മൂന്ന് ദശകങ്ങളിലേറെയായി കേരളത്തിലെ ചരിത്രഗവേഷണ രംഗത്ത് മൗലിക സംഭാവനകൾ നൽകിവരുന്ന ചെറായി രാമദാസ്, സവർണ്ണ ചരിത്രപ്പടപ്പുകൾ ബോധപൂർവ്വം വിസ്മരിച്ച ഏടുകളെ വെളിച്ചത്തുകൊണ്ടുവരാനാണ് പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അത്തരമൊരു പ്രയത്നമാണ് 'ദാക്ഷായണി വേലായുധൻ: കാലശാസനകൾക്കു കീഴടങ്ങാത്തവൾ' (മാതൃഭൂമി ബുക്സ്) എന്ന പുസ്തകം.
അറിവധികാരത്തിൽനിന്ന്, വിശിഷ്യാ എഴുത്തധികാരത്തിൽനിന്ന്, ആട്ടിയോടിക്കപ്പെട്ട ജനതയുടെ സാന്നിദ്ധ്യം പോലും എഴുതപ്പെട്ട ചരിത്രത്തിൽ നന്നേ കുറവായിരിക്കും. എന്നാൽ ലഭ്യമായ പ്രാഥമിക ദത്തങ്ങളെത്തന്നെ മുൻനിർത്തി കീഴാളജനതയുടെ അസന്നിഹിതത്വത്തെ, അതിന്റെ കാരണങ്ങളെ, അതിനുപിന്നിൽ പ്രവർത്തിച്ചവരെ കാലത്തിന്റെ ചോദ്യങ്ങളുടെ ചൂണ്ടുവിരലിനുമുന്നിൽ നിർത്തുന്ന ദൗത്യമാണ് ചെറായി രാമദാസ് നിർവ്വഹിക്കുന്നത്.
ഭരണഘടനാ നിർമ്മാണസഭയിലെ ഏക ദലിത് വനിതാ അംഗമായിരുന്നു ദാക്ഷായണി വേലായുധൻ. കൊച്ചി രാജ്യത്തിലെ പട്ടികജാതി പെൺകുട്ടികളിൽ ആദ്യമായി SSLC പരീക്ഷ പാസായതും ഇന്ത്യയിലെത്തന്നെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരണിയും കേരളത്തിലെ 'അധഃകൃതരി'ൽ ആദ്യമായി ബിരുദം നേടിയ ആളുമാണ് ദാക്ഷായണി. കൊച്ചി നിയമസഭയിലും കോൺസ്റ്റിറ്റ്യുവൻ്റ് അസംബ്ലി ലെജിസ്ലേറ്റിവിലും ഭരണഘടനാ നിർമ്മാണസഭയിലും പ്രൊവിഷണൽ പാർലമെന്റിലും അംഗമായിരുന്ന ധിഷണാശാലിയായ സാമൂഹ്യപ്രവർത്തക.
കൊച്ചി നിയമസഭ മുമ്പാകെ ദാക്ഷായണിയുടെ ഉപരിപഠനാപേക്ഷ എത്തുന്നത് കാരണംകൂടാതെ തള്ളിക്കളയപ്പെടുന്ന നിയമസഭാ പ്രൊസീഡിങ്സിൽ ഓരോരുത്തരും സംസാരിച്ചത് ചെറായി രാമദാസ് കണ്ടെടുക്കുന്നുണ്ട്.
അയിത്തനിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണഘടനാനിർമ്മാണസഭയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വരെ നിർഭയം ചോദ്യം ചെയ്യുന്ന സന്ദർഭങ്ങൾ ഈ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. കൊച്ചിനിയമസഭയിൽ അംഗമായപ്പോൾത്തന്നെ അതുവരെ ഉദ്യോഗസ്ഥാംഗങ്ങളും മറ്റു പ്രമാണിമാരും മാത്രം ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് ഭാഷയിൽത്തന്നെ ദീർഘമായി പ്രസംഗിക്കാൻ ഒരു അധഃകൃതയ്ക്ക് ധൈര്യവും ത്രാണിയുമുണ്ടായത് സവർണ്ണ പ്രമാണിമാരെ വിറപ്പിക്കാൻ പര്യാപ്തമായിരുന്നെന്ന സൂചനയും പുസ്തകം നൽകുന്നുണ്ട്. എന്നിട്ടും അവർ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽനിന്ന് ആട്ടിയോടിക്കപ്പെടുകയായിരുന്നു എന്നു പ്രസ്താവിച്ചതിനുശേഷമാണ് വിവിധ സഭകളിൽ അവർ ഉന്നയിച്ച ഓരോ ചോദ്യങ്ങളും അവർക്ക് ലഭിച്ച മറുപടികളും ഗ്രന്ഥകാരൻ അക്കമിട്ട് നിരത്തുന്നത്.
ഭരണഘടനാനിർമ്മാണസഭയിൽ ഉണ്ടായിരുന്ന മറ്റു 14 വനിതകളും അതിനുശേഷം എങ്ങനെ ജീവിച്ചുവെന്നും LIC ജീവനക്കാരിയായി ദാക്ഷായണി വേലായുധന് തുടരേണ്ടിവന്നതിനു പിന്നിലെ അവഗണനയുടെ അധ്യായവും അദ്ദേഹം വായനയ്ക്കായി തുറന്നുവയ്ക്കുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മാത്രമല്ല അവർക്ക് പാർശ്വവൽക്കരണം നേരിടേണ്ടിവന്നത്. അത് കൃത്യമായി വിരൽചൂണ്ടുന്നത് ഈ പാർശ്വവൽക്കരണം ജാതീയം തന്നെയാണ് എന്നതിലേക്കാണ്.

കൊച്ചി നിയമസഭ മുമ്പാകെ ദാക്ഷായണിയുടെ ഉപരിപഠനാപേക്ഷ എത്തുന്നത് കാരണംകൂടാതെ തള്ളിക്കളയപ്പെടുന്ന നിയമസഭാ പ്രൊസീഡിങ്സിൽ ഓരോരുത്തരും സംസാരിച്ചത് ചെറായി രാമദാസ് കണ്ടെടുക്കുന്നുണ്ട്. ബിരുദം നേടിയ ദാക്ഷായണിയെ എം.എ പഠനത്തിന് മദ്രാസിലേക്ക് അയക്കണമെന്ന് കൊച്ചി നിയമസഭയിൽ 1936 ആഗസ്റ്റ് ഒന്നിന് ആവശ്യമുയരുന്നതും സർക്കാർ പ്രതിനിധി ധാർഷ്ട്യത്തോടെ അത് നിരസിച്ചതും വിവരിക്കുന്നു. അതോടൊപ്പം ഗവൺമെന്റ് വേതനത്തോടെ ഇംഗ്ലണ്ടിൽ അയച്ച ഒരു സവർണ്ണ സ്ത്രീയുടെ ഉപരിപഠനത്തിന് സാമ്പത്തിക/സാങ്കേതിക തടസ്സമില്ലായിരുന്നെന്നുമുള്ള രേഖകളും ചെറായി രാമദാസ് കണ്ടെടുക്കുന്നു. എം.എക്ക് ചേരാൻ അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അവർ അധ്യാപക ബിരുദമെടുത്ത് അദ്ധ്യാപക ജോലിയിൽ ഏർപ്പെടുന്ന കാലത്താണ് കൊച്ചി നിയമസഭയിൽ അംഗമാകുന്നത്.
ഗവൺമെന്റ് സ്കോളർഷിപ്പിൽ വിദേശത്തേക്കയച്ച പട്ടികജാതി വിദ്യാർത്ഥികളുടെ കണക്കിനെ സംബന്ധിച്ച ചോദ്യം ദാക്ഷായണി വേലായുധൻ ഉന്നയിക്കുമ്പോൾ ആ ചോദ്യംതന്നെ തിരുത്തപ്പെടുകയാണ്.
സ്വതന്ത്ര ഇന്ത്യയുടെ പാർലമെന്റിൽപോലും അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടി ലഭിക്കുന്നില്ല എന്നുമാത്രമല്ല, അവരുടെ മനുഷ്യാന്തസ്സിന് വിലകൽപ്പിക്കുന്ന തരത്തിൽ സഭ പെരുമാറുന്നില്ല. അവരുടെ ചോദ്യംതന്നെ തടയുന്നുണ്ട്. ദലിത് സ്ത്രീകൾ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ധരിക്കുന്നതിനെ എതിർക്കുന്ന സവർണർ 1950- ൽ മധ്യപ്രദേശിൽ രണ്ടു ദലിതരെ കൊന്നു. അതേപ്പറ്റി പ്രൊവിഷണൽ പാർലമെന്റിൽ ചോദിക്കാൻ ചോദ്യമെഴുതിക്കൊടുത്തെങ്കിലും അവസരം നിഷേധിച്ചു. മുൻകൂട്ടി എഴുതിക്കൊടുക്കേണ്ട ചോദ്യങ്ങൾ പാർലമെന്റ് ഓഫീസ് തിരുത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഗവൺമെന്റ് സ്കോളർഷിപ്പിൽ വിദേശത്തേക്കയച്ച പട്ടികജാതി വിദ്യാർത്ഥികളുടെ കണക്കിനെ സംബന്ധിച്ച ചോദ്യം ദാക്ഷായണി വേലായുധൻ ഉന്നയിക്കുമ്പോൾ ആ ചോദ്യംതന്നെ തിരുത്തപ്പെടുകയാണ്.

മറ്റൊരിക്കൽ "സർ, ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടിയില്ല" എന്ന് ദാക്ഷായണി വേലായുധൻ പറയുമ്പോൾ, "അതാണ് ഉത്തരം, She may or may not be satisfied with it" എന്നാണ് സ്പീക്കറുടെ മറുപടി. "ഭരണഘടനാനിർമ്മാണസഭയിലെ ഏക ദലിത് വനിതാ മെംബറോട് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്പീക്കറും പ്രധാനമന്ത്രിയും തൊഴിൽ മന്ത്രിയും പെരുമാറുന്നതിന്റെ നിലവാരമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്" എന്ന് ചെറായി രാമദാസ്, ദാക്ഷായണി വേലായുധന് ലഭിക്കുന്ന വിവിധ മറുപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. തന്റെ രാഷ്ട്രീയബോധ്യങ്ങളെ ഏത് അധികാരിക്കു മുന്നിലും അടിയറവ് വയ്ക്കില്ല എന്ന ഉറച്ച നിലപാട് സൂക്ഷിച്ച അവർ, ഭരണഘടനാനിർമ്മാണസഭയിലും പ്രൊവിഷണൽ പാർലമെന്റിലും നെഹ്റുവിനെയും അംബേദ്കറെയും വസ്തുനിഷ്ഠമായി വിമർശിക്കുന്നുണ്ട്.
‘ഡിപ്രസ്ഡ് ക്ലാസസ്’ എന്നതിനുപകരം ‘ഷെഡ്യൂൾഡ് ക്ലാസസ്’ എന്നു പ്രയോഗിക്കണമെന്ന് സഭയിൽ പ്രമേയം അവതരിപ്പിച്ചത് ദാക്ഷായണി വേലായുധനായിരുന്നു.
ചെറായി രാമദാസ് രചിച്ച ദാക്ഷായണി വേലായുധന്റെ ഈ ജീവചരിത്രഗ്രന്ഥത്തിന്റെ ഏറ്റവും വലിയ പ്രസക്തി, അവർ നാല് നിയമനിർമ്മാണസഭകളിലായി നടത്തിയ ഇടപെടലുകൾ മുഴുവൻ ക്രോഡീകരിച്ചിട്ടുണ്ട് എന്നതാണ്. സഭകളിൽ അവർ ഉന്നയിച്ച ചോദ്യങ്ങളുടെ പ്രസക്തി വെളിച്ചത്തുകൊണ്ടുവരുന്നത് പ്രാതിനിധ്യം ലഭിക്കുന്ന കീഴാളസമുദായങ്ങൾ സാമൂഹ്യ പുരോഗതിക്ക് എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്. സ്ത്രീകളുടെ മൂന്നാം ക്ലാസ് കമ്പാർട്ട്മെന്റിലെ യാത്രാദുരിതം മുതൽ ഇന്ത്യ-പാക്ക് വിഭജനാനന്തര പ്രശ്നങ്ങൾ വരെ അവർ സഭയിൽ കൈകാര്യം ചെയ്യുന്നുണ്ട്.
‘ഡിപ്രസ്ഡ് ക്ലാസസ്’ എന്നതിനുപകരം ‘ഷെഡ്യൂൾഡ് ക്ലാസസ്’ എന്നു പ്രയോഗിക്കണമെന്ന് സഭയിൽ പ്രമേയം അവതരിപ്പിച്ചത് ദാക്ഷായണി വേലായുധനായിരുന്നു. "With all my respect to the authors of the name 'Harijan' is felt like calling a dog 'Napoleon' or 'Hitler', so long as untouchability remains" എന്നാണ് അവർ സഭയിൽ വിശദീകരിച്ചത്. ‘പുതിയ ഭരണഘടനയിൽ നമ്മൾ ജാതിക്ക് അംഗീകാരം നൽകുകയും മുസ്ലീങ്ങൾക്കും പട്ടികജാതിക്കാർക്കും സീറ്റുകൾ സംവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്’ എന്ന് മറ്റൊരു സന്ദർഭത്തിൽ അവർക്ക് സഭയെ ഓർമിപ്പിക്കേണ്ടി വരുന്നതും കാണാം.

ഫാക്ടറി ഇൻസ്പെക്ടർമാരിൽ സ്ത്രീകളുണ്ടോ എന്ന ചോദ്യത്തിന് "ഇല്ല, അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല" എന്നായിരുന്നു തൊഴിൽ മന്ത്രിയുടെ മറുപടി. ‘‘ഫാക്ടറികളിൽ ധാരാളം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ അത് ആവശ്യമില്ല എന്ന് ഗവൺമെന്റിന് എങ്ങനെ പറയാൻ കഴിയും’’ എന്ന ദാക്ഷായണി വേലായുധന്റെ പ്രതികരണത്തിന്, "മെംബർ തർക്കിക്കരുത്" എന്നാണ് സ്പീക്കറുടെ നിർദ്ദേശം. ന്യായമായ ചോദ്യം പോലും ഉന്നയിക്കുന്നത് ഒരു ദലിത് സ്ത്രീ ആകുമ്പോൾ തർക്കം എന്ന് തോന്നുന്ന സഭാദ്ധ്യക്ഷന്മാരുടെ ചൊൽപ്പടിയിലാണ് സഭ നിലനിന്നിരുന്നത് എന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. ഇവരെ അപമാനിക്കുന്ന മട്ടിലുള്ള പ്രതികരണങ്ങൾ നടത്തുമ്പോൾ അതിന് സ്പീക്കർ മൗനാനുവാദം നൽകുന്നതും കാണാം. ദാക്ഷായണി വേലായുധന് നൽകുന്ന ഒരു മറുപടിയിൽ ജഗ്ജീവൻ റാം പറയുന്നത്; ‘ഒരു സ്ത്രീയിൽനിന്ന് വിചിത്രമായ കാര്യങ്ങൾ പുറപ്പെട്ടേക്കാം, അതിൽ ആർക്കും സഹായിക്കാൻ കഴിയില്ല’ എന്നാണ്. ഇതാകട്ടെ ആരുടെയും പ്രതിഷേധങ്ങൾക്കു വഴിയൊരുക്കുന്നില്ല.
പ്രൊവിഷണൽ പാർലമെന്റിൽ നടത്തിയ ഏറ്റവും അവസാനത്തെ പ്രസംഗത്തിൽ, ദാക്ഷായണി വേലായുധൻ "ഈ പ്രസംഗം പാർലമെന്റിലെ എന്റെ യാത്ര പറയൽ ആയിരിക്കാം. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് പ്രതിരോധമില്ലാതെ പോകരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു" എന്നു പറയുന്നുണ്ട്. ജന്മനാടിന് പ്രതിരോധമില്ലാതെ പോകരുത് എന്ന് ആഗ്രഹിച്ച അവരോട് ജന്മനാട് വിസ്മൃതിയുടെയും അവഗണനയുടെയും രൂപത്തിൽ കാണിച്ച, കാണിച്ചുകൊണ്ടിരിക്കുന്ന നീതികേടിന്റെ വ്യാപ്തിയാണ് ചെറായി രാമദാസ് ഈ സമഗ്ര ജീവചരിത്രഗ്രന്ഥത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
