96- ൽ നിന്ന് 69- ലേക്കുള്ള സാംസ്കാരിക, രാഷ്ട്രീയദൂരം

‘‘69 ഭൗമ രാഷട്രീയത്തിൻ്റെ രണ്ടക്ക മുദ്രയാണ്. പരിസ്ഥിതി ജാഗ്രതയുടെ ലൈംഗികശാസ്ത്ര വിച്ഛേദമാണ്. ഫോർപ്ലേയെയും അനന്തര രതിയെയും പ്രവശരതിയുടെ വൃന്ദവാദ്യം മാത്രമായി കാണുന്ന, പെനിട്രേഷനെ ലൈംഗികതയുടെ കേന്ദ്ര പ്രമേയമായി താലോലിക്കുന്ന വിരസസൗന്ദര്യശാസ്ത്രത്തിൻ്റെ അട്ടിമറിയാണ് 69.’’ അനൂപ് ചന്ദ്രന്റെ കവിതാസമാഹാരമായ ‘69’ന്റെ വായന.

നൂപ് ചന്ദ്രന്റെ പുതിയ കവിതാ സമാഹാരമിറങ്ങിയപ്പോൾ ടൈറ്റിൽ കൗതുകോദ്ധാരണമുണ്ടാക്കി. ഇറോട്ടിക് കവിതകളുടെ സമാഹാരമാണെന്ന് പിന്നീട് മനസ്സിലായി.

69 മുമ്പൊരിക്കൽ എന്റെ താത്വികാപഗ്രഥനത്തിനു പാത്രമായിട്ടുണ്ട്. സാനിയ മിർസപ്പുസ്തകത്തിൽ അതുണ്ട്. പ്രവേശരതിയിലേർപ്പെടുമ്പോൾ പ്രകൃതിയുടെ ആളിരട്ടിപ്പിക്കൽ ഗൂഢാലോചനയുടെ ഇരകളായിത്തീരുകയാണ് നമ്മൾ എന്ന തിരിച്ചറിവ് 69 ൻ്റെ ഭൗമരാഷ്ട്രീയ വിവേക മാർഗ്ഗത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

വന്ന വഴിയിലൂടെ തിരിച്ചുപോകാനുള്ള അരാഷ്ട്രീയ റിവൈവലിസ്റ്റ് പ്രവണതയ്ക്ക് ജൈവചോദനകളാൽ പ്രലോഭിപ്പിക്കപ്പെടുകയും (മാതാവിൻ്റെ ഗർഭപാത്രത്തിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മീയവാഞ്ജയുടെ നിർലജ്ജമായ നിലവിളി നമ്മുടെ സാഹിത്യത്തിൽ എമ്പാടും കാണാം) തൻമുദ്രയുള്ള കോടാനുകോടി നീന്തൽതാരങ്ങളെ മൽസരബുദ്ധിയോടെ ഒഴുക്കിവിട്ട് സ്വന്തം ജീവജാതിയിലെ പുത്തൻ പ്രതിനിധികളെ സൃഷ്ടിക്കുന്ന, അനാശാസ്യ പാരിസ്ഥിതിക വിപത്തിനും ജനസംഖ്യാ വിസ്ഫോടനത്തിനും കാരണക്കാരായി തീരുകയാണ് മനുഷ്യപുരുഷൻമാർ.

ഗൂസ്‌ബെറി ബുക്ക്‌സ് & പബ്ലിക്കേഷൻസ് പുറത്തിറക്കിയ അനൂപ് ചന്ദ്രന്റെ 69 എന്ന ഇറോട്ടിക്ക് കവിതാ സമാഹാരതിന്റെ കവർ
ഗൂസ്‌ബെറി ബുക്ക്‌സ് & പബ്ലിക്കേഷൻസ് പുറത്തിറക്കിയ അനൂപ് ചന്ദ്രന്റെ 69 എന്ന ഇറോട്ടിക്ക് കവിതാ സമാഹാരതിന്റെ കവർ

കോടാനുകോടി വ്യക്തിത്വമുള്ള അത്‍ലറ്റുകൾ പരാജയപ്പെടുകയും ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ വിസ്മൃതരാകുകയും വിജിഗീഷുവായ അക്രമകാരി ചരിത്രം നിർമിക്കുകയും ചെയ്യുന്ന ഹിംസാത്മകമായ കർമശാസ്ത്രമാണ് ഉൽപ്പാദനോദ്യുക്തമായ പ്രവേശ രതി. മത്സരാർത്ഥികളെ മുഴുവൻ തടിമിടുക്കിൻ്റെ ബലത്തിൽ മാത്രം പിന്തള്ളി അണ്ഡാശ്ലേഷം നടത്തുന്ന രേതസ്സിൽ നിന്നു പിറക്കുന്ന, ജനാധിപത്യ മര്യാദ ജീവശാസ്ത്രപരമായിത്തന്നെ തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത പടപ്പുകൾ താലിബാനും ആർ. എസ്.എസും ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുമല്ലാതെ മറ്റെന്തു സൃഷ്ടിക്കാനാണ്?

ഈ ചോദനകളുടെ ഇരകളായ സ്ത്രീകളുടെ നരകത്തെക്കുറിച്ചു പറയേണ്ടതുമില്ല. ആഹ്ലാദങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന പരസ്യവാചകം, പ്രത്യുൽപ്പാദന ദൈവശാസ്ത്ര പ്രചോദനങ്ങൾക്കു വശംവദരായിത്തീരുന്ന സ്ത്രീകളെ സംബന്ധിച്ചാണ് കൂടുതൽ പ്രസക്തം. കുഞ്ഞുങ്ങളുടെ തൊന്തരവും ഭാരവുമില്ലായിരുന്നെങ്കിൽ കലയിലും തത്വചിന്തയിലും രാഷ്ട്രീയത്തിലും ശാസ്ത്രത്തിലും സ്ത്രീകളുടെ സംഭാവനകൾ എത്രയോ മടങ്ങ് അധികമാകുമായിരുന്നു. സ്വവർഗ്ഗാനുരാഗികൾ പ്രകൃതിയുടെ പരമ്പരാഗത ആഹ്ലാദചൂണ്ടയിൽ കുരുങ്ങുന്നില്ല.

 69 ഇറോട്ടിക്ക് കവിതകൾക്ക് വേണ്ടി  പ്രേം ആർ നാരായണിന്റെ ചിത്രീകരണം
69 ഇറോട്ടിക്ക് കവിതകൾക്ക് വേണ്ടി പ്രേം ആർ നാരായണിന്റെ ചിത്രീകരണം

അവർ കല കലയ്ക്കു വേണ്ടിയെന്ന, പ്രയോജനവാദ കർമശാസ്ത്രത്തെ അട്ടിമറിക്കുന്ന, ആനന്ദങ്ങളെ കണ്ടെത്തുന്നു. ഹെട്രോ സെക്ഷ്വൽ മനുഷ്യർക്ക് പ്രകൃതിയുടെ ഈ അധികാര പ്രയോഗത്തെ അട്ടിമറിക്കാനുള്ള ഏറ്റവും സരളവും സൗന്ദര്യശാസ്ത്രപരമായും ആനന്ദമാനകങ്ങളാലും നിസ്തുലവുമായ ലാസ്യ ലാവണ്യ മാർഗ്ഗമാണ് 69 പൊസിഷൻ

രണ്ടു മനുഷ്യ ജീവികൾക്കിടയിൽ സാധ്യമായ സമ്മോഹനവും പാരസ്പര്യമുർച്ഛയുള്ളതുമായ ലൈംഗികനില.

ദ്രവങ്ങളുടെ സംഗീത, നൃത്ത സൗന്ദര്യം. പ്രവേശതിയുടെ വെകിളി പിടിച്ച പടപ്പുറപ്പാടും ഷെൽവർഷങ്ങളും കുഴിബോംബ് വിസ്ഫോടനങ്ങളുമില്ല. സൗമ്യം, ദീപ്തം. ലാവണ്യമോഹനം.

ആവശ്യത്തിലും എത്രയോ കൂടുതൽ മനുഷ്യരുണ്ട് ഭൂമിയിൽ.

69 ഭൗമ രാഷട്രീയത്തിൻ്റെ രണ്ടക്ക മുദ്രയാണ്. പരിസ്ഥിതി ജാഗ്രതയുടെ ലൈംഗികശാസ്ത്രവിച്ഛേദമാണ്. ഫോർപ്ലേയെയും അനന്തര രതിയെയും പ്രവശരതിയുടെ വൃന്ദവാദ്യം മാത്രമായി കാണുന്ന, പെനിട്രേഷനെ ലൈംഗികതയുടെ കേന്ദ്ര പ്രമേയമായി താലോലിക്കുന്ന വിരസസൗന്ദര്യശാസ്ത്രത്തിൻ്റെ അട്ടിമറിയാണ് 69.

69 എന്ന പേര് ഇറോട്ടിക് കവിതകളുടെ സമാഹാരത്തിനു കണ്ടതേ പ്രതീക്ഷകൾ ഉണർന്നിരുന്നു. ഹെട്രോസെക്ഷ്വൽ ആൺനോട്ടങ്ങളാവില്ല ഈ പുസ്തകമെന്ന് തലക്കെട്ട് വാഗ്ദാനം ചെയ്തു. രതികവിതകൾക്കൊപ്പം രതിചിത്രങ്ങളുമുണ്ട്. രവിവർമ്മച്ചിത്രങ്ങളുടെ രതിഭാവമല്ല. ഒന്നു പാളിയാൽ തീവണ്ടിക്കക്കൂസുകളിലെ ആൺ നെഗളിപ്പു വരപ്പുകളാവാൻ സാധ്യതയുള്ള സന്ദർഭങ്ങളിലും ചിത്രകാരൻ സൗന്ദര്യശാസ്ത്രപരമായും രാഷ്രീയമായും വിസ്മയപ്പെടുത്തി. ചില ചിത്രങ്ങൾ കവിതയെ വിശദീകരിക്കാൻ ശ്രമിക്കുന്നവ. മറ്റു ചിലവ കവിതയിൽ നിന്നു പ്രചോദനമേറ്റു വാങ്ങി സ്വതന്ത്രമായി നിലയുറപ്പിക്കുന്നു. രസകരമായ കാര്യം ചില കവിതകളിലെങ്കിലും ചിത്രങ്ങളെ കവിത പിന്തുടരാൻ കിതച്ചു ശ്രമിക്കുന്നതായിത്തോന്നി. കവിതയ്ക്കു ശേഷമാണ് ചിത്രങ്ങൾ വന്നതെങ്കിലും വര ഭാഷയെ നയിക്കുന്നതുപോലെ.

 രാംമോഹൻ പാലിയത്ത്
രാംമോഹൻ പാലിയത്ത്

ഈ രതിപ്പുസ്തകത്തിലേക്ക് കൊള്ളാവുന്ന ഒരു പ്രവേശികയുണ്ട്. രാംമോഹൻ പാലിയത്ത് എഴുതിയ ആസ്വാദനക്കുറിപ്പ്. പ്രാഥമികമായ ഫോർ പ്ലേ പോലൊന്ന്. പുസ്തകാന്ത്യത്തിൽ അനു പാപ്പച്ചനെഴുതിയ മറ്റാരു ആസ്വാദനക്കുറിപ്പുമുണ്ട്. പുസ്തകത്തിന്റെ ലാന്റിങ്ങ് ആ കുറിപ്പ് ഭംഗിയുള്ളതാക്കി. എന്നാൽ പ്രേം ആർ നാരായണിന്റെ ചിത്രങ്ങൾ കവിതകളോട് കുറേക്കൂടി ലാവണ്യാത്മകമായി സംവദിക്കുന്നു. വരയും വാക്കും ടേബിൾ ടോക്ക് നടത്തുന്നതുപോലെ.

96 ആണ് മാനം മാര്യാദയുള്ള കിടപ്പ്.
അതിൽത്തന്നെ മിഷനറി പൊസിഷനാണ് അന്തസ്സും കുലീനതയുമുള്ളത്. രതി അതിൽത്തന്നെ പൂർണതയുള്ള ഉൽസവമായല്ല മനുഷ്യരാശി സമീപകാലം വരെ കണ്ടത്. ഒരു ഫാക്റ്ററി പ്രോസസായി മതങ്ങൾ അതിനെ കണ്ടു. ഉണ്ണിയുൽപ്പാദനയന്ത്ര സാമഗ്രികളാണ് ആൺ-പെൺ ശരീരങ്ങൾ.

കല ജീവിതത്തിനു വേണ്ടി എന്ന പുരോഗമനകലാസാഹിത്യത്തിന്റെ തത്വശാസ്ത്രത്തിലും വിശ്രമിക്കാതെ, കല പുത്തൻ ജീവനു വേണ്ടി എന്ന് പൗരോഹിത്യവും മതവും സമൂഹമനസ്സും രതിയെ കണ്ടു. ആനന്ദത്തിനു വേണ്ടിയുള്ള രതി കുറ്റകരമായി. ആനന്ദം തന്നെയും കുറ്റകൃത്യമായി.

അനൂപ് ചന്ദ്രന്റെ 69 എന്ന കവിത, 96 സ്നേഹരഹിതമായ കിടപ്പാണെന്നും ഒന്നു മറിഞ്ഞു തിരിഞ്ഞാൽ ആ അന്യോന്യം ആത്മാവു കണ്ടെത്തുന്ന പാരസ്പര്യമാകുമെന്നും നിരീക്ഷിക്കുന്നു. ഇമേജറിക്കലായും അനുഭവപരമായുമുള്ള ഈ തിരിച്ചിടൽ നിസ്സാരമല്ല. ഉൽപ്പാദനപ്രധാനമായ രതിപ്രത്യയശാസ്ത്രത്തെ അട്ടിമറിക്കുക വഴി ഹെട്രോസെക്ഷ്വൽ ഇതര ക്വിയർ മനുഷ്യരുടെ ലൈംഗികതയ്ക്കൊപ്പം നിൽക്കുകയാണ് കവിത. രാഷ്ട്രീയമായി അത് അഭിലഷിച്ചു കൊണ്ടാണെങ്കിലും അല്ലെങ്കിലും.

അവളുടെയിതളിൽ വിരൽമീട്ടുമ്പോഴവൾ പൊഴിക്കുന്ന ശബ്ദങ്ങൾക്കൊപ്പമെത്തില്ല ഭൂമിയിലെ സിത്താറുകൾ
എന്ന് ഒരു കവിതയിൽ അനൂപ് എഴുതുന്നു.
അവളെ സംഗീതമായും തന്നെ വാദകനായും / വാദകയായും കാണുന്നു ഈ കവിത. സംഗീതോപകരണം വായിക്കുന്നത് പുരുഷനോ സ്ത്രീയോ ട്രാൻസ് പേർസണോ ആവാം എന്ന സാധ്യത ഇക്കവിതയിലുണ്ട്. രതിയിലെ കാൽപ്പനിക സുന്ദരമായ മുഖം മാത്രമല്ല ഈ സമാഹാരത്തിലുള്ളത്. ആസക്തവും വന്യവുമായ ഭാവങ്ങളുമുണ്ട്. രതിയിലെ അധികാരമുണ്ട്. കീഴ്പ്പെടുത്തലും കീഴടങ്ങലുമുണ്ട്. കൊലയും സ്വയംഹത്യയുമുണ്ട്.
ക്ഷേത്രമെന്നാൽ ശരീരം.

ശരീരത്തെ ദേവാലയമായി കാണുന്ന കവിതകളും കാണാം ഈ സമാഹാരത്തിൽ. ഇണയുടെ ഉടൽക്ഷേത്രത്തിൽ വലം വെച്ച് അതിൽ നിന്നിറ്റും തീർത്ഥം രുചിക്കുന്നതിനെക്കുറിച്ച് ഒരു കവിത സംസാരിക്കുന്നു. വോഡ്കയിൽ മുക്കിയ കാലുകളിൽ ചുംബിച്ചു പുണ്യവാനാവാൻ കൊതിക്കുന്ന നായകനെ മറ്റൊരു കവിതയിൽ കാണാം. പഞ്ചേന്ദ്രിയങ്ങളും സമൃദ്ധമായി പങ്കെടുക്കുന്ന കാർണിവലാണ് രതി. ആരും പിറകിലല്ല. മൂക്കും നാക്കും ത്വക്കും കണ്ണും കാതുമെല്ലാം ഉൻമത്തമായി പങ്കെടുക്കുന്നുണ്ട് ലൈംഗികതയിൽ. അംഗവ്യതിരിക്തരാവട്ടെ, ഉള്ളവയിൽ വിസ്മയിപ്പിക്കുംവിധം മുഴുകി ഇണകളെ ആഹ്ലാദിപ്പിക്കുന്നു. കാഴ്ചയുള്ളവർ ഉടലിനെ ഉമ്മ വെക്കുമ്പോൾ അന്ധർ ഉമ്മ വെച്ച് കാമുകരുടെ ശരീരത്തിൽനിന്ന് ശിൽപ്പത്തെ ഉണ്ടാക്കിയെടുക്കുന്നു. അന്ധയായ കാമുകിയുടെ സെൽഫോൺ ശബ്ദത്തിനും ഗന്ധമുണ്ട്. ശബ്ദത്തിന്റെ ശരീരവിപ്ലവമാണ് ഫോൺരതി.

പാട്ടു പാടി താൻസൻ മഴ പെയ്യിച്ചു. ഫോൺ ഒച്ചകളിലൂടെ കമിതാക്കൾ ശരീരം പെയ്യിക്കുന്നു. ശരീരമഹസന്നിതമായിരിക്കുമ്പോഴും ശരീരമുണ്ട്. ഗർഭഭീതി വേണ്ട, കോൺട്രാസെപ്റ്റീവിനെക്കുറിച്ച് ചിന്തിക്കേണ്ട. ഒച്ചയിലൂടെ പകരില്ല കോവിഡും എച്ച് ഐ വിയും.

പ്രിയനെ ഓർക്കുമ്പോൾ ഹൃദയത്തേക്കാൾ കനക്കുന്നത് തുടകൾക്കിടയിലാണെന്ന് കാമുകി രഹസ്യം പറയുന്ന കവിത ശരീരനിബദ്ധമാണ് പ്രണയമെന്ന് ഉറപ്പിച്ചു പറയുകമാത്രമല്ല ചെയ്യുന്നത്. പെണ്ണുങ്ങളുടെ രതി ആത്മാവിലും ആണുങ്ങളുടെത് ശരീരത്തിലുമെന്ന സ്ത്രീയുടെ സെക്ഷ്വാലിറ്റിയുടെ ശരീരാസ്പദത്വത്തെ ചോർത്തിക്കളയുന്ന വ്യവസ്ഥാപിത ആൺകോയ്മാ ഗൂഢതന്ത്രത്തിന്റെ കാറ്റഴിച്ചുവിടുകയും ചെയ്യുന്നുണ്ട് ഈ കവിത. പൗരുഷം ഒരു പരിമിതിയാണെന്നു ബോധ്യപ്പെടുത്തുന്ന കവിതകളുമുണ്ട്. ഇണ ചേരുമ്പോൾ പെണ്ണായാൽ മതിയെന്ന ഈ ആൺ തോന്നൽ മിക്ക പുരുഷൻമാർക്കുമുണ്ടായിട്ടുണ്ടാവും. ആരുമത് തുറന്നു പറയാറില്ല.

ആൺഗർവ്വ് അഴിച്ചുവെച്ച് അനൂപ് എഴുതുകയാണ്: ഈ ലിംഗമെങ്കിലും കൊഴിഞ്ഞു പോയെങ്കിലെന്ന്.

ലിംഗത്തിന്റെ അഭാവം സ്ത്രീകളിൽ ശൂന്യതയും അസൂയയും നിറക്കുന്നുവെന്ന ഫ്രോയ്ഡിയൻ മനഃശാസ്ത്രത്തിന്റെ കടക്കൽ വെച്ച കത്തിയാണീ കവിത.
രതി ഒരു അരുംകൊല എന്നവസാനിക്കുന്ന കവിത ചലച്ചിത്രമാണ്.
കാമുകിയുടെ അടിവയറ്റിലെ പൂമ്പാറ്റ ടാറ്റു അയാളുടെ ചുംബനങ്ങളാൽ ചിറകടിക്കുന്നു. അയാളുടെ അമ്പിന്റെ ടാറ്റു അതിനെ കോർത്തെടുക്കുന്നു.

പുരുഷ ലിംഗത്തെ അമ്പ്, തോക്ക് എന്നിങ്ങനെ ഹിംസാത്മക പ്രതീകങ്ങളായി കാണുന്ന കവിതകൾ പല കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. തകർന്ന രാജ്യത്തിലെ ദേശീയ ഗാനം പാടുമ്പോൾ തളർന്ന ലിംഗം ഉദ്ധരിക്കുന്ന ഒരു ഗംഭീര രാഷ്ട്രീയ, മനഃശാസ്ത്ര കവിതയുണ്ട്. അനൂപ് ചന്ദ്രന്റെ ഭാവനകൾ അതിർത്തികൾ ലംഘിക്കുന്നതിന്റെ ചേതോഹരമായ കാഴ്ചയാണത്.

ലിംഗവും മുലകളുള്ള ട്രാൻസ് മനുഷ്യാവസ്ഥയെ അനൂപ് നോക്കുമ്പോൾ അംഗപരിമിതമായ നോട്ടമില്ല. ഒരേസമയം ഉള്ളിലേക്കെടുക്കാനും ആഴ്ന്നിറങ്ങാനും അവർക്കു കഴിയുമെന്ന് കവി നിരീക്ഷിക്കുന്നു. കോണ്ടത്തെ ഡിസ്പോസിബിൾ ഗർഭപാത്രമെന്ന് ചിരിക്കുന്ന കവിത പ്രകൃതിയുടെ ഗൂഢതന്ത്രത്തെ നൈസായി തകർക്കുന്ന ഉപകരണത്തെ നോക്കുന്ന ആക്ഷേപഹാസ്യക്കാഴ്ച ഉഗ്രനാണ്.
ഇണയെ കാണുമ്പോൾ അടിവയറ്റിൽ നിന്ന് മുകളിലോട്ട് മഴച്ചാറൽ.
കാമുകി മഴ ശമിക്കാത്ത ചിറാപുഞ്ചി.

കൽപ്പനകളുടെ സൗന്ദര്യങ്ങൾ കൊണ്ട് വശീകരിക്കുന്ന കവിതകൾ പലതുമുണ്ട്. അവളുടെ മുലകൾക്കിടയിലുറങ്ങുന്ന പൈതലായി ലിംഗത്തെ കാണുന്ന കവിത ലിംഗത്തിന്റെ ആയുധപ്രതിച്ഛായ എടുത്തുകളയുന്നു. അവളുടെ മഹാമുറിവിലേക്ക് നോക്കി ആദ്യമായി 14 ലോകങ്ങൾ കാണുന്ന കവിതാകൽപ്പന സ്ത്രീയുടെ സൃഷ്ടിപരതയെ വ്യവസ്ഥാപിത വഴിയിൽ പ്രഘോഷിക്കുന്ന കവിതയാണ്.

രതി രണ്ടു പേർക്കിടയിലെ ഏർപ്പാടുമാത്രമല്ല.
രണ്ടു പേർക്കിടയിലാകുമ്പോഴും സങ്കൽപ്പത്തിൽ രഹസ്യ കാമുകരും പങ്കെടുക്കുന്നുണ്ട്.
ചിലപ്പോൾ തങ്ങളെ ഷാജഹാനും മുംതാസുമായി സങ്കൽപ്പിക്കാൻ പരസ്പരം അനുവാദം കൊടുക്കുന്ന കരാറിൽ രതിബന്ധങ്ങൾ പരകായപ്രവേശനടനങ്ങളാടുന്നുണ്ട്.

അക്ഷരാർത്ഥത്തിൽ രണ്ടിലധികംപേർ പങ്കെടുക്കുന്ന ലൈംഗികത ഗെയിം എന്ന നിലയിൽ മറ്റൊരു വിതാനത്തിലാണ്. കളി കളിക്കളത്തിൽത്തന്നെയാവുന്നു. കാർണിവൽ എന്നു നിസ്സംശയം പറയാം. അന്യോന്യത്തിന് അവിടെ രണ്ടെന്ന പരിമിതാർത്ഥമല്ല. രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നതിനെക്കാളധികം രണ്ടിലധികംപേർ ഉമ്മ വെക്കുമ്പോൾ ലോകം മാറുന്നുണ്ട്. അനൂപ് ചന്ദ്രൻ എഴുതാതെ പോയ കവിതകൾ അടുത്ത സമാഹാരത്തിലുണ്ടാകുമെന്ന് എനിക്ക് പ്രത്യാശയുണ്ട്. ഈ സമാഹാരത്തിൽ അസാധ്യ കവിതകൾ ഏറെയുണ്ട്. എന്റെ ഇറോട്ടിക് നോട്ടങ്ങൾ കൊണ്ട് അവയെ മുഴുവനായി ഉലയ്ക്കുന്നില്ല. വെളിപ്പെടുത്തുന്നുമില്ല.

69 എന്ന പുസ്തകം വായിക്കാൻ കാവ്യാസ്വാദകരെ ക്ഷണിക്കുന്നു.


Summary: book review of erotic poem collections named 69 of anoop chandran ,shaju v.v


ഷാജു വി.വി.

കവി, അധ്യാപകൻ. രണ്ടടി പിന്നോട്ട്, ഒരു അധോലോക റെസിപ്പി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments