‘Animalia’: പന്നിക്കൂട്ടിലെ മനുഷ്യജീവിതകഥ

ഫ്രഞ്ചു സാഹിത്യത്തിലെ പ്രമുഖ സാന്നിധ്യമായ ഡെൽ അമോയുടെ നോവൽ അനിമലീയ, മനുഷ്യനിലെ മൃഗസ്വത്വത്തെ ദാക്ഷിണ്യമെല്ലാം വറ്റിപ്പോയ ജീവിതസന്ദർഭങ്ങളിലൂടെ പകർത്തിവക്കുന്ന, വിക്ഷുബ്ധമായ വായനാനുഭവമാകുന്നു- എം. മഞ്ജു എഴുതുന്നു.

‘കിങ്ഡം: അനിമലിയ’, ജീവിവംശത്തിലെ വെറുമൊരു വർഗ്ഗമായ മനുഷ്യൻ മറ്റു ജീവികളെ പിൻതള്ളി എത്ര ഔദ്ധത്യത്തോടെയാണ് അവയിൽ നിന്ന് വേറിട്ട് മുന്തിയതായി സ്വയം ഉയർത്തി പ്രതിഷ്ഠിക്കുന്നത്. ജീൻ ബാപ്റ്റിസ്റ്റേ ഡെൽ അമോയുടെ (Jean-Baptiste Del Amo) നോവൽ അനിമലീയ (Animalia) ഒരോർമ്മപ്പെടുത്തലാണ്. ഈ ഭൂമിയുടെ നേരവകാശിയെന്നു വിശ്വസിക്കുന്ന, ഒത്തിരിയൊന്നും കാലപ്പഴക്കമില്ലാത്ത മനുഷ്യൻ എന്ന ജീവിവർഗ്ഗം അതിന്റെ മൃഗസ്വത്വത്തെ എത്രയൊക്കെ നിഷേധിച്ചാലും മുഖംമിനുക്കി അവതരിപ്പിച്ചാലും, അത് മൃഗത്തിൽനിന്ന് വേറിട്ടതല്ല എന്നതിന്റെ ഓർമപ്പെടുത്തൽ.

Father എന്നച്ഛനെ അടയാളപ്പെടുത്തുമ്പോഴും നോവലിന്റെ ആദ്യ അധ്യായത്തിൽ അമ്മയ്ക്ക് genetrix എന്ന വിശേഷണമാണ് നൽകുന്നത്. Biological mother എന്നർത്ഥം വരുന്ന ആ ലാറ്റിൻ വാക്ക് 1500 കളുടെ മധ്യത്തിൽ ഉപയോഗിച്ചു തുടങ്ങിയതാണ്. ആ അമ്മയെ കുറിക്കാൻ അതിൽ പരം മറ്റൊരു വാക്കും യോഗ്യമല്ല എന്ന് വായനയിലുടനീളം തോന്നിപ്പോകും. ആദ്യ അധ്യായത്തിൽ പേരുള്ളവർ ചുരുക്കമാണ്. പെൺകുട്ടിക്ക് പേരുണ്ട് എൽനോർ. അവൾ പ്രണയിക്കുന്നവനും - മാർസെൽ. അവരുടെ പട്ടിക്ക്, പിന്നെയവർ സ്നേഹത്തോടെ സംരക്ഷിക്കുന്ന കാക്കയ്ക്ക്. ഇഷ്ടം തോന്നുമ്പോൾ, വിളിപ്പേരാ വശ്യമായ ജീവികൾക്കുമാത്രമേ ഒരു പേരു വേണ്ടതായുള്ളല്ലോ. 

ജീൻ ബാപ്റ്റിസ്റ്റേ ഡെൽ അമോ
ജീൻ ബാപ്റ്റിസ്റ്റേ ഡെൽ അമോ

ഫ്രഞ്ചു സാഹിത്യത്തിലെ പ്രമുഖ സാന്നിധ്യമായ ഡെൽ അമോയുടെ നാലു നോവലുകളിൽ അനിമീലിയ ആണ് ആദ്യമായി ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. നാലദ്ധ്യായങ്ങളുള്ള ഈ നോവലിൽ ആദ്യ അധ്യായം മലിനമീ ഭൂമി (This fifthy earth ) എന്ന തലക്കെട്ടിൽ 1898 മുതൽ 1914 വരെയുള്ള കാലത്തെ അടയാളപ്പെടുത്തുന്നു . മലിനം അഥവാ filty എന്ന പദം ഇത്രത്തോളം മലിനമോ എന്ന് ഈ അധ്യായം വായിച്ചുനിർത്തുമ്പോൾ തോന്നും. ഒരു പന്നി ഫാം സ്വന്തമായുള്ള കർഷക കുടുംബത്തിന്റെ കഥ പറയുന്ന നോവൽ മൃഗത്തിന്റേതെന്നോ മനുഷ്യന്റേതെന്നോ ഭേദമി ല്ലാതെ ദാഷിണ്യമില്ലാത്ത ജീവിതസന്ദർഭങ്ങൾ കാട്ടിത്തരുന്നു. പ്രകൃതിയുടെ സൂക്ഷ്മത്തിലേക്കും സ്ഥലരൂപത്തിലേക്കും പരാവർത്തനം ചെയ്യുന്ന അസാധ്യമായ ഭാഷാസൗന്ദര്യം നമ്മളെ അത്ഭുത പ്പെടുത്തും.

പന്നി ഫാമിലെ മനുഷ്യരുടെ ആസക്തിയും വിരക്തിയും വിശ്വാസവും അവിശ്വാസവുമെല്ലാം അവിടുത്തെ മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ചാപിള്ളയെ ഭക്ഷിച്ച വിതമൃഗത്തെ കശാപ്പു ചെയ്ത് സദ്യയൊരുക്കി കുടുംബത്തിന്റെ ശാപം മാറ്റുന്ന ഭർത്താവ്, കണ്ണേറു തട്ടാതിരിക്കാൻ സ്വന്തം കുഞ്ഞിനെ പെറ്റ പന്നിയുടെ മുല കുടിപ്പിക്കുന്ന, പാൽമണം മാറാത്ത പന്നിക്കുഞ്ഞിനെ കഴുത്തൊ ടിച്ച് കൊന്ന് തന്റെ കുഞ്ഞിന്റെ ദോഷം മാറ്റിയതായി ആശ്വാസം കൊള്ളുന്ന ഭാര്യ, ഭർത്താവിന്റെ ശവക്കുഴിയിലകപ്പെട്ട തവളയെ അപശകുനമായി കണ്ട് തവളയുടെ ദൃഷ്ടിദോഷത്തിൽ നിന്ന് പരേതനെ രക്ഷിക്കാൻ എൽനോറിനെ ശവക്കുഴിയിലേക്കിറക്കുന്ന അമ്മ.

ശവക്കുഴിയിൽ ശവപ്പെട്ടിക്കുമേൽ നിൽക്കുമ്പോൾ അവൾ ഋതുമതിയാവുകയാണ്. ശവപ്പെട്ടിക്കുമേൽ വീഴുന്ന പാടലവർണ്ണത്തിലെ ചോരത്തുള്ളി പെട്ടെന്നതിൽ പടർന്നലിഞ്ഞില്ലാതാവുന്നു. ആ നിമിഷം അവളാഗ്രഹിക്കുന്നത് അച്ഛനൊപ്പം അങ്ങനെ ആ ശവമഞ്ചത്തിനുമേൽ കിടന്ന് ജീവനോടെ മണ്ണിനടിയിൽ മൂടപ്പെട്ടുപോയിരുന്നെങ്കിലെന്നാണ്. തന്റെ ജീവിതത്തിൽനിന്ന് സ്നേഹവാത്സല്യങ്ങൾ അച്ഛനൊപ്പം എന്നെക്കന്നേക്കുമായി റദ്ദാക്കപ്പെടുകയാണെന്നവൾക്കറിയാം.

എന്തും ആഹരിക്കുന്ന, നിൽക്കാനും കിടക്കാനും പിന്നെ ഭോഗിക്കാനും ശീലിച്ച പന്നികളെ തീറ്റിയും പോറ്റിയും മാത്രം  പരിചയിച്ച  ഒരു കുടുംബത്തിലെ അനന്തര തലമുറകൾക്ക് സംഭവിക്കുന്ന ദുരന്ത പൂർണ്ണമായ പര്യവസനമാണ് Animalia.
എന്തും ആഹരിക്കുന്ന, നിൽക്കാനും കിടക്കാനും പിന്നെ ഭോഗിക്കാനും ശീലിച്ച പന്നികളെ തീറ്റിയും പോറ്റിയും മാത്രം പരിചയിച്ച ഒരു കുടുംബത്തിലെ അനന്തര തലമുറകൾക്ക് സംഭവിക്കുന്ന ദുരന്ത പൂർണ്ണമായ പര്യവസനമാണ് Animalia.

എൽനോർ എന്ന സ്ത്രീയിലൂടെ മൂന്നു തലമുറകളുടെ കഥ പറയുകയാണ് അനിമീലിയ. എൽനോർ തന്നെയൊരു വിതമൃഗമാണ്. യുദ്ധമേൽപ്പിച്ച കനത്ത വൈകല്യങ്ങളുമായി തിരികെയെത്തുന്ന അവളുടെ പ്രിയ ചങ്ങാതി തന്റെ വേദനകളോടു പൊരുതുന്നത് മണ്ണിൽ പണിയെടുത്തും കന്നുവളർത്തിയുമാണ്. അയാൾക്കവൾ വെറും വിതമൃഗമാണ്. ഒരു തരത്തിലുള്ള മൃദ്യലഭാവങ്ങളും അയാൾക്കു സ്വന്തമായില്ല. വേദനപകരുന്ന മനോവിഭ്രമങ്ങളിൽ അയാൾ ഭാര്യയേയും മകനേയും വല്ലാതെ ഉപദ്രവിക്കുന്നുണ്ട്, തന്റെ കാലിത്തൊഴുത്തിലെ മൃഗങ്ങളെയെന്നപോലെ. 

ചുറ്റുപാടുകളാണ് മനുഷ്യനെ നിർണ്ണയിക്കുന്നത്. ഈച്ചകളാർക്കുന്ന, മലമൂത്ര സമ്മിശ്രമായ പിഗ് ചേമ്പറുകളിൽ തളച്ചിട്ട, വിവേചനരഹിതമായി എന്തും ആഹരിക്കുന്ന, നിൽക്കാനും കിടക്കാനും പിന്നെ ഭോഗിക്കാനും ശീലിച്ച പന്നികളെ തീറ്റിയും പോറ്റിയും മാത്രം പരിചയിച്ച ഒരു കുടുംബത്തിലെ അനന്തര തലമുറകൾക്ക് സംഭവിക്കുന്ന ദുരന്ത പൂർണ്ണമായ പര്യവസനമാണ് Animalia. ഇതുവായിക്കുമ്പോൾ നിങ്ങളൊരു പന്നിത്തൊഴുത്തിലകപ്പെടും.

പന്നി മലവും മൂത്രവും നിറഞ്ഞ തൊഴുത്തിന്റെ ഇടനാഴികളിൽ നിങ്ങളുടെ കാലുകൾ പൂണ്ടു പോവും. ഇടയ്ക്കപ്പോഴോ ആ മാലിന്യ കൂമ്പാരങ്ങൾ കലർന്നുണ്ടായ സ്ലറിയിൽ നിങ്ങൾ വീണു മുങ്ങി ശ്വാസം മുട്ടും. പിന്നെ മാർസെലിനെപ്പോലെ, ഹെൻറിയെപ്പോലെ, സെർജിനെപ്പോലെ അംഗഭംഗം വന്ന ദുർബലരായ പന്നിക്കുഞ്ഞുങ്ങളെ ഭിത്തിയിലെറിഞ്ഞു തലതകർത്തു കൊല്ലും. വിത മൃഗത്തെ ചെനയെത്തിയ പന്നികൾക്കു മേൽ നിർബന്ധപൂർവം ഭോഗിപ്പിക്കും. ക്രൗര്യം എന്ന വാക്ക് പോകെപ്പോകെ നിങ്ങളിൽ അലിഞ്ഞുചേരുന്നതും അത് വല്ലാതെ നിങ്ങളെ നിസ്സഹായരാക്കുന്നതായും അനുഭവപ്പെടും. ക്രൂരത എന്നാലും നിസ്സഹായതയാണ് എന്നതൊരു തിരിച്ചറിവാണ്. അതെത്ര മാത്രമാണ് നമ്മെ ക്ഷീണിപ്പിക്കുന്നതും സ്വയം ഇല്ലാതാക്കുന്നതും.

ഇത് വായിക്കുമ്പോള്‍ ക്രൗര്യം എന്ന വാക്ക് പോകെപ്പോകെ നിങ്ങളിൽ അലിഞ്ഞുചേരുന്നതും അത് വല്ലാതെ നിങ്ങളെ നിസ്സഹായരാക്കുന്നതായും അനുഭവപ്പെടും.
ഇത് വായിക്കുമ്പോള്‍ ക്രൗര്യം എന്ന വാക്ക് പോകെപ്പോകെ നിങ്ങളിൽ അലിഞ്ഞുചേരുന്നതും അത് വല്ലാതെ നിങ്ങളെ നിസ്സഹായരാക്കുന്നതായും അനുഭവപ്പെടും.

പന്നിയെ പോറ്റി വളർത്തുന്ന നാലു തലമുറകൾ. അവരുടെ ജീവിതത്തെ എത്രത്തോളം ആ ജീവിത പരിസരം സ്വാധീനിക്കുന്നെന്നും ജീവിതം അസഹ നീയമാം വണ്ണം രൂപപ്പെടുത്തുന്നെന്നും അത്ഭുതപ്പെടുത്തും. എല്ലാത്തിനും മൂകസാക്ഷിയാകുന്ന എൽനോർ. അച്ഛനേൽപ്പിച്ച പന്നി ഫാം വിപുലപ്പെടുത്തുന്നത് ജീവിതവ്രതമാക്കി സ്വയം ഒരു മൃഗമായി ജീവിക്കുന്ന ഹെൻറി, അയാളെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ജീവിക്കുന്ന മക്കളായ സെർജും ജോയലും.

പന്നികളേയും പന്നികൾക്കു തുല്യരായ മനുഷ്യരേയും കണ്ടു പരിചയിച്ചതു മൂലം പുറംലോകവുമായി ഇടപെടാൻ പോലുമറിയാത്ത, വന്യമായ നിഷ്കളങ്കത പേറുന്ന ജൂലി മരിയയും ജെറോമും. പന്നിക്കൂടായ തന്റെ ജീവിതപരിസരത്തോടുചേർന്നു പോകാനാവാതെ മനോവിഭ്രമത്തിലുഴലുന്ന കാതറിൻ. കത്തിച്ചാമ്പലായ ഫാലോസെന്ററിക് പന്നി ഫാമിന്റെ പുറമതിലിൽ ചേർന്നുകിടന്നു വിശ്രമിക്കുന്ന കൂറ്റൻ വിതമൃഗത്തിലാണ് അനിമലിയ അവസാനിക്കുന്നത്. വെന്തുതീർന്ന ഒരു ലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ പുതുനിർവ്വചനം അത് സാധ്യമാക്കുന്നു.


Summary: Jean-Baptiste Del Amo's Novel Animalia review by M. Manju.


എം. മഞ്ജു

കഥാകാരി, നോവലിസ്റ്റ്. ലോത്തിൻ്റെ സന്തതി, ജലപ്പന്ത് (കഥ), ചുവന്ന പുണ്യാളൻ്റെ വിശുദ്ധസാക്ഷ്യങ്ങൾ (നോവൽ) എന്നിവ പ്രധാന പുസ്തകങ്ങൾ. കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സി.ഇ.ഒ.

Comments