പ്രത്യയശാസ്ത്രമിഥ്യയുടെ ഭാഷായാഥാർത്ഥ്യം എന്ന നിലയ്ക്കാണ് പലപ്പോഴും നോവലെഴുത്തകൾ പരിണമിക്കാറുള്ളതെങ്കിൽ എൻ. പ്രഭാകരന്റെ പുതിയ നോവൽ ‘മായാമനുഷ്യർ' യാഥാർത്ഥ്യത്തെ ഭാവനാ രാഷ്ട്രീയം കൊണ്ട് കീഴ്‌മേൽ മറിക്കുന്ന ഒരു പ്രത്യയശാസ്ത്ര,ഭാഷാവൃത്തിയായാണ് പ്രവർത്തിക്കുന്നത്.
കാൽനൂറ്റാണ്ട് കാലത്തെ മലയാളി ജീവിതത്തിന്റെ പ്രതിഫലനമെന്നനിലക്കല്ല, കാൽനൂറ്റാണ്ട് കാലത്തെ മലയാളി ജീവിതത്തിന്റെ പരിണിതിയിൽ അനുഭൂതിപരമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ആനുഭൈവികമായ രാഷ്ടീയ ജീവിതരംഗം എന്ന നിലക്കാണ് ‘മായാമനുഷ്യർ' നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കല എന്നത് സാഹിത്യവും യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതും മാത്രമല്ല, അത് സാമൂഹിക വികാസത്തിന്റെ നായക / നായികയാണെന്നും അതിന് സമൂഹനിർമാണത്തിൽ മുന്നണിപ്പോരാളിയുടെ ധർമമുണ്ടെന്നും ഫ്രാൻസിൽ സെന്റ് സിമോൺ ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളോടെ സന്നിഹിതമായ രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവും വൈയക്തികവുമായ ഒരു ജീവിതാവസ്ഥയും യഥാതഥചിത്രമായി നോവലിൽ കടന്നുവരുന്നു. സത്യത്തിന്റെ ഒരു കുറി ഈ കഥയിലും എൻ. പ്രഭാകരൻ എത്തിക്കുന്നുണ്ട്. ഏതെങ്കിലും ഉത്തരങ്ങളിൽ നമ്മെ ബന്ധിക്കാനല്ല, ഏതെങ്കിലും ഒരു ആദർശാത്മക കഥാപാത്രത്തെ ആവിഷ്‌കരിക്കാനുമല്ല നോവലിസ്റ്റ് ശ്രമിക്കുന്നത്.
കുഴഞ്ഞുമറിഞ്ഞ ഒരു രാഷ്ട്രീയ ജീവിതാവസ്ഥയിലെ കുഴഞ്ഞുമറിഞ്ഞ മനുഷ്യസമൂഹത്തിന്റെ വിമർശനാത്മകമായ ഒരു കഥയായി പ്രവർത്തിക്കുക മാത്രമാണ് 'മായാമനുഷ്യർ'. കാൽ നൂറ്റാണ്ടിലേറെക്കാലമായി മലയാളികൾ അകപ്പെട്ട രാഷ്ട്രീയ സമൂഹത്തിന്റെ പരിണിതികൾ മുഴുവനും നോവലിന്റെ ഭാഗഭാക്കായിത്തീരുന്നുണ്ട്.
ചെറുകിടകളെ വിഴുങ്ങുന്ന വൻകിടകൾ, സത്യസന്ധതയില്ലാത്ത സൈദ്ധാന്തിക പാണ്ഡിത്യ പ്രകടനങ്ങൾ, അലങ്കാരമായിത്തീരുന്ന ഔപചാരിക സാംസ്‌കാരിക പ്രവർത്തനങ്ങൾ, അനുഷ്ഠാനപരമായിത്തീരുന്ന മുഖ്യധാരാ രാഷ്ടീയ പ്രവർത്തനങ്ങൾ, ശരിയായ നിലപാടുകളിലുറച്ചു നിൽക്കാൻ കഴിയാത്ത ബദൽ അന്വേഷണങ്ങൾ, വ്യക്തിപരതക്കും സാമൂഹികതക്കും ഇടയിൽ ആന്തോളനം ചെയ്യുന്ന മനുഷ്യാവസ്ഥകൾ, വ്യാജമായ ആദ്ധ്യാത്മിക നാട്യങ്ങൾ, ഇടതു വിമർശനം എന്ന ലേബലൊട്ടിച്ചെത്തുന്ന വലതു പിന്തിരിപ്പൻ സമീപനങ്ങൾ, ശുദ്ധ കലാവാദത്തിന്റെ വ്യാജമുഖങ്ങൾ, അരാജകത്വവും വിപ്ലവ കാമുകത്വവും കൂടിക്കലരുന്ന അശ്ലീലതകൾ, ഉദാരത നിർമ്മിച്ച അരാഷ്ട്രീയതയുടെ ആഘോഷങ്ങൾ, ആത്മാനുരാഗം മാത്രമായിത്തീരുന്ന എഴുത്തു വിഭ്രമങ്ങൾ, വലതുപക്ഷം എന്ന് മുദ്രയടിക്കുമ്പോഴും സാഹിത്യലോകത്ത് നടക്കുന്ന ഗൗരവമേറിയ അന്വേഷണങ്ങൾ, ആളുകളെ വളരെ പെട്ടന്ന് ബ്രാന്റ് ചെയ്യുന്ന സംഘടനാപരമായ ക്ഷുദ്രതകൾ, അധികാരത്തിന്റെ ഭാഗമായി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ കാമനകൾ, വിധ്വംസകമായിത്തീരുന്ന വർഗീയ രാഷ്ട്രീയങ്ങൾ, അനുദിനം ശക്തിപ്പെടുന്ന ആൾക്കൂട്ട മനോഭാവങ്ങൾ, കൃത്യമായി ഉത്തരങ്ങളിലെത്താൻ കഴിയാത്ത മധ്യവർഗ നിലപാടുകൾ, സത്യസന്ധത വെറും ചിത്തഭ്രമം മാത്രമായിത്തീരുന്ന സമകാലിക ദുഃസ്ഥിതികൾ, പ്രാദേശിക ചരിത്ര നിർമ്മിതിയുടെ വർത്തമാന സന്ദർഭങ്ങൾ, അനുഷ്ഠാനമായിത്തീരുന്ന ആഹ്ലാദരഹിത ലൈംഗികാനുഭൂതികൾ എല്ലാം മങ്ങിയും തെളിഞ്ഞും നോവലിൽ ചിതറിക്കിടക്കുന്നു.
ഗമൻ എന്ന യുവാവ്
ഒരു സാമ്പത്തിക ക്രമീകരണത്തിനുശേഷമുള്ള രാഷ്ട്രീയ ജീവിതവും സാംസ്‌കാരികാവസ്ഥയുമാണ് ഈ കഥയ്ക്ക് പശ്ചാത്തലമാവുന്നത്. അതാവട്ടെ സാമ്പത്തിക വ്യവസ്ഥയുടെ പ്രതിഫലനങ്ങൾ മാത്രമാണ് രാഷ്ട്രീയവും സംസ്‌കാരവും എന്ന ലളിതമായ ഉത്തരത്തിൽ എത്തിച്ചേരുന്നതിനുമല്ല. ഇവ മൂന്നും എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നും അതിന്റെ വൈയക്തികവും സാമൂഹികവുമായ ശേഷിപ്പുകൾ എന്തൊക്കെയാണ് എന്നും കണ്ടെത്താനും അവതരിപ്പിക്കാനും കൂടിയാണ് കഥാകാരൻ ശ്രമിക്കുന്നത്.
ബോംബയിൽ ഉണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് കേരളത്തിൽ തിരിച്ചെത്തി നാട്ടിൽ ഒരു സ്റ്റേഷനറി കട തുടങ്ങി, എന്നാൽ തൊട്ടുസമീപം ഒരു ഷോപ്പിംഗ് മാൾ വന്നപ്പോൾ കട പൂട്ടേണ്ടിവന്ന് നിസ്സഹായനായിത്തീർന്ന ഒരാളുടെ മകനായ ഗമൻ എന്ന ചെറുപ്പക്കാരനാണ് ഇതിലെ പ്രധാന കഥാപാത്രം.
ഇടതുപക്ഷ ആഭിമുഖ്യമുള്ളവനെങ്കിലും മുഖ്യധാരാപാർട്ടികളിലൊന്നും അവന് അത്ര വിശ്വാസം പോരാ. അത് അവനെ പലതരം ആലോചനകളിലേയ്ക്കും കൂട്ടുകെട്ടുകളിലേക്കും കൂട്ടായ്മകളിലേയ്ക്കും എത്തിക്കുന്നു. എങ്കിലും അതിലൊന്നിലും തന്നെ ഉറച്ചു നിൽക്കാൻ അവന് കഴിയുന്നില്ല.
ഉപജീവനത്തിന് സ്മൃതിവിരുന്ന് എന്ന മാസികയുടെ സബ്ബ് എഡിറ്ററായി ജോലി നോക്കുകയാണ് അയാൾ. റിട്ടയർ ചെയ്ത അദ്ധ്യാപകർ നടത്തുന്ന ഒരു ശുദ്ധസാഹിത്യ മാസികയാണ് സ്മൃതിവിരുന്ന്.
രാഷ്ട്രീയവും സാംസ്‌കാരിക പ്രവർത്തനങ്ങളും ആത്മീയ വ്യവഹാരങ്ങളും എന്തിന് ഏറ്റവും സർഗാത്മകമെന്നു കരുതുന്ന എഴുത്തുപോലും എത്ര വന്ധ്യമാണെന്ന് ഇതിനിടയിലൂടെ അയാൾ തിരിച്ചറിയുന്നു. അവസാനം ഒന്നിലും നിലയുറച്ചു നിൽക്കാൻ കഴിയാതെ ഈ ലോകത്തു നിന്നു തന്നെ മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നു. അതും സാധിക്കാതെ വരുന്ന ഗമൻ മനസ്സിന്റെ ഏതോ ഒരു കോണിൽ ആർദ്രത വിതറിപ്പോയ കാമുകിയെത്തേടി നടക്കുന്നു. തീർത്തും ഏകാകിയായി തെരുവിൽ പന്തുന്ന നെഞ്ചുമായി ഒടുവിൽ അലയുക തന്നെയായിരുന്നു അയാൾ
സാമ്പത്തിക വ്യവസ്ഥയുടെ ഒരാധാരം നോവൽ ആരംഭത്തിൽ തന്നെ സൃഷ്ടിക്കുന്നുണ്ട്. അത് ഗമന്റെ അച്ഛൻ നടത്തിയ സ്റ്റേഷനറികടയുടെ സമീപത്തായി ഉയർന്നു വന്ന മാളിന്റെ രൂപത്തിലാണ്. ഒരു വിധം സാധനങ്ങളൊക്കെ മാളിൽ പോയി വാങ്ങുക എന്ന ശീലത്തിലേക്ക് ആളുകൾ വഴി മാറിയപ്പോൾ സ്റ്റേഷനറിക്കട പൂട്ടേണ്ടി വരുന്നു. ഇങ്ങനെ ചെറുകടകളെ വിഴുങ്ങുന്ന വൻകടകൾ രംഗത്തു വരുന്നത് നവസാമ്പത്തിക പരിഷ്‌കാരത്തിലൂടെയാണ്.
ഈയൊരു സൂചനയിലൂടെയാണ് ആഗോളവൽക്കരണ സാമ്പത്തിക ക്രമത്തെ നോവൽ ആദ്യം തന്നെ അടയാളപ്പെടുത്തുന്നത്. തുടർന്നുള്ള നോവൽ സന്ദർഭങ്ങൾ കേരളത്തിലെ രാഷ്ടീയ സമൂഹത്തിന്റെ വർത്തമാനങ്ങളാണ്.
ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് നൽകിയ നോവലിൽ പ്രവർത്തിക്കുന്ന ബഹുവിധങ്ങളായ പ്രമേയ സൂചനകളെ വിശകലന സൗകര്യത്തിനുവേണ്ടി നമുക്ക് പ്രധാനമായും നാലുമേഖലയാക്കി തിരിക്കാം 1. മലയാളിയുടെ മാറുന്ന ബുദ്ധിജീവിതം, 2. ഔപചാരിക രാഷ്ടീയവും അധികാരജീവിതവും, 3. സമരോത്സുക ആത്മീയതയിൽ നിന്ന് വ്യാജ ആനന്ദത്തിലേയ്ക്ക്, 4. ഉപരിപ്ലവതയിൽ മുങ്ങിത്താഴുന്ന സാഹിത്യ പ്രവർത്തനം. ഈ നാലു പ്രമേയത്തിലും കൂടി ചിതറിനിൽക്കുന്നതാണ് നോവലിലെ മുഴുവൻ പ്രമേയശരീരവും
മലയാളിയുടെ മാറുന്ന ബുദ്ധിജീവിതം
കേരളത്തിൽ പൗരസമൂഹത്തിന്റെ രൂപീകരണത്തോടെ ആവിർഭവിച്ച ബുദ്ധിജീവി വർഗം നവലിബറൽ സാമ്പത്തിക പരിഷ്‌കരണങ്ങളോടെ പുതിയൊരു അധികാരപ്രരൂപമായി പരിണമിക്കുന്നുണ്ട്. ബുദ്ധിജീവിതത്തിന്റെ ഈ പരിണാമം നോവൽ കൈകാര്യം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രമേയമേഖല തന്നെയാണ്.
കേരളത്തിൽ വളരെ ജനകീയവും കീഴാളവുമായി നടന്ന സമരങ്ങളിൽ നിന്ന്ഉരുവംകൊണ്ട മാനവ സങ്കൽപത്തിന്റെ ആധാരശിലയിൽ നിന്നുയർന്നുവന്ന ബുദ്ധിജീവിതം നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങളോടെ നിറഭേദം വരുന്ന പ്രത്യേക ബൗദ്ധികഗണമായി മാറുന്നു . നവോത്ഥാന പരിശ്രമങ്ങളിൽ ആവിർഭവിച്ച ഈ ജനകീയബുദ്ധിജീവിതം നവോദാരത (Neo liberalism) യുടെ രംഗപ്രവേശത്തോടെ ഭരണകൂട പരിഷ്‌കാരത്തിന്റെ ബുദ്ധികേന്ദ്രങ്ങളായി പരിണമിക്കുന്നു.
ജനകീയ സൃഷ്ടിയായ ബുദ്ധിജീവികൾക്കു പകരം ഭരണകൂട സൃഷ്ടിയായ ബുദ്ധിജീവികളെയാണ് നാം നോവലിൽ കണ്ടുമുട്ടുന്നത്. അടിയിൽ നിന്ന് മേലോട്ട് വളർന്ന് പന്തലിച്ച ധൈഷണികതയ്ക്കു പകരം മുകളിൽ നിന്ന് താഴേയ്ക്ക് ദമനം ചെയ്യുന്ന അധികാര ശക്തിയാണ് ഇവിടെ ബുദ്ധിജീവിതം പ്രവർത്തിക്കുന്നത്. രണ്ടു തരത്തിലാണ് ഈ ബുദ്ധിജീവിതം നോവലിൽ സന്നിഹിതമാവുന്നത്. പുറമേയ്ക്ക് ഭിന്നമെന്നു തോന്നിപ്പിക്കുമെങ്കിലും ഒരേ രാഷ്ടീയബലതന്ത്രത്തിന്റെ ഭിന്ന മുഖങ്ങൾ മാത്രമാണവ.
നാട്ടിലെ ഗ്രന്ഥശാലയിൽ പ്രഭാഷണത്തിനെത്തുന്ന പണ്ഡിതനാണ് നോവലിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ബുദ്ധിജീവി. ആഗോളവൽക്കരണവും തൊഴിലാളി വർഗവും എന്ന വിഷയത്തിൽ പ്രസംഗിക്കാനെത്തുന്ന പണ്ഡിതൻ കേരളത്തിൽ സജീവമായി കൊണ്ടിരിക്കുന്ന യാന്ത്രിക പാണ്ഡിത്യത്തിന്റെ സ്വരൂപമാണ്. നോവലിലെ പ്രധാന കഥാപാത്രമായ ഗമന്റെ ചോദ്യങ്ങൾക്കു മുമ്പിൽ പകച്ചു പോകുന്ന ഈ പണ്ഡിതൻ, ഉത്തരത്തിൽ നിന്ന് വഴുതിമാറുകയും ചോദ്യകർത്താവിന്റെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
‘സഖാവിന്റെ സംശയം സഖാവിന്റെ ഒരാളുടെ മാത്രം സംശയമല്ല പ്രത്യയശാസ്ത്രശൂന്യത കാരണം ഇങ്ങനെ തലതിരിഞ്ഞു പോയ പലരും നമ്മുടെ കൂട്ടത്തിലുണ്ട്. അത്തരക്കാരെ തുറന്നു കാട്ടുക എന്നതും ഈ ക്ലാസിന്റെ ഒരു ലക്ഷ്യം തന്നെയാണ് '; ഇങ്ങനെ അടിയിൽ നിന്ന് ഉയർന്നു വരുന്ന ചോദ്യങ്ങളെ മുകളിൽ നിന്ന് താഴേക്ക് അടിച്ചമർത്തുന്ന അധികാര ഘടനയായാണ് ബുദ്ധിജീവി ഇവിടെ പ്രവർത്തിക്കുന്നത്.
ഈ ഔപചാരികതയുടെയും അധികാരത്തിന്റെയും ഭാഗമായിത്തീർന്ന പാണ്ഡിത്യ പ്രഹർഷത്തിന്റെ മറുപുറം നമുക്ക് പത്തൊമ്പതാം അദ്ധ്യായത്തിൽ കാണാം. അവിടെ മൂലധനാഘോഷത്തിന്റെ പൊള്ളയായ വാചാടോപങ്ങളാണ് അരങ്ങു തകർക്കുന്നത്. ഒരു അന്തരാള ഘട്ടങ്ങളുടെയും അനിശ്ചിതത്ത്വങ്ങളുടെയും സന്ദിഗ്ധതകളുടെയുമെല്ലാം ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വയം വലുതാകാൻ ശ്രമിക്കുന്ന ഒരിടത്തരം ബുദ്ധിജീവി വർഗമാണിത്. അവർ പഴയ ബുദ്ധിജീവികളുടെ ഭാഗം അനുഭവിക്കുന്ന വെറും കോമാളികൾ മാത്രമാണ്. പത്തൊമ്പതാം അദ്ധ്യായത്തിൽ നടക്കുന്ന ചർച്ചകളും മറ്റു പരിപാടികളും ഈ കോമാളി വേഷങ്ങളുടെ കെട്ടുകാഴ്ചകൾ മാത്രം.
വളരെ ഗൗരവമെന്നു തോന്നിക്കുന്ന ചർച്ചകളാണ് എച്ച്.പി ബസാറിലെ സഹജ ഓഡിറ്റോറിയത്തിൽ നടക്കുന്നത്. കേരളം നേരിടുന്ന ധൈഷണിക ശൂന്യതയെ സംബന്ധിച്ച എല്ലാ പര്യാലോചനകളും ഇവിടെ നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. ജൈവ ബുദ്ധിജീവികളുടെ അഭാവം, പാർട്ടി ബുദ്ധിജീവികൾ സൈബർ പോരാളികളായിമാത്രം തരം താഴുന്നത്, ബൃഹദാഖ്യാനങ്ങളുടെ പ്രസക്തി പൂർണമായി തള്ളിക്കളയാൻ കഴിയാത്തത്, സൂക്ഷ്മ രാഷ്ട്രീയവും ജന്റർ രാഷ്ട്രീയവുമാണ് പ്രധാനപ്പെട്ടത് എന്ന വാദം... എല്ലാം പരസ്പരം ഏറ്റുമുട്ടുന്ന വേദിയായി എച്ച്.പി ബസാറിലെ ചർച്ചകൾ അവതരിപ്പിക്കപ്പെടുന്നു.
എന്നാൽ ചർച്ചകളുടെ ആകെ തുകയായി അവതരിപ്പിക്കപ്പെട്ടത് കർണാടകത്തിലെ ഒരു കോളേജിൽ ഫിലോസഫി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘാടകരിൽ പ്രധാനിയായ ഒരു ശിവരാജ് ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ: ‘എല്ലാറ്റിനെയും നാം ചോദ്യം ചെയ്യണം. എന്റ്‌ലസ് ക്വസ്റ്റനിംഗ് ദാറ്റ് ഷുഡ് ബി ദ റിഥം ഓഫ് ഔവർ തോട്ട് പ്രോസസ്സ് . നാം ഒരു തീർപ്പിലും എത്തിച്ചേരരുത്. എല്ലാ തീർപ്പുകളും ഫാസിസത്തിന്റെ അടയാളങ്ങൾ പേറുന്നവയാണ്. രാഷ്ട്രീയം, വിദ്യാഭ്യാസം, സാഹിത്യം, സിനിമ ഒന്നിലും ഒരു തീർപ്പും പാടില്ല. ഒരു നാടകം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം നാടകകൃതിയെ കുറിച്ച് ആലോചിക്കുകയാണ് നമ്മുടെ രീതി. ദാറ്റീസ് സിംപ്ലി ഫൂളിഷ്. നാടകം ഉണ്ടാവട്ടെ, ലെറ്റിറ്റ് ഹാപ്പന്റ് വിതൗട്ട് ദി സപ്പോർട്ട് ഓഫ് ടെക്സ്റ്റ്'; ഇങ്ങനെ സാമ്പത്തിക ഉദാരതയുടെ സാംസ്‌കാരിക യുക്തിയിലാണ് ചർച്ചകൾ പൂർണമായും അവസാനിച്ചത്.
വിദ്യാഭ്യാസ രംഗത്ത് ആധിപത്യം നേടിയ വ്യാജയുക്തികൾ പത്താം അദ്ധ്യായത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ക്ലാസ്സ് മുറിയിൽ മാനകഭാഷ ഒഴിവാക്കേണ്ടതിനെക്കുറിച്ച്, കലയും സാഹിത്യവും പ്രയോജനതൽപരതയ്ക്ക് വഴി മാറേണ്ടതിനെ പറ്റി, ടെക്‌നോക്രസി നിർമ്മിക്കുന്ന ഉപരിപ്ലവമായ വിപ്ലവത്തെ കുറിച്ചെല്ലാം ഈ അധ്യായം ചർച്ച ചെയ്യുന്നു. അങ്ങനെ നവോത്ഥാനം രൂപപ്പെടുത്തിയ ധൈഷണികത നവോദാരതയിൽ കേരളീയ ജീവിതത്തിൽ എങ്ങനെ ഇടപെട്ടുകൊണ്ടിരിക്കുന്ന എന്നതിന്റെ മാതൃകകൾ നോവലിൽ നമുക്കു കാണാൻ കഴിയുന്നു.
ഔപചാരിക രാഷ്ട്രീയവും അധികാരജീവിതവും
പ്രതിബദ്ധതയിൽ നിന്ന് പ്രതിലോമതയിലേക്ക് ചുവടുമാറിയ ഒരു രാഷ്ട്രീയം ഈ നോവലിൽ സജീവമാണ്. വർത്തമാന രാഷ്ട്രീയത്തിന്റെ മൂല്യരാഹിത്യത്തിനു പകരം സൗവർണ ഭൂതകാലത്തിന്റെ ഗൃഹാതുരമായ കാല്പനിക രാഷ്ട്രീയം സ്ഥാപിച്ചെടുക്കാനുള്ള യാഥാസ്ഥിതികത്വമല്ല നോവൽ പുലർത്തുന്നത്, മൂല്യ രഹിതമായ രാഷ്ട്രീയം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണിക്കാനാണ്.
നോവലിന്റെ ഭാവതലത്തെ സ്വരൂപിക്കുന്നതിൽ ഈ രാഷ്ടീയ വ്യവഹാരത്തിന് വലിയ പങ്കുണ്ട്. അത് ഇടത് വലത് ബദൽ അന്വേഷണങ്ങളിലെല്ലാം വ്യാപിച്ചു നിൽക്കുന്ന ഒരു പ്രതിഭാസമാണ്.
എങ്കിലും ഇടതു രാഷ്ടീയത്തിന്റെ മൂല്യത്തകർച്ചയാണ് നോവൽ ഭാവത്തിന്റെ കേന്ദ്രപ്രശ്‌നമായി പൊന്തിനിൽക്കുന്നത് ‘കീഴാളമായ ജനാധികാരത്തിന്റെ’ സംഘടിത രൂപമായി ആവിർഭവിച്ച കമ്യൂണിസ്റ്റു പാർട്ടികൾ മുതലാളിത്ത വ്യവസ്ഥയിൽ തുടർച്ചയായി ഭരണത്തിൽ വരുന്നതിന്റെ ഭാഗമായി ഭരണവർഗ യുക്തിയിൽ സംസാരിക്കുകയും പലപ്പോഴും മർദ്ദനോപകരണമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരായതുകൊണ്ട് ജനങ്ങൾക്ക് ചോദ്യം ചെയ്യാനുള്ള അവകാശവും നഷ്ടമാവുന്നു.
അങ്ങനെ ചരിത്രത്തിൽ ഏറ്റവും സ്വേച്ഛാപരമായി പ്രവർത്തിക്കുന്ന ഭരണവർഗ പാർട്ടികളായി കമ്യൂണിസ്റ്റു പാർട്ടികൾ പരിണമിക്കുന്നു. ഈ പുത്തൻ വർഗത്തിന്റെ കേരളീയ അനുഭവങ്ങളാണ് നോവലിന്റെ ഭാവ ഘടനയെ ആഴത്തിൽ സ്വാധീനിക്കുന്ന രാഷ്ടീയം.
നോവലിന്റെ ഭാവസ്വരൂപത്തിലാകെ നിലീനമായി നിൽക്കുന്നത് മലയാളിയുടെ മൂല്യരഹിതമായ പൗരസമൂഹാനന്തരമുള്ള രാഷ്ട്രീയ വ്യവഹാരമാണ്. രണ്ടാം അദ്ധ്യായത്തിൽ കടന്നു വരുന്ന ബുദ്ധിജീവിയിൽ ആദ്യം തന്നെ നമുക്കത് കാണാൻ കഴിയുന്നു. അധികാരവും ഔപചാരികതയും ചേർന്ന ഒരു ഭൂരിപക്ഷ (Majority) രാഷ്ട്രീയത്തിനെതിരെ നോവലിന്റെ അടിയിൽ ജനകീയ ഇച്ഛ പ്രതിഫലിക്കുന്ന ഒരു ന്യൂനപക്ഷ (Minority) രാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ട് .
ഗമനിലൂടെയും അവിനാശിലൂടെയുമാണ് ആവിഷ്‌കാരത്തിലില്ലാത്ത ഈ ഭാവനാ ഇടതുപക്ഷം ( imaginary Left) നോവലിൽ പ്രവർത്തിക്കുന്നത്.
അധികാരപരവും ഔപചാരികവുമായിത്തീർന്ന ഇടതുപക്ഷത്തിന്റെ ശരീര ഭൂതമായിത്തീർന്ന ഒരു രാഷ്ട്രീയ ഉൺമ അവിനാശിന്റെ ആത്മചരിതത്തിൽ പൊങ്ങിനിൽക്കുന്നുണ്ട്.
അവിനാശ് തന്റെ കഥ പറയുന്നത് ഇങ്ങനെ: ‘‘ഗമന് അറിയോ, ഞാനൊരു സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്നു. അന്ന് ഈ ഭാഗത്തൊക്കെ ആണുങ്ങൾ വളരെ കുറച്ചെ ആ ജോലിക്ക് വന്നിരുന്നുള്ളു. ഇന്നും കാര്യമായ വ്യത്യാസമൊന്നുമില്ല. രണ്ടു കൊല്ലത്തോളം ആ ജോലി ഞാൻ ചെയ്തു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർക്ക് സംഘടന ഉണ്ടായി വരുന്നതിനു മുമ്പായിരുന്നു അത്. സമരം ചെയ്യുന്നതിനെ പറ്റി ഒന്നും ആലോചിക്കാൻ അന്നൊന്നും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. എന്റെ ശമ്പളത്തിൽ ആസ്പത്രിക്കാർ പെട്ടെന്ന് ഇരുനൂറ്റിയമ്പത് രൂപയുടെ കുറവ് വരുത്തി. അന്നത്തെ ഇരുനൂറ്റിയമ്പത് എന്നു പറഞ്ഞാ ഇന്നത്തെ രണ്ടായിരത്തി അഞ്ഞൂറ് പോലയാ. ഞാൻ ശരിക്കങ്ങ് കരഞ്ഞു പോയി. എന്റെ ഭാര്യ ആദ്യത്തെ കുട്ടിയുടെ പ്രസവവും കാത്ത് ഇരിക്കുന്ന സന്ദർഭമായിരുന്നു അത്. അമ്മയ്ക്കാണെങ്കിൽ മാസത്തിൽ മുന്നൂറ് രൂപയോളം മരുന്നിനു വേണം. ഞാൻ ഒരു ട്രേഡ് യൂനിയൻ നേതാവിനെക്കണ്ട് സങ്കടം പറഞ്ഞു. ഞാൻ ജോലി ചെയ്തു കൊണ്ടിരുന്ന ആസ്പത്രീന്റെ മൊതലാളിയുമായി നല്ല ലോഹ്യത്തിലായിരുന്നു അയാൾ. അയാളുടെ രണ്ടു ബന്ധുക്കൾ അവിടെ ജോലിയിൽ കേറിയിട്ടുണ്ടായിരുന്നു. ഒരാൾ ഫാർമസിയിലും മറ്റൊരാൾ ലാബിലും.
നേതാവ് ആദ്യത്തെ ദിവസം നല്ല മയത്തിലാണ് സംസാരിച്ചത് ‘മുതലാളിയെ നാളെ തന്നെ കണ്ട് സംസാരിച്ചു നോക്കാം പരമാവധി ശ്രമിക്കാം. നമ്മളൊക്കെ ഇവിടെ തന്നെയില്ലെ' എന്നൊക്കെ പറഞ്ഞ് അയാൾ എന്നെ സമാധാനിപ്പിക്കാൻ നോക്കി. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ പിന്നെയും ചെന്നപ്പോൾ നേതാവ് നല്ല തിരക്കിലായിരുന്നു. ഒരു തുണിപ്പീടികയിൽ ജോലിക്കു നിൽക്കുന്ന അഞ്ചു പത്താളുകളും അടച്ചുപൂട്ടാൻ പോകുന്ന ഒരു തുണിമില്ലിൽ നിന്നുള്ള കുറേ ആളുകളും പിന്നെയും വേറെ ആരൊക്കെയോ മൂപ്പരെ കാണാൻ വന്നിരുന്നു. എന്നെ കണ്ട ഉടനെ മറ്റുള്ളവർ കേൾക്കെ തന്നെ അയാൾ വിളിച്ചു പറഞ്ഞു, ‘അവിനാശേ ഞാൻ വിളിച്ചിരുന്നു. മൂപ്പര് ബാംഗ്ലൂരിൽ മൂത്ത മോളുടെ അടുത്തു പോയിരിക്ക്യ. ഒരാഴ്ച കയിഞ്ഞിറ്റേ വരൂ. വന്നിറ്റ് നമ്മക്ക് സംസാരിക്കാന്നാ പറഞ്ഞത്’. ആ പറഞ്ഞത് കളവാണെന്നും മുതലാളി എവിടേയ്ക്കും പോയിട്ടില്ലെന്നും ഞാൻ വേറൊരു വഴിക്ക് അന്വേഷിച്ചറിഞ്ഞു. എന്നിട്ട് ഒരാഴ്‌ചേം രണ്ടു ദിവസോം ഞാൻ കാത്തിരുന്നു. അത് കഴിഞ്ഞ് പോയിക്കണ്ടപ്പോ അയാള് വല്യ മനപ്രയാസം ഭാവിച്ച് പറഞ്ഞു. ‘ഞാൻ സംസാരിച്ചു നോക്കി അവിനാശേ. എല്ലാ മൊതലാളിമാരെ പോലെ തന്നെ മൂപ്പരും കൊറേ കഷ്ടപ്പാടുകൾ പറഞ്ഞു. ഡോക്ടർമാരുടേം മറ്റു ജോലിക്കാരുടേം ശമ്പളോം കറന്റ് ബില്ലും ഫോൺ ബില്ലും വെള്ളത്തിന്റെ ബില്ലും എല്ലാം കൂടിയാവുമ്പോൾ സംഗതി നഷ്ടത്തിലാന്നാ പറയ്ന്ന്. മൂപ്പര് അത് കൈമാറാനുള്ള ആലോചനയിലാ പോലും. കൊറെയൊക്കെ ശരിയായിരിക്കും രണ്ടു കൊല്ലത്തിനുള്ളില് രണ്ട് പുതിയ ആസ്പത്രി വന്നില്ലേ. ഡോക്ടർമാരില് ചെലര് അങ്ങോട്ട് മാറിക്കളയോന്ന് മൂപ്പർക്ക്‌പേടിയുണ്ട്. അവര് പോവാണ്ടിരിക്കാൻ ശമ്പളം കണ്ടമാനം കൂട്ടിക്കൊടുത്തുന്നാപറയിന്ന്. പ്രശ്‌നം ഉണ്ടാവും. ഓരോരുത്തരുടെ വെഷമം അവരിക്കല്ലേ അറിയൂ. നിങ്ങളെ കാര്യത്തിലിപ്പോ കാര്യായ തടസ്സം ഒരു യൂനിയനില്ലാന്ന് ള്ളതാ. തൽക്കാലം കിട്ടുന്നതും വാങ്ങി അടത്തന്ന്യങ്ങ് നിക്ക്. കൂട്ടത്തില് ഒരു യൂനിയനിണ്ടാക്കാൻ പറ്റ്വോന്നും നോക്ക്. ഒന്നു തട്ടിക്കൂട്ട്യാ നമുക്കൊരു കൈ നോക്കാം'. ഞാൻ അയാളോട് ഒന്നും പറഞ്ഞില്ല. യൂനിയനുണ്ടാക്കി വെരാംന്നും പറഞ്ഞ് എറങ്ങി. അതോടെ ഞാൻ ജോലീം വിട്ടു രാഷ്ട്രീയവും വിട്ടു.’’
ഇത്തരത്തിലുള്ള വൈയക്തികാനുഭവങ്ങൾക്കപ്പുറത്ത് നോവലിൽ സാമൂഹികാനുഭവങ്ങളും ഉണ്ട്. സ്മൃതി വിരുന്ന് ഓഫീസിനു സമീപമുള്ള കോട്ടയുടെ ഒരു ഭാഗം വലിയ ബിസിനസ് സാമ്രാജ്യത്തിലെ ഭീമൻമാർ അനധികൃതമായി റിസോർട്ട് നിർമ്മിക്കുമ്പോൾ അതിന് ഒത്താശ ചെയ്തു കൊടുക്കുന്ന പാർട്ടികളും എതിർക്കുന്ന ബദൽ രാഷ്ട്രീയക്കാരും മൂല്യ രഹിതമായ രാഷ്ട്രീയത്തിന്റെ വെവ്വേറെ മുഖങ്ങളാണ്. നോവലിൽ തെറിച്ചു നിൽക്കുന്ന ഈ അനുഭവങ്ങളാണ് യഥാർത്ഥ ജനകീയ ന്യൂനപക്ഷ (minority) രാഷ്ട്രീയത്തിന്റെ ബലതന്ത്രമായി പ്രവർത്തിക്കുന്നത്.
നോവലിന്റെ പതിമൂന്നാം അദ്ധ്യായത്തിൽ നാം കണ്ടുമുട്ടുന്ന ചിത്രാംഗദൻ മാഷിന്റെ അളിയന്റെ വ്യക്തി ജീവിതത്തിന്റെ നാൾവഴികൾ ലിബറൽ ഹ്യൂമനിസ്റ്റ് രാഷ്ട്രീയത്തിന്റെ അപചയ ചരിത്രം കൂടിയായി മാറുന്നു. സത്യസന്ധത ചിത്തഭ്രമത്തിന്റെ മറ്റൊരു പേരായി ഇവിടെ പരിണമിക്കുന്നു.
സമരോത്സുക ആത്മീയതയിൽ നിന്ന് വ്യാജ ആനന്ദത്തിലേയ്ക്ക്
ആത്മീയത ( spirituality) മനുഷ്യരുടെ സൗന്ദര്യ ലോകത്തിന്റെ പ്രകാശനമാണ്. മലയാളിയെ സംബന്ധിച്ച് അത് ലിബറൽ ഹ്യൂമനിസത്തിന്റെ ആവിർഭാവത്തിന്റെ ദാർശനിക ഭൂമിക കൂടിയാവുന്നു. സമരോത്സുകമായ ആത്മീയതയാണ് കേരളീയ മാനവികതയെ സംസ്ഥാപിച്ച നവോത്ഥാന പരിശ്രമങ്ങൾ.
കേരളീയ മാനവികത രൂപീകരിക്കുന്നതിൽ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ വൈകുണ്ഠസ്വാമികൾ എന്നിവർക്കുള്ള പങ്ക് നിസ്തർക്കമാണ്. മലയാളിയുടെ ഈ സമരോത്സുക ആത്മീയത പിൽക്കാലത്ത് ആത്മീയ വ്യവസായത്തിലേയ്ക്ക് ചുവടുമാറുന്നുണ്ട്. അന്ന് നാടുവിടുമ്പോൾ ബസ്സിലെഴുതിയിരുന്നു ‘ശ്രീ കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം’ എന്ന്, ഇന്ന് തിരിച്ചു വന്നപ്പോൾ ബസ്സിലെഴുതിയിരിക്കുന്നു ‘മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം.’ ‘കാടാമ്പുഴ ഭഗവതി ഏതു സ്റ്റോപ്പിലാണ് ഇറങ്ങിപ്പോയത്' എന്ന് പുതു കവിത ഈ ഷിഫ്റ്റിനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. നോവലിൽ പ്രത്യക്ഷീഭവിക്കുന്നത് മൂല്യരഹിതമായി പ്രവർത്തിക്കുന്ന ഈ ആത്മീയ വ്യവസായമാണ്.
ഗഗൻ ഗുരു ആചൂ സ്വാമി എന്നവരിലൂടെയാണ് മൂല്യരഹിതമായ ആത്മീയത നോവലിൽ പ്രവർത്തിക്കുന്നത്. ഗഗൻ ജി എന്നു പറയുന്ന ഗഗൻ ഗുരുവാണ് നോവലിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന ആത്മീയാചാര്യൻ. അവിനാശും ഗമനും ഗണപതിക്കോവിലിൽ നടക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ പോകുന്നു. സുമുഖനും മധ്യവയസ്‌കനുമായിരുന്നു ഗുരു. നന്നായി ഷെയ് വ് ചെയ്ത അത്യാകർഷക മുഖം. നെറ്റിയിലെ ചന്ദനക്കുറിയും റോസ് നിറത്തിലുള്ള ജുബ്ബയ്ക്കുമേൽ കഴുത്തു വരെ മൂടിക്കിടക്കുന്ന ചിത്രപ്പണികളുള്ള കാവി പുതച്ച തൊഴിച്ചാൽ സന്ന്യാസിയുടെ യാതൊരു ലക്ഷണവുമില്ല. സന്ന്യാസത്തെ വാഴ്ത്തിപ്പറയാത്ത ലൗകിക ജീവിതത്തെത്ത പൂർണമായി അനുകൂലിക്കുന്ന ഒരു പ്രത്യേകതരം പ്രകൃതമായിരുന്നു സ്വാമിയുടേത്.
ആനന്ദം എന്നതായിരുന്നു ഗഗൻ ഗുരുവിന്റെ ആദ്യത്തെ പ്രഭാഷണ വിഷയം. ശ്രോതാക്കളുടെ സംശയങ്ങൾക്ക് ഗുരു മറുപടി നൽകി. ഒട്ടും തൃപ്തിവരാതെ ഗ മനും അവിനാശും അവിടം വിട്ടിറങ്ങി. മനുഷ്യജീവിതത്തെ സ്പർശിക്കാത്ത കേവലാഹ്ലാദത്തെ മുൻനിർത്തിയുള്ള ഗുരുവിന്റെ വാക്കുകൾ അവർക്ക് രണ്ടു പേർക്കും അശ്ലീലമായിത്തോന്നി.
ആത്മീയ ജീവിതത്തിന്റെ ഏറ്റവും ജീർണവും ഒപ്പം സഹതാപാർഹവുമായ മുഖം നാം കാണുന്നത് പതിനാലാമധ്യായത്തിലെ ആചൂ സ്വാമി (ആദ്ധ്യാത്മിക ചൂതാട്ട സ്വാമി)യിലാണ്. ആരോ തമാശയ്ക്ക് വിളിച്ചപേരാണെങ്കിലും അതങ്ങ് സ്ഥിരപ്പെടുത്തി. ഏഴെട്ടു കൊല്ലത്തിലധികമായിട്ടുണ്ടാകും സ്വാമി ഈ പരുവത്തിലായിട്ട്. താലൂക്ക് ഓഫീസിൽ പണിയുണ്ടായിരുന്ന ഇയാൾക്ക് അത് പക്ഷേ വെറും സൈഡ് ബിസിനസ് മാത്രമായിരുന്നു. മുഖ്യമായ ജോലി കടുകട്ടിയായ ആത്മീയ വിഷയങ്ങളെക്കുറിച്ച് സമ്പന്നരായ ആത്മീയ ദാഹികളുടെ പല കേന്ദ്രങ്ങളിലും ചെന്ന് ക്ലാസെടുക്കലായിരുന്നു. അതിൽ നിന്നുണ്ടായ ഭേദപ്പെട്ടവരുമാനത്തിന്റെ പുറത്ത് റിയൽ എസ്റ്റേറ്റ് ഏർപ്പാടിൽ നിന്നും കണ്ടമാനം വരുമാനം വാരിക്കുട്ടിയിരുന്നു. എല്ലാം നേരെ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച ആളാണ് ഈ സ്വാമി.
അത്യാവേശത്തോടെ ആത്മീയ കാര്യങ്ങൾ പ്രസംഗിച്ച് മുൻകൂട്ടി പറഞ്ഞുവെച്ച പ്രതിഫലം വാങ്ങുന്നതിനും അതേ ആവേശത്തോടെ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതിനും ആത്മീയാനുഭവങ്ങൾ വിശദീകരിക്കാനുപയോഗിക്കുന്ന പദാവലികൾ ഉപയോഗിച്ചു തന്നെ സ്വാമി ന്യായീകരണം സാധിക്കും. ‘മിഥ്യയായ ജഗത്തിൽ ജീവിതമെന്ന മിഥ്യ അഭിനയിച്ചു തീർക്കുന്ന ഒരാളുടെ ചില മിഥ്യാ വ്യവഹാരങ്ങൾ’ എന്നോ മറ്റോ സ്വാമി ഒരിക്കൽ ആരോടോ കടുത്ത നിർമ്മമതയനുഭവിച്ച് അതേക്കുറിച്ച് പറഞ്ഞിരുന്നുവത്രേ. എന്നാൽ കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഷെയർ മാർക്കറ്റ് അവിചാരിതമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തകർന്നടിയാൻ തുടങ്ങി. ഷെയർ മാർക്കറ്റിലെ പതിവു ചാഞ്ചാട്ടങ്ങളുടെ അല്പം കൂടിയ ഒരിനം എന്നേ സ്വാമി കരുതിയുള്ളൂ. ചുരുക്കത്തിൽ സ്വാമിയുടെ ഇരുപത്തിയെട്ടു ലക്ഷത്തിലധികം പോയി.ആ ള് ഒന്നുമില്ലാതെ തെണ്ടിത്തിരിയേണ്ടിയുംവന്നു.
ആരും തിരിഞ്ഞു നോക്കാനില്ലാതെ ഒരു പട്ടിയോടൊപ്പം അലയുന്ന സ്വാമിയെയാണ് നാം അവസാനം കാണുന്നത്.
ഉപരിപ്ലവതയിൽ മുങ്ങിത്താഴുന്ന സാഹിത്യ പ്രവർത്തനം
മലയാളിയെ സംബന്ധിച്ച് സാഹിത്യം പ്രതിനിധാനാത്മകമായ ഒരു മനോവൃത്തി മാത്രമല്ല, പ്രവൃത്യുന്മുഖമായ ഒരു സാംസ്‌കാരിക വൃത്തി തന്നെയാണ്. കേരളീയരുടെ സാംസ്‌കാരിക ബോധവും രാഷ്ടീയ പ്രവർത്തനങ്ങളും ജീവിത വീക്ഷണങ്ങളും സ്വരൂപിച്ചെടുക്കുന്നതിൽ സാഹിത്യം നിർവഹിച്ച പങ്ക് സമരോത്സുകമാണ്. കേവലാഹ്ലാദത്തെ ആസ്പദമാക്കിയുള്ള സാഹിത്യ പ്രവർത്തനം നവോത്ഥാനത്തോടെ അസ്തമിക്കുന്നുണ്ട്.
നാരായണ ഗുരു, സഹോദരനയ്യപ്പൻ, വാഗ്ഭടാനന്ദൻ, പണ്ഡിറ്റ് കെ.പി. കറുപ്പൻ, പൊയ്കയിൽ അപ്പച്ചൻ, അയ്യങ്കാളി, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരുടെ കവിതകളും സ്‌തോത്രങ്ങളും കേരള പത്രിക, ഭാഷാപോഷിണി, മലയാള മനോരമ, മാതൃഭൂമി, കേസരി, സ്വദേശാഭിമാനി, അഭിനവ കേരളം, പ്രഭാതം, ദേശാഭിമാനി, വിദ്യാവിനോദിനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും കവി സമാജം, ഭാഷാപോഷിണി സഭ, സമസ്ത കേരള സാഹിത്യ പരിഷത്ത്, ജീവൽസാഹിത്യ പ്രസ്ഥാനം, പുരോഗമന കലാസാഹിത്യ സംഘം, സാഹിത്യ പ്രവർത്തക സഹകരണ സംഘം, ഗ്രന്ഥശാലാ സംഘം തുടങ്ങി സാഹിത്യ പ്രസ്ഥാനങ്ങളും ചേർന്നാണ് മലയാളിയുടെ ആധുനികസാംസ്‌കാരിക ബോധത്തെയും പൗരബോധത്തെയും രൂപീകരിച്ചെടുത്തത്.
എന്നാൽ, തൊണ്ണൂറുകളോടെ മറ്റെല്ലായിടങ്ങളുമെന്ന പോലെ സാഹിത്യ പ്രവർത്തനങ്ങളിലും ഒരു ചുവടുമാറ്റം (shift) സംഭവിക്കുന്നുണ്ട്. അതാവട്ടെ പ്രതിബന്ധതയിൽ നിന്ന് കേവലാഹ്ലാദത്തിലേക്കും ഉപരിപ്ലവമായ അനുഭൂതി ലോകങ്ങളിലേയ്ക്കുമായിരുന്നു.
നോവലിൽ സാഹിത്യ പ്രവർത്തനത്തിന്റെ പ്രധാന ആകരം സ്മൃതി വിരുന്ന് എന്ന മാസികയാണ്. പേരു സൂചിപ്പിക്കുന്നതു പോലെ സാഹിത്യത്തെ വെറും ഓർമകളും കല്പനകളും അടങ്ങുന്ന വിഭവങ്ങൾ മാത്രമാക്കി പരിചരിച്ചുപോരുന്ന ഒരു ശുദ്ധസാഹിത്യ മാസിക മാത്രമാണിത്. മാസികയുടെ സബ് എഡിറ്ററായി പുതുതായി ചുമതല ഏറ്റെടുത്ത ഗമൻ എന്ന ചെറുപ്പക്കാരൻ മൗലികമായ മാറ്റങ്ങൾ മാസികയുടെ ഉള്ളടക്കത്തിലും രൂപത്തിലും നിർവഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും പലതും സാധ്യമാവുന്നില്ല.
സ്മൃതി വിരുന്നിന്റെ പ്രധാന പങ്കുകാരനും എഴുത്തുകാരനുമായ പ്രഫസർ ഭാർഗവ പിള്ള സാറിന്റെ മാഞ്ഞുവോ എന്ന കവിത എഡിറ്റു ചെയ്തതു തന്നെ വലിയ പ്രശ്‌നമായിത്തീരുന്നു. ‘പണ്ടു ഞാൻ നൽകിയ ചുടുചുംബനത്തിന്റെ യൂഷ്മാവ് / നിൻ കൊങ്കയും മാഞ്ഞുവോ, മറവിയേകമാം സത്യമായ് ത്തീർന്നുവോ?' എന്ന വരികയായിരുന്നു എഡിറ്റിങ്ങിന്റെ ഭാഗമായി ഒഴിവാക്കിയത്. തന്റെ കവിതയിലെ വരികൾ തന്നോടു ചോദിക്കാതെ വെട്ടിക്കളയാൻ നിനക്കെന്തവകാശം എന്ന ചോദ്യമാണ് ഭാർഗവൻ പിള്ളസാർ ഗമനോട് ചോദിക്കുന്നത്. തന്റെ കവിതയെ ന്യായീകരിക്കാൻ അയാൾ കാളിദാസനെ കൂട്ടുപിടിക്കുന്നു.
ഇത് പഴയ തലമുറയിൽ പെട്ട ഭാർഗവൻ പിള്ള സാറാണെങ്കിൽ നോവലിൽ കടന്നു വരുന്ന മറ്റൊരു കഥാപാത്രമുണ്ട്. ജിഗിൻ മുത്തു. ആത്മാരാമൻമാരായ പുതിയ തലമുറയിലെ എഴുത്തുകാരനാണ് ഇയാൾ. കഴിഞ്ഞ മൂന്നു മാസമായി സ്മൃതി വിരുന്നിലേക്ക് അയച്ച കവിതകളൊന്നും പ്രസിദ്ധീകരിച്ചു കാണാത്തതിലുള്ള കുണ്ഠിതവുമായി അയാൾ സ്മൃതി വിരുന്ന് ഓഫീസിലേക്ക് കടന്നു വരുന്നു. തന്റെ കവിതകൾ തിരിച്ചു കിട്ടണം എന്നതാണ് അയാളുടെ ആവശ്യം.
ഒരു ടിപ്പിക്കൽ ബുദ്ധിജീവിയുടെ വേഷംകെട്ടുകാരനായി നടക്കുന്ന ആളാണ് ഇയാൾ. ആവശ്യത്തിലധികം നീളമുള്ള ജുബ്ബ, കുറ്റിത്താടി, നീട്ടി വളർത്തിയ മുടി, ഭംഗിയുള്ള നന്നേ ചെറിയ കണ്ണട, സംസാരത്തിൽ ഒരാവശ്യവുമില്ലാതെ ഇടയ്ക്കിടെ ഇംഗ്ലീഷ് വാക്കുകളും പോസ്റ്റ് മോഡേൺ ചിന്തകരുടെ പേരുകളും ഉൾപ്പെടുത്താനുള്ള വ്യഗ്രത എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ജിഗിൻ മുത്തു പ്രകടിപ്പിച്ചിരുന്നു. വിഡ്ഢിത്തം നിറഞ്ഞ അവന്റെ വാചകമടികൾ പലപ്പോഴും അറപ്പുളവാക്കുന്നതായിരുന്നു.
ജിഗിൻ മുത്തുവിന്റെ കവിതകളുടെ പ്രകടമായ ചില കുഴപ്പങ്ങൾ ഗമൻ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴക്കമേറിയ വാക്കുകൾ, കമ്യൂണിക്കേറ്റ് ചെയ്യാത്ത ഇമേജുകൾ എന്നിവ. പക്ഷേ ഇതിനൊക്കെ തനിക്ക് തെളിവ് വേണം എന്ന് അയാൾ ഗമനോട് ആവശ്യപ്പെടുന്നു. ദുഃഖത്തിന്റെ രജതകാന്തി, മറവിതന്നമ്ല കാന്തവേരുകൾ, ആർത്തവരക്ക കാന്തികംബളം, മോഹ പിങ്കള വജ്രത്തിൻ നീല ഞരമ്പുകൾ, അണ്ഡകടാഹമാം പുഷ്ട നിതംബം ഇങ്ങനെ അർത്ഥരഹിതവും അമൂർത്തവുമായി കവിതയിൽ ഉപയോഗിച്ച പദങ്ങളെയും കല്പനകളെയും ഗമൻ ചൂണ്ടിക്കാട്ടുന്നു. അവസാനം തന്റെ അല്പത്തരം മറ നീക്കി പുറത്തു വന്നതിന്റെ ജാള്യതയിൽ സ്ഥലം വിടുന്നു.
സ്മൃതി വിരുന്നിന്റെ ഓഫീസിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സാഹിത്യ ചർച്ചകൾ തീർത്തും ഉപരിപ്ലവമാണെന്ന് ഗമൻ മനസ്സിലാക്കുന്നു. സാഹിത്യം രാഷ്ട്രീയക്കാർക്കോ സാധാരണക്കാർക്കോ ഇടപെടാൻ പറ്റാത്തവരേണ്യവും വിശുദ്ധവുമായ ഒന്നാണ് എന്ന സങ്കല്പമാണ് ഇവിടെയൊക്കെ കാണുന്നത്.
സാഹിത്യത്തെ സംബന്ധിച്ച് നവോത്ഥാന വിരുദ്ധമായ രണ്ടു കാഴ്ചപ്പാടുകൾ നോവലിൽ പ്രബലമാണ്. ഒന്ന് കേവലാഹ്ലാദത്തിനുള്ളതാണ് സാഹിത്യം എന്ന കാഴ്ചപ്പാടാണെങ്കിൽ മറ്റേത് ഉടന്തടി പ്രയോജനാപേക്ഷയുള്ളതാവണം സാഹിത്യം എന്നതാണ്. കലയും സാഹിത്യവും കൊണ്ടെന്ത് പ്രയോജനം എന്ന ചോദ്യം ശക്തമായി വരുന്ന സന്ദർഭം കൂടിയാണിത്.
എല്ലാറ്റിനെയും വളരെ പ്രയോജനവാദപരമായി മാത്രം സമീപിക്കുന്നതിന്റെ സാമൂഹ്യ സൂചനകൾ നോവലിൽ ശക്തമാണ്. പെട്ടെന്ന് പണം നേടാനും സുഖം ലഭിക്കാനും ജോലി സമ്പാദിക്കാനുമുള്ള സംഗതികൾ കൊണ്ടേ കാര്യമുള്ളൂ എന്ന ചിന്ത എല്ലാ തരം സൗന്ദര്യബോധങ്ങൾക്കുമപ്പുറം പ്രവർത്തിക്കുന്ന ഒരു സമൂഹമായി മലയാളി സമൂഹം അനുദിനം മാറുന്നു.നോവലിൽ ഇത്തരം ഘടകങ്ങൾ സജീവമായി തന്നെയുണ്ട്.
ഒരു ദിവസം സ്മൃതി വിരുന്ന് ഓഫീസിന്റെ സമീപത്തുള്ള സെമിത്തേരിയിലെ കല്ലിൽ ഇരിക്കുന്ന നേരം രണ്ടു കുട്ടികൾ കടന്നു വരുന്നു. അവർ ഗമനെ കണ്ടമാത്രയിൽ സ്വയം പരിചയപ്പെടുത്തുകയും ഒരു പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു. കേരള നവോത്ഥാനം പ്രത്യേകതകളും പരിമിതികളും എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു പ്രസംഗ മത്സരം. അതിൽ എങ്ങനെ കാര്യങ്ങൾ പ്രസന്റു ചെയ്യും എന്നാണ് അവർക്ക് അറിയേണ്ടത്.
‘‘നവോത്ഥാനത്തെ പറ്റി പലരും പലതും പറയുന്നുണ്ടെല്ലോ? നവോത്ഥാനം നടന്നൂന്ന് ചിലര് നടന്നിട്ടേയില്ലെന്ന് വേറെ ചിലര്. ശ്രീനാരായണ ഗുരുവാണ് നായകൻ, അല്ല ചട്ടമ്പിസ്വാമികളാണ് തുടക്കം കുറിച്ചത്. അവർ രണ്ടാളുമല്ല അയ്യങ്കാളിയായിരുന്നു യഥാർത്ഥ നായകൻ. അങ്ങനെ പലരും പലതല്ലേ പറയുന്നത്. നവോത്ഥാനം എന്നുള്ളത് കെട്ടുകഥയാണ്. കേരള സമൂഹം ഇപ്പോഴും ജാതിയിലും മതത്തിലും ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് എന്ന് ശക്തമായി വാദിക്കുന്നവർ പറയുന്നകാര്യങ്ങളും തമ്മിൽ ഒരു പൊരുത്തവുമില്ല. എല്ലാ മനുഷ്യരും നട്ടെല്ലുയർത്തി തലയുയർത്തി നിൽക്കുന്ന ഒരു സമൂഹം വരുന്നതുവരെ കേരളീയ നവോത്ഥാനത്തെപ്പറ്റി ഒരു വീരവാദം വേണ്ട. അങ്ങനെയൊരു സമൂഹം യാഥാർത്ഥ്യമായിത്തീരണമെങ്കിൽ ഇവിടെ നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഇല്ലാതാവണം. ദളിതരുടെ മോചനം പൂർണാർത്ഥത്തിൽ സംഭവിച്ചാലേ നവോത്ഥാനം നടന്നു എന്ന് നമുക്കു പറയാൻ കഴിയൂ. ശ്രീ നാരായണ ഗുരു ജാതിക്കെതിരെ പലതും പറഞ്ഞു നടന്നിട്ടുണ്ടെങ്കിലും ഫലത്തിൽ അദ്ദേഹത്തിന് ഈഴവരുടെ ശാക്തീകരണം മാത്രമേ സാധിച്ചിരുന്നുള്ളൂ. അദ്ദേഹത്തെ നവോത്ഥാന നായകൻ എന്നു വിളിക്കുന്നത് പരിമിതാർത്ഥത്തിൽ മാത്രമേ ശരിയാവുകയുള്ളൂ - അല്ലെങ്കിലും ഒരു ജനാധിപത്യ പ്രക്രിയ ആകുമ്പോഴല്ലേ നവോത്ഥാനം ആ പേരിന് അർഹമാവുകയുള്ളൂ. മാത്രവുമല്ല ഇന്ത്യൻ സവർണ ധാരയുടെ ദർശനത്തിൽ നിന്ന് തികച്ചും ഭിന്നമായിരുന്നു ഗുരുവിന്റെ ദർശനം എന്ന് ആർക്കെങ്കിലും സ്ഥാപിക്കാനാവുമോ? ഇങ്ങനെ ഒരു പാട് തർക്കങ്ങളില്ല സാറേ, ഇതിൽ ഏതൊക്കെ വാദങ്ങളുടെ കൂടെയാണ് നമ്മള് നിക്വ. മാത്രവുമല്ല മത്സരമാണെല്ലോ അപ്പോൾ അതിൽ വിജയിക്കുക എന്നതാണ് പ്രധാനം. മാർക്‌സിസ്റ്റ് ജഡ്ജിക്ക് ഇഷ്ടമാവില്ല. രണ്ടു പേർക്കും ഇഷ്ടപ്പെടുന്നത് നക്‌സലൈറ്റ് ജഡ്ജിക്ക് ഇഷ്ടപ്പെടൂല. അപ്പോൾ മത്സരത്തിൽ വിജയിക്കണമെങ്കിൽ വിധികർത്താക്കളുടെ മനോഭാവമനുസരിച്ച് വിഷയമവതരിപ്പിക്കുകയാണ് വേണ്ടത്’’; എന്നിങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങളാണ് കുട്ടികൾ നടത്തുന്നത്.
വളരെ പ്രയോജനാത്മകവും കരിയറിസ്റ്റാക്കലുമായി ഒരു സമൂഹം വളർന്നു വരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഇവിടെയൊക്കെ പ്രവർത്തിക്കുന്നു.
ഇങ്ങനെ കേവലാഹ്ലാദപരമായ അനുഭൂതികളെ, പ്രയോജനാപേക്ഷതയിൽ മാത്രം തളഞ്ഞു നിൽക്കുന്ന സാഹിത്യ സംരംഭങ്ങളെ, ജാഗ്രതയില്ലാത്ത രാഷ്ട്രീയ ബോധ്യങ്ങളെ, നൈതികമല്ലാതെ വളരുന്ന ആദ്ധ്യാത്മിക പ്രവർത്തനങ്ങളെ നോവൽ ഈ മട്ടിൽ വിഭാവനം ചെയ്യുന്നു. നവോത്ഥാനത്തിന്റെ സാമൂഹിക ബോധവും പ്രതിബദ്ധതാ പൂർണമുള്ള മികച്ച മാതൃകകളും പല മട്ടിൽ ചിതറിപ്പോയ നവോദാരതയുടെ സ്ഥല രാശിയിലാണ് മായാമനുഷ്യർ ഇടപെടുന്നത്. അവിടെ ജനാധികാരത്തിനു വേണ്ടിയുള്ള ഒരു ഭാവനാ രാഷ്ട്രീയം ഉൾ വഹിക്കുന്നു. നിരലംകൃതമായ ഭാഷയിൽ എൻ. പ്രഭാകരൻ അതു നിർവഹിക്കുന്നു. യാഥാർത്ഥ്യം ഒരു ഭാവശക്തിയായി കൂടുതൽ തെളിഞ്ഞുനിൽക്കുന്നു.
അവലംബം
മായാമനുഷ്യർ; എൻ.പ്രഭാകരൻ (മാതൃഭൂമി ബുക്‌സ് )
എൻ. പ്രഭാകരൻ കഥ കാലം ദർശനം; എഡി. കൈരളി ബുക്‌സ്
വാക്കുകളും വസ്തുക്കളും.; ബി. രാജീവൻ (ഡി.സി ബുക്‌സ് )
വീണ്ടെടുപ്പുകൾ മാക്‌സിസവും ആധുനികതാ വിമർശനവും; സുനിൽ പി ഇളയിടം. (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് )
യു ജി സി ഗവേഷണ അവാർഡ് 2006-2009 റിപ്പോർട്ട്; പി.പവിത്രൻ