‘‘1946 ഡിസംബറിൽ നാഗ്പുരിൽ വെച്ച് ആദിവാസി ഗോണ്ട് വിദ്യാർത്ഥി യൂണിയന്റെ ആദ്യ സമ്മേളനം നടക്കുകയുണ്ടായി. ആദിവാസി ഗോത്ര വിഭാഗങ്ങളെ ഒരുമിച്ചുചേർക്കാനും പുതുതായി തയ്യാറാക്കപ്പെടുന്ന ഭരണഘടനയിൽ ആദിവാസി വിഭാഗങ്ങൾക്ക് അർഹമായ സ്ഥാനം നേടിയെടുക്കാനും, വിദ്യാഭ്യാസം അടക്കമുള്ള സാമൂഹ്യക്ഷേമ മേഖലകളിൽ തങ്ങൾക്ക് അവശ്യമായും ലഭ്യമാക്കപ്പെടേണ്ട അവകാശങ്ങൾ ഉറപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ സമ്മേളനം. ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ സമ്മേളനം ദില്ലിയിൽ ചേർന്നതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഗോണ്ട് വിദ്യാർത്ഥി യൂണിയന്റെ സമ്മേളനം നാഗ്പൂരിൽ ചേരുന്നത്’’.
(Assembling India's Constitution, p-276)
''1947 മെയ് 3ാം തീയ്യതി ബീഹാറിൽ നിന്നുള്ള 700- ഓളം ആദിവാസി വിദ്യാർത്ഥികൾ ഒപ്പുവെച്ച ഒരു മെമ്മോറാണ്ടം ഭരണഘടനാ സമിതിയുടെ സബ്കമ്മറ്റിയുടെ പേരിൽ ദില്ലി ഓഫീസിലേക്ക് എത്തുകയുണ്ടായി. ഭരണഘടനാ ചർച്ചകളിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ട് 'ഇന്ത്യയിലെ അവഗണിക്കപ്പെട്ട കുട്ടികൾ തയ്യാറാക്കിയ മെമ്മോറാണ്ടം' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഈ കത്ത് ഭരണഘടനാ ഉപസമിതിയെ തേടിയെത്തിയത്’’.
(p-277)

യേൽ യൂണിവേർസിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ രോഹിത് ഡേയും യൂണിവേഴ്സിറ്റി ഓഫ് ഹൈഫയിലെ ഏഷ്യൻ സ്റ്റഡീസിൽ അസോസിയേറ്റ് പ്രൊഫസറായ ഓർണിത് ഷാനിയും ചേർന്നെഴുതിയ 'Assembling India's Constitution: A new democratic history' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള രണ്ട് സന്ദർഭങ്ങളാണ് മുകളിൽ വിവരിച്ചത്.
ഇന്ത്യൻ ഭരണഘടനയുടെ നിർമ്മിതിയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും വിശകലനങ്ങളും അതേത്തുടർന്ന് തയ്യാറാക്കപ്പെട്ട ഒട്ടനവധി ഗ്രന്ഥങ്ങളും നാളിതുവരെയായി പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുവരെ ആരും ചർച്ച ചെയ്യാത്ത, ഭരണഘടനാ പിറവിയുമായി ബന്ധപ്പെട്ട, തികച്ചും വ്യത്യസ്തമായ ഒരു കഥ പറയുന്നുണ്ട് രോഹിതും ഓർണിതും ചേർന്നെഴുതിയ ഈ ഗ്രന്ഥം. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പൊതുവായി കേട്ടുകൊണ്ടിരിക്കുന്ന ആഖ്യാനങ്ങളിലൊന്ന് അത് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഹാളിന്റെ നാല് ചുവരുകൾക്കുള്ളിൽ, പൊതുജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ, തയ്യാറാക്കപ്പെട്ട ഒന്നാണെന്നതാണ്. ഈയൊരു പരമ്പരാഗത ആഖ്യാനത്തെ, തികച്ചും ആധികാരിക രേഖകളുടെ പിൻബലത്തോടെ പുനരാഖ്യാനത്തിന് വിധേയമാക്കുകയാണ് Assembling India's Constitution എന്ന ഗ്രന്ഥം.
1946 ഡിസംബർ 9ന് ഇന്ത്യൻ ഭരണഘടനാ സമിതിയുടെ ആദ്യ യോഗം ദില്ലിയിൽ ചേരുന്ന ദിവസം തൊട്ട് ഭരണഘടന പൊതുവായ അംഗീകാരം നേടുന്ന 1949 നവംബർ 26 വരെയുള്ള കാലയളവിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിശാലതകളിൽ, വിവിധ സാമൂഹ്യ വിഭാഗങ്ങൾക്കിടയിൽ നടന്ന സംവാദങ്ങളുടെ, പ്രതിഷേധങ്ങളുടെ പ്രതിഫലനമെന്ന നിലയിൽ രൂപംകൊണ്ട ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് അധികമാരും പറഞ്ഞിട്ടില്ലാത്ത കഥയാണ് ഗ്രന്ഥകർത്താക്കൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. വടക്കൻ ഹിമാലയത്തിലെ ആൾപ്പാർപ്പ് കുറഞ്ഞ സ്പിതി, ലഹൗൾ ഗ്രാമങ്ങൾ തൊട്ട് തെക്കൻ സംസ്ഥാനത്തിലെ കുട്ടുനെടുംഗുളത്തും, ചിറ്റഗോംഗ് മലനിരകളിലെ വിദൂരഗ്രാമങ്ങളിലും സൗരാഷ്ട്രയിലെ ഗ്രാമീണ മേഖലകളിലും നടന്ന ഭരണഘടനാ ചർച്ചകളെക്കുറിച്ചുള്ള കൗതുകകരമായ രേഖപ്പെടുത്തലുകളാണ് ഈ പുസ്തകം നിറയെ.

ഇന്ത്യൻ ഭരണഘടനാ നിർമ്മാണം ലോക ചരിത്രത്തിൽ തന്നെ നിർണ്ണായകവും അതുല്യവും ആയ അനുഭവമായിരുന്നുവെന്നത് ഭരണഘടനാ നിർമ്മിതിയുടെ ചരിത്രത്തെ പിന്തുടർന്നവർക്ക് അറിയാവുന്ന സംഗതിയാണ്. കൊളോണിയൽ ഭരണാധികാരികൾ വെച്ചുനീട്ടിയ സൗജന്യമെന്ന നിലയിലായിരുന്നു ഇതര ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ ഭരണഘടനയെ സ്വീകരിച്ചത്. അതിൽ നിന്ന് ഭിന്നമായി, ഇന്ത്യ തങ്ങളുടെ ഭരണഘടന സ്വയം എഴുതുകയായിരുന്നു. ഇന്ത്യൻ ഭരണഘടന അതിന്റെ പല വാഗ്ദാനങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടപ്പോഴും, ഏഴരപ്പതിറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ നിലനിർത്തുന്നതിൽ അത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യൻ ഭരണഘടന വരേണ്യവർഗ സമവായങ്ങളുടെ ഫലമാണെന്നും അത് മുകളിൽ നിന്ന് താഴേക്ക് കെട്ടിയിറക്കപ്പെട്ട ഒന്നാണെന്നും ഉള്ള വിമർശനം പൊതുവായി നാം കേട്ടുകൊണ്ടിരിക്കുന്നതാണ്. 'ഇന്ത്യൻ വരേണ്യവർഗത്തിലെ ഒരു ചെറു കൂട്ടത്തിന്റെ സമ്മാനം' എന്ന വിമർശങ്ങൾക്ക് അനുസൃതമായി, ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തെക്കുറിച്ചുള്ള പഠനങ്ങളൊക്കെയും 1946 ഡിസംബർ മുതൽ 1949 നവംബർ വരെ ഭരണഘടനാ ഹാളിൽ നടന്ന ചർച്ചകളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. ഭരണഘടനാ രാഷ്ട്രീയവും അതിന്റെ വിശദാംശങ്ങളും ഇന്ത്യൻ ജനതയുടെ ഭാവനയ്ക്കോ താൽപ്പര്യത്തിനോ കഴിവിനോ അപ്പുറമാണെന്നും ഭരണഘടനാ നിർമ്മാണ പ്രക്രിയ അവരുടെ ആശങ്കകളെ ഉൾക്കൊള്ളുന്നില്ലെന്നും ഉള്ള വിലയിരുത്തലുകളായിരുന്നു പൊതുവിൽ നടന്നിട്ടുള്ളതെന്ന് കാണാം.
ഇത്തരമൊരു നിഗമനത്തിലേക്ക് പണ്ഡിതവർഗ്ഗം എത്തിപ്പെടുന്നതിനുള്ള പ്രധാനകാരണം, ഭരണഘടനാ അസംബ്ലി ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനങ്ങൾ എല്ലാം തന്നെ ആധാരമാക്കിയിട്ടുള്ളത് ഗ്രാൻവില്ലെ ഓസ്റ്റിന്റെ 'ദി ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ: കോർണർസ്റ്റോൺ ഓഫ് എ നേഷൻ' (1966) ആണെന്ന് ഗ്രന്ഥകാരന്മാർ വിലയിരുത്തുന്നു. ഒരൊറ്റ സ്ഥലത്തേക്കും ഒരൊറ്റ സമയ സന്ദർഭത്തിലേക്കും ഭരണഘടനാ നിർമ്മിതിയെ ചുരുക്കിക്കെട്ടുന്നതിന് ഓസ്റ്റിന്റെ സെമിനൽ ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള റഫറൻസുകളും ചർച്ചാ നിബന്ധനകളും കാരണമായി എന്നാണ് രോഹിതും ഓർണിതും ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടനാ നിർമ്മിതിയെ സംബന്ധിച്ച പരമ്പരാഗത ധാരണയെ പൊളിച്ചെഴുതുക എന്നതാണ് രോഹിതും ഓർണിതും തങ്ങളുടെ ഗ്രന്ഥത്തിലൂടെ നിർവ്വഹിക്കുന്ന ദൗത്യം. കേവല വാദങ്ങൾക്കപ്പുറത്ത് അതിവിപുലമായ റഫറൻസ് പശ്ചാത്തലത്തിലാണ് ഇക്കാര്യം ഗ്രന്ഥകാരന്മാർ നിർവ്വഹിക്കുന്നത്.

ഭരണഘടനാ നിർമ്മാണത്തിന്റെ ഔപചാരിക ഇടങ്ങൾക്കപ്പുറത്ത്, ഭാവി സ്വതന്ത്ര ഇന്ത്യയിൽ ഉൾപ്പെടേണ്ടതായ വലിയൊരു ഭൂപ്രദേശം, ഭരണഘടനാ നിർമ്മാണ പ്രക്രിയയുടെ അധികാരപരിധിക്ക് പുറത്തായിരുന്നുവെന്ന കാര്യം ഗ്രന്ഥകാരന്മാർ സൂക്ഷ്മതയോടെ വിലയിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വ്യാപിച്ചുകിടന്ന 550-ലധികം നാട്ടുരാജ്യങ്ങൾ ഭാവി ഇന്ത്യയുടെ 45 ശതമാനം പ്രദേശവും ഏകദേശം 9 കോടിയിലധികം ജനസംഖ്യയും ഉൾക്കൊള്ളുന്നവയായിരുന്നു. ഈ നാട്ടുരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും സ്വന്തം ഭരണഘടനകൾ രൂപപ്പെടുത്തുന്ന പ്രക്രിയയിലായിരുന്നു. ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഓരോ നാട്ടുരാജ്യങ്ങളുടെയും ഭരണഘടനകൾ ഭാവിയിലെ ഭരണഘടനാ ക്രമത്തിലേക്ക് കൂട്ടിച്ചേർക്കേണ്ടിവന്നു. വാസ്തവത്തിൽ, രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന പൊതുജന ദർബാറുകൾ (രാജകീയ കോടതികൾ), ജഡ്ജിമാരുടെ ചേംബറുകൾ, വനാന്തരങ്ങളിലെ ഗോത്ര ഗ്രാമങ്ങൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അവരുടെ പ്രതീക്ഷകൾക്കനുരൂപമായ രീതിയിൽ ഭരണഘടന തയ്യാറാക്കുകയും പൊതുവായ വായനയ്ക്ക് വിധേയമാക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തിന്റെ ഈയൊരു വശങ്ങൾ അവഗണിക്കപ്പെട്ടതായി ഗ്രന്ഥകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടനാ ചർച്ചകളെ സംബന്ധിച്ച, സാമ്പ്രദായിക രീതിയിലുള്ള അന്വേഷണങ്ങളുടെ ഗതി തിരിച്ചുവിടുന്നതിലൂടെ ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച ഗവേഷണ രീതിയിലും ബോധ്യങ്ങളിലും മാതൃകാപരമായ ഒരു മാറ്റം വാഗ്ദാനം ചെയ്യുന്നുണ്ട്, ഈ പുസ്തകം. അതിവിപുലമായ ആർക്കൈവ് മെറ്റീരിയലുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വിശാല ഭൂമികയിൽ ഭരണഘടനയെ സംബന്ധിച്ച പ്രതീക്ഷകളുടെ, സങ്കല്പനങ്ങളുടെ, സംവാദങ്ങളുടെ പുതിയൊരു ചരിത്രാഖ്യാനം അത് ഉറപ്പുവരുത്തുന്നു. ഇന്ത്യൻ ജനസാമാന്യത്തിന്റെ ഭരണഘടനാ ചർച്ചകളിന്മേലുള്ള ഇടപെടൽ അവരുടെ പ്രതീക്ഷകളെ, അഭിലാഷങ്ങളെ ഭരണഘടനയിലേക്ക് ഉൾച്ചേർക്കുന്നതിലേക്ക് നയിച്ചുവെന്ന തെറ്റായ വാദം ഈ ഗ്രന്ഥം ഉന്നയിക്കുന്നില്ലെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. അതേസമയം, രാജ്യവ്യാപകമായി നടന്ന, ഭരണഘടനയെക്കുറിച്ചുള്ള പൊതു ചർച്ചകൾ ഭരണഘടനയിന്മേലുള്ള ജനങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ബോധ്യം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന ആശയം അത് മുന്നോട്ടുവെക്കുന്നുണ്ട്.
ഈ ഗ്രന്ഥത്തിലെ ഏറ്റവും ആകർഷണീയമായ ഭാഗം, ആറാമത്തെ അധ്യായമായ The horizons of Indian constitutional imagination: Tribes and constitution making ആണെന്നത് എടുത്തു പറയേണ്ടതുണ്ട്. കോളനി ഭരണകാലത്തും പിന്നീടും സാമൂഹിക പദവികളുടെ കാര്യത്തിലും സാമ്പത്തിക വികസനത്തിന്റെ കാര്യത്തിലും ബോധപൂർവ്വമായ അരികുവൽക്കരണത്തിന് വിധേയരാക്കപ്പെട്ട 'പിന്നാക്ക ഗോത്രങ്ങൾ' (ആദിവാസി) എന്ന് വിളിക്കപ്പെടുന്ന മനുഷ്യർ ഭരണഘടനാ സംവാദങ്ങളിൽ തങ്ങളുടെ ഭാഗധേയം എങ്ങിനെ നിർവ്വഹിച്ചു എന്ന് ഈ അധ്യായം വിശദമായിത്തന്നെ പരിശോധിക്കുന്നുണ്ട്.

'We, the people' എന്ന പേരിൽ അഭിസംബോധന ചെയ്തതുകൊണ്ടുമാത്രം ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളെ ഒരൊറ്റ രാഷ്ട്രത്തിൻ കീഴിലേക്ക് അണിനിരത്തുക സാധ്യമാകുമായിരുന്നില്ല. രാജ്യത്തിന്റെ ജനസംഖ്യയുടെ 10 ശതമാനത്തിനുമുകളിൽ വരുന്ന അവരുടെ ഭാവനകളെ, പ്രതീക്ഷകളെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ വിവരിച്ചതുപോലെ ഇന്ത്യയിലെമ്പാടുമുള്ള നിരവധി ആദിവാസി ജനസമൂഹങ്ങൾ സ്വന്തം ഭരണഘടനാ ദർശനങ്ങൾ മുന്നോട്ടുവെച്ചത് എങ്ങിനെയെന്ന് ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നത് പ്രധാനമായ സംഗതിയാണ്.
ഭരണഘടനയെ സംബന്ധിച്ച സംവാദങ്ങൾ അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ഒരു കാലത്താണ് ഭരണഘടനാ നിർമ്മിതിയുടെ പിന്നാമ്പുറക്കഥകളുമായി ഈ പുസ്തകം പിറവിയെടുക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ അതിന്റെ തുടക്കം മുതൽ തള്ളിക്കളഞ്ഞ രാഷ്ട്രീയ ശക്തികളാണ് ഇന്ന് ഇന്ത്യൻ ഭരണം കയ്യാളുന്നത് എന്നതും ഈ സംവാദങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. RSS- ഉം അതിനെ പിൻപറ്റി വളരുന്ന ഹിന്ദുത്വ രാഷ്ട്രീയവും ഭരണഘടനയുടെ പിറവി തൊട്ടിങ്ങോട്ട് നാളിതുവരെ അതിനെ തുറന്നെതിർക്കുന്നതിൽ വിമുഖത കാട്ടിയിരുന്നില്ലെന്നത് ചരിത്ര യാഥാർത്ഥ്യമാണ്. ഭരണഘടനാസമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയതിന് നാല് നാൾ കഴിഞ്ഞ് ആർഎസ്എസ്സ് മുഖപത്രമായ 'ഓർഗനൈസറി'ന്റെ പത്രാധിപക്കുറിപ്പിൽ ഇങ്ങനെ എഴുതി:
'...But in our Constitution, there is no mention of the unique constitutional development in ancient Bharat. Manu's Laws were written long before Lycurgus of Sparta or Solon of Persia. To this day his laws as enunciated in the Manusmriti excite the admiration of the world and elicit spontaneous obedience and conformity. But to our constitutional pundits that means nothing' (Organiser, November 30 1949).
സ്വതന്ത്ര ഇന്ത്യയിൽ മനുവിന്റെ നിയമങ്ങൾക്ക് അനുരൂപമാകുന്ന തരത്തിലുള്ള ഭരണഘടനാ നിർമ്മിതിയാണ് ആവശ്യമെന്ന് തുടക്കംതൊട്ട് വാദിച്ചുകൊണ്ടിരുന്ന RSS പിന്നീട് ഭരണത്തിൽ എത്തിയപ്പോഴെല്ലാം ഭരണഘടനാ ഭേദഗതിക്കുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യൻ ഭരണഘടനയിൽ നിന്ന് 'മതേതരത്വം', 'സോഷ്യലിസം' എന്നീ വാക്കുകൾ എടുത്തുമാറ്റാനുള്ള നീക്കംവരെ എത്തിനിൽക്കുന്ന ഈ ഭരണഘടനാ വിരോധം പക്ഷേ ഒരുകാലത്തും ഭരണഘടനയെ സംബന്ധിച്ച ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങളെയോ സങ്കല്പനങ്ങളെയോ പ്രതിനിധീകരിക്കുന്നില്ലെന്ന് ബോധ്യപ്പെടാൻ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഹാളിന് പുറത്ത്, ജനങ്ങൾക്കിടയിൽ നടന്ന സംവാദങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് സഹായിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ഭരണഘടനാ നിർമ്മിതിയെ സംബന്ധിച്ച പരമ്പരാഗത ആഖ്യാനങ്ങൾക്ക് പുറത്ത് പുതിയൊരു കഥ പറയാൻ രോഹിതും ഓർണിതും നടത്തുന്ന ശ്രമം അഭിനന്ദനാർഹമാണെന്ന് പറയുമ്പോഴും ഈ ഗ്രന്ഥത്തിലെ ഏറ്റവും വലിയ പിഴവായി ചൂണ്ടിക്കാണിക്കേണ്ട ഒന്ന്, ഭരണഘടനാ ശിൽപ്പിയായ ഡോ. ബി.ആർ. അംബേദ്കറെക്കുറിച്ച് വളരെ കുറഞ്ഞ പരാമർശം മാത്രമേ ഉള്ളൂ എന്നതാണ്. ഒരുവേള ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ച തീവ്രവലതുപക്ഷത്തിന്റെ പുതിയ ആഖ്യാനങ്ങളോട് ചേർന്നുപോകുന്ന ഒരു രീതി ഇതിനകത്ത് നമുക്ക് ദർശിക്കാൻ കഴിയും. ഭരണഘടനാ സമിതിയിലെ അംഗമായ ബി. എൻ. റാവുവിനെക്കുറിച്ച് വിശദമായ പരാമർശങ്ങൾ പുസ്തകത്തിൽ കാണാൻ കഴിയുന്നുണ്ടെന്നതും എടുത്തുപറയേണ്ട സംഗതിയാണ്. ഭരണഘടനാ നിർമ്മാണത്തിലെ സുപ്രധാന വ്യക്തിത്വമായി ബിഎൻ റാവുവിനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഭരണഘടനാ ചരിത്രത്തെ സംബന്ധിച്ച തിരുത്തൽവാദ നിലപാട് വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ പിഴവ് ഗർഹണീയമായ ഒന്നാണെന്ന് പറയാതെ വയ്യ.
എങ്കിൽക്കൂടിയും, ഭരണഘടന രൂപപ്പെടുത്തുന്നതിൽ ഇന്ത്യയിലെ വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പങ്കിനെ, അവരുടെ നിരന്തര ഇടപെടലുകളെ, ആവശ്യങ്ങളെ, പ്രതീക്ഷകളെ രേഖപ്പെടുത്തുന്നതിൽ ഈ ഗ്രന്ഥം അസാധാരണമായ സൂക്ഷ്മത പുലർത്തുന്നുണ്ടെന്നത് വസ്തുതയാണ്. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ, വിവിധങ്ങളായ തിരിച്ചടികൾക്കിടയിലും, തെരഞ്ഞെടുപ്പുകളുടെ ഇടുങ്ങിയ നിമിഷങ്ങൾക്കപ്പുറം നിലനിൽക്കുന്നുണ്ടെന്ന് ബോധ്യത്തിലേക്ക് നയിക്കാൻ ഈ ഗ്രന്ഥം സഹായിക്കുന്നു.
(Assembling India's Constitution: A new democratic history, Rohit De, Ornit Shani, p- 374, Penguin Random House/2025 September).
