സാറാ ജോസഫ്

ആനന്ദങ്ങൾ
​പല ഭാവങ്ങളിൽ

ഓരോ ജീവനും അർഹതപ്പെട്ട ആനന്ദം തകർക്കുന്ന ഒന്നിനെയും സംരക്ഷിച്ചുനിർത്തേണ്ടതില്ല. അവ ഇല്ലാതാകുന്നതുതന്നെയാണ്​ നല്ലത്​. സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവലിന്റെ വായന.

മൂഹത്തിൽ നിലനിൽക്കുന്ന ആണധികാരത്തെ ഉൾക്കൊള്ളിച്ച്​ ശക്തമായ കഥകളും നോവലുകളും ഉണ്ടായിട്ടുണ്ട്. അതൊരു പുതുമയുള്ള വിഷയമായിരുന്നിട്ടല്ല. മറിച്ച്, എഴുതാനുള്ള ധൈര്യമായിരുന്നു ആവശ്യം. അധികാരം കൊണ്ട് ശാരീരിക- മാനസിക സത്തകളെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നതിന്റെ ചില ദൃഷ്ടാന്തങ്ങൾ കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി പറയുകയാണ് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവൽ.

നോവലിലെ പ്രമേയത്തിന്​ പരീക്ഷണസ്വഭാവമുണ്ടെന്ന്​ പറയാനാകില്ല. സമുദായത്തിന്റെയും ചട്ടക്കൂടുകളുടെയും ഉള്ളിൽ നിന്നുകൊണ്ട് അവയ്‌ക്കെതിരെ ശബ്ദമുയർത്താനും പരസ്പര സ്‌നേഹമോ, വിശ്വാസമോ, ബഹുമാനമോ പ്രകടിപ്പിക്കാനും കഴിയാത്ത പങ്കാളികളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച് അവരുടെ ജീവിതത്തിലെ അസ്വസ്ഥതകളും വേദനകളും ഏറ്റവും തിളക്കത്തോടെ അല്ലെങ്കിൽ മൂർച്ചയോടെ അവതരിപ്പിക്കുകയാണിവിടെ. സ്ത്രീയുടെയും പുരുഷന്റേയും വ്യത്യസ്ത ലൈംഗികാഗ്രഹങ്ങൾ, ശരീരം, സമത്വം എല്ലാത്തിനുമുപരി സ്വാതന്ത്ര്യം എന്നീ തലങ്ങളിൽ നിന്നെല്ലാം ജീവിതത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ട് എഴുത്തുകാരി. പെണ്ണിന്റെ കാമനകളെയെല്ലാം പെണ്ണ് തന്നെ എഴുതുന്ന രീതി.

മണ്ണിൽ തറവാട് എന്ന പടർന്നുപന്തലിച്ചുകിടക്കുന്ന കുടുംബത്തിന്റെ പുറമേ നിന്നുള്ള ശാന്തസ്വഭാവത്തിനപ്പുറം അതിന്റെ ആഴത്തിലേക്കിറങ്ങി അതിലെ നിഗൂഢതകളും അഗാധ ചുഴികളും കണ്ടെത്തുകയാണ് എഴുത്തുകാരി. വിവാഹിതരായ അവരുടെ കുടുംബ പ്രശ്‌നങ്ങളും വിവാഹേതര ബന്ധങ്ങളും സ്വവർഗാടുപ്പങ്ങൾ കൊണ്ട് നേരിടേണ്ടി വരുന്ന വെല്ലുവിളികളും പള്ളികളുടെയും സഭകളുടെയും സമൂഹത്തിന്റെയും അവസാന വാക്കുകളും ഇവിടെ കടന്നുവരുന്നു. സമൂഹത്തിന്റെ ഇരകളാണ് തെരേസയും രേഷ്മയും. ഇതുവരെ ആ കുടുംബക്കാർ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ജീവിതചുറ്റുപാടുകളുമായി കടന്നു പോകുന്നവർ. സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും തങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണെന്നും അത് മറ്റൊരാൾ നിശ്ചയിക്കേണ്ടതല്ലെന്നും പ്രഖ്യാപിക്കുന്നവർ. ആരോ നിശ്ചയിക്കുന്ന പങ്കാളികളോടൊപ്പം എങ്ങനെയോ ജീവിച്ച ജീവിതം തീർക്കാൻ അവർ ഒരുക്കമല്ലായിരുന്നു. ഒരു വിപ്ലവ പ്രഖ്യാപനമായിരുന്നു അതെന്നുവേണമെങ്കിൽ പറയാം. തന്റെ ഗവേഷണ വിദ്യാർത്ഥിയായ രേഷ്മയോടുള്ള സ്​നേഹവും അവളോട് തോന്നുന്ന ലൈംഗികമായ താല്പര്യങ്ങളും തെരേസക്ക് ഊർജ്ജദായകമായിരുന്നു. രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയവും ദാമ്പത്യവും ഇന്നും കല്ലുകടിയായി മാത്രം കരുതുന്ന സമൂഹത്തിന്റെ പത്തുവർഷം മുന്നേയുള്ള അവസ്ഥ നമുക്ക് ഊഹിക്കാവുന്നതാണ്.

യാഥാസ്ഥിതികതകൾക്കിടയിലെ മനുഷ്യരുടെ ജീവിതവും അവരുടെ ചെറിയ ​സന്തോഷങ്ങളും വലിയ വേദനകളുമെല്ലാം വരച്ചിടുകയാണ്​ സാറാ ജോസഫ് ഈ നോവലിലൂടെ.

തെരേസയുടെ ഭർത്താവാണ് മണ്ണിൽ കുടുംബാംഗമായ പോൾ. സ്‌നേഹിക്കപ്പെടാനും, പരിഗണിക്കപ്പെടാനും ആഗ്രഹിക്കുന്ന പച്ച മനുഷ്യൻ. തനിക്ക് അധികാരമുണ്ടെന്ന്​ കരുതുന്ന ശരീരത്തിലോ, ആഗ്രഹം പോലെ പ്രവർത്തിക്കാൻ കഴിയുന്ന ലൈംഗികതയിലോ ആധിപത്യമോ അധികാരമോ ചെലുത്താതെ മാറിനിൽക്കുന്നവൻ. കുടുംബക്കാരുടെ പല അഭിപ്രായങ്ങൾക്കും അയാൾ ചെവികൊടുക്കുന്നില്ല. അധികാരങ്ങളുടെ പക്ഷം ചേരലിൽ അയാൾ പങ്കാളിയല്ല. എല്ലായിടത്തും തന്റേതായ നിലപാടെടുക്കാൻ അയാൾ ശ്രമിച്ചു. ഒരിക്കൽ ഭാര്യയുടെമേൽ തന്റെ അധികാരം പ്രയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവളുടെ ഇഷ്ടം മറ്റൊന്നാണന്നറിഞ്ഞ് പാകമായ മനസ്സോടെ അത്​ സ്വീകരിക്കാൻ അയാൾ തയ്യാറാകുന്നു. സമൂഹവിലക്കുകൾക്കുമുന്നിൽ തലകുനിക്കാതെ അയാൾ തെരേസക്ക് സംരക്ഷണവും സൗകര്യവും ഒരുക്കിനൽകുന്നു. തനിക്ക് നിഷേധിക്കപ്പെട്ട ലൈംഗികാഹ്ലാദം അവൾക്ക് കിട്ടുന്നതറിഞ്ഞ് അവളെ വെറുക്കാനോ വേദനിപ്പിക്കാനോ അയാൾക്ക് കഴിയുന്നില്ല. മറിച്ച്, അവൾക്ക് വേണ്ടതെല്ലാം അയാൾ ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്.

സമൂഹത്തിന്റെ ഇരകളാണ് തെരേസയും രേഷ്മയും. ഇതുവരെ ആ കുടുംബക്കാർ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ജീവിതചുറ്റുപാടുകളുമായി കടന്നു പോകുന്നവർ. സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും തങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണെന്നും അത് മറ്റൊരാൾ നിശ്ചയിക്കേണ്ടതല്ലെന്നും പ്രഖ്യാപിക്കുന്നവർ/ photo: arjun kamath

മനുഷ്യൻ ആനന്ദം കണ്ടെത്തുന്നത് പല രീതികളിലാണ്. ചിലർ പണം നേടുന്നതിലൂടെ, ചിലർ പൂർത്തിയാക്കപ്പെടുന്ന ലൈംഗിക താൽപര്യങ്ങളിലൂടെ, മറ്റു ചിലർ അധികാരങ്ങൾ കയ്യടക്കിക്കൊണ്ട്. ആനന്ദം കൈവരിക്കാൻ മനുഷ്യൻ പല മുഖംമൂടികളണിയാൻ തയ്യാറാകുന്നു. കപട സദാചാരത്തിന്റെ, മാന്യതയുടെ മുഖംമൂടികൾ. സദാചാരത്തിന്റെ കണ്ണുകൾ കൊണ്ട് മറ്റൊരാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന കാഴ്ചകളും നോവലിൽ കാണാം. കുടുംബത്തിനകത്ത് അധികാരവും സദാചാരവും പ്രയോഗിക്കുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളാണ് നോവലിസ്റ്റ് പറയുന്നത്.

സ്വന്തമായി വരുമാനമുള്ള സ്ത്രീ എന്ന നിലയിൽ തെരേസക്ക് അവളിഷ്ടപ്പെടുന്ന ജീവിതത്തെ ഒരു പരിധിവരെ മുന്നോട്ടുകൊണ്ടുപോകാൻ തടസ്സമില്ല. എന്നാൽ അവൾ അലങ്കരിച്ചിരുന്ന ഭാര്യാപദവി, കുടുംബത്തിലെ സൽപ്പേര്, ആളുകൾക്കിടയിലുണ്ടാക്കിയ അടുപ്പം, പലതരം കെട്ടുപാടുകൾ ഇതെല്ലാം ഒരൊറ്റ രാത്രി കൊണ്ട് പൊട്ടിച്ചുകളയാൻ പറ്റിയ ഒന്നായിരുന്നില്ല. എത്ര പുരോഗമിച്ചുവെന്നുപറഞ്ഞാലും കേരളത്തിലെ ഇരുളുവീണ സമൂഹത്തിൽ സ്വവർഗാനുരാഗവും പരപുരുഷ- പരസ്ത്രീ ബന്ധമൊന്നും അത്ര കണ്ട് അംഗീകരിക്കപ്പെടാൻ പോകുന്നില്ല എന്നതാണ് സത്യം.

ഓരോ ജീവനും അർഹതപ്പെട്ട ആനന്ദം തകർക്കുന്ന ഒന്നിനെയും സംരക്ഷിച്ചുനിർത്തേണ്ടതില്ല. അവ ഇല്ലാതാകുന്നതുതന്നെയാണ്​ നല്ലത്​. വിവാഹം എന്നത് ഒരു അധികാര രേഖയും പുരുഷൻ എന്നത് അധികാരിയും മാത്രമായി മാറുമ്പോൾ തുല്യപങ്കാളിയായ സ്ത്രീക്ക് അവിടെ പരിഗണന ലഭിക്കുന്നില്ല.

പോൾ എന്ന വ്യക്തി അധികാരത്തിന്റെ കണ്ണികളെ ഓരോന്നായി പൊട്ടിച്ചെറിയാൻ ശ്രമിക്കുന്നുണ്ട്. ഇരുപതു വർഷത്തെ ദാമ്പത്യത്തിനുശേഷം തന്റെ ഭാര്യക്ക് അവളുടെ വിദ്യാർത്ഥിയായ രേഷ്മയോടൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് അറിയുമ്പോൾ അയാൾ തകർന്നുപോകുന്നുണ്ട്. നോവലിൽ പറയുന്നതുപോലെ, ‘ഒരു കിടക്കയിൽ നിന്ന്​ വേറൊരു കിടക്കയിലേക്ക് പോകുന്നതുപോലെ ലളിതമായിട്ടല്ല, മറിച്ച് ഒരു വേര് മണ്ണ് തുളച്ച്​ വെള്ളം തേടിയലഞ്ഞെത്തും പോലെ സങ്കീർണ്ണമായിട്ടാണ് ഒരു ബന്ധത്തിൽ നിന്ന്​ വേറൊരു ബന്ധത്തിൽ എത്തിപ്പെടുന്നത്.’ ജീവിതത്തെ യുക്തിപൂർണമായി കാണാൻ പോളിന് കഴിയുന്നു. മണ്ണിനെയും കൃഷിയും സ്‌നേഹിക്കുന്ന അയാൾക്ക് ഒരു പുതിയ മുളപൊട്ടുമ്പോഴും, ഒരു ചെടി കായ്ക്കുമ്പോഴും, നറുമണമുള്ള ഒരു കെട്ട് കറിവേപ്പിലയിലും ആനന്ദം കണ്ടെത്താൻ കഴിയുന്നു. അത്രകണ്ട് മണ്ണിനെ സ്‌നേഹിക്കുന്നതിലൂടെ അത്രത്തോളം വിളവ് ലഭിക്കുമെന്നും അയാൾ മനസ്സിലാക്കുന്നു. പുരുഷ പ്രത്യയശാസ്ത്രത്തെ മറികടക്കാനും മാനുഷികമായി ചിന്തിക്കാനും അയാൾക്ക് കഴിയുന്നു. അതുകൊണ്ടാണ് മാനസിക- ശാരീരിക പൊരുത്തമുള്ള തെരേസയും രേഷ്മയും ഒരുമിച്ച് ജീവിക്കുന്നതിൽ അയാൾ ഒപ്പംനിൽക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ധാർമികതയുടെ കപടമായ വിലക്കുകൾ തള്ളിക്കളയാൻ അവർക്ക് താങ്ങും തണലുമായി നിന്ന പോൾ ശക്തമായ കഥാപാത്രമാണ്​.

സ്വന്തമായി വരുമാനമുള്ള സ്ത്രീ എന്ന നിലയിൽ തെരേസക്ക് അവളിഷ്ടപ്പെടുന്ന ജീവിതത്തെ ഒരു പരിധിവരെ മുന്നോട്ടുകൊണ്ടുപോകാൻ തടസ്സമില്ല. എന്നാൽ അവൾ അലങ്കരിച്ചിരുന്ന ഭാര്യാപദവി, കുടുംബത്തിലെ സൽപ്പേര്, ആളുകൾക്കിടയിലുണ്ടാക്കിയ അടുപ്പം, പലതരം കെട്ടുപാടുകൾ ഇതെല്ലാം ഒരൊറ്റ രാത്രി കൊണ്ട് പൊട്ടിച്ചുകളയാൻ പറ്റിയ ഒന്നായിരുന്നില്ല/ photo: pexels.com

പാരമ്പര്യമായി കെട്ടിയുറപ്പിച്ച വിശ്വാസത്തിൽ അടിയുറച്ച മണ്ണിൽ കുടുംബത്തെയും അതുൾപ്പെടുന്ന സമൂഹത്തെയും തിരുത്താൻ വലിയൊരു ശ്രമം നടത്തുകയാണ്​ തെരേസയും രേഷ്മയും അനുവും പോളും. തങ്ങളുടെ ഉറച്ച തീരുമാനം കൊണ്ട് എതിർപ്പുകളെ മറികടക്കാനും അവയോട്​ ധീരമായി പ്രതികരിക്കാനും അവർക്ക് സാധിക്കുന്നു. മരണത്തെക്കാൾ പ്രണയം കൊണ്ട്​ അവർ ജീവിതത്തെ വ്യാഖ്യാനിക്കുന്നു.

ഓരോ ജീവനും അർഹതപ്പെട്ട ആനന്ദം തകർക്കുന്ന ഒന്നിനെയും സംരക്ഷിച്ചുനിർത്തേണ്ടതില്ല. അവ ഇല്ലാതാകുന്നതുതന്നെയാണ്​ നല്ലത്​. വിവാഹം എന്നത് ഒരു അധികാര രേഖയും പുരുഷൻ എന്നത് അധികാരിയും മാത്രമായി മാറുമ്പോൾ തുല്യപങ്കാളിയായ സ്ത്രീക്ക് അവിടെ പരിഗണന ലഭിക്കുന്നില്ല. ‘ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യന് വേർതിരിക്കാൻ അവകാശമില്ല’ എന്ന വിശ്വാസം മറികടന്ന് തെരേസയുമായുള്ള വിവാഹമോചന കരാറിൽ പോൾ ഒപ്പുവയ്ക്കുന്നു. സ്വന്തം വീട് തെരേസക്ക് എഴുതിക്കൊടുത്ത് ഭൂമിവാതുക്കൽ എന്ന അയാളുടെ ഏദൻതോട്ടത്തിലേക്ക് താമസം മാറ്റുന്നു. രണ്ടു സ്ത്രീകളെ ദമ്പതിമാരായി സമാധാനത്തോടെ ജീവിക്കാൻ സമൂഹം അന്നും ഇന്നും പൂർണമായി അനുവദിച്ചിട്ടില്ല. വഴിയിൽ തടഞ്ഞും കല്ലെറിഞ്ഞും സമൂഹം അവരെ ആക്രമിച്ചുകൊണ്ടിരിക്കും.

ചെറിയാന്റെയും അനുവിന്റെയും ഇടയിൽ അപ്പു എന്നൊരു കണ്ണിയുണ്ടായിരുന്നു. അവനുവേണ്ടി അവർ ഭയപ്പെടുന്നുണ്ട്, അവന്റെ തകർച്ചയിൽ ഒരുപോലെ വേദനിക്കുന്നുണ്ട്. സ്‌നേഹം പ്രകടിപ്പിക്കാനറിയാത്ത ചെറിയാൻ ഒരു പരാജയം തന്നെയായിരുന്നു. തന്റെ കുടുംബത്തെ എരിക്കാൻ പാകത്തിനുള്ളതായിരുന്നു അയാളുടെ അധികാരമൂർച്ചയേറിയ വാക്കുകൾ. അഹന്തയുടെയും അധികാരത്തിന്റെയും അഗ്‌നിപർവതം അയാളുടെ ഉള്ളിൽ എപ്പോഴും പുകഞ്ഞു കൊണ്ടിരുന്നു.

പാരമ്പര്യമായി കെട്ടിയുറപ്പിച്ച വിശ്വാസത്തിൽ അടിയുറച്ച മണ്ണിൽ കുടുംബത്തെയും അതുൾപ്പെടുന്ന സമൂഹത്തെയും തിരുത്താൻ വലിയൊരു ശ്രമം നടത്തുകയാണ്​ തെരേസയും രേഷ്മയും അനുവും പോളും/ photo: pexels.com

മണ്ണിൽ കുടുംബാംഗമായ ചെറിയാന്റെ ഭാര്യയാണ് അനു. തെരേസയെ പോലെയല്ല, സ്വന്തം കുടുംബത്തിലും ഭർതൃവീട്ടിലും അധികാരശബ്ദങ്ങൾ മാത്രം കേട്ടവൾ. പുരുഷാധികാരത്തിന്റെ കൈപ്പിടിയിലൊതുങ്ങിയ കുടുംബത്തിൽ പ്രതികരിക്കാൻ കഴിയാതെ യാന്ത്രികമായി ജീവിക്കുന്നവൾ. പ്രണയമില്ലാത്ത ദാമ്പത്യത്തിന്റെ കയ്​പുനീര്​ കുടിച്ചിറക്കുന്നവൾ. ചെറിയാന്റെ കൽപ്പനകളായിരുന്നു ആ വീട്ടിൽ നിറയെ. അയാളുടെ സ്‌നേഹമില്ലാത്ത പെരുമാറ്റത്തിലും അവഗണനയിലും അവൾ അസ്വസ്ഥയായിരുന്നു. പ്രണയമില്ലാത്ത കിടപ്പറകളിൽ നടക്കുന്നത് ലൈംഗി​കാക്രമണമാണെന്ന്​ അവൾ പൊട്ടിത്തെറിക്കുന്നുണ്ട്. ചില കുടുംബച്ചടങ്ങുകളിൽ കണ്ടുമുട്ടിയിരുന്ന പോളിലേക്ക് അവൾ ആകൃഷ്ടയാകുന്നു. തീക്ഷ്ണതയുള്ള കണ്ണുകൾ മാത്രം കണ്ടിരുന്ന അവളിൽ അയാളുടെ നോട്ടം ഒരു സ്‌നേഹ തലോടലായി മാറുകയും ചെയ്യുന്നു. അവർ പ്രണയത്താൽ ബന്ധിതരാകുന്നു.

പള്ളികളുടെയും സഭയുടെയും പൊയ്മുഖങ്ങളും നോവലിൽ അനാവരണം ചെയ്യുന്നുണ്ട്​. സ്വവർഗലൈംഗികതയെ യേശു തന്നെ തടഞ്ഞിരുന്നില്ല എന്ന് വെളിപ്പെടുത്തുമ്പോഴും ഇവിടെ അതിനെ പ്രകൃതിവിരുദ്ധ പ്രവർത്തിയായാണ് കാണുന്നത്.

പണമുണ്ടാക്കാനും കുടുംബത്തിലും സമൂഹത്തിലും മുതലാളിത്തത്തിന്റെ അടയാളം സ്​ഥാപിക്കാനും ആണത്തത്തെ അഹങ്കാരത്തോടെ പ്രകടിപ്പിക്കാനും മാത്രം ശ്രദ്ധിച്ചിരുന്ന ചെറിയാൻ ഒരു ഫ്യൂഡലിസ്റ്റ് സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു. വിവാഹം എന്നത്​ സ്ത്രീധനത്തിന്റെ കണക്കായും ഉടമസ്​ഥാവകാശമുള്ള ബന്ധത്തിന്റെ ഒരു കണ്ണി മാത്രമായുമാണ്​ അയാൾ കരുതുന്നത്​. പകൽ മുഴുവൻ വീട്ടമ്മയായും രാത്രി അയാളുടെ സന്തോഷത്തിനു മാത്രമായി പ്രവർത്തിക്കേണ്ട ഒരുവളും മാത്രമായിരുന്നു അയാൾക്ക് ഭാര്യ. എന്നാൽ ഭർത്താവിനോടുള്ള സമ്പൂർണ വിധേയത്വം നീതിയാണെന്ന് അനു കരുതുന്നില്ല. അയാൾ അവളുടെ ജീവിതത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ സ്വന്തമായ ഇടങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്വന്തം വേദനകൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചതിന്റെ ഫലമെന്ന നിലയ്​ക്കാണ്​ പോൾ അവളുടെ ജീവിതത്തിലെ സാന്നിധ്യമാകുന്നത്​.

മണ്ണിൽ കുടുംബത്തിലെ ആൺവർഗം എല്ലാ പുരുഷാധിപത്യബോധങ്ങളുടെയും പ്രതിനിധികളായിരുന്നു. ശാഖകളായി വളർന്നുകൊണ്ടിരിക്കുന്ന കുടുംബത്തിന്റെ ചരിത്രം എഴുതാനുള്ള ചുമതല ഏലിയാമ്മ എന്ന അംഗത്തിലാണ്​ വന്നുചേരുന്നത്​. കുടുംബചരിത്രം പരിശുദ്ധമായിരിക്കണമെന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു രഹസ്യവും പുസ്തകത്തിലുണ്ടായിരിക്കരുതെന്നും കർശന നിർദേശങ്ങളുണ്ട്. അവിഹിതങ്ങളോ, പീഡന കൊലപാതകങ്ങളോ, മറ്റു പാപകർമങ്ങളോ ഒന്നും ഉള്ളടക്കത്തിൽ പാടില്ല. കുടുംബമഹത്വങ്ങൾ മാത്രം വാഴ്ത്തിപ്പാടാനുള്ള ഒരു സുവിശേഷ ഗ്രന്ഥം മാത്രമായിരിക്കണം അതെന്ന് അവർക്കുമേൽ സമ്മർദ്ദവുമുണ്ട്. മണ്ണിൽ കുടുംബ ചരിത്രം പറഞ്ഞ് ​മൊത്തം സമൂഹത്തിന്റെ അവസ്ഥകളിലേക്കാണ് എഴുത്തുകാരി വിരൽ ചൂണ്ടുന്നത്.

ചെറിയാന്റെ കൽപ്പനകളായിരുന്നു ആ വീട്ടിൽ നിറയെ. അയാളുടെ സ്‌നേഹമില്ലാത്ത പെരുമാറ്റത്തിലും അവഗണനയിലും അവൾ അസ്വസ്ഥയായിരുന്നു. photo: pexels.com

പള്ളികളുടെയും സഭയുടെയും പൊയ്മുഖങ്ങളും നോവലിൽ അനാവരണം ചെയ്യുന്നുണ്ട്​. സ്വവർഗലൈംഗികതയെ യേശു തന്നെ തടഞ്ഞിരുന്നില്ല എന്ന് വെളിപ്പെടുത്തുമ്പോഴും ഇവിടെ അതിനെ പ്രകൃതിവിരുദ്ധ പ്രവർത്തിയായാണ് കാണുന്നത്. അത്തരം ആളുകളെ അകറ്റിനിർത്തണമെന്നും സമൂഹത്തിൽ വിലക്ക് ഏർപ്പെടുത്തണമെന്നും പള്ളി വികാരി പറയുന്നു. സഭയുടെ കപട സദാചാര ബോധത്തെ നോവൽ പ്രശ്​നവൽക്കരിക്കുന്നു. ഇടവകയിലെ ഓരോ അംഗവും എങ്ങനെ പെരുമാറണമെന്നും എങ്ങനെ ജീവിക്കണമെന്നും ചിട്ടപ്പെടുത്തുന്ന അധികാര വ്യവസ്​ഥയായി സഭ മാറുന്നു. കുടുംബത്തിന്റെ എല്ലാ വസ്തുതകളും ഉൾക്കൊള്ളിച്ച്​ തികച്ചും സത്യസന്ധമായി എലിയാമ്മ തയ്യാറാക്കുന്ന കുടുംബ ചരിത്രം പൊളിച്ചെഴുതാൻ നിർദ്ദേശിച്ചതിന്റെ കാരണവും ഇതൊക്കെ തന്നെയായിരുന്നു. കുടുംബത്തിലെ പിതാമഹന്മാർ അക്രമത്തിന്റെ വഴിയെ സഞ്ചരിച്ചവരായിരുന്നു എന്ന വസ്​തുതയും ബാലരതി പോലുള്ള കുറ്റകൃത്യങ്ങളും ചരിത്രപുസ്തകത്തിൽ ഇടം പിടിച്ചാലുണ്ടാകുന്ന പൊട്ടിത്തെറികളെ കുടുംബാംഗങ്ങൾ ഭയപ്പെട്ടിരുന്നു.

ഓരോ മനുഷ്യജീവന്റെയും ആനന്ദം ആളോഹരി വ്യവസ്ഥയിലുള്ളതാണ്, അതിനെ അവരവർ തന്നെ കണ്ടെത്തി പൂർണതയിലേക്ക്​സഞ്ചരിക്കണം.

സ്വവർഗസ്‌നേഹവും വിവാഹേതര ബന്ധവുമാണ് നോവൽ ചർച്ച ചെയ്യുന്നതെങ്കിലും മധ്യവയസ്‌കയായ എമ്മയുടെ പുനർവിവാഹവും സ്വന്തം ഇഷ്ടങ്ങൾ സാക്ഷാൽക്കരിക്കാൻ അവിവാഹിതയായി തുടരുന്ന ഇഷാനിയുടെ ജീവിതവും ചർച്ച ചെയ്യുന്നുണ്ട്. കുടുംബത്തിലെ പുതിയ തലമുറ സോഷ്യൽ മീഡിയയിലൂടെയും മറ്റും എമ്മയുടെ വിവാഹത്തെ അനുകൂലിക്കുമ്പോൾ മറ്റൊരു വശത്ത് തെരേസയേയും, രേഷ്മയെയും ആക്രമിക്കുകയും ചെയ്യുന്നു. ‘ഭർത്താവ് തൊട്ട് നരകമാകുന്നതിനെ സ്വർഗമാക്കുന്നവനാണ് ജാരനെന്നും, ജാരന് സ്തുതി' എന്നും നോവലിൽ പറയുന്നുണ്ട്. പ്രണയമില്ലാതെ, പരസ്പരം സ്‌നേഹമില്ലാതെ ഒരു മുറിയിലെ താമസം എത്രമാത്രം അസ്വാസ്​ഥ്യജനകമാണ്​ എന്ന്​ ഈ നോവൽ കാണിച്ചുതരുന്നു.

പള്ളികളുടെയും സഭയുടെയും പൊയ്മുഖങ്ങളും നോവലിൽ അനാവരണം ചെയ്യുന്നുണ്ട്​. സ്വവർഗലൈംഗികതയെ യേശു തന്നെ തടഞ്ഞിരുന്നില്ല എന്ന് വെളിപ്പെടുത്തുമ്പോഴും ഇവിടെ അതിനെ പ്രകൃതിവിരുദ്ധ പ്രവർത്തിയായാണ് കാണുന്നത്. photo:pixabay.com

യാഥാസ്ഥിതികതകൾക്കിടയിലെ മനുഷ്യരുടെ ജീവിതവും അവരുടെ ചെറിയ ​സന്തോഷങ്ങളും വലിയ വേദനകളുമെല്ലാം വരച്ചിടുകയാണ്​ സാറാ ജോസഫ് ഈ നോവലിലൂടെ. ഓരോ മനുഷ്യജീവന്റെയും ആനന്ദം ആളോഹരി വ്യവസ്ഥയിലുള്ളതാണ്​, അതിനെ അവരവർ തന്നെ കണ്ടെത്തി പൂർണതയിലേക്ക്​സഞ്ചരിക്കണം. സ്ത്രീ പുരുഷ ബന്ധത്തിലെ സ്‌നേഹവും സമത്വവും എത്രകണ്ട് അംഗീകരിക്കപ്പെടേണ്ടതാണെന്നും പള്ളി, സഭ തുടങ്ങിയ ചട്ടക്കൂടുകൾ നിർമിക്കുന്ന നിയമങ്ങൾ സ്ത്രീപുരുഷബന്ധത്തെ എത്രമാത്രം സങ്കീർണ്ണമാക്കുന്നുവെന്നും ​ഈ നോവൽ കാണിച്ചുതരുന്നു. ▮

Comments