വിക്ടർ ലീനസ്: ഏകാന്ത നഗരശില്പിയ്ക്ക് ഒരു ആമുഖം

This town is filled with echoes. It's like they were trapped behind walls, or beneath the cobblestones. When you walk you feel like someone's behind you, stepping in your footsteps. You hear rustlings. And people laughing. Laughter that sounds used up. And voices worn away by the years. Sounds like that. But I think the day will come when those sounds fade away'

-Pedro Páramo (Juan Rulfo)

ങ്ങനെയൊരു കുറിപ്പ് എഴുതും മുൻപ് ആ കഥകളെല്ലാം ഒരിക്കൽക്കൂടി വായിക്കണമോ എന്ന് സ്വയം ചോദിച്ചു. ആവാം. എങ്കിലും, മറവിയുടെ മണൽക്കാറ്റിൽ മാഞ്ഞുപോയ വഴികൾ തേടിപ്പിടിച്ചുകൊണ്ട് ആ ഏകാന്ത നഗരത്തിലൂടെ സഞ്ചരിച്ചതിനെപ്പറ്റി എഴുതുമ്പോൾ ഓർമ്മകളിൽ നിന്നും മാത്രം വാക്കുകൾ കുഴിച്ചെടുക്കാൻ ശ്രമിക്കണം. അത്രയാഴത്തിൽ പതിഞ്ഞ പലതിനെയും കുറിച്ചോരോർമ്മക്കുറിപ്പെഴുതുമ്പോൾ, ആവശ്യമെന്ന് തോന്നിയാൽ, ഉദ്ധരണികൾ തിങ്ങി നിറഞ്ഞ ആ പഴയ ഡയറിയുടെ താളുകളിൽ അന്ന് പകർത്തിയെഴുതിയ അയാളുടെ വരികളെ ഒന്നുകൂടി മറിച്ചു നോക്കാം, ഒപ്പം ചില മാർജിൻ നോട്ടുകളെയും.

ഓരോ കഥയും ഓരോ തെരുവ്. അതിലോരോന്നിലും വീശുന്ന കാറ്റിന്റെ ഗന്ധം പലത്, തണൽരൂപങ്ങൾ പലത്, വാസസ്ഥലങ്ങളുടെ സ്വഭാവം പലത് പക്ഷെ ഉറങ്ങുമ്പോൾ നമ്മളെല്ലാം ഒന്നെന്ന പോലെ, ഒരു വ്രണിത ചന്ദ്രന്റെ നിലാവെളിച്ചത്തിന്റെ കീഴിൽ അവയെല്ലാം ചേർന്നൊരു നഗര ഭൂപടത്തിന് ജീവൻ നൽകുന്നു. തന്റെ സന്ദേഹങ്ങളിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന്, നെയ്‌തെടുത്ത അദൃശ്യമായൊരു നൂലുകൊണ്ട് കഥകളെ തമ്മിൽ ചേർത്തുകെട്ടിയ ആ നഗരശില്പിയുടെ പേര് - വിക്ടർ ലീനസ്; മുഴുമിപ്പിക്കും മുൻപ് കർട്ടൻ വീണു മാഞ്ഞു പോയ മാജിക് ട്രിക്ക് പോലെ ഒരു മനുഷ്യൻ.

വിക്ടർ ലീനസ്
വിക്ടർ ലീനസ്

ഇതാ, ഞാൻ അയാളുടെ നഗരത്തിൽ - വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു വാടകക്കാരനായി കൊച്ചിയിലേയ്ക്ക് ചേക്കേറിയപ്പോൾ മനസ്സിൽ വന്ന ആദ്യ തിരിച്ചറിവുകളിൽ ഒന്ന്. എളംകുളത്തെ ഒറ്റമുറി ജീവിതത്തിലെ ചില രാത്രികളിൽ ഉഷ്ണം കനക്കുമ്പോൾ, ഒരിക്കലും ഉറങ്ങാത്ത നഗരത്തിന്റെ ശബ്ദങ്ങൾക്കിടയിൽ ദൂരെ എവിടെനിന്നെങ്കിലും ഒരു മഴ ഇരമ്പുന്നുണ്ടോ എന്ന് വെറുതെ തിരയുമ്പോൾ, ഉറങ്ങാൻ വിസമ്മതിച്ചു നിൽക്കുന്ന മനസിലേക്ക് അറിയാതെ പലപ്പോഴും വിക്ടർ ലീനസിന്റെ മുഖം വരും.

ഗോർഡൺ വില്ലിസിന്റെ "ഗോഡ്ഫാദർ' സിനിമാറ്റോഗ്രാഫി ഓർമിപ്പിക്കും വിധം പാതി ഇരുണ്ട ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിൽ ഒരു മുഖം. വില്ലിസിന്റെ ലൈറ്റിങ്ങിൽ കൊപ്പോളയുടെ ഫ്രേമുകളിലെ ക്‌ളോസപ്പ് ഷോട്ടുകളിൽ കഥാപാത്രങ്ങളുടെ പാതി മുഖം കനത്ത ഇരുട്ടിന്റെ ആവരണത്തിലേക്ക് പലപ്പോഴും പിൻവലിയുന്നുണ്ട്. ശരിതെറ്റുകൾക്കിടയിൽ, നന്മ-തിന്മകൾക്കിടയിൽ ഉഴലുന്ന കഥാപാത്രങ്ങളുടെ അതിസങ്കീർണമായ ഭാവവ്യതിയാനങ്ങളെ കാവ്യാത്മകമായി സ്‌ക്രീനിൽ എൻകോഡ് ചെയ്യാൻ ഉപയോഗിച്ച സാങ്കേതിപദ്ധതിയായിരുന്നു അത്. പക്ഷെ, വിക്ടർ ലീനസ് ഒരു മരിയോ പുസോ കഥാപാത്രമല്ല. ഒരു ചിരി പാതിയിൽ നിർത്തിയ ലീനസിന്റെ ഛായാചിത്രത്തിൽ, മുഖത്തെ ഇരുട്ടിൽ നിഴലിക്കുന്നത് അയാൾ ജീവിച്ചു തീർത്ത വ്യഥകളാവാം; മറുപാതിയെ പ്രശോഭിപ്പിക്കുന്ന വെള്ളിവെളിച്ചം, എഴുത്തിലൂടെ അയാൾ ജീവിതത്തോട് നടത്തിയ സമര ശ്രമങ്ങളും.

ലീനസിന്റെ കഥകളെക്കുറിച്ചോർക്കുമ്പോഴെല്ലാം ചിന്തിക്കാറുള്ളത് അവ അച്ചടിച്ചു വന്ന കാലത്ത് എങ്ങനെയാവാം വായിക്കപ്പെട്ടിട്ടുണ്ടാവുക എന്നാണ്. മലയാള സാഹിത്യം, ഭാഷയിലും ഭാവുകത്വ പരിസരങ്ങളിലും വലിയ പരിണാമങ്ങൾ നേരിട്ട ഒരു കാലഘട്ടത്തിലാണല്ലോ ലീനസ് രംഗപ്രവേശനം ചെയ്യുന്നത് - ദേശത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ വലിയ ഭൂകമ്പങ്ങൾക്ക് തയ്യാറെടുത്തിരുന്ന 70 കളിൽ, ഉത്തരാധുനികതയിലേയ്ക്ക് ചുവടുമാറാനുള്ള പര്യാലോചനകൾ സജീവമായിരുന്നുവെന്ന് പറയപ്പെടുന്ന ഭാവനകളുടെ നാൽക്കവലയിൽ. ലീനസിന്റെ ആദ്യ കഥ മലയാള വായനക്കാർ പരിചയപ്പെട്ടിട്ട് അരനൂറ്റാണ്ടടുക്കുന്നു. ഒടുവിലെ "യാത്രാമൊഴി'ക്ക് വയസ്സ് മുപ്പതാകുന്നു. എന്നിട്ടും എണ്ണത്തിൽ ചുരുങ്ങിയ കഥകളാൽ ലീനസ് സൃഷ്ടിച്ച ഏകാന്ത നഗരത്തിലെ വിളക്കുമാടങ്ങളിലെ വെളിച്ചം പുതിയ കാലത്തിലെ വായനക്കാരെയും അതിന്റെ തീരത്തേയ്ക്ക് ആകർഷിക്കുന്നു. കാലാതീതമായ സംവേദനശേഷിയുള്ള ആ കഥകളെ നമ്മൾ എത്രത്തോളം ഗൗരവത്തോടെ സമീപിച്ചിട്ടുണ്ട്, ചർച്ച ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു വിഷയം.

ലീനസിന്റെ ഭാഷയും കഥയരങ്ങിലെ കാലവും ദേശവും കലണ്ടറുകൾക്കും ഭാഷാ പ്രസ്ഥാനങ്ങൾക്കും അനുബന്ധവാദങ്ങൾക്കും അതീതമായി നിലകൊള്ളുന്നതായി തോന്നിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ - അനായാസമായ ഭാഷ, അത് ചിലയിടങ്ങളിൽ പരിഭാഷയുടെ ശബ്ദം പോലും കൈക്കൊള്ളുന്നു, ഉപരിതലത്തിൽ പാഴിലകൾ പോലെ ചുറ്റി നടക്കുന്ന ചിത്രീകരണങ്ങൾ, തുടർക്കഥകൾ പോലെ ചിലത്. കൊടിയ വിഷാദവും, അനിശ്ചിതത്വങ്ങളും, മാനസിക സംഘർഷങ്ങളും നിറഞ്ഞ ആഖ്യാനങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങളും നിരൂപണങ്ങളും പലപ്പോഴും "kafkaesque' എന്ന വിശേഷണത്തിലേയ്ക്ക് ഒതുക്കപ്പെടുന്നു. അങ്ങനെ ലീനസ് "മലയാളത്തിന്റെ കാഫ്ക' ആയി മാറുന്നു. പക്ഷെ, പ്രകടമായിരിന്നിട്ടും പഠന വിഷയമാവാതെ പോവുന്നത് ലീനസിനൊപ്പം യാത്രചെയ്യുന്ന ബിബ്ലിക്കൽ അംശങ്ങളെയും ബോദ്ലേയെയും ഷേക്സ്പിയറിനെയും ജോൺ ഫൗൽസിനെയുമൊക്കെയാണ്.

ജോൺ ഫൗൽസ്
ജോൺ ഫൗൽസ്

പന്ത്രണ്ട് കഥകളും സ്വന്തന്ത്ര ഭൂപ്രദേശങ്ങളാണ്. എങ്കിലും നമുക്കറിയാവുന്നത് പോലെ, ചില ലീനസ് കഥകൾ മറ്റ് ചിലതിന്റെ തുടർച്ചയാണ്. "പരിദാന'ത്തിൽ തുടങ്ങി "യാത്രാമൊഴി'യിൽ അവസാനിക്കുന്ന ലീലയുടെ കഥ, "കവർ‌സ്റ്റോറി'യും "നീണ്ട നിശ്ശബ്ദതതയ്ക്ക് ശേഷ'വും ചേർന്ന് പൂരിപ്പിക്കുന്ന കഥ, ബാക്കി നാല് കഥകൾ എന്നിങ്ങനെ ലീനസ് കഥകളെ വിഭജിക്കാം.

നാലാമത്തെ കഥയായ "പരിദാന'ത്തോടെ ലീനസിന്റെ ഭാഷയിലും ഭാവനാപരിസരങ്ങളിലും വലിയ മാറ്റം സംഭവിക്കുന്നതായി കാണാം. ബനിയനുള്ളിൽ സൂക്ഷിച്ച ബോദ്ലേയുടെ "തിന്മയുടെ പൂക്കളുടെ' (The Flowers of Evil) പെൻഗ്വിൻ പതിപ്പിൽ മുഷിഞ്ഞ നോട്ടുകളുമായി നഗരത്തിൽ അലയുന്ന നായകൻ മുഖങ്ങൾ തിങ്ങി മാറുന്ന കോഫി ഹൗസിൽ ചെകുത്താനുമായി മുഖാമുഖം സംസാരിക്കുന്ന കഥ - പരിദാനം. അച്ചടിച്ച തീയതികളുടെ കാലക്രമം അനുസരിച്ചാണ് ഈ നിരീക്ഷണം; എന്നെഴുതി, എന്ന് മനസ്സിൽ ഉരുത്തിരിഞ്ഞു എന്നതൊക്കെ ലീനസിന്റെ സ്വകാര്യതയാണ്. ലീനസിന്റെ സ്വകാര്യ ജീവിതത്തെ മാറ്റിനിർത്തി ഒരു വിശകലനം അനിവാര്യം എന്നതും ഈ ലേഖനത്തിന്റെ ഉദ്ദേശമാണ്. ഒരു പക്ഷെ പന്ത്രണ്ടു കഥകളുടെ വിസ്തൃതിയിൽ ഒതുങ്ങിയ ലീനസിന്റെ സാഹിത്യ ഭൂപടത്തിലെ ഏറ്റവും മനോഹരമായ തെരുവാകാം "പരിദാനം'. ബ്രദർ ജൂണിപ്പർ എന്ന ചെല്ലപ്പേരുള്ള ലീനസിന്റെ നായകൻ തന്റെ നഗരക്കാഴ്ചകൾക്കിടയിലും ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്നത്, ആധുനിക ഫ്രഞ്ച് കവിതയുടെ തലവരയും വായ്ത്താരും മാറ്റിയെഴുതിയ ബോദ്ലേയുടെ അമൂല്യ സമാഹാരമാണ്.

മരണവും, രോഗപീഡകളും, രതിയും അധാർമ്മികതയും വിസ്മയിപ്പിക്കുന്ന തെളിച്ചത്തോടെ ആലേഖനം ചെയ്യപ്പെട്ട കവിതകളിലൂടെ ബോദ്ലേ പാരീസിന്റെ തെരുവുകളെ കുമ്പസരിപ്പിക്കുന്നു. കാല്പനികതയിൽ നിന്നും കവിതയെ മോചിപ്പിക്കുന്ന ബോദ്ലേയുടെ ഉജ്ജ്വല ഭാഷയുടെ മായിക വലയത്തിൽ ലയിച്ചിരിക്കുന്ന നമ്മുടെ ബ്രദർ ജൂണിപ്പർ. ജീവിതം ഒരു നിരർത്ഥക നാടകമായി തുടരുന്ന അയാൾക്ക് മുന്നിലേയ്ക്ക് ചെകുത്താൻ പ്രത്യക്ഷപ്പെടുമ്പോൾ സ്ഥിരപരിചയക്കാരനോടെന്ന പോലെ അവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു. ആകെയുണ്ടായിരുന്ന മൂന്ന് രൂപ നാല്പത്തിയഞ്ച് പൈസയിൽ അയാൾ കാണുന്നത് പിറ്റേന്നത്തെ ഊണ്, അതുകഴിഞ്ഞൊരു കാപ്പി എന്ന സാധ്യത മാത്രമാണ്. ആ കണക്ക് കൂട്ടലിൽ ബാക്കിവന്ന ഒന്നര രൂപയുമായി അയാൾ കാർണിവൽ മൈതാനത്ത് ഭാഗ്യം പരീക്ഷിക്കുന്നു; ഒന്നിരട്ടിപ്പിക്കാൻ സാധിച്ചാൽ ഒരു സെക്കൻഡ് ഷോ ആവാം. കറങ്ങി മാറിയ സൂചി മുനമ്പിൽ നിന്നും നിർഭാഗ്യത്തിന് കൈകൊടുത്തൊരു ദസ്തയോവ്‌സ്‌കി നായകനെപ്പോലെ നടന്നകലുമ്പോൾ ലീലയെ കണ്ടുമുട്ടുന്നു. ലീലയാണ് അയാളുടെ വീനസ് - വെള്ള വോയിൽ സാരി മാത്രം ധരിക്കുന്ന കോട്ടയംകാരി. "ഒരു ദിവസം ഞാൻ പറഞ്ഞു: അവളെ കാണാൻ ഞാൻ എന്റെ ആത്മാവ് പിശാചിന് വിൽക്കാം' എന്ന വാക്യത്തോടെയാണ് പാരിദാനം തുടങ്ങുന്നത്. അവൾ മരണമല്ല. പാതി മനുഷ്യനും പാതി മൃഗവുമായി പരിണമിച്ച, മിനോസിന്റെ ലാബിറിന്തിൽ അകപ്പെട്ട, യവന ഇതിഹാസത്തിലെ കഥാപാത്രത്തെപ്പോലെ നിരാശകളുടെ ലോകത്തേയ്ക്ക് തള്ളപ്പെട്ടവൻ തേടുന്ന വസന്തത്തിന്റെ, പുതുജീവന്റെ ദേവതയാണവൾ. സാക്കിസിന്റെ നോവലുകളിൽ പ്രത്യക്ഷപ്പെടുന്ന, മതത്തിന്റെ മതിൽക്കെട്ടിൽ നിന്നും ദൈവശാസ്ത്രത്തിന്റെ സങ്കുചിത വായനകളിൽ നിന്നും സ്വന്തന്ത്രരാക്കപ്പെട്ട യവന സങ്കൽപ്പങ്ങൾ ലീനസിന്റെ വരികളിലും സമൃദ്ധമാവുന്നു.

സാക്കിസ്, ഫ്രാൻസിസ് അസ്സീസിയുടെ കഥ (God's Pauper) പറയുന്നത് ബ്രദർ ജൂണിപ്പറിലൂടെയാണ് എന്നതും ലീനസിന്റെ നായകന്റെ ചെല്ലപ്പേരിലെ സാദൃശ്യവും ശ്രദ്ധേയം. നിഖ്യ സുനഹദോസിൽ ക്രിസ്തുവിന്റെ ദൈവത്ത്വം മനുഷ്യർ ചർച്ചചെയ്ത് തീരുമാനിച്ചപ്പോൾ സഭയിലേക്ക് ചുരുക്കപ്പെട്ട ക്രിസ്തു ദർശനത്തെ ജീവിതം കൊണ്ട് വെല്ലുവിളിച്ച ഫ്രാൻസിസിന്റെ വിശ്വസ്തൻ, ജൂണിപ്പർ. പുതിയ കാലത്തിൽ, ബോദ്ലേയുടെ പിശാചുമായി ആത്മീയതയുടെ കാപട്യം ഇല്ലാതെ സംവാദത്തിൽ ഏർപ്പെടുന്ന ലീനസിന്റെ ജൂണിപ്പർ.

ബോദ്ലേയ്‌ക്കൊപ്പം പരിദാനത്തിൽ പരാമർശിക്കപ്പെടുന്ന മറ്റൊരു പേരാണ് ജോൺ ഫൗൽസ്. അലക്ഷ്യമായ നഗരസഞ്ചാരങ്ങളുടെ വൃത്തപരിധിയിൽ ജീവിതം ഒതുക്കിയ ലീനസിന്റെ നായകൻ വിരസതയില്ലാതെ ചെയ്യുന്ന ഏക കാര്യം ഫൗൽസിന്റെ മാഗസ് (Magus) വായിക്കുന്നതാണ്. മാഗസിലെ നായകൻ നിക്കോളസ് ഉർഫ് ഒരു നിഷേധിയാണ്. "I was born in 1927, the only child of middle-class parents, both English, and themselves born in the grotesquely elongated shadow, which they never rose sufficiently above history to leave, of that monstrous dwarf Queen Victoria.' എന്ന് പറഞ്ഞുകൊണ്ട് സ്വയം പരിചയപ്പെടുത്തുന്ന ഉർഫിലെ നിഷേധി വ്യവസ്ഥാപിത സംഹിതകളെയും വരേണ്യമാർഗ്ഗങ്ങളെയും തള്ളിപ്പറയുന്നു. ഒന്നിലും ഉറച്ചു നിൽക്കാത്ത ഉർഫിന്റെ യാത്ര ഒടുവിൽ, മോറിസ് കോഞ്ചിസിന്റെ ഗോഡ്ഗെയിമിൽ (godgame) കുരുങ്ങി യാഥാർഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ തിരിച്ചറിയാനാവാതെ അബോധത്തിന്റെ ഒരു ഒറ്റപ്പെട്ട തുരുത്തിൽ ചെന്നെത്തിനിൽക്കുന്നു.

മാഗസിൻറെ കവർ
മാഗസിൻറെ കവർ

നോവൽ അവസാനിക്കുന്നത് Pervigilium Veneris (Vigil of Venus) എന്ന ലാറ്റിൻ കവിതയിൽ നിന്നും ഉദ്ധരിക്കപ്പെടുന്ന മൂന്ന് വരികളിലാണ്. അർത്ഥത്തിനുപരി വ്യക്തമായൊരു പരിഭാഷയ്ക്ക് പോലും ഇന്നോളം വഴങ്ങാത്ത ആ വരികളുടെ അർത്ഥഭേദങ്ങളിൽ നിന്നും മാഗസിന്റെ ഒടുക്കം ഊഹിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ട് വായനക്കാരും നിരൂപകരും ഇന്നും സംവാദങ്ങൾ തുടരുന്നു.

ഇങ്ങനെ, തിന്മകളുടെ പൂക്കളിൽ നിന്നും, മാഗസിൽ നിന്നും ചില ചിന്താവിഷങ്ങൾ ലീനസിന്റെ കഥകളിലേക്ക് ചേക്കേറുന്ന മനോഹരമായ കാഴ്ച്ച പരിദാനം മുതല്ക്കങ്ങോട്ട് കാണാം. അജ്ഞാതനായ നായകൻ, ലീല, റോണി, ഉഷ എന്നിങ്ങനെ ആവർത്തിക്കപ്പെടുന്ന ചില കഥാപാത്രങ്ങൾക്കൊപ്പം ചെകുത്താൻ, വീനസ്, ഗോഡ്ഗെയിം, നിഷേധം, മരണം, സമുദ്രം, കുറ്റം, അധോലോകം, ലാബിറിന്ത് എന്നിങ്ങനെ ചില സംജ്ഞകളും ആവർത്തിക്കപ്പെടുന്നു. അതിനർത്ഥം ഒരിക്കലും ലീനസ് ബോദ്ലേയിൽ നിന്നോ ഫൗൽസിൽ നിന്നോ എന്തെങ്കിലും കടമെടുത്തു എന്നല്ല. പകരം, സ്വതവേ സന്ദേഹിയായ ലീനസിന്റെ തൂലികയുടെ യാത്രയെ കൂടുതൽ തെളിച്ചമുള്ള ഭാവനകളിലേയ്ക്കും ഉയർന്ന സംവേദനശേഷിയുള്ള ആഖ്യാനത്തിലേയ്ക്കും ചോദ്യങ്ങളിലേയ്ക്കും നയിക്കാൻ ഉതകിയിട്ടുണ്ടാവാം എന്നാണ് - വർഷങ്ങൾ നീണ്ട എഡ്ഗാർ അലൻ പോ കൃതികളുടെ പരിഭാഷാ ശ്രമങ്ങൾ ബോദ്ലേയിലെ കവിയെ സ്വാധീനിച്ചത് പോലെ. പരിദാനത്തിനു മുൻപുള്ള മൂന്ന് കഥകളിലും നമ്മൾ കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ ജീവിത പരിസരങ്ങളിൽ ഒഴുക്കിനെതിരെ നീന്താൻ അശ്രാന്തം പരിശ്രമിക്കുന്നവരാണ്. ആദ്യ കഥയായ "മഴമേഘങ്ങളുടെ നിഴലിൽ' ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്.

"മതിലിനോട് ചേർന്ന അലമാരിയിൽ അവളുടെ പഴയ സാരികളാണ്.' എന്ന് തുടങ്ങുന്ന ഖണ്ഡികയും അതിനു മുൻപുള്ള ചില വരികളെയും മാറ്റി നിർത്തി വായിച്ചു നോക്കിയാൽ പുതിയൊരു കഥ തന്നെ തെളിയും. അങ്ങനെ വായിച്ച കഥയിൽ ഞാൻ കണ്ടത് രണ്ട് സന്യസ്തർ തമ്മിലുള്ള പ്രണയത്തിന്റെ സാധ്യതയാണ്. "ഒരസത്യത്തിന് സ്വയം സമർപ്പിച്ചുവെന്ന സംശയവും വെച്ചുകൊണ്ട് അവൾക്കു ജീവിക്കാൻ കഴിയില്ല' എന്ന വരി ആ വായനയുടെ സാധ്യതയിലേക്ക് കൂടുതൽ വെളിച്ചം പകരുന്നു.

"സമ്മാനം' (ജ്ഞാനികളുടെ സമ്മാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) എന്ന കഥയിലെ അച്ഛൻ - മകൻ സംഘർഷത്തിലും നന്മയുള്ള നിഷേധിയുണ്ട്. ഉന്നതകുലജാതൻ എന്ന പട്ടം വലിച്ചെറിഞ്ഞുകൊണ്ട് മണ്ണിലും വിയർപ്പിലും ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മകൻ അല്പസമയത്തെ സന്ദർശനത്തിനായി തിരികെ വരികയാണ്. രണ്ടു വട്ടം വായിച്ച ശേഷം അൽപ്പം മാറി നിന്ന് നോക്കിയാൽ, ലീനസ് ബൈബിളിലെ ധൂർത്ത പുത്രന്റെ ഉപമയെ നവീന ഭാവത്തിൽ പുനർസൃഷ്ടിച്ചതായി തോന്നും. ഒടുവിൽ സംഘർഷങ്ങൾ അലിയുന്നു, കരുണയും കരുതലും മാത്രം ബാക്കി. പാപപുണ്യങ്ങളും ശരി-തെറ്റുകളും മായുന്നു, എല്ലാം കാഴ്ചപ്പാടുകളുടെ രാഷ്ട്രീയ സംഘർഷങ്ങൾ മാത്രമായി ഒടുങ്ങുന്നു. "അപരിചിത'യിലും (ഒരു ഗോപികയുടെ കഥ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഇതുതന്നെ സംഭവിക്കുന്നു. പ്രണയത്തെ "ഉടലുകൾ തമ്മിലെന്തോ' എന്ന ഇടുങ്ങിയ നിർവചനത്തിൽ നിന്നും വേർപെടുത്തുന്നു.

സർവ്വ സദാചാരസംഹിതകളെയും ചോരപൊടിയാത്തൊരു കുരുക്ഷേത്രത്തിൽ ലീനസിന്റെ കഥാപാത്രങ്ങൾ പല കഥകളിൽ ഉടനീളം കൊല്ലുന്നു. പരിദാനത്തിന്റെ തുടർച്ചയായി "ഒരു ധീരോദാത്ത നായകൻ' വായിച്ചാൽ, ബ്രദർ ജൂണിപ്പറിന്റെയും ലീലയുടെയും കഥയിലേക്ക് റോണി എന്ന anti-hero രംഗപ്രവേശനം ചെയ്യുന്നത് കാണാം. ബോംബയിൽ ഒരു ഹോട്ടലിൽ നിന്നും റോണി ഒരു പെൺകുട്ടിയെ രക്ഷിച്ചുകൊണ്ട് വരുന്നു. ""അഞ്ച് ദിവസം അഞ്ചാളുകൾ'', വിതുമ്പലുകൾക്കിടയിൽ അവൾ രക്ഷകനോട് പറയുന്നു. തിരികെയുള്ള യാത്രയിലുടനീളം റോണി അവളെ ചേർത്ത് പിടിക്കുന്നു. ഒടുവിൽ അവളുടെ വീട്ടിലേയ്ക്കുള്ള വഴി തിരിയാതെ കാർ പായുന്നു എന്ന സന്ദേഹത്തിന് ഉത്തരമായി റോണി പറയുന്നു: "ഈ രാത്രി നിനക്കെന്റെകൂടെ കഴിയാം. ഒരാളും ഒരു രാത്രിയും വലിയ വ്യത്യാസം വരുത്താനില്ല, ഉവ്വോ?'. ജെയിംസ് ജോയ്സിന്റെ യൂലിസ്സസിലെ ലിയോപോൾഡ് ബ്ലൂമിനെ ഓർമ്മയില്ലേ? പത്മരാജന്റെ ഉദകപ്പോളയിലെ ജയകൃഷ്ണനെ? ആധുനിക സാഹിത്യത്തിലെ anti-hero കഥാപാത്രങ്ങൾ ചേർന്ന് പൂരിപ്പിക്കുന്ന അധോലോകത്തിലേയ്ക്ക് ലീനസ് ഒരു റോണിയെ മാമ്മോദീസ മുക്കുന്നു. "സമുദ്ര പരിണാമത്തിൽ' കഥ തുടരുകയാണ്. കൈത്തണ്ടയിലെ ഞെരമ്പു മുറിച്ചവൾ ആത്മഹത്യ ചെയ്തു. ജഡം കടലിൽ താഴ്ത്താനുള്ള റോണിയുടെ യാത്രയിൽ കൂട്ട് ബ്രദർ ജൂണിപ്പർ. "കപ്പൽ ചാലിന്റെ അതിരിൽ ലൈറ്റ്‌ബോയ്കളൊന്നൊന്നായി ഞങ്ങൾ കടന്നുപോയി. ഇടത്ത്, തെക്ക് നേവൽ ബാറ്ററിയുടെ വിളക്കുകൾ. പടിഞ്ഞാറ് ചക്രവാളത്തിന്റെ അർദ്ധവൃത്തത്തിൽ അജ്ഞാതലക്ഷ്യങ്ങളിലേയ്ക്ക് നീങ്ങുന്ന കപ്പലുകളുടെ നിശ്ചലരൂപങ്ങൾ. അവയ്ക്ക് മീതെ അസ്തമിക്കുന്ന വീനസ്' - ബ്രദർ ജൂണിപ്പറിന്റെ കഥയിൽ വീനസിന്റെ സാന്നിദ്ധ്യം വീണ്ടും. ജഡം, ഒരു മുറിവും കാണിക്കാത്ത കടലിൽ തള്ളി. അതിരില്ലാത്ത കടലിനെ നോക്കി റോണി പാടി;

"Full fathom five my, love lies.
Of her bones are coral made.
My love has suffered a sea change'

ഷേക്സ്പിയർ, ടെംപെസ്റ്റ്. റോണി പാടുന്നത് അയാളുടെ വേർഷൻ. ഷേക്സ്പിയറിന്റെ വരികൾ;

"Full fathom five thy father lies;
Of his bones are coral made;
Those are pearls that were his eyes:
Nothing of him that doth fade,
But doth suffer a sea-change
Into something rich and strange.
Sea-nymphs hourly ring his knell:
Ding-dong.
Hark! now I hear them,-ding-dong, bell.'

കടൽക്കാറ്റ് കൊണ്ടുപോയ പിതാവിനെ ഓർത്ത് സങ്കടപ്പെടുന്ന നേപ്പിൾസ് രാജകുമാരൻ ഫെർഡിനാൻഡിനോട്, മരണം അനിവാര്യമായൊരു പരിണാമം മാത്രമാണെന്നാണ് ഏരിയൽ പറയുന്നത്. അടിത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട മൃതശരീരങ്ങളിൽ നിന്നും ബാക്കിനിൽക്കുന്ന മാംസം ഉപ്പിളളിയിച്ചു സമുദ്രം മനോഹരമായ പവിഴപ്പുറ്റുകളാക്കി മാറ്റുന്നു, ജീവനസ്തമിച്ച കണ്ണുകളെ പ്രകാശം വിതറുന്ന മുത്തുകളാക്കി രൂപാന്തരപ്പെടുത്തുന്നു. മരണം അർത്ഥവത്തായൊരു മാറ്റം. കഥ തുടരുന്നു "വിരുന്നി'ലൂടെ. വിരുന്നിൽ ലീല വീണ്ടും പ്രത്യക്ഷപ്പെടുന്നു, പ്രഭുവിന്റെ സ്ത്രീലിംഗമെന്തെന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ട് അവൾ കോട്ടയത്തേയ്ക്ക് ട്രെയിൻ കയറുന്നു. ചോദ്യങ്ങൾക്കെല്ലാം ഒടുവിൽ "വിട'യിൽ ലീല മരിക്കുന്നു. എം കൃഷ്ണൻ നായർ ലീലയുടെ മരണത്തെക്കുറിച്ചു പറയുന്നത്; "ശ്രീ വിക്ടർ ലീനസ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ""വിട'' എന്ന ദീർഘമായ കഥ അലമാരിയിൽ പ്രയോജനമില്ലാതെയിരിക്കുന്ന പ്ലെയ്റ്റാണ്. കായലിലെ വട്ടം കറങ്ങലാണ്. റോഡിൽ ഒരു അപകടമുണ്ടാകുന്നു. മരിച്ചത് കഥ പറയുന്ന ആളിനു പരിചയമുള്ള ഒരു വേശ്യപ്പെൺകുട്ടി. ആശുപത്രിയിൽച്ചെന്ന് ആളാരെന്നു മനസ്സിലാക്കി അവളുടെ അമ്മയെ അയാൾ വിവരം അറിയിക്കുന്നു. മൃതദേഹം അവളുടെ വീട്ടിലെത്തിച്ച് ചിതയിൽ എരിക്കുന്നു. തിരിച്ചുപോരുന്നു. ഉൾക്കാഴ്ചയില്ലാത്ത വെറും "റെപ്രിസെന്റേഷൻ' ചിത്രീകരണം. ചിത്രീകരണം കലയാവണമെങ്കിൽ സാർത്ഥകമാവണമത്. അതില്ല ഇക്കഥയിൽ. വർണ്ണനത്തിൽ ചില സൂക്ഷ്മഭേദങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ടെന്നാണ് കഥാകാരന്റെ മട്ട്. പക്ഷേ ഒരു ചുക്കുമതിലില്ല. അറുമുഷിപ്പൻ വിവരണം കലയാകുമെങ്കിൽ ഇതു കലതന്നെ. കഥതന്നെ. ദൗർഭാഗ്യത്താൽ അത്തരം വിവരണങ്ങൾ ഇന്നേവരെ കലയായിട്ടില്ല, കഥയായിട്ടില്ല.' (സാഹിത്യ വാരഫലം, കലാകൗമുദി, 22 ഡിസംബർ 1991). ചിന്തനീയം, എങ്കിലും കാൽനൂറ്റാണ്ടിനിപ്പുറം ആശയപരമായി ആദരപൂർവം വിയോജിക്കുന്നു. സദാചാരം പറഞ്ഞു തേഞ്ഞ വിഷയമായി തോന്നിയാലും, കുറഞ്ഞ പക്ഷം മഹാത്മാഗാന്ധി റോഡിലൂടെ തെക്കോട്ട് പോവുന്ന സമരജാഥയെയും, ശ്മാശാനത്തിലും അവസാനിക്കാത്ത വോയറിസ്റ്റിക്ക് നോട്ടങ്ങളെയെങ്കിലുമൊക്കെ "ഉൾക്കാഴ്ചയില്ലാത്ത' ആ രൂപകങ്ങളിൽ പേരിനെങ്കിലും കാണാമായിരുന്നു.

Feast_of Venus (Painting, Peter Paul Rubens)
Feast_of Venus (Painting, Peter Paul Rubens)

"വിട'യിൽ ലീനസിന്റെ ഭാഷ കൂടുതൽ മൂർച്ചയുള്ളതാവുന്നു. കഥാപാത്രങ്ങളുടെ വ്യക്തിപര പരിസരങ്ങൾക്കപ്പുറം കഥയുടെ അതിർത്തി വിപുലപ്പെടുന്നു. വീനസിന്റെ അസ്തമനം എന്ന വായനയ്ക്കപ്പുറം ഇന്നും (എന്നും) പ്രസക്തമായ ചില ചോദ്യങ്ങൾ ലീലയുടെ ജീവിതവും മരണവും ബാക്കി നിർത്തുന്നു. യോസയുടെ സ്ത്രീകൾ, പത്മരാജന്റെ പെണ്ണുങ്ങൾ, ലീനസിന്റെ സ്ത്രീകഥാപാത്രങ്ങൾ എന്നൊക്കെയുള്ള തലക്കെട്ടുകളിൽ വാക്കുകൾക്ക് പഞ്ഞവും മൂർച്ചക്കുറവും ഇല്ലാത്ത പഠനങ്ങൾ പലത് വന്നാലും, സ്വകാര്യമായി അവരെ എത്ര ആരാധിച്ചാലും നമ്മുടെ പകൽവെട്ടങ്ങളിൽ ക്ലാരയും ലീലയുമൊക്കെ എന്നും വ്യഭിചാരണികൾ മാത്രമാണ്. അവരുടെ കഥകളുടെ ആസ്വാദനത്തിൽ, നിരൂപണങ്ങളിൽ നമ്മൾ കഥയിൽ നിന്നും ഒരു പുരുഷനെ തിരഞ്ഞെടുക്കും, അവർക്ക് പ്രണയിക്കാനായി. പറമ്പിലൊരിടത്ത് തണൽ നോക്കി മണ്ണിൽ തറയ്ച്ച കുറ്റിയിൽ പശുവിനെ കെട്ടുന്നത് പോലെ, നമ്മളവരെ ആ സ്ത്രീപുരുഷ പ്രണയത്തിൽ തളയ്ക്കും. അവരെ എഴുതിയുണ്ടാക്കിയ ശില്പികളെ നമ്മൾ ഗന്ധർവന്മാരാക്കി വിഗ്രഹവത്കരിക്കും. അനേകം വായനകളുടെ സാദ്ധ്യതകൾ അവിടെയവസാനിക്കും.

ഐക്യ കേരളത്തിന്റെ ഷഷ്ഠിപൂർത്തിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച അറുപത് മലയാള കഥകളുടെ ബൃഹത് സാമാഹാരത്തിന്റെ എഡിറ്റർ എൻ.എസ് മാധവനായിരുന്നു. അതുകൊണ്ട് തന്നെ ആ തിരഞ്ഞെടുപ്പിൽ "പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സ്' ഒരു ഘടകമായിരുന്നു. പല കഥകളും പകർന്ന അത്ഭുതത്തിനും, തുടരന്വേഷണങ്ങളും പുനർവായനകളും ആവശ്യപ്പെട്ട ചില വിയോജിപ്പുകൾക്കും, നല്ല തുറവികൾക്കുമിടയിൽ, ലീനസിന്റെ "വിട' കണ്ടപ്പോൾ, പത്മരാജന്റെ "അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' എങ്കിലും വേണമായിരുന്നില്ലേ എന്ന ചെറിയ സംശയത്തിന് ശമനമായി (ചിലപ്പോൾ സിനിമയുടെ ഹാങ്ങോവറിൽ നിന്നും ഉണ്ടായ അപക്വ ചിന്തയാവാം). സമാഹാരത്തിൽ എൻ.സ്, വിക്ടർ ലീനസിന് നൽകിയ ഇടം - സാറാ ജോസഫിന് ശേഷം കെ .പി നിർമ്മൽകുമാറിന് തൊട്ടുമുൻപ്. എന്നിട്ടും "വിക്ടർ ലീനസിന്റെ കഥകൾ'ക്ക് പുതിയ പതിപ്പ് വരാൻ പതിനാല് വർഷങ്ങളുടെ നീണ്ട ഇടവേള വേണ്ടി വന്നു.

വിക്ടർ ലീനസിന്റെ കഥകൾ - കവർ
വിക്ടർ ലീനസിന്റെ കഥകൾ - കവർ

യാത്രാമൊഴി അവസാനത്തെ കഥയാണ്. ലീലയുടെ മരണശേഷം ബ്രദർ ജൂണിപ്പർ എന്ന അപരനാമധേയൻ നായകൻ നഗരം വിടുന്നു. കൊച്ചിൻ എക്‌സ്പ്രസ്സിൽ ഒരു ടിക്കറ്റ്, മദ്രാസിലേക്ക്. അനിവാര്യമായൊരു പിൻവാങ്ങൽ എന്ന ആശയത്തിൽ ഒട്ടും ആകർഷണീയത തോന്നിയില്ല. കഥയെ കഥാകാരനിൽ നിന്നും വേർപെടുത്തി വായിക്കുമ്പോൾ ലീനസിന്റെ ഭാഷയും കിതയ്ക്കുന്നതായി തോന്നി. എങ്കിലും, തന്റെ നഗരത്തെ പിരിഞ്ഞയാൾ എവിടേയ്ക്കാവും പോയിട്ടുണ്ടാവുക എന്ന ചോദ്യം ബാക്കിയാണ്.

ലീനസ്സിന്റെ കഥകളെല്ലാം നടക്കുന്നത് കൊച്ചിയെ (തെളിച്ചു പറഞ്ഞാൽ എറണാകുളം) ചുറ്റിപ്പറ്റിയാണ്. പന്ത്രണ്ടു കഥകൾ കൂട്ടിക്കെട്ടി ലീനസ് വാർത്തെടുത്ത ഏകാന്ത നഗരം സാദൃശ്യപ്പെട്ടിരിക്കുന്നത് കൊച്ചിയുമായാണ്. "നീണ്ട നിശബ്ദതയ്ക്കു ശേഷം' എന്ന കഥയിലെ കാലം 1965. മലീമസമാകാത്ത പുഴയും, ഇടവഴികളും വേലിക്കെട്ടുകളുമൊക്കെയുള്ള, തീവ്ര നഗരവത്കരണത്തിനു വിധേയമാക്കപ്പെടുന്നതിന് തൊട്ടു മുൻപുള്ള എറണാകുളവും പരിസരങ്ങളും പത്രലേഖകനായ കഥാപാത്രത്തിന്റെ ഭൂതകാലാവലോകനത്തിൽ തെളിയുന്നു. "നീണ്ട നിശബ്ദതയ്ക്കു ശേഷം' എന്ന കഥയ്ക്ക് പൂർവ്വരംഗമെന്ന രീതിയിൽ "കവർ‌സ്റ്റോറി' യെ വായിക്കാം. ലേഖകനും ഡീഡിയെന്ന സഹപ്രവർത്തകനും ചേർന്ന് സെലിബ്രറ്റി നായികയെ അഭിമുഖം ചെയ്യുന്നതാണ്. "ആർ യൂ എ വെർജിൻ ?' എന്ന ചോദ്യത്തിന് നിശ്ശബ്ദതകൊണ്ട് മറുപടി നൽകുന്ന സെലിബ്രറ്റി നായികയുടെ ശരീരഭാഷായിൽ നിന്നും തന്റെ അനുഭവസമ്പത്തുകൊണ്ട് വായിച്ചെടുത്ത ഉത്തരത്തിൽ ഊർജ്ജംകൊണ്ട്, അതുവരെ മൗനത്തിൽ തറഞ്ഞിരുന്ന ഡീഡി വാചാലനാവുന്നു; ആ ചോദ്യവും അതിനുള്ള ഉത്തരവും രണ്ടാത്മാക്കളുടെ സ്വകാര്യതയാണെന്ന് തിരിച്ചറിയാതെ ഒരു വിടന്റെ വിടർന്ന പോസ്റ്റ് ട്രൂത്ത് കണ്ണുകളോടെ വങ്കത്തരത്തിൽ അഭിരമിക്കുന്ന ഒരു കോമാളി. ആ ഹ്യുമറിനപ്പുറം, "കവർ സ്റ്റോറി' ശുഷ്‌കമാണ്.

ലീനസിന്റെ കഥകളിൽ ഏറ്റവും ലളിതമായി ഭാഷയെ പ്രയോജനപ്പെടുത്തിയിരിക്കുന്ന കഥ "53 ൽ ഒരു പകൽ' ആവാം. അച്ഛന്റെ മരണം, യാത്ര, ഒരു കുട്ടിയുടെ മനസ്സ് - അത്രമാത്രം . അവിടെയും വലിയ അനിശ്ചിതത്വങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യനാണ് വിഷയം.

ഒന്നോടൊന്ന് കൂട്ടി വായിക്കാതെ ഓരോന്നായി കണ്ടാലും ലീനസ് കഥകളുടെ രൂപഭംഗിയ്ക്ക് യാതൊരു കുറച്ചിലും സംഭവിക്കുന്നില്ല. കഥാപാത്രങ്ങളുടെ പേരുകളുടെ ആവർത്തനം യാദൃശ്യകതയായി പരിഗണിച്ചുള്ള വായന ലീനസിന്റെ കഥകളിലെ ദർശനങ്ങളുടെ വൈവിധ്യത്തെ ഇരട്ടിപ്പിക്കാൻ മാത്രം ഉതകുന്നു. എങ്ങനെവേണമെങ്കിലും വായിക്കാം, ഒറ്റയായും പറ്റമായും, ക്രമത്തെ പാടെ അവഗണിച്ചുകൊണ്ട് വരെ - പാവിച്ചിന്റെ (Milorad Pavic) ഒരു നോവൽ വായിക്കുന്നത് പോലെ. എങ്കിലും, ഒന്നിൽ അവസാനിക്കാതെ, കഥ പല ആഖ്യാനത്തിൽ തുടരുന്ന ശൈലി മലയാള കഥയിൽ ഇത്ര തെളിച്ചത്തോടെ ചലനാത്മകമായി പ്രയോഗിച്ചത് ലീനസ് മാത്രമാവാം.

ബോദ്ലേ കവിതകളോടെ ചെയ്തത്, ലീനസ് മലയാള കഥയോടും ചെയ്തു. പ്രഥമദൃഷ്ട്യാ അനാഢംബരമായി തോന്നുന്ന ഭാഷയാൽ, "ആഖ്യാനത്തിൽ ചരിത്രപരതയും സാമൂഹിക വിമർശനവും നിർബന്ധം, അല്ലാത്തപക്ഷം എല്ലാം മൂന്നാം തരം' എന്ന കുലീനത്വവാദങ്ങളെ ഇംപ്രഷനിസത്തിന്റെ അതിപ്രസരണത്തിനു വഴങ്ങാതെ തന്നെ കൃത്യമായ സൂചകങ്ങളുടെ സന്നിവേശത്താൽ ലീനസ് വെല്ലുവിളിച്ചു. ഒറ്റയാൻ മനസ്സിന്റെ സംഘർഷങ്ങളെ പ്രമേയമാക്കിയപ്പോഴും അസ്തിത്വവാദത്തെ ചുറ്റിപ്പറ്റി ആത്മാഹൂതി ചെയ്യാൻ ലീനസ് കഥകൾ തയ്യാറായില്ല. ലീനസ് കാഫ്കയല്ല, പെസ്സോവയുമല്ല, ബോദ്ലേയുമല്ല അയാൾ മലയാളത്തിന്റെ "വിക്ടർ ലീനസ്' മാത്രമാണ്. ആശയങ്ങളിൽ താദാത്മ്യപ്പെടുമ്പോഴും എഴുത്തുകാരൻ എന്ന നിലയിൽ താരതമ്യങ്ങൾക്ക് വഴങ്ങാത്ത തൂലികയെ സൃഷ്ടിച്ചെടുക്കാൻ പരന്ന വായനയും പ്രവാചകന്റെ കണ്ണുകളോടെ ലോകസാഹിത്യത്തെ സമീപിക്കുകയും ചെയ്തിരുന്ന ഒരാൾക്കേ സാധിക്കൂ. തീർച്ചയായും വിക്ടർ ലീനസ് എന്തിനേക്കാളുമധികം പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ ക്രാഫ്റ്റ് വിളിച്ചുപറയുന്നു. സ്വതന്ത്രദാഹിയായ ഒരു നിഷേധിയുടെ സൗന്ദര്യബോധത്തോടെ അയാൾ അതുവരെ പരിചയമില്ലാത്ത ദർശനങ്ങൾ നിറഞ്ഞയൊരു സമാന്തര ലോകത്തെ മലയാളകഥയിൽ പടുത്തുയർത്തി.

അക്ഷരങ്ങളോടുള്ള സ്‌നേഹത്താൽ ബന്ധുക്കളായ വായനക്കാരുടെ സമൂഹത്തിനു പ്രിയപ്പെട്ടവനായി, പാതി ഇരുണ്ട അനശ്വര ഛായാചിത്രമായി, നമ്മുടെ ആകാശങ്ങളിൽ വീനസ് നക്ഷത്രത്തെപ്പോലെ നിലകൊള്ളുന്നു. ഈ ലേഖനം വിക്ടർ ലീനസ് എന്ന പ്രതിഭാശാലിയായ ഏകാന്ത നഗരശില്പിയ്ക് ആമുഖം മാത്രമേ ആവുന്നുള്ളൂ. വരികൾക്കിടയിലെ വായനകൾക്ക് സാധ്യതകൾ ഇനിയുമേറെയാണ്. ദുരന്ത നാടകങ്ങളുടെ രചയിതാവെന്ന ഉപനാമത്തിൽ ഒതുക്കാതെ നമ്മുടെ ലീനസ് വായനകൾ തുടരട്ടെ. മറവിയുടെ മണൽക്കാറ്റുകൾക്ക് വിട്ടുകൊടുക്കാതെ ലീനസിന്റെ നഗരത്തിലേക്കുള്ള വഴികളെ വായനക്കാരുടെ സഞ്ചാരങ്ങൾ നിലനിർത്തട്ടെ. വ്യഥകളും യാഥാർഥ്യവും സങ്കൽപ്പവും മരണവുമൊക്കെ അരങ്ങുവാഴുന്ന ആ ഏകാന്ത നഗരത്തിലേക്കുള്ള പുനർസന്ദർശനങ്ങൾ യുവാൻ പ്രേസ്യാദോയുടെ കൊമാല (Pedro Páramo, Juan Rulfo) യാത്ര ഓർമ്മിപ്പിക്കും.

വേദനകൾ നിറഞ്ഞ ജീവിത യാത്രയിൽ ദിക്കറിയാതെ ഉഴറിയ ജീവിതമായിരുന്നു ലീനസിന്റേത്; അറിയാം. കഥാപാത്രങ്ങളെക്കുറിച്ചും വരികൾക്കിടയിൽ തെളിയുന്നതിനെപ്പറ്റിയും സംസാരിക്കുമ്പോൾ അവ അപ്രസക്തവും മര്യാദയുമല്ലല്ലോ എന്ന ചിന്തയിലാണ്, ഇതുവരെ വന്ന പഠനങ്ങളിൽ ചിലതിൽ കണ്ട ആ പ്രവണതയെ ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചത്. അതങ്ങനെ ആയാൽ മാത്രമല്ലേ ചില വായനകൾ പൂർത്തിയാവൂ എന്നൊരു തോന്നൽ. എങ്കിലും അയാളുടെ ജീവചരിത്രത്തെപ്പറ്റിയുള്ള അറിവുകൾ ഏതൊരു വായനക്കാരനെയുമെന്നപോലെ എന്നേയും പിന്തുടരാറുണ്ട്.

സൗത്ത് ഓവർ ബ്രിഡ്ജ് നടന്ന് കടക്കുന്ന ചില രാത്രികളിൽ, മനോരമ ജംഗ്ഷനിൽ ട്രാഫിക്ക് ബ്ലോക്കിൽ യാത്ര സ്തംഭിക്കുമ്പോൾ, ബസ്സ് കടവന്ത്ര ജംഗ്ഷനിലെ അറുബോറൻ വൺ-വേ ഡീവിയേഷനെടുക്കുമ്പോൾ മെയിൻ റോഡിനു സമാന്തരമായി രേഖപ്പെട്ട ഇടവഴിയിൽ "ആലുങ്കൽ റോഡ്' എന്ന നെയിം ബോർഡ് കാണുമ്പോൾ, വിക്ടർ ലീനസ് എന്ന പേര് വെറുതെ മനസ്സിൽ തിരതല്ലും. ജനനിബിഢമായ ഈ നഗരത്തിൽ നമുക്ക് മുൻപേ നടന്നു പോയ ഒരാൾ. ബന്ധുത്വത്തിന്റെ വ്യവസ്ഥാപിത നിർവചനത്തിൽ ആരുമല്ലാത്തൊരാൾ. എങ്കിലും അക്ഷരങ്ങളാൽ നമ്മുടെ ആരോ ആയിത്തീർന്ന വിക്ടർ ലീനസ്.

Comments