തടവറയിൽ നിന്നിതാ, ജനാധിപത്യ നാഗരികതക്കായി
ഒരു മാനിഫെസ്റ്റോ

ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ദൈർഘ്യമേറിയ ജയിൽവാസം അനുഭവിക്കുന്ന, രാഷ്ട്രീയ തടവുകാരനായ, കുർദ്ദിഷ് സ്വാതന്ത്ര്യ പോരാളിയും ചിന്തകനുമായ അബ്ദുള്ള ഓക്ജലാന്റെ രചനകളുടെ വായന

പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് എന്ന നിലയിലും വായനക്കാരനെന്ന നിലയിലും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിനമായിരുന്നു 2023 ഒക്ടോബർ 24. മധ്യപൂർവ്വ മേഖലയിലെ, കുപ്രസിദ്ധമായ, ഇംമ്രാലി തടവറ ദ്വീപിൽ നിന്ന്, ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ദൈർഘ്യമേറിയ ജയിൽവാസം അനുഭവിക്കുന്ന, രാഷ്ട്രീയ തടവുകാരനായ, കുർദ്ദിഷ് സ്വാതന്ത്ര്യ പോരാളിയും ചിന്തകനുമായ, അബ്ദുള്ള ഓക്ജലാന്റെ (Abdullah Öcalan) ‘മാനിഫെസ്റ്റോ ഓഫ് ദ ഡെമോക്രാറ്റിക് സിവിലൈസേഷൻ’ എന്ന പുസ്​തകത്തിന്റെ മൂന്നാം വാല്യം കുർദ്ദിഷ് പോരാളികളായ യുവ സുഹൃത്തുക്കളിൽ നിന്ന് ഏറ്റുവാങ്ങിയ ദിവസമായിരുന്നു അത്. സോക്രട്ടീസ്​ മുതൽ അന്റോണിയോ ഗ്രാംഷി വരെയുള്ള തത്വചിന്തകർ തടവറകളിലിരുന്ന് ചിന്തയുടെ ചരിത്രം അടയാളപ്പെടുത്തുകയും രാഷ്ട്രീയം, അധികാരം എന്നിവയെ അഭിസംബോധന ചെയ്യേണ്ട രീതികളെത്തന്നെ പൊളിച്ചെഴുതുകയും ചെയ്തിട്ടുണ്ടെന്നത് നമുക്കറിയാം. നമ്മുടെ കാലത്തെ ‘ഗ്രാംഷി’ എന്ന് രാഷ്ട്രമീമാംസകാരന്മാരാൽ (Tamir Bar-On) വിശേഷിപ്പിക്കപ്പെടുന്ന, അത്തരമൊരു തടവുകാരൻ, തടവറകളുടെ എല്ലാ ഔദ്ധത്യങ്ങളെയും നിസ്സാരവൽക്കരിച്ച്, സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അധികാരത്തെയും ഹിംസയെയും പ്രതിരോധങ്ങളെയും സംബന്ധിച്ച് എഴുതിയ ദാർശനിക സ്വഭാവത്തോടുകൂടിയ എഴുത്തുകൾ, അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നുതന്നെ ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ കാര്യമായിരുന്നു.

അഞ്ച് വാല്യങ്ങളിലായി പരന്നുകിടക്കുന്ന ഓക്ജലാന്റെ ‘മാനിഫെസ്റ്റോ ഓഫ് ഡെമോക്രാറ്റിക് സിവിലൈസേഷൻ’ എന്ന പുസ്​തക സഞ്ചയത്തെക്കുറിച്ച് എഴുതുംമുമ്പ്, അബ്ദുള്ള ഓക്ജലാൻ എന്ന രാഷ്ട്രീയത്തടവുകാരനെക്കുറിച്ച് അൽപം വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

അബ്ദുള്ള ഓക്ജലാന്‍

നാഗരികതകളുടെ കളിത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കാവുന്ന മെസപ്പെട്ടോമിയയിൽ ഇറാനിയൻ വംശീയ പാരമ്പര്യം പേറുന്ന കുർദ്ദ് ജനത, ഒരുവേള ലോകത്തിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ജനങ്ങളാണെന്ന് പറയാം. സമ്പന്നമായൊരു ചരിത്ര– സാംസ്​കാരിക– ഭാഷാ പശ്ചാത്തലം നിലനിൽക്കുമ്പോഴും, ഒരു ജനത എന്ന നിലയിൽ സ്വന്തമായൊരു ഭൂപ്രദേശം അവകാശപ്പെടാനില്ലാത്ത രീതിയിൽ വിവിധങ്ങളായ രാഷ്ട്രീയ ഭൂപടങ്ങൾക്കിടയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണവർ. ഇറാൻ, ഇറാഖ്, തുർക്കി, സിറിയ എന്നീ രാജ്യങ്ങളിലായി, നിരന്തര പലായനങ്ങൾക്കിടയിൽപ്പോലും തങ്ങളുടെ സാംസ്​കാരിക–ഭാഷാ അസ്​തിത്വം നിലനിർത്തുന്നതിന് വലിയ വിലകൊടുക്കേണ്ടിവന്നവർ. മേൽപ്പറഞ്ഞ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ തുടർച്ചയായ പീഡനങ്ങൾക്കും അവമതിപ്പുകൾക്കും വംശഹത്യക്കുതുല്യമായ കൂട്ടക്കൊലകൾക്കും വിധേയരാക്കപ്പെടുമ്പോഴും ഏതെങ്കിലും ഒരു കാലത്ത് പൂവണിയാൻ പോകുന്ന സ്വതന്ത്ര കുർദ്ദിസ്​ഥാൻ എന്ന സ്വപ്നവും നെഞ്ചേറ്റി നടക്കുന്ന ഒരു ജനത. അതിദീർഘമായ അവരുടെ പോരാട്ട ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ഒരു കാലഘട്ടത്തെയാണ് അബ്ദുള്ള ഓക്ജലാൻ പിൻപറ്റുന്നത്.

ഓക്ജലാൻ എഴുതുന്നു: ‘‘ജയിലിൽ ജീവിക്കുകയും എഴുതുകയും ചെയ്യുന്നത്, വിരോധാഭാസമെന്നു പറയട്ടെ, എനിക്ക് സ്വയം പരിശോധിക്കാനും പുറത്തുനിന്നുള്ള സത്യത്തെ അന്വേഷിക്കാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കി’’.

70- കളുടെ അവസാനം രൂപീകൃതമായ കുർദ്ദിസ്​ഥാൻ വർക്കേർസ്​ പാർട്ടി (പി കെ കെ) എന്ന ഗറില്ലാ മൂവ്മെൻ്റിലൂടെയാണ് കുർദ്ദിസ്​ഥാൻ സ്വാതന്ത്ര്യ പോരാട്ടത്തിലേക്ക് ഓക്ജലാന്റെ കടന്നുവരവ്. സിറിയ ആസ്​ഥാനമാക്കി ഓക്ജലാനും പി കെ കെയും നടത്തിയ ഇടപെടൽ കുർദ്ദിഷ് സ്വാതന്ത്ര്യസമരങ്ങളെ ലോകശ്രദ്ധയിലെത്തിച്ചു. എന്നാൽ 1999-ൽ കെനിയയിലെ നെയ്റോബിയിൽ വെച്ച് അബ്ദുള്ള ഓക്ജലാനെ തുർക്കിഷ് നാഷണൽ ഇൻ്റലിജൻസ്​ തട്ടിക്കൊണ്ടുപോകുകയും തടവറ ദ്വീപായ ഇംമ്രാലിയിൽ താമസിപ്പിക്കുകയും ചെയ്തു.(ഈ തട്ടിക്കൊണ്ടുപോകലിനുപിന്നിലെ നാണംകെട്ട രാഷ്ട്രീയ ചതിക്കെണികളെക്കുറിച്ചെഴുതിയാൽ അത് തന്നെ വലിയൊരു പുസ്​തകമാകും). വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവറയിലേക്ക് പറഞ്ഞയക്കപ്പെട്ട അദ്ദേഹത്തിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമായി മാറ്റി.

പത്ത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്​തൃതിയുള്ള ഇംമ്രാലി ദ്വീപിലെ ആ തടവറയിൽ ആദ്യ പത്തുവർഷം ഏകാന്തവാസമായിരുന്നു അദ്ദേഹത്തെ കാത്തുനിന്നത്. പലതവണ പുസ്​തകങ്ങളും പേനയും കടലാസുകളും നിഷേധിച്ച, രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന, ഈ കാലയളയവിലായിരുന്നു പത്തിലധികം പുസ്തകങ്ങൾ അ​ദ്ദേഹം എഴുതിയത്. ചരിത്രം, രാഷ്ട്രീയം, ദർശനം എന്നിവ അക്കാദമിക സൂക്ഷ്മതയോടൊപ്പം, ഒരു രാഷ്ട്രീയ പദ്ധതിയുടെ പ്രയോഗവൽക്കരണത്തിനുള്ള ഉപാധിയെന്ന നിലയിലും ഓക്ജലാന്റെ രചനകളിലൂടെ ക്രമബദ്ധമായി കടന്നുവരുന്നു.

ഏകാന്തവാസത്തിനും കർശന പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും ഇടയിലെ തന്റെ ബൗദ്ധികവ്യാപാരത്തെക്കുറിച്ച് ഓക്ജലാൻ ഒരിടത്ത് ഇങ്ങനെ വിവരിക്കുന്നു: ‘‘ജയിലിൽ ജീവിക്കുകയും എഴുതുകയും ചെയ്യുന്നത്, വിരോധാഭാസമെന്നു പറയട്ടെ, എനിക്ക് സ്വയം പരിശോധിക്കാനും പുറത്തുനിന്നുള്ള സത്യത്തെ അന്വേഷിക്കാനുമുള്ള സ്വാതന്ത്ര്യം ലഭ്യമാക്കി’’.
2007നും 2017നും ഇടയ്ക്കുള്ള ഒരു ദശകക്കാലയളവിൽ അബ്ദുള്ള ഓക്ജലാൻ എഴുതിയ പുസ്​തകങ്ങളുടെ ടൈറ്റിലുകൾ മാത്രം ശ്രദ്ധിച്ചാൽ ഈ സത്യാന്വേഷണത്തി​ന്റെ വ്യാപ്തി ബോധ്യമാകും.

2007- ൽ പുറത്തിറങ്ങിയ ‘ദ റൂട്ട്സ്​ ഓഫ് സിവിലൈസേഷൻ’ തൊട്ട് അഞ്ച് വാല്യങ്ങളുള്ള ‘മാനിഫെസ്റ്റോ ഓഫ് ദ ഡെമോക്രാറ്റിക് സിവിലൈസേഷൻ’ വരെയുള്ള പുസ്തകങ്ങൾ ഓക്ജലാനിലെ പിടിവാശിക്കാരനായ ഒരു ശുഭാപ്തിവിശ്വാസിയെ നമുക്ക് കാണിച്ചുതരുന്നു. നിലവിലുള്ള, ജ്ഞാനശാസ്​ത്രങ്ങൾക്ക്, അവയുടെ ഇച്ഛയ്ക്ക് വിരുദ്ധമായിട്ടാണെങ്കിൽപ്പോലും, അധികാര സംവിധാനങ്ങളോട് (power apparatus) കൂട്ടിയിണക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയില്ലെന്ന് ഓക്ജലാൻ പറയുമ്പോൾ അത് വ്യവസ്​ഥാപിതമായ പല ചിന്താപദ്ധതികളെയും അസ്വസ്​ഥപ്പെടുത്തുന്നു.

മനുഷ്യവർഗ്ഗത്തിന് ഒരു ‘ജനാധിപത്യ നാഗരികത’ (democratic civilisation) എന്ന നിലയിലേക്ക് വളരാൻ കഴിയുമോ എന്ന ചോദ്യമാണ് ഓക്ജലാൻ മുന്നോട്ടുവെക്കുന്നത്.

ഓക്ജലാന്റെ ചിന്തകൾ കേവലമായ ബൗദ്ധിക വ്യാപാരങ്ങൾക്കപ്പുറത്ത് പ്രയോഗവൽക്കരണത്തിന്റെ സാധ്യതകൾ കൂടി തുറന്നിടുന്നുവെന്നത് ‘റൊജാവ’യുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ധാർമികവും രാഷ്ട്രീയവുമായ സമൂഹത്തിന്റെ സ്വതന്ത്രമായ പ്രവർത്തനം പുനഃസ്​ഥാപിക്കപ്പെടണമെന്ന ഓക്ജലാന്റെ പ്രതീക്ഷ റൊജാവ എന്ന കുർദ്ദ് സ്വയംഭരണ പ്രദേശങ്ങളിലെ ഭരണവ്യവസ്​ഥ നിറവേറ്റുന്നതായി കാണാം. ‘ഡെമോക്രാറ്റിക് കോൺഫെഡറലിസം’ എന്ന ഓക്ജലാൻ മാതൃക കുർദ്ദ് സ്വയംഭരണ പ്രദേശമായ റൊജാവയിൽ പ്രാവർത്തികമാക്കുന്നത് നാം കാണുന്നു. അങ്ങേയറ്റം ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഭരണസംവിധാനങ്ങൾക്കിടയിൽ, പ്രതീക്ഷയുടെ പച്ചത്തുരുത്തുപോലെ, ആധുനിക ലോകത്തിന് മുന്നിൽ അൽഭുതം സമ്മാനിച്ച് റൊജാവ ഉയർന്നുനിൽക്കുന്നു. ബഹുവംശീയതയിലും തുല്യപദവി ഉറപ്പാക്കുന്ന ഒരു ഭരണസംവിധാനം സാധ്യമാണെന്ന് അത് നമ്മോട് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. സ്വതന്ത്ര കുർദ്ദിസ്​ഥാനു വേണ്ടിയുള്ള മുന്നേറ്റങ്ങളിലെയും റൊജാവാ ഭരണവ്യവസ്​ഥയിലെയും സ്​ത്രീപങ്കാളിത്തം, ‘ജീനിയോളജി’ (jineology- the science of woman) എന്ന വിമോചന വ്യവസ്​ഥയെ വാക്യാർത്ഥത്തിൽത്തന്നെ പ്രതിനിധീകരിക്കുന്നു. ദേശ രാഷ്ട്ര (nation-state) വ്യവസ്​ഥകളെ തള്ളിക്കളഞ്ഞ്, പാരിസ്​ഥിതിക സുസ്​ഥിരതയിലൂടെയും സഹകരണത്തിലൂടെയും പുതിയൊരു ജനാധിപത്യ കൂട്ടായ്മയെ ഓക്ജലാൻ ചിന്തയിലും പ്രയോഗത്തിലും മുന്നോട്ടുനയിക്കുന്നു.

അതിദീർഘമായ കാരാഗൃഹവാസത്തിനിടയിലും, ഒരു ചിന്തകനും എഴുത്തുകാരനും എന്ന നിലയിലുള്ള തന്റെ സ്​ഥാനവും കുർദുകളുടെ ചരിത്രവും വർത്തമാനാവസ്​ഥകളും വെളിപ്പെടുത്താൻ പാകത്തിലുള്ളതാണ് ഓക്ജലാന്റെ ഓരോ എഴുത്തും. ഏറ്റവും നവീനങ്ങളായ ആശയപരിസരങ്ങളെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിക്കുന്നു. മനുഷ്യവർഗ്ഗത്തിന് ഒരു ‘ജനാധിപത്യ നാഗരികത’ (democratic civilisation) എന്ന നിലയിലേക്ക് വളരാൻ കഴിയുമോ എന്ന ചോദ്യമാണ് ഓക്ജലാൻ മുന്നോട്ടുവെക്കുന്നത്. ഭീഷണമായ പാരിസ്​ഥിതിക തകർച്ചകൾക്കിടയിലും സാമ്പത്തിക യുദ്ധങ്ങളിൽ ഏർപ്പെടാതെ, ഭൂമിയിലെ വിഭവങ്ങൾ തുല്യമായി പങ്കിട്ട്, ജനാധിപത്യ നാഗരികതയെ മുന്നോട്ടുകൊണ്ടുപോകാൻ നമുക്ക് സാധിക്കുമോ എന്ന അന്വേഷണവും അദ്ദേഹം നടത്തുന്നു.

സ്വതന്ത്ര കുർദ്ദിസ്​ഥാനു വേണ്ടിയുള്ള മുന്നേറ്റങ്ങളിലെയും റൊജാവാ ഭരണവ്യവസ്​ഥയിലെയും സ്​ത്രീപങ്കാളിത്തം, ‘ജീനിയോളജി’ (jineology- the science of woman) എന്ന വിമോചന വ്യവസ്​ഥയെ വാക്യാർത്ഥത്തിൽത്തന്നെ പ്രതിനിധീകരിക്കുന്നു.

ജനാധിപത്യ നാഗരികതയ്ക്ക്
ഒരു മാനിഫെസ്റ്റോ

‘ജനാധിപത്യ നാഗരികതയ്ക്കായുള്ള മാനിഫെസ്റ്റോ’ (Manifesto of the Democratic Civilization) എന്ന പൊതു തലക്കെട്ടിൽ അഞ്ച് വാല്യങ്ങളാണ് ഓക്ജലാൻ എഴുതിയിട്ടുള്ളത്. നാഗരികത: മുഖംമൂടി ധരിച്ച ദൈവങ്ങളുടെയും വേഷം മാറിയ രാജാക്കന്മാരുടെയും കാലഘട്ടം (Cvilization: The Age of Masked Gods & Disguised Kings) എന്ന ഉപശീർഷകത്തിന് കീഴിൽ തയ്യാറാക്കപ്പെട്ട പ്രഥമ വാല്യം പുരാതന ബഹുദൈവാരാധക സംസ്​കാരങ്ങൾ മുതൽ ക്രിസ്​തുമതത്തിലെ നവീകരണങ്ങൾ വരെയുള്ള ദൈവികതയുടെ പ്രകടനങ്ങളെയും, പുരാതന, മധ്യകാല ചരിത്രത്തിലുടനീളം അധികാര പ്രയോഗങ്ങൾ നടത്തിയ രാജാക്കന്മാരെയും ചക്രവർത്തിമാരെയും കുറിച്ചുള്ളതാണ്. ഇതേ ദൈവങ്ങളും ചക്രവർത്തിമാരും പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ തങ്ങളെത്തന്നെ മറച്ചുപിടിക്കുകയോ മുഖംമൂടികൾക്കകത്തേക്ക് ഒളിപ്പിക്കുകയോ ചെയ്യേണ്ടിവന്നതിന്റെ വസ്​തുനിഷ്ഠ ചരിത്ര വിശകലനങ്ങളും ഓക്ജലാൻ പ്രഥമ വാല്യത്തിൽ നടത്തുന്നുണ്ട്.

തന്റെ സൈദ്ധാന്തികവഴികളിൽ മാർക്സിനെ ഒരു പ്രധാന സ്വാധീനമായി ഇപ്പോഴും അംഗീകരിക്കുന്ന ഈ പഴയ മാർക്സിസ്റ്റ് ലെനിനിസ്റ്റ് നേതാവ് പക്ഷെ, തന്റെ രചനകളിൽ ഒരിടത്തും തന്നെ ഒരു മാർക്സിസ്റ്റായി അടയാളപ്പെടുത്തുന്നില്ല എന്നതും കൗതുകകരമാണ്.

കാപിറ്റലിസം: ദ അൺമാസ്​ക്ഡ് ഗോഡ്സ്​ ആൻ്റ് നേക്കഡ് കിംഗ്സ്​ എന്ന രണ്ടാം വാല്യത്തിൽ, മുതലാളിത്തമെന്ന മുഖംമൂടിയില്ലാത്ത ദൈവങ്ങളുടെയും നഗ്നരായ രാജാക്കന്മാരുടെയും യുഗത്തെ പ്രതിപാദിക്കുന്നു. ‘‘മുതലാളിത്ത വ്യവസ്​ഥയ്ക്കെതിരായ എന്റെ പ്രതിരോധം, അത് സൃഷ്​ടിച്ച മാനസിക അടിമത്ത വ്യവസ്​ഥയിൽ നിന്ന് അഴിച്ചുമാറ്റിയാണ് ഞാൻ ആരംഭിക്കേണ്ടതെന്ന് എനിക്കറിയാം’’ എന്ന് ഈ വാല്യത്തിന്റെ ആരംഭത്തിൽ ഓക്ജലാൻ കുറിക്കുന്നു. മുതലാളിത്തം കേവലം ഒരു സാമ്പത്തിക വ്യവസ്​ഥയല്ലെന്നും, നമ്മെ നിയന്ത്രിക്കുന്നതും അതിൽ നിന്ന് മോചനം നേടാൻ മാനസികമായ പരിശ്രമം ആവശ്യമുള്ളതുമായ, ആഴത്തിൽ വേരൂന്നിയ ദുർവാശികളുടെ ഒരു അധികാരഘടനയെന്ന നിലയിലും ഒരു മതം എന്ന നിലയിലും അതിനെ കൂടുതൽ ഗഹനതയോടെ ഓക്ജലാൻ വിശദീകരിക്കുന്നു.

മുതലാളിത്ത മാനസിക അടിമത്തത്തിൽ അന്തർലീനമായിരിക്കുന്ന വിഷയ–വസ്​തു ദ്വന്ദ്വവും (subject- object dualism) യുക്തിബോധം, വൈകാരികബുദ്ധി എന്നിവ തമ്മിലുള്ള വേർപിരിയലും സൃഷ്​ടിച്ച പോസിറ്റിവിസ്റ്റ് സമീപനത്തെയും ‘ശാസ്​ത്രീയരീതി’യെയും ഈയൊരു സന്ദർഭത്തിൽ ഓക്ജലാൻ നിരാകരിക്കുന്നതായി കാണാം. തന്റെ സൈദ്ധാന്തികവഴികളിൽ മാർക്സിനെ ഒരു പ്രധാന സ്വാധീനമായി ഇപ്പോഴും അംഗീകരിക്കുന്ന ഈ പഴയ മാർക്സിസ്റ്റ് ലെനിനിസ്റ്റ് നേതാവ് പക്ഷെ, തന്റെ രചനകളിൽ ഒരിടത്തും തന്നെ ഒരു മാർക്സിസ്റ്റായി അടയാളപ്പെടുത്തുന്നില്ല എന്നതും കൗതുകകരമാണ്. എന്നുമാത്രമല്ല, ‘അധികാരം’, ‘രാഷ്ട്രം’ എന്നീ ആശയങ്ങളെ വിശകലനം ചെയ്യാനുള്ള മാർക്സിസ്റ്റ് ചട്ടക്കൂടിന്റെ കഴിവില്ലായ്മയെ അദ്ദേഹം തുറന്നുകാട്ടുകയും ചെയ്യുന്നു.

‘മുഖംമൂടിയില്ലാത്ത ദൈവങ്ങളുടെയും നഗ്നരായ രാജാക്കന്മാരുടെയും– മുതലാളിത്ത– യുഗ’ത്തെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത്, ‘മുതലാളിത്തത്തിന് കാരണമായ ഘടകങ്ങൾ’, പുരുഷാധിപത്യത്തെ ഒരു പ്രധാന ഘടകമായി അനുഗമിച്ച യുകതിവാദത്തെയോ വിശകലന ബുദ്ധിയെയോ ഊന്നിപ്പറയുന്നു. സാമ്പത്തികവാദം (വിപണി / പണം), വ്യാവസായികത, വർഗ്ഗ ശ്രേണിയും നഗരവൽക്കരണവും എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.

ചരിത്രാതീത കാലം മുതൽ ഇന്നുവരെയുള്ള മനുഷ്യചരിത്രത്തിന്റെ അതിദീർഘ കാലത്തിലൂടെ ഓക്ജലാൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. നാഗരികതകളെക്കുറിച്ചുള്ള ഭൂമിശാസ്​ത്രപരമായ വർണനകളിൽ ആവർത്തിച്ചുവരുന്നത്, മധ്യ–പൂർവ്വ വീക്ഷണമാണ് എന്നത് ഓക്ജലാന്റെ സവിശേഷതയായി കണക്കാക്കാം. കാർഷിക ഗ്രാമങ്ങളിൽ നിന്നാരംഭിച്ച് പിന്നീട് നഗര കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ തുടങ്ങിയ ഉബൈദ്, ഹലാഫ് സംസ്​കാരങ്ങൾ, ആധുനിക ദേശരാഷ്ട്ര സങ്കല്പങ്ങളുടെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന, ഗിൽഗമെഷിനോടും ഇഷ്താർ ദേവതയോടും ബന്ധപ്പെട്ടിരുന്ന ‘ഉറുക്ക്’ (Uruk- ബി.സി 4,000–3,000) സിവിലൈസേഷൻ എന്നിവയെ കുറിച്ചുള്ള വിശദമായ എഴുത്തുകൾ യൂറോപ്യൻ നാഗരികത കേന്ദ്രീകരിച്ചുള്ള മുൻകാല അന്വേഷണങ്ങളിൽനിന്ന് ഭിന്നമായൊരു കാഴ്ചപ്പാടിലൂടെ നാഗരികതകളുടെ ചരിത്രത്തെയും അധികാരബന്ധങ്ങളെയും നോക്കിക്കാണാൻ നമ്മെ സഹായിക്കുന്നു.

മുതലാളിത്ത ആധുനികതയുടെ നിർണായക ഘടകമായി വ്യാവസായിക വളർച്ചയെ കാണുകയും, സംഘടിത തൊഴിലാളിവർഗത്തി​ന്റെ വളർച്ചയ്ക്ക് വ്യവസായവൽക്കരണം അനിവാര്യമാണെന്ന് കരുതുകയും ചെയ്യുന്ന മാർക്സിസ്റ്റ് പാരമ്പര്യത്തെ ഓക്ജലാൻ പ്രശ്നവൽക്കരിക്കുന്നുണ്ട്.

നാഗരികതകളുടെ വേരുകൾ തങ്ങളിലാണ് കുടികൊള്ളുന്നതെന്ന യൂറോപ്യൻ ധാരണകളെ ഓക്ജലാൻ കീഴ്മേൽ മറിക്കുന്നുണ്ട്. സോളൻ, ഹെറഡോട്ടസ്​, പൈതഗോറസ്​ തുടങ്ങിയ ചിന്തകന്മാരും സ്റ്റേറ്റ്മാൻമാരും ബാബിലോണിയക്കാരിൽ നിന്നും ഈജിപ്തുകാരിൽ നിന്നും നാഗരികതകളെ സംബന്ധിച്ച ആഴത്തിലുള്ള അറിവുകൾ നേടുകയും തങ്ങളുടെ ചിന്താപദ്ധതികളിലേക്ക് അവ വിളക്കിച്ചേർത്തതായും ഓക്ജലാൻ വിശദീകരിക്കുന്നു. സ്വതന്ത്ര ഗോത്ര സമൂഹങ്ങൾ ദേശ–രാഷ്ട്രങ്ങൾക്ക് സമാനമായ നാഗരികതകളോട് ചേർന്നുനിൽക്കുന്നതിനെ ചെറുക്കുകയും സ്വതന്ത്ര വ്യക്തിത്വങ്ങളുള്ള കോൺഫെഡറേഷനുകൾ രൂപീകരിച്ച് മുന്നോട്ടുപോകുകയും ചെയ്ത ചരിത്രത്തെക്കുറിച്ച് ഓക്ജലാൻ രേഖപ്പെടുത്തുമ്പോൾ നാഗരികതകളുടെ വികാസത്തെ സംബന്ധിച്ച മറ്റൊരു ബോധ്യം നമ്മിലേക്ക് കടന്നുവരുന്നു. ഇന്തോ–ആര്യൻ ഭാഷ സംസാരിക്കുന്ന, ​പ്രോട്ടോ കുർദിഷ് സമൂഹം സുമേറിയൻ, ബാബിലോണിയൻ നഗര–രാഷ്ട്ര (city-state) ങ്ങളിലേക്കുള്ള സംയോജനത്തെ ചെറുത്തുനിന്നത് അദ്ദേഹം ഉദാഹരിക്കുന്നു. ഇന്തോ–ആര്യൻ ഗോത്രങ്ങളും കുർദുകളും തമ്മിലുള്ള പാരസ്​പര്യത്തെ നരവംശശാസ്​ത്രപരമായും ഭാഷാപരമായും സ്​ഥാപിച്ചെടുക്കാൻ ഓക്ജലാൻ ശ്രമിക്കുന്നുണ്ട്.

‘ഒയ്ക്കണോമി’ എന്ന ‘ഗാർഹിക മാനേജ്മെൻ്റ്’ രീതികൾ ഇന്ന് നാം കാണുന്ന വിധത്തിലുള്ള മുതലാളിത്ത സമ്പദ് വ്യവസ്ഥയായി പരിണമിക്കപ്പെട്ടതിനെക്കുറിച്ചും, ഒരുകാലത്ത് സാമ്പത്തിക മാനേജ്മെൻ്റിൽ ഉയർന്ന വൈദഗ്ദ്ധ്യം നിലനിന്നിരുന്ന സ്​ത്രീകൾ പിൻനിരകളിലേക്ക് തള്ളപ്പെട്ടതിന്റെ ചരിത്രവും ഓക്ജലാൻ നിരീക്ഷണവിധേയമാക്കുന്നുണ്ട്.

ഹെറഡോട്ടസ്

‘മുതലാളിത്ത ആധുനികതയുടെ കാലത്ത്’ എന്ന അവസാന ഭാഗത്ത്, ഊഹക്കച്ചവടത്തിന്റെ പിൻബലത്തോടെ നടന്ന അന്താരാഷ്ട്ര വ്യാപാരത്തിലൂടെ സൃഷ്​ടിക്കപ്പെട്ട വൻതോതിലുള്ള മൂലധന മിച്ചത്തെക്കുറിച്ചും സാമ്രാജ്യത്വങ്ങൾ ദേശ–രാഷ്ട്രങ്ങളുടെ അധികാരബന്ധങ്ങളുടെ മൂർത്തീഭാവമായി പരിണമിക്കപ്പെട്ടതിനെക്കുറിച്ചും അവ മാനുഷികബന്ധങ്ങളെ നിർവ്വചിക്കുന്നതിലേക്ക് വളർന്നത് സംബന്ധിച്ചും ഓക്ജലാൻ പരിശോധിക്കുന്നു.

മുതലാളിത്ത ആധുനികതയുടെ നിർണായക ഘടകമായി വ്യാവസായിക വളർച്ചയെ കാണുകയും, സംഘടിത തൊഴിലാളിവർഗത്തി​ന്റെ വളർച്ചയ്ക്ക് വ്യവസായവൽക്കരണം അനിവാര്യമാണെന്ന് കരുതുകയും ചെയ്യുന്ന മാർക്സിസ്റ്റ് പാരമ്പര്യത്തെ ഓക്ജലാൻ ഇവിടെ പ്രശ്നവൽക്കരിക്കുന്നുണ്ട്. ഫാക്ടറിത്തൊഴിലാളികളുടെ അടിമകൂടാരങ്ങളെയും ആഭ്യന്തര കോളണികളായി മാറ്റപ്പെടുന്ന ഗ്രാമീണ മേഖലകളുടെയും പ്രശ്നത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ അദ്ദേഹം അവതരിപ്പിക്കുന്നു. ഫെർണാർഡ് ബ്രോഡൽ, മുറേ ബുക്ചിൻ, ഇമ്മാനുവൽ വാലർസ്റ്റൈൻ എന്നിവരുടെ ചിന്തകൾ പാരിസ്​ഥിതിക സുസ്​ഥിരതയെ അടിസ്​ഥാനപ്പെടുത്തിയ പുതിയൊരു ലോകവീക്ഷണം രൂപപ്പെടുത്തുന്നതിന് ഓക്ജലാനെ സഹായിക്കുന്നുണ്ട്.

ഒരു ഭരണകൂടേതര (non-state) രാഷ്ട്രീയ വ്യവസ്​ഥ എന്ന നിലയിൽ ജനാധിപത്യ സഖ്യം (democratic confederalism) എന്ന ആശയത്തെയും സ്വയം സംഘടിത സിവിൽ സമൂഹ നിർമ്മിതിയുടെ പ്രയോഗ സാധ്യതകളെയും മുന്നോട്ടുവെക്കുന്നു എന്നതാണ് ഓക്ജലാൻ ചിന്തകളുടെ സവിശേഷത.

‘അക്കാദമി ഓഫ് ഡെമോക്രാറ്റിക് മോഡേർണിറ്റി’യുടെ ഭാഗമായി പ്രവർത്തിക്കുന്ന രണ്ട് കുർദ്ദ് ലിബറേഷൻ ആക്ടിവിസ്റ്റുകളുമായി നടത്തിയ സൗഹൃദ കൂടിക്കാഴ്ചയ്ക്കിടയിൽ ഒരാൾ, ഇംഗ്ലീഷ് വളരെ നന്നായി സംസാരിക്കാനറിയാമായിരുന്നിട്ടുപോലും, മാതൃഭാഷയായ ‘കുറുമാഞ്ചി’ (Kurumanji) യിൽ കാര്യങ്ങൾ വിശദീകരിക്കുകയും മറ്റൊരാൾ അത് പരിഭാഷപ്പെടുത്തുകയും ചെയ്തു. വിവിധങ്ങളായ ഭാഷാ- സംസ്​കാരം നിലനിൽക്കുന്ന കുർദ്ദ് ജനതയ്ക്ക് ഏതെങ്കിലും ഒരു കാലത്ത് സ്വതന്ത്ര കുർദ്ദിസ്​ഥാൻ എന്ന സ്വപ്നം യാഥാർത്ഥ്യമായിക്കഴിഞ്ഞാൽ ആ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ഏതായിരിക്കും എന്ന ചോദ്യം പിന്നീടൊരവസരത്തിൽ അവരോട് ചോദിച്ചപ്പോൾ സൊറാനി, കുറുമാഞ്ചി, അറബിക് എന്നിവ ഉൾക്കൊള്ളുന്ന കുർദ്ദിഷ് എന്നായിരുന്നു മറുപടി. സാംസ്​കാരിക–ഭാഷാ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഡെമോക്രാറ്റിക് കോൺഫെഡറിലസത്തെ ഒരു സമൂഹമെന്ന നിലയിൽ അവർ എങ്ങനെ സ്വാംശീകരിച്ചിരിക്കുന്നു എന്നതിനുള്ള ഏറ്റവും ശക്തമായ ഉദാഹരണമായിരുന്നു ആ മറുപടി.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments