എന്നുള്ളിൽ പൊട്ടിത്തെറിച്ചു, ‘എന്റെ കഥ’

‘കുടുംബങ്ങൾ തകർക്കുമല്ലോ ഈശ്വരാ,’ എന്ന് നെഞ്ചത്ത് കൈവെച്ചു പറയുന്ന വായനക്കാരനെ കണ്ടു. 'ഭർത്താവിനെ വില കല്പിക്കാത്ത അസത്ത്' എന്നാരോ ശപിക്കുന്നതു കേട്ടു. പക്ഷെ ഇവരോരുത്തരും 'എന്റെ കഥ' വായിക്കാൻ എനിക്കാദ്യം എനിക്കാദ്യം എന്ന് മലയാളനാടിനായി കൈനീട്ടുന്നതും കണ്ടു. - 50 വർഷം പൂർത്തിയാക്കുന്ന മാധവിക്കുട്ടിയുടെ ‘എന്റെ കഥ’യുടെ വായനാനുഭവം.

നിക്കന്ന്‌ പത്തുപതിനൊന്നു വയസു പ്രായം. എവിടെപ്പോയി നോക്കുമ്പോഴും പലരും 'എന്റെ കഥ' രഹസ്യമായി വായിക്കുന്നു, രഹസ്യമായി അഭിപ്രായം പറയുന്നു. ആർക്കും കയ്യെത്തി എടുക്കാവുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരോ സമർഥമായി ഈ പുസ്തകം മാറ്റിക്കൊണ്ടിരുന്നു. അതിലെ വിഷയം പെൺകുട്ടികൾ അറിയാൻ പാടില്ലാത്തതാണെന്ന് ആരോ പറയുന്നു. ഒന്നും ഒളിച്ചുവെക്കാറില്ലാത്ത അച്ഛനോടും അമ്മയോടും ഇതെക്കുറിച്ച് സംസാരിക്കാൻ എന്തോ ഒരു മടി. എന്റെ ആ ചെറിയ പ്രായത്തിലും എന്തോ ഒരു പ്രശ്നമുണ്ടല്ലോ ഈ പുസ്തകത്തിന് എന്ന് തോന്നിയതുകൊണ്ടാണത്.

‘കുടുംബങ്ങൾ തകർക്കുമല്ലോ ഈശ്വരാ,’ എന്ന് നെഞ്ചത്ത് കൈവെച്ചു പറയുന്ന വായനക്കാരനെ കണ്ടു. 'ഭർത്താവിനെ വില കല്പിക്കാത്ത അസത്ത്' എന്നാരോ ശപിക്കുന്നതു കേട്ടു. പക്ഷെ ഇവരോരുത്തരും 'എന്റെ കഥ' വായിക്കാൻ എനിക്കാദ്യം എനിക്കാദ്യം എന്ന് മലയാളനാടിനായി കൈനീട്ടുന്നതും കണ്ടു.

Photo: jayakrishnan.home.blog/
Photo: jayakrishnan.home.blog/

ഇതിനുള്ളിൽ എന്തോ വലിയ ബോംബാണെന്ന് തന്നെ വിശ്വസിച്ചുപോയി. ആരും അറിയാതെ മലയാളനാടിന്റെ ചില ലക്കങ്ങൾ മാത്രം വായിച്ചു. വായിച്ച ഭാഗത്തിൽ ഒരുതരം പ്രശ്നവും തോന്നിയതുമില്ല. ആകെക്കൂടി എന്നെ ചിന്താക്കഴപ്പത്തിലാക്കിയത്, 'സെക്സ് അപ്പീൽ എന്ന വിചിത്ര തേജസിന്റെ മഹത്വം' എന്നടങ്ങിയിരിക്കുന്ന ഒരു വരിയായിരുന്നു. വിചിത്ര തേജസ് എന്ന വാക്കാണ് കുഴപ്പിച്ചത്. പക്ഷെ അതെക്കുറിച്ച് ആരോടും സംസാരിച്ചില്ല. ഒരു പക്ഷെ സെക്സ് അപ്പീൽ എന്ന വാക്കിന്റെ അർഥം അറിയാത്തതുകൊണ്ടാവാം, ഞാൻ അന്ന് ഈ വിചിത്ര തേജസിനെ വിട്ടുകളഞ്ഞത്.

പിന്നീട് കൗമാരത്തിന്റെ അവസാനഘട്ടത്തിൽ ഈ പുസ്തകം കയ്യിൽ കിട്ടുകയും വായിക്കുകയും ചെയ്തു. പലരും പറഞ്ഞപോലെ 'കാർലോയുടെ മുറിയിൽ കുടിച്ചുമറിഞ്ഞു ചെല്ലുകയും, സാരി ഒക്കെ ഊരി മൂലയിലിട്ട്, അവിടെ അയാളുടെ കട്ടിലിൽ ഉറങ്ങുകയും ചെയ്തല്ലോ ഇവർ, അതൊന്നും ഒരു നല്ല സ്ത്രീക്ക് ചേർന്നതല്ല’ എന്നിങ്ങനെ തോന്നി. (ആ ഞാൻ തന്നെ എന്റെ സദാചാര ഉടായിപ്പുകൾ പറത്തിക്കളയാൻ അവരുടെ ഓരോ രചനകളും പിന്നീടുള്ള കാലത്തു തേടിപ്പിടിച്ചുവായിച്ചു എന്നത് വേറെ കാര്യം.)

ആദ്യ വായന കാര്യമായ ചലനമൊന്നും എന്നിൽ സൃഷ്ടിച്ചില്ല. പിന്നെ പത്തുപതിനഞ്ചു വർഷം കഴിഞ്ഞാണ് 'എന്റെ കഥ' വായിക്കുന്നത്. നനഞ്ഞ ഒരുപടക്കം പോലെ അവശേഷിച്ചിരുന്നതെന്തോ കരുത്താർന്ന്, ഭൂമിയെ ഒരു ചില്ലുഗോളിക പോലെ ചിതറിപ്പിക്കുന്ന വിസ്ഫോടനമായി എന്നുള്ളിൽ പൊട്ടിത്തെറിച്ചു. എങ്ങനെയാണ് എഴുത്തുകാരി സ്വയം ബലിമൃഗമായി, തന്റെ തൊലിയെയും മാംസത്തേയും എല്ലുകളെയും വലിച്ചൂരിനീക്കി പൊടിച്ചു കളഞ്ഞ് തന്റെ ആത്മാവിനെ കണ്ടെത്തുന്നതെന്നും ആത്മസത്തയെ തെളിക്കുന്നതെന്നും ആ വായന മനസിലാക്കിത്തന്നു.

വായിക്കുന്നവരുടെ ജീവിതാനുഭവമാണ് 'എന്റെ കഥ'യുടെ ജീവൻ. നിങ്ങൾക്ക് പഴിച്ചുകൊണ്ടും ഞെട്ടിക്കൊണ്ടും വേണമെങ്കിൽ അഭിനയിച്ചുകൊണ്ടും ഈ പുസ്തകം വായിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തെ കേട്ടുകൊണ്ട് വായിക്കാം. അങ്ങനെയുള്ള ഏതോ ഒരു വായനയിൽ ആയിരം ഇതളുള്ള താമരപോലെ സഹസ്രാരത്തിൽ 'എന്റെ കഥ' നിറഞ്ഞുനിൽക്കും.

'എന്റെ കഥ' മുഴുവൻ ആഴത്തിൽ മനസിലായത് ഈയിടെ വീണ്ടും വായിച്ചപ്പോഴാണ്. ഒരു സ്ത്രീ തന്റെ ജീവിതം സകല അർത്ഥത്തിലും ജീവിച്ചു കഴിയുമ്പോഴാണ് മനസിലാകുന്നത്, ശരീരം വെറും ഒരു കവചം മാത്രമാണെന്ന്. അതിനുള്ളിൽ എവിടെയോ, ആർക്കും, ഒരുപക്ഷെ അവൾക്കുപോലും അറിയാത്തിടത്ത്, നവരത്നക്കല്ലുകൾ പതിച്ച, വിചിത്ര ചിത്രതാക്കോലിട്ട് പൂട്ടിയ ആത്മപേടകത്തിനുള്ളിൽ യഥാർത്ഥ അവൾ ഒളിഞ്ഞിരിക്കുന്നു എന്ന്.

രതിജന്യ ഉപോല്പന്നങ്ങളെക്കുറിച്ച് ഞാൻ ഏതോകാലത്ത് ബോധവതിയായിതീർന്നിരുന്നു. സ്വന്തം ലൈംഗികതയുടെ ഉപോല്പന്നം മാത്രമാണ് സ്വന്തം കുട്ടികൾ പോലും എന്ന തിരിച്ചറിവ് എന്നിലുണ്ടായി. അമൃത് കിട്ടാൻ പാലാഴി കടയേണ്ടിവന്നു. പാലാഴിയിൽ നിന്ന് അമൃതിനൊപ്പം കാളകൂടവിഷം, കാമധേനു, ചൂഡാമണി അങ്ങനെ മറ്റു പല കാര്യങ്ങളും പൊങ്ങിവന്നു എന്ന് പറയുന്നപോലെ, ഉള്ളുടയ്ക്കുന്ന, ഉടച്ചുവാർക്കുന്ന രതിക്കൊപ്പം വിഷാദം, വിരഹം, ദുഃഖം, സന്തോഷം, സംതൃപ്തി, കുഞ്ഞ് ഇങ്ങനെ പല കാര്യങ്ങളും ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അമൃത് കിട്ടാനാകുമ്പോൾ കടൽ, പാലാഴി ആകുന്നതുപോലെ, പ്രേമം തേടുമ്പോൾ ശരീരം ആനന്ദത്തിന്റെ ആത്മശരീരമായി മാറുന്നു.

വിവാഹത്തിലൂടെയോ അല്ലാതെയോയുള്ള രതിനിർവൃതിയുടെ പാർശ്വഫലം അനുഭവിക്കുന്നതും ഇണകളുടെ പ്രണയാന്ധമായ ശരീരവും മനസുമാണ്. അത് നിയോഗമാണ്. ഈ തിരിച്ചറിവുകൾ എനിക്കുണ്ടായിരുന്നത് എന്റെ വായനയെ സഹായിച്ചു

സെക്സ് വായിക്കാൻ ഇന്ന്‌ ഇന്റർനെറ്റ് ഉണ്ട്. പോൺ ഉണ്ട്. പോൺ ആക്റ്റേഴ്‌സ് സെലിബ്രിറ്റികളാണ്. അവരെ സമൂഹം കലാകാരായി അംഗീകരിക്കുന്നുണ്ട്, നല്ലത്. പക്ഷെ ഇതേ സമൂഹം എന്തിനാണ് മാധവിക്കുട്ടിയെ മനുഷ്യരുടെ ഹൃദയം തുറന്നു കാട്ടിയതിന് തള്ളിയിടാൻ ശ്രമിച്ചത്?

മാധവിക്കുട്ടി / Photo:  telenganatoday.co
മാധവിക്കുട്ടി / Photo:  telenganatoday.co

ചിലർ പറഞ്ഞേക്കാം, മാധവിക്കുട്ടിയോളം ഇവിടെ താലോലിക്കപ്പെട്ട മറ്റൊരു എഴുത്തുകാരിയില്ല എന്ന്. മാധവിക്കുട്ടി അത്തരം തലോടലുകൾക്കു പുല്ലു വില കല്പിച്ചിരുന്നില്ല എന്നതാണ് സത്യം. അവർക്കു വേണ്ടത്, സത്യസന്ധമായ ജീവിതമായിരുന്നു. സമൂഹത്തിന്റെ കള്ളത്തരങ്ങൾ തുറന്നുകാട്ടുക എന്നതായിരുന്നു. കഥയായിട്ടെഴുതിയാൽ കഥ എന്ന് പറഞ്ഞു തള്ളിക്കളയും. ഏറ്റവും വലിയ ആയുധം അവർ എടുത്തുപയോഗിച്ചു. തന്നെത്തന്നെ ഒരു ബലിമൃഗമാക്കുക. അവർ അത് ചെയ്തു. നമ്മൾ ആ രക്തം കുടിച്ചു. ആ മാംസം കഴിച്ചു, ‘ഹോ എന്തൊരു സ്വാദ്’ എന്ന് പറഞ്ഞു. അവർ വേദനപ്പെട്ട് ഒറ്റക്കിരുന്ന് കരഞ്ഞത് നമ്മൾ ആരും കണ്ടില്ല. അവർ ജനസഞ്ചയത്തിനു മുന്നിൽ വന്നു പൊട്ടിച്ചിരിച്ചത് എല്ലാവരും കണ്ടു.

അവർ എഴുതിയത് സത്യമോ സാങ്കല്പികമോ എന്ന് അന്വേഷിക്കേണ്ട. 'എന്റെ കഥ'യിൽ, ജീവിതകഥയെ തോൽപ്പിക്കുന്ന സാങ്കൽപികലോകമുണ്ടെന്നു ഞാൻ കാണുന്നു. യാഥാർഥ്യത്തെയും സങ്കല്പത്തെയും തോല്പിക്കുന്ന ജീവിതവുമുണ്ട്. ഏതിനെ ഏതിനോടൊപ്പം നിർത്തണം എന്ന് ഞാൻ എന്ന വായനക്കാരി മാത്രം എന്റെ വായനയിൽ തീരുമാനിക്കുന്നു. അതൊരു അനുഭവമാണ്.

ആദ്യ വായനയിലൊന്നും കിട്ടാത്ത ഉണർവും തലക്കടിയും പിടിച്ചുകുലുക്കലുമാണ് അവസാനവായനയിൽ അനുഭവപ്പെട്ടത്, അത് ഈ പുസ്തകത്തിലെ ദാർശനികതലം കൂടുതൽ വെളിപ്പെടുന്നതുകൊണ്ടാണ്. എന്റെ പിഴ, എന്റെ പിഴ, എന്റെ പിഴ എന്ന് മനസിൽ പിറുപിറുത്തുകൊണ്ടാണ് ഒരോ വാതിലുകളും കൂടുതൽ വെളിച്ചത്തോടെ തുറന്നുവന്നത്. ലോകം, അടച്ച മുറിയിൽ നിന്ന് സൂര്യപ്രകാശം നിറയുന്ന തുറസിലേക്ക് മാറുമ്പോൾ പ്രകാശത്തിലിരുന്നു ഞാൻ വായിച്ചത് ഞാനാൽ നവീകരിക്കപ്പെട്ട 'എന്റെ കഥ'യായിരുന്നു. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും ലോകം എഴുത്തുകാരിക്കൊപ്പം ഞാനും മറന്നു. മറ്റേതോ ഒരു ചന്ദ്രലോകം ഞാനും ആഗ്രഹിച്ചു.

‘‘എന്നാൽ പിന്നെ വേദപുസ്തകമായി 'എന്റെ കഥ' മതിയല്ലോ.’’
പരിഹാസങ്ങൾ അടങ്ങുകയില്ല. അപ്പോൾ മറ്റൊരു ശബ്ദം മുഴങ്ങുന്നു; ‘ഇവറ്റകൾ നമ്പൂരികളാണെന്നു പറഞ്ഞിട്ടെന്തിനാണ് അമ്പലത്തിൽ പോകുന്നത്? ഗാന്ധിയുടെ കൂടെയല്ലേ? കാന്തിഭഗവാനമ്പലമുണ്ടാക്കി അങ്ങോട്ട് പോട്ടെ പരിഷകൾ…’
ഈ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്ത്രീകളുടെ തല പിടിച്ചു താഴ്ത്തി, കട്ടിക്കരിമ്പടത്തിനുള്ളിലാക്കി അടക്കിനിർത്താൻ എന്നും ക്രൂരയായ ഒരു മുത്തശി സമൂഹത്തിനുണ്ടായിരുന്നു. നിങ്ങൾ ആ കരിമ്പടക്കെട്ടിനുള്ളിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുമോ, അതോ ബലിഷ്ഠയായ മുത്തശ്ശിയെ നിങ്ങൾ ഭയന്നിരിക്കുമോ, അതോ നിങ്ങൾ മറ്റൊരു കരിമ്പട മുത്തശ്ശിയായി മാറുമോ?

ദൈന്യത കാണിച്ച് ആകർഷണീയരായി പുരുഷന്മാരെ ആകർഷിക്കാനും കാര്യങ്ങൾ നേടാനും അവൾ ആഗ്രഹിച്ചില്ല. ധൈര്യം കാണിച്ച്, ബുദ്ധി ഉപയോഗിച്ച് അനാകർഷയെങ്കിലും പുരുഷന്മാരെ നേരിടാൻ അവൾ തീരുമാനിച്ചിരുന്നു.

’ഒരു കാലത്തും എന്നെ കേൾക്കാൻ ആളുകൾ ഇല്ലാതായിട്ടില്ല. കാണാൻ ആൾക്കാർ കൂടിക്കൊണ്ടേയിരുന്നു’
കമല തന്റെ അമ്മയെപോലെ ബുദ്ധികൊണ്ട് വിളങ്ങാനുള്ള കഴിവ് നേടിയെടുത്തിരുന്നു. പുരുഷൻമാർ താൽക്കാലികമായി സൗന്ദര്യത്തിൽ ആകൃഷ്ടരാകുമെങ്കിലും അവരുടെ സ്ഥായിയായ കൂട്ടുകെട്ട് ധൈര്യമുള്ളവരോടും ബുദ്ധിയുള്ളവരോടുമായിരിക്കും എന്ന് അവൾ വിശ്വസിച്ചു.

ഒരു ജനുസ്സ് അവിടെ തുടങ്ങുകയായിരുന്നു. ശരീരത്തെ പേടിക്കാതെ, ബുദ്ധിയെ പേടിക്കാതെ, ഭാവനയെ പേടിക്കാതെ, മനസിനെ പേടിക്കാതെ, വാക്കിനെ പേടിക്കാതെ, മനുഷ്യരെ പേടിക്കാതെ, സമൂഹത്തെ പേടിക്കാതെ, അപവാദങ്ങൾ പേടിക്കാതെ, പ്രണയനഷ്ടത്തെ പേടിക്കാതെ, മരണത്തെ പേടിക്കാതെ ഒരു എഴുത്തു ജനുസ്സ് തുടങ്ങുകയായി.

അവർ പറഞ്ഞു; ‘നിസ്വാർത്ഥതയെ ഞാൻ ബഹുമാനിക്കും, സ്നേഹിക്കില്ല.’
വീട്ടിലെ നിറരഹിതമായ ജീവിതം അവരെ പോലെയുള്ള ഒരു എഴുത്തുകാരിയെ മടുപ്പിക്കാതിരിക്കില്ല. അത്തരം കുടുംബജീവിതതപസ്യ മറ്റൊരു ഐഡിയോളജി ആണ് മുന്നോട്ടുവയ്ക്കുന്നത്, ഗാന്ധിമാർഗം. അത് കുഞ്ഞു കമലയ്ക്ക് ഒരുപാട് അപകർഷതകൾ കൊണ്ടുകൊടുത്തു എന്ന് നമുക്കറിയാമല്ലോ. എങ്കിലും തനിക്ക് ഒരു തെറ്റുമില്ല, താൻ ഉത്തമപുരുഷൻ എന്ന വിശ്വാസത്തിൽ ജീവിക്കുന്നവർ ഈശ്വരനെ പറ്റിക്കുകയാണ് എന്നാണ് കമല വിശ്വസിച്ചത്.

ഒരു മുഖക്കണ്ണാടിയിലെന്നപോലെ തന്റെ ഹൃദയത്തെയും മനസിനെയും നോക്കി 'എന്റെ കഥ'യിൽ കൂടി മറ്റു കഥകളിൽ കൂടി അവർ സത്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഒരു സ്ത്രീ ചെയ്തപ്പോൾ അന്നുണ്ടായിരുന്ന പല ആൺഎഴുത്തുകാർക്കുപോലും ഉത്തരം മുട്ടി. കഥകളും നോവലുകളും അവിഹിതത്തെക്കുറിച്ചെഴുതിയവർക്കൊന്നും, തന്റെ ജീവിതത്തിലെ കഥകളെക്കുറിച്ചെഴുതാൻ ധൈര്യം വന്നില്ല. അവർക്ക് സമൂഹത്തിൽ നിന്നു ലഭിക്കാൻ പോകുന്ന തിരിച്ചടികൾ താങ്ങാൻ പറ്റില്ലായിരുന്നു. അവർക്കു നേടാനുള്ളത് പലതും നഷ്ടപ്പെടുമായിരുന്നു, കുടുംബവും സുഹൃത്തുക്കളുമൊക്കെ അവരെ തള്ളിപ്പറയുമായിരുന്നു. സുരക്ഷയില്ലാത്ത ജീവിതത്തെ അവർ ഭയപ്പെട്ടു. അവർ കഥകളിൽ, ഫിക്ഷനുകളിൽ മുഴുകി.

അപ്പോൾ 'എന്റെ കഥ' അധ്യായങ്ങൾക്ക് പുറകെ അധ്യായങ്ങളായി പ്രസിദ്ധീകൃതമാകുകയാണ്. അതൊരു അറിയപ്പെടുന്ന മോശക്കാരി സ്ത്രീയുടെ എഴുത്തായിരുന്നെങ്കിൽ ഇത്ര കോലാഹലുണ്ടാകുമായിരുന്നില്ല. കാമകേളികൾ നിറഞ്ഞ കഥകളാണെങ്കിലും സമൂഹം ഇത്ര അസ്വസ്ഥപ്പെടില്ലായിരുന്നു. പച്ചയായ നമ്മുടെ മനസിനെ പൊളിച്ചുകാണിച്ച് അവർ പറഞ്ഞു, ‘നീ നോക്ക്, നീ താലോലിച്ചിരുന്ന നിന്റെ ഹൃദയം, നോക്ക്... ഹൃദയത്തിലെ അഴുക്കുകൾ നീ കാണൂ, നഗ്നമായ സ്നേഹം കാണൂ..’

Sreejith S, Pinterest
Sreejith S, Pinterest

അവൾ തേടിയത് കാമമല്ല, സ്നേഹമാണ്. ഓരോ സ്ത്രീയും കൊതിക്കുന്ന ഒരു പ്രത്യേകതരം സ്നേഹം. അത് വെറും സ്നേഹപ്രകടനമല്ല. ഒരു പെണ്ണിനും അത് പറഞ്ഞു മനസിലാക്കിക്കാനാവില്ല. അത് അവൾക്കു അനുഭവിക്കാൻ മാത്രമേ ആകൂ. അതനുഭവിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടോ എന്നൊരു ചോദ്യം ഓരോ വായനക്കാരോടും ഈ പുസ്തകം ചോദിച്ചുകൊണ്ടിരിക്കും. അത് നിങ്ങളെ ഭയചകിതയും ധൈര്യവതിയും ഒരേസമയം ആക്കും.

അവിടെയുമിവിടെയുമായി അല്പസ്വല്പം ഉടൽവർണ്ണനകളും രതിചിന്തകളുമല്ലാതെ പുസ്തകം മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്ത്രീ ദാർശനികതയാണ്. ആരും ആദ്യവായനയിലോ പലവായനയിലോ അടയാളപ്പെടുത്താതെ പോകുന്നതും അതാണെന്ന് ഞാൻ കരുതുന്നു. മനുഷ്യർ എന്തും കാണും. തങ്ങളുടെ ഹൃദയത്തെ സുതാര്യമായി കാണാൻ മാത്രം മനുഷ്യർക്ക് കഴിവില്ല. പ്രേമത്തെ തുണിയുരിഞ്ഞു നിർത്തിയ മാധവിക്കുട്ടി, എഴുതുക മാത്രമല്ല തലയുയർത്തി പറഞ്ഞു; ‘ സ്ത്രീത്വത്തോട് ബന്ധപ്പെട്ട സകല ദൂഷ്യങ്ങളും എനിക്കുണ്ട്, അതിൽ ഞാൻ അഭിമാനിക്കുന്നു’ എന്ന്.

ഒരു സ്ത്രീയ്ക്ക് സുരക്ഷിതത്വം എപ്പോഴും അവളുടെ ശരീരത്തിനാണ് കിട്ടുക. അതൊരിക്കലും അവളുടെ ആത്മാവിന് വേണമെന്ന് ആരും മനസിലാക്കുന്നില്ല. അങ്ങനെയാണ് അവൾ ആത്മാവിന്റെ സുരക്ഷിതത്വം തേടി യാത്ര തുടങ്ങുന്നത്.

'എന്റെ കഥ'യിലെ ഒരു അസാമാന്യ രംഗമാണ്: കമല തന്നെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകനെ തേടി അദ്ദേഹത്തിന്റെ ഓഫീസിൽ പോകുന്നത്. അവൾ വിശ്വസിച്ചിരുന്നു, അയാളുമായി അവൾ പ്രണയത്തിലാണെന്ന്. കൗമാരക്കാരിയുടെ പ്രണയം. അവൾ മഴ കണക്കിലെടുക്കാതെ നനഞ്ഞൊട്ടിയാണ് അവിടെ ചെന്നു കയറുന്നത്. അവൾ അയാളുടെ മുന്നിൽ തന്റെ പ്രേമമോർത്തു പൊട്ടിക്കരയുന്നു. അയാൾ അവളുടെ തലതോർത്തികൊടുത്തു. അവളുടെ ഉടുപ്പൂരി പിഴിഞ്ഞ് വെള്ളം കളഞ്ഞു വീണ്ടും ഇടീപ്പിച്ചു കാറിൽ കയറ്റി അവളുടെ വീട്ടുമുറ്റത്തു കൊണ്ടുവിട്ടു. പിന്നെ അവർ ഒരിക്കലും കണ്ടിട്ടില്ല. അസാമാന്യ വിശദീകരണവും ബന്ധങ്ങളുടെ അബ്രറ്റ് ആയുള്ള അവസാനവും പലയിടത്തും കാണാം. അതാണ് നമ്മെ ഏറെ ചിന്തിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും.

‘ഞാൻ കാമത്തെ സ്നേഹമായി തെറ്റിദ്ധരിക്കുന്നു. തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകുന്നു…’
ചെറുപ്പകാലത്ത് കമല, ദാസിനോട് പറയുന്നുണ്ട് അവരുടെ സ്നേഹത്തെക്കുറിച്ചുതന്നെ:
‘മാറരുത്.’
‘മാറില്ല’, ദാസ് പറഞ്ഞു.
‘22 വർഷം കഴിഞ്ഞു’, കമല പറയുന്നു, ‘ദാസേട്ടൻ ഒരിക്കലും മാറിയില്ല.’
നിന്നിടത്തു നിന്ന് കമലയ്ക്കു സുരക്ഷ നൽകി. സ്നേഹത്തിനായി ഓടിയതും തളർന്നതും യാചിച്ചതും കരഞ്ഞതും വളർന്നതും പേ പിടിച്ചതും മൗനിയായതും പ്രേമിയായതും കമലയായിരുന്നു. ദാസ് മാറിയില്ല എന്നതും മാറുകയില്ല എന്നതും കമലയ്ക്ക് അപാരവിശ്വാസം കൊണ്ട് കൊടുത്തിരുന്നു.

ആർക്കെങ്കിലും 'എന്റെ കഥ' എഴുതിയതിനു മാധവിക്കുട്ടിയെ കുറ്റപ്പെടുത്താൻ അധികാരമുണ്ടെങ്കിൽ അതവരുടെ ഭർത്താവ് മാധവദാസിന് മാത്രമായിരുന്നു. അത് ഭർത്താവായതുകൊണ്ടല്ല. ഭർത്താവ് എന്ന കഥാപാത്രത്തെക്കുറിച്ച് ഇത്രയേറെ വിശദീകരിച്ചെഴുതിയതിന് അയാൾക്ക്‌ മുറുമുറുക്കാമായിരുന്നു. ഭർത്താവിനെ ഇത്രയേറെ സ്നേഹിച്ചില്ലായിരുന്നെങ്കിൽ താൻ മറ്റൊരു ജീവിതം തിരഞ്ഞെടുത്തേനേ എന്ന് മാധവിക്കുട്ടി 'എന്റെ കഥ 'യിൽ തന്നെ പറയുന്നുണ്ട്. ദാസ് ഒരിക്കലും മാധവിക്കുട്ടിയെ തള്ളിപ്പറഞ്ഞില്ല. ഭാര്യ എന്ന പദവിയിൽ നിന്നോ എഴുത്തുകാരി എന്ന പദവിയിൽ നിന്നോ അവരുടെ സ്ഥാനത്തിന് ചലനമുണ്ടാക്കാൻ അയാൾ ശ്രമിച്ചതേയില്ല. പകരം സർവ്വസ്വാതന്ത്ര്യത്തോടെ അയാളുടെ കമലയ്ക്ക് സ്വയം തീരുമാനമെടുത്ത് മുന്നേറാൻ സാധിച്ചു. അത്രയേറെ കരുത്തുള്ള ഒരു ബന്ധത്തിൽ നിന്നാലേ ഇത്തരം ഒരു തുറന്നെഴുത്ത് സാധ്യമാകൂ എന്ന് ഞാൻ വിചാരിക്കുന്നു.

മരിക്കാതിരിക്കാനല്ല, മരണത്തിലും കൂട്ടായിരിക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്ന മന്ത്രങ്ങൾ ചൊല്ലി രോഗിയായിരുന്നപ്പോൾ കൂടെയിരുന്ന സഹോദരി സുലോചനയെ കുറിച്ച് ഈ പുസ്തകത്തിൽ കമല പറയുന്നുണ്ട്. ജനൽപടിയിൽ രാത്രി കുഞ്ഞു നെയ്‌വിളക്ക് കത്തിച്ചുവെച്ചു കമല വരുന്നതും കാത്തിരിക്കുന്ന അമ്മമ്മയെ കുറിച്ചും പറയുന്നുണ്ട്. പേരിട്ട മുപ്പതോളം കഥാപാത്രങ്ങളുണ്ട് ഇതിൽ. പേരിടാത്ത വേറെയേറെപ്പേരും. അതൊന്നും കാണാതെ അറിയാതെ, പലരും വായനക്കിടയിൽ മനസിന്റെ രതിമോഹങ്ങൾ മാത്രം വായിക്കാൻ വെമ്പൽ കൊണ്ടു.

മാധവ് ദാസ്, മാധവിക്കുട്ടി
മാധവ് ദാസ്, മാധവിക്കുട്ടി

മൂന്നുകുട്ടികളുടെ പ്രസവത്തിനിടയ്ക്കുള്ള അവരുടെ ജീവിതം അവരെ രോഗിയാക്കിയപ്പോൾ, എഴുത്ത് അവരെ ജീവിപ്പിച്ചു നിർത്തി.
‘സ്നേഹിക്കുക ചീത്തക്കാര്യമല്ല. വെറുക്കുക ഒരു ചീത്തക്കാര്യമാണ് ഞാൻ ഇന്നുവരെ ആരെയും വെറുത്തിട്ടില്ല.’
ആരെയും വെറുക്കാത്ത അവർ, അന്യ നാട്ടിൽ വെച്ച് ഒരിക്കൽ, ‘ജീവിതം മടുത്തു ഉറക്കഗുളിക കഴിച്ചു മരിക്കാം’ എന്ന് തീരുമാനിക്കുന്നുണ്ട്. അതിനായി ഉറക്ക ഗുളികകൾ വാങ്ങാനായി വീട്ടിൽ നിൽക്കുന്ന ജോലിക്കാരനോട് പറയുന്നു.
അയാൾ പറയുന്നു, ‘എനിക്ക് ആരുമില്ല, ജീവിതം മടുത്തു. ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. എനിക്കും മരിക്കണം.’
അപ്പോൾ ജോലിക്കാരിയും പറയുന്നു, ‘എനിക്കീ നാടേ മടുത്തു, എനിക്കും മരിക്കണം.’
എന്നാൽ ഗുളിക വാങ്ങിക്കാൻ പോയ ജോലിക്കാരൻ വൈകീട്ട് അടുത്ത വീട്ടിലെ പെണ്ണിനോട് പ്രേമാഭ്യർത്ഥന നടത്തി, അവളുടെ ഭർത്താവ് നല്ല അടിയും കൊടുത്തു. ഇങ്ങനെ ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും ജീവിക്കാനുള്ള കൊതിയും ആവേശവും ഒക്കെ മാറിമറിഞ്ഞ് ഈ വായനയിലുണ്ട്.

നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ഒരാൾ മരണപ്പെട്ടാൽ ദുഃഖത്തിനുശേഷം ആ ചിന്ത വലിയൊരു സ്വാതന്ത്ര്യമാണ് കൊണ്ടുതരുന്നതെന്ന അവരുടെ ദർശനം ആദ്യ വായനകളിൽ മനസിലായിരുന്നില്ല. അതിന്റെ യുക്തി പിന്നീട് എനിക്ക് ബോധ്യമായി. നമ്മളെ ഭൂമിയിൽ പിടിച്ചുനിർത്തുന്നത്, ജീവിതത്തിൽ കുറിക്കുന്നത്, സ്നേഹമാണ്. ഏറ്റവും ഇഷ്ടമുള്ള സ്നേഹം, അത് മരണത്തിൽ കൂടെയോ അല്ലാതെയോ നഷ്ടപ്പെടുമ്പോൾ നമ്മൾ കൂടുതൽ സ്വതന്ത്രരാകും, ശക്തരും.

മക്കൾ ഉറങ്ങാൻ കിടക്കുമ്പോൾ കട്ടിലിനടിയിൽ കിടന്ന് ശ്രീകൃഷ്ണനായും ബലരാമനായും വർത്തമാനം പറഞ്ഞ് കുട്ടികളെ രസിപ്പിച്ച്, അവരെ പലവിധത്തിൽ അത്ഭുതപ്പെടുത്തി ആ അമ്മ. വേഷത്തിലും രൂപഭാവത്തിലും മൂന്നുമാസത്തിലൊരിക്കലെങ്കിലും മാറ്റം വരുത്താറുണ്ടെന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, യാഥാർത്ഥലോകം അവർക്കു വലിയ കാര്യമൊന്നുമല്ല. അവർ സാങ്കല്പിക ലോകത്തിൽ, തനിയെ ഉണ്ടാക്കിയ മറ്റൊരു പ്രപഞ്ചത്തിലായിരുന്നു ജീവിച്ചതെന്ന്.

സത്യസന്ധമായ ആരാധനയിൽ ഏതു കല്ലും ദൈവചൈതന്യമുള്ളതായി തീരും. സത്യസന്ധമായ എഴുത്തുജീവിതം ദൈവികമാണ്. അതുകൊണ്ടാണ് ‘ചന്ദ്രന്റെ ഇറച്ചിപോലെയാണ് അയാളുടെ ശരീരം’ എന്നെഴുതാൻ മാധവിക്കുട്ടിക്കാകുന്നത്.

മാധവിക്കുട്ടി
മാധവിക്കുട്ടി

‘… ഒരു സ്ത്രീയും മറ്റൊരു പുരുഷന്റെ കിടക്കയിലേക്ക് കാമപൂർത്തീകരണത്തിനായി പോകയില്ല, അങ്ങനെ പോയാൽ, അത് ദാരുണമാണ്. അവൾ മുറിവേറ്റവളാണ്’
പക്ഷെ എന്നും സമൂഹം സ്ത്രീയെ സെക്സ് എന്ന വള്ളി കൊണ്ട് കഴുത്തിൽ കുടുക്കി ശ്വാസം മുട്ടിക്കും. പിന്നീടവൾക്കൊരു ട്രപ്പീസ് കളിയാണ് ജീവിതം.

'എന്റെ കഥ' വായന അടിസ്ഥാനപരമായി, മലയാളി സ്ത്രീസമൂഹത്തെ, ആത്മാവിനാൽ പൊതിഞ്ഞ തങ്ങളുടെ ശരീരത്തെ ബഹുമാനത്തോടെ കാണാൻ സഹായിച്ചു. രാഷ്ട്രീയവിഷയമായി, ഈ സമൂഹത്തിൽ സ്ത്രീശരീരം മാറി. ബോഡി പൊളിറ്റിക്സ്, (ഉടൽ രാഷ്ട്രീയം) പിന്നീട് വന്ന വായനക്കാർ ഉൾക്കൊണ്ടു. 'എന്റെ കഥ' എന്റെയും കഥയാണെന്ന് സ്ത്രീകൾക്ക് തോന്നി. ആഗ്രഹിക്കുന്ന ജീവിതം നമ്മുടെ അവകാശമാണെന്ന് മനസിലാക്കിച്ചു. മീഡിയോക്കർ ജീവിതത്തിന്റെ ദുഷിപ്പിൽ കിടക്കുന്നവർ മാത്രമാണ് 'എന്റെ കഥ'യെ ഇന്ന്‌ തള്ളിപ്പറയുന്നത്.

മലയാളിസ്ത്രീലോകത്തെ, ഇന്നത്തെ കാലത്ത്, പുനർനിർമിക്കുന്നതിൽ സംഘടനകൾ, വിപ്ലവകാരികൾ എന്നിവരെക്കാളും ഒക്കെ മാധവിക്കുട്ടി പങ്ക് വഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അവർ സൃഷ്ടിച്ച ആശയലോകം തലമുറകൾ കൈമാറിവരുന്നു. ഇന്നും കൗമാരത്തിൽ എത്തുന്ന പെൺകുട്ടികൾ അവരുടെ മുത്തശ്ശിമാർ എഴുപതുകളിൽ വായിച്ച മാധവിക്കുട്ടിയുടെ 'എന്റെ കഥ'യും മറ്റ് കഥകളും വായിക്കുന്നു. മാധവിക്കുട്ടിയുടെ എല്ലാ കഥകളും എന്റെ കഥകൾ തന്നെയാണ്. അവരുടെ ആത്മാവ് പ്രകടമാകാത്ത ഒരു രചനയും അവർ നടത്തിയിട്ടില്ല.

തനൂജ ഭട്ടതിരി
തനൂജ ഭട്ടതിരി

മാധവിക്കുട്ടി അഥവാ കമല തന്നെയായിരുന്നല്ലോ ഫാനിൽ തട്ടി ചോര ഒലിപ്പിച്ച് ജനലിൽ ഒട്ടി നിന്ന കുരുവി. പാവം കുരുവി. തണലും വെള്ളവും തേടി വന്ന്, പങ്കയിൽ തലയടിച്ച്, ജനലിൽ രക്തം തെറിപ്പിച്ച് ഒട്ടി നിന്നു, മരണപ്പെട്ടു.
വായനക്കാരുടെ മുന്നിൽ, ആത്മാവ് തുറന്നുകാട്ടിയ ഒരു കുരുവി ചോര തെറിപ്പിച്ച് ജനൽചില്ലിൽ ഒട്ടി ഇന്നും കിടക്കുന്നു, എല്ലാവരും നോക്കിനിൽക്കുന്നു.

മരണം സംഭവിച്ചവർക്ക് ദയ വേണ്ട, കരുണ വേണ്ട, സ്നേഹം വേണ്ട, പ്രേമം വേണ്ട. ഒരു കുരുവികളും തന്റെ മൃതശരീരത്തിന് തലോടൽ ആഗ്രഹിക്കില്ല. വേണമെങ്കിൽ നിങ്ങൾക്ക് അതിനെ എടുത്ത് ദൂരേക്കു വലിച്ചെറിയാം. നിങ്ങൾക്കാവുമെങ്കിൽ ജീവിക്കാനായി സംരക്ഷണം തേടി നിങ്ങൾക്കരികിലെത്തുന്ന കുരുവിയ്ക്ക് ഒരിറ്റു വെള്ളം നൽകുക.

Comments