2008 ൽ സാമ്പത്തിക തകർച്ചയുടെ ആഘാതം രേഖപ്പെടുത്തിയ ഗ്രാഫിക്.

സാമ്പത്തിക തകർച്ച പ്രവചിക്കാൻ
കഴിയാത്തത്​ എന്തുകൊണ്ട്​?

നിയോ ക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തങ്ങളുടെ രീതിശാസ്ത്രങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് റോബർട്ട് സ്‌കൈഡൽസ്‌കി രചിച്ച What's Wrong with Economics? A Primer for the Perplexed എന്ന പുസ്തകത്തിന്റെ വായന

""അഹങ്കാരം ഒരു വീഴ്ചക്ക് മുമ്പാണ് വരുന്നതെന്ന് സാർവത്രികമായി അംഗീകരിച്ച സത്യമാണ്, ലോകത്തെ ഒറ്റ അതിർത്തിയും സംസ്‌കാരരഹിതമായ ഒറ്റ കമ്പോളവുമാക്കി മാറ്റാനുള്ള ശ്രമം കണ്ണീരിൽ അവസാനിക്കുമെന്ന് ചരിത്രബോധമുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന വസ്തുതയാണ്.'' വർത്തമാന കാലത്തെ സാമ്പത്തിക ചിന്തകരിൽ പ്രമുഖനായ റോബർട്ട് സ്‌കൈഡൽസ്‌കി (Robert Skidelsky) മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അതിശക്തമായ വിമർശം മുന്നോട്ടുവെക്കുന്നതിങ്ങനെയാണ്. നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തിന്റെ ഗണിതശാസ്ത്ര മോഡലിംഗ് ഉപയോഗിച്ചുള്ള പ്രവചന സാധ്യതകൾ പരക്കെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയത് 2007-08 കാലയളവിലെ അമേരിക്കൻ സാമ്പത്തിക തകർച്ചയോടു കൂടിയാണ്.

റോബർട്ട് സ്‌കൈഡൽസ്‌കി
റോബർട്ട് സ്‌കൈഡൽസ്‌കി

സാമ്പത്തികശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ആരിലും ഒരു സൂചനപോലും നൽകാതെ പൊടുന്നനെ ആരംഭിച്ച സാമ്പത്തിക തകർച്ചയുടെ കെടുതികൾ നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളെ കൂടുതൽ ആഴത്തിലും ഗഹനതയിലും വിമർശനാത്മകമായി സമീപിക്കുവാൻ നിരവധി സമ്പദ്ശാസ്ത്രകാരന്മാരെ പ്രേരിപ്പിച്ചു. ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ നൂറുകണക്കായ ആധികാരിക പഠനങ്ങളും ഗ്രന്ഥങ്ങളും അതുസംബന്ധിച്ച് പുറത്തുവന്നുകഴിഞ്ഞു. ജോൺ ടി. ഹാർവേയുടെ Contending Perspectives in Economics (2015), Rethinking Economics: An Introduction to Pluralist Economics'(2017), സ്റ്റീവ് കീനിന്റെ Debunking Economics: The Naked Emperor of the Social Sciences (2011) എന്നീ ഗ്രന്ഥങ്ങൾ ഈ മേഖലയിലെ മികച്ച ഉദാഹരണങ്ങളാണ്. നിയോ ക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തങ്ങളുടെ രീതിശാസ്ത്രങ്ങളെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് റോബർട്ട് സ്‌കൈഡൽസ്‌കി രചിച്ച What's Wrong with Economics? A Primer for the Perplexed എന്ന പുസ്തകം ഈ ഗണത്തിലെ ഏറ്റവും പുതിയ ഗ്രന്ഥമാണ്. സാമ്പത്തിക തകർച്ച പ്രവചിക്കാൻ സാധിക്കാതെ പോകുന്നത് സമ്പദ്ശാസ്ത്രകാരന്മാരുടെ വ്യക്തിഗതമായ പിഴവുകളോ കാര്യക്ഷമതയില്ലായ്മയോ അല്ലെന്നും മുഖ്യധാരാ സമ്പദ്ശാസ്ത്രത്തിന്റെ അടിത്തറയായി പ്രവർത്തിക്കുന്ന അതിന്റെ രീതിശാസ്ത്രത്തിൽ ഇഴചേർന്നു നിൽക്കുന്ന പ്രശ്‌നമാണ് അതെന്നും വിശദമാക്കുവാനാണ് സ്‌കൈഡൽസ്‌കി തന്റെ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്.

ഈ ഗ്രന്ഥത്തിലെ നിഗമനങ്ങളെയും കാഴ്ചപ്പാടുകളെയും പരിചയപ്പെടുത്തും മുമ്പ് ഗ്രന്ഥകാരനെക്കുറിച്ച് അൽപം വിശദീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. ചരിത്രത്തിലും രാഷ്ട്രമീമാംസയിലും യഥാക്രമം ബിരുദവും ഗവേഷണ ബിരുദവും നേടിയ റോബർട്ട് സ്‌കൈഡൽസ്‌കി പിൽക്കാലത്ത് മാത്രമാണ് സാമ്പത്തിക ശാസ്ത്ര പഠനത്തിലേക്ക് തന്റെ താൽപര്യം വ്യാപരിപ്പിച്ചത്. ചരിത്ര-രാഷ്ട്രീയ മേഖലയിലെ അക്കാദമിക് പാണ്ഡിത്യം സമ്പദ്ശാസ്ത്രത്തെ വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ സമീപിക്കുവാൻ സ്‌കൈഡൽസ്‌കിയെ സഹായിച്ചുവെന്ന് കാണാവുന്നതാണ്. മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോൺ മെയ്‌നാർഡ് കെയ്ൻസിന്റെ ജീവചരിത്രം എഴുതാൻ ആരംഭിച്ചതു മുതൽ കൂടുതൽ ആഴത്തിൽ സമ്പദ്ശാസ്ത്രത്തെ പഠിക്കാൻ സ്‌കൈഡൽസ്‌കി തയ്യാറായി. പിന്നീട് വാർവിക് സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ പൊളിറ്റിക്കൽ ഇക്കണോമി ചെയർ ആയി പ്രവർത്തിക്കുന്നതിലേക്കാണ് ഇത് എത്തിപ്പെട്ടത്.

ജോൺ മെയ്‌നാർഡ് കെയ്ൻസി
ജോൺ മെയ്‌നാർഡ് കെയ്ൻസി

ഗ്രന്ഥകാരന്റെ പൂർവ്വ അക്കാദമിക് പശ്ചാത്തലം സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളെ ചരിത്ര- രാഷ്ട്രീയ സന്ദർഭങ്ങളിൽ മനസ്സിലാക്കാനും വിശകലനം ചെയ്യാനും സഹായിച്ചുവെന്ന് ഈ പുസ്തകത്തിലൂടെ കടന്നുപോയാൽ മനസ്സിലാകും.

""സാമ്പത്തിക സിദ്ധാന്തങ്ങൾ, അതിന്റെ വക്താക്കൾ അവകാശപ്പെടുന്ന, സാർവ്വത്രിക സത്യത്തിൽ നിന്ന് വളരെ അകലെയാണെന്നും അവ പ്രത്യേക ചരിത്ര സാഹചര്യങ്ങളുമായും കാലഘട്ടങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും'' ഗ്രന്ഥകാരന് ഉറപ്പിച്ചു പറയാൻ കഴിയുന്നത് അദ്ദേഹത്തിന്റെ സവിശേഷമായ അക്കാദമിക് പശ്ചാത്തലം കൊണ്ടുകൂടിയാണ്. സാമ്പത്തിക സിദ്ധാന്തങ്ങൾ ചരിത്രപരമായ അവസ്ഥകളുടെയും അതത് കാലത്തെ അധികാര ഘടനകളുടെയും പ്രതിഫലനമാണ് എന്ന കാഴ്ചപ്പാടിനെ ഉൾക്കൊള്ളാതെയാണ് സമ്പദ്ശാസ്ത്രകാരന്മാർ പ്രവർത്തിക്കുന്നതെന്ന് സ്‌കൈഡൽസ്‌കി ആരോപിക്കുന്നു. പുതിയ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളോട് ചരിത്ര സന്ദർഭങ്ങളെയും കാലത്തെയും മനസ്സിലാക്കിക്കൊണ്ട് സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങൾ പുതുക്കിപ്പണിയാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്യുന്നു.

മനുഷ്യൻ: ഒരു ഗണിതയന്ത്രം?!

നിയോ ക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തങ്ങൾ മനുഷ്യനെ കേവലം ‘സാമ്പത്തിക മനുഷ്യനായി' (homo economicus) പരിവർത്തിപ്പിച്ചതെന്തിനെന്ന ചോദ്യം പുസ്തകത്തിലുടനീളം ഗ്രന്ഥകാരൻ ഉന്നയിക്കുന്നുണ്ട്. ‘ഒട്ടും ആകർഷകമല്ലാത്ത അത്തരമൊരു സൃഷ്ടിയുടെ ഉദ്ദേശ്യം തങ്ങളുടെ അനുമാന സിദ്ധാന്ത (deductive theory)ത്തിന്റെ കേവല ആവശ്യമെന്ന നിലയിൽ മാത്രമാണോ?’ എന്ന ചോദ്യം സ്‌കൈഡൽസ്‌കി ഉയർത്തുന്നു.

മനുഷ്യ സ്വഭാവങ്ങളെ ഗണിതശാസ്ത്ര മോഡലിംഗിലൂടെ നിർവ്വചിക്കുവാനുള്ള മുഖ്യധാരാ സമ്പദ്ശാസ്ത്രകാരന്മാരുടെ ശ്രമം ഭൗതികശാസ്ത്ര നിയമങ്ങളെ അനുകരിക്കുവാനുള്ള വ്യഗ്രതയിൽ നിന്ന് ഉറവെടുത്തതാണ്. ഇത്തരമൊരു രീതിശാസ്ത്ര നിഷ്ഠ (methodological persistence) നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തെ തെറ്റായ വഴികളിലൂടെ നടത്തിക്കുന്നുവെന്ന് സ്‌കൈഡൽസ്‌കി ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ശാസ്ത്രകാരന്മാർ സാമൂഹിക ഘടനകളെ സാമ്പത്തിക ഇടപാടുകളായി ന്യൂനീകരിക്കുകയും മനുഷ്യ പെരുമാറ്റത്തിന്റെ ഒരുവശത്തെ എല്ലാ മനുഷ്യ സ്വഭാവത്തിന്റെയും സാർവ്വത്രിക നിയമമാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാലതേസമയം സ്‌നേഹം, സമർപ്പണം, ദയ, ധൈര്യം, സത്യസന്ധത, പ്രതിബന്ധത, ആഗ്രഹം, സേവനം, ആദിയായ വൈകാരിക ചോദനകളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോൾ ഈ രീതിശാസ്ത്രം വിഷമവൃത്തത്തിൽ അകപ്പെടുകയും ചെയ്യുന്നു.

റോബർട്ട് എഫ് കെന്നഡി
റോബർട്ട് എഫ് കെന്നഡി

സമാനമായ മറ്റൊരു നിരീക്ഷണം നാം കേട്ടിരുന്നത്, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരിക്കുകയും തെരഞ്ഞെടുപ്പ് കാലത്തുതന്നെ വധിക്കപ്പെടുകയും ചെയ്ത (1968) റോബർട്ട് എഫ്. കെന്നഡിയിൽ നിന്നായിരുന്നു. സാമ്പത്തിക വളർച്ചയുടെ ഏകകമായി നിയോക്ലാസിക്കൽ സമ്പദ്ശാസ്ത്രം തിരഞ്ഞെടുത്ത ആഭ്യന്തര മൊത്തോൽപ്പാദനം എന്ന സൂചകത്തെക്കുറിച്ച് കെന്നഡിയുടെ പ്രശസ്തമായ വാക്കുകൾ ഇതായിരുന്നു: ‘‘നമ്മുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (Gross Domestic Product- GDP)വായു മലിനീകരണത്തെയും, സിഗരറ്റ് പരസ്യങ്ങളെയും ഹൈവേകളിലെ അപകടങ്ങളിൽ സഹായത്തിനെത്തുന്ന ആംബുലൻസുകളെയും കണക്കിലെടുക്കുന്നു. നമ്മുടെ വിലപിടിച്ച താഴുകളെയും ജയിലുകളെയും അത് പരിഗണിക്കുന്നു. റെഡ് വുഡ് മരങ്ങളുടെ നാശങ്ങളെയും പ്രാകൃതിക അത്ഭുതങ്ങളുടെ നഷ്ടങ്ങളെയും അത് എണ്ണത്തിലെടുക്കുന്നു. നമ്മുടെ നഗരങ്ങളിലെ കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട പൊലീസുകാരുടെ സായുധ വാഹന വ്യൂഹങ്ങളെയും ആണവായുധങ്ങളെയും അവ കണക്കിൽ പെടുത്തുന്നു. കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിൽക്കുവാൻ ഹിംസയെ മഹത്വവൽക്കരിക്കുന്ന ടെലിവിഷൻ പരിപാടികളെയും അത് പരിഗണനാ വിഷയമാക്കുന്നു. എന്നിരുന്നാലും, മൊത്തം ആഭ്യന്തര ഉൽപാദനം നമ്മുടെ കുട്ടികളുടെ ആരോഗ്യത്തെയും അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും കളികളിലെ ഹർഷാതിരേകങ്ങളെയും കണക്കിലെടുക്കാൻ അനുവദിക്കുന്നില്ല. നമ്മുടെ കവിതകളിലെ മനോഹാരിതയെയും, വിവാഹ ബന്ധങ്ങളിലെ ദൃഢതയെയും പൊതുസംവാദങ്ങളിലെ ബൗദ്ധിക നിലവാരങ്ങളെയും പൊതുസേവകരുടെ ധാർമ്മിക നീതിയെയും ഉൾച്ചേർക്കുന്നില്ല. നമ്മുടെ നർമ്മോക്തിയെയോ, ധൈര്യത്തെയോ, ജ്ഞാനത്തെയോ, ഭൂതദയയെയോ അത് അളക്കുന്നില്ല. അത് എല്ലാത്തിനെയും സംബന്ധിച്ച കണക്കെടുപ്പ് നടത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ, ജീവിതം മൂല്യവത്താക്കുന്നവയൊഴികെ മറ്റെന്തും...''

മുഖ്യധാരാ സമ്പദ്ശാസ്ത്രം കൈയ്യേൽക്കുന്ന രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മോഡലുകൾ പരിമിതമായ സാധ്യതകളെ മാത്രമേ അനുവദിക്കുന്നുള്ളൂവെന്ന് ഇത് വ്യക്തമാക്കുന്നു. അതിന്റെ പരിധിക്ക് പുറത്ത് സംഭവിക്കാനിടയുള്ള സംഭവഗതികളെ സാമ്പത്തിക വിദഗ്ധന്റെ റഡാർ സ്‌ക്രീനുകൾ പിടിച്ചെടുക്കുന്നില്ലെന്ന് സ്‌കൈഡൽസ്‌കി ചൂണ്ടിക്കാണിക്കുന്നു. ധന വിപണികൾ കാര്യക്ഷമമാണെന്ന് കാണിക്കുന്ന മോഡലുകൾ 2008ലെ സാമ്പത്തിക തകർച്ചയുടെ ചിത്രം പ്രവചിക്കാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നുമല്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

2000ന്​ ഒടുവിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്​ യു.എസിൽ തൊഴിൽ നഷ്​ടപ്പെട്ടവരുടെയും ലഭിച്ചവരുടെയും കണക്ക്​ സൂചിപ്പിക്കുന്ന ഗ്രാഫ്
2000ന്​ ഒടുവിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്​ യു.എസിൽ തൊഴിൽ നഷ്​ടപ്പെട്ടവരുടെയും ലഭിച്ചവരുടെയും കണക്ക്​ സൂചിപ്പിക്കുന്ന ഗ്രാഫ്

യന്ത്രത്തെപ്പോലെയുള്ള മനുഷ്യരുടെ പെരുമാറ്റത്തെക്കുറിച്ച് ‘നിയമങ്ങൾ' സ്ഥാപിച്ചെടുക്കാൻ മുഖ്യധാരാ സമ്പദ്ശാസ്ത്രകാരന്മാർ ലക്ഷ്യമിടുന്നു. എന്നാൽ മനുഷ്യൻ സങ്കീർണവ്യവസ്ഥയുടെ (complex system) ഭാഗമാണെന്നും ഭൗതികശാസ്ത്രം കെട്ടിപ്പടുത്ത സാധാരണ നിയമങ്ങളാൽ അവരുടെ ആശയങ്ങൾ വിശദീകരിക്കുവാൻ സാധ്യമല്ലെന്നും ഉള്ള വസ്തുതയെ അവർ മറന്നുപോകുന്നു. മനുഷ്യർ അവരുടെ അനുഭവങ്ങളെക്കുറിച്ച് പര്യാലോചിക്കുകയും സ്വയം ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. അവരുടെ ചുറ്റുപാടുകളും സങ്കീർണമായ വഴികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. അവരുടെ പ്രവർത്തനങ്ങളുടെ ധാർമികത അവരെ കുഴക്കുകയും പുതിയ സാഹചര്യങ്ങളുമായി ക്രിയാത്മകമായി പൊരുത്തപ്പെടാൻ തയ്യാറാകുകയും ചെയ്യുന്നു. മനസ്സിന്റെയും ഭാവനകളുടെയും വ്യവഹാരങ്ങൾ വഴി അവർ സ്വന്തം ഭാവിയോടൊപ്പം ലോകത്തെയും പരിഷ്‌കരിക്കുന്നു. ഏകശിലാ രൂപങ്ങളായ നിയമങ്ങളാൽ ഇവയെ അളക്കാനോ വിശകലനം ചെയ്യാനോ ശ്രമിക്കുന്നത് തെറ്റായ നിഗമനങ്ങളിലേക്കും വിശകലനങ്ങളിലേക്കും ചെന്നെത്തിക്കുമെന്ന വസ്തുതയെ ഉറപ്പിച്ചെടുക്കുവാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്.

സാമ്പത്തിക വിദഗ്ധരുടെ പരികൽപനകൾ പരീക്ഷണവിധേയമാക്കാൻ സാധ്യമല്ലെന്നും അത് മതവിശ്വാസങ്ങളുമായി സാമ്യപ്പെടുത്താവുന്ന തരത്തിൽ വിശ്വാസമായി മാറുന്നുവെന്നും സ്‌കൈഡൽസ്‌കി വിശദീകരിക്കുന്നു. ഇവിടെ ആരോപണം തെറ്റായ യുക്തിയെ സംബന്ധിച്ചല്ല, മറിച്ച്, അതിലളിത പ്രമേയത്തിൽ നിന്നുകൊണ്ടുള്ള ന്യായവാദത്തെ സംബന്ധിച്ചാണ്

മനുഷ്യ ജീവിതങ്ങളെയും സാമൂഹ്യ സാഹചര്യങ്ങളെയും ഉൾക്കൊള്ളാത്ത സിദ്ധാന്തരൂപീകരണങ്ങൾ അനിവാര്യമായ തെറ്റുകളിലേക്ക് സഞ്ചരിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. മനുഷ്യ മനസ്സിന്റെ സങ്കീർണതകളെ തിരിച്ചറിയാതെ അവയ്ക്ക് മേൽ ഭൗതികശാസ്ത്ര നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നുമല്ല. പരിമിത വൈവിധ്യ സിദ്ധാന്തം (The Principle of Limited Variety) ഭൗതിക ലോകത്തെ സംബന്ധിച്ചിടത്തോളം ശരിയാണെങ്കിലും മനുഷ്യ സ്വഭാവം ഇതിൽ നിന്ന്​ തീർത്തും ഭിന്നമാണ് എന്നതുകൊണ്ടുതന്നെ ഗണിതശാസ്ത്ര മോഡലിംഗിലൂടെ അവയെ സംബന്ധിച്ച പ്രവചനം അസാധ്യവുമാണ്. ഈയൊരു വസ്തുതയെ അംഗീകരിക്കുവാനുള്ള വൈമനസ്യം അടിസ്ഥാനപരമായ ഒരു പ്രശ്‌നമെന്ന നിലയിൽ മുഖ്യധാരാ സമ്പദ്ശാസ്ത്രം അനുഭവിക്കുന്നുണ്ട്.

ഭൗതികശാസ്ത്രത്തിൽ ‘നിയമങ്ങൾ' (Laws) സൃഷ്ടിക്കുന്ന രീതികൾ (methods) സാമ്പത്തികശാസ്ത്രത്തിൽ "സിദ്ധാന്തങ്ങൾ'(Doctrines) രൂപീകരിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ പരികൽപനകൾ (hypothesis) പരീക്ഷണവിധേയമാക്കാൻ സാധ്യമല്ലെന്നും അത് മതവിശ്വാസങ്ങളുമായി സാമ്യപ്പെടുത്താവുന്ന തരത്തിൽ വിശ്വാസമായി മാറുന്നുവെന്നും സ്‌കൈഡൽസ്‌കി വിശദീകരിക്കുന്നു. ഇവിടെ ആരോപണം തെറ്റായ യുക്തിയെ സംബന്ധിച്ചല്ല, മറിച്ച്, അതിലളിത പ്രമേയത്തിൽ നിന്നുകൊണ്ടുള്ള ന്യായവാദത്തെ സംബന്ധിച്ചാണ്.

നഷ്ടപ്പെടുത്തുന്ന നൈതികാടിത്തറ

മോറൽ ഫിലോസഫിയിൽ നിന്ന് ഗണിതശാസ്ത്ര സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയ ശാസ്ത്രശാഖയായി സമ്പദ്ശാസ്ത്രത്തെ പരിവർത്തിപ്പിച്ചതിലൂടെ ആ ശാഖയ്ക്ക് നഷ്ടമായത് അതിന്റെ നൈതികാടിത്തറയും കാഴ്ചപ്പാടുകളുടെ ബഹുസ്വരതയുമാണെന്ന് സ്‌കൈഡൽസ്‌കി ചൂണ്ടിക്കാണിക്കുന്നു. നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തിന് കൈമോശം വന്ന ദാർശനികാടിത്തറ അതിന്റെ ഏറ്റവും അനിവാര്യമായ ഭാഗമായിരുന്നു. ക്ലാസിക്കൽ സമ്പദ്ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആദം സ്മിത് തൊട്ടുള്ള ആദ്യകാല സാമ്പത്തിക ശാസ്ത്രജ്ഞർ അടിസ്ഥാനപരമായി മോറൽ ഫിലോസഫിയുടെ വക്താക്കളായിരുന്നുവെന്ന് ഈയവസരത്തിൽ ഓർമിക്കുക.

ക്ഷേമത്തിനായുള്ള ഭൗതികോപാധികളെ സംബന്ധിച്ച പഠനമാണ് സമ്പദ്ശാസ്ത്രമെന്ന് ആൽഫ്രഡ് മാർഷൽ തന്റെ പ്രിൻസിപ്പിൾസ് ഓഫ് ഇക്കണോമിക്‌സിൽ എഴുതുന്നു. എന്നാൽ ക്ഷേമത്തെ സംബന്ധിച്ച കൃത്യമായ നിർവ്വചനം നൽകുന്നതിൽ മാർഷൽ അടക്കമുള്ള എല്ലാ സാമ്പത്തിക ശാസ്ത്രകാരന്മാരും പരാജയപ്പെടുന്നത് നാം കാണുന്നു

കാഴ്ചപ്പാടുകളിലെ ബഹുസ്വരതയില്ലായ്മയും മോറൽ ഫിലോസഫയിൽ നിന്നുള്ള വ്യതിചലനവും വിശാലമായ കാഴ്ചപ്പാടുകളുടെയും അവയ്ക്ക് അടിത്തറയാകേണ്ടിയിരുന്ന ദർശനങ്ങളുടെയും അഭാവത്തിനും കാരണമാകുന്നുണ്ട്. സാമൂഹ്യ ജീവിതത്തിന്റെ വിവിധങ്ങളായ വശങ്ങളെ ഉൾച്ചേർക്കുന്ന ബഹുസ്വരങ്ങളായ സിദ്ധാന്തങ്ങളുടെ ഉരുവപ്പെടലിനെ അവ ഇല്ലാതാക്കുന്നു. വ്യക്തികളെ കേന്ദ്രസ്ഥാനത്തു നിർത്തിക്കൊണ്ട്, ഉത്കർഷേച്ഛയെ പരമാവധിയിലെത്തിക്കുവാനുള്ള അവന്റെ യത്‌നങ്ങൾ പൊതുനന്മയെ ലക്ഷ്യമാക്കിയിട്ടുള്ളതാകുമെന്ന പൊതു നിഗമനത്തിൽ നിന്നുകൊണ്ടാണ് മാർജിനലിസ്റ്റ് സമ്പദ്ശാസ്ത്രം അതിന്റെ സിദ്ധാന്ത രൂപീകരണം നടത്തുന്നത്. നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രം അടിയുറച്ച് വിശ്വസിക്കുന്ന രീതിശാസ്ത്രപരമായ വ്യക്തിമഹാത്മ്യവാദം (Methodological Individualism) മുന്നോട്ടുവെക്കുന്ന തെറ്റായ സൂചന, വ്യക്തിഗത തിരഞ്ഞെടുപ്പുകൾ സമാന്തര രേഖകൾ പോലെയാണ് എന്നതാണ്. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെയും അവരുടെ തിരഞ്ഞെടുപ്പുകൾ രൂപീകരിക്കപ്പെടുന്ന സാമൂഹ്യ ഘടനകളെയും അത് തിരസ്‌കരിക്കുന്നു. ഈയൊരു സമീപനത്തിന്റെ അടിസ്ഥാനപരമായ പിഴവ് അത് മനുഷ്യനെ ഒരു ഗണിതയന്ത്രമെന്ന നിലയിൽ പരിഗണിക്കുന്നു എന്നതാണ്.

സമ്പത്തിന്റെ വളർച്ച (Growth of the Wealth of Nation/Smith) എന്ന കാഴ്ചപ്പാടിൽ നിന്നും കാര്യക്ഷമമായ പങ്കുവെപ്പ് (Efficient Allocation/Robins) എന്നതിലേക്കും, സ്ഥാപനപരമായ പരിപ്രേക്ഷ്യത്തിൽ നിന്നും വ്യക്തിഗത മനോധർമ്മങ്ങളിലേക്കും, ആഖ്യാനങ്ങളിൽ (narrative) നിന്നും ഗണിതശാസ്ത്രത്തിലേക്കും ഉള്ള പരിവർത്തനം എല്ലാ മേഖലകളുടെയും സാമ്പത്തികവൽക്കരണം ദ്രുതഗതിയിലാക്കിയെന്ന് ഗ്രന്ഥകാരൻ ആരോപിക്കുന്നു.

ദർശനശാസ്ത്രവും സമ്പദ്ശാസ്ത്രവും തമ്മിലുള്ള പ്രധാന വ്യത്യാസത്തെ സ്‌കൈഡൽസ്‌കി ചൂണ്ടിക്കാട്ടുന്നതിങ്ങനെയാണ്. ദർശനശാസ്ത്രം ലക്ഷ്യത്തെയും മാർഗത്തെയും (ends and means) കുറിച്ച് സംസാരിക്കുമ്പോൾ സമ്പദ്ശാസ്ത്രം ആവശ്യത്തെയും മാർഗത്തെയും (wants and means) സംബന്ധിച്ച് സംസാരിക്കുന്നു. ഈയൊരു വ്യത്യാസം മർമ്മപ്രധാനമാണ്. ദാർശനികർ ആത്യന്തിക ലക്ഷ്യമായി നന്മയെ പരിഗണിക്കുമ്പോൾ സമ്പദ്ശാസ്ത്രകാരന്മാർ തങ്ങളുടെ ലക്ഷ്യമായി ജനങ്ങളുടെ ആവശ്യത്തെ മനസ്സിലാക്കുന്നു. ഈയൊരു വ്യതിചലനം സമ്പദ്ശാസ്ത്രത്തെ നൈതികതയിൽ നിന്ന് അടർത്തിമാറ്റുന്ന ഒന്നായി മാറുന്നു. നൈതിക തിരഞ്ഞെടുപ്പുകളുമായി മനുഷ്യന് നിരന്തര സംഘർഷത്തിൽ ഏർപ്പെടേണ്ടി വരുന്നു എന്ന യാഥാർത്ഥ്യത്തെയാണ് സമ്പദ്ശാസ്ത്രം ഇതിലൂടെ നിരാകരിക്കുന്നത്.

ആൽഫ്രഡ് മാർഷൽ
ആൽഫ്രഡ് മാർഷൽ

‘‘ക്ഷേമത്തിനായുള്ള ഭൗതികോപാധികളെ സംബന്ധിച്ച പഠനമാണ് സമ്പദ്ശാസ്ത്രമെന്ന്'' ആൽഫ്രഡ് മാർഷൽ (1842-1924) തന്റെ പ്രിൻസിപ്പിൾസ് ഓഫ് ഇക്കണോമിക്‌സിൽ എഴുതുന്നു. എന്നാൽ ക്ഷേമത്തെ സംബന്ധിച്ച കൃത്യമായ നിർവ്വചനം നൽകുന്നതിൽ മാർഷൽ അടക്കമുള്ള എല്ലാ സാമ്പത്തിക ശാസ്ത്രകാരന്മാരും പരാജയപ്പെടുന്നത് നാം കാണുന്നു.
സമതുലിതാവസ്ഥ (equilibrium)യെ സംബന്ധിച്ച ബോധ്യങ്ങൾ ഭൗതികശാസ്ത്രവുമായിട്ടാണ് സാമ്പത്തിക ശാസ്ത്രം പങ്കിടുന്നത്. ‘സൂക്ഷ്മ സമ്പദ്ശാസ്ത്രത്തിന്റെ മാഗ്നാ കാർട്ട' എന്ന നിലയിലാണ് ജോസഫ് ഷംപീറ്റർ (Joseph Schumpeter, 1883-1950) സമതുലിതാവസ്ഥയെ പരിഗണിക്കുന്നത്. സാമ്പത്തിക സന്തുലിതാവസ്ഥ (economic equilibrium) ഉറപ്പാക്കുന്നത് വിതരണത്തിന്റെയും ആവശ്യത്തിന്റെയും (Supply & Demand) എതിർശക്തികളാമെന്ന് സമ്പദ്ശാസ്ത്രകാരന്മാർ വിശ്വസിക്കുന്നു.

വിപണി വ്യവസ്ഥയ്ക്ക് ആവശ്യമായ ഒരു ഗുണം അല്ലെങ്കിൽ മാനദണ്ഡം എന്ന നിലയിലോ അളവുപരമായ പ്രവചനത്തിനുള്ള (quantitative prediction) യുക്തിസഹമായ ആവശ്യം അല്ലെങ്കിൽ ഗണിതശാസ്ത്രപരമായ ഒരു ആദർശം എന്ന നിലയിലോ ആണ് സമതുലിതാവസ്ഥയെ അവർ പരിഗണിക്കുന്നത്. വളരെ മനോഹരമായ ഒരു കാഴ്ചപ്പാട് എന്നതിനപ്പുറം ഇതിന്റെ പ്രായോഗിക പ്രസക്തി എന്താണെന്ന ചോദ്യം സ്‌കൈഡൽസ്‌കി മുന്നോട്ടുവെക്കുന്നു. മനുഷ്യ പെരുമാറ്റങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധമില്ലാത്ത അനുമാനങ്ങൾ നടത്താതെ, നിശ്ചലാവസ്ഥകളെ (stationary conditions) പരിഗണിക്കാതെ ഒരൊറ്റ വിപണിയിലോ അല്ലെങ്കിൽ മൊത്തം വ്യവസ്ഥയിലോ വിതരണത്തിന്റെയും ആവശ്യകതയുടെയും സമതുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന് തെളിയിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. സമതുലിതാവസ്ഥയിലേക്ക് സഞ്ചരിക്കാനുള്ള പ്രവണത സ്വാഭാവികമാണെന്ന് കരുതാം. എന്നാൽ ഈ പ്രവണത സവിശേഷമായ സംഭവവികാസങ്ങളെ സംബന്ധിച്ച പ്രവചനത്തിന് ആവശ്യമായ കൃത്യത കൈവരിക്കാൻ സാധ്യമല്ലാത്തവിധം സങ്കീർണ്ണമാണ് എന്ന വസ്തുത സമ്പദ്ശാസ്ത്രകാരന്മാർ വിസ്മരിക്കുകയാണ്.

മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തങ്ങളുടെ പരാജയങ്ങൾ മൊത്തത്തിൽ അവയുടെ മോഡലുകളുടെ ആന്തരിക പൊരുത്തക്കേടുകൾ മൂലമല്ല, മറിച്ച് നിരീക്ഷിച്ച വസ്തുതകൾ പരിഗണിക്കുന്നതിൽ മോഡലുകളുടെ പരാജയം മൂലമാണെന്ന് സ്‌കൈഡൽസ്‌കി വിശദീകരിക്കുന്നു

മാതൃകാരൂപങ്ങളും നിയമങ്ങളും

‘‘സാമൂഹ്യശാസ്ത്രങ്ങളുടെ രാജ്ഞിയായി സമ്പദ്ശാസ്ത്രത്തെ മാറ്റുന്നത് ശാസ്ത്രീയവും കൃത്യതയാർന്നതുമായ പ്രവചനങ്ങൾ നടത്താനുള്ള അതിന്റെ കഴിവ് കാരണമാണെ''ന്ന് പോൾ സാമുവേൽസൺ (1915-2009) അഭിപ്രായപ്പെടുന്നുണ്ട്. സമ്പദ്ശാസ്ത്രം ചിട്ടപ്പെടുത്തിയ നിയമങ്ങൾ മൂലമാണ് ഇത്തരമൊരു പ്രവചനം സാധ്യമാകുന്നത്. ഈ നിയമങ്ങൾ രൂപപ്പെടുത്താൻ അവയെ പ്രാപ്തമാക്കുന്നത് ‘മോഡലിംഗി'ലൂടെയാണ്. യഥാർത്ഥ ലോക ഗതിവിഗതികളെ സൈദ്ധാന്തിക നിർമ്മിതികളിലൂടെ പ്രതിനിധീകരിക്കുകയാണ് മോഡലിംഗ് വഴി ചെയ്യുന്നത്. സമ്പദ്ശാസ്ത്രത്തിൽ അത് പ്രധാനമായും നിർവ്വഹിക്കുന്നത് ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്. ഇത്തരത്തിൽ മാതൃകാരൂപം (model) സൃഷ്ടിക്കുമ്പോൾ സംഭവിക്കുന്ന പ്രധാന പരിമിതി ഒരു തുറന്ന വ്യവസ്ഥയെ(open system), ഗണിതശാസ്ത്ര സൗകര്യങ്ങൾക്കനുസരിച്ച്, അടഞ്ഞ (closed) ഒന്നായി മാറ്റേണ്ടി വരുന്നു എന്നതാണ്. യഥാർത്ഥ ലോകത്തിന്റെ സങ്കീർണതകളെയും പാരസ്പര്യങ്ങളെയും അനിശ്ചിതത്വങ്ങളെയും ഈയൊരു മാതൃകാരൂപം പ്രതിനിധീകരിക്കുന്നതേയില്ല എന്നത് തടസ്സമായി വരുന്നു. ഒരു സാമാന്യ സാമ്പത്തിക മാതൃക സവിശേഷമായും ഒരു അടഞ്ഞ വ്യവസ്ഥയെ (closed system) സംബന്ധിച്ച സൈദ്ധാന്തിക പ്രാതിനിധ്യം മാത്രമായിരിക്കും എന്ന വസ്തുതയെ സാമ്പത്തികശാസ്ത്ര മോഡലിംഗുകളുടെ പരാജയവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുവാൻ ബന്ധപ്പെട്ടവർ ഇനിയും തയ്യാറായിട്ടില്ലെന്ന യാഥാർത്ഥ്യത്തെ വളരെ കണിശമായിത്തന്നെ വിമർശന വിധേയമാക്കുന്നുണ്ട് സ്‌കൈഡൽസ്‌കി തന്റെ ഗ്രന്ഥത്തിലൂടെ.

മോഡലുകളെയും അവയിലൂടെ സൃഷ്ടിക്കപ്പെടുന്ന നിയമങ്ങളെയും സംബന്ധിച്ച ചില ചോദ്യങ്ങൾ കൂടി ഗ്രന്ഥകാരൻ ഉയർത്തുന്നുണ്ട്. മോഡലുകൾ വിവരണാത്മകമോ ദർശനാത്മകമോ ആയി കണക്കാക്കേണ്ടതുണ്ടോ? ആളുകൾ എങ്ങനെ പെരുമാറണം എന്ന് കാണിക്കുന്നതിനോ അല്ലെങ്കിൽ മാതൃകാകാരൻ (modeller) ഇച്ഛിക്കുന്നതുപോലെ പെരുമാറുന്നതിനോ മോഡലുകൾ ലക്ഷ്യമിടുന്നുണ്ടോ? മോഡലിംഗിന്റെ ആഖ്യാനപരമോ അല്ലെങ്കിൽ ആജ്ഞാപരമോ ആയ ഉദ്ദേശ്യം ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല, കാരണം സാമ്പത്തികശാസ്ത്രം ശാസ്ത്രീയവും മൂല്യരഹിതവുമായ ഒന്നായാണ് സങ്കല്പിക്കപ്പെട്ടിരിക്കുന്നത്.

സാമ്പത്തികശാസ്ത്രം പ്രകൃതിശാസ്ത്രത്തിൽ നിന്ന് ഭിന്നമാണ്. അതിൽ നിയമങ്ങൾ സൃഷ്ടിക്കുന്നതിന് പരീക്ഷണാത്മക രീതി ഉപയോഗിക്കുവാൻ സാധ്യമല്ല. ഒരു ശാസ്ത്രീയ സിദ്ധാന്തത്തിന് അതിന്റെ അനുമാനങ്ങളെ സമീകരിക്കുന്നതിനായി വസ്തുതകൾ ആവശ്യപ്പെടാൻ കഴിയില്ല, എന്നാൽ സമ്പദ്ശാസ്ത്രം ശ്രമിക്കുന്നത് ഇതിനാണ്. മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തങ്ങളുടെ പരാജയങ്ങൾ മൊത്തത്തിൽ അവയുടെ മോഡലുകളുടെ ആന്തരിക പൊരുത്തക്കേടുകൾ മൂലമല്ല, മറിച്ച് നിരീക്ഷിച്ച വസ്തുതകൾ പരിഗണിക്കുന്നതിൽ മോഡലുകളുടെ പരാജയം മൂലമാണെന്ന് സ്‌കൈഡൽസ്‌കി വിശദീകരിക്കുന്നു.

സാമ്പത്തികശാസ്ത്രം അതിന് നിറവേറ്റാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രമല്ല, ഒരു പ്രത്യേകതരം മനുഷ്യനെ, വിവേകിയും പുരോഗമന ചിന്താഗതിയുള്ളതുമായ ഒരു ഏജന്റിനെ, സങ്കല്പിച്ചെടുക്കുകയും ചെയ്യുന്നു. അത് അതിന്റെ വാഗ്ദാനങ്ങൾക്ക് നൽകേണ്ട വില കുറച്ചുകാണുന്നു

തന്റെ വാദമുഖങ്ങൾ ഉറപ്പിക്കുന്നതിനായി നിരവധി ഉദാഹരണങ്ങൾ സ്‌കൈഡൽസ്‌കി നിരത്തുന്നുണ്ട്. കെയ്‌നീഷ്യൻ മാക്രോ ഇക്കണോമിക് മോഡൽ, കാൽഡോർസ് ലോ (Kaldor's Law) വെർഡൂൺസ് ലോ(Verdoorn's law), കുസ്‌നെറ്റ് കർവ് (Kuznet Curve) മോഡലുകൾ പല ഘട്ടങ്ങളിലായി പരാജയപ്പെടുന്നത് സംബന്ധിച്ച വിശദാംശങ്ങൾ നൽകിക്കൊണ്ട് സാമ്പത്തിക നിയമങ്ങൾ സ്ഥല-കാലാതിവർത്തിയല്ലെന്ന നിഗമനത്തിലേക്ക് സാമ്പത്തിക ചരിത്രകാരൻ കൂടിയായ ഗ്രന്ഥകാരൻ എത്തുന്നു. സാമ്പത്തിക തകർച്ചകളുടെ ചരിത്രം പരിശോധിക്കുന്നവർക്ക് ഇക്കാര്യം കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സാധിക്കും.

സാമൂഹ്യ ജീവിയല്ലാത്ത ‘സാമ്പത്തിക മനുഷ്യൻ'

നിയോ ക്ലാസിക്കൽ സമ്പദ്ശാസ്ത്രം അവതരിപ്പിക്കുന്ന ‘സാമ്പത്തിക മനുഷ്യൻ' (homo economicus) ഒരു കെട്ടുകഥയാണെന്നും ‘പരിധികളില്ലാത്ത ആഗ്രഹത്താൽ അടയാളപ്പെടുത്തപ്പെട്ട മനുഷ്യ സ്വഭാവത്തെ'യാണ് അത് മുന്നോട്ടുവെക്കുന്നതെന്നും ഒരു സാമൂഹ്യശാസ്ത്രമെന്ന നിലയിലേക്ക് സമ്പദ്ശാസ്ത്രത്തെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നുണ്ട്. ജീവശാസ്ത്രം, അനുഭവം, സംസ്‌കാരം എന്നിവയാൽ മനുഷ്യർ പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ലളിതമായ സാമൂഹ്യശാസ്ത്ര സിദ്ധാന്തം. അതുകൊണ്ടുതന്നെ, ആളുകൾ പരസ്പരം സാമൂഹികമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, സമൂഹം നമ്മുടെ മൂല്യങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും, സാമൂഹിക സ്ഥാപനങ്ങളും സാമ്പത്തിക സഹകരണത്തിന്റെ സാമൂഹിക മാനങ്ങളും എങ്ങനെ നാം രൂപപ്പെടുത്തുന്നുവെന്നും തിരിച്ചറിയേണ്ടതും അനിവാര്യമാണ്.

‘‘സാമ്പത്തികശാസ്ത്രം മൂല്യനിർണയം ചെയ്യപ്പെട്ട വസ്തുതകളുമായി ബന്ധപ്പെട്ടതാണ്; അതേസമയം നൈതികതയെന്നത് മൂല്യങ്ങളും കടമകളും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടിന്റെയും വ്യവഹാര സ്ഥലങ്ങൾ ഭിന്നങ്ങളാണ്'' ലയണൽ റോബിൻസി(1898-1984)ന്റെ ഈ വാക്കുകളോടെ സമ്പദ്ശാസ്ത്രം നൈതികതയിൽ നിന്നും അടർത്തിമാറ്റപ്പെട്ടു കഴിഞ്ഞിരുന്നു.

സാമ്പത്തികശാസ്ത്രം അതിന് നിറവേറ്റാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രമല്ല, ഒരു പ്രത്യേകതരം മനുഷ്യനെ, വിവേകിയും പുരോഗമന ചിന്താഗതിയുള്ളതുമായ ഒരു ഏജന്റിനെ, സങ്കല്പിച്ചെടുക്കുകയും ചെയ്യുന്നു. അത് അതിന്റെ വാഗ്ദാനങ്ങൾക്ക് നൽകേണ്ട വില കുറച്ചുകാണുന്നു. വർത്തമാനകാലത്തെ ശരിയായ സാമ്പത്തിക നയരൂപീകരണത്തിന് സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ച ശരിയായ വിശകലനം മാത്രമല്ല, ശക്തമായ ഒരു സാമൂഹിക ഭാവനയും ആവശ്യമാണ്. സാമ്പത്തിക ശാസ്ത്രത്തിന് ഇതെല്ലാം സ്വന്തമായി ചെയ്യാൻ കഴിയില്ല. സാമ്പത്തിക ശാസ്ത്രം ഉപയോഗപ്രദമാകണമെങ്കിൽ സ്വയംനിയന്ത്രിത വിപണി (self-regulating market) യിലുള്ള വിശ്വാസത്തെ പരിഷ്‌കരിക്കേണ്ടതുണ്ട്. വിപണി മത്സരം സ്വയം പര്യാപ്തമായ ഒരു ശാസനാ തത്വമായി നിലനിർത്തുന്നതിൽ നിന്നും അത് അകന്നുനിൽക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ പങ്ക്, അധികാരത്തിന്റെ വിതരണം, സമ്പത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിൽ ഇവ രണ്ടും ചെലുത്തുന്ന സ്വാധീനം എന്നിവ കേന്ദ്ര വിഷയങ്ങളാക്കിക്കൊണ്ട് മാത്രമേ പുതിയ കാലത്ത് സാമ്പത്തിക ശാസ്ത്രത്തെ പുനർനിർണ്ണയിക്കാൻ കഴിയൂ എന്ന് സ്‌കൈഡൽസ്‌കി ചൂണ്ടിക്കാണിക്കുമ്പോൾ മുൻകാലങ്ങളിൽ നിന്ന് ഭിന്നമായി വലിയൊരു നിര സാമ്പത്തിക ശാസ്ത്രജ്ഞർ ഇന്ന് സമാന ചിന്താഗതി പങ്കുവെക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

വ്യക്തിയുടെ ഒരിക്കലും മതിവരാത്ത ആവശ്യങ്ങളെ (insatiable wants) മുന്നിൽക്കണ്ടുകൊണ്ടും, വിപണിയുടെ സ്വതന്ത്ര വാഴ്ചകളിൽ വിശ്വസിച്ചുകൊണ്ടും ഒരു സമ്പദ്ശാസ്ത്ര സിദ്ധാന്തത്തിന് ഏറെക്കാലം മുന്നോട്ടുപോകാൻ സാധ്യമല്ല. യാഥാർത്ഥ്യത്തിന്റെയും കാല്പനികതയുടെയും വേർപിരിയൽ സംഭവിക്കുന്ന തിരിവിൽ നിന്നുകൊണ്ട് മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞനായ കാൾ പോളയാനി (1886-1964) ചോദിച്ച ചോദ്യം നമ്മുടെയെല്ലാവരുടെ ചോദ്യമായി മാറുന്നു: How much disruption and inequality will societies tolerate for the sake of progress? ▮

Book Review What's Wrong with Economics? A Primer for the Perplexed Robert Skidelsky Page: 243 Published by: Yale University Press Year : March 2020


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments