ഒരേ ഭാഷയിൽ, ഒരേ കഥ പറയുന്ന കുറെ സ്​ത്രീകൾ

ജീവലത, സൈറ, ഹാജിറ, പര്‍വീന്‍, നൂര്‍, റസിയ, ശ്രേഷ്ഠ, തമാംഗ് എന്നീ സ്ത്രീകളും കുട്ടികളും അവരുടെ കഥ പറയുമ്പോള്‍ വായനക്കാര്‍ കേള്‍ക്കുന്നത് ഓരോ ദേശത്തിന്റെയും കഥകള്‍ കൂടിയാണ്. ആകാശങ്ങള്‍ നഷ്ടപ്പെട്ട ഭൂമിയിൽ, എന്തുവന്നാലും ജീവിക്കുമീ ജീവിതം എന്ന് ദൃഢനിശ്ചയമുള്ള ഉലയാത്ത ഒറ്റമരങ്ങളായി നില്‍ക്കുന്ന മനുഷ്യര്‍. സുധ മേനോൻ എഴുതിയ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ എന്ന പുസ്​തകത്തിന്റെ വായന.

സുധ മേനോന്‍ എഴുതിയ ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍, സ്ത്രീജീവിതങ്ങളെ ചരിത്രത്താളുകളില്‍അടയാളപ്പെടുത്തുന്ന പുസ്തകമാണ്. ചരിത്രം എന്നൊന്ന് പുറത്ത് നിലനില്‍ക്കുന്നില്ല, ചരിത്രകാരികളും എഴുത്തുകാരും ജീവചരിത്രമായോ സ്വന്തം അനുഭവങ്ങളായോ രേഖപ്പെടുത്തുന്നതുവഴിയാണ് ചരിത്രം നിര്‍മിക്കപ്പെടുന്നത്. സുധാ മേനോന്‍ അത്തരത്തില്‍ ജീവചരിത്രമെഴുതുകയാണോ അതോ കടുത്ത യാതനകള്‍ അനുഭവിച്ചിരുന്ന സ്ത്രീജീവിതങ്ങളെ എഴുതുകയാണോ എന്ന് വേര്‍തിരിച്ചെടുക്കാനാകാത്തവിധം, താന്‍ കണ്ട സ്ത്രീ ഉടലുകളെ സ്വന്തം വൈകാരികാനുഭവങ്ങളുമായി ചേർത്തുവക്കുന്നതാണ്​ ഈ പുസ്തകം. നമുക്കറിയാത്ത ദേശങ്ങളില്‍ സഞ്ചരിച്ച മനുഷ്യര്‍ എഴുതിയ കഥകള്‍ യാത്രാവിവരണങ്ങളായും ഓര്‍മക്കുറിപ്പുകളായും ലഭ്യമാകും. എഴുതുന്നയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മനുഷ്യരെക്കുറിച്ചും ദേശഭാഷാന്തരങ്ങളെക്കുറിച്ചുമാണ് ഇവ രേഖപ്പെടുത്തുക. ഇവിടെ സ്ത്രീ എന്ന എഴുത്തുകാരി സ്ത്രീജീവിതത്തിന്റെ അസ്വാതന്ത്ര്യത്തെയും ദുരിതത്തെയും കാല- ദേശ പരിധിക്കപ്പുറം ഒരേ അനുഭവമായി വാഴിച്ചെടുക്കുന്നുണ്ട്. നിസ്സഹായതക്കും നിശ്ശബ്ദതക്കും കണ്ണുമിഴിച്ചുള്ള നോട്ടത്തിനുമപ്പുറം പകച്ചുപോകുന്ന ജീവിതത്തെ വര്‍ണിക്കുന്നതാണീ പുസ്തകം.

ജീവലത, സൈറ, ഹാജിറ, പര്‍വീന്‍, നൂര്‍, റസിയ, ശ്രേഷ്ഠ, തമാംഗ് എന്നീ സ്ത്രീകളും കുട്ടികളും അവരുടെ കഥ പറയുമ്പോള്‍ വായനക്കാര്‍ കേള്‍ക്കുന്നത് ഓരോ ദേശത്തിന്റെയും കഥകള്‍ കൂടിയാണ്. ആകാശങ്ങള്‍ നഷ്ടപ്പെട്ട ഭൂമിയിൽ, എന്തുവന്നാലും ജീവിക്കുമീ ജീവിതം എന്ന് ദൃഢനിശ്ചയമുള്ള ഉലയാത്ത ഒറ്റമരങ്ങളായി നില്‍ക്കുന്ന മനുഷ്യര്‍, ധാക്കാ മസ്‌ലിന്‍ ആഗോളതലത്തില്‍ കൊതിപ്പിക്കുന്ന വസ്ത്രമാക്കുന്നവര്‍, ഭൂമിയൊന്ന് നിവര്‍ന്നുനില്‍ക്കാന്‍ നോക്കിയപ്പോള്‍ കടപുഴകിയ ആയിരങ്ങള്‍, അവരുടെ നിലവിളികള്‍, വാറങ്കലിലെ മരണഗന്ധമുള്ള ഗ്രാമങ്ങള്‍, സാമ്പ്രദായിക ചരിത്രത്തിലോ കഥകളിലോ വിവക്ഷിക്കാത്ത ജീവിതങ്ങള്‍… എല്ലാം ഈ പുസ്തകം നെടുവീര്‍പ്പോടെ രേഖപ്പെടുത്തുന്നു.

Representative Image / UN Women Asia and the Pacific

ശ്രീലങ്കയിലെ ജനങ്ങള്‍ ഇരമ്പിക്കയറിയ പ്രസിഡന്റിന്റെ കൊട്ടാരമാണ് അടുത്തിടെ ജനകീയ മനസ്സില്‍ കടന്നുവരുന്ന ചിത്രം. അവിടുത്തെ സാധാരണ മനുഷ്യര്‍- ഗ്രാമവാസികളും കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരും- എത്രത്തോളം നിരാശരും അശരണരുമാണ് എന്നതിന്റെ പിന്നാമ്പുറങ്ങള്‍ ഈ പുസ്തകത്തിലെ ശ്രീലങ്ക പറയും. തമിഴ് വംശീയതയും സിംഹളരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ആര്‍ക്കും സമാധാനജീവിതം പ്രദാനം ചെയ്തില്ല. ഈഴ വിരുദ്ധജാഥയില്‍ അറിയാതെ അകപ്പെട്ടുപോയ ജീവലതയുടെ അമ്മ ക്രൂരമായി ആക്രമിക്കപ്പെടുന്നു. കൊന്നും കൊലവിളിച്ചും അക്രമാസക്തരായ സിംഹള യുവാക്കള്‍ ആ സാധു സ്ത്രീയെ വെറുമൊരു 'കറുത്ത' ശരീരമായാണ് കണ്ടത്. ഒരു വശത്ത് പുലികളെ തേടി ഓരോ വീടുകളിലും കയറിയിറങ്ങുന്ന സിംഹളപ്പട്ടാളക്കാര്‍. പാതി രാത്രി ഭക്ഷണത്തിനായി വരുന്ന പുലികള്‍. അവര്‍ക്കിയില്‍ ജീവലതയുടെ ജീവിതം എന്നും അസ്വസ്ഥമായിരുന്നു. സ്‌കൂളുകളില്‍ കൂട്ടികളെ അയയ്ക്കാന്‍ മടിക്കുന്ന രക്ഷിതാക്കള്‍. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളെ പിടിച്ചുകൊണ്ടുപോയി കുട്ടിപ്പട്ടാളത്തില്‍ ചേര്‍ക്കും. എല്‍.ടി.ടി.ഇ വെറുമൊരു സൈന്യമല്ല. സൈന്യത്തിനായി മാത്രം ജീവിക്കുന്ന കുറെ മനുഷ്യരാണവര്‍. വംശീയാന്ധതയും വെറുപ്പും വമിപ്പിക്കുന്ന കുറെ തലച്ചോറുകള്‍. ചാവേറുകളാകാന്‍ മാത്രം ജീവിക്കുന്നവര്‍. തമിഴർ അവരുടെ വിമോചനത്തിന് ശ്രമിക്കുമ്പോള്‍, തമിഴ് സ്ത്രീജീവിതങ്ങള്‍ കടുത്ത പീഡനമനുഭവിക്കുന്നു. ജീവ പറയുന്നു: ''അവന്‍ ജീവനോടെ ഉണ്ടാകില്ല എന്നെനിക്കുറപ്പാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ കൈ കൊണ്ടോ സിംഹളപ്പട്ടാളക്കാരുടെ കൈയില്‍ പെട്ടോ പണ്ടേ മരിച്ചുപോയിക്കാണും എന്റെ മകന്‍.''

വംശീയതയെ സംബന്ധിച്ച്​, സ്ത്രീശരീരം ഒരു വംശീയ ശരീരം മാത്രമാണ്​. ആ ശരീരത്തെ ആക്രമിക്കുന്നത് എതിർ വംശീയതയെ കീഴടക്കുന്നതിന് തുല്യമായി പുരുഷന്മാര്‍ കാണുന്നു.

എല്ലാ സേനകളും മനുഷ്യരുടെ ജീവിതം ഇല്ലാതാക്കുന്നു. ചില സേനകള്‍ സമാധാനത്തിനുവേണ്ടിയാണെന്ന് പറഞ്ഞ് ബാക്കിയാക്കുന്നത്​ അശാന്തിയുടെ ജീവിതങ്ങളാണ്​. വംശീയതയെ സംബന്ധിച്ച്​, സ്ത്രീശരീരം ഒരു വംശീയ ശരീരം മാത്രമാണ്​. ആ ശരീരത്തെ ആക്രമിക്കുന്നത് എതിർ വംശീയതയെ കീഴടക്കുന്നതിന് തുല്യമായി പുരുഷന്മാര്‍ കാണുന്നു. സ്ത്രീയുടെ ശരീരത്തിന്‍മേല്‍ സ്വന്തം വംശത്തിന്റെയും സ്വത്വത്തിന്റെയും അഭിമാനം സൂക്ഷിക്കുന്നവര്‍ എല്ലാ സ്ത്രീകളെയും ക്രൂരപീഡനത്തിന് വിധേയരാക്കുന്ന കഥ കൂടിയാണ് ശ്രീലങ്കന്‍ സ്ത്രീകളുടേത്. ജീവലതയുടേത്​, സ്ത്രീജീവിതത്തിന്റെ സഹനകഥയായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. അതിന് ദേശ- കാലാന്തരങ്ങള്‍ ഇല്ല.

Representative Image /Human Rights Watch : Sri Lanka: Rape of Tamil Detainees

സ്ത്രീകള്‍ക്കായി ഒരു രാജ്യമുണ്ടോ? ഇല്ല. അവര്‍ ജീവിക്കുന്നിടം തന്നെയാണ് അവരുടെ രാജ്യം. എത്ര സുന്ദരമായ പ്രകൃതിയുള്ള ഇടങ്ങളില്‍ പോലും സ്ത്രീജീവിതങ്ങള്‍ അടിമകളായി തുടരുന്ന ലോകത്തിന്റെ കൂടി കഥയാണ് പാക്കിസ്ഥാനില്‍നിന്ന്​ സുധ വിവരിക്കുന്നത്. സിന്ധ് എന്ന ദേശം മഹത്തായ സംസ്‌കാരജീവിതത്തെ ഓർമിപ്പിക്കുമ്പോള്‍ പോലും വിഭജനമുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നില്ല. ഏതാണ്ട് 20 ലക്ഷം മനുഷ്യര്‍, ഇന്ത്യ വിഭജനക്കാലത്ത് വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ മുസ്‌ലിംകള്‍ സിന്ധിലേക്ക് പലായനം ചെയ്തു, ഹിന്ദുക്കള്‍ ഇന്ത്യയിലേക്കും.
തീവ്രദേശീയതയും വംശീയവെറുപ്പും ആ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെയാണ്​ കടുത്ത രീതിയില്‍ ബാധിക്കുക. ലോകചരിത്രത്തില്‍ ആ വിഭാഗം കുട്ടികളും സ്ത്രീകളുമാണ് എന്നതിന്റെ നേര്‍ച്ചിത്രം കൂടിയാണ് സിന്ധ്. പര്‍ദ്ദയുടെ രാഷ്ട്രീയം സ്ത്രീശരീരത്തെ മൂടുക മാത്രമല്ല, അവരുടെ ജീവിതം ഇല്ലാതാക്കുകയും മാച്ചു കളയുന്നതും കൂടിയാണെന്ന് വ്യക്തമാക്കിത്തരുന്ന ജീവിതമാണ് സൈറയുടേത്.

ആണുങ്ങള്‍ പാക്കിസ്ഥാന്റെ പട്ടാള കോപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ ജോലിയെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. സൈറയ്ക്ക് രാജ്യാതിര്‍ത്തിയില്ല. നിയന്ത്രണരേഖയില്ല, ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ലോകമേ തറവാട്.

ഏറ്റവും മനോഹരമായി എംബ്രോയ്ഡറി ചെയ്യുന്ന പെണ്‍കുട്ടിയാണ് സൈറ. തുണികളില്‍ വര്‍ണവിസ്മയം തീര്‍ക്കുന്ന ഉത്തമ കലാകാരി. കടലും കായലും ചേര്‍ന്ന പ്രദേശമായതിനാല്‍ മീന്‍പിടുത്തം നിത്യതൊഴിലാണ്. സൈന മീന്‍ പിടിക്കാന്‍ പോകാറുണ്ട്. മത്സ്യം കരയിലേക്കുവന്നാല്‍ ആണുങ്ങള്‍ അവരുടെ വഴിക്കുതിരിയും. മത്സ്യം വേര്‍തിരിക്കേണ്ടത് സ്ത്രീകളുടെ പണിയാണ്. ചെരിപ്പിടാതെ കടല്‍ത്തീരത്ത് നടക്കുന്നതിനാല്‍ കാലുകള്‍ വിളര്‍ത്തുപോകും. പുലര്‍ച്ചെ നാലിന് തുടങ്ങുന്ന പണി രാത്രി പന്ത്രണ്ട് വരെ തുടരും. ആണുങ്ങള്‍ പാക്കിസ്ഥാന്റെ പട്ടാള കോപ്പുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ ജോലിയെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. സൈറയ്ക്ക് രാജ്യാതിര്‍ത്തിയില്ല. നിയന്ത്രണരേഖയില്ല, ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ലോകമേ തറവാട്. സൈറയുടെ പിന്‍തലമുറയില്‍ പെട്ടവര്‍ കിഴക്കന്‍ യു.പിയില്‍നിന്നുള്ളവരായിരുന്നു. ഇന്ത്യ അവര്‍ക്ക് ജന്മസ്ഥലമാണ്. അഭയാര്‍ഥികളായി പാക്കിസ്ഥാനില്‍ പോയവരുടെ യഥാര്‍ഥ ഭൂമിയേതാണ്? പലര്‍ക്കും സിന്ധിയും ഉറുദുവും ഹിന്ദിയുമറിയാം.

Representative Image / The Third Pole

സ്ത്രീകളുടെ ലൈംഗികതയിലേക്ക് കണ്ണുവീശിക്കൊണ്ട് അവരെ കുറ്റക്കാരാക്കുന്ന സമ്പ്രദായം ലോകത്ത് പല സമൂഹങ്ങളിലുമുണ്ടെങ്കിലും മരണം വരെ കല്ലെറിഞ്ഞുകൊല്ലുന്ന മാമൂലുകള്‍ തീര്‍ത്തും കഠിനമാണ്. അന്യപുരുഷനുമായി അടുപ്പമോ മറ്റ് ബന്ധങ്ങളോ ഉണ്ടായാല്‍ അവരെ സമൂഹഭ്രഷ്ട് കല്‍പ്പിക്കുക മാത്രമല്ല, കൊന്നുകളയുന്ന സമ്പ്രദായങ്ങള്‍ എവിടുന്നാണുണ്ടാകുന്നത്? അതുകൊണ്ട്, ഒരു സ്ത്രീ റേപ്പ് ചെയ്യപ്പെട്ടാല്‍ അവര്‍ സാമൂഹികവും മനുഷ്യത്വഹരിതവുമായ ഈ കല്ലെറിയാല്‍ ഭയന്ന് മിണ്ടാതാവും. സൈറയുടെ ഉമ്മ അതുകൊണ്ടായിരിക്കാം റേപ്പ് ചെയ്യപ്പെട്ടിട്ടും മിണ്ടാതിരുന്നത്. ആണുങ്ങള്‍ തീരുമാനിക്കുന്ന സ്ത്രീജീവിതങ്ങളാണ് സിന്ധ്​ എന്ന ദേശത്ത്. സൈറയുടെ ജീവിതമാണ് ഈ അധ്യായത്തില്‍ പറയുന്നതെങ്കിലും ഹാജിറയുടെ അനുഭവമാണ് സ്ത്രീപീഡനത്തിന്റെയും ഫ്യൂഡല്‍ പുരുഷാധിപത്യത്തിന്റെയും മനഃശാസ്ത്രം വെളിവാക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ ചുറ്റും പര്‍ദ്ദകളുടെ കടലായിരുന്നു. നീലയും പച്ചയും കറുപ്പും നിറത്തിലുള്ള പര്‍ദ്ദകള്‍ സ്ത്രീജീവിതങ്ങളുടെ നിറങ്ങളെ കെടുത്തുന്നതായിരുന്നു.

ഒരു ദിവസം ഉച്ചക്ക് പശുവിന് പുല്ലരിയാന്‍ സിന്ധു കനാലിനരികിലൂടെ നടന്നുപോയ ഹാജിറയയെ ഗ്രാമത്തിലെ ഒരു ജന്മി ബലമായി കാറില്‍ കൊണ്ടുപോയി റേപ്പ് ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് അതേ കാറില്‍ അവളെ കനാലിനടുത്ത് ഉപേക്ഷിച്ചു. അതിലൂടെ നടന്നുപോയ ഒരു ആട്ടിടയന്‍ ഹാജിറയെ തിരിച്ചറിഞ്ഞ് വീട്ടിലെത്തിച്ചു. ബദീനിലെ എന്‍.ജി.ഒ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനുവഴങ്ങി അവള്‍ പൊലീസിനെ സമീപിച്ചു. പുതിയ നിയമങ്ങള്‍ വന്നാലും അശരണരുടെ ജീവിതം പലപ്പോഴും നാട്ടുമര്യാദകള്‍ പാലിച്ചിട്ടാണ് നടക്കുക. ഗ്രാമക്കോടതിയിലെത്തിയപ്പോഴേക്കും റേപ്പ് വ്യഭിചാരക്കുറ്റമായി മാറ്റി.

Photo: Aurat Foundation

ഹാജിറയെ രക്ഷിച്ച ഇടയബാലനും അവളും തമ്മില്‍ അവിഹിതമാണെന്നും അത് നേരില്‍കണ്ടപ്പോള്‍ ഗോത്രത്തിന്റെ അഭിമാനം കാക്കാന്‍ അയാള്‍ ബെല്‍റ്റുകൊണ്ട് രണ്ടുപേരെയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും ജന്മി പറഞ്ഞു. രണ്ട് കള്ള സാക്ഷികളും ജന്മിയുടെ സഹായത്തിനെത്തി. സമ്പത്തും അധികാരവും ജന്മിക്ക് അനുകൂലമായി. ഗ്രാമത്തിലെ പുരോഹിതരും പൊലീസും അത് ശരിയാണെന്ന് വാദിച്ചു. ഹാജിറയെയും കുടുംബത്തെയും ഊരുവിലക്കുകയും പരസ്യമായി കല്ലെറിയാന്‍ വിധിക്കുകയും ചെയ്തു. പ്രാകൃതശിക്ഷാവിധിയായ 'കാരോക്കാരി' നടത്തി അവര്‍ ഹാജിറയെ കൊന്നു. വടക്കേ മലബാറിലൊക്കെ കാണുന്ന ചില തെയ്യങ്ങളുടെ ഉല്‍പ്പത്തിക്കഥ പോലെ തോന്നുന്ന കഥകള്‍ സിന്ധില്‍, സാധാരണ ജീവിതകഥയാണ്. ജാതിക്കൊല പോലെയും മനുസ്മൃതിയുടെ ഭ്രാന്തുപോലെയും സ്ത്രീകളെ കൊന്നുകളയുന്ന സമൂഹം ഇന്നും ഏറെ മാറിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഹാജിറയുടെയും സൈറയുടെയും ജീവിതം. സ്വാതന്ത്ര്യത്തിന്റെ കാറ്റ് ലഭിക്കാത്ത ആകാശവൂം ഭൂമിയും ഇന്നും നമുക്കിടയിലുണ്ട്.

അഫ്ഗാനിസ്ഥാനില്‍ ചുറ്റും പര്‍ദ്ദകളുടെ കടലായിരുന്നു. നീലയും പച്ചയും കറുപ്പും നിറത്തിലുള്ള പര്‍ദ്ദകള്‍ സ്ത്രീജീവിതങ്ങളുടെ നിറങ്ങളെ കെടുത്തുന്നതായിരുന്നു. യുദ്ധത്തില്‍ ഇരകളായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്ന ചുമതലയാണ് എഴുത്തുകാരിയുടേത്. യുദ്ധക്കെടുതിയില്‍ ഇവിടെയും യാതനകള്‍ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കായിരുന്നു. കാര്‍ഷികവൃത്തിയും വ്യവസായവും തകര്‍ന്നുപോയ രാജ്യത്ത് സ്ത്രീകള്‍ കൂട്ടത്തോടെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്നു. യുദ്ധാനന്തരം കാബൂളില്‍ മാത്രം 15 ലക്ഷം വിധവകളുണ്ടായിരുന്നുവത്രേ. എല്ലാം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തൊഴിലും അതിനായുള്ള പരിശീലനത്തിനുമായിട്ടാണ് സുധ അടങ്ങുന്ന സംഘം കാബൂളിലെത്തിയത്. കാബൂളിലെ കമ്യൂണിറ്റി സെന്ററില്‍ സ്ത്രീകള്‍ദിനംപ്രതി കൂടിവന്നു. അവര്‍ എന്തെങ്കിലും തൊഴിലിനായി അന്വേഷിച്ചുവന്നു.

Representative Image / The Third Pole PICRYL

പര്‍വീണിന്റെ കഥ അഫ്ഗാനിസ്ഥാനിലെ ഓരോ സ്ത്രീയുടെയും കഥയായിരിക്കും. ലോകത്ത് വ്യവസ്ഥയുടെ ഇരകളയാവര്‍ക്ക് ഒരേ കഥയും ഭാഷയുമായിരിക്കും. റഷ്യന്‍ യുദ്ധം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ഭയചകിതമാക്കി. പട്ടാളക്കാര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും അടിച്ചമര്‍ത്തുന്നതും ഓര്‍ത്ത് അവരുടെ ജീവിതം ആധി നിറഞ്ഞതായി. റഷ്യക്കാര്‍ രാജ്യം നശിപ്പിക്കുമെന്ന് കരുതി, എല്ലാ പുരുഷന്മാരെയും മുജാഹിദ്ദീനില്‍ ചേർക്കാൻ തീരുമാനിക്കുന്നു. റഷ്യക്കാരെ തോക്കുകൊണ്ടും ബോംബുകൊണ്ടും പേടിപ്പിക്കുന്ന മുജാഹിദ്ദീന്‍, ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ രക്ഷകരായി ഭാവിച്ചു. പര്‍വതനിരകളില്‍നിന്നുയരുന്ന വെടിയൊച്ചകള്‍ ആ നാടിനെ വിറപ്പിച്ചു. റഷ്യന്‍ ടാങ്കറുകളും വിമാനങ്ങളും ഗ്രാമത്തിലെ നിത്യ കാഴ്ചകളായി. പട്ടാളക്കാര്‍ കൈയിലേന്തുന്ന തോക്കിന്റെ പേര് കലാഷ്‌നിക്കൊവ് എന്നാണെന്നുപോലും പര്‍വീണിന് മനസ്സിലായി. രാജ്യത്തിനുവേണ്ടി 'ശഹീദ്' ആകുന്ന മുജാഹിദ്ദീന്‍ സേനകളും പെരുകി. ഈ സേന അവര്‍ക്ക് പണവും ധാന്യവും നല്‍കാത്ത ഗ്രാമീണരെ മര്‍ദ്ദിക്കുന്നു. ഹിജാബ് ഇടാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്യുന്നു. മുജാഹിദ്ദീനും പര്‍വീണിന് പേടിസ്വപ്‌നമായി. യുദ്ധം ചെയ്യുന്നവര്‍ക്കെല്ലാം ഒരേ സ്വഭാവം. ചെറുതോ വലുതോ എന്നതുമാത്രമാണ് വ്യത്യാസം.

വിദ്യാലയത്തില്‍ പോകാന്‍ ഇഷ്ടമായിരുന്ന പര്‍വീണ്‍പ്രായപൂര്‍ത്തിയായതോടെ കല്യാണത്തിന് സമ്മതിക്കേണ്ടിവന്നു. കൈയില്‍ തോക്കുമായി വന്ന അബുവിനെ വിവാഹം ചെയ്യാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. സ്വന്തമായി ഒരു തീരുമാനവും കൈക്കൊള്ളാന്‍ കഴിയാത്തവര്‍. പ്രണയം സ്വയം തീരുമാനമായതുകൊണ്ട് അതും വിലക്കിയിരുന്നു ഗോത്രനിയമങ്ങള്‍. നൂര്‍ എന്ന പെണ്‍കുട്ടിയുടെ കഥ നമ്മെ ഈ യാഥാര്‍ഥ്യം കൂടുതല്‍ വെളിവാക്കുന്നു. ആട്ടിന്‍പറ്റത്തെ മേയ്ക്കുന്നതിനിടയില്‍ നൂര്‍ അടുത്ത അരുവിയുടെ കരയില്‍ പോയിരിക്കാറുണ്ടായിരുന്നു. അവിടെവച്ച് അവള്‍ ഹസാര എന്ന യുവാവുമായി അടുപ്പത്തിലാകുന്നു. ഇതറിഞ്ഞ്​ സഹോദരനായ അഫ്തബ് നൂറിനെ മുറിയിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. വിശുദ്ധ യുദ്ധക്കാലത്തെ അനുജത്തിയുടെ പ്രണയം അധികപ്പറ്റായും അപമാനവുമായാണ്​ ആ വംശീയ തലച്ചോറിന് മനസ്സിലായത്.

Representative Image / Pixabay

ഇങ്ങനെ സാമൂഹികമായൂം സാമുദായികമായും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ ഇടയില്‍ സഹകരണ സംരംഭങ്ങള്‍ ഒരു വെളിച്ചവും ആശ്വാസവുമായി മാറുന്നുണ്ടെങ്കിലും യുദ്ധം നല്‍കുന്ന കെടുതികള്‍ അവരുടെ ജീവിതം ഇല്ലാതാക്കുന്നു. സാക്ഷരതാക്ലാസും ചെറിയ തൊഴിലുമൊക്കെയായി അനേകം സ്ത്രീകള്‍ സാഹോദര്യ ജീവിതം സാധ്യമാക്കാന്‍ ശ്രമിക്കുന്നതുതന്നെയും ഒരു സ്വപ്‌നമാണ്.

വ്യവസായത്തിന്റെ വളര്‍ച്ചയില്‍ സമ്പത്ത് കൂടുമെങ്കിലും തൊഴിലാളികളുടെ ജീവിതം ചൂഷകവ്യവസ്ഥയില്‍ പലപ്പോഴും സങ്കീര്‍ണമാകാറുണ്ട്. ധാക്കയിലെ ജീവിതം അത്തരത്തിലുള്ള ഒന്നാണ് എന്നാണ് ഈ പുസ്തകം പറയുന്നത്. കമ്പോളങ്ങളില്‍ നാം കാണുന്ന വര്‍ണാഭമായ ചരക്കുകള്‍ക്ക്​ അനേകം തൊഴിലാളികളുടെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും മണമുണ്ടെന്ന് സാധനം വാങ്ങാന്‍ വരുന്നവര്‍ പോലും മറന്നുപോകും. തൊഴിലിന്റെയും കഷ്ടപ്പാടിന്റെയും സമയത്തിന്റെയും മൂല്യം പലപ്പോഴും സാധനങ്ങളില്‍ നാം കാണാറില്ല. വലിയ കമ്പനികള്‍ ഉണ്ടാവുന്നതിന്റെ അടിസ്ഥാനശില ഈ തൊഴിലാളികളാണ് എന്ന കാര്യം നാം മറക്കാറുണ്ട്. ലോകോത്തര കമ്പനികളുടെ ഷര്‍ട്ടുകളും ജീന്‍സുകളും പാവാടകളും തയ്ക്കുന്ന ചെറുകിട തൊഴില്‍ശാലകളിലെ സ്ത്രീകളുടെ അനുഭവങ്ങള്‍ വരച്ചിടുന്നതാണ് ബംഗ്ലാദേശിന്റെ കഥ. ഈ രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 82 ശതമാനവും ഗാര്‍മെൻറ്​ തൊഴില്‍ശാലകളാണ് നല്‍കുന്നത്. മണിക്കൂറിന് അഞ്ച് ഇവാ നിരക്കിലാണ് സ്ത്രീകള്‍ ഇത്തരം തൊഴില്‍ ശാലകളില്‍ പണിയെടുക്കുന്നത്. കാറ്റും വെളിച്ചവും കടക്കാത്ത ഗുഹകള്‍, ഫാക്ടറിക്ക് തീപിടിച്ച് മരിക്കുകയും അപകടത്തിനിരയാകുകയും ചെയ്ത തൊഴിലാളികളെ തിരിഞ്ഞുനോക്കാന്‍ പോലൂം ആരെയും കിട്ടില്ല. വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കും. രാഷ്ട്രീയക്കാര്‍ തുച്ഛമായ എന്തെങ്കിലും കൊടുത്ത് ആശ്വസിപ്പിക്കാനെന്നോണം ഒരു ദിവസം വരും. പിന്നീട് അവരെയും കാണില്ല. ഇതൊക്കെയാണെങ്കിലും തൊഴിലാളികള്‍ക്ക് തൊഴില്‍ ഒരു ജീവിതമാണ്. തൊഴിലിനുപിന്നിലെ വേദന പലപ്പോഴും ആരും അറിയാറില്ല എന്നുമാത്രം.

Representative Image / Bengal Foundation

കിഴക്കന്‍ ബംഗാളിലെ തടാകങ്ങളില്‍ കാണുന്ന ഒരിനം മത്സ്യത്തിന്റെ പല്ലു കൊണ്ടാണ് ചില തൊഴിലാളികള്‍ നൂലുണ്ടാക്കുന്നത്. ഇതിന് വളരെയേറെ ശ്രദ്ധ ആവശ്യമാണ്. നൂൽ നൂല്‍ക്കാന്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം വേണം. അതിനാൽ, രാവിലെയും വൈകീട്ടും മിടുക്കികളായ യുവതികള്‍ തോണികളിലിരുന്നാണ്​​ നൂലുണ്ടാക്കുക. ഒരു കിലോ പരുത്തിയില്‍നിന്ന് വെറും എട്ടുഗ്രാം മസ്‌ലിന്‍ നൂല്‍ മാത്രമേ ലഭിക്കൂ.
സഫിയയും റസിയയുടെയും കഥ കൊടിയ സഹനത്തിന്റെയും മുതലാളിത്ത ക്രൂരതയുടെയുമാണ്. തൊഴില്‍ ചെയ്യുന്നതിനിടെ കെട്ടിടം പൊളിഞ്ഞുവീണ് രണ്ടുകാലും നഷ്ടമായവളാണ് സഫിയ. റസിയ സഫിയയുടെ മകളാണ്. സ്‌കൂളില്‍ പോകാനോ പഠിക്കാനോ മകള്‍ക്ക് കഴിയുന്നില്ല. മോള്‍ക്ക് എന്താണ് ആഗ്രഹം എന്ന് എഴുത്തുകാരി റസിയയയോട് ചോദിച്ചപ്പോള്‍ അവള്‍ പറയുന്ന മറുപടി ഇതായിരുന്നു: ‘പട്ടണത്തിലെ ചെറിയ മാളില്‍നിന്ന് ഒരിക്കലെങ്കിലും പീറ്റ്‌സ കഴിക്കണം.’
പട്ടണവും ഗ്രാമവും തമ്മിലുള്ള അന്തരവും മനുഷ്യരുടെ ആഗ്രഹങ്ങളെ കമ്പോളങ്ങള്‍ കവരുന്ന വിധവും ഈ മറുപടിയിലുണ്ട്​. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ തന്നെയും ഇല്ലാതാവുന്ന ബാല്യം.

നേപ്പാളിന്റെ കഥ ഭൂകമ്പത്തിന്റേതുകൂടിയാണ്. 2015 ഏപ്രില്‍ 25ന് 8000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽ, 10 ലക്ഷം പേര്‍ക്ക് വീടും കുടിയും നഷ്ടമായി. അവര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്​. ആദ്യത്തെ ഒരാഴ്ച ക്യാമ്പില്‍ ഭക്ഷണം വാങ്ങാന്‍ നേരത്ത് കണ്ടിരുന്ന പല കുട്ടികളെയും പിന്നിടുള്ള ദിവസങ്ങളില്‍ കണ്ടി്‌ല്ലെന്ന് സുധാ മേനോന്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനെതുടര്‍ന്ന് ആ കുട്ടികളെ അന്വേഷിച്ചപ്പോഴാണ് ദുരന്തത്തിന്റെ മറവില്‍ നടക്കുന്ന മനുഷ്യക്കടത്തിനെക്കുറിച്ച് പഠനസംഘം അറിയുന്നത്. 11 വയസ്സുള്ള ഒരു കുട്ടി ആ യാഥാര്‍ഥ്യം വെളിവാക്കി.

Photo: Screengrab / Vice News

ക്യാമ്പിന്റെ പുറത്ത്​ കാത്തുനിന്ന രണ്ടുമൂന്ന് അപരിചിതര്‍ ആ കുട്ടിയോട്​ പറയുന്നു, അവരുടെ കൂടെപ്പോയാല്‍ മക്കളില്ലാത്ത വിദേശദമ്പതികള്‍ക്ക് അവളെ ദത്തിന് കൊടുക്കാം, അങ്ങനെ ജീവിതം സുരക്ഷിതമാകും എന്ന്​. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കാണാതായ വിവരം പുറത്തുവന്നത്. കടത്തിക്കൊണ്ടുപോകുന്ന കുട്ടികളെ ഏജന്റുമാര്‍ ബീഹാര്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ചശേഷം മാംസവ്യാപാരത്തിന് ഉപയോഗിക്കും. ജീവിതകാലം മുഴുവന്‍ അടിമകളായി ഇവർ സോനാഗാച്ചിയിലും കാമാഠിപുരയിലും ശരീരം വിറ്റ് ജീവിക്കാന്‍ വിധിക്കപ്പെടും. ജീവിതം കരുപ്പിടിപ്പിക്കാനും സ്വയം രക്ഷപ്പെടാനും ശ്രമിക്കുന്നതിനിടയില്‍ തങ്ങളുടെ കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയാത്ത മാതാപിതാക്കളുടെ നിസ്സഹായത വിവരിക്കുകയാണ് ഈ അധ്യായത്തില്‍.

ശ്രേഷ്മയുടെ കഥ അത്തരത്തിലൊന്നായിരുന്നു. നേപ്പാളിന്റെ ഗ്രാമപ്രകൃതിയില്‍ വര്‍ണപ്പൊലിമയുള്ള ജീവിതം സ്വപ്‌നം കണ്ട ഒരു പെൺകുട്ടി ഇന്ത്യയിലെ ചുവന്ന തെരുവില്‍ എത്തപ്പെടുന്നു. ഇത്​ ജീവിതയാഥാര്‍ഥ്യമാണോ സിനിമാക്കഥയാണോ എന്ന് വേര്‍തിരിക്കാനാവില്ല.

Representative Image

മരണഗന്ധമുള്ള പരുത്തിപ്പാടങ്ങളാണ്​ ആന്ധ്രപ്രദേശില്‍നിന്ന്​ വായനക്കാരുടെ മുന്നിലെത്തുന്നത്. കടക്കെണിയിൽ കരിഞ്ഞില്ലാതാകുന്ന കര്‍ഷകര്‍. തിളങ്ങുന്ന നഗരങ്ങളും മരിക്കുന്ന ഗ്രാമങ്ങളുമാണ് വാറങ്കല്‍, തെലുങ്കാന എന്നീ പ്രദേശങ്ങളില്‍ കണ്ടത്. കടം വാങ്ങി പരുത്തികൃഷി ചെയ്തിരുന്ന കര്‍ഷകര്‍, വിപണിയില്‍ പരുത്തിയുടെ വില കുറയുന്നതോടെ ആത്മഹത്യയിലേക്ക്​ വീണുപോകുന്നു. രേവമ്മ, സിത, ഹിമബിന്ദു, സ്വാതി, ലത എന്നിവരുടെ ജീവിതം കവർന്നത്​ പരുത്തിപ്പാടങ്ങളാണ്​.

സാമൂഹിക യാഥാര്‍ഥ്യങ്ങളെ നഗ്​നമായി വെളിവാക്കുന്ന ജീവിതകഥയാണ് ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍. ഈ മുറിവുകള്‍ ഉണങ്ങാതെ സാമൂഹിക മനസ്സില്‍ എന്നും ബാക്കിനിൽക്കും. ജീവലത, സൈറ, ഹാജിറ, പര്‍വീണ്‍, നൂര്‍, റസിയ, ശ്രേഷ്ഠ... ഇവരാരും ഇല്ലാതാകുന്നില്ല, അവരുടെ പിന്‍മുറക്കാര്‍ ഇന്നും ലോകത്തെങ്ങും ജീവിക്കുന്നുണ്ട്​, അതുകൊണ്ടുതന്നെ അവരുടെ യാതനകൾക്ക്​ അന്ത്യമില്ല. അതിനാൽ, ഈ മനുഷ്യരുടെ ചരിത്രം എന്നും ദൃശ്യമായിക്കൊണ്ടിരിക്കും.

സുധാ മേനോന്റെ ഈ പുസ്തകം വായിച്ചപ്പോള്‍ മനസ്സില്‍ പെട്ടെന്ന് കടന്നുവന്ന മറ്റൊരു പുസ്തകമാണ്, 'ഇനി ഞാന്‍ ഉറങ്ങട്ടെ.' കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന ദ്രൗപതിയെ, ക്രൂരതയുടെയും അപമാനത്തിന്റെയൂം ഓര്‍മകള്‍ വേട്ടയാടുകയാണ്​. ജീവിച്ചുതീര്‍ന്ന അനേകം സ്ത്രീജന്മങ്ങളെ ഓര്‍മകളില്‍ കൊണ്ടുവരികയും അടയാളപ്പെടുത്തുകയും ചെയ്യുന്നു, ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍.

Comments