കുട്ടികളുടെ കളിപ്പാട്ട സമരം ഗാന്ധി കൈകാര്യം ചെയ്ത വിധം

കളിപ്പാട്ടങ്ങളിലൂടെ കുട്ടികളുടെ മനസ്സിലേക്ക് അഹിംസയുടെ പ്രകാശം പരത്തുന്ന ഒരു പുസ്തകത്തിന്റെ വായനയിലൂടെ, ഗാന്ധിയുടെ കാലത്ത് സബർമതിയിൽ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഒരു കളിപ്പാട്ട സമരത്തെ ഓർമിപ്പിക്കുകയാണ് ലേഖകൻ

റെ ദിവസങ്ങളായി മേശപ്പുറത്തുണ്ടായിരുന്നുവെങ്കിലും സുബിദിന്റെ പുസ്തകം- Ahimsa Toys for Learning and Unlearning വായിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. അസൂയാർഹമായ ലാളിത്യം, ഭാഷയിലും ദർശനത്തിലും, പുസ്തകത്തിലുടനീളം കാണാൻ കഴിഞ്ഞുവെന്നത് ഒരു മുഴുസമയ വായനക്കാരനെന്ന നിലയിൽ ഏറെ സന്തോഷം നൽകി. ഒരുപക്ഷേ കുട്ടികളുമായി സംവദിക്കാനുള്ള സുബിദിന്റെ പ്രത്യേക കഴിവിൽ നിന്ന് ഉടലെടുത്തതായിരിക്കാം ഈ ഭാഷാശൈലി. ‘Ahimsa Toys' എന്ന തലക്കുറിയിൽ നിന്നുതന്നെ പുസ്തകത്തിന്റെ ജൈവ രാഷ്ട്രീയം വ്യക്തമാകുന്നുണ്ട്.

വർത്തമാനകാലം മുന്നോട്ടുവെക്കുന്ന ‘വലിച്ചെറിയൽ' സംസ്‌കാരത്തെക്കുറിച്ച്, അത് കുഞ്ഞുങ്ങളിലും പ്രകൃതിയിലും സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് അയത്‌നലളിതമായി പുസ്തകത്തിലൂടെ സുബിദ് സംസാരിക്കുന്നു; അവരോടുള്ള ചോദ്യങ്ങളിലൂടെ, ഒന്നും അടിച്ചേൽപ്പിക്കാതെ, ഉത്തരം കണ്ടെത്താൻ അവരെ സഹായിക്കുന്നതിലൂടെ.

വിപണികൾ ജീവിതമൂല്യം നിർണയിക്കുന്ന ഒരു കാലത്താണ് മാലിന്യത്തെയും പുനഃചംക്രമണത്തെയും സംബന്ധിച്ച ലളിതവ്യാഖ്യാനങ്ങൾ സുബിദ് പുതുതലമുറയുമായി പങ്കുവെക്കുന്നത്.

നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെയും അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും കളികളിലെ ഹർഷാതിരേകത്തേയും കണക്കിലെടുക്കാത്ത, കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിൽക്കാൻ ഹിംസയെ മഹത്വവൽക്കരിക്കുന്ന ടെലിവിഷൻ പ്രോഗ്രാമുകൾ അടക്കം തയ്യാറാക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിലും സാംസ്‌കാരിക ചുറ്റുപാടുകളിലുമാണ് നാം ജീവിക്കുന്നത്. വിപണികൾ ജീവിതമൂല്യം നിർണയിക്കുന്ന ഒരു കാലത്താണ് മാലിന്യത്തെയും പുനഃചംക്രമണത്തെയും സംബന്ധിച്ച ലളിതവ്യാഖ്യാനങ്ങൾ സുബിദ് പുതുതലമുറയുമായി പങ്കുവെക്കുന്നത്.

‘Ahimsa Toys' - പുസ്തകത്തിൽ നിന്ന്
‘Ahimsa Toys' - പുസ്തകത്തിൽ നിന്ന്

‘A change of attitude from violence to non-violence can convert the wasted materials to beautiful toys, converting wasted minds to positively creative' എന്ന് ആമുഖത്തിലൂടെ സുബിദ് പറയുന്നത് തുടർന്നുള്ള താളുകളിലൂടെ കുട്ടികളുടെ സർഗവാസനകളിലേക്ക് പ്രയോഗരൂപത്തിലൂടെ ഉൾച്ചേർക്കാൻ പരിശ്രമിക്കുന്നു. ഓരോ പ്രയോഗ മാതൃകകളും കുട്ടികൾക്കുമുന്നിൽ അവതരിപ്പിച്ച്, അതിനേക്കാളും മെച്ചപ്പെട്ട ഒന്ന് നിർമിച്ചുനോക്കുവാൻ ഗ്രന്ഥകാരൻ കുട്ടികളോട് ആവശ്യപ്പെടുന്നു. കുഞ്ഞുങ്ങളിലെ അന്വേഷണ കൗതുകത്തെ പരിപോഷിപ്പിക്കുന്ന ഒരു ഘടകം അതിൽ അടങ്ങിയിരിക്കുന്നുണ്ട്.
ഒന്നും ആത്യന്തികമായി പൂർണതയിലെത്തുന്നില്ലെന്ന പ്രസ്താവനയും അത് മുന്നോട്ടുവെക്കുന്നു.

‘ഹിമഗിരിയോളം പഴക്കമുള്ള അഹിംസയെക്കുറിച്ചല്ലാതെ മറ്റൊന്നും തനിക്ക് പറയാനില്ലെന്ന്' പ്രഖ്യാപിച്ച ഗാന്ധി തന്നെയാണ് ആധുനിക ലോകത്തിനുമുന്നിൽ അഹിംസയെ ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയിൽ മുന്നോട്ടുവെച്ചത്. കുട്ടികളുമായി ഏറെ ആത്മബന്ധം സ്ഥാപിച്ച ഗാന്ധിയെ സുബിദ് തന്റെ പുസ്തകത്തിന്റെ ചട്ടയിൽ തന്നെ ചേർത്തിരിക്കുന്നു. കളിപ്പാട്ടങ്ങളിലൂടെ കുട്ടികളുടെ മനസ്സിലേക്ക് അഹിംസയുടെ പ്രകാശം പരത്താൻ ഗ്രന്ഥകർത്താവ് ശ്രമിക്കുമ്പോൾ 100 വർഷങ്ങൾക്കപ്പുറം സബർമതി ആശ്രമത്തിൽ നടന്ന ഒരു കളിപ്പാട്ട സമരം കൂടി ഓർക്കാം.

മഹാത്മാ ഗാന്ധി സബർമതി ആശ്രമത്തിൽ / Photo: flickr
മഹാത്മാ ഗാന്ധി സബർമതി ആശ്രമത്തിൽ / Photo: flickr

1920ൽ അധിനിവേശ ശക്തികൾക്കെതിരായ നിസ്സഹകരണ പ്രസ്ഥാനം ശക്തമായ കാലം. ഗാന്ധിയുടെ ആഹ്വാനമനുസരിച്ച്, സ്വദേശി പ്രസ്ഥാനം ശക്തമാക്കുകയും വിദേശ വസ്തുക്കളും ബഹുമതികളും ബഹിഷ്‌കരിക്കുകയും ചെയ്യുന്ന കാലം. ഏതാണ്ട് 300-350 പേർ അന്ന് സബർമതിയിൽ താമസിക്കുന്നുണ്ട്. അവരിൽ ഒട്ടും കുറവല്ലാത്ത എണ്ണത്തിൽ കുട്ടികളും. ആ സമയത്ത് വിദേശത്തുനിന്ന് വന്ന ഏതോ ഒരു അഭ്യുദയകാംക്ഷി ആശ്രമത്തിലെ കുട്ടികൾക്കായി വിദേശ കളിപ്പാട്ടങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ആ വിദേശ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് നൽകാതെ മാറ്റിവെക്കുകയായിരുന്നു. രാജ്യം മുഴുവൻ വിദേശ വസ്തുക്കുൾ ബഹിഷ്‌കരിച്ച് സമരം ചെയ്യുമ്പോൾ ആശ്രമത്തിലെ കുട്ടികൾ വിദേശ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുവാൻ പാടില്ല എന്നതായിരുന്നു അതിനുപിന്നിലെ യുക്തി.

ആശ്രമത്തിലെ കുട്ടികളുടെ നേതാവ് നാരായൺ ആയിരുന്നു.
മഹാദേവ് ദേസായിയുടെ ഏകപുത്രൻ, ബാപ്പുവിന്റെ ബാബ്‌ല.
തങ്ങൾക്കായി കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ ബാപ്പു ഒളിപ്പിച്ചുവച്ചെന്നറിഞ്ഞ് ബാബ്‌ലയുടെ നേതൃത്വത്തിലുള്ള കുട്ടിപ്പട്ടാളം കളിപ്പാട്ട സമരത്തിന് തയ്യാറായി. ഒടുവിൽ സംഗതി ഗാന്ധിയുടെ ചെവിയിലെത്തി. കുട്ടികളുമായി സംസാരിക്കാൻ അദ്ദേഹം തയ്യാറായി.

അച്ഛൻ മഹാദേവ് ദേസായിക്കൊപ്പം നാരായൺ ദേസായി (ബാബ്‌ല)
അച്ഛൻ മഹാദേവ് ദേസായിക്കൊപ്പം നാരായൺ ദേസായി (ബാബ്‌ല)

ബാബ്‌ലയും സംഘവും തങ്ങളുടെ വാദമുഖങ്ങൾ നിരത്തി.
സമരങ്ങളും ബഹിഷ്‌കരണങ്ങളും ഒന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്നും അന്യായമായി തടഞ്ഞുവെച്ച, തങ്ങൾക്കായി കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ വിട്ടുതരണമെന്നും ആയിരുന്നു കുട്ടികളുടെ വാദം. ശാന്തനായി എല്ലാം കേട്ടശേഷം ഗാന്ധി കുട്ടികളുടെ മുന്നിൽ ഒരൊറ്റ ചോദ്യം മാത്രം വെച്ചു.
‘‘വിദേശ കളിപ്പാട്ടങ്ങളുമായി ‘നമ്മൾ' എങ്ങിനെ കളിക്കും?’’
ഈ ചോദ്യം കുട്ടികളെ ധർമസങ്കടത്തിലാക്കി.

സബർമതിയിൽ തങ്ങളോടൊപ്പം നീന്തിക്കളിക്കുന്ന, രാമനവമിക്ക് തങ്ങളുടെ നാടകത്തിൽ തനിക്ക് എന്തുവേഷമാണ് നൽകാൻ പോകുന്നതെന്ന് കാലേക്കൂട്ടി അന്വേഷിക്കുന്ന, ബാപ്പുവിന് വിദേശ കളിപ്പാട്ടങ്ങളുമായി തങ്ങളോടൊപ്പം കളിക്കാൻ കഴിയില്ലെന്ന സത്യം അവരെ ശരിക്കും ധർമസങ്കടത്തിലാക്കി. തങ്ങളുടെ കളിക്കൂട്ടുകാരൻ ബാപ്പുവിന് വേണ്ടാത്തത് തങ്ങൾക്കും വേണ്ടെന്ന് അവർ നിശ്ചയിച്ചു. അങ്ങിനെ ആ കളിപ്പാട്ട സമരം അവിടെ അവസാനിച്ചു. കഥയിലെ ബാബ്‌ല തന്നെയാണ് വർഷങ്ങൾക്ക് ശേഷം ഈ കഥ എന്നോട് പറഞ്ഞത്.

ഗാന്ധി കൊച്ചുമകൻ കനുഗാന്ധിക്കൊപ്പം
ഗാന്ധി കൊച്ചുമകൻ കനുഗാന്ധിക്കൊപ്പം

കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ വിഷയങ്ങളെ കുട്ടികളുടെ സംവേദകത്വത്തെ മനസ്സിലാക്കി അവതരിപ്പിക്കുന്നതിൽ ഗാന്ധിയുടെ മിടുക്ക് അപൂർവ്വം ആളുകളിൽ മാത്രമേ കാണാറുള്ളൂ എന്ന് ബാബ്‌ലയെന്ന നാരായൺ ദേസായി സാക്ഷ്യം പറയുന്നു. വിദേശ വിദ്യാഭ്യാസം ബഹിഷ്‌കരിക്കുവാൻ ആഹ്വാനം ചെയ്യുമ്പോൾത്തന്നെ കുട്ടികൾക്കായി ‘നയീ താലീം' വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ആലോചിക്കുകയും അവ പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുകയും ചെയ്ത ഗാന്ധി, കുട്ടികളുടെ സർഗ്ഗാത്മകതയെ തൊട്ടുണർത്തുന്ന വിദ്യാഭ്യാസ പദ്ധതിക്കായിരുന്നു എന്നും പ്രാമുഖ്യം നൽകിയിരുന്നത്.
സുബിദ് തന്റെ പുസ്തകത്തിൽ ഗാന്ധി എന്ന വാക്ക് അപൂർവ്വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പക്ഷേ, ഗാന്ധി മുന്നോട്ടുവെച്ച അഹിംസയുടെയും നയീ താലീമി (Basic Education) ന്റെയും അന്തഃസ്സത്ത ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഓരോ അധ്യായവും കടന്നുപോകുന്നത്.

ലേഖകൻ നാരായൺ ദേസായിക്കൊപ്പം.
ലേഖകൻ നാരായൺ ദേസായിക്കൊപ്പം.

ഡൽഹി ഐ.ഐ.ടിയിൽ ഇൻഡസ്ട്രിയൽ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദമുള്ള സുബിദ്, തന്റെ വിദ്യാഭ്യാസത്തെ ഏറ്റവും ക്രിയാത്മകമായ വഴികളിലൂടെ തിരിച്ചുവിടുന്നു. അത് ഒരേസമയം അഹിംസയുടെ ദർശനവും പ്രയോഗവും വളരെ എളുപ്പത്തിൽ ഇളം മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുന്നതുകൂടിയാകുന്നു. ​▮

Ahimsa Toys- Toys for Learning and Unlearning, Subid, Published by: Thannaram, Cuckoo Forest School, TN, Pages 72


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments