എഡ്വേർഡ് സെെദിനെ ആദരിച്ചുകൊണ്ട് സാൻ ഫ്രാൻസിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ തയ്യാറാക്കിയ ഫലസ്തീനിയൻ കൾച്ചറൽ മ്യൂറൽ പെയ്ന്റിങ് / Photo: Briantrejo, Wikimedia Commons

വലതുപക്ഷം അധികാരം കൈയാളുമ്പോൾ
​എന്തിന് എഡ്വേഡ് സൈദിനെ ഓർക്കണം?

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷം ഫലസ്തീൻ സന്ദർശിക്കുന്ന ഹമീദ് ദബാഷി അവിടെ അടക്കം ചെയ്ത രണ്ടു വിശുദ്ധരുടെ ഖബറിൽ നിന്നൽപ്പം മണ്ണെടുത്ത് ബെയ്റൂട്ടിലുള്ള എഡ്വേഡ് സൈദിനെ അടക്കം ചെയ്തിടത്ത് വിതറുന്നതാണ്.

മീദ് ദബാഷി കൊളംബിയ സർവകലാശാലയിലെ താരതമ്യ സാഹിത്യത്തിന്റെയും ഇറാനിയൻ പഠനങ്ങളുടെയും പ്രൊഫസറാണ്. സിനിമ പഠിതാവും ഫിലിം ഫെസ്റ്റിവൽ ക്യുറേറ്ററുമാണ്. അൽ ജസീറ കോളമിസ്റ്റാണ്. പാശ്ചാത്യേതരമായ ലോകബോധത്തെ പ്രതിഫലിപ്പിക്കുന്നു ദബാഷിയുടെ എഴുത്ത്. തന്റെ ധൈഷണിക ജീവിതത്തെയും പ്രതിജ്ഞാബദ്ധമായ സാംസ്‌കാരിക പ്രവർത്തങ്ങളെയും രൂപപ്പെടുത്തുന്നതിൽ ഏറ്റവും ഉന്നതമായ സ്വാധീനമായിരുന്നു എഡ്വേഡ് സൈദിന്റേത് എന്ന് ദബാഷി പറയുന്നു.

നമ്മുടെ കാലത്തിലെ ദാർശനിക വിവേകത്തിന്റെ സൂര്യതേജസായിരുന്നു എഡ്വേഡ് സൈദ്. സൈദിനെക്കുറിച്ചുള്ള ദീപ്ത അനുസ്മരണങ്ങളുടെ ലേഖന സമാഹാരമാണ് ഹമീദ് ദബാഷിയുടെ On Edward Said: Remembrance of Things Past. നവലോക ക്രമത്തിൽ, പ്രത്യേകിച്ചും കുടിയേറ്റ വിരുദ്ധതയും ഇടുങ്ങിയ ദേശബോധവും അപരത്വഭീതിയുമുയർത്തി വലതുപക്ഷം അധികാരം കൈയാളുന്ന ഇക്കാലസന്ധിയിൽ എഡ്വേഡ് സൈദ് ആരംഭം കുറിച്ച അന്വേഷണങ്ങളുടെ പ്രാധാന്യം എന്താണെന്ന് വിശദീകരിക്കുകയാണ് ദബാഷി ഈ സമാഹാരത്തിലെ ഓരോ ലേഖനത്തിലും. എഡ്വേഡ് സൈദിനെക്കുറിച്ചുള്ള ഇതിലെ ഓരോ ലേഖനങ്ങളും കുറിപ്പുകളും ദബാഷിയുടെ തന്നെ ഒരു നിരീക്ഷണം കടമെടുക്കുകയാണെങ്കിൽ, ‘വേർപ്പെടുത്താനാവാത്ത വിധമുള്ള വികാരങ്ങളുടെയും ഓർമകളുടെയും വൃന്ദമാകുന്നു' (A constellation of memories and emotions too precious to entangle, P70).

തന്റെ ധൈഷണിക അന്വേഷണങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തെ സൈദ് പ്രതിഷ്ഠിച്ചു. തന്റെ പാണ്ഡിത്യപരമായ പ്രവർത്തനങ്ങളും ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനോടുള്ള ഐകദാർഢ്യവും വെവ്വേറെയായിരുന്നില്ല സൈദിന്.

ഹമീദ് ദബാഷിക്ക് എഡ്വേഡ് സൈദിനോടുള്ള സ്‌നേഹം നിറഞ്ഞ ആദരവിനെ പ്രതിഫലിപ്പിക്കുന്ന അനവധി നീരിക്ഷണങ്ങൾ ഈ സമാഹാരത്തിലെ ഓരോ ലേഖനത്തിലും കാണാം. ഒരിടത്ത് ഹമീദ് ദബാഷി പറയുന്നു; ‘സൈദ് പ്രത്യാശയുടെ മൂർത്താവിഷ്‌ക്കരമാണ്'. വേറെയൊരിടത്തു പറയുന്നു; ‘സൈദ് സാധാരണ മനുഷ്യനായിരുന്നു, എന്നാൽ അതികായനുമായിരുന്നു. രണ്ടിനുമിടയിലുള്ള അകലം കുറച്ചിരുന്നത് സൈദിന്റെ സാഹസികമായ ഭാവനാശക്തിയായിരുന്നു.'

ഹമീദ് ദബാഷി

സെക്യുലർ ഹ്യുമനിസ്റ്റിന്റെ ആത്മാവിൽ നിലകൊണ്ടിരുന്ന വിശുദ്ധനായ തീർത്ഥാടകന്റെ തീക്ഷ്ണശക്തിയായിരുന്നു എഡ്വേഡ് സൈദിന്റെ ചിന്തയെന്നും ഹമീദ് ദബാഷി വിശേഷിപ്പിക്കുന്നു. ഒത്തുതീർപ്പുകൾക്ക് വിധേയപ്പെടാത്ത, ഏതെങ്കിലും വ്യവസ്ഥാപിതത്വങ്ങൾക്കോ സംഘടനകൾക്കോ വേണ്ടി തന്നെ സ്വകാര്യവൽക്കരിക്കാത്ത, അധികാരത്തോട് കീഴപ്പെട്ടു നിൽക്കാത്ത ബൗദ്ധിക ജീവിതത്തിന്റെ ഉയർന്ന മാതൃകയാണ് എഡ്വേഡ് സൈദ് കാണിച്ചു തന്നത്. തന്റെ ധൈഷണിക അന്വേഷണങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തെ സൈദ് പ്രതിഷ്ഠിച്ചു. തന്റെ പാണ്ഡിത്യപരമായ പ്രവർത്തനങ്ങളും ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനോടുള്ള ഐകദാർഢ്യവും വെവ്വേറെയായിരുന്നില്ല സൈദിന്. രണ്ടും ഏകീഭാവത്തോടെയാണ് എഡ്വേഡ് സൈദിന്റെ എഴുത്തുകളിൽ പ്രവർത്തിച്ചത്.

രാജ്യഭ്രഷ്ടൻ

രാജ്യഭ്രഷ്ടനായ ധൈഷണികനാണ് എഡ്വേഡ് സൈദിന്റെ മാതൃകാ ചിന്തകൻ. പക്ഷെ നാടുകടത്തപ്പെട്ട അവസ്ഥ എന്നു പറയുന്നത് വേരറ്റുപോയി കാറ്റിലിങ്ങനെ പാറിനടക്കുന്ന ഗതിശൂന്യമായ സ്ഥിതിയല്ല. ആത്മപരിദേവനങ്ങൾ പറഞ്ഞ്, സ്വയം സഹതാപാർഹമാക്കി, രാഷ്ട്രീയാശ്രയത്വം ലക്ഷ്യംവെച്ചുള്ള വേഷംകെട്ടലുമല്ല ഈ ബഹിഷ്‌കൃതാവസ്ഥ. എഡ്വേഡ് സൈദിന് അതൊരു ധൈഷണികമായ ഉയർന്ന മാനമായിരുന്നു. ബുദ്ധിജീവിയുടെ ധാർമികതയെ നിർണയിക്കുന്ന ഒരളവുകോൽ. എത്രയും അടുപ്പത്തോടെ എന്നാൽ എത്രയും അകലെ നിന്ന് സംസ്‌കാരങ്ങളെ അറിയാനുള്ള ധൈഷണിക വിവേകം. രാജ്യഭ്രഷ്ടത എന്നാൽ അധികാരഭ്രഷ്ടത തന്നെയാണെന്നതാണ് ആ വിവേകത്തിന്റെ കാതൽ. നിലപാടുകളിലെ സ്ഥൈര്യത, അധികാരം വെച്ചു നീട്ടുന്ന ബഹുമാന്യതകളോടുള്ള തിരസ്‌ക്കാര തുല്യമായ സമീപനം, ബഹിഷ്‌കൃതരായ ഫലസ്തീൻ ജനതയോടൊപ്പമുള്ള അചഞ്ചലമായ നിൽപ്- ഇങ്ങനെയൊക്കെയാണ് അത് പ്രകടമായത്.

എഴുത്തുകാർക്കും മൗലിക അന്വേഷണങ്ങളോട് പ്രതിജ്ഞാബദ്ധരായവർക്കും അഭികാമ്യം സ്വയം ഭ്രഷ്ടാവസ്ഥ സ്വീകരിക്കുക എന്നതാണ്. പക്ഷെ, അത് തലയുയർത്തി നിൽക്കുന്ന ചിന്തയായിരിക്കും. അത്തരം ചിന്ത എപ്പോഴും വിരോധോക്തിപരമായ സമീപനമാണ് ഏറ്റവും ഉചിതമായി കരുതുക.

ദേശീയതയുടെ രൂപത്തിലാണെങ്കിലും പാർട്ടിയുടെ രൂപത്തിലാണെങ്കിലും വ്യവസ്ഥാപിതമായ ഏതൊരു ഘടനയുടെ രൂപത്തിലാണെങ്കിൽ തന്നെയും അധികാരം പ്രയോഗക്ഷമമാകുന്നത് ഒരുവനെയും ഒരുവളെയും ആ ഘടനയ്ക്കകത്തേക്കു പിടിച്ചിട്ടുകൊണ്ടാണ്. ഈ വ്യവസ്ഥാപിതത്വങ്ങൾക്ക് പുറത്തുനിൽക്കുക എന്നതും രാജ്യഭ്രഷ്ടതയുടെ വിവേകമാകുന്നു. ആ വിവേകത്തിൽ പ്രകടമാകുന്ന അരാജകത്വമുണ്ട്. വ്യക്തിവാദമല്ല ഈ അരാജകത്വം. അത് ഒരുമിച്ചുചേരലിനെയോ കളക്റ്റിവിറ്റിയെയോ നിരാകരിക്കലല്ല. അമർച്ച ചെയ്യപ്പെട്ട ജീവിതങ്ങളുടെ ദുരിതവ്യവഹാരങ്ങളെ ഉയർത്തെഴുന്നേൽപിനുള്ള പുതിയൊരു ജ്ഞാനമായി തിരിച്ചറിഞ്ഞ് അതിന് ഭാഷണം നൽകുന്ന ധാർമികമായ ഉത്തരവാദിത്വം സ്വയമേൽക്കലാണ്. നീതിനിഷ്ഠമായ ലൗകിക ബോധത്തിൽ നിന്നുയിർക്കൊള്ളുന്ന ധാർമിക പ്രതിജ്ഞാബദ്ധതയാണ്. അധികാര രാഷ്ട്രീയത്തിന്റെ ആനുകൂല്യം പറ്റി ജീവിക്കുന്ന അവസരഭോഗികളുടെ പ്രകടനവേദികളിലെ സന്ദർഭോചിത സെൽഫി പകർപ്പിനായുള്ള മുദ്രാവാക്യം വിളിയല്ല അത്. ഇസ്രായേൽ എംബസിക്കു നേരെ കല്ലെറിയുന്ന സൈദിന്റെ ചിത്രം ഒരു സെൽഫി പൊസ്ചർ (posture) ആയിരുന്നില്ല.

ഇസ്രയേൽ എംബസിക്കുനേരെ കല്ലെറിയുന്ന സൈദ്‌ / Photo: facebook

ധൈഷണിക ജീവിതത്തിന് ഏറ്റവും ഹിതകരമായ അവസ്ഥയെന്നത് അദേശീയമായിരിക്കുക (anational) എന്ന ഇ. എം. ചിയൊറന്റെ (E.M. Cioran) നീരിക്ഷണത്തെ എഡ്വേഡ് സൈദ് ഉൾക്കൊണ്ടിരുന്നു എന്ന് ഹമീദ് ദബാഷി വിശദീകരിക്കുന്നു. ഒരാപൽക്കര സന്ധിയിലകപ്പെട്ട ജീവിതത്തിനും ലോകത്തിനും അതെങ്ങനെ സംഭവിച്ചു എന്നതിന്റെ കാര്യകാരണങ്ങളെ കൂടുതൽ തെളിമയോടെ മനസ്സിലാക്കാനുള്ള സാഹചര്യമൊരുക്കുന്നു, നാടുകടത്തപ്പെട്ട അവസ്ഥ. സൈദിൽ നിന്നൊരാശയം പങ്കുകൊള്ളുകയാണെങ്കിൽ, വൈരുധ്യം കളിയാടുന്ന ജീവിതവേളകളിൽ നമ്മൾ പിന്നിട്ടു പോന്ന ചരിത്രസ്മരണകളെ പുതുതായ ഒരു വിസ്തൃതിയിൽ മനസ്സിലാക്കാനുള്ള വഴിയാകുന്നു ഭ്രഷ്ടാവസ്ഥ. വംശീയവും മതപരവുമായ ഇടുങ്ങിയ ധാരണകളിൽ നിന്ന് ഉയരാനുള്ള സാഹചര്യം ഒരുക്കുന്നുവെന്നതാണ് അതിന്റെ പ്രത്യേകത.

സമകാലിക ജീവിതത്തിലാണെങ്കിൽ, പ്രത്യേകിച്ചും കക്ഷിരാഷ്ട്രീയ കസർത്തുകൾക്ക് അപ്രമാദിത്വമുള്ള സമൂഹങ്ങളിലാണെങ്കിൽ ഭ്രഷ്ടനായിരിക്കുക എന്നത് വിശേഷപ്പെട്ട ഒരു കാര്യമാണ്. കാരണം അദേശീയത പോലെ അപാർട്ടീയതയും (aparty) ഇടുങ്ങിയ പരിധികൾക്കകത്ത് ചിന്തയെ ഓച്ഛാനിപ്പിച്ചു നിർത്തേണ്ട ഗതികേടിൽ നിന്ന് മുക്തമാക്കുന്നു. എഴുത്തുകാർക്കും മൗലിക അന്വേഷണങ്ങളോട് പ്രതിജ്ഞാബദ്ധരായവർക്കും അഭികാമ്യം സ്വയം ഭ്രഷ്ടാവസ്ഥ സ്വീകരിക്കുക എന്നതാണ്. പക്ഷെ, അത് തലയുയർത്തി നിൽക്കുന്ന ചിന്തയായിരിക്കും. അത്തരം ചിന്ത എപ്പോഴും വിരോധോക്തിപരമായ സമീപനമാണ് ഏറ്റവും ഉചിതമായി കരുതുക.

റിച്ചാർഡ് റോർട്ടി

അത്തരത്തിലുള്ള സമീപനം പുലർത്തുന്ന ചിന്തകരെ റിച്ചാർഡ് റോർട്ടി വിശേഷിപ്പിച്ചത് ‘വിരുദ്ധോക്ത സൈദ്ധാന്തികർ' ( Ironist Theorist) എന്നാണെന്ന് ഹമീദ് ദബാഷി പറയുന്നു. ഇതിനെ കുറിച്ചുള്ള റിച്ചാർഡ് റോർട്ടിയുടെ വിശദീകരണത്തെ ഹമീദ് ദബാഷി ഉദ്ധരിക്കുന്നുണ്ട്: കുത്തനെ താഴേക്ക് നോക്കുന്ന രീതിയെ നിരാകരിച്ച് തിരശ്ചീനമായി ചരിത്രത്തെ സമീപിക്കുമ്പോൾ തിരുമാനിച്ചുറപ്പിക്കപ്പെട്ടതും വ്യവസ്ഥപ്പെടുത്തിയതുമായ നാളിതുവരെയുള്ള കോളനികർത്താവിന്റെ ഉടമസ്ഥയിലുള്ള എല്ലാ അറിവും അയാളുടെ സംരംഭങ്ങളെ പുഷ്ടിപ്പെടുത്താനുള്ളതായിരുന്നു എന്ന തിരിച്ചറിവിലേക്കാണ് നയിക്കുക. അതിനെ ഭേദിക്കാൻ ചരിത്ര സ്മരണകളെ പുതിയ വിസ്തൃതിയിൽ നിന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഈ വിസ്മൃതി കണ്ടെത്തുക എന്നത് ഒരു സ്വാച്ഛന്ദ്യം കണ്ടെത്തുക എന്നതു കൂടിയാണ്. ദേശീയതയിൽ നിന്ന്, പാരമ്പര്യഭാരത്തിൽ നിന്ന്, പ്രൊഫഷണലിസത്തിൽ നിന്ന്, നവ പ്രവാചക ആജ്ഞാപിത്വങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് ഈ സ്വാച്ഛന്ദ്യം എന്നാണ് എഡ്വേഡ് സൈദ് നിർവചിക്കുന്നത്.

അധികാരികൾ പതിവുപോലെ അന്നും നുണ പറഞ്ഞിരുന്നു. അധികാര വ്യവസ്ഥയുടെ നിലനിൽപിന്​ അറിവുകൾ ക്രമപ്പെടുത്തിയിരുന്നു. എങ്കിലും അവാസ്തവികതയെ വാസ്തവികതയിൽ നിന്ന് വിവേചിച്ചു മനസ്സിലാക്കാവുന്ന സാമാന്യ ജ്ഞാനം മാധ്യമങ്ങളിലുണ്ടായിരുന്നു,അതിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്

ഭ്രഷ്ടാവസ്ഥ എന്നാൽ പ്രാന്തസ്ഥാനീയനായിരിക്കുക എന്നതു കൂടിയാണ്. എങ്കിലും ഈ ബഹിഷ്‌കൃതാവസ്ഥ കാര്യങ്ങളെ മനസ്സിലാക്കാൻ കൂടുതൽ തെളിച്ചം നൽകുന്നു. അധീശത്വത്തിനെതിരെ തിരുത്തൽ ശക്തിയാകാനുള്ള ഊർജമാകുന്നു ചിന്ത. ഭരണകൂടത്തിന്റെ ചെറുപതിപ്പുകളുകളായി സ്ഥൂലീകരിച്ചു നിൽക്കുന്ന വ്യവസ്​ഥാപിതത്വത്തിൽ ഉറഞ്ഞു പോയ ചിന്തയെ വെല്ലുവിളിക്കുകയും ഉടച്ചുകളയുകയും ചെയ്യുന്ന എതിർവ്യാഖ്യാതാക്കളെയാണ് (court interpreters) ഭ്രഷ്ടാവസ്ഥ സാധ്യമാക്കുന്നത്. ജനാധിപത്യത്തിന് അത് പ്രധാനവും മൂല്യവത്തായതുമാണ്. അധികാരത്തോട് സത്യം പറയുക എന്ന വലിയ ഉത്തരവാദിത്വം പക്ഷെ മുമ്പത്തേതിനേക്കാൾ സങ്കീർണമായിരിക്കുന്നു. എഡ്വേഡ് സൈദിന്റെ പ്രഭാവക്കാലത്ത് വാസ്തവാനന്തരത എന്ന സമകാലിക പ്രശ്‌നം കാര്യങ്ങളെ ഇത്രമേൽ കുഴപ്പിച്ചിരുന്നില്ല. അധികാരികൾ പതിവുപോലെ അന്നും നുണ പറഞ്ഞിരുന്നു. അധികാര വ്യവസ്ഥയുടെ നിലനിൽപിന്​ അറിവുകൾ ക്രമപ്പെടുത്തിയിരുന്നു. എങ്കിലും അവാസ്തവികതയെ വാസ്തവികതയിൽ നിന്ന് വിവേചിച്ചു മനസ്സിലാക്കാവുന്ന സാമാന്യ ജ്ഞാനം മാധ്യമങ്ങളിലുണ്ടായിരുന്നു, അതിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. യാഥാർഥ്യം തന്നെ സാങ്കേതികവിദ്യയാൽ നിർമിതമാക്കാമെന്നിരിക്കെ സാമാന്യ ജനത്തിന്റെ കാഴ്ചയെ (perception) എങ്ങനെ വേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാനുള്ള ഉപാധികളും വിശകലന രീതികളും നിലവിൽ വന്നിരിക്കുന്നു. ഇതിനെ ചെറുക്കുക ചെറിയ കാര്യമല്ല. എതിർവ്യാഖ്യാനം സാധ്യമാകുക വഴി സമൂഹത്തിൽ അഭാവപ്പെട്ടു കൊണ്ടിരിക്കുന്ന വിവേകം നഷ്ടപ്പെടാതെ നിലനിർത്തുക എന്നതു കൂടിയാണ്. തുർഗെനെവിന്റെ പിതാക്കളും പുത്രൻമാരും നോവലിലെ ബസാറോവ് എന്ന കഥാപാത്രത്തിന്റെ ചില സവിശേഷതകളെയും അഡോർണോയുടെ മിനിമ മൊറാലിയിൽ നിന്നുള്ള ആത്മകഥാംശമുള്ള അനുഭവങ്ങളെയും ചേർത്താണ് എഡ്വേഡ് സൈദ് രാജ്യഭ്രഷ്ടനായ ബുദ്ധിജീവിയുടെ ചിന്താപ്രകൃതത്തിന് രൂപം നൽകുന്നത്. ഉറച്ചുപോയ ധാരണകളെ ദുർബലപ്പെടുത്തുന്നതിനാണ് അയാൾ പ്രാധാന്യം നൽകുന്നത്. ചിന്തയുടെ ഭൂകമ്പന തരംഗങ്ങൾ അയാൾ സൃഷ്ടിക്കുന്നു, അത് ജനതയെ ഞെട്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സൈദിന്റെ സങ്കൽപ്പത്തിലെ ധൈഷണിക വ്യക്തിത്വം വിഷണ്ണനായ, വിഷാദചിത്തനായ ഒരാളല്ല. രാജ്യഭ്രഷ്ടത ധൈഷണികതയ്ക്കു കരുത്തു നൽകുന്നു. മൗലിക അന്വേഷങ്ങൾ അയാളെ ആഹ്ലാദചിത്തനാക്കുന്നു. പ്രത്യാശയുടെ വല്ലാത്തൊരു ഊർജമാണ് സൈദിന്റെ എഴുത്തിൽ നിന്ന് വായനക്കാർക്ക് ലഭിക്കുക

കോംപ്രദോർ

രാജ്യഭ്രഷ്ടനായ ബുദ്ധിജീവിയുടെ നിഴലിനരികെ എന്നും ഒരു പരാന്നജീവിയായ കോംപ്രദോർ ബുദ്ധിജീവിയുടെ സാന്നിധ്യമുണ്ടായിരുന്നു. ദല്ലാൾ ബുദ്ധിജീവികൾ ഒറ്റുകാരന്റെ പണിയാണ് എന്നും ചെയ്തിരുന്നത്. നാടുവിടേണ്ടി വന്ന ബുദ്ധിജീവിയുടെ വലിയ ദർശനങ്ങളെ ഉപജീവിച്ചാണ് പരാന്ന ബുദ്ധിജീവികൾ തടിച്ചു കൊഴുക്കുന്നത്. ദല്ലാൾ ബുദ്ധീജീവിയുടെ പ്രകൃതം വിശദമാക്കാൻ ഹമീദ് ദബാഷി ആഫ്രോ- അമേരിക്കൻ ദാർശനികൻ ക്വാമേ ആന്തണി അപ്പയ്യയുടെ നീരിക്ഷണം അവതരിപ്പിക്കുന്നുണ്ട്.

ക്വാമേ ആന്തണി അപ്പയ്യ

പാശ്ചാത്യതയെ ആദർശവൽക്കരിക്കുന്ന, പാശ്ചാത്യ പരീശീലനം സിദ്ധിച്ച ലോക മുതലാളിത്തത്തിനു വേണ്ടി ആഗോള സാംസ്‌കാരിക ചരക്കുകളുടെ വിനിമയങ്ങൾക്ക് മാധ്യസ്ഥ്യം വഹിക്കുക എന്നതാണ് അവരിൽ അർപ്പിതമായ പരമപ്രധാനമായ ഉത്തരവാദിത്വം. കോംപ്രദോർ എന്ന പദത്തിന്റെ ഉത്ഭവം 1840 കളിലെ കൊളോണിയൽ വ്യാപാരങ്ങളിലാണ്. ചൈനയിൽ കറുപ്പിന്റെ ഇറക്കുമതി നടത്തിയിരുന്ന യൂറോപ്യൻ കച്ചവടക്കാരുടെ ചൈനക്കാരായ ഏജന്റുമാരെയാണ് കോംപ്രദോർ എന്നു വിളിച്ചിരുന്നത്. അവരുടെ പ്രധാന ഉത്തരവാദിത്വം കച്ചവടത്തിലെ ലാഭം ഉറപ്പാക്കുക, ചൈനക്കാരായ തൊഴിലാളികളുടെ മേൽനോട്ടം എന്നിവയായിരുന്നു.

ഹമീദ് ദബാഷിയുടെ നീരിക്ഷണത്തിൽ ദല്ലാൾ ബുദ്ധിജീവി എന്നാൽ സാംസ്‌കാരിക ബ്രോക്കറാണ്, കമീഷൻ പറ്റുന്ന ഓപ്പറേറ്റർ, സാംസ്‌കാരിക ചരക്കു വിനിമയങ്ങളിൽ പത്തുശതമാനം കൈപ്പറ്റുന്നയാൾ. സാംസ്‌കാരിക മേൽക്കോയ്മ നിലനിർത്തുക, എതിർവീക്ഷണങ്ങൾ ഉയർന്നുവരാതെ അധീശത്വത്തെ പരിപാലിക്കുക എന്നിവയാണ് അയാളുടെ ഉത്തരവാദിത്വം. താൻ പിന്തുണയ്ക്കുന്ന അധികാര വ്യവസ്ഥയുടെ സാംസ്‌കാരിക നിലപാടുകളെക്കുറിച്ചുള്ള മാമൂൽ ധാരണകളാണ് കോംപ്രദോർ സാംസ്‌കാരിക ബ്രോക്കർക്ക് ആവശ്യം വേണ്ട ഏക യോഗ്യത. അതായത് താൻ പ്രതിനിധാനം ചെയ്യുന്ന അധികാര വ്യവസ്ഥയുടെ സമകാലികമായ രാഷ്ട്രീയ പദസഞ്ചയം (vocabulary) പഠിച്ചുവെക്കുക്ക എന്ന്. ഈ അധികാര വ്യവസ്ഥയുടെ കോയ്മ നിലനിർത്തുക എന്ന ദൗത്യം ഒരു പ്രേരണയായി വരുന്നത് സ്വന്തം സ്വാർത്ഥ- നിക്ഷിപ്ത താൽപര്യങ്ങൾ അധികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതുകൊണ്ടാണ്. അതായത്, പ്രത്യശാസ്ത്രപരമായ പ്രതിജ്ഞാബദ്ധതയോ ആത്മബോധമോ ഒന്നുമല്ല തന്റെ അധികാര ന്യായീകരണ തൊഴിലിനു നിദാനം.

മുൻതലമുറ ബുദ്ധിജീവി അധികാര വ്യവസ്ഥയോട് ആശയപരമായെങ്കിലും ആഭിമുഖ്യം പുലർത്തിയിരുന്നു. ഇന്നിപ്പോൾ അതിന്റെ ആവശ്യമില്ല.

അധികാര വ്യവവസ്ഥകളെ പിന്തുണച്ചിരുന്ന ആദ്യകാല ബുദ്ധിജീവികളിൽ നിന്ന് പുതിയ തലമുറ ഭിന്നമാകുന്നത് ഈയൊരു പ്രധാന കാരണം കൊണ്ടാണ്. മുൻതലമുറ ബുദ്ധിജീവി അധികാര വ്യവസ്ഥയോട് ആശയപരമായെങ്കിലും ആഭിമുഖ്യം പുലർത്തിയിരുന്നു. ഇന്നിപ്പോൾ അതിന്റെ ആവശ്യമില്ല എന്നതാണ് പ്രധാന കാരണം. ദല്ലാൾ ബുദ്ധിജീവി അധികാര വ്യവസ്ഥയ്ക്കായി പണിയെടുക്കുന്നത് ഒരൊറ്റ കാര്യം കൊണ്ടാണ്- താൻ പിന്തുണയ്ക്കുന്ന അധികാര വ്യവസ്ഥയുടെ പ്രീതിയാണ് തന്റെ നിലനിൽപിന് ആധാരം എന്നതിനാൽ. അതായത് പ്രത്യശാസ്ത്രപരമായ ദൗത്യമല്ലാത്തുകൊണ്ട് ബൗദ്ധികമായ ശേഷി ഇന്നത്തെ ബ്രോക്കർ പണിക്ക് വരുന്നില്ല എന്നതുതന്നെ. ഹമീദ് ദബാഷിയുടെ കാഴ്ചപ്പാടിൽ എഡ്വേഡ് സൈദിന്റെ ധൈഷണിക ഔന്നത്യത്തിന്റെ അരികുപറ്റാൻ പോലും അർഹരല്ലാത്തവരായ ദല്ലാൾ ബുദ്ധിജീവികൾ സൈദിനെ ആക്രമിച്ചുകൊണ്ടിരുന്നു. ദല്ലാൾ ബുദ്ധിജീവിയുടെയും തദ്ദേശീയ ഇൻഫോർമർമാരുടെയും പ്രകൃതം ഹമീദ് ദബാഷി വിശദീകരിക്കുന്നുണ്ട്. ഇതു വായിക്കുമ്പോൾ, ഏതോ നിലകളിൽ നമ്മുടെ ചുറ്റുപാടുകളിലും കണ്ടുവരുന്ന ബുദ്ധിജീവിതങ്ങളും പ്രതിഫലിപ്പിക്കുന്നത് ഇതൊക്കെ തന്നെയല്ലേ എന്ന് തീർച്ചയായും ആലോചിച്ചു പോകും.

മിഖായേൽ ഇഗ്‌നറ്റിഫ്

പാശ്ചാത്യ ശക്തികളെ പ്രത്യശാസ്ത്രപരമായി പിന്തുണയ്ക്കുന്ന ബെർണാഡ് ലൂയിസ്, ഫൗദ് അജാമി, ഇയാൻ ഹിർസി പോലുള്ള കോംപ്രദോർ ബുദ്ധീജീവികളുടെ ധൈഷണിക ദാരിദ്ര്യവും ഇസ്‌ലാമിനെ കുറിച്ച് അവർ രൂപപ്പെടുത്തിയ പ്രതീതിയും പിന്നീട് ഭീകരവാദത്തിനെതിരായ യുദ്ധമെന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ പ്രൊജക്ടിന് ആശയാടിത്തറയായി തീരുകയായിരുന്നു. ഇതുപോലെ തന്നെയാണ് സാമുവൽ ഹട്ടിങ്ടണിന്റെ സംസ്‌കൃതികൾ തമ്മിലുള്ള യുദ്ധം എന്ന സാമ്രാജ്യത്വത്തിന്റെ ആശയ സംഹിത ഉൾക്കൊള്ളുന്ന തീസിസും. ഹമീദ് ദബാഷി പ്രത്യേകമായി വിശകലനം ചെയ്യുന്ന ഒരു കോംപ്രദോർ ബുദ്ധിജീവിയാണ് മിഖായേൽ ഇഗ്‌നറ്റിഫ്.

ഇസയ്യ ബെർലിന്റെ ജീവചരിത്രം രചിച്ച ഇഗ്നറ്റിഫ് ലിബറൽ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലയിലാണ് പാശ്ചാത്യതയെ ന്യായീകരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്ന പാശ്ചാത്യതയുടെ രാഷ്ട്രീയ പാരമ്പര്യം കുടിയേറ്റ വംശജരിൽ നിന്നും ഇസ്‌ലാമിൽ നിന്നും ഭീഷണി നേരിടുകയാണെന്നും അതുകൊണ്ട് അതിനെ ഏതു ഹിംസാമാർഗവും ഉപയോഗിച്ച് നേരിടണമെന്നുമാണ് മിഖായേൽ ഇഗ്നറ്റിഫ് വാദിക്കുന്നത്. ലിബറൽ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നു എന്നവകാശപ്പെടുന്ന മിഖായേൽ ഇഗ്നറ്റിഫ് പാശ്ചാത്യ രാഷ്ട്രങ്ങളിൽ സവിശേഷ സാന്നിധ്യമായി മാറിയ ഇസ്‌ലാമിനെ നേരിടാനും അതിനെ ഇല്ലാതാക്കാനും പീഡനത്തിന്റെ നിയമവൽക്കരണം (legalisation of torture) വരെയാകാമെന്നു വാദിക്കുന്നു. ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം എന്ന പദ്ധതിയുടെ എംബെഡ്ഡഡ് ന്യായീകരണ തൊഴിലാളികളാണ് ഈ ബുദ്ധിജീവികൾ. ലിബറലിസത്തിന്റെ പൊയ്​മുഖം അഴിഞ്ഞുവീണാലും കുഴപ്പമില്ല, എന്നാലും ഇസ്‌ലാമും മുസ്‌ലിംകളും പാശ്ചാത്യ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി കാണണമെന്നേ ലിബറലുകൾക്കുള്ളൂ.

ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം എന്ന പദ്ധതിയുടെ എംബെഡ്ഡഡ് ന്യായീകരണ തൊഴിലാളികളാണ് ഈ ബുദ്ധിജീവികൾ. ലിബറലിസത്തിന്റെ പൊയ്​മുഖം അഴിഞ്ഞുവീണാലും കുഴപ്പമില്ല, എന്നാലും ഇസ്‌ലാമും മുസ്‌ലിംകളും പാശ്ചാത്യ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി കാണണമെന്നേ ലിബറലുകൾക്കുള്ളൂ.

ദേശസുരക്ഷ നിലനിർത്താൻ പീഡനം അനിവാര്യമെന്ന് വാദിക്കുന്ന ഇഗ്നറ്റിഫിന്റെ ന്യായീകരണ നീരിക്ഷണങ്ങളെ ഹമീദ് ദബാഷി ഉദ്ധരിക്കുന്നുണ്ട്. ലിബറൽ ജനാധിപത്യവും (‘പാശ്ചാത്യരായ നമ്മൾ') ഭീകരതയും (‘പ്രാകൃതരായ അവർ') എന്ന ദ്വന്ദ്വസൃഷ്ടിക്കകത്താണ് ലിബറൽ ചിന്ത, അപരഭീതിയാൽ നിർണീതമായ പാശ്ചാത്യ ജനാധിപത്യ സംരക്ഷണം എന്ന വിചിത്ര പദ്ധതിയുമായി വന്നിരിക്കുന്നത്. നവ ലിബറലിസമായി മാറിയ പഴയ ലിബറലിസം വ്യവഹാരികമായി സൃഷ്ടിച്ച പ്രതീതിയാണ് ഇരയാക്കപ്പെട്ട യൂറോപ്പ് എന്നത്. അത് വിവരിക്കാൻ യൂറോപ്പിനെ ഓഷ്​വിറ്റ്​സിനോട് സാദൃശ്യപ്പെടുത്തുന്നു. അതേസമയം സയണിസ്റ്റ് തേർവാഴ്ചയിൽ ഒരു ജനത മുഴുവൻ തന്നെ തങ്ങളുടെ മണ്ണിൽ നിന്ന് അന്യാധീനപ്പെട്ട് നിരന്തര പീഡനത്തിന് വിധേയമാകുന്നത് ലിബറൽ നോട്ടങ്ങളിൽ ഒരിക്കലും വരുന്നുമില്ല. ഫലസ്തീൻ ജനതയുടെ കുടിയിറക്കപ്പെട്ട അവസ്ഥ ബോധപൂർവം തമസ്‌കരിക്കപ്പെടുകയാണ്. കോംപ്രദോർ ബുദ്ധീജീവികളിൽ ഒരു വിഭാഗമെങ്കിലും ഹമീദ് ദബാഷിയുടെ കാഴ്ചപ്പാടിൽ ഫ്രീലാൻസ് ബുദ്ധിജീവികളാണ്. വർഗപരമായോ അടിച്ചമർത്തപ്പെട്ടവരുടെ അതീജീവന പ്രക്ഷോഭങ്ങളായോ ഒരു വിധത്തിലും ബന്ധപ്പെടാതെയും ഐക്യപ്പെടാതെയും വേരറ്റു പോയ അണുവ്യക്തിതലങ്ങളിൽ മാത്രം വർത്തിക്കുന്ന അക്കാദമിക് ബുദ്ധിജീവികളാണ്, ലോകമുതലാളിത്തത്തിന്റെ കൂലിയെഴുത്താളികളാണ് (mercenary) അവരെന്നും ദബാഷി പറഞ്ഞുവെയ്ക്കുന്നു. ഈ കാറ്റഗറിയിലൊന്നും പെടാതെ നിൽക്കുന്ന യൂറോപ്പിലെ ഇടതുപക്ഷ ബുദ്ധിജീവികളെക്കുറിച്ചുള്ള ഒരു വിമർശനാത്മക ലേഖനവും ഹമീദ് ദബാഷി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മെർലിൻ മൺറോ ഡോക്ടറിൻ

എഡ്വേഡ് സൈദിനോട് വ്യക്തിപരമായി ആദരവ് പുലർത്തുമ്പോഴും പാശ്ചാത്യ ഇടതുപക്ഷ തത്വചിന്തകരിൽ പലർക്കും പാശ്ചാത്യേതര സമൂഹങ്ങളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ വിരുദ്ധവും ആഗോള മുതലാളിത്തത്തിനെതിരെയുള്ളതുമായ മർദ്ദിത ജനതയുടെ ജനാധിപത്യവാഞ്ജകളെ തിരിച്ചറിയാൻ പറ്റാതെ പോകുന്നു.

സ്ലാവോയ് സിസെക് / Photo: Simon Plestenjak, flickr

അതിന് ഒരു കാരണം, യൂറോപ്യൻ ആധുനികതയിൽ ഊന്നി നിൽക്കുന്ന അവരുടെ സെക്യുലർ ഇടതുപക്ഷ രാഷ്ട്രീയ നോട്ടങ്ങളുടെ പരിമിതിയാണ്. സിസെക്കാണ് പാശ്ചാത്യ ഇടതുപക്ഷ ചിന്തയെ പ്രതിനിധീകരിക്കുന്ന ഒരു പ്രധാന ചിന്തകൻ. സിസെക് പ്രതിനിധാനം ചെയ്യുന്ന യൂറോപ്യൻ ഇടതുപക്ഷത്തെ കുറിച്ച് ഹമീദ് ദബാഷിയുടെ നിരീക്ഷണം ഇതാണ്: ‘യൂറോപ്യൻ ഇടതുപക്ഷത്തിന് ലോകത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരൽപം ധാരണയുണ്ട്. പക്ഷെ അതേസമയം അവർ ഒന്നിനെക്കുറിച്ചും പ്രത്യേകമായ കരുതലോടെ കാണുന്നില്ല'. ​​​​​​​ഇതിനെ മെർലിൻ മൺറോ ഡോക്ടറിൻ എന്നാണ് ദബാഷി പരിഹസിക്കുന്നത്. മെർലിൻ മൺറോ ഒരു അഭിമുഖത്തിൽ പറഞ്ഞുവത്രേ, അവർ എല്ലാറ്റിലും വിശ്വസിക്കുന്നു, ഇത് പറഞ്ഞശേഷം അൽപം കഴിഞ്ഞ്​ അവർ പറഞ്ഞു: പക്ഷെ, വിശ്വാസം നന്നേ കുറച്ചു മാത്രം.

യൂറോപ്യൻ ഇടതുപക്ഷത്തിന്റെ പ്രശ്‌നമിതാണ്. ഒരു വിഷയത്തേയും അതർഹിക്കുന്ന പ്രാധാന്യത്തോടെ മനസ്സിലാക്കാനും വിശകലനം ചെയ്യാനും യൂറോപ്യൻ ഇടതുപക്ഷത്തിന് സാധിക്കുന്നില്ല. ഹമീദ് ദബാഷി സൂചിപ്പിച്ചിട്ടില്ലെങ്കിലും യൂറോപ്യൻ ഇടതുപക്ഷത്തിന്റെ ഈയൊരു പരിമിതിയുടെ പ്രധാന കാരണം മാർക്‌സിസത്തിന്റെ സാർവലൗകിക പ്രയോഗത്തിലുള്ള അമിത വിശ്വാസമാണ്. യൂറോപ്പിന്റെ മാതൃകയിലാണ് ഇതര സമൂഹങ്ങളുടെ വികാസമെന്ന അബദ്ധധാരണയാണ് ഇത്തരത്തിലുള്ള വിശകലനപിഴവിലേക്ക് ഇടതുപക്ഷത്തെ ചെന്നെത്തിക്കുന്നത്.

സിസെക്കിന്റെ മഹാമാരി എന്ന പുസ്തകം സൈദ്ധാന്തിക സാമാന്യവത്കരണത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. യൂറോപ്പ് അഭിമുഖീകരിക്കുന്ന മഹാമാരിയുടെ പ്രശ്‌നം ലോകത്തെ എല്ലാ മനുഷ്യരും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്‌നമായാണ് സിസെക്ക് അവതരിപ്പിക്കുന്നത്. പാശ്ചാത്യ ഇടതുപക്ഷ ആശയങ്ങളെ ഒരു തരത്തിലുള്ള വിമർശന ഫിൽറ്ററിലൂടെയും കടത്തിവിടാതെ അതേപോലെ സ്വാംശീകരിക്കുന്ന പ്രശ്‌നം നമുക്കിടയിലുമുണ്ട്. സന്ദർഭരഹിതമായി ഇങ്ങനെ സാമാന്യവൽക്കരിക്കുന്നതിന്റെ പ്രശ്‌നം പൗരത്വ ഭേദഗതിയുടെ ചർച്ചയിലും കണ്ടിരുന്നു. ഇന്ത്യയുടെ സവിശേഷ ചരിത്ര സന്ദർഭത്തിന്റെ അകത്ത് ഉരുത്തിരിയുന്ന പ്രശ്‌നമാണ് പൗരത്വത്തിന്റേത്. ഇതിനെ ഗ്രീക്ക് തത്വചിന്തയിൽ നിന്നുള്ള സവിശേഷ നീരിക്ഷണങ്ങളെ മുൻനിർത്തി സാർവലൗകിക മാനം നൽകുന്നത് വാസ്തവത്തിൽ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അപരത്വ നിർമിതിയുടെ മൂർത്ത വിഷയത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതു പോലെയാണ്. തത്വചിന്താപരമെന്ന് അവകാശപ്പെടുമ്പോഴും വല്ലാത്തൊരു സാമാന്യവൽക്കരണത്തിനാണ് ചരിത്ര പ്രക്ഷോഭങ്ങളെ ഇവർ വിധേയമാക്കുന്നത്. വാസ്തവത്തിൽ, അപകടകരമായ ലളിതവൽക്കരണത്തിന്റെ ഒരു കാരണം അരക്ഷിത ജനതയുടെ പ്രക്ഷോഭങ്ങൾ മാർക്‌സിസ്റ്റ് ശരാശരി ഒപ്പിച്ചുകൊണ്ടുള്ള വർഗ സമരങ്ങളല്ലാത്തതു കൊണ്ടായിരിക്കാം.

പൗരസ്ത്യാനന്തരത

സൈദിന്റെ ഓറിയന്റലിസം മാനവിക -സാമൂഹിക ശാസ്ത്ര പഠനങ്ങളുടെ ഫീൽഡിനെ പുനർനിർണയിച്ച ഒരു കൃതിയാണെന്നുമാത്രമല്ല, ഉത്തരകൊളോണിയൽ പഠനം എന്നൊരു അന്തർവൈജ്ഞാനിക പഠനമേഖലയെ തന്നെ രൂപപ്പെടുത്തിയ ഒന്നുകൂടിയാണ്​. ഹമീദ് ദബാഷിയുടെ ഓറിയന്റലിസം വിമർശനമായ Post-Orientalism: Knowledge and Power in time of terror സമകാലികതയിൽ വലിയ ശ്രദ്ധ ആകർഷിച്ച പഠനമാണ്. സൈദിന്റെ ഓറിയന്റലിസത്തിന്റെ നാൽപതു വർഷങ്ങൾ വിലയിരുത്തി ഹമീദ് ദബാഷി എഴുതിയ ലേഖനം സൈദിനെ അനുസ്മരിക്കുന്ന ലേഖനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ഹമീദ് ദബാഷി അതിന്റെ നാൾവഴികൾ വിമർശനദൃഷ്ട്യാ അവതരിപ്പിക്കുന്നുണ്ട്. ഓറിയന്റലിസം പ്രസിദ്ധീകൃതമായ ചരിത്ര സന്ദർഭത്തെപ്പറ്റി ദബാഷി ഓർക്കുന്നുണ്ട്.ഓറിയന്റലിസം വന്നത് കിറുകൃത്യ സമയത്താണ്. ഉത്തരകൊളോണിയൽ ലോകം അത്തരമൊരു രചനയ്ക്കായി കാത്തിരിക്കുകയായിരുന്നു. കാരണം മുതലാളിത്ത ആധുനികതയുടെ ചരിത്രപരമായ ധാരണകളിൽ നിന്ന് വിടുതൽ നേടി കൊളോണിയൽ അവസ്ഥ ശരിക്കും എന്തായിരുന്നു എന്ന് സൈദ്ധാന്തികമായും പ്രമേയപരമായും മനസ്സിലാക്കേണ്ട ഘട്ടത്തിലാണ് പൗരസ്ത്യവാദം പ്രസിദ്ധീകൃതമായത്. കൊളോണിയൽ ആധുനികതയുടെ പരിസരത്തിൽനിന്ന് പോസ്റ്റ് കൊളോണിയലിനെ മനസ്സിലാക്കിയിരുന്ന അതുവരെയുള്ള ധാരണകളിൽ നിന്ന് വിടുതൽ നേടി പുതിയ അന്വേഷണങ്ങളെ നിർവച്ചിക്കുന്ന ഒരു ‘പാഠ'മായി ഓറിയന്റലിസം.
എല്ലാവരെയും ഒരിടത്തേക്ക് കൊണ്ടുവരുന്നതിനുള്ള കുല ചിഹ്നമായി, ലോകബോധ്യമുള്ള സാക്ഷ്യമായി നിർണയയോഗ്യമായ ഒരു എഴുത്തായിരുന്നു അത്. അത്തരത്തിലൊന്നു രചിക്കാനും അതിനുമേൽ അറിവിനെ പണിതുയർത്താനുമാണ് എഡ്വേഡ് സൈദ് വന്നതുതന്നെ എന്നാണ് ദബാഷി പറയുന്നത്.

ഐജാസ് അഹമ്മദിന്റെയും ജെയിംസ് ക്ലിഫ്ഫോർഡിന്റെയും ഓറിയന്റലിസം വിമർശനം ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. എഡ്വേഡ് സൈദിനെ അനുസ്മരിച്ച് തന്റെ തന്നെ ഓറിയന്റലിസം വിമർശത്തെ വീണ്ടും സമീപിക്കുന്നുണ്ട് ഐജാസ് അഹമ്മദ് പിൽക്കാലത്ത്. എന്നാൽ ബെർണാഡ് ലൂയിസിനെ പോലുള്ളവരുടെ വലതുപക്ഷ വിമർശനം ഒരു ഗുണവുമില്ലാത്ത ഏതാനും ചില ആക്ഷേപങ്ങൾ ഉന്നയിക്കുക എന്നതിനപ്പുറം ഒന്നുമല്ലായിരുന്നു. ജ്ഞാന നിർമിതിയെക്കുറിച്ചുള്ള ഫുക്കോയുടെ പഠനങ്ങളുടെ സ്വാധീനം സൈദിന്റെ ഓറിയന്റലിസത്തിലുണ്ടെങ്കിലും സാഹിത്യ പരീശിലനത്തിന്റെ വെളിച്ചത്തിലാണ് ഈ ക്ലാസിക് സൈദ് എഴുതിയത്. അറിവിന്റെ സാമൂഹ്യശാസ്ത്രപരമായ നിർമിതിയെക്കുറിച്ചുള്ള പഠനങ്ങളുടെ മാർഗമല്ല സൈദ് സ്വീകരിച്ചത്.

ദബാഷി പറയുന്നതുപോലെ ‘ഓറിയന്റലിസം അടിസ്ഥാനപരമായി അലങ്കാരങ്ങളുടെ, രൂപകങ്ങളുടെ ആഖ്യാന മാതൃകകളുടെ വിമർശനമാണ്'. ഓറിയന്റലിസം പിറവിയെടുത്ത സാമൂഹിക സന്ദർഭത്തിലല്ല നമ്മൾ ഇന്ന് ജീവിക്കുന്നത്. ഇന്ന് യുറോപ്പിൽ യഹൂദ വിരുദ്ധത എന്നത് മുസ്‌ലിം വിരുദ്ധതയായി മാറിയിരിക്കുന്നു. യൂറോപ്യൻ മാധ്യമ ബുദ്ധീജീവികൾ ഇസ്‌ലാമോ-ഫാസിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. പക്ഷെ ഒരു ഘട്ടത്തിൽ പോലും ജുദായിസ്റ്റ് ഫാസിസത്തെക്കുറിച്ചോ ഹൈന്ദവ ഫാസിസത്തെക്കുറിച്ചോ പറയുന്നില്ല. നവ ലിബറൽ ഫിനാൻസ് മൂലധനം നിർണയിക്കുന്ന പുതിയ ലോകക്രമത്തിന്റെ രാഷ്ട്രീയത്തിൽ ഓറിയന്റലിസം എക്കാലത്തെയും പോലെ വലിയ പ്രേരണകൾ തരുന്ന രചനയായിരിക്കെ തന്നെ ദക്ഷിണ ജനതയുടെ ഐക്യം പോലുള്ള പുതിയ ചെറുത്തുനിൽപുകൾക്കും സൈദ്ധാന്തിക ഭൂമികയാകേണ്ടതാണ്.

വ്യക്തിയും ഓർമകളും

സൈദുമായുള്ള ഹമീദ് ദബാഷിയുടെ ആത്മബന്ധം കാണിച്ചു തരുന്ന വ്യക്തിപരമായ അനുഭവങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്. മാർസൽ പ്രൂസ്റ്റിന്റെ വിഖ്യാതമായ നോവലിന്റെ പേര് കടംകൊണ്ടുകൊണ്ടതുതന്നെ, ഒരു പക്ഷെ ഓർമകളുടെ വൈകാരിക തലത്തെ അവതരിപ്പിക്കാൻ വേണ്ടിയാകാം. കാരണം വ്യക്തിയെ മാത്രമല്ല ഇവിടെ അനുസ്മരിക്കുന്നത്. സൈദ് പ്രധാനമെന്നു കരുതിയ ഓരോ കാര്യങ്ങളെയും തൊട്ടറിയാൻ ശ്രമിക്കുന്നുണ്ട്. ഫലസ്തീനെക്കുറിച്ചു മാത്രം മൂന്നു ലേഖനങ്ങൾ ഇതിൽ പ്രത്യേകമായുണ്ടെങ്കിലും മിക്ക ലേഖനങ്ങളിലും കുറിപ്പുകളിലും ഫലസ്തീൻ കടന്നു വരുന്നു. ഏറ്റവും ഹൃദയസ്പർശിയായ നിമിഷം ഫലസ്തീൻ സന്ദർശിക്കുന്ന ഹമീദ് ദബാഷി അവിടെ അടക്കം ചെയ്ത രണ്ടു വിശുദ്ധരുടെ ഖബറിൽ നിന്നൽപ്പം മണ്ണെടുത്ത് ബെയ്റൂട്ടിലുള്ള എഡ്വേഡ് സൈദിനെ അടക്കം ചെയ്തിടത്ത് വിതറുന്നതാണ്.

ലബനനിലെ എഡ്വേർഡ് സൈദിന്‌റെ കല്ലറ

ഫലസ്തീനിന്റെ വർത്തമാനകാല യാഥാർഥ്യത്തെ കൃത്യം പകർത്തിയിട്ടുണ്ട് ‘ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നം' എന്ന ലേഖനത്തിൽ. ഫലസ്തീനിനെ മുൻനിർത്തി ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നം എന്ന ഹമീദ് ദബാഷി ക്യുറേറ്റ് ചെയ്ത ചലച്ചിത്രോത്സവത്തെപ്പറ്റി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അത് സംഘടിപ്പിക്കുന്നതിൽ ദബാഷി നേരിട്ട പ്രതിബന്ധങ്ങൾ വ്യക്തമാകുന്നത് ഫലസ്തീന്റെ സ്വാതന്ത്ര്യം എന്ന പ്രശ്‌നം ഉന്നയിക്കുന്നതിനുള്ള സ്ഥാപനപരമായ തടസം ഇപ്പോഴും അമേരിക്കൻ സർവകലാശാലകളിൽ നിലനിൽക്കുന്നുവെന്നതാണ്. ഫലസ്തീൻ സ്വാതന്ത്ര്യത്തിന്റെ ആഗോള വക്താവായിരുന്നുവല്ലോ എഡ്വേഡ് സൈദ്.

റോസാലക്‌സംബർഗും ഉത്തര കൊളോണിയലും

എഡ്വേഡ് സൈദിനെ അനുസ്മരിക്കുന്ന ലേഖനങ്ങൾ ഉൾക്കൊള്ളിച്ച ഈ പുസ്തകത്തിൽ അതിൽ നിന്ന് വ്യത്യസ്തമായി ഒരു ലേഖനമുള്ളത് റോസാ ലക്‌സംബർഗിനെ പറ്റിയാണ്. പോസ്റ്റ് കൊളോണിയൽ സിദ്ധാന്തത്തിന്റെ വാഴ്ത്തപ്പെടാത്ത നായിക എന്നാണ് ഹമീദ് ദബാഷി റോസാ ലക്‌സംബർഗിനെ വിശേഷിപ്പിക്കുന്നത്. എഡ്വേഡ് സൈദിനെക്കുറിച്ചുള്ള അനുസ്മരണ പുസ്തകത്തിൽ എന്തുകൊണ്ടും പ്രസക്തമായ ലേഖനമാണിത്.

റോസാ ലക്സംബർഗ് / Photo: flickr

സൈദിന്റെ നിലപാടുകളെ പ്രതിധ്വനിപ്പിക്കുന്നു റോസാ ലക്‌സംബർഗിനെക്കുറിച്ചുള്ള ഈ പഠനം. പോസ്റ്റ് കൊളോണിയൽ അന്തർവൈജ്ഞാനിക സൈദ്ധാന്തിക ധാരയുടെ രൂപീകരണത്തിൽ റോസയുടെ ആശയങ്ങൾ ഏതുവിധം സഹായകമായി എന്നതാണ് ഹമീദ് ദബാഷി വിലയിരുത്തുന്നത്. റോസാ ലക്‌സംബർഗിന്റെ 150ാം ജന്മവാർഷികം (2021) ആഘോഷിക്കുന്ന വേളയിൽ അനുഷ്ഠാനപരമായ അനുസ്മരണ ലേഖനങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഹമീദ് ദബാഷി റോസാ ലക്‌സംബർഗിന്റെ സംഭാവനകളെ പ്രതിപാദിച്ചിരിക്കുന്നത്. ഈ ലേഖനം മാർക്‌സിന്റെ 200ാം ജന്മവർഷ അനുസ്മരണ പരിപാടികൾ നടക്കുന്ന സമയത്ത് എഴുതിയതാണ്.

റോസാ ലക്‌സംബർഗിന്റെ ക്ലാസിക് കൃതിയായ മൂലധനത്തിന്റെ സഞ്ചയത്തെ മുൻനിർത്തിയുള്ളതാണ് ഹമീദ് ദബാഷിയുടെ പ്രസക്തമായ അന്വേഷണം. മൂലധനത്തിന്റെ സഞ്ചയം മാർക്‌സിസ്റ്റ് സമ്പദ്ശാസ്ത്ര മേഖലയിൽ പുതിയ പന്ഥാവ് വെട്ടിതുറന്ന കൃതിയാണ്. റോസാ ലക്‌സംബെർഗ് മാർക്സിൽ നിന്ന് മുന്നോട്ടു പോയി എങ്ങനെയാണ് ആഗോള മൂലധനം പുതിയ ഇടങ്ങളെ കോളനീകരിക്കുന്നതെന്നു വിശദീകരിക്കുന്നു. യൂറോപ്യൻ സാമ്രാജ്യത്വം മൂലധനത്തിന്റെ ആഗോളവൽക്കരണത്തെ ത്വരിതപ്പെടുത്തുന്ന സൈനിക യന്ത്രമാണെന്ന് റോസ വിലയിരുത്തുന്നു.

മാർക്‌സിന്റെ മൂലധന സിദ്ധാന്തത്തിനുള്ള ഒരു തിരുത്തായാണ് ഹമീദ് ദബാഷി ഇതിനെ കാണുന്നത്. ഈയൊരു തിരുത്തില്ലായിരുന്നെങ്കിൽ മൂലധനത്തിന്റെ സമകാലികമായ വിന്യാസങ്ങളുടെ സ്വഭാവവും അതിന്റെ നവ കൊളോനീകരണവും മനസ്സിലാക്കുന്നതിൽ മാർക്‌സിന്റെ മൂലധനം പരാജയപ്പെടുമായിരുന്നുവെന്ന് ദബാഷി പറയുന്നു. ഉത്തര കൊളോണിയൽ രാഷ്ട്രീയ സമ്പദ്ശാസ്ത്ര പഠനങ്ങൾക്ക് മാത്രമല്ല, നവ മാധ്യമ സങ്കേതങ്ങളിലൂടെയുള്ള ഫിനാൻസ് മൂലധനത്തിന്റെ വ്യാപനത്തെ സംബന്ധിച്ച കൂടുതൽ തെളിമയാർന്ന ധാരണകൾക്ക് വെളിച്ചം പകരുന്നു റോസാ ലക്‌സംബർഗിന്റെ പഠനം. ‘ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തിക അതിക്രമങ്ങളെപറ്റിയും അൾജീരിയയിലെ ഫ്രഞ്ച് കോളോണിയലിസത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുക വഴി, റോസാ ലക്‌സംബർഗ് പോസ്റ്റ് കോളോണിയൽ സിദ്ധാന്തത്തെ മുൻകൂട്ടി കണ്ടിരുന്നു. സ്വയം കേന്ദ്രിതമായ യൂറോപ്പിന്റെ പാർശ്വലോകങ്ങളെക്കുറിച്ചുള്ള ധാരണകൾ ആഗോള ബോധത്തിലേക്ക് കൊണ്ടുവരിക വഴി, ലോകത്തെ വിമർശനാത്മക മാർക്‌സിസ്റ്റ് ചിന്തയുടെ ഒത്തുചേരലിനിടയിൽ പോസ്റ്റ് കൊളോണിയൽ സിദ്ധാന്തത്തിന്റെ മനസ്സിലാക്കലുകളെ ശ്രദ്ധാപൂർവം കേൾക്കാൻ അവസരമൊരുക്കി റോസാ ലക്‌സംബർഗ്’ എന്ന്​ ഹമീദ് ദബാഷി വിശദീകരിക്കുന്നു.

എഡ്വേഡ് സൈദിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ റോസാ ലക്‌സംബെർഗിനെ ക്കുറിച്ചുള്ള ഇങ്ങനെയൊരു ലേഖനം ചെറുത്തുനിൽപ്പുകളുടെ സമകാലികമായ സൈദ്ധാന്തിക ശാക്തീകരണത്തിന്റെ പുതുസാധ്യതകളാണ് കാണിച്ചു തരുന്നത്. ▮


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments