അതിനാൽ....
"എന്റെ തല പെരുക്കുന്നുണ്ട്....'
നിങ്ങളുടെ തലയും പെരുക്കും.
കുറിപ്പുകൾക്കൊന്നും തലവാചകങ്ങളില്ല, തലച്ചിത്രങ്ങളേയുള്ളൂ.
ചില കുറിപ്പുകൾ എഴുതിയിട്ടുള്ളത് ഷിൻ ചാൻ എന്ന സാങ്കൽപിക ചൈനീസ് കവിയാണ്. അദ്ദേഹത്തിന്റെ മീഡിയോക്കർ മലയാള കവിസുഹൃത്താണ് നെരൂദയുടെ പ്രേതത്തിനാൽ സന്ദർശിതനായ ഒരേയൊരു മലയാളകവിയായ ഷാജു വി. വി. (ഒരേയൊരു എന്ന പ്രയോഗം സച്ചിദാനന്ദനേയോ ബാലചന്ദ്രൻ ചുള്ളിക്കാടിനേയോ ചൊടിപ്പിക്കാനിടയില്ല എന്നുറപ്പാണ്). ആ മലയാള കവിയാണ് സാനിയ മിർസ എന്ന പൂച്ചയുടെ ദുരൂഹമരണം എന്ന ഈ പുസ്തകം രചിച്ചിട്ടുള്ളതത്രെ.
കസേരയ്ക്കും പട്ടിയ്ക്കും പഠിക്കാനാഗ്രഹിക്കുന്ന അനേകാകിയായ ഒരാൾ. അഥവാ മത്സരത്തിന്റേയും യുദ്ധത്തിന്റേയും നിരർഥകത ആഴത്തിലാവാഹിച്ച ഒരാളാണീ ആൾ. വായനക്കാരെ ഈ കുറിപ്പുകൾ ഏതാണ്ടൊക്കെ ചികിത്സിച്ച് ഭേദമാക്കും.
ആലോചിച്ചാൽ...
ക്രമത്തെ അടുത്തറിഞ്ഞുകൊണ്ടുള്ള അക്രമമാണ് ഷാജുവിയൻ ചിന്ത. രാജത്വത്തിനെ അട്ടിമറിക്കുന്ന ഒന്ന്. അരാജകമായ ധിഷണയിൽ നിന്നുമാത്രം പുറത്തുവരാനിടയുള്ള ഒന്ന്. ആർ.എസ്.എസും താലിബാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ചേർന്നുള്ള ഒരു മുന്നണി ഉടൻ രൂപീകൃതമാവുമെന്നും ദാർശനിക വകുപ്പ് മേധാവിയുടെ സഹായത്തോടെയുള്ള ഈ അക്രമം അടിച്ചമർത്തുമെന്നും ന്യായമായും അന്യായമായും കരുതുന്നു.
"രഹസ്യം പോലെ മത്തുപിടിപ്പിക്കുന്ന ലഹരിയില്ല. അധോലോകം പോലെ ത്രസിപ്പിക്കുന്ന ലോകമില്ല '.
സ്വപ്നങ്ങളിലാണ് ഷാജുവിയൻ ഭാവനകൾ പൂത്തുലയുന്നത്. അതിൽ ഇപ്പോൾ ജീവിക്കുന്നവരും മരിച്ചുപോയവരും കടന്നുവരുന്നു. സർറിയലിസ്റ്റിക് ഭാവനകളുടെ ഒരു പൂരമാണത്.
"വീട്ടിൽ ഒറ്റയ്ക്കാവുന്ന കാലങ്ങളിലെല്ലാം അചേതനമെന്ന് വ്യവഹരിക്കപ്പെടുന്ന വസ്തുക്കളുടെ ആത്മഹർഷങ്ങളും ഏകാന്തതയും സഞ്ചാരാഭിമുഖ്യവും എന്റെ ആകാംക്ഷ മുറ്റിയ ശ്രദ്ധയുടെ ഭാഗമാകാറുണ്ട് '- വസ്തുക്കളുടെ (ബുദ്ധി)ജീവിതം ഷാജുവിന്റെ ജീവിതാന്വേഷണഭൂമികയുടെ പരിധിയിലുണ്ട്, ശാസ്ത്രാന്വേഷണ പരിധിയിൽ വന്നിട്ടില്ലെങ്കിലും. അതുകൊണ്ട് നൂറ്റാണ്ടുകൾ മുമ്പുള്ള വൃക്ഷജീവിതത്തിന്റെ സ്മരണകൾ വീട്ടിലുള്ള കട്ടിലിൽ നിന്ന് ഷാജുവിന് കേൾക്കാനാവും. "കസേരകളും മേശകളും മറ്റു വസ്തുക്കളും നാം വച്ച ഇടങ്ങളിൽനിന്നും ചെറുതായി സഞ്ചരിക്കുന്നുണ്ട് '. കാരണം, "വിരസതയെ കുടഞ്ഞുകളയാൻ മനുഷ്യരെപ്പോലെ വസ്തുക്കളും ക്രമങ്ങൾ ലംഘിക്കാറുണ്ട് '.
ഷാജുവിന്റെ ക്രമരഹിതലോകം ഇത്തരം ചലനങ്ങൾ നിറഞ്ഞതാണ്. നിരന്തരം ഇത്തരം വിനിമയങ്ങൾ സംഭവിക്കുന്നതാണ്. അചേതനലോകത്തെ കവിയായ ഷാജു ജൈവവത്കരിക്കുന്നത് സവിശേഷമാർന്ന രീതിയിലാണ്.
കോവിഡ്കാലജീവിതം ഷാജുവിന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണ്. മനുഷ്യജീവിതം തടവറയിലാക്കപ്പെട്ട ഒരു കാലത്തിന്റെ അടയാളങ്ങളായി ഈ എഴുത്തുകൾ ഭാവിയിൽ പരിഗണിക്കപ്പെടാതിരിക്കില്ല. ഭൂമിയിൽ മറ്റൊരു ജീവിയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത തടവറകളാണ് കോവിഡ് കാലത്ത് മനുഷ്യർക്കായി ഭരണകൂടങ്ങൾ ഒരുക്കിയത്. അതേക്കുറിച്ചാണ് ഷാജുവിന്റെ കാർട്ടൂൺ കുറിപ്പുകൾ ഏറെയും. അടിസ്ഥാന ജൈവസ്വാതന്ത്ര്യത്തെ ഏതു സാഹചര്യത്തിലും ഉയർത്തിപ്പിടിക്കുകയാണ് ഷാജുവിന്റെ രീതി.
രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്ന കവിവാക്യത്തെ കോവിഡ് കാലത്തെ അടച്ചിരിപ്പിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പലതരം പുതുക്കലുകൾക്ക് വിധേയമാക്കുന്നു.
താൻ സെക്ടറൽ മജിസ്‌ട്രേറ്റായി നിയമിതനായ കോവിഡ് കാലത്തെ അനുഭവങ്ങൾ രേഖപ്പെടുത്തുമ്പോൾ ഷാജു നടത്തുന്ന ആത്മ / അധികാരവിമർശനം ആഴത്തിലുള്ള ഒന്നാണ്.
"കുറ്റവാളികളെ മുൻകൂർ വിഭാവനം ചെയ്ത് വടിയുമായി ക്ലാസ്‌റൂമിലേയ്ക്ക് ചെന്ന് ലക്ഷണമൊത്ത കുറ്റവാളികളെ കാണാതാവുമ്പോൾ നിരാശനാകുന്ന സ്‌കൂൾമാഷന്മാരുടെ കുറേക്കൂടി ദാരുണമായ അവസ്ഥയിലേയ്ക്ക് ഞാൻ വിണടിഞ്ഞു' എന്നാണ് സ്‌കൂൾമാഷായ ഷാജു (ഐഡിയോളജിക്കൽ സ്റ്റേറ്റ് അപ്പാരറ്റസിന്റെ ഭാഗമായ മാഷ്!) തന്നെ കാണുമ്പോൾ പുഴുക്കളുടെ ശരീരഭാഷയിലേയ്ക്ക് മാറുന്ന പൗരന്മാരെ ഓർത്ത് പറയുന്നത്.
സർവയലൻസിന്റെ നടത്തിപ്പുകാരനായി അതിനെ എതിർക്കുന്ന ഒരാൾക്ക് ചുമതലയേൽക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സംഘർഷം അതിജീവിക്കുക കൂടിയാണ് ഇവിടെ ഷാജു എന്നു തോന്നുന്നു. മനുഷ്യനോട്ടങ്ങളെ നിരന്തരം (ആത്മ)വിചാരണ ചെയ്താണ് ഷാജുവിന്റെ കുറിപ്പുകൾ മറ്റൊരു തലത്തിലേയ്ക്ക് ഉയരുന്നത്. മനുഷ്യരാശിക്കു ലഭിച്ച ഏറ്റവും വിജ്ഞാനപ്രദവും ആന്തരിക ബോധേദയദായകവുമായ അനൗപചാരിക സർവ്വകലാശാലയാണ് കോവിഡ്- 19 എന്ന കണ്ടെത്തലാണ് ഷാജു നടത്തുന്നത്.
"പല അടരുകളുള്ള ഒരു ധ്വനികാവ്യം പോലെ ' യുള്ള ചക്കയെക്കുറിച്ചുള്ള ലോക്ഡൗൺ സ്‌കെച്ചുപോലും ഭരണകൂട സർവയലൻസിനെക്കുറിച്ചുള്ള ധിഷണയെ അലോസരപ്പെടുത്തുന്ന അന്വേഷണമായി വികസിക്കുന്നുണ്ട്.
സർവയലൻസിന്റെ നാനാതരം ചുഴിഞ്ഞുനോട്ടങ്ങളെ ഷാജു കളിയാക്കിവിടുന്നുണ്ട്. ഈ പരിഹാസങ്ങളെല്ലാം മൗലികമായ ഒരു വിമർശം ഉൾക്കൊള്ളുന്നുണ്ട്. അധികാരം സ്ഥാപിക്കാനുള്ള മനുഷ്യന്റെ ത്വര എന്ന അശ്ലീലത്തിനെതിരെയുള്ള വിമർശനമാണത്. മറ്റു മനുഷ്യർക്കുമേൽ മാത്രമല്ല, ഏതൊരു ചരാചരത്തിനും മേൽ അധികാരപ്രയോഗം എന്നത് എതിർക്കപ്പെടേണ്ടതാണെന്ന നിലപാടാണ് കുറുക്കിയെടുത്ത ഈ കുറിപ്പുകളിലൂടെ ഷാജു പറയുന്നത്. അതുകൊണ്ടുതന്നെ ഷാജുവിന്റേത് അധികാരത്തിന്റെ നൃശംസതകൾക്കുനേരെയുള്ള കലാപമാണ്.
"കോഴിക്കോട്ടേയ്ക്ക് ഒരു പച്ച ബസ് കിടപ്പുണ്ട്. എങ്ങോട്ടേയ്ക്ക് പോകണം എന്ന എന്റെ അനിശ്ചിതത്വം അതിനില്ല. അതു കോഴിക്കോട്ടേയ്ക്ക് പോകും. വ്യക്തമായ തീരുമാനമുള്ള ഒരാളിന്റെ തിടുക്കത്തോടെ അത് മുരണ്ടുകൊണ്ട് അക്ഷമനായി നിന്നു. അതിന്റെ നിശ്ചയദാർഢ്യം എനിക്കിഷ്ടമായി '.
സ്‌കൂൾ വിട്ട് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ അവിടെ കണ്ട ബസിനെ ഷാജുവിന് ഈ രീതിയിൽ കാണാൻ കഴിയും. ഒരിക്കലും സന്ദേഹങ്ങളില്ലാത്ത മനുഷ്യരേയും പാർട്ടികളേയും എന്നല്ല, എല്ലാ ഭരണകൂടസ്ഥാപനങ്ങളേയുമാണ് ഇവിടെ ഉന്നം വയ്ക്കുന്നത്. ഷാജുവിന്റെ സർക്കാസം അതിന്റെ പരകോടിയിലെത്തുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. അത് സർഗാത്മകഫലങ്ങൾ ഉളവാക്കുന്നതും ഇത്തരം സന്ദർഭങ്ങളിൽ തന്നെ. സ്റ്റേറ്റിനെതിരെ രാഷ്ട്രീയമായി നിവർന്നു നിന്നുള്ളതാണ് ഷാജുവിന്റെ സംസാരങ്ങളൊക്കെയും.
"പോസ്റ്റിൻ ചുവട്ടിൽ കാലുപൊക്കി മുള്ളിയ ശേഷം പട്ടികൾ ആദ്യം കാണുന്ന മനുഷ്യനുനേരെ ഉന്നം പിടിച്ചു ഓടിച്ചെന്ന് കടിക്കാറില്ല ' എന്ന ഷാജൂവിയൻ താരതമ്യത്തിൽ മനുഷ്യകേന്ദ്രിതനോട്ടത്തിന്റെ ഹിംസാപരലീലകളേയും പരിമിതവീക്ഷണത്തേയും സർക്കാസിക്കലാണുള്ളത്. "രണ്ടാം നിലയിൽനിന്ന് താഴേയ്ക്കു നോക്കുന്ന ആളിന് തറയിൽ നിൽക്കുന്നയാളിനുമേൽ ചുമ്മാ തന്നെ ഒരു മാനസികാധീശത്വമുണ്ട് ' എന്ന നിരീക്ഷണത്തിലാകട്ടെ സ്ഥാനം നൽകുന്ന മേൽനില നമ്മുടെ ശ്രേണീകൃത സമൂഹത്തിലുണ്ടാക്കുന്ന അധികാരപ്രയോഗത്തെ ഓർമപ്പെടുത്തുന്നു. നമ്മുടെ ഉള്ളിലുള്ള വേട്ടക്കാരനെ മുഖാമുഖം നിർത്തി ദയാരഹിതമായി നേരിടാൻ നമ്മെത്തന്നെ പരിശീലിപ്പിക്കുകയാണ് ഒരു പക്ഷേ, ഷാജു. ആത്മവിമർശനത്തിന് മനുഷ്യരെ പാകമാക്കേണ്ടതുണ്ടെന്ന അഭിപ്രായക്കാരനാണ് കുറിപ്പുകാരൻ കൂടിയായ കവി അഥവാ കവി കൂടി ആയ ഈ കുറിപ്പുകാരൻ.
ഭാഷാപ്രയോഗങ്ങളിൽ ഷാജു വരുത്തുന്ന നവീനത ഗംഭീരമായ ഒന്നാണ്. വാക്കുകളുടെ ചരിത്രജീവിതം അറിഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങളാണവ. പൊളിറ്റിക്കൽ കറക്റ്റനസിന്റെ യാന്ത്രികമായ തിരുകിക്കയറ്റലുകളെ കണക്കിന് കളിയാക്കുന്ന വരികൾ ഇതിൽ എമ്പാടും കാണാം. എല്ലാം കിറുകൃത്യമായി കണക്കാക്കാൻ കഴിയും എന്ന് അവകാശപ്പെടുന്ന എന്തിനേയും യാദൃശ്ചികതയിലും ഭാവനയുടെ പ്രാധാന്യത്തിലും ഊന്നുന്ന ഷാജുവിന്റെ സർഗാത്മകതയ്ക്ക് വിചാരണ ചെയ്‌തേ മതിയാവൂ. ഷാജു അതു ചെയ്യുമ്പോൾ മഴവില്ല് വിടരുന്നു. കേവലയുക്തിയിലൂന്നുന്ന വാദങ്ങളുടെ പരിഹാസ്യത ഷാജു എപ്പോഴും തുറന്നുകാട്ടുന്നു. അതുകൊണ്ടുതന്നെ നാനാതരം രവിചന്ദ്രന്മാർ ഷാജുവിന്റെ അസ്ത്രങ്ങളേറ്റു വേദനിക്കാൻ വിധിക്കപ്പെട്ടവരാണ്. അല്ലെങ്കിലും കല രവിചന്ദ്രൻമാഷന്മാരുടെ വിരസമായ യുക്തിവാദ ക്ലാസല്ലല്ലോ.
പൊതുബോധത്തേയും ഭൂരിപക്ഷസങ്കൽപത്തേയും ചോദ്യം ചെയ്യാതെ ഉറങ്ങാൻ പോലുമാവില്ല കുറിപ്പുകാരന്. കിടക്കപ്പങ്കാളി എനിക്ക് ലൈംഗികപങ്കാളി ആവണമെന്നില്ല എന്ന് ഷാജു. "മനുഷ്യർ ഏറ്റവും ജാഗ്രത്തിലായിരിക്കുന്ന അവസ്ഥ രതിയിലാണ്. ഒരാൾ രണ്ടു ശരീരങ്ങളിലും (മിനിമം) മനസ്സിലും ഉണർന്നിരിക്കുന്ന അവസ്ഥ '. തന്നെത്തന്നെ അപായകരമായ വിധത്തിൽ വന്യഭാവനകളുടെ ചുഴികളിലും കൊടുമുടികളിലും കൊണ്ടിടുക രചയിതാവിന്റെ വിനോദമാണ്. അവതാരികാകാരൻ പറഞ്ഞതുപോലെ എഴുതുന്ന വാചകമെല്ലാം പാചകമാണ്.
ഉപകരണസംഗീതത്തെക്കുറിച്ചുള്ള കുറിപ്പ് സംഗീതത്തിന്റെ മാത്രമല്ല, പൊതുവിൽ അടിസ്ഥാനാസ്പദങ്ങളെക്കുറിച്ചുള്ള കാമ്പുള്ള ചിന്തയായിത്തീർന്നിരിക്കുന്നു. "ഞാൻ പറഞ്ഞു പറഞ്ഞ് കാടു കയറുകയാണെന്ന് നിങ്ങൾ വിചാരിക്കുന്നത് ന്യായമാണ്. കാടു കയറുന്നത് അത്ര ചീത്ത കാര്യമല്ല '. അതെ, ചിന്തയുടെ കാടുകയറ്റം.
"നിങ്ങളെന്തോ, അതാണു നിങ്ങൾ എന്ന ആത്മവിശ്വാസത്തേക്കാൾ ചാരുതയുള്ള മറ്റെന്തുണ്ട് ' എന്ന ജനാധിപത്യത്തിലേക്ക് ഷാജു അതിരാവിലെ നടന്നെത്തും.
"പാസ്‌വേഡ് ആറ്റിക്കുറുക്കിയ കുറുംകവിതയാണ്. അഴിക്കുംതോറും ദുരൂഹമാകുന്ന കവിത ' എങ്കിൽ ഈ പുസ്തകത്തിൽ കൂടുതലും പാസ്‌വേഡുകളാണ്.
"വർത്തമാനകാലത്തെ ഇരയായി കോർത്ത്, പോയ കാലത്തേക്കു വീശിയെറിയുന്ന ചൂണ്ടലിൽ കുരുങ്ങുന്ന തിരഞ്ഞെടുപ്പുമീനാണ് ഓർമ'.
മീൻകണ്ണുകളിൽ നൂറ്റാണ്ടുകളുടെ സാഗരനൊസ്റ്റാൾജിയ ദർശിക്കുന്ന കുറിപ്പുകാരന് ആമയെക്കുറിച്ചുള്ള ആലോചന ഇങ്ങനെ ആരംഭിക്കാൻ കഴിയും- "എൻ എസ് മാധവന്റെ തിരുത്ത് വായിച്ചതിനുശേഷം രാഷ്ട്രീയഭീരുവായ ഒരു ജന്തുവായേ ആമയെ കാണാൻ കഴിയാറുള്ളൂ'
"പരിപ്പുവട അതിന്റെ സ്വഭാവം കൊണ്ട് പോസ്റ്റ്‌മോഡേൺ കവിതയാണ്. ഇല്ലാ തെല്ലും കമ്പം അനശ്വരതയിൽ ' പരിപ്പുവടയെക്കുറിച്ച് എഴുതിയ കുറിപ്പിൽ ചർച്ച ചെയ്യാത്ത വിഷയങ്ങളില്ല.
വറീതും സാറയും കൂടി ഹോട്ടലിൽ ഒരു സ്‌ട്രോങ് ചായയ്ക്കും ലൈറ്റ് ചായയ്ക്കും ഓർഡർ ചെയ്തിട്ട് സ്‌ട്രോങ് ചായ വെയിറ്റർ പുരുഷനായ വറീതിന് കൊടുക്കുമ്പോൾ ഉയർന്നുവരുന്ന ആലോചനകൾ പോലെ, യാന്ത്രികതയെ പരിഹസിക്കുന്ന ചിന്തയുടെ ആവിഷ്‌കാരങ്ങളുണ്ട് വർഗ- സ്വത്വ -സ്ത്രീ -കീഴാള രാഷ്ട്രീയത്തിലെ സംജ്ഞകൾ ഉപയോഗിക്കുന്നതിൽ ഈ പഹയനുള്ള കഴിവ് അപാരമാണല്ലോ എന്ന് നാം അസൂയപ്പെടും വിധം ഈ കുറിപ്പുകളിൽ.
കുഞ്ചിയമ്മയുടെ കുഞ്ചു ഒഴിച്ചുള്ള ബാക്കി നാലു മക്കളുടെ കാവ്യചരിത്രത്തിലെ അഭാവത്തെക്കുറിച്ചുള്ള കുറിപ്പ് ഖസാക്കിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള എൻ. എസ്. മാധവന്റേയും എൻ. എസ്. മാധവന്റെ ഹിഗ്വിറ്റയെക്കുറിച്ചുള്ള എം. ടി. അൻസാരിയുടേയും പഠനത്തിന്റെ തുടർച്ചയായി ആർക്കെങ്കിലും തോന്നിയാൽ അതു തികച്ചും യാദൃശ്ചികം മാത്രമായിരിക്കും.
മാജിക്കൽ ഇമേജുകൾ നിറഞ്ഞ ഒരു കുറിപ്പിൽ, ചൂണ്ടലിട്ടുകൊണ്ടിരുന്ന തന്നെ വെടിവച്ച ആളോട് "നിങ്ങളെന്തിനാണെന്നെ വെടിവച്ചത്? മീൻ വേട്ടയിൽ വിയോജിപ്പുള്ള അഹിംസാവാദിയാണോ നിങ്ങൾ? ' എന്നു ചോദിക്കുമ്പോൾ അഹിംസാവാദി പ്രയോഗം ദാലിയൻ സമയം പോലെ ഇവിടെ തത്വവിചാരങ്ങൾ ഉരുകിയൊലിച്ച് പരക്കുന്നു. വിചിത്രം, അസാധാരണം എന്നീ വാക്കുകൾ നീക്കം ചെയ്ത നിഘണ്ടുവിൽ നിന്നെന്നപോലെ.
രണ്ടു വയസുള്ള കുഞ്ഞുമായി ബസിൽ കയറിയ അ എന്നു പേരുള്ള യുവാവിനുണ്ടായ അനുഭവവും യാത്രക്കാരുടെ പ്രതികരണങ്ങളും മനോവ്യാപാരങ്ങളും സർക്കാസത്തിന്റെ കൊടുമുടി കയറുന്ന മറ്റൊരു കുറിപ്പാണ്. "ഒരു ഹൈക്കുവും ഇത്ര സമൃദ്ധമായി ധ്വനി ഉൽപ്പാദിപ്പിച്ചിട്ടില്ല '.
മസ്തിഷ്‌കകവ്യായാമം ആവശ്യപ്പെടുന്നതും ധിഷണയ്ക്ക് വെല്ലുവിളി ഉയർത്തുന്നതുമായ സർറിയൽ കാലബോധത്തിന്റെ ഒരു വിചാരഭാഷ ഷാജു വികസിപ്പിക്കുന്നത് കാണാം. സർക്കാസം ഭൂതകാലത്തിരകളോട് ആസക്തിയോടെ മത്സരിച്ചുയരുന്ന ദൃശ്യം നമുക്കിതിൽ കാണാം. തീരത്ത്സമാധാനത്തോടെ കാറ്റു കൊള്ളുന്ന വായനക്കാരുടെ ധിഷണയെ സുഖകരമായി അതു അസ്വസ്ഥപ്പെടുത്തുന്നു. ഭൂമിയിലെ അവസാന മനുഷ്യന്റെ ഏകാന്തതയെക്കുറിച്ച് ഭാവനചെയ്യുന്ന സർഗാത്മ അരാജകത്വം നിറഞ്ഞ കവിയാണ് ഇയാൾ.
‘വളരെ വേണ്ടപ്പെട്ടരാൾ മരിച്ചുപോയത് നമ്മളറിയാത്തിടത്തോളം അവർക്ക് മരണമില്ല’ എന്ന വാക്യത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത് എന്നത് വായനക്കാരുടെ തോന്നൽ മാത്രമാണ്. ആ കുറിപ്പും ആ വാക്യവും ആദ്യം വന്നുപോയി എന്നേയുള്ളൂ. അതായത് സാനിയ മിർസ എന്ന പൂച്ചയുടെ ദുരൂഹമരണം അറിഞ്ഞിട്ടില്ലാത്തിടത്തോളം കാലം പ്രസ്തുത പൂച്ചയ്ക്ക് മരണമില്ല. പൂച്ച മരണമില്ലാത്തവളായി ഇരിക്കണമെന്ന് ആഗ്രഹമുള്ളവർ ഈ പുസ്തകം വായിക്കരുതെന്ന് അർത്ഥം.
സാനിയ മിർസ എന്ന പൂച്ചയുടെ ദുരൂഹമരണം, കുറിപ്പുകളുടെ സമാഹാരം എന്നു പറയാമെങ്കിലും അതു പൂർണമല്ല, ആ വിളി. അത് അതിലേറെയാണ്. ടി. വി. മധുവിന്റെ അവതാരികയും സീന പനോളിയുടെ എഡിറ്റേഴ്സ് കുറിപ്പുമാണ് ഇതിലെ രണ്ട് സാമ്പ്രദായികമല്ലാത്ത കാര്യങ്ങൾ എന്ന് ഷിൻ ചാൻ അനന്തര ചെനീസ് കവികൾ പറയാനിടയുണ്ട്.
ഡിഫാൾട്ട് സെറ്റിംഗ്‌സിൽ നാം കാണുന്ന ലോകത്തെ ഒന്ന് റിസെറ്റ് ചെയ്യാനുള്ള ഷാജുവിന്റെ ഇടപെടലുകൾ ലോകത്തിന്റെ തുടർന്നുള്ള നിലനിൽപ്പിന് ഉപകാരപ്പെട്ടേക്കും.