വി.എസ്. അജിത്ത്

പെൺ കെണിയുടെ ത്രികോണങ്ങളിലേക്ക്​
തുറന്ന ​ആൺ ജാലകങ്ങൾ

ആൺസ്വകാര്യതയുടെ സ്വയം തുറക്കൽ അശ്ലീലവും പെണ്ണിന്റേത് ആഘോഷിക്കപ്പെടേണ്ടതുമായിരിക്കുന്നതിൽ നിന്ന് സാഹിത്യാസ്വാദനം മാറേണ്ടതുണ്ട് എന്നു കൂടി ഇക്കഥകൾ പറയാതെ പറയുന്നു. വി.എസ്. അജിത്തിന്റെ ‘എലിക്കെണി’, ‘ഇണയില്ലാപ്പൊട്ടൻ’ എന്നീ ആക്ഷേപഹാസ്യ രചനകളുടെ ഉൾവശങ്ങളെക്കുറിച്ച്

ആശ സജി

ശ്യശൃംഗൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിലൂടെ മനുഷ്യകാമനയുടെ നേർക്ക് വ്യാസൻ ചിരിച്ച ഊറിച്ചിരി ബുദ്ധിമാനം കൂടുതലുള്ളവർക്കേ തിരിഞ്ഞുള്ളൂ എങ്കിൽ അൺ അബ്രിവിയേറ്റഡ് ആയി വി.എസ്.അജിത്ത് ആ വിഷയത്തിൽ ചിരിക്കുന്നത് മനസിലാക്കാൻ സാമാന്യ ബുദ്ധിയുള്ളവർക്ക് സാധിക്കും. ‘എലിക്കെണി', ‘ഇണയില്ലാപ്പൊട്ടൻ' എന്നീ രണ്ടു പുസ്തകങ്ങളിലൂടെ കഥാകാരൻ വിനിമയം ചെയ്യാനുദ്ദേശിക്കുന്ന വിഷയങ്ങളെല്ലാം സമകാലികവും സജീവവുമാണ്. ആൺ-പെൺ സ്വകാര്യവിനിമയത്തിന്റെ ഇരുണ്ട ഇടങ്ങളിലേക്ക് ‘പ്‌ളച്ചനെ' വീഴുന്ന വെളിച്ചത്തിൽ അല്പമൊന്നു കണ്ണുമിഴിഞ്ഞേക്കാമെങ്കിലും കാഴ്ചയുടെ വിശ്വാസ്യതയെപ്പറ്റി വെറും തർക്കത്തിനാരും മുതിർന്നേക്കുമെന്ന് തോന്നുന്നില്ല. കാരണം കറുപ്പിലോ വെളുപ്പിലോ മാത്രമായി ബന്ധങ്ങൾ, മൂല്യസങ്കല്പങ്ങൾ, ബോധ്യങ്ങൾ, കാഴ്ചകൾ തുടങ്ങിയവയ്‌ക്കൊന്നും നിൽനിൽക്കുക വയ്യ.

ആരും പറയാൻ ധൈര്യപ്പെടാത്ത ഇടങ്ങളിലൂടെയാണ് അജിത്തിന്റെ സറ്റയറുകൾ സഞ്ചരിക്കുന്നത്. ചക്രത്തിൽ ഘടിപ്പിച്ച ചിരികൊണ്ട് അനായാസം ഈ വാഹനം കടന്നുപോകുന്നയിടങ്ങൾ ബലം പിടിച്ചു തുറക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അമ്പേ പ്രശ്‌നഭരിതമാകുമായിരുന്ന കാഴ്ചവട്ടങ്ങളാണ്.

രണ്ടു പുസ്തകങ്ങളും അരിച്ചു പെറുക്കി വായിച്ചിട്ടും, ‘ഇന്നു ഭാഷയതപൂർണമിങ്ങഹോ'എന്ന കഥയിലെ രമണി മാത്രമാണ് തെറി സംബോധനയോടെയുള്ള രായപ്പന്റെ ജീവിതക്കൂട്ടുവിളി കേട്ട് ‘വരാണ്ണാ'ന്ന് ഒറ്റച്ചാട്ടത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്. മീൻ വെട്ടിയ കൈ കഴുകാനും ഒരു ബക്കറ്റ് വെളളം തലയിലൊഴിക്കാനും വേണ്ട സമയമേ അവൾ ഈ പ്രവൃത്തിക്ക് എടുത്തുള്ളൂ. മറ്റുള്ള പെണ്ണുങ്ങളൊക്കെ എന്താ ഇങ്ങനെ എന്നാലോചിച്ചാൽ അവരുടെയൊക്കെ ഡി.എൻ.എ .യിൽ പണ്ടാരോ വരച്ചിട്ട അടയാളങ്ങൾ രമണിയുടേതിനോളം പരിവർത്തനപ്പെട്ടിട്ടില്ല എന്ന് കഥാകാരൻ പറയുന്നത് വിശ്വസിക്കാനേ തല്ക്കാലം തരമുള്ളൂ. പ്രെസൻറ്​ ടെൻസ് മാത്രമുള്ള ആണുങ്ങളും പാസ്​റ്റും ഫ്യൂച്ചറും മാത്രമുള്ള പെണ്ണുങ്ങളും ഒരേ സദാചാരസാമൂഹ്യക്രമത്തിൽ പരസ്പരമാറ്റത്തിന്റെ രാസപ്രകിയയിൽ പങ്കെടുക്കുന്നതിന്റെ വൈചിത്ര്യങ്ങളാണോ ഇതെല്ലാം? അറിയില്ല. എല്ലാവർക്കുമറിയുന്ന, എന്നാൽ ആരും പറയാൻ ധൈര്യപ്പെടാത്ത ഇടങ്ങളിലൂടെയാണ് അജിത്തിന്റെ സറ്റയറുകൾ സഞ്ചരിക്കുന്നത്. ചക്രത്തിൽ ഘടിപ്പിച്ച ചിരികൊണ്ട് അനായാസം ഈ വാഹനം കടന്നുപോകുന്നയിടങ്ങൾ ബലം പിടിച്ചു തുറക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അമ്പേ പ്രശ്‌നഭരിതമാകുമായിരുന്ന കാഴ്ചവട്ടങ്ങളാണ്.

‘എലിക്കെണി’യിലെ സുഭദ്ര നളിനി മോഹൻ രൂപഭദ്രനെ കൗശലപൂർവ്വം സ്വകാര്യവൽക്കരിക്കുന്നത്, മോടിയുള്ള മദ്യക്കുപ്പിയിലെ നവവരന്റെ പ്രവൃത്തി ഒക്കെ ഗൗരവകഥയുടെ ഫ്രെയിമിലായാൽ നിർദാക്ഷിണ്യം ചോദ്യം ചെയ്യപ്പെടുകയും പരിഹാസ്യമാവുകയും ചെയ്യുമായിരുന്നു. ആക്ഷേപഹാസ്യത്തിന്റെ നൂലിഴയിലൂടെ ഒരു കഥയെ നടത്തിക്കൊണ്ടുപോകുന്നതിനാവശ്യമായ ക്ഷമയും സൂക്ഷ്മതയും കഥാകൃത്ത് പുലർത്തിയിരിക്കുന്നതുകൊണ്ടുകൂടിയാണ് കഥകളിത്ര ആസ്വാദ്യമാവുന്നത്.‘ഇണയില്ലാപ്പൊട്ടനി’ൽ തോട്ടിപ്പണിക്കാരൻ കോവിന്ദനുചുറ്റുമാണ് സംഭവങ്ങളൊക്കെ നടക്കുന്നതെങ്കിൽ ‘എലിക്കെണി’യിൽ കാര്യങ്ങളിത്തിരിക്കൂടി വിപുലമായാണ്.

ദാമ്പത്യവിജയത്തിനാധാരമായ മടുപ്പൻ ടെസ്റ്റ് പേപ്പറുകളും പ്രോബ്ലം സോൾവിങ്ങിന്റെ ഇക്വേഷനുകളും കൃത്യമായി ചെയ്യേണ്ട ഗൃഹപാഠങ്ങളും ഉൾക്കൊള്ളാനാകാത്ത മനുഷ്യരുടെ കഥകൾ കൂടിയാണ് വി.എസ്. അജിത്ത് പറയുന്നത്. ‘വിപ്രലംഭജാരവൃത്തി' യിലൂടെ ‘സോദരിമാരാരുമില്ലാതിരിക്കയാൽ പെൺപാഠമൊന്നും മനഃപ്പാഠമാവാതെ' പോയ സാധാരണ പുരുഷനു പറ്റുന്ന അമളികളാണ് അടയാളപ്പെടുത്തുന്നതെങ്കിലും പെണ്ണിന്റെ നിഷേധത്തെ സമ്മതമായും സമ്മതത്തെ വിരോധമായും വ്യാഖ്യാനിക്കാൻ പറ്റാത്തതിലുള്ള പിടിപ്പുകേടാണ് കാര്യങ്ങളിത്ര വഷളാക്കുന്നതെന്ന സൂചനയുണ്ട്. പുരുഷത്വത്തിന്റെ വെല്ലുവിളികളെ മദ്യം കൊണ്ട് മയക്കിക്കിടത്തിയവനാണ് മലയാളി (തണ്ടൊടിഞ്ഞ താമര) എന്ന പ്രസ്താവത്തിലൂടെ ആണിടങ്ങളുടെ തുറന്നെഴുത്തായി മാറുന്ന ഒരു കൂട്ടം കഥകളെയാണ് വി.എസ്. അജിത്ത് ആക്ഷേപഹാസ്യത്തിന്റെ ഉടലിൽ കഥയിടത്തേക്ക് മേയ്ച്ചുകൊണ്ടുവരുന്നത്. ഇവയിലെ നായകന്മാരിൽ പലരും മാസ്​റ്റർബേറ്റ്​ ചെയ്യാൻ വിധിക്കപ്പെട്ട , ഇണയില്ലാപ്പൊട്ടന്മാരാണ് ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന ആണുങ്ങൾ സദാചാരത്തിന്റെ താക്കോൽപ്പഴുതുകൾ പൊളിച്ച് ഇറങ്ങിച്ചെല്ലുന്നതോ? തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ പരിശീലിക്കായ്കയാൽ
വഴിതെറ്റി വാക്കും പ്രവൃത്തിയും രണ്ടായിച്ചെയ്യുന്ന പെണ്ണുങ്ങളിലേക്കാണ്.

ശക്തമായ പ്രഹരശേഷിയുള്ള ഹാസ്യം കൊണ്ട് കഥാകൃത്ത് നടത്തുന്ന സാമൂഹ്യ ചികിത്സകളാണ് ഈ എഴുത്തുകൾ. ഇവ കേവല ഭാവനയാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ ബാലിശമെന്നേ പറയേണ്ടൂ.

‘ഹാപ്പിനസ്​ ഇൻഡെക്​സി’ൽ ഒന്നാം റാങ്കുള്ള ഫിൻലാന്റുകാരിക്ക് കിട്ടുന്നത് 136ാം റാങ്കുള്ള രാജ്യത്ത് ജീവിക്കുന്ന, കാണാപ്പാഠം പഠിച്ച് എൻട്രൻസ് എഴുതി ഡോക്ടറും എഞ്ചിനീയറുമാകുന്ന മണ്ടൻമാരിലൊരുവനെയാണ്. അശോകൻ സാറും മറിയയും തമ്മിലുള്ള ബന്ധത്തിൽ ഇത്തിരി ആശ്വാസമുണ്ട്. ദാമ്പത്യത്തിൽ ഒരു മിനിറ്റ് ആയിരുന്ന ഡ്യൂറേഷൻ തന്റെയരികിൽ 45 മിനിറ്റാണെന്ന് അവൾക്ക്‌ സാറിന്റെ ഭാര്യയോട് ഒരു പ്രസ്താവന പോലെ പറയാൻ കഴിയുന്നത് സ്വയാർജിത സയൻറിഫിക് ടെമ്പറിന്റെ പിൻബലത്തിലാണ്.

പ്രൊഫസർമാർ വായിക്കാത്തത് വിശ്വസിക്കാമെങ്കിൽ തോട്ടിപ്പണിക്കാരൻ വായിക്കുന്നത് വിശ്വസിച്ചേ പറ്റൂ എന്നൊരു ന്യായം അജിത്തിനുണ്ട്. സ്ഥാലീ പുലാകന്യായവും കുക്കുടാസനവും ഈ ന്യായത്തിൽ നിർത്തി മറ്റൊരാംഗിളിൽ വായിക്കാവുന്ന കഥകളാണ്. ‘എലിക്കെണി’യിലെ അവസാന കഥയായ തിമോത്തി അരിക്കാടി വല്ലാതെ കൊളുത്തിപ്പിടിക്കുന്ന വ്യസനം തരും.

ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന ആണുങ്ങൾ സദാചാരത്തിന്റെ താക്കോൽപ്പഴുതുകൾ പൊളിച്ച് ഇറങ്ങിച്ചെല്ലുന്നതോ? തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ പരിശീലിക്കായ്കയാൽ വഴിതെറ്റി വാക്കും പ്രവൃത്തിയും രണ്ടായിച്ചെയ്യുന്ന പെണ്ണുങ്ങളിലേക്കാണ്. / Photo : Unsplash.com

ശക്തമായ പ്രഹരശേഷിയുള്ള ഹാസ്യം കൊണ്ട് കഥാകൃത്ത് നടത്തുന്ന സാമൂഹ്യ ചികിത്സകളാണ് ഈ എഴുത്തുകൾ. ഇവ കേവല ഭാവനയാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ ബാലിശമെന്നേ പറയേണ്ടൂ. ആൺസ്വകാര്യതയുടെ സ്വയം തുറക്കൽ അശ്ലീലവും പെണ്ണിന്റേത് ആഘോഷിക്കപ്പെടേണ്ടതുമായിരിക്കുന്നതിൽ നിന്ന് സാഹിത്യാസ്വാദനം മാറേണ്ടതുണ്ട് എന്നു കൂടി ഇക്കഥകൾ പറയാതെ പറയുന്നു.

ശ്രദ്ധാപൂർവ്വം മാത്രം സഞ്ചരിക്കാവുന്ന സറ്റയറിന്റെ ഫ്രെയിം സ്വീകരിച്ച്​ ചില കാഴ്ചകളിലേക്ക് സ്വന്തം ഇടം തുറന്നിടാൻ ഒരെഴുത്തുകാരൻ ചെലവഴിക്കുന്ന അധികോർജത്തെ നിസാരമായി കാണാൻ തോന്നിയാൽ അത് നീതിയല്ല.
സാമൂഹ്യ സദാചാരത്തിന്റെയും ലൈംഗികതയുടെയും വിഷയങ്ങൾ മാത്രം സംസാരിക്കുന്നവയാണ് അജിത്തിന്റെ കഥകൾ എന്നാരും കരുതരുത്. ആ ലോകത്തേക്ക് കൂടുതലായി നോക്കിയത് ആൺ- പെൺ ബന്ധത്തിന്റെ ബേസിക്​ സ്വഭാവത്തെപ്പറ്റി ഒരു എഴുത്തുകാരൻ പുലർത്തുന്ന നിലപാട് അറിയുന്നതിലേക്കാണ്. സമഭാവനയിൽ വിശ്വസിക്കുന്ന, മൂല്യബോധമുള്ള, ആവശ്യത്തിലേറെ ജ്ഞാനവും വിജ്ഞാനവുമുള്ള ഒരാൾ നടത്തിയ സാമൂഹ്യ ഇടപെടലുകൾ എന്ന് നിസംശയം ലേബൽ ചെയ്യാവുന്ന കഥകളാണ് വി.എസ്. അജിത് പറയുന്നത്.

പൊളിറ്റിക്കലി കറക്​റ്റും ആക്ഷേപഹാസ്യവും

കലാസൃഷ്ടികളൊക്കെ പൊളിറ്റിക്കലി കറക്ടാണോ എന്ന് പരിശോധിക്കപ്പെടുന്ന കാലത്താണ് ‘എലിക്കെണി’യും ‘ഇണയില്ലാപ്പൊട്ട’നും ആക്ഷേപഹാസ്യത്തിന്റെ വാളും പരിചയുമായി വേദിയിലെത്തിയത്. രംഗം കൊഴുപ്പിക്കാൻ എഴുത്തുകാരൻ അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചേക്കാവുന്ന ശൈലികളിൽ, ചൊല്ലുകളിൽ, സംഭാഷണ സന്ദർഭങ്ങളിൽ, കഥാപാത്രനിർമ്മിതിയിൽ ഒക്കെ ശരിയില്ലായ്മകൾ കടന്നു കയറാനുള്ള സാധ്യത കൂടുതലുമാണ്. പക്ഷേ ‘എലിക്കെണി’യിലും ‘ഇണയില്ലാപ്പൊട്ടനി’ലും ഇത്തരമൊരു വീഴ്ച എവിടെയും സംഭവിച്ചിട്ടില്ല. ഒരു വിഭാഗത്തേയും അനാദരവോടെ ചിത്രീകരിച്ചിട്ടില്ല. ഗേയുടെ പ്രണയം വിഷയമായ പുലിക്കളിയിൽ അയാൾ ഒരു കൊലപാതകിയാണ്. പക്ഷേ അയാളുടെ സ്വത്വത്തെ കഥാകൃത്ത് ഒരിക്കലും പരിഹസിക്കുന്നില്ല.

മറുപക്ഷത്തേക്കുള്ള നോട്ടങ്ങളെല്ലാം ജനാധിപത്യപരമാണ്. രാഷ്ട്രീയം, മതം, വിശ്വാസം, ധനം, ആർത്തി, പൊങ്ങച്ചം, തട്ടിപ്പ്, പരദൂഷണം ഇങ്ങനെ വിഷയസ്വീകാര്യത്തിൽ പുലർത്തിയിരിക്കുന്ന വൈവിധ്യം വിപുലമാണ്.

വാക്കിലും വരിയിലും നിറയുന്ന ഹാസ്യം ആശയത്തിന്റെ തീവ്രത ചോർത്തിക്കളയാത്തതിനാൽ ചിരിയും ചിന്തയും ഒരേ സമയം നടക്കും എന്നൊരു ഗുണം പല കഥകളിലുമുണ്ട്. ഈ ആഖ്യാനഭാഗം നോക്കുക: ‘‘എട്ടടി മൂർഖൻ, ചുരുട്ട അണലി, ശംഖുവരയൻ, പെരുമ്പാമ്പ്, രാജവെമ്പാല, അനാക്കോണ്ട എന്നീ പാമ്പുകളെ വകഞ്ഞുമാറ്റി ഘോരവനത്തിൽ വെരവി നടക്കുന്ന വീടും പേരുമില്ലാത്ത പെണ്ണ് പച്ചിലപ്പാമ്പിനെക്കണ്ട് പേടിച്ച് ബോധം കെട്ടതെങ്ങനെയെന്ന് സംശയിച്ച് മൂക്കത്ത് വിരൽ വച്ചവരുണ്ടാവാം. ചുടലമാടൻ, കാട്ടുമാക്കാൻ, വെട്ടുപോത്ത്, കരിമ്പൂതം എന്നീ വിഭാഗത്തിൽപ്പെട്ട പാട്രിയാക്കിയൽ പുരുഷന്മാരെക്കൊണ്ട് ക്ഷ, ണ്ണ (ഇനീം ഒണ്ട്.... പറയാൻ കൊള്ളത്തില്ല ) എന്നിങ്ങനെ എഴുതിക്കുന്ന ഝാൻസിറാണിമാർ പാറ്റയെക്കണ്ട് പേടിക്കുന്നതും ഇളി തേമ്പി ഓഞ്ഞ നരുന്ത് കെട്ടിയവന്മാർക്ക് ശമ്പളവും എ.ടി.എം കാർഡും അടിയറ വച്ചിട്ട് അടിപ്പാവാട വാങ്ങാൻ 50 രൂപയ്ക്കും അല്ലിക്ക് ആഭരണം വാങ്ങാൻ കൂട്ടുപോകാൻ അനുവാദത്തിനും എരക്കുന്നതും കണ്ടിട്ടുള്ളവർക്ക് ടി സംശയം ഉണ്ടാകാനിടയില്ല. ബാക്കിയുള്ളവരെ പൂവാമ്പറ.’’
(‘ഇണയില്ലാപ്പൊട്ടൻ’, പേജ് 46 )

പുരാണകഥകളെയും സംസ്കൃത ശ്ലോകങ്ങളെയും തന്റേതായ വേർഷനിലേക്ക് മാറ്റിയും അല്ലാതെയും അജിത്ത് കഥകളിൽ പ്രയോഗിച്ചിട്ടുണ്ട്. ഒരു സാധാരണ വായനക്കാരന് / ക്കാരിക്ക് തിരിച്ചറിയാവുന്നതിനപ്പുറത്തുള്ള ഉയർന്ന ലക്ഷ്യങ്ങൾ ആ പ്രയോഗങ്ങൾക്കെല്ലാമുണ്ട്. "തിണ്ണപ്പരിപാടിയിലെ’ ‘ഗോഘ്നൻ’ രാഷ്ട്രീയ ലക്ഷ്യം നിർവഹിക്കുന്നതറിയുക. ചെറിയ വാക്കുകളുടെ ഉപയോഗത്തിൽപ്പോലും കഥാകൃത്ത് ഇങ്ങനെ പലതും ഒളിച്ചുവച്ചിട്ടുണ്ട്. അധികാരവും പണവും അതില്ലാത്തവരോട് ചെയ്യുന്ന അനീതികൾ അണ്ണാക്കിൽ വിരലിട്ട് ഛർദ്ദിച്ചു കളയാനുള്ള വ കൂടിയാവുന്നുണ്ട് മാൻഹോളുകൾ.

ഡീകോഡ് ചെയ്യു​ന്തോറും വായനക്കാർക്ക് അത്ഭുതദ്വീപിലെത്തിയ അനുഭവമുണ്ടാകും.

ആ ‘മെയ്ഡേ’ (കുക്കുടാസനം ) യ്ക്ക്
എത്ര മാനങ്ങളാണ്!

ഗേയുടെ പ്രണയം വിഷയമായ പുലിക്കളിയിൽ അയാൾ ഒരു കൊലപാതകിയാണ്. പക്ഷേ അയാളുടെ സ്വത്വത്തെ കഥാകൃത്ത് ഒരിക്കലും പരിഹസിക്കുന്നില്ല. / Photo : Unsplash.com

പോളിഷ്​ട്​ അല്ലാത്ത ഭാഷ ചെയ്യുന്ന പലതും സംസ്കരിക്കപ്പെട്ട ഭാഷയ്ക്ക് ചെയ്യാനാവില്ലെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് "ഇന്നു ഭാഷയത പൂർണമിങ്ങഹോ’. ആ തലക്കെട്ടിന്റെ നിർവചനം പോലെ ഭാഷ ശരിയായി പ്രയോഗിക്കാത്തതിനാൽ കൈവിട്ടുപോകുന്ന ബന്ധങ്ങൾ നിരവധി. ആദിമധ്യാന്തപ്പൊരുത്തത്തോടെ സ്ഥലകാല ബന്ധനത്തോടെ ഒന്നിനെ അനുഭവിപ്പിക്കുക എന്ന കേവല ലക്ഷ്യമല്ല സറ്റയറുകൾക്കുള്ളതെന്ന് വി.എസ്. അജിത്തിന്​ അറിയാം. അദ്ദേഹം മെരുക്കിയെടുത്തിരിക്കുന്ന ഭാഷയും പദപ്രയോഗങ്ങളും സാധാരണയിൽക്കവിഞ്ഞ ആ ലക്ഷ്യത്തിനു കൂട്ടാവുന്നുണ്ട്. ആജാനു ജൂബൻ, പിയർ ഗ്രൂപ്പ് പപ്പനും തൊലിഞ്ഞ കോയിൻസിഡൻസും, കുക്കുടാസനം, ണറോക്കോ പിച്ചിക്കോവ് എന്നിങ്ങനെ ഉടലിലും ഉയിരിലും വ്യത്യസ്ത പേറി സാഹിത്യത്തിന്റെ മുൻവശത്ത് ആക്ഷേപഹാസ്യത്തിന്റെ പുത്തൻ ഇരിപ്പിടങ്ങൾ പണിയുകയാണ് തോട്ടിപ്പണിക്കാരൻ കോവിന്ദനും സഹയാത്രികരും.

മർമമറിഞ്ഞ്​ നർമം

മറുപക്ഷത്തേക്കുള്ള നോട്ടങ്ങളെല്ലാം ജനാധിപത്യപരമാണ്. രാഷ്ട്രീയം, മതം, വിശ്വാസം, ധനം, ആർത്തി, പൊങ്ങച്ചം, തട്ടിപ്പ്, പരദൂഷണം ഇങ്ങനെ വിഷയസ്വീകാര്യത്തിൽ പുലർത്തിയിരിക്കുന്ന വൈവിധ്യം വിപുലമാണ്. നർമം മർമ്മറിഞ്ഞ്​ പ്രയോഗിച്ചതിന്റെ ഗരിമയുണ്ട്. അതിസാധാരണത്വവും അസാധാരണത്വവുവള്ള വായനക്കാരെ ഒരേപോലെ തൃപ്തിപ്പെടുത്തുന്ന അനുഭവങ്ങൾ കഥകളിൽ നിറച്ചിരിക്കുന്നു. സ്വന്തമായ ഭാഷയിൽ, സ്വകീയമായ ശൈലിയിൽ, പ്രമേയത്തിലും ആഖ്യാനത്തിലും പുതുമകളോടെ വായിക്കുന്നവരെ വീഴ്ത്താൻ പാകത്തിന് കൊളുത്തി വച്ചിരിക്കുന്ന കെണികൾ എന്ന് ചിന്തിക്കുന്നവർക്കു തോന്നിയാൽ കുറ്റം പറയാനില്ല. ഏതോ കാലത്തിൽ എവിടെയെങ്കിലുമിരുന്നൊരാൾ കണ്ടെടുത്തേക്കാമെന്നൊരു വ്യഥ കഥകൾക്കുള്ളിലെവിടെയോ കണ്ടതായ് ഓർക്കുന്നു. തീർച്ചയായും വായനക്കാരേ, അതഴിച്ചു മാറ്റേണ്ടതുണ്ട് നിങ്ങൾ. കാരണം, വി.എസ്.അജിത്തിന് കൺ തുറന്നിരിക്കുന്നവരോട് ഇനിയുമൊരുപാട് സംസാരിക്കാനുണ്ട്. ജീവിതത്തിന്റെ ലാളിത്യങ്ങൾക്കും സങ്കീർണതകൾക്കുമിടയിലിരുന്ന് മനുഷ്യസ്വഭാവത്തിന്റെ പിടി കിട്ടായ്കളെ ഒരാൾ കഥ കൊണ്ട് ചുരണ്ടുന്നത് നമുക്കൊന്നു കേട്ടുനോക്കാം. ​▮


ആശ സജി

കവി, കൊല്ലം ഏരൂർ ഗവ.എൽ. പി.സ്കൂൾ അധ്യാപിക.

Comments