ചരിത്രത്തെ പൂർത്തിയാക്കുന്ന വേദനകൾ

ശ്രീലങ്കയിലെ ജീവലത, പാക്കിസ്താനിലെ സൈറ, അഫ്ഘാനിസ്ഥാനിലെ പർവീൻ, ബംഗ്ലാദേശിലെ സഫിയ, നേപ്പാളിലെ ശ്രേഷ്ഠ തമാംഗ്, ഇന്ത്യയിലെ രേവമ്മ എന്നിവരാൽ തുടക്കം കുറിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന കഥകളല്ല ഇതിലുള്ളത്. അവരാൽ പറഞ്ഞു വെക്കപ്പെടുന്ന നീണ്ട കഥകൾ മാത്രമാണ്. അവസാനിക്കാത്ത ദുരന്ത കഥകൾ. അതിനായി ഗ്രന്ഥകാരി കണ്ടെത്തുന്ന ഉപകരണങ്ങൾ മാത്രമാണ് ഈ ആറു സ്ത്രീകൾ. - സുധാ മേനോൻറെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ എന്ന പുസ്തകത്തെകുറിച്ച് എൻ.ഇ. സുധീർ എഴുതുന്നു.

പുസ്തകത്തിന്റെ പേജുകൾ മറിക്കുന്തോറും എനിക്കു പേടിയായിക്കൊണ്ടിരുന്നു. ഇനിയും ദുരന്തമുണ്ടാവുമോ എന്ന പേടി. അപൂർവമായേ വായനയ്ക്കിടയിൽ ഇത്തരം അനുഭവമുണ്ടായിട്ടുള്ളൂ. സുധാ മേനോൻ എഴുതിയ "ചരിത്രം ആദൃശ്യമാക്കിയ മുറിവുകൾ' എന്ന ഗ്രന്ഥത്തിലെ ആദ്യ അധ്യായം വായിക്കുകയായിരുന്നു, ഞാൻ. അതിൽ വിവരിക്കുന്ന ജീവലത എന്നു പേരുള്ള സ്ത്രീയുടെ ജീവതത്തിൽ ഏതു വിധേനയെങ്കിലും നല്ല കാര്യങ്ങൾ നടക്കണം എന്നത് വായനക്കാരന്റെ ആഗ്രഹമായി മാറുകയായിരുന്നു. വീണ്ടും വീണ്ടും ദുരന്തങ്ങൾ അവരുടെ ജീവിതത്തിൽ ഇരുട്ടു പകർത്തുമ്പോൾ അത് സഹിക്കാനുള്ള കരുത്ത് വായനക്കാർക്ക് ഇല്ലാതാവുന്നു. അത്രയും ഹൃദയസ്പർശിയായ വിവരണമാണ് ഗ്രന്ഥകാരി നടത്തിയിരിക്കുന്നത്. അവർ തന്നെ ഒരിടത്ത് ഇങ്ങനെ എഴുതിയിട്ടുണ്ട്. ""എനിക്കു വാക്കുകളും ശബ്ദവും നഷ്ടപ്പെട്ടു. അവരെ (ജീവയെ) ഒന്ന് തൊടാൻ പോലും ഞാൻ അശക്തയായി. എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നും ഒന്നും കേൾക്കെണ്ടെന്നും എനിക്ക് തോന്നി.'' സത്യത്തിന്റെ മൂർച്ഛയുള്ള വാക്കുകൾ കൊണ്ടാണ് ഈ പുസ്തകം അവർ തയ്യാറാക്കിയിട്ടുള്ളത്. വ്യത്യസ്തദേശങ്ങളിലായി വേറിട്ട സാഹചര്യങ്ങളിൽ നടന്ന അതിഭീകരമായ ദുരന്താനുഭവങ്ങളുടെ അവിസ്മരണീയ വിവരണങ്ങളാണ് ഈ കൃതിയിലുള്ളത്.

കേരളീയ സാഹചര്യത്തിൽ ജീവിച്ചൊരാൾക്ക് നിശ്ചയമായും അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന ജീവിത സാഹചര്യങ്ങളാണ് ഇതിൽ വിവരിക്കുന്നത്. ലോകത്തിന്റെ മുന്നിലെ സാഹചര്യങ്ങളും മനുഷ്യരാശിയുടെ കരുത്തും ഇത്രയധികം ഗുണപരമായ മാറ്റങ്ങളിലൂടെ കടന്നു പോയിട്ടും പല ദേശത്തും സ്ത്രീകളും കുട്ടികളും ഇത്രയധികം ദുരനുഭവങ്ങൾക്ക് വിധേയമാകേണ്ടി വരുന്നത് എന്തുകൊണ്ട്? ഈ ചോദ്യവുമായി ഗ്രന്ഥകാരി നടത്തുന്ന ആഴമേറിയ അന്വേഷണമായാണ് ഈ ഗ്രന്ഥത്തെ ഞാൻ വായിച്ചെടുക്കുന്നത്. ഏതൊരു സാമൂഹ്യ പ്രഹേളികയേയും നേരിടേണ്ടത് അതിനെ വിശാലമായ തലത്തിൽ, ആവുന്നത്ര സമഗ്രമായി മനസ്സിലാക്കിക്കൊണ്ടായിരിക്കണം. യഥാർഥത്തിൽ അത് ഒരു പരിഹാരം തേടലല്ല. സാമൂഹ്യ പ്രകിയയുടെ ഭാഗമായുണ്ടാവുന്ന പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ അസാധ്യമാണ് എന്നതും ഒരു വസ്തുതയാണ്. ആ തിരിച്ചറിവോടെയാണ് സുധാ മേനോൻ കാര്യങ്ങളെ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഈ അന്വേഷണം നിക്ഷ്പക്ഷവും സത്യസന്ധവുമാണ് എന്ന് വായനക്കാരനു കൂടി ബോധ്യമാവുന്നു.

വേണമെങ്കിൽ ഇത് ആറു രാജ്യങ്ങളിലെ ആറ് പെൺജീവിതങ്ങളുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും വിവരണമാണ് എന്ന് ചുരുക്കിപ്പറയാം. എന്നാൽ അത് ഈ പുസ്തകത്തിന്റെ തീർത്തും ഉപരിപ്ലവമായ ഒരു വായനയായിരിക്കും. ഇപ്പോഴും പ്രാകൃതമായ ഉൾപ്രേരണകളാൽ നിയന്ത്രിക്കപ്പെടുന്ന മനുഷ്യവർഗ്ഗത്തിന്റെ നിസ്സഹായവസ്ഥയുടെ വലിയൊരു ചിത്രം കൂടി ഈ പുസ്തകം അവതരിപ്പിക്കുന്നുണ്ട്. പാരസ്പര്യത്തിലൂടെ സഹജീവനം സാധിച്ചെടുക്കുമ്പോഴും ഏറ്റുമുട്ടാനും വലിയ വില കൊടുത്ത് കൊണ്ടു തന്നെ ജയ- പരാജയങ്ങളിൽ അഭിരമിക്കാനും മടിക്കാത്ത മനുഷ്യൻ. മാനവരാശിയുടെ എല്ലാ നേട്ടങ്ങൾക്കു പിറകിലും കൊടുക്കൽ വാങ്ങലുകളുടേയും സഹവർത്തിത്വത്തിന്റെയും നീണ്ട ചരിത്രമുണ്ട്. അതോടൊപ്പം പകയുടെയും വെറുപ്പിന്റെയും അക്രമത്തിന്റെയും കേവലമായ സ്വാർഥതയുടെയും ഒരു സമാന്തര ചരിത്രവും. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളും വേദനകളും ഈ സമാന്തര ചരിത്രത്തിന്റെ സംഭാവനയാണ്. സത്യത്തിൽ ഇത് വ്യക്തികളുടെ കഥയല്ല; വ്യക്തികളെ നിസ്സഹായരാക്കുന്ന വ്യവസ്ഥിതിയുടെ കഥയാണ്.

ശ്രീലങ്കയിലെ ജീവലത, പാക്കിസ്താനിലെ സൈറ, അഫ്ഘാനിസ്ഥാനിലെ പർവീൻ, ബംഗ്ലാദേശിലെ സഫിയ, നേപ്പാളിലെ ശ്രേഷ്ഠ തമാംഗ്, ഇന്ത്യയിലെ രേവമ്മ എന്നിവരാൽ തുടക്കം കുറിക്കുകയോ അവസാനിക്കുകയോ ചെയ്യുന്ന കഥകളല്ല ഇതിലുള്ളത്. അവരാൽ പറഞ്ഞു വെക്കപ്പെടുന്ന നീണ്ട കഥകൾ മാത്രമാണ്. അവസാനിക്കാത്ത ദുരന്ത കഥകൾ. അതിനായി ഗ്രന്ഥകാരി കണ്ടെത്തുന്ന ഉപകരണങ്ങൾ മാത്രമാണ് ഈ ആറു സ്ത്രീകൾ. അവരുടെ അനുഭവങ്ങളിലൂടെ അവരുടെ ചുറ്റിനുമുണ്ടായിരുന്ന ലോകത്തെയും ആ അനുഭവങ്ങൾക്ക് കാരണമായ ലോകക്രമത്തെയും അടുത്തറിയുവാനാണ് സുധാ മേനോൻ ശ്രമിച്ചിരിക്കുന്നത്. ഇതിലെ സ്ത്രീകളുടെ വ്യക്തിഗത ജീവിതങ്ങളെ നിർമ്മിച്ച - നിയന്ത്രിച്ച ഒരു രാഷ്ട്രീയമുണ്ട്. അതിനെ നിർമ്മിച്ചെടുത്ത കുറേ സാമൂഹ്യ ചുറ്റുപാടുകളുണ്ട്. അതിനെയൊക്കെ ആഴത്തിൽ മനസ്സിലാക്കുക എന്നതാണ് പ്രധാന കാര്യം. അല്ലാതെ നേരത്തെ സൂചിപ്പിച്ചതു പോലെ ഉപരിപ്ലവമായി കേവലം ആറ് സ്ത്രീകളുടെ വേദനയുടെ കഥയായി ഇത് വായിച്ചു പോയാൽ, ആ വേദനകൾക്ക് കാരണമായി പ്രവർത്തിച്ച അടിസ്ഥാന പ്രശ്നങ്ങളെ റദ്ദുചെയ്യലാവും. ഇത്തരം വേദനകളും പ്രശ്നങ്ങളും പുസ്തകങ്ങളിലൂടെ മാത്രം പരിചയപ്പെട്ട ഒരു വായനാസമൂഹം അത്തരമൊരു തെറ്റായ വായന നടത്തുവാനിടയുണ്ട്.

കേരളം പോലൊരു സമൂഹത്തിൽ ഈ പുസ്തകം അത്തരമൊരു ദുർഗതിയെ നേരിടേണ്ടി വന്നേക്കാമെന്ന് ഞാൻ ഭയപ്പെടുന്നു. അങ്ങനെ ചുരുക്കി വായിക്കപ്പെട്ടേക്കാവുന്ന വൈകാരിക തീക്ഷ്ണത ഈ ഗ്രന്ഥത്തിന്റെ
ശൈലിയിൽ നിറഞ്ഞു കിടപ്പുണ്ട്. അരാഷ്ട്രീയ വായനയിലൂടെ ഈ കൃതിയുടെ ആ വശം കൂടുതൽ ആഘോഷിക്കപ്പെട്ടേക്കാം. പുസ്തകത്തിന്റെ
ഒരു ന്യൂനതയായല്ല; മറിച്ച് വായനയിലെ ഒരു തെറ്റായ സാധ്യത എന്ന നിലയിൽ മാത്രമാണ് ഞാനിത് സൂചിപ്പിക്കുന്നത്.

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ - പുസ്തക പ്രകാശനം

എന്തുകൊണ്ടാണ് മനുഷ്യർ ഇങ്ങനെയൊക്കെ ആവുന്നത്? മനുഷ്യർ സൃഷ്ടിക്കുന്ന പ്രഹേളികകളിൽ അവർ തന്നെ ഗത്യന്തരമില്ലാതെ വലഞ്ഞു തിരിയുന്ന ഈ അവസ്ഥയിൽ നിന്ന് മോചനമുണ്ടോ? വായനക്കാർ അടുത്ത പേജിൽ വിവരിക്കപ്പെടാനിടയുള്ള ദുരന്തത്തെ ഭയന്നതുപോലെ, ഇതിലെ യഥാർത്ഥ മനുഷ്യർ ജീവിതത്തെ പേടിക്കേണ്ടി വന്നവരാണ്. ഓരോ നിമിഷവും കീഴ്മേൽ മറിയപ്പെടാൻ വിധിക്കപ്പെട്ട സ്വന്തം ജീവിതത്തെയാണ് അവർ ഭയന്നുകൊണ്ടിരുന്നത്. എന്നിട്ടും അവർ നിശ്ശബ്ദമായി എല്ലാം നേരിട്ട് ജീവിച്ചു കൊണ്ടിരിക്കുന്നു. അവരുടെ നിശ്ശബ്ദതയ്ക്ക് ഒരായിരം അർത്ഥമുണ്ട്. അവ കാരുണ്യമുള്ള മനസ്സുകളോട് സംവദിച്ചുകൊണ്ടിരിക്കും.

അവനവന്റെ വിധിയ്ക്കു കാരണമായതിനെയൊക്കെ പഴിച്ചു കൊണ്ട് അവർ മുന്നിലെത്തുന്ന മരണത്തിലേക്കോ നിത്യദുഃഖങ്ങളിലേക്കോ വഴുതിവീഴും. ശ്രീലങ്കയിലെ ജീവയുടെ മകൻ വേൽമുരുഗൻ പറയുന്നത് നോക്കുക. ജാഫ്ന കത്തിയെരിഞ്ഞ ഒരു ദിവസം അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൻ ചോദിച്ചു. "അമ്മാ, നമുക്ക് ചൈനക്കാരുടെ മുഖം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അവരെ എല്ലാവരെയും കണ്ടാൽ ഒരുപോലെയിരിക്കും. അപ്പോൾ നിറം നോക്കി അവർക്ക് നമ്മളെ തിരിച്ചറിയാനും വെടിവെക്കാനും പെട്രോൾ ഒഴിച്ച് കത്തിക്കാനും കഴിയില്ലല്ലോ. എന്തിനാ നമ്മൾ ഇത്ര കറുത്തു പോയത്? അതു കൊണ്ടല്ലേ സിംഹളക്കുട്ടികൾ എന്നെ കാണുമ്പോൾ മുഖത്തു തുപ്പുന്നത് ...' ഇങ്ങനെ മനുഷ്യർ സൃഷ്ടിച്ച എത്രയെത്ര ദുർവിധികളാണ് ഓരോയിടത്തും മനുഷ്യജീവിതങ്ങളെ തന്നെ നിരന്തരം താറുമാറാക്കിക്കൊണ്ടിരിക്കുന്നത്!

മതരാഷ്ട്രത്തിലെ അനിവാര്യ വിധികളെ സുധാ മേനോൻ തുറന്നു കാട്ടുന്നത് പാക്കിസ്താനിലെ സൈറയുടെ ജീവിതം പറഞ്ഞു കൊണ്ടാണ്. കിഴക്കൻ യു.പി യിൽ നിന്നും വിഭജനകാലത്ത് പാകിസ്താനിലേക്ക് അഭയാർത്ഥിയായി എത്തിയ ഒരു സാധു സ്ത്രീയുടെ മകളാണ് സൈറ. ഒരു ജന്മിയുടെ തോട്ടത്തിലെ കാവൽക്കാരനായിരുന്നു ബാപ്പ. ജന്മിയും അയാളുടെ മക്കളും ആ ഉമ്മയെ പലതവണ റേപ്പ് ചെയ്തിട്ടുണ്ട്. അത് സിന്ധിൽ സർവസാധാരണമായ കാര്യമാണ്. റേപ്പ് പരാതിപ്പെട്ടാൽ അവിഹിതബന്ധം ചുമത്തി പരാതിക്കാരിയെ ഭരണകൂടം ശിക്ഷിക്കും. മരണംവരെ കല്ലെറിഞ്ഞു കൊല്ലൽ ആണ് അതിനുള്ള ശിക്ഷ. വർഷങ്ങൾക്കിപ്പുറം സൈറയുടെ കൂട്ടുകാരി ഹാജിറയെ കാത്തിരുന്നതും അത്തരമൊരു വിധിയായിരുന്നു. ബലാത്സംഗത്തിനിരയായി എന്ന പരാതിയുമായി അധികാരികളുടെയടുത്ത് പോയ ഹാജിറയിൽ "കരോക്കാരി' ശിക്ഷ നടപ്പിലാക്കപ്പെട്ടു! വിചിത്രമായ ഈ വൈരുദ്ധ്യം സാധ്യമാക്കിയ മതരാഷ്ടീയത്തെ പരോക്ഷമായി തുറന്നു കാട്ടുകകൂടിയാണ് പുസ്തകത്തിലെ ലേഖനം.

ചൂഷണവത്കരിക്കപ്പെട്ട കാമവിശപ്പിനെ കരുണയില്ലാത്ത സമൂഹം എത്ര നീചമായാണ് കൈകാര്യം ചെയ്യുന്നത് എന്ന തിരിച്ചറിവാണ് നേപ്പാളിലെ ശ്രേഷ്ഠ ഭൂപെൻ തമാംഗ് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുതരുന്നത്. ഒരു പാവപ്പെട്ട നേപ്പാളി പെൺകുട്ടിയുടെ ജീവിതം തിരികെ പിടിക്കാൻ ആവാത്തവണ്ണം മാറിയതിന്റെ കഥ അതിജീവനത്തിന്റെ മറ്റൊരു മുഖമാണ് അനാവരണം ചെയ്യുന്നത്. അവിടെയും സ്ത്രീയവസ്ഥയുടെ നിസ്സഹായത ഞെട്ടലോടെ വായനക്കാർ തൊട്ടറിയുന്നു. ഇതോടൊപ്പം നേപ്പാളിന്റെ ദുരന്തങ്ങളെയും ആ സമൂഹത്തിന്റെ വേറിട്ട സ്വഭാവത്തെയും ഗ്രന്ഥകാരി വിശദീകരിച്ചുതരുന്നുണ്ട്. ഇരകളുടെ കഥകൾ വായിച്ചറിഞ്ഞ് ഈറനണിഞ്ഞാൽ തീരുന്നതല്ല പ്രശ്നം. ഇരകളാക്കപ്പെടുന്ന പ്രക്രിയയെ സൂക്ഷ്മപരിശോധനയിലൂടെ അറിഞ്ഞ് തിരുത്ത് കണ്ടെത്തുക മാത്രമാണ് വഴി. അധികാരത്തിന്റെ കരാളഹസ്തങ്ങളെ എങ്ങനെ തടയും എന്ന വലിയ ചോദ്യത്തെ ഓരോ സമൂഹവും നേരിടുക തന്നെ വേണം. വീട്ടിലെയും നാട്ടിലെയും ദേശത്തിലെയും രാഷ്ട്രത്തിലേയും അധികാരങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്. ആണധികാരത്തിന്റെ ഉന്മാദങ്ങളെ ഊട്ടി വളർത്തുന്ന സാമൂഹ്യഘടന ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

പാരസ്പര്യത്തിന്റെയും സമത്വത്തിന്റെയും രാഷ്ട്രീയത്തെ ഏതുവിധേനയും നിലനിർത്തുക എന്നതാണ് പോംവഴി. നീതിരഹിതമായ അധികാര പ്രയോഗം നമ്മുടെയെല്ലാം ചുറ്റിനും ഏതെല്ലാം തലത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ ഈ പുസ്തകത്തിലെ ആഖ്യാനങ്ങൾ വഴിയൊരുക്കുന്നു. വൻശക്തികളുടെ അധികാര മത്സരം താറുമാറാക്കിയ അഫ്ഘാനിസ്ഥാന്റെ
ചരിത്രവും ജീവിതവും ഇതിലെ ഒരധ്യായമാണ്. ആഭ്യന്തരയുദ്ധത്തിന്റെ
വേദനകൾ ശ്രീലങ്കയിലും അഫ്ഘാനിസ്ഥാനിലും ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചു. ജീവയുടെയും പർവീനിന്റെയും ജീവിതത്തെ നിയന്ത്രിച്ചത് അവർ പങ്കാളികളല്ലാത്ത ഇത്തരം യുദ്ധങ്ങളായിരുന്നു. വെറുപ്പും വംശീയയുദ്ധിയും വൈറസിനേക്കാൾ തീക്ഷ്ണമായി സമൂഹത്തിൽ പരക്കുന്നതിന്റെ
അനുഭവസാക്ഷ്യം.

മുഖ്യധാരാ ചരിത്ര ഗ്രന്ഥങ്ങളിൽ ഇടം നേടാത്ത ഈ അനുഭവസാക്ഷ്യങ്ങൾ വേറിട്ട ഒരു കാഴ്ചപ്പാടിലേക്ക് സമൂഹത്തെ നയിച്ചേക്കും. മെച്ചപ്പെട്ട സമൂഹത്തെക്കുറിച്ച് സ്വപ്നം കാണാൻ ഇടവരുത്തും. യുദ്ധങ്ങളിൽ പോരാടി ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തവരേക്കാൾ കൂടുതൽ അതിൽ പങ്കാളികളാവാതെ മാറി നിന്നവരിൽ നിന്ന്, അവരുടെ വേദനകളിൽ നിന്ന്, സഹനങ്ങളിൽ നിന്ന് പഠിക്കാനുണ്ട്. 2015- ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ സ്വെറ്റ്‍‌‌‌‌ലാന അലെക്സിയേവിച്ചിന്റെ എഴുത്തുലോകത്തെയാണ് സുധാ മേനോന്റെ പുസ്തകം ഓർമ്മിപ്പിച്ചത്. അവർ പറഞ്ഞ ഒരു കാര്യം ഞാനോർമ്മിക്കുകയാണ്. "വാക്കുകൾ, നമ്മുടെ വൈകാരിക ഭയങ്ങൾക്ക് ചെറിയൊരു പിന്തുണ മാത്രമേ ആകുന്നുള്ളൂ. നമ്മുടെ വികാരങ്ങളെ അവ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നില്ല.' വ്യക്തികളുടെ ഓർമ്മകളിലൂടെ ചരിത്രം പറയുമ്പോൾ അത് വാക്കുകളുടെ പരിമിതിയാൽ അപൂർണ്ണമായിരിക്കും.

സുധാ മേനോന്റെ വാക്കുകളിലൂടെ സംസാരിക്കുന്ന ഈ സ്ത്രീകൾ യഥാർത്ഥത്തിൽ അനുഭവിച്ചത് നമ്മളറിഞ്ഞതിനേക്കാളുമൊക്കെ എത്രയോ മടങ്ങായിരിക്കും. സ്വെറ്റ്‍‌‌ലാനയെപ്പോലെ സുധാ മേനോനും അനുഭവസ്ഥരുടെ ഓർമ്മകളിലൂടെ ചരിത്രത്തെ പൂർത്തിയാക്കുകയാണ്. ജനാധിപത്യത്തിന്റെ
വികാസത്തിന് ഇത്തരം അന്വേഷണങ്ങൾ പ്രയോജനപ്പെടും എന്നാണ് ഞാൻ കരുതുന്നത്.

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ
സുധാ മേനോൻ
ഡി.സി. ബുക്സ്

Comments