യുക്തിരഹിതമായ
ആഗോള സൂപ്പർ പവർ സ്വപ്നം

അർവിന്ദ് സുബ്രഹ്‌മണ്യനും ദേവേഷ് കപൂറും ചേർന്നെഴുതിയ 'A Sixth of Humanity: Independent India's Development Odyssey' എന്ന പുസ്തകം കെ. സഹദേവൻ വായിക്കുന്നു.

“Anyone who believes that exponential growth can go on forever in a finite world is either a madman or an economist.”
- Kenneth E Boulding.

760 പേജുകളിലായി അഞ്ച് ഭാഗങ്ങളും 18-ഓളം അധ്യായങ്ങളുമുള്ള ഒരു പുസ്തകത്തെ അവലോകനം ചെയ്യുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. എങ്കിൽക്കൂടിയും സാമ്പത്തിക-രാഷ്ട്രീയ ശാസ്ത്രകാരരായ അർവിന്ദ് സുബ്രഹ്‌മണ്യനും ദേവേഷ് കപൂറും ചേർന്നെഴുതിയ 'എ സിക്‌സ്ത് ഓഫ് ഹ്യുമാനിറ്റി: ഇൻഡിപെൻഡന്റ് ഇന്ത്യാസ് ഡെവലപ്പ്‌മെന്റ് ഒഡീസി' എന്ന പുസ്തകം അത്തരമൊരു ശ്രമം ആവശ്യപ്പെടുന്നുണ്ട്.

700-ലധികം സ്രോതസ്സുകളും 40 പേജുകളുള്ള ഗ്രന്ഥസൂചി ഉൾക്കൊള്ളുന്നതുമായ ഈ പുസ്തകം ഗൗരവമായ പഠന- ഗവേഷണങ്ങളെത്തുടർന്ന് പിറവിയെടുത്ത ഒന്നാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും വാദങ്ങളുടെയും അതിവിപുലമായ ശേഖരം ഉൾക്കൊള്ളുമ്പോഴും മനുഷ്യവർഗ്ഗം അവന്റെ മുന്നോട്ടുള്ള യാത്രയിൽ നേടിയെടുത്ത മൂല്യബോധത്തെയോ ധാർമ്മിക ബോധ്യത്തെയോ, എന്തിന്, യുക്തിസഹമായ ഒരു സിദ്ധാന്തം പോലുമോ മുന്നോട്ടുവെക്കാൻ സാധിക്കുന്നില്ലെന്നത് ഈ ഗ്രന്ഥത്തെ പ്രയോജനരഹിതമായ റഫറൻസ് പുസ്തകമാക്കി ചുരുക്കുന്നു.

ഈ പുസ്തകത്തെ രണ്ട് രീതിയിൽ സമീപിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.

ആദ്യമായി, പരമ്പരാഗത സാമ്പത്തിക വികസന ബോദ്ധ്യങ്ങൾക്ക് അകത്തുനിന്നുകൊണ്ട് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന വാദങ്ങൾക്ക് പിന്നിലെ യുക്തിരാഹിത്യത്തെ പരിശോധിക്കുക. രണ്ടാമതായി, നിയോ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രം മുന്നോട്ടുവെക്കുന്ന വളർച്ചാമോഹം സൃഷ്ടിച്ച പുതിയകാല പ്രതിസന്ധികളുടെ പശ്ചാത്തലത്തിലും.

അതിന് മുമ്പ്, ഈ ഗ്രന്ഥം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലൂടെ ചെറുതായൊന്ന് കടന്നുപോകുന്നത് നന്നായിരിക്കും.

ഉള്ളടക്കത്തെക്കുറിച്ച് അൽപ്പം

മൂന്ന് സുപ്രധാന വിഷയങ്ങളാണ് ഗ്രന്ഥകാരന്മാർ ഈ പുസ്തകത്തിൽ പരിശോധിക്കുന്നത്: സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെയുള്ള വികസന-സാമ്പത്തിക നയതീരുമാനങ്ങൾ അവസരങ്ങളോടൊപ്പം സൃഷ്ടിച്ച വെല്ലുവിളികൾ എന്തൊക്കെയാണ്?; വിവിധ സ്ഥാപനങ്ങളുടെ രൂപകൽപ്പനയും പ്രവർത്തനങ്ങളും പ്രത്യയശാസ്ത്രത്തേക്കാൾ പ്രധാനമായത് എങ്ങനെ; ഐടി, ധനകാര്യം തുടങ്ങിയ ഉന്നത മേഖലകളുടെ വിജയം ആരോഗ്യം, വിദ്യാഭ്യാസം, ജോലി തുടങ്ങിയ മേഖലകളിലേക്ക് പരിവർത്തിപ്പിക്കപ്പെടുന്നതിൽ എന്തുകൊണ്ട് പരാജയം സംഭവിച്ചു?

പുസ്തകത്തിന്റെ ഒന്നാം ഭാഗം, Origins & Order, സ്വാതന്ത്ര്യത്തിന് തൊട്ട്പിന്നാലെ നടത്തിയ അടിസ്ഥാനപരമായ തിരഞ്ഞെടുപ്പുകളെ രണ്ട് അധ്യായങ്ങളിലായി പരിശോധിക്കുന്നു. വിഭജനത്തിന്റെ ആഘാതം, സാമൂഹികവും ഭാഷാപരവുമായ വൈവിധ്യം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത, ഏകീകൃത ദേശീയ സ്വത്വം രൂപപ്പെടുത്തേണ്ടതിന്റെ അനിവാര്യത എന്നിവയാൽ രൂപപ്പെട്ട തീരുമാനമെന്ന നിലയിൽ, കേന്ദ്രസർക്കാർ സംസ്ഥാനങ്ങളെക്കാൾ വലിയ അധികാരം വഹിക്കുന്ന ഒരു സംവിധാനമാണ് ഇന്ത്യയിലെ നേതാക്കൾ തിരഞ്ഞെടുത്തത്. ഭരണഘടനാ സംവിധാനത്തിലൂടെ നിയമനിർമ്മാണം, ധനകാര്യം, അടിയന്തരാവസ്ഥകൾ എന്നിവയിൽ കേന്ദ്ര സർക്കാരിന് വിപുലമായ അധികാരങ്ങൾ നൽകി. പ്രാദേശിക സ്ഥാപനങ്ങളുടെ ബലഹീനത, കൊളോണിയൽ പാരമ്പര്യം എന്നിവ കണക്കിലെടുക്കുമ്പോൾ സ്ഥിരതയ്ക്കും വികസനത്തിനും ഈ രൂപകൽപ്പന അത്യാവശ്യമാണെന്ന് വിലയിരുത്തുന്നു. എന്നിരുന്നാലും ഇത് ഒരു ഹോബ്‌സിയൻ വിരോധാഭാസവും സൃഷ്ടിച്ചു: ഫലപ്രദമായി ഭരണകൂടത്തിന് മതിയായ അധികാരം ആവശ്യമായിരുന്നു, പക്ഷേ അതിന്റെ നിർബന്ധിത പരിധിയെന്നത് പരിമിത ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കേണ്ടി വന്നുവെന്നതാണ്. ഈ വിട്ടുവീഴ്ച ഇന്ത്യയെ അതിന്റെ രൂപീകരണ വർഷങ്ങളെ ശ്രദ്ധേയമായ സ്ഥിരതയോടെ അതിജീവിക്കാൻ സഹായിച്ചതായി രചയിതാക്കൾ നീരീക്ഷിക്കുന്നു. അതേസമയം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ പിരിമുറുക്കങ്ങൾ അവശേഷിപ്പിച്ചതായും അവർ വിലയിരുത്തി. ഇന്ത്യ അതിന്റെ പ്രധാന സ്ഥാപനങ്ങളായ സിവിൽ സർവീസ്, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ എന്നിവ എങ്ങനെ നിർമ്മിച്ചുവെന്നും ഭാഷാപരവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യത്താൽ അടയാളപ്പെടുത്തിയ ഒരു രാജ്യത്ത് ഫെഡറലിസം എങ്ങനെ വികസിച്ചുവെന്നും രചയിതാക്കൾ വിവരിക്കുന്നു.

മൂന്ന് സുപ്രധാന വിഷയങ്ങളാണ് ഗ്രന്ഥകാരന്മാർ 'A Sixth of Humanity: Independent India's Development Odyssey'  എന്ന പുസ്തകത്തിൽ പരിശോധിക്കുന്നത്:
മൂന്ന് സുപ്രധാന വിഷയങ്ങളാണ് ഗ്രന്ഥകാരന്മാർ 'A Sixth of Humanity: Independent India's Development Odyssey' എന്ന പുസ്തകത്തിൽ പരിശോധിക്കുന്നത്:

'ഭരണകൂടം, വിപണികൾ, സമ്പദ് വ്യവസ്ഥ' (State, Markets and Economy)) എന്ന രണ്ടാം ഭാഗത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിണാമത്തെക്കുറിച്ചുള്ള വിശകലനം നടത്തുന്ന അഞ്ച് അധ്യായങ്ങൾ ഉൾപ്പെടുന്നു. 1991-ന് മുമ്പുള്ള ഇന്ത്യയുടെ ആസൂത്രണനയങ്ങൾ ഘടനാപരമായ ബലഹീനതകൾ ഉൾക്കൊള്ളുന്നവയാണെന്ന് ഈ അധ്യായങ്ങളിലൂടെ വിശദീകരിക്കുന്നു. തൊഴിലാളികളെ ഉൽപ്പാദന മേഖലകളിലേക്ക് വിന്യസിക്കുന്നതിലും ഉറപ്പുള്ള വ്യാവസായിക അടിത്തറ കെട്ടിപ്പടുക്കുന്നതിലും നാം പരാജയപ്പെട്ടു എന്ന് രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഉദാരവൽക്കരണത്തിനുശേഷം, പരിഷ്‌കാരങ്ങൾ പലപ്പോഴും പ്രതിപ്രവർത്തനപരമായിരുന്നുവെന്നും, സാമ്പത്തിക വളർച്ച, കേവലം തിരഞ്ഞെടുത്ത നഗര കേന്ദ്രങ്ങളിലും ധനകാര്യം, ഐടി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലും കേന്ദ്രീകരിച്ചുവെന്നും ഇത് പരിമിതമായ തൊഴിലുകൾ മാത്രം സൃഷ്ടിക്കുകയും തൊഴിലാളികളിൽ ഭൂരിഭാഗവും കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള അനൗപചാരിക ജോലികളിൽ കെട്ടിയിടപ്പെട്ടുവെന്നും അവർ വിലയിരുത്തി. ചില പ്രദേശങ്ങളിൽ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ച ഇന്ത്യയുടെ സാമ്പത്തിക പാതയുടെ സവിശേഷതയായി മാറിയെങ്കിലും മറ്റു ചിലയിടങ്ങളിൽ 'മണി ഓർഡർ' സമ്പദ് വ്യവസ്ഥയായി അത് മാറി. ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥകളിൽ കാണപ്പെടുന്ന വിശാലമായ പരിവർത്തനത്തിന് അത് ഇടനൽകിയില്ല എന്ന് ഗ്രന്ഥകർത്താക്കൾ ആരോപിക്കുന്നു. ആഗോള സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ സംയോജനവും സമാനമായി അസമമാണ് എന്ന് അവർ നിരീക്ഷിക്കുന്നു. ആഗ്രഹചിന്തകൾക്ക് മേൽക്കൈയുള്ളതും അതേസമയം, ഘടനാപരമായ ജഡത്വം, സാമ്പത്തിക സമ്മർദ്ദം, നയപരമായ അവ്യക്തത എന്നിവയാൽ പരിമിതപ്പെടുത്തപ്പെട്ടതുമായ ഒരു വികസന പാതയായിരുന്നു നമ്മുടേതെന്ന് രചയിതാക്കൾ വിമർശനപരമായി ചൂണ്ടിക്കാട്ടുന്നു.

'ഭരണകൂടം, സമൂഹം, വികസനം' (State, Society and Development) എന്ന മൂന്നാം ഭാഗത്തിൽ, സാമ്പത്തികഘടനകളിൽ നിന്ന് ഇന്ത്യയുടെ വികസന ഫലങ്ങളെ രൂപപ്പെടുത്തുന്ന ആഴത്തിലുള്ള സ്ഥാപനപരവും സാമൂഹികവും രാഷ്ട്രീയവുമായ ചലനാത്മകതയിലേക്ക് രചയിതാക്കൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ദുർബലമായ നിർവ്വഹണം, പരിമിതമായ ഭരണ ശേഷി, ഛിന്നഭിന്നമായ ഉത്തരവാദിത്തം എന്നിവയുമായി ഭരണകൂടം പലപ്പോഴും എങ്ങനെ പോരാടുന്നുവെന്ന് അന്വേഷിക്കുന്നു. പൊതുനിക്ഷേപത്തേക്കാൾ സ്വകാര്യ പരിഹാരങ്ങളെ അനുകൂലിക്കുന്ന വരേണ്യവർഗരീതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പൊതുസംവിധാനങ്ങളോടുള്ള പ്രതിബദ്ധതയുടെ അഭാവം എന്നിവയാൽ ഈ സ്ഥാപനപരമായ ദുർബലത കൂടുതൽ സങ്കീർണ്ണമാകുന്നു. സാമൂഹിക ശ്രേണികൾ, പ്രത്യേകിച്ച് ജാതി, പൊതുവിഭവങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിക്കുന്നത് തുടരുന്നു. അതേസമയം ലിംഗ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യ വിടവുകളും വിദ്യാഭ്യാസ നിലവാരം ഉയർന്നിട്ടും സ്ത്രീകളെ തൊഴിൽ ശക്തിയിൽ നിന്ന് അകറ്റി നിർത്തുന്നു. പൊതുനയങ്ങൾ സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവ പ്രാതിനിധ്യം, നീതി, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയം എന്നിവ എങ്ങനെ പുനർനിർമ്മിച്ചുവെന്ന് പരിശോധിക്കുന്നതിനൊപ്പം, വ്യവസ്ഥാപിത മാറ്റം കൈവരിക്കുന്നതിൽ ഈ ശ്രമങ്ങളുടെ പരിമിതികളും പരിശോധിക്കുന്നു. ജനാധിപത്യ അഭിലാഷങ്ങളെ ഉൾക്കൊള്ളുന്ന വളർച്ചയിലേക്കും തുല്യതയിലേക്കും വിവർത്തനം ചെയ്യാനുള്ള ഇന്ത്യയുടെ കഴിവിനെ ആഴത്തിലുള്ള അസമത്വങ്ങൾ, സ്ഥാപനപരമായ അമിതഭാരം, വരേണ്യവർഗത്തിന്റെ അകൽച്ച എന്നിവ എങ്ങനെ തടയുന്നു എന്ന് ഈ അധ്യായങ്ങൾ പരിശോധിക്കുന്നു.

അർവിന്ദ് സുബ്രഹ്‌മണ്യനും ദേവേഷ് കപൂറും
അർവിന്ദ് സുബ്രഹ്‌മണ്യനും ദേവേഷ് കപൂറും

'Nation of Indias' എന്ന തലക്കെട്ടിലുള്ള നാലാം ഭാഗം, മൂന്ന് അധ്യായങ്ങളിലൂടെ, രാജ്യ വികസനത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശ്രേണികൾ, പ്രാദേശിക അസമത്വങ്ങൾ, സ്വത്വാധിഷ്ഠിത ഒഴിവാക്കലുകൾ എന്നിവ അവസരങ്ങളിലേക്കും ഭരണകൂട വിഭവങ്ങളിലേക്കും ഉള്ള പ്രവേശനം എങ്ങനെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഈ അധ്യായങ്ങൾ പരിശോധിക്കുന്നു. ഇത്രയും വൈവിധ്യമാർന്ന ഒരു സമൂഹത്തിൽ രാഷ്ട്രനിർമ്മാണത്തിന്മേലുള്ള വെല്ലുവിളി ജാതി, മതം, പ്രാദേശികവാദം എന്നിവയുടെ കണ്ണിലൂടെ അന്വേഷിക്കുന്നു. പ്രാദേശിക അഭിലാഷങ്ങളെ സന്തുലിതമാക്കുന്നതിനുള്ള ഒരു സംവിധാനമായും രാഷ്ട്രീയ ചർച്ചകളുടെ ഒരു സ്ഥലമായും ധനകാര്യ ഫെഡറലിസം രൂപപ്പെടുകയും, ഇത് കേന്ദ്ര അധികാരത്തിനും സംസ്ഥാന തല സ്വയംഭരണത്തിനും ഇടയിലുള്ള സംഘർഷങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു. ജനാധിപത്യ സ്ഥിരത നിലനിർത്തുന്നതിലും കടുത്ത ദാരിദ്ര്യം കുറയ്ക്കുന്നതിലും വിജയിച്ചെങ്കിലും ഘടനാപരമായ പരിവർത്തനത്തിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയിലും പരാജയപ്പെട്ട ഒരു രാജ്യമായി ഇന്ത്യയെ രചയിതാക്കൾ വിശേഷിപ്പിക്കുന്നു.

ഇന്ത്യയുടെ വികസന യാത്രയെ പിന്നോട്ടും ഭാവിയിലേക്കുമുള്ള ഉൾക്കാഴ്ചയോടെ പരിശോധിക്കുന്ന മൂന്ന് അധ്യായങ്ങളിലൂടെ, അഞ്ചാം ഭാഗം, പുസ്തകത്തിന്റെ കാതലായ ഉള്ളടക്കങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. പതിറ്റാണ്ടുകളായി ഉയർന്നുവന്ന വൈരുദ്ധ്യങ്ങളെയും രോഗാവസ്ഥകളെയും ഈ അധ്യായങ്ങൾ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്നു. ചരിത്രപരമായ തിരഞ്ഞെടുപ്പുകൾ, ഘടനാപരമായ പരിമിതികൾ, രാഷ്ട്രീയ വിട്ടുവീഴ്ചകൾ എന്നിവ വർത്തമാനകാലത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് കണ്ടെത്താൻ ഈ ഭാഗത്ത് ശ്രമിക്കുന്നു. അതേസമയം ഇന്ത്യയുടെ വികസനവഴികൾ എങ്ങനെയായിരിക്കണമെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. സ്ഥാപനപരമായ ശേഷി, ഉൾക്കൊള്ളൽ ഭരണം, മുദ്രാവാക്യങ്ങൾക്ക് പകരം സങ്കീർണ്ണതയെ അംഗീകരിച്ചുകൊണ്ടുള്ള പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രചയിതാക്കൾ വാദിക്കുന്നു. ഇന്ത്യയുടെ വികസനം രേഖീയ മാതൃകകളിലൂടെയോ പരമ്പരാഗത അളവുകോലുകളിലൂടെയോ മനസ്സിലാക്കാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പകരം, ചരിത്രപരമായ ആകസ്മികതകളും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളും രൂപപ്പെടുത്തിയ ഒരു പാതയെ ആശ്രയിച്ചുള്ള പ്രക്രിയയായിരിക്കണമെന്ന് നിർദ്ദേശിക്കുന്നു. ഭൂതകാലത്തിന് ഒരു വഴികാട്ടിയാകാൻ മാത്രമേ കഴിയൂ - അത് ഒരു വിധിയല്ല - നിലവിലെ പാതകൾക്ക് മാറാൻ കഴിയുമെന്ന് രചയിതാക്കൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.

മൂല്യനിരാസത്തിന്റെ കുറിപ്പടികൾ

ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ സാമ്പത്തിക വികസന യാത്രയെ വിപുലമായ വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും പിൻബലത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ദേവഷ് കപൂറിന്റെയും അർവിന്ദ് സുബ്രഹ്‌മണ്യത്തിന്റെയും ശ്രമങ്ങൾ മൂല്യനിരാസത്തിന്റെയും സൈദ്ധാന്തിക വ്യക്തതയില്ലായ്മയുടെയും കുറ്റിയിൽ കിടന്ന് കറങ്ങുന്നത് നമുക്ക് കാണാൻ കഴിയും.

രാജ്യത്തെ പൗരർക്ക് ജോലി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ നൽകുന്നതിൽ നിരന്തരം പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിക്കുന്ന ഗ്രന്ഥകാരന്മാർ ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി പരിവർത്തിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുന്ന രാജ്യമാണെന്ന് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാതെ ഉറച്ചുവിശ്വസിക്കുന്നതായി കാണാം. സാമ്പത്തിക വളർച്ചയുടെ അന്തഃസ്സത്ത കുടികൊള്ളുന്നത് ഉൽപ്പാദനക്ഷമതയിലെ വർദ്ധനവോ ഒരു സമ്പദ് വ്യവസ്ഥ അതിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്നതിലെ കാര്യക്ഷമതയോ ആണെന്നതാണ് സാമാന്യ സാമ്പത്തികശാസ്ത്ര ബോധ്യം. ഉൽപ്പാദനക്ഷമതാ വളർച്ചയ്ക്ക് മനുഷ്യ മൂലധനം ആവശ്യമാണ്. കാരണം കാര്യക്ഷമത വർദ്ധിപ്പിക്കുന്നത് ആളുകളുടെ ആശയങ്ങളും സർഗ്ഗാത്മകതയുമാണ്. മനുഷ്യ മൂലധന ഉൽപ്പാദനം ബഹുജന വിദ്യാഭ്യാസത്തിലൂടെയും കൂടുതൽ സ്ത്രീ തൊഴിൽശക്തി പങ്കാളിത്തത്തിലൂടെയും നേടിയെടുക്കുന്ന ഒന്നാണ്. സ്ത്രീകൾ തൊഴിൽ ശക്തിയുടെ ഭാഗമാകുന്നതോടെ അവരുടെ കുട്ടികൾക്ക് പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാൻ സാധിക്കുന്നു. ലളിതമായി പറഞ്ഞാൽ, ബഹുജന വിദ്യാഭ്യാസവും സ്ത്രീ തൊഴിൽ ശക്തി പങ്കാളിത്തവും സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ അനിവാര്യ ഘടകങ്ങളാണ്. ഈ സുപ്രധാന ഘടകങ്ങൾ ഇല്ലാതെ, ഒരു രാജ്യവും ഒരിക്കലും ഒരു വികസിത രാജ്യ പദവിയിലേക്ക് ഉയർന്നിട്ടില്ല എന്ന് സാമാന്യ സാമ്പത്തിക വളർച്ചാരീതി പരിശോധിക്കുന്ന ആർക്കും ബോധ്യമാകുന്ന ഒന്നാണ്.

ബഹുജന വിദ്യാഭ്യാസത്തിലും സ്ത്രീ തൊഴിൽശക്തി പങ്കാളിത്തത്തിലും ആഗോളതലത്തിൽ ഏറ്റവും താഴെയുള്ള പടിയിലാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകക്കാലയളവിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ പഠന നിലവാരം ദയനീയമായി താഴ്ന്നിരിക്കുകയാണെന്ന് കാണാം. രാജ്യത്തെ 85% സ്‌കൂൾ വിദ്യാർത്ഥികളും ഗണിതം, വായന എന്നിവയുടെ കാര്യത്തിൽ അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ഇതിനർത്ഥം, മേൽസൂചിപ്പിച്ച രീതിയിലുള്ള ആഗോള സാമ്പത്തിക ശക്തിയായി വികസിക്കുന്നതിനുള്ള മുന്നുപാധി ഇന്ത്യ നേടിയെടുത്തിട്ടില്ല എന്നതാണ്. അങ്ങിനെയെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന ഒരു രാജ്യം എങ്ങിനെയാണ് ആഗോള സാമ്പത്തിക ശക്തിയായി വളരാൻപോകുന്നതെന്ന് വ്യക്തമാക്കുന്നതിൽ രചയിതാക്കൾ പരാജയപ്പെടുന്നതായി കാണാം. ലോകത്തിലെ ആറിലൊന്ന് ജനസംഖ്യയുള്ള ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം മനുഷ്യ മൂലധനത്തെ സംബന്ധിച്ച ഈ അവഗണന അക്ഷന്തവ്യമായ ഒന്നാണ്.

ബഹുജന വിദ്യാഭ്യാസത്തിലും സ്ത്രീ തൊഴിൽശക്തി പങ്കാളിത്തത്തിലും ആഗോളതലത്തിൽ ഏറ്റവും താഴെയുള്ള പടിയിലാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകക്കാലയളവിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ പഠന നിലവാരം ദയനീയമായി താഴ്ന്നിരിക്കുകയാണെന്ന് കാണാം.
ബഹുജന വിദ്യാഭ്യാസത്തിലും സ്ത്രീ തൊഴിൽശക്തി പങ്കാളിത്തത്തിലും ആഗോളതലത്തിൽ ഏറ്റവും താഴെയുള്ള പടിയിലാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകക്കാലയളവിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ പഠന നിലവാരം ദയനീയമായി താഴ്ന്നിരിക്കുകയാണെന്ന് കാണാം.

പുസ്തകത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുന്നതുതന്നെ 'വളർച്ചയോ നീതിയോ?' എന്ന ചോദ്യത്തിലൂടെയാണ്. ഏതാണ്ട് ഒരു ദശകക്കാലം മുന്നെ ഇന്ത്യയുടെ വികസന നയങ്ങളെ സംബന്ധിച്ച് രണ്ട് സുപ്രധാന സാമ്പത്തിക ശാസ്ത്രജ്ഞർക്കിടയിൽ നടന്ന സംവാദത്തെ ഈയൊരൊറ്റ ചോദ്യത്തിലൂടെ നമ്മുടെ മുന്നിലേക്ക് രചയിതാക്കൾ എത്തിക്കുന്നു. വിപണി ആരാധകരുടെ സൈദ്ധാന്തികത്തലവനായ ജഗദീഷ് ഭഗവതിയും ക്ഷേമരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവായ അമർത്യാ സെന്നും തമ്മിൽ നടന്ന ഈ സംവാദത്തിൽ ഭഗവതിയുടെ പക്ഷം ചേരുകയാണ് ഗ്രന്ഥകർത്താക്കൾ ചെയ്തിട്ടുള്ളത്. സാമ്പത്തിക വളർച്ചയ്ക്ക് മുമ്പ് കനത്ത തോതിലുള്ള സാമൂഹിക ചെലവുകൾ നടത്തുന്നത് ''കുതിരയ്ക്ക് മുന്നിൽ വണ്ടി കെട്ടുന്നതുപോലുള്ള'' നടപടിയാണെന്നാണ് ഭഗവതിയെപ്പോലെ ഗ്രന്ഥകർത്താക്കളും വിശ്വസിച്ചുപോരുന്നത്.

നിലവിൽ സാമ്പത്തിക വളർച്ച നേടിയെടുത്ത, വലിയ തോതിൽ സാമൂഹിക ചെലവുകൾ നടത്തിപ്പോരുന്ന ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് നോക്കിയാൽ ഭഗവതിയുടെ വാദങ്ങൾ തെറ്റാണെന്ന് കണ്ടെത്താൻ കഴിയും. ജിഡിപി വളർച്ചാ നിരക്ക് എന്തുതന്നെയായാലും, ഇന്ന് ലോക സമ്പദ് വ്യവസ്ഥയിൽ ചൈനയുടെ ആധിപത്യം തുടരുകയാണ്. അതുപോലെ വിയറ്റ്‌നാം അർഹമായ പുരോഗതി കൈവരിക്കുന്നു. ഇതിന് പിന്നിലെ സുപ്രധാന കാരണം അവരുടെ കുട്ടികൾ നല്ല വിദ്യാഭ്യാസമുള്ളവരും നല്ല പോഷകാഹാരം ലഭിക്കുന്നവരുമാണ് എന്നതാണ്. അവരുടെ അമ്മമാർ സാധാരണയായി ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നത് കാണാം. കൂടാതെ ഉയർന്ന ആരോഗ്യ-വിദ്യാഭ്യാസ മൂലധനം നേടിയെടുത്ത കുട്ടികൾ അവരുടെ മാതാപിതാക്കളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. മനുഷ്യമൂലധനത്തോടുള്ള അവഗണന വിപണിവക്താവായ ഭഗവതിയോടൊപ്പം ഗ്രന്ഥകർത്താക്കളും പങ്കിടുന്നതായി നമുക്ക് കാണാം.

പദപ്രയോഗങ്ങളിലെ ചിന്താശൂന്യത പലപ്പോഴും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. നെഹ്റു- ഇന്ദിരാഗാന്ധി കാലഘട്ടത്തെ 'സോഷ്യലിസ്റ്റ് കാലം' (Socialist Era) എന്ന് വിശേഷിപ്പിക്കുന്നത് ഇത്തരമൊരു ചിന്താശൂന്യതയിൽ നിന്നാണെന്ന് പറയേണ്ടതുണ്ട്. അമർത്യാ സെൻ അടക്കമുള്ള ബുദ്ധിജീവികൾ ഈ കാലഘട്ടത്തെ 'നിരന്തരമായ അസമത്വങ്ങളും ബലഹീനതകളും ദാരിദ്ര്യത്തെ സ്ഥിരപ്പെടുത്തിയ' ഒന്നായി വിശേഷിപ്പിച്ചതായി നമുക്കറിയാം. ഈ കാലഘട്ടത്തിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ അമിത ലളിതവത്കരണത്തിന് വിധേയമാക്കുകയും അതിന്റെ വരേണ്യവർഗ്ഗ സ്വഭാവത്തെ കുറച്ചുകാണിക്കുകയുമാണ് വാസ്തവത്തിൽ ഗ്രന്ഥകർത്താക്കൾ ഇത്തരമൊരു പദപ്രയോഗത്തിലൂടെ നടത്തുന്നത്.

ഇന്ത്യയുടെ ഏഴര പതിറ്റാണ്ടിലധികം നീളുന്ന വികസന യാത്രയെക്കുറിച്ച് വിശദീകരിക്കുന്ന ഈ ബൃഹദ് ഗ്രന്ഥം ബോധപൂർവ്വം തന്നെ ഒഴിവാക്കുന്ന ഒരു സുപ്രധാന വിഷയം, ഈ വികസന യാത്ര സൃഷ്ടിച്ച, സാമ്പത്തികശാസ്ത്ര പദാവലിയിൽ 'നെഗറ്റീവ് എക്‌സ്റ്റേർണാലിറ്റീസ്' എന്ന് വിശേഷിപ്പിക്കുന്ന, സാമ്പത്തിക വളർച്ചയുടെ നിഷേധാത്മക ഫലങ്ങളെക്കുറിച്ചാണ്. ഏറ്റവും കുറഞ്ഞത്, കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായെങ്കിലും ലോകം അങ്ങേയറ്റം ഗൗരവത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി, വിഭവശോഷണം, മലിനീകരണം, വളരുന്ന സാമൂഹികാസ്വസ്ഥതകൾ തുടങ്ങിയ സാമ്പത്തിക വളർച്ചയുടെ 'നിഷേധാത്മക ഘടകങ്ങൾ' വരാനിരിക്കുന്ന തലമുറകളുടെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സന്ദേഹമൊന്നുമില്ല.

പദപ്രയോഗങ്ങളിലെ ചിന്താശൂന്യത പലപ്പോഴും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. നെഹ്റു- ഇന്ദിരാഗാന്ധി കാലഘട്ടത്തെ 'സോഷ്യലിസ്റ്റ് കാലം' (Socialist Era) എന്ന് വിശേഷിപ്പിക്കുന്നത് ഇത്തരമൊരു ചിന്താശൂന്യതയിൽ നിന്നാണെന്ന് പറയേണ്ടതുണ്ട്.
പദപ്രയോഗങ്ങളിലെ ചിന്താശൂന്യത പലപ്പോഴും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. നെഹ്റു- ഇന്ദിരാഗാന്ധി കാലഘട്ടത്തെ 'സോഷ്യലിസ്റ്റ് കാലം' (Socialist Era) എന്ന് വിശേഷിപ്പിക്കുന്നത് ഇത്തരമൊരു ചിന്താശൂന്യതയിൽ നിന്നാണെന്ന് പറയേണ്ടതുണ്ട്.

ഇന്ത്യയുടെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയിൽ (1990-2020) 182% വർധനവാണ് സംഭവിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഈയൊരു പ്രവണതയിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ കാർബൺ സ്‌പേസ് ചുരുങ്ങിവരുന്നത് ഭാവിയിലെ വികസനപ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതായിരിക്കും. നിലവിലെ പ്രവചനങ്ങൾ അനുസരിച്ച് അന്തരീക്ഷ താപനിലയിൽ 2030 ആകുമ്പോൾത്തന്നെ 1.5 ഡിഗ്രി വർധനവ് സംഭവിച്ചിരിക്കും. ഇത് ഇന്ത്യയുടെ ശുദ്ധജല ലഭ്യതയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതോടൊപ്പം കാലാവസ്ഥാ അടിയന്തരാവസ്ഥാ സംഭവങ്ങൾ വ്യാപകമാകുന്നതിനും ഇടയാക്കും. കാർഷിക -വ്യാവസായിക ഉത്പാദനത്തെ കാലാവസ്ഥാ വ്യതിയാനം എങ്ങിനെയൊക്കെയാണ് പ്രതികൂലമായി ബാധിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച വലിയ പഠനങ്ങൾ ഇന്ന് ലഭ്യമാണ്. ഈ ഗുരുതര പ്രശ്‌നങ്ങളെ ഗൗരവമായി പരിഗണിക്കാതെ ഭാവിയെ സംബന്ധിച്ച് നടത്തുന്ന കണക്കുകൂട്ടലുകൾ അടിസ്ഥാനപരമായി വൈകല്യമുള്ളതായിരിക്കും.

സമാനമായ രീതിയിൽ, വർധിച്ചുവരുന്ന അന്തരീക്ഷമലിനീകരണം ആളുകളുടെ ആരോഗ്യത്തെ വലിയതോതിൽ ബാധിക്കുന്നതാണ്. ഇത് ആത്യന്തികമായി ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കും. വ്യാവസായിക യുഗത്തിന്റെ സംഭാവനയെന്ന രീതിയിൽ വർത്തമാനകാലം നേരിടുന്ന പ്രതിസന്ധികളിൽ സുപ്രധാനങ്ങളായ വനനശീകരണം, ജൈവവൈവിധ്യ നഷ്ടം, മേൽമണ്ണ് നാശം, സമുദ്രജല അമ്‌ളീകരണം, സാമൂഹിക സംഘർഷങ്ങൾ എന്നിവ നാൾക്കുനാൾ വർധിച്ചുവരികയാണ്. മാനവരാശിയുടെ മുന്നോട്ടുള്ള പോക്കിന് പ്രപഞ്ചാതിരുകളെ അംഗീകരിക്കേണ്ടത് പ്രധാനമാണ്. ഇത് അംഗീകരിക്കാതെയുള്ള ഏത് കുറിപ്പടികളും ഹൃസ്വദൃഷ്ടി നിറഞ്ഞ ഒന്ന് മാത്രമായിരിക്കും.

നവലിബറൽ പരിഷ്‌കരണങ്ങൾക്ക് ഗതിവേഗം പോരെന്നും കൂടുതൽ മേഖലകളിലേക്ക് സ്വകാര്യവത്കരണം വ്യാപിപ്പിക്കണമെന്നും വിശ്വസിക്കുന്നവരാണ് ഗ്രന്ഥകർത്താക്കൾ എന്നത് വ്യക്തമാണ്. സമ്പത്ത് വിതരണത്തിൽ വർധിച്ചുവരുന്ന അസമത്വം വളർച്ചയിലധിഷ്ഠിതമായ വികസന സമ്പ്രദായങ്ങളുടെ സവിശേഷതയാണെന്ന് തുറന്നുപറയുന്നതിൽ രചയിതാക്കൾക്ക് മടിയൊന്നുമില്ല. നിയോലിബറൽ പരിഷ്‌കരണങ്ങൾ വ്യാപകമാക്കപ്പെട്ട 90-കൾക്ക് ശേഷം ന്യൂനാൽന്യൂനപക്ഷം വരുന്ന ഒരു വിഭാഗം മൊത്തം സമ്പത്തിന്റെ പാതിയോളം കയ്യടക്കിവെച്ചിരിക്കുന്നത് സ്വാഭാവികമാണെന്ന് സമർത്ഥിക്കാനാണ് അവർ ശ്രമിക്കുന്നത്. ആ വളർച്ചയുടെ പരിണതഫലമെന്ന നിലയിൽ താഴേക്ക് അരിച്ചിറങ്ങുന്ന നേട്ടങ്ങളിലേക്ക് നോട്ടം പായിക്കാനാണ് ആഹ്വാനം. ജോൺ ക്വിഗ്‌ലീയെയും പോൾ ക്രുഗ്മാനെയും പോലുള്ളവർ 'സോംബീ ഇക്കണോമിക്‌സ്' എന്ന് വിശേഷിപ്പിച്ച സാമ്പത്തിക നയങ്ങളും സിദ്ധാന്തങ്ങളും തന്നെയാണ് ഗ്രന്ഥകർത്താക്കൾക്ക് മുന്നോട്ടുവെക്കാനുള്ളത്. അതേസമയം കാൾ പോളയാനി (1886-1964) ചോദിച്ച ചോദ്യം നമ്മുടെയെല്ലാവരുടെ ചോദ്യമായി മാറുന്നു: “How much disruption and inequality will societies tolerate for the sake of progress?”

കാൾ പോളയാനി
കാൾ പോളയാനി

കാലിടറുന്ന സാമ്പത്തിക മനുഷ്യൻ

സാമ്പത്തിക ശാസ്ത്രകാരർ സാമൂഹിക ഘടനകളെ സാമ്പത്തിക ഇടപാടുകളായി ന്യൂനീകരിക്കുകയും മനുഷ്യ പെരുമാറ്റത്തിന്റെ ഒരുവശത്തെ എല്ലാ മനുഷ്യ സ്വഭാവത്തിന്റെയും സാർവ്വത്രിക നിയമമാക്കി അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതേസമയം സ്‌നേഹം, സമർപ്പണം, ദയ, ധൈര്യം, സത്യസന്ധത, പ്രതിബദ്ധത, ആഗ്രഹം, സേവനം, ആദിയായ വൈകാരിക ചോദനകളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോൾ ഈ രീതിശാസ്ത്രം വിഷമവൃത്തത്തിൽ അകപ്പെടുകയും ചെയ്യുന്നു.

സമ്പദ്‌വ്യവസ്ഥ ആന്തരികമായി സ്ഥിരതയുള്ളതാണെന്നും വിപണി ശക്തികളുടെ 'അദൃശ്യ കരങ്ങളി'ലൂടെ പ്രതിസന്ധികൾ മറികടക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നുവെന്നുമുള്ള അനുമാനത്തിന്മേലാണ് നിയോക്ലാസിക്കൽ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങൾ പ്രവർത്തിക്കുന്നത്. സാമ്പത്തിക വികസനം സൃഷ്ടിക്കുന്ന 'നെഗറ്റീവ് എക്‌സ്റ്റേർണാലിറ്റീസി'നെ അവഗണിച്ചുകൊണ്ട്, നിരന്തര വളർച്ച എന്ന സ്വപ്നം താലോലിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നത് ഈയൊരു അനുമാനമാണ്. എന്നാൽ ഈയൊരു അനുമാനം എത്രമാത്രം യുക്തിരഹിതമാണ് എന്ന് നിയോക്ലാസിക്കൽ സിദ്ധാന്തത്തിന്റെ അടിസ്ഥാനപരമായ ദൗർബല്യങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പലരും വ്യക്തമാക്കുന്നുണ്ട്.

നിയോ ക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തങ്ങളുടെ യുക്തിരാഹിത്യത്തെ ഡേവിഡ് ഓറൽ സംഗ്രഹിക്കുന്നതിങ്ങനെയാണ്: “സാമ്പത്തിക നിയമങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ വിശദീകരിക്കാം; സമ്പദ്‌വ്യവസ്ഥ എന്നത് സ്വതന്ത്ര വ്യക്തികൾ ചേർന്നതാണ്; സമ്പദ് വ്യവസ്ഥ സുസ്ഥിരമാണ്; സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക അപകടങ്ങൾ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ; സമ്പദ്‌വ്യവസ്ഥയെന്നത് യുക്തിസഹവും കാര്യക്ഷമവുമാണ്; സമ്പദ്‌വ്യവസ്ഥ നീതിയുക്തമാണ്; സമ്പദ്‌വ്യവസ്ഥയുടെ നിരന്തര വളർച്ച സാധ്യമാണ്; സാമ്പത്തിക വളർച്ച നമ്മെ സംതൃപ്തരാക്കും.” (Orrel, David; Economyths: 11 ways economics gets it wrong, 2017.)

നിരന്തര വളർച്ച എന്നത് സാമ്പത്തിക സിദ്ധാന്തങ്ങളുടെ എക്കാലത്തെയും മികച്ച മിഥ്യകളിലൊന്നാണ്. സമ്പദ് വ്യവസ്ഥയ്ക്കകത്തെ ഒരു ഉപവ്യവസ്ഥയെന്ന നിലയിൽ മാത്രമാണ് ജൈവവ്യവസ്ഥയെ സാമ്പ്രദായിക സമ്പദ്ശാസ്ത്രം പരിഗണിക്കുന്നത്. പുതിയ കാലത്തെ പാരിസ്ഥിതിക തകർച്ചകൾക്കും പാരിസ്ഥിതിക സേവനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗണ്യമായ കുറവുകൾക്കും വില കൊടുക്കേണ്ടിവരിക ഭാവി തലമുറയായിരിക്കും. നിരന്തര വളർച്ച എന്ന നിയോക്ലാസിക്കൽ മിഥ്യ തകർന്നടിയുന്നതിന് സമീപഭാവിയിൽ തന്നെ നാമെല്ലാവരും സാക്ഷ്യം വഹിക്കേണ്ടിവരും.

പ്രധാനമായും രണ്ട് തരത്തിലുള്ള പരിമിതികളാണ് 'എ സിക്‌സ്ത് ഓഫ് ഹ്യുമാനിറ്റി' എന്ന ഗ്രന്ഥം അഭിമുഖീകരിക്കുന്നത്.
ഒന്ന്, സാമ്പ്രദായിക സാമ്പത്തിക വികസനാസൂത്രണങ്ങളിൽ മനുഷ്യമൂലധനത്തിന്റെ പ്രാധാന്യത്തെ അവഗണിക്കുന്നുവെന്നത്.
മറ്റൊന്ന്, പുതിയ കാലം മുന്നോട്ടുവെക്കുന്ന പ്രതിസന്ധികളെ കണക്കിലെടുക്കാൻ തയ്യാറാവുന്നില്ല എന്നത്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പുതുതായൊന്നും സംവദിക്കാനില്ലാത്ത ഒന്നായി ഈ പുസ്തകം മാറുന്നു.


Summary: K. Sahadevan writes the review of the book A Sixth of Humanity: Independent India’s Development Odyssey, written by Arvind Subramanian and Devesh Kapur.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments