നാൽപ്പതാം വയസിൽ പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്തിനാണ് ജീവിച്ചത് എന്ന് പലപ്പോഴും ഞാൻ അദ്‌ഭുതപ്പെടാറുണ്ട്. യാതൊരു താല്പര്യവും ഇല്ലാതെ, ഒന്നും തന്നെ നേടണം എന്ന് ആഗ്രഹമില്ലാതെ ജീവിച്ച ഒരു ജീവിതമാണ് എന്റേത് എന്ന് എനിക്കുറപ്പുണ്ട്. അലസമായി ജീവിക്കണം എന്നത് മാത്രമായിരിക്കണം ഒരുപക്ഷെ ഞാൻ ആകെ ആഗ്രഹിച്ചത്. കുട്ടിക്കാലവും യൗവനവും “എന്തോ തിരക്കിട്ട് നേടിയെടുക്കേണ്ടതുണ്ട്’’ എന്ന ശാസന എന്നെ പിന്തുടർന്നിരുന്നു. എന്റെ ഹൃദയം വെപ്രാളത്തോടെ മിടിച്ചുമിടിച്ച് പൊട്ടിത്തെറിക്കാൻ പാകത്തിലായിരുന്നു. എല്ലാ യുവതികളും അണിഞ്ഞൊരുങ്ങിയ കാലത്ത് ഞാൻ വസ്ത്രങ്ങളോടും ആഭരണങ്ങളോടും പ്രിയമില്ലാതെ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ഒരു ഞെട്ടലിന് തയ്യാറെടുത്ത് അലഞ്ഞുനടന്നു. ഏതു നിമിഷവും എന്നെ ഞെട്ടിക്കാൻ പാകത്തിന് എന്തോ ഈ ലോകം കരുതിവച്ചിട്ടുണ്ട് എന്നു ഞാൻ പേടിച്ചു പോന്നു. അങ്ങനെ ഒരു ദിവസം എന്റെ ചില അക്കാദമിക് സർട്ടിഫിക്കറ്റുകളും ഒന്ന് രണ്ടു ജോഡി വസ്ത്രങ്ങളും എടുത്ത് ഞാൻ വീടുവിട്ടു. മരണത്തെക്കാളും സ്വാതന്ത്ര്യം എന്ന കാരാഗൃഹം ഭേദമായി തോന്നിയതുകൊണ്ടുമാത്രം.
സോഷ്യൽ മീഡിയ ഒന്നുമില്ലാതിരുന്ന കാലത്ത് വീട് വിടുന്നൊരുത്തിക്ക് കൂട്ടുകാരെയും സമാനമനസ്കരേയും കണ്ടെത്തുക എന്നത് ബാലികേറാമലയായിരുന്നു. എന്നെ സഹായിക്കാമെന്നേറ്റ സുഹൃത്ത് തല്ക്കാലം ഒരു ലേഡീസ് ഹോസ്റ്റലിലുള്ള അയാളുടെ സുഹൃത്തിന്റെ കൂടെ എന്നെ കൊണ്ടുചെന്നാക്കി. ഞാൻ ചെല്ലുമ്പോൾ ആ പെൺകുട്ടി അവിടെയുണ്ട്. എനിക്ക് മെസ്സിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്ന് പെൺകുട്ടി കോളേജിലേക്ക് പോയി. ഞാൻ ഡോർമെറ്ററി പോലുള്ള നീണ്ട ഹാളിൽ അവളുടെ ബെഡിൽ കുറെ നേരം അനങ്ങാതെ ഇരുന്നു. അവളുടെ ബെഡിൽ ഒരു പുസ്തകം കിടന്നിരുന്നു. മാധവിക്കുട്ടിയുടെ എന്റെ കഥയായിരുന്നു അത്. എനിക്ക് പുസ്തകം വായിക്കാനുള്ള മാനസികാവസ്ഥയുണ്ടായിരുന്നില്ല. ഞാൻ പേജുകൾ അങ്ങോട്ടും ഇങ്ങോട്ടുമാക്കി അവിടെ ഇരുന്നുറങ്ങിപ്പോയി. ആ കുട്ടി തിരികെ വന്നു. ആ കുട്ടിയുടെ നടത്തിലും സംസാരത്തിലുമൊക്കെ തന്നെ മറ്റൊരാൾ ഉള്ളതുപോലെ തോന്നിച്ചിരുന്നു. എല്ലാവരും അവളെ ആമി എന്ന് വിളിച്ചു. അത് മാധവിക്കുട്ടി ആണല്ലോ എന്ന് ഞാനോർത്തു. ഇടയ്ക്കിടെ അവൾ 'എന്റെ കഥ' എടുത്ത് താളുകൾ മറിക്കും. വീണ്ടും തിരിച്ച് കിടക്കയില്‍ തലയിണയിൽ വയ്ക്കും. ഞാനന്ന് 'എന്റെ കഥ' വായിച്ചിട്ടില്ല. അക്കാലങ്ങളിൽ ഞാൻ പലതും വായിച്ചിരുന്നില്ല, പാഠപുസ്തകങ്ങൾ അല്ലാതെ. പിന്നെയും കുറേക്കാലം കഴിഞ്ഞാണ് ഞാൻ എന്റെ കഥ വായിച്ചത്. എന്നെക്കാളും പഴക്കമുള്ള ആ പുസ്തകം പലപ്പോഴായാണ് ഞാൻ വായിച്ചത്. എന്നെ ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ അത് പ്രേരിപ്പിച്ചില്ല. മാധവിക്കുട്ടിയെ ഒറ്റയ്ക്കും കൂട്ടമായും ക്രോസ് വിസ്താരം ചെയ്ത മനുഷ്യരുടെ മാനസികലോകത്തിൽ നിന്ന് വളരെ വളരെ അകലെയായിരുന്നു ഞാൻ അക്കാലങ്ങളിൽ. എന്റെ കുട്ടിക്കാലത്താണ് ഞാനത് വായിച്ചിരുന്നതെങ്കിൽ ഒരുപക്ഷെ ഞാൻ സംഭ്രമത്തിലകപ്പെട്ടുപോയേനെ.
പത്തിരുപത്തിയൊന്നു വയസുവരെ ശരീരമില്ലാത്ത ഒരാത്മാവായിരുന്നു ഞാൻ. ആത്മാവില്ലാത്ത പാഠപുസ്തകങ്ങൾ വായിച്ചുവളർന്നൊരു മാർക്കുകാരി മാത്രമായിരുന്നു ഞാൻ. എല്ലാവരും ഞാൻ പഠിക്കുന്നൊരു പെണ്ണാണെന്ന് മാത്രം കരുതി. പവിത്രത എന്ന കള്ളനാണയം എന്റെ ശരീരത്തിൽ വച്ചുകെട്ടുന്നതിനു മുന്നേ തന്നെ എനിക്കുണ്ടാകുമായിരുന്ന പ്രണയങ്ങളെല്ലാം കരിഞ്ഞുപോയി. അല്ലെങ്കിൽ ഞാൻ പ്രേമിച്ചതേയില്ല. ഞാൻ പ്രണയം ആണെന്ന് കരുതിയത് ഒരു കരച്ചിൽ മാത്രമായി ഒടുങ്ങിപ്പോകുകയും ചെയ്തു. അതും പ്രേമമായിരുന്നില്ലല്ലോ, ഒരു ദൈന്യത മാത്രമായിരുന്നല്ലോ എന്ന് ഞാൻ പിന്നീട് പലപ്പോഴും ഓർക്കുക പതിവായിരുന്നു. രണ്ടുപേരുടെയും ദൈന്യത. എന്റെ കാമുകൻ എന്ന് തോന്നിച്ചിരുന്നയാൾക്ക് ഒരു ലിംഗമുണ്ട് എന്ന് അയാൾ പറയുന്നതുവരെയേ അത് നിലനിന്നുള്ളൂ. പിന്നീട് ആത്മാവില്ലാതെ ശരീരം മാത്രമായൊരു വേളയിലാണ് ഞാൻ മാധവിക്കുട്ടിയെ വായിച്ചത്.
അവർ എന്നെ ഞെട്ടിച്ചില്ല. വളരെക്കാലത്തിനു ശേഷം കാണുന്ന പെൺസുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം പോലെ പരിചിതമായ ഒന്നായിരുന്നു എനിക്ക് അവരുടെ എഴുത്ത്. നുണ പറയുന്ന എന്റെ പെൺസുഹൃത്തുക്കളുടെ ബുദ്ധി അവർക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. മനോഹരമായ നേരുള്ള നുണകൾ. ചിലർ അവരുടെ കഥകൾ പറയാൻ തുടങ്ങിയാൽ അതിൽ നമ്മളെക്കൂടെ പെടുത്തും. അവസാനം കഥ പൂർത്തിയാക്കുന്നത് ചിലപ്പോൾ അവരായിരിക്കില്ല. നമ്മൾ പെണ്ണുങ്ങൾ ആയിരിക്കും. അതുവരെ പ്രേമിക്കാത്ത ഞാൻ എനിക്കുള്ള നൂറു കാമുകന്മാരുടെ കാര്യങ്ങൾ പറഞ്ഞുതുടങ്ങും. പെണ്ണുങ്ങളുടെ സംസാരം ആൺകൂട്ടങ്ങളുടേതുപോലെയല്ല. ഒരുത്തിയെ വലവീശിപ്പിടിച്ചതും ഗർഭമുണ്ടാക്കിയതും മറ്റൊരുത്തന്റെ ഭാര്യയെ വശീകരിച്ചതും പോലുള്ള അധികാരപ്രയോഗങ്ങളുള്ള സംഭാഷണങ്ങൾ മാത്രമേ പുരുഷന്മാർക്ക് പരിചയം കാണൂ. താൻ നേടിയതിനെപ്പറ്റിപ്പറയാൻ അവരെ നിർബന്ധിക്കുന്നൊരു തരം ആൺചൊരുക്ക് എങ്ങനെയും അവരുടെ ഒത്തുകൂടലിൽ നിറഞ്ഞുനിൽക്കും. ആ കൂട്ടത്തിൽ മാത്രമായി ആ വാർത്തകളെയും നുണകളെയും അവർ നിലനിർത്താറില്ല എന്നിടത്താണ് ആണുങ്ങളുടെ വയലൻസ് കിടക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളുടെ നുണകൾ കുറേക്കൂടി മനോഹരം എന്ന് ഞാൻ പറഞ്ഞത്. ഏതെങ്കിലും മേനി നടിക്കുന്ന ഒരാണ്, പെൺകൂട്ടത്തിന്റെ സംസാരം ഒളിഞ്ഞിരുന്നു കേട്ടാൽ എന്താകും എന്നാലോചിച്ച് എന്റെ കൂട്ടുകാരികളും ഞാനും ചിരിച്ചുപോയിട്ടുണ്ട്. ഞാൻ ഈ പറയുന്നത് ആൺപെൺ ലിംഗങ്ങളുടെ ഒരു താരതമ്യമല്ല. ആരെങ്കിലും മേന്മ കൂടിയവരാണെന്നു സമർഥിക്കാനുമല്ല. രണ്ടും രണ്ടുതരം ആണ്.
ആണിന്റെയും പെണ്ണിന്റെയും തലച്ചോറ് ഭാഷയെ പ്രോസസ്സ് ചെയ്യുന്ന രീതികൊണ്ടുതന്നെ വ്യത്യസ്തമായിരുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. എന്തെങ്കിലും പറഞ്ഞ് വിനിമയം സാധ്യമാക്കുക എന്നതിനുപരി അതുകേട്ടുകൊണ്ടിരിക്കുന്ന ആളുടെ മാനസികവ്യാപാരങ്ങളെ അളക്കാനും അതിനനനുസരിച്ച് സംവേദനത്തെ സൂക്ഷ്മപ്പെടുത്താനുമുള്ള കഴിവ് സ്ത്രീകൾക്ക് കൂടുതലാണെന്ന് പറയപ്പെടുന്നു. ഏതെങ്കിലും ഒരറ്റത്തേയ്ക്കുള്ള കയറ്റമല്ല പലപ്പോഴും സ്ത്രീകൂട്ടങ്ങളുടെ സംസാരിച്ചിരുപ്പുകൾ. അതൊരു പരക്കലാണ്. കടല് പോലെ പരന്നുമുഴുക്കുന്ന പെൺകുട്ടികളുടെ കൂട്ടചിരികൾ പലപ്പോഴും പൊതുവിടങ്ങളിലെ മാന്യരെ കിടിലം കൊള്ളിക്കാറുണ്ടെന്നത് നേര് തന്നെയാണ്.
ഇതൊക്കെ ഞാൻ എന്തിന് മാധവിക്കുട്ടിയുടെ എഴുത്തിനെക്കുറിച്ച് പറയുമ്പോൾ എഴുതുന്നു? നിങ്ങളൊരു പെണ്ണെഴുത്തുകാരിയല്ല എന്നത് എന്തുനല്ലതെന്ന് ചിലർ എനിക്കെഴുതിക്കാണുന്നു. അതെന്തുകൊണ്ട് അവർ അങ്ങനെ എനിക്ക് എഴുതുന്നു എന്നതിനെക്കുറിച്ച് എനിക്ക് ഗ്രാഹ്യമില്ല. പുരുഷന്മാരാണ് അങ്ങനെ എനിക്കെഴുതാറുള്ളത്. ഞാനത് ഒരു അംഗീകാരമായി കാണാൻ സാധ്യതയുണ്ടെന്ന് അവർ കരുതുന്നു. മാധവിക്കുട്ടിയെ കോപ്പിയടിച്ച് ഞാൻ സെക്സ് എഴുതുന്നു എന്ന് പറഞ്ഞ് ഒരു പറ്റം ഫേസ്ബൂക് നിരൂപകർ എന്നെ വേട്ടയാടിയതും ഇവിടെത്തന്നെയാണ്. മാധവിക്കുട്ടി എന്റെ എഴുത്തിന് ഒരിക്കലും പ്രചോദനമായിട്ടില്ല എന്നതാണ് നേര്. എന്നാൽ അവരുടെ എല്ലാ എഴുത്തുകളും കവിത പോലെ ഞാൻ വായിക്കാറുണ്ട്. അവർ ഗദ്യത്തിലും കവിത എഴുതിയിരുന്ന ഒരാളാണ്.
അവർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ ‘‘എന്നിട്ടും അവർ ഒന്നും മനസിലായില്ല എന്ന് ഭാവിക്കുന്നു, ഈ ആണുങ്ങൾ." ഒരു സ്ത്രീ ആയതുകൊണ്ടാണ് താൻ ഇത്രയും വേട്ടയാടപ്പെട്ടത് എന്നവർ പറയുന്നതിൽ യുക്തിയില്ലായ്ക ഉണ്ടോ? ഇന്ന് മലയാളത്തിൽ എഴുതപ്പെടുന്ന ഗദ്യസാഹിത്യത്തിലെ ലൈംഗികത പലപ്പോഴും എന്നെ ചെടിപ്പിച്ചിട്ടുണ്ട്. ലൈംഗികത എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് സ്ത്രീകളുടെ രതിയെപ്പറ്റി പുരുഷന്മാരുടെ വിവരണങ്ങൾ. അത്യന്തം ഭാവനരഹിതവും സ്നേഹരഹിതവുമാണത്. സ്ത്രീകളുടെ വന്യരതി എന്നതുകൊണ്ട് ചില സെക്സ് പൊസിഷനുകൾ ആണ് അവർ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു. മനോഹരമാകാവുന്ന ഒരു കൃതി ആ ഒരു വിവരണം കൊണ്ട് അവർ വികൃതമാക്കുന്നു. നെറ്റ്ക്സ്ഫ്ലിക്സ് ഒറിജിനലുകളിലെ സെക്സ് രംഗങ്ങൾക്ക് കിടപിടിക്കാൻ സാഹിത്യവും മത്സരിക്കുന്നതുപോലെ.
വീഡിയോ പ്ലാറ്റ്ഫോമുകളുടെ മസാലക്കച്ചവടത്തിനോട് മല്ലിടാൻ സാഹിത്യത്തിനാവില്ല എന്നാരും അവരോട് പറഞ്ഞുകൊടുക്കുന്നില്ല. സാഹിത്യം പരിപാവനമായ ഒരിടമൊന്നുമല്ലെങ്കിലും ഭാവനാദരിദ്രമായ ഒരിടമാകുന്നത് ദുഃഖകരം തന്നെയാണ്. ഇത്രയും വിവരണാത്മകമായ ലൈംഗികത എഴുതുന്നൊരിടത്താണ് മാധവിക്കുട്ടിയെപ്പോലുള്ള ഒരാളെ നമ്മൾ കുരിശിലേറ്റിയത്. അവരുടെ കഥകളിലെ സ്ത്രീകൾ നല്ലവരും സാന്മാർഗികളും ആയിരുന്നില്ല. ആണുങ്ങളും അങ്ങനെ തന്നെ. എന്നാൽ ബഷീറിന്റെ എഴുത്തിലല്ലാതെ സുന്ദരന്മാരായ പുരുഷന്മാരെ പലപ്പോഴും ഞാൻ കണ്ടുമുട്ടിയത് ഇവിടത്തെ പുരുഷന്മാരുടെ എഴുത്തിലല്ല, അത് മാധവിക്കുട്ടിയുടെ എഴുത്തിലാണ്. 'എന്റെ കഥ'യിൽ അവർ ആദ്യന്തം എഴുതി വിവരിക്കുന്ന ചാരക്കണ്ണുകളുള്ള ആ പുരുഷനോളം സൗന്ദര്യം ഇവിടെ എഴുതപ്പെട്ട മറ്റൊരു പുരുഷ കഥാപാത്രത്തിനും ഇല്ല.
അവരുടെ സൗന്ദര്യാരാധന തന്നെ കനത്തൊരു ദുഃഖമാണ്. അതിന് ശരീരത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ട്. തിളങ്ങുന്നതും ചീയുന്നതുമായ ശരീരങ്ങളുടെ ആകുലതകളും ദുർഗന്ധവും അവരുടെ പ്രണയവർണ്ണനകളിലുണ്ട്. കാമത്തിൽ നിന്ന് കടഞ്ഞെടുത്ത കാതലിനെ പ്രണയമെന്ന് നുണ പറഞ്ഞ മനുഷ്യരോളം കണ്ടുപിടുത്തം ആര് നടത്തിയിട്ടുണ്ടാവും! ഇല്ലാത്ത ഒന്ന് ഉണ്ടെന്നുപറഞ്ഞ്, കരഞ്ഞു നെടുവീർപ്പിട്ട് ആഘോഷിച്ചു ജീവിക്കാൻ മാത്രം ചെറുതാണ് ഈ ജീവിതം എന്നുപറയാൻ മാത്രം കമല എത്രത്തോളം എഴുതിയിരിക്കുന്നു. ഇതല്ലാതെ മറ്റെന്താണ് അവർ എഴുതിയിട്ടുള്ളത് എന്ന് അവരുടെ വിമർശകർ പറയുന്നത് എനിക്ക് കേൾക്കാം. 'മറ്റെന്താണ് എഴുതാനുള്ളത്' എന്ന് അവർ ജീവിച്ചിരുന്നെങ്കിൽ ഇനിയും ഉരുവിട്ടേനെ.
എഴുപത്തിയഞ്ച് വയസ് വരെ ജീവിച്ച അവർ നാല്പതുവയസിനു മുന്നേ എഴുതിയ 'എന്റെ കഥ'യിൽ പറഞ്ഞതുതന്നെയേ വാർധക്യത്തിലും പറഞ്ഞുള്ളൂ. അവരുടെ കഥകളിലെ കോലാഹലങ്ങൾ നിറഞ്ഞ പ്രണയങ്ങൾ അവരെ അവരുടെ വാർദ്ധക്യം വരെയും വേട്ടയാടി. നമുക്കുവേണ്ടി പറഞ്ഞ നുണകളിൽ അവർ പിന്നെയും ജീവിക്കുകയായിരുന്നു. തന്റെ കഥ നുണയിൽ പൊതിഞ്ഞ് അവർ നമുക്കായി പഴത്തൊലി പോലെ വലിച്ചെറിഞ്ഞപ്പോൾ കേരളം മുഴുവൻ അതിൽ ചവുട്ടി വഴുതി വീണു. എന്നിട്ടും അവർക്കു കഴിവില്ലായിരുന്നു എന്നുപറയുന്ന പുരുഷസാഹിത്യലോകത്തിന്റെ മൗഢ്യം ഒന്ന് വേറെ തന്നെയാണ്. കള്ളങ്ങൾ എഴുതി മനുഷ്യരെപ്പറ്റിച്ചു എന്നാണ് പറയുന്നത്. No One Writes to the Colonel വായിക്കപ്പെടാൻ വേണ്ടി മാത്രം താൻ വായനക്കാർക്ക് നേരെ നീട്ടിയ പ്ലാവിലയാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന് മാർക്കേസ് പറഞ്ഞത് ആരും കാര്യമായി എടുത്തിട്ടില്ല. മാർക്കേസ് ഏറ്റവും കൂടുതൽ വായിക്കപ്പെട്ടത് ഏകാന്തതയുടെ നൂറു വർഷങ്ങളിലൂടെയാണ്. വായനക്കാരെ മാർക്കേസ് പറ്റിച്ചു എന്ന് പറയുന്നത് ഞാൻ ഒരിടത്തും കേട്ടിട്ടില്ല.
ഇവിടെ സ്ത്രീകൾ മാധവിക്കുട്ടിയെ വീണ്ടും വീണ്ടും വായിക്കുന്നതെന്ത് എന്ന് സാഹിത്യകാരന്മാർ ആശ്ചര്യപ്പെടുന്നു. ഒരു സ്ത്രീ വിഡ്ഢിത്തം എഴുതിവച്ചു, മണ്ടികൾ അവരെ വായിക്കുന്നു എന്നവർ ചിരിക്കുന്നു. വായന കൊണ്ട് ആത്യന്തികമായി എന്തോ കാര്യമായി ഉദ്ദേശിക്കുന്നുണ്ട് എന്നവർ അടിവരയിടുന്നതു കൊണ്ടുകൂടി ആവണം ഈ കളിയാക്കൽ. അരിസ്റ്റോട്ടിൽ പറയുന്നതുപോലെ എന്തെങ്കിലും തരത്തിലുള്ള വികാരവിമലീകരണം നടക്കുന്നതുകൊണ്ടാവണം എന്നൊരു തമാശ പറയാൻപോലുമുള്ള ഹൃദയാലാഘവത്വം മിക്കപ്പോഴും അവർ കാണിക്കാറില്ല.
ആർതർ കൊനാൻ ഡോയലിലാണോ അഗതാ ക്രിസ്റ്റിയാണോ മികച്ചതെന്ന തർക്കം ഉടലെടുക്കുന്നത് ഒരേ സാഹിത്യവിഭാഗത്തിൽ എഴുതിയിരുന്ന രണ്ടുപേർ എന്ന നിലയ്ക്കാണ്. എന്നാൽ ഏതു സാഹിത്യവിഭാഗത്തിലാണ് മാധവിക്കുട്ടി എഴുതിയത് എന്നതുപോലും പരിഗണിക്കാതെയാണ് അടച്ചാക്ഷേപം നടത്തപ്പെടുന്നത്. എന്നാൽ എനിക്കൊരു കാര്യം ഉറപ്പാണ്. രാജലക്ഷ്മിയ്ക്ക് കുറേക്കൂടി എഴുതാനുള്ള ആയുസുണ്ടായിരുന്നെങ്കിൽ ഞാൻ അവരെ മാധവിക്കുട്ടിക്കുമുകളിൽ തന്നെ പ്രതിഷ്ഠിക്കുമായിരുന്നു. അത്രയും പ്രതിഭയുള്ളൊരാളെ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ കൊന്നുകളഞ്ഞു. മാധവിക്കുട്ടിയുടെ 'എന്റെ കഥ' യുടെ അൻപതാം വാർഷികത്തിൽ എഴുതപ്പെടാൻ ഭാഗ്യം ലഭിക്കാതെപോയ രാജലക്ഷ്മിയുടെ ആത്മകഥക്കു മുന്നിൽ ഞാൻ തലകുനിയ്ക്കുന്നു. മാധവിക്കുട്ടി തന്നെ പറഞ്ഞത്, പെണ്ണുങ്ങളുടെ എഴുത്ത് ഒരു തുടർച്ചയാണ് എന്നാണ്. ഒരുത്തി മറ്റൊരാളെ പൂരിപ്പിച്ച് എഴുതി മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്. അവർ ആരെയും ജയിക്കാനോ തോല്പിക്കാനോ അല്ല എഴുതുന്നത്. രാജലക്ഷ്മിയെ സമൂഹം തോൽപ്പിച്ചിടത്തു നിന്നാണ് മാധവിക്കുട്ടി എഴുതിയത്. എന്നാൽ അവർ രാജലക്ഷ്മിക്ക് വേണ്ടി എഴുതിയതുമില്ല. നാടോടിപ്പാട്ടുകളുടെ കർതൃത്വം പോലെ അജ്ഞാതമാണ് സ്ത്രീകളുടെ എഴുത്തുകളുടെ ഉദ്ഭവവും തുടർച്ചയും.
പുരുഷവിരോധി എന്ന് മുദ്ര ചാർത്തപ്പെട്ട സരസ്വതി അമ്മയുടെ എഴുത്തുകൾ നോക്കൂ. ഇത്രയും വർഷങ്ങൾക്കുശേഷവും, ഈ ഡിജിറ്റൽ യുഗത്തിലും എത്രയും നവമാണ് അവരുടെ കഥകളുടെ ലോകം. എന്നാൽ നമ്മുടെ സാഹിത്യസദസുകളിൽ എത്രപേർ അവരുടെ പേരുച്ചരിക്കുന്നു. കേരളത്തിന്റെ സാഹിത്യ മണ്ഡലം പുരുഷന്മാരുടെ ഭാവനാലോകമാണെന്നു എടുത്തു പറയേണ്ടതില്ലല്ലോ. അതിൽ വായിക്കപ്പെടേണ്ടതെന്ത് ആഘോഷിക്കപ്പെടേണ്ടതെന്ത് എന്നതിനെക്കുറിച്ച് ഉറച്ച ധാരണകളുണ്ട്. വീടിന്റെയും തൊടിയുടെയും ഇട്ടാവട്ടത്ത് ചുറ്റിത്തിരിയുന്ന കുളക്കോഴികളെപ്പോലെ ഇടയ്ക്ക് ഇരുട്ടിൽ നിന്നിറങ്ങി വന്ന് പെണ്ണുങ്ങൾ പറയുന്ന ഭാഷ ആണുങ്ങൾക്ക് മനസിലാകാതെ പോയതിൽ അതിശയമില്ല. വീട് വിട്ടിറങ്ങിയവർക്ക് തെരുവിൽ പോലും സ്വാസ്ഥ്യവുമില്ല. മറ്റു ഭാഷകളിൽ എഴുതുന്ന സ്ത്രീകളെ ചൂണ്ടിക്കാട്ടി അവർ പറയും, കണ്ടില്ലേ ആ സ്ത്രീകൾ എത്ര മനോഹരമായി എഴുതുന്നു. നമ്മുടെ സ്ത്രീകൾ സാമൂഹ്യപ്രതിബദ്ധത ഇല്ലാതെ എഴുതുന്നു. സ്വന്തം ജീവിതം പോലെ എന്തൊക്കെയോ എഴുതുന്നു. അതിലെവിടെ ഭാവന? യുദ്ധങ്ങളെക്കുറിച്ചും പലായനങ്ങളെക്കുറിച്ചും എന്തുകൊണ്ട് എഴുതുന്നില്ല? എന്നോട് ഇടയ്ക്ക് ഒരാൾ ചോദിച്ചത്; നിങ്ങളുടെ കഥകൾ മാസികകൾ പ്രസിദ്ധീകരിക്കുന്നില്ലേ? ആദ്യമൊക്കെ നിങ്ങളുടെ എഴുത്തുകൾ അരികുവൽക്കരിക്കപ്പെട്ടവരെപ്പറ്റി ആയിരുന്നല്ലോ. ട്രാക്ക് മാറിയോ? എന്ന്.
ഞാൻ എഴുതുന്നതേ ഇല്ലല്ലോ എന്ന് മറുപടി കൊടുത്തു.
എഴുതിയതിന് പണ്ടൊരു പാവം പ്രാണനെ കൊന്നുകളഞ്ഞ ഈ സമൂഹത്തെയാണ് മാധവിക്കുട്ടിയുടെ എഴുത്തുകൾ രോഷം കൊള്ളിച്ചത്. ഒന്നും കാര്യമായി എഴുതിയില്ലെങ്കിലും എന്തിനാ ഈ പെണ്ണുങ്ങൾ വെറുതെ ചത്തുകളയുകയും തെറി കേൾക്കുകയും ചെയ്യുന്നത് എന്ന് പറഞ്ഞവരുടെ ഇടയിൽ തല ഉയർത്തിപ്പിച്ച്, ജീവിതം ഒരു തമാശയാണെന്ന് പറയാൻ മാധവിക്കുട്ടി കാണിച്ച ആർജ്ജവം സ്ത്രീകളെങ്കിലും എങ്ങനെ മറക്കും. ആണുങ്ങൾ ഭോഗിക്കുന്നതല്ലാത്ത, പെണ്ണുങ്ങൾ സ്വയം അനുഭവിക്കുന്ന ഒരു ശരീരമുണ്ടെന്ന് അവർ പറഞ്ഞു. ഒരു സ്ത്രീയ്ക്ക് പുരുഷന്മാരിൽ നിന്ന് ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ കഥകളിൽ എഴുതിയതാണ്, ഒരുപക്ഷെ ഇവിടെയുള്ള സമൂഹത്തെ വേവലാതിപ്പെടുത്തിയത്. എല്ലാത്തരം ലിംഗചോദനകൾക്കുമിടയിൽ ആൺപെൺ വ്യത്യാസമില്ലാതെ ശരീരവിനിമയം ചെയ്യുന്ന ജന്തുക്കളായി അവർ മനുഷ്യരെ നോക്കിക്കണ്ടു. താൻ വസിച്ച മുറികൾക്കുള്ളിലെ വസ്തുക്കളുടെ നിറങ്ങൾ, കർട്ടൻ തുണികളുടെ ജീർണ്ണത, മുറിക്കുള്ളിൽ നിന്നും പുറത്തേക്കു തുറക്കുന്ന സ്നേഹരഹിതമായ നഗരക്കാഴ്ചകൾ ഒക്കെയും അവരെ സ്വബോധമില്ലാത്തവളാക്കി. ശരീരത്തിന്റെ രോഗാവസ്ഥ വീണ്ടും ജീവിക്കാനും ശരീരം കൊണ്ട് ആഘോഷിയ്ക്കാനുമുള്ള അത്യുൽക്കടമായ ആഗ്രഹത്തിലേക്ക് അവരെ വീണ്ടും വീണ്ടും എത്തിച്ചു.
എല്ലാ സ്ത്രീകളും അവരെ ആരാധിക്കുന്നില്ല. എല്ലാ സ്ത്രീകളും അവരെ വായിക്കുന്നുമില്ല. വായിച്ച് അവരെ ചേർത്തുപിടിച്ചവരുണ്ട്; ഉപേക്ഷിച്ചവരുമുണ്ട്. ദലിത് സ്ത്രീകൾ അവരുടെ എഴുത്ത് സവർണപരിസരത്തിൽ എഴുതപ്പെട്ടതാണെന്ന വാദമുഖവും ഉയർത്താറുണ്ട്. എല്ലാവരുടെയും സ്വത്വബോധവും ആകുലതകളും ദുഃഖങ്ങളും വ്യത്യസ്തമാണ്. ആത്മനിഷ്ഠമായ എഴുത്തുകളിൽ എഴുത്തുകാരിയുടെ ജീവിതപരിസരം തെളിഞ്ഞുവരുന്നത് സ്വാഭാവികം മാത്രമാണ്. സ്നേഹിക്കപ്പെടാനും വിമർശിക്കപ്പെടാനും ഒരേ കാര്യങ്ങൾ പലർക്കും കാരണങ്ങൾ ആകാറുണ്ട്. കമലാ സുരയ്യ പറഞ്ഞതുപോലെ, ‘‘നല്ലതും ചീത്തയും വേർതിരിച്ചു പറയാനുള്ള കഴിവ് നമുക്കുണ്ടോ? കഴിയുമെങ്കിൽ സ്നേഹിക്കുക അത്ര തന്നെ. സ്നേഹിച്ചു എന്ന് പറയുന്നതിന് എന്തിനാണ് ഇത്രയും വിദ്വേഷം? ഒന്നിനെയും വെറുക്കുന്നില്ലല്ലോ.’’
അവർ എഴുതിയതിന്റെ ആകെത്തുകയാണ് അത്. ഒരുപക്ഷെ അത് മനോഹരമായി എഴുതാൻ അറിയുന്ന ഒരേ ഒരാൾ അവർ മാത്രമാണ്.
'എന്റെ കഥ'യിൽ, അവർ കുട്ടിക്കാലത്ത് ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോൾ അവരുടെ റൂംമേറ്റുകൾ അവർക്കിട്ട പേര് 'ഉൽഭ' എന്നാണെന്ന് എഴുതിയിരിക്കുന്നു. എന്ത് മനോഹരമായ പേര് എന്ന് എനിക്കെപ്പോഴും തോന്നും. അതിൽ ഉൽക്ക പോലൊരു ആകസ്മികതയും ഉത്ഭവം പോലൊരു തുടക്കവും ഉണ്ട്. സ്ത്രീപുരുഷബന്ധങ്ങളിൽ സ്വയം അകപ്പെടാൻ അനുവദിച്ചുകൊണ്ട് അവർ നമുക്കായി തുറന്നിട്ട ലോകം ഏതൊരു വായനക്കാരിക്കും ഒരാകസ്മികതയും തുടക്കവും തന്നെയായിരുന്നിരിക്കണം. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിനെ തടുക്കാൻ നമുക്കാവില്ല. ഒരു യക്ഷിക്കഥ പോലെ ഉൽഭയുടെ ലോകം നമുക്കായി തുറന്നു തന്നെ കിടക്കുന്നു. ആ യക്ഷി സ്നേഹത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ടവളെങ്കിലും പകയേതുമില്ലാതെ ചുണ്ടൊന്നു ചുവപ്പിക്കാൻ മാത്രമായി നമ്മുടെ പ്രജ്ഞയുടെ വെളിമ്പ്രദേശങ്ങളിലേക്ക് ഇടയ്ക്കിടെ ഇനിയും ഇറങ്ങി വന്നേയ്ക്കും.