ഐറിഷ് എഴുത്തുകാരനായ Ronan Hession-ന്റെ ആദ്യകൃതിയായ Leonard and Hungry Paul, കോവിഡ് കാലത്ത് വന്ന പുസ്തകങ്ങളിൽ ഒരു കൾട്ട് സ്റ്റാറ്റസ് കിട്ടിയെന്നു പറയാവുന്ന നോവലാണ്. ഒരു കുട്ടിക്കഥ പോലെ വളരെ ലളിതമായ അന്തരീക്ഷവും, ഹാസ്യാത്മകമായ അവതരണവും, തണുപ്പന്മാരായ കഥാപാത്രങ്ങളും എല്ലാമുള്ള ഈ നോവൽ, പോയ വർഷം ഞാൻ വായിച്ചവയിൽ ഏറ്റവും സന്തോഷം തോന്നിപ്പിക്കുന്ന അനുഭവമായിരുന്നു. അതു തന്നെയാണ് നോവലിന്റെ പ്രശസ്തിക്കും കാരണം എന്ന് ഇന്റർനെറ്റിൽ അതിനു കിട്ടുന്ന പ്രതികരണങ്ങൾ നോക്കിയാൽ കാണാം. പകർച്ചവ്യാധി ഉണ്ടാക്കിയെടുത്ത ഭയവും ഏകാന്തതയും നിറഞ്ഞ, അറ്റമില്ലെന്നു തോന്നിച്ച ഒരു വർഷത്തിൽ ആളുകൾ അൽപം ലളിതമായ ഒരു കഥയിലേക്ക് തിരിഞ്ഞതിൽ അത്ഭുതമില്ല താനും.
മുപ്പതുകളിലെത്തിയ ലെനാർഡിനെ എഴുത്തുകാരൻ അൽപം കുസൃതിയോടെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ""അച്ഛൻ പ്രസവത്തിനിടെ ദാരുണമായി മരിച്ചിരുന്നുവെങ്കിലും സന്തോഷം കൊണ്ട് മറയിട്ട പ്രാരാബ്ധങ്ങൾക്കിടയിൽ അമ്മ തനിച്ച് വളർത്തിയ കുട്ടി.'' ലെനാർഡിന്റെ അമ്മയെ പരിചയപ്പെടുത്തുന്നത് നോക്കൂ: ""അവർക്ക് കരുണയെന്നത് അത്രയും സ്വാഭാവികമായിരുന്നു, മുന്നിലെ പൂന്തോട്ടത്തിൽ bird feeder ഇല്ലെന്നത് പിന്നിലെ തോട്ടത്തിൽ അതുണ്ട് എന്ന ഒഴികഴിവിലായിരിയ്ക്കണം എന്ന തരം നിബന്ധനകളായിരുന്നു അവരെ നയിച്ചിരുന്നത്''.
അവർ മരിക്കുമ്പോൾ ലെനാർഡ് ഒറ്റക്കാകുന്നു. ഒരു ghost writer ആയി കുട്ടികളുടെ എൻസൈക്‌ളോപീഡിയ എൻട്രികൾ എഴുതുന്ന ജോലിയാണ് അയാൾക്ക്. സ്വന്തമായി മറ്റു ചില പ്രോജെക്റ്റുകളും അയാൾക്കുണ്ട്. ലെനാർഡിന്റെ ഏക സുഹൃത്താണ്, സമപ്രായക്കാരനും അലസനുമായ പോൾ (""അവന്റെ ജീവിതം മിക്കവാറും സംഭവരഹിതവും നിശബ്ദവും എല്ലാമായിരുന്നുവെങ്കിലും അവന്റെ തെരഞ്ഞെടുപ്പുകൾ ആലോചിച്ചുറച്ച തരത്തിലുള്ളവയായിരുന്നു, മഹാനായ അലക്സാണ്ടറിനെക്കാളും അവൻ ജീവിച്ചു കഴിഞ്ഞു, അയാളെക്കാളും കുറവ് ശത്രുക്കളെ അവനുള്ളു താനും''). പോളിന്റെ അച്ഛനുമമ്മയും ജോലിയിൽ നിന്നു പിരിഞ്ഞ് വിശ്രമ ജീവിതം നയിക്കുകയാണ്. മൂത്ത സഹോദരി ഗ്രേസ്, ഒരു ഐ.ടി ജോലിക്കാരിയാണ്. പോൾ ആഴ്ചയിൽ ചില ദിവസങ്ങളിൽ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി ജോലി നോക്കുന്നുണ്ട്, അയാൾ ദിവസവും അവരുടെ ഫോൺ വിളി കാത്തിരിക്കും. അല്ലാത്ത സമയങ്ങളിൽ ജൂഡോ ക്ളാസുകളും, ലെനാർഡുമായി സംസാരിച്ചിരിക്കുന്നതും, അയാളുമായോ അല്ലെങ്കിൽ അച്ഛനുമമ്മമാരുമായോ ബോർഡ് ഗെയിം കളിക്കുന്നതുമൊക്കെയാണ് പോളിന്റെ ഇഷ്ട പ്രവൃത്തികൾ (ലെനാർഡിന് ഈ ബോർഡ് ഗെയിം അമ്മയുടെ മരണത്തിന്റെ ദുഃഖം മറക്കാനുള്ള ഒരുപാധി കൂടിയാണ്). ചിലപ്പോൾ അമ്മയും മകനും അടുത്തുള്ള ആശുപത്രിയിൽ സന്നദ്ധസേവനത്തിനു പോകും - അമ്മക്ക് അപരിചിതരോട് ഇടപഴകാൻ നല്ല മിടുക്കാണ്, പോൾ അത്രയ്ക്കുപോരാ.
മൂത്ത സഹോദരിക്കു പോളിന്റെ അലസജീവിതത്തെച്ചൊല്ലി കുറച്ചൊന്നുമല്ല ഇഷ്ടക്കേട്. ""അവർ മൂവരും പലപ്പോഴും ഇതുപോലെ ഹംഗ്രി പോളിനെപ്പറ്റി സംസാരിക്കുമായിരുന്നു. ബൗളിംഗ് ലെയ്നിലെ ബമ്പറുകൾ പോലെ, കൊച്ചുകൊച്ചു അപകടങ്ങളിൽ നിന്നും രക്ഷിച്ച്, ജീവിതനേട്ടങ്ങളിലേക്ക് അവനെ നയിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം, അവന്റെ നേട്ടങ്ങൾ നിസ്സാരങ്ങളായിരുന്നുവെങ്കിൽ പോലും. ആ ഇടപെടലുകൾ ആത്മാർഥവും ഉദ്ദേശ്യശുദ്ധിയുള്ളതും ഒരു വേള അവശ്യവുമായിരുന്നു. എന്നിരുന്നാലും, നിങ്ങളൊരാളെ സ്‌നേഹിക്കുമ്പോൾ എവിടെയാണ് അത് ആവേശത്തിന്റെ അതിർത്തി കടന്ന് അനാവശ്യ ഇടപടലുകളായി മാറുന്നത് എന്നത് പറയുക വയ്യ. സത്യത്തിൽ അവരുടെ ആത്മാർഥതയുടെ തെളിവായിരുന്നു പരസ്പരം ഒന്നും പറയാതെ തന്നെ ഒറ്റക്കൊറ്റക്ക് അവർക്ക് സ്വകാര്യത്തിൽ ഈ സംഗതിയെപ്പറ്റി തോന്നിയിരുന്ന സംശയങ്ങൾ. നിങ്ങൾ നന്മയാണോ ചെയ്യുന്നതെന്നെങ്ങനെ അറിയും? നിങ്ങളില്ലാത്ത ലോകം മറ്റൊരാൾക്ക് അർത്ഥശൂന്യമാണോ എന്ന് നിങ്ങളെങ്ങനെ അറിയും? എപ്പോഴാണ് നിങ്ങൾ നീട്ടുന്ന കൈ ഒരു കെട്ടുപാടാകുന്നത്? ഹംഗ്രി പോൾ അവരെ തടയുന്നില്ലായെന്നത് അവർ അവന് നന്മ ചെയ്യുകയാണെന്നതിന് തെളിവായി കാണാൻ വയ്യ. അവന് സ്വന്തം പാടുനോക്കണം എന്ന് തോന്നാത്തത് അവരുടെ ഇടപെടലുകളെ ന്യായീകരിക്കുന്നില്ല, മറിച്ച് ആ തോന്നൽ തന്നെ അവരുടെ ചെയ്തികളുടെ ഫലമാകാനും വഴിയുണ്ട്. രണ്ടു കൂട്ടർക്കും സഹായിക്കുക എന്നത് ഒരു ശീലമാകാം. എന്നാൽ, ആളുകൾ പലപ്പോഴും സഹായി എന്ന നിലയാണ് സഹായിക്കപ്പെടുന്നവൻ എന്നതിനേക്കാൾ ഇഷ്ടപ്പെടുക.''
ഗ്രേസ് കുറച്ചുകാലമായി പ്രണയത്തിലായ ആൻഡ്രൂവുമായി
വുമായി വിവാഹത്തിനൊരുങ്ങുകയാണ്. അവളുടെ ഭയം അച്ഛനമ്മമാർ പോളിനെ ഇനിയെങ്ങനെ ഒറ്റക്ക് കൈകാര്യം ചെയ്യുമെന്നാണ്. എന്നാൽ അച്ഛൻ പറയുന്നത് മറ്റൊന്നാണ് :-
""നിന്റെ പ്രിയസഹോദരൻ, അവനെപ്പറ്റിയാണ് നിനക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് പറഞ്ഞത്. സത്യത്തിൽ അവനാണ് എല്ലാറ്റിലും എനിക്കൊരു വ്യക്തതയുണ്ടാക്കിത്തന്നത്. അവൻ അവന്റേതായ രീതിയിൽ വിവേകിയാണ്. ഒരിക്കൽ, ഞാൻ നിന്റെ അമ്മയോട് നിന്നെ ഞങ്ങൾക്ക് നഷ്ടമാകുന്നതിനെപ്പറ്റിയും മറ്റും പറയുകയായിരുന്നു, അവനുടനെ അശ്രദ്ധമായി പറഞ്ഞു - "നിങ്ങളീ പറയുന്നതെല്ലാം എന്നേ സംഭവിച്ചു കഴിഞ്ഞു' - അതവൻ പറയുന്നതോ.., ഫ്രിഡ്ജിൽ നിന്നെന്തോ എടുക്കുന്നതിനിടക്കും. അവൻ പറയുന്നത് ശരിയായിരുന്നു താനും. ഞാനീ അടക്കം പിടിക്കാൻ നോക്കുന്നതെല്ലാം കൈവിട്ടുപോയിക്കഴിഞ്ഞു. ഓർമ്മകൾ യഥാർഥമാണെന്നു തോന്നും, പക്ഷെ അവ അങ്ങനെയല്ല. നിന്റെ സഹോദരൻ എന്നെ ആ മിഥ്യയിൽ നിന്നുണർത്തി. അവനെന്തോ ഒരിക്കലും ഭൂതകാലത്തു കുടുങ്ങിനിൽക്കുന്നില്ല. അവൻ പണ്ടുകാലത്തെപ്പറ്റി പറയാറേയില്ല. അവനൊരിക്കലും തിരിഞ്ഞുനോക്കാറുള്ളതുപോലെ തോന്നില്ല. കുറഞ്ഞപക്ഷം നടന്ന ഒരു സംഗതിയിലും അവൻ തടഞ്ഞു നിൽക്കുകയല്ല, അത് മുഴുവൻ പൊടിതട്ടി തൂത്ത് വെക്കുന്നതിലാണ് അവന്റെ ശ്രദ്ധ. അവനെപ്പോഴും അപ്പപ്പോൾ നടക്കുന്നതിനെപ്പറ്റിയാണ് ചിന്ത. അവന്റെ സ്വഭാവത്തിന്റെ കാരണമാണോ, അതിന്റെ ഫലമാണോ ഇതെന്നു പറയുക വയ്യ. പക്ഷെ എല്ലാ സംഗതികൾക്കും ഒരു വ്യക്തത കൊണ്ടുവരുന്നതിൽ അവൻ മിടുക്കനാണ്. ഒരിക്കൽ ഞാൻ ജോലിയെപ്പറ്റി പറയുകയായിരുന്നു- എന്നെ പ്രൊമോഷനിൽ തഴയുന്നതിനെപ്പറ്റിയും അതെങ്ങനെ പ്രായമുള്ളവരോടുള്ള വിവേചനമാകുന്നു എന്നെല്ലാം.. അവനിടക്കു കയറി പറഞ്ഞു - "അതൊരു കഥ മാത്രമാണ്'. കൂടുതലൊന്നുമില്ല. ഇതാ ഇങ്ങനെ- "അതൊരു കഥ മാത്രമാണ്'. അവൻ പറഞ്ഞത് ശരിയായിരുന്നു എന്നുള്ളതാണ്. ആ സംഗതി ഞാൻ എന്നോട് തന്നെ പറയുന്ന ഒരു കഥ മാത്രമായിരുന്നു. ഞാൻ പറച്ചിൽ നിർത്തിയപ്പോൾ, അത് അവസാനിച്ചു.''
Good writing can also celebrate goodness എന്ന ‘തത്വ’മാണ് നോവലിനെ നയിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. മലയാളത്തിൽ ബഷീറിനെയാണ് എനിക്കോർമ്മ വരുന്നത്. Why so serious? എന്ന് നമ്മുടെ എഴുത്തുകാരോട് ചോദിക്കാൻ നമുക്ക് തോന്നും
വിവാഹശേഷം തങ്ങൾ വർഷങ്ങളായി പദ്ധതിയിടുന്ന ഒഴിവുകാലയാത്രക്ക് വിദേശത്തു എവിടെയെങ്കിലും പോകണമെന്നാണ് അച്ഛനുമമ്മയും കരുതുന്നത്. അമ്മയ്ക്ക് അറിയേണ്ടത് മകൾ ഹണിമൂണിന് പോകുന്ന സ്ഥലത്തു തന്നെ തങ്ങൾ എത്തിപ്പെടുമോ എന്നാണ്. നവദമ്പതികളുടെ പദ്ധതിയെല്ലാം അറിഞ്ഞിട്ടുമതി യാത്ര എന്നാണ് അവർക്ക്, അവരെവിടെയാണെങ്കിലും മകനെക്കൂടാതെ ഒന്ന് പോയാൽ മതിയെന്നാണ് ഗ്രേസിന്.
മറുഭാഗത്ത് ലെനാർഡ് ഓഫിസിലെ ഒരു മോക് ഫയർ ഡ്രില്ലിനിടയിൽ പരിചയപ്പെട്ട ഷെല്ലി എന്ന പെൺകുട്ടിയെ പ്രേമിക്കാൻ തുടങ്ങുന്നു. എന്നാൽ അവർക്കു ഒരു മകനുണ്ട് എന്ന് അത്ഭുതത്തോടെ അയാൾ മനസ്സിലാക്കുന്നു. ആ പയ്യന് ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകമാവട്ടെ ലെനാർഡ് തയ്യാറാക്കിയ ഒരു എൻസൈക്‌ളോപീഡിയ ആണ് (അയാൾ ഗോസ്റ്റ് റൈറ്റ് ചെയ്യുന്ന പുസ്തകങ്ങളിൽ ഒന്ന്). തുടർന്ന് അവനെ കഥാപാത്രമാക്കി അയാൾ മറ്റൊരു ചിത്രപുസ്തകം ചെയ്യാനൊരുങ്ങുന്നു.
ഇങ്ങനെ ചെറിയ സംഭവങ്ങളിലൂടെയും തമാശകളിലൂടെയും നോവൽ പുരോഗമിക്കുന്നു. ഒരിടത്ത് തങ്ങൾ സന്നദ്ധസേവനം ചെയ്യുന്ന ആശുപത്രിയിലെ നഴ്സുമാർക്ക് കൊടുക്കാൻ ഒരു ടിൻ മിഠായി അമ്മ പോളിനെ ഏൽപ്പിക്കുന്നു, അയാൾ ലേബൽ നോക്കുമ്പോൾ അതിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞിട്ടുണ്ട്. ഉടനെ അവർ സ്ഥിരം സാധനങ്ങൾ വാങ്ങുന്ന തൊട്ടടുത്ത സൂപർമാർക്കറ്റിൽ അയാളതുമായി പോകുന്നു. സാധാരണ എല്ലാവരും ചെയ്യുന്നപോലെ ഒരു ‘സീൻ’ ഉണ്ടാക്കാൻ അയാൾ മാനേജരെയെല്ലാം വിളിച്ചു വരുത്തുന്നു, സാധനം വാങ്ങാൻ വന്ന ചില ആളുകളും ചുറ്റും കൂടുന്നു. എന്നാൽ മാനേജർ ടിൻ തുറന്നു നോക്കുമ്പോൾ അതിൽ തുന്നാനുള്ള സൂചികളും നൂലുകളും എല്ലാമാണ് കാണുന്നത്. ഇതുപോലെയുള്ള awkward moments കൂടിയുണ്ട് പുസ്തകത്തിൽ. അഥവാ, വലിയ തത്വവും വിചാരവും ഒന്നുമല്ല നന്നായി എഴുതപ്പെട്ട ഈ നോവലിന്റെ ആകർഷണീയത.
""അവരുടെ സൗഹൃദം നിശബ്ദരായ, ഏകാകികളായ, ഒട്ടൊന്നും തെരെഞ്ഞെടുപ്പുകൾക്കു സ്വാതന്ത്ര്യമില്ലാത്ത, രണ്ടു ചെറുപ്പക്കാർക്കിടയിൽ ഏതെങ്കിലും സൗകര്യത്തിന്റെ പുറത്ത് ഉണ്ടായി വന്നതായിരുന്നില്ല, അതൊരു ഉടമ്പടിയായിരുന്നു. അനാവശ്യ തിരക്കുകൂട്ടലിന്റെയും നിർവ്വികാരതയുടെയും ചുഴിയിൽപ്പെട്ട ബാക്കിയുള്ള ലോകത്തിനെ പ്രതിരോധിക്കാനുള്ളതായിരുന്നു ആ ഉടമ്പടി, ലളിതമായിരുന്നു അത്. അത് മത്സരബുദ്ധിക്കും ശബ്ദഘോഷങ്ങൾക്കും എതിരെ നിന്നു''. ഇത്തരത്തിലൊരു ബന്ധത്തെ അതിന്റെ ഉള്ളുകള്ളികളോടെ വരച്ചുകാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. Good writing can also celebrate goodness എന്ന ‘തത്വ’മാണ് നോവലിനെ നയിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. മലയാളത്തിൽ ബഷീറിനെയാണ് എനിക്കോർമ്മ വരുന്നത്. Why so serious? എന്ന് നമ്മുടെ എഴുത്തുകാരോട് ചോദിക്കാൻ നമുക്ക് തോന്നും.
പുസ്തകമെഴുതാനുള്ള തന്റെ പ്രേരണയെപ്പറ്റി എഴുത്തുകാരൻ പറയുന്നത് ഇങ്ങനെയാണ് -""എവിടെയാണ് തങ്ങളെപ്പറ്റിയോ മറ്റുള്ളതിനെപ്പറ്റിയോ തീർപ്പുകളില്ലാത്തവർക്കുള്ള ലോകം? അവർക്കെന്താണ് പറയാനുള്ളത്?''. എഴുത്തുകാരൻ തുടരുന്നു- ""Leonard and Hungry Paul, നന്മയുള്ളവർ വിജയിക്കുന്ന ആമയും മുയലും കഥയുടെ ആധുനികമായ അവതരണമല്ല. ആത്മകഥാംശമില്ലെങ്കിലും, ഞാൻ തന്നെ ജീവിതം മുഴുക്കെ അനുഭവിച്ചിട്ടുള്ള ദയാവായ്പിനുള്ള ശ്രദ്ധാഞ്ജലിയാണിത്. അത് ചിലപ്പോൾ എങ്ങുമില്ലെന്നു തോന്നും, കാരണം കനിവെപ്പോഴും സ്വകാര്യമായാണ് പ്രകടിപ്പിക്കപ്പെടാറുള്ളത്. 1983-ൽ അച്ഛൻ മരിച്ചപ്പോൾ ഞങ്ങളുടെ വീട് നടത്തിക്കൊണ്ടുപോവാൻ സഹായിച്ച അമ്മയുടെ സുഹൃത്തിനെപ്പോലുള്ളവരെ ഞാൻ ഓർത്തു, അല്ലെങ്കിൽ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും കുടുംബങ്ങളെ - അവർ അവരുടെ ഡിന്നർ പ്ലാനുകളിലും ഔട്ടിങ്ങുകളിലും എന്നെയും ഉൾക്കൊള്ളിച്ചു. ഇതെല്ലാം എങ്ങനെയാണ് ദയവാൻമാരായ ആളുകൾ ലോകത്തെ മാറ്റുന്നത് എന്നതിനെപ്പറ്റി ചില സംഗതികൾ എന്നെ പഠിപ്പിച്ചു. അവരത് ശക്തിയാലോ പരിശ്രമത്താലോ അല്ല നടത്തുന്നത്, അവർക്കു ചെയ്യാൻ കഴിയുന്നത് ചെയ്യുന്നു, പിന്നെ അത് ലോകത്തിനു സമർപ്പിക്കുന്നു. അതാണ് കാര്യം. ഭൂമിയുടെ ഭ്രമണം തുടരാനത് മതി.''
ഈ പുസ്തകമാണോ ഞാൻ 2020-ൽ വായിച്ച ഏറ്റവും മികച്ച പുസ്തകം? തീർച്ചയായും അല്ല. ഏറ്റവും ഗഹനമായത്? അല്ല തന്നെ. എന്നാൽ തീർത്തും നിരാശയും ഇരുളും നിറഞ്ഞ, ഏകാന്തതയും ഒറ്റപ്പെടലും ആളുകൾ ലോകമെങ്ങും അനുഭവിച്ച ഒരു വർഷത്തിൽ, ഇംഗ്‌ളീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ, വിശേഷിച്ചും യൂറോപിൽ Bluemoose Books എന്ന ഇൻഡി പ്രസാധകർ ഇറക്കിയ ഈ കൊച്ചു പുസ്തകം വിൽപ്പനയിൽ ഒന്നാമതെത്തിയതിൽ തീർച്ചയായും, ഒരു നിരൂപകൻ പറഞ്ഞ പോലെ, good writing can also celebrate goodness എന്ന സംഗതി പങ്കുവഹിച്ചിട്ടുണ്ട്.
ഇതിനൊപ്പം പ്രശസ്തമായ മറ്റൊരു പുസ്തകവും ഇംഗ്‌ളീഷിലാണ് ഈ വർഷം തന്നെ പുറത്തു വന്നത് - Douglas Stuart എഴുതിയ, ബുക്കർ നേടിയ നോവൽ Shuggie Bain (Grove Press എന്ന മറ്റൊരു ഇൻഡി പബ്ലിഷറാണ് പുസ്തകമിറക്കിയത്. ഇൻഡികൾ ധാരാളം മികച്ച പുസ്തകങ്ങൾ ഇറക്കിയ വർഷം കൂടിയായിരുന്നു 2020). ഈ പുസ്തകം പക്ഷെ, വായനക്കാരെ സന്തോഷിപ്പിക്കുന്നതിനെഴുതിയതല്ല. ദുഃഖഭരിതമായ കഥ പറയുന്ന ഇതിന്റെ അസാധാരണമായ പ്രശസ്തിയും ഈ വർഷത്തെ പ്രത്യേകതയാണ്.
Douglas Stuart-ന്റെ ആദ്യ നോവലാണ് Shuggie Bain. ന്യൂ യോർക്കറിൽ വന്ന രണ്ടു ചെറുകഥകളാണ് (Found Wanting, The Englishman) ഇതിനുമുന്നെ അയാളുടേതായി വെളിച്ചം കണ്ട കൃതികൾ. അവയിൽ ഈ നോവലിന്റെ വിത്തുകളുണ്ട് എന്ന് കാണാവുന്നതാണ്, പ്രത്യേകിച്ചും Found Wanting-ൽ.
1980-കളിലെ ഗ്ലാസ്‌ഗൊയിൽ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ഈ നോവൽ പറയുന്നത് (ഷുഗി ബെയ്ൻ എന്ന കഥാപാത്രത്തിന്റെ അഞ്ചു തൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) - ഇംഗ്‌ളീഷുകാരുടെ ""ഉരുക്കുവനിത'', മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ നയങ്ങൾ കാരണം സ്‌കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്തെ ഖനികളും, വ്യവസായ ശാലകളും എല്ലാം നഷ്ടത്തിലായി, നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാണ് നോവലിന്റെ പശ്ചാത്തലം.
ഷഗ് എന്ന ടാക്‌സി ഡ്രൈവർക്കൊപ്പം ജീവിക്കുന്ന ആഗ്നസ് എന്ന യുവതി മൂന്നു കുട്ടികളോടൊപ്പം ഒരു മൈനിങ് ടൗണിൽ എത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്. ആദ്യത്തെ രണ്ടു കുട്ടികളും ഒരു വിടനായ അയാളുടെ ആദ്യ വിവാഹത്തിൽ നിന്നാണ് (വിവാഹിതയായിരുന്ന ആഗ്നസ് അയാളുടെ പഞ്ചാരവാക്കുകളിൽ മയങ്ങി ഭർത്താവിനെ ഉപേക്ഷിക്കുകയാണ്. അവർക്ക് മെച്ചപ്പെട്ട, സ്വതന്ത്രമായ ജീവിതം വേണം). മൂത്ത മകൾ കാതറിൻ ഒരു ചെറിയ ഓഫിസിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ലീക്കിന് ചിത്രരചനയിൽ താൽപര്യമുണ്ട്. എന്നാൽ തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത്, ഗവണ്മെന്റ് കൊടുക്കുന്ന ഫുഡ് സ്റ്റാമ്പ് കൊണ്ട് ജീവിക്കുന്നവർക്ക് കോളേജ് ഒരു സ്വപ്നം മാത്രമാണ്. അവൻ കോളേജ് പഠിത്തം ഓരോ വർഷവും നീട്ടിവെച്ച്, കടുത്ത കായികാധ്വാനം ആവശ്യമുള്ള പലതരം ജോലികൾക്കും പോകുന്നു.
ഇളയ മകനായ ഷുഗി ആകട്ടെ ദുരഭിമാനിയായ അമ്മയെ അനുകരിക്കുന്ന മട്ടിലാണ് നടത്തവും ഭാവവും എല്ലാം. അവൻ സ്വവർഗ്ഗാനുരാഗിയാണെന്നു വ്യക്തം. അവൻ എല്ലായിടത്തും ഒറ്റപ്പെടുന്നു. സത്യത്തിൽ കുട്ടികളെ നോക്കാൻ ആരുമില്ല. ചുറ്റിലും പുരുഷന്മാരും സ്ത്രീകളും നിരാശകൊണ്ടും, ജോലിഭാരം കൊണ്ടും മദ്യത്തിൽ അഭയം നേടുന്നു. അതിസുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗ്‌നസും വ്യത്യസ്തയല്ല. ആഗ്‌നസിനെയും മക്കളെയും അന്നാട്ടിലെത്തിച്ച ഷഗ്, അവരെ ഒരു വെപ്പാട്ടിയായി മാത്രമാണ് കാണുന്നത്. അയാൾക്ക് മറ്റൊരു കുടുംബമുണ്ട്. അവരുടെ ബന്ധം താമസിയാതെ തകരുന്നു. ഫുഡ് സ്റ്റാമ്പ് വച്ചും മദ്യം വാങ്ങുന്ന ആഗ്‌നസ് പിന്നെ പൂർണ്ണമായും മദ്യത്തിൽ മുങ്ങിത്താഴുകയാണ്. മൂത്തമകൾ കാമുകനൊപ്പം (അവളുടെ കസിനായ ആ പയ്യനെ, ഷഗ് ആണ് അവൾക്കു പരിചയപ്പെടുത്തുന്നത്) ആഫ്രിക്കയിൽ പോകുന്നു. പിന്നെ അവൾ തിരിച്ചു വരുന്നതേയില്ല. മൂത്ത മകനും ഷുഗിയും ചേർന്ന് അമ്മയുടെ ധാർമികരോഷത്തെയും വികാരവിക്ഷോഭത്തെയും (മകളുടെ തിരസ്‌കാരം അവർക്ക് താങ്ങാനാകുന്നില്ല) എല്ലാം സഹിച്ചു ജീവിതം തള്ളി നീക്കുന്നു. സത്യത്തിൽ ഷുഗി നോവലിൽ ഒരു ദൃക്സാക്ഷിയാണ്. അവന്റെ അമ്മയാണ് നോവലിന്റെ കേന്ദ്രത്തിൽ.
""നീ അവർക്കുവേണ്ടി പൊരുതണം'' എന്ന് സഹപാഠിയായ ഒരു പെൺകുട്ടി പറയുമ്പോൾ അവന്റെ മറുപടി ഇങ്ങനെയാണ് -""ഞാൻ പൊരുതുന്നുണ്ടല്ലോ!'' അവൻ പറഞ്ഞു.
""മിക്കപ്പോഴും അവരോടു തന്നെ, പക്ഷെ അതും ഒരു പോരാട്ടമാണ്''
മദ്യാസക്തി ഇമ്മട്ടിൽ അവതരിപ്പിച്ച മറ്റൊരു പുസ്തകം ഞാൻ അടുത്തിയിടയൊന്നും വായിച്ചിട്ടില്ല - അസാധാരണമായ ഉൾക്കാഴ്ചയോടെയാണ് ആത്മകഥാംശമുള്ള ഈ നോവൽ ഡഗ്ലസ് എഴുതിയിരിക്കുന്നത്. ഷുഗിയുടെ കാഴ്ചയിലൂടെ വരുന്ന അമ്മയുടെ ചിത്രം കാണുക -""എല്ലാ ദിവസവും മേയ്ക്കപ്പിട്ടു മുടി ചീകിയൊതുക്കി അവർ തന്റെ ശവക്കല്ലറയിൽ നിന്നു പുറത്തുവന്ന് ലോകത്തിനുമുന്നിൽ തലയുയർത്തിപ്പിടിച്ചു. മദ്യപിച്ച് അപമാനിതയായ ദിവസങ്ങളുടെ പിറ്റേന്ന് അവർ തന്റെ ഏറ്റവും നല്ല കോട്ടു ധരിച്ച് ലോകത്തെ അഭിമുഖീകരിച്ചു. അവരുടെ വയറൊഴിഞ്ഞുകിടന്നപ്പോൾ, കുട്ടികൾ പട്ടിണികിടന്നപ്പോൾ, മുടി ചീകിയലങ്കരിച്ചു കാണിച്ചു ലോകത്തെ തെറ്റിദ്ധരിപ്പിച്ചു.'' ഹോംവർക് ചെയ്യാനോ, വയറു വിശക്കാതിരിക്കാനോ സഹായിച്ചില്ലെങ്കിലും അമ്മയുടെ മിടുക്ക് എന്തിലാണെന്ന് മകന് മനസ്സിലായി. ഇതിനെപ്പറ്റി നോവലിൽ ""എന്റെ അമ്മ ജീവിതത്തിലൊരു ദിവസം പോലും ജോലി ചെയ്തിട്ടില്ല, അതിനൊക്കാത്തയത്ര സുന്ദരിയാണവർ'' എന്നാണ് ഷുഗി ഒരിക്കൽ പറയുന്നത്.
ഇടയ്ക്കു ഒരു വർഷത്തോളം മദ്യത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിൽ ആഗ്നസ് വിജയിക്കുന്നുണ്ട് - അവർ ഒരു ജോലി പോലും കണ്ടുപിടിക്കുന്നു. എന്നാൽ ആ സന്തോഷവും താമസിയാതെ അവസാനിക്കുന്നു. ആയിടക്ക് അവർ സ്‌നേഹത്തിലാകുന്ന ഒരാൾ തന്റെ സന്തോഷത്തിന് അവരെ നിർബന്ധിച്ചു മദ്യപിപ്പിക്കുന്നു, പിന്നൊരിക്കലും ആഗ്നസിനു മദ്യപിയ്ക്കാതിരിക്കാനാകുന്നില്ല. മക്കൾ അവരുടെ മദ്യവിമുക്തിയുടെ വാർഷികം ആഘോഷിക്കാനിരിക്കെയാണ് ഇതുണ്ടാകുന്നത്. അതോടെ മൂത്തവൻ വീടുവിട്ടുപോകുന്നു. പിന്നീടങ്ങോട്ട് ആ സ്ത്രീയെ മദ്യം കൊടുത്തു ഉപയോഗിക്കുകയാണ് ചുറ്റുമുള്ള പുരുഷന്മാർ രാത്രി വൈകി പാർട്ടിക്കുപോയ അമ്മയെ തിരഞ്ഞു മകൻ ഒരു ടാക്‌സിയിൽ പോകുന്ന രംഗമുണ്ട് നോവലിൽ. കിട്ടിയ അവസരമുപയോഗിച്ചു പയ്യനെ കാറിൽവച്ചുതന്നെ ലൈംഗികമായി ഉപയോഗിക്കാൻ നോക്കുകയാണ് ഡ്രൈവർ. അവസാനം തന്റെ അച്ഛനും ഒരു ടാക്‌സി ഡ്രൈവർ ആണെന്നു പറയുമ്പോഴാണ് അയാളുടെ അതിക്രമം നിൽക്കുന്നത്. അവസാനം അവൻ അമ്മയെ കണ്ടെത്തുമ്പോഴാകട്ടെ അവരാ വീട്ടിലൊരു മുറിയിൽ ആരുടെയൊക്കെയോ ജാക്കറ്റുകൾക്കും വസ്ത്രങ്ങൾക്കുമിടയിൽ നഗ്‌നയായി മദ്യലഹരിയിൽ മുങ്ങിത്താണു കിടക്കുകയാണ്. മറ്റൊരിടത്ത് മനസ്സുമടുത്ത് അമ്മയെ വിട്ടുപോവുന്ന ഷുഗി ടാക്‌സിക്കാശ് ഇല്ലാത്തതുകൊണ്ട് തന്നെ ഉപയോഗിച്ചുകൊള്ളുവാൻ ഒരു ടാക്‌സി ഡ്രൈവറോട് പറയുന്നു. ചേട്ടന്റെ അടുത്തേക്കാണ് അവൻ പോകുന്നത്. പിന്നാലെ അമ്മ, ടാക്‌സി കമ്പനിയിൽ വിളിച്ചു അവൻ എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്തി, അവന് വീട്ടിലെ ലാൻഡ് ഫോൺ മറ്റൊരു ടാക്‌സിയിൽ അയച്ചു കൊടുക്കുന്നു. ആരെയും വിളിക്കേണ്ടാത്തതിനാൽ അവർക്കത് ഇനി ആവശ്യമില്ല. അമ്മയുടെ ഇത്തരം ചെയ്തികളെ എതിർക്കാനുള്ള ശക്തി അവനില്ല. ഇങ്ങനെ ആഗ്‌നസ് തന്റെ തകർച്ചയിലും തലയുയർത്തി നിൽക്കുന്നു, നിൽക്കാൻ ശ്രമിക്കുന്നു.
മകനോ?
""നീ അവർക്കുവേണ്ടി പൊരുതണം'' എന്ന് സഹപാഠിയായ ഒരു പെൺകുട്ടി പറയുമ്പോൾ അവന്റെ മറുപടി ഇങ്ങനെയാണ് -""ഞാൻ പൊരുതുന്നുണ്ടല്ലോ!'' അവൻ പറഞ്ഞു.
""മിക്കപ്പോഴും അവരോടു തന്നെ, പക്ഷെ അതും ഒരു പോരാട്ടമാണ്''
നോവലിന്റെ അവസാനഭാഗങ്ങളിൽ ഒരു പെൺകുട്ടിക്കൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് തന്റെ അതേ അവസ്ഥയിലുള്ള മറ്റൊരാളെ ഷുഗി കാണുന്നത്. അവനെ എല്ലാ നിലയിലും അവൾ മനസിലാക്കുന്നു. അവൾ സ്വന്തം അമ്മയെ കാണിക്കാൻ കൊണ്ടുപോവുന്നത് നോവലിലെ മികച്ച രംഗങ്ങളിൽ ഒന്നാണ്. ആ സ്ത്രീ തെരുവിലാണ് കഴിയുന്നത്. അവരെ വൃത്തിയായി വസ്ത്രം ധരിപ്പിക്കാനും മറ്റുമാണ് പെൺകുട്ടി അവിടെപ്പോകുന്നത്.
സത്യത്തിൽ ഇങ്ങനെ മനുഷ്യപ്പറ്റുള്ള അപൂർവ്വം രംഗങ്ങളെ നോവലിലുള്ളൂ. ഇരുൾനിറഞ്ഞ, ഹൃദയഭേദകമായ പുസ്തകമാണിത് (450 പേജുകളുടെ ദൈർഘ്യവും നോവലിനുണ്ട്). പ്രത്യേകിച്ചും, ഇത്തരം അവസ്ഥയിലുള്ള ആളുകളെ വ്യക്തിജീവിതത്തിൽ പരിചയമുണ്ടെങ്കിൽ ഈ നോവൽ നിങ്ങളെ വിഷാദത്തിലാഴ്ത്തിയേക്കാം. ആദ്യനോവൽ എന്ന് തോന്നിക്കാത്ത വിധം പൂർണമാണ് നോവലിന്റെ ആഖ്യാനം. ഈ നോവലിന്റെ പിൻകുറിപ്പിൽ ഇങ്ങനെ പറയുന്നു - ""സർവ്വതിനുമുപരി, ഞാൻ എല്ലാറ്റിനും എന്റെ അമ്മയുടെ ഓർമ്മകളോടും അവരുടെ ജീവിതസമരങ്ങളോടും കടപ്പെട്ടിരിക്കുന്നു, എനിക്കെല്ലാം തന്ന എന്റെ സഹോദരനോടും. ഇത് നിങ്ങളുടെ മുന്നിലെത്തിക്കാൻ സഹായിച്ച എന്റെ സഹോദരിയോടും എനിക്കു കടപ്പാടുണ്ട്.'' നോവൽ വായന കഴിഞ്ഞു ഈ ഭാഗം വായിക്കുന്നവർ ഈ നോവൽ, യാഥാർഥ്യം ഫിക്ഷനെക്കാൾ ഭീകരമാണ് എന്ന് പറയുന്നതിന്റെ ഉദാഹരണമാണെന്നു മനസ്സിലാക്കും.
വിചിത്രമായ ഒരു വർഷത്തെ പ്രതിനിധാനം ചെയ്യാൻ അനുയോജ്യമായ പുസ്തകങ്ങൾ തന്നെ രണ്ടും.▮