ശാസ്ത്രവിമർശം;
ചില ചോദ്യങ്ങൾ;
ഒപ്പം, കേരളീയ വർത്തമാനവും

ഷിജു സാം വറുഗീസ് എഴുതിയ ശാസ്ത്രവിമർശം - സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ എന്ന പുസ്തകം, മലയാളത്തിലാദ്യമായി ശാസ്ത്രവിമർശം എന്ന വിഷയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ, സമഗ്രമായി അവതരിപ്പിക്കുകയാണ് എന്ന് സി.എസ്. മീനാക്ഷി എഴുതുന്നു.

ലയാളത്തിൽ അത്ര പ്രചാരമില്ലാത്ത വാക്കാണ് ശാസ്ത്രവിമർശം. അധികവും കേൾക്കാറുള്ളത് കലാവിമർശം, സാഹിത്യവിമർശം എന്നൊക്കെയാണ്. ശാസ്ത്രവിമർശം അത്ര പരിചിതമല്ല നമുക്ക്. എന്താണ് ഇംഗ്‌ളീഷിൽ Critique എന്നു വിളിക്കുന്ന വിമർശവും Criticism എന്നു വിളിക്കുന്ന വിമർശനവും തമ്മിലുള്ള വ്യത്യാസം? ഒരു കാര്യത്തെ അതിന്റെ എല്ലാ കോണുകളിലും കൂടി നോക്കിക്കണ്ട് വിലയിരുത്തുക എന്നതാണ് വിമർശം. മറിച്ച്, വിമർശനം എന്ന പദത്തിനു തന്നെ ഒരു പ്രതികൂലാത്മകതയുള്ളതായി അനുഭവപ്പെടും.

ശാസ്ത്രവിമർശം - സാമൂഹികജ്ഞാനസിദ്ധാന്ത സമീപനങ്ങൾ എന്ന രചനയിലൂടെ (ഡി.സി ബുക്സ്, 2025) ഷിജു സാം വറുഗീസ് ചെയ്തിരിക്കുന്നത് ശാസ്ത്രത്തെ അതിന്റെ ഉരുവാകലിനെ, പരിണാമങ്ങളെ, എല്ലാം സമൂഹത്തിന്റെ അകത്തു സംഭവിക്കുന്ന കാര്യങ്ങളായി കണ്ട് വിശകലനം ചെയ്യുക എന്നതാണ്. 'ശാസിക്കപ്പെട്ടത്' എന്തൊന്നോ അതാണ് ശാസ്ത്രം’. മതാധിഷ്ഠിത ആചാരങ്ങൾ 'ശാസ്ത്രവിധിപ്രകാരം' ആണ് അനുഷ്ഠിക്കേണ്ടത് എന്ന് വിശ്വാസികൾ നിഷ്‌ക്കർഷിക്കുന്നു. ആ വാക്കിനൊരു അധികാരഭാവവും അപ്രമാദിത്വവുമുണ്ട്. അതുകൊണ്ടു തന്നെ മലയാളത്തിൽ ശാസ്ത്രം എന്ന സംസ്‌കൃതപദത്തിന് പകരം അറിയുക എന്ന ധാതുവിൽ നിന്ന് പിറന്ന സയൻസ് എന്ന പദം മലയാളത്തിലും ഉപയോഗിക്കാവുന്നതാണ് എന്ന് ഒരു പൊതുധാരണയുണ്ട്. എന്നാൽ ആ അഭിപ്രായത്തിനൊപ്പമല്ല ഷിജു. ആധുനിക അധികാരരൂപങ്ങൾക്ക് വിധേയമാണ് ഇന്നത്തെ സയൻസ് എന്നതു കൊണ്ട് ശാസ്ത്രം എന്ന പദവും ഉപയോഗിക്കാവുന്നതാണ് എന്നാണ് എഴുത്തുകാരന്റെ പക്ഷം.

വെള്ളം കേറാത്ത അറകളിലായി അടിസ്ഥാനശാസ്ത്രത്തെയും പ്രയോഗശാസ്ത്രത്തെയും നിർത്തേണ്ടതുണ്ടോ?

പരീക്ഷണശാലയിലെ ശാസ്ത്രം, ഉടലറിവുകൾ, പൊതുജനവും ശാസ്ത്രവും, ശാസ്ത്രത്തിന്റെ ഭാവി, ഭാവിയുടെ ശാസ്ത്രം എന്നിങ്ങനെ നാലു ഭാഗങ്ങളിലായിട്ടാണ് ഇതിന്റെ ഉള്ളടക്കം സംവിധാനം ചെയ്തിരിക്കുന്നത്. വെള്ളം കേറാത്ത അറകളിലായി അടിസ്ഥാനശാസ്ത്രത്തെയും പ്രയോഗശാസ്ത്രത്തെയും നിർത്തേണ്ടതുണ്ടോ? സാമൂഹ്യബോധമോ സാംസ്‌കാരികമൂല്യങ്ങളോ, രാഷ്ട്രീയതാല്പര്യങ്ങളോ, ലിംഗ-ജാതി-വർഗ്ഗ വിവേചനങ്ങളോ ഒരുവിധത്തിലും സ്വാധീനിക്കാത്ത ഒന്നാണോ ശാസ്ത്രം? എന്നിങ്ങനെയുള്ള ഗൗരവപൂർണ്ണമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അല്ല എന്ന ഉത്തരം നൽകുന്നുമുണ്ട്. 'പ്രകൃതിയെ മൂല്യനിരപേക്ഷമായി നേരിട്ടു നിരീക്ഷിച്ചറിയുന്ന നിഷ്‌കളങ്ക പ്രവൃത്തിയല്ല ശാസ്ത്രം' എന്ന വിധി ആമുഖത്തിൽത്തന്നെ പ്രസ്താവിക്കുകയും അതിലേക്ക് വന്നുചേരുന്ന ന്യായാന്യായങ്ങൾ ശാസ്ത്രത്തിന്റെ വിവിധ കോണ്ടക്സ്റ്റുകളിൽ നിന്നും സംഘടിപ്പിച്ച് വിശദീകരിക്കുകയുമാണ് ഈ പുസ്തകത്തിൽ ചെയ്യുന്നത്.

എല്ലാ കാര്യങ്ങൾക്കും, വിശേഷിച്ച് വലതുപക്ഷ ആശയങ്ങൾക്ക് ആധികാരികത ലഭിക്കുവാൻ ശാസ്ത്രീയതയെ കൂട്ടുപിടിക്കുന്ന അപകടം ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
എല്ലാ കാര്യങ്ങൾക്കും, വിശേഷിച്ച് വലതുപക്ഷ ആശയങ്ങൾക്ക് ആധികാരികത ലഭിക്കുവാൻ ശാസ്ത്രീയതയെ കൂട്ടുപിടിക്കുന്ന അപകടം ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ർക്‌സ്, അലൻ സോക്കൽ, ഫൂക്കോ, കാൾ പോപ്പർ, ജെ.ഡി ബർണ്ണാൽ, ജോസഫ് നീഥം, റിച്ചാഡ് ഡോക്കിൻസ് തുടങ്ങിയവരുടെ വിവിധ ദാർശനിക, ശാസ്ത്ര വീക്ഷണങ്ങൾ പല സന്ദർഭങ്ങളിലായി വിശദീകരിക്കുന്നുണ്ട്. ഇ.എം.എസ്, കെ. വേണു, ഗോവിന്ദപ്പിള്ള, കെ. ദാമോദരൻ എന്നിവരുടെ ചിന്താപദ്ധതികളെയും വിശകലനത്തിന് വിധേയമാക്കുന്നുണ്ട്.

'ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ, ഒന്നിലും ചെന്നു താനും വലയാതെ... ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്' എന്ന കണക്കെയുള്ള ശാസ്ത്രത്തിന്റെ നിൽപ്പിനെ, അതുയർത്തുന്ന ശുദ്ധതാവാദത്തെ ഷിജു ഈ പുസ്തകത്തിലുടനീളം വിമർശനവിധേയമാക്കുന്നു. ആ വാദം വലതുപക്ഷവാദമാണ് എന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. എല്ലാ കാര്യങ്ങൾക്കും, വിശേഷിച്ച് വലതുപക്ഷ ആശയങ്ങൾക്ക് ആധികാരികത ലഭിക്കുവാൻ ശാസ്ത്രീയതയെ കൂട്ടുപിടിക്കുന്ന അപകടം ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മറുവശത്ത്, ശാസ്ത്രം സമൂഹത്തിനും രാഷ്ട്രീയത്തിനും ദേശരാഷ്ട്രതാല്പര്യങ്ങൾക്കും പുറത്ത് അസ്പർശിയായി നിലകൊള്ളുന്ന ഒന്നായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു Conundrum ചുരുളഴിച്ചെടുക്കുന്നതെങ്ങനെ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്.

ശാസ്ത്രവാദം എന്ന പേരിൽ നമ്മുടെ സമൂഹത്തിന്റെ ഇഴയടുപ്പത്തിനുതന്നെ ഭീഷണിയാവുന്ന ആശയങ്ങൾ പങ്കുവെക്കുന്ന ചില വ്യക്തികളും നവയുക്തിവാദി- ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പുകളും ഈ പുസ്തകത്തിൽ തുറന്നുകാട്ടപ്പെടുന്നുണ്ട്.

ശാസ്ത്രം വിമർശിക്കപ്പെടേണ്ടതുണ്ടോ എന്ന വിശദമായ ഒരദ്ധ്യായമുണ്ട്. അതിൽ സയൻസുമായി ബന്ധപ്പെട്ട് കാലാകാലമായി നിലനിന്നിരുന്ന സിദ്ധാന്തങ്ങളേയും വിചാരമാതൃകകളേയും അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിയുടെ അടിസ്ഥാനപ്രക്രിയ വൈരുദ്ധ്യാത്മകമാണ് എന്ന മാർക്‌സിസ്റ്റ് (1818-1883) ആന്തരികവാദം, സയൻസ് അതിന്റെ അറിവുൽപ്പാദനപ്രക്രിയയിൽ മുതലാളിത്തത്തിന്റെ താല്പര്യങ്ങളെ ഉൾപ്പേറുന്നു എന്ന ഹെസന്റെ (1893-1936) ബാഹ്യവാദം, ഇന്ദ്രിയാനുഭവങ്ങൾ വഴി നേടുന്ന അറിവുകളെ യുക്തിഭദ്രമായി ഗണിതവുമായി ഘടിപ്പിച്ച് കൊണ്ടാണ് ശാസ്ത്രം സത്യം കണ്ടുപിടിക്കുന്നത് എന്ന Logical Positivism, (1920കൾ - 30കൾ) തെറ്റെന്ന് തെളിയിക്കപ്പെടുന്നതു വരെയേ ഒരു സിദ്ധാന്തം ശരിയാവുന്നുള്ളൂ എന്ന കാൾ പോപ്പറിന്റെ (1930-കൾ - 40-കൾ) Falsifiability theory, ഓരോരോ കാലത്തും മാറിവരുന്ന വിചാരമാതൃകകളെപ്പറ്റിയുള്ള തോമസ് കൂൻ (1962) വീക്ഷണം, വിവിധ നാഗരികതകൾക്കുള്ളിൽ ഉറവ പൊട്ടിയ ജ്ഞാനപാരമ്പര്യങ്ങളുടെ നദികൾ ഒഴുകിയൊന്നായാണ് ആധുനികശാസ്ത്രമെന്ന കടലുണ്ടായതെന്ന നീഥത്തിന്റെ Ecumenical Perspective എന്നറിയപ്പെട്ട വീക്ഷണം (1900-1995), മുതലാളിത്തത്തിന് ലാഭമുണ്ടാക്കുന്ന ഏർപ്പാടാണ് സയൻസ്, എന്നാൽ മുതലാളിത്തസമൂഹത്തിനുള്ളിൽ പ്രവർത്തിക്കുമ്പോഴും സയൻസിനുള്ളിൽ കമ്മ്യൂണിസമെന്ന സാദ്ധ്യത ഉറങ്ങിക്കിടപ്പുണ്ട് എന്നതിനാൽ സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാനുള്ള മുന്നേറ്റങ്ങളിൽ തൊഴിലാളിവർഗ്ഗത്തിന്റെ കയ്യിലെ ആയുധമായി മാറാൻ സയൻസിനു ശേഷിയുണ്ട് എന്ന ബെർണാൽ (1901-1971) വീക്ഷണം, ശാസ്ത്രത്തിന്റെ സാമൂഹികവിജ്ഞാനീയം എന്ന ഗവേഷണമേഖല തുടങ്ങി വച്ച മെർട്ടന്റെ (1910-2003) സമഷ്ടിവാദം, സാർവ്വത്രികതാവാദം, നിർമ്മമത, സംഘടിത സന്ദേഹം എന്നീ മൂല്യങ്ങൾ വിജയകരമായ അറിവുനിർമ്മാണത്തിന് വഴി തെളിക്കും എന്ന വാദം എന്നിങ്ങനെ ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധത്തിലെ വിവിധ വീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.

കൂനിന്റെ വാദഗതികളെ പിന്തുണച്ച സാമൂഹികശാസ്ത്രജ്ഞർ ശാസ്ത്രജ്ഞാനത്തിന്റെ സാമൂഹികവിജ്ഞാനം (Sociology of Scientific Knowledge - SSK) വികസിപ്പിച്ചു. പ്രാഥമികമായ തലത്തിൽതന്നെ ശാസ്ത്രീയജ്ഞാനോൽപ്പാദനം സാമൂഹികമാണ് എന്നതാണ് SSK മുന്നോട്ടുവയ്ക്കുന്ന വീക്ഷണം. ഹിലാരി റോസ്, സ്റ്റീവൻ റോസ് (1970s- 2000s) എന്നിവർ ശാസ്ത്രത്തെ മുതലാളിത്തത്തിന്റെ പട്ടാള-വ്യവസായ സമുച്ചയത്തിന്റെ ഉൽപ്പന്നമായി കരുതി. മുതലാളിത്തത്തിന്റെ ഉത്പാദനരീതിയെപ്പറ്റി പഠിക്കാൻ ഫാക്ടറി എന്ന പോലെ, സയൻസിന്റെ രീതികൾ പഠിക്കാൻ പരീക്ഷണശാലകൾ എന്ന ആശയം മുന്നോട്ടു വച്ചത് Robert M Young (1935-2019) ആണ്.

മുതലാളിത്തത്തിന്റെ ഉത്പാദനരീതിയെപ്പറ്റി പഠിക്കാൻ ഫാക്ടറി എന്ന പോലെ, സയൻസിന്റെ രീതികൾ പഠിക്കാൻ പരീക്ഷണശാലകൾ എന്ന ആശയം മുന്നോട്ടു വച്ചത് Robert M Young ആണ്.
മുതലാളിത്തത്തിന്റെ ഉത്പാദനരീതിയെപ്പറ്റി പഠിക്കാൻ ഫാക്ടറി എന്ന പോലെ, സയൻസിന്റെ രീതികൾ പഠിക്കാൻ പരീക്ഷണശാലകൾ എന്ന ആശയം മുന്നോട്ടു വച്ചത് Robert M Young ആണ്.

ശാസ്ത്രീയവസ്തുതകൾ ജഡീകരിക്കപ്പെട്ടു മാരീചീകരണത്തിന് വിധേയമാകുന്നതിനാലാണ് അവയിലെ സാമൂഹികഉല്പാദന ബന്ധങ്ങൾ മറഞ്ഞിരിക്കുന്നത്. ഈ സങ്കീർണ്ണപ്രക്രിയയെ അപ-നിഗൂഢവൽക്കരിച്ചു കൊണ്ടുമാത്രമേ മുതലാളിത്തത്തെ എതിർത്തുതോൽപ്പിക്കാനാവൂ എന്ന് യങ്ങിന്റെ നേതൃത്വത്തിലുള്ള റാഡിക്കൽ ശാസ്ത്രസംഘം നിരീക്ഷിച്ചു. സയൻസ് പൂർണ്ണമായും സാമൂഹികം എന്ന SSK-യുടെ നിലപാടിന്റെ ഭാഗമായി ഡേവിഡ് ബ്‌ളൂർ തീവ്രകാര്യപരിപാടി ആവിഷ്‌കരിച്ചു. കാര്യകാരണത്വം, നിഷ്പക്ഷത, സമമിതി, പ്രതിഫലനാത്മകത എന്നിവയാണ് ഈ പരിപാടിയുടെ രീതിശാസ്ത്രതത്വങ്ങൾ. ഹാരോൾഡ് ഗാർഫിങ്കൽ മുന്നോട്ടു വച്ച എത്‌നോമെത്തഡോളജി, ബാത് സ്‌കൂളിന്റെ ആപേക്ഷികവാദപരമായ അനുഭവവിശകലനപരിപാടി, ബ്രൂണോ ലറ്റൂർ ആവിഷ്‌ക്കരിച്ച പ്രവർത്തക-ശൃംഖലാ സിദ്ധാന്തം, ഫ്രഞ്ച് സ്‌കൂളിന്റെ സ്ഥൂലവും സൂക്ഷ്മവുമായ വിശകലനോപാധികളെ സംയോജിപ്പിച്ചു കൊണ്ട് ശാസ്ത്രത്തെ പഠിക്കാനുള്ള ശ്രമങ്ങൾ എന്നിവയും ചർച്ച ചെയ്യുന്നുണ്ട്.

കാലം പോകെപ്പോകെ മറ്റെല്ലാ ജ്ഞാനമേഖലകളിലുമെന്ന പോലെ ശാസ്ത്രത്തിലും ലിംഗപദവി, കൊളോണിയലിസം, പോസ്റ്റ് കൊളോണിയലിസം, ക്വീർ, ഭിന്നശേഷി, അധിനിവേശാനന്തരചിന്ത, ഇക്കോഫെമിനിസം എന്നീ വിഷയങ്ങളെ സ്വാധീനഘടകങ്ങളായി പരിഗണിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങളും പഠനങ്ങളുമുണ്ടായി. ഉടലറിവുകൾ എന്ന ഭാഗത്തിൽ ആൺലിംഗത്തിനു സമാനമായ യോനി പേറുന്ന പെൺകഴുതപ്പുലിയുടെ പഠനത്തിലെ മനുഷ്യനോട്ടപരമായ മുൻവിധികൾ, ഒരു പ്രദർശനവസ്തുവായി മാറിയ സാറാബാർട്മാന്റെ ജീവിതം, ആൾക്കുരങ്ങുകളുടെ പഠനം എന്നിവയിലൊക്കെ കലർന്നിരിക്കുന്ന വംശീയത, ലിംഗപരമായ മുൻധാരണകൾ എല്ലാം ഈ പുസ്തകത്തിൽ വിശദമായ വിശകലനത്തിന് വിധേയമാകുന്നുണ്ട്. എങ്ങനെയാണ് തന്റെ സൈബോർഗിയൻ ഉടൽ വെച്ചുകൊണ്ട് സ്റ്റീഫൻ ഹോക്കിങ്ങ് പ്രപഞ്ചസത്യങ്ങളിലേക്ക് സഞ്ചരിക്കുകയും അതേ സമയം ലൗകികതയുടെ സാധാരണ ജീവിതം നയിക്കുകയും ചെയ്തതെന്ന് വിശദമായി പറയുന്നുണ്ട്. ആ ശാസ്ത്രപ്രതിഭയുടെ തീക്ഷ്ണമായ മനസ്സ് തന്റെ വമ്പിച്ച ഉടൽസന്നാഹത്തിന്റെ ഭാഗമായിരുന്നു എന്നത് മികച്ച ഒരു നിരീക്ഷണമാണ്.

ഒരു അക്കാദമിക് പഠനമായിട്ടല്ല, സാധാരണക്കാർക്കും വായിക്കാവുന്ന പുസ്തകമായി രചിച്ചതുകൊണ്ടാവാം ഇതിൽ എടുത്തിരിക്കുന്ന കേസ് സ്റ്റഡികൾ, ഉദാഹരണങ്ങൾ എന്നിവയുടെ സാമ്പ്‌ളിങ്ങ് രീതി വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുത്ത ചില ഉദാഹരണങ്ങൾ മാത്രമെടുത്തുകൊണ്ട് സയൻസ് എന്ന ബൃഹത്തായ വിജ്ഞാനരൂപത്തിന്റെ ഉൽഭവപരിണാമങ്ങളേയും വ്യവഹാരങ്ങളേയും വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്തിരിക്കുന്നു. ശാസ്ത്രവിവാദം വിശകലനം ചെയ്യാൻ രാമൻ - ബോൺ സംവാദം ആണ് ഉദാഹരണമായി എടുത്തിട്ടുള്ളത്. Bohr-Einstein സംവാദം, Einstein-Heisenberg സംവാദം തുടങ്ങീ ശാസ്ത്രചരിത്രത്തിലുടനീളമുണ്ടായിട്ടുള്ള സംവാദങ്ങൾ ഇവിടെ ഇടം പിടിക്കുന്നില്ല.

എങ്ങനെയാണ് തന്റെ സൈബോർഗിയൻ ഉടൽ വെച്ചുകൊണ്ട് സ്റ്റീഫൻ ഹോക്കിങ്ങ് പ്രപഞ്ചസത്യങ്ങളിലേക്ക് സഞ്ചരിക്കുകയും അതേ സമയം ലൗകികതയുടെ സാധാരണ ജീവിതം നയിക്കുകയും ചെയ്തതെന്ന് വിശദമായി പറയുന്നുണ്ട്.
എങ്ങനെയാണ് തന്റെ സൈബോർഗിയൻ ഉടൽ വെച്ചുകൊണ്ട് സ്റ്റീഫൻ ഹോക്കിങ്ങ് പ്രപഞ്ചസത്യങ്ങളിലേക്ക് സഞ്ചരിക്കുകയും അതേ സമയം ലൗകികതയുടെ സാധാരണ ജീവിതം നയിക്കുകയും ചെയ്തതെന്ന് വിശദമായി പറയുന്നുണ്ട്.

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി തുടങ്ങി ജൈവവും അജൈവവുമായ വസ്തുക്കളുടെ പഠനത്തിന് പരീക്ഷണശാലകൾ വേദിയാകുന്നുണ്ട്. പരീക്ഷണശാലകളുമായി ബന്ധപ്പെട്ട സയൻസിന്റെ സാമൂഹികവശങ്ങൾ പഠിക്കാൻ ലൂയിപാസ്റ്ററുടെ ആന്ത്രാക്‌സ് രോഗാണുപഠനം മാത്രമാണ് എടുത്തിട്ടുള്ളത്. രോഗാണു സിദ്ധാന്തം രോഗകാരണമായി സ്ഥാപിക്കപ്പെടുന്നത് 1880-കളിൽ നടന്ന ആ പരീക്ഷണത്തിലൂടെയാണ്. (അതിനും രണ്ടു നൂറ്റാണ്ടുകൾക്ക് മുൻപ് ലീവൻ ഹുക് മൈക്രോസ്‌കോപ്പിലൂടെ കോശങ്ങളേയും ബാക്ടീരിയയേയും കാണുന്നുണ്ട്.) ഇതൊരു പാത് ബ്രേക്കിങ്ങ് കണ്ടുപിടിത്തമായിരുന്നു. മോഡേൺ മെഡിസിനെ മറ്റു വൈദ്യസമ്പ്രദായങ്ങളിൽ നിന്നും വ്യത്യാസപ്പെടുത്തുന്ന ഒരു പ്രധാന ഘടകം ഈ രോഗാണുസിദ്ധാന്തമാണ്. മനുഷ്യർ രോഗാണുക്കളേക്കാൾ ശക്തരാകുന്നത് പരീക്ഷണശാലയിലാണ് (പേജ് 129) എന്നത് ഒരു മികച്ച നിരീക്ഷണമാണ്. ഈ പരീക്ഷണത്തിന്റെ സാമൂഹിക ഇടപെടലുകളെ കണക്കിലെടുത്തു കൊണ്ടുതന്നെ നോക്കിയാൽ അതിനെയും താണ്ടി നിൽക്കുന്ന ശാസ്ത്രചരിത്രത്തിലെ ഒരു വിസ്മയനിമിഷമാണത്. കാരണം Girolamo Fracastoro 1546-ൽ നടത്തിയ 'അദൃശ്യവിത്തുസിദ്ധാന്തം' ഈ പരീക്ഷണത്തിലൂടെ സ്ഥാപിക്കപ്പെടുകയായിരുന്നു. 1897-ൽ ഇന്ത്യൻ കാടുകളിൽ ചെയ്ത പരീക്ഷണങ്ങളിൽ റൊണാൾഡ് റോസ് മലേറിയയുടെ കാരണം കൊതുകുകളാണെന്ന് കണ്ടുപിടിക്കുന്നത് വരെ കാടുകളിലെ ചതുപ്പുകളിലെ മിയാസ്മയാണ് രോഗകാരണം എന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ത്യയിൽ Jungle fever എന്നാണ് മലേറിയയെ ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്.

പീരിയോഡിക് ടേബിളിന്റെ ക്രമവും അതിൽ വിടവ് വന്നയിടങ്ങളിലെ മൂലകങ്ങളെ മെൻഡലിയേഫ് പ്രവചിക്കുന്നതും അവയെ (ഉദാ: ജെർമേനിയം, ഗാലിയം) പിന്നീട് പ്രകൃതിയിൽ കണ്ടെത്തുന്നതും അനന്യമായ ശാസ്ത്രനിമിഷങ്ങളാണ്. സയൻസും സമൂഹവുമായി നിലനിൽക്കുന്ന വലബന്ധം യാഥാർത്ഥ്യമായിരിക്കുമ്പോൾ തന്നെ ശാസ്ത്രത്തിന്റെ ഇത്തരം ആകസ്മിക വിസ്മയ നിമിഷങ്ങളെ നാം ആസ്വദിക്കേണ്ടതുണ്ട്. ഇതേ കാലത്ത് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലുമൊക്കെ പരീക്ഷണശാലാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഹെൻട്രി ബെക്വൽ യുറേനിയം എന്തോ അദൃശ്യകിരണങ്ങൾ പുറപ്പെടുവിക്കുന്നുവെന്ന് കണ്ടുപിടിക്കുന്നു (1896-98). തുടർന്ന് അത് റേഡിയോ ആക്ടീവ് കിരണങ്ങളാണെന്നും, റേഡിയോ ആക്ടിവിറ്റി ഒരു ആറ്റോമിക് ഗുണവിശേഷമാണ്, രാസപ്രവർത്തനമല്ല എന്നും മേരിക്യൂറി കണ്ടുപിടിക്കുന്നു. അന്നത്തെ ഏറ്റവും നിർണ്ണായകമായ കണ്ടുപിടിത്തമായിരുന്നു അത്.

മെച്ചപ്പെട്ട സിദ്ധാന്തങ്ങളും വസ്തുതകളും കടന്നുവരുമ്പോൾ പഴയ ശാസ്ത്രധാരണകൾ ഒരു പക്ഷെ സമയമെടുത്തിട്ടാണെങ്കിലും പുതിയവയ്ക്ക് വഴിമാറി കൊടുക്കുന്നു എന്ന തരത്തിൽ ലളിതമല്ല ശാസ്ത്രഗവേഷണം എന്ന് ലാറ്റൂരിനെ മുൻ നിറുത്തിയുള്ള പ്രസ്താവന (പേജ് 123) കാണുന്നുണ്ട്. പുത്തൻ സിദ്ധാന്തീകരണങ്ങളിലൂടെ നിലവിലുള്ള വിചാരമാതൃക നിലം പൊത്തുകയും മെച്ചപ്പെട്ട മറ്റൊന്നു പകരം വരികയും ചെയ്യും. പഴയ വിചാരമാതൃകക്കുള്ളിൽ തൃപ്തികരമായ ശാസ്ത്രീയവിശദീകരണമുണ്ടായിരുന്ന പ്രശ്‌നങ്ങൾ പുതിയ വിചാരമാതൃകയിൽ പുന:പരിശോധനയ്ക്ക് വിധേയമാകുകയും പുതിയ സിദ്ധാന്തങ്ങൾ ചമയ്ക്കപ്പെടുകയും ചെയ്യും. ഫിസിക്‌സിലെ ന്യൂട്ടോണിയൻ വിചാരമാതൃകയെ തകർത്ത് ഐൻസ്റ്റൈനിക മാതൃക സ്ഥാപിക്കപ്പെട്ടത് ഉദാഹരണം (പേജ്50).

പുരുഷകേന്ദ്രീകൃതവും വംശീയവും സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായിരുന്നു ഉടലറിവുകളെക്കുറിച്ചുള്ള ആദ്യകാലപഠനങ്ങൾ എന്നാണ് കഴുതപ്പുലിയുടെ, സാറാ ബാർട്മാന്റെ ഒക്കെ പഠനങ്ങളിലൂടെ വെളിവാകുന്നത് എന്ന് ഷിജു സമർത്ഥിക്കുന്നു.
പുരുഷകേന്ദ്രീകൃതവും വംശീയവും സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായിരുന്നു ഉടലറിവുകളെക്കുറിച്ചുള്ള ആദ്യകാലപഠനങ്ങൾ എന്നാണ് കഴുതപ്പുലിയുടെ, സാറാ ബാർട്മാന്റെ ഒക്കെ പഠനങ്ങളിലൂടെ വെളിവാകുന്നത് എന്ന് ഷിജു സമർത്ഥിക്കുന്നു.

ന്യൂട്ടോണിയൻ വിചാരമാതൃക ഭൗതികതയുടെ സാമാന്യതലങ്ങളിൽ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നുണ്ട്. സൂക്ഷ്മഭൗതികത്തിലാണ് ഐൻസ്‌റ്റൈന്റെ സിദ്ധാന്തങ്ങളും ക്വാണ്ടം സിദ്ധാന്തവും പ്രയോഗക്ഷമമാകുന്നത്. അതുകൊണ്ട് ലറ്റൂരിന്റെയും കൂനിന്റെയും നിരീക്ഷണങ്ങൾക്കിടയ്ക്കെവിടെയോ ആണ് യഥാർത്ഥ സയൻസിന്റെ കിടപ്പ് എന്നു പറയേണ്ടി വരും. അതുപോലെ 'ജ്ഞാനനീക്കങ്ങളിൽ പരാജയപ്പെടുന്ന ശാസ്ത്രഗവേഷകരെ ശാസ്ത്രചരിത്രത്തിൽ നിന്നും നീക്കം ചെയ്യുകയാണ് ശാസ്ത്രവാദികളുടെ പതിവ്' (പേജ് 125) എന്ന അഭിപ്രായം പൂർണ്ണമായും ശരിയല്ല. മാറിമാറി വരുന്ന ഭൗതികശാസ്ത്രവിചാരമാതൃകകൾ, ആറ്റം മോഡലുകൾ എന്നിവയൊക്കെ മനുഷ്യന്റെ ചിന്താപ്രവർത്തനരീതീപഥം വെളിവാക്കിത്തരുന്നതിനാൽ പരാജിതരും ശാസ്ത്രചരിത്രത്തിന്റെ ഭാഗമാണെന്നു കാണാം. അതെല്ലാം ശാസ്ത്രബോധനത്തിൽ ഇടം പിടിച്ചിട്ടുമുണ്ട്. മുതലാളിത്തത്തിന്റെ സാമൂഹികബന്ധങ്ങളിൽ തന്നെയാണ് സയൻസിന്റെ എല്ലാ ആവിഷ്കാരങ്ങളും വേരൂന്നിയിരിക്കുന്നത്. എന്ന് ഈ പുസ്തകത്തിൽ പല സന്ദർഭങ്ങളിലും വരുന്ന ആശയമാണ്. മുതലാളിത്തത്തിനു മുൻപും ലോകമെമ്പാടും ശാസ്ത്രപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ലേ? രാമാനുജൻ, സംഗമമാധവൻ, ആര്യഭടൻ, ഭാസ്‌കരൻ തുടങ്ങി ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ പ്രജ്ഞാപരമായ സയൻസല്ലേ ചെയ്തത് എന്നീ സന്ദേഹങ്ങൾ അവശേഷിക്കുന്നു.

ശ്രീനിവാസ രാമാനുജൻ
ശ്രീനിവാസ രാമാനുജൻ

ചില വിഷയങ്ങൾ രേഖീയമായോ ലളിതവൽക്കരിച്ച മട്ടിലോ അവതരിപ്പിച്ചു കാണുന്നുണ്ട്. ഉദാഹരണത്തിന് സൈക്കിൾ ചവിട്ടാനോ, നീന്താനോ, പശുവിനെ കറക്കാനോ പഠിക്കുന്നതുപോലെയാണ് പുത്തൻ നൈപുണ്യങ്ങൾ പരീക്ഷകർ സാവധാനം കൈവരിക്കുന്നത് (പേജ് 129) എന്ന പ്രസ്താവന. അത് വലിയ കുറച്ചുകാണലാണ്, ഈ താരതമ്യം ഒട്ടും ശരിയല്ല.

സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറു ചായുകയും ചെയ്യുന്നുവെന്ന അനുമാനം തന്നെയാണ് സൗരയൂഥത്തിന്റെ ഭൗമകേന്ദ്രീകൃതഘടനാസിദ്ധാന്തത്തിനും സൗരകേന്ദ്രീകൃത ഘടനാസിദ്ധാന്തത്തിനും ആധാരമായത് എന്നുള്ള നിരീക്ഷണം രേഖീയമാണ്. അതിന്റെ കൂടെ വരുന്ന നിഴലും പ്രകാശവും പോലെ, ഗ്രഹണം പോലെ എത്രയെത്ര വിവരങ്ങൾ അതിനൊക്കെ ആധാരമായിട്ടുണ്ടാവും. ശാസ്ത്രവാദത്തെക്കുറിച്ച് പറയുമ്പോൾ മറ്റൊരിടത്ത് ഇങ്ങിനെ പറയുന്നു: 'ശാസ്ത്രസാങ്കേതികവിദ്യകളാണ് സാമൂഹികമാറ്റത്തിന്റെ അടിസ്ഥാനകാരണമെന്ന ശാസ്ത്രവാദപരമായ വികലവീക്ഷണം' - നിശ്ചയമായും സാമൂഹികമാറ്റത്തിന്റെ - വിശേഷിച്ച് സ്ത്രീകളുടെയും മാറ്റിനിറുത്തപ്പെട്ടവരുടെയും കാര്യത്തിൽ - അടിസ്ഥാനകാരണങ്ങളിലൊന്ന് ശാസ്ത്രസാങ്കേതികവിദ്യകളാണ് എന്നതിന് അനുഭവാടിസ്ഥാനത്തിലുള്ള എത്രയോ തെളിവുകളുണ്ട്. ഒറ്റയൊരുദാഹരണം പറയുകയാണെങ്കിൽ ജനനനിയന്ത്രണോപാധികൾ സ്ത്രീകളുടെ ജീവിതം വലിയ രീതിയിൽ മാറ്റിമറിച്ചിട്ടുണ്ട്.

എൻ.എച്ച് 66-ന്റെ നിർമ്മാണത്തിലുള്ള സാങ്കേതികപ്പിഴവുകൾ മൂലം പലയിടത്തും മണ്ണിടിയുകയും റോഡ് പൊളിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഈ പുസ്തകത്തിൽപ്പറയുന്ന ജ്ഞാനവൈദഗ്ദ്ധ്യവും സ്വാനുഭവങ്ങളിലൂടെയും നിത്യവൃത്തിയിലൂടെയും മനുഷ്യരാർജ്ജിക്കുന്ന ജീവനവൈദഗ്ദ്ധ്യവും പ്രസക്തവും പ്രധാനവുമാകുന്നത്.

പരീക്ഷണശാലകളെക്കുറിച്ച്, നിരീക്ഷകർ പ്രവർത്തനശൃംഖലയുടെ ഭാഗമായിത്തീരുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നിർബന്ധമായും വരേണ്ട ഒന്നാണ് സയൻസിന്റെയും സാങ്കേതികതയുടെയും ഒന്നോടൊന്നു ചാഞ്ഞുകൊണ്ടുള്ള സഞ്ചാരം. മൈക്രോസ്‌കോപ്പുകളുടെ കണ്ടുപിടിത്തവും വളർച്ചയും സൂക്ഷ്മപ്രപഞ്ചത്തിന്റെയും, ടെലസ്‌കോപ്പുകളുടെയും വരവും സ്ഥൂലപ്രപഞ്ചത്തിന്റെ സീമകൾ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ മനുഷ്യേന്ദ്രിയങ്ങളുടെ ഒരു എക്സ്റ്റൻഷൻ തന്നെയാണ്. തന്നെയുമല്ല, പ്രവർത്തന ശൃംഖലയിൽ നിരീക്ഷകന് ഒരു അനന്യസ്ഥാനം ഉറപ്പു വരുത്തുന്നവയുമാണ്. ഐപീസിലൂടെയുള്ള ആ ദൃശ്യലോകം പുറത്തുനിൽക്കുന്നവർക്ക് കാണാനാവുന്നുമില്ല. അതുകൊണ്ടാണല്ലോ വളരെ അപൂർവ്വം സന്ദർഭങ്ങളിലൊഴിച്ച് ഇന്ത്യയിൽ 18-19 നൂറ്റാണ്ടുകളിൽ നടന്ന ഭൂമിശാസ്ത്രസർവ്വേകളിൽ തിയോഡലൈറ്റിന്റെ വീക്ഷണസ്ഥാനത്ത് ബ്രിട്ടീഷ് സർവേയർമാർ തന്നെ നിലയുറപ്പിച്ചത്.

ക്രോമസോമിന്റെ എണ്ണൽ വംശീയവാദപരമായ ഒരു പ്രോസസ്സിലൂടെ കടന്നുപോകുന്ന കാര്യം വിവരിക്കുന്നുണ്ട്. അതിൽ ശരിയുണ്ടാകാം. എന്നാൽ ഇത് സയൻസിന്റെ Trial & Error method, Falsifiability എന്നിവയുടെയും ഒരു പ്രതിഫലനമല്ലേ?പ്‌ളൂട്ടോയുടെ 'ഗ്രഹനില' മാറിമറിയുന്നതും അങ്ങിനെത്തന്നെയല്ലേ? സയൻസിന്റെ Deterministic സ്വഭാവമില്ലായ്മയെ, മുൻ വിധിയില്ലായ്മയെ എല്ലാമല്ലേ ഇത് കാണിക്കുന്നത്?ഇത്തരം പ്രോസസ്സുകളുടെ ഫലം മാറി വരുന്നത് പരീക്ഷണങ്ങൾക്കാസ്പദമായ സാങ്കേതികതയുടെ വളർച്ച കൊണ്ടുണ്ടാകുന്ന കൂടുതൽ കൃത്യതയാർന്ന, സൂക്ഷ്മതയാർന്ന ഉപകരണങ്ങളുടെ കണ്ടുപിടിത്തം കൊണ്ടു കൂടിയല്ലേ? ആ ഒരു ഘടകം ഇവിടെ കണക്കിലെടുക്കുന്നേയില്ല.

‘ലീനജ്ഞാനം: ആരായാനാവാത്ത അറിവ്’ എന്നതാണ് അദ്ധ്യായം 4. സയൻസിന്റെ ആവർത്തനക്ഷമതയെ നിർണ്ണയിക്കുന്നത് ശാസ്ത്രത്തിന്റെ പ്രയോഗ സന്ദർഭങ്ങളിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണഘടകങ്ങളാണ് എന്നതാണ് ഇതിലെ ആശയം. ജ്ഞാനവിനിമയത്തിലെ സന്ദിഗ്ദ്ധതകൾ എന്ന അഞ്ചാം അദ്ധ്യായത്തിൽ സവിശേഷജ്ഞാനവിനിമയം, വിഷയാന്തര ജ്ഞാനവിനിമയം, ബോധനപരമായ ജ്ഞാനവിനിമയം, പൊതുജനങ്ങളുമായുള്ള ജ്ഞാനവിനിമയം എന്നിങ്ങനെ നാലുതരം ശാസ്ത്രവിനിമയങ്ങളെക്കുറിച്ച് അദ്ധ്യായം 5-ൽ പ്രതിപാദിക്കുന്നു. ഇതിലെ പ്രധാനപ്പെട്ട ഒരാശയം സാങ്കേതികേതര വിനിമയമാദ്ധ്യമങ്ങൾ ശാസ്ത്രവിനിമയമേറ്റെടുത്തത് ജ്ഞാനസംബന്ധിയായ അനിശ്ചിതത്വത്തെ വർദ്ധിപ്പിക്കുകയും ശാസ്ത്രവിവാദങ്ങളെ കൊഴുപ്പിക്കുകയും ചെയ്യുന്നു എന്നതാണ്.

ക്രോമസോമിന്റെ എണ്ണൽ വംശീയവാദപരമായ ഒരു പ്രോസസ്സിലൂടെ കടന്നുപോകുന്ന കാര്യം വിവരിക്കുന്നുണ്ട്. അതിൽ ശരിയുണ്ടാകാം. എന്നാൽ ഇത് സയൻസിന്റെ Trial & Error method, Falsifiability എന്നിവയുടെയും ഒരു പ്രതിഫലനമല്ലേ?പ്‌ളൂട്ടോയുടെ 'ഗ്രഹനില' മാറിമറിയുന്നതും അങ്ങിനെത്തന്നെയല്ലേ?
ക്രോമസോമിന്റെ എണ്ണൽ വംശീയവാദപരമായ ഒരു പ്രോസസ്സിലൂടെ കടന്നുപോകുന്ന കാര്യം വിവരിക്കുന്നുണ്ട്. അതിൽ ശരിയുണ്ടാകാം. എന്നാൽ ഇത് സയൻസിന്റെ Trial & Error method, Falsifiability എന്നിവയുടെയും ഒരു പ്രതിഫലനമല്ലേ?പ്‌ളൂട്ടോയുടെ 'ഗ്രഹനില' മാറിമറിയുന്നതും അങ്ങിനെത്തന്നെയല്ലേ?

പുരുഷകേന്ദ്രീകൃതമായ പ്രൈമെറ്റോളജി പഠനത്തെക്കുറിച്ചും, പിന്നീടത് ജനാധിപത്യബോധത്തോടുകൂടി ശാസ്ത്രഗവേഷണത്തിലേർപ്പെട്ടവർ വ്യക്തമായ ലിംഗരാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ പുതുക്കിപ്പണിതുകൊണ്ട് ഭിന്നലൈംഗികതയിലേക്ക് മാറുന്നതും 'ഉടലറിവുകൾ' എന്ന ഭാഗത്ത്, അദ്ധ്യായം 6-ൽ, വിവരിക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃതവും വംശീയവും സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായിരുന്നു ഉടലറിവുകളെക്കുറിച്ചുള്ള ആദ്യകാലപഠനങ്ങൾ എന്നാണ് കഴുതപ്പുലിയുടെ, സാറാ ബാർട്മാന്റെ ഒക്കെ പഠനങ്ങളിലൂടെ വെളിവാകുന്നത് എന്ന് ഷിജു സമർത്ഥിക്കുന്നു. സ്റ്റീഫൻ ഹോക്കിങ്ങിന്റെ സൈബോർഗ് ജീവിതത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇത് വായിച്ചപ്പോൾ ഓർമ്മ വന്ന മറ്റൊരു കാര്യം ചേർത്തുവെയ്ക്കുന്നു: തേനീച്ചക്കൂട്ടിലെ നേതാവ് ആൺ തേനീച്ചയാണെന്നായിരുന്നു ധാരണ, 1586-ൽ സ്‌പെയ്‌നിലുള്ള ലൂയി മെൻഡെസ് ഡി ടോറസ് 'അമ്മത്തേനീച്ചയാണ്' കൂടിന്റെ കേന്ദ്രം എന്നു കണ്ടുപിടിക്കും വരെ. 1609- ൽ ഇംഗ്‌ളണ്ടിലെ ചാൾസ് ബട്ലർ ആണ് ക്വീൻ ബീ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്.

ആദ്യകാല പരിസ്ഥിതിസമരങ്ങൾക്ക് നേതൃത്വം കൊടുത്തത് ഇടതുപക്ഷവും ശാസ്ത്രസാഹിത്യ പരിഷത്തുമായിരുന്നു. എന്നാൽ തൊണ്ണൂറുകളിലെ ആഗോളവൽക്കരണത്തിനു ശേഷം അധികാരത്തിലിരിക്കുന്ന ഇടതുപക്ഷസർക്കാർ വികസനത്തിന്റെ വക്താക്കളാവുകയും പരിഷത്ത് പരിസ്ഥിതിപ്രതിഷേധങ്ങളിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയുമായിരുന്നു.

ജനങ്ങൾ ശാസ്ത്രത്തിലിടപെടുമ്പോൾ

കേരള സംസ്ഥാനം രൂപപ്പെട്ട് ആദ്യദശകങ്ങൾ ദേശമെമ്പാടും പഞ്ചവൽസരപദ്ധതികളുടെയും ഹരിത വിപ്‌ളവത്തിന്റെയും കാലമായിരുന്നു. കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനായി പുതിയ കൃഷിരീതികൾ, അണക്കെട്ട് നിർമ്മാണം എന്നിവയും ഊർജ്ജാവശ്യത്തിന് ജലവൈദ്യുതിപദ്ധതികൾ പോലുള്ളവയും നടപ്പിലാക്കുകയായിരുന്നു. ഭക്ഷ്യസ്വയം പര്യാപ്തത, ജലസുലഭത, ഊർജ്ജ ഭക്ഷ്യസ്വയം പര്യാപ്തത തുടങ്ങിയവ ആർജ്ജിക്കാനായി പ്രകൃതിയിൽ ഇടപെടുമ്പോൾ പരിസ്ഥിതിശോഷണം, മലിനീകരണം തുടങ്ങീ ഒരുപാട് പാർശ്വഫലങ്ങളുണ്ടാകാമെന്ന് കേരളം വേഗത്തിൽ തിരിച്ചറിഞ്ഞു. അതിനെത്തുടർന്ന് എൺപതുകളിലാണ് പരിസ്ഥിതി പ്രവർത്തനങ്ങൾ കേരളത്തിൽ ശക്തമായത്. സൈലന്റ് വാലി പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭത്തോടെ ഇതിന് ദേശീയതലത്തിലുള്ള ശ്രദ്ധ ലഭിച്ചു. തുടർന്ന് ചെറുതും വലുതുമായ നിരവധി പരിസ്ഥിതിപ്രക്ഷോഭങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം നടന്നു. എൻഡോസൾഫാൻ ഉപയോഗത്തിനെതിരെ, പെരിങ്ങോം ആണവനിലയത്തിനെതിരെ, കൂടങ്കുളം ആണവനിലയത്തിനെതിരെ, അതിരപ്പിള്ളി പദ്ധതിക്കെതിരെ, കെ. റെയിലിനെതിരെ ഒക്കെ പൊതുജനപ്രതിരോധങ്ങൾ ഉയർന്നുവന്നു. പശ്ചിമഘട്ടസംരക്ഷണത്തിനായുള്ള ജനാധിപത്യപരമായ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സർക്കാർ നടപ്പിലാക്കിയില്ല. എൻ.എച്ച് 66-ന്റെ നിർമ്മാണത്തിലുള്ള സാങ്കേതികപ്പിഴവുകൾ മൂലം പലയിടത്തും മണ്ണിടിയുകയും റോഡ് പൊളിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഈ പുസ്തകത്തിൽപ്പറയുന്ന ജ്ഞാനവൈദഗ്ദ്ധ്യവും സ്വാനുഭവങ്ങളിലൂടെയും നിത്യവൃത്തിയിലൂടെയും മനുഷ്യരാർജ്ജിക്കുന്ന ജീവനവൈദഗ്ദ്ധ്യവും (പേജ് 259) പ്രസക്തവും പ്രധാനവുമാകുന്നത്. ഉദാഹരണത്തിന്, ദേശീയപാത 66-ന്റെ നിർമ്മാണസമയത്ത് കേരളത്തിന്റെ ജലജാലത്തെക്കുറിച്ച്, വെള്ളത്തിന്റെ ഒഴുക്കുവഴികളെക്കുറിച്ച് ഒക്കെയുള്ള പ്രാദേശികമായ അറിവുകൾ ശേഖരിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെ പണിതതിന്റെ അപാകതകൾ ഉണ്ടായിക്കൊണ്ടേയിരിക്കുകയാണ്. കാസർഗോഡ് ഭാഗത്ത് ഇടനാടൻ ചെങ്കൽക്കുന്നുകൾ വെട്ടിമാറ്റുമ്പോൾ, അക്വിഫറുകൾ ഛേദിക്കപ്പെട്ട് വെള്ളം ചീറ്റിയൊഴുകി, മണ്ണിടിയുന്നു. കൂരിയാട് ദേശീയപാതയുടെ പാർശ്വഭിത്തി പൊളിഞ്ഞ് മണ്ണിടിയുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രമോ, മണ്ണിൻെറ ഘടനയോ, ഹൈഡ്‌റോളജിയോ അറിയാത്ത കരാറുകാരും ഉദ്യോഗസ്ഥരുമാണ് ജോലിയുടെ ചുമതലക്കാർ. ദേശവാസികളുടെ പ്രാദേശികജ്ഞാനം ഉപയോഗപ്പെടുത്തുന്നതേയില്ല.

കൂരിയാട് ദേശീയപാതയുടെ പാർശ്വഭിത്തി പൊളിഞ്ഞ് മണ്ണിടിഞ്ഞ നിലയിൽ
കൂരിയാട് ദേശീയപാതയുടെ പാർശ്വഭിത്തി പൊളിഞ്ഞ് മണ്ണിടിഞ്ഞ നിലയിൽ

സാങ്കേതിക ശാസ്ത്രപദ്ധതികൾ, പരിസ്ഥിതിപ്രശ്നങ്ങൾ, വികസനസംബന്ധിയായ തീരുമാനങ്ങൾ, പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ എന്നിവയെ സംബന്ധിച്ച ചർച്ചകളിൽ നയരൂപീകരണങ്ങളിൽ ഭരണകൂടം സയൻസിനെ ഉപയോഗിക്കുന്നു. പദ്ധതികളുടെ അപകടസാധ്യതാ പഠനത്തെക്കുറിച്ച് ഒരദ്ധ്യായം തന്നെയുണ്ട്. സമകാലീനവിഷയങ്ങളായ കാലാവസ്ഥാവ്യതിയാനം, അണുശക്തി, ജൈവവ്യതിയാനം വരുത്തിയ വിത്തുകൾ, നിർമ്മിതബുദ്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ട Risk - BC ratio, പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട സാമ്പത്തിക, സാമൂഹിക ലാഭനഷ്ടങ്ങൾ എന്നിവയും ചർച്ചാവിഷയമാവുന്നുണ്ട്.

വിജ്ഞാനോൽപ്പാദനത്തിന്റെ പ്രാഥമിക സ്ഥാപനരൂപം സർവ്വകലാശാലകളായിരുന്നു. ഇപ്പോൾ കോർപ്പറേറ്റ് പരീക്ഷണശാലകളിലും നടക്കുന്നുണ്ട്. ഈയൊരു മാറ്റം ശാസ്ത്രത്തിന്റെ ലക്ഷ്യത്തെ, മാർഗ്ഗത്തെ, രീതിശാസ്ത്രത്തെ ഒക്കെ മാറ്റിമറിക്കുന്നുണ്ട്. അടിസ്ഥാന ശാസ്ത്രഗവേഷണത്തിനും ഭരണകൂടത്തിനും ഇടയ്ക്ക് നിൽക്കുന്ന കാര്യനിർവ്വഹണ ശാസ്ത്രത്തിന്റെ ഉത്തരവാദിത്വങ്ങളും പ്രതിസന്ധികളും താഴെപ്പറയുന്ന ഉദാഹരണത്തിൽ കാണാം. വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളും അനുഭവസ്ഥരുടെ അഭിപ്രായങ്ങളും ആസ്പദമാക്കി 2018-ലെ പ്രളയത്തിനുശേഷം കേരള സർക്കാർ തയ്യാറാക്കിയ PDNA report-ൽ (Post Disaster Need Assessment report) ഭാവിയിൽ നമ്മുടെ സംസ്ഥാനത്ത് നിർമ്മാണപ്രവർത്തനം നടക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കേരളത്തിന്റെ ജലരാശിയേയും ഒഴുക്കിനേയും കണക്കിലെടുത്തുകൊണ്ടു മാത്രം നിർമ്മാണപ്രവൃത്തികൾ നടത്തുക എന്നത്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66-ന്റെ നിർമ്മാണത്തിൽ പ്രദേശത്തുള്ളവരുടെ കാലാകാലമായുള്ള അറിവ് വേണ്ടവിധം ഉപയോഗപ്പെടുത്തിക്കൊണ്ടല്ല ചെയ്തിട്ടുള്ളത് എന്നു കാണാം. 2018-ലെ പ്രളയസമയത്ത് ചാലക്കുടിപ്പുഴയുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടണമെന്ന് അവിടെയുള്ള ജനകീയസമിതി അധികാരികളോടാവശ്യപ്പെട്ടിരുന്നു. അത് ചെവിക്കൊള്ളാത്തതുകൊണ്ട് ദുരന്തങ്ങളുടെ തീവ്രത കൂടി. 2024 ജൂലൈയിൽ മുണ്ടക്കൈ ദുരന്തം സംബന്ധിച്ച വിവരങ്ങൾ വയനാട്ടിലെ ഹ്യൂം സെന്റർ ബന്ധപ്പെട്ട അധികാരികളെ നേരത്തെ കൂട്ടി അറിയിച്ചിരുന്നു എന്ന റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ജീവനഅറിവുകൾ പ്രയോജനപ്പെടുത്തുമ്പോൾ അതിലടങ്ങിയിരിക്കുന്ന അപകടം കൂടി ഷിജു ചൂണ്ടിക്കാണിക്കുന്നുണ്ട്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്നൊരു സാഹചര്യം ചിലപ്പോൾ ഉടലെടുത്തേക്കാം. ഉദാഹരണത്തിന്, ജനകീയാസൂത്രണസമയത്ത് സാങ്കേതികപ്രവൃത്തികളുടെ നിർവ്വഹണത്തിൽ അങ്ങിനെയൊരു സ്ഥിതിവിശേഷം ഉണ്ടായതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യകാല പരിസ്ഥിതിസമരങ്ങൾക്ക് നേതൃത്വം കൊടുത്തത് ഇടതുപക്ഷവും അവരോട് ചേർന്നുനിൽക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തുമായിരുന്നു. എന്നാൽ തൊണ്ണൂറുകളിലെ ആഗോളവൽക്കരണത്തിനു ശേഷം അധികാരത്തിലിരിക്കുന്ന ഇടതുപക്ഷസർക്കാർ വികസനത്തിന്റെ വക്താക്കളാവുകയും പരിഷത്ത് പരിസ്ഥിതിപ്രതിഷേധങ്ങളിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഈ വിടവ് ശരിക്ക് ദൃശ്യമായത് അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെയും കെ. റെയിലിന്റെയും കാലത്തായിരുന്നു. അന്ധമായ വികസനേച്ഛ ആഗ്രഹിക്കുന്നവരും പരിസ്ഥിതിതീവ്രവാദികളും തമ്മിലുള്ള സംഘർഷം കേരളത്തിൽ വർദ്ധിച്ചുവരുന്നതായിക്കാണാം. ഇതിൽ ആരാണ് ശാസ്ത്രവാദികൾ, ആരാണ് ശാസ്ത്രീയചിന്തകർ എന്നത് ചിന്തനീയമാണ്.

2024 ജൂലൈയിൽ മുണ്ടക്കൈ ദുരന്തം സംബന്ധിച്ച വിവരങ്ങൾ വയനാട്ടിലെ ഹ്യൂം സെന്റർ ബന്ധപ്പെട്ട അധികാരികളെ നേരത്തെ കൂട്ടി അറിയിച്ചിരുന്നു എന്ന റിപ്പോർട്ടുകളുണ്ട്.
2024 ജൂലൈയിൽ മുണ്ടക്കൈ ദുരന്തം സംബന്ധിച്ച വിവരങ്ങൾ വയനാട്ടിലെ ഹ്യൂം സെന്റർ ബന്ധപ്പെട്ട അധികാരികളെ നേരത്തെ കൂട്ടി അറിയിച്ചിരുന്നു എന്ന റിപ്പോർട്ടുകളുണ്ട്.

പരിഷത്തിന്റെ പ്രവർത്തനങ്ങളെ വില മതിക്കുമ്പോൾ തന്നെ 'ശാസ്ത്രം വിപ്‌ളവത്തിന്' എന്ന കാമ്പയിനിലെ ശാസ്ത്രം സാമൂഹികതയ്ക്ക് പുറത്താണ് എന്ന സൂചന തീർത്തും തെറ്റാണ് എന്ന് പറയുന്നുണ്ട് ഷിജു. വിജ്ഞാനരൂപീകരണത്തിന്റെ ആന്തരികഘടന പ്രജ്ഞാപരമാണ്, സാമൂഹികഘടകങ്ങൾ പുറത്തുനിന്നാണ് സയൻസിൽ സമ്മർദ്ദം ചെലുത്തുന്നത് എന്ന പരിഷത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നുമുണ്ട്.

ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിന്റെ കൂടെ നിൽക്കാത്തവർ മുഴുവനും ശാസ്ത്രത്തിനും ശാസ്ത്രീയതയ്ക്കും എതിരാണ് എന്ന ഒരു കാഴ്ചപ്പാടുണ്ടായി വന്നു. ഇക്കാലത്ത് പ്രകൃതിവിഭവങ്ങൾ പരമാവധി ചൂഷണം ചെയ്ത് ജീവിക്കുക എന്നത് ഒരു ശാസ്ത്രീയജീവനമായി എണ്ണപ്പെടുന്നു. പ്രകൃതിവിഭവശോഷണവും കാലാവസ്ഥാവ്യതിയാനവും ചേർന്ന് മനുഷ്യരുടെ ജീവനപരിസരം വിനാശത്തിലേക്ക് നയിക്കുന്നത് പതുക്കെപ്പതുക്കെയാണ്. അതിന് ഉടൻ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ഭൗതികസൗകര്യവികസനത്തിന്റെ ഫലം അപ്പപ്പോൾ അനുഭവിക്കാനാകും. ശരിയായ ശാസ്ത്രീയതയെ സൗകര്യവാദം മറികടക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ നിലവിലുള്ളത്. അതുകൊണ്ടു തന്നെയാണ് പശ്ചിമഘട്ടസംരക്ഷണത്തിനായി മാധവ് ഗാഡ്ഗിൽ സമർപ്പിച്ച ജനാധിപത്യപരമായ ഒരു മാർഗ്ഗനിർദ്ദേശറിപ്പോർട്ടിനെ മറികടന്ന് തങ്ങൾക്കനുകൂലമായ റിപ്പോർട്ട് ലഭിക്കുവാൻ വേണ്ടി കസ്തൂരിരംഗനെയും പിന്നെ ഉമ്മൻ വി ഉമ്മനെയും ഏൽപ്പിച്ചത്. ഇക്കാര്യം ഈ പുസ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്.

യൂറോപ്യൻ സയൻസിന്റെ രീതിശാസ്ത്രങ്ങൾ പിന്തുടരാത്ത എല്ലാ അറിവുകളെയും ശാസ്ത്രം എന്ന നിർവ്വചനത്തിനു പുറത്തുനിർത്തുന്ന സമ്പ്രദായം പ്രചാരത്തിലുണ്ട്. അന്ധമായ ഈ ശാസ്ത്രവാദം പല നിർണ്ണായകഘട്ടങ്ങളിലും സമൂഹത്തിൽ ദൃശ്യമാകാറുണ്ട്. കോവിഡ് കാലത്ത് കേരളസർക്കാർ വാക്‌സിൻ, ഐസൊലേഷൻ എന്നീ കാര്യങ്ങളിൽ മോഡേൺ മെഡിസിന്റെ പ്രോട്ടോക്കോൾ മാത്രം പിന്തുടരുകയും ആയുർവ്വേദം, ഹോമിയോ തുടങ്ങിയ വൈദ്യസമ്പ്രദായങ്ങളെ സ്വീകരിക്കുവാൻ വിസ്സമ്മതിക്കുകയും ചെയ്തു. സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന ആയുർവ്വേദ, ഹോമിയോ കോളേജുകളും ആസ്പത്രികളും ഇവിടെയുണ്ട് എന്ന കാര്യം കണക്കിലെടുക്കുമ്പോൾ സർക്കാറിന്റെ ഈ നടപടി എത്രത്തോളം ഉചിതമായിരുന്നു എന്ന് പരിശോധിക്കേണ്ടി വരും.

പരിഷത്തിന്റെ പ്രവർത്തനങ്ങളെ വില മതിക്കുമ്പോൾ തന്നെ 'ശാസ്ത്രം വിപ്‌ളവത്തിന്' എന്ന കാമ്പയിനിലെ ശാസ്ത്രം സാമൂഹികതയ്ക്ക് പുറത്താണ് എന്ന സൂചന തീർത്തും തെറ്റാണ് എന്ന് പറയുന്നുണ്ട് ഷിജു.

മറ്റൊരു അപകടം, ശാസ്ത്രവാദം എന്ന പേരിൽ നമ്മുടെ സമൂഹത്തിന്റെ ഇഴയടുപ്പത്തിനു തന്നെ ഭീഷണിയാവുന്ന ആശയങ്ങൾ പങ്കുവെക്കുന്ന ചില വ്യക്തികളും നവയുക്തിവാദി- ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പുകളുമാണ്. ഇവരും ഈ പുസ്തകത്തിൽ തുറന്നുകാട്ടപ്പെടുന്നുണ്ട്. ശാസ്ത്രീയയുക്തി ഉപയോഗിച്ച് സ്വതന്ത്രമായി ചിന്തിച്ച് പ്രകൃതി-സാമൂഹിക യാഥാർത്ഥ്യങ്ങളെ മൂല്യനിരപേക്ഷമായി മനസ്സിലാക്കാനാകുമെന്ന കാൾ പോപ്പറുടെ ദർശനത്തിൽ പരിഷത്ത് വിശ്വസിക്കുന്നു. മുതലാളിത്തസമൂഹത്തിൽ മൂലധനതാല്പര്യങ്ങൾ ശാസ്ത്രസമുദായത്തിന്റെ വിജ്ഞാനപ്രവർത്തനങ്ങളുടെ ദിശയെ രൂപപ്പെടുത്തുന്നുവെന്ന് അവർ അംഗീകരിക്കുന്നു. ശാസ്ത്രത്തെ കൂടുതലായി ജനങ്ങളിലെത്തിക്കാനും ശാസ്ത്രാവബോധം വളർത്താനും പരിഷത്ത് പ്രയത്‌നിച്ചിട്ടുണ്ട്. ശാസ്ത്രവാദത്തിലൂന്നിയുള്ള ടെക്‌നോക്രാറ്റിക് സമീപനത്തിന് പരിസ്ഥിതി പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനാവില്ലെന്നത് അവർ എഴുപതുകളിലേ തിരിച്ചറിഞ്ഞിരുന്നു, മുന്നോട്ടു വച്ച ബദൽസമീപനം പരിമിതികളുള്ളതായിരുന്നെങ്കിലും. മലയാളികളുടെ ശാസ്ത്രസമീപനത്തിൽ പരിഷത്തിനുള്ള സ്വാധീനം തൊണ്ണൂറുകൾ മുതൽ അയഞ്ഞുതുടങ്ങുന്നുണ്ടെന്നും മാദ്ധ്യമങ്ങളാണ് അക്കാലത്ത് ജനങ്ങളെ ബാധിക്കുന്ന ശാസ്ത്രവിഷയങ്ങളെ സജീവമായി നിറുത്തിയതെന്നും ഷിജു നിരീക്ഷിക്കുന്നുണ്ട്.

 മാധവ് ഗാഡ്ഗിൽ സമർപ്പിച്ച ജനാധിപത്യപരമായ ഒരു മാർഗ്ഗനിർദ്ദേശറിപ്പോർട്ടിനെ മറികടന്ന് തങ്ങൾക്കനുകൂലമായ റിപ്പോർട്ട് ലഭിക്കുവാൻ വേണ്ടി കസ്തൂരിരംഗനെയും പിന്നെ ഉമ്മൻ വി ഉമ്മനെയും ഏൽപ്പിച്ചത്. ഇക്കാര്യം ഈ പുസ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്.
മാധവ് ഗാഡ്ഗിൽ സമർപ്പിച്ച ജനാധിപത്യപരമായ ഒരു മാർഗ്ഗനിർദ്ദേശറിപ്പോർട്ടിനെ മറികടന്ന് തങ്ങൾക്കനുകൂലമായ റിപ്പോർട്ട് ലഭിക്കുവാൻ വേണ്ടി കസ്തൂരിരംഗനെയും പിന്നെ ഉമ്മൻ വി ഉമ്മനെയും ഏൽപ്പിച്ചത്. ഇക്കാര്യം ഈ പുസ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്.

ഈ പുസ്തകത്തിലെ ആശയങ്ങളെ ഇങ്ങനെ ക്രോഡീകരിച്ചിരിക്കുന്നു: ആധുനിക ശാസ്ത്രം ജ്ഞാനസിദ്ധാന്തപരമായുള്ള മേൽക്കോയ്മ, സാമൂഹിക-പരിസ്ഥിതി ആഘാതശേഷി, മുതലാളിത്തവുമായുള്ള ചാർച്ച തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് പ്രധാനപ്പെട്ടതാണ്. ശാസ്ത്രം സംഘബദ്ധമായ പ്രവർത്തനമാണ് നടത്തുന്നത്. ശാസ്ത്രത്തിന്റെ സാമൂഹികതയെക്കുറിച്ച് പഠിക്കുന്നത് ഗവേഷണങ്ങളെയും ജനകീയശാസ്ത്രപ്രവർത്തനങ്ങളെയും ഗുണപരമായി മെച്ചപ്പെടുത്തും. സാമൂഹിക-ചരിത്രബന്ധങ്ങൾക്കു പുറത്തു വർത്തിക്കുന്ന വിജ്ഞാനരൂപമായി സയൻസിനെ പരിഗണിക്കുന്ന ശാസ്ത്രവാദം ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്രമാണ്. ഇന്ത്യയിലെ ശാസ്ത്രവിമർശം ഇവിടെ നിലനിൽക്കുന്ന ജാതി, ലിംഗ, വർഗ്ഗ, മത, പ്രാദേശിക പരിഗണകൾക്കകത്താണ് പ്രവർത്തിക്കുന്നത്. സാമൂഹികതയുടെ നിർമ്മാണത്തിലും സാമൂഹികക്രമത്തിന്റെ സംരക്ഷണത്തിലും സയൻസിന് ശക്തമായ പങ്കുണ്ട്. സയൻസ് ഏകശിലാത്മകമല്ല. അതിൽ പല സമീപനരീതികൾ സംവാദത്തിലേർപ്പെടുകയും നിരന്തരം പരിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നു. അടിസ്ഥാനശാസ്ത്രം/പ്രയോഗശാസ്ത്രം എന്ന വിഭജനം ശാസ്ത്രവാദപരമാണ്. ഭവമിന്നലുകളായി പരീക്ഷണശാലയിലും (ക്വാണ്ടം പ്രതിഭാസങ്ങൾ) ഭൗതികലോകത്തിലും (കാലാവസ്ഥാവ്യതിയാനം) പ്രത്യക്ഷപ്പെടുന്ന ഗാഢയാഥാർത്ഥ്യങ്ങൾ ചിലവ മനുഷ്യജിജ്ഞാസയെ സാർത്ഥകമാക്കുകയും ചിലവ ഭവിഷ്യത്തുകളിലേക്കുള്ള സൂചനയുമാകുന്നു. എല്ലാ അറിവുസമ്പ്രദായങ്ങളും സാമൂഹികജ്ഞാന സിദ്ധാന്തപരമായി വിമർശിക്കപ്പെടണം. വിജ്ഞാനത്തിന്റെ ബഹുലത പ്രധാനമാണ്. അരികുവൽക്കരിക്കപ്പെട്ടവരുടെ അനുഭവജ്ഞാനവും ജനാധിപത്യസമൂഹത്തിന് പ്രധാനമാണ്. അറിവു പാരമ്പര്യങ്ങളുടെ മൂല്യവ്യവസ്ഥ നിർണ്ണയിക്കേണ്ടത് സാമൂഹിക ജ്ഞാനസിദ്ധാന്തത്തിന്റെ വിശകലന രീതികളുപയോഗിച്ച് അവയുടെ ജനാധിപത്യ ഭാവനാശേഷി വിലയിരുത്തിക്കൊണ്ടാണ്.

മുതലാളിത്തത്തിന്റെ വരവോടെ, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ, രണ്ടാം ലോകമഹായുദ്ധത്തോടെ ബൃഹത്ശാസ്ത്രം വികസിച്ചു എന്ന് ഈ പുസ്തകത്തിൽ പലയിടത്തും പറയുന്നുണ്ട്. എന്നാൽ പതിനെട്ട്- പത്തൊമ്പത് നൂറ്റാണ്ടുകളിൽ തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിയും അധിനിവേശ ഭരണകൂടങ്ങളും ഒരുപാട് ധനം ചെലവഴിച്ച് ലോകമെമ്പാടും ആസൂത്രിതമായി നടത്തിയ ശാസ്ത്രസംരംഭങ്ങളുണ്ടായിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളും കൂട്ടുചേർന്ന് നടത്തിയ ശാസ്ത്രപ്രവർത്തനങ്ങളുമുണ്ടായിരുന്നു. അതിൽ പ്രധാനം ഭൂമിശാസ്ത്രസർവ്വേകളായിരുന്നു.

മനുഷ്യരുടെ സഹജമായ ഈ അന്വേഷണത്വര, ജിജ്ഞാസ എന്ന ഘടകം ‘ശാസ്ത്രവിമർശം’ എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്നതേയില്ല.

മുഖവരയിൽ, എന്തുകൊണ്ട് ഈ പുസ്തകം എന്നതിന് ഉപോൽബലകമായി മലയാളത്തിലെ ചില പുസ്തകങ്ങളെ എടുത്തുപറഞ്ഞ് അതിൽ ശാസ്ത്രത്തെ സാമൂഹിക കാഴ്ചപ്പാടിൽ വിലയിരുത്തിയിട്ടില്ല എന്ന് വിമർശിക്കുന്നുണ്ട്. അതിൽ പല പുസ്തകങ്ങളും, ‘പ്രപഞ്ചവും മനുഷ്യനും’, ‘ഭൗമചാപം’ - അതാതു വിഷയങ്ങളിൽ മലയാളത്തിൽ എഴുതപ്പെട്ട ആദ്യ പുസ്തകങ്ങളായിരുന്നു. ആ നിലയ്ക്ക് വിഷയം പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് അത്തരം പുസ്തകങ്ങൾക്കുള്ളത്.

ഭൗമചാപത്തെക്കുറിച്ച് പറയുന്ന വിമർശനം ഇതാണ്: 'ഭൂപടനിർമ്മാണത്തെ സ്വാധീനിച്ച അധിനിവേശ ചരിത്രപശ്ചാത്തലത്തെക്കുറിച്ചുള്ള വിവരവും വിവരണങ്ങളും കൊണ്ട് ഈ പുസ്തകം സമൃദ്ധമാണ്. കൊളോണിയൽ അധികാരബന്ധങ്ങളും സാംസ്കാരിക മുൻ വിധികളും ഭൂപടവിജ്ഞാനീയത്തെയും ഇന്ത്യയിലെ വൻ ത്രികോണമിതി സർവ്വേയെയും ആഴത്തിൽ രൂപപ്പെടുത്തിയതെങ്ങനെയെന്നും ഈ വിജ്ഞാനപ്രവർത്തനങ്ങൾ കൊളോണിയലിസത്തെയും ആധുനികശാസ്ത്രത്തെയും പരിപോഷിപ്പിച്ചത് എങ്ങനെയെന്നുമുള്ള സൂക്ഷ്മവിശകലനത്തിലേക്ക് ഈ കൃതി കടക്കുന്നില്ല’.

ആ കൃതിയുടെ രചയിതാവ് എന്ന നിലയ്ക്ക് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു. ഈ പുസ്തകത്തിൽ:

1. ഇന്ത്യയിലെ അഞ്ഞൂറിൽപ്പരം ദേശങ്ങളിലെ ഭാഷാവ്യത്യാസമടക്കമുള്ള സാംസ്‌കാരികവൈവിദ്ധ്യം എങ്ങനെ സർവ്വേപ്രവർത്തനങ്ങളെ സ്വാധീനിച്ചു എന്ന് പ്രതിപാദിക്കുന്നുണ്ട്.

2. സർവ്വേ എങ്ങനെ അക്ഷരാർത്ഥത്തിലും ആലങ്കാരികാർത്ഥത്തിലും ജെറെമി ബെന്തം വിഭാവന ചെയ്ത, മനുഷ്യരെ അവരറിഞ്ഞും അറിയാതെയും നിരീക്ഷിക്കുന്ന പാനോപ്ടികോൺ (Panopticon) ആയി വർത്തിച്ചു എന്ന് വിശദീകരിക്കുന്നുണ്ട്.

3. മനുഷ്യരെ വാസസ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും മരങ്ങൾ മുറിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വിവരിക്കുന്നുണ്ട്. തിയോഡലൈറ്റിൽക്കൂടി നിരീക്ഷിക്കുമ്പോൾ ആ രേഖയിൽ സ്ത്രീകളുടെ താമസസ്ഥലം വരുമെന്ന തദ്ദേശീയരുടെ പ്രതിഷേധം കൊണ്ട് വീക്ഷണരേഖ മാറ്റുന്നതും അത് നിരീക്ഷണങ്ങളുടെ കൃത്യതയെ ബാധിക്കുന്നതുമായ കാര്യങ്ങളും വരുന്നുണ്ട്.

4. ലണ്ടനിലെ കാര്യാലയങ്ങളിലിരുന്നുകൊണ്ട് ഭൂപടങ്ങളിലെ വിവരങ്ങൾ പഠിച്ചുകൊണ്ട് ബ്രിട്ടീഷ് അധികാരികൾ എങ്ങിനെ ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അധിനിവേശം സാദ്ധ്യമാക്കി എന്നതിനെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്.

സി.എസ് മീനാക്ഷി എഴുതിയ ഭൗമചാപം എന്ന പുസ്തകം
സി.എസ് മീനാക്ഷി എഴുതിയ ഭൗമചാപം എന്ന പുസ്തകം

5. യുദ്ധത്തിനും അതിർത്തിനിർണ്ണയത്തിനും വേഗത കൂട്ടുവാനും ചിലവ് കുറയ്ക്കുവാനും വേണ്ടി ഒരു സന്ദർഭത്തിൽ ഒരു ഡിഗ്രി ഇന്റർവെല്ലിനു പകരം 2 ഡിഗ്രി ഇന്റർവെൽ രേഖാംശത്തിൽ സർവ്വേ ചെയ്താൽ മതിയെന്ന് സർക്കാർ പറയുന്നു. എന്നാൽ അങ്ങിനെ ചെയ്യുന്നത് ശാസ്ത്രകൃത്യതയെ ബാധിക്കുമെന്നതിനാൽ അത് സാദ്ധ്യമല്ല എന്ന് എവറസ്റ്റ് അധികാരികൾക്ക് മറുപടി കൊടുക്കുന്നുണ്ട്. സർവ്വേ ചെയ്ത ലാംബ്ടണും എവറസ്റ്റും അടക്കമുള്ളവർ പട്ടാളക്കാരായിരുന്നുവെങ്കിലും അടിസ്ഥാനപരമായി ശാസ്ത്രജ്ഞരും കൂടിയായിരുന്നു. അതുകൊണ്ടു തന്നെ വൻ ത്രികോണമിതി സർവ്വേ പോലുള്ള ഒരു ശാസ്ത്രപ്രവർത്തനത്തിന്റെ കൃത്യത അധിനിവേശലക്ഷ്യങ്ങൾക്കു വേണ്ടി അവരൊരിക്കലും വിട്ടുവീഴ്ച്ച ചെയ്തില്ല. ആനന്ദ് അവതാരികയിൽ എഴുതുന്നു: “ബ്രിട്ടീഷ് ഭരണാധികാരികൾ ഇത്തരം സംരംഭങ്ങൾക്ക് തുനിഞ്ഞിറങ്ങിയതിനു പിന്നിൽ തീർച്ചയായും കൊളോണിയൽ താല്പര്യങ്ങളുണ്ടായിരുന്നു. പക്ഷെ അത് നിവർത്തിച്ചവരുടെ കഥ കാണിക്കുന്നത് അവർ ആ ഉദ്ദേശ്യങ്ങളെ നിരന്തരം ഓവർഷൂട്ട് ചെയ്തിരുന്നുവെന്നാണ്. കാരണം അന്വേഷണത്തിനിറങ്ങിത്തിരിച്ച മനുഷ്യൻ പിന്നെ പ്രാഥമികമായി അന്വേഷകനാണ്, മറ്റാരുമല്ല.”

മനുഷ്യരുടെ സഹജമായ ഈ അന്വേഷണത്വര, ജിജ്ഞാസ എന്ന ഘടകം ശാസ്ത്രവിമർശം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്നതേയില്ല. സയൻസിന്റെ ഉരുവാകലും പരിണാമവുമെല്ലാം സാമൂഹികമാണെന്ന് സ്ഥാപിക്കുമ്പോഴും മനുഷ്യമനസ്സിന്റെ ആദിമജിജ്ഞാസയെ കണക്കിലെടുക്കാതിരിക്കാൻ സാദ്ധ്യമല്ല.

വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച ജെസ്യൂട്ട് പാതിരിയായ ടൈഫന്തലെറുടെയും കാൾ സാഗന്റെയും മനുഷ്യജിജ്ഞാസയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ എന്നത്തേയും ശാസ്ത്രജ്ഞർ വിലമതിക്കുന്നതാണ്.

Next to the salvation of souls... nothing has afforded me greater pleasure than the study of the geographical position of places, the variation of winds, the nature of the soil and the character and manners of the regions through which I am travelling... thereby to acquire a greater knowledge of the creator and fix my mind on things heavenly.

-Father Tieffenthaler, Jesuit Missionary, 1759

'We are a way for the cosmos to know itself' - Carl Sagan

അതുപോലെത്തന്നെയാണ് കർമ്മവ്യവഹാരങ്ങൾക്കിടയ്ക്ക് serendipity എന്നു പറയുന്ന യാദൃച്ഛികതകളെ കണ്ടുമുട്ടുന്നതും. പെൻസിലിൻ, എക്‌സ്‌റേ എല്ലാം യാദൃച്ഛികകണ്ടുപിടിത്തങ്ങളായിരുന്നു.തീർച്ചയായിട്ടും ആ ആകസ്മിതകളെ സ്വീകരിക്കാൻ തുറന്നുവച്ച മനസ്സും ആ നിമിഷത്തിലേക്ക് എത്തിപ്പെടുന്ന പ്രവർത്തനങ്ങളും പ്രധാനമാണ്. ഭവനിലമിന്നലുകളെക്കുറിച്ച് ഒരിടത്ത് പറഞ്ഞുപോകുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണം ഈ സന്ദർഭത്തിൽ പരാമർശിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു.

ഭൂമിയുടെ അവസാനമെങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഒരു നൂറുകൊല്ലം മുൻപൊക്കെയുള്ള ശാസ്ത്രവീക്ഷണം എങ്ങനെയായിരുന്നു? ഏംഗൽസിന്റെ 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകഭൗതികവാദം' എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ:

'..............the time will come when the declining warmth of the sun will no longer suffice to melt the ice thrusting itself forward from the poles; when the human race crowding more and more about the equator will finally no longer find even there enough heat for life; when gradually even the last trace of organic life will vanish; and the earth, an extinct frozen globe like the moon.........

(Frederick Engels, Dialectics of Nature,1883, chapter1 introduction)

കോടിക്കണക്കിന് വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയുടെ ഊർജ്ജദാതാവായിരിക്കുന്ന സൂര്യനിലെ ഇന്ധനങ്ങൾ കത്തിക്കത്തി ഇല്ലാതാവുന്ന ഒരവസ്ഥ വരും. ആ കാലത്ത് ഭൂമി തണുക്കും അപ്പോൾ ചൂട് തേടി ജീവജാലങ്ങൾ ഭൂമദ്ധ്യരേഖാപ്രദേശത്തേക്ക് സഞ്ചരിക്കും എന്നൊക്കെയായിരുന്നു ഒന്നര നൂറ്റാണ്ട് മുൻപൊക്കെയുള്ള ധാരണ. ഒരു അഞ്ഞൂറ് കോടി സംവത്സരങ്ങളൊക്കെ കഴിയുമ്പോൾ സൂര്യൻ ഒരു വലിയ ചുവന്ന ഭീമനായി മാറി ഭൂമിയുൾപ്പെടെ അടുത്തുള്ള ഗ്രഹങ്ങളെയെല്ലാം വിഴുങ്ങും. ഇപ്പോൾ വളരെ അകലെയുള്ള ഭ്രമണപഥത്തിലുള്ള ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ മഞ്ഞുരുകിത്തുടങ്ങും. ഇപ്പോൾ ടൈറ്റാനിലെ താപനില -290ഡിഗ്രി ഫാരൻ ഹീറ്റാണ്. എന്നാണ് സൌരയൂഥത്തിന്റെ പരിണാമത്തെ പറ്റി ഇപ്പോൾ ശാസ്ത്രം നൽകുന്ന ചിത്രം. ഇത്തരത്തിൽ മനുഷ്യന്റെ ചിന്തകൾക്കും ഭാവനകൾക്കും പ്രവചനങ്ങൾക്കും പ്രൊജക്ഷനുകൾക്കും എക്‌സ്ട്‌റാപൊലേഷനുകൾക്കും പിടിതരാതെ വർത്തിക്കുന്ന പ്രകൃതിയെ അതിന്റെ തന്നെ ഭാഗമായ മനുഷ്യൻ സയൻസിലൂടെ വരുതിയിലാക്കാൻ ശ്രമിക്കുമ്പോൾ അത് മനുഷ്യവംശത്തിന്റെ മാത്രമല്ല, ജൈവാജൈവസമൂഹത്തിന്റെ തന്നെ ഉള്ളിലാണ് സംഭവിക്കുന്നത്.

ഈ പുസ്തകത്തിലൂടെ മലയാളത്തിലാദ്യമായി ശാസ്ത്രവിമർശം എന്ന വിഷയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ, സമഗ്രമായി അവതരിപ്പിച്ചിരിക്കുകയാണ് ഷിജു. തന്നെയുമല്ല, ഈയൊരു ചിന്തയെ കേരളത്തിന്റെ കോണ്ടെക്സ്റ്റിൽ പരിശോധിക്കുന്നുമുണ്ട്. വരും നാളുകളിൽ ഇത് ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും.

Comments