‘ദൈവക്കരു’:
മരണം ജീവിതം പറയുമ്പോള്‍

വി.കെ. അനിൽകുമാർ എഴുതിയ 'ദൈവക്കരു' ഒരു ദേശം മറ്റൊരു ദേശത്തോട് പറയുന്ന കഥയാണ്. ആ കഥകള്‍ക്ക് മനുഷ്യന്റെ ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും നിറവുമുണ്ടാകുന്നു. പീഡിപ്പിക്കുന്നവരും പീഡിതരാവുന്നവരും ഒരു പോലെ തോറ്റു പോകുന്ന കഥകൂടിയാണിത്.

വി.കെ. അനില്‍കുമാറിന്റെ 'ദൈവക്കരു' എന്ന നോവല്‍ തെയ്യങ്ങളെയും ജനകീയ സംസ്കാരത്തെയും വടക്കേ മലബാറിന്റെ തനതു ഭാഷയില്‍ നിര്‍മിച്ചെടുക്കുന്ന ഒരു സാമൂഹിക സൗന്ദര്യ ആഖ്യാനമാണ്. തെയ്യത്തിന് സ്വയമേവ ഒരു ഭാഷയും ആട്ടപ്രകാരവും സംവേദന ശകതിയുമുണ്ടെന്ന് ഈ നോവല്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. വടക്കേ മലബാറിന്റെ ജനജീവിതത്തില്‍ നിന്നും അതിന്റെ സാംസ്കാരിക പൊലിമയിൽനിന്നും എടുത്തുമാറ്റാനാവാത്ത വിധം ഈ ദേശത്തിന്റെ ചരിത്രത്തിലും ജീവിതത്തിലും ഭാഷയിലും സംഗീതത്തിലും അനുഭവത്തിലും നിറത്തിലും ശബ്ദത്തിലും തെയ്യം അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. തെയ്യഭൂമികയില്‍ ജീവിക്കാത്ത മനുഷ്യരോ ജീവികളോ ജാതികളോ മണ്ണോ പുഴയോ യഥാര്‍ഥത്തില്‍ ഈ ദേശത്ത് കാണാന്‍ കഴിയില്ല. എന്തുകൊണ്ടാണ് അങ്ങനെ കാണാന്‍ കഴിയാത്തത് എന്ന് വിശദീകരിക്കുന്ന നോവല്‍കൂടിയാണ് ദൈവക്കരു.

മനുഷ്യർ, അവരുടെ കഥ പറയുമ്പോള്‍, ജീവിതം എഴുതുമ്പോള്‍ അവരുടെ ദേശത്തുനിന്ന് മാറിനിന്നുള്ള ഒരു ഓര്‍മ പോലും അവർക്കില്ലാതാവുന്നു. അവർ പ്രകൃതിയില്‍ നിന്ന്​ കാണുന്ന സ്വപ്നങ്ങളൊക്കെയും അവരുടെ മാത്രമാവുന്നില്ല. അവർ സഞ്ചരിക്കുന്ന വഴികളും കണ്ടുമുട്ടുന്ന മനുഷ്യരും ദേശവും ഭാഷയും സംസ്കാരവും അവരെ എന്നും പിന്‍തുടരുന്നു.

വടക്കേ മലബാറിലെ മാങ്ങാട്ട് നെറിയകാഞ്ഞിരമരത്തിന്റെ കാറ്റും തണുപ്പും മണ്ണിന്റെ മണവും ഏഴിനും മീതേയുള്ള കുടകിന്റെ താഴ്​വാരത്തും പുഴയിലും തോപ്പിലും മന്നപ്പന്‍ നടന്നുനീങ്ങുമ്പോള്‍ ഒരു ദേശം മറ്റൊരു ദേശത്തോട് അതിന്റെ കഥ പറയുകയാണ്. അല്ലെങ്കില്‍ സ്വന്തം കഥ മന്നപ്പനിലൂടെ ആ ദേശം പറയുകയാണ്. അതുകൊണ്ടായിരിക്കുമല്ലോ മന്നപ്പന്‍ കതിവനൂര്‍ വീരനായത്. ഒരു ദേശത്തുനിന്ന്​ മലയിറങ്ങി തനിക്ക് അന്യമായ ഒരിടത്ത് സാഹസികമായി നടന്നുകയറി ആ ദേശത്തിന്റെ തനതു ദൈവമായി മാറുന്ന അൽഭുതക്കാഴ്​ച തെയ്യങ്ങളുടെ ഭൂമികയില്‍ ഒരു നിത്യക്കാഴ്ചയാണ്.

പലായനം, നാടുകടത്തല്‍, പുറത്താക്കല്‍, ചതി, കൊല, പ്രതികാരം തുടങ്ങി വ്യവസ്ഥകളെ പാലിക്കുകയും ചിലപ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്ന നിരവധി ഇതിവൃത്തങ്ങള്‍ തെയ്യത്തിന് അന്യമല്ല. ഓരോ മനുഷ്യനും ഓരോ തെയ്യത്തിന്റെയും കഥ പറയാനുണ്ടാവുന്നത് അവര്‍ തന്നെ തെയ്യത്തിന്റെ ഭാഗമായി മാറുന്നതുകൊണ്ടാണ്. വിശ്വാസിക്കും നിരീശ്വരവാദിക്കും കമ്യൂണിസ്റ്റുകാരനും സോഷ്യലിസ്റ്റുകള്‍ക്കും ശാസ്ത്രപണ്ഡിതര്‍ക്കും പാട്ടുകാര്‍ക്കും തെയ്യത്തിന്റെ നിറത്തെയും മണത്തെയും ഒരിക്കലും വിടപറയാന്‍ കഴിയാത്തവിധം, അവനുമായും അവളുമായും തെയ്യം എന്നും സംവദിക്കുന്നു. ഈ ഉത്തരാധുനിക കാലത്തും ദൃശ്യങ്ങള്‍ വര്‍ണമയം തീര്‍ക്കുന്ന സത്യാനന്തര കാലത്തും തെയ്യത്തിന്റെ ഉള്‍വിളിയും അതിന്റെ ഭാഷയും സൗന്ദര്യവും വടക്കേ മലബാറുകാര്‍ക്ക് എന്നും കുടകിന്റെ തണുപ്പുപോലയോ മേലേരിയുടെ ചൂടു പോലെയോ അനുഭവപ്പെടുകയും സ്വാധീനിക്കുകയും ചെയ്യുന്നു.

ഒന്ന് ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും അത് മറ്റുള്ളതിനെ ഉണ്ടാക്കുന്നതും ഒരു പാട്ടുപോലെ കോര്‍ത്തിണക്കി തെയ്യങ്ങള്‍ ആ ദേശത്തിന്റെ കഥ പറയുന്നുണ്ട്. മനുഷ്യരുടെ കഥ മാത്രമല്ല, ദേശത്തിന്റെയും മരത്തിന്റെയും പുഴയുടെയും സ്നേഹത്തിന്റെയും വിരഹത്തിന്റെയും ചതിയുടെയും കൊലപാതകത്തിന്റെയും കഥ ആ ദേശം പാടുന്നു. ആ പാട്ടുകള്‍ കെട്ടാനും ആടാനും ആ ദേശത്തുകാര്‍അറിയാതെ എന്നും തയ്യാറാകുന്നു, ഈ കാലത്തും തെയ്യങ്ങള്‍ അവിടെ ജീവിക്കുന്ന മനുഷ്യരുടെയും ദേശത്തിന്റെയും കഥ പറയുന്നതിലൂടെ അതാണ്​ വ്യക്തമാകുന്നത്​.

ഈ കഥ പറയാന്‍ പാകത്തില്‍ ഒരു സമൂഹം എങ്ങനെയാണ് സ്വയം രൂപപ്പെടുന്നത്? അത് തലമുറകളിലേക്ക് സന്നിവേശിപ്പിക്കുന്ന മൂല്യങ്ങള്‍ എന്തെല്ലാമാണ്? മിത്തുകള്‍ ചരിത്രമാണോ യാഥാര്‍ഥ്യമാണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്തവിധം കൂടിക്കൂഴയുന്നത് എങ്ങനെയാണ്? അത് സ്നേഹവും ചങ്ങാതിക്കൂട്ടങ്ങളെയും നിര്‍മിക്കുന്നതെങ്ങനെയൊക്കെ? പാരമ്പര്യം ഉണ്ടായിവരുന്നതാണോ അതോ ചരിത്രത്തിന്റെ അനിവാര്യതയാണോ?
ഒരു ദേശത്തിന്റെ പണിയായുധങ്ങളിലൂടെയും ചരക്കുകളിലൂടെയും മലയെ മെരുക്കുന്ന കൃഷിരീതികളെ കോര്‍ത്തിണക്കി മങ്ങാട്ട് മന്നപ്പന്റെയും വേളാര്‍കോട്ട് ചെമ്മരത്തിയുടെയും കഥ പറയുന്നു. മധുരനാരങ്ങയുടെയും മലഞ്ചരക്കിന്റെയും സുഗന്ധമുള്ള ഓര്‍മകള്‍ തെയ്യത്തിന്റെ വളപ്പില്‍ ഇന്നും തുടരുന്നതിന്റെ വംശാവലി വിവരിക്കുന്നു, അതിന്റെ സാമൂഹിക ആഖ്യാനം നടത്തുന്നു, ദൈവക്കരു.

നോവലിന്റെ ആദ്യ അധ്യായം വായിക്കുമ്പോള്‍ തന്നെ വായനക്കാർക്ക്​ യുദ്ധത്തിനുശേഷമുള്ള ശാന്തത മനസ്സില്‍ പടരും. യുദ്ധം കഴിഞ്ഞ് രക്തപ്പുഴയൊഴുകുന്നതിനിടയില്‍ ഉറ്റവരെ തേടിയുള്ള അന്വേഷണത്തില്‍ അവരുടെ അടയാളങ്ങള്‍ മാത്രം ലഭിക്കുകയും മരിച്ചത് അയാള്‍തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന മനോനിലയെ സൂക്ഷ്മമായി വര്‍ണ്ണിക്കുകയാണ് നോവല്‍. മണ്ണിന്റെയും ചോരയുടെയും നിലവിളികള്‍അത്യുച്ചത്തില്‍ കേള്‍ക്കാന്‍ കഴിയുമെങ്കിലും സന്ദര്‍ഭം പരമശാന്തമാണ്.

കതിവനൂര്‍ വീരന്റെ ഉല്‍പ്പത്തിക്കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ കൃതി ഒരു തെയ്യത്തിന്റെ മാത്രം കഥയല്ല പറയുന്നത്. ഒരു തെയ്യത്തിന്റെ ദേശവും ജാതിവഴക്കവും മറ്റനേകം കഥാപാത്രങ്ങളും എങ്ങനെയാണ് തെയ്യത്തോടൊപ്പം തുടരുന്നത് എന്നുകൂടിയാണ്.

മലയച്ചീനിയോടാണ് നിലവിളിയെ ഉപമിച്ചിരിക്കുന്നത്. തെയ്യക്കാവില്‍ ചീനക്കുഴല്‍ നാദം കേട്ടവര്‍ക്ക് അതിന്റെ രോദനം മനസ്സിലാവും. മനുഷ്യന്റെ കഴുത്തില്‍ ചരടുകൊണ്ട് മുറുക്കി വലിക്കുമ്പോള്‍ ശ്വാസംമുട്ടുന്ന സന്ദര്‍ഭമില്ലേ? അതില്‍നിന്ന് ഏതെങ്കിലും വഴിയില്‍ ഒരു ശബ്ദം പുറത്തേക്ക് വരുമെങ്കില്‍ ആ നാദം എങ്ങനെയായിരിക്കും. തെയ്യംകെട്ട് ജാതികളില്‍പ്പെട്ട മലയരാണ് ഈ വാദ്യം വായിക്കുക. അതുകൊണ്ടാണ് മലയച്ചീനി എന്ന് ഈ കുഴലിനെ വിളിക്കുന്നത്. കാടിന്റെ വശ്യതയും തളിരിടുന്ന മരങ്ങളും ചുരമിറങ്ങുന്ന കാറ്റിന്റെയും ഇടയില്‍ക്കൂടി ഈ നിലവിളി വായനക്കാരന് കേള്‍ക്കാം. കതിവനൂര്‍ വീരന്റെ ഉല്‍പ്പത്തിക്കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ കൃതി ഒരു തെയ്യത്തിന്റെ മാത്രം കഥയല്ല പറയുന്നത്. ഒരു തെയ്യത്തിന്റെ ദേശവും ജാതിവഴക്കവും മറ്റനേകം കഥാപാത്രങ്ങളും എങ്ങനെയാണ് തെയ്യത്തോടൊപ്പം തുടരുന്നത് എന്നുകൂടിയാണ്. തെയ്യത്തിന്റെ കളിയാട്ടപ്രകാരത്തിന് തോറ്റത്തിലൂടെ ചിലതൊക്കെ പറയാമെങ്കിലും ഓരോരുത്തരും ഉണ്ടായിവന്നതും ഇല്ലാതാകുന്നതും കണിശമായി വിവരിക്കാന്‍ അവിടെ കഴിയാറില്ല. ഒരു തെയ്യം ഉണ്ടാവുന്നത് ഒരു ദേശത്തിന്റെയും സമൂഹത്തിന്റെയും സ്വത്വത്തിലൂടെയും അത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലൂടെയുമാണ്. ആ ആശയത്തിലാണ് അതിന്റെ രാഷ്ട്രീയവും വെളിവാകുന്നത്. നോവലില്‍ നിന്നെടുത്ത ഒരു സന്ദര്‍ഭം നോക്കൂ: ''ശവങ്ങള്‍. മുത്താര്‍മുടിയിലെ മുള്‍ക്കാട്ടിലെവിടെയും ചോരമാത്രം. അമ്പുതറച്ചും വയറ് പിളര്‍ന്നും മുഖം കുത്തിക്കീറിയും വികൃതമാക്കപ്പെട്ട ശവങ്ങള്‍ മണ്ണില്‍ ചിതറി. ഇതേ ചോരമണമായിരുന്നു കാറ്റിന്. കടുത്ത വേനലിലും കലങ്ങി മറിഞ്ഞ വന്താര്‍മുടിയാറ്. ചോരയ്ക്കും മാംസത്തിനും നടുവിലൂടെ ചെമ്മരത്തി മുള്ളുകളുടെ മൂര്‍ച്ചയിലേക്ക് നടന്നു.''
യുദ്ധത്തിനുശേഷം ഉറങ്ങാന്‍ കഴിയാത്ത മനോനിലയെ കുറിച്ചിടുന്നു.

ഛേദിക്കപ്പെട്ട കാലുകള്‍ മുറിച്ചുമാറ്റപ്പെട്ട പെരുവഴികളായിട്ടാണ് വെളിവാകുന്നത്. കാക്കകളും പരുന്തും ബഹളം കൂട്ടുന്നതിലൂടെയാണ് കനത്ത നിശ്ശബ്ദത പരിസരത്ത് പടരുന്നത്. മണ്ണിനും ചോരയ്ക്കും മനുഷ്യനും ഒരേ ഭാഷയാണെന്ന് നാം തിരിച്ചറിയുമ്പോള്‍ തെയ്യത്തിന്റെ ഉറവിടത്തിനും പ്രയോഗത്തിനും ഒരേ ഭാഷയായി മാറുന്നു. പക്ഷെ ഈ മാറ്റത്തിന് ചെണ്ടയുടെ താളമില്ല. മരണത്തിന്റെ നിശ്ശബ്ദത മാത്രം. മരണത്തിന്റെ ജീവിക്കുന്ന ചിത്രമാണ് തെയ്യങ്ങള്‍.

ചെമ്മരത്തിക്ക് മന്നപ്പനെ ബോധ്യപ്പെടാത്തത് ഒരു കുറ്റബോധമായി പേറുമ്പോഴും കതിവനൂര്‍ വീരന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ചെമ്മരത്തിയെ തളര്‍ത്തിയിരിക്കുന്നു. ''ആളിറച്ചി നരന്‍ മാംസം തിന്നാറുണ്ടോ ചെമ്മരത്തീ...'' എന്നീ ചോദ്യങ്ങള്‍ ശമിക്കാത്ത മണ്ണിനെയും ചോരയെയും വീണ്ടും ആവിഷ്‌കരിക്കുന്നു.

വീരന്റെ ഇടതുകൈയിലെ ചെറുവിരലും പീഠമോതിരവും കാണാനില്ലെന്ന് അണ്ണുക്കനും ചെമ്മരത്തിയും തീര്‍ച്ചപ്പെടുത്തുകയും അതിനായി ഇനി തെരയേണ്ടതില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. ആ അറ്റുപോയ ശരീരഭാഗം ജീവനുള്ള ഞാന്‍ തന്നെയാണെന്ന് ചെമ്മരത്തി നിശ്ചയിച്ചു. വേളാര്‍കോട്ട് വീട്ടിലെ നട്ടുനനച്ച തേന്‍ കദളിവാഴയില്‍ വീണുകിടന്ന ചെറുവിരലും പീഠമോതിരവും ചെമ്മരത്തി ഓര്‍ത്തു.

മന്നപ്പന്റെ ചിത ഒരുങ്ങി. കാറ്റ് വീശി. തീയാളിപ്പടര്‍ന്നു. ചെമ്മരത്തി ആളിപ്പടര്‍ന്ന ചിതയിലേക്കെടുത്തു ചാടി. മരണത്തിലൂടെ ജീവിതം പറയുകയാണ് ഈ നോവല്‍.

കതിവനൂര്‍ വീരന്‍ തെയ്യത്തില്‍ ചെമ്മരത്തിയുടെ ചിതയിലേക്കുള്ള ചാട്ടം ഒരു സങ്കല്‍പ്പം മാത്രമാകുമ്പോള്‍ ചെമ്മരത്തി പൂര്‍ണമായ ഒരു കഥാപാത്രവും ചിതയില്‍ എരിഞ്ഞു തീരുന്ന സ്ത്രീയുമായി നോവലില്‍ മാറുന്നു. അണ്ണുക്കന്‍ തെയ്യത്തില്‍ അദൃശ്യനായി നില്‍ക്കുമ്പോള്‍ പൂര്‍ണ ദൃശ്യതയോടെ ഇവിടെ തെയ്യത്തിന്റെ വലവും ഇടവുമാകുന്നു. വീരന്റെ സര്‍വ ജീവിതപാതകളും അറിയുന്ന ഏക ചങ്ങാതിയും വീരന്‍ തെയ്യത്തിന്റെ ആദിരൂപമായ കോമരവും അണ്ണുക്കനാവുന്നു. തോറ്റംപാട്ടിനുള്ളില്‍ അപ്രത്യക്ഷമായ മറ്റനേകം മനുഷ്യരെയും ജീവജാലങ്ങളെയും മൃഗങ്ങളെയും കതിവനൂര്‍ വീരന്റെ നിത്യ സഹചാരികളായി വര്‍ത്തിക്കുന്നതാണ് ഈ നോവലിന്റെ പ്രത്യേകത. തികച്ചും നാടോടിയായ ഒരു കഥാതന്തുവിനെ അതിന്റെ വിശാലതയില്‍ വിഹരിക്കാനും മൂലകഥയില്‍ നിന്നും ഒരിക്കലും വിടുതല്‍ വാങ്ങാതെയും കഥ കെട്ടുന്ന നൈപുണ്യം ഈ നോവലില്‍ നമുക്ക് ദര്‍ശിക്കാം.

മരിച്ചവർ സംസാരിക്കുന്നതുപോലെയും ശരീരം ചലിപ്പിക്കുന്നതുപോലെയും ജീവിച്ചിരിക്കുന്നയാള്‍ വിചാരിക്കുന്നു. ഒന്ന് വാക്കുകള്‍കൊണ്ടും മറ്റേത് ശരീരംകൊണ്ടും. ഈ പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ അന്ന് വഴികളില്ലാത്തുകൊണ്ട് മിത്തിന്റെയും വിശ്വാസത്തിന്റെയും ഭാവനയില്‍ അതിന് പുതിയ ഭാഷ്യം വന്നു.

ഉത്തര മലബാറിന്റെ സാമൂഹിക ഓര്‍മകളില്‍ ​പ്രേതം കൂടല്‍ എന്നത് ഒരു മിത്തും അതുപോലെ യാഥാര്‍ഥ്യവുമാണ്. പ്രേതമൊഴിപ്പിക്കാന്‍ മലയരും വേലരും കുഴിപ്പുറത്ത് പോകുന്നത് എന്റെ നേരനുഭവത്തില്‍ തന്നെയുണ്ട്. ഒരാള്‍ മരിച്ചാല്‍ അയാളെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു സുഹൃത്തിന് തന്റെ മനോവിഷമം കൊണ്ടോ അല്ലാതെയോ മരണപ്പെടലിന്റെ ശൂന്യത പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയാതെ വരുന്നു. മരിച്ചവർ സംസാരിക്കുന്നതുപോലെയും ശരീരം ചലിപ്പിക്കുന്നതുപോലെയും ജീവിച്ചിരിക്കുന്നയാള്‍ വിചാരിക്കുന്നു. ഒന്ന് വാക്കുകള്‍കൊണ്ടും മറ്റേത് ശരീരംകൊണ്ടും. ഈ പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ അന്ന് വഴികളില്ലാത്തുകൊണ്ട് മിത്തിന്റെയും വിശ്വാസത്തിന്റെയും ഭാവനയില്‍ അതിന് പുതിയ ഭാഷ്യം വന്നു.

മരിച്ച മന്നപ്പന്‍ സംസാരിക്കുന്നതുപോലെ അണ്ണുക്കന്‍ പറയുന്നു.
അതേ ശബ്ദം, അയ്യോ നമ്മുടെ മന്നപ്പനല്ലേ വിളിക്കുന്നത്? കതിവനൂര്‍ അമ്മാവനും അമ്മായിയും വെളിപ്പെട്ട് അണ്ണുക്കന്റെ അടുത്തെത്തി. അണ്ണുക്കന്റെ ശോഷിച്ച ശരീരത്തില്‍ മന്നപ്പന്‍ തിളച്ചുതുള്ളി. കൈയില്‍ കൈക്കോട്ടുമായി പരന്നപാറ ചേറാക്കി കിളച്ചുമറിച്ച മന്നപ്പന്റെ ബലമുള്ള കായം. പടിഞ്ഞാറ്റകത്തെ അന്തിത്തിരി പൊന്‍പ്രഭയില്‍ ചെമ്മണ്ണും ചെളിയുമായി ചേറില്‍ കുളിച്ചുള്ള ദൈവത്തെ അവര്‍ നിറകണ്ണോടെ ദര്‍ശിച്ചു. മന്നപ്പനെന്ന മനുഷ്യനെയാണ് ഇവിടെ ദര്‍ശിക്കുന്നത്. അതുകൊണ്ടാണ് ചെളിയില്‍ കുളിച്ചിരിക്കുന്ന അധ്വാനിക്കുന്ന മനുഷ്യനെ നാം കാണുന്നത്. അത് കളിയാട്ടപ്രകാരമാകുമ്പോള്‍ വട്ടമുടിയോടെ വീരപ്രഭയുള്ള ഉടലിന്റെ നൃത്തമായി മാറുന്നു. തെയ്യരൂപത്തിനു മുന്‍പുള്ള മന്നപ്പനെ ഇതുവരെ ആരും കണ്ടിട്ടില്ല. അതിനൊരു രൂപം ആരും നല്‍കിയിട്ടുമില്ല. ആ രൂപത്തിന്റെ ദര്‍ശനം ഈ നോവല്‍ സാധ്യമാക്കുന്നുണ്ട്.

മായ്ക്കാനും മറക്കാനും പറ്റാത്ത പലതുമുണ്ട്. കൊന്നാലും ചാകാത്തതുമുണ്ട്. ഉത്തരകേരളത്തിലെ പല തെയ്യങ്ങളുടെയും കഥയും അതിന്റെ ആട്ടവും ഈ സത്യത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്. വെട്ടിമുറിക്കപ്പെട്ട ശരീരങ്ങള്‍ ഒന്നിച്ചാവാതിരിക്കാനാണ് ചിന്നഭിന്നമാക്കിയതെങ്കിലും സ്വന്തക്കാരും ചങ്ങാതിമാരും ആ ദേശക്കാരും ചിലതിനെയൊക്കെ വീണ്ടും വീണ്ടും ജീവിപ്പിക്കുന്നു. തെയ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇങ്ങനെയൊരു രാഷ്ട്രീയമുണ്ട്. ഉയര്‍ത്തെഴുന്നേല്‍ക്കലിന്റെ രാഷ്ട്രീയം; മനുഷ്യന്റെ ഓര്‍മകളുടെയും മിത്തിന്റെയും കഥകൾ, മരിച്ചവരുടെ പുതിയ കഥകള്‍. പറയാന്‍ കഴിയാതെ പോയ കഥകളും കൂട്ടിച്ചേര്‍ക്കുന്നു.

തെയ്യാട്ടപ്രകാരത്തില്‍ നാം കതിവനൂര്‍ വീരന്‍ എന്ന് പറയുന്ന മാത്രയില്‍ കതിവനൂര്‍ വീരന്‍ അപ്രത്യക്ഷമാകുന്നു. ജീവിതത്തില്‍ അപ്രത്യക്ഷമായതിനെ ദര്‍ശനഭാവം കൊടുക്കുന്നതുകൂടിയാണ് തെയ്യങ്ങള്‍ എന്നു പറയാം. ദൈവക്കരു ഒരു മനുഷ്യക്കരുവും പ്രേമഭാജനവും പ്രിയപ്പെട്ടവരുടെ ചങ്ങാതിയും ഒരു ദേശത്തിന്റെ പ്രതിരോധവുമായി മാറുന്നു. മുത്താര്‍മുടിപ്പടയുടെ അവസാനം തന്റെ ഇടതുകൈയിലെ ചെറുവിരല്‍ കാണാതെപോകുന്നതും പീഠമോതിരം കാണാതെപോകുന്നതും ഒരു കുറവാണെന്ന് തിരിച്ചറിഞ്ഞ് കൊല്ലപ്പെടുമെന്ന ഉറപ്പില്‍ വീണ്ടും പടയ്ക്ക് പോകുന്ന വീരന്‍ തന്റെ അവസാനം അവിടെ കാണുന്നുണ്ട്.
എല്ലാ പടയും ജയിക്കാന്‍ മാത്രമല്ല. എല്ലാം നേടിയാലും നാം തോറ്റുപോകുമെന്ന യാഥാര്‍ത്ഥ്യം ഇവിടെ വെളിവാകുന്നു. തോറ്റുപോയവരുടേതു കൂടിയാണ് ഈ ലോകവും സമൂഹവും എന്നത് ഓര്‍മിപ്പിക്കുന്നതുകൂടിയാണ് ഈ പുതിയ ആഖ്യാനം.

മനുഷ്യനും ദൈവത്തിനുമിടയില്‍ നടക്കുന്ന സംവാദങ്ങള്‍ ആദ്യം മനസ്സിലാക്കുന്നതും ഈ മൃഗങ്ങളാണ്. മൃഗമേത് മനുഷ്യനേത് ദൈവമേത് എന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ഒറ്റ യാഥാര്‍ഥ്യമായും നോവലില്‍ എല്ലാവരും ഒത്തുചേരുന്നുണ്ട്.

മന്നപ്പന്റെ യാത്രയില്‍ നാല്വര് തണ്ടയാന്മാര്‍ മലനാട്ടിലേക്കുള്ള യാത്രയില്‍ തുടരുന്നുണ്ട്. വീരരാജന്‍ പേട്ടയില്‍ താമസിച്ച് വാണിഭം ചെയ്യാന്‍ വന്നവര്‍. മലനാട്ടിലെ വിഭവങ്ങള്‍ കൊടകരുടെ ചന്തയില്‍ വിറ്റ് കൊടുകുമലയിലെ വിഭവങ്ങള്‍ മലനാട്ടിലെ ചന്തയിലും വാണിഭം ചെയ്യുന്നവര്‍. മന്നപ്പന്റെ യാത്രയും ഈ വാണിഭക്കാരുടെയാത്രയും ആരുടെ യാത്രയാണെന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മൃഗങ്ങള്‍ അവരുടെ ചലനത്തോടൊപ്പം തണ്ടയാന്‍മാരുടെയും മന്നപ്പന്റെയും ചലനങ്ങള്‍ മനസ്സിലാക്കുന്നു. അവയ്ക്കു മുകളില്‍ വന്ന് പതിക്കുന്ന ഭാരം ഒരു അടിയ ഭാണ്ഡമാണ്.
അടിമകള്‍, പീഡാനുഭവം മൃഗങ്ങള്‍ക്ക് മാത്രമല്ലെന്നും മനുഷ്യനും മൃഗവും ഒരുപോലെ പീഡകരാണെന്നും മനസ്സിലാക്കുന്നത് യാത്രയില്‍ കൂടെ കൂട്ടുന്ന കാളകളിലാണ്. കതിവനൂര്‍ തെയ്യം മനുഷ്യനും വലുതായ അഭൗമികമായി അസ്തിത്വമാണെന്ന് ആദ്യം മനസ്സിലാക്കുന്നതും മൃഗങ്ങളാണ്. മനുഷ്യനും ദൈവത്തിനുമിടയില്‍ നടക്കുന്ന സംവാദങ്ങള്‍ ആദ്യം മനസ്സിലാക്കുന്നതും ഈ മൃഗങ്ങളാണ്. മൃഗമേത് മനുഷ്യനേത് ദൈവമേത് എന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ഒറ്റ യാഥാര്‍ഥ്യമായും നോവലില്‍ എല്ലാവരും ഒത്തുചേരുന്നുണ്ട്.

നടന്നുനീങ്ങുന്ന വഴികളെപ്പറ്റിയും ഒരു നിശ്ചയവുമില്ല. നടക്കുന്നതാണ് വഴികള്‍. നടക്കുമ്പോഴാണ് വഴികള്‍ ഉണ്ടാവുന്നത്. നടത്തമെന്ന ചോരയോട്ടത്തിലെ ചാലകത്വമാണ് വഴികള്‍. അങ്ങിനെ കാലുകള്‍ ഭൂമിക്കു മുകളില്‍ വഴികളെ വരയ്ക്കുന്നു. അന്തമില്ലാത്ത നടത്തത്തിലെ പ്രകൃതിയുടെ കാഴ്ച അവിസ്മരണീയമാണ്. മട്ടുണ്ണിപ്പറമ്പ്, മേല്‍മട്ടുണ്ണി, കീഴ്മട്ടുണ്ണി കഴിഞ്ഞ് അറത്തൂട്ടില്‍ വാതില്‍മാടം, കേയാപറമ്പില്‍ ചുങ്കസ്?ഥാനം, കാലിയാര്‍ തെരുവ്, കാഞ്ഞിരത്തെരുവ്, നെല്ലിക്കാബൊയില്‍, ചേരപ്പറമ്പന്‍ ചാലും കഴിഞ്ഞ് സഞ്ചാരികള്‍ നടക്കുകയാണ്. മലനാട്ടില്‍ നിന്നിറങ്ങി കുടക് നാട്ടിലേക്ക് പോകുന്ന വഴിത്താരകളെ സസൂക്ഷ്മം വിവരിക്കുന്നത് ഭാവനയിലാണെങ്കിലും അതിമനോഹരവും കഠിനവുമായ ഒരു വന്യത മഞ്ഞും കുളിരും ചെടികളും വൃക്ഷങ്ങളുമായി സമ്പന്നമാകുന്നു. ഈ നോവലിലെ പ്രകൃതിവര്‍ണന പഠിപ്പെടേണ്ടതാണ്.

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ തര്‍ക്കിക്കാം. പക്ഷേ അതിനെ മറക്കാന്‍ കഴിയുന്നില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച തന്നെയും ദൈവസങ്കല്‍പ്പത്തെ വേരുറപ്പിക്കാന്‍ കൂടിയാണ്.

മന്നപ്പെന്റ ശരീരത്തില്‍ കാണുന്ന രകതരേഖകളത്രയും മന്നപ്പന്‍ താണ്ടിയ ദൂരങ്ങളാണ്. നൂറ്റിയെട്ട് ഭിന്നങ്ങളായാണ് ആ ശരീരം മുറിക്കപ്പെട്ടത്. അയരുള്ള മണ്ണിലെറിയുന്ന വിത്തുകള്‍ മുളച്ചുപൊന്താതിരിക്കാനാവില്ല. മന്നപ്പനെന്ന മനുഷ്യന്‍ ദൈവമാകുന്ന മുഹൂര്‍ത്തം ഇതാണ്. ഞാന്‍ അനുഭവിച്ച പീഡകളാണ്.എന്നോട് ചെയ്തതിന്റെ പരിഭവവുമാണ്. അതാണ് ദൈവമാകുന്നതിലെ രാഷ്ട്രീയം. നാടോടി വാങ്മയ ആഖ്യാനങ്ങള്‍ ഒന്നിനെ അസ്?തമിക്കാനാവാത്തവിധം വര്‍ത്തമാനകാലത്ത് കൊണ്ടുവരുന്നെങ്കില്‍ അത് കലാതിവര്‍ത്തിയാണ്. ആ ഓര്‍മ മറക്കാനുള്ളതല്ല. ദൈവത്തിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെ തര്‍ക്കിക്കാം. പക്ഷേ അതിനെ മറക്കാന്‍ കഴിയുന്നില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ച തന്നെയും ദൈവസങ്കല്‍പ്പത്തെ വേരുറപ്പിക്കാന്‍ കൂടിയാണ്.

ആമേരി വീരനായി പുതിയ ഭാവത്തിലും രൂപത്തിലും മാങ്ങാട്ട് മന്നപ്പന്‍ തിരുമുടിയേന്തുമ്പോള്‍ പൊന്നനും അഴകനുമായ ഉറ്റവരായ മൃഗജാതികളോട് ഐന്റ ശരീരത്തില്‍ നോക്കാന്‍ ദൈവം ആവശ്യപ്പെടുന്നു. മൃഗങ്ങളാണ് സകലപീഡനത്തിന്റെയും ഇരകളെന്ന് വിചാരിച്ചവര്‍ കൊത്തിക്കീറിക്കോറിവരഞ്ഞ ദൈവശരീരം കണ്ട് കാളകള്‍ വാവിട്ടു. തെയ്യക്കോലധാരി വസുവനക്കനലാടി തെയ്യത്തെ തെന്റ ശരീരത്തിലും മനസ്സിലും ആവാഹിച്ചു. അതിനെ ഭാവിയിലേക്കുള്ള കഥ പറച്ചിലിനും പീഡാനുഭവ ഓര്‍മകള്‍ക്കുമായി കെട്ടിയൊരുക്കി. പീഡാനുഭവങ്ങള്‍ ഒരു വിമോചനശാസ്?ത്രമായി മാറുന്നു. അത് ചരിത്രത്തെ വീണ്ടെടുക്കുന്നു.

''ഞാന്‍ പിറന്നുവളര്‍ന്ന് മൂവാണ്ടില്‍ മുടിപൊലിച്ചു, അയ്യാണ്ടില്‍ കൈയെഴുതി മെയ് തെളിഞ്ഞു...’’

വി.കെ അനിൽ കുമാർ

അനില്‍കുമാര്‍ ഈ നോവല്‍ കെട്ടിയൊരിക്കിയിരിക്കുന്നത് മൂന്ന് ഭാഗങ്ങളായിട്ടാണ്. ഒരു ചരിത്രമെഴുത്തുപോലെ. മനുഷ്യനായ ഒരാള്‍ തന്റെ ജീവിതയാത്രയ്ക്കിടയിലൂടെ മണ്ണില്‍ പണിയെടുത്ത് മണ്ണിനെ ഫലഭൂയിഷ്​ടമാക്കി ജീവിക്കുന്ന ഒരു കാലം. അതിനുശേഷം കടന്നുപോകുന്ന യൗവനം. യൗവനത്തില്‍ ആരും കാണാതെ പഠിക്കുന്ന ആയുധമുറകള്‍. ആയുധമെടുത്തവര്‍ക്ക് ജയവും പരാജയവുമില്ല. പക്ഷേ രക്തസാക്ഷിത്വം പലപ്പോഴും അനിവാര്യമാണ്. രക്തസാക്ഷിത്വത്തെ ദൈവികമായി അവതരിപ്പിക്കുന്ന തെയ്യമായി ചരിത്രത്തെയും അതില്‍ കാണിച്ച പീഡനങ്ങളുടെയും നേര്‍ചിത്രം ഓര്‍മപ്പെടുത്തുന്ന സാമൂഹിക ഓര്‍മയായി ഒരാള്‍ തെയ്യമായി രൂപാന്തരപ്പെടുന്നു. നോവലില്‍ ഉപയോഗിക്കുന്നത് ക്രമാനുഗതമായ കഥപറച്ചിലല്ല. എല്ലാം അവസാനിച്ചതിനുശേഷമാണ് കഥ തുടങ്ങുന്നത്. ഒരു തെയ്യമാക്കി എങ്ങനെ കെട്ടിയാടണമെന്നും അതിനുള്ള ഏര്‍പ്പാടും ചെയ്തതിന് ശേഷമാണ് നോവലിന്റെ രണ്ടാം ഭാഗം തുടങ്ങുന്നത്. മന്നപ്പന്റെ ജനനം. അവന്റെ അച്ഛനും അമ്മയും മന്നപ്പനെ വളര്‍ത്തുന്നു. അച്ഛനും മന്നപ്പനും തമ്മിലുള്ള ചേര്‍ച്ചക്കുറവ് നികത്താനാവാത്ത സംഘര്‍ഷത്തിലേക്ക് എത്തിക്കുന്നു. ആ ഭാഗം വിവരിക്കുമ്പോഴും ഒരു ചരിത്രം എഴുതുന്നതുപോലെ വസ്തുതാകാര്യകാരണം കഥാപാത്ര സന്ദര്‍ഭങ്ങള്‍, എന്നിവ ഇണക്കിയാണ് വരച്ചിരിക്കുന്നത്.

വടക്കേ മലബാറിലെ പേറും പേറടെക്കുന്ന പേറ്റിച്ചികളും ജാതിയും സാമൂഹികഘടനയുമായുള്ള ബന്ധങ്ങളും വിശദീകരിക്കുമ്പോള്‍ ഇന്നും ഈ മലനാട്ടില്‍ സാമൂഹിക യാഥാര്‍ഥ്യമായ ചില മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കാന്‍ നോവലിസ്​റ്റിന്​ കഴിയുന്നു.

'പെറ്റും പെറപ്പും' എന്ന അധ്യായം മന്നപ്പന്റെ ജനനവും വളര്‍ച്ചയും വിവരിക്കുന്നു. തോറ്റത്തില്‍ വിശദീകരിക്കാത്ത അനുഭവസാക്ഷ്യങ്ങള്‍ ഐതിഹ്യത്തിനും സന്ദര്‍ഭത്തിനും ഭംഗം വരുത്താതെ വിശദീകരിക്കുമ്പോള്‍ മിത്തും ചിലപ്പോള്‍ യാഥാര്‍ഥ്യമാണെന്ന് തോന്നും. വടക്കേ മലബാറിലെ പേറും പേറടെക്കുന്ന പേറ്റിച്ചികളും ജാതിയും സാമൂഹികഘടനയുമായുള്ള ബന്ധങ്ങളും വിശദീകരിക്കുമ്പോള്‍ ഇന്നും ഈ മലനാട്ടില്‍ സാമൂഹിക യാഥാര്‍ഥ്യമായ ചില മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കാന്‍ നോവലിസ്​റ്റിന്​ കഴിയുന്നു. മലിയുടെ ജന്മാവകാശവും സഹായിയായ കുഞ്ഞിച്ചിരതയും അനുഷ്ഠാനനിബിഡമായ പേറെടുപ്പ് നിര്‍വഹിക്കുമ്പോള്‍ ജാതിയുടെ തൊട്ടുകൂടായ്മകളെ ചോദ്യം ചെയ്യുന്ന സാമൂഹിക സന്ദര്‍ഭങ്ങള്‍ അനാവരണം ചെയ്യുന്നു. ചില തൊഴിലുകള്‍ അങ്ങിനെയാണ്. ജാതിയുടെ പേരു പറഞ്ഞ് അത് വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല. ഉത്തരകേരളത്തിലെ മലയസ്ത്രീകളുടെ കരങ്ങള്‍ ചിലപ്പോള്‍ അതിവിലപ്പെട്ടതാണ്. സൂതികര്‍മങ്ങള്‍ അത്തരത്തിലുള്ള ഒന്നാണ്. ശ്വാസമടക്കിമാത്രം സ്വീകരിക്കുന്ന ചില സേവനങ്ങള്‍.

കുഞ്ഞുങ്ങളുടെ ജനനം തീരുമാനിക്കുന്നത് മലയ സ്ത്രീകളാണ്.

‘‘പെറ്റമ്മേന പറയിപ്പിക്കല്ലേ?
പെറപ്പിച്ച അച്ഛനെ പറയിപ്പിക്കല്ലേ
എടുത്ത പേറ്റിച്ചീന പറയിപ്പിക്കല്ലേ
നനച്ച വണ്ണാത്തീന പറയിപ്പിക്കല്ലേ...''
എന്നതും ഒരു മന്ത്രമാണ്.
ജനനത്തിനും മരണത്തിനുമിടയില്‍ പാലിക്കാനുള്ളത്.

കുഞ്ഞിന് തൊട്ടില്‍ കെട്ടണം. അതിനായി കോന്തലയഴിച്ച് പത്തുപണം എണ്ണി കൊടുത്തു. ദേശത്തെ മേലാശാരി തൊട്ടില്‍ പണിതു. പെരുങ്കണിശന്‍ പിറന്ന നാളും മുഹൂര്‍ത്തവും കുറിച്ചു: ''മകം പിറന്നവന്‍ മന്നപ്പന്‍.''

വളര്‍ന്നു വന്ന മന്നപ്പന്‍ അച്​ഛന്റെ വഴിയില്‍ പോയില്ല. അവന്‍ ഒരു ധിക്കാരിയാണെന്ന് സ്വന്തം അച്ഛന് തോന്നി. സ്വജാതിയിലുള്ളവരുമായിട്ടല്ല മന്നപ്പന്റെ കൂട്ട്. അവന്‍ എയ്ത്തും പൊയ്ത്തും പഠിച്ചു. ചാളയിലും തെരുവിലും തീണ്ടലുകാരുമായി ചങ്ങാത്തം കൂടി. അവന്‍ വയറ്റാട്ടിക്ക് കൊടുത്ത വാക്ക് തെറ്റിച്ചു. നാടും വീടും പറയിക്കാന്‍ തീരുമാനിച്ചു. തന്നിക്കിഷ്ടമുള്ളതുപോലെ ജീവിക്കാന്‍ തീരുമാനിക്കുന്നു. മകന്റെ ആയുധം നശിപ്പിച്ചുകളഞ്ഞ അച്ഛനെ ശത്രുവായി കണ്ടു. സ്വന്തം ആയുധം മുറിഞ്ഞാല്‍ സ്വയം മുറിയുന്നതിന് തുല്യമായിരുന്നു പൊയ്ത്തിന്റെ നിയമം. ഒന്നുമുപേക്ഷിക്കാതെ മറ്റൊന്നിലേക്ക് യാത്രയില്ല എന്ന ദര്‍ശനമോതി മന്നപ്പന്‍ വീടുപേക്ഷിക്കുമ്പോള്‍ ഉഗ്രസര്‍പ്പം ഒഴിച്ചിട്ട ഉപ്പ്‌ളി നീണ്ടു വളഞ്ഞു കിടന്നു. റാക്ക് കുടിച്ചും ചുട്ടയിറച്ചി തിന്നും കൊടകറ് നാട്ടില്‍ പോകാന്‍ തീരുമാനിച്ച മന്നപ്പനോട് തെങ്ങ് പറഞ്ഞു, കൊടകറെ നാട്ടില്‍ പോകരുതെന്ന്. തെങ്ങുകള്‍ അറിയുന്നു, ആറ്റുനോറ്റ് കിട്ടിയ മോനാണ് കൈവിട്ട് പോകുന്നതെന്ന്. മാണ്ടാട്ട് നെടിയകാഞ്ഞിരം, തെരുവത്തിരഞ്ഞി, തെരുവത്ത് കപ്പാലം, തണ്ണീരമ്പലം, ഉരമ്പക്കല്ല്, വേടവനാട്, കടമ്പേരി, ഓരുച്ചാല്ല്, വാവുപ്പറമ്പ്, കുറുമാത്തൂര് ഈ വഴികള്‍ കടന്ന് മന്നപ്പന്‍ കൊടകിലേക്ക് പോകുമ്പോള്‍ ഒരു ദേശം വിട്ട് മറ്റൊരു ദേശത്തിന്റെ വായുവും പ്രകൃതിയും വൈവിധ്യമാര്‍ന്ന മണവും പുഴകളും വര്‍ണിക്കുന്നത് അതിസൂക്ഷ്മ പ്രകൃതി ശാസ്ത്രത്തെ വെളിവാക്കുന്നു. തൊടുനിലവെളിച്ചം, മടക്കാംതോട്, വലിയവെളിച്ചം, മോതിരക്കടവ്, ചതുരന്‍പുഴ, മുടിയാരങ്ങള്‍, ചീറ്റപ്പാറകള്‍ കടന്നു പോകുന്ന മന്നപ്പന്‍ ഒരു ദേശപകര്‍ന്നാട്ടം ചെയ്യുന്നുണ്ട്. വന്താര്‍മുടിയാറിലെത്തുന്നതോടെ ദേശവും കോലവും മാറിപ്പോകുന്ന മനുഷ്യന്റെ നേര്‍ചിത്രം വരച്ചിടുകയാണ് ഈ നോവല്‍.

എണ്ണവാണിയനായി മാറുന്നതും വസുവനത്തിലെ കനലാടി വീടുകളും ആയുധങ്ങള്‍ പണിയുന്ന കൊല്ലന്‍മാരുടെ ആലയും കുടക്‌നാട്ടിലും കാണുന്ന തെയ്യങ്ങള്‍ ഒരുങ്ങുന്നതിന്റെ ചരിത്രദേശപരതയെ വെളിവാക്കുന്നു.

വേളാര്‍കോട്ട് ചെമ്മരത്തി മന്നപ്പനെപ്പോലെ തന്റേടിയായ സ്വന്തം ആഗ്രഹം ആര്‍ക്കും പണയം വയ്ക്കാത്ത ഒരു സ്ത്രീയാണ്. തെയ്യപുരാണത്തില്‍ വിവക്ഷിക്കുന്ന എല്ലാ സ്ത്രീകഥാപാത്രങ്ങള്‍ക്കും ഇത്തരം ഒരു വ്യക്തിത്വം നിലനില്‍ക്കുന്നുണ്ട്. മുച്ചിലോട്ട് ഭഗവതിയും മാക്കവും ദേവക്കൂത്തും ഇതിന് ഉദാഹരണങ്ങളാണ്. ആ പ്രത്യേകതകള്‍ തന്നെയാകണം അത്തരം കഥാപാത്രങ്ങളെ ഒരു ദേശത്തിന്റെ മിത്താക്കി മാറ്റുന്നത്.

കതിവനൂര്‍ വീരന്‍ കെട്ടിയാടുന്ന കുഞ്ഞാരനും പുലിമറഞ്ഞ തൊണ്ടച്ചന്‍ കെട്ടിയാടാറുള്ള പുലയനായ വിരുന്തരും തമ്മിലുള്ള വര്‍ഗബോധം പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കഥകള്‍ പാടുന്നു.

ആദ്യമായി മന്നപ്പനെ കണ്ട ചെമ്മരത്തിയില്‍ ദര്‍ശിച്ചത് സങ്കോചമില്ലായ്മയും, പെണ്ണിന്റെ മൂര്‍ച്ചകത്തിപോലുള്ള മറുവാക്കുമാണ്. കൊടകത്തിയുടെ വേഷമാണെങ്കിലും മലയാളമാണ് ഭാഷ. മാങ്ങാട്ട് മന്നപ്പന്‍ സൂചിക്കു പിറകെ പായുന്ന നൂലുപോലെ ശ്രദ്ധാലുവായിത്തീര്‍ന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും മനുഷ്യസ്പര്‍ശത്തില്‍ അവരുടെ കൈകള്‍ തമ്മില്‍ ചേര്‍ക്കപ്പെട്ടു. കൊടകുമലയുടെ കുളിരിലും ചെമ്മരത്തിയുടെ ചൂടുള്ള മടിയിലും തലവെച്ച് മന്നപ്പന്‍ കിടന്നു. ശ്വാസം വിശ്വാസമായി മാറി. അതുകൊണ്ടു തന്നെയാവണം എരുതാലയിലെ കഠിനരാത്രി മന്നപ്പെന്റ ജീവിതം രകതപങ്കിലമായത്.

ചെമ്മരത്തിയുടെ സംശയമാണോ മന്നപ്പന്‍ അകപ്പെട്ട വിഷമസന്ധിയാണോ എന്ന് തീര്‍പ്പുകല്‍പ്പിക്കാത്ത മനോവ്യാപാരം, മുത്താര്‍മുടിപ്പടയുടെ ചതിയില്‍ മന്നപ്പന്‍ കൊല്ലപ്പെടുന്നു. ഇടതുകൈയിലെ ചെറുവിരല്‍ ഇറ്റുവീഴുന്നത് വെറും ഒരു മുറിവല്ല. കായികാഭ്യാസിയും ആത്മബോധവുമുള്ള മന്നപ്പന് ഒരു കുറവും നഷ്ടവും ഇല്ലായ്മയുമായി മാറുന്നു. ഒരു ഉയര്‍ച്ചയില്‍ താഴ്ചയുണ്ട് എന്ന് പറയുംപോലെ വീരനായ മന്നപ്പന്‍ പടനിലത്ത് അനവസരത്തില്‍ കൊത്തിപ്പറിക്കപ്പെടുന്നു. കതിവനൂര്‍ വീരന്‍ ഉണ്ടാവുകയും മന്നപ്പന്‍ മരിച്ചുപോകുകയും ചെയ്യുന്ന നാടോടി ഭാവന ഇവിടെ കൂടുതല്‍ തെളിമയോടെ കലാശം നടത്തുന്നു. നൂറ് വെട്ടി നൂറ്റിയെട്ടേഴ് തുണ്ടവുമായി ആ മനുഷ്യന്‍ മുണ്ടമുള്ളിലും കൈതമുള്ളിലും വലിച്ചെറിയപ്പെടുന്നു.

നോവലിന്റെ അവസാനഭാഗം തെയ്യത്തെക്കാള്‍ തെയ്യം കെട്ടുന്ന ജാതികളുടെ കീഴാളത്തത്തെയും അതിനെതിരായി അവര്‍ പൊരുതുന്ന സമരങ്ങളെയും വരച്ചിടുകയാണ്. മണ്ണില്‍ കരുണയും ഹിംസയുമുണ്ടെങ്കില്‍ അവിടെ വീരന്‍ ഉള്ളതുപോലെ പീഡിപ്പിക്കപ്പെടുന്ന സമൂഹവ്യവസ്ഥ ഉള്ളിടത്തോളം കാലം അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുമുണ്ടാകുമെന്ന പാഠം പറയുക കൂടിയാണ് ഈ ഭാഗത്ത്. കതിവനൂര്‍ വീരന്‍ കെട്ടിയാടുന്ന കുഞ്ഞാരനും പുലിമറഞ്ഞ തൊണ്ടച്ചന്‍ കെട്ടിയാടാറുള്ള പുലയനായ വിരുന്തരും തമ്മിലുള്ള വര്‍ഗബോധം പ്രതിരോധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും കഥകള്‍ പാടുന്നു. പുലയരുമായി ചങ്ങാത്തം പാടില്ലാത്ത വണ്ണാനായ തെയ്യക്കാരന്‍ ആ സാമൂഹിക വിലക്കിനെ പൊട്ടിക്കുന്നു. യശമാനന്‍മാര്‍ വിരുന്തന്റെ അച്ഛനെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ ചോദ്യം ചെയ്യുന്നത് കതിവനൂര്‍ തെയ്യം കെട്ടുന്ന കുഞ്ഞാരനാണ്. പുലയരുടെ അഭിമാനവും ധൈര്യവും തെയ്യത്തട്ടില്‍ വീണ്ടെടുക്കുകയാണ് ചെയ്യുന്നത്. കുഞ്ഞാരന്റെ കരുത്തായി വിരുന്തന്‍ മാറുന്നു. മങ്ങാട്ട് മന്നപ്പനും മാടായി കുഞ്ഞിക്കാരിയും സാമൂഹ്യവ്യവസ്ഥയെ മാറ്റിമറിക്കുന്നു. പുലിമറഞ്ഞ് മനുഷ്യകുലത്തിന്റെ പീഡാനുഭവങ്ങളെ തകിടം മറിക്കയാണ് തെയ്യകോലക്കാര്‍. കീഴാളരെ എന്നും നിശബ്ദരാക്കുന്ന ശ്രേണീബന്ധങ്ങളെ മാറ്റിമറിക്കുന്ന കാരികുരികളുകള്‍ പിറക്കുന്ന കാലമായെന്ന് തമ്പുരാക്കന്മാരെ പാടിപഠിപ്പിക്കുകയാണ്.

തെയ്യങ്ങളെ ആരാധിക്കുന്നതിനുപോലും വിലക്കുകള്‍ കല്‍പ്പിച്ച മാമൂലുകളെ തെയ്യത്താന്‍ വളപ്പില്‍ വച്ച് തെയ്യങ്ങള്‍ നേരിടുന്നു. ജനനിയില്‍ കേമനെന്ന് കരുതിയ ക്ഷേത്രപാലകെന്റ തെയ്യത്തിന് കൂടാതെ എട്ടില്ലം കരുമനജാതിക്കാരനായ ഒരു പ്രേതക്കോലത്തെ കാണാന്‍ പോയ ജനങ്ങളെ ശിക്ഷിക്കുന്ന നാട്ടാചാരത്തെ ആചാരക്കോലങ്ങള്‍ തന്നെ ഇല്ലാതാക്കുന്ന തെയ്യാട്ടം ഒരു സ്വപ്നമായിട്ടാണെങ്കിലും അതൊരു വിപ്ലവ സാധ്യതയായി നോവല്‍ കരുതുന്നുണ്ട്. കതിവനൂര്‍ വീരനായ വണ്ണാന്‍ കുഞ്ഞാരന്‍ ഭൂലോകത്തെ ശ്രീകോവിലിനകത്തേക്ക് പാഞ്ഞുകയറിയാണ് മാറ്റത്തിന്റെ ആശയലോകത്തെ വിഭാവന ചെയ്യുന്നത്. മണ്ണിന്റെയും ചോരയുടെയും നിലവിളികളായാണ് തെയ്യങ്ങള്‍ ഉണ്ടാവുന്നതും ഉണരുകയും ചെയ്യുന്നത്.

കാരിക്കുരുക്കളുടെ പെണ്ണായ വയലോറ വെള്ളച്ചിയും ചെമ്മരത്തിയും മാടായിക്കാരിയും മന്നപ്പനും ചൂട്ടേന്തിയ അനേകം പെണ്ണുങ്ങളും ഇരുള്‍നിറഞ്ഞ ദിക്കിനെ ഓലചൂട്ടുകളാല്‍ വീശിക്കൊണ്ട് തീജ്വാല സൃഷ്ടിക്കുന്നു.

'ദൈവക്കരു' ഒരു ദേശം മറ്റൊരുദേശത്തോട് പറയുന്ന കഥയാണ്. ആ കഥകള്‍ക്ക് മനുഷ്യന്റെ ചോരയുടെയും വിയര്‍പ്പിന്റെയും ഗന്ധവും നിറവുമുണ്ടാകുന്നു. പീഡിപ്പിക്കുന്നവനും പീഡിതനാവുന്നവനും ഒരുപോലെ തോറ്റുപോകുന്ന കഥകൂടിയാണിത്.

തീവ്രമായ അനുഭവങ്ങള്‍ ഒരു ദേശത്തിന്റെ ഭാഷയിലും വഴക്കത്തിലും എഴുതുമ്പോള്‍ തെയ്യത്തിന്റെയും സംസ്ക്കാരത്തിന്റെയും ചരിത്ര വഴികള്‍ ഈ നോവലില്‍ തെളിയുകയാണ്. കുടകും മലയാളവും സാംസ്കാരികമായി ഉള്‍ച്ചേരുന്നതിന്റെ അടിയൊഴുക്കുകളുടെ കാതലായ സാംസ്കാരിക വിശകലനത്തിന് അടിത്തറ പാകുക കൂടിയാണ് ഈ നോവല്‍ ചെയ്യുന്നത്.

Comments