ഓർമയെ ക്രമപ്പെടുത്തി ലിഖിത രൂപത്തിൽ കൊണ്ടുവരുന്നതിന് ആയാസങ്ങളുണ്ട്. അതേ സ്ഥലകാലരാശികളിലൂടെ അതേ മാനസിക സ്പന്ദനങ്ങളിലൂടെ തിരിച്ചു സഞ്ചരിക്കേണ്ടിവരും. ഒരു ഡയറിക്കുറിപ്പിന്റെ സഹായം ഒരു പരിധി വരെ അങ്ങനെ എഴുതാൻ സഹായിച്ചേക്കും. അയവിറക്കുന്ന ഓർമകളുടെ വൈകാരികതയും തീക്ഷ്ണതയും സത്യസന്ധമായി ആലേഖനം ചെയ്യണമെങ്കിൽ തിരിച്ചുനടത്തമല്ലാതെ മറ്റൊരു വഴിയില്ല തന്നെ. അനുഭവവിവരണത്തിന്റെ ആർദ്ര സ്പന്ദനങ്ങൾ, പ്രതിഷേധങ്ങൾ, പ്രതികരണങ്ങൾ നിസ്സഹായതകൾ എല്ലാം കണ്ണീരുണങ്ങിയ ചാലുകളിലൂടെ വായനക്കാരിലേക്ക് ഒഴുക്കി വിടുന്ന എഴുത്താണ് സുധാ മേനോന്റെ "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന പുസ്തകം. ദൃശ്യമാകേണ്ടതും നീതിപൂർവം ഇടപെടേണ്ടതുമായ മുറിവുകൾ അദൃശ്യമാവുന്നതിലെ രാഷ്ട്രീയം കൂടി ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നു.
പയ്യന്നൂരിൽ ജനിച്ച് അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ സുധ ദക്ഷിണേഷ്യയിലെ യുദ്ധ സംഘർഷ - കലാപ ബാധിത പ്രദേശങ്ങളിലെ ഇരകളായ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും, പുനരധിവാസവും ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയുടെ സീനിയർ പ്രോഗ്രാം മാനേജരായിരുന്നു. ആറ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പെൺദുരിതങ്ങളുടെ നേരനുഭവങ്ങളാണ് സുധയുടെ പുസ്തകത്തിലെ പ്രമേയം. അതതു രാഷ്ട്രങ്ങളിലെ സാമൂഹ്യ - സാംസ്‌കാരിക- മത- രാഷ്ട്രീയ- ചരിത്ര പശ്ചാത്തലവും വർത്തമാനവും ആവിഷ്‌കരിക്കുന്ന ഈ രചന സമഗ്രവും ലളിതവും വായനാ സൗഹൃദവുമാണ്.
കാണാവുന്നതിനെ കാണാതാക്കുക എന്നാണ് അദൃശ്യം എന്ന പദം കൊണ്ട് നാം വിവക്ഷിക്കുന്നത്. കാണാൻ പാടില്ലാത്തത്, അല്ലെങ്കിൽ ചരിത്രത്തിന്റെ കാഴ്ചപ്പുറത്തൊന്നും ഒരു കാരണവശാലും എത്തില്ല എന്ന് നൂറുവട്ടം ഉറപ്പുള്ള സ്ത്രീചരിതങ്ങളെ ചരിത്രമാക്കി എന്നത് ഈ പുസ്തകത്തിന്റെ ഗുണതയാണ്. എഴുത്തിൽ പരാമർശിക്കപ്പെട്ട 6 രാഷ്ട്രങ്ങളിലെ 6 വനിതകൾ സഹനത്തിന്റെ പ്രതിനിധികളാകുമ്പോൾ പേര്, ജാതി, മതം, രാഷ്ട്രം ഇവ ഏതെന്ന് വെളിപ്പെടാത്ത സമാനതയാർന്ന അനേകലക്ഷം ജീവിതങ്ങൾ അനന്തതയാർന്ന ലോക ഭൂപടത്തിൽ നിരനിരയായി പെരുകിവരുന്നത് അനുഭവപ്പെടുത്തുന്നുണ്ട് വായന. വിവേചനത്തിന്റെയും കൊടും പീഡനങ്ങളുടെയും അടിയൊഴുക്കിൽപെട്ടവരെ "ചേർത്തുപിടിക്കുക' എന്ന മാനവികമൂല്യമാണ് പുസ്തകത്തിന്റെ ആന്തരിക ചൈതന്യം. കരുണയുടെ കൈയൊപ്പ് ചാർത്തുന്ന അനുഭവസാക്ഷ്യങ്ങൾ.
230 പേജുകളുള്ള ഓർമക്കുറിപ്പ് വായിക്കുമ്പോൾ ശ്രീലങ്കയിലെ ജീവലതയും, പാക്കിസ്ഥാനിലെ സൈറയും, അഫ്ഗാനിസ്ഥാനിലെ പർവീണും, ബംഗ്ലാദേശിലെ സഫിയയും, നേപ്പാളിലെ ശ്രേഷ്ഠ തമാംഗും ഇന്ത്യയിലെ രേവമ്മയും നമ്മളാകുന്നു. ഉത്കടമായ സങ്കടം തന്ന് വായന നമ്മെ പൊതിയുന്നു. യുദ്ധം, മത പൗരോഹിത്യം, വംശീയ കലാപം, ചതി, വഞ്ചന, മുതലാളിത്തം തുടങ്ങിയവ എന്ത് മാനവികതയാണ് ലോകജനതയ്ക്ക് സമ്മാനിക്കുന്നത് എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ കിടന്ന് നാം പിടയുന്നു. ബഹുസ്വരമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു ജനതയുടെ മേൽ വംശീയതയുടെ ഉന്മൂലന സ്വഭാവം പിടിമുറുക്കുമ്പോൾ ഉണ്ടാകുന്ന കിരാത വാഴ്ചയുടെ ദുരന്തമുഖo "ശ്രീലങ്ക: മീൻ പാടും തേൻ രാജ്യം' എന്ന ഭാഗത്തിൽ വെളിപ്പെടുന്നു. തന്റെ ചുറ്റുമുള്ള ലോകത്തെ ശാന്തിയിലേക്കും സമാധാനത്തിലേക്കും നയിച്ച ബുദ്ധന്റെ അനുയായികൾ വസിക്കുന്ന ശ്രീലങ്കയിലെ വംശീയ പ്രശ്‌നം നൽകിയ ആഘാതങ്ങളിൽ ആടിയുലഞ്ഞ ജീവലത എന്ന തമിഴ് വംശജ ഒരു പ്രതീകം മാത്രമാണ്. ഉറ്റവരെല്ലാം വംശീയതയുടെ പേരിൽ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ ഇരകളാവുന്നത് നോക്കി നിൽക്കുക എന്നതാണ് അവരുടെ വിധി. പുലിപ്പടയിൽ വധിക്കപ്പെടുന്ന പടയാളിക്ക് പകരം പിടിച്ചു കൊണ്ടുപോകപ്പെടാം എന്ന് ഭയപ്പെടുന്ന ആൺകുട്ടികൾ, ആയിരം വട്ടം കൊല്ലപ്പെടുന്നതിന്റെ നോവും വേവും അവശേഷിപ്പിക്കുന്ന ക്രൂര ബലാത്സംഗങ്ങൾക്കിരയാവുന്ന കുഞ്ഞു പെൺ ശരീരങ്ങൾ, ഏതു നിമിഷവും ജീവനെടുക്കുന്ന യുദ്ധം - എല്ലാം ശ്രീലങ്കയുടെ ഭൂതകാല ഹിംസയുടെ ചരിത്രമാകുന്നു. അധികാര ചരിത്രങ്ങൾക്ക് അധികാരം ഒഴികെ മറ്റെല്ലാം വലിച്ചെറിയപ്പെടേണ്ട ഉപകരണങ്ങൾ മാത്രമാണ്. ഒടുവിൽ തമിഴം ഈഴം പിൻവാങ്ങി. അവകാശത്തർക്കങ്ങൾ അരങ്ങൊഴിഞ്ഞു. ആർക്കും നീതി കിട്ടാതെ യുദ്ധ ദുരിതങ്ങൾ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മറിക്കപ്പെട്ടു. ജീവലതയെപ്പോലുള്ള പതിനായിരക്കണക്കിന് പേരുടെ ജീവിതം തകർത്തു തരിപ്പണമാക്കപ്പെട്ടത് മനുഷ്യനിർമിതമായ യുദ്ധഭ്രാന്തിന്റെയും, വംശീയാന്ധതയുടെയും പേരിലാണ് എന്നത് ഞെട്ടലോടെ നാം വായിക്കുന്നു.
അടുത്ത രണ്ട് അധ്യായങ്ങൾ വിഭജനത്തിൽ ഇന്ത്യയിൽ നിന്ന് അടർന്നു പോയ പാക്കിസ്ഥാനിലെയും അയൽരാജ്യമായ അഫ്ഘാനിസ്ഥാനിലെയും സ്ത്രീ കദനങ്ങളാണ്. അതിന്റെ കേൾവിപോലും കഠിനമായ ഒരു സന്ദർഭത്തെ സുധാ മേനോൻ അടയാളപ്പെടുത്തുന്നതിങ്ങനെ: "ആ ഓർമയിൽ സൈറയ്ക്ക് ശ്വാസം മുട്ടി. അവൾ വിതുമ്പി. എനിക്കും ശബ്ദം നഷ്ടപ്പെട്ടു. ഹൃദയത്തിലേക്ക് ആരോ കൂർത്തു മൂർത്ത കല്ലെറിയുന്നതു പോലെ.'
ഇവിടെ ഹാജിറയുടെ ഓർമപോലും സങ്കടങ്ങളുടെ തീരാക്കടലിലെ അലകളാവുന്നു. അറ്റം കൂർത്ത കല്ലുകൾ കൊണ്ട് നാലുദിക്കിൽനിന്നും കല്ലെറിയപ്പെടുന്ന ആ പെൺകുട്ടിയുടെ കൂടെ കുനിഞ്ഞിരുന്ന് വേദന കൊണ്ട് പുളയുന്നു വായനക്കാർ. ഇതിന് കാരണമായ "കരോക്കാരി 'എന്ന പേരിൽ അറിയപ്പെടുന്ന ദുരഭിമാനക്കൊലകൾ നടന്നത് ലോകം പുരോഗതിയിലേക്ക് പാഞ്ഞടുത്ത ഇരുപതാം നൂറ്റാണ്ടിലാണ് എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
സമാന അനുഭവമാണ് അഫ്ഘാനിസ്ഥാനിലും. പട്ടിണിയും യുദ്ധവും താലിബാനും മുജാഹിദ്ദീനും നാറ്റോ സൈന്യവും അടിച്ചേല്പിച്ച ഭാരം താങ്ങാനാവാതെ ജീവിച്ച സ്ത്രീകൾക്ക് ഒരു അത്താണിയായി കമ്യൂണിറ്റി സെന്ററുകൾ മാറിയപ്പോൾ അതിന്റെ അമരത്ത് പർവീൺ ഉലയാത്ത ഒറ്റമരമായി. സാധാരണം എന്നും, സാമൂഹിക സ്ഥിതിയുടെ കെട്ടുറപ്പിന് തീർത്തും ഉചിതം എന്നും തീർപ്പു കല്പിച്ച് സ്ത്രീവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നത് മതവും പൗരോഹിത്യവും ചേർന്നാണ്. അന്ധകാരാവൃതവും അനിവാര്യമായി സ്വീകരിക്കപ്പെടേണ്ടത് എന്ന് തിട്ടൂരം വെക്കുന്നതുമായ ഇത്തരം ക്രൂരതയ്ക്ക് ഭരണകൂടവും, അധികാരികളും കാവൽ നിൽക്കുന്നു. രാഷ്ട്രം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനം എന്ത്? രാഷ്ട്രീയ നൈതികത ഏത് വിധമായിരിക്കണം, പ്രതിനിധീകരിക്കുന്ന ആശയങ്ങളിൽ മാനവികതയുടെ തിളക്കം എന്തുകൊണ്ട് ദർശിക്കാനാവുന്നില്ല തുടങ്ങിയ ചോദ്യങ്ങൾ നാം സ്വയം ചോദിച്ചു കൊണ്ടേയിരിക്കുന്നു ഇവിടെ.
തുടർവായനയിൽ നാം ബംഗ്ലാദേശിലും നേപ്പാളിലും, തെലങ്കാനയിലും എത്തുന്നു. 2013 ൽ ധാക്കയിൽ റാൻസ പ്ലാസ എന്ന എട്ടുനിലക്കെട്ടിടം തകർ വീണു. അന്തർദേശീയ ബ്രാന്റുകളിലൂടെ ആഗോള മുതലാളിമാർ നേടുന്ന കൊള്ള ലാഭത്തിൽ ഒരു നേരിയ ശതമാനം പോലും തൊഴിലാളികൾക്ക് ലഭിക്കുന്നില്ല എന്ന സത്യം പൊതുലോകം തിരിച്ചറിഞ്ഞത് അപ്പോഴാണ്. കരാട്ടിയയിലെ സഫിയയും മക്കളും ഈ ദുഷ്പ്രവണതയുടെ ഇരകളാണ്. തൊഴിൽ നൈതികത, ആനുകൂല്യം, അവകാശം, ആരോഗ്യ സുരക്ഷ ഇവ നൽകപ്പെടുന്ന നിയമങ്ങൾ പഴുതടച്ച വിധം നിർവ്വഹിക്കപ്പെടുമ്പോൾ മാത്രമേ അടിസ്ഥാന വർഗ തൊഴിലാളികൾക്ക് പ്രതീക്ഷയുടെ പ്രഭാതങ്ങളെ തൊടാനാവൂ എന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനകൾ തിരിച്ചറിയേണ്ടതുണ്ട്. സമാനമായ വിധം തൊഴിൽ ചൂഷണത്തിന് ഇരയായവരുടെ പ്രതിനിധിയാണ് വാറങ്കലിലെ രേവമ്മ എന്ന കർഷക വിധവ. "ലക്ഷണമൊത്ത കർഷക ആത്മഹത്യയല്ല' എന്നതിന്റെ പേരിൽ സാംബയ്യയുടെ വിധവയായ രേവമ്മയ്ക്ക് നഷ്ട പരിഹാരം പോലും കിട്ടിയില്ല. മണ്ണിനെ ആത്മാർഥമായി സ്‌നേഹിക്കുന്ന സാധു കർഷകർ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോരുന്നത് ബഹുരാഷ്ട്രക്കമ്പനികളുടെ അവിശുദ്ധ കൂട്ടായ്മയും ചൂഷണവും തിരിച്ചറിയാതെ ഒടുവിൽ ചതിക്കപ്പെട്ടു എന്ന് ബോധ്യപ്പെടുമ്പോഴാണ്.
ചതിവിന്റെ മറ്റൊരു തലമാണ് നേപ്പാളിനെ വരിഞ്ഞു മുറുക്കിയത്. ഭൂകമ്പവും മാവോയിസ്റ്റ് കലാപവും ശ്വാസം മുട്ടിച്ച നേപ്പാൾ ജനത ഇതര സമൂഹങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് സഹായവും സമാധാനവും സുരക്ഷിതത്വവും സഹഭാവവുമാണ്. മറ്റൊരാളുടെ അരക്ഷിതത്വത്തിൽ കൈയിട്ടു വാരുക എന്ന മനുഷ്യന്റെ ഏറ്റവും നീചമായ സ്വഭാവം ഇവിടെയും നടക്കുന്നു. വിപണിയിൽ ഏറ്റവും കൂടുതൽ വിനിമയ മൂല്യമുള്ള നേപ്പാളി ബാലികമാരെ, അവരുടെ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും വേശ്യാത്തെരുവിൽ എത്തിക്കുന്ന ചിലന്തിക്കൂട്ടങ്ങളുടെ ചതിവിൽ വായനക്കാരും നെഞ്ചു പിടഞ്ഞു കരയുന്നു.
നിത്യ സങ്കടങ്ങൾ ചിത്രീകരിക്കുന്ന ആറ് രാഷ്ട്രങ്ങളിൽ നിന്നുള്ള കഥനങ്ങൾക്ക് സ്‌നേഹം, അനുകമ്പ, തുല്യത എന്നിവ പ്രതിഫലിപ്പിക്കുന്ന കാവ്യശകലങ്ങളാണ് പ്രവേശകങ്ങൾ. തങ്ങളുടെ ദൗത്യനിർവഹണം മാനവികതയുടെ സ്‌നേഹ ഹസ്തങ്ങൾ കൊണ്ടെന്നവണ്ണം കരുണാർദ്രമായി നിർവ്വഹിക്കുന്നതിന്റെ ആശ്വാസം വായനക്കാരനിലേക്കും പകരാൻ ഓർമക്കുറിപ്പിന് സാധിക്കുന്നു.
കൊക്കടിച്ചോലയിലെ കടലിൽ നിന്നു തുടങ്ങി തെലങ്കാനയിലെ കർഷകനിലേക്കെത്തുമ്പോൾ ദക്ഷിണേഷ്യൻ ദുരിതങ്ങളുടെ എഴുപത്തഞ്ചോളം ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങൾ വായനയ്ക്ക് ജൈവികത നൽകുന്നു. ചരിത്രാന്വേഷകയും, നിരന്തര പഠിതാവുമായ എഴുത്തുകാരി സ്വന്തം ദേശവും, നഷ്ടപ്പെടലുകൾ സമ്മാനിച്ച ബാല്യ-കൗമാരങ്ങളും കഥയ്ക്ക് സമാന്തരമായി ചലിപ്പിക്കുമ്പോൾ ഭൂമിയിൽ എവിടെയുമാവട്ടെ കീഴ്‌മേൽ മറിയുന്ന ജീവിതത്തിന്റെ ദശാസന്ധികൾക്ക് ഏകഭാവമാണ് എന്ന് നാം തിരിച്ചറിയുന്നു. രാഷ്ട്രങ്ങളും അവയുടെ ഭരണ സംവിധാനങ്ങളും ജനതയ്ക്കിടയിലെ ഇതരത്വങ്ങളെ സ്വത്വങ്ങളായി അംഗീകരിച്ച് അവർക്ക് സമാധാനവും സുരക്ഷയും പുലരുന്ന ഒരു ജീവിതം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നുവെന്നും, അതിലുപരി, ജനാധിപത്യവും തുല്യതയും മേൽക്കോയ്മകളുടെയും അധികാരത്തിന്റെയും ചവറ്റുകൊട്ടയിൽ എറിയപ്പെടാതിരിക്കണം എന്നും പുസ്തകം ഉറക്കെ വിളിച്ചു പറയുന്നു.