ഹാവിൻ ഗുനേസർ.

ചങ്ങലകളിലും
സ്വാതന്ത്ര്യം തീർക്കുന്ന
കല

ജനാധിപത്യത്തിലും സ്ത്രീസമത്വത്തിലും പാരിസ്ഥിതിക കാഴ്ചപ്പാടിലും ഊന്നിയ കുർദിഷ് സ്വാതന്ത്ര്യപ്രസ്ഥാനചരിത്രത്തിന്റെ സംക്ഷിപ്ത വിവരണം നൽകുന്ന ഹാവിൻ ഗുനേസറിന്റെ ‘ദി ആർട്ട് ഓഫ് ഫ്രീഡം: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ദി കുർദിഷ് ലിബറേഷൻ സ്ട്രഗിൾ’ എന്ന പുസ്തകത്തിന്റെ വായന, ഡോ. സ്മിത പി. കുമാർ എഴുതുന്നു.

ജിന അമിനിയെ ലോകം മറന്നിട്ടുണ്ടാവില്ല.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കാരണം പറഞ്ഞ് ഇറാനിലെ സദാചാരപോലീസ് ക്രൂരമായി മർദിച്ചു കൊന്ന 22 വയസ്സുകാരിയായ കുർദിഷ് യുവതി.

2022 സെപ്റ്റംബറിലാണ് ജിന അമിനി ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിലുള്ള ജന്മനഗരമായ സഖ്വെസിൽനിന്ന് തലസ്ഥാനനഗരമായ ടെഹ്‌റാനിലേക്ക് പോകുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ടത്. മൂന്ന് ദിവസത്തിനുശേഷം, കസ്റ്റഡിയിലിരിക്കെ തലയ്ക്കേറ്റ ഗുരുതരമായ പ്രഹരങ്ങൾ കാരണം അമിനി കൊല്ലപ്പെട്ടു. അമിനിയുടെ സംസ്കാരചടങ്ങിലും തുടർന്നുള്ള പ്രതിഷേധങ്ങളിലും മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു "ജിൻ ജിയാൻ ആസാദി" (‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’). വലിയ പ്രക്ഷോഭം തന്നെ ഇതേതുടർന്നുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി പല സ്ത്രീകളും പരസ്യമായി ഹിജാബ് ഊരിമാറ്റുകയോ മുടി മുറിയ്ക്കുകയോ ചെയ്തു.

നവംബർ അവസാനമായപ്പോഴേക്കും പ്രക്ഷോഭത്തിൽ പങ്കെടുത്ത 307 പേരെയെങ്കിലും സൈന്യം വധിച്ചിട്ടുണ്ടെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധങ്ങളിൽ ഉയർന്ന കുർദിഷ് ഭാഷയിലുള്ള "ജിൻ ജിയാൻ ആസാദി" എന്ന മുദ്രാവാക്യം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുർദിഷ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാണ് ഈ മുദ്രാവാക്യത്തിന്റെ വേരുള്ളത്.

ജനാധിപത്യത്തിലും സ്ത്രീസമത്വത്തിലും പാരിസ്ഥിതിക കാഴ്ചപ്പാടിലും ഊന്നിയ കുർദിഷ് സ്വാതന്ത്ര്യപ്രസ്ഥാനചരിത്രത്തിന്റെ വളരെ സംക്ഷിപ്തമായ വിവരണം നൽകുന്ന പുസ്തകമാണ് ഹാവിൻ ഗുനേസറിന്റെ (Havin Guneser) "ദി ആർട്ട് ഓഫ് ഫ്രീഡം: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ദി കുർദിഷ് ലിബറേഷൻ സ്ട്രഗിൾ" (2021). 2018-ൽ സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ സ്റ്റഡീസിൽ നൽകിയ മൂന്ന് പ്രഭാഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുസ്തകം.

കുർദിഷ് ദേശീയ സംഘടനയായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (PKK) നേതാവും കുർദിഷ് പരമാധികാരത്തിനുവേണ്ടി വാദിക്കുന്നയാളുമായ അബ്ദുല്ല ഒജലാന്റെ രചനകളുടെ പ്രധാന വിവർത്തകയും കുർദിഷ് പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ് ഗുനേസർ. ഈ പുസ്തകം കുർദിഷ് സമരത്തിന്റെ ചരിത്രപശ്ചാത്തലം, സൈദ്ധാന്തിക പരിണാമം, പ്രായോഗിക പരീക്ഷണങ്ങൾ എന്നിവ ലളിതമായി അവതരിപ്പിക്കുന്നു. പ്രത്യേകിച്ച് ഡെമോക്രാറ്റിക് കോൺഫെഡറലിസം, ജിനിയോളജി (സ്ത്രീശാസ്ത്രം) എന്ന ആശയം എന്നിവ വളരെ വിശദമായി പ്രഭാഷണത്തിലും, അതിനു ശേഷമുള്ള ചോദ്യോത്തരത്തിലുമായി പ്രതിപാദിക്കുന്നു, ഈ പുസ്തകം.

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കാരണം പറഞ്ഞ് ഇറാനിലെ സദാചാരപോലീസ് ക്രൂരമായി മർദിച്ചു കൊന്ന 22 വയസ്സുകാരിയായ കുർദിഷ് യുവതി ജിന അമിനി.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കാരണം പറഞ്ഞ് ഇറാനിലെ സദാചാരപോലീസ് ക്രൂരമായി മർദിച്ചു കൊന്ന 22 വയസ്സുകാരിയായ കുർദിഷ് യുവതി ജിന അമിനി.

2011 -12 ൽ സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് വടക്കു കിഴക്കൻ സിറിയയിൽ രാഷ്ട്രീയപ്രക്ഷോഭമായും സാമൂഹിക പരീക്ഷണമായും ഉയർന്നുവന്ന ‘റോജാവോ’ എന്ന മുന്നേറ്റത്തിലേക്കു നയിച്ച കുർദിസ്താന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രവും, പൊതുവിലുള്ള ആഗോള സാഹചര്യങ്ങളും വിശദമായി ഗുനേസർ സംസാരിക്കുന്നുണ്ട്. പലപ്പോഴും ദേശീയവാദ, കേന്ദ്രീകൃത ഭരണകൂടങ്ങളുടെ ഭരണത്തിൻ കീഴിലുള്ള ശക്തമായ രാഷ്ട്രീയ, സാംസ്കാരിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് 1970 കളുടെ അവസാനം സായുധ സംഘടനയും ജനകീയപ്രസ്ഥാനവുമായ പി‌ കെ‌ കെയുടെ (കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി) രൂപീകരണത്തിലേക്കു നയിച്ചത്. കുർദുകളുടെ നിലനിൽപ്പ് നിഷേധിക്കുക എന്ന നയമാണ് തുർക്കി ഭരണകൂടം സ്വീകരിച്ചത്. ഇതിന്റെ പരിണിതഫലം, ഭാഷാന്യൂനപക്ഷമായ കുർദുകൾ (ജനസംഖ്യയുടെ ഏകദേശം 20%) തുർക്കിയിൽ വിവേചനം നേരിടുന്ന വംശീയവിഭാഗമായി മാറിയെന്നതാണ്. “കുർദിഷ്”, “കുർദിസ്ഥാൻ” എന്നീ പദങ്ങൾ 1920-കളുടെ ആരംഭത്തിൽ തന്നെ നിരോധിക്കപ്പെട്ടിരുന്നു. കൂടാതെ കുർദ് ഭാഷയുടെ ഉപയോഗവും കുർദിഷ് ഐഡന്റിറ്റിയുടെ പ്രകടനവും 1990-കളുടെ ആരംഭം വരെ കുറ്റകരമായിരുന്നു.

അബ്ദുല്ല ഒജലാന്റെ നേതൃത്വത്തിലുള്ള വിപ്ലവ സോഷ്യലിസ്റ്റ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം "കുർദിസ്ഥാന്റെ അപകോളനിവൽക്കരണം" ആയിരുന്നു. സ്ത്രീകളെ അവരുടെ പോരാട്ടത്തിന്റെ കാതലായി പ്രതിഷ്ഠിച്ച്, പ്രസ്ഥാനം "സ്ത്രീകൾ സ്വതന്ത്രരായാൽ മാത്രമേ ഒരു രാജ്യം സ്വതന്ത്രമാകൂ" എന്ന മുദ്രാവാക്യം സ്വീകരിച്ചു. 1990 മുതൽ, ഈ സമീപനം സ്ത്രീവിപ്ലവപ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ചു. സായുധസേനയിലുള്ള സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം, കുർദിസ്ഥാനിലെ ലിംഗപരമായ സാമൂഹിക ഗുണങ്ങളെയും ലിംഗബന്ധങ്ങളുടെ കൂട്ടായ ഭാവനയെയും പരിഷ്കരിക്കാൻ തുടങ്ങി. 1999-ലെ ഒജലാന്റെ അറസ്റ്റിനെ തുടർന്ന് ഒരു സ്വതന്ത്ര ദേശരാഷ്ട്രം സ്ഥാപിക്കുന്നതിലാണ് വിമോചനപ്രസ്ഥാനം ശ്രദ്ധ കേന്ദ്രീകരിച്ചത്. "ജനാധിപത്യ കോൺഫെഡറലിസം" എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബദൽ ഭരണകൂടമാണ് ഈ വിധം രൂപമെടുത്തത്.

ഒജലാന്റെ അഭിപ്രായത്തിൽ, സ്ത്രീയായിരുന്നു ആദ്യത്തെ കോളനി. കൊളോണിയലിസവും മുതലാളിത്തവും ഉൾപ്പെടെ മറ്റെല്ലാ തരത്തിലുള്ള ആധിപത്യവും ഈ ആദിമ ആധിപത്യബന്ധത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്തത്.

കുർദിഷ് സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പ്രധാന ആശയ അടിത്തറയാണ് അബ്ദുല്ല ഒജലാൻ 2005-ൽ തടവറയിൽ നിന്ന് വികസിപ്പിച്ചെടുത്ത ജനാധിപത്യ കോൺഫെഡറലിസം (Democratic Confederalism). ഒരു രാഷ്ട്രീയ ബദലാണിത്. ഒരു ബദൽ രാഷ്ട്രമല്ല, മറിച്ച് ഭരണകൂട ബദൽ. പരമ്പരാഗത ദേശരാഷ്ട്ര (nation-state) മാതൃകയെ ഉപേക്ഷിച്ച് ഒരു ഭരണകൂടരഹിത ജനാധിപത്യം (stateless democracy) നിർമിക്കുക എന്നതാണ് അതിന്റെ ലക്‌ഷ്യം.

ജനാധിപത്യ കോൺഫെഡറലിസം ഒരു ബോട്ടം-അപ്പ് (താഴെ നിന്ന് മുകളിലേക്ക്) ജനാധിപത്യവ്യവസ്ഥയാണ്. ഇത് ഭരണകൂടത്തിൻ്റെ കേന്ദ്രീകൃത അധികാരത്തെ നിരസിക്കുന്നു. വികേന്ദ്രീകൃത സ്വയംഭരണം, നേരിട്ടുള്ള ജനാധിപത്യം (Direct Democracy), ജിനിയോളജി (Jineology)- സ്ത്രീവിമോചനം, സ്വയം പ്രതിരോധം (Self-Defense), സഹകരണ സമ്പദ്‌വ്യവസ്ഥ, പൊളിറ്റിക്കൽ ഇക്കോളജി എന്നിവയെല്ലാമാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ. ഒരു സ്വതന്ത്ര കുർദ് ദേശരാഷ്ട്രം സൃഷ്ടിക്കുകയല്ല, മറിച്ച് നിലവിലുള്ള രാജ്യങ്ങളുടെ (തുർക്കി, സിറിയ, ഇറാഖ്, ഇറാൻ) അതിർത്തികൾക്കുള്ളിൽ ജനാധിപത്യ ഫെഡറൽഘടനകൾ നിർമിക്കുക എന്നതാണ് കുർദ് സ്വാതന്ത്ര മുന്നേറ്റങ്ങൾ ആഗ്രഹിക്കുന്നത്.

അബ്ദുല്ല ഒജലാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ സോഷ്യലിസ്റ്റ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം "കുർദിസ്ഥാന്റെ അപകോളനിവൽക്കരണം" ആയിരുന്നു.
അബ്ദുല്ല ഒജലാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിപ്ലവ സോഷ്യലിസ്റ്റ് ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം "കുർദിസ്ഥാന്റെ അപകോളനിവൽക്കരണം" ആയിരുന്നു.

സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ വടക്കൻ സിറിയയിലെ റോജവയിൽ ഈ ആശയം ഏറ്റവും വലിയ തോതിൽ നടപ്പാക്കപ്പെട്ടു. കമ്യൂണുകൾ, വനിതാഘടനകൾ, ബഹുസ്വരഭരണം എന്നിവയിലൂടെ ISIS-നെതിരായ പോരാട്ടത്തിനൊപ്പം ഒരു ബദൽ സമൂഹം നിർമ്മിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ജനാധിപത്യ കോൺഫെഡറലിസം മിഡിൽ ഈസ്റ്റിലെ ദേശീയത്വം, മതഭീകരത, പിതൃമേൽക്കോയ്മ, മുതലാളിത്തം എന്നിവയ്ക്ക് ഒരു ബദൽ മാതൃകയായി കാണപ്പെടുന്നു. ലോകത്തുള്ള വിവിധ റാഡിക്കൽ ഡെമോക്രാറ്റിക്, ഇക്കോ- ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഈ ആശയം പ്രചോദനമായിട്ടുണ്ട്.

രണ്ടാം അധ്യായത്തിലും പുസ്തകത്തിൽ പലയിടത്തും അല്പം ദീർഘമായ പ്രതിപാദിക്കുന്ന ആശയമാണ് അബ്ദുല്ല ഒജലാന്റെ ജിനിയോലോജി (Jineolojî) എന്ന ആശയം. ഒരു സാമൂഹിക പ്രസ്ഥാനമായും സാംസ്‌കാരിക പ്രയോഗമായും, വികസിതമായിക്കൊണ്ടിരിക്കുന്ന അക്കാദമിക മേഖലയായും ''സ്ത്രീകളുടെയും ജീവിതത്തിന്റെയും / സമൂഹത്തിന്റെയും ശാസ്ത്രം'' എന്നർത്ഥം വരുന്ന ജിനിയോലോജി മാറിയിരിക്കുന്നു. ലിംഗഭേദാധിഷ്ഠിതവും കൊളോണിയൽപരവുമായ വിജ്ഞാന ഉൽപാദനത്തെയും അതിന്റെ ജീവിതരീതിയുമായുള്ള ബന്ധത്തെയും തിരുത്തിയെഴുതാൻ ശ്രമിക്കുന്ന അപകോളനീകരണ പ്രയോഗമായാണ് ഒജലാൻ അതിനെ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

5000 വർഷത്തോളം പഴക്കമുള്ള പിതൃമേൽക്കോയ്മയെ ഭരണകൂട നാഗരികതയുമായി ബന്ധപ്പെടുത്തി ഗുനേസർ വിശദീകരിക്കുന്നു. പുരുഷാധിപത്യ മേധാവിത്വത്തിന്റെ ക്രമേണയുള്ള വികാസവും തുടർന്നുള്ള വർഗ്ഗമേധാവിത്വവും വംശീയതയും കൊളോണിയലിസവും ഈ പിതൃ കേന്ദ്രീകൃത വ്യവസ്ഥയെ നിയമവിധേയമാക്കിയതിനെ കുറിച്ചും ഗുനേസർ വ്യക്തമാക്കുന്നു. ഭരണകൂടവും പുരുഷനും ഏതു വിധമാണ് സ്ത്രീകൾക്കുമേൽ ആധിപത്യം സ്ഥാപിച്ചതെന്ന് അബ്ദുല്ല ഒജലാന്റെ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയും ഗുനേസർ സംവദിക്കുന്നുണ്ട്.

കോളനിവൽക്കരണത്തിനും അധികാരം നടപ്പിലാക്കുന്നതിനും അതിന്റെ തുടർച്ച നിലനിർത്തുന്നതിനും ലൈംഗികത പ്രധാന പങ്കു വഹിക്കുന്നു എന്നതുകൊണ്ടുതന്നെ ആധിപത്യത്തിൽ നിന്നും അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട ലൈംഗികത എന്ന അർത്ഥത്തിൽ സ്ത്രീസ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ "ശാശ്വത വിവാഹമോചനം" എന്ന രീതി സ്വീകരിച്ചിട്ടുണ്ട്.

ആദ്യകാലത്തെ മാതൃദായകക്രമത്തെ മറികടക്കുക എന്നതിന് ചരിത്രത്തിൽ തന്ത്രപരമായ പ്രാധാന്യമുണ്ടായിരുന്നു. അതില്ലായിരുന്നെങ്കിൽ, പുരുഷാധിപത്യവും അതിനോടൊപ്പമുള്ള ഭരണകൂട അധികാരവും വിജയിക്കുമായിരുന്നില്ല. ഒരു പുരുഷാധിപത്യ സമൂഹത്തിന് ശ്രേണീകൃതവും സ്വേച്ഛാധിപത്യപരവുമായ ഘടന അത്യാവശ്യമാണ്. പുരുഷാധിപത്യ ഘടനകളുടെ സ്ഥാപനം വർഗ്ഗ വിഭജനത്തിലേക്കും ഭരണകൂട (സ്റ്റേറ്റ് ) രൂപീകരണത്തിലേക്കും ഉള്ള പാതയിലെ ഒരു അടിസ്ഥാനഘട്ടമാണ്.

നിലവിലെ മുതലാളിത്തസമൂഹം മുൻകാലങ്ങളിലെ എല്ലാ ചൂഷണ സമൂഹങ്ങളുടെയും തുടർച്ചയും പരിസമാപ്തിയുമാണെന്ന് ഒജലാൻ നിരീക്ഷിക്കുന്നു. ലളിതമായി പറഞ്ഞാൽ, മുതലാളിത്തവും ദേശീയ രാഷ്ട്രവും സ്വേച്ഛാധിപതിയും ചൂഷണാത്മകനുമായ പുരുഷന്റെ കുത്തകയാണ്. പ്രത്യയശാസ്ത്രമേധാവിത്വം കൂടാതെ രാഷ്ട്രീയവും സൈനികവുമായ അടിച്ചമർത്തലിലൂടെ മാത്രം മുതലാളിത്ത ആധുനികത നിലനിർത്തുക അസാധ്യമാണ്. മുതലാളിത്തം സമൂഹത്തിന്റെ അറിവിനെ നിയന്ത്രിക്കാൻ മതത്തെ ഉപയോഗിക്കുമ്പോൾ, വർഗങ്ങളെയും പൗരരെയും നിയന്ത്രിക്കാൻ ദേശീയതയെ ഉപയോഗിക്കുന്നുവെന്ന് ഒജലാൻ പറയുന്നു. ലിംഗവിവേചനത്തിന്റെ ലക്ഷ്യം സ്ത്രീകൾക്ക് മാറ്റത്തിന്റെ പ്രതീക്ഷ നിഷേധിക്കുക എന്നതാണ്.

കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഒജലാന്റെ അഭിപ്രായത്തിൽ, സ്ത്രീയായിരുന്നു ആദ്യത്തെ കോളനി. കൊളോണിയലിസവും മുതലാളിത്തവും ഉൾപ്പെടെ മറ്റെല്ലാ തരത്തിലുള്ള ആധിപത്യവും ഈ ആദിമ ആധിപത്യബന്ധത്തെ മുന്നോട്ടുകൊണ്ടുപോവുകയാണ് ചെയ്തത്. പ്രത്യയശാസ്ത്രപരമായ അടിമത്തം, ബലപ്രയോഗം, സമ്പത്ത് പിടിച്ചെടുക്കൽ എന്നിവയിലൂടെയാണ് സ്ത്രീകളുടെ അടിമത്തം സാധ്യമായത് എന്ന് ഒജലാൻ വ്യക്തമാക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ത്രീകൾ സ്വയംസംഘടിക്കണം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ റോജാവാ പ്രസ്ഥാനം സ്ത്രീകൾക്ക് സമൂഹത്തിന്റെ സമസ്ത മേഖലകളിലും കൂടുതൽ പ്രാധാന്യം നൽകാനും, അവരെ നേതൃനിരയിൽ തന്നെ നിർത്താനുമുള്ള ഇടപെടലുകൾ കൃത്യമായി നടത്തുന്നു. സ്ത്രീയും സ്വതന്ത്രജീവിതവും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധമാണ് 'സ്ത്രീശാസ്ത്രം’ എന്ന നിലയിൽ ജിനിയോലോജിയുടെ അടിസ്ഥാന ആശയം.

ഹാവിൻ ഗുനേസർ.  5000 വർഷത്തോളം പഴക്കമുള്ള പിതൃമേൽക്കോയ്മയെ ഭരണകൂട നാഗരികതയുമായി ബന്ധപ്പെടുത്തി ഗുനേസർ വിശദീകരിക്കുന്നു.
ഹാവിൻ ഗുനേസർ. 5000 വർഷത്തോളം പഴക്കമുള്ള പിതൃമേൽക്കോയ്മയെ ഭരണകൂട നാഗരികതയുമായി ബന്ധപ്പെടുത്തി ഗുനേസർ വിശദീകരിക്കുന്നു.

ജിനിയോലോജിയുടെ രൂപീകരണത്തിലും പ്രയോഗത്തിലും അബ്ദുല്ല ഒജലാന്റെ പങ്ക് ഗണ്യമായിരുന്നു. ഒപ്പം സാകിൻ കാൻസിസ് (Sakine Cansız) ഉൾപ്പെടെയുള്ള പ്രധാന സ്ത്രീപോരാളികളും ഈ മുന്നേറ്റത്തിന്റെ ചാലകശക്തിയായി ഉണ്ടായിരുന്നു.

സംഘടനയിലെ ചില പുരുഷഅംഗങ്ങളിൽ നിന്ന് നിഷേധാത്മക പ്രതികരണങ്ങളുണ്ടായിട്ടും, അദ്ദേഹം സ്ത്രീകൾക്ക് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പ്രത്യയശാസ്ത്ര, സംഘടനാ മേഖലകളിൽ ഇടം തുറന്നുകൊടുക്കുകയും ഇതിനുപിന്നിൽ ശക്തമായി നിലകൊള്ളുകയും ചെയ്തു. സ്ത്രീപ്രസ്ഥാനങ്ങൾ തന്നെ വിവിധ കാലഘട്ടങ്ങളിൽ കാലോചിതമായ പുനഃസംഘാടനങ്ങളിലൂടെ കടന്നു പോയി. സ്വതന്ത്ര വനിതാഅസോസിയേഷൻ ഓഫ് കുർദിസ്ഥാൻ-YAJK (1995), പാർട്ടിയ ജിനൻ കർകെറൻ കുർദിസ്ഥാൻ (കുർദിസ്ഥാനിലെ വനിതാ തൊഴിലാളി പാർട്ടി; PJKK- 1998), പാർട്ടിയ ജിന ആസാദ് (സ്വതന്ത്ര സ്ത്രീകളുടെ പാർട്ടി- 2000), കോമ ജിനെൻ ബിലിന്ദ് (സ്ത്രീകളുടെ ഉന്നത കൗൺസിൽ KJB- 2005) എന്നിവയെല്ലാം പലപ്പോഴും സാമ്പ്രദായിക ഇടതു ചിന്തയെയും, പാർട്ടിഘടനയെയും മറികടന്ന് കൂടുതൽ വിശാലമായതും സമഗ്രവുമായ ജനാധിപത്യരൂപം സ്വീകരിച്ച സംഘടനകളായിരുന്നു.

കുർദ് പ്രവിശ്യ മധ്യപൂർവദേശത്തെ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായതുകൊണ്ടു തന്നെ, ഹാവിൻ ഗുനേസറിന്റെ ‘ദി ആർട്ട് ഓഫ് ഫ്രീഡം: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ദി കുർദിഷ് ലിബറേഷൻ സ്ട്രഗിൾ’ എന്ന പുസ്തകം മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വളരെ പ്രസക്തമാണ്.

കോളനിവൽക്കരണത്തിനും അധികാരം നടപ്പിലാക്കുന്നതിനും അതിന്റെ തുടർച്ച നിലനിർത്തുന്നതിനും ലൈംഗികത പ്രധാന പങ്കു വഹിക്കുന്നു എന്നതുകൊണ്ടുതന്നെ ആധിപത്യത്തിൽ നിന്നും അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട ലൈംഗികത എന്ന അർത്ഥത്തിൽ സ്ത്രീ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ "ശാശ്വത വിവാഹമോചനം" - Eternal Divorce - എന്ന രീതി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ മാത്രമല്ല, പുരുഷന്റെ സ്വാതന്ത്ര്യത്തിന്റെയും ചോദ്യത്തെ പ്രശ്നവൽക്കരിക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഒജലാൻ കരുതുന്നു. അതുകൊണ്ടാണ് കുർദിഷ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിനുള്ളിലെ ജനാധിപത്യ സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വമായി ‘ആധിപത്യ പുരുഷനെ കൊല്ലുക’ (‘Killing the hegemonic man’) എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത്. കുർദിഷ് സ്വാതന്ത്ര്യ പ്രസ്ഥാനം കുർദിഷ് സമൂഹത്തെയും പുരുഷവിപ്ലവകാരികളെയും ബോധ്യപ്പെടുത്താൻ ശ്രമിച്ച ഒരു കാര്യം, സ്ത്രീകളുടെ അടിമത്തം സ്ത്രീകളെ മാത്രമല്ല ബാധിക്കുന്നത് എന്നതാണ്. ഇത് പുരുഷന്മാരുടെ സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നു എന്ന് വ്യക്തമാക്കിക്കൊടുക്കാൻ ഈ മുന്നേറ്റത്തിന് ഒരു പരിധി വരെ സാധിക്കുകയും ചെയ്യുന്നുണ്ട്.

192 പേജുള്ള ഈ പുസ്തകം വിപ്ലവകരമായ ഒരു സ്ത്രീപക്ഷ രാഷ്ട്രീയവും ശക്തമായ ജനാധിപത്യ ആശയങ്ങളും മിഡിലീസ്റ്റ് ബദൽ മാതൃകയുടെ സാധ്യതകളും ചർച്ച ചെയ്യുന്നു. കുർദ് പ്രവിശ്യ മധ്യപൂർവദേശത്തെ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായതുകൊണ്ടു തന്നെ, ഈ പുസ്തകം മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വളരെ പ്രസക്തമാണ്.

റോജാവയിലെ ജനാധിപത്യ കോൺഫെഡറലിസത്തിലെ പരീക്ഷണങ്ങൾ ഇന്നും വലിയ ആക്രമണം നേരിടുന്നുണ്ട്. ഇസ്ലാമിക കൂലിപ്പടയാളികളുടെ പിന്തുണയോടെ സിറിയയിലെ ഇടക്കാല സർക്കാർ സ്വയംഭരണപ്രദേശമായ റോജാവ മേഖലയിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. റോജാവ ഭരണകൂടത്തെയും അതിൻ്റെ സായുധവിഭാഗത്തെയും തീവ്രവാദികളായി മുദ്രകുത്തി പതിവായി വ്യോമാക്രമണങ്ങളും, മറ്റ് മനുഷ്യാവകാശലംഘനങ്ങളുമാണ് തുർക്കി സൈന്യം തുടരുന്നത്. അതിനോടുള്ള സായുധ പ്രതിരോധമുൾപ്പെടെയുള്ള ചെറുത്തു നിൽപ്പുകൾ റെജാവയിൽ നടക്കുന്നുണ്ട്. കഴിഞ്ഞ 27 വർഷമായി തടവറയിലുള്ള അബ്ളുള്ള ഒജലാൻ്റെ മോചനത്തിനായുള്ള ശക്തമായ ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നു.

192 പേജുള്ള ഈ പുസ്തകം വിപ്ലവകരമായ ഒരു സ്ത്രീപക്ഷ രാഷ്ട്രീയവും ശക്തമായ ജനാധിപത്യ ആശയങ്ങളും മിഡിലീസ്റ്റ് ബദൽ മാതൃകയുടെ സാധ്യതകളും ചർച്ച ചെയ്യുന്നു.
192 പേജുള്ള ഈ പുസ്തകം വിപ്ലവകരമായ ഒരു സ്ത്രീപക്ഷ രാഷ്ട്രീയവും ശക്തമായ ജനാധിപത്യ ആശയങ്ങളും മിഡിലീസ്റ്റ് ബദൽ മാതൃകയുടെ സാധ്യതകളും ചർച്ച ചെയ്യുന്നു.

സ്വയംഭരണം, പരമാധികാരം, സ്വയം നിർണ്ണയാവകാശം എന്നിവ എങ്ങനെ ഉറപ്പാക്കാം, നിലവിലുള്ള ദേശരാഷ്ട്രരീതികളുമായി ഇടപെടേണ്ടത് എങ്ങനെ എന്ന ചില ചോദ്യങ്ങൾ മുന്നിൽ വെച്ചുകൊണ്ടുള്ള വായനയാണ് പുസ്തകം ആവശ്യപ്പെടുന്നത്. കുർദിഷ് വിമോചനസമരം ഉത്തരങ്ങൾക്കായി തിരയാൻ കഴിയുന്ന ചില പ്രായോഗിക സന്ദർഭങ്ങൾ നമുക്കു നൽകുന്നു. ഗുനേസർ ഉപസംഹരിക്കുന്നതുപോലെ, "കീഴടങ്ങലോ നിരാശയോ ഒരു ഓപ്ഷനല്ല" (neither surrender nor hopelessness are an option). അതുകൊണ്ട് നമുക്ക് ചിന്തിക്കാവുന്ന ചില ബദലുകൾ കൂടി നൽകുന്നു, സ്വാതന്ത്ര്യത്തിന്റെ കലയെ കുറിച്ചുള്ള ഹേവിൻ ഗുനേസറിന്റെ പുസ്തകം. കുർദിഷ് ഭാഷയിൽ 'Heval' എന്നാൽ Comrade എന്നാണ-ർത്ഥം. 🌿

(The Art of Freedom: A brief History of the Kurdish Liberation struggle, Havin Guneser, PM Press -2021, Pages: 192).


Summary: Havin Guneser's book The Art of Freedom: A Brief History of the Kurdish Liberation Struggle, Dr Smitha P Kumar writes.


ഡോ. സ്മിത പി. കുമാർ

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻറർ പ്രിൻസിപ്പൽ. കാർഷിക പ്രശ്​നങ്ങൾ, ജെൻഡർ പൊളിറ്റിക്​സ്​ എന്നീ ​വിഷയങ്ങളെക്കുറിച്ച്​ എഴുതുന്നു.

Comments