ചോര പൊടിഞ്ഞ ദൈവജീവിതങ്ങൾ

‘‘ഈ നോവലിലേക്ക് എഴുത്തുകാരൻ നടന്നെത്തിയ ദൂരം വായനയ്ക്കൊടുവിലും നമുക്കളക്കാനാവില്ല. തെയ്യത്തിന്റെ അലച്ചിൽ പോലെയാണത്.  തെയ്യപ്രപഞ്ചത്തെ ആവാഹിക്കാനെടുത്ത ധ്യാനത്തിന്റെ ആഴവും അളന്നെടുക്കാനാവില്ല. തെയ്യത്തിന്റെ വെളിപാടുവാക്കുകളുടെ അർത്ഥം എന്നതുപോലെ.’’- വി.കെ. അനിൽകുമാർ എഴുതിയ ‘ദൈവക്കരു’ എന്ന നോവലിന്റെ വായന.

അണ്ണുക്കൻ

ഹൃദയം കനലാക്കി ഓർമകളും വിചാരങ്ങളും അതിലിട്ട് വേവിക്കുന്ന ചെമ്മരത്തി, അണ്ണുക്കൻ, വസുവനക്കനലാടി എന്നിവരിലൂടെയാണ് വി. കെ. അനിൽകുമാർ മന്നപ്പന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. ഒരു പക്ഷേ, ചെമ്മരത്തിയെക്കാൾ അണ്ണുക്കൻ നമ്മെ തൊടുന്നു. പടയും പൊയ്ത്തും അണ്ണുക്കന്റെ ലോകമേയല്ല. കൊഴുവലും ചക്രവും എരുതുകളുമായി കഴിയുന്ന അണ്ണുക്കനിൽ നിറയെ സ്നേഹവുമായി കതിവനൂർ വീട്ടിലേക്കെത്തുന്ന മച്ചുനൻ മന്നപ്പൻ. കൊടക് മലയെ പുഷ്പിപ്പിക്കാൻ മലയാളനാട്ടിൽ നിന്നു വന്ന മന്നപ്പൻ അണ്ണുക്കന്റെ പ്രിയപ്പെട്ടവനാകുന്നു. മുള്ളുകൾ നിറഞ്ഞ ചില്ലയിൽ നിന്ന് മധുരനാരങ്ങകൾ അടർത്തിയെടുക്കുമ്പോലെ കൂർത്ത മുള്ളുകളിൽ കോർത്തു പോയ മച്ചുനന്റെ മാംസക്കഷ്ണങ്ങൾ അടർത്തിയെടുക്കുന്ന അണ്ണുക്കൻ ഒരു നെരിപ്പായി തീ നക്ഷത്രങ്ങളുതിർത്ത് അകവും പുറവും തെളിച്ചപ്പെട്ടും തളർത്തപ്പെട്ടും കൊടക് മലയിൽ നിന്ന് ദർശനപ്പെടുന്നു.

മച്ചുനന്റെ നൂറ്റെട്ടേഴു ശരീരഭാഗങ്ങൾ കൈതമുള്ള്ന്നും മുണ്ടമുള്ള്ന്നും പെറുക്കിയെടുക്കുന്ന അണ്ണുക്കൻ കണ്ടവും തുണ്ടവും ചേർത്ത് മന്ദപ്പനെ ചായ്ച്ചെടുക്കുന്നു. കുടൽമാല കൂട്ടിവെച്ച് മച്ചുനന്റെ നാണം മറയ്ക്കുന്നു. മരിച്ച മന്നപ്പനെക്കാൾ അണ്ണുക്കൻ ഇവിടെ ഹൃദയത്തിലേക്ക് കയറി വരുന്നു. 

ആയിരക്കൊമ്പന്റെ പച്ചയിൽ മച്ചുനന്റെ മാംസക്കഷ്ണങ്ങൾ കൂട്ടി വെച്ച് 'കാക്കോത്തുന്നും തലക്കോത്തുന്നും' തീ കൊളുത്തുന്ന അണ്ണുക്കൻ. വേളാർകോട്ട് വീട്ടിലെ തേൻകദളി വാഴയിൽ, കൊടകപ്പട കൊത്തിയരിഞ്ഞ ഭർത്താവ് വെളിച്ചപ്പെട്ടതു കണ്ട് ഓടിയെത്തിയ ചെമ്മരത്തി തൊട്ടടുത്ത്. ഉച്ചവെയിൽ നേരത്ത് ആളിപ്പടർന്ന ചിതയിലേക്ക് ചെമ്മരത്തി എടുത്തു ചാടുമ്പോൾ നിലവിളിച്ചലറി ചിതയ്ക്കു ചുറ്റുമോടുന്ന അണ്ണുക്കനെ തീജ്വാലകൾ തട്ടിയകറ്റുന്നു.

അഗ്നിനാളങ്ങളെ വകവെക്കാതെ അണ്ണുക്കൻ ചെമ്മരത്തിയെ പിടിച്ചു വലിക്കുന്നു. കരിഞ്ഞു പോയ ശരീരത്തിന്റെ കണ്ടവും തുണ്ടവും അണ്ണുക്കന്റെ കൈയിൽ! മുത്താർമുടിയിലെ ചതുപ്പിൽ തളർന്നുവീഴുന്ന അണ്ണുക്കൻ ദൈവക്കരുവിലെ ജ്വലിക്കുന്ന കഥാപാത്രമാകുന്നു. കൊടക് മലയിലെ തിളങ്ങുന്ന തനത് നക്ഷത്രമായി ദൈവക്കരുവിൽ അണ്ണുക്കൻ ഉദിക്കുന്നു.

വാന്താർമുടിയാറ്റിൽ പുലകുളിക്കായി ഇറങ്ങുന്ന അണ്ണുക്കൻ യഥാർത്ഥത്തിൽ മാങ്ങാട് മന്നപ്പനിലേക്കാണ് ഇറങ്ങുന്നത്. പുഴയായ് കുളിരുന്നത് മന്നപ്പൻ എന്ന ഓർമ്മയാണ്. അങ്ങേക്കടവിൽ വെള്ളം തെറിപ്പിച്ച് കുളിച്ച്  രസിക്കുന്ന ഓളും പുരുവനും മാങ്ങാട്ട് മന്നപ്പനും വേളാർകോട്ട് ചെമ്മരത്തിയുമാണെന്ന് അണ്ണുക്കൻ കാണുന്നു. ഓടിക്കിതച്ചെത്തിയപ്പോൾ ആരുമില്ല!നനഞ്ഞ പാറക്കല്ലിൽ നിന്ന് മന്നപ്പനാൽ ദർശനപ്പെടുന്ന അണ്ണുക്കനെ വി.കെ. അനിൽകുമാർ അസാധാരണമാംവിധം വെളിച്ചടുത്തുന്നു. ദൈവക്കരുവിൽ അണ്ണുക്കൻ പുതിയൊരു കരുവായി പിറവി കൊളളുന്നു. 'കോഴിവള്ളി  പോലെ' ദുർബലനായ അണ്ണുക്കനിൽ മന്നപ്പനെന്ന യോദ്ധാവിന്റെ പ്രവേശം മറ്റൊരു ഭാഷയാൽ മുദ്രിതമാകുന്നു.

ദൈവക്കരുവായി നിയോഗം വന്ന മന്നപ്പന്റെ തിരുവൊപ്പനക്കോലം കെട്ടിയാടേണ്ട വസുവനക്കനലാടിയോട് മന്നപ്പന്റെ ദുരന്തകഥ നിർവ്വകാരനായി പറയുമ്പോൾ അണ്ണുക്കൻ മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. കതിവനൂർ പടിഞ്ഞാറ്റയിൽ അന്തിത്തിരിവെച്ച് മന്നപ്പനെ മുടങ്ങാതെ കാണുന്നൊരാൾ. ഒരാളുടെ മരണം മറ്റൊരാളുടെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്നതിന് അണ്ണുക്കൻ സാക്ഷ്യമാകുന്നു. 'മന്നപ്പൻ വന്നുകയറിയ മണ്ണ് യഥാർത്ഥത്തിൽ അണ്ണുക്കനാണ്', 'അണ്ണുക്കനിൽ കനവുകളുടെ മുളപൊട്ടി' എന്നിങ്ങനെ അത്രമേൽ ഗാഢമായ ബന്ധത്തിന്റെ ആവിഷ്കാരം നോവലിന്റെ രണ്ടാം ഭാഗത്തും കാണാനാകും. മരണത്തിലെന്നപോലെ ജീവിച്ചിരിക്കുമ്പോഴും അണ്ണുക്കന്റെ ജീവിതത്തെ മന്നപ്പൻ ഉഴുതുമറിച്ചിട്ടിരുന്നു. അണ്ണുക്കന്റെ പതിഞ്ഞ ശബ്ദം നോക്കൂ - "ഒരേ വള്ളിയിൽ കായ്ച്ച രണ്ടു കനികളാണ് ഞാനും നീയും, ഒരേ വേര് ... ഒരേ ഇല ... ഒരേ കാറ്റ് ... ഒരേ വെളിച്ചം ... ’’ ‘കൈക്കോട്ടുമായി  കണ്ടത്തിൽ പണിയെടുക്കുന്ന അണ്ണുക്കന്റെ ദിരിശന ശരീരമാണ് ലോകത്തിനു മുന്നിലെ പുതിയ ദൈവദർശനം’ എന്നു കൂടി നോവലിസ്റ്റ് പറഞ്ഞു വെക്കുന്നുണ്ട്.

സങ്കടങ്ങളുടെ കെട്ടുകൾ

കൊട്ക് മലയിൽ നിന്നുള്ള മലയടിത്താരകൾ സങ്കടങ്ങളുടെ ചെങ്കുത്താണ്. ദൈവമായി,  മലനാട്ടിലേക്ക് നാല്വര് തണ്ടയാൻമാരൊടൊപ്പം കൊടക് മല കീയുന്ന മന്നപ്പൻ വഴിയിൽ പൊന്നനും അഴകനും എന്നു പേരുള്ള രണ്ട് എരുതുകളോടു നടത്തുന്ന സംസാരമുണ്ട്. സങ്കടങ്ങളുടെ വേദാന്തങ്ങളിലേക്ക് നടന്നുകയറുന്ന ഈ ഭാഗം എത്ര ഒഴുക്കോടെയും ഒതുക്കത്തോടെയുമാണ് നോവലിൽ ദൃശ്യവൽക്കരിക്കുന്നത്!എരുതുകൾക്കൊപ്പം ദൈവത്തിന്റെയും കണ്ണുകൾ നിറയുമ്പോൾ വായനക്കാർക്കും അതിൽ നനയാതിരിക്കാനാവില്ല.

തൊലിപ്പുറത്ത് തിണർത്തു കിടക്കുന്ന, മനുഷ്യൻ മർദ്ദിച്ചതിന്റെ പാടുകൾ പൊന്നനും അഴകനും ദൈവത്തിന് കാണിച്ചുകൊടുക്കുന്നു. കരുണാർദ്രതയോടെ ദൈവം അവയെ നോക്കി പുഞ്ചിരിക്കുന്നു. പിന്നെ നെഞ്ചുവിരിച്ചു കാണിക്കുന്നു. എരുതുകൾ അന്തിച്ചുനിന്നു. ദൈവത്തിന്റെ ശരീരത്തിൽ മുഴുക്കെ പടർന്ന മുറിവടയാളങ്ങൾ ചോന്ന് ചോരച്ചാലുകളായി തെളിയുന്നതു കണ്ട എരുതുകൾ കരയുന്നു! തങ്ങളുടെ മുറിവുകൾ എത്ര നിസ്സാരമെന്നു അവയ്ക്ക് ബോധ്യപ്പെടുന്നു. സ്നേഹത്തിനു വേണ്ടി നടത്തിയ അലച്ചിലിന്റെ മുറിപ്പാടുള്ള മന്നപ്പൻ എരുതുകളെ ചേർത്തുപിടിക്കുന്നു. ചോര പൊടിയാത്ത ഒരു ദൈവജീവിതവും മണ്ണിൽ സാധ്യമല്ലെന്നു തുടങ്ങി ജീവിതത്തിന്റെ വഴിയാഴങ്ങൾ ദൈവം എരുതുകൾക്ക് പറഞ്ഞു കൊടുക്കുന്നു. കതിവനൂർ വീരന്റെ കഠിനജീവിതം പാടിയാടുന്നവർക്ക് എരുതുകളുടെ ജീവിതത്തെക്കുറിച്ചും പാടാതിരിക്കാനാവില്ലെന്ന ദൈവത്തിന്റെ വചനം പൊന്നന്റെയും അഴകന്റെയും മുറിപ്പാടുകൾ അപ്പാടെ മായ്ച്ചുകളഞ്ഞിരിക്കും.

എങ്കിലും കഷ്ടനഷ്ടങ്ങൾക്കിടയിലെ മനുഷ്യനുവേണ്ടി മുറിവേറ്റ ശരീരവുമായി നടക്കുന്ന ദൈവത്തിന് എന്തു ചെയ്യാനാകുമെന്ന പ്രസക്തമായ ചോദ്യം അഴകൻ ചോദിക്കുന്നുണ്ട്. ദൈവത്തിന്റെ തെളിച്ചപ്പെട്ട പ്രതിവചനം കൃത്യമായും ശക്തമായും കയ്യടക്കത്തോടെ വി. കെ. അനിൽകുമാർ അവതരിപ്പിരിക്കുന്നു.

നിറയെ ചിത്രങ്ങൾ

ഒരു തെയ്യക്കഥ ആഖ്യാനത്തിന്റെ മികവിൽ പുതുഭാവം നേടുന്നതിന്റെ തെളിവാണ് ദൈവക്കരു. മലയും കാടും പുഴയും മണ്ണും ജൈവികതയിൽ നിർത്തി മനുഷ്യന്റെ കഠിനാധ്വാനവും സ്നേഹവും പോരും ബലിയും അവയിൽ വിതയ്ക്കുന്നു. മലയാളനാട്ടിൽ നിന്ന് കൊടക് മലയിലേക്കും തിരിച്ചും പടരുന്ന മന്നപ്പന്റെ കഥ പറയുന്ന ദൈവക്കരുവിൽ നിറയെ ചിത്രങ്ങളാണ്. വാക്കു കൊണ്ടുള്ളവ! പൂത്തുലയുന്ന നിറവുകളും നെഞ്ചുരുക്കുന്ന നിനവുകളും എഴുത്തുചേലാൽ അത്യപൂർവ്വമായ അനുഭവമാകുന്നു. മണ്ണിന്റെ ഭാഷയിൽ  പിറവികൊണ്ട ദൈവക്കരു!

ഒരു കഥാപാത്രത്തിന്റെ ഓർമ്മയിൽ മറ്റൊരു കഥാപാത്രം വിസ്തൃതമാകും വിധത്തിലാണ് അവതരണം. അങ്ങനെയാകുമ്പോൾ വികാരങ്ങളുടെ തള്ളിക്കയറ്റവും വിക്ഷോഭങ്ങളുടെ പുറപ്പെടലും സ്വാഭാവികമാണ്. ഓരോ കഥാപാത്രവും സംഘർഷങ്ങളുടെ സ്ഥലികളാകുന്നു. ഇത്തരമൊരു ആവിഷ്ക്കാരത്തിന് ഭാഷ വളരെ പ്രധാനമാണ്. കൊടക് മലയിൽ ഉദിക്കുന്ന നക്ഷത്രങ്ങൾ പോലെ, വാന്താർമുടിയാറ്റിലെ കുളിർമ പോലെ, എരുതുകളുടെ സങ്കടങ്ങൾ പോലെ, ദൈവമായി മാറിയ മന്നപ്പന്റെ വെളിപാടുകൾ പോലെ, മേത്താകെ കുത്തിക്കോറി വരഞ്ഞിട്ട മുറിപ്പാടുകൾ പോലെ ഭാഷ ഇവിടെ അതിന്റെ ശരിക്കുള്ള മേലങ്കിയണിഞ്ഞ് ഭിന്നഭാവഭംഗികളെ ചിത്രണം ചെയ്യുന്നു. പാറ കിളച്ച് ചോറാക്കുമ്പോലെയുള്ള ഭാഷയുടെ വളക്കൂറിൽ  മധുരനോവലാകുന്നു ദൈവക്കരു.

കൊടക് മലയുടെ മോഹഭംഗിയും വന്യതയും മധുരനാരങ്ങയുടെയും മലഞ്ചരക്കിന്റെയും നിറവും സുഗന്ധവും മുത്താർമുടി ചതുപ്പിലെ പൊയ്ത്തും രുധിരവും തെയ്യച്ചമയത്തിന്റെ ശോണിമയും  കനലാടിയുടെ പൊള്ളുന്ന ഉള്ളും നാട്ടുവാക്കുകൂട്ടത്തിന്റെ ജീവനാൽ തളിർത്തുലയുന്നു. നാട്ടറിവുകളുടെ പുസ്തകം കൂടിയാണിത്.

മനുഷ്യൻ തെയ്യമാകുന്ന തീക്ഷ്ണാഖ്യാനത്തിലും കഥാപരിസരത്തിന്റെ സൂക്ഷ്മാംശാവതരണത്തിലും പുലർന്നു കാണുന്ന ഭാഷാമിഴിവ് നോവലിന്റെ ആകമാനം ഭാവപ്രപഞ്ചത്തിന് നക്ഷത്രദ്യുതിയേകുന്നു.

ഈ നോവലിലേക്ക് എഴുത്തുകാരൻ നടന്നെത്തിയ ദൂരം വായനയ്ക്കൊടുവിലും നമുക്കളക്കാനാവില്ല. തെയ്യത്തിന്റെ അലച്ചിൽ പോലെയാണത്.  തെയ്യപ്രപഞ്ചത്തെ ആവാഹിക്കാനെടുത്ത ധ്യാനത്തിന്റെ ആഴവും അളന്നെടുക്കാനാവില്ല. തെയ്യത്തിന്റെ വെളിപാടുവാക്കുകളുടെ അർത്ഥം എന്നതുപോലെ.

Comments