അശോകൻ ചരുവിൽ

കെ / ഡി എന്ന എഴുത്തുകാരന്റെ
കാട്ടൂർ കടവ് ഇതിഹാസം

കെ. എന്ന എഴുത്തുകാരന്റേയും ഡി. കാട്ടൂർ കടവ് എന്ന അയാളെ പിന്തുടരുന്ന വിമർശകന്റേയും പാത്രസൃഷ്ടിയിലാണ് നോവലിസ്റ്റിന്റെ ആത്മപരിഹാസം അതിന്റെ ഉച്ചകോടിയിൽ കാണാവുന്നത്. അതിലൂടെ കടന്നുപോകുന്ന വായനക്കാർ അശോകൻ ചരുവിൽ എന്ന സാമൂഹ്യപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓർത്തെന്നു വരും. ട്രൂകോപ്പി പ്രസിദ്ധീകരിച്ച, ഇപ്പോൾ പുസ്​തകമായ അശോകൻ ചരുവിലിന്റെ ‘കാട്ടൂർ കടവ്​’ എന്ന നോവലിന്റെ വായന.

കാട്ടൂർ കടവുകാരനായ കെ. എന്ന എഴുത്തുകാരനെ വായനക്കാർ അറിയും.
കെ. എന്ന എഴുത്തുകാരന് തന്റെ തന്നെ മറുപുറം കാണിച്ചുകൊടുക്കുന്ന ഡി. എന്ന അപരനെ അറിയാൻ, അശോകൻ ചരുവിലിന്റെ കാട്ടൂർ കടവ് എന്ന നോവൽ വായിക്കുക.

എഴുത്തുകാരനെ വിമർശിച്ചും സങ്കടപ്പെടുത്തിയും ചിന്തിപ്പിച്ചും അതിജീവിക്കാൻ പ്രേരിപ്പിച്ചും ഒരുപക്ഷേ, കെ. എന്ന എഴുത്തുകാരന്റെ ഉള്ളിൽ തന്നെയാണ് ഡി. കാട്ടൂർകടവ് ഉള്ളത്. എഴുത്തുകാരന്റെ മനസ്സിൽ പ്രതിഫലിക്കപ്പെടുന്ന സംഘർഷങ്ങളെ സോഷ്യൽ മീഡിയയുടെ സംവാദസ്ഥലത്തെക്കൂടി ഉപയോഗപ്പെടുത്തി അശോകൻ ചരുവിൽ ദേശചരിത്രം പറയുന്നു. കാട്ടൂർ കടവ് എന്ന ദേശത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രമായി അതുമാറുന്നു. കാട്ടൂർ കടവിലെ സാമൂഹ്യജീവിതത്തിന്റെ സ്പന്ദനങ്ങളെ സൂക്ഷ്മമായി പിടിച്ചെടുക്കുന്ന മാപിനികൾ അശോകനുണ്ട്. അവരുടെ നിലവിളികളുടേയും പ്രതിരോധത്തിന്റേയും മൗനത്തിന്റേയും അർഥവും അനർഥവും ഈ മാപിനികൾ പിടിച്ചെടുക്കുന്നു. അവിടെ നടക്കുന്ന വർഗസമരത്തിന്റെ താളവും ശ്രുതിയും അത് ആവാഹിക്കുന്നു. കാട്ടൂർ കടവിന്റെ വർത്തമാനത്തെ രൂപപ്പെടുത്തിയതും ഭാവപ്പെടുത്തിയതുമായ പ്രസ്ഥാനങ്ങളേയും സംഘർഷങ്ങളേയും സമവായങ്ങളേയും ആത്മപരിഹാസത്തിൽ ചാലിച്ച് ആവിഷ്‌കരിക്കുന്നു. കാട്ടൂർ കടവിന്റെ കഥ ഏറ്റവും ഋജുവായും എന്നാൽ ആഴത്തിലുള്ള ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലും വരച്ചിടുകയാണ് കഥാകൃത്ത് കൂടിയായ അശോകൻ ചെരുവിൽ തന്റെ കാട്ടൂർ കടവ് എന്ന പുതിയ നോവലിൽ.

ദാർശനിക സാഹിത്യ ചർച്ചകൾ നോവലിൽ ഉൾക്കൊള്ളിച്ചുകൊണ്ടല്ല അശോകൻ കഥാപാത്രങ്ങൾക്ക് വലിയ മാനം നൽകുന്നത്. സങ്കീർണതകളെ ഉൾവഹിക്കുന്ന ജീവിതാനുഭവങ്ങളുടെ സവിശഷമായ ആഖ്യാനത്തിലൂടെയാണത് നിർവഹിക്കപ്പെടുന്നത്.

ഡി. കാട്ടൂർ കടവില്ലാതെ കെ. എന്ന എഴുത്തുകാരനില്ല. ജനമറിയുന്ന കെ. എന്ന എഴുത്തുകാരനെ പൂരിപ്പിക്കുന്നത് ഡി. ആണ്. എഴുത്താളർ നിരന്തരം തന്നോടുതന്നെ, തന്നിലെ അപരരോടുതന്നെ ഏറ്റുമുട്ടാൻ വിധിക്കപ്പെട്ടവരാണ്. അതിൽനിന്ന് മാറിനടക്കാനോ അവഗണിക്കാനോ ശ്രമിച്ചാൽ അതെല്ലാം വിഫലമാവുകയേ ഉള്ളൂ. അഥവാ, അതെല്ലാം താത്കാലിക രക്ഷപ്പെടലുകൾ മാത്രമായി അവശേഷിക്കും. സന്ദേഹത്തിന്റെ വഴുക്കലുകൾ ഉള്ളിനെ വലംവയ്ക്കുമ്പോഴും നിശ്ചയദാർഢ്യത്തിന്റെ ആവരണമണിഞ്ഞ സാമൂഹ്യജീവിയാവാനാണ് കെ. എന്ന എഴുത്തുകാരന്റെ ശ്രമം. അതിനിടെ താൻ തന്നെ വിട്ടുകളയുന്ന തന്നിലെ എതിരാളിയെ അയാൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. കെ. എന്ന എഴുത്തുകാരനിലെ സാമൂഹ്യജീവിയുടെ പിന്നാലെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ദിമിത്രി എന്ന ഡി. കാട്ടൂർ ക്കടവ്. കെ. എന്ന എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കമന്റുകൾ ഇടുന്നതിലൂടെയാണ് ഡി. ഇതുചെയ്യുന്നത്. സോഷ്യൽ മീഡിയ വിനിമയങ്ങൾ ഉപയോഗപ്പെടുത്തി ഒരു ആന്തരിക സംവാദമണ്ഡലം തീർക്കുകയാണ് നോവലിസ്റ്റ്.

ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ച കാട്ടൂർക്കടവ് നോവലിന് ഇ. മീരയുടെ ഇലസ്​ട്രേഷനുകൾ

കാട്ടൂർ കടവിന് അതിന്റേതായ ഭൂതകാലമുണ്ട്, എല്ലാ ദേശങ്ങൾക്കും ഉള്ളതുപോലെ. അതിൽനിന്ന്​ പിറവികൊണ്ട വർത്തമാനകാലമുണ്ട്. പരസ്പരം മനുഷ്യർ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ദേശത്തിന്റെ സ്ഥലത്തിലും കാലത്തിലും വച്ചാണ്. അവിടെ ഓരോ മനുഷ്യനും തന്റേതായ ജീവിതദർശനമുണ്ട്. തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലുണ്ടാക്കിയെടുത്ത ദർശനം. തന്റെ മുറ്റത്തെ മുരിങ്ങാമരത്തിന്റെ ചുവട്ടിൽ നിന്ന്​ ഈ പ്രപഞ്ചത്തെ വീക്ഷിച്ചതിൻ ഫലമായുണ്ടായ ദർശനം. അതിന്റെ നാൾവഴികളിൽ ബാല്യവും യൗവനവും നാടും മിത്തും ആചാരങ്ങളും വിദ്യാഭ്യാസവും പ്രസ്ഥാനങ്ങളും എല്ലാം കെട്ടുപിണഞ്ഞും വേർപെട്ടും സ്വാധീനം ചെലുത്തുന്നു. ജീവിതപ്രവാഹത്തിന്റെ ആഴങ്ങളിൽ ഇവയൊക്കെ സന്ദേഹങ്ങളുടെ വലിയ ചുഴികൾ ഉണ്ടാക്കുന്നു. ദൃഢമായ നിലപാടുകളിൽ എത്തിച്ചേരുന്നവർ അവസാനശ്വാസം വരെ അതുയർത്തിപ്പിടിച്ചു ജീവിക്കുന്നു .അവരുടെ ജീവിതം പ്രഭ ചൊരിഞ്ഞ്​ജ്വലിച്ചുനിൽക്കുന്നു. കാട്ടൂർ കടവിലെ സഖാവ് പി.കെ. മീനാക്ഷി അത്തരമൊരു നക്ഷത്രമാണ്. താഴ്ത്തപ്പെട്ട ജാതിയിൽ ജനിച്ച് ആത്മാഭിമാനം പണയം വെയ്ക്കാതെ ജീവിച്ച ഒരാൾ. കമ്യൂണിസ്റ്റ്. അലിവും അറിവും സമ്മേളിച്ച ഒരു മനുഷ്യൻ. സഹജീവികളുടെ ഉള്ളം അനുഭവത്താലറിഞ്ഞ സ്ത്രീ.

കാട്ടൂർ കടവ് എന്ന നോവൽ കേരളത്തിൽ നടന്ന നവോത്ഥാന പരിശ്രമങ്ങളുടേയും കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രയോഗങ്ങളുടേയും ഫലപ്രാപ്തിയും അതിനെക്കാളേറെ അതിന്റെ പരിമിതിയും പരോക്ഷമായി കാട്ടിത്തരുന്നുണ്ട്.

കാട്ടൂർ കടവ് എന്ന നോവൽ കേരളത്തിൽ നടന്ന നവോത്ഥാനപരിശ്രമങ്ങളുടേയും കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രയോഗങ്ങളുടേയും ഫലപ്രാപ്തിയും അതിനെക്കാളേറെ അതിന്റെ പരിമിതിയും പരോക്ഷമായി കാട്ടിത്തരുന്നുണ്ട്. ദേശത്തിന്റെ ഓർമകളിൽ സഹോദരൻ അയ്യപ്പൻ മുതൽ വി. ആർ. കൃഷ്ണനെഴുത്തച്ഛൻ വരേയും സി. അച്ചുതമേനോൻ മുതൽ എം.കെ. കേളുവരേയും കടന്നുവരുന്നുണ്ട്. അതോടൊപ്പം ദേശത്തിലെ നവോത്ഥാനപ്രതിഭകളും മുൻ കമ്യൂണിസ്റ്റുകളും വിവിധ ധാരയിലുള്ള കമ്യൂണിസ്റ്റുകളായി തുടരുന്നവരും. അവരുടെ പരിണാമങ്ങൾ സൂക്ഷ്മമായി ചിത്രീകരിച്ചുകൊണ്ടാണ് നോവലിസ്റ്റ് ഇതു രണ്ടും വെളിപ്പെടുത്തുന്നത്. പരിമിതികളുടെ സൂക്ഷ്മാംശങ്ങൾ സഖാവ് മാനാക്ഷിയുടേയും പുല്ലാനിക്കൽ ചന്ദ്രശേഖരന്റേയും ദാമ്പത്യത്തിന്റെ പരിണതിയിൽ ഏറ്റവും നന്നായി പ്രതിഫലിക്കപ്പെടുന്നുണ്ട്. മീനാക്ഷി ആത്മാർത്ഥതയോടെ പ്രണയത്തെ കാണുമ്പോൾ ജാത്യാധിപത്യത്തിന്റെ മനക്കൂട്ടിൽ നിന്ന്​ വിമുക്തി നേടാത്ത പുല്ലാനിക്കൽ ചന്ദ്രശേഖരൻ എന്ന കമ്യൂണിസ്റ്റ് നേതാവിന് ആ ബന്ധത്തെ അങ്ങനെ കാണാൻ കഴിയുന്നില്ല. അയാളുടെ മാനസികസംഘർഷങ്ങളുടെ അടിസ്ഥാനം വർണമനോഭാവത്തിൽ നിന്നും പുറത്തുകടക്കാനാവത്തതിന്റേതാണ്. എന്നാൽ മീനാക്ഷിയ്ക്ക് അത്തരം സംഘർഷങ്ങളില്ല. തന്റെ വർഗപദവി മാത്രമല്ല, വർണപദവിയും അവളെ അതിനു പ്രാപ്തമാക്കുന്നുണ്ട്. തൊഴിലാളിവർഗ സാഹിത്യത്തോടു കാണിക്കുന്ന താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് സവർണവിഭാഗത്തിൽ നിന്നും വരുന്ന ഭൂരിപക്ഷം പേർക്കും തങ്ങളുടെ വർണമനോഭാവം തൂത്തുകളയാൻ കഴിയാറില്ല. വർഗപദവിയുടെ മാറ്റത്തേക്കാൾ വിഷമകരമാണ് മനസ്സിൽ ആഴത്തിൽ വേരുകൾ പടർത്തിയിട്ടുള്ള വർണപദവിയുടെ ഉപേക്ഷിക്കൽ എന്നതാണ് യാഥാർത്ഥ്യം.

കെ. എന്ന എഴുത്തുകാരന്റേയും ഡി. കാട്ടൂർ കടവ് എന്ന അയാളെ പിന്തുടരുന്ന വിമർശകന്റേയും പാത്രസൃഷ്ടിയിലാണ് നോവലിസ്റ്റിന്റെ ആത്മപരിഹാസം അതിന്റെ ഉച്ചകോടിയിൽ കാണാവുന്നത്. അതിലൂടെ കടന്നുപോകുന്ന വായനക്കാർ അശോകൻ ചരുവിൽ എന്ന സാമൂഹ്യപ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓർത്തെന്നു വരും. ‘ന്യായീകരണത്തൊഴിലാളി’ എന്ന് തനിക്ക് ചാർത്തിക്കിട്ടിയ പദവി സന്തോഷത്തോടെ സ്വീകരിച്ച് അതു തുടരുന്നതിൽ അഭിമാനിക്കുന്ന ഒരു ഇടതു സാംസ്‌കാരിക പ്രവർത്തകനെ കെ. എന്ന എഴുത്തുകാരനിൽ കാണാം. അത്തരം ലേബലുകൾ ലഭിക്കുന്നതിന്റെ കാരണങ്ങൾ നന്നായറിയാവുന്ന ഒരാളാണ് നോവലിലുള്ള കെ. എന്ന എഴുത്തുകാരൻ (നോവലിസ്റ്റ് അശോകൻ ചരുവിലും അങ്ങനെ തന്നെ). ചരിത്രപരമായ ഒരു ദൗത്യം നിറവേറ്റുകയാണ് താൻ എന്നും അതിനാൽ ഭാവി തന്റെ ഈ പ്രവർത്തനം ശരിയായിരുന്നു എന്നു വിലയിരുത്തുമെന്നും കെ. എന്ന എഴുത്തുകാരൻ വിചാരിക്കുന്നു. തന്നെ എതിർക്കുന്നവരുടെ മനോഭാവങ്ങൾ ഊറിക്കൂടി ഉറച്ചുപോയത്​ എങ്ങനെ എന്ന ചരിത്രപരമായ അറിവ് അവരെ അനുതാപത്തോടെയും ആത്മപരിഹാസത്തോടെയും കൈകാര്യം ചെയ്യാൻ ആഖ്യാതാവിനെ പ്രാപ്തനാക്കുന്നു.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 18 ന്റെ കവർ

കാട്ടൂർ കടവിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന നോവലിസ്റ്റ് ദേശത്തിന്റെ മനസ്സ് സൂക്ഷ്മമായി വെളിപ്പെടുത്തുന്നുണ്ട്. അതു കേരളത്തിന്റെ തന്നെ സാമൂഹ്യമനസ്സിലൂടെയുള്ള പ്രയാണമായിത്തീരുന്നു. പ്രക്ഷോഭങ്ങളും നവോത്ഥാനപരിശ്രമങ്ങളും യാഥാസ്ഥികത്വത്തിന്റെ അവശേഷിപ്പും ആധുനികതയുടെ കടന്നുവരവും എല്ലാം നോവലിൽ വരച്ചുകാട്ടപ്പെടുന്നു. കാട്ടൂർകടവിന്റെ മനോഗതം അവിടെ ജീവിച്ചുമരിക്കുന്ന മനുഷ്യരുടെ കഥകളിലൂടെ നോവലിസ്റ്റ് പിടിച്ചെടുക്കുന്നു. അവരുടെ ജീവിതാനുഭങ്ങളുടെ സത്ത അടിയിൽനിന്നും മുകളിൽനിന്നുമുള്ള നോട്ടങ്ങൾ സമ്മേളിപ്പിച്ചാണ് കുറുക്കിയെടുത്ത് അവതരിപ്പിക്കുന്നത്. സാധാരണയായി ആഖ്യാനത്തിനിടെ മറച്ചുവെയ്ക്കപ്പെടാറുള്ള പലതും അവിചാരിതമായി തുറന്നെഴുതി ആശ്ചര്യപ്പെടുത്തുന്ന ഒരു ശൈലി ഈ നോവലിൽ കാണുന്നു. ഇത്​ ഈ നോവലിനുചേർന്ന ഒരു സങ്കേതമായി അടയാളപ്പെടുന്നതു കാണാം. കെ. എന്ന എഴുത്തുകാരനും ഡി. കാട്ടൂർ കടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഖ്യാനം മുന്നേറുന്നതിനനുസരിച്ച് വായനക്കാർ കൂടുതൽ കൂടുതൽ ആലോചനയിൽ മുഴുകും. കെ. എന്ന എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ഡി. കാട്ടൂർ കടവ് അതിനെഴുതുന്ന കമന്റുകളും ആണ് അവർക്ക് മുന്നിലുള്ളത്. ഡി. കാട്ടൂർ കടവ്, കെ. എന്ന എഴുത്തുകാരന്റെ ആത്മസത്തയുടെ അവിഭാജ്യഭാഗമാണല്ലോ എന്ന് ചിന്തിക്കുന്ന അവസരത്തിൽ പൊടുന്നനെ നോവലിസ്റ്റ് തന്നെ ആ സൂചനയുമായി എത്തുന്നു. മുന്നൂറ്ററുപത്തിയൊന്നാം പേജിൽ കെ. എന്ന എഴുത്തുകാരൻ ഡി. കാട്ടൂർ കടവിന്റെ പ്രൊഫൈൽ എടുത്ത് മെസഞ്ചറിൽ ഇങ്ങനെ എഴുതുന്നു: ‘...സുഹൃത്തേ, എന്റെ ഉള്ളിൽ നിന്നാണോ നിങ്ങൾ സംസാരിക്കുന്നത്? എന്ന്, സ്വന്തം കെ.'

വിവിധ ധാരയിലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രീയ നിലപാടുകളേയും പ്രവർത്തകരേയും അവരുടെ പരിണാമങ്ങളേയും അടുത്തുനിന്ന് വീക്ഷിക്കുന്ന ഒരു കഥാകരനുമാത്രമേ ഇത്ര റിയലിസ്റ്റിക്കായ വരച്ചുവയ്ക്കൽ സാധ്യമാവൂ.

ദിമിത്രിയുടെ വിനിമയങ്ങളും പരിണാമങ്ങളും ഏറെ കാരണങ്ങളാൽ നോവലിലെ ഏറ്റവും ചിന്തോദ്ദീപകമായ ഉപാഖ്യാനമാണ്. പി.കെ. മീനാക്ഷി എന്ന ഉറച്ച സഖാവിന്റെ ഉദരത്തിലാണ് ദിമിത്രിയുടെ പിറവി. പുല്ലാനിക്കൽ ചന്ദ്രശേഖരൻ എന്ന ആദ്യകാല കമ്യൂണിസ്റ്റ് ആണ് അയാളുടെ പിതാവ്. പ്രണയവിവാഹത്തിൽ പിറന്ന സന്താനം. ആ ദാമ്പത്യം കുറച്ചുമാസങ്ങളേ നീണ്ടുനിന്നുള്ളൂ. താൻ എത്തിപ്പെട്ട എല്ലാ ജീവിതസാഹചര്യങ്ങളിലും തന്റെ അമ്മയുടെ ജാതിയിലുള്ള കീഴ്‌നില പരാമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തതിന്റെ അനുഭവവും ഓർമകളുമാണ് അയാൾക്കുള്ളത്. സ്‌കൂളിലും ഓഫീസിലും ബന്ധുവീടുകളിലും നാട്ടിലും എല്ലാം ആ വിവേചനം അയാൾക്കനുഭവപ്പെട്ടു. തറവാടിന്റേയും കുടുംബത്തിന്റേയും ജാതിവിശ്വാസത്തെ അടിസ്ഥാനപരമായി ഭേദിച്ച് പുറത്തുവരാൻ കഴിയാതെ തന്റെ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തേണ്ടിവന്നവനാണ് ദിമിത്രിയുടെ പിതാവ്. ദിമിത്രിയുടെ ജീവിതയാത്രയിലെല്ലാം ആ പിതാവും അകമേ മകനെ പിന്തുടരുന്നുണ്ട്. പരസ്പരം പുറംതള്ളുന്ന രണ്ട് വീക്ഷണങ്ങളുടെ സംയോഗവും പിളർപ്പും ദിമിത്രിയുടെ വ്യക്തിത്വത്തിലുണ്ട്. അതിന്റെ ഫലമായുള്ള സംത്രാസമാണ് അയാളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനം. കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയതിന്റെ ഫലമായാണ് അയാൾ ജയിലിൽ അടയ്ക്കപ്പെടുന്നത്. അതറിഞ്ഞാണ് ധീരയായ മീനാക്ഷി തളരുന്നതും മരണത്തെ പുൽകുന്നതും. ദിമിത്രിയുടെ ജീർണാവസ്ഥയിലേയ്ക്കുള്ള പരിവർത്തനത്തിൽ ഈ സംഘർഷമാവണം പ്രധാന പങ്കുവഹിച്ചത്. ദിമിത്രിയുടെ ഉള്ളിൽ സഖാവ് പി കെ മീനാക്ഷിയും സവർണതയുമായി കണക്കുതീർക്കാൻ കഴിയാത്ത ചന്ദ്രശേഖരനുമുണ്ട്. ഊണിലും ഉറക്കത്തിലും അവരുണ്ട്. അവർ അയാളുടെ മനസ്സിലിരുന്ന് പടവെട്ടുന്നുണ്ട്. ഏതെങ്കിലും ഒരാളെയായി അയാൾക്ക് ഒരിക്കലും ഉപേക്ഷിക്കാനുമാവില്ല.

നോവലിന്റെ അവസാനം തന്നെ നിരന്തരം പിന്തുടർന്നിരുന്ന അപകർഷതയുടേയും വേദനയുടേയും പാടുകളെ മായ്ച്ചുകളയാൻ ദിമിത്രിക്ക് സാധിക്കുന്നതായാണ് കാണുന്നത്. പുതിയ കാലത്തിന് പുതിയ പദവി മാനദണ്ഡങ്ങളുണ്ട്. അതയാൾ സ്വീകരിക്കുന്നു. താനുൾപ്പെടുന്ന വർഗത്തിന്റെയോ വംശത്തിന്റേയോ വിമോചനം ലക്ഷ്യമാക്കാത്ത വ്യക്തിവിമോചനം മുതലാളിത്ത സമൂഹം അനുവദിക്കും. വർഗവിമോചനമാണ് അതൊരിക്കലും സ്വയമേവ അനുവദിക്കാത്തത്. ദിമിത്രിയുടെത് വ്യക്തിവിമോചനമായിരുന്നു. വരേണ്യതയിലേക്കുള്ള, ദിമിത്രിയെന്ന വ്യക്തിയ്ക്കമാത്രമുള്ള പ്രവേശനം. സഖാവ് മീനാക്ഷിയുടേയും കണ്ടൻകുട്ടിയാശാന്റേയും ജനതയെ കൂടെക്കൂട്ടാതിരുന്നാൽ മാത്രം ലഭിക്കുന്ന ഒന്ന്. ഈ പരിണാമം യുക്തിസഹമല്ലെന്ന ബി. രാജീവന്റെ വിമർശനം വി വിജയകുമാർ അവതാരികയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ, ദിമിത്രിയുടെ പരിണതിയെക്കുറിച്ച് അങ്ങനെ പറയാനാവില്ലെന്ന് തോന്നുന്നു. ആന്തരികമായി വൈരുദ്ധ്യം അനുഭവിക്കുന്ന ഒരാൾ എന്നും ജീവിതത്തിൽ വിജയിക്കുന്നവരെ വിദ്വേഷമനഃസ്ഥിതിയോടെ സമീപിക്കുന്നു. വിജയിച്ച മനുഷ്യരെ നിരന്തരം പിന്തുടരുന്നു. എല്ലാവിധ ഒളിച്ചോട്ടങ്ങളിലും വ്യാപരിക്കുന്നു. അപ്പോഴും വിജയിയായി സമൂഹത്തിൽ ജീവിക്കാൻ ഏറ്റവും തീവ്രമായി ഉള്ളിൽ കൊതിക്കുന്നു.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിലേയ്ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കടന്നുവന്ന അനേകം നിസ്വരായ മനുഷ്യർ പ്രസ്ഥാനത്തോട് അചഞ്ചലമായ കൂറു പുലർത്തിയവരായിരുന്നു. അവർ തങ്ങൾക്ക് പാരമ്പര്യമായി ലഭിച്ച കലയും ആചാരവും കൈവിട്ടില്ല. പ്രസ്ഥാനത്തേയും ഒപ്പം നെഞ്ചോട് ചേർത്തുപിടിച്ചു.

കണ്ടൻകുട്ടി ആശാൻ നോവലിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊരാളാണ്. അയാൾ കറകളഞ്ഞ കമ്യൂണിസ്റ്റാണ്. വാദ്യകലാകാരനാണ്. നന്തുണി ആണ് അയാളുടെ വാദ്യോപകരണം. വേലൻ എന്ന കീഴ്ജാതിപദവി സമൂഹത്താൽ കൽപ്പിച്ചുകിട്ടിയ മനുഷ്യനാണ്. ഭക്തനും മന്ത്രവാദിയുമാണ്. ലോകത്തിലെ ഏക കമ്യൂണിസ്റ്റ് മന്ത്രവാദിയായിരിക്കും നിന്റെ അമ്മയുടെ അച്ഛൻ എന്ന് ദിമിത്രിയോട് പറയുന്നത് മാവോയിസ്റ്റായി മാറിയ രഘൂത്തമനാണ്. ‘വേലക്കൂടീന്ന് കൊട്ടാനെറങ്ങ്യോരിക്ക് വെയർപ്പ് മാത്രമല്ല; കണ്ണീരും വിധിച്ചിട്ടുണ്ട്' എന്ന് ശിവരാമനോട് പറയാനുള്ള അനുഭവസമ്പത്ത് ആശാനുണ്ട്. ചരിത്രബോധവും വർഗബോധവുമുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയിലേയ്ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കടന്നുവന്ന അനേകം നിസ്വരായ മനുഷ്യർ അത്തരക്കാരായിരുന്നു. പ്രസ്ഥാനത്തോട് അചഞ്ചലമായ കൂറുപുലർത്തിയവരായിരുന്നു അത്തരക്കാർ. അവർ തങ്ങൾക്ക് പാരമ്പര്യമായി ലഭിച്ച കലയും ആചാരവും കൈവിട്ടില്ല. പ്രസ്ഥാനത്തേയും ഒപ്പം നെഞ്ചോട് ചേർത്തുപിടിച്ചു. നേതാക്കളെ തങ്ങളുടെ കൂരകളിൽ സുരക്ഷിതമായി പാർപ്പിച്ചു. ഏറ്റവും വിശ്വസ്തതയോടെ പൊലീസ് വേട്ടയിൽ നിന്നും നേതാക്കളെ കാത്തു. അവരുടെ പ്രതിനിധി കൂടിയാണ് കണ്ടൻകുട്ടി ആശാൻ.

ജീവിതത്തിൽ ഒരു അവസരത്തിലേ ആശാന് ഉത്തരം മുട്ടിയിട്ടുള്ളൂ. ഭാര്യ കൗസല്യ മരിച്ചപ്പോൾ ആരു ചെമ്പതാക പുതപ്പിക്കണം എന്നുള്ള ചോദ്യത്തിനു മറപടി പറയേണ്ടിവന്ന സന്ദർഭത്തിൽ. തീക്കട്ട ഉറുമ്പരിച്ചാലും കമ്യൂണിസ്റ്റ് പ്രസ്ഥാനം പിളരില്ലെന്ന് വിശ്വസിച്ചിരിക്കണം മറ്റ് അനേകം പ്രവർത്തകരെപ്പോലെ കണ്ടൻകുട്ടി ആശാനും. പക്ഷേ, പ്രസ്ഥാനം പിളർന്നിരിക്കുന്നു എന്ന വാസ്തവത്തിനുമുമ്പിൽ ആശാൻ മൗനിയായി. സംവാദങ്ങൾ എന്നു പേരിട്ടിരിക്കുന്ന അധ്യായത്തിലെ ഈ സന്ദർഭം ഉള്ളുലയ്ക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. 1964-ൽ സംഭവിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പിളർപ്പ് സാധാരണക്കാരായ പ്രവർത്തകരിലുണ്ടാക്കിയ മാനസികസംഘർഷവും നൈരാശ്യവും വിമുഖതയും നോവലിൽ പലയിടങ്ങളിലായി പ്രതിപാദിക്കപ്പെടുന്നുണ്ട്. കെ. എന്ന എഴുത്തുകാരൻ ജർമനിയിലെ തന്റെ താമസത്തിനിടയിൽ കാണുന്ന സ്വപ്നത്തിൽ സി.പി.ഐ.യിലേയ്ക്കും സി.പി.ഐ-എമ്മിലേയ്ക്കും നക്‌സലൈറ്റ് ഭാഗത്തേയ്ക്കും പോയ മൂന്നു സഖാക്കൾ ഒന്നിച്ചുനടക്കുന്നതിന്റെ ദൃശ്യമുണ്ട്. അതൊരു സൂചനയായി എടുക്കാമെങ്കിൽ ഭാവിയിൽ നടക്കേണ്ടുന്ന കൂടിച്ചേരലിനുള്ള ആഗ്രഹപ്രകടനമാണതിലുള്ളത്.

മിഴിവാർന്ന നിരവധി കഥാപാത്രങ്ങൾ നോവലിലുണ്ട്. ചിത്രീകരണത്തിലെ തന്റെ കൃതഹസ്തതയ്‌ക്കൊപ്പം നോവലിസ്റ്റിന്റെ വൈരുധ്യാത്മകചിന്തയും ചരിത്രബോധവും ആയിരിക്കും നോവലിസ്റ്റിനെ ഇക്കാര്യത്തിൽ സഹായിച്ചിരിക്കുക. ഓരോ കഥാപാത്രത്തിന്റെ പരിചരണത്തിലും ഇതു കാണാം. അവരുടെ വിനിമയങ്ങളിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സ്വാഭാവികതയും യഥാതഥത്വവും പ്രകടമാണ്. അവരുപയോഗിക്കുന്ന ഭാഷ ഏറെ ഔചിത്യപൂർവ്വം ഉപയോഗിച്ചതായി കാണാം. മീനാക്ഷിയുടേയും അമ്മ കൗസല്യയുടേയും സൃഷ്ടിയിൽ പ്രസ്ഥാനത്തിലെ സ്ത്രീകൾ കാണിച്ച പോരാട്ടവീറും സഹിച്ച ത്യാഗങ്ങളും സത്യസന്ധമാംവിധം ആവിഷ്‌കൃതമായിട്ടുണ്ട്. കുഞ്ഞുമൊയ്തീനും സംഗമേശ്വരൻ നായരും പി. കെ. ബാലനും നാം പലയിടത്തും കണ്ടുമുട്ടിയ സഖാക്കളാണ്. വിവിധ കമ്യൂണിസ്റ്റ് ധാരയിൽ നിന്നുകൊണ്ട് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനം നടത്തുന്നവർ. അവരുടെ മനോഗതങ്ങൾ അടുത്തറിഞ്ഞവതരിപ്പിച്ചിട്ടുണ്ട് നോവലിസ്റ്റ്. വിവിധ ധാരയിലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രീയ നിലപാടുകളേയും പ്രവർത്തകരേയും അവരുടെ പരിണാമങ്ങളേയും അടുത്തുനിന്ന് വീക്ഷിക്കുന്ന ഒരു കഥാകരനുമാത്രമേ ഇത്ര റിയലിസ്റ്റിക്കായ വരച്ചുവയ്ക്കൽ സാധ്യമാവൂ.

നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നവരാണ്. തങ്ങളുടെ നിശ്ചയങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ എതിർഭാഗത്തോടുള്ള മനുഷ്യരോടും അവർ അലിവുള്ളവരാണ്.

ആത്മാവിന്റെ ശരികളുടെ പിന്നാലെ പോയ വേറെയും കഥാപാത്രങ്ങളുണ്ട് നോവലിൽ. പുല്ലാനിക്കാട്ടെ കറുപ്പയ്യ നാരായണഗുരുവിന്റെ പൈതൃകവുമായി ആഖ്യാനത്തെ ബന്ധിപ്പിക്കുന്ന നിതാന്തസഞ്ചാരിയാണ്. ഒരു കാലത്ത് ജയിൽ വിമോചിതനായി കൊളംബിൽ പോയി അധ്വാനിച്ച് സമ്പന്നനാകുകയും തിരിച്ചുവന്ന് വീണ്ടും ജയിലിൽ ആവുകയും ചെയ്ത മനുഷ്യൻ. 92ാം വയസ്സിൽ ഭാര്യയേയും മകനേയും കൊന്ന് ചത്രാപ്പ് കായലിലെ ഓളങ്ങളിലേക്ക് നടന്നുചെന്ന ഇംഗ്ലീഷ് രാമൻകുട്ടി നായർ. ഹെർബർട്ട് സ്‌പെൻസർ ഫാമിന്റെ തലൈവരായ വേദനായകവും നടത്തിപ്പുകാരനായ തെനാദിയരും. വെള്ളപ്പൊക്കം അവസാനിച്ചപ്പോൾ അന്തർദ്ധാനം ചെയ്ത കൽക്കത്ത മാധവൻ (2018-ലെ വെള്ളപ്പൊക്കവും അതിന്റെ ഭയാനകതയും നോവൽഗാത്രത്തെ പ്രത്യേക കാലത്തിൽ ഉറപ്പിച്ചുനിർത്തുന്നു). എൺപതുകളുടെ ആദ്യപകുതിയിൽ അന്തർദ്ധാനം ചെയ്ത ചക്രപാണി വാര്യർ. മീനാക്ഷിയുടേയും ചന്ദ്രശേഖരന്റേയും മിശ്രവിവാഹം നടത്തുന്നതിൽ പങ്കുവഹിച്ച വാര്യർ 1968-ൽ നക്‌സലൈറ്റ് പക്ഷത്തേയ്ക്ക് പോയ ആളാണ്. വാര്യരുടെ മരുമകനാണ് മാവോയിസ്‌റാറായി മാറിയ രഘൂത്തമൻ.

അശോകൻ ചരുവിൽ

നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നവരാണ്. തങ്ങളുടെ നിശ്ചയങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ എതിർഭാഗത്തോടുള്ള മനുഷ്യരോടും അവർ അലിവുള്ളവരാണ്. പി.കെ. മീനാക്ഷി എന്ന സഖാവിനെക്കൂടാതെ പുല്ലാനിക്കാട്ടെ വല്യമ്മയും മുത്തുലക്ഷ്മിയുമാണ് മറ്റു രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങൾ. ദിമിത്രിയുടെ അച്ഛൻ ചന്ദ്രശേഖരന്റെ അമ്മയാണ് പുല്ലാനിക്കാട്ടെ വല്യമ്മ. ദിമിത്രിയെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുപോയി അയാൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് അവരാണ്. സവർണരായ തന്റെ ബന്ധുക്കളുടെ എതിർപ്പും പരിഹാസവും നേരിട്ടുകൊണ്ടുതന്നെയാണ് സംഘർഷങ്ങൾ നിറഞ്ഞ ജീവിതസന്ദർഭങ്ങളിൽ അവർ മാനവികതയുടെ പതാക ഉയർത്തിപ്പിടിക്കുന്നത്. തനിക്ക് ലഭിച്ച സ്ഥലം ദിമിത്രിക്ക് അവകാശപ്പെടുത്തിക്കൊണ്ടാണ് അവർ അയാളുടെ ഭാവിയെ സുരക്ഷിതമാക്കാൻ ശ്രമിച്ചത്. മീനാക്ഷിയെ അകമേ സ്‌നേഹിച്ചംഗീകരിച്ച ഒരാൾ കൂടിയായിരുന്നു അവർ. ആഢ്യത്വം കുറച്ചുകൂടുതലുള്ള പുല്ലാനിക്കാട്ടുകാരും ആറാട്ടുകടവുകാരും തൊട്ടുതാഴെയുള്ളവരോട് അയിത്തം കൽപ്പിച്ചവരായിരുന്നു. ജാതിയുടെ ശ്രേണീകരണം സൃഷ്ടിക്കുന്ന മാനസികസംഘർഷങ്ങളിൽ മനുഷ്യർ പെട്ടുപോകുന്നതിന്റെ ദൃഷ്ടാന്തമാണ് അവരുടെ നിസ്സഹായാവസ്ഥ. വിദ്യാർത്ഥിജീവിതകാലത്തുതന്നെ റാഡിക്കൽ ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയിരുന്ന കാവേരി എന്ന മുത്തുലക്ഷ്മി ആണ് ശ്രദ്ധേയയായ മറ്റൊരു കഥാപാത്രം. ദിമിത്രിയുടെ വിദ്യാർത്ഥിജീവിതകാലത്തെ പ്രണയിനി. തെരുവിൽ വളർന്ന അവൾ മുതിർന്നപ്പോൾ മാവോയിസ്റ്റായി മാറി. ജയിലിൽ നിന്നും പരോളിലെത്തി പി.കെ. മീനാക്ഷിയ്ക്ക് അന്തിമാഭിവാദ്യം അർപ്പിച്ചവളാണ് മുത്തുലക്ഷ്മി.

ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ശേഷം മലയാളത്തിൽ വന്നിട്ടുള്ള നോവലുകൾ വൈവിധ്യപൂർണമായ ആഖ്യാനരീതികളാണ് അവലംബിച്ചത്. ജീവിതത്തിന്റെ അതിസങ്കീർണതയെ സൂക്ഷ്മമായി ആവിഷ്‌കരിക്കാൻ ആഖ്യാനത്തിലെ ഈ പലമകൾ സഹായകമായിട്ടുണ്ട്.

സവർണതയുടെ വക്താവായ നികുഞ്ജത്തിൽ മേനോന്റെ ആശിർവാദത്തോടെ നടക്കുന്ന കൊളംബ് ബംഗ്ലാവിലേയ്ക്കുള്ള പുനഃപ്രവേശം ദിമിത്രിയുടെ പുതുകാലപ്രവേശം കൂടിയാണ്. വായനമുറിയും പുസ്തകങ്ങളും കറുപ്പയ്യസ്വാമിയുടെ ഛായാചിത്രവും എടുത്തുമാറ്റി കേടുതീർത്ത് നവീകരിച്ച ബംഗ്ലാവാണ് തന്റെ അപകർഷതാബോധത്തെ ഒഴുക്കിക്കളഞ്ഞ ദിമിത്രി പുതുജീവിതത്തിന് തെരഞ്ഞെടുത്തത് എന്നത് അർത്ഥവത്താണ്. വേലൻതുരുത്തിലെ തോറ്റം എന്ന വീടുകൂടി വിറ്റ് ആ ഓർമകളുടെ സകല കെട്ടുപാടുകളും തീർക്കാൻ അയാൾക്കാഗ്രഹവുമുണ്ട്. അതേസമയം, കെ. എന്ന എഴുത്തുകാരനെ ഹെർബർട് സ്‌പെൻസർ ഫാമിലാണ് നാം കാണുന്നത്. ദിമിത്രി ഉപേക്ഷിച്ചുപോന്ന സ്ഥലത്താണ് നിരാശനായ അയാൾ ചെന്നെത്തുന്നത്. വിചിത്രമായ വിപര്യയം. ‘സഞ്ചരിച്ചുകൊണ്ടേയിരിക്കണം. ഒരിടത്ത് കൂടുതൽ തങ്ങിയാൽ കാർമേഘങ്ങൾ പോലെ മനസ്സിൽ ദുഃഖം ഉരുണ്ടുകൂടും' , കെ. യുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് ഈ വാക്യങ്ങളോടെയാണ്. അതിന് ആദ്യമായി സ്‌മൈലി കമന്റായി ഇട്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു ദിമിത്രി.

ചിത്രീകരണം: ഇ. മീര

ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ശേഷം മലയാളത്തിൽ വന്നിട്ടുള്ള നോവലുകൾ വൈവിധ്യപൂർണമായ ആഖ്യാനരീതികളാണ് അവലംബിച്ചത്. ജീവിതത്തിന്റെ അതിസങ്കീർണതയെ സൂക്ഷ്മമായി ആവിഷ്‌കരിക്കാൻ ആഖ്യാനത്തിലെ ഈ പലമകൾ സഹായകമായിട്ടുണ്ട്. ചരിത്രത്തിനും മറ്റു വിവിധ സാമൂഹ്യശാസ്ത്രവ്യവഹാരങ്ങൾക്കും ആവിഷ്‌കരിക്കാൻ കഴിയാത്ത സങ്കീർണമായ തലങ്ങളാണ് കലയിലൂടെയും സാഹിത്യത്തിലൂടെയും പ്രകാശിതമാവുന്നത്. നോവൽ വലിയ ക്യാൻവാസിൽ ഇതു സാധ്യമാക്കുന്നു. ലളിതവും ഋജുവുമായ അനുഭവങ്ങൾ നിറഞ്ഞ ആഖ്യാനത്തിലൂടെയാണ് അശോകൻ ചരുവിലിന്റെ സാഹിത്യസൃഷ്ടികൾ ഈ ധർമം നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ദാർശനിക സാഹിത്യ ചർച്ചകൾ നോവലിൽ ഉൾക്കൊള്ളിച്ചുകൊണ്ടല്ല അശോകൻ കഥാപാത്രങ്ങൾക്ക് വലിയ മാനം നൽകുന്നത്. സങ്കീർണതകളെ ഉൾവഹിക്കുന്ന ജീവിതാനുഭവങ്ങളുടെ സവിശഷമായ ആഖ്യാനത്തിലൂടെയാണത് നിർവഹിക്കപ്പെടുന്നത്. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തെ പഠിക്കുന്നതിൽ നിന്നും ലഭിക്കുന്ന ദാർശനികഗരിമ മറ്റൊന്നിൽ നിന്നും ലഭിക്കുകയില്ലെന്ന് നോവലിസ്റ്റ് കരുതുന്നുണ്ടാവണം. എല്ലാ ദാർശനികപദ്ധതികളും മാറ്റുരച്ച് നോക്കുന്നിടം മനുഷ്യജീവിതമാണല്ലോ. ▮

Comments