അഷീൽ എംബെമ്പേ

Death-worlds
മരണത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ഭരണാധികാരം

മരണത്തെ സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയ വിശകലനത്തിൽ പ്രധാനമായി കാണുന്ന ചിന്താരീതിയെ പരിചയപ്പെടുത്തുകയാണ് കാമേറൂണിയൻ ചരിത്രകാരനും ചിന്തകനുമായ അഷീൽ എംബെമ്പേ ''നെക്രോ - പൊളിറ്റിക്സ്' എന്ന പുസ്തകത്തിലൂടെ.

നാമൊരു വൃത്തം വരയ്ക്കുമ്പോൾ ആ വൃത്തത്തിനുള്ളിൽ ഉൾപ്പെടുത്തേണ്ടവരെയാണോ, വൃത്തത്തിന് വെളിയിൽ നിർത്തേണ്ടവരെയാണോ ആദ്യം നിർവചിക്കുക?.

ആരെയൊക്കെ വെളിയിൽ നിർത്തണമെന്ന തീരുമാനം ആദ്യമേ എടുത്താൽ കാര്യം എളുപ്പമാണ്. അതിർത്തിയിലെ ശത്രുക്കൾ ആരൊക്കെ, നുഴഞ്ഞുകയറ്റക്കാർ ആരൊക്കെ, അപരിചിതർ ആരൊക്കെ എന്നുള്ള തീരുമാനങ്ങൾ ആദ്യമേ എടുത്താൽ വൃത്തത്തിനുള്ളിൽ ഉൾപ്പെടുത്തേണ്ടവരുടെ നിർവചനം എളുപ്പമാവും. പണ്ടത്തെ അപരൻ  നീഗ്രോയോ, ജൂതനോ ആയിരുന്നെങ്കിൽ, ഇന്നത്തെ അപരൻ ഒരു വിദേശിയോ, അറബ് വംശജനോ, അഭയാർത്ഥിയോ, കുടിയേറ്റക്കാരനോ, ഇസ്‍ലാമോ, മുസ്‍ലിം വംശജനോ, കീഴാളനോ, ആദിവാസിയോ ആണ്. ഒരു ശത്രുവിനു വേണ്ടിയുള്ള, വർണവിവേചനത്തിനുവേണ്ടിയുള്ള, ഉന്മൂലനത്തിനുവേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹത്തെ അപരത്വനിർമാണത്തിലേക്ക് കടത്തി വിടുന്ന രാഷ്ട്രീയം.
അപരരുടെ ജീവിതം എങ്ങനെയാവണം? അവന്റെ / അവളുടെ മരണം എങ്ങനെയാവണം? എന്നിങ്ങനെയുള്ള തീരുമാനങ്ങളെടുക്കാൻ സാധ്യമാകുന്നിടത്ത് പരമാധികാരം (sovereignty) കണ്ടെത്തുന്ന രാഷ്ട്രീയം 'നെക്രോ - പൊളിറ്റിക്സ്' അഥവാ 'മൃത്യുരാഷ്ട്രീയ’മായി മാറുന്നു. 'യുദ്ധ'മാണ് ഈ രാഷ്ട്രീയത്തിന്റെ പ്രയോഗം. അത്തരം യുദ്ധങ്ങൾ സാമ്പത്തികലാഭം കൊയ്യുമ്പോൾ, ഒരു സാമ്പത്തികവ്യവസ്ഥ തന്നെ രൂപം കൊള്ളുന്നു- 'നെക്രോ- ഇക്കോണമി'. നെക്രോ - പൊളിറ്റിക്സിലും നെക്രോ ഇക്കണോമിയിലും ഊന്നിയുള്ള അധികാരനേട്ടത്തെ നെക്രോ - പവർ എന്ന് മനസിലാക്കാം.

ഇസ്രായേൽ അധിനിവേശത്തിനിടെ പലായനം ചെയ്യുന്ന പലസ്തീനികൾ / Photo : Motaz Azaiza, Palestinian photojournalist

മരണത്തെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ വിശകലനത്തിൽ പ്രധാനമായി കാണുന്ന ചിന്താരീതിയെ പരിചയപ്പെടുത്തുന്നത് കാമേറൂണിയൻ ചരിത്രകാരനും ചിന്തകനുമായ അഷീൽ എംബെമ്പേയുടെ 'നെക്രോ - പൊളിറ്റിക്സ്' എന്ന ലേഖനസമാഹാരമാണ്.

"രാഷ്ട്രീയത്തെ യുദ്ധമായി കണ്ട് മനസിലാക്കുവാൻ ശ്രമിക്കുമ്പോൾ നാം ചോദിക്കേണ്ട ചോദ്യം ആ രാഷ്ട്രീയത്തിൽ ജീവിതത്തിന്, മരണത്തിന്, മനുഷ്യശരീരത്തിന് എവിടെയാണ് സ്ഥാനം എന്നതാണ്?. പ്രത്യേകിച്ച് ആ യുദ്ധത്തിൽ പങ്കെടുത്ത് മുറിവേറ്റ് നിൽക്കുമ്പോഴോ, മരിച്ച് വീഴുമ്പോഴോ ഒക്കെ" - എംബെമ്പേയുടെ വാക്കുകൾ.

ഭരിക്കപ്പെടുന്ന ജനങ്ങളുടെ ശരീരങ്ങൾക്കുമേൽ നേടിയെടുക്കുന്ന നിയന്ത്രണാധികാരത്തിലൂടെയാണെന്ന മിഷേൽ ഫൂക്കോയുടെ ആശയത്തെ ഇന്നത്തെ കാലത്തേയ്ക്ക് വികസിപ്പിക്കുകയാണ് എംബെമ്പേ നെക്രോ പൊളിറ്റിക്‌സിൽ.

2003-ൽ ഒരു ലേഖനത്തിലൂടെ തുടങ്ങുന്നതാണ് എംബെമ്പേയുടെ മരണവുമായി ബന്ധപ്പെടുത്തിയുള്ള തത്ത്വചിന്താപരമായ രാഷ്ട്രീയ വിശകലനം. ഫ്രഞ്ചിൽ എഴുതാറുള്ള ലേഖനങ്ങൾ  സമാഹാരമാക്കി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത് 2019-ഓടെയാണ്. ആഫ്രിക്കൻ ചരിത്രത്തെ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഒരിക്കലും ആഫ്രിക്കയെക്കുറിച്ചുള്ള ഒറ്റപ്പെട്ട നിർവചനങ്ങളിലൂന്നിയല്ല നടന്നത്. ആഫ്രിക്കൻ ചരിത്രത്തിന് സ്വയവും, മറ്റു ദേശങ്ങളുമായും നിലനിൽക്കുന്ന ബന്ധങ്ങളെയും - വേർപാടുകളെയും മനഃശാസ്ത്ര തലത്തിലും, സാമൂഹിക- രാഷ്ട്രീയ തലത്തിലും, സംജ്ഞാശാസ്ത്രത്തിന്റെ തലത്തിലുമെല്ലാം അദ്ദേഹം പഠിച്ചു. ഭരണകൂടങ്ങൾ പരമാധികാരം (sovereignty) കൈവരിക്കുന്നത് 'ബയോ-പവർ' നേടുന്നതിലൂടെ, അതായത് ഭരിക്കപ്പെടുന്ന ജനങ്ങളുടെ ശരീരങ്ങൾക്കുമേൽ നേടിയെടുക്കുന്ന നിയന്ത്രണാധികാരത്തിലൂടെയാണെന്ന മിഷേൽ ഫൂക്കോയുടെ ആശയത്തെ ഇന്നത്തെ കാലത്തേയ്ക്ക് വികസിപ്പിക്കുകയാണ് എംബെമ്പേ നെക്രോ പൊളിറ്റിക്‌സിൽ.

യുദ്ധത്തിൽ പങ്കെടുത്ത് മുറിവേറ്റ് നിൽക്കുമ്പോഴോ, മരിച്ച് വീഴുമ്പോഴോ ഒക്കെ ജീവിതത്തിന്, മരണത്തിന്, മനുഷ്യശരീരത്തിന് എവിടെയാണ് സ്ഥാനം / Photo : military.com

പലസ്തീൻ, ആഫ്രിക്ക, കൊസോവ എന്നീ നാടുകളിലെ ചരിത്രം മുൻനിർത്തി എംബെമ്പേ കണ്ടെത്തുന്നത്, ഇന്ന് പരമാധികാരം പ്രയോഗിക്കപ്പെടുന്നത് മരണത്തിലൂടെയാണ് എന്നാണ്. ഒരു വശത്ത് മരണം പരമാധികാരവും, അധീശത്വവും പ്രകടിപ്പിക്കുവാൻ കഴിയുന്ന അവസ്ഥയാകുമ്പോൾ, പ്രതിരോധിക്കാൻ ശ്രമിക്കുന്നവർ അതേ മരണത്തെ തന്നെ പ്രതിഷേധമായും (ആത്മഹത്യകളിലൂടെ), പ്രതിരോധമായും (ചാവേറുകളായി) ഉപയോഗിക്കുന്നു. മരണം ഒരേസമയം അധികാര പ്രയോഗത്തിന്റെയും അധികാരത്തിനെതിരെയുള്ള പ്രതിഷേധത്തിൻെറയും പ്രതിരോധത്തിന്റെയും ഭാഗമായി മാറുന്ന രാഷ്ട്രീയ പശ്ചാത്തലം 21-ാം നൂറ്റാണ്ടിന്റെ സവിശേഷതയായി എംബെമ്പേ കാണുന്നു. നാസികൾ നടത്തിയ കൂട്ടക്കൊലയും, ആഫ്രിക്കൻ വംശജർ നേരിട്ടിരുന്ന വർണവിവേചനവും, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന കടന്നുകയറ്റവും എംബെമ്പേയുടെ അഭിപ്രായത്തിൽ പരമാധികാര പ്രയോഗങ്ങളാണ്. അവയ്‌ക്കെല്ലാം വംശീയമായ ആശയാടിത്തറ ഉള്ളതായും അദ്ദേഹം കണ്ടെത്തുന്നുണ്ട്. നാസി ജർമനിയും ആഫ്രിക്കയിലെ വർണവിവേചന ഭരണകൂടവും ഇസ്രായേൽ ഭരണകൂടവും തമ്മിൽ ചരിത്രപരമായ സാമ്യതകൾ കണ്ടെത്തി എന്നതിന്റെ പേരിൽ ജൂതവിരോധം (Anti- semitism) പ്രചരിപ്പിക്കുന്നു എന്ന ആരോപണവും എംബെമ്പേ യൂറോപ്പിൽ നേരിടുന്നു.

നാസികൾ നടത്തിയ കൂട്ടക്കൊലയും, ആഫ്രിക്കൻ വംശജർ നേരിട്ടിരുന്ന വർണ വിവേചനവും, ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന കടന്നുകയറ്റവും പരമാധികാര പ്രയോഗങ്ങളാണ് / Photo : Holocaust

2023-ലെ പല രാഷ്ട്രീയ വികാസങ്ങളും വായിച്ചറിയുമ്പോൾ എംബെമ്പേയുടെ ചിന്തകളെക്കുറിച്ചും അദ്ദേഹത്തിന്റെ നെക്രോ - പൊളിറ്റിക്സ് എന്ന പുസ്തകത്തെക്കുറിച്ചും എഴുതാതെ തരമില്ല.

ഇന്ന് നിലനിൽക്കുന്ന എല്ലാ ആശയധാരകളുടെയും സ്ഥാപനങ്ങളുടെയും ചരിത്രപരമായ ഉത്ഭവം (Geneology) തേടിപ്പോകുക, ആ ഉത്ഭവത്തിന്റെ ചരിത്രത്തെ പ്രശ്നവൽക്കരിക്കുക എന്ന രീതിയാണ് എംബെമ്പേ തന്റെ വിശകലനങ്ങളിലുടനീളം തുടർന്നുപോരുന്നത്. വംശീയത, പരമാധികാരം, അതിർത്തികൾ, മനുഷ്യാവകാശങ്ങൾ എന്നിങ്ങനെ പലയിടത്തായി ചിതറിത്തെറിച്ചുകിടക്കുന്ന വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്ത് അദ്ദേഹം എത്തിച്ചേരുന്നത് ആധുനിക ജനാധിപത്യത്തിന്റെ വിമർശനത്തിലാണ്. ആധുനിക ജനധിപത്യമെന്നാൽ അമേരിക്കൻ ജനാധിപത്യവും, യൂറോപ്യൻ രാജ്യങ്ങളിലെ ജനാധിപത്യവുമാണ്. എംബെമ്പേ പ്രധാനമായും വിമർശനവിധേയമാക്കുന്നത്, അത്തരം ജനാധിപത്യങ്ങളെ അദ്ദേഹം നിർവചിക്കുന്നത് 'നെക്രോ -പൊളിറ്റിക്സ്' എന്ന വാക്ക് ഉപയോഗിച്ചും. ജനാധിപത്യങ്ങളിൽ ജീവിക്കുന്ന പൗരരുടെ ജീവിതവും മരണവും തീരുമാനിക്കുവാനുള്ള ഭരണകൂടത്തിന്റെ അധികാരത്തെ അദ്ദേഹം 'നെക്രോ- പവർ' എന്നും വിശേഷിപ്പിക്കുന്നു.

Photo : Motaz Azaiza, Palestinian photojournalist

പുസ്തകത്തിന്റെ ആദ്യ നാല് ഭാഗങ്ങൾ വംശീയത, ജനാധിപത്യം, മുതലാളിത്തം എന്നീ മൂന്ന് വിഷയങ്ങളെ ബന്ധപ്പെടുത്തുന്നവയാണ്. ആദ്യത്തെ ഭാഗം, ജനാധിപത്യത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കായാണ് എംബെമ്പേ അവതരിപ്പിക്കുന്നത്. വയലൻസും ജനാധിപത്യവും തമ്മിലുള്ള ചരിത്രപരമായ സഹവർത്തിത്വം വയലൻസിനെ ജനാധിപത്യത്തിൽ നിന്ന് പൂർണമായി അടർത്തിമാറ്റുന്നതിന് തടസ്സം നിൽക്കുന്നു എന്നാണ് ആദ്യ നിഗമനം. വയലൻസ് ജനാധിപത്യത്തിൽ ഒരു നിഴലായും (shadow) ഉറക്കം നടിക്കുന്ന ശരീരമായുമൊക്കെ (nocturnal body) അദ്ദേഹം കണ്ടെത്തുന്നു. അടിമത്ത സമ്പ്രദായവും അമേരിക്കൻ ജനാധിപത്യവും തമ്മിൽ നിലനിന്നിരുന്ന ചരിത്രപരമായ സഹവർത്തിത്വം എംബെമ്പേ ഉദാഹരണമായി കാട്ടുന്നുണ്ട്. കൊളോണിയൽ യുദ്ധങ്ങളുടെ കാലത്ത് വയലൻസിനെ കോളനികളിലേക്ക് കയറ്റിയയച്ച യൂറോപ്യൻ ശക്തികൾ സ്വന്തം നാടുകളിൽ ജനാധിപത്യത്തിൻെറയും സ്വാതന്ത്ര്യത്തിന്റെയും സാധ്യതകൾ അനുഭവിച്ചു. കൊളോണിയൽ കാലഘട്ടത്തെ അദ്ദേഹം മനസിലാക്കുന്നത് ഭൂമിയിലെ ജനസഞ്ചയത്തെ അടിമുടി മാറ്റിത്തീർത്ത ഒരു സംഭവമായാണ്. വെള്ളക്കാരായ യൂറോപ്യന്മാരുടെ കൊളോണിയൽ അധിനിവേശം വംശീയ ഉന്മൂലനത്തെയും, നിയമങ്ങളില്ലാത്ത യുദ്ധങ്ങളെയും അടിസ്ഥാനപ്പെടുത്തിയതായിരുന്നു. ആഫ്രിക്കൻ, റെഡ് ഇന്ത്യൻ, ഇന്ത്യൻ, ഫിലിപ്പീൻ, ഇന്തോനേഷ്യൻ എന്നിങ്ങനെ യുറോപ്പ്യന്മാർ 'അപര'മായി (Other) കണ്ട ധാരാളം ജനസഞ്ചയങ്ങളെ  അവർ മൂലധനം ഉപയോഗിച്ചും, ആധുനിക ആയുധങ്ങൾ ഉപയോഗിച്ചും ഇല്ലാതാക്കുകയോ പുതിയ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയോ ചെയ്തു. ഭൂമിയിലെ പരിചിതമല്ലാത്ത ഇടങ്ങളിലേക്ക് എത്തുന്ന യുറോപ്പ്യന്മാർ അവിടെയുള്ള പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചു. അധിനിവേശം, പിടിച്ചടക്കൽ, നിയന്ത്രണം എന്നിങ്ങനെ നീളുന്ന കൊളോണിയൽ നടപടികൾ ഒരേസമയം പ്രകൃതിക്കുമേലും അപര മനുഷ്യസമൂഹങ്ങൾക്കുമേലും നടത്തുന്ന കടന്നു കയറ്റമാണ് എംബെമ്പേയുടെ കൊളോണിയൽ ചരിത്രം.

അപരസമൂഹത്തെ വസ്തുക്കളായി മാത്രം ചുരുക്കിക്കാണാനുള്ള സാധ്യത വംശീയതയാണ് നൽകുന്നത്. വംശീയതയെ ഇവിടെ മനസിലാക്കുന്നത് ഒരു ടെക്നോളജി എന്ന നിലയ്ക്കാണ്.

ഇങ്ങനെ കടന്നുകയറിയ ഇടങ്ങളിലെ കീഴാളരെ (അപരരെ) അവർ പല ജോലികൾക്കായി ഉപയോഗിച്ചു. ഉപയോഗമുള്ളവർ (useful) എന്നും ഉപയോഗമില്ലാത്തവരെന്നും (useless) അവർ അവരെ തരംതിരിച്ചു. അപരസമൂഹത്തിന്റെ ജനസംഖ്യയെ അവർ ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു. ചിലയിടങ്ങളിൽ അപരസമൂഹത്തിലെ ആണുങ്ങളെ അവർ കൊന്നു തള്ളി, ചിലയിടങ്ങളിൽ അവർ സ്ത്രീകളെ ഭോഗവസ്തുവായി മാത്രം ജീവിക്കാൻ അനുവദിച്ചു. അപരസമൂഹത്തെ വസ്തുക്കളായി  മാത്രം ചുരുക്കിക്കാണാനുള്ള സാധ്യത വംശീയതയാണ് നൽകുന്നത്. വംശീയതയെ ഇവിടെ മനസിലാക്കുന്നത് ഒരു ടെക്നോളജി എന്ന നിലയ്ക്കാണ്. അപരശരീരത്തിനുമേൽ സമ്പൂർണ അധികാരം നേടിത്തരുന്ന, കൊല്ലാൻ വരെ സാധ്യതകൾ തുറക്കുന്ന പരമാധികാരത്തിലേക്കുള്ള (sovereign) വളർച്ചയിലെ പ്രധാന സഹായി. പരമാധികാരം  ഉറപ്പാക്കുന്ന  മാനസികമായ ടെക്നോളജി എന്ന നിലയ്ക്ക് വംശീയത (racism) കൊളോണിയൽ കാലഘട്ടത്തിന്റെ ഉൽപ്പന്നമാണ്. 

പടിഞ്ഞാറൻ കൊസോവോ ഗ്രാമത്തിൽ, കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത പിതാവിന്റെ ചിത്രങ്ങൾ പിടിച്ചിരിക്കുന്ന അൽബേനിയൻ വംശജരായ കുട്ടികൾ / Photo : deseret.com

ചുരുക്കത്തിൽ, എംബെമ്പേയുടെ അഭിപ്രായത്തിൽ കൊളോണിയൽ അധിനിവേശത്തിലൂടെ സംഭവിക്കുന്നത് മൂന്ന് കാര്യങ്ങളാണ്: 

1) പുതിയ ഇടങ്ങൾ കൊളോണിയൽ ശക്തികൾ പിടിച്ചെടുത്തു. 
2) ഹിംസാത്മകമായ ഈ പിടിച്ചടക്കൽ ഒരേസമയം പുതിയ ഇടത്തിനുമേലും അപര സമൂഹത്തിനുമേലുമുള്ള പരമാധികാരം ഉറപ്പിക്കുന്നു.
3) കോളനിവൽക്കരിക്കപ്പെട്ട സമൂഹത്തെ മരണത്തിനും ജീവിതത്തിനുമിടയിൽ 'ജീവിക്കുന്ന മൃതദേഹങ്ങളായി' നിലനിർത്തുവാനുള്ള പരമാധികാരം യൂറോപ്പ്യന്മാർ ഉറപ്പാക്കുന്നു.

അപരസമൂഹത്തെ പൊതു ഇടത്തിന്റെ ഭാഗമോ, പൊതു ഇടത്തിന് പുറത്തോ നിർത്തുകയല്ല കൊളോണിയൽ ശക്തികൾ ചെയ്യുന്നത്. മറിച്ച്, അവരെ മൂന്നാമൊതൊരിടത്ത് നിയന്ത്രിച്ച് നിർത്തുകയാണ്. 'Death Worlds' എന്ന് എംബെമ്പേ വിശേഷിപ്പിക്കുന്ന ഈ ഇടങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ മൈനിങ് ഗ്രാമങ്ങൾ, തോട്ടങ്ങൾ, ലേബർ ക്യാമ്പുകൾ മുതലായവയാണ്‌. ഇതേ കാലത്തുതന്നെയാണ് ആധുനിക സാമ്പത്തിക ശാസ്ത്രവും ആധുനിക ജനാധിപത്യ ചിന്തകളും വളരുന്നത്. അപരരുടെ അധ്വാനത്തെ ഏറ്റവും മികച്ച രീതിയിൽ ഉൽപ്പാദനത്തിനും, തുടർന്ന് ലാഭം ഉണ്ടാക്കുന്നതിനും വേണ്ടി വിനിയോഗിക്കുന്ന സാമ്പത്തികശാസ്ത്ര ബുദ്ധിയായി  മുതലാളിത്തവും, കൊളോണിയൽ സാമ്പത്തികഘടനയെ സംരക്ഷിച്ചുനിർത്തുന്ന ഭരണരീതിയായി ലിബറൽ ജനാധിപത്യവും പരുവപ്പെടുന്നത്  ഈ കാലഘട്ടത്തിലാണ്. എംബെമ്പേയുടെ അഭിപ്രായത്തിൽ ആധുനിക ജനാധിപത്യവും, അപരസമൂഹത്തെ നിയന്ത്രിച്ച് നിർത്തുന്ന മൂന്നാമിടങ്ങളും, കൊളോണിയൽ സാമ്രാജ്യവും, മുതലാളിത്തവുമെല്ലാം ഒരേ ചരിത്രഭൂമികയിൽ (matrix) നിന്നാണ് വളരുന്നത്. അവ എല്ലാത്തിനോടുമൊപ്പം  അപരസമൂഹത്തോടുള്ള വംശീയ മനോഭാവം വേർപെടാതെ നിലകൊള്ളുന്നു. 

ഇന്നാകട്ടെ കൊളോണിയൽ ശക്തികളിൽ നിന്ന് സ്വാതന്ത്ര്യം നേടിയ മനുഷ്യർ അവരവരുടെ സമൂഹങ്ങളിൽ അപരരെ കണ്ടെത്തുകയും അവരെ നിയന്ത്രിച്ചുനിർത്തുകയും ചെയ്യുന്നു. യുദ്ധവും ശത്രുതയും ഈ അപര സമൂഹങ്ങളോടാണ്.

ലിബറൽ ജനാധിപത്യത്തിന്റെ ഇന്നും നിലനിൽക്കുന്ന ഇരുണ്ട ശരീരത്തിലേക്കാണ് തുടർന്ന് എംബെമ്പേ സഞ്ചരിക്കുന്നത്. ആവശ്യാനുസരണം പുറത്തുചാടാൻ നിൽക്കുന്ന  കൊളോണിയൽ സ്വഭാവം എല്ലാ ലിബറൽ ജനാധിപത്യ ഭരണകൂടങ്ങൾക്കും ഉള്ളതായി അദ്ദേഹം കണ്ടെത്തുന്നു.
പുസ്തകത്തിന്റെ രണ്ടാം ഭാഗമായ 'ദി സൊസൈറ്റി ഓഫ് എൻമിറ്റി'യിൽ അദ്ദേഹം കണ്ടെത്തുന്നത് എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും തുടരുന്ന 'അപര നിർമാണ’ത്തിന്റെ സ്വഭാവം നിർവചിച്ചാണ്.  ഭരിക്കുന്ന ജനങ്ങളിൽ അവർ 'സമന്മാർ' (fellow citizens) എന്നും 'അപരന്മാർ' (non fellow citizens) എന്നും വേർതിരിവുകൾ നിലനിർത്തുന്നു.  ആ വേർതിരിവിൽ ആരുടെ മേൽ 'വയലൻസ്' പ്രവർത്തിക്കണം എന്ന ബോധ്യം വ്യക്തമാക്കപ്പെടുകയാണ്. സമന്മാരെന്ന് പരസ്പരം അംഗീകരിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യർ ജനാധിപത്യത്തിൽ  ഭരിക്കുമ്പോൾ സമന്മാരല്ലാത്തതും പുറന്തള്ളപ്പെട്ടവരുമായ ചില അപരന്മാരെ 'വയലൻസിന്റെ' പ്രയോഗത്തിനായി ഒരുക്കി നിർത്തുകയാണ്. കൊളോണിയൽ ഭരണകൂടത്തിന് എങ്ങനെയാണോ അടിമത്ത സമ്പ്രദായവും കോളനികളും ഹിംസയുടെ ഇടങ്ങളായി നിലനിന്നിരുന്നത്, അതേ രീതിയിൽ ആധുനിക ലിബറൽ ജനാധിപത്യത്തിനും ഹിംസ പ്രവർത്തിക്കുവാനുള്ള ഇടങ്ങൾ ആവശ്യമാണ്. 'Death-worlds' എന്ന പേരിൽ നിർവചിക്കാവുന്ന ഇടങ്ങൾ ജനാധിപത്യം നിലനിർത്തുന്ന കോളനികളാണ്. അവിടെ വയലൻസ് പ്രവർത്തിക്കപ്പെടുക അളന്നുമുറിച്ചാണ്. ജീവിതത്തിനും മരണത്തിനുമിടയിൽ ജീവിക്കുന്ന അത്തരം മനുഷ്യരെ 'Living Dead' ആയാണ് എംബെമ്പേ നിർവചിക്കുന്നത്. സമന്മാർക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങളോ, ആരോഗ്യ പരിപാലനമോ അപരർക്ക് ലഭിക്കില്ല. അവരുടെ ജീവനുകൾക്ക് ജനാധിപത്യത്തിൽ വില കുറവാണ്. അപരന്മാരെ ഒരു പ്രത്യേക ഇടത്തേയ്ക്ക് മാത്രം നിയന്ത്രിച്ച് നിർത്തുക വഴി അവരുടെ സ്വതന്ത്രമായ വിഹാരത്തെ കൂടി ജനാധിപത്യം തടസപ്പെടുത്തുന്നു. കൊളോണിയൽ കാലഘട്ടത്തിൽ യൂറോപ്യന്മാർ അപരമായി കണ്ട് തദ്ദേശീയരുടെമേൽ നിയന്ത്രണങ്ങൾ ഏൽപിച്ചപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കുമായി യൂറോപ്യന്മാർ തങ്ങളുടെ സ്വതന്ത്ര വിഹാരം ഉറപ്പാക്കി. ഇന്നാകട്ടെ കൊളോണിയൽ ശക്തികളിൽ നിന്ന് സ്വാതന്ത്ര്യം നേടിയ മനുഷ്യർ അവരവരുടെ സമൂഹങ്ങളിൽ അപരരെ കണ്ടെത്തുകയും അവരെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. യുദ്ധവും ശത്രുതയും ഈ അപര സമൂഹങ്ങളോടാണ്. ജനാധിപത്യം ഒരു ഭരണരീതിയായി പ്രവർത്തിക്കുമ്പോഴും ചൂഷണത്തിനും ഹിംസയ്ക്കും കുറവില്ല എന്നതിന് കാരണം അതിന്റെ ഉത്ഭവത്തിൽ നിന്നൊഴിയാതെ നിൽക്കുന്ന കൊളോണിയൽ ഭൂതമാണെന്നും നമുക്ക് വായിച്ചെടുക്കാം.

ലിബറൽ ജനാധിപത്യങ്ങൾക്ക് തങ്ങളുടെ സ്ഥലപരിമിതികൾക്കുള്ളിൽ  ശത്രുവായി കണക്കാക്കാൻ ഒരു അപരത്വത്തെ എന്നും ആവശ്യമാണ്.

ലിബറൽ ജനാധിപത്യങ്ങൾക്ക് തങ്ങളുടെ സ്ഥലപരിമിതികൾക്കുള്ളിൽ  ശത്രുവായി കണക്കാക്കാൻ ഒരു അപരത്വത്തെ എന്നും ആവശ്യമാണ്. പാശ്ചാത്യ മോഡലിൽ നടന്ന എല്ലാ ജനാധിപത്യ  രാഷ്ട്ര നിർമാണങ്ങളും ഈ അപരത്വത്തോടുള്ള വിരോധത്തിന്റെ അടിസ്ഥാനത്തിന്മേലാണ് 'ദേശീയത' എന്ന  ഊർജ്ജം നിലനിർത്തുന്നതെന്നും കണ്ടെത്താം. ആധുനിക ജനാധിപത്യത്തെ ചരിത്രപരമായി എംബെമ്പേ പ്രശ്നവൽക്കരിക്കുമ്പോൾ, ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രൊഫ. എം. കുഞ്ഞാമൻ പറഞ്ഞ വാക്കുകളും ഓർക്കേണ്ടതാണ്: ‘‘ജനങ്ങൾക്ക് വലിയ പങ്കില്ലാത്ത ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം. മൂന്ന് ഉത്തരവാദിത്വങ്ങളേ  ജനാധിപത്യത്തിൽ അവർക്കൊള്ളു - വോട്ട് ചെയ്യൽ, നികുതി കൊടുക്കൽ, അധികാരികളെ ആദരിക്കൽ. ഇത് ചെയ്തുകഴിഞ്ഞാൽ അധികാരികൾക്ക് ജനങ്ങളെ ആവശ്യമില്ല. അവർ സമ്മദിദായക ജീവികളാണ്. അടുത്ത തെരെഞ്ഞെടുപ്പ് വരെ അവർ നികുതിദായകർ മാത്രം. ജനാധിപത്യത്തിൽ ഏറ്റവും നിസ്സഹായരായവർ ജനങ്ങളായതുകൊണ്ടുതന്നെ ഏകാധിപതികളെ നിയന്ത്രിക്കുവാൻ ഒരു മാർഗ്ഗവുമില്ല". 

എം. കുഞ്ഞാമൻ

പുസ്തകത്തിന്റെ മൂന്നാം ഭാഗത്തായി എംബെമ്പേ പരമാധികാരത്തെ രാജ്യങ്ങളുടെ അതിർത്തികൾ തീരുമാനിക്കുവാൻ നേടുന്ന അധികാരമായും, ശത്രുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുവാനുള്ള അധികാരമായും, ഒരു രാഷ്ട്രത്തിന്റെ നിലനിൽപ്പിന് ആരൊക്കെയാണ് ഒഴിവാക്കേണ്ടത് അല്ലെങ്കിൽ ഇല്ലായ്മ ചെയ്യെണ്ടതെന്ന തീരുമാനം എടുക്കാനുള്ള അധികാരമായുമൊക്കെ വിശദീകരിക്കുന്നുണ്ട്.

നാലാം ഭാഗത്തായി, ഇതേ അധികാരങ്ങൾ സാങ്കേതികവിദ്യകളുടെ സഹായത്തോടെ എങ്ങനെ ഭരണകൂടങ്ങൾ പാലിക്കുന്നു എന്ന അന്വേഷണമാണ്. രാജ്യാതിർത്തികൾ ഇപ്പോഴും ഡ്രോണുകളാലും, സെൻസറുകളാലും, ക്യാമറകളാലും നിരീക്ഷിക്കപ്പെടുന്നുണ്ട്. മനുഷ്യരുടെ രാജ്യത്തിനുള്ളിലെ യാത്രയും, രാജ്യം കടന്നുള്ള യാത്രകളും ഡാറ്റകളായി ഭരണകൂടം സൂക്ഷിക്കുകയും ചെയ്യുന്നു. കൊളോണിയൽ കാലഘട്ടത്തിലെ യാത്രകൾ യൂറോപ്യർക്കുമാത്രം സാധ്യമായിരുന്ന ഒരു സാധ്യതയായിരുന്നപ്പോൾ ഇന്ന് ഭരണകൂടങ്ങളുടെ പൗരരാവുക എന്നതും നിയമങ്ങൾ നിഷ്ക്കർഷയോടെ പാലിക്കുക എന്നതും സഞ്ചാര സ്വാതന്ത്ര്യം നിലനിർത്തുന്നതിൽ പ്രധാനമായി മാറി.

രാജ്യാതിർത്തികൾ ഇപ്പോഴും ഡ്രോണുകളാലും, സെൻസറുകളാലും, ക്യാമറകളാലും നിരീക്ഷിക്കപ്പെടുന്നുണ്ട്

പുസ്തകത്തിന്റെ നാലും, അഞ്ചും, ആറും ഭാഗങ്ങളിൽ ഫ്രാൻസ് ഫാനനിന്റെ വംശീയതയെയും മുതലാളിത്തത്തെയും കുറിച്ചുള്ള ചിന്തകളെ എംബെമ്പേ വിശകലനം ചെയ്യുന്നു. വംശീയത ഒരു അപകടമായല്ല ഫാനൻ കാണുന്നത്, മറിച്ച് കൃത്രിമമായി നിർമിച്ചെടുത്ത ഒരു ഘടന എന്ന നിലയിലാണ്. വെളുത്ത വർഗ്ഗത്തിന്റെ അധീശത്വത്തെയും, ഭ്രാന്തിനെയും, ഭയത്തെയും ഉൾച്ചേരുന്ന ഘടന, വെളുത്ത വർഗ്ഗത്തിന്റെ കൊളോണിയൽ ഭരണത്തെ ന്യായീകരിക്കുന്ന ഘടനയായാണ് പ്രവർത്തിക്കുന്നത്. മുതലാളിത്തത്തെ മനസിലാക്കുന്നത്  ജൈവികമായി ഭൂമിയേയും, ധാതുക്കളെയും, മൃഗങ്ങളെയും, മനുഷ്യരെയും തരംതിരിക്കുകയും, വേർതിരിക്കുകയും, മൂല്യം നിർണയിക്കുകയും, പേരിടുകയും അവ തമ്മിൽ താരതമ്യം ചെയ്തു നോക്കുകയും ചെയ്യുന്ന നിർബന്ധബുദ്ധി എന്ന നിലയിലാണ്. അവിടെ ആവശ്യമുള്ളതും, ഇല്ലാത്തതും വരുന്നു - മൂല്യമുള്ളതും മൂല്യമില്ലാത്തവയും വരുന്നു. മാർക്കറ്റിനാവശ്യമായ വസ്തുക്കൾക്കുമാത്രം മൂല്യമേറുന്ന പ്രക്രിയ ഒരു കാരണവശാലും മനുഷ്യനോ പ്രകൃതിക്കോ ഗുണം ചെയ്യില്ല എന്ന് ഫാനനെ പോലെ എംബെമ്പേയും കണ്ടെത്തുന്നുണ്ട്.

Comments