേക കവിതകൾ അസ്ഥികളും ആസക്തിയുടെ മാംസവും ഇഴുകിച്ചേർന്നതിന്റെ വാക്കുകളാണ്.
കവിതകളിൽ സംഗീതത്തിന്റെ ഒരു ഭംഗരഹിതമായ ശ്രുതിലോകമുണ്ട്. കേൾവികളൊക്കെയും ഗാനധാരയായി അനുഭവിക്കുന്ന ഒരു സ്പർശിനി നാസിമുദ്ദീൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നഗരത്തിൽ
തണുത്ത രാത്രിയിൽ
ശണ്ഠയുടെ ഓർക്കസ്ട്ര
ഉച്ചസ്ഥായിലുയരുന്ന
തെറിവിളികൾ
ഉടയുന്ന പാത്രങ്ങളുടെ തബല
അടക്കി വിതുമ്പലുകളുടെ
ഹാർമോണിയം
നെഞ്ചുപിളരുന്ന കരച്ചിലുകളുടെ വയലിൻ. (ദൈനന്ദിന രാഗതാളങ്ങൾ).
എ. അയ്യപ്പനും എൻ.എൻ. കക്കാടും ചില നേരങ്ങളിൽ എഴുത്തച്ഛനും നാസിമുദ്ദീന്റെ കവിതകളിലൂടെ നടന്നുപോകുന്നതു കാണാം. "ജീർണ്ണവസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നതയിൽ കാറ്റും നിലാവുമേറ്റ്" (‘പള്ളിക്കൽ ബസാർ’) എന്നെഴുതുമ്പോൾ എഴുത്തച്ഛനും, ‘‘എത്ര സഹിച്ചു ഭാഷതൻ കാളകൂടും കടഞ്ഞും ഇത്തിരി സത്ത് ജനങ്ങൾ തൻ നാവിലിറ്റിക്കുമാൻ’’ (‘കുഞ്ചൻ നമ്പ്യാർ മാനാഞ്ചിറ പാർക്കിൽ’) എന്നിങ്ങനെ കക്കാടും, "എന്റെ ഹൃദയത്തിലെ ചുവന്ന പൂവ് ഞാനെന്റെ പരുക്കൻ തെരുവുകളിലെ തൊഴിലാളികൾക്ക് സമർപ്പിച്ചു’’ (‘മനോ രോഗാലയത്തിലെ ദിനങ്ങൾ’) എന്ന സാഹോദര്യത്തിൽ അയ്യപ്പനും ധാരാളം കവിതകളിൽ നിറയുന്നുണ്ട്. പാരമ്പര്യത്തിന്റെ ഒരു സത്താണ് അയാൾ പിഴിഞ്ഞുറ്റിയെടുത്ത് കവിതയാക്കുന്നത്.
കല്പനകളും അലങ്കാരങ്ങളും കൊണ്ട് നിർഭരമായ ഒരു ഭാഷാരീതി പുതിയ കവിതകൾ കൈയൊഴിഞ്ഞിട്ടുണ്ട്. അതികല്പനകൾ യാഥാർത്ഥ്യത്തെ മറയ്ക്കുന്നു എന്ന തോന്നലുകൾ കൊണ്ടാണ് പുതിയ കവികൾ ഇങ്ങനെ ചെയ്യുന്നത്. നേരായ ഒരു ഭാഷ അല്ലെങ്കിൽ അതിസാധാരണമായ വാമൊഴിവഴക്കങ്ങൾ എന്നിവയുടെ ഭാരരാഹിത്യം കൊണ്ടാണ് പുതിയ കവിതകളുടെ സഞ്ചാരം. അലങ്കാരം ഒരു വ്യാജനിർമ്മിതിയാണെന്ന് അവർ കരുതുന്നുണ്ടാവാം. "കവിളു പോലൊരു കവിൾ, മൂക്കു പോലൊരു മൂക്ക്" (എസ്. ജോസഫ്), ‘‘മഴ മഴയ്ക്കുന്നു, പുഴ പുഴയ്ക്കുന്നു വെയിൽ ക്കുന്നുവെയിൽ’’ (സച്ചിദാനന്ദൻ പുഴങ്കര ) എന്നിങ്ങനെ ഭാഷയെ നേരായി ഉപയോഗിക്കാനുള്ള ഒരു നിരലംകൃത ശ്രമം പുതുഭാവന നിർവഹിക്കുന്നുണ്ട്. എന്നാൽ നാസിമുദ്ദീനെ സംബന്ധിച്ച് കവിത തന്റെ ഉണ്മയുടെ പ്രകാശനമാണെന്നിരിക്കെ, ഭാഷയ്ക്കു വേണ്ടുന്ന വൃഥാപരീക്ഷണങ്ങളിലൊന്നും അദ്ദേഹം മുഴുകുന്നില്ല. ഭാവപൂർണ്ണമായ ഒരു വാർപ്പാണ് അയാൾക്ക് കവിത. അത് നേർഭാഷയെന്നോ വക്രഭാഷയെന്നോ ചിന്തനീയമല്ല. പ്രാർത്ഥന പോലെ ഒരു രൂപപ്പെടലാണ്. അതിൽ മാനകമലയാളമുണ്ടാകും, വാമൊഴി വഴക്കങ്ങൾ കാണും, പലതിലും സംസ്കൃതത്തിന്റെ കലർപ്പുകൾ നിറയും. ബോധപൂർവമായ ഭാഷയുടെ തിരഞ്ഞെടുപ്പുകളൊന്നും കവിതയെഴുത്തിൽ നാസിമുദ്ദീന് സാധ്യമല്ല. കാവ്യപാരമ്പര്യത്തിന്റെ ഒരു ജീവബിന്ദുവായി വാക്ക് ലയിച്ചു നിൽക്കുന്നതിലാണതിന്റെ ജീവൻ. ദുസ്തര സങ്കീർണമായ, ബിരുദാനന്തര ഭിഷഗ്വരൻ, ദിഗ്വിജയം, കാലത്തിൽ വിഗതനായ, ആശ്വാരൂഢൻ, നാസാരന്ധ്രങ്ങളിലെത്തുന്ന, വേപഥുവാകുന്ന കാലം, ശവധൂളി, ധനാഗമകുമാർഗങ്ങൾ, നിരാമയൻ , സുഖാശ്ലേഷ തൈലങ്ങൾ, മാംസാനുഭൂതികളുടെ മഹോത്സവം, വ്യഥിത പ്രവാചകൻ, അപമൃത്യു, അശ്രീകരം, ജനനേന്ദ്രിയ വൃക്ഷം എന്നിങ്ങനെ ഘനീഭൂതമായ സമസ്ത പദങ്ങൾ പുതിയ കാലത്ത് നാസിമുദ്ദീന്റെ മാത്രം ഭാഷാപരമായ അനന്യതയാണ്.

ആ നിലയിൽ ഭാഷ കൊണ്ടും നമ്മുടെ കാവ്യപാരമ്പര്യത്തോട് നിരന്തരം സംവാദാത്മകമായി നിൽക്കാനുള്ള ഒരു കരുത്ത് നാസിമുദ്ദീന്റെ ദൈവത്തിനൊപ്പം ഒരു പിക്നിക് എന്ന കവിതാപുസ്തകം കൈവരിക്കുന്നുണ്ട്.
സക്കറിയയുടെ ആമുഖവാക്യവും ഇ.വി. രാമകൃഷ്ണന്റെ കാവ്യാവലോകനവും കവിയിലേയ്ക്കും കവിതയിലേയ്ക്കും കിളി വാതിലുകൾ തുറക്കുന്നു. ആ വിധം കവിതയെ മാത്രമല്ല നാം കണ്ടുമുട്ടുന്നത്, ഒരു പ്രവാചകനെയും ഒരു സൂഫിയെയും നാം തൊടുന്നു. കവിതയിൽ ജൈവികമായ അന്തർനാദമായി മിസ്റ്റിക്ഭാവം നമ്മെ സ്പർശിക്കുന്നു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ കവിതാ സമാഹാരം പുതുകവിതയുടെ നാനാസ്പന്ദങ്ങളെ ഒന്നുകൂടി ആഴമുള്ള മുഴക്കമാക്കുന്നു. വാക്കിൻവിളുമ്പിലൂടെ ദൈവത്തിനൊപ്പം നാം സഞ്ചരിക്കുന്നു. അങ്ങനെ പി.എ. നാസിമുദ്ദീൻ പൊതുകവിതയിൽ അനന്യമായ ഒരു പുതുവഴി നിർമ്മിക്കുന്നു.
