ഇന്ത്യക്കാരായിരിക്കുക എന്നതിന്റെ സങ്കീർണതകൾ

ഇന്ത്യ എന്ന ആശയത്തെയും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ദേശീയ സ്വഭാവത്തെക്കുറിച്ചും ഇന്ത്യ എന്ന രാഷ്ട്രീയ യാഥാർഥ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അതിവേഗമാർന്ന മാറ്റങ്ങളെക്കുറിച്ചും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ പ്രധാനപ്പെട്ട പുസ്തകങ്ങൾ ഈയടുത്ത്  പുറത്തിറങ്ങിയിട്ടുണ്ട്. ജനാധിപത്യ സംവാദങ്ങളെ സമ്പന്നമാക്കുന്ന നാല് പുസ്തകങ്ങളുടെ വായന.  

2023 ഇന്ത്യയെ സംബന്ധിച്ച് പ്രത്യേകതയുള്ള വർഷമാണ്. ഉത്തര കൊളോണിയൽ ഇന്ത്യാ ചരിത്രത്തിലെ പല സന്നിഗ്ദ്ധ ഘട്ടത്തിലും പാർശ്വങ്ങളിൽ നിന്നുയർന്നുകേട്ട ചോദ്യങ്ങളെ വംശീയ ദേശീയത ഏകകേന്ദ്രീതമായ രാഷ്ട്രസങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ നിർവചനകാംക്ഷയോടെ പുനരവതരിപ്പിച്ചുവെന്നതാണ് ആ പ്രത്യേകത.

എന്താണ് ഇന്ത്യ, ആരാണ് ഇന്ത്യക്കാർ?  എന്നതിനുള്ള തീർപ്പെന്നോണം  ഭരണഘടനയുടെ ആദ്യ നിബന്ധനയായ ഇന്ത്യ, അതായത് ഭാരതം, എന്ന വ്യവസ്ഥയെ സങ്കുചിത കാഴ്ചപ്പാടിൽ നിർവചിച്ച്, ഇന്ത്യക്ക് പകരമായി ഭാരതത്തെ  പ്രതിഷ്ഠിച്ച്, വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഇതിനു ഹേതുവായത്, ഒരുവേള, "ഇൻഡിയ" എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെട്ട, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ദേശീയ രാഷ്ട്രീയ മുന്നണിയുടെ രൂപീകരണമാണ്. ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് വലിയ ചർച്ചകൾക്കു തുടക്കമിട്ടാണ് 2023 കടന്നുപോകുന്നത്. ഇതു സംബന്ധിച്ച സംവാദങ്ങളും വിവാദങ്ങളും വരുന്ന വർഷങ്ങളിലേക്ക് പടരുക തന്നെ ചെയ്യും.

അമിത് ചൗധരി

വാസ്തവത്തിൽ, ഇന്ത്യ എന്ന ദേശനാമത്തെക്കുറിച്ചും ഇന്ത്യ ആശയത്തെകുറിച്ചുമുള്ള സംവാദങ്ങൾ അധിനിവേശവിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തും പിന്നീട് അധികാര കൈമാറ്റത്തിനുശേഷം ഭരണഘടനാ അസംബ്ലിയിലും റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നും ഉത്തര കൊളോണിയൽ കാലഘട്ടത്തിലും സജീവമായി തീപാറിയ സംവാദങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്.

മതന്യൂനപക്ഷങ്ങളുടെ, വിശിഷ്യാ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ന്യുനപക്ഷമായ മുസ്‍ലിം ജനതയുടെ അപരവൽക്കരണം അതിന്റെ പാരമ്യത്തിലാണ്.

ഇന്ത്യക്കാരായിരിക്കുക എന്നാൽ… 

ഇന്ത്യ എന്ന ആശയത്തെയും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ദേശീയ സ്വഭാവത്തെക്കുറിച്ചും ഇന്ത്യ എന്ന രാഷ്ട്രീയ യാഥാർഥ്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അതിവേഗമാർന്ന മാറ്റങ്ങളെക്കുറിച്ചും പ്രതിഫലിപ്പിക്കുകയും   ‘ഇന്ത്യ’യെ വിവിധ കോണിൽനിന്ന് നോക്കിക്കാണുകയും  വിമർശാത്മക സമീപനത്തോടെ വിശദീകരിക്കുകയും ചെയ്യുന്ന, അതേസമയം ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്ന ഒട്ടേറെ പ്രധാനപ്പെട്ട പുസ്തകങ്ങൾ  പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ ഏറ്റവും ഉൾക്കാഴ്ച നിറഞ്ഞതും മൗലികചിന്തയാൽ ശ്രദ്ധേയവുമായ ഒരു എഴുത്തായി അനുഭവപ്പെട്ടത് കവിയും നോവലിസ്റ്റും സംഗീതജ്ഞനുമായ അമിത് ചൗധരിയുടെ "ഓൺ ബീയിങ്ങ് ഇന്ത്യൻ" എന്ന രചനയാണ്. പേജുകളുടെ എണ്ണം കൊണ്ടു മാത്രം തീരെ ഭാരം കുറഞ്ഞതും എന്നാൽ ആശയത്തിന്റെ ഗഹനതയാൽ ആഴത്തിൽ ചിന്തിപ്പിക്കുന്നതുമായ, ഒരു  മോണോഗ്രാഫ് എന്നു വിളിക്കാവുന്ന പുസ്തകമാണിത്. 75 പേജ് മാത്രം വരുന്ന ഈ പ്രബന്ധം ഒറ്റയിരിപ്പിനു വായിക്കാവുന്നതാണെങ്കിലും ഇതിലെ മൗലികമായ നീരിക്ഷണങ്ങൾ പലകുറി വായനകൾക്ക് പ്രചോദിപ്പിക്കുന്നതാണ്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ അമിത് ചൗധരി 2020 -ൽ നടത്തിയ പ്രഭാഷണമാണ് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. (On Being Indian, 2023, Westland, Centre for the Creative and the Critical, Asoka University).

ആനന്ദ്

ഉത്തര കൊളോണിയൽ ഇന്ത്യയുടെ സ്വത്വ സ്വരൂപത്തെക്കുറിച്ച് വിഭിന്നമായ ആശയസ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ടുള്ള അനേകം വിചിന്തനങ്ങളുണ്ടായിട്ടുണ്ട്. എൺപതുകളുടെ ഒടുക്കത്തിലാണെന്നു തോന്നുന്നു, ആനന്ദ് "സ്വത്വത്തിന്റെ മാനങ്ങൾ" എന്നൊരു പ്രബന്ധം രചിച്ചത്. ഇന്ത്യയുടെ കേന്ദ്രീകൃത ഘടന പാർശ്വങ്ങളിൽ നിന്ന് വെല്ലുവിളിക്കപ്പെട്ടുക്കൊണ്ടിരുന്ന ഘട്ടമായിരുന്നു അത്. എന്നാൽ അക്കാലത്തുനിന്നൊക്കെ വ്യതിരിക്തമായി രാഷ്ട്രത്തിന് ഹൈന്ദവമതസ്വത്വപരമായ പ്രകടഭാവം നൽകിക്കൊണ്ടുള്ള അതികേന്ദ്രീകരണമാണ് ഇന്ന് ഇന്ത്യ എന്ന രാഷ്ട്രം അകപ്പെട്ടിരിക്കുന്ന അപകടസന്ധി. മതസ്വത്വപരമായ രാഷ്ട്രത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ വിവേചനത്തിലധിഷ്ഠിതമാണ്. മതന്യൂനപക്ഷങ്ങളുടെ, വിശിഷ്യാ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ന്യുനപക്ഷമായ മുസ്‍ലിം ജനതയുടെ അപരവൽക്കരണം അതിന്റെ പാരമ്യത്തിലാണ്. മുസ്‍ലിം ജനതയെ മധ്യകാലവുമായി സാത്മീകരിച്ച് വിവേചനപരമായ നിയമനിർമാണങ്ങൾ നടപ്പാക്കുന്നു; ഒപ്പം, ഏറ്റവും വംശീയമായ അതിക്രമസ്വഭാവത്തോടെയുള്ള "ബുൾഡോസർ" ഭരണനിർവഹണ മാതൃകകൾ ഇതിനൊക്കെ സാധൂകരണം നൽകുന്നു. ചരിത്ര പാഠപുസ്തകങ്ങളുടെ ഹിന്ദുത്വവൽക്കരണവും  ഉത്തരേന്ത്യയിലെ ഇസ്‍ലാമിക ചരിത്രത്തെ മായ്ച്ചുകളയുന്നതിന്റെ ഭാഗമായുള്ള സ്ഥലപ്പേരുകളുടെ പുനർനാമകരണവും ഈ വിവേചനപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.

ഷഹീൻ ബാഗ് ഒരു പ്രസ്ഥാനമായിരുന്നു. ഇന്ത്യയിൽ ദേശീയമായ ഒരു പ്രസ്ഥാനമാകണമെങ്കിൽ അത് വൈവിധ്യങ്ങളുടെ സമ്മേളനമായിരിക്കണം. 

ആധുനിക രാഷ്ട്രവും പൗരാണിക സംസ്കൃതിയുമായ ഇന്ത്യ എന്ന ദേശീയതയെക്കുറിച്ചുള്ള  ചരിത്രവിശദീകരണത്തിൽ വലിയൊരു ചരിത്രനിരാസമുണ്ട്. വ്യത്യസ്തതകളും സാംസ്കാരിക വൈജാത്യങ്ങളും നിരസിച്ചുകൊണ്ടല്ല ജനവിഭാഗങ്ങൾ രാഷ്ട്രരൂപീകരണത്തിനായുള്ള പൊതുധാരണയിലെത്തുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങൾ പൊതുവായ ആവശ്യങ്ങൾക്കായി പൊതുധാരണയോടെ ഒത്തുചേരുമ്പോഴാണ് രാഷ്ട്രം രൂപീകൃതമാകുന്നത്. അത് അനാദിയുമല്ല, ആത്യന്തികവുമല്ല. ഒരതിർത്തി നിശ്ചയിച്ചുവെച്ചതുകൊണ്ട്  രാഷ്ട്രമാവുകയില്ല. പ്രതിദിനം സംഗതമമാകുന്ന പൊതുധാരണയാണ് രാഷ്ട്രത്തെ രൂപപ്പെടുത്തുന്നത്. പ്രതിദിനം സംഗതമാകുന്ന ഈ പൊതുധാരണയ്ക്കുള്ള ആധാരമാണ് ഭരണഘടന. ‘വീ, ദ പീപ്ൾ’ എന്ന്  ഭരണഘടനയുടെ ആമുഖവാക്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് ഈ പൊതുധാരണയുടെ പ്രതിദിന സാംഗത്യമാണ്.  

2023 -ൽ മുസ്‍ലിം ജനവിഭാഗം കൂടുതൽ അധിവസിച്ച പ്രദേശങ്ങളിലെ കിടപ്പാടങ്ങളും  വ്യാപാരസ്ഥാപനങ്ങളും  ബുൾഡോസർ കയറ്റി നിരപ്പാക്കപ്പെട്ടു. Photo: Twitter / @ashoswai

ഇങ്ങനെയുള്ള പ്രതിദിന പൊതുധാരണയും / വിശ്വാസവും (trust) ഏറ്റവും ഭംഗിയായി പ്രകടിപ്പിക്കപ്പെട്ടതാണ് ഷഹീൻ ബാഗ് പ്രക്ഷോഭം. ചരിത്രപരമായി ഭാഗികവും ധാർമികമായി മനുവാദപരവുമായ സമഗ്രാധിപത്യ ഭരണവ്യഗ്രതകളെ അവധാനതയോടെയും സഹിഷ്ണുതയോടെയും മൂല്യബദ്ധമായും ചെറുത്തും പ്രതിദിന പൗരത്വത്തിന് ആധാരമേകുന്ന ഭരണഘടനയുടെ മൗലികതത്വങ്ങളെ അടിസ്ഥാനമാക്കിയും കാവ്യാത്മകമായ പ്രചോദനത്തോടെ ഇന്ത്യയുടെ വ്യത്യസ്തതകളുടെ അഴകിനെ സ്വച്ഛന്ദമായി പ്രകടിപ്പിച്ച് അരങ്ങേറിയതാണ് ഷഹീൻ ബാഗിലെ പ്രക്ഷോഭ പൊതുമ.  ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പാർലിമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നിർവചനപരമായി തന്നെ മുസ്‍ലിം ജനതയെ സംബന്ധിച്ച് വിവേചനപരമാണെന്ന രാഷ്ട്രീയ പ്രശ്നമുന്നയിച്ച്, പ്രസ്തുത നിയമം പിൻവലിക്കാനുള്ള ആഹ്വാനമാണ് ഷഹീൻ ബാഗ് പ്രസ്ഥാനം ഉയർത്തിയത്. ഷഹീൻ ബാഗ് ഒരു പ്രസ്ഥാനമായിരുന്നു. ഇന്ത്യയിൽ ദേശീയമായ ഒരു പ്രസ്ഥാനമാകണമെങ്കിൽ അത് വൈവിധ്യങ്ങളുടെ സമ്മേളനമായിരിക്കണം.  ഷഹീൻ ബാഗ് ദൽഹിയിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധയിടങ്ങളിൽ പ്രതിദിനമെന്നോണം അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അമിതകേന്ദ്രീകരണത്തിന്റേതായ സമയ- കാല മുരടിപ്പിനെതിരെ ഇന്ത്യയുടെ വ്യത്യസ്തതകളുടെ പ്രതിദിന ജീവിതം ഉയർത്തിയ ജൈവികമായ ചെറുത്തുനിൽപ് രാഷ്ട്രത്തെ ചലനാത്മകമാക്കി.

ദൈനദിനമെന്നതുകൊണ്ട് പ്രത്യേകമായി വിവക്ഷിക്കുന്നത് സാധാരണക്കാരിൽ സാധാരണക്കാരായ ഇന്ത്യയിലെ പൗരർ നടത്തിയ വ്യക്തിഗതവും ആത്മനിഷ്ഠപരവും നൈസർഗ്ഗികവുമായ ഇടപെടലിനെകൂടിയാണ്. ഏതോ പൗരാണികതയെക്കുറിച്ചു ഭേരിപറഞ്ഞും വർത്തമാന ജീവിതത്തെ ഈ നഷ്ട പൗരാണികയുടെ അഭ്യുത്ഥാനമായി കണ്ടും വംശീയ ദേശീയത പരിഭ്രമണം ചെയ്തുകൊണ്ടിരുന്ന സമകാലിക ജീവിതത്തിലെ അപരഹിംസക്കെതിരെ ഒറ്റപ്പെട്ടതെങ്കിലും ഏറെ വിലപ്പെട്ട പ്രതികരണങ്ങൾ ഏറെ ശ്രദ്ധ നേടുകയുണ്ടായിട്ടുണ്ട്. ചെറുത്തുനിൽപ്പിന്റെ സംഘചേതനയ്ക്ക് ഉയിരു നൽകിക്കൊണ്ടുള്ള ഈ  ഇടപെടലുകളിൽ  ഇന്ത്യക്കാർ ആയിരിക്കുക എന്നതിന്റെ പ്രക്രിയാപരമായ സജീവതയാണ് ദൃശ്യപ്പെടുന്നത്.  ഇങ്ങനെയുള്ള ഇടപെടലുകളിലെ ജൈവികതയും യുക്തിയുമെന്താണെന്നാണ് അമിത് ചൗധരി അന്വേഷിക്കുന്നത്.

അമിതകേന്ദ്രീകരണത്തിന്റേതായ സമയ- കാല മുരടിപ്പിനെതിരെ ഇന്ത്യയുടെ വ്യത്യസ്തതകളുടെ പ്രതിദിന ജീവിതം ഉയർത്തിയ ജൈവികമായ ചെറുത്തുനിൽപായിരുന്നു ഷഹീൻ ബാഗിലുണ്ടായത്.

ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റും കവിയും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ അമിത് ചൗധരി ഗ്രാംഷിയുടെ ജൈവബുദ്ധിജീവി സങ്കല്പനത്തിന് പുതിയൊരു അർത്ഥതലം തന്നെ നൽകുന്നുണ്ട്, Being Indian എന്ന രചനയിൽ. ലിറ്റററി ആക്ടിവിസം എന്ന പ്രോജക്ടിന്റെ തുടർച്ചയാണ് ഈ പ്രബന്ധം. സാമ്പ്രദായിക അർത്ഥത്തിലുള്ള ലിറ്റററി ആക്ടിവിസമല്ല അമിത് ചൗധരി ഉദ്ദേശിക്കുന്നത്. അക്കാദമിക് സാധൂകരണത്തിനും വിപണി മൂല്യത്തിനും പുറത്ത് സാഹിത്യരചനയെ സാധ്യമാക്കുകയാണ് ലിറ്റററി ആക്ടിവിസം ഉദ്ദേശ്യം വെയ്ക്കുന്നത്. സാമൂഹ്യശാസ്ത്രത്തിലേക്ക് വിലയം പ്രാപിച്ചിരിക്കുന്ന മാനവികവിജ്ഞാനത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യവും കൂടി ഇതിനുണ്ട്. 

കൊൽക്കത്തയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരരംഗത്തിറങ്ങിയ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരെ അമിത് ചൗധരി പരിചയപ്പെടുത്തുന്നു. അവരുടെ ജൈവികമായ പ്രതികരണത്തിന്റെ വ്യതിരിക്തതയാണ് പുതിയ സത്താവിഷ്കാരമായി മാറുന്നത്.

2018 -19 കാലത്ത് പാരീസിൽ താമസിക്കവെയാണ് മകളുടെ ഡിസ്സെർട്ടേഷനിൽ ആദ്യമായി ഗ്രാംഷിയുടെ 'ജൈവ ബുദ്ധിജീവി’ എന്ന പ്രയോഗം അമിത് ചൗധരി കാണുന്നത്. മകൾ നൽകിയ ഉത്തരത്തിൽ അമിത് ചൗധരി സംതൃപ്തനായില്ല. ജൈവബുദ്ധിജീവി സമകാലിക ഇന്ത്യയുടെ സന്ദർഭത്തിൽ എന്ത് പുത്തനർത്ഥമാണ് സാധ്യമാക്കുകതെന്നാണ് അമിത് ചൗധരി വിശദീകരിക്കുന്നത്. പുത്തനൊരു അർത്ഥം സാധ്യമാക്കുവാനായി ഗ്രാംഷിയുടെ സങ്കൽപനത്തെ മിസ് റീഡ് ചെയ്യുകയാണ് അമിത് ചൗധരി. 

2019-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ചെറുത്തുനിൽപ് സമരമാണ് ഈ പ്രബന്ധത്തിലെ കാലിക പരിസരം. 2019 മെയ് മുതൽക്ക്  ഗ്രാംഷിയുടെ ‘ജൈവബുദ്ധിജീവി’ എന്ന സങ്കല്പനം അമിത് ചൗധരിയുടെ മനസ്സിൽ ആന്ദോളനം സൃഷ്ടിക്കാൻ തുടങ്ങി. 2019 -ൽ എൻ ഡി എ സർക്കാർ മുതലാഖ് ബിൽ പാസാക്കി. തുടർന്ന് കശ്മീരുമായി ബന്ധപ്പെട്ട 370ാം വകുപ്പ് റദ്ദാക്കി. പൗരത്വ ഭേദഗതി നിയമവും മുതലാഖ് ബില്ലും മുസ്‍ലിം വിരുദ്ധമായ കലുഷിതാന്തരീക്ഷം സൃഷ്ടിച്ചു.

രാജ്യത്ത് നിലനിൽക്കുന്ന സാമൂഹ്യാന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു,  ഭക്ഷണം ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് സൊമാറ്റോയിൽ ഒരാൾ പ്രകടിപ്പിച്ച അഭിപ്രായം. ഇയാളുടെ ട്വീറ്റ് വീണ്ടും ട്വീറ്റ് ചെയ്ത് സൊമാറ്റോ ഇങ്ങനെ രേഖപ്പെടുത്തി: 'ഭക്ഷണത്തിന് ഒരു മതമില്ല. ഭക്ഷണം തന്നെ മതമാണ്."

രാജ്യത്ത് നിലനിൽക്കുന്ന സാമൂഹ്യാന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു,  ഭക്ഷണം ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് സൊമാറ്റോയിൽ ഒരാൾ പ്രകടിപ്പിച്ച അഭിപ്രായം. അമിത് ചൗധരി ആ സന്ദേശം ഉദ്ധരിക്കുന്നുണ്ട്. സന്ദേശം ഇപ്രകാരമായിരുന്നു: "ഓർഡർ ഇപ്പോൾ തന്നെ കാൻസൽ ചെയ്തിരിക്കുന്നു. അവർ ഒരു അഹിന്ദുവിനെയാണ് ഭക്ഷണം ഡെലിവറി ചെയ്യാനായി ഏൽപ്പിച്ചിരിക്കുന്നത്. ഹിന്ദുവിനെ വേണമെന്നാവശ്യപ്പെട്ടുവെങ്കിലും മാറ്റിത്തരാൻ നിർവാഹമില്ലെന്നു അവർ പറഞ്ഞു. ഭക്ഷണം സ്വീകരിക്കാൻ നിർബന്ധിക്കാൻ അവർക്ക് പറ്റുകയില്ല. റീ ഫണ്ട് വേണ്ടയെന്നും ഓർഡർ കാൻസൽ ചെയ്യാനും ആവശ്യപ്പെട്ടു".
ജബൽപുരിൽ നിന്നുള്ള അമിത് ശുക്ലയാണ് ഓർഡർ റദ്ദാക്കിയത്. ഇയാളുടെ ട്വീറ്റ് വീണ്ടും ട്വീറ്റ് ചെയ്ത് സൊമാറ്റോ ഇങ്ങനെ രേഖപ്പെടുത്തി: 'ഭക്ഷണത്തിന് ഒരു മതമില്ല. ഭക്ഷണം തന്നെ മതമാണ്."
അമിത് ചൗധരി പറയുന്നത്, "ഭക്ഷണത്തിന് മതമില്ല" എന്ന സഹജമായ നൈസർഗിക പ്രതികരണം യൂറോപ്പിന്റേയോ ഭരണഘടന വിവക്ഷിക്കുന്നതോ ആയ മതേതരത്വം എന്ന സങ്കൽപനത്തിൽപ്പെടുന്നതല്ല എന്നാണ്. അമിത് ചൗധരി പറയുന്നു:  "Zomato's tweet -its phrasing- is more akin to a form of poetic, mystical dissent which suggests that sacred is never settled." ഭക്ഷണത്തിന് ഒരു മതമില്ല എന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ സെക്യുലർ സങ്കൽപനത്തിൽ ഒതുങ്ങുമായിരുന്നു. ഭക്ഷണം തന്നെ മതമാണെന്നു പറയുക വഴി പുത്തൻ ബോധോദയമാണ് സൃഷ്ടിക്കുന്നത്. സൊമാറ്റോവിന്റെ സഹസ്ഥാപകൻ, ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിക്കുന്ന മറ്റൊരു ട്വീറ്റ് ചെയ്തു. അതേസമയം, തങ്ങളുടെ മൂല്യവുമായി ഇടയുന്ന ഒരു ബിസിനസും വേണ്ട എന്നും അയാൾ രേഖപ്പെടുത്തുന്നു. വിപണിയുടെ വാഗ്ദ്ധോരണികളിൽ  നിന്ന് വ്യത്യസ്തമായി, മാനവികമായ മൂല്യത്തെ ത്യജിച്ച് ബിസിനസ് വേണ്ട എന്നു പറയുന്നത് ബിസിനസ്സിനു തന്നെ പുതിയ മാതൃക നൽകുകയാണ്. ഭക്ഷണം മതപരമായ വിവേചനത്തിന് കാരണമാക്കപ്പെടുന്ന സന്ധിയിൽ, ഭക്ഷണം തന്നെ ഒരു മതമാണെന്ന വിമതബോധം സൃഷ്ടിച്ച സോമറ്റോയിലെ വ്യക്തിയെ ജൈവബുദ്ധിജീവി എന്നു വിളിക്കാനാകുമോ എന്നാണ് അമിത് ചൗധരി ഉന്നയിക്കുന്ന ചോദ്യം 

സാകേത് ഗോഖലെ

സാകേത് ഗോഖലെ എന്ന വ്യക്തിയെക്കുറിച്ചും അമിത് ചൗധരി പറയുന്നുണ്ട്. അമിത് ഷാ സ്ഥിരമായി ഉന്നയിക്കാറുള്ള ‘തുക്ടെ തുക്ടെ ഗാങ്ങി’ന്റെ യഥാർത്ഥ വസ്തുത അന്വേഷിച്ച് ഗൃഹമന്ത്രാലയത്തിലേക്ക് ആർ റ്റി ഐ പ്രകാരം ഉത്തരം തേടിയ വ്യക്തിയാണ് സാകേത് ഗോഖലെ. മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു യാതൊരു വിവരവുമില്ല എന്നാണ് ഉത്തരമായി ലഭിക്കുന്നത്. ഇതിനെ തുടർന്ന് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തത്,  'തുക്ടെ തുക്ടെ ഗ്യാങ് എന്നൊന്നില്ല. അമിത് ഷായുടെ ഭാവനയിൽ മാത്രമാണ് ഇത്തരമൊരു ഗ്യാങ് ഉള്ളത്’ എന്നാണ്. അമിത് ചൗധരി ഈ പ്രതികരണത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: " The convergence of aphorism, surrealism and logical thinking- the thukde thukde gang cannot exist if it has no members; therefore it must be a figment of the imagination-became a mark of intervention by the organic intellectual in this period." എന്തുകൊണ്ടാണ് സാകേത് ഗോഖലെയെ ജൈവ ബുദ്ധിജീവി എന്നു വിളിക്കുന്നത്? അമിത് ചൗധരി പറയുന്നു: സാകേത് ഗോഖലെയെ ജൈവബുദ്ധിജീവി എന്നു വിളിക്കുന്നത് അയാൾ രാഷ്ട്രത്തിന്റെ അനേകം മറഞ്ഞിരിക്കുന്ന (ധൈഷണിക) വംശപരമ്പരയിൽപ്പെട്ട വ്യക്തിയാണ് എന്നതുകൊണ്ടാണ്. ഈ വ്യക്തികളും വ്യക്തിത്വങ്ങളുമാണ് യഥാർത്ഥത്തിലുള്ള സജീവമായ മുഖ്യധാര. അധികാരവുമായി ബന്ധപ്പെട്ട ‘പൗര പ്രമുഖരെ’യാണ് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ അധികാരികൾ  മുഖ്യധാര എന്നു തെറ്റായി വിശേഷിപ്പിക്കുന്നത്.

അർണാബ് ഗോസ്വാമിയെ ഫ്ലൈറ്റിൽവെച്ച് ചോദ്യം ചെയ്തതിന് പ്രസിദ്ധ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കാമറയെ വിമാന സഞ്ചാരത്തിൽ നിന്ന് വിലക്കിയിരുന്നു. ഈ വിലക്ക് ചോദ്യം ചെയ്തത് ഫ്ലൈറ്റിന്റെ പൈലറ്റ് തന്നെയാണ്. വിലക്കിന്റെ യുക്തിഭദ്രഭാഷയെ തന്നെ ചോദ്യം ചെയ്ത് വ്യവസ്ഥയുടെ അതേ യുക്തി കൊണ്ട് തിരുത്തുകയാണ് പൈലറ്റ് ചെയ്തത്. തടസ്സപ്പെടുത്തുന്ന യാത്രികൻ ആരാണെന്നതിന്റെ വസ്തുത വിവരിച്ചുകൊണ്ടാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്തത്.

‘തുക്ടെ തുക്ടെ ഗാങ്ങി’ന്റെ യഥാർത്ഥ വസ്തുത അന്വേഷിച്ച് ഗൃഹമന്ത്രാലയത്തിലേക്ക് ആർ റ്റി ഐ പ്രകാരം ഉത്തരം തേടിയ സാകേത് ഗോഖലെക്ക് ലഭിച്ച മറുപടി. ഇതു സംബന്ധിച്ചു യാതൊരു വിവരവുമില്ല എന്നാണ് മറുപടിയിൽ പറയുന്നത്.

മറ്റൊരുദാഹരണമായി അവതരിപ്പിക്കുന്നത്, 370ാം വകുപ്പ് പിൻവലിച്ചതിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് ജോലിയിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥനെയാണ്. ഇവരെ  ജൈവബുദ്ധിജീവികളായി വിവരിക്കുന്നത് എന്തുകൊണ്ടെന്ന്  അമിത് ചൗധരി വിശദീകരിക്കുന്നുണ്ട്. അധികാരത്തിന്റെ ദുരുപയോഗങ്ങളെ പുത്തനൊരു ഭാഷയാൽ ചോദ്യം ചെയ്യുന്നവരാണ് ഇവർ. ഈ ഭാഷ പരമ്പരാഗത ബുദ്ധിജീവികൾക്കും ആക്ടിവിസ്റ്റുകൾക്കും ലഭ്യമല്ല. സിസ്റ്റത്തിന്റെ യുക്തിയെ ഭേദിക്കാനും മറികടക്കാനുമുള്ള ഒരു ഭാഷയാണ് ഇവർ വശംവദമാക്കിയിരിക്കുന്നത്. 

കൊൽക്കത്തയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരരംഗത്തിറങ്ങിയ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരെ അമിത് ചൗധരി പരിചയപ്പെടുത്തുന്നു. അവരുടെ ജൈവികമായ പ്രതികരണത്തിന്റെ വ്യതിരിക്തതയാണ് പുതിയ സത്താവിഷ്കാരമായി മാറുന്നത്. ഈ ജൈവികതക്ക് മതവും  പാരമ്പര്യവും ഉന്മേഷം നൽകുന്നു. അപരവിദ്വേഷത്തിനും സങ്കുചിതമായ ദേശസ്നേഹത്തിനുമെതിരെ മതപരമായ ധാർമികത പുതിയ കരുത്തു പകരുകയാണ്. ഷഹീൻ ബാഗിൽ നിന്ന് ആവേശം കൊണ്ട പ്രക്ഷോഭങ്ങളിൽ ഇത് വ്യക്തമായിരുന്നു. പഴയ സെക്യുലർ പദാവലികൾ മുദ്രാവാക്യമാക്കാതെ പ്രതിഷേധങ്ങളിൽ ഉയർന്നുകേട്ട ദൈവനാമം പുത്തനുണർവ് നൽകുകയുണ്ടായി. ഇത് സ്നേഹത്തിന്റെയും തന്മയത്വത്തിന്റെയും ഭാഷയായി മാറുകയായിരുന്നു. പാശ്ചാത്യമല്ലാത്ത യുക്തിപരമായ ഇടപെടലിനുള്ള സാധ്യതയാണ് ഷഹീൻ ബാഗ് പ്രക്ഷോഭം ഉയർത്തിയത്.

അർണാബ് ഗോസ്വാമിയെ ഫ്ലൈറ്റിൽവെച്ച് ചോദ്യം ചെയ്തതിന് പ്രസിദ്ധ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കാമറയെ വിമാന സഞ്ചാരത്തിൽ നിന്ന് വിലക്കിയിരുന്നു

കബീറിന്റെ ദോഹകളെ ഇത് ഓർമിപ്പിച്ചു. ഫെയ്‌സ് അഹമ്മദ് ഫൈസിന്റെ കവിതകൾ അധികാരത്തിനെതിരെ പുതിയ സമരോൽസുകത സൃഷ്ടിച്ചു. ഉറുദുവിൽ നിന്നുമുള്ള ഒരു പദം -ഇൻസാനിയത്- പ്രക്ഷോഭത്തിന്റെ അന്തഃസത്തയെ പുതിയ വിതാനങ്ങളിലേക്കുയർത്തി. ഫയസ് അഹ്‌മദ് ഫായിസിന്റെ ‘ഹം ദെകെങ്കേ’ കവിത വികാരത്തെ വൃണപ്പെടുത്തുന്നു എന്ന ഐ ഐ റ്റി പ്രഫസറുടെ പരാതിയെ നേരിട്ടത് ഉർദു കവിതകളുടെ ആസ്വാദകനായ ഒരു എൻജിനീയറാണ്. ഉത്തരവാദിത്തബോധമുള്ള സാഹിത്യ വിമർശകനെ പോലെ കവിത അസാഹിത്യമായി വായിക്കുന്നതിനെതിരെയാണ് അയാൾ പ്രതികരിച്ചത്. സാധാരണ മനുഷ്യരാണ് പ്രക്ഷോഭത്തിന്റെ ഓരോ സങ്കീർണനിമിഷങ്ങളിൽ പുത്തൻ ഉൾക്കാഴ്ചകളുമായി രംഗപ്രവേശം ചെയ്തിരുന്നത്.

മുസ്‍ലിം ജനതയെ മധ്യകാലവുമായി സാത്മീകരിച്ച് വിവേചനപരമായ നിയമനിർമാണങ്ങൾ നടപ്പാക്കുന്നു; ഒപ്പം, ഏറ്റവും വംശീയമായ അതിക്രമസ്വഭാവത്തോടെയുള്ള "ബുൾഡോസർ" ഭരണനിർവഹണ മാതൃകകൾ ഇതിനൊക്കെ സാധൂകരണം നൽകുന്നു.

ദുര ബാധിച്ച അധികാരത്തിനെതിരെ വ്യക്തികൾ കടന്നുവന്നത് ജൈവികമായ പ്രതികരണശേഷികൊണ്ട് ചെറുത്തുനിൽപ്പിന്റെ പുതുപാതകളെ ഒരുക്കിക്കൊണ്ടാണ്. ഇവരെ നേരിടുക അധികാരത്തിന് അത്ര തന്നെ എളുപ്പമായ പണിയല്ല. സാമ്പ്രദായിക രീതികളെ ഇവർ പിന്തുടരുന്നില്ല എന്നതുതന്നെ പ്രധാനം. ഒരു ഇന്ത്യക്കാരനായിത്തീരുക എന്നാൽ ഈയൊരു ജൈവികമായ സത്താവിഷ്‌ക്കരണമാവുകയാണ്. സാമൂഹ്യശാസ്ത്രത്തിന്റെ യുക്തിക്ക് വഴങ്ങുന്നതല്ല ഈ പ്രതികരണങ്ങൾ. ഈ ജൈവികതയ്ക്ക് നിദാനമാകുന്നത് അവരുടെ തന്നെയുള്ളിലെ അഗാധമായ അനുഭവ സ്രോതസ്സുകളാണ്. ഈ അനുഭവ സ്രോതസ്സുകളാകട്ടെ ഇന്ത്യയുടെ ചിന്താചരിത്രത്തിൽ നിന്ന് ഊർജം സംഭരിക്കുന്നതുമാണ്.  സി എ എ വിരുദ്ധ പ്രക്ഷോഭം ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യത എന്ന നിലയിൽ മാത്രമല്ല, സാർവത്രികമായ പരിവർത്തനത്തിനും ജനാധിപത്യത്തിന്റെ ആവശ്യങ്ങൾക്കുമായി രാജ്യത്തിന്റെ ദീർഘകാല ചിന്താചരിത്രം ഉപയോഗിക്കാനുള്ള സാധ്യതയുടെ തെളിവായി മാറുകയായിരുന്നു. അതും സ്വാതന്ത്ര്യ സമര കാലത്തുപോലും കണ്ടിട്ടില്ലാത്ത വിധത്തിൽ തന്നെ. 

കണ്ണൻ ഗോപിനാഥന്‍

മുസ്‍ലിമായിരിക്കുക എന്നാൽ…

ഇന്ത്യക്കാരനായിരിക്കുക എന്ന പ്രയോഗം ഒരു പ്രക്ഷോഭത്തിന്റെ മുഹൂർത്തത്തിൽ, ഏറെ സവിശേഷമായിരിക്കെ തന്നെ, കുറച്ചു വർഷങ്ങളായി ഇന്ത്യനായിരിക്കുക എന്നതിൽ നിന്ന് മുസ്‍ലിമായിരിക്കുക എന്നത് വിഘടിപ്പിക്കപ്പെട്ടു പോകുന്നത് അപരവിദ്വേഷമില്ലാത്ത ആർക്കും അനുഭവപ്പെടും. 2023 -ൽ മുസ്‍ലിം ജനവിഭാഗം കൂടുതൽ അധിവസിച്ച പ്രദേശങ്ങളിലെ കിടപ്പാടങ്ങളും  വ്യാപാരസ്ഥാപനങ്ങളും  ബുൾഡോസർ കയറ്റി നിരപ്പാക്കപ്പെട്ടു. ഉത്തര കൊളോണിയൽ ഇന്ത്യാ ചരിത്രത്തിൽ മത ന്യൂനപക്ഷമായ മുസ്‍ലിം ജനവിഭാഗം ഇത്രമേൽ നിരാലംബരാക്കപ്പെട്ട ഒരു ഘട്ടമില്ല. പ്രസിദ്ധ പത്രപ്രവർത്തകൻ സിയാ ഉസ് സലാമിന്റെ 2023 നവംബറിൽ പുറത്തിറങ്ങിയ ലേഖനസമാഹാരമായ "Being Muslim in Hindu India" (2023, Harper Collins Publishers India)  ഉത്തരേന്ത്യയിലെ മുസ്‍ലിം ജീവിതത്തിന്റെ പരിതാപകരമായ അവസ്ഥയുടെ യാഥാർഥ്യം വിശകലനം ചെയ്യുന്നു. ആറു ഖണ്ഡങ്ങളിലായാണ് ഇതിലെ ലേഖനങ്ങൾ സമാഹരിച്ചിട്ടുള്ളത്. ഓരോ ഭാഗങ്ങളുടെയും തലവാചകം തന്നെ ഇന്ത്യയിലെ മുസ്‍ലിം യാഥാർഥ്യത്തെ ഒപ്പിയെടുത്തിരിക്കുന്നു. രാഷ്ട്രീയ പ്രാന്തവൽക്കരണം, മധ്യകാല ചരിത്രത്തെ ചവറാക്കൽ, ഓരോ മുസ്‍ലിമിനെയെങ്കിലും ഓരോ ദിവസവും കൊല്ലുക, പള്ളികൾക്കു നേരെയുള്ള ക്രോധം, പ്രണയം, ജമാത്, ഹിജാബ്, ദൃഷ്ടിയിൽപ്പെടലും അതിനപ്പുറവും, സ്വന്തം ശബ്ദത്തെ കണ്ടെത്തുക എന്നിങ്ങനെയുള്ള അധ്യായങ്ങളിലൂടെ മുസ്‍ലിം അരക്ഷിതാവസ്ഥയുടെ നേർചിത്രമാണ് സിയാ ഉസ് സലാം പകർത്തുന്നത്. 

സിയാ ഉസ് സലാം പറയുന്നു: "ഈ ദശാബ്ദത്തിന്റെ നല്ല ഭാഗങ്ങളിലെല്ലാം മുസ്‌ലിംകളുടെ  ബോധപൂർവമായ പാർശ്വവൽക്കരണം നടന്നുകൊണ്ടിരിക്കുന്നു. പൊതുജീവിതത്തിലെ അവരുടെ സാന്നിധ്യം തുടച്ചുനീക്കുന്നതിന്റെ റിഹേഴ്സലായിരുന്നു ഇത്.  ഏറ്റവും വലിയ ന്യൂനപക്ഷത്തെ അദൃശ്യമാക്കുക എന്നതായിരുന്നു ആശയം: പുരുഷന്മാർക്ക് പരസ്യമായി പ്രാർത്ഥിക്കാൻ കഴിയില്ല, സ്‌കൂളിലും കോളേജിലും ഹിജാബ് ധരിച്ച സ്ത്രീകളെ കാണാൻ കഴിയില്ല; പള്ളിയിൽ നിന്ന് ഉച്ചഭാഷിണികളിൽ വാങ്ക് നൽകാൻ കഴിയില്ല, ഹൈന്ദവ സമൂഹത്തിന്റെ പുണ്യദിനങ്ങളിൽ ഇറച്ചിക്കടകൾക്ക്  അവരുടെ സാധനങ്ങൾ വിൽക്കാൻ കഴിയില്ല. വിദ്വേഷത്തിന്റെ അന്തരീക്ഷം പടരുന്നു. ഹിന്ദു ഇന്ത്യയായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന്മേൽ ഭയത്തിന്റെ കാറ്റ് വീശികഴിഞ്ഞിരിക്കുന്നു."

സിയാ ഉസ് സലാം

കൃതകൃത്യതയോടെ നിർവഹിക്കപ്പെടുന്ന മുസ്‍ലിം അദൃശ്യവൽക്കരണത്തിന്റെ കണക്കുകൾ നൽകുന്നുണ്ട്,  സിയാ ഉസ് സലാം തന്റെ ലേഖനങ്ങളിൽ.  2009 -ൽ മുസ്‍ലികളായ എം.പിമാരുടെ എണ്ണം 30 പേരായിരുന്നു. 2014 -ൽ 22 ആയി ചുരുങ്ങി. 14 ശതമാനം  വരുന്ന മുസ്‍ലിം ജനസംഖ്യയെ പ്രതിനിധാനം ചെയ്യുന്നത് വെറും 4 ശതമാനം പാർലമെന്റ് അംഗങ്ങൾ. ജൂലായ് 22 ന് ഇന്ത്യാ ചരിത്രത്തിലാദ്യമായി ഒരു മുസ്‍ലിം മന്ത്രി പോലുമില്ലാത്ത മന്ത്രിസഭയായി മാറി, നരേന്ദ്ര മോദിയുടേത്. ഹിന്ദുത്വ മുന്നേറ്റത്തിൽ മുസ്‍ലിംകൾക്ക് തിരഞ്ഞെടുപ്പ് ജയിക്കുക എന്നതു തന്നെ പ്രായോഗികമായി ദുഷ്ക്കരമായി. മുസ്‍ലിം ജനവിഭാഗം വൈകാതെ തന്നെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ അദൃശ്യവൽക്കരിക്കപ്പെടും. അദൃശ്യവൽക്കരണം മാത്രമല്ല, മുസ്‍ലിം എന്ന് കാഴ്ചയിൽ തോന്നിപ്പിക്കുന്നതുതന്നെ ഒരു കുറ്റകൃത്യമാവുകയും ഇന്ത്യൻ തെരുവുകളിൽ മുസ്‍ലിം ജീവന് യാതൊരു സുരക്ഷയുമില്ല എന്നവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതായും സിയാ ഉസ് സലാം പറയുന്നു: "മുസ്‍ലിം എന്ന നിലയിൽ തകർക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. ഫാഷിസം വന്നുകഴിഞ്ഞിരിക്കുന്നു.’’

ഗാന്ധിവധത്തിനുശേഷം ഉത്തര കൊളോണിയൽ രാജ്യം സെക്യുലറിസം ഭരണകൂട ആശയശാസ്ത്രമായി സ്വീകരിച്ചതോടെ രാഷ്ട്രീയ പരിവർത്തനങ്ങളിൽ സംഭവിച്ച പ്രധാന കാര്യം, മുസ്‍ലിം സംവരണ മണ്ഡലങ്ങൾ ഇല്ലാതെയാവുക എന്നതായിരുന്നു

ഇന്ത്യൻ മതേതരത്വവും
മുസ്‍ലിം പ്രതിനിധാനവും

സിയാ ഉസ് സലാമിന്റെ വിമർശനാത്മക വിവരണം "Hurt Sentiments. Secularism and Belonging in South Asia" എന്ന പുസ്തകത്തിലേക്കാണ് (2023, Harvard University Press) നയിക്കുക. നീതി നായരുടെ ഈ അക്കാദമിക് രചന ഹിന്ദു ഭൂരിപക്ഷാത്മകത മതവികാരം വൃണപ്പെടലിനെ ആയുധവൽക്കരിച്ചവിധം തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. ഈ പുസ്തകം തുടങ്ങുന്നതു തന്നെ ഉത്തരകൊളോണിയൽ ഇന്ത്യാ ചരിത്രത്തിന്റെ ഏറ്റവും പ്രധാന മുഹൂർത്തമായ ഗാന്ധി വധത്തിന്റെ പ്രതിപാദനത്തോടെയാണ്.  വിശദവായന അർഹിക്കുന്നു ഈ പുസ്തകം. ആദ്യ അധ്യായമായ ഗാന്ധി വധത്തെക്കുറിച്ചുള്ള പ്രതിപാദനം അവസാനിക്കുന്നത് ഇന്ത്യൻ മതേതരത്വത്തിന്റെ ദ്വിമുഖ സ്വഭാവത്തെ വിവരിച്ചാണ്. ഗാന്ധി വധത്തിനുശേഷം ഉത്തര കൊളോണിയൽ രാജ്യം സെക്യുലറിസം ഭരണകൂട ആശയശാസ്ത്രമായി സ്വീകരിച്ചതോടെ രാഷ്ട്രീയ പരിവർത്തനങ്ങളിൽ സംഭവിച്ച പ്രധാന കാര്യം, മുസ്‍ലിം സംവരണ മണ്ഡലങ്ങൾ ഇല്ലാതെയാവുക എന്നതായിരുന്നു. "മുസ്‍ലിം പ്രീണനം" എന്ന പൊതു വലതുപക്ഷ ആരോപണത്തേക്കാൾ "മുസ്‍ലിം ജനവിഭാഗത്തെ കൈയൊഴിയലാണ് (abandonment)  ഇന്ത്യൻ മതേതരത്വത്തിന്റെ സാരാംശത്തെ  കൂടുതൽ പ്രതിഫലിപ്പിക്കുന്നത്’ എന്നാണ് നീതി നായർ പറയുന്നത്.

നീതി നായര്‍ / Photo: ullekhnp.com

പക്ഷെ നെഹ്‌റു തന്റെ മതേതരത്വത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചത് പൊതുതിരഞ്ഞെടുപ്പിന്റെ അവസരത്തിൽ പൊതുമണ്ഡലങ്ങളിൽ കൂടുതൽ മുസ്‍ലിംകളെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി ബോർഡിനെ പ്രേരിപ്പിച്ചുകൊണ്ടാണ്. പ്രധാനമന്ത്രി നെഹ്‌റു പാർലമെന്റിലെ മുസ്‍ലിം സംവരണ സീറ്റുകൾ നിഷേധിക്കുന്നത് സന്തുലിതമാക്കാൻ ശ്രമിച്ചു. എന്നിരുന്നാലും, അത് പ്രതീകാത്മകമായ ഒരു മൂല്യം മാത്രമായി നിലനിന്നു. 2019ൽ നടന്ന 17ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം പ്രാതിനിധ്യം മൊത്തം സീറ്റുകളുടെ 4.3 ശതമാനത്തിൽ- ആകെയുള്ള 543 സീറ്റിൽ 23 - എത്തിയിരിക്കുന്നു. ഈ അളവുകോൽ കൊണ്ട് അളന്നാൽ ഇന്ത്യൻ മതേതരത്വം എന്ന ഭരണകൂട പ്രത്യയശാസ്ത്രം സ്വന്തം പ്രതീക്ഷയ്‌ക്ക് താഴെയായാണ് നിൽക്കുന്നത് എന്ന് നീതി നായർ നീരിക്ഷിക്കുന്നു. എങ്കിലും നീതി നായരുടെ വീക്ഷണത്തിൽ നെഹ്‌റു, മുസ്‍ലിം ജനവിഭാഗത്തെ പ്രീണിപ്പിക്കാതെയും കൈയൊഴിയാതെയുമുള്ള ആദർശാത്മക മതേതരത്വത്തിനായി നിലകൊണ്ടു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷ നൽകുന്ന സെക്യുലർ നൈതികയാണ് നെഹ്‌റു പ്രമാണമാക്കിയത്. പക്ഷെ ഇന്നത്തെ ഹിന്ദുത്വ ഭരണകൂടം നെഹ്റുവിനെയാണ് കശ്മീരിന്റെ കാര്യത്തിലും ന്യൂനപക്ഷ പ്രീണനത്തിന്റെ കാര്യത്തിലും കുറ്റാരോപിതനാക്കുന്നത്.  

ജനാധിപത്യപരമായ
ജീവിതത്തെക്കുറിച്ച്…

സിയാ ഉസ് സലാമും നീതി നായരും ഉയർത്തുന്ന ചോദ്യങ്ങളും അവരുടെ കണ്ടെത്തലുകളും ഇന്ത്യൻ ജനാധിപത്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന ഗൗരവപ്പെട്ട പ്രശ്നത്തിലേക്കാണ് നയിക്കുന്നത്. പ്രതിനിധാന ജനാധിപത്യം എന്ന രാഷ്ട്രീയ മാതൃകയ്ക്കു മാത്രമല്ല സാമൂഹ്യ ജനാധിപത്യത്തിനും അപഭ്രംശം  സംഭവിച്ചിരിക്കുന്നു. അംബേദ്കർ സാമൂഹ്യ ജനാധിപത്യവത്കരണത്തിനാണ് പ്രാധാന്യം നൽകിയത്. സാമൂഹ്യ ജനാധിപത്യ സങ്കൽപനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള അംബേദ്കറുടെ തത്വചിന്താപരമായ അന്വേഷണമാണ് സുന്ദർ സാരുക്കായിയുടെ "Social Life of Democracy" എന്ന പുസ്തകം (seagull books, 2022).
സാരുക്കായി നിർദേശിക്കുന്ന പ്രകാരം നമ്മൾ ചോദിക്കേണ്ട അടിസ്ഥാന ചോദ്യം, രാഷ്ട്രങ്ങൾക്ക് ജനാധിപത്യ ഭരണം ഉണ്ടോ എന്നല്ല, മറിച്ച് ജനാധിപത്യപരമായ ജീവിതം എന്താണ് എന്നതാണ്. ജനാധിപത്യ ജീവിതം നയിക്കുന്നതിലുള്ള ശ്രദ്ധയുടെ കേന്ദ്രീകരണം, ജനാധിപത്യത്തെക്കുറിച്ചുള്ള വ്യത്യസ്ത സങ്കൽപ്പങ്ങൾ ഉയർത്തുന്ന ഏത് മൂല്യവും സംരക്ഷിക്കാൻ കെല്പുള്ളതാക്കുന്നു. ജനാധിപത്യം ഒരു ജീവലോകമാണ്, അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ജീവിതാനുഭവത്തിന്റെ ഭാഗമായിരിക്കണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിനുള്ള ഏക ഉറപ്പ് ഇതു മാത്രമാണ്. 

സുന്ദർ സാരുക്കായി / Photo: mcpharchive.wordpress.com

രാഷ്ട്രീയം വൃത്തിഹീന പ്രവൃത്തികളുടെ (unhygienic) ഭൂമികയായും അഭിവൃദ്ധിയുടെ രാഷ്ട്രീയം അഴിമതിയുടെയും സ്വത്തുസമ്പാദനത്തിന്റെയും മുതലാളിത്തത്തിന്റെയും ഒക്കചങ്ങാതിത്വവുമായും മാറിയതോടെ ‘സത്യം’ ഈ ഭൂമിക വിട്ടുപോയി. ജനാധിപത്യവും സത്യവും തമ്മിലുള്ള അനുബന്ധനത്തെക്കുറിച്ച് സുന്ദർ സാരുക്കായുടെ ദാർശനിക വിചാരങ്ങൾ  സത്യാനന്തരകാലത്തെയും  ഹിന്ദുത്വ വിചാരധാരയ്ക്ക് അടിപ്പെട്ടിരിക്കുന്ന  രാഷ്ട്രീയത്തെയും  മറികടന്ന്, ജനാധിപത്യപരമായ പുതിയ സാമൂഹ്യ സാദ്ധ്യതകളെക്കുറിച്ച് ആരായാൻ പ്രചോദിപ്പിക്കുന്നതാണ്. സത്യവും രാഷ്ട്രീയവും തമ്മിൽ ആഴത്തിലുള്ള അസ്തിത്വബന്ധമുണ്ടെന്നാണ് സാരുക്കായി പറയുന്നത്. എങ്ങനെയാണ് സത്യം നമ്മുടെ എല്ലാവരുടെയും ഭാഗമാകുന്നത്? രാഷ്ട്രീയത്തിലൂടെ മാത്രം. ധാർമികതയുടെ ചോദ്യം സത്യത്തോട് ഉന്നയിക്കുമ്പോഴാണ് നമ്മൾ രാഷ്ട്രീയത്തെ സൃഷ്ടിക്കുന്നത്. അധികാരത്തോട് സത്യം തുറന്നു പറയുക എന്നത് വളരെയധികം ഉദ്ധരിക്കപ്പെട്ട ഒരു മുദ്രാവാക്യമാണെങ്കിലും, യഥാർത്ഥത്തിൽ 'സത്യത്തിനോട് ധാർമികമായി തുറന്നു സംസാരിക്കുക' എന്നതാകണം ജനാധിപത്യത്തിലേക്കുള്ള ആദ്യപടി. സത്യം ഒരു പൊതുസ്വത്തായി മാറുമ്പോൾ, അത് ‘അഗ്രഹാര’ത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ-ഏതെങ്കിലും എക്സ്ക്ലൂസീവ് ഡൊമെയ്‌നിൽ നിന്ന് എന്നർത്ഥത്തിൽ - മാത്രമേ നമുക്ക് ജനാധിപത്യ രാഷ്ട്രീയം ഉണ്ടാകൂ. അതിനാൽ, രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശയം നീക്കുപോക്കിനെക്കുറിച്ചു മാത്രമുള്ളതല്ല, വാസ്തവത്തിൽ, നമ്മൾ കൈവശം വെച്ചിരിക്കുന്ന സത്യത്തെക്കുറിച്ചുള്ള നീക്കുപോക്കുകളാണ്. രാഷ്‌ട്രീയത്തിന്  പ്രാധാന്യം കൈവരുന്നത് മനുഷ്യരുടെ പ്രവൃത്തിക്ക്  അടിസ്ഥാനമിടുന്ന സത്യങ്ങളുടെ സുസ്ഥിരമായ വിമർശനത്തിലാണ് എന്നാണ് സുന്ദർ സാരുക്കായി എഴുതുന്നത്. 

എന്റെ അഭിപ്രായത്തിൽ,  2023 -ലെ പോലെ തുടർന്നുമുള്ള വർഷങ്ങളിലും സ്വാഭിമാനബോധത്തോടെ വ്യക്തിഗത തലത്തിലും അല്ലെങ്കിൽ അധികാര കക്ഷി രാഷ്ട്രീയത്താൽ  പ്രേരിതമല്ലാത്തതുമായ സംഘടിത സാമൂഹ്യ ഇടപെടലുകളിലൂടെയാണ് സമകാലികതയിലെ അനൗപചാരിക ജനാധിപത്യ രാഷ്ട്രീയം  സംഗതമാവുക. ഇത് രാഷ്ട്രീയമായും ജനസംഖ്യാപരമായും ന്യൂനപക്ഷാത്മകവുമായ (minoritarian) ജൈവഭാവുകത്വത്തെ പ്രകടമാക്കുന്നതുമായിരിക്കും. ഇവിടെ നാല് പുസ്തകങ്ങളും ഈവിധമാണ് ജനാധിപത്യ സംവാദങ്ങളെ സമ്പന്നമാക്കുന്നത്.  

Comments