പുല്ലും കീടവും കിളിയും
മീനും മനുഷ്യരുമെല്ലാമുള്ള
ഭൂപടങ്ങൾ

പരിസ്ഥിതിയുടെ ആരോഗ്യം പരിപാലിച്ചുകൊണ്ടുമാത്രമേ വ്യക്തിയുടെ ആരോഗ്യവും തദ്വാരാ സമൂഹത്തിന്റെ ആരോഗ്യവും നിലനിർത്താൻ കഴിയൂ എന്ന് ഊന്നിപ്പറയുന്ന പുസ്തകമാണ് ഡോ. ടി.വി. സജീവിന്റെ ‘എല്ലാവർക്കുമിടമുള്ള ഭൂപടങ്ങൾ’- സി എസ് മീനാക്ഷി എഴുതുന്നു.

പ്രപഞ്ചത്തിലെ ചേതനവും അചേതനവുമായ എല്ലാ സത്തകളേയും പുണരുന്ന പുസ്തകമാണ് ഡോ. ടി.വി. സജീവ് എഴുതിയ ‘എല്ലാവർക്കുമിടമുള്ള ഭൂപടങ്ങൾ.’ പാറകളും പർവ്വതങ്ങളും മഞ്ഞും മഴയും മരവും പുല്ലും കീടവും സൂക്ഷ്മാണുക്കളും ശലഭവും കിളിയും കടുവയും മാനും മീനും മനുഷ്യനും തമ്മിലുള്ള കൊള്ളകൊടുക്കലുകളും, എല്ലാറ്റിലൂടെയും കടന്നുപോകുന്ന ജൈവാജൈവ പ്രക്രിയകളുടെ ചാക്രികതകളും വിഷയമാകുന്നുണ്ടിതിൽ. ജൈവമനുഷ്യനും സമൂഹമനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ ഇതിൽ പലയിടത്തും നാം കണ്ടുമുട്ടും. വികസനം എന്ന പ്രലോഭനത്തിന്റെ കനകപ്രഭയിൽ കണ്ണു മഞ്ഞളിച്ച മുതലാളിത്തശക്തികളും ഭരണകൂടങ്ങളും ‘വളർച്ച’യ്ക്കു വേണ്ടി കൈകോർക്കുന്നതും, പാവങ്ങൾ ആ വെളിച്ചത്തിനപ്പുറമുള്ള ഇരുട്ടിൽ എന്നെന്നും തപ്പിത്തടയുന്നതും സൗകര്യങ്ങളിൽ തൃപ്തരായി കഴിയുന്ന ഓരോ മനുഷ്യനേയും അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഈയൊരു അസ്വസ്ഥതയാണ് ഇരിക്കപ്പൊറുതി കൊടുക്കാതെ സജീവിനെ നയിക്കുന്നതും.

പലകാലങ്ങളിലെഴുതിയ, പരിസ്ഥിതിസംബന്ധമായ ചെറു കുറിപ്പുകൾ, പരിസ്ഥിതിപ്രവർത്തകനായ ക്ളോഡ് അൽവാരിസുമായുള്ള ദീർഘസംഭാഷണം, സജീവുമായി റംസീന ഉമൈബ, ഷബീൽ കൃഷ്ണൻ എന്നിവർ നടത്തുന്ന സംഭാഷണങ്ങൾ എന്നിവയടങ്ങിയ ഈ പുസ്തകം വികസനവാദി – പരിസ്ഥിതിവാദി സ്പെക്ട്രത്തിലെ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടും. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ആഗോളതാപനം, കാർബൺപാദമുദ്ര, വായുവിന്റെയും,ജലത്തിന്റെയും മലിനീകരണം, പകർച്ചവ്യാധികളുടെ പടർച്ച എന്നീ പ്രശ്നങ്ങളെ ശാസ്ത്രീയമായി വിവരിക്കുന്നതിനൊപ്പം അവയൊക്കെ തമ്മിലുള്ള, പലപ്പോഴും അദൃശ്യമായിരിക്കുന്ന വലബന്ധം മനസ്സിലാക്കാനും അവയെ കൈകാര്യം ചെയ്യാനും ഈ ഗ്രഹത്തെ കൂടുതൽ ജൈവസൗഹൃദാത്മകമാക്കാനുമുള്ള പരിഹാരമാർഗ്ഗങ്ങൾ കൂടി നിർദ്ദേശിക്കുന്നുണ്ട് സജീവ്.

‘ഏതു ഗ്രൂപ്പ്ഫോട്ടോയിലും അവനവനെ തേടുന്ന മനുഷ്യൻ’ എന്ന കെ.ജി.എസിന്റെ വരികളെ പിൻ പറ്റി അവനവനു വേണ്ട കാഴ്ചകൾ കാണുന്ന, സ്വന്തം കാര്യം മാത്രം സ്വാർത്ഥമായി നേടിയെടുക്കുന്ന മനുഷ്യനെപ്പറ്റി രസകരമായി പറയുന്നുണ്ടിതിൽ. ‘സ്വസ്ഥരായി ജീവിക്കുന്നവരെ അസ്ഥിരപ്പെടുത്തുകയും അവരെ ആശ്രിതരായി മാറ്റുകയും ചെയ്യുന്ന പ്രക്രിയയുടെ പേരാണ് വികസനം’ എന്ന് ഇതിലൊരിടത്ത് പറയുന്നുണ്ട്. വിഭവങ്ങളൊക്കെ തട്ടിപ്പറിച്ച്, ആവാസവ്യവസ്ഥയിൽ നിന്ന് പുറന്തള്ളി ഉൽപ്പാദകരെ ഉപഭോക്താക്കളാക്കുന്ന പ്രക്രിയയാണ് വികസനം എന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. ‘വികസനം’ എന്ന സങ്കല്പത്തിനെ എങ്ങനെ സമീപിക്കണം, പക്ഷെ നമ്മൾ എങ്ങനെയാണ് സമീപിക്കുന്നത് എന്ന ആത്മവിമർശമാണ് ഈ പ്രസ്താവനകൾ. മനുഷ്യന്റെ യഥാർത്ഥവികസനം സംഭവിക്കുന്നത് പ്രകൃതിവിഭവങ്ങളുടെ വിലയും അതിന്റെ മൂല്യവും അഥവാ അമൂല്യതയും തമ്മിലുള്ള തിരിച്ചറിവുണ്ടാകുമ്പോഴാണ്. അതനുസരിച്ച് സർവ്വാശ്ലേഷിയായ ഒരു നയരൂപീകരണം നടത്തുമ്പോഴാണ്.

ശബരിമല പോലെ ഏകലിംഗസ്ഥലങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടാണ് കുടുംബം എന്ന ദ്വിലിംഗ സംവിധാനം നിലനിർത്തിപ്പോരുന്നത് എന്നിങ്ങനെ, കുടുംബം എന്ന സംവിധാനം കൊണ്ടുനടക്കുന്നതിലെ അപാകതകളെ കണക്കിന് വിമർശിക്കുന്നുണ്ട് ഡോ. ടി.വി. സജീവിന്റെ ‘എല്ലാവർക്കുമിടമുള്ള ഭൂപടങ്ങൾ’ എന്ന പുസ്തകം.

പരിസ്ഥിതിയുടെ ആരോഗ്യം പരിപാലിച്ചുകൊണ്ടുമാത്രമേ വ്യക്തിയുടെ ആരോഗ്യവും തദ്വാരാ സമൂഹത്തിന്റെ ആരോഗ്യവും നിലനിർത്താൻ കഴിയൂ എന്ന് ഊന്നിപ്പറയുന്നുണ്ട്. സൂക്ഷ്മജീവികളുടെ ആവാസസ്ഥലമായ വവ്വാലുകളെപ്പോലെയുള്ള ജന്തുക്കളുടെ ആവാസവ്യവസ്ഥകൾ തകർക്കുമ്പോൾ അത് മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഒരു വലിയ പ്രദേശത്തിന്റെ ഇക്കോളജിയെ ആരോഗ്യകരമായി സൂക്ഷിക്കാൻ, മലിനീകരണം കുറയ്ക്കാൻ, നമ്മുടെ കാർഷിക-വന സമ്പത്ത് വ്യവസ്ഥയെ വീണ്ടെടുക്കുവാൻ, സർവ്വോപരി ഗ്രാമസഭകളെ ആസൂത്രണത്തിലും പ്രവർത്തനങ്ങളിലും പങ്കെടുപ്പിച്ചുകൊണ്ട് ജനാധിപത്യത്തെ അതിന്റെ അക്ഷരാർത്ഥത്തിൽ ഫലപ്രദമാക്കാൻ ഉതകുന്ന ഒരു റിപ്പോർട്ടായിരുന്നു നമ്മൾ ഗാഡ്ഗിൽ റിപ്പോർട്ടെന്ന് വിളിക്കുന്ന Report of the Western Ghats Ecology Expert Panel. എന്നാൽ ആ റിപ്പോർട്ടിനെ എങ്ങനെയൊക്കെ സ്റ്റേറ്റും സമൂഹവും സ്വീകരിച്ചു എന്നു നമുക്കറിയാം. മലയാളത്തിൽ വരുംമുൻപ് തന്നെ അതിലെ ഉള്ളടക്കത്തെപ്പറ്റി മലയോര കർഷകരെ തെറ്റിദ്ധരിപ്പിച്ച സഭാനേതൃത്വത്തെ ഫ്രാൻസിസ് മാർപ്പാപ്പയുടെ 2015- ലെ encyclical രേഖയിലെ വിശാലമായ പരിസ്ഥിതി വീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി സജീവ് വിമർശിക്കുന്നുണ്ട്. പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ഈ പുസ്തകത്തിൽ പല സന്ദർഭങ്ങളിലും എടുത്തു പറയുന്നുണ്ട്.

അനധികൃത ക്വാറികളെ ചോദ്യം ചെയ്തതിന്റെ പേരിൽ വ്യക്തിപരമായി ക്രൂശിക്കപ്പെട്ട ശാസ്ത്രജ്ഞനാണ് സജീവ്. ജി പി എസ്, ക്യൂജിസ് തുടങ്ങിയ വിവിധ സാങ്കേതികവിദ്യകളുടെയും സാറ്റ് ലൈറ്റ് ചിത്രങ്ങളുടെയുമൊക്കെ അടിസ്ഥാനത്തിൽ കേരളത്തിലെ ക്വാറികളുടെ എണ്ണം, വനവും മനുഷ്യവാസപ്രദേശങ്ങളുമായുള്ള അകലം, കടൽനിരപ്പിൽനിന്നുള്ള ഉയരം, പരിസ്ഥിതിലോലമേഖലകളിൽ എത്ര ക്വാറികൾ വരുന്നു എന്നീ വിവരങ്ങളടങ്ങിയ വിശദമായ പഠനം സജീവിന്റെ നേതൃത്വത്തിലുള്ള KFRI ടീം നടത്തുകയും സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. അത്തരം ശാസ്ത്രീയപഠനങ്ങൾ ഭരണനിർവ്വഹണത്തിന് ഉപയോഗപ്രദമാകണമെന്നാണ് ഈ പുസ്തകം ഊന്നിപ്പറയുന്നത്.

ശാസ്ത്രപഠനത്തെക്കുറിച്ച്, ചുറ്റുപാടുകളിൽ നിന്ന് ശാസ്ത്രപഠനം ആരംഭിക്കണം, മാതൃഭാഷയിൽ പഠിക്കണം, കുട്ടികളെ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുംവിധം ശാസ്ത്രം പഠിപ്പിക്കണം, വിവിധ ശാസ്ത്രമേഖലകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കിക്കൊടുക്കണം എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അതല്ലാത്തതുകൊണ്ടാണ് ഒരു ഭാഗത്ത് മംഗൾയാൻ അയക്കുകയും മറുഭാഗത്ത് ചൊവ്വാദോഷത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറിയത് എന്ന് പുസ്തകത്തിലെ പല ആശയങ്ങളെ നമുക്ക് കൂട്ടി വായിക്കാം. ശബരിമല പോലെ ഏകലിംഗസ്ഥലങ്ങൾ ഉല്പാദിപ്പിച്ചുകൊണ്ടാണ് കുടുംബം എന്ന ദ്വിലിംഗസംവിധാനം നിലനിർത്തിപ്പോരുന്നത് എന്നിങ്ങനെ കുടുംബം എന്ന സംവിധാനം കൊണ്ടുനടക്കുന്നതിലെ അപാകതകളെ കണക്കിന് വിമർശിക്കുന്നുണ്ട്.

അനധികൃത ക്വാറികളെ ചോദ്യം ചെയ്തതിന്റെ പേരിൽ വ്യക്തിപരമായി ക്രൂശിക്കപ്പെട്ട ശാസ്ത്രജ്ഞനാണ് ഡോ. ടി.വി. സജീവ്.
അനധികൃത ക്വാറികളെ ചോദ്യം ചെയ്തതിന്റെ പേരിൽ വ്യക്തിപരമായി ക്രൂശിക്കപ്പെട്ട ശാസ്ത്രജ്ഞനാണ് ഡോ. ടി.വി. സജീവ്.

തങ്ങൾക്കാവശ്യമുള്ളതുമാത്രം പ്രകൃതിയിൽ നിന്നും സ്വീകരിച്ച് ജീവിക്കുന്ന ആദിമവാസികളുടെ മേൽ വികസനം അടിച്ചേൽപ്പിക്കുന്ന ആധുനികഭരണസമ്പ്രദായങ്ങളുടെ ആർജ്ജവമില്ലായ്മ ഈ പുസ്തകത്തിൽ പലയിടത്തും തുറന്നുകാട്ടപ്പെടുന്നുണ്ട്. ആധുനികവൈദ്യശാസ്ത്രത്തിന്റെ നൈതികതയില്ലായ്മയും സാമ്പത്തികാർത്തിയും, ആദിമനിവാസികളുടെ തനതറിവുകൾ, അധിനിവേശസസ്യങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ, ജനിതകമാറ്റം വരുത്തിയ വിളകളുടെ നന്മതിന്മകൾ,മരത്തിന്റെ സർട്ടിഫിക്കേഷൻ നടപ്പിലാക്കുന്ന നവകോളനീകരണം, ആഗോളതാപനത്തിന്റെ രാഷ്ട്രീയം, കൂടങ്കുളം ആണവനിലയം, ആണവസാധ്യതാബിൽ, കേരളം കടന്നുപോയ പ്രകൃതിദുരന്തങ്ങൾ, കാടകങ്ങളിൽ ഇല്ലാതാകുന്ന ശബ്ദരാശി എന്നിങ്ങനെ ആഗോളകാഴ്ചപ്പാടിൽ നിന്നുകൊണ്ട് പ്രാദേശികപ്രശ്നങ്ങളെ നോക്കിക്കാണുകയും പഠിക്കുകയും ശാസ്ത്രീയപരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിന്റെ വലിയ മേന്മ.

ഗാന്ധി, അംബേദ്കർ, മാർക്സ്, ഏംഗൽസ് എന്നിവരുടെയൊക്കെ ദർശനങ്ങൾ അവസരോചിതമായി വരുന്നുണ്ട്. റോയി ഭാസ്കർ, ഡോ. അഗ്നിവേശ് എന്നിവരെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളുമുണ്ട്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ട മറ്റുപല രാജ്യങ്ങളും വച്ചു നോക്കുമ്പോൾ,അനീതികൾക്കെതിരെയുള്ള ഇന്ത്യയിലെ മനുഷ്യരുടെ പ്രതികരണശേഷിയും പോരാട്ടവീര്യവും ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല എന്നത് ഈ പുസ്തകം തരുന്ന ഒരു ശുഭ പ്രതീക്ഷയാണ്.

ഡോ. ടി.വി. സജീവ്
ഡോ. ടി.വി. സജീവ്

ഓരോരുത്തരുടേയും സ്ഥാനം വ്യത്യാസപ്പെടുന്നതുകൊണ്ടാണ് അവരുടെ കാഴ്ചകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാകുന്നത്. അതുകൊണ്ടാണ്, ‘‘മുക്കുവന്റെ പക്ഷത്തുനിന്ന് ശാകുന്തളം വായിക്കുമ്പോൾ രാജാധിപത്യം വിമർശിക്കപ്പെടുന്നു. എന്നാൽ ഒരു ലോഹവലയം വിഴുങ്ങേണ്ടിവന്ന മീനിന്റെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ പ്രകൃതിയിലുള്ള മനുഷ്യാധിപത്യമാകാം ചോദ്യം ചെയ്യപ്പെടുന്നത്’’ എന്ന് കവി പി.പി. രാമചന്ദ്രൻ എഴുതുന്നത്. ഏതാണ്ടിതേ ആശയമാണ് രണ്ടു ലോകവീക്ഷണങ്ങളെ ബന്ധിപ്പിക്കുന്ന പുഴ എന്ന ചാലിയാറിനെക്കുറിച്ചുള്ള സജീവിന്റെ ലേഖനത്തിൽ പ്രതിഫലിക്കുന്നത്: ‘ചാലിയാറിൽ ജീവിക്കുന്ന ഒരു മൽസ്യം ലോകത്തെ നോക്കിക്കാണുന്നതുപോലെയോ അല്ലെങ്കിൽ പുഴയുടെ ഇരുകരകളിലും നിൽക്കുന്ന ചെടികളും മരങ്ങളും ലോകത്തെ കാണുന്നതുപോലെയോ ഉള്ള മനസ്സിലാക്കലല്ല മനുഷ്യൻ്റേത്’.

രണ്ടുതരം മനുഷ്യരാണ് ചാലിയാറിന്റെ മുകൾതീരത്തും കീഴ്തീരങ്ങളിലും ജീവിക്കുന്നത് എന്ന് സജീവ് പറയുന്നു: മുകളിലുള്ള മനുഷ്യർക്ക് ജീവനവും ജീവനോപാധികളും പ്രകൃതിയെ ഉപജീവിച്ചായതുകൊണ്ട് അവർക്കവരുടെ ആവാസവ്യവസ്ഥ വിട്ടെവിടെയും പോകുക വയ്യ. അവർ കരുതലോടെ മിതത്വത്തോടെ പുഴയിലെ വെള്ളമുപയോഗിക്കുന്നു. താഴ്ഭാഗങ്ങളിൽ നിവസിക്കുന്ന നഗരവാസികൾക്കാകട്ടെ, ജീവിക്കാൻ അങ്ങനെ ഒരു സ്ഥലമേ പറ്റൂ എന്നില്ല. വയറ്റുപിഴപ്പിനായി എവിടെയും സഞ്ചരിക്കും. പുഴയിലെ വെള്ളം അവർക്ക് അവരുടെ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടം മാത്രമാണ്.

ഭയരഹിതമായ, നിശിതവിമർശനമാണ് ഈ പുസ്തകത്തിന്റെ ഒരു സവിശേഷത. ഭരണകൂടങ്ങളെ, മതങ്ങളെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചൂഷകരായ അപ്പോസ്തലന്മാരെ, ആണവശക്തിയുടെയും അണക്കെട്ടുകളുടെയും പ്രയോക്താക്കളെ, മന്ത്രിയിൽ നിന്നും പട്ടും വളയും സ്വീകരിച്ച് സൈലൻ്റ് വാലി ഓർമ്മ പുതുക്കിയ പരിസ്ഥിതിപ്രവർത്തകരെ എല്ലാം ഇതിൽ കാര്യകാരണസഹിതം വിമർശിക്കുന്നുണ്ട്. ഓരോ കുറിപ്പും അവസാനിക്കുന്നത് ഓരോ പഞ്ച് ലൈനിലാണ്. ഉദാഹരണത്തിന് ‘മലയാഴം’ എന്ന അദ്ധ്യായം അവസാനിക്കുന്നത് ‘ ആരും ജെ.സി.ബി വാങ്ങുന്നത് ആവശ്യം കഴിഞ്ഞാൽ ഷെഡ്ഡിലിടാനല്ലല്ലൊ’ എന്നു പറഞ്ഞുകൊണ്ടാണ്.
‘ശാസ്ത്രം ഉൽപ്പന്നമല്ല, പ്രക്രിയയാണ്’ എന്ന അദ്ധ്യായമവസാനിക്കുന്നത്, ‘അത്രമേൽ വിനയത്തോടെ ശാസ്ത്രം പറയാനും പ്രയോഗിക്കാനുമായാൽ ശാസ്ത്രജ്ഞരേയും ഈ സമൂഹം ബുദ്ധിജീവികളായി കരുതിക്കൂടെന്നില്ല’ എന്ന ഒട്ടൊരു ആക്ഷേപഹാസ്യപരമായ വാചകത്തിലാണ്.

ഭയരഹിതമായ, നിശിതവിമർശനമാണ് ഈ പുസ്തകത്തിന്റെ ഒരു സവിശേഷത. ഭരണകൂടങ്ങളെ, മതങ്ങളെ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചൂഷകരായ അപ്പോസ്തലന്മാരെ, ആണവശക്തിയുടെയും അണക്കെട്ടുകളുടെയും പ്രയോക്താക്കളെ, മന്ത്രിയിൽ നിന്നും പട്ടും വളയും സ്വീകരിച്ച് സൈലൻ്റ് വാലി ഓർമ്മ പുതുക്കിയ പരിസ്ഥിതിപ്രവർത്തകരെ എല്ലാം ഇതിൽ കാര്യകാരണസഹിതം വിമർശിക്കുന്നുണ്ട്.

പ്രവാസവും പരിസ്ഥിതിയും’ എന്ന അദ്ധ്യായം അവസാനിക്കുന്നത്, ‘കേരളത്തെ വികസിപ്പിക്കാതിരിക്കുക എന്നത് നിരവധി കുഞ്ഞുങ്ങൾക്കായി നാമിന്നെടുക്കേണ്ട പ്രതിജ്ഞയാണ്, കോൺട്രാക്റ്റർമാർക്കും രാഷ്ട്രീയക്കാർക്കും എത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും’ എന്ന വാചകത്തോടെയാണ്.

ഊരാളി ബാൻ്റിന്റെ പാട്ടുകളുടെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഒരു കുറിപ്പ്. പരിയേറും പെരുമാൾ, ജോസഫ്, പ്രേമം എന്നീ സിനിമകളുടെ സാമൂഹ്യപ്രസക്തിയെക്കുറിച്ചുള്ള ലേഖനങ്ങളുമുണ്ട്.

സംഭവങ്ങൾ ഏതു കാലത്ത് നടന്നു എന്നത് ഒരു ലേഖനത്തിലും പറയുന്നില്ല. അത് ഈ പുസ്തകത്തിന്റെ വലിയൊരു പോരായ്മയായി കാണുന്നു. ‘ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ മാസം...’ ‘ഇക്കഴിഞ്ഞ നവംബർ മുതൽ....’തുടങ്ങീ കാലഗണനയില്ലാത്ത ഒരുപാട് പരാമർശങ്ങളുണ്ട്. ഒരു ശാസ്ത്രപുസ്തകത്തിന് തീരെ അനുയോജ്യമല്ല, സമയം എന്ന ഡൈമൻഷനെ ഒഴിവാക്കുന്നത്.

കേരളത്തിലെ ക്വാറികളെക്കുറിച്ച് വിശദമായ പഠനം ഡോ. ടി.വി. സജീവിന്റെ നേതൃത്വത്തിലുള്ള KFRI ടീം നടത്തുകയും സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. അത്തരം ശാസ്ത്രീയപഠനങ്ങൾ ഭരണനിർവ്വഹണത്തിന് ഉപയോഗപ്രദമാകണമെന്നാണ്  ഈ പുസ്തകം ഊന്നിപ്പറയുന്നത്.
കേരളത്തിലെ ക്വാറികളെക്കുറിച്ച് വിശദമായ പഠനം ഡോ. ടി.വി. സജീവിന്റെ നേതൃത്വത്തിലുള്ള KFRI ടീം നടത്തുകയും സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. അത്തരം ശാസ്ത്രീയപഠനങ്ങൾ ഭരണനിർവ്വഹണത്തിന് ഉപയോഗപ്രദമാകണമെന്നാണ് ഈ പുസ്തകം ഊന്നിപ്പറയുന്നത്.

പല കാലങ്ങളിലെഴുതിയ കുറിപ്പുകളുടെ സമാഹാരമായതിനാൽ ആശയങ്ങളുടെ ആവർത്തനമുണ്ട്. കാലാവസ്ഥാ വ്യതിയാനം, ആദിമവാസികളുടെ അവസ്ഥ, മൂന്നാറിലെ മലിനീകരണം, മതികെട്ടാന്മല തുടങ്ങീ പല വിഷയങ്ങളും ആവർത്തിച്ചുവരുന്നത് വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിയാൻ സഹായിക്കുമെങ്കിലും പുസ്തകം എന്ന നിലയിലുള്ള ഒരു ചട്ടക്കൂടിനെ ബാധിക്കുന്നുണ്ട്.

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, പാരിസ്ഥിതിക അന്തരീക്ഷത്തെയും പരിണാമങ്ങളെയും നാം എത്തപ്പെട്ടിരിക്കുന്ന അവസ്ഥകളെയും കൃത്യമായി അടയാളപ്പെടുത്തുന്ന, നയരൂപീകരണം നടത്തുന്നവരും സാമൂഹ്യപ്രവർത്തകരും ആക്ടിവിസ്റ്റുകളും അക്കാദമിക്കുകളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് എന്ന് സന്ദേഹമേതുമില്ലാതെ പറയാം.


Summary: Dr. T. V. Sajeev's book 'Ellavarkkum Idamulla Bhoopadangal' states that only by maintaining the health of the environment can the health of the individual be maintained- C S Meenakshi writes


സി.എസ്​. മീനാക്ഷി

സംഗീതം, ശാസ്​ത്രം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ഭൗമചാപം എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments