ജോർജ്​ ഫെർണാണ്ടസിനെ ചങ്ങലയിൽ ബന്ധിച്ച്​ വിചാരണക്ക്​ കൊണ്ടുവരുന്ന വിഖ്യാത ചിത്രം. 1976 ഒക്ടോബർ നാലിനാണ് ഫെർണാണ്ടസിന്റെ വിചാരണ ആരംഭിച്ചത്​.

ജോർജ് ഫെർണാണ്ടസ്​:വൈരുധ്യഭരിതനായ
ഒരു രാഷ്ട്രീയ നായകൻ

അമ്പതുകളിൽ തുടങ്ങി അഞ്ചുപതിറ്റാണ്ടോളം ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിനിന്ന ഫെർണാണ്ടസിന്റെ ജീവചരിത്രം, ഒരുകാലത്ത്​ ഏറെ പ്രഭാവം പുലർത്തുകയും എന്നാൽ തൊണ്ണൂറുകളോടെ ദുർബലമാകുകയും ചെയ്​ത സോഷ്യലിസ്​റ്റ്​ചേരിയുടെ രാഷ്ട്രീയ പരിണാമങ്ങളുടെ കൂടി ചരിത്രമാണ്. രാഹുൽ രാമഗുണ്ടം എഴുതിയ ലൈഫ്​ ആൻറ്​ ടൈംസ്​ ഓഫ്​ ജോർജ് ഫെർണാണ്ടസ്​ എന്ന പുസ്​തകത്തിലൂടെ.

A world that can be explained even with bad reasons is a familiar world. But, on the other hand, in a universe suddenly divested of illusions and lights, man feels an alien, a stranger. His exile is without remedy since he is deprived of the memory of a lost home or the hope of a promised land. This divorce between man and his life, the actor and his setting, is properly the feeling of absurdity.- Albert Camus, Myth of Sisyphus

However, opportunism couldn't be an allegation against a politician; it's their life breath, it derives their pursuit for power. To hold George an opportunist was to deny him his growth, his quest and shits, his maturing and demand an irrational consistency.- They hate my guts, page 398, Life and Times of George Fernandes, Rahul Ramagundam.

ടിയന്തരാവസ്ഥ എന്ന, രണ്ടുവർഷം മാത്രം നീണ്ട, ഇന്ദിരാഗാന്ധിയുടെയും മകൻ സഞ്ജയ്ഗാന്ധിയുടെയും സ്വേച്ഛാധിപത്യവാഴ്ചക്കെതിരെ ഉയർന്നുവന്ന
ചെറുത്തുനിൽപ്പിലെ ഏറ്റവും ധീരനായ പോരാളി എന്ന നിലയിൽ ജോർജ് ഫെർണാണ്ടസിന് സ്വാതന്ത്ര്യാനന്തര രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ താരപദവിയുണ്ടായിരുന്നു. എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയിലെ പ്രതിരോധവകുപ്പ് മന്ത്രിയാകുംവരെ ഈയൊരു അന്തസ്സിന്റെ മറപറ്റിത്തന്നെയായിരുന്നു ജോർജ് ഫെർണാണ്ടസ് പൊതുപ്രവർത്തനത്തിൽ വിരാജിച്ചത്.

അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും, മൂന്നു ദശകത്തോളം സോഷ്യലിസ്റ്റും ട്രേഡ് യൂണിയനിസ്റ്റുമെന്ന നിലയിൽ ജ്വലിച്ചുനിന്ന രാഷ്ട്രീയവ്യക്തിത്വത്തിന്​, തൊണ്ണൂറുകളുടെ അവസാനത്തോടെ തിളക്കം പതുക്കെ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

അധികാരസ്ഥാനങ്ങളുടെ ക്രമംവെച്ചു നോക്കുകയാണെങ്കിൽ പരമാവധി ഔന്നത്യത്തിലെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ തിളക്കമാർന്ന രാഷ്ട്രീയകരിയർ ഇതോടെ കെട്ടുപോവുകയായിരുന്നു. നിതീഷ് കുമാർ കനിഞ്ഞതുകൊണ്ട്​ ഒരു തവണ കൂടി രാജ്യസഭയിലേക്ക് ബിഹാറിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രതിരോധമന്ത്രിയായിരിക്കെ രണ്ടുതവണ അഴിമതി ആരോപണം നേരിടേണ്ടിവന്നു. അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും, മൂന്നു ദശകത്തോളം സോഷ്യലിസ്റ്റും ട്രേഡ് യൂണിയനിസ്റ്റുമെന്ന നിലയിൽ ജ്വലിച്ചുനിന്ന രാഷ്ട്രീയവ്യക്തിത്വത്തിന്​, തൊണ്ണൂറുകളുടെ അവസാനത്തോടെ തിളക്കം പതുക്കെ നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. ഈ തിളക്കനഷ്ടത്തിന്റെ ഒടുവിലത്തെ ഘട്ടത്തിലാണ് പ്രതിരോധ വകുപ്പ് മന്ത്രിയാകുന്നത്.

ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും

ആയിടക്കാണ് ട്രയൽ റൺ നടന്നുകൊണ്ടിരുന്ന ‘ഇന്ത്യ വിഷൻ' ചാനലിൽ വി. കൃഷ്ണാനന്ത് ജോർജ് ഫെർണാണ്ടസുമായി നടത്തിയൊരു അഭിമുഖത്തിൽ ആത്മഗതമെന്നോണം തന്റെ രാഷ്ട്രീയ പരിമണത്തെ ഓർത്തെടുത്ത്​ പറയുന്നത്, ‘Young Saint , Old Sinner' എന്നാണ്. അധികാര രാഷ്ട്രീയത്തിലെ നിലനില്പിനാവശ്യമായ എല്ലാ കളികളും ജോർജ് ഫെർണാണ്ടസ് കളിച്ചിട്ടുണ്ടെകിലും പ്രത്യേകമായ സത്യസന്ധത ജീവിതത്തോടു പുലർത്തുവാൻ ശ്രമിച്ചിരുന്നുവെന്നു തോന്നുന്നു. ഇതിനെ സത്യസന്ധത എന്നു തന്നെയാണോ വിളിക്കേണ്ടത്?. ഒരുപക്ഷെ, അത്രയൊന്നും പരിഷ്‌കൃതത്വം വെച്ചപുലർത്താത്ത ഗ്രാമീണനായ ക്രൈസ്തവജീവിത പശ്ചാത്തലത്തിൽ നിന്നു വരുന്ന മംഗളൂരുകാരന്റെ ശുദ്ധഗതിയുമായിരിക്കാം.

ജോർജ് ഫെർണാണ്ടസിനെ രാഷ്ട്രീയക്കാർക്കിടയിൽ താരപദവിയിലേക്കുയർത്തിയതിന്റെയും എഴുപതുകളിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ വലിയ സ്വാധീനം നേടിക്കൊടുത്തതിന്റെയും പ്രധാന കാരണം അടിയന്തരാവസ്ഥാകാലത്തെ പ്രവർത്തനങ്ങളാണ്. അറസ്റ്റുചെയ്യപ്പെട്ട്​ വിചാരണയ്ക്ക് കൊണ്ടുവരുന്ന ജോർജ്​, തന്റെ വിലങ്ങുവെച്ച കൈകൾ ഉയർത്തിപ്പിടിച്ച ഫോട്ടോ ചെറുത്തുനിൽപ്പിന്റെ ഉജ്വല പ്രതീകമായി. ഈ ചിത്രം അടിയന്തരാവസ്ഥയെക്കുറിച്ചുതന്നെയുള്ള ഏറ്റവും പ്രതീകാത്മക ചിത്രങ്ങളിലൊന്നാണല്ലോ. അടിയന്തരാവസ്ഥയിലെ മനഃസ്സാക്ഷി തടവുകാരനായ ഫെർണാണ്ടസിന്​ ഈ ചിത്രം ദേശീയവും അന്തർദേശീയവുമായ പ്രശസ്തി നൽകി. ബിംബസമാനമായി മാറിയ ഈ ചിത്രം പലർക്കും ഭഗത്​സിങ്ങിന്റെ വിലങ്ങുവെയ്ക്കപ്പെട്ട ചിത്രത്തെ അനുസ്മരിപ്പിച്ചു. അടിയന്തരാവസ്ഥാകാലത്തെ ഏതാനും പത്രക്കട്ടിങ്ങുകളുടെ കൂടെ പിൽക്കാലത്ത്​ ഏതോ പ്രസിദ്ധീകരണത്തിൽ വന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം എന്റെ മൂത്ത സഹോദരൻ കൃഷ്ണപ്രസാദ് സൂക്ഷിച്ചുവെച്ചിരുന്നു.

തത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കാരൻ എന്നാണ് ടി. കെ. രാമചന്ദ്രൻ ഫെർണാണ്ടസിനെ വിശേഷിപ്പിച്ചത്. ടി. കെയുടെ നിശിതവിമർശനത്തിന്റെ മൂർച്ചയിൽ അതുവരെ മനസ്സിൽ പതിഞ്ഞിരുന്നു ആദർശബിംബത്തിന്റെ കാറ്റുപോയി.

ആദ്യം ജോർജിനെക്കുറിച്ചു കേൾക്കുന്നത് ഏട്ടനിൽ നിന്നാണ്. ആരാധനയോടെയാണ് അദ്ദേഹം ഫെർണാണ്ടസിനെ കുറിച്ച് പറഞ്ഞിരുന്നത്. അന്ന് രാജീവ്ഗാന്ധിക്കെതിരെയുള്ള ബൊഫോഴ്സ് ആരോപണം പാർലമെന്റിൽ ഉയർത്തിയവരിൽ പ്രധാനി ജോർജായിരുന്നു. ഇതിനുശേഷം വി. പി. സിംഗിന്റെ കൂടെ ജനതാദൾ മന്ത്രിസഭയിൽ റയിൽവെ മന്ത്രിയുമായി. പിന്നീട് 14 ദിവസം മാത്രം ഭരണത്തിൽ തുടർന്ന ആദ്യ വാജ്പേയി സർക്കാരിന്റെ വിശ്വാസപ്രമേയ ചർച്ചയിൽ ജോർജ് ഫെർണാണ്ടസിന്റെ പ്രസംഗം വീട്ടിലെല്ലാവരും സശ്രദ്ധം കേട്ടിരുന്നതും ഓർക്കുന്നു. ഫ്ലോർ ടെസ്റ്റിന്റെ പിറ്റേന്ന് അധ്യാപകനായിരുന്ന ടി. കെ. രാമചന്ദ്രനെ കാണാനിടവന്നു. ആ പ്രസംഗത്തെ കുറിച്ചു പറഞ്ഞപ്പോൾ അതിനിശിതമായാണ് ടി. കെ., ഫെർണാണ്ടസിനെ വിമർശിച്ചത്. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കാരൻ എന്നാണ് ടി. കെ. വിശേഷിപ്പിച്ചത്. ടി. കെയുടെ നിശിതവിമർശനത്തിന്റെ മൂർച്ചയിൽ അതുവരെ മനസ്സിൽ പതിഞ്ഞിരുന്നു ആദർശബിംബത്തിന്റെ കാറ്റുപോയി.

ഐജാസ് അഹമ്മദ്​ / Photo : Screenshot, NewsClick Youtube Channel.

വാജ്‌പേയി സർക്കാർ വീണശേഷം ഐജാസ് അഹ്മദ് ഇ.പി.ഡബ്ല്യുയിൽ, ‘ദ ലെഫ്റ്റ് ചൂസ്സ്' എന്ന തലക്കെട്ടിൽ ബി. ജെ. പി സർക്കാരിനെ താഴെയിറക്കാൻ ഇടതുപക്ഷം സ്വീകരിച്ച നിലപാടിനെ പ്രകീർത്തിച്ചും വിശദീകരിച്ചും ലേഖനമെഴുതിയിരുന്നു. ഇതേ കാര്യങ്ങൾ ഈ ലേഖനം വരുന്നതിനുമുമ്പേ വ്യക്തതയോടെയും ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വത്തിന്റെ നിറവേറ്റൽ എന്ന നിലയിലും ടി. കെ. രാമചന്ദ്രൻ വിശദീകരിച്ചിരുന്നു. ആദർശബിംബമായി അവതരിപ്പിക്കപ്പെട്ടിരുന്ന ജോർജ് ഫെർണാണ്ടസിന്റെ തുടർന്നുള്ള രാഷ്ട്രീയനിലപാടുകളും പ്രവർത്തനങ്ങളും ടി. കെ പറഞ്ഞത് അക്ഷരംപ്രതി ശരിവെയ്ക്കുന്നതായിരുന്നു.

എൺപതുകളിൽ വിദ്യാർത്ഥിയായിരുന്ന രാഹുൽ രാമഗുണ്ടത്തിന്റെ സജീവ ശ്രദ്ധയിൽ ജോർജ് ഫെർണാണ്ടസ് വരുന്നത് അടിയന്തരാവസ്ഥയിലെ ബിംബ സമാനമായ ചിത്രം കാണാനിടവരുന്നതോടെയാണ്.

അമ്പതുകളിൽ തുടങ്ങി അഞ്ചുപതിറ്റാണ്ടോളം ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിനിന്ന ഫെർണാണ്ടസിന്റെ ജീവചരിത്രം, ഒരുകാലത്ത്​ ഏറെ പ്രഭാവം പുലർത്തുകയും എന്നാൽ തൊണ്ണൂറുകളോടെ ദുർബലമാകുകയും ചെയ്​ത സോഷ്യലിസ്​റ്റ്​ചേരിയുടെ രാഷ്ട്രീയ പരിണാമങ്ങളുടെ കൂടി ചരിത്രമാണ്. ആത്മകഥയെഴുതാൻ വിമുഖനായിരുന്ന ഫെർണാണ്ടസിന്റെ ജീവചരിത്രമാണ് രാഹുൽ രാമഗുണ്ടം എഴുതിയ ലൈഫ്​ ആൻറ്​ ടൈംസ്​ ഓഫ്​ ജോർജ് ഫെർണാണ്ടസ്​. ആ വ്യക്തിജീവിതവും ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്ന നിലയിലുള്ള ആദ്യകാല പ്രവർത്തനവും ജയിൽവാസവും ഒളിവുകാല വിധ്വംസക പ്രവർത്തനവും പ്രക്ഷോഭകാരി എന്ന നിലയ്ക്കുള്ള ജീവിതവും ദേശീയ തലത്തിലെ നേതൃപരമായ ഇടപെടലുകളുമാണ്​ ഉള്ളടക്കം. ഇത്തരം ചരിത്രാനുഭവങ്ങളെ സ്വന്തം നിലയ്ക്കുള്ള വിശദീകരണങ്ങളോടെയാണ് രാഹുൽ രാമഗുണ്ടം പ്രതിപാദിക്കുന്നത്.

എൺപതുകളിൽ വിദ്യാർത്ഥിയായിരുന്ന രാഹുൽ രാമഗുണ്ടത്തിന്റെ സജീവ ശ്രദ്ധയിൽ ജോർജ് ഫെർണാണ്ടസ് വരുന്നത് അടിയന്തരാവസ്ഥയിലെ ബിംബ സമാനമായ ചിത്രം കാണാനിടവരുന്നതോടെയാണ്. രാഹുൽ രാമഗുണ്ടം പറയുന്നു: അധികാരത്തെ വെല്ലുവിളിച്ച്​, വിലങ്ങുവെച്ച കൈ ഉയർത്തിപ്പിടിച്ച്​, താടിയെല്ല് മുറുകെയമർത്തി വിയർപ്പുതുള്ളികൾ നെറ്റിയിലൂടെ വീഴുന്ന ജോർജ് ഫെർണാണ്ടസിന്റെ ചിത്രം മനസ്സിൽ പതിഞ്ഞു.

കാലത്തിന്റെ അനിവാര്യമായ പരീക്ഷണങ്ങളിൽ ഫെർണാണ്ടസ് ഇടറുകയാണുണ്ടായത്. എങ്കിലും രാഷ്ട്രീയത്തിലേക്ക് അദ്ദേഹം ഉത്തേജിതമായത് സമത്വത്തിന്റെ ആദർശവുമായാണ്. തൊഴിലാളികളെ സംഘടിപ്പിച്ചും അവകാശസമരങ്ങൾ നയിച്ചുമാണ് അദ്ദേഹം പൊതുരംഗത്തേക്കു വരുന്നത്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല ജോർജ്. പോരാട്ടം ആ ജീവിതത്തിലെ അഭേദ്യഘടകമായിരുന്നു. ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ, തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയും വീറോടെയുമാണ് അദ്ദേഹം പോരാടിയത്. പോരാട്ടവും പിന്നോട്ടടിയും ആ രാഷ്ട്രീയജീവിതത്തിന്റെ ഭാഗമായിരുന്നു, തുടക്കം മുതൽക്കേ. അര ഡസൻ ഭാഷയെങ്കിലും ജോർജ് സംസാരിച്ചിരുന്നു. വശ്യതയുള്ള പെരുമാറ്റമായിരുന്നിരിക്കണം ജോർജ് ഫെർണാണ്ടസിനെ തൊഴിലാളികളോട്​ ഏറെ അടുപ്പിച്ചത്.

അദ്ദേഹത്തിന്റെ പ്രത്യശാസ്ത്രപരമായ രൂപീകരണം, രാഷ്ട്രീയ ചായ്​വുകൾ, നീക്കങ്ങൾ, നീക്കുപോക്കുകൾ, പ്രൊഫഷണൽ രാഷ്ട്രീയ പ്രവർത്തകനും നേതാവുമെന്ന നിലയിൽ നടത്തിയ സഖ്യരൂപീകരണങ്ങൾ, ഒത്തുതീർപ്പുകൾ, സംഘടനാ രൂപീകരണത്തിലെ നേതൃപരമായ ഉത്തരവാദിത്തങ്ങൾ, അനുയായികളുമായുള്ള അടുപ്പം, അവർക്ക് ജോർജിനോടുണ്ടായിരുന്ന സമീപനങ്ങൾ, വ്യക്തിബന്ധങ്ങൾ, സംഘർഷഭരിതമായ കുടുംബജീവിതം, പ്രണയത്തിന്റെ പങ്കിടലുകൾ, തുടർപരമ്പര്യം എന്നിവയെല്ലാം ഈ ജീവചരിത്രത്തിൽ ഇടകലർന്നിരിക്കുന്നു.

പ്രത്യയശാസ്ത്ര രൂപീകരണം

1942 -ലെ ക്വിറ്റ് ഇന്ത്യ സമരാഹ്വാനത്തിൽ ആവേശിതനായ 12 വയസ്സുകാരൻ സ്‌കൂൾ സ്ഥിതി ചെയ്​തിരുന്ന കുന്നിന്റെ പുറത്തുനിന്ന് മറ്റു കുട്ടികളുടെ കൂടെ ചേർന്ന് കല്ലുകൾ വലിച്ചെറിഞ്ഞു. കൂടുതലൊന്നും സംഭവിച്ചില്ല. ‘മഹാത്മാഗാന്ധി കീ ജയ്’ എന്ന്​ വിളിച്ചിട്ടുണ്ട്. പക്ഷെ, മൂത്ത മകന്റെ ഈ വഴി പിതാവ് ജോൺ ഫെർണാണ്ടസിന് അത്ര സുഖിച്ചില്ല. വിലക്കുകൾ വന്നു. മൂത്ത മകൻ സെമിനാരിയിൽ പഠിച്ച്​ അച്ചൻ പട്ടം നേടണമെന്നാണ് ജോൺ ഫെർണാണ്ടസ് ആഗ്രഹിച്ചിരുന്നത്.

ജോർജ് പിന്നീട് വ്യക്തമാക്കിയതുപോലെ, സെമിനാരി ജീവിതത്തിലെ ഒരു പശ്ചാത്താപം, ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനം അറിയാതെ പോയതാണ്. സെമിനാരിയുടെ അകത്തളങ്ങളിൽ ഇതൊരു പതിവുദിവസം മാത്രമായിരുന്നു.

ജോർജ് മാത്യു ഇസഡോർ ഫെർണാണ്ടസ് എന്നാണ് പിതാവ് പേരിട്ടത്. മാതാവ് ആലീസ് മാർത്ത. കത്തോലിക്ക സഭാ വിശ്വാസികളായ മാതാപിതാക്കന്മാർ ജോർജിന്റെ ചെറുപ്പകാലത്ത്​ പിണങ്ങിയാണ് ജീവിച്ചത്. തികഞ്ഞ ക്രൈസ്തവ മതവിശ്വാസിയായാണ് ജോർജിനെ വളർത്തിയത്. നാല് സഹോദരന്മാരുണ്ട്​. മെട്രിക്കുലേഷൻ കഴിഞ്ഞ്​ ബാംഗ്ലൂരിലെ സെമിനാരിയിൽ ചേർന്ന ജോർജ്, അച്ചൻ പട്ടത്തിനായുള്ള പഠനത്തിൽ മുഴുകി. സെമിനാരി ജീവിതം ജോർജിന്റെ സ്വയം സന്നദ്ധപ്രവർത്തനത്തെ സ്വാധീനിച്ചിരിക്കണം. എന്തായാലും, ഒരിക്കൽ സെമിനാരി ജീവിതത്തിൽ പ്രവേശിച്ചതിനാലാകണം ജീവിതാന്ത്യം വരെ ജൂബ പോലെയുള്ള വസ്ത്രമാണ് ജോർജ് ധരിച്ചിരുന്നത്. ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനുള്ള മനഃസ്സാന്നിധ്യവും സെമിനാരി ജീവിതത്തിൽനിന്ന് ലഭിച്ചതാകണം.

എങ്കിലും, ആളുകൾക്കിടയിലായിരിക്കുമ്പോഴും ജോർജ് ഏകാന്തനായിരുന്നു.

ജോർജ് പിന്നീട് വ്യക്തമാക്കിയതുപോലെ, സെമിനാരി ജീവിതത്തിലെ ഒരു പശ്ചാത്താപം, ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനം അറിയാതെ പോയതാണ്. സെമിനാരിയുടെ അകത്തളങ്ങളിൽ ഇതൊരു പതിവുദിവസം മാത്രമായിരുന്നു. സെമിനാരിയിൽനിന്ന് വൈകാതെ ജോർജ് മടങ്ങി. പിതാവിന് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമായിരുന്നു ഇത്. രാഹുൽ രാമഗുണ്ടം നീരിക്ഷിക്കുന്നത്, സഭയിൽ തുടർന്നിരുന്നുവെങ്കിൽ സഭയുടെ ഉന്നത സ്ഥാനങ്ങളിലെത്തുകയും ഒടുവിൽ സഭയെ തന്നെ പിളർത്തുകയും ചെയ്യുമായിരുന്നു എന്ന് ജോർജിന്റെ പിൽക്കാല ജീവിതംവെച്ച്​ പറയാമെന്നാണ്.

1934 -ൽ ആരംഭിച്ച സോഷ്യലിസ്റ്റ് പാർട്ടിയിൽ 19 വയസ്സുകാരനായ ജോർജ് ചേരുന്നത്​ 1949ലാണ്​. പാർട്ടി പ്രസിദ്ധീകരണമായ കന്നടഭാഷയിലുള്ള ‘റൈത്വാനി'യുടെ ഉള്ളടക്കത്തിൽ ആകൃഷ്ടനായാണ് ഈ തീരുമാനമെടുത്തത്​. സമാജ്വാദ്, അതായത്​ സമത്വവാദം എന്നാൽ, രണ്ടു ബീഡിയുണ്ടെങ്കിൽ ഒരെണ്ണം പങ്കുവെയ്ക്കുകയാണ്​ എന്ന തമാശ ജോർജ് അക്കാലത്ത്​ പറഞ്ഞ്​ നടന്നിരുന്നു. ഇതേ തമാശ തന്നെ, ജോർജിന്റെ ജീവിതത്തിൽ വഴിത്തിരിവായ ഡി മെല്ലോ എന്ന അക്കാലത്തെ സോഷ്യലിസ്​റ്റ്​ നേതാവിന്റെ സ്വാധീനതയിൽപ്പെടാനുള്ള കാരണവുമായി. ഈ ബീഡിത്തമാശ ഡി മെല്ലോയുടെ മുമ്പിൽ വെച്ച് പറഞ്ഞത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല, പാർട്ടി ഓഫീസിൽ നിന്ന് ജോർജിനെ അദ്ദേഹം പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ, ജോർജ് ചെറിയ തോതിൽ തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇതേതുടർന്ന്​ ഡി മെല്ലോ ജോർജിനെ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. ജോർജ് മൂന്നുപേരെ മാത്രമേ മെന്റർ എന്ന്​ അഭിസംബോധന ചെയ്തിട്ടുള്ളൂ. റാം മനോഹർ ലോഹ്യ, ദക്ഷിണ കന്നഡയിലെ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ബാലപ്പ, പിന്നെ ട്രേഡ് യൂണിയൻ നേതാവ് ഡി മെല്ലോ. ഡി മെല്ലോ മരിച്ചത് വഴിയിൽ കിടന്നാണ്. ഇത് ജോർജിന്​ എന്നും വലിയ ആഘാതമായിരുന്നു.

ഡി മെല്ലോ

ബോംബേയിലെ തൊഴിലാളി സംഘാടനമാണ്, ഫെർണാണ്ടസ് എന്ന ട്രേഡ് യൂണിയൻ നേതാവിന്റെ തുടർന്നുള്ള വളർച്ചയുടെ പടവുകളായത്​. 1950 ആഗസ്റ്റിലാണ്​ ഫെർണാണ്ടസ് ബോംബയിലെത്തുന്നത്. അമ്പതുകളിലെ ബോംബെ, ഇന്ത്യയുടെ ഇതരഭാഗങ്ങളിൽനിന്ന് ജീവസന്ധാരണത്തിന് ​മനുഷ്യർ കുടിയേറിത്തുടങ്ങുന്ന ഇടമാണ്​. എസ്. കെ. പൊറ്റെക്കാടിന്റെ ‘മൂടുപട'ത്തിൽ അക്കാലത്തെ ബോംബെയുടെ അവസ്ഥയുണ്ട്.

തുടക്കത്തിൽ സോഷ്യലിസ്റ്റുകളൊന്നും ജോർജിനെ അടുപ്പിക്കുന്നില്ല. കടുത്ത സംഘർഷങ്ങളിലൂടെയാണ് അദ്ദേഹം അക്കാലം കടന്നുപോകുന്നത്. ബോംബെയിൽ, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മധു ദണ്ഡവതെ, ജോർജിനെ പ്രവർത്തനത്തിൽ നിന്നകറ്റിനിർത്തുകയാണുണ്ടായത്. പിൽക്കാലത്തും അവർ തമ്മിലുള്ള ബന്ധം സമാനമായി തന്നെ തുടർന്നു. തൊഴിലാളി സംഘാടനാ രംഗത്ത് മഹാരാഷ്ട്രക്കാരനായ എസ്. കെ. പാട്ടീൽ വിരാജിക്കുന്ന സമയം. സോഷ്യലിസ്​റ്റ്​ പാർട്ടി ഓഫീസിൽനിന്ന് പുറത്താക്കപ്പെട്ട ജോർജ് ഫുട്​പാത്തിലാണ്​ അഭയം കണ്ടെത്തിയത്. എന്നിട്ടും പതറിയില്ല. ചില്ലറ വരുമാനം കിട്ടിത്തുടങ്ങിയത് ടൈംസ് ഓഫ് ഇന്ത്യയുടെ പ്രൂഫ് റീഡറായി ജോലി ലഭിച്ചതോടെയാണ്.

നെഹ്റുവിന്റെ നേതൃത്വം ജോർജ് ഫെർണാണ്ടസിനെ ആകർഷിച്ചില്ല. റാം മനോഹർ ലോഹ്യയായിരുന്നു ജോർജിനെ സംബന്ധിച്ച്​ രാഷ്ട്രീയത്തിലെ ആദർശപുരുഷൻ.

ബോംബെയിൽ തുണിമിൽ തൊഴിലാളികളെ സംഘടിപ്പിച്ചിരുന്ന ഡി മെല്ലോവിന്റെ കൂടെച്ചേർന്നു ജോർജ്. ഒരിക്കൽ തുണിമിൽ തൊഴിലാളി സമരത്തിന്റെ ഭാഗമായി ഡി മെല്ലോവിനെ അറസ്റ്റ് ചെയ്​തു. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശതത്വങ്ങളെ മുൻനിർത്തി ഡി മെല്ലോവിനെ കോടതി വെറുതെവിട്ടു. സർക്കാരിനെതിരെ പ്രക്ഷോഭം നയിച്ച തൊഴിലാളിനേതാക്കളെ പൗരാവകാശ നിയമം മുൻനിർത്തി വെറുതെവിട്ടത് നെഹ്റുവിനെ അരിശം കൊള്ളിച്ചു. ഭരണഘടനയുടെ ആദ്യ ഭേദഗതി ഇതിനെ തുടർന്നാണ് പാർലമെൻറ്​ പാസാക്കുന്നത്. ഈ ഭേദഗതിയുടെ ചരിത്രം വേറെതന്നെ കഥയാണ്.

തുറുമുഖ തൊഴിലാളികളെ സംഘടിപ്പിക്കാനാണ് ഡി മെല്ലോ ജോർജിനെ ചുമതലപ്പെടുത്തിയത്. ജോർജിന്റെ പ്രവർത്തന മികവ് മാറ്റുരയ്ക്കുന്നതായിരുന്നു ഈ ഉത്തരവാദിത്തം. 52-ലെ തിരഞ്ഞെടുപ്പോടെ കോൺഗ്രസിന് ബദൽ എന്ന നിലയിലുള്ള സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്​ ജനകീയാംഗീകാരം ലഭിച്ചില്ല. വിവിധ പാർട്ടികളിലായി പ്രവർത്തിച്ചിരുന്ന സോഷ്യലിസ്റ്റുകൾ ലയിക്കാൻ തീരുമാനിച്ചു. എങ്കിലും ഇവരുടെ ഈഗോ പരസ്പരം അംഗീകരിക്കാനോ ഒരുമിച്ചു പ്രവർത്തിക്കാനോ തടസ്സമായി. നെഹ്റു കോൺഗ്രസിനെ തന്നെ സോഷ്യലിസത്തിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടു. നെഹ്റുവിന്റെ നേതൃത്വം ജോർജ് ഫെർണാണ്ടസിനെ ആകർഷിച്ചില്ല. റാം മനോഹർ ലോഹ്യയായിരുന്നു ജോർജിനെ സംബന്ധിച്ച്​ രാഷ്ട്രീയത്തിലെ ആദർശപുരുഷൻ. പിന്നീട്​, ജോർജ്​ മുനിസിപ്പൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലേക്ക് മാറുകയും ഇതിന്റെ നേതൃസ്ഥാനത്തേക്കുയരുകയും ചെയ്​തു. നിർണായക വഴിത്തിരിവാണ്​ ഇത് ജോർജിന്റെ ജീവിതത്തിൽ സൃഷ്ടിച്ചത്. രാഹുൽ രാമഗുണ്ടം നീരിക്ഷിക്കുന്നത്, അടിസ്ഥാനവർഗമായ മുൻസിപ്പൽ തൊഴിലാളികളുടെ സംഘാടനത്തിൽ ജോർജിന് സ്വാധീനമായത് ക്രൈസ്തവ ദൈവശാസ്ത്രവും സോഷ്യലിസ്റ്റ് ആശയവുമാണ്​ എന്നാണ്​.

മണി രാം ബാഗ്രി, രാം മനോഹർ ലോഹ്യ, എസ്.എം. ജോഷി എന്നിവരോടൊപ്പം ജോർജ് ഫെർണാണ്ടസ്

ഇക്കാലത്താണ് ജോർജ് ഫെർണാണ്ടസിന്റെ ഏറെക്കാലത്തെ സതീർഥ്യനാകാൻ പോകുന്ന സോഷ്യലിസ്റ്റ് ചിന്തകൻ മധു ലിമായെയെ പരിചയപ്പെടുന്നത്. എങ്കിലും, അടിയന്തരാവസ്ഥക്കുശേഷം അവർ അകലുന്നുണ്ട്. ജോർജ് രാഷ്ട്രീയത്തിൽ പുതിയ പടവുകളിലേക്ക്​ നടന്നുകയറുമ്പോൾ മധു ലിമായെ എൺപതുകളോടെ രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുകയായിരുന്നു. തൊഴിലാളി സംഘാടകനായിരിക്കെ തന്നെ, ബോംബെ മുൻസിപ്പൽ കോർപറേഷനിൽ വാർഡ് മെമ്പറാകുന്നുണ്ട് ജോർജ് ഫെർണാണ്ടസ്. ആദ്യ പാർലമെന്ററി ഇന്നിംഗ്‌സ് ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. തൊഴിലാളി നേതാവായി താൻ ഒതുങ്ങിനിൽക്കില്ല എന്ന സൂചനയാണ്​ ഇത്​ നൽകുന്നത്​. തൊഴിലാളി പ്രശ്‌നമുന്നയിച്ച്​ രാഷ്ട്രീയത്തിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനുള്ള അവസരമായാണ് ജോർജ് യൂണിയൻ പ്രവർത്തനത്തെ ഉൾക്കൊണ്ടത്.

ജോർജ്, അത്യാവശ്യം മിലിറ്റൻസിയും ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ നടപ്പാക്കിയിരുന്നു. അതുകൊണ്ടാണ് ‘കമ്യൂണിസ്റ്റുകളെക്കാൾ ഭീകരൻ’ എന്ന വി​ശേഷണം ലഭിച്ചത്.

ബോംബെയിൽ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള ട്രേഡ് യൂണിയൻ ശക്തമായിരുന്ന കാലമായിരുന്നു അത്. കമ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യുണിയനുകളും വേരോടെ പിഴുതെറിയപ്പെടുന്നത് ശിവസേനയുടെ വംശീയ രാഷ്ട്രീയം വേരാഴ്ത്തുന്നതോടെയാണ്. ജോർജ്, അത്യാവശ്യം മിലിറ്റൻസിയും ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ നടപ്പാക്കിയിരുന്നു. അതുകൊണ്ടാണ് ‘കമ്യൂണിസ്റ്റുകളെക്കാൾ ഭീകരൻ’ എന്ന വി​ശേഷണം ലഭിച്ചത്. തൊഴിലാളി സമരം നയിച്ചതിന്​ അദ്ദേഹത്തിന്​ ജയിൽവാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ദീർഘകാലം നാഗ്പൂർ ജയിലിൽ കിടക്കേണ്ടിവന്നു. ദേശദ്രോഹി എന്ന മുദ്ര കുത്തപ്പെടുകയും ​ചെയ്​തു. ജോർജിന്റെ അറസ്റ്റിനുപിന്നിൽ യൂണിയനുകൾ തമ്മിലുള്ള ശത്രുതയും ഒരു കാരണമാകാമെന്ന്​ ആരോപണമുണ്ട്.

ജോർജ് ഫെർണാണ്ടസിനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു / Photo : georgefernandes.org

ജയിലിൽ ജോർജിന്റെ രണ്ടു സഹതടവുകാരിലൊരാൾ സി.പി.ഐ നേതാവും പിന്നീട് ജനറൽ സെക്രട്ടറിയുമായ എ. ബി. ബർധനായിരുന്നു. മറ്റൊരു സഹതടവുകാരൻ ജമാഅത്തെ ഇസ്​ലാമി പ്രവർത്തകനും. 63 -ലെ തിരഞ്ഞെടുപ്പിൽ റാം മനോഹർ ലോഹ്യ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിൽ ലോഹ്യയുടെ സമീപനങ്ങളെ ജോർജ് എതിർത്തിരുന്ന കാലമാണ്. അപ്പോഴേക്കും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടു. 67 ലെ തിരഞ്ഞെടുപ്പിൽ ജോർജ് ഫെർണാണ്ടസ് ലോകസഭയിലേക്ക് മത്സരിച്ചു, ബോംബെയിലെ പ്രമുഖ തൊഴിലാളി യൂണിയൻ നേതാവ്​ എസ്. കെ. പാട്ടീലിനെയാണ് തോൽപ്പിച്ചത്. എസ്. കെ. പാട്ടീൽ ‘പശു പ്രേമം’ പ്രകടിപ്പിച്ചിരുന്നെങ്കിലും ആർ.എസ്​.എസിന്റെയും ജനസംഘത്തിന്റെയും പിന്തുണ ഫെർണാണ്ടസിനായിരുന്നു.

കോൺഗ്രസ്​ വിരോധമാണ് പലപ്പോഴും സോഷ്യലിസ്റ്റുകളിലെ ഒരു വിഭാഗത്തെ എന്നും ഹിന്ദുവലതുപക്ഷ രാഷ്ട്രീയവുമായി അടുപ്പിച്ചിരുന്നത്​. ഈ രാഷ്ട്രീയ തന്ത്രത്തിന്റെ ഏറ്റവും മികച്ച പ്രയോക്താവായിരുന്നു ജോർജ് ഫെർണാണ്ടസ്. ജോർജിന്റെ ആദ്യകാല പാർലമെൻറ്​ പ്രവർത്തനം റാം മനോഹർ ലോഹ്യയുടെയും മധു ലിമായെയുടെയും നിഴലിലമർന്നുപോവുകയാണുണ്ടായത്. അവരുടെ പാർലമെന്ററി പാടവത്തിനും പാണ്ഡിത്യത്തിനും മുമ്പിൽ ജോർജ് ഫെർണാണ്ടസ് അത്ര ശോഭിച്ചില്ല എന്നാണ് ജീവചരിത്രകാരൻ വിലയിരുത്തുന്നത്. എങ്കിലും യൂണിയൻ രാഷ്ട്രീയത്തിന്റെ വികാരാവേശം പാർലമെന്ററി ഇടപെടലുകളിലേക്ക് ജോർജ് ഫെർണാണ്ടസിന് കൊണ്ടുവരാനായിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഫെർണാണ്ടസിന്റെ രാഷ്ട്രീയ ഉയർച്ച യഥാർത്ഥത്തിൽ ആരംഭിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ അധികാരാരോഹണത്തോടെയാണ്.

മഹാരാഷ്ട്രയിൽ ആദിവാസി ഭൂസമരത്തിന്റെ ഭാഗമായി ജോർജ് ഫെർണാണ്ടസ് നയിച്ച സമരത്തെ പൊലീസ് മർദിച്ചൊതുക്കുകയാണുണ്ടായത്. തലയ്ക്കാണ് ജോർജിന് അടിയേറ്റത്. പിൽക്കാലത്ത്​ ജോർജിന്റെ അൽഷിമേഴ്സ് രോഗത്തിനുള്ള ഹേതുവായി ഇത് മാറിയിരിക്കാമെന്ന്​രാഹുൽ രാമഗുണ്ടം പറയുന്നു.

അടിയന്തരാവസ്ഥയിലെ നായകൻ

റാം മനോഹർ ലോഹ്യ അകാലത്തിൽ മരിച്ചതിനുശേഷം സോഷ്യലിസ്റ്റ് പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാൻ കാര്യമായ ശ്രമം നടന്നു. ബീഹാറിലെ പിന്നാക്കവിഭാഗം നേതാവ് കർപൂരി താക്കൂറിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റുകൾ പുനഃസംഘടിച്ചു. ഇന്ത്യ- ചൈന യുദ്ധം കഴിഞ്ഞ സമയം, നെഹ്രുവിയൻ യുഗം അസ്തമിച്ചിരുന്നു. രാജ്യമെമ്പാടും അസ്വസ്ഥതകൾ നീറിപ്പുകഞ്ഞു. യുവാക്കളാണ് സ്വാന്ത്ര്യത്തിന്റെ നഷ്ടബോധം ഏറെയും പേറിയവർ. ഭൂസമരങ്ങൾ കൊണ്ടുമ്പിരിക്കൊണ്ടു. നക്‌സൽബാരിയിൽ വീണ തീപ്പൊരി ശ്രീകാകുളത്തും പിന്നീട് ഇന്ത്യയുടെ ഓരോ ഇടങ്ങളിലും ജനകീയ വിപ്ലവസ്വപനങ്ങൾക്ക് തിരികൊളുത്തി. അതുവരെ നേരിടാതിരുന്ന പ്രതിസന്ധികൾ ഭരണകൂടം അഭിമുഖീകരിക്കാൻ തുടങ്ങി. അതുവരെ അനുഭവിച്ചിരുന്ന സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്ന അവസ്ഥ, ഭരണകൂട വർഗത്തെ കൂടുതൽ ഹിംസാത്മക മാർഗത്തിലേക്ക് നയിച്ചു. ഭരണകൂടത്തിന്റെ ഒത്താശയോടെ ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ഏതു ഹീനമാർഗവും സ്വീകരിക്കാമെന്നായി. കൊളോണിയൽ പൊലീസ് പുനരാഗമനം ചെയ്തു. പൊലീസുകാരിൽ വലിയൊരു വിഭാഗത്തിന് പുലിക്കോടൻ നാരായണന്റെ പ്രതിച്ഛായയായി. അവർ ജാതി- ജന്മി ലൈസൻസ് രാജ് നടപ്പാക്കി. മൂലധനവർഗത്തിന്റെ വേട്ടപ്പട്ടികളായി, കണ്ണിൽച്ചോരയില്ലാത്ത രാഷ്ട്രീയ ഹിരണ്യാക്ഷന്മാരുടെ ഇംഗിതത്തിനനുസരിച്ച്​ ജനകീയ സമരങ്ങളെ നിഷ്​ഠൂരമായി അടിച്ചമർത്തി. ഇത് എല്ലായിടത്തും അരങ്ങേറിയ യാഥാർഥ്യമാണ്. മഹാരാഷ്ട്രയിൽ ആദിവാസി ഭൂസമരത്തിന്റെ ഭാഗമായി ജോർജ് ഫെർണാണ്ടസ് നയിച്ച സമരത്തെ പൊലീസ് മർദിച്ചൊതുക്കുകയാണുണ്ടായത്. തലയ്ക്കാണ് ജോർജിന് അടിയേറ്റത്. തലയിലെ ബാൻഡേജുമായാണ് ജോർജ് പാർലമെന്റിൽ വന്നത്. പിൽക്കാലത്ത്​ ജോർജിന്റെ അൽഷിമേഴ്സ് രോഗത്തിനുള്ള ഹേതുവായി ഇത് മാറിയിരിക്കാമെന്ന്​രാഹുൽ രാമഗുണ്ടം പറയുന്നു.

ജോർജ്​ ഫെർണാണ്ടസിന്റെയും ലൈല കബീറിന്റെയും വിവാഹത്തിനെത്തിയ ഇന്ദിരാഗാന്ധി / Photo : indianhistorypics, twitter.

ഇന്ദിരാഗാന്ധി കൂടുതൽ അധികാരം കൈയാളുന്ന ഘട്ടമായിരുന്നു ഇത്. ജോർജും ലൈല കബീറും തമ്മിലുള്ള വിവാഹവും ഈ കാലത്തായിരുന്നു. ഹുമയൂൺ കബീറിന്റെ മകളായ ലൈലയുടെയും ജോർജിന്റെയും വിവാഹത്തിൽ ഇന്ദിരാഗാന്ധി പങ്കെടുക്കുന്നുണ്ട്. ജോർജ് വീണ്ടും സജീവമായി പൊതുരംഗത്തേക്കുവരുന്നത് ഇന്ത്യയുടെ ഉത്തര കൊളോണിയൽ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ റയിൽവെ പണിമുടക്ക്​സംഘടിപ്പിച്ചുകൊണ്ടാണ്. ഇന്ദിരാസർക്കാർ സമരത്തെ നേരിട്ടത് വ്യാപകമായ അറസ്റ്റും പിരിച്ചുവിടലും നടത്തിയാണ്. രാജ്യദ്രോഹ സമരമായാണ് ഇതിനെ അവതരിപ്പിച്ചത്. റഷ്യയുടെ പിന്തുണയുമുണ്ടായിരുന്നു ഇന്ദിരാഗാന്ധിക്ക്. അതുകൊണ്ടുതന്നെ സി. പി. ഐ സമരത്തോട് അടവുപരമായ സമീപനമാണ് സ്വീകരിച്ചത്. റയിൽവെ സമരം അടിച്ചമർത്തപ്പെട്ടു. സമരത്തിന്​ നേതൃത്വം കൊടുത്ത എ. ഐ. ആർ. എഫിന്റെ തലപ്പത്ത്​ ജോർജായിരുന്നു. സമരം പരാജയപ്പെട്ടതോടെ അണികളും അനുയായികളും ജോർജിനെ തള്ളിപ്പറഞ്ഞു. തൊഴിലാളികളെ ജോർജിന്റെ വ്യക്തിപരമായ ഉന്നതിക്കുവേണ്ടി സമരത്തിലേക്ക് ഇളക്കിവിട്ടു എന്നതായിരുന്നു പ്രധാന ആരോപണം. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിൽ വന്ന ജനതാസർക്കാരിന്റെ തിരുമാനങ്ങളിലൊന്ന് റയിൽവെ സമരത്തിന്റെ ഭാഗമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നതായിരുന്നു.

ജോർജ് ഫെർണാണ്ടസ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു, ഉന്നതസ്ഥാനങ്ങളിലേക്ക് അവരോധിക്കപ്പെടുന്നു. പയ്യെപ്പയ്യെ ആ വിഗ്രഹം ഉടഞ്ഞുടഞ്ഞുതീരുന്നു. ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റ് ആദർശബിംബം പാതാള പതനത്തിലേക്ക് കാലിടറുകയാണ്.

റയിൽവെ സമരത്തോടെ ജോർജ് ഫെർണാണ്ടസ് ഇന്ദിരാഗാന്ധി സർക്കാരിന്റെ കണ്ണിലെ കരടായി. ജെ.പി പ്രസ്ഥാനം ഇന്ദിരയ്‌ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ സ്ഥിതി ആകെ കലങ്ങി മറഞ്ഞു. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ നൽകിയതോടെ വർധിത വീര്യത്തോടെ ആഭ്യന്തര സുരക്ഷാകാരണങ്ങൾ ഉന്നയിച്ച്​ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. പ്രതിപക്ഷ നേതാക്കളെയെല്ലാം രാത്രിക്കുരാത്രി കാരാഗൃഹത്തിലടച്ചു. ജോർജ് തന്ത്രപരമായി രക്ഷപ്പെട്ടു. ആദ്യം ഒറീസയിലെ കടൽതീരത്തുള്ള ഗോപാൽപൂർ എന്ന ഗ്രാമപ്രദേശത്തായിരുന്നു ജോർജും ലൈലയും 17 മാസം പ്രായമുള്ള മകൻ ശുശാന്തോവും. ലൈലയുടെ മാതാവ് ശാന്തി ദാസ് കബീറിന്റെ കൂടെയായിരുന്നു അവർ. അവിടെനിന്ന് പ്രച്ഛന്നവേഷത്തിൽ ജോർജ് ഒളിവിൽ പോയി.

ഈ പുസ്തകത്തിലെ ഏറ്റവും ആവേശം പകരുന്ന ഭാഗം, അടിയന്തരാവസ്ഥയിലെ ജോർജ് ഫെർണാണ്ടസിന്റെ ഒളിവുജീവിതം വിവരിക്കുന്ന ‘The Most Haunted Man' എന്ന അധ്യായവും ഇതിനു ശേഷമുള്ള ‘Where is the underground', ‘Chained and Fettered' എന്നീ അധ്യായങ്ങളുമാണ്. ഇതിന്​ തൊട്ടുമുമ്പത്തെ അധ്യായം റെയിൽവെ സമരത്തിന്റെ ചരിത്രവും അനന്തരസംഭവങ്ങളും വിവരിക്കുന്നതാണ്. ഈ അധ്യായങ്ങൾ ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഉത്തര കൊളോണിയൽ കാലത്തെ രാഷ്ട്രീയ പ്രയോഗങ്ങളെക്കുറിച്ച്​ കാഴ്ചപ്പാട് നൽകും. ഈ നാലു അദ്ധ്യായങ്ങളുടെയും സവിശേഷത, തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, ജോർജ് ഫെർണാണ്ടസ് എന്ന രാഷ്ട്രീയ വിഗ്രഹത്തെ സൃഷ്ടിച്ചതിന്റെ രാഷ്ട്രീയ സന്ദർഭം വിശാദംശങ്ങളോടെ അടയാളപ്പെടുത്തുന്നു എന്നതാണ്.

ഈ കാലഘട്ടം കഴിയുന്നതോടെ ജോർജ് ഫെർണാണ്ടസ് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു. ഉന്നതസ്ഥാനങ്ങളിലേക്ക് അവരോധിക്കപ്പെടുന്നു. പയ്യെപ്പയ്യെ ആ വിഗ്രഹം ഉടഞ്ഞുടഞ്ഞുതീരുന്നു. ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റ് ആദർശബിംബം പാതാള പതനത്തിലേക്ക് കാലിടറുകയാണ്. എഴുപതുകളിലും എൺപതുകളിലും ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്​ എന്റെ മുതിർന്ന സഹോദരന്മാരുടെ തലമുറ ജോർജിനെ കണ്ടത്​ എങ്കിൽ, തൊണ്ണൂറുകളിൽ എന്റെ തലമുറ ജോർജിനെ കാണുന്നതും​ കേൾക്കുന്നതും ദൂരദർശനിലൂടെയാണ്​. അപ്പോഴേക്കും ആദർശമൊക്കെ പതുക്കെ വെടിഞ്ഞ, പഴയ സോഷ്യലിസ്റ്റിന്റെ പ്രേതരൂപമായ, ഒത്തുതീർപ്പിന്റെ പാതയിൽ ബഹുദൂരം പോയിക്കഴിഞ്ഞ ഒരാളായിരുന്നു ജോർജ് ഫെർണാണ്ടസ്.

അടിയന്തരാവസ്ഥയിൽ തുറങ്കിലടയ്ക്കപ്പെട്ട ജോർജ്, ജയിൽവാസത്തിലായിരിക്കെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മുസാഫർപുരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് കാമ്പയിൻ വിവരിക്കുന്ന ഭാഗങ്ങൾ ആവേശമുളവാക്കുന്നതാണ്. ഒരു പക്ഷെ രാഹുൽ രാമഗുണ്ടത്തിന്റെ അക്കാദമിക്ക് സ്വഭാവമുള്ള എഴുത്തിനേക്കാൾ തീക്ഷ്ണമായി ഇതേ കാര്യങ്ങൾ തന്നെ ജോർജ് ആത്മകഥ എഴുതിയിരുന്നെങ്കിൽ അവതരിപ്പിക്കാമായിരുന്നു എന്നു തോന്നിപ്പോകും. അടിയന്തരാവസ്ഥയിൽ വേഷപ്രച്ഛന്നനായ ജോർജ് ആനന്ദമാർഗിയുടെ ലൂക്കിലായിരുന്നു നാടൊട്ടുക്കും സഞ്ചരിച്ചത്. ആനന്ദമാർഗികൾ അടിയന്തരാവസ്ഥക്കാലത്ത്​ ഏറ്റവുമധികം വേട്ടയാടപ്പെട്ടവരുമാണ്. ഒളിവുകാലത്താണ് അടിയന്തരാവസ്ഥക്കെതിരെ ആളപായമില്ലാതെ ബോംബ് സ്ഫോടനത്തിന്​ ജോർജ് ഒരുക്കം നടത്തിയത്. ഇന്ത്യൻ സോഷ്യലിസ്റ്റുകൾക്ക്​ ആളപായമില്ലാതെയുള്ള ബോംബ് മാർഗം ഇതിനുമുമ്പും സ്വീകാര്യമായിരുന്നു. ഡോ. കെ.ബി. മേനോന്റെ നേതൃത്വത്തിൽ കീഴരിയൂരിൽ നടത്തിയ ബോംബ് സ്‌ഫോടനം കേരളത്തിൽ ഇതിനുദാഹരണമാണ്​. പിന്നീട്​ വടകരയിൽ നിന്നുള്ള എം. പിയായി മേനോൻ.

ജയപ്രകാശ് നാരായണന് ജോർജിന്റെ വിധ്വംസക പ്രവർത്തനത്തോട് കടുത്ത എതിർപ്പായിരുന്നു. ജെ.പിയുടെ ശാസനകൾ ഫെർണാണ്ടസ് നിരാകരിച്ചതായി വസ്തുത സഹിതം രാഹുൽ രാമഗുണ്ടം ഈ പുസ്​തകത്തിൽ പരാമർശിക്കുന്നുണ്ട്.

ജോർജ് ഈ മാർഗം തന്നെ അവലംബിക്കാൻ തീരുമാനിച്ചു. ഇതിനായി, അദ്ദേഹത്തിന്​ പ്രചോദനമായത്​, നാസിക്കാലത്ത്​ വാർസൗ ഘെറ്റോവിൽ നടന്ന പ്രക്ഷോഭം വിവരിക്കുന്ന ലിയോൺ യൂറിസിന്റെ മില 18 (Mila 18), ഡൊമിനിക് ലാപ്പിയറിന്റെയും ലാറി കോളിൻസിന്റെയും ഈസ്​ പാരീസ് ബേണിങ് (Is Paris Burning) എന്നീ പുസ്​തകങ്ങളാണ്​. ജോർജ് പലയിടങ്ങളിലായാണ് ഒളിവിൽ കഴിയുന്നത്. കന്നഡ അഭിനേത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ സ്‌നേഹ ലത റെഡ്ഢിയും ഭർത്താവും ജോർജിനെ സഹായിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് സ്‌നേഹലത റെഡ്ഢിയെ അറസ്​റ്റുചെയ്യുന്നതും പീഡിപ്പിക്കുന്നതും. ജയിലിൽ നിന്ന് പുറത്തുവന്ന സ്‌നേഹലത റെഡ്ഢി വൈകാതെ മരിക്കുകയാണുണ്ടായത്​. (കൂട്ടത്തിൽ പറയട്ടെ, ഫെമിനിസ്റ്റ് ചിത്രകാരി ഉമാ ചക്രവർത്തി നിർമിച്ച സ്‌നേഹലത റെഡ്ഢിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പ്രിസൺ ഡയറീസ്' ശ്രദ്ധേയമാംവിധം ഈക്കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളെ ഓർത്തെടുക്കുന്നുണ്ട്.) ജോർജിനെ വ്യക്തിപരമായി സഹായിച്ച മറ്റൊരാൾ, മെഡിസിന് പഠിച്ചുകൊണ്ടിരുന്ന ഗിരിജ ഹുയിൽഗോളാണ്.

ജയപ്രകാശ് നാരായണൻ

ജയപ്രകാശ് നാരായണന് ജോർജിന്റെ വിധ്വംസക പ്രവർത്തനത്തോട് കടുത്ത എതിർപ്പായിരുന്നു. ജെ.പിയുടെ ശാസനകൾ ഫെർണാണ്ടസ് നിരാകരിച്ചതായി വസ്തുത സഹിതം രാഹുൽ രാമഗുണ്ടം ഈ പുസ്​തകത്തിൽ പരാമർശിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി സർക്കാർ ജോർജിനെതിരെ, കണ്ടാൽ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടിരുന്നു. സോഷ്യലിസ്റ്റ് നേതൃചേരി ഫെർണാണ്ടസിന്റെ ഒളിവുകാല രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അതൃപ്തരായിരുന്നു. കർപൂരി താക്കൂർ ഒരു രഹസ്യ ഒത്തുചേരലിൽ ജോർജിന്റെ പ്രവർത്തനത്തെ തള്ളിപ്പറഞ്ഞു. ആർ.എസ്.എസ് മുഖവാരിക ‘പാഞ്ചജന്യ' ജോർജിന്റെ ഏകാന്തപ്രവർത്തനത്തെ കേവലം ഭ്രാന്തായാണ് ചിത്രീകരിച്ചത്. ചുരുക്കത്തിൽ, അടിയന്തരാവസ്ഥക്കെതിരെ പ്രവർത്തിച്ചിരുന്ന പ്രമുഖ നേതാക്കളും സംഘടനകളും ജോർജിനെ തള്ളിക്കളയുകയായിരുന്നു. എങ്കിലും, ഏകാന്തസൈനികനെപ്പോലെ ജോർജ്, ബോംബ് സ്​ഫോടനത്തിനുള്ള പ്രവർത്തനത്തിൽ വ്യപൃതനായി. ജോർജിനെ സഹായിക്കാനും ആളുകളുണ്ടായിരുന്നു. ഇതിൽ വ്യവസായികളും ധനശേഷിയുള്ളവരുമുണ്ടായിരുന്നു. ബറോഡ ഡയനാമൈറ്റ് കേസ് എന്ന പേരിൽ അടിയന്തരാവസ്ഥക്കാലത്തെ ഏറ്റവും പ്രസിദ്ധിയാർജിച്ച കേസാണിത്.

1976 ഒക്ടോബർ നാലിനാണ് ഫെർണാണ്ടസിന്റെ വിചാരണ ആരംഭിക്കുന്നത്. ജോർജിനെയും ബോംബ് കേസിൽ കുറ്റാരോപിതരായ മറ്റുള്ളവരെയും വിലങ്ങും ചങ്ങലയുമണിയിച്ചാണ് വിചാരണാകോടതിയിലേക്ക് കൊണ്ടുവന്നത്. ഈ ചിത്രം അന്താരാഷ്ട്ര പത്രങ്ങളിൽ ഒന്നാം പേജിൽ അടിച്ചുവന്നു.

1976 ജൂൺ 10നാണ് ജോർജ് ഫെർണാണ്ടസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. പൊലീസ് ജോർജിലേക്കെത്തിയത് അനുയായികൾ ഒറ്റിക്കൊടുത്തിട്ടാണെന്ന്​ ജീവചരിത്രകാരൻ തെളിവുസഹിതം വ്യക്തമാക്കുന്നു. പൊലീസ് തേടിനടന്ന കാലത്ത്​ ജോർജിനെ കിട്ടാൻ പരിചയക്കാരെയും സഹോദരരെയും പൊലീസ് ശാരീരികമായി പീഡിപ്പിച്ചിരുന്നു. ഏകാന്തതടവറയിലായിരുന്നു ജയിൽവാസം. ജോർജിന്റെ മോചനത്തിന്​ അന്താരാഷ്ട്രതലത്തിൽനിന്ന് ആഹ്വാനമുയർന്നു. ജോർജ് വിദേശചാരനാണെന്ന ആരോപണം ഇന്ദിരാസർക്കാർ ഉയർത്തി. ചൈനീസ് ചെയർമാൻ മാവോയിൽ നിന്ന് ജോർജ് പണം സ്വീകരിച്ചിരുന്നുവെന്നതായിരുന്നു ആരോപണം.

ജയിൽവാസകാലത്ത്​ വായിച്ചിരുന്ന പുസ്തകങ്ങളിൽ ഭഗവത്ഗീത വലിയ സ്വാധീനമായിരുന്നു എന്ന് ജോർജ് തന്നെ പിന്നീട് പറഞ്ഞതായി പലരും എഴുതിയിട്ടുണ്ട്. അ​ദ്ദേഹം ഗീത സ്​ഥിരമായി വായിച്ചിരുന്നു എന്ന്​ ഈ ജീവചരിത്രപുസ്തകത്തിൽ നിന്ന് മനസ്സിലാക്കാം, എന്നാൽ ഒപ്പം, മറ്റു പുസ്തകങ്ങളും വായിച്ചിരുന്നു. ആദ്യകാലത്തെ ജയിൽവാസത്തിൽ നിന്നാർജ്ജിച്ച ശീലമായിരുന്നു വായന. അടിയന്തരാവസ്ഥാ തടവുകാരനായിരിക്കെ വായിച്ച മറ്റൊരു പ്രധാന പുസ്തകമാണ് ഇർവിങ് വാലസിന്റെ ‘ആർ ഡോക്യുമെൻറ്​' . അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന പുസ്തകം എന്ന നിലയിലാണ് ജോർജ് ഈ നോവൽ വായിച്ചത്. ലൈലയോട് ഇർവിങ് വാലസിനെ കണ്ട്​ നന്ദി പറയണമെന്ന് ജോർജ് എഴുതാൻ ഉദ്ദേശിച്ചിരുന്നതായി ഇതിൽ പറയുന്നു.

1975 ജൂൺ 25ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു

1976 ഒക്ടോബർ നാലിനാണ് ഫെർണാണ്ടസിന്റെ വിചാരണ ആരംഭിക്കുന്നത്. ജോർജിനെയും ബോംബ് കേസിൽ കുറ്റാരോപിതരായ മറ്റുള്ളവരെയും വിലങ്ങും ചങ്ങലയുമണിയിച്ചാണ് വിചാരണാകോടതിയിലേക്ക് കൊണ്ടുവന്നത്. കൈയിൽ വിലങ്ങുവെച്ച്​, കാൽ ചങ്ങലയിൽ ബന്ധിച്ച ജോർജിന്റെ ചിത്രം അന്താരാഷ്ട്ര പത്രങ്ങളിൽ ഒന്നാം പേജിൽ അടിച്ചുവന്നു. ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനുമുമ്പാകെ ജോർജ് നൽകിയ മൊഴി ഇപ്രകാരമായിരുന്നു: ‘ഞങ്ങളും ഞങ്ങളെ ബന്ധിച്ചിരിക്കുന്ന ചങ്ങലയും രാഷ്ട്രത്തിന്റെ പ്രതീകമാണ്. രാജ്യത്ത്​അധികാരം സ്ഥാപിച്ചിരിക്കുന്ന ഒരു സ്വേച്ഛാധികാരി രാഷ്ട്രത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണ്.' ജോർജ് എഴുതി വായിക്കുകയാണ് ചെയ്തത്.

ബറോഡ ഡയനാമൈറ്റ് കേസ് വാദിച്ചത് റാം ജെത് മലാനിയാണ്. സേവനം എന്ന നിലയിലല്ല അദ്ദേഹം കേസ്​ വാദിച്ചത്​, കൃത്യം ഇടവേളകളിൽ ഫീസ് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ അഭിഭാഷകനായ റാംജെത് മലാനിയെ ജോർജിന്​ഒഴിവാക്കേണ്ടതായും വന്നു.

ലോഹ്യ പ്രസ്ഥാനത്തിൽനിന്നുവന്ന സോഷ്യലിസ്​റ്റായ ജോർജ് എങ്ങനെയാണ് ബോംബ് സ്‌ഫോടനം പോലുള്ള ഹിംസാത്മക രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടത്​ എന്ന് പലരും അത്ഭുതം കൂറിയിട്ടുണ്ട്. ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ അമേരിക്കൻ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ ചരിത്രം ജോർജ് വായിച്ചു മനസ്സിലാക്കിയിരുന്നു. ഹിംസാത്മകത അമേരിക്കൻ ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ സവിശേഷ ഘടകമായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകനായ ജോർജ് ഫെർണാണ്ടസ് ‘Dynamite: The story of Class Violence in America' എന്ന ലൂയി അഡാമിക്കിന്റെ പുസ്തകം 77 -79 കാലത്ത്​, മന്ത്രിയായിരിക്കുമ്പോൾ രണ്ടു കോപ്പി വരുത്തിയിരുന്നുവെത്രെ. മർദ്ദിതരുടെ ഏറ്റവും സവിശേഷമായ പ്രതികരണോപകരണമായാണ് ഹിംസയെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ജോർജും ബോംബുമായി സോഷ്യലിസത്തിന് ഒട്ടും അനുരഞ്ജനപ്പെടാൻ കഴിയാത്ത മറ്റൊരു അവിശുദ്ധ ബന്ധമുണ്ടായത്, പൊഖ്റാൻ ആണവ സ്ഫോടനത്തിന്റെ കാലത്താണ്​. അതിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു പ്രതിരോധ വകുപ്പ് മന്ത്രി എന്ന നിലയിൽ ജോർജ് ഫെർണാണ്ടസ്. ആൽബേർ കാമ്യുവിന്റെ വാക്കുകൾ അല്പമൊന്നു മാറ്റിപ്പറഞ്ഞാൽ, ജോർജും അയാളുടെ ജീവിതാദർശവും, നടനും അയാളുടെ പശ്ചാത്തലവും തമ്മിലുള്ള എന്നെന്നേക്കുമായുള്ള വേർപെടൽ പോലെ അസംബന്ധപൂർണമായിത്തീർന്നു.

മന്ത്രി എന്ന നിലയിൽ ഫെർണാണ്ടസിനെ ഇപ്പോഴും ഓർക്കുന്ന ഒരു നടപടി, കൊക്കോകോള കമ്പനിയെ ഇന്ത്യയിൽനിന്ന് തുരത്തി എന്നതാണ്. കോളയുടെ രസക്കൂട്ട് ​വെളിപ്പെടുത്തിയില്ല എന്ന കാരണമാണ് പുറത്താക്കാൻ കാരണമായത്.

അടിയന്തരാവസ്ഥാനന്തര അനുരഞ്ജനം

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജോർജിനുമേൽ സമ്മർദ്ദമുണ്ടായിരുന്നു. തന്റെ ഇമേജിനെ തിരഞ്ഞെടുപ്പിലെ മത്സരം ബാധിക്കുമോ എന്നാദ്യം അദ്ദേഹം ആശങ്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് മത്സരിക്കാൻ സമ്മതിച്ചു. സുഹൃത്തായ മധു ലിമായെയുടെ നിർബന്ധവുമുണ്ടായിരുന്നു. മുസാഫർപുരിൽ നിന്ന്​ മത്സരിച്ച ജോർജ് റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

അടിയന്തരാവസ്ഥ പരാജയപ്പെട്ടതിനെക്കുറിച്ചും അത്​ പിൻവലിച്ചതിനെക്കുറിച്ചുമുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ പ്രത്യേകമായി ഈ പുസ്തകത്തിലുണ്ട്. ആദ്യഘട്ടത്തിൽ ഇന്ദിരാഗാന്ധിയുടെ കൂടെ നിന്ന പലരും പിന്നീട് അധികാരം നഷ്​ടപ്പെടുമെന്നായപ്പോഴേക്കും തന്ത്രപരമായി മറുകണ്ടം ചാടി. ‘ഇന്ദിര ഇന്ത്യയാണ്, ഇന്ത്യ ഇന്ദിരയാണ്’ എന്നു പ്രഖ്യാപിച്ച ഡി. കെ. ബറുവയും അടിയന്തരാവസ്ഥാ പ്രമേയം ലോകസഭയിൽ അവതരിപ്പിച്ച ജഗ്ജീവൻ റാമും കാറ്റിന്റെ ഗതിമാറ്റമനുസരിച്ച്​ പ്രതിപക്ഷത്തിന്റെ കൂടെ ചേർന്നു.

ജയിൽവാസം കഴിഞ്ഞ്​ അന്താരാഷ്ട്ര പ്രസിദ്ധിയോടെ ആദ്യ ജനതാ മന്ത്രിസഭയിൽ ഫെർണാണ്ടസിന് വ്യവസായ വകുപ്പിന്റെ ചുമതല നൽകപ്പെട്ടു. മൊറാർജിക്ക് ഏറ്റവും വിശ്വസ്തനായ മന്ത്രിയായിരുന്നു ഫെർണാണ്ടസ്. മന്ത്രി എന്ന നിലയിൽ ഫെർണാണ്ടസിനെ ഇപ്പോഴും ഓർക്കുന്ന ഒരു നടപടി, കൊക്കോകോള കമ്പനിയെ ഇന്ത്യയിൽനിന്ന് തുരത്തി എന്നതാണ്. കോളയുടെ രസക്കൂട്ട് ​വെളിപ്പെടുത്തിയില്ല എന്ന കാരണമാണ് പുറത്താക്കാൻ കാരണമായത്. വാസ്തവത്തിൽ ഫെർണാണ്ടസ് ബഹുരാഷ്ട്ര കുത്തക വിരുദ്ധനൊന്നുമായിരുന്നില്ല. എന്തായാലും, ജോർജിന്റെ ഈ തീരുമാനം അന്താരാഷ്ട്ര ബിസിനിസ് മേഖലയിൽ ജനതാ സർക്കാരിനെക്കുറിച്ചുള്ള പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു. മൊറാർജി പൂർണമായും സോഷ്യലിസ്റ്റ് പക്ഷപാതിയായിരുന്നില്ല. അന്താരാഷ്ട്ര മുതലാളിത്തം ജോർജിന്റെ പ്രവർത്തനത്തെ സംശയത്തോടെയാണ് കണ്ടത്. അവരുടെ വിശ്വസമാർജിക്കാൻ പല നടപടികളും ജോർജിനുതന്നെ സ്വീകരിക്കേണ്ടിവന്നു.

ജനതാപാർട്ടി മെമ്പർമാരുടെ ആർ. എസ്. എസ്​ അംഗത്വത്തെ ജോർജ് ആദ്യം എതിർത്തിരുന്നു. ഈ പ്രശ്‌നം മൊറാർജി സർക്കാരിന്റെ പഠനത്തിലേക്ക് നയിച്ചു. സർക്കാർ വീണശേഷം ഫെർണാണ്ടസ്​, ജനത സെക്യുലർ പാർട്ടിയിലായി. സോഷ്യലിസ്റ്റ് പാർട്ടിയുടെ കോൺഗ്രസ്​ വിരുദ്ധത തൽക്കാലത്തേക്ക്​ഉപേക്ഷിക്കേണ്ടിവന്നു. ഇത് ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിന് കളമൊരുക്കുകയും ചെയ്തു.

പിന്നീടുള്ള ഫെർണാണ്ടസ്, അധികാരരാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിത്വമാണ്. രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത്​ ജനതാദൾ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചു. ബൊഫോഴ്സ് അഴിമതി ആരോപണം ഉന്നയിക്കുന്നതിലും രാജീവ് ഗാന്ധിയെ തേജോവധം ചെയ്യുന്നതിലും പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തിൽ മുഖ്യപങ്കു വഹിച്ചു. രാജീവ് സർക്കാറിന്റെ കാലാവധിക്കുശേഷം അധികാരത്തിൽ വന്ന വി.പി. സിങ് മന്ത്രിസഭയിൽ റെയിൽവെ വകുപ്പ് മന്ത്രിയായി. ബീഹാർ കേന്ദ്രീകരിച്ച രാഷ്ട്രീയത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. ലാലു പ്രസാദ് യാദവുമായി വ്യക്തിപരമായി അകൽച്ചയിലായിരുന്നു. സമതാപാർട്ടി രൂപീകരിച്ച്​ നിതീഷ് കുമാറിനെയും ശരദ് യാദവിനെയും ചേർത്ത്​ നീക്കം നടത്തി. പക്ഷെ ലാലുവിനെ തകർക്കുക അക്കാലയളവിൽ എളുപ്പമായിരുന്നില്ല. അടൽ ബിഹാരി വാജ്പേയിയുടെ ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. വിശ്വാസവോട്ട്​ അഭ്യർത്ഥിച്ചുള്ള പ്രസംഗത്തോടെ വാജ്പേയിയുടെ ഏറ്റവും അടുപ്പക്കാരനായി. തുടർന്നുവന്ന വാജ്പേയ് മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മന്ത്രിയായി.

ജോർജ് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയത്തിന് വിധേയപ്പെട്ടു, കോൺഗ്രസ്​ വിരുദ്ധത മാത്രം അദ്ദേഹത്തിൽ അവശേഷിച്ചു, എല്ലാ ആദർശദീക്ഷയും ഉപേക്ഷിച്ചു.

പൊഖ്റാൻ ആണവസ്‌ഫോടനത്തിന്റെ രഹസ്യമറിയാവുന്ന മൂന്നോ നാലോ പേരിൽ ഒരാൾ ഫെർണാണ്ടസായിരുന്നു. അഴിമതി ആരോപണം നേരിട്ടപ്പോൾ മന്ത്രിസഭയിൽനിന്ന് ആദ്യം രാജി നൽകി, പിന്നെ തിരിച്ചുവന്നു. അതിനുശേഷം ശവപ്പെട്ടി കുംഭകോണമുണ്ടായി. ഈ ആരോപണം ജോർജിന്റെ പ്രതിച്ഛായയെ എന്നെന്നേക്കുമായി തകർത്തു. ഗുജറാത്തിൽ നടന്ന മുസ്​ലിം വിരുദ്ധ കലാപത്തെ ജോർജ് സാമാന്യവത്കരണത്തിന്റെ (banal) യുക്തി ഉപയോഗിച്ചാണ് വിശദീകരിച്ചത്. ഇന്ത്യയിൽ വർഗീയ കലാപങ്ങൾ മുമ്പുണ്ടായിട്ടുണ്ടെന്നും അതിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്തിൽ നടന്നത് അത്തരത്തിലൊരു സംഭവം മാത്രമാണെന്നമാണ് ജോർജ് പറഞ്ഞത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച്​, കോൺഗ്രസാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളി എന്നായിരുന്നു ജോർജിന്റെ അനുമാനം. ന്യായീകരിക്കുന്നതായിരുന്നു ഇതിലും ഭേദം എന്നുതോന്നിപ്പിക്കും വിധമായിരുന്നു ഈ സാമാന്യവൽക്കരണം. ജോർജ് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയത്തിന് വിധേയപ്പെട്ടു, കോൺഗ്രസ്​ വിരുദ്ധത മാത്രം അദ്ദേഹത്തിൽ അവശേഷിച്ചു, എല്ലാ ആദർശദീക്ഷയും ഉപേക്ഷിച്ചു.

ഇത് ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഭ്യന്തര പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യവുമാണ്. കോൺഗ്രസ് വിരോധ രാഷ്ട്രീയം ചരിത്രപരമായി തന്നെ അപ്രസക്തമായി എങ്കിലും സോഷ്യലിസ്റ്റുകൾ ഇതിൽത്തന്നെ തൂങ്ങിനിൽക്കുന്നത് ആദർശത്തിന്റെ വിളി കൊണ്ടല്ല, അധികാരക്കൊതിയുടെ അസ്‌ക്യത കൊണ്ടാണ്.

ദാരുണപതനത്തിന്റെ തുടർച്ചയിലാണ് അദ്ദേഹത്തിന്​ അൾഷൈമേഴ്സ്​ രോഗം ബാധിച്ചത്. ആയുധ കച്ചവടവുമായി ബന്ധപ്പെട്ട്​ ‘തെഹൽക്ക' വാരിക നടത്തിയ സ്റ്റിങ് ഓപ്പറേഷനിലും തുടർന്നുള്ള വിവാദത്തിലും ജോർജ് പതറി. വാസ്തവത്തിൽ ബൊഫോഴ്സ് ആരോപണമുന്നയിച്ച്​ രാജീവ് ഗാന്ധിയെ അപകീർത്തിപ്പെടുത്തിയതിന്റെ കടുത്ത വിരോധം സോണിയാ ഗാന്ധിക്കുണ്ടായിരുന്നു. അതിന്റെ കണക്കാണ്​ അന്ന് തീർക്കപ്പെട്ടത്. നിതീഷ് കുമാറും ജയ ജൈറ്റ്‌ലിയുമാണ് ജോർജിനൊപ്പമുണ്ടായിരുന്ന രണ്ടുപേർ. അധികാര മത്സരത്തിൽ രണ്ടുപേരും ഫെർണാണ്ടസിനെ ഉപയോഗപ്പെടുത്തി. ഫെർണാണ്ടസ് ഇവർക്ക് കീഴ്‌പ്പെടാനും തയ്യാറായിരുന്നു. അല്ലെങ്കിൽ തന്നെ, മേധാവിത്തം പുലർത്തുന്ന വ്യക്തിത്വങ്ങളോട് വിധേയപ്പെടുന്ന ഒരു മാനസികതലം ജോർജ് ഫെർണാണ്ടസിനുണ്ടായിരുന്നതായി രാഹുൽ രാമഗുണ്ടം സൂചിപ്പിക്കുന്നുണ്ട്.

ജയ ജെയ്​റ്റ്​ലിയും സ്​നേഹലത റെഡ്​ഢിയും

ജോർജിന്റെ അവസാന കാലങ്ങളിൽ കുടുംബക്കാർ തമ്മിലുണ്ടായ കശപിശ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. കുറെ കാലങ്ങളായി അകൽച്ചയിൽ കഴിഞ്ഞിരുന്ന ജോർജിന്റെ ഭാര്യ ലൈല ഫെർണാണ്ടസ് മടങ്ങി വന്നു. ജോർജിനെ ജയ ജെയ്​റ്റ്​ലിയിൽനിന്ന് മോചിപ്പിക്കണം എന്നാണ്​ അവർ പറഞ്ഞത്. ജോർജിന്റെ ഒസ്യത്താവകാശം ഒരു പ്രധാന സംഗതിയായിരുന്നു. ജോർജിന്റെ നാല് സഹോദരരന്മാരും രംഗത്തുണ്ടായിരുന്നു. 2010 ആകുമ്പോഴേക്കും ഓർമക്ഷയം ആ മനുഷ്യനെ പൂർണമായും മറ്റുള്ളവരുടെ ആശ്രിതനാക്കി. ലൈല ഏറ്റെടുക്കുന്നതുവരെ ദീർഘകാലം ജോർജിന്റെ കൂട്ടുകാരിയും മാനേജരും വിശ്വസ്തയുമായി കൂടെയുണ്ടായിരുന്നത് ജയ ജെയ്റ്റ്​ലിയായിരുന്നു. മലയാളിയായ ജയ ജെയ്​റ്റ്​ലിയുടെ ഭർത്താവ് അശോക്​ ജെയ്​റ്റ്​ലി ഐ. എ. എസ് ഉദ്യോഗസ്ഥനായിരുന്നു, ആദ്യതവണ മന്ത്രിയായിരുന്നപ്പോൾ ജോർജിന്റെ സെക്രട്ടറിയായിരുന്നു. അങ്ങനെയാണ് ജയ ജെയ്​റ്റ്​ലി ജോർജിനെ പരിചയപ്പെടുന്നതും അവർ തമ്മിൽ അടുക്കുന്നതും. ജയ ജെയ്റ്റ്‌ലിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ജയ ജൈറ്റ്‌ലിയുടെ വാക്കുകളിൽ, ലൈല ഫെർണാണ്ടസ് വീടുവിട്ടശേഷം കുടുംബകാര്യങ്ങൾ മുഴുവനായും ഇവർ ഏറ്റെടുക്കുകയായിരുന്നു. ഫെർണാണ്ടസും ജയ ജെയ്​റ്റ്​ലിയും തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം അവ്യക്തമായാണ് പുസ്​തകത്തിൽ വിശദീകരിക്കുന്നത്​. ജയ ജൈറ്റ്‌ലിയെ സംബന്ധിച്ച്​ രാഷ്ട്രീയമായ നേട്ടങ്ങളും ഈ ബന്ധം നേടിക്കൊടുത്തു. അവസാനഘട്ടത്തിൽ ജോർജ് നിർദേശിച്ചിട്ടും ജയ ജെയ്​റ്റ്​ലിക്ക്​ നിതീഷ് കുമാർ രാജ്യസഭാസീറ്റ് നിഷേധിച്ചത് സമതാപാർട്ടിയിൽ പ്രശ്‌നത്തിന് കാരണമായി.

ജോർജ് ഫെർണാണ്ടസ് ജയ ജയ്റ്റ്ലിയോടൊപ്പം / Photo : wikibio.in

കന്നഡ അഭിനേത്രി സ്‌നേഹലത റെഡ്ഡിയുമായും ഔപചാരികതകപ്പുറമുള്ള വ്യക്തിബന്ധമുണ്ടായിരുന്നു ജോർജ് ഫെർണാണ്ടസിന്. സ്‌നേഹലത റെഡ്ഡി കുടുംബകാര്യങ്ങളിൽ ജോർജിന്റെ അഭിപ്രായം തേടിയിരുന്നു. ജോർജിന് ഏറെ അടുപ്പുമുണ്ടായിരുന്ന മറ്റൊരു വ്യക്തിയായിരുന്നു, ബ്ലിറ്റ്സിലെ പത്രപ്രവർത്തകയായിരുന്ന ഗ്ലോറിയ അറോറ. വിവാഹമോചനം നേടിയ ഗ്ലോറിയ അറോറ, ഫെർണാണ്ടസ് ആദ്യം പാർലിമെൻറംഗമായിരുന്നപ്പോൾ നോർത്ത് അവന്യൂവിൽ ഒരുമിച്ചു താമസിച്ചിരുന്നു. അടിയന്തരാവസ്ഥാകാലത്ത്​ ജോർജിന് ഏറെ സഹായങ്ങൾ ചെയ്​ത ഗിരിജ ഹുയിൽഗോലുമായും വ്യക്തിപരമായ അടുപ്പം അദ്ദേഹം നിലനിർത്തിയിരുന്നു. പിന്നീട് ജോർജ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഇവരിൽ നിന്നാണ് വിവരം ചോർന്നത് എന്നാരോപണമുയർന്നിരുന്നു. പിന്നീട് അവർ തമ്മിലുള്ള അടുപ്പം ഒരിക്കലും സാധാരണപോലെയായില്ല. ജോർജിനെ ട്രേഡ് യൂണിയൻ സഹപ്രവർത്തകനാണ് ഒറ്റിക്കൊടുത്തത്. കുടുംബപ്രാരാബ്ധങ്ങളാണ് അയാളെ ഒറ്റാൻ പ്രേരിപ്പിച്ചത്. സൗഹൃദബന്ധങ്ങളിൽ ഏറ്റവുമടുപ്പം മധു ലിമായെയുമായിട്ടായിരുന്നു. ചിത്പാവൻ ബ്രാഹ്മ​ണനായ മധു ലിമായേക്ക് ഒരു ഘട്ടം വരെയെങ്കിലും ജോർജിന്റെ രാഷ്ട്രീയതീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞു. അടിയന്തരാവസ്ഥാനാന്തര കാലഘട്ടത്തോടെ അവർ തമ്മിലും അകന്നു. ജോർജ് ഒരു ഏകാന്തജീവിയായിരുന്നു. രാഷ്ട്രീയാഭിലാഷങ്ങൾ വ്യക്തിബന്ധങ്ങളേക്കാൾ പ്രധാനമായി തീരുന്നുവെന്നത് രാഷ്ട്രീയക്കാരുടെ ജീവിതത്തിലെ സ്വാഭാവിക കാര്യമാണ്.

സോഷ്യലിസ്റ്റും കത്തോലിക്കാരനുമായ ആദ്യ പ്രധാനമന്ത്രിയാകാനുള്ള രാഷ്ട്രീയ കൈമുതൽ ജോർജ് ഫെർണാണ്ടസിനുണ്ടായിരുന്നു, ചന്ദ്രശേഖറെയും ഐ. കെ. ഗുജ്‌റാളിനെയും പോലെ.

സോഷ്യലിസ്റ്റിന്റെ കോർപറേറ്റിസ്റ്റ് ഈഗോ

സ്വയം സന്നദ്ധത ജോർജിന് ക്രൈസ്തവ ദൈവശാസ്ത്ര ശിക്ഷണത്തിൽ നിന്ന് ലഭിച്ചതാണ്. ജോർജ് പക്ഷെ ദൈവവിശ്വാസിയായിരുന്നില്ല. മന്ത്രിയായായിരിക്കെ പോപ്പിനെ കണ്ട്​ കൈമുത്തിയിട്ടുണ്ട്. എ.കെ. ആന്റണിക്കുമുമ്പ് കേന്ദ്ര മന്ത്രിസഭയിൽ ഏറ്റവും ഉന്നത സ്ഥാനം വഹിച്ച കത്തോലിക്ക ക്രൈസ്തവൻ, സോഷ്യലിസ്റ്റായ ഫെർണാണ്ടസായിരിക്കും. മരണാനന്തരം ജോർജിന്റെ ശരീരം ചിതയിൽ ദഹിപ്പിക്കുകയാണ് ചെയ്തത്. സോഷ്യലിസ്റ്റും കത്തോലിക്കാരനുമായ ആദ്യ പ്രധാനമന്ത്രിയാകാനുള്ള രാഷ്ട്രീയകൈമുതൽ ജോർജ് ഫെർണാണ്ടസിനുണ്ടായിരുന്നു, ചന്ദ്രശേഖറെയും ഐ. കെ. ഗുജ്‌റാളിനെയും പോലെ. പക്ഷെ അപ്പോഴേക്കും ജോർജ് സോഷ്യലിസ്റ്റുകളിൽ നിന്നുതന്നെ ഒറ്റപ്പെട്ടിരുന്നു. സോഷ്യലിസ്റ്റുകളും രാഷ്ട്രീയചരിത്രത്തിൽ നിന്ന് പുറത്തുപോയി.

സ്നേഹലത റെഡ്​ഡിക്കും കുട്ടികൾക്കുമൊപ്പം ജോർജ് ഫെർണാണ്ടസ്​ / Photo : concernedforworkingchildren.org

കോൺഗ്രസിനൊപ്പം അതിശക്തമായ ഒരു ധാരയായിരുന്നു സോഷ്യലിസ്റ്റ് പ്രസ്ഥാനം. കർണാടകത്തിലും മഹാരാഷ്ട്രയിലും ബിഹാറിലും ഉത്തരപ്രദേശിലും അവർക്ക്​ ആഴത്തിൽ വേരുണ്ടായിരുന്നു. കേരളത്തിലും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്​ അത്യാവശ്യം സ്വാധീനമുണ്ടായിരുന്നു. എങ്കിലും സോഷ്യലിസ്റ്റ് ധാര എന്തുകൊണ്ട് വംശമറ്റുപോയി?. ലോഹ്യയുടെയും ജെ.പിയുടെയും ചിന്താധാരയോട് അനുഭാവം പുലർത്തുന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ വലതുപക്ഷം വിഴുങ്ങുകയായിരുന്നു. മണ്ഡൽ കമീഷൻ നടപ്പാക്കാനുള്ള തീരുമാനത്തിനുശേഷം സോഷ്യലിസ്റ്റുകൾ സാമൂഹികനീതിയുടെ രാഷ്ട്രീയവുമായി രംഗപ്രവേശം ചെയ്തതാണ്. ഒടുക്കം, കേവലം ജാതിരാഷ്ട്രീയവും കുടുംബാധിപത്യവുമായി സോഷ്യലിസ്റ്റ് രാഷ്ട്രീയം ക്ലിപ്തപ്പെട്ടു. ഇതുകൂടാതെ സോഷ്യലിസ്റ്റ് എന്ന പേരിൽ രാഷ്ട്രീയ ചെപ്പടിവിദ്യ കാണിച്ചു നടക്കുന്നവർ ലയിച്ചും പിരിഞ്ഞും ‘ചക്ഷശ്രവണ ഗളസ്ഥമാം ദുർദുരം ഭക്ഷണത്തിനപേക്ഷിക്കുന്നപോലെ’ അധികാരത്തിനായി കൊതിച്ചിരിക്കുന്നുമുണ്ട്.

ഗ്രഹാം സ്റ്റെയ്ൻസ് കുടുംബത്തോടൊപ്പം / Photo : cjp.org.in

സോഷ്യലിസ്റ്റുകൾ എന്നും എതിർത്തിരുന്ന ആണവായുധങ്ങൾക്കെതിരെയുള്ള നിലപാടുകളെ കാറ്റിൽപ്പറത്തിയാണ് ജോർജ് ഫെർണാണ്ടസ് പൊഖ്റാൻ അണുസ്‌ഫോടന പരീക്ഷണത്തെ ന്യായീകരിച്ചത്. ഗ്രഹാം സ്റ്റെയ്ൻസിന്റെയും കുട്ടികളുടെയും കൊലപാതകത്തിൽ പ്രധാനമന്ത്രി വാജ്​പേയി ദുഃഖം രേഖപ്പെടുത്തുകയും ലോകത്തിനുമുമ്പിൽ രാഷ്ട്രത്തിന്​ അപമാനഭാരത്താൽ മുഖം കുനിക്കേണ്ടിവന്നു എന്നും പറഞ്ഞപ്പോൾ ജോർജ് ഫെർണാണ്ടസ് ഹിന്ദു തീവ്രവാദികളുടെ ക്രിമിനൽ കൃത്യത്തെ വെള്ളയടിക്കാനാണ് ശ്രമിച്ചത്. ഗുജറാത്ത് മുസ്​ലിം വിരുദ്ധ കലാപത്തെ വർഗീയ കലാപമായി സാമാന്യവൽക്കരിക്കുന്ന യുക്തിയിലൂടെയാണ് വിശദീകരിച്ചത്. അധികാരത്തോട്​ എങ്ങനെയും സന്ധിചെയ്ത്​കാര്യങ്ങൾ നേടിയെടുക്കുക എന്നതിലേക്ക് സോഷ്യലിസ്റ്റ് രാഷ്ട്രീയം പരിതാപകരമായ ചുരുങ്ങി.

സമത്വവാദികളായി സ്വയം പ്രതിഷ്ഠിച്ചുവെങ്കിലും തികച്ചും വ്യക്തിവാദികളും സ്വാർത്ഥമതികളും അവസരവാദികളുമായിത്തീർന്നു സോഷ്യലിസ്റ്റ് രാഷ്ട്രീയ നേതൃത്വം. രാഷ്ട്രീയത്തിൽ ഇതൊന്നും ധാർമികച്യുതിയായി ഇന്ന് കാണുന്നുമില്ല. ഒരുപക്ഷെ, കർപ്പൂരി താക്കൂറായിരിക്കും അവസാനത്തെ യഥാർത്ഥ സോഷ്യലിസ്റ്റ് ഭരണാധികാരി. വേഷത്തിലും പെരുമാറ്റത്തിലും ചിലപ്പോൾ ലാളിത്യം പുലർത്തിയിരുന്നെങ്കിലും അപാരമായ സെൽഫിസം (കോർപറേറ്റിസ്റ്റ് ഈഗോ) സോഷ്യലിസ്റ്റ് നേതാക്കളെ അടക്കി ഭരിച്ചു. സംഘടനയുടെ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങാൻ അവർക്ക് പറ്റാതെ പോയത് വ്യക്തിപരമായ ആഗ്രഹങ്ങളും ഇച്ഛകളും താൻപോരിമയും അവർക്ക് മറ്റെന്തിനേക്കാളും പ്രധാനമായതുകൊണ്ടാണ്.

ബോംബെയുടെ തെരുവകളിൽ നിന്ന് തൊഴിലാളികളെ സംഘടിപ്പിച്ച്​ ഡൽഹിയിൽ അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ വിരാജിതനായ ജോർജ് പ്രത്യയശാസ്ത്രപരമായ വിശ്വാസവും പ്രതിബദ്ധതയും കാത്തുസൂക്ഷിക്കാൻ ഒരളവുവരെ ശ്രമിച്ചിരുന്നു

രാഹുൽ രാമഗുണ്ടം സൂചിപ്പിക്കുന്നതുപോലെ പ്രായമാകുന്നതിനും മുമ്പേ ജോർജ് ഫെർണാണ്ടസ് രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെയായി. ഇന്ത്യയുടെ ആദ്യ കത്തോലിക്കാ പ്രധാനമന്ത്രിയാകേണ്ടതായിരുന്നു ജോർജ് ഫെർണാണ്ടസ്. അതാകാനുള്ള ആഗ്രഹമുണ്ടായിരുന്നു ശേഷിയുമുണ്ടായിരുന്നു. പക്ഷെ അധികാര കളികളിൽ വ്യക്തിപ്രധാന രാഷ്ട്രീയവും അതിനായുള്ള ഒത്തുതീർപ്പുകളും ജോർജ് ഫെര്ണാണ്ടസിനു വിനയാവുകയായിരുന്നു. ജീവചരിത്രകാരനായ രാഹുൽ രാമഗുണ്ടം ജോർജ് ഫെർണാണ്ടസിന്റെ ലെഗസിയെക്കുറിച്ചു ഏറെ അനുതാപത്തോടെയാണ് വിലയിരുത്തുന്നത്. ബോംബെയുടെ തെരുവകളിൽ നിന്ന് തൊഴിലാളികളെ സംഘടിപ്പിച്ച്​ ഡൽഹിയിൽ അധികാരത്തിന്റെ ഉന്നത ശ്രേണിയിൽ വിരാജിതനായ ജോർജ് പ്രത്യയശാസ്ത്രപരമായ വിശ്വാസവും പ്രതിബദ്ധതയും കാത്തുസൂക്ഷിക്കാൻ ഒരളവുവരെ ശ്രമിച്ചിരുന്നു. പക്ഷെ വൈരുധ്യഭരിതമായ ആ ജീവിതം ജീവചരിത്രകാരന്റെ അനുതാപ നീരീക്ഷണത്തെയല്ല സാക്ഷ്യപ്പെടുത്തുന്നത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments