2022 ജനുവരിയിലെ ഒരു രാത്രിയിൽ അരുന്ധതി റോയിയുടെ ഫോണിലേക്ക് മിസ്സിസ്സ് റോയിയുടെ ഒരു സന്ദേശം വന്നു:
“There is no one in the world whom I have loved more than you.”
അമ്മയ്ക്കും മകൾക്കുമിടയിൽ സംഭവിച്ചതിനെല്ലാം മുകളിൽ ഈ സത്യം നിലനിൽക്കുന്നുണ്ടെന്ന് അരുന്ധതിക്കും അറിയാമായിരുന്നു.
അന്ന് രാത്രി അവർ അമ്മയ്ക്ക് ഇങ്ങനെ മറുപടി എഴുതി:
“ You are the most unusual, wonderful woman I have ever known. I adore you.”
2022 സെപ്റ്റംബർ ഒന്നിന് മിസ്സിസ്സ് റോയ് അഥവാ മേരി റോയ് ജീവിതത്തിൽനിന്ന് വിടവാങ്ങി. അത് അരുന്ധതി റോയിയെ സംബന്ധിച്ച് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. ആ സ്വാതന്ത്ര്യത്തിന്റെ പൂർത്തീകരണമാണ് Mother Mary Comes to Me എന്ന ഓർമ്മപ്പുസ്തകമായി രണ്ടു വർഷങ്ങൾക്കിപ്പുറം പുറത്തുവന്നിരിക്കുന്നത്. അരുന്ധതി റോയ് എന്തിനാണ് ഇങ്ങനെയൊരു ആത്മകഥ എഴുതിയത് എന്ന് ചോദിച്ചാൽ, മിസ്സിസ്സ് റോയിയിൽ നിന്ന് സ്വതന്ത്രയാകാൻ എന്നുതന്നെയാവും അതിന്റെ ഉത്തരം. ആ ഓർമ്മ പോലും അവരുടെ മനസ്സിനെ സങ്കീർണ്ണമായി ബാധിച്ചിരുന്നു. അതാണ് ഭാവന കലർന്ന ഓർമ്മയായി വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്.
‘ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്’ എന്ന നോവലിൽ എന്തെങ്കിലും രഹസ്യങ്ങൾ തുറന്നു പറഞ്ഞേക്കുമോ എന്ന് ഭയന്ന് പുസ്തകം പുറത്തുവന്നപ്പോൾ മേരി റോയ് വെറുതേ ആശുപത്രിയിൽ അഡ്മിറ്റായത്രേ!
മിസ്സിസ്സ് റോയ് (സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് മറ്റു കുട്ടികളെപ്പോലെ തന്റെ മക്കളും തന്നെ അങ്ങനെ തന്നെ വിളിക്കണമെന്ന് മേരി റോയ് നിഷ്കർഷിച്ചിരുന്നു. പുസ്തകത്തിലുടനീളം മിസ്സിസ്സ് റോയ് എന്നാണ് അരുന്ധതി അമ്മയെ അഭിസംബോധന ചെയ്യുന്നത്) എന്ന കുരുക്കിൽ നിന്നുള്ള മോചനമാണ് അരുന്ധതിക്ക് ഈ പുസ്തകത്തിന്റെ എഴുത്ത്. ആ അമ്മ മക്കളോട് അതിക്രൂരമായാണ് പെരുമാറിയത്. അമ്മയെങ്ങനെയൊക്കെ പെരുമാറുമെന്ന് ആ മക്കൾക്ക് യാതൊരു നിശ്ചയവുമില്ലായിരുന്നു. അതൊരു അസാധാരണ സഹനത്തിന്റെ കഥയായി. മകളത് ഒരുപാട് സഹിച്ചു, പൊറുക്കുകയും ചെയ്തു. എന്നാൽ സഹോദരൻ - മേരി റോയിയുടെ ആദ്യ കുട്ടി ലളിത് റോയ്ക്ക് അതിനു കഴിഞ്ഞില്ല. അവൻ വീടുവിട്ടിറങ്ങിപ്പോയി.
മേരി റോയ് പലർക്കും പലതായിരുന്നു.
“മറ്റുള്ളവർ അവരെ വിവരിച്ചപ്പോൾ ഞങ്ങൾ മക്കൾ അവരെ അനുഭവിക്കുകയായിരുന്നു" എന്നാണ് അരുന്ധതി എഴുതിയത്. ആ അനുഭവസാക്ഷ്യമാണ് അരുന്ധതി റോയ് ആത്മകഥാ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നത്. മൂന്നു വയസ്സു മുതലുള്ള കഠിനകാലങ്ങളെയാണ് അവർ ഓർത്തെടുക്കുന്നത്. പ്രതികരിക്കാനാവാതെ സഹിച്ച ദുരിതകാലം. ആ നീണ്ട കാലത്തോടുള്ള പ്രതികരണമാണ് യഥാർത്ഥത്തിൽ ഈ പുസ്തകം. അമ്മ ജീവിച്ചിരിക്കുമ്പോൾ എഴുതാൻ പറ്റാത്ത പുസ്തകം എന്ന വിശേഷണവുമുണ്ട് ഇതിന്.

‘ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ അമ്മയുടെ പ്രതികരണം അരുന്ധതി പുതിയ പുസ്തകത്തിന്റെ ആദ്യഭാഗത്ത് എഴുതുന്നുണ്ട്. അതിലെന്തെങ്കിലും രഹസ്യങ്ങൾ തുറന്നു പറഞ്ഞേക്കുമോ എന്ന് ഭയന്ന് പുസ്തകം പുറത്തുവന്നപ്പോൾ മേരി റോയ് വെറുതേ ആശുപത്രിയിൽ അഡ്മിറ്റായത്രേ! ആശുപത്രിക്കിടക്കയിൽ കിടന്ന് മകളുടെ നോവൽ മൂന്നുനാലു പ്രാവശ്യം വായിച്ചതിനുശേഷം അമ്മ മകളെ വിളിപ്പിച്ചു. അതിലെ ഒരു ഭാഗം വായിച്ച്, ഇതെങ്ങനെ നീ ഓർത്തുവെച്ചു എന്ന് ചോദിച്ചിരുന്നു. ഓർത്തതല്ലെന്നും ഞാൻ ഭാവനയിൽ നിന്നും എഴുതിയതാണെന്നും പറഞ്ഞപ്പോൾ അല്ല, അത് സത്യമായ കാര്യമാണെന്ന്, നീ ഓർത്തതാണെന്നും അമ്മ പറയുന്നു. അരുന്ധതിയെന്ന എഴുത്തുകാരിയെ ഇരുത്തിച്ചിന്തിപ്പിച്ച ഒരു കാര്യമായിരുന്നു അത്. ഓർമ്മയും ഭാവനയും കൂടിക്കലരുന്നതിനെക്കുറിച്ചുള്ള പാഠങ്ങൾ അരുന്ധതി ഇവിടെ വിശദീകരിക്കുന്നു. ഈ രചനയും അങ്ങനെ ഒന്നാണെന്ന് അവർ സമ്മതിക്കുന്നു.
സത്യത്തിൽ ഞാനിതിനെ വായിച്ചത് ഫിക്ഷനായിട്ടാണ്. വേണമെങ്കിൽ ഓട്ടോ- ഫിക്ഷൻ എന്നു വിശേഷിപ്പിക്കാം. ഫിക്ഷന്റെ സൗന്ദര്യം ഇതിലാകെ നിറഞ്ഞുകിടപ്പുണ്ട്. അരുന്ധതി ഒരഭിമുഖത്തിൽ പറഞ്ഞതുപോലെ, ഇത് ഒരു നോവലിസ്റ്റ് എഴുതിയ ഓർമപ്പുസ്തകമാണ്.
മേരി റോയി മക്കളോട് സ്നേഹമോ കാരുണ്യമോ കാണിച്ചില്ല. അവരെ രൂക്ഷമായി ആക്രമിക്കുകയും ചെയ്തു. കുട്ടിയായിരിക്കുമ്പോൾ മുതൽ താനനുഭവിച്ച ആ ദുരിതങ്ങളാണ് അരുന്ധതി നിർവികാരയായി എഴുതിയിരിക്കുന്നത്.
ഈ പുസ്തകം യഥാർത്ഥത്തിൽ ഓർമ്മകളുടെ സമാഹാരമാണ്. അതിൽ അമ്മയോടൊത്തുള്ള ജീവിതത്തിന്റെ ഓർമ്മകളുണ്ട്. ആ ഓർമ്മകൾ ഒരു മകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ ചരിത്രവുമുണ്ട്. 89 വയസ്സിൽ മരണമടഞ്ഞ ആ അമ്മ വളരെ സങ്കീർണവും ഇടപെടാൻ ഏറെ ബുദ്ധിമുട്ടുള്ളതുമായ ഒരു വ്യക്തിത്വമായിരുന്നു എന്നാണ് ഇതിലെ ആദ്യഭാഗം പറഞ്ഞുവെക്കുന്നത്. ഗ്രന്ഥകാരിയുടെ തുറന്നെഴുത്ത് ചില വായനക്കാരെയെങ്കിലും അസ്വസ്ഥരാക്കിയേക്കാനിടയുണ്ട്. അമ്മയെപ്പറ്റി എന്തൊക്കെ പറയണം എന്തൊക്കെ പറയാതിരിക്കണം എന്ന സന്ദേഹം അരുന്ധതിക്കുള്ളതായി തോന്നുന്നില്ല. അവിടെയാണ് ഇത് ഒരു സാഹിത്യകൃതിയായി ഉയർന്നുനിൽക്കുന്നത്. അവിശ്വസനീയമായ സത്യസന്ധതയോടെയാണ് അവർ ജീവിതത്തെ ഓർത്തെടുത്തിരിക്കുന്നത്. പലതും വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും. എന്നാൽ അത്തരം അനുഭവങ്ങളുടെ തീച്ചൂളയിൽനിന്ന് രൂപപ്പെട്ട ഒരാളാണ് എഴുത്തുകാരി എന്ന തിരിച്ചറിവ് അവരെ ആഹ്ലാദിപ്പിക്കും. നിർവചിക്കാൻ പ്രയാസമായ ഒരു ബന്ധത്തെയാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. അതാണ് ഈ രചനയെ വേറിട്ടുനിർത്താൻ പോകുന്നത്.
ഇതിലെ അമ്മ വെറുമൊരു സാധാരണ സ്ത്രീയല്ല. അവർ നിരവധി അസാധാരണമായ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയം കണ്ട സ്ത്രീ കൂടിയാണ്. ആ ജീവിതഭാഗം അരുന്ധതി പല അദ്ധ്യായങ്ങളിലായി വിവരിക്കുന്നുണ്ട്. അവർ അന്യമതക്കാരനായ ഒരാളെ വിവാഹം കഴിക്കുകയും തുടർന്ന് ആ ബന്ധത്തിൽ നിന്ന് മോചനം നേടുകയും ചെയ്തു. അവർ സവിശേഷമായ പഠനരീതികളുള്ള ഒരു വേറിട്ട വിദ്യാലയം സ്വന്തം നാട്ടിൽ സ്ഥാപിച്ചു. അവർ വിദ്യാർത്ഥികളെ സ്നേഹിക്കുകയും അവരിൽ പ്രകാശം ചൊരിയുകയും ചെയ്തു. സ്കൂളിൽ അമ്മ പ്രകാശം ചൊരിഞ്ഞപ്പോൾ ഞങ്ങൾ മക്കളുടെ ജീവിതത്തിൽ അവർ ഇരുട്ട് വീഴ്ത്തി എന്ന് അരുന്ധതി പരാതിപ്പെടുന്നുണ്ട്. മേരി റോയിയുടെ മകളാവുന്നതിനു പകരം വിദ്യാർത്ഥിയായാൽ മതിയായിരുന്നു എന്നും അരുന്ധതി ആഗ്രഹിച്ചിട്ടുണ്ടത്രേ!

അമ്മ പ്രശസ്തയായത് ട്രാവൻകൂർ കൃസ്ത്യൻ സ്വത്തവകാശ നിയമത്തിനെതിരെ സുപ്രീകോടതിയിൽ ചെന്ന് അനുകൂല വിധി നേടിയതിന്റെ പേരിലാണ്. അതവരെ ചരിത്രത്തിൽ ഇടം നേടിയെടുക്കാൻ പ്രാപ്തയാക്കി. അങ്ങനെയൊക്കെയുള്ള ഒരാളെയാണ് സ്വന്തം മകൾ ഓർമ്മകളിലൂടെ വിചാരണ ചെയ്യുന്നത്.
അവർ മക്കളോട് സ്നേഹമോ കാരുണ്യമോ കാണിച്ചില്ല. അവരെ രൂക്ഷമായി ആക്രമിക്കുകയും ചെയ്തു. കുട്ടിയായിരിക്കുമ്പോൾ മുതൽ താനനുഭവിച്ച ആ ദുരിതങ്ങളാണ് അരുന്ധതി നിർവികാരയായി എഴുതിയിരിക്കുന്നത്. തന്നോടും സഹോദരനോടും കാണിച്ച അമർഷത്തെ മനസ്സിലാക്കാനുള്ള ഒരു ശ്രമമായും ഈ രചനയെ നോക്കിക്കാണാവുന്നതാണ്. അതിനോടൊപ്പം അങ്ങനെ വളർന്ന ആ പെൺകുട്ടി സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചതിന്റെ ധീരമായ ഒരനുഭവ സമാഹരണം കൂടിയാണ് ഈ കൃതി.
നമ്മുടെ കാലഘട്ടത്തിലെ ധീരരായ ഒരു വനിത അവരുടെ ജീവിതത്തെ ഓർമ്മകളിലൂടെ പോസ്റ്റ്മോർട്ടം ചെയ്ത് വായനക്കാർക്കു മുന്നിൽ വെച്ചിരിക്കുകയാണ്. തീക്ഷ്ണമായ ഒരു വായനാനുഭവമായി അതുമാറുന്നു.
അരുന്ധതി റോയ് എന്ന വ്യക്തിയെ, എഴുത്തുകാരിയെ, ആക്ടിവിസ്റ്റിനെ രൂപപ്പെടുത്തിയ ജീവിതപരിസരങ്ങൾ പുസ്തകത്തിന്റെ രണ്ടാം പകുതിയിൽ വായിക്കാം. അത് മറ്റൊരു അസാധാരണമായ ജീവിതമായിരുന്നു. ഒന്നുമില്ലാതെ ഡൽഹിയിൽ വന്നിറങ്ങി ലോകമറിയുന്ന എഴുത്തുകാരിയും ചിന്തകയുമായി മാറിയ കഥ. അവിടെ വർത്തമാനകാല ഇന്ത്യൻ സമൂഹ്യ പരിസരത്തിന്റെ ഒരു നേർവായന കൂടി നടക്കുന്നു. അവർ ജീവിച്ച കാലഘട്ടത്തോടുള്ള പ്രതികരണങ്ങൾ രൂപപ്പെട്ടതിന്റെ തികച്ചും വേറിട്ട ഒരു ചിത്രം. ഇന്ത്യയിൽ പലർക്കും അരുന്ധതി ‘രാജ്യദ്രോഹി’യാണ്. അതിലവർ ദുഃഖിക്കുന്നില്ല. താനെങ്ങനെ അത്തരമൊരു വിശേഷണത്തിന് കാരണമായി എന്ന് വിശദീകരിക്കാനുള്ള അവസരമായും അവർ ഈ രചനയെ ഉപയോഗിക്കുന്നുണ്ട്. വായനക്കാർക്ക് നമ്മുടെ രാജ്യം വന്നുപെട്ടിരിക്കുന്ന ദുരവസ്ഥയും ഇതിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും. ഒന്ന് കൂടി ഓർക്കുക. ലോകം അരുന്ധതിയെ വായിക്കുകയാണ്. Mother Mary Comes To Me ലോകത്തിന്റെ പുസ്തകമാണ്.
അരുന്ധതിയുടെ ‘ആസാദി’ എന്ന പുസ്തകം ഏതാനും ദിവസങ്ങൾക്കു മുൻപാണ് സർക്കാർ കശ്‍മീരിൽ നിരോധിച്ചത്. ചരിത്രം ആരുടെ കൂടെ എന്ന് കാലം സാക്ഷ്യം പറയും. അരുന്ധതി റോയ് ആധുനിക ലോകത്തിന്റെ എഴുത്തുകാരിയാണ്. അവരുടെ ശബ്ദം ഇല്ലാതാക്കാൻ ഒരു അധികാരകേന്ദ്രത്തിനും സാധ്യമല്ല.

നമ്മുടെ കാലഘട്ടത്തിലെ ധീരയായ ഒരു വനിത അവരുടെ ജീവിതത്തെ ഓർമ്മകളിലൂടെ പോസ്റ്റ്മോർട്ടം ചെയ്ത് വായനക്കാർക്കു മുന്നിൽ വെച്ചിരിക്കുകയാണ്. തീക്ഷ്ണമായ ഒരു വായനാനുഭവമായി അതുമാറുന്നു. വായനക്കാരേ, നിങ്ങളിത് ഒരു ഓട്ടോ- ഫിക്ഷനായി വായിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. യുക്തിയും ശരിതെറ്റുകളും കൊണ്ട് നേരിടേണ്ട ഒരാത്മകഥയല്ല ഇത് എന്നർത്ഥം. അരുന്ധതി റോയിക്ക് മാത്രം എഴുതാൻ കഴിയുന്ന ഒന്ന്. ജീവിതത്തെ ഇങ്ങനെയൊക്കെയാണ് മനസ്സിലാക്കേണ്ടത്, ഓർമ്മിച്ചെടുക്കേണ്ടത് എന്ന് കാണിച്ചുതരുന്ന ഒരപൂർവ്വ രചന.
