ഇന്നലത്തെ ആളാവാനുള്ള വിസമ്മതം

(സല്‍മാന്‍ റുഷ്ദിയുടെ Knife – Meditations After an Attempted Murder എന്ന പുസ്തകത്തെപ്പറ്റി)

രണത്തില്‍ നാമെല്ലാവരും ഇന്നലത്തെ ആളുകളാണ്, ഭൂതകാലത്തില്‍ എന്നെന്നേക്കുമായി കുടുങ്ങിപ്പോയവര്‍. എന്നെ ആ കൂട്ടിനകത്തേയ്ക്കിടാനായിരുന്നു കത്തി ആഗ്രഹിച്ചത് - Knife - Meditations After an Attempted Murder (''നൈഫ്'') എന്ന തന്റെ കൃതിയുടെ ആദ്യഭാഗത്തൊരിടത്ത് സല്‍മാന്‍ റുഷ്ദി എഴുതുന്നു. മരണവുമായോ ജീവിതവുമായോ കലയുമായോ ഉള്ള അഭിമുഖീകരണം എഴുത്തുകാര്‍ക്ക് ചിലപ്പോഴെങ്കിലും അവരുടെ ഇന്നലെകളുടെ പുനസന്ദര്‍ശനമാകണം. മറ്റൊരു രീതിയില്‍ മറ്റൊരു ഭാവത്തില്‍ മുമ്പ് കഴിഞ്ഞ ഒരു ദിവസം അവരെ എടുത്ത് പിറകോട്ട് എറിയുന്നപോലെയുമാണത്. റുഷ്ദി പറഞ്ഞതും അതായിരുന്നു. തന്നെ ഭൂതകാലത്തിന്റെ കൂട്ടിലേക്ക് എറിയാനും കൂട്ടിനകത്ത് എന്നേയ്ക്കുമായി ഇടാനുമായിരുന്നു ആ അക്രമണം എന്ന് റുഷ്ദി പറയുന്നു. എങ്കില്‍, ഈ പുസ്തകം, അല്ലെങ്കില്‍ ഇതിന്റെ ഓരോ വരിയും അത്തരമൊരു ശ്രമത്തെ ചെറുക്കുന്നു, അത്തരം ശ്രമങ്ങളോടുള്ള വിസമ്മതം രേഖപ്പെടുത്തുന്നു.

2022 ആഗസ്റ്റ് 12 ന്, വെള്ളിയാഴ്ച്ച, വെയിലുള്ള ഒരു പ്രഭാതത്തില്‍ , ന്യൂയോര്‍ക്കിലെ ചൌടാക്വാ (Chautauqua)യിലുള്ള ഒരു ആംഫിതിയേറ്ററിലെ സ്റ്റേജിലേക്ക് എഴുത്തുകാരെ അപകടങ്ങളില്‍നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കാന്‍ റുഷ്ദി പ്രവേശിക്കുകയായിരുന്നു, അപ്പോഴാണ് അത്രനേരവും സദസ്സിലുണ്ടായിരുന്ന അക്രമി, റുഷ്ദിയെ മരണത്തോളം മാരകമായ മുറിവുകള്‍ ഏല്‍പ്പിച്ചുകൊണ്ട് പല തവണ കുത്തി പരിക്കേല്‍പ്പിക്കുന്നത്. തന്റെ തന്നെ മുമ്പിലുള്ള കാഴ്ച്ചയുടെ ഒരരികില്‍നിന്ന് തനിക്കുനേരെ വരുന്ന കൊലയാളിയെ ഒരു പക്ഷേ, ഈ പുസ്തകം എഴുതുമ്പോഴായിരിക്കും റുഷ്ദി കൂടുതല്‍ നേരം കണ്ടിരിക്കുക. അതുകൊണ്ടാകണം ഈ പുസ്തകത്തെ meditations കൂടിയായി റുഷ്ദി പരിചയപ്പെടുത്തുന്നത്. തന്റെ തന്നെ ഭൂതകാലത്തിന്റെ ഏതോ ഗുഹയില്‍നിന്നും പെട്ടെന്ന് പുറത്തേയ്ക്ക് ഓടി വരുന്ന ഹിംസയെ റുഷ്ദി നേരിടുന്നതും ഈ പുസ്തക രചനയിലൂടെയാവണം.

സല്‍മാന്‍ റുഷ്ദി
സല്‍മാന്‍ റുഷ്ദി

റുഷ്ദിയ്ക്കു നേരെയുണ്ടായ ഈ ആക്രമണം ഭാവിയുടെയോ ഭാവിക്കുവേണ്ടിയോ ആയിരുന്നില്ല. മറിച്ച് റുഷ്ദി കൃത്യമായി പറയുന്നപോലെയാണത്: പഴയൊരു കാലത്തേയ്ക്ക് തന്നെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന ഭൂതകാലത്തിന്റെതായിരുന്നു ആ ആക്രമണം. ദീര്‍ഘമായ ആശുപത്രിവാസത്തിനും വിശ്രമത്തിനും വലത്തേ കണ്ണിന്റെ മുഴുവന്‍ കാഴ്ചനഷ്ടത്തിനും ശേഷം റുഷ്ദി, ഇപ്പോള്‍, ആ സംഭവത്തെ, കൊടും ഹിംസയ്ക്ക് താന്‍ അഭിമുഖമായി നിന്ന 27 സെക്കന്റിനെ, തന്റെ ജീവിതത്തോളം പോന്ന ഓര്‍മ്മയോടെ, ഈ പുസ്തകത്തില്‍ വീണ്ടെടുക്കുന്നു.

മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍, ഇറാനിലെ ആയാത്തുള്ള ഖൊമേനി മുപ്പത്തിമൂന്നു വര്‍ഷത്തിനുമുമ്പ് പുറപ്പെടുവിച്ച ഫത്വായുടെ തിയേറ്റര്‍ ആവിഷ്‌ക്കാരമായിരുന്നു, അന്ന് ആ ആംഫിതീയറ്ററില്‍ നടന്നത്. 'ഇസ്ലാമിനെ അവമതിച്ച സല്‍മാന്‍ റുഷ്ദിയെ വധിക്കുക'' എന്ന പഴയ ഒരു ഉത്തരവ് നടപ്പാക്കുക. അക്രമി, അയാള്‍ക്ക് അത്രയും വയസില്ലെങ്കിലും, പാഞ്ഞുവരുന്നത് ആ മുപ്പത്തിമൂന്ന് വര്‍ഷത്തിനും മുമ്പേ ഉള്ള ഒരു 'വിധി'യില്‍ നിന്നാണ്. എന്നാല്‍, ഖൊമേനി ഇതിനുംമുമ്പ് മരിച്ചിരുന്നു. ഖൊമേനിയുടെ ആ ഫത്വായില്‍ നിന്ന് ഇറാന്‍ഭരണകൂടംതന്നെ പിന്നീട് പിന്‍വാങ്ങിയിരുന്നു. അത്തരമൊരു ഫത്വാ മറന്നേ പോയ വായനക്കാര്‍ ലോകത്തെ എല്ലാ ഭാഷകളിലും പിന്നെയും പുസ്തകങ്ങള്‍ വായിക്കുന്നുണ്ടായിരുന്നു. തന്റെ വിവാദ പുസ്തകം, The Satanic Verses നു ശേഷം വേറെയും പുസ്തകങ്ങള്‍ റുഷ്ദി എഴുതി പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു പതിറ്റാണ്ടുകളായി അദ്ദേഹം ലണ്ടനില്‍ നിന്നും മാറി ന്യൂയോര്‍ക്കില്‍ ഏറെക്കുറെ 'സ്വതന്ത്ര'നായി ജീവിക്കുകയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍, അതേ ഭൂതകാലം, ചെറുപ്രായമുള്ള ഒരു ഘാതകന്റെ രൂപത്തില്‍ റുഷ്ദിയെ വീണ്ടും സന്ദര്‍ശിക്കുകയായിരുന്നു.

എന്തുകൊണ്ട് ഞാന്‍ പോരാടിയില്ല? എന്തുകൊണ്ട് ഞാന്‍ ഓടിയില്ല? ഞാനൊരു പിനാറ്റയെപ്പോലെ അവിടെ നിന്നു, എന്നെ തരിപ്പണമാക്കാന്‍അവനെ അനുവദിച്ചു. റുഷ്ദി എഴുതുന്നു.

ഞാന്‍ piñata യുടെ അര്‍ത്ഥം ഇപ്പോള്‍ മറ്റൊരു ഉള്‍ക്കിടിലത്തോടെ മനസിലാക്കുന്നു: മധുരപലഹാരങ്ങളും പഴങ്ങളും സമ്മാനങ്ങളും നിറച്ച് ഭംഗിയായി അലങ്കരിച്ച ഒരു പാത്രമാണത്, ആഘോഷവേളകളില്‍ കണ്ണുകള്‍ കെട്ടിയ ആളുകള്‍ വടികൊണ്ട് പൊട്ടിക്കാനായി ആ പാത്രം തൂക്കി ഇടുന്ന കളിയാണത്.

ഞാന്‍ എഴുത്തുകാരുടെ വിധിയെപ്പറ്റിയും മനസിലാക്കാന്‍ ശ്രമിക്കുന്നു. സ്വാതന്ത്ര്യത്തെ പറ്റിയുള്ള അവരുടെ പലരുടെയും വരികള്‍, ആത്മഗതങ്ങള്‍, ഖേദങ്ങള്‍ വരെ കേള്‍ക്കുന്നു. ഭരണകൂടങ്ങളുടെ ആദിരൂപങ്ങളില്‍ നിന്നും തുടങ്ങി ഏറ്റവും അവാസാനത്തെ രൂപവുമായുള്ള അവരുടെ അഭിമുഖീകരണങ്ങള്‍ വരെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, സല്‍മാന്‍ റുഷ്ദിയുടെ നേര്‍ക്കുണ്ടായ വധശ്രമം, അതില്‍നിന്നുള്ള റുഷ്ദിയുടെ അത്ഭുതകരമായ തിരിച്ചുവരവ്, ഇപ്പോള്‍ റുഷ്ദി എഴുതിയ ഈ പുസ്തകം, അതേ ആശയത്തിന്റെ - സ്വാതന്ത്ര്യത്തിന്റെ- മറ്റൊരു നില്‍പ്പ് പിന്നെയും പിന്നെയും അവതരിപ്പിക്കുകയാണ് : ചോരയില്‍ കുളിച്ചു വീണു കിടക്കുന്ന ഒരു പോരുകാരനെയാണോ അത് കാണിക്കുന്നത്?അങ്ങനെയെങ്കില്‍, ഒരേസമയം അത് നമ്മെ ഭയപ്പെടുത്തുന്നു. ഹിംസയുടെയും സ്വാതന്ത്ര്യത്തിന്റെയും തെളിമ നുരയുന്ന ഒരൊറ്റ കാഴ്ച പോലെ.

റുഷ്ദിയുടെ ഈ പുസ്തകം - 'Knife' - തന്റെ വധത്തിനു കാരണമായ പുസ്തകത്തെ കുറിച്ചോ ആ കാലത്തെ കുറിച്ചോ അല്ല. മാത്രമല്ല, ഈ ആക്രമണവും തന്നെയൊ തന്റെ സാഹിത്യ സങ്കല്‍പ്പങ്ങളെയോ മനുഷ്യനെന്ന നിലനില്‍പ്പിനെയോ എഴുത്തുകാരന്‍ എന്ന തന്‍ബോധത്തെയോ ഒരു തരിപോലും മാറ്റിയിട്ടില്ല എന്ന് റുഷ്ദി പറയുന്നുമുണ്ട്. തങ്ങളുടെ മരണത്തിന്റെ ഹേതുക്കളെക്കാള്‍ തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥത്തെയാണ് എഴുത്തുകാര്‍ അന്വേഷിക്കേണ്ടത് എന്ന് അത് പറയുന്നു. റുഷ്ദിയാകട്ടെ, കഴിഞ്ഞ അമ്പതുവര്‍ഷത്തെ രാഷ്ട്രീയലോകത്തിന്റെ ആകാശത്ത് പറന്നു പൊന്തുന്ന പക്ഷിപോലെയും തന്റെ കലയില്‍ പാര്‍ക്കുന്നു. അദൃശ്യമായ ഒരു കണ്‍കുരുക്കിലാണ് എപ്പോഴും ആ പക്ഷി ഉള്ളതെന്നും നമ്മള്‍ മനസിലാക്കുന്നു.

തന്റെ ഘാതകനെ എന്തുകൊണ്ട് നേരിട്ടില്ല എന്നോ തനിക്ക് നേരെയുണ്ടായ വധശ്രമത്തില്‍നിന്നും എന്തുകൊണ്ട് ഓടി രക്ഷപ്പെട്ടില്ല എന്നോ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കേട്ട ചോദ്യങ്ങള്‍ക്ക് റുഷ്ദി മറുപടി തേടുന്നില്ല - അതിനുള്ള ഉത്തരങ്ങള്‍ അവര്‍ ഓരോരുത്തരും ഓരോ വിധത്തില്‍ പറഞ്ഞിട്ടുണ്ട് എന്ന് എഴുതുമ്പോഴും. പകരം, അക്രമത്തിന്റെ ലക്ഷ്യങ്ങള്‍ യഥാര്‍ത്ഥമായതിനെ കുറിച്ചുള്ള അവയുടെ ധാരണയില്‍ത്തന്നെ പ്രതിസന്ധി നേരിടുന്നു എന്ന് വിശ്വസിക്കാനാണ് റുഷ്ദി ഇഷ്ടപ്പെടുന്നത്. അന്ന്, സ്റ്റേജില്‍ കുത്തേറ്റു വീണു കിടക്കുന്ന തന്റെ അരികിലേക്ക് ഓടി എത്തിയ ആളുകളെപറ്റി റുഷ്ദി ഇങ്ങനെയാണ് പറയുന്നത്: ‘മനുഷ്യപ്രകൃതിയിലെ ഏറ്റവും മോശമായതും മികച്ചതുമായ രണ്ട് അനുഭവങ്ങളും ഞാന്‍ അനുഭവിച്ചു, ഏതാണ്ട് ഒരേസമയം. ഒരു ജീവിവര്‍ഗ്ഗം എന്ന നിലയില്‍ നമ്മള്‍ ഇങ്ങനെയാണ്. വൃദ്ധനായ ഒരപരിചിതനെ ഒരു കാരണവുമില്ലാതെ കൊല്ലാനുള്ള രണ്ടു സാധ്യതകളും നമ്മുടെ ഉള്ളില്‍ അടങ്ങിയിരിക്കുന്നു’ - ഷേക്‌സ്പിയറുടെ ഇയാഗോയ്ക്കുള്ള കഴിവിനെ കോള്‍റിഡ്ജ് 'പ്രേരണയില്ലാത്ത തീരാപ്പക'' എന്ന് വിളിക്കുന്നു - കൂടാതെ ആ രോഗത്തിനുള്ള മറുമരുന്നും നമ്മള്‍ ഉള്‍ക്കൊള്ളുന്നു - ധൈര്യം, നിസ്വാര്‍ത്ഥത, നിലത്ത് കിടക്കുന്ന ആ വൃദ്ധനായ അപരിചിതനെ സഹായിക്കാന്‍ സ്വയം ധൈര്യപ്പെടാനുള്ള സന്നദ്ധത.

ചിലപ്പോള്‍ ഇത് കലയുടെതന്നെ മുഹൂര്‍ത്തമാണ്. സന്ദിഗ്ധത പോലുമാണ്. അക്രമത്തിലേക്കും ശുശ്രൂഷയിലേക്കും ഒരേസമയം കല ഓളംവെട്ടുന്നു. കെട്ടികിടക്കുന്ന എന്തിനെയോ അത് എപ്പോഴും വഹിക്കുന്നു. എപ്പോഴും പുറംതള്ളാനുള്ള ശ്രമത്തിലുമാണ്. മനുഷ്യജീവിതത്തിന്റെ ആനന്ദത്തിലേക്കും വിനാശകരമായ പരിസമാപ്തിയിലേക്കും കലയുടെയും കണ്ണുകള്‍ ഒരേസമയം തുറന്നിരിക്കുന്നു. അപ്പോഴും, തങ്ങളുടെ ഹ്രസ്വജീവിതത്തിന്റെ വാഴ്ത്തുകരാവാന്‍, തങ്ങളുടെ തന്നെ സൃഷ്ടികളുടെ ദേവതകളാവാന്‍ എഴുത്തുകാര്‍ മോഹിക്കുകപോലും ചെയ്യുന്നു. പക്ഷേ, കല, സ്വാതന്ത്ര്യത്തിന്റെ കൂടി വിഷയമായതോടെ ഇതെല്ലാം അട്ടിമറിക്കപ്പെടുന്നു. കലയ്ക്കും അധികാരത്തിന്റെ തീരാപ്പക നേരിടേണ്ടി വരുന്നു. റുഷ്ദി തന്റെ ഈ പുസ്തകത്തില്‍, ഒരു പക്ഷേ, നേരിടുന്നതും അതാണ്.

തന്റെ അക്രമിയെ /ഘാതകനാവേണ്ടിയിരുന്ന ആളെ റുഷ്ദി 'A' എന്നു മാത്രമാണ് പുസ്തകത്തില്‍ ഉടനീളം വിളിക്കുന്നത്. ലോകമെങ്ങും ഇതിനകം അറിയുമെങ്കിലും അയാളുടെ പേരോ നിറമോ മതമോ റുഷ്ദി ഉപയോഗിക്കുന്നില്ല. 'Assailant' എന്നതിനറെ ചുരുക്കപ്പേരായി നമ്മുക്ക് 'A' യെ പുസ്തകത്തില്‍ വായിക്കാം - ഇംഗ്ലീഷില്‍ ആ 'A' ഒരു അന്യത്വത്തെക്കൂടി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, റുഷ്ദിക്ക് ആ അക്ഷരം , 'A' , മറ്റൊരു വാക്കിന്റെ (Ass) ആദ്യാക്ഷരമാണ്. അത് Assailant ന്റെ ആദ്യാക്ഷരമല്ല, Ass -ന്റെയാണ്. ''ഒരു കഴുതയായി, ഒരുപക്ഷേ ക്ഷമിക്കാവുന്ന തരത്തില്‍ അവനെക്കുറിച്ച് ചിന്തിക്കുന്നതായി ഞാന്‍ കണ്ടെത്തി'' എന്ന് റുഷ്ദി എഴുതുന്നു. എന്നിരുന്നാലും, ഈ വാചകത്തിന്റെ ഉദ്ദേശ്യങ്ങള്‍ക്കായി, ഞാന്‍ അവനെ കൂടുതല്‍ അലങ്കാരം ചേര്‍ത്ത് 'A' എന്ന് വിളിക്കും. എന്റെ വീട്ടിലെ സ്വകാര്യതയില്‍ ഞാന്‍ അവനെ വിളിക്കുന്നത് എന്റെ മാത്രം കാര്യമാണ്.'

തന്റെ ഈ ഘാതകന്‍ 27 സെക്കന്റാണ് തന്റെ കൂടെ ആകെ ഉണ്ടായിരുന്നത് എന്ന് വധശ്രമത്തിന്റെ വാര്‍ത്തകള്‍ വെച്ച് റുഷ്ദി പറയുന്നു : നിങ്ങളൊരു മതവിശ്വാസിയാണെങ്കില്‍ ഈശ്വര പ്രാര്‍ത്ഥനയുടെ ചൊല്ലല്‍ സമയമാണത്. അല്ലെങ്കില്‍, ഒരു ഷേക്‌സ്പിയര്‍ ഗീതകം ചൊല്ലാനുള്ള സമയം. ചിലപ്പോള്‍ 'My mistress' eyes are nothing like the sun.' എന്നൊക്കെ വരുന്ന ഗീതം. അപരിചിതരോടുള്ള, അപരിചിതമായതിനോടുള്ള അടുപ്പം ആ സമയം നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. തനിക്ക് നേരെ കത്തിയുമായി പാഞ്ഞുവരുന്ന 'A'യ്ക്ക് കിട്ടുന്നതും അതേ 27 സെക്കന്റാണ്. അത്രയും തിയേറ്ററിക്കല്‍കൂടി ആണത്. പക്ഷേ 'A' യുടെ വിധി മറ്റൊന്നാവുകയായിരുന്നു എന്നും റുഷ്ദി തുടര്‍ന്ന് എഴുതുന്നു: അതെ. ഞങ്ങളുടെ അടുപ്പത്തിന്റെ ആ സമയത്ത് അയാള്‍ സന്തോഷവാനായിരുന്നിരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ പിന്നീട് അയാളെ എന്നില്‍ നിന്ന് വലിച്ചിഴച്ച് താഴെയിട്ടു. അയാളുടെ പ്രശസ്തിയുടെ ഇരുപത്തിയേഴ് സെക്കന്റ് അവസാനിച്ചു. അയാള്‍ വീണ്ടും ആരുമല്ലാതായി...

സല്‍മാന്‍ റുഷ്ദി ഈ പുസ്തകം എഴുതിയത്, ഒരു പക്ഷേ തന്റെ ജീവിതത്തിന്റെ മറ്റൊരു ഉറവകൂടി തേടിപ്പോവാനുമാണ് എന്ന് Eliza എന്ന അദ്ധ്യായം വായിക്കുമ്പോള്‍ തോന്നും. തന്റെ ജീവിത പങ്കാളിയ്ക്ക് - ആഫ്രോ അമേരിക്കന്‍ കവിയായ റേച്ചല്‍ എലിസാ ഗ്രിഫ്ഫിത് സിന് (Rachel Eliza Griffiths) തന്റെ ജീവിതത്തിലും മരണത്തോളം പോയ തന്റെ ജീവനിലും തന്റെ കലയിലുമുള്ള സാന്നിധ്യം റുഷ്ദി വൈകാരികാവശ്യത്തോടെ ഈ അദ്ധ്യായത്തില്‍ പറയുന്നു. ദുഖത്തിന്റെ നനവുള്ളതും അപ്പോഴും ജീവിതത്തിന്റെ ഹൃദ്യതയും ഉള്ളതാണ് ഈ ഭാഗം. എഴുത്തുകാരും സന്ദര്‍ഭങ്ങളും സാഹിത്യത്തിലെതന്നെ മുഹൂര്‍ത്തങ്ങളും പരാമര്‍ശങ്ങളായി വരുന്നതും നിറയെ കാണാം. ഒരു സമയം, literature is not an equal opportunity employer എന്ന് ഒരു വേദിയില്‍ തര്‍ക്കിക്കുന്ന സൂസന്‍ സോണ്ടാഗിനെ കാണാം. അതേസമയം, ഇതേ അദ്ധ്യായത്തില്‍ റുഷ്ദി എഴുതിയ ഒരു വരിയും നമ്മള്‍ വായിക്കുന്നു: സന്തോഷത്തെക്കുറിച്ച് എഴുതാന്‍ എനിക്ക് എപ്പോഴും താല്‍പ്പര്യമുണ്ട്, കാരണം അത് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്.

ആഫ്രോ അമേരിക്കന്‍ കവിയും സല്‍മാന്‍ റുഷ്ദിയുടെ പങ്കാളിയുമായ റേച്ചല്‍ എലിസാ ഗ്രിഫ്ഫിത്സ്
ആഫ്രോ അമേരിക്കന്‍ കവിയും സല്‍മാന്‍ റുഷ്ദിയുടെ പങ്കാളിയുമായ റേച്ചല്‍ എലിസാ ഗ്രിഫ്ഫിത്സ്

സാഹിത്യത്തിലൂടെ തന്നെയും തന്റെ ജീവിതത്തെയും ശരിയാക്കി എടുക്കാം എന്ന സ്വപ്നമൊ ആഗ്രഹമോ ആണ് തന്റെ എഴുത്തിന്റെ കാതല്‍ എന്ന് റുഷ്ദി വിശ്വസിക്കുന്നു. തന്റെ ആദ്യ കൃതിയിലൂടെ, Midnight's Children, ഇന്ത്യയെ മാത്രമല്ല, തന്നെകൂടിയാണ് അങ്ങനെ വീണ്ടെടുത്തത് എന്നും പറയുന്നു. 'Words are the only victors' എന്ന് റുഷ്ദി തന്റെ ഏറ്റവും അവസാനത്തെ നോവലില്‍, Victory City, പറയുന്നുമുണ്ട്. നോവലിലെ ആ ഭാഗം തന്റെ ക്യാമറക്ക് മുമ്പില്‍ വായിക്കാനായി എലിസാ റുഷ്ദിയോട് പറയുന്നു. ആക്രമണത്തില്‍നിന്നും ഏറ്റ മുറിവുകളില്‍ നിന്നും വേദനകളില്‍ നിന്നും കുറേയൊക്കെ പുറത്ത് കടന്ന സന്ദര്‍ഭമാണ്, റുഷ്ദിയുടെ ആ ദിവസങ്ങള്‍ ഒരു ഡോക്യുമെന്ററിയിലേക്ക് പകര്‍ത്തുകയായിരുന്നു എലിസാ. അവളുടെ ക്യാമറയ്ക്കുവേണ്ടി ആ പേജ് വായിക്കാന്‍ എലിസ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എന്റെ തൊണ്ടയില്‍ ഒരു മുഴ രൂപപ്പെട്ടു. കണ്ണുനീര്‍ തടയാന്‍ എനിക്ക് പോരാടേണ്ടി വന്നു.... അവസാനം ഞാന്‍ നിശ്ചലനായി, അല്ലെങ്കില്‍ ഉടനെ തന്നെ വീണ്ടും ഒരു പുസ്തകം എഴുതിയ എഴുത്തുകാരനായി.

ഈ പുസ്തകത്തിന്റെ എപ്പിഗ്രാഫ് സാമുവല്‍ ബെക്കറ്റിനെ ഉദ്ധരിച്ചുകൊണ്ടാണ് : 'We are other; no longer what we were / before the calamity of yesterday...’ 27 സെക്കന്‍ഡ് നീണ്ട ആക്രമണത്തെ ജീവിതവും മരണവും തമ്മിലുള്ള അസാധാരണമായ അര മിനിറ്റ് അടുപ്പത്തെ റുഷ്ദി അഭിമുഖീകരിക്കുന്നതും ഇങ്ങനെയൊരു ബെക്കറ്റിയന്‍ നിമിഷത്തിലാണ്. ഈ കൃതിയുടെ ഒരു ഉറവ ഈ നിമിഷത്തില്‍നിന്നും തുടങ്ങുന്നുവെന്നും പറയാന്‍ പറ്റും.

1938-ല്‍ ബെക്കറ്റിനെ ഒരു കൂട്ടികൊടുപ്പുകാരന്‍ ഒരു രാത്രി, തെരുവില്‍വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പിന്നീട് ആ കേസ് വിചാരണയ്ക്കെത്തിയപ്പോള്‍ തന്റെ അക്രമിയെ കാണാനും ബെക്കറ്റ് എത്തി.

ബെക്കറ്റ് തന്റെ അക്രമിയെ കോടതിയില്‍വെച്ചു കണ്ടു, ആക്രമണത്തിന്റെ കാരണം ചോദിച്ചു. 'എനിക്കറിയില്ല, സര്‍. എന്നോട് ക്ഷമിക്കൂ' ( 'Je ne sais pas, monsieur. Je m'excuse' (''I don't know, sir. I'm sorry') എന്നായിരുന്നു ആ കൂട്ടികൊടുപ്പുകാരന്റെ നിര്‍വികാരമായ മറുപടി.

'ഭൂമിയിലായിരിക്കുന്നതിന് ചികിത്സയില്ല', എന്ന് സാമുവല്‍ ബെക്കറ്റ് തമാശ പറയുമായിരുന്നു. 1938-ല്‍, അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തിലുണ്ടായ ഈ സംഭവം തന്റെ ജീവിതത്തെയും തന്റെ കലയെയും എങ്ങനെ മാറ്റി എന്ന് ബെക്കറ്റ് ഓര്‍ക്കുന്നുമുണ്ട്. അസംബന്ധതയും ബ്ലാക്ക് കോമഡിയും മാരകവാദവും എല്ലാം പിന്നീട് ആ കലയുടെ ഭാഗമായി. ബെക്കറ്റിന്റെ മികച്ച കൃതികളിലെല്ലാം ആ മുഹൂര്‍ത്തം മിന്നിമായുകയോ നീണ്ടു നില്‍ക്കുകയോ ചെയ്തു. 'I don't know, sir. I'm sorry'. 'തീര്‍ച്ചയായും ഒരിക്കലും ശുഭാപ്തിവിശ്വാസിയല്ല' എന്നും ബെക്കറ്റ് പലപ്പോഴും പറഞ്ഞു.

അതോര്‍ത്തുകൊണ്ടാണ് എനിക്കും അങ്ങനെയൊരു നിമിഷം വേണമെന്ന് റുഷ്ദി ആഗ്രഹിക്കുന്നത്. 'My Samuel Beckett moment'.

എന്നാല്‍, റുഷ്ദി തന്റെ അക്രമിയെ കാണുന്നതേ ഇല്ല. ഒരിക്കല്‍ അയാളെ പാര്‍പ്പിച്ച ജയിലിന്റെ മുമ്പില്‍ ചെന്നു നിന്നപ്പോഴും അയാളെ കാണാന്‍ ആഗ്രഹിച്ചില്ല. റുഷ്ദിയ്ക്ക് അത് ഭൂതകാലത്തിന്റെ കൂടാണ്. ആ കൂട്ടിലേക്ക് തന്നെ പിടിച്ചിടാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മയാണ്. പകരം തന്റെ അക്രമിയെ 'A' എന്ന അപരത്വത്തില്‍, മനുഷ്യനില്‍ എക്കാലത്തുമുണ്ടായിരുന്ന ഇരട്ട വിധിയില്‍ ഒന്ന് എന്ന് അടയാളപ്പെടുത്തുക മാത്രം ചെയ്യുന്നു.

റുഷ്ദിയുടെ Victory City എന്ന നോവലിലെ നായിക അന്ധയാവുന്ന സന്ദര്‍ഭമുണ്ട്. അതാകട്ടെ, ആഗസ്റ്റ് 12 നും മുമ്പുള്ള ഈ ആക്രമണത്തിനും മുമ്പേ എഴുതിയതുമാണ്. ഇപ്പോള്‍ പലരും അത് വിശ്വസിയ്ക്കുന്നില്ലെങ്കിലും എന്ന് റുഷ്ദി പറയുന്നു. ആ ഭാഗം എഴുതുമ്പോള്‍ ജീവിതത്തിലുടനീളമുള്ള ഒരു ഭയത്തെയാണ് താന്‍ എഴുതുന്നത് എന്ന് അറിയാമായിരുന്നുവെന്നും റുഷ്ദി പറയുന്നു. ''ലോകത്തെ ഏറ്റവും മോശമായ കാര്യം''. ഇപ്പോള്‍ അതുതന്നെ സംഭവിക്കുന്നു. തന്റെ വലത്തേ കണ്ണിന്റെ കാഴ്ച്ച റുഷ്ദിയ്ക്ക് ഈ ആക്രമണത്തിലൂടെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.

ഈ കൃതിയുടെ ആറാം അദ്ധ്യായം, The A, തന്റെ അക്രമിയുമായുള്ള റുഷ്ദിയുടെ സാങ്കല്‍പ്പിക സംഭാഷണമാണ്. അങ്ങനെയൊരു സാധ്യതയൊ അതിന്റെ ആവശ്യമോ വേണ്ടെങ്കിലും. എന്തിനാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നോ ആരാണ് ആ അക്രമിയെന്നോ അയാളുടെ പ്രേരണ എന്താണെന്നോ തിരയുകയല്ല, വാസ്തവത്തില്‍ ഈ ഭാഗം. മറിച്ച്, താന്‍ നേരിട്ട ഒരു മുഹൂര്‍ത്തത്തില്‍ തന്നെപ്പോലെ തന്നെ പങ്കാളിയായ അക്രമിക്ക് തന്നെ കുറിച്ച് എന്തുമാത്രം അറിയാം എന്ന് തിരയുകയാണ്. 'A' തന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. അത് അയാള്‍സമ്മതിച്ചതുമാണ്. പക്ഷേ അയാള്‍ പുറപ്പെട്ടു വന്നത് അതേ ഇരുട്ടില്‍നിന്നുമാണ്.

പുസ്തകത്തിന്റെ ഈ ഭാഗം എത്തുമ്പോള്‍ റുഷ്ദിയെക്കാള്‍ ആനന്ദിനെയാണ് എനിക്ക് ഓര്‍മ്മ വന്നത്. ഭരണകൂടങ്ങളും ബുദ്ധിജീവികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുള്ള ആനന്ദ് - അദ്ദേഹം റുഷ്ദിയ്ക്ക് നേരെയുണ്ടായ ഖൊമേനിയുടെ ഫത്വവായുടെ കാലത്തുതന്നെ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട് - ഭരണകൂടങ്ങളെ എതിര്‍ക്കുക മാത്രമല്ല ഭരണകൂടങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിക്കാനും ബുദ്ധിജീവികള്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളുണ്ട് എന്ന് എഴുതുന്നു. അഥവാ, ഭരണകൂടങ്ങള്‍തന്നെ ബുദ്ധിജീവികളുടെ സൃഷ്ടികളാണ് എന്ന് ആനന്ദ് പറയുന്നു. 'ബുദ്ധിജീവികള്‍ക്ക്, ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, മൗലീകമയി സ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്ന സ്ഥാനം സ്വയം കല്‍പ്പിക്കാന്‍ വയ്യ എന്നര്‍ത്ഥം.'' (ഭരണകൂടവും ബുദ്ധിജീവികളും - ചരിത്രപാഠങ്ങള്‍ എന്ന പുസ്തകത്തില്‍നിന്ന്) എങ്കില്‍, റുഷ്ദി തന്റെ ഭൂതകാലത്തെയല്ല തന്റെ വര്‍ത്തമാനത്തെക്കൂടിയാണ് നേരിടുന്നത്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ മാത്രമല്ല തന്റെ കലയുടെയും ജീവിതത്തിന്റെയും വിഷയമായി റുഷ്ദി അവതരിപ്പിക്കുന്നത്, മനുഷ്യര്‍ സ്വയം പേറുന്ന ഭരണകൂട സങ്കല്‍പ്പങ്ങളെക്കൂടിയാണ്. ഏറെക്കുറെ മനുഷ്യവംശത്തിന്റെ വിധിയുമാണത്. 'A'പുറപ്പെട്ടുവന്ന ഇരുട്ട് ആ വിധിയായിരുന്നു.

അതിമാരകമായ തീര്‍പ്പുള്ള ഒരു ''കത്തി''യുടെ ഓര്‍മ്മയാണ് ഈ പുസ്തകം. ശരീരത്തിന്റെ വേദനയും അതിന്റെ വേദനാജനകമായ വീണ്ടെടുപ്പിന്റെ ഘട്ടങ്ങളും ചിത്രീകരിക്കുന്ന ഒരു പുസ്തകം. ഇതിലെ പല ഭാഗങ്ങളും കണ്ണ് നനയിക്കാതെ കടന്നു പോകില്ല. റുഷ്ദി തന്നെ, തന്റെ വലത് കണ്‍പോള തുന്നിക്കെട്ടിയ അനുഭവം വിശദീകരിക്കുന്നതില്‍ നിന്നും ഒരു നിമിഷം പിന്‍വാങ്ങുന്നു. ദി വിക്ടറി സിറ്റിയിലെ പ്രധാന കഥാപാത്രമായ പമ്പ കമ്പനയുടെ ശത്രുക്കള്‍ അവളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നതിനെക്കുറിച്ച് വിശദമായി എഴുതിയതും ഇതേ മനുഷ്യനാണ്...

ദൈവത്തെ (അതിനാല്‍ ഭരണകൂടത്തെയും) കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ് റുഷ്ദിയുടെ ജീവിതത്തില്‍ അല്ലെങ്കില്‍ ഇടപെടുന്നത്. റുഷ്ദിയുടെ കലയുടെ മര്‍മ്മവും അതാണ്. റുഷ്ദിയ്ക്കും നമുക്കും ഭരണകൂടങ്ങള്‍ക്കും അതറിയാം. എന്നാല്‍, താന്‍ അത്തരം ചര്‍ച്ചകളില്‍ താല്‍പ്പര്യമില്ലാത്ത ആളാണ് എന്നും റുഷ്ദി എഴുതുന്നു. തന്റെ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തിയ വാദമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള വാദം എന്നും റുഷ്ദി എഴുതുന്നു. ''എന്റെ ദൈവനിഷേധം അചഞ്ചലമായി നിലനില്‍ക്കുന്നു. ജീവിതത്തിന്റെ ഈ രണ്ടാം അവസരത്തിലും അത് മാറാന്‍ പോകുന്നില്ല.'


Summary: about salman rushdie's book Knife – meditations after an attempted murder


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments