‘എന്റെ കലാപ സ്വപ്നങ്ങൾ’: നേരിന്റെ സുതാര്യതയുള്ള അനുഭവങ്ങൾ

‘‘‘എന്റെ കലാപ സ്വപ്നങ്ങൾ’ ശ്രദ്ധിച്ചു വായിച്ചു. വളരെ നന്നായിട്ടുണ്ട്. യാതൊരു മുഷിവും കൂടാതെ രണ്ടു ദിവസം കൊണ്ട് നിരന്തരമായി വായിച്ചാണ് ഞാനത് മുഴുവിപ്പിച്ചത്. എല്ലാം തുറന്ന്​ എഴുതിയതിനാൽ ഭാഷയ്ക്ക് നേരിന്റെ സുതാര്യതയുണ്ട്. പാരായണ സുഗമത വലിയ കാര്യമാണ്. താങ്കളുടെ എഴുത്തുകൾക്ക് അതുണ്ട്’’- പി.ടി. കുഞ്ഞുമുഹമ്മദ്​ എഴുതിയ ‘എന്റെ കലാപ സ്വപ്നങ്ങൾ’ എന്ന പുസ്​തകത്തിന്റെ വായനാനുഭവം എം.എൻ. കാരശ്ശേരി പങ്കുവെക്കുന്നു.

പ്രിയപ്പെട്ട പി.ടി,

‘എന്റെ കലാപ സ്വപ്നങ്ങൾ’ ശ്രദ്ധിച്ചു വായിച്ചു. വളരെ നന്നായിട്ടുണ്ട്. യാതൊരു മുഷിവും കൂടാതെ രണ്ടു ദിവസം കൊണ്ട് നിരന്തരമായി വായിച്ചാണ് ഞാനത് മുഴുവിപ്പിച്ചത്. എല്ലാം തുറന്ന്​ എഴുതിയതിനാൽ ഭാഷയ്ക്ക് നേരിന്റെ സുതാര്യതയുണ്ട്. പാരായണ സുഗമത വലിയ കാര്യമാണ്. താങ്കളുടെ എഴുത്തുകൾക്ക് അതുണ്ട്. സ്വന്തം തെറ്റുകുറ്റങ്ങളും പരിമിതികളും പോരായ്മകളും ഏറ്റുപറയുന്ന "തിരിഞ്ഞുനോക്കുമ്പോൾ' എടുത്തുപറയാൻ മാത്രം മികച്ചതായി. പി. ടി യെ അടുത്തറിയാൻ ഈ പുസ്തകം വളരെ സഹായകമാണ്. നമ്മുടെ കലാചരിത്രത്തിന്റെ ഭാഗമാകാൻ ഇതിലെ ചില അധ്യായങ്ങൾക്ക് അർഹതയുണ്ട്. ഗർഷോം, മഗ്​രിബ്​, വീരപുത്രൻ, പരദേശി, വിശ്വാസപൂർവ്വം മൻസൂർ മുതലായ ചലച്ചിത്രങ്ങളുടേയും, എൻ. പി. മുഹമ്മദ്, മരുമക്കത്തായം മുതലായ ഡോക്യുമെന്ററികളുടെയും പശ്ചാത്തലവും നിർമാണ ചരിത്രവും ഇവിടെ ലഭ്യമാണ്. അവയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വിവരങ്ങളും ഫോട്ടോകളും കൃത്യമായി കൊടുത്തിട്ടുണ്ടല്ലോ.

മാധ്യമ ചരിത്രത്തിനും ഈ ഗ്രന്ഥം ആവശ്യം വരും. കൈരളി ചാനലിന്റെ ഉദയവും ഉയർച്ചയും വിവരിക്കുന്ന ഭാഗം വളരെ പ്രസക്തമാണ്.

"പ്രവാസലോകം' മലയാള മാധ്യമ പാരമ്പര്യത്തിലെ ഗംഭീരമായ ഒരു അധ്യായമാണ്. സങ്കടം സഹിക്കാൻ കഴിയാതെ പല എപ്പിസോഡുകളും ഞാൻ ഇടയ്ക്കുവെച്ച് നിർത്തിയിട്ടുണ്ട്. പിന്നെ അത് കാണാതെയായി. അത്രയും വ്യസനം താങ്ങാൻ എനിക്ക് കരുത്തില്ലാത്തതാണ് പ്രശ്‌നം. പി.ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം ആ പരിപാടിയാണ്. അതിലൂടെ എത്രയോ പേരുടെ, എത്രയോ കുടുംബങ്ങളുടെ ദീർഘദീർഘമായ ദുരിതങ്ങൾ എന്നേക്കുമായി അവസാനിപ്പിക്കാൻ താങ്കൾക്കു കഴിഞ്ഞു. അതിനെ പറ്റിയുള്ള വിവരണം മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർഥികൾക്കും നല്ല പാഠമാണ്.

വ്യക്തികളുടെ ചിത്രീകരണം മികച്ചതായി. കെ. ആർ. മോഹനനുമായുള്ള ഊഷ്മള സൗഹൃദം എന്നെ അഗാധമായി സ്പർശിച്ചു. പാനൂർ മുഹമ്മദിന്റെ തൂലികാചിത്രം സത്യസന്ധവും സ്മരണീയവുമാണ്. എം.ടി - എൻ. പി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പി.ടി - മോഹനൻ ബന്ധം അവതരിപ്പിച്ചത് ഉചിതമായി. "കണ്ടൻ കോരനെ' പോലെ എത്ര കഥാപാത്രങ്ങൾ. ചാവക്കാട്, ഗുരുവായൂർ പ്രദേശങ്ങളെ അടുത്തറിയാൻ ആത്മകഥ എന്നെ സഹായിച്ചു. രാഷ്ട്രീയം സൗഹൃദം കച്ചവടം മുതലായവയുടെ പല ഉള്ളുകള്ളികളും തെളിഞ്ഞു കിട്ടി എന്ന് അർത്ഥം. അവയിലൊക്കെ പുലർന്നു കണ്ട മതേതരമായ മനോഭാവമാണ് എനിക്ക് ആശ്വാസം തന്നത്. മൂന്നുനാല് പതിറ്റാണ്ട് മുമ്പത്തെ കേരളത്തിലെ ഏതു പ്രദേശത്തിന്റെയും രൂപവും ഭാവവും ഇതുതന്നെ. അവയിലൂടെ കടന്നുപോകുമ്പോൾ ഞാൻ ഓരോ കാര്യത്തിലും കാരശ്ശേരിയിലും, മുക്കത്തും ഉണ്ടായിരുന്ന ഇത്തരം ചങ്ങാത്തത്തെ പറ്റിയും കലാ പ്രവർത്തനത്തെപ്പറ്റിയും ആണ് ഓർത്തുപോയത്. അതൊക്കെ എങ്ങോ... എവിടെയോ പോയി മറഞ്ഞു എന്നതിന്റെ സങ്കടം എന്ന്, എങ്ങനെ തീരാനാണ്?

മലയാളികളുടെ വിധേയഭാവത്തെ കുറിച്ച് വിശേഷിച്ച് "നാടില്ലാത്ത പ്രജ' എന്ന അധ്യായത്തിൽ ധാർമിക രോഷത്തോടെ താങ്കൾ എഴുതിയത് ഞാൻ ശ്രദ്ധിച്ചു. അതിൽ എനിക്ക് ഒരു കാര്യം കൂട്ടിച്ചേർക്കാനുണ്ട്. ഇന്ത്യക്കാരിൽ - അതിൽ സ്വാഭാവികമായും മലയാളികളും പെടും - പ്രവർത്തിക്കുന്ന അധമ ബോധത്തിൽ കിടക്കുന്ന പ്രധാനകാര്യം ജാതി വ്യവസ്ഥയാണ്. 3000 കൊല്ലമായി നിലനിൽക്കുന്ന ആ മേൽ - കീഴ് സംവിധാനം ഇന്ത്യൻ ജനതയെ മാനസികമായി എത്രമാത്രം അടിമപ്പെടുത്തി എന്ന് നമ്മൾ ആലോചിക്കണം.

അഹിന്ദുക്കളായ ഇന്ത്യയിലെ മുസ്​ലിംകളിലും ക്രിസ്ത്യാനികളിലും സിക്കുകാരിലുമെല്ലാം ഇതിന്റെ ദുരന്തമുണ്ട്. ആധാരം എഴുത്തിൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും അസത്യം എഴുതേണ്ടി വരും എന്ന ആധി മൂലം ആ പണി ഉപേക്ഷിച്ച ആർ.വി.സി. ഹമീദിനെ ഞാൻ ഒരിക്കലും മറന്നുപോവുകയില്ല. ഇങ്ങനെ ഒന്നോ രണ്ടോ വാക്യ ങ്ങളിലൂടെ പല കഥാപാത്രങ്ങളുടെയും വ്യക്തിത്വം ആവിഷ്‌കരിക്കുന്നതിൽ പി.ടി വിജയിച്ചിട്ടുണ്ട്. സി. പി. എം നേതാവായ ബേബി ജോണിന്റെ വിവരണം വേറെ ഒരു ഉദാഹരണം. കൗജുത്തള്ള എന്ന റൂഹാനിയുടെ കിസ്സ മറ്റൊരു ഉദാഹരണം. ഈ പുസ്തകത്തിലെ ആത്മവിമർശനം ആണ് എന്നെ ആകർഷിച്ച ഒരു ഘടകം. "എനിക്ക് അഭിനയശേഷി ഒട്ടുമില്ലായിരുന്നു' എന്നും "ഞാൻ വിരിച്ചേടത്ത് കിടക്കാത്ത ജാതിയാണ്' എന്നും എഴുതുക എളുപ്പമല്ല. ഞാൻ ഭീരുവാണ് എന്ന് ആവർത്തിച്ചെഴുതാൻ ചില്ലറ ധൈര്യം മതിയോ? അവനവന്റെ പൊങ്ങച്ചത്തെ കുറിച്ച് കൂടി താങ്കൾ എഴുതി.(ഞാൻ ബ്രാൻഡിലേക്ക് മാറി)

ഇന്ത്യാ രാജ്യത്തോടും മലയാള സംസ്‌കാരത്തോടും ഈ ഗ്രന്ഥകാരൻ കാണിക്കുന്ന ഗാഢമായ സ്‌നേഹം പലേടത്തും ഒളിഞ്ഞും തെളിഞ്ഞും കണ്ടു. അതും എന്നെ വശീകരിക്കുകയുണ്ടായി. മക്കളുടെ പേര് മുതൽ പ്രവാസി കളോടുള്ള സ്ഥായി വരെ.

മരുമക്കത്തായത്തിനെ പറ്റി എഴുതിയതിനോട് (പുറം 247, 248,249) മറ്റൊന്ന് എനിക്ക് കൂട്ടിച്ചേർക്കാനുണ്ട്. നായർ സമൂഹത്തിൽ നിന്ന് മതം മാറിയവരുടെ പിന്മുറക്കാരാവാം മരുമക്കത്തായികളായ മുസ്​ലിംകൾ. നായന്മാരുടെ തറവാടുകളുടെ രൂപവും ഭാവവുമാണ് കോഴിക്കോട്ടെ കോയമാരുടെ അകങ്ങൾക്കുള്ളത്. തലശ്ശേരിയിലെ കോയമാരുടെയും സ്ഥിതി ഇതുതന്നെ.

ഈ പുസ്തക പാരായണത്തിൽ എനിക്ക് ഇത്ര ഉത്സാഹം തോന്നാൻ വ്യക്തിപരമായ ഒരു കാര്യം കൂടിയുണ്ട്. പല സംഭവങ്ങൾക്കും പല വ്യക്തികൾക്കും ഞാനുമായി വലുതോ ചെറുതോ ആയ ബന്ധമുണ്ട്. പാനൂർമുഹമ്മദ് എന്റെ അടുത്ത സുഹൃത്തായിരുന്നു എന്നതുപോലെ.

താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഉമ്മയുടെ മരണം ആണ് എന്നും, ഏറ്റവും ഇഷ്ടപ്പെട്ട നിരൂപകൻ മാരാരാണ് എന്നും എഴുതിക്കണ്ടത് എനിക്ക് വളരെ തൃപ്തിയായി.
ഇത് രണ്ടും എന്നെ സംബന്ധിച്ചും അങ്ങനെയാണ്.
ഞാനും "ഒരു ഉമ്മക്കുട്ടിയത്രേ'.

സന്തോഷം, സ്‌നേഹം...
സ്വന്തം കാരശ്ശേരി.


Summary: ‘‘‘എന്റെ കലാപ സ്വപ്നങ്ങൾ’ ശ്രദ്ധിച്ചു വായിച്ചു. വളരെ നന്നായിട്ടുണ്ട്. യാതൊരു മുഷിവും കൂടാതെ രണ്ടു ദിവസം കൊണ്ട് നിരന്തരമായി വായിച്ചാണ് ഞാനത് മുഴുവിപ്പിച്ചത്. എല്ലാം തുറന്ന്​ എഴുതിയതിനാൽ ഭാഷയ്ക്ക് നേരിന്റെ സുതാര്യതയുണ്ട്. പാരായണ സുഗമത വലിയ കാര്യമാണ്. താങ്കളുടെ എഴുത്തുകൾക്ക് അതുണ്ട്’’- പി.ടി. കുഞ്ഞുമുഹമ്മദ്​ എഴുതിയ ‘എന്റെ കലാപ സ്വപ്നങ്ങൾ’ എന്ന പുസ്​തകത്തിന്റെ വായനാനുഭവം എം.എൻ. കാരശ്ശേരി പങ്കുവെക്കുന്നു.


Comments