റൂത്ത് ഡേവിഡ് എന്ന ചെറിയ പെൺകുട്ടിയുടെ പേര് ചരിത്രത്തിൽ എന്നെങ്കിലും എഴുതി ചേർക്കപ്പെട്ടേക്കാം. കാരണം അവളുടെ കുഞ്ഞുജീവിതകഥയുടെ വാതിൽ തുറന്നതും അടച്ചതും ഒക്കെ ലോകചരിത്രത്തിന്റെ ഏറ്റവും വലിയ ക്രൂരതയിലേക്കാണ്.
‘‘എന്റെ യാത്രയുടെ തലേദിവസം അച്ഛനും അമ്മയും തലയിൽ കൈവച്ച് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു’’. ‘ദൈവം നിന്നെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ’- അതായിരുന്നു ആ പ്രാർത്ഥന.
പിറ്റേന്ന് അച്ഛനെയും അമ്മയെയും സഹോദരങ്ങളേയും നാടും വീടും ഉപേക്ഷിച്ച് അവൾ ഇംഗ്ലണ്ടിലേക്ക് യാത്രയാവുകയാണ്. അവൾ ഒരു കുഞ്ഞ് അഭയാർത്ഥിയായപ്പോൾ പ്രായം വെറും 9. യാത്രയുടെ തുടക്കം ഫ്രാങ്ക്ഫർട്ടിൽ നിന്ന് ബെർലിൻവരെ ട്രെയിനിൽ. ജൂതൻമാരായ മോറിസ് ഓപ്പൺ ഹൈമർക്കും മാർഗരറ്റ് ഓപ്പൺ ഹൈമർക്കും മകളെ യാത്രയാക്കാൻ ട്രെയിനിനടു ത്തേക്ക് ചെല്ലാൻ നാസി പട്ടാളം അനുമതി നൽകിയി ല്ല. ട്രെയിൻ സ്റ്റേഷൻ മുഴുവൻ അഭയാർത്ഥി കുഞ്ഞുങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കഷ്ടിച്ച് 13 വയസ്സ് മാത്രം പ്രായമുള്ള ഒരു ആൺകുട്ടിയോട് റൂത്തിന്റെ അമ്മ പറഞ്ഞു, ‘മോളെ നോക്കണേ’ -അവനാ പറച്ചിൽ ഒട്ടും ഇഷ്ടമായില്ല എന്ന് തോന്നുന്നു.

റൂത്ത് ഡേവിഡ് എന്ന ജൂതവനിതയുടെ 'Child of our time' എന്ന പുസ്തകത്തെ കുറിച്ചാണ് ഈ എഴുത്ത്.
യാത്രാമധ്യേ ഹോളണ്ടിലെത്തിയപ്പോഴാണ് താൻ ആദ്യമായി ഇംഗ്ലീഷ് ഭാഷ കേൾക്കുന്നതെന്ന് റൂത്ത്. എന്തൊരു ‘കാടൻ ഭാഷ’ എന്നാണ് അവൾക്ക് ആദ്യം തോന്നിയത്. സംസാരിക്കാൻ ഒരു ഭാഷ പോലുമില്ലാത്ത തന്റെ വരും നാളുകളെക്കുറിച്ചോർത്തവൾ നടുങ്ങി. താൻ ഇപ്പോഴാണ് പൂർണ്ണമായും അനാഥയായത്.
പതിനേഴാം നൂറ്റാണ്ടിൽ ജർമ്മനിയിൽ കുടിയേറി പാർത്ത ഓപ്പൺ ഹൈമർ കുടുംബത്തിലുള്ളവരായിരുന്നു അവളുടെ പൂർവികർ. മറ്റ് ജൂതന്മാരെ പോലെ തന്നെ കച്ചവടം കൊണ്ട് സമ്പന്നമായവരായിരുന്നു അവർ. മുത്തച്ഛന് ഒരു വലിയ സിഗാർ ഫാക്ടറി ഉണ്ടായിരുന്നു. അയാളെ ആ ഗ്രാമവാസികൾ ബഹുമാനിച്ചു പോന്നു. ജൂതർക്കുവേണ്ടി ഗ്രാമത്തിൽ ഒരു ദേവാലയം സ്ഥാപിക്കാൻ മുൻകൈയെടുത്തത് റൂത്തിന്റെ മുത്തശ്ശനായിരുന്നു. മുത്തശ്ശനുശേഷം റൂത്തിന്റെ അച്ഛൻ മോറിസ് ഓപ്പൺ ഹൈമറായിരുന്നു ഫാക്ടറി നോക്കിനടത്തിയിരുന്നത്. റൂത്തിന്റെ അമ്മ മാത്തമാറ്റിക്സിൽ ഉന്നത വിദ്യാഭ്യാസം നേടിയ പരിഷ്കൃത വനിതയായിരുന്നു.

ജൂതർക്ക് അന്ന് ജർമ്മനിയിൽ കൃഷി ചെയ്യാൻ അവകാശമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ കച്ചവടത്തിൽ വിളവെടുത്തു. ജർമൻകാരുടെ ഇരട്ടിയാണ് അവർക്കുള്ള നികുതി. ക്രും ബക്ക് എന്ന പേരുള്ള ആ ചെറിയ ഗ്രാമത്തിൽ യാതൊരു വൈരിയും ഇല്ലാതെ ജർമൻകാരും ജൂതരും പരസ്പരം സഹകരിച്ച് ജീവിച്ചുവന്നു.
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കേറ്റ പരാജയമാണ് എല്ലാ നാശത്തിനും തുടക്കം കുറിച്ചത്. യുദ്ധത്തിനുശേഷം ജർമ്മനി സാമ്പത്തികമായി തകർന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പവും ആ നാടിന്റെ നട്ടെല്ലൊടിച്ചു. യുദ്ധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഏർപ്പെട്ട കരാറിനനുസൃതമായി ബ്രിട്ടനും ഫ്രാൻസിനും നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും ജർമ്മനിക്കുണ്ടായി. ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ പറ്റാതെ വന്നപ്പോൾ വലതുപക്ഷ ഭരണകൂടം ഉണ്ടാക്കിയ ഒരു ഗൂഢാലോചന- അതായിരുന്നു ജൂതന്മാരുടെ തലവിധി മാറ്റി എഴുതിയത്.
കമ്മ്യൂണിസ്റ്റുകാരും ജൂതരും പിന്നിൽനിന്ന് കുത്തിയതൊന്നുകൊണ്ടുമാത്രമാണ് തങ്ങൾ യുദ്ധത്തിൽ പരാജയപ്പെട്ടതെന്ന് ഭരിക്കുന്നവർ ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ ശ്രമിച്ചു. എന്നാൽ സാധാരണക്കാരായ ജർമ്മൻകാർ അത് അത്ര പെട്ടെന്ന് വിഴുങ്ങിയില്ല. ഈ അവസരമാണ് ഹിറ്റ്ലർ എന്ന കൊടുംക്രൂരനായ രാഷ്ട്രീയ അഭിനേതാവ് മുതലെടുത്തത്. ഹിറ്റ്ലർ ജർമ്മനിയെ വളർച്ചയുടെ പാതയിലേക്ക് കൊണ്ടുപോയെങ്കിലും അയാളുടെ ജൂതവിരോധം ആദ്യം ഒന്നും അത്ര എളുപ്പത്തിൽ സ്വീകരിക്കപ്പെട്ടില്ല. അയാൾ ഒരുഗ്രൻ വാഗ്മിയായിരുന്നു. സാവകാശം അയാളുടെ മാസ്മരികതയിൽ ജർമ്മനി തലകുനിച്ചു.

ജൂതർ ഈ ലോകത്തിൽ നിന്നുതന്നെ പോകേണ്ടവരാണ്, അവർ ജർമ്മനിയിൽ നിന്ന് പോയാൽ മാത്രമേ ജർമ്മനിക്ക് രക്ഷയുള്ളൂ- ഇതായിരുന്നു ഹിറ്റ്ലറുടെ മന്ത്രം.
ക്രൂരരും അപകടം പിടിച്ചവരുമായ കൂട്ടാളികളായിരുന്നു അയാൾക്കു ചുറ്റുമുണ്ടായിരുന്നത്. എന്നിട്ടും അധികാരത്തിലെത്തി തന്റെ ഏകാധിപത്യ ഭരണരീതി കൊണ്ടുവരാൻ അയാൾക്ക് കുറച്ചുകൂടി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.
1933- ൽ ഹിറ്റ്ലർ അധികാരത്തിൽ വന്നശേഷം അയാളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ പ്രതിപക്ഷമോ പള്ളിയോ, എന്തിന് കോടതി പോലും തയ്യാറായിരുന്നില്ല. അങ്ങനെ ജൂതർ ജർമ്മനിയിൽ തീർത്തും അധകൃതരായി മാറി. പാർക്കുകളും സിമ്മിംഗ് പൂളുകളും സിനിമാതിയേറ്ററുകളുമെല്ലാം അവരെ പുറത്തുനിർത്തി. ഏറെ ഇഷ്ടപ്പെട്ടിരുന്ന തന്റെ സ്വിമ്മിംഗ് ക്ലാസിൽ നിന്ന് പുറത്തായതിനെ പറ്റി റൂത്ത് തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. ജൂതർക്ക് ആഭരണങ്ങൾ ധരിക്കാൻ പാടില്ല എന്നൊരു കരിനിയമം കൂടി കൊണ്ടുവന്നു നാസികൾ. സത്യസന്ധരായ തന്റെ അച്ഛനമ്മമാർ യാതൊരു പരാതിയും കൂടാതെ തങ്ങളുടെ ആഭരണങ്ങൾ നാസി പട്ടാളത്തിന് ഊരിനൽകിയ കാര്യവും റൂത്ത് ഓർമിക്കുന്നുണ്ട്.

ജൂതരുടെ കുഞ്ഞുങ്ങൾ ജർമ്മൻകാരോടൊപ്പം പഠിക്കാൻ പാടില്ല എന്ന നിയമം ഒരു പരിധിവരെ ആ കുട്ടികൾക്ക് ആശ്വാസമായിരുന്നു. നിരന്തരമായി നേരിടുന്ന വംശീയ അധിക്ഷേപത്തിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും ഒരു മോചനം. ജൂത കുട്ടികൾക്കുവേണ്ടി പ്രത്യേകം സ്കൂൾ സ്ഥാപിക്കാൻ ഹിറ്റ്ലർ അനുവാദം കൊടുത്തെങ്കിലും അവിടുത്തെ അന്തരീക്ഷം ഒട്ടും സുരക്ഷിതമായിരുന്നില്ല. ഒരിക്കൽ തന്റെ സ്കൂൾ ബസ്സിനുനേരെ വലിയ കല്ലുകൾ വലിച്ചെറിഞ്ഞ ഹെയർകേയൻ എന്ന അയൽക്കാരനെ കണ്ട് റൂത്ത് ഞെട്ടിപ്പോയി. അതിനുശേഷം അവൾ സ്കൂളിൽ പോയില്ല. 40 വർഷത്തിനുശേഷം ഇയാളെ നേരിട്ടുകണ്ട അനുഭവം പുസ്തകത്തിലുണ്ട്. തീർത്തും അവശനും രോഗിയും ഏകാകിയുമായ ആ വൃദ്ധന് അവളോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. മാനസിക സമ്മർദ്ദം താങ്ങാൻ വയ്യാതെ മുതിർന്ന ജൂതരിൽ പലരും ആത്മഹത്യ ചെയ്തു. റൂത്തിന്റെ മുത്തശ്ശിയും ആ കൂട്ടത്തിലുണ്ടായിരുന്നു.
പിന്നീട് റൂത്ത് അറിഞ്ഞു, അച്ഛനൊപ്പം പീഡനമേറ്റുവാങ്ങി മരിക്കാൻ തയ്യാറായി അവളുടെ അമ്മ സ്വമേധയാ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോവുകയുണ്ടായി എന്ന്.
ഇതിനിടക്ക്, അച്ഛന്റെ ഫാക്ടറി നിർത്തിവെക്കാൻ അധികാരികൾ ആവശ്യപ്പെട്ടു. യാതൊരു മനുഷ്യാവകാശങ്ങളുമില്ലാതെ കന്നുകാലികളെ പോലെയുള്ള ജീവിതം കൊണ്ട് മടുത്ത ജൂതന്മാരിൽ പലരും ജർമ്മനി വിടാനൊരുങ്ങി. അതിൽ എഴുത്തുകാരും ചിന്തകരും കോളേജ് അധ്യാപകരും ശാസ്ത്രജ്ഞന്മാരും സംഗീതജ്ഞരും ഉണ്ടായിരുന്നു. നാസിയുടെ ഒന്നാം നമ്പർ ശത്രുവായിരുന്ന ഐൻസ്റ്റീനും അക്കാലത്താണ് ജർമ്മനി വിട്ടു പോയത്.
അത് ടെലിവിഷന്റെ കാലത്തിനു മുമ്പായിരുന്നു. പത്രങ്ങളും റേഡിയോയും എല്ലാം ഹിറ്റ്ലറുടെ അപദാനങ്ങൾ നിർബന്ധമായും പാടണം. രക്തത്തിൽ കലർപ്പില്ലാത്ത ആര്യന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ് ജർമ്മനി എന്ന ഹിറ്റ്ലറുടെ കിരാത വചനങ്ങൾ സാവകാശം സാധാരണക്കാരായ ജർമ്മൻകാരിൽ വലിയൊരു പങ്കും വിശ്വസിച്ചു പോന്നു. അന്നുവരെ മിണ്ടിയും പറഞ്ഞും സൗഹൃദത്തോടെ പോയിരുന്ന അയൽക്കാർ യഹൂദന്മാരെ കാണുമ്പോൾ കാണുമ്പോൾ വാതിൽ വലിച്ചടയ്ക്കാൻ തുടങ്ങി. ഒപ്പം കളിച്ചിരുന്ന കുട്ടികൾ മുഖത്തുപോലും നോക്കാതെ ഓടിപ്പോകുന്നതിനുപിന്നിലുള്ള കാരണങ്ങളൊന്നും മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലാത്ത റൂത്തും അനിയത്തിയും അച്ഛന്റെ ഒഴിഞ്ഞ ഫാക്ടറിമുറിയിൽ ഒളിച്ചുകളിച്ചു.

ഗ്രാമവാസികൾക്ക് നിർദ്ദേശങ്ങളും വാർത്തകളും അറിയിക്കാനായി ഒരു നോട്ടീസ് ബോർഡ് ഉണ്ടായിരുന്നു. വില്ലേജ് ഹെഡ് എന്ന തസ്തികയിലുള്ള ജർമ്മൻകാരൻ നിരന്തരം ജൂതർക്കെതിരെ പ്രസ്താവനകളിറക്കി നോട്ടീസ് ബോർഡിൽ പതിപ്പിക്കുക പതിവായിരുന്നു. ആ നോട്ടീസ് ബോർഡിന് അടുത്തുകൂടെ നടക്കുമ്പോൾ തന്റെ കാലുകൾ വിറക്കുമായിരുന്നു എന്ന് കുഞ്ഞ് റൂത്ത്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ച് രാജ്യംവിടൽ അത്ര എളുപ്പമായിരുന്നില്ല. റൂത്തിന്റെ അച്ഛനമ്മമാർ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും അവർക്ക് ജർമ്മനിക്ക് പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. മക്കൾക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ളവരായിരുന്നു അവർ. അങ്ങനെ ഓരോ മക്കളെയും ഓരോരോ രാജ്യത്തേക്ക് അയയ്ക്കാൻ നിർബന്ധിതരായി ആ സാധു മനുഷ്യർ.
മിക്കവാറും എല്ലാ ദിവസവും കുഞ്ഞ് റൂത്ത്, തെരുവുകളിൽ നാസി പടയാളികൾ പാടുന്ന "ജൂതന്മാരുടെ രക്തം ഞങ്ങളുടെ കത്തിയിൽ നിന്ന് ഇറ്റിറ്റ് വീഴുന്നു’’ എന്ന പാട്ട് കേട്ടുകൊണ്ടാണ് ഉറക്കമെഴുന്നേറ്റത്.
1938 നവംബറിലെ ഒരു രാത്രി.
ആരൊക്കെയോ ചേർന്ന് മുൻവശത്തെ വാതിലിൽ ശക്തമായി മുട്ടുന്നു. ആ വാതിൽ അത്ര വേഗം പൊളിക്കാൻ പറ്റില്ല എന്നറിയാവുന്നതു കൊണ്ടാവാം അവർ ഒരു മഴു കൊണ്ട് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്നു. വീട് പെട്ടെന്ന് ഇരുട്ടിലായി. ചേച്ചിയുടെ കൈ പിടിച്ച് ശബ്ദമുണ്ടാക്കാതെ കൊടും തണുപ്പിൽ, ഒരു ചെരുപ്പ് പോലുമിടാതെ പുറകുവശത്തെ തോട്ടത്തിലേക്കിറങ്ങി ആ പെൺകുട്ടി. അവിടെ പാർക്ക് ചെയ്തിരുന്ന അവരുടെ അച്ഛന്റെ കാറിനുള്ളിൽ ആ കുഞ്ഞുങ്ങൾ ഒളിച്ചിരുന്നു.

പെട്ടെന്നാണ് ഒരാൾ അങ്ങോട്ടേക്ക് വന്നത്; "പേടിക്കണ്ട ഒന്നും സംഭവിക്കില്ല"എന്നുപറഞ്ഞ് അയാൾ കാറിനു മുമ്പിൽ ഒരു രക്ഷകനെ പോലെ നിന്നു. ആരൊക്കെയോ ചേർന്ന് തങ്ങളുടെ വീട്ടിലേക്ക് വലിയ ഉരുളൻ കല്ലുകൾ വലിച്ചെറിയുന്നത് കാറിലിരുന്ന് ആ കുഞ്ഞുങ്ങൾ കാണുന്നുണ്ടായിരുന്നു. അലർച്ചയും കരച്ചിലും ഏതാണ്ട് തീർന്നപ്പോൾ നേരം വെളുത്തു. അന്നേരം അക്രമികൾക്കൊപ്പം തങ്ങളുടെ രക്ഷകനായ മനുഷ്യനും നടന്നുനീങ്ങി എന്ന് റൂത്ത്.
1939 ജൂൺ മാസത്തിൽ ഒരു ദിവസമാണ് റൂത്ത് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. യാത്ര പറയുമ്പോൾ അമ്മ കരഞ്ഞിരുന്നില്ല എന്ന് അവൾ ഓർക്കുന്നു. തൻറെ കുഞ്ഞുങ്ങൾ ലോകത്ത് എവിടെയെങ്കിലും ജീവനോടെ ഇരുന്നാൽ മതി എന്നായിരിക്കും അന്നവർ ഓർത്തത്.
വീട്ടിൽ, പൊട്ടിച്ചിതറിയ ഗ്ലാസ് കഷണങ്ങൾക്കിടയിൽ എന്തുചെയ്യണമെന്നറിയാതിരിക്കുന്ന അമ്മയെയാണ് അവൾ കണ്ടത്. അച്ഛനെയും സഹോദരനെയും നാസി പടയാളികൾ കൂട്ടിക്കൊണ്ടുപോയിരുന്നു. ജന്മനാ നടക്കാൻ ശേഷിയില്ലാത്ത വല്യച്ഛനെ അവർ മർദ്ദിച്ച് അവശനാക്കിയ ശേഷം അദ്ദേഹത്തിന്റെ വീൽചെയർ തല്ലിപ്പൊളിച്ചു കളഞ്ഞു.
റൂത്തിന് ആ വീട്ടിൽ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഒരാൾ ഗുസ്താവ് എന്നു പേരുള്ള ആ വല്യച്ഛനായിരുന്നു. മണിക്കൂറുകളോളം പുസ്തകം വായിച്ചിരുന്ന വല്യച്ഛന്റെ വിശാലമായ ലൈബ്രറിയിലാണ് അവൾ ഏറ്റവും കൂടുതൽ അന്ന് സമയം ചെലവഴിച്ചിരുന്നത്. അടുക്കളയിൽ തണുപ്പുകാലത്തേക്ക് അമ്മ കരുതിവച്ച പഴങ്ങളും, ധാന്യങ്ങളും, പച്ചക്കറികളുമുള്ള സ്ഫടികപർണികൾ മുഴുവൻ അവർ അടിച്ചുതകർത്തിരുന്നു. ചില്ലുകൾക്കിടയിലൂടെ ചോര പല ചാലുകളായി ഒഴുകിപ്പോകുന്നുത് കണ്ടു, അവൾ.

കുറച്ചു ദിവസങ്ങൾക്കുശേഷം ക്യാമ്പിൽ നിന്ന് വിട്ടയച്ച സഹോദരൻ വീട്ടിലെത്തി. എല്ലും തോലുമായ അവൻ ദിവസങ്ങളോളം ആരോടും ഒന്നും മിണ്ടിയില്ല. ക്യാമ്പിൽ നിന്ന് പുറത്തുകടക്കാൻ അവന് തുണയായത് ആയിടയ്ക്ക് ലഭിച്ച അമേരിക്കൻ വിസയായിരുന്നു. അധികം താമസിയാതെ അച്ഛനും വീട്ടിലെത്തിചേർന്നു. മാനസികവും ശാരീരികവുമായി പീഡനങ്ങളേറ്റ് അച്ഛൻ തളർന്നിരുന്നു.
വീട്ടിലെ ദാരിദ്ര്യം അങ്ങേയറ്റത്തെ അവസ്ഥയിൽ എത്തിയപ്പോഴാണ് അമ്മ കുറേ ദൂരെയുള്ള ഒരു അനാഥാലയത്തിൽ ജോലിക്ക് ചേർന്നത്. അധികം വൈകാതെ തന്റെ പെൺകുഞ്ഞുങ്ങളെ അവർ ഒപ്പം കൂട്ടി.
ഒരിക്കൽ അമ്മ റൂത്തിന് എഴുതി; "അച്ഛനെ അവർ കോൺസൺട്രേഷൻ ക്യാമ്പിൽ നിന്ന് ആർക്കുമറിയാത്തൊരിടത്തേക്ക് കൊണ്ടുപോകാൻ പോകുന്നു’’.
റൂത്തിനറിയാമായിരുന്നു അത് ഏതാണ് സ്ഥലം എന്ന്.
1939 ജൂൺ മാസത്തിൽ ഒരു ദിവസമാണ് അവൾ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. യാത്ര പറയുമ്പോൾ അമ്മ കരഞ്ഞിരുന്നില്ല എന്ന് അവൾ ഓർക്കുന്നു. തൻറെ കുഞ്ഞുങ്ങൾ ലോകത്ത് എവിടെയെങ്കിലും ജീവനോടെ ഇരുന്നാൽ മതി എന്നായിരിക്കും അന്നവർ ഓർത്തത്. ഇംഗ്ലണ്ടിലെ തണുപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും അഭയാർത്ഥിയെന്ന ടാഗും ആദ്യമൊക്കെ അവളെ വിഷമിപ്പിച്ചിരുന്നു. കാര്യങ്ങൾക്ക് കുറച്ചു മാറ്റമുണ്ടായത് ജൂത അഭയാർത്ഥി കുട്ടികൾക്കുള്ള ഹോസ്റ്റലിൽ എത്തിയപ്പോഴാണ്. അവിടെ അവർ 20 പെൺകുട്ടികളുണ്ടായിരുന്നു. എല്ലാവരും സമാന സാഹചര്യത്തിൽ നിന്ന് വന്നവർ. അതുകൊണ്ടുതന്നെ അവർ പരസ്പരം സ്നേഹിച്ചു. ചേച്ചി ഹാനയും ഇംഗ്ലണ്ടിൽ തന്നെ ദൂരെ എവിടെയോ ഒരു ഹോസ്റ്റലിലുണ്ടായിരുന്നു. ഒരേ രാജ്യത്തായിരുന്നെങ്കിലും പരസ്പരം കാണാനുള്ള അനുമതി അവർക്കുണ്ടായിരുന്നില്ല. അച്ഛനമ്മമാരുടെ കത്ത് വരുന്ന ദിവസമാണ് ഹോസ്റ്റലിൽ കുട്ടികൾ ഏറ്റവും സന്തോഷിച്ചിരുന്നത്. അവർക്കുള്ള മറുപടിക്കത്തിൽ റൂത്ത് സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു; ‘നിങ്ങൾ എന്നാണ് ഇങ്ങോട്ട് വരുന്നത്? എന്നാണ് നമുക്ക് എല്ലാവർക്കും കൂടി അർജൻറീനയിലേക്ക് പോകാൻ കഴിയുന്നത്?’

അതിനുത്തരം പറയാൻ അച്ഛനോ അമ്മയ്ക്കോ ഒരിക്കലും കഴിയുമായിരുന്നില്ല.
ഒരിക്കൽ അമ്മ അവൾക്ക് എഴുതി; "അച്ഛനെ അവർ ക്യാമ്പിൽ നിന്ന് ആർക്കുമറിയാത്തൊരിടത്തേക്ക് കൊണ്ടുപോകാൻ പോകുന്നു’’.
റൂത്തിനറിയാമായിരുന്നു അത് ഏതാണ് സ്ഥലം എന്ന്. പിന്നീട് അവൾ അറിഞ്ഞു, അച്ഛനൊപ്പം പീഡനമേറ്റുവാങ്ങി മരിക്കാൻ തയ്യാറായി അവളുടെ അമ്മ സ്വമേധയാ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് പോവുകയുണ്ടായി എന്ന്.
രണ്ടാം ലോകമഹായുദ്ധം കടുത്ത സമയത്ത് മറ്റ് അഭയാർത്ഥിക്കുട്ടികളുടെയും ജീവിതം വീണ്ടും ദുരിതത്തിലായി. ബ്രിട്ടന്റെ ആജന്മശത്രുവായ ജർമ്മനിയിൽ നിന്നാണല്ലോ അവരുടെ വരവ്. ഓരോ ദിവസവും പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടേണ്ടി വന്നു ആ കുട്ടികൾക്ക്. ജർമൻ ഭാഷ സംസാരിക്കുന്നതുപോലും ക്രിമിനൽ കുറ്റമായി ബ്രിട്ടൻ കണ്ടിരുന്ന ആ കാലം ദുരിതപൂർണമായിരുന്നു. ഇംഗ്ലണ്ടിൽ അവൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം ഭാഷ തന്നെയായിരുന്നു. പഠിക്കാൻ മിടുമിടുക്കിയായി റൂത്ത് സ്കോളർഷിപ്പോടെയാണ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്.
ഫ്രഞ്ച് ടീച്ചറായിട്ടാണ് റൂത്ത് കരിയർ ആരംഭിച്ചത്. എന്റെ ജീവിതപങ്കാളി മൈക്കിൾ അറ്റ്കിൻസിനെ ഫ്രഞ്ച് പഠിപ്പിച്ചത് അവരായിരുന്നു. റൂത്തിന്റെ മകൻ സൈമൺ ഫിഞ്ചും മൈക്കിളും സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമായിരുന്നു. ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു. സൈമൺ ലോകപ്രശസ്തനായ ഒരു ഡോക്യുമെൻററി ഫിലിം മേക്കറാണ്. അമ്മയുടെ ജീവിതത്തെപ്പറ്റി സൈമൺ എടുത്ത ഡോക്യുമെൻററി അധികം വൈകാതെ ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കും. റൂത്തിന്റെ മകൾ മാർഗരറ്റ് ഇംഗ്ലണ്ടിൽ സോളിസിറ്ററാണ്.
1992-ൽ റൂത്ത് ഇംഗ്ലണ്ട് വിട്ട് അമേരിക്കയിലേക്ക് പോയി. വർഷങ്ങൾക്കുശേഷം തന്റെ വാർദ്ധക്യത്തിൽ അവർ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. കോവിഡ് മഹാമാരി തിമിർത്തു പെയ്യുന്ന കാലത്താണ്, തന്റെ 91ാം വയസ്സിൽ റൂത്ത് ഈ ലോകത്തുനിന്ന് യാത്രയായത്. പൊരുതിപ്പൊരുതി നേടിയ ജീവനും ജീവിതവുമായിരുന്നു അവളുടേത്.
വാർദ്ധക്യത്തിൽ തന്റെ പ്രിയപ്പെട്ടവരോട് റൂത്ത് ചോദിക്കുമായിരുന്നത്രേ, ‘ലോകം വീണ്ടും പഴയപോലെയായി അല്ലേ’ എന്ന്.
റൂത്ത് എന്ന പെൺകുട്ടി ഓട്ടത്തിൽ ജയിച്ചവളാണ്. എന്നാൽ ആരുടെയൊക്കെയോ തീരുമാനങ്ങൾ കൊണ്ട്, നടക്കുന്നതിനുമുമ്പ് വീണുപോയ ഗാസയിലെയും യുക്രെയ്നിലെയും പിന്നെ പേ രറിയാത്ത പലയിടത്തുമുള്ള കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കാതെ ഈ എഴുത്ത് അവസാനിപ്പിക്കാൻ പറ്റില്ല.
