Economyth: ഒരു കാറ്​ വാങ്ങാനോ വാങ്ങാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കില്ല

1637ലെ 'Tulip fever'എന്നറിയപ്പെടുന്ന ഊഹക്കമ്പോള തകർച്ച തൊട്ടിങ്ങോട്ട് 1997ലെ ഏഷ്യൻ ക്രൈസിസ്, 2000ത്തിലെ ഡോട്ട്.കോം ക്രൈസിസ് വരെയുള്ള സാമ്പത്തിക തകർച്ചകൾ അന്തംവിട്ട് നോക്കിനിൽക്കാൻ മാത്രമേ സാമ്പത്തിക ജ്യോതിഷികൾക്കും വിദഗ്ദ്ധന്മാർക്കും സാധിച്ചിരുന്നുള്ളൂ. എന്തുകൊണ്ടാണിങ്ങനെ? സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാന മിത്തുകളെ അവതരിപ്പിച്ചുകൊണ്ട് ഇതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്ന ഡേവിഡ് ഓറലിന്റെ 'ഇക്കണോമിത്സ് : 11 വേയ്സ് ഇക്കണോമിക്സ് ഗെറ്റ്സ് ഇറ്റ് റോംഗ്' എന്ന പുസ്തകം പരിചയപ്പെടുത്തുകയാണ് ലേഖകൻ

2008 പുരോഗതിയുടെ വർഷമായിരിക്കുമെന്നായിരുന്നു സാമ്പത്തിക ജ്യോതിഷികളുടെ പ്രവചനങ്ങളെ അടിസ്ഥാനപ്പെടുത്തി ബ്ലൂംബെർഗ്.കോം (bloomberg.com) വർഷാരംഭത്തിൽ കുറിച്ചത്. 11 ശതമാനം വളർച്ചാനിരക്കായിരുന്നു ആ വർഷം പ്രവചിക്കപ്പെട്ടത്.

വരാനിരിക്കുന്ന വൻതോതിലുള്ള സാമ്പത്തിക തകർച്ചയെ സംബന്ധിച്ച ഒരു സൂചനപോലും ആർക്കും ഉണ്ടായിരുന്നില്ല. വർഷാവസാനമായപ്പോഴേക്കും S&P 500 (Standard & Poor500) സൂചിക 38%മായി കുറഞ്ഞു. 29 ട്രില്യൺ ഡോളറിന്റെ നഷ്ടമായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. 2008 സെപ്തംബറിൽ 600 ബില്യൺ ഡോളർ ആസ്തിയുള്ള ലേഹ്മാൻ ബ്രദേർസിന്റെ പതനത്തോടെ സാമ്പത്തിക തകർച്ചയുടെ പൂർണ്ണ ചിത്രം വെളിപ്പെടാൻ തുടങ്ങി.

ആഗോള സാമ്പത്തിക-ധനകാര്യ സംവിധാനങ്ങളുടെ രക്ഷാകർത്താവെന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര നാണയ നിധി (IMF)യുടെ ചാണക്യന്മാർ പോലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിന്നു. 2008ലെ അമേരിക്കൻ സാമ്പത്തിക തകർച്ച ആഗോളതലത്തിലേക്ക് പടർന്നുകയറി ഇന്നും പ്രതിസന്ധികളെ രൂക്ഷമാക്കിക്കൊണ്ടിരിക്കുന്നു.

ഈയൊരു സാമ്പത്തിക തകർച്ച മുൻകൂട്ടി കാണാൻ കഴിയാതെ പോയത് ഒരു ഒറ്റപ്പെട്ട സംഭവമാണോ? അല്ലെന്ന് ആഗോള സാമ്പത്തിക ചരിത്രം നിരീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടുന്ന സംഗതിയാണ്. 1637ലെ "Tulip fever'എന്നറിയപ്പെടുന്ന ഊഹക്കമ്പോള തകർച്ച തൊട്ടിങ്ങോട്ട് 1997ലെ ഏഷ്യൻ ക്രൈസിസ്, 2000ത്തിലെ ഡോട്ട്.കോം ക്രൈസിസ് വരെയുള്ള സാമ്പത്തിക തകർച്ചകൾ അന്തംവിട്ട് നോക്കിനിൽക്കാൻ മാത്രമേ സാമ്പത്തിക ജ്യോതിഷികൾക്കും വിദഗ്ദ്ധന്മാർക്കും സാധിച്ചിരുന്നുള്ളൂ.

എന്തുകൊണ്ടാണിങ്ങനെ? സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങൾ ഗണിതശാസ്ത്ര നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്നും അതുകൊണ്ടുതന്നെ ഗണിതശാസ്ത്ര സമവാക്യങ്ങളിലൂടെ "റിസ്‌ക്' നിയന്ത്രണം സാധ്യമാക്കാമെന്നുമുള്ള നിയോക്ലാസിക്കൽ സമ്പദ്ശാസ്ത്ര അവകാശവാദങ്ങൾ പരാജയപ്പെട്ടതെന്തുകൊണ്ട്? ഡേവിഡ് ഓറൽ (David Orrell) തന്റെ "ഇക്കണോമിത്‌സ് : 11 വേയ്‌സ് ഇക്കണോമിക്‌സ് ഗെറ്റ്‌സ് ഇറ്റ് റോംഗ്' (Economyths: 11 Ways Economics Gets It Wrong) എന്ന കൃതിയിലൂടെ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാന മിത്തുകളെ അവതരിപ്പിച്ചുകൊണ്ട് ഇതിന്റെ പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നു.

സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാന പിശകുകൾ ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ വ്യക്തിയല്ല ഓറൽ. ഫ്രെഡറിക് സോഡി തൊട്ട് കെന്നത് ബൗൾഡിംഗ്, സ്റ്റീവ് കീൻ, ഹാ ജൂൻ-ചാംഗ് വരെയുള്ള നീണ്ട നിരതന്നെ നിയോക്ലാസിക്കൽ സിദ്ധാന്തങ്ങളുടെ പരിമിതികൾ പല തലത്തിൽ വിശദീകരിക്കുന്നുണ്ട്. ചാംഗിനെപ്പോലുള്ള സമ്പദ്ശാസ്ത്രകാരന്മാർ സ്വതന്ത്ര വിപണി സിദ്ധാന്തങ്ങളോടുള്ള എതിർപ്പിൽ നിന്നുകൊണ്ടാണ് വസ്തുതകൾ വിശദീകരിക്കുന്നതെങ്കിൽ ഓറൽ, ന്യൂട്ടോണിയൻ ഭൗതിക ശാസ്ത്രത്തിന്റെ "ന്യൂനീകരണ മാതൃകകളെ' (Reductionist Model) അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക നിയമങ്ങളെത്തന്നെയാണ് തന്റെ പുസ്തകത്തിലൂടെ പ്രശ്‌നവൽക്കരിക്കുന്നത്.

2008ലെ അമേരിക്കൻ സബ്‌പ്രൈം മോർഗേജ് ക്രൈസിസ് പതുക്കെ ആഗോള സാമ്പത്തിക പ്രതിസന്ധിയായി പരിണമിച്ചുകൊണ്ടിരുന്ന 2010ലാണ് ഡേവിഡ് ഓറൽ തന്റെ ആദ്യത്തെ ഗ്രന്ഥമായ "ഇക്കണോമിത്‌സ് : ടെൻ വേയ്‌സ് ഇക്കണോമിക്‌സ് ഗെറ്റ്‌സ് ഇറ്റ് റോംഗ്' എന്ന പുസ്തകം എഴുതുന്നത്. ഈ ഗ്രന്ഥത്തിന്റെ തുടർച്ചയെന്ന നിലയിലാണ് പുതിയ പുസ്തകം എഴുതപ്പെടുന്നത്. 2017ൽ പ്രസിദ്ധീകരിച്ച തന്റെ പുതിയ ഗ്രന്ഥത്തിൽ ഇക്കണോമിത്തുകൾ എന്താണെന്ന് അദ്ദേഹം നിർവ്വചിക്കുന്നതിങ്ങനെയാണ്:

""ഇക്കണോമിത്ത് (നാമം): സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറയെ രൂപപ്പെടുത്തിയതും സാമ്പത്തിക പ്രയോഗത്തിൽ പ്രധാന പങ്ക് വഹിക്കുന്നതുമായ -ചിലപ്പോൾ ദുർബലമായ രൂപത്തിലാണെങ്കിലും- ഒരു വിശ്വാസം അല്ലെങ്കിൽ കഥ. ഉദാഹരണത്തിന്, സാമ്പത്തിക വിദഗ്ദ്ധർ ഉപയോഗിക്കുന്ന മോഡലുകളിൽ. ഇത് സാധാരണയായി സമ്പദ്‌വ്യവസ്ഥയുടെ സത്താപരമായ അമാനുഷിക വീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് "അദൃശ്യമായ കൈ'(invisible hand), "കാര്യക്ഷമമായ വിപണികൾ'(efficient markets), അതിയുക്തി(hyper-rationality), നിഗൂഢമായ "ബാഹ്യ ആഘാതങ്ങൾ' (external shocks) മൂലമുണ്ടായ മാറ്റങ്ങൾ മുതലായവ. അത് തെറ്റാണ്''.

നിയോക്ലാസിക്കൽ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട ഈ അടിസ്ഥാന മിത്തുകളെ പുറത്തുകൊണ്ടുവരുന്നതിൽ ഓറൽ ഒറ്റയ്ക്കല്ല. 2010ൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് കെന്നത് ഗാൾബ്രൈയ്ത് അമേരിക്കൻ സെനറ്റിന് മുമ്പാകെ തെളിവുനിരത്തിക്കൊണ്ട് പറഞ്ഞു:

""1980 മുതൽ വ്യാപകമായി പഠിപ്പിക്കപ്പെടുന്ന സാമ്പത്തിക സിദ്ധാന്തം സാമ്പത്തിക പ്രതിസന്ധിയുടെ പിന്നിലെ ശക്തികളെ മനസ്സിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. "യുക്തിസഹമായ പ്രതീക്ഷകൾ' (rational expectations), "വിപണി അച്ചടക്കം'(market discipline), "കാര്യക്ഷമമായ വിപണി പരികല്പന'(efficient market hypothesis) എന്നിവയുൾപ്പെടെയുള്ള ആശയങ്ങൾ സാമ്പത്തിക വിദഗ്ധരെ ഊഹക്കച്ചവടങ്ങൾ വിലയെ സ്ഥിരപ്പെടുത്തുമെന്നും,

ജെയിംസ് കെന്നത് ഗാൾബ്രൈയ്ത്
ജെയിംസ് കെന്നത് ഗാൾബ്രൈയ്ത്

വിൽപ്പനക്കാർ അവരുടെ മതിപ്പ് സംരക്ഷിക്കാൻ യജ്ഞിക്കുമെന്നും, മുന്നറിയിപ്പ് നൽകുന്നവരെ ആശ്രയിക്കാമെന്നും, അതിനാൽ വ്യാപകമായ തട്ടിപ്പ് നടക്കില്ലെന്നും വാദിക്കുന്നതിലേക്ക് നയിച്ചു. എല്ലാ സാമ്പത്തിക വിദഗ്ധരും ഇത് വിശ്വസിച്ചില്ല. എന്നാൽ മിക്കവരും വിശ്വസിച്ചു''. ( 14, 2010).

നിയോക്ലാസിക്കൽ (ഒരു പരിധിവരെ ക്ലാസിക്കൽ സിദ്ധാന്തങ്ങൾക്കും ബാധകം) സാമ്പത്തിക സിദ്ധാന്തങ്ങളുടെ പൊതുവായ മിത്തുകളെന്ന നിലയിൽ ഓറൽ എടുത്തുകാണിക്കുന്ന 11 പോയിന്റുകൾ താഴെ നൽകിയിരിക്കുന്നു. ഏതൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇവ കേവലം മിത്തുകൾ മാത്രമായി മാറുന്നതെന്ന് ഓരോ അദ്ധ്യായങ്ങളിലൂടെ അദ്ദേഹം വിശദീകരിക്കുന്നു.

സാമ്പത്തിക നിയമങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ വിശദീകരിക്കാം. 2. സമ്പദ്‌വ്യവസ്ഥ എന്നത് സ്വതന്ത്ര വ്യക്തികൾ ചേർന്നതാണ്. 3. സമ്പദ് വ്യവസ്ഥ സുസ്ഥിരമാണ്. 4. സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക അപകടങ്ങൾ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. 5. സമ്പദ്‌വ്യവസ്ഥയെന്നത് യുക്തിസഹവും കാര്യക്ഷമവുമാണ്. 6. സമ്പദ്ശാസ്ത്രം ലിംഗനിരപേക്ഷമാണ്. 7. സമ്പദ്‌വ്യവസ്ഥ നീതിയുക്തമാണ്. 8. സമ്പദ്‌വ്യവസ്ഥയുടെ നിരന്തര വളർച്ച സാധ്യമാണ്. 9. സാമ്പത്തിക വളർച്ച നമ്മെ സംതൃപ്തരാക്കും. 10. സാമ്പത്തിക വളർച്ച എക്കാലവും നല്ലതിനായിരിക്കും. 11. സമ്പദ്ശാസ്ത്രം ചരക്ക് വിനിമയത്തിനായി ത്രസിക്കുന്നു.

ഒന്നാം അദ്ധ്യായത്തിൽ ഓറൽ വ്യക്തമാക്കുന്നു. ""ഭൗതിക-ഗണിത ശാസ്ത്രങ്ങളുമായുള്ള ബന്ധത്തിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിന് വിശ്വാസ്യത ലഭിക്കുന്നു. ലാറി സമ്മേഴ്‌സ് (Larry Summers) ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ അവകാശപ്പെടുന്നതുപോലെ ഗണിതശാസ്ത്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയെ വിവരിക്കാൻ കഴിയുമോ? ഐസക് ന്യൂട്ടൺ അങ്ങനെ വിചാരിച്ചിട്ടില്ല. 1721ൽ അദ്ദേഹം സൂചിപ്പിച്ചതുപോലെ, "സൗത്ത് സീ ബബ്ൾ' (1720ൽ ബ്രിട്ടീഷ് ജോയിന്റ് സ്റ്റോക് കമ്പനിയായ സൗത്ത് സീ കമ്പനിയുടെ ഓഹരിതകർച്ച) തകർച്ചയിൽ തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനുശേഷം: "എനിക്ക് മരിച്ച ശരീരങ്ങളിലെ ചലനങ്ങൾ കണക്കാക്കാൻ കഴിയും, പക്ഷേ ആളുകളുടെ ഭ്രാന്തുകൾ സാധ്യമല്ല'.

സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം-സപ്ലൈ ആന്റ് ഡിമാൻഡ് തിയറി-വിശദീകരിക്കുകയും, എല്ലാ സാമ്പത്തിക സ്‌കൂളുകളും പഠിപ്പിക്കുന്ന സപ്ലൈ-ഡിമാൻഡ് കർവ് യഥാർത്ഥ ഡാറ്റ ഉപയോഗിച്ച് ഒരിക്കലും അനുഭവപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥാപിക്കുകയാണ് ഓറൽ ചെയ്യുന്നത്. അദ്ദേഹം പറയുന്നു, ""ഈയൊരു കർവ് ഒരു "യൂണികോൺ' (വെളുത്ത, ഒറ്റക്കൊമ്പുള്ള കുതിര-ഒരു സാങ്കല്പികമൃഗം) പോലെയാണ്, എല്ലായ്‌പ്പോഴും വരച്ചതും എന്നാൽ ഒരിക്കലും കാണാത്തതുമാണ്. സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളെന്നത് വസ്തുനിഷ്ഠ-നിഷ്പക്ഷ ഗണിത ശാസ്ത്ര നിയമങ്ങളാണെന്നതും ഏതു തരത്തിലുള്ള അപകടങ്ങളെയും ഡാറ്റാ മോഡലിംഗിലൂടെ മൂൻകൂട്ടി കണ്ടെത്തി പരിഹരിക്കാമെന്നും ഉള്ള സാമ്പ്രദായിക ധാരണകളെയാണ് ഓറൽ ശാസ്ത്രീയ അപഗ്രഥനങ്ങളിലൂടെ പൊളിച്ചുകളയുന്നത്. ഒരു ഗണിതശാസ്ത്രജ്ഞനെന്ന നിലയിൽ കാലാവസ്ഥ, ജനിതകം, സമ്പദ്‌വ്യവസ്ഥ എന്നിങ്ങനെയുള്ള സങ്കീർണ്ണ വ്യവസ്ഥകളെ(Complex Systems) സംബന്ധിച്ച പഠനങ്ങളിൽ നൈപുണ്യമുള്ള ഓറലിന് ഇത് അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്.

വ്യക്തിഗത നിക്ഷേപകരുടെ പ്രവർത്തനങ്ങളുടെ ആകെ ഫലമാണ് സമ്പദ്‌വ്യവസ്ഥയെന്നും അവർ അവരുടെ പ്രയോജനത്വം(Utility) പരമാവധി വർദ്ധിപ്പിക്കുന്നതിന് പരസ്പരം സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധർ പഠിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് ഭൗതികശാസ്ത്രത്തിന്റെ ആറ്റോമിക് സിദ്ധാന്തത്തിന് സമാനമാണ്. അതായത്, വ്യക്തിയെ കേന്ദ്രസ്ഥാനത്ത് നിർത്തുകയും സമൂഹത്തിന്റെ പങ്ക് കുറയ്ക്കുകയും ചെയ്യുന്നു. (സമൂഹം എന്നൊന്ന് നിലനിൽക്കുന്നില്ലെന്ന മാർഗരറ്റ് താച്ചറുടെ പ്രസിദ്ധമായ പ്രസ്താവന ഓർമ്മിക്കുക) വാസ്തവത്തിൽ നമ്മൾ എല്ലായ്‌പ്പോഴും പരസ്പരം സ്വാധീനിക്കുന്നു എന്നതാണ്. നാം വീടുകൾ വാങ്ങുന്നത് നമ്മുടെ തലയ്ക്ക് മേൽ ഒരു മേൽക്കൂര എന്ന പ്രാഥമിക ആവശ്യം നിറവിറ്റുന്നതിന് മാത്രമല്ല, മറ്റെല്ലാവരും ഒരെണ്ണം വാങ്ങുന്നു എന്നതുകൊണ്ടു കൂടിയാണ്, കൂടാതെ "ഭവന ഗോവണി'(housing ladder)യിൽ നിന്ന് പുറത്താക്കപ്പെടുന്നതിൽ നാം ഭയപ്പെടുന്നു. മുഖ്യധാരാ സാമ്പത്തിക വിദഗ്ധർ വിപണിയുടെ സാമൂഹ്യ സ്വഭാവത്തെ (herd behaviour) അവഗണിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നു. അതിനാൽ സാമ്പത്തിക പ്രതിസന്ധികൾ പ്രവചിക്കുന്നതിലും ശരിയായി തയ്യാറെടുക്കുന്നതിലും അവർ പരാജയപ്പെടുന്നുവെന്ന് രണ്ടാമത്തെ അദ്ധ്യായത്തിലൂടെ സമർത്ഥിക്കുന്നു.

വിപണിയുടെ സാമൂഹ്യ സ്വഭാവത്തെ കൂടുതൽ വ്യക്തതയോടെ ആന്ദ്രേ ഗോർസിന്റെ പ്രശസ്ത ഗ്രന്ഥമായ ഇക്കോളജി ആസ് പൊളിറ്റിക്‌സ് (Ecology as Politics) എന്ന പുസ്തകത്തിൽ വിശദീകരിച്ചിരുന്നത് ഇവിടെ ഓർമ്മിക്കുന്നത് നന്നായിരിക്കും. "മോട്ടോർ കാറിന്റെ സാമൂഹ്യ പ്രത്യയശാസ്ത്ര'ത്തെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം എഴുതുന്നു: ""സത്യത്തിൽ ആർക്കും ഒന്നും തിരഞ്ഞെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഒരു കാറു വാങ്ങാനോ വാങ്ങാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കില്ല'' (ഗോർസ്, 1975)

സമ്പദ്‌വ്യവസ്ഥ ആന്തരികമായി സ്ഥിരതയുള്ളതാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പഠിപ്പിക്കുന്നു. വില മാറ്റങ്ങൾ ചെറുതും യാദൃശ്ചികവുമാണ്, അതിനാൽ വിപണി ശക്തികളുടെ "അദൃശ്യ കരങ്ങളി'ലൂടെ പ്രതിസന്ധികൾ അതിവേഗം ഇല്ലാതാകുന്നു. ഈ അനുമാനം, എല്ലാ സാമ്പത്തിക ചരിത്രത്തിനും എതിരാണെന്നതൊഴിച്ചാൽ, ഗംഭീരമാണ്! അഭിവൃദ്ധികളും തകർച്ചകളും അപവാദങ്ങളല്ല, അവ അംഗീകൃത പ്രവണതയാണ്. പുരാതന ഗ്രീക്കുകാരുടെ കാലം മുതൽ പ്രാകൃതിക വ്യവസ്ഥകളുടെ ശാസ്ത്രീയ മോഡലിംഗിന്റെ ഒരു സവിശേഷതയാണ് സ്ഥിരത (stability) എന്ന അനുമാനം എന്നും, എന്തുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകവും പ്രവചനാതീതവും പ്രതിഫലനപരവുമായ സ്വഭാവത്തെക്കുറിച്ച് കൂടുതൽ ഗൗരവപൂർവ്വം കണക്കിലെടുക്കണ്ടത് എന്നും ഓറൽ വ്യക്തമാക്കുന്നു.

തികച്ചും അസാധാരണമായ മറ്റൊന്നും സംഭവിച്ചില്ലായെങ്കിൽ; സുസ്ഥാപിതമായ ശാസ്ത്രീയ സങ്കേതങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയിലെ അപകടങ്ങളെ നിയന്ത്രിക്കാമെന്നതാണ് സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു മിഥ്യ. എന്നാൽ പ്രശ്‌നത്തിന്റെ അടിത്തറയെന്നത്, സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നതുപോലെ, അത്തരത്തിലുള്ള അതിതീവ്ര സംഭവങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവ തികച്ചും അസാധാരണങ്ങളല്ലെന്ന വസ്തുതയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ "കറുത്ത തിങ്കളാഴ്ച' (Black Monday), ഏഷ്യൻ ധന പ്രതിസന്ധി, റഷ്യൻ ധനപ്രതിസന്ധി, ഡോട്ട് കോം പ്രതിസന്ധി, 2007-08ലെ മഹത്തായ സാമ്പത്തിക തകർച്ച തുടങ്ങിയ പ്രതിസന്ധികളുടെ പരമ്പരകൾക്ക് തന്നെ നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ഉപയോഗിക്കുന്ന റിസ്‌ക് മോഡലുകളെ വിശകലനം ചെയ്തുകൊണ്ട് അവർ എത്തിപ്പെട്ട അപകടകരമായ അനുമാനങ്ങളെ തുറന്നുകാണിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിലെ നാലാമദ്ധ്യായത്തിലൂടെ.

യുക്തിയുടെയും കാര്യക്ഷമതയുടെയും മേൽ കെട്ടിപ്പൊക്കിയ ഒന്നാണ് സമ്പദ്ശാസ്ത്രമെന്ന് മുഖ്യധാരാ സമ്പദ്ശാസ്ത്രകാരന്മാർ നമ്മെ പഠിപ്പിക്കുന്നു. വ്യക്തിഗത നിക്ഷേപകർ യുക്തിപൂർവ്വമായ തീരുമാനങ്ങളെടുക്കുന്നുവെന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈയൊരു നിഗമനത്തിലേക്ക് അവർ എത്തുന്നത്. എന്നാൽ സാമൂഹിക പെരുമാറ്റങ്ങൾ വ്യക്തികളുടെ തീരുമാനങ്ങളിൽ പ്രതിഫലിപ്പിക്കപ്പെടുന്ന അനേകം സന്ദർഭങ്ങൾ കാണാമെന്ന് ഓറൽ സമർത്ഥിക്കുന്നു. വിപണിയുടെ നിലനിൽപ് വിശ്വാസം, ആത്മവിശ്വാസം തുടങ്ങിയ വികാരങ്ങൾക്ക് മുകളിലാണെന്ന് വസ്തുതയെ അദ്ദേഹം ഉയർത്തിപ്പിടിക്കുന്നു. വിശ്വാസമില്ലാതെ കടം നൽകാൻ സാധ്യമല്ലെന്നും ആത്മവിശ്വാസമില്ലാതെ അപകടസാധ്യതയെ കൈയ്യേൽക്കാൻ ഒരുക്കമാകില്ലെന്നും വിശദീകരിക്കുന്നു. പണം വൈകാരിക വസ്തുവാണെന്ന യാഥാർത്ഥ്യത്തെ കണക്കിലെടുക്കുന്ന പുതിയ സമീപനങ്ങളെക്കുറിച്ച് ചർച്ചചെയ്യാനും അദ്ദേഹം ശ്രമിക്കുന്നു.

സ്വന്തം മനസ്സിനെ അറിയുന്ന, മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ സ്വാധീനം ചെലുത്തപ്പെടാത്ത സ്വതന്ത്ര നിക്ഷേപകർ; സംവേദനക്ഷമതയ്ക്കും വികാരങ്ങൾക്കും മേലെ യുക്തിക്കും വിവേകത്തിനും, അസ്ഥിരതയ്ക്കും മാറ്റത്തിനും പകരം സ്ഥിരതയിലുള്ള വിശ്വാസം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിലൂടെ യാഥാസ്ഥിതിക സാമ്പത്തിക സിദ്ധാന്തം ലിംഗ പക്ഷപാതത്തെ ഉൾക്കൊള്ളുന്നുണ്ടോ എന്നൊരു ചോദ്യം ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാരണം കൊണ്ടാണോ അക്കാദമിക്, ബിസിനസ്സ്, ഭരണം എന്നിവയുടെ ഉയർന്ന തലങ്ങളിൽ പുരുഷന്മാർ ഈ രംഗത്ത് ആധിപത്യം പുലർത്തുന്നത്? സാമ്പത്തിക സിദ്ധാന്തത്തിന് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും ഇത് എന്ത് പ്രത്യാഘാതങ്ങളുണ്ടാക്കുന്നു? ഇന്നത്തെ അവസ്ഥയിൽ നിന്ന് ഭിന്നമായ സ്ത്രീകൾ രൂപകൽപ്പന ചെയ്ത സമ്പദ്‌വ്യവസ്ഥ എങ്ങിനെ ആയിരിക്കും? തുടങ്ങിയ വിവിധങ്ങളായ ചോദ്യങ്ങളിലൂടെ നിയോക്ലാസിക്കൽ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ ലിംഗനിരപേക്ഷതാ നാട്യത്തെ പരിശോധിക്കാൻ ശ്രമിക്കുകയും സ്ത്രീപക്ഷ സമ്പദ്ശാസ്ത്രജ്ഞരും വ്യവസായ പ്രമുഖരും പണത്തെ സംബന്ധിച്ച നമ്മുടെ ബോദ്ധ്യങ്ങളെ തിരുത്തിയെഴുതാൻ ശ്രമിക്കുന്നതെങ്ങനെയെന്നും വിശദീകരിക്കുന്നു ആറാം അദ്ധ്യായത്തിലൂടെ.

സാമാന്യ സാമ്പദ്ശാസ്ത്ര മാതൃകകൾ സ്ത്രീവ്യവഹാരങ്ങളെ അദൃശ്യമാക്കുന്ന വിവിധ രീതികളെക്കുറിച്ച് മേരി മെല്ലോർ (Marry Mellor 2004), റാഫ് കാർമെൻ(Raff Carmen 1994), വെറോണിക ബെൻഹോൾട്ട് തോംസൺ(Veronika Bennholdt Thomsen, 2001) തുടങ്ങിയ നിരവധി ഫെമിനിസ്റ്റ് ഇക്കണോമിസ്റ്റുകൾ മുമ്പേതന്നെ വിശദീകരിച്ചിട്ടുണ്ട്. വിപണി മാനദണ്ഡങ്ങൾ ഉപയോഗിച്ച്

നാൻസി ഫോബ്രെ
നാൻസി ഫോബ്രെ

പ്രവർത്തിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥ ഒരു സാമൂഹ്യ പുനരുത്പാദന പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അമേരിക്കൻ ഫെമിനിസ്റ്റ് ഇക്കണോമിസ്റ്റ് നാൻസി ഫോബ്രെ (Nancy Folbre, 2001)യടക്കമുള്ളവരുടെ വാദങ്ങളെ ബലപ്പെടുത്തുന്നുണ്ട് ഓറൽ തന്റെ ഗ്രന്ഥത്തിലൂടെ.

നന്നായി പ്രവർത്തിക്കുന്ന വിപണി സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി ന്യായമാണെന്നും ഭാഗ്യവും യാദൃശ്ചിക ഫലങ്ങളും ഉൾപ്പെടുമെങ്കിലും, നമ്മുടെ വിജയസാധ്യത യഥാർത്ഥ യോഗ്യതയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്നും ഒരു തത്വമെന്ന നിലയിൽ സാമ്പത്തിക വിദഗ്ധരെ പഠിപ്പിക്കുന്നു. ഒരു മത്സരാധിഷ്ഠിത വിപണിയുടെ മുഴുവൻ ലക്ഷ്യവും എല്ലാവർക്കും തുല്യമായ ഒരു പങ്ക് എന്നതാണ്. ആന്തരിക സമത്വത്തിലുള്ള ഈ വിശ്വാസം നികുതി നയങ്ങൾ മുതൽ സിഇഒമാരുടെ വേതന പാക്കേജുകൾ വരെ എല്ലാത്തിനെയും സ്വാധീനിക്കുന്നുവെന്ന് സമ്പദ്ശാസ്ത്രവുമായി ബന്ധപ്പെട്ട 'ന്യായസിദ്ധാന്തം' നമ്മോട് വിശദീകരിക്കുന്നു. എന്നിട്ടും അടുത്ത ദശകങ്ങളിൽ, വരുമാന വിതരണം വർദ്ധിച്ചുവരികയാണ്. ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഗുണങ്ങൾ ജനസംഖ്യയിലെ ഏറ്റവും മികച്ച ഏതാനും ശതമാനം ആളുകൾക്ക് മാത്രമായി ലഭിക്കുന്നു. ഇതിന്റെ കാരണം എന്താണെന്ന് വിശദീകരിച്ചുകൊണ്ട് ഓറൽ സമർത്ഥിക്കുന്നത് വിപണി ആത്യന്തികമായി നീതിയെയോ തുല്യതയെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും ധനികനെ കൂടുതൽ ധനികനാക്കി മാറ്റുന്ന സംവിധാനം മാത്രമാണ് അതെന്നുമാണ്.

എട്ടാമത്തെ അദ്ധ്യായം കൈകാര്യം ചെയ്യുന്നത് നിരന്തര വളർച്ചയെന്ന സാമ്പത്തിക സിദ്ധാന്തങ്ങളുടെ മറ്റൊരു മിഥ്യയെയാണ്. സമ്പദ്‌വ്യവസ്ഥയ്ക്കകത്തെ ഒരു ഉപ വ്യവസ്ഥയെന്ന നിലയിൽ മാത്രമാണ് ജൈവവ്യവസ്ഥയെ സാമ്പ്രദായിക സമ്പദ്ശാസ്ത്രം പരിഗണിക്കുന്നത്. പുതിയ കാലത്തെ പാരിസ്ഥിതിക തകർച്ചകളും പാരിസ്ഥിതിക സേവനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗണ്യമായ കുറവുകളും വിശദീകരിച്ചുകൊണ്ട് സമീപഭാവിയിൽ തന്നെ ഈയൊരു മിഥ്യയുടെ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു ഗ്രന്ഥകാരൻ. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ജനങ്ങളുടെ സന്തോഷത്തെ വർദ്ധിപ്പിക്കുന്നുവെന്ന വിക്‌ടോറിയൻ സാമ്പത്തിക സിദ്ധാന്തത്തിൽ നിന്നും വളരെയൊന്നും മാറ്റങ്ങൾ വർത്തമാനകാലത്തും സംഭവിച്ചിട്ടില്ലെന്ന് അസംതൃപ്ത സമ്പദ്‌വ്യവസ്ഥയെന്ന ഒമ്പതാം അദ്ധ്യായത്തിൽ വ്യക്തമാക്കുന്നു. ഭൗതിക വളർച്ചയെ മനുഷ്യരുടെ സംതൃപ്തിയായി വ്യാഖ്യാനിക്കുന്നതിൽ സംഭവിക്കുന്ന പിഴവുകളെ ഉദാഹരണങ്ങളിലൂടെ വിശദമാക്കാനും പണവും സംതൃപ്തിയും തമ്മിലുള്ള അവ്യക്തവും പലപ്പോഴും പരസ്പര വിരുദ്ധവുമായ ബന്ധത്തെ വിശകലനം ചെയ്യാനും ശ്രമിക്കുന്നു.

ഭദ്രമായ ഒരു സമ്പദ്‌വ്യവസ്ഥ, അപഭ്രംശത്തിൽ നിന്നും വിപണി പരാജയങ്ങളുടെ ഒറ്റപ്പെട്ട സംഭവങ്ങളിൽ നിന്നും സ്വതന്ത്രമാക്കപ്പെട്ട ഒന്ന്, ഓരോ വ്യക്തിയുടെയും പ്രയോജനത്വത്തെ (Utility) വർദ്ധിപ്പിക്കുമെന്നും സാധ്യമായതിൽ വെച്ചേറ്റവും ഉത്തമമായ ഒരു ലോകം സൃഷ്ടിക്കുമെന്നും മുഖ്യധാരാ സമ്പദ്ശാസ്ത്രം ഉദ്‌ബോധിപ്പിക്കുന്നു. ഈയൊരു മിഥ്യ സമ്പദ്‌വ്യവസ്ഥ യഥാർത്ഥത്തിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്ന ബോദ്ധ്യങ്ങൾക്ക് മേൽ മൂടുപടം അണിയിക്കുകയാണെന്ന് പത്താമത്തെ അദ്ധ്യായത്തിലൂടെ ഓറൽ വിശദമാക്കുന്നു. സുസ്ഥിര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായുള്ള നിരവധി ആശയങ്ങൾ മഴവെള്ളപ്പാച്ചിൽ പോലെ കടന്നുവരുന്നത് നാം കാണുന്നു. വിവിധങ്ങളായ ധാരകളിലൂടെ ഈ ആശയങ്ങൾ-Non-Linear Dynamics, Complexity, Network Theory കടന്നുവരുന്നു. എന്നിരുന്നാലും നിയോക്ലാസിക്കൽ സിദ്ധാന്തങ്ങൾ അതിന്റെ അനിവാര്യമായ പതനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

പതിനൊന്നാമത്തെ "ഇക്കണോമിത്ത്' ശരിക്കും ഒരു സ്വതന്ത്ര മിഥ്യയല്ല, മറിച്ച് മറ്റ് കെട്ടുകഥകളെ ന്യായീകരിക്കുകയോ പ്രാപ്തമാക്കുകയോ ചെയ്യുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന് കാണാം. ഇത് തികച്ചും നിരുപദ്രവകരമായ ഒന്നാണ്. സമ്പദ്‌വ്യവസ്ഥയെ ഒരുതരം ബാർട്ടർ സമ്പ്രദായമായി കാണാൻ മാത്രമേ കഴിയൂ എന്ന് അത് പ്രസ്താവിക്കുന്നു. എന്നാൽ ഈ പ്രധാന അനുമാനത്തോടെ, മറ്റുള്ളവയെല്ലാം അകന്നുപോകുന്നു. ശരിയായ സാമ്പത്തിക വലയങ്ങളിൽ ഇക്കാര്യം അപൂർവ്വമായി ചർച്ചചെയ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. ഈ അധ്യായത്തിൽ സാമ്പത്തിക ശാസ്ത്രത്തിലെ പണത്തിന്റെ പങ്ക് അല്ലെങ്കിൽ അതിന്റെ അഭാവം വിലയിരുത്തുന്നു.

പതിനൊന്ന് അദ്ധ്യായങ്ങളിലൂടെ ഡേവിഡ് ഓറൽ പറഞ്ഞുറപ്പിക്കാൻ ശ്രമിക്കുന്നത്, ആവർത്തിച്ചു സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക കുഴമറിച്ചിലുകൾ അപവാദങ്ങളല്ലെന്നും അവ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ സത്തയിൽ തന്നെ കുടിയിരിക്കുന്ന പ്രശ്‌നങ്ങളാണെന്നുമാണ്. സമ്പദ്ശാസ്ത്രം അവകാശപ്പെടുന്ന അർദ്ധ-ശാസ്ത്രീയ വസ്തുനിഷ്ഠത (Quasi-Scientific Objectivity) യെയും ഗണിതശാസ്ത്ര സൂക്ഷ്മതയെയും (Mathematical Accuracy) വളരെ വിശ്വസനീയമായ രീതിയിൽ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഓറൽ തന്റെ പുസ്തകത്തിൽ. അദ്ദേഹത്തിന്റെ പഠനമേഖല ഈയൊരു വിഷയം അനായാസമായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്യുന്നു.

ഇക്കണോമിത്ത്‌സ്: 11 വേയ്‌സ് ഇക്കണോമിക്‌സ് ഗെറ്റ്‌സ് ഇറ്റ് റോംഗ്
ഡേവിഡ് ഓറൽ
പ്രസിദ്ധീകരണം: ഐക്കൺ ബുക്‌സ്.കോം
2017, പേജ് : 420


Summary: 1637ലെ 'Tulip fever'എന്നറിയപ്പെടുന്ന ഊഹക്കമ്പോള തകർച്ച തൊട്ടിങ്ങോട്ട് 1997ലെ ഏഷ്യൻ ക്രൈസിസ്, 2000ത്തിലെ ഡോട്ട്.കോം ക്രൈസിസ് വരെയുള്ള സാമ്പത്തിക തകർച്ചകൾ അന്തംവിട്ട് നോക്കിനിൽക്കാൻ മാത്രമേ സാമ്പത്തിക ജ്യോതിഷികൾക്കും വിദഗ്ദ്ധന്മാർക്കും സാധിച്ചിരുന്നുള്ളൂ. എന്തുകൊണ്ടാണിങ്ങനെ? സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാന മിത്തുകളെ അവതരിപ്പിച്ചുകൊണ്ട് ഇതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്ന ഡേവിഡ് ഓറലിന്റെ 'ഇക്കണോമിത്സ് : 11 വേയ്സ് ഇക്കണോമിക്സ് ഗെറ്റ്സ് ഇറ്റ് റോംഗ്' എന്ന പുസ്തകം പരിചയപ്പെടുത്തുകയാണ് ലേഖകൻ


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments