‘Deep Medicine’:
യന്ത്രഡോക്ടർക്ക്
രോഗിയുടെ കണ്ണിലേക്ക്
നോക്കാനാകുമോ?

Artificial Intelligence വൈദ്യശാസ്ത്ര മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകത്തെക്കുറിച്ചാണ് ഡോ. ജയകൃഷ്ണൻ ടി. എഴുതുന്നത്: Eric Topol എഴുതിയ Deep Medicine: How Artificial Intelligence Can Make Healthcare Human Again.

2026 ജനുവരിയിൽ നടന്ന കേരള ലിറ്ററെച്ചർ ഫെസ്റ്റിവലിലെ പാനൽ ചർച്ചയിൽ എനിക്ക് കിട്ടിയ വിഷയം “നിർമ്മിതബുദ്ധി അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ചികിത്സയിലെ മാനവികസ്പർശം കുറക്കുമോ” എന്നതായിരുന്നു. അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന നിർമ്മിതബുദ്ധി രോഗചികിത്സയിൽ ഉപയോഗിയുമ്പോൾ വരുന്ന നേട്ടങ്ങളേയും കോട്ടങ്ങളെയും കുറിച്ചായിരുന്നു ആ ചർച്ച.

‘നിർമ്മിതബുദ്ധി’ഉപയോഗത്തിലൂടെ നഷ്ടപ്പെടാവുന്ന മാനവികതയിലും പിഴവുകളുടെ ഉത്തരവാദിത്യത്തിനു നിയമപരമായി പ്രതി ചേർക്കാൻ ആളില്ലാത്തതിനും മറ്റ് രണ്ടു പാനലിസ്റ്റുകളും ആകുലപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം, ജൂണിൽ യു.എസിലെ ബോസ്റ്റണിലുള്ള മകന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ ബുക്ക്‌ഷെൽഫിൽ യുവൽ നോഹ ഹരാരിയുടെ ‘നെക്സസ്സി’നും നോം ചോസ്കി യുടെ ‘ഹു റൂൾസ് ദി വേൾഡി’നുമിടയിൽ ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടത്.

Eric Topol എഴുതിയ Deep Medicine: How Artificial Intelligence Can Make Healthcare Human Again. നാനൂറോളം പേജുള്ള ആ പുസ്തകം എടുത്ത്, അടുത്ത ദിവസങ്ങളിൽ വായിച്ചുതീർത്തു. പോരാതെ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ മകന്റെ സമ്മതത്തോടെ പുസ്തകം ചെക്ക് ഇൻ ബാഗിൽ എടുക്കുകയും ചെയ്തു.

ഡോ. എറിക് ടോപ്പോൾ അമേരിക്കയിലെ പ്രമുഖ കാർഡിയോളജിസ്റ്റും അറിയപ്പെടുന്ന ശാസ്ത്രജ്ഞനുമാണ്. കാലിഫോർണിയയിലെ Scripps Research Translational Institute സ്ഥാപക ഡയറക്ടറുമാണ്. The Creative Destruction of Medicine, The Patient Will See You Now തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ആരോഗ്യരംഗത്തെ സാങ്കേതികപരിവർത്തനങ്ങളെ അദ്ദേഹം മുൻകൂട്ടി വിലയിരുത്തിയിരുന്നു. കോവിഡ് കാലത്ത് 2020 ഒക്ടോബറിൽ ട്രൂകോപ്പി തിങ്കിൽ ഞാനെഴുതിയ "വാക്സിൻ വന്നാൽ എല്ലാം ശരിയാകുമോ" എന്ന ലേഖനത്തിൽ, എറിക് ടോപ്പോളിന്റെ അഭിപ്രായങ്ങൾ ക്വോട്ട് ചെയ്തിട്ടുണ്ടായിരുന്നു.

വൈദ്യശാസ്ത്രം ഇന്ന് വലിയ വഴിത്തിരിവിലാണ്. കൃത്രിമബുദ്ധി (Artificial Intelligence), ബിഗ് ഡേറ്റ, ജനിതകവിജ്ഞാനം, ധരിക്കാവുന്ന ഡിജിറ്റൽ ഉപകരണങ്ങൾ (wearables), ടെലിമെഡിസിൻ എന്നിവ ആരോഗ്യരംഗത്തെ വേഗത്തിൽ മാറ്റിമറിക്കുകയാണ്. ഈ മാറ്റങ്ങളെ ചിലർ ആവേശത്തോടെയും ചിലർ ആശങ്കയോടെയും നോക്കിക്കാണുന്നു. യന്ത്രങ്ങൾ ഡോക്ടറെ മാറ്റിസ്ഥാപിക്കുമോ? രോഗിയും ഡോക്ടറും തമ്മിലുള്ള മനുഷ്യബന്ധം നഷ്ടമാകുമോ? അതോ സാങ്കേതികവിദ്യ തന്നെയാകുമോ ചികിത്സയെ കൂടുതൽ മാനുഷികമാക്കുന്ന ശക്തി? ഈ ചോദ്യങ്ങൾക്ക് ദൂരദർശിത്വത്തോടെയും ശാസ്ത്രീയമായ തെളിവുകളോടെയും മറുപടി നൽകുന്ന ഗ്രന്ഥമാണിത്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തിരിഞ്ഞുനോക്കലുകളുടെയും തിരിച്ചറിവിന്റെയും പുസ്തകമാണ് Eric Topol എഴുതിയ Deep Medicine: How Artificial Intelligence Can Make Healthcare Human Again.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തിരിഞ്ഞുനോക്കലുകളുടെയും തിരിച്ചറിവിന്റെയും പുസ്തകമാണ് Eric Topol എഴുതിയ Deep Medicine: How Artificial Intelligence Can Make Healthcare Human Again.

“Deep Medicine” എന്ന പദത്തിന് അദ്ദേഹം നൽകുന്ന അർത്ഥം രോഗനിർണയത്തിൽ കൂടുതൽ കൃത്യത എന്നതല്ല. ചികിത്സയുടെ മൂന്നു തലങ്ങളെ- ഡേറ്റയുടെ ആഴം, രോഗനിർണയത്തിന്റെ ആഴം, മനുഷ്യബന്ധത്തിന്റെ ആഴം- ഒന്നിച്ചുചേർക്കുന്ന സമഗ്ര കാഴ്ചപ്പാടാണ്.

കേരള ചരിത്രങ്ങളുടെആഴങ്ങളിലേക്ക് ഊളയിട്ട “കവനന്റ്റ് ഓഫ് വാട്ടർ” രചിച്ച, ഡോ. അബ്രഹാം വർഗീസാണ് ഈ പുസ്തകത്തിനും ആമുഖം എഴുതിയിട്ടുള്ളത്. പോൾ കലാനിധിയുടെ “വെൻ ബ്രെത്ത് ബികൊംസ് എയറി’നും ആമുഖം എഴുതിയത് അദ്ദേഹമായിരുന്നു. ആമുഖത്തിൽ പുസ്തകത്തിന്റെ സന്ദേശം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്: “വൈദ്യശാസ്ത്രത്തിന്റെ ഭാവി സാങ്കേതികവിദ്യയിലല്ല; സാങ്കേതികവിദ്യയിലൂടെ മനുഷ്യനെ വീണ്ടും കണ്ടെത്തുന്നതിലാണ്” എന്ന ആശയമാണ് ഇതിലെ അന്തർധാര.

ആധുനിക ഭിഷഗ്വരർക്ക് തങ്ങളുടെ അരികിയിലെത്തുന്ന രോഗികളുടെ ജീനോമിന്റെ സൂക്ഷ്മവിവരണങ്ങൾ അറിയാമായിരിക്കും. പക്ഷെ അവരുടെ കഥകൾക്ക് ചെവിയോർക്കുന്നില്ല. അതിനാൽ ഉള്ളിൽ അവരുടെ ഹൃദയം പൊട്ടിത്തകരുന്നത് തിരിച്ചറിയാനാകാതെ പോകുന്നുമുണ്ട്.

“പിന്തിരിഞ്ഞുനോക്കിയാൽ മാത്രമാണ് ജീവിതത്തെ മനസ്സിലാക്കാൻ പറ്റുന്നത്. പക്ഷെ ജീവിച്ചുതീർക്കേണ്ടത് മുന്നിലേക്കു മാത്രമാണ്”. മനുഷ്യനെ മൃഗങ്ങളിൽനിന്ന് വേർതിരിച്ചുനിർത്തുന്നത് ചരിത്രത്തിലേക്ക് പിന്തിരിഞ്ഞുനോക്കാനുള്ള ഈ ത്വര കൂടിയാണ്. ഈ പിന്തിരിഞ്ഞുനോക്കൽ തെറ്റു തിരുത്തി മുന്നോട്ടുപോകാനുമാണ്. ആധുനിക ഭിഷഗ്വരർക്ക് തങ്ങളുടെ അരികിയിലെത്തുന്ന രോഗികളുടെ ജീനോമിന്റെ സൂക്ഷ്മവിവരണങ്ങൾ അറിയാമായിരിക്കും. പക്ഷെ അവരുടെ കഥകൾക്ക് ചെവിയോർക്കുന്നില്ല. അതിനാൽ ഉള്ളിൽ അവരുടെ ഹൃദയം പൊട്ടിത്തകരുന്നത് തിരിച്ചറിയാനാകാതെ പോകുന്നുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് പ്രസ്താവിച്ചതുപോലെ, രോഗത്തെ തിരിച്ചറിയുന്നതിനേക്കാൾ പ്രധാനം, രോഗിയെ അറിയലാണ് എന്നതിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്.

“നമുക്കാവശ്യം നമ്മളെ പൂർണ്ണമായി പരിരക്ഷിക്കുന്നവരെയാണ്. അവർ ഞങ്ങളുടെ ഹൃദയം തൊട്ടറിയുന്നവരും ഞങ്ങളിലെ ആന്തരിക ഭയത്തെ മനസ്സിലാക്കുന്നവരും നമ്മൾ എന്തിനുവേണ്ടി ജീവിക്കുന്നുവെന്നും എന്തിനുവേണ്ടി മരിക്കുന്നുവെന്നും അറിയുന്നവരുമായിരിക്കണം. എപ്പോഴുമെപ്പോഴും ഇതു തന്നെയായിരിക്കും ഞങ്ങളുടെ ഉള്ളിലെ ആഗ്രഹം”- ഇതാണ് രോഗികളുടെ കാഴ്ചപ്പാട്.

ഈ പുസ്തകം ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തിരിഞ്ഞു നോക്കലുകളുടെയും തിരിച്ചറിവിന്റെയുമാണെന്ന് ആമുഖം സൂചന തരുന്നു.

ആദ്യ അധ്യായത്തിൽ എറിക് ടോപ്പോൾ തന്റെ ജീവിതയാത്രയുടെ ചില നിർണായക നിമിഷങ്ങൾ പങ്കുവയ്ക്കുന്നു. അത് ആത്മകഥ പറയാനല്ല; താൻ എത്തിച്ചേർന്ന ചിന്തകളുടെ വേരുകൾ വായനക്കാർക്ക് കാണിച്ചുകൊടുക്കാനാണ്. ചെറുപ്പത്തിൽ കാൽമുട്ടിലെ സന്ധിവേദനയുടെ ദുരിതക്കയങ്ങളിൽനിന്ന് മാനസിക രോഗത്തിന്റെ ലേബലുകൾ പതിയാതെ രക്ഷപ്പെട്ട്, ജീവിതത്തിന്റെ ഉയരങ്ങളിലേക്ക് നീന്തിക്കയറിയ കഥ ഇതിലൊന്നാണ്.

ഹൃദ്രോഗവിദഗ്ധനെന്ന നിലയിൽ പതിറ്റാണ്ടുകളോളം രോഗികളെ ചികിത്സിച്ച അനുഭവമാണ് ടോപ്പോളിന്റെ ഏറ്റവും വലിയ സമ്പത്ത്. ചികിത്സാരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകളുടെ വളർച്ച അദ്ദേഹം നേരിൽ കണ്ടു. ആൻജിയോപ്ലാസ്റ്റിയും സങ്കീർണമായ ഹൃദയചികിത്സാരീതികളും ജനിതകശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളും അദ്ദേഹത്തെ വിസ്മയിപ്പിച്ചു. എന്നാൽ, യന്ത്രങ്ങൾ കൂടിവരുന്ന ഈ പുരോഗതികൾക്കൊപ്പം മറ്റൊരു മാറ്റവും അദ്ദേഹം ശ്രദ്ധിച്ചു-ഡോക്ടർമാർ രോഗികളിൽനിന്ന് പതുക്കെ അകലുകയാണ്.

അമേരിക്കയിലെ പ്രമുഖ  കാർഡിയോളജിസ്റ്റും അറിയപ്പെടുന്ന ശാസ്ത്രജ്ഞനുമായ ഡോ. എറിക് ടോപ്പോൾ.
അമേരിക്കയിലെ പ്രമുഖ കാർഡിയോളജിസ്റ്റും അറിയപ്പെടുന്ന ശാസ്ത്രജ്ഞനുമായ ഡോ. എറിക് ടോപ്പോൾ.

രോഗിയുടെ മുഖത്തുനോക്കി സംസാരിച്ചിരുന്ന ഡോക്ടർ, കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തലകുനിച്ചിരിക്കുന്ന ഒരു ‘ഡേറ്റാ മാനേജർ’ ആയി മാറുന്നതാണ് അദ്ദേഹത്തെ ഏറ്റവും വേദനിപ്പിച്ചത്. ചികിത്സയുടെ കേന്ദ്രത്തിൽ മനുഷ്യനുപകരം രേഖകളും പരിശോധനാഫലങ്ങളും ഇൻഷൂറൻസ് ഫോമുകളും ഭരണനടപടികളും സ്ഥാനം പിടിക്കുന്ന കാഴ്ച അദ്ദേഹത്തെ അസ്വസ്ഥനാക്കി. രോഗിയുടെ മുഖത്തെ ആശങ്ക വായിച്ചെടുക്കുന്നതിനുപകരം, ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡിലെ അനന്തമായ ചതുരക്കൂട്ടുകളിലാണ് ചികിത്സകരുടെ ശ്രദ്ധ കുടുങ്ങുന്നത്. സ്റ്റെതസ്കോപ്പിനെക്കാൾ കീബോർഡാണ് കൂടുതൽ സമയം കൈവശപ്പെടുത്തുന്നത്.

തുടക്കത്തിൽ ആശുപത്രികളിൽ ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡ് സിസ്റ്റം ബില്ലിങ്ങിന്റെ എളുപ്പത്തിനാണ് കണ്ടുപിടിപ്പിക്കപ്പെട്ടതെങ്കിലും അത് ഇപ്പോൾ രോഗികളിൽനിന്നുള്ള ഡോക്ടറുടെ ശ്രദ്ധക്കുറവിന് പ്രധാന കാരണമായി തുടങ്ങിയിട്ടുണ്ട്. കമ്പ്യൂട്ടർ സ്ക്രീനുകൾ രോഗികളിൽ നിന്നുള്ള ഡിസ്ട്രാക്ടറായി മാറിപ്പോയിട്ടുണ്ടോ എന്നു സംശയിക്കാം.

ചികിത്സ കൂടുതൽ യന്ത്രവൽക്കരിക്കുകയല്ല ലക്ഷ്യം; മറിച്ച് യന്ത്രങ്ങളെ ഉപയോഗിച്ച് ചികിത്സയെ വീണ്ടും മനുഷ്യകേന്ദ്രീകൃതമാക്കുകയാണ് വേണ്ടതെന്ന് Eric Topol വാദിക്കുന്നു.

മനുഷ്യരുടെ പ്രധാന സിദ്ധികളായ സ്നേഹിക്കാനുള്ള കഴിവ്, ചിരി, കരച്ചിൽ, ദയ, സ്വപ്നം കാണൽ എന്നിവ റോബോട്ടുകൾക്കുണ്ടാവില്ല. രോഗികൾക്കും ഡോക്ടർക്കും ഇടയിൽ യന്ത്രങ്ങൾ ഒരിക്കലും മനുഷ്യന്റെ എതിരാളികളല്ല; മനുഷ്യന്റെ സമയം വീണ്ടെടുക്കാൻ കഴിയുന്ന സഹായികളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. റോബോട്ടുകളും AI- യും ബിഗ് ഡേറ്റയെ ഉഴുതുമറിച്ച് കൃത്യമായ രോഗനിർണ്ണയത്തിന് സഹായിക്കുന്നുമുണ്ട്. ഈ തിരിച്ചറിവാണ് Deep Medicine എന്ന ആശയത്തിന്റെ ഉറവിടം. ചികിത്സ കൂടുതൽ യന്ത്രവൽക്കരിക്കുകയല്ല ലക്ഷ്യം; മറിച്ച് യന്ത്രങ്ങളെ ഉപയോഗിച്ച് ചികിത്സയെ വീണ്ടും മനുഷ്യകേന്ദ്രീകൃതമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വാദിക്കുന്നു. അതിനാലാണ് ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം തന്നെ ഒരു ശാസ്ത്രജ്ഞന്റെ പ്രഖ്യാപനത്തേക്കാൾ പരിചയസമ്പന്നനായ ചികിത്സകന്റെ ആത്മസാക്ഷ്യമായി അനുഭവപ്പെടുന്നത്. വർഷങ്ങളുടെ ചികിത്സാനുഭവവും ഗവേഷണവും ആത്മപരിശോധനയും ചേർന്നാണ് ഈ ആശയം രൂപംകൊണ്ടതെന്ന് വായനക്കാർക്ക് ബോധ്യമാകുന്നു.

ടോപ്പോളിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു ലളിതസത്യമുണ്ട്: മികച്ച ചികിത്സ അത്യാധുനിക യന്ത്രങ്ങൾകൊണ്ട് മാത്രമല്ല, രോഗിയോടൊപ്പമിരിക്കാൻ തയ്യാറുള്ള ഒരു മനുഷ്യഹൃദയം കൊണ്ടാണ് സാധ്യമാകുന്നത്. കൃത്രിമബുദ്ധിക്ക് ആ ഹൃദയത്തെ മാറ്റിസ്ഥാപിക്കാനല്ല, അതിന് കൂടുതൽ സമയം നൽകാനാണ് കഴിയുക.

ഇതിനായി പല പഠനങ്ങളുടെ വിവരങ്ങൾ പുസ്തകത്തിലുണ്ട്. ഡേവിഡ് മെൽറ്റ്സർ ചിക്കാഗോവിൽ നടത്തിയ പഠനത്തിൽ, ഒ.പിയിലെ രോഗികളുമായി ഡോക്ടർമാർ കൂടുതൽ സമയം ഇപെടുകയാണെങ്കിൽ 20% ത്തോളം ഐ. പി. അഡ്മിഷൻ കുറക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ ഒരു മിനുട്ട് കൂടുതലുളള ഇടപെടലുകളും ഏകദേശം എട്ടു മുതൽ 16% വരെ റി അഡമിഷൻ നിരക്ക് കുറക്കാം. സ്റ്റാൻഫോർഡിൽ ഡോക്ടർമാർക്ക് ടൈം ബാങ്ക് പ്രൊജക്റ്റിലൂടെ ചികിതത്സയ്ക്കുപുറമേ മെൻ്റർഷിപ്പ്, കമ്മിറ്റികളിൽ പ്രവർത്തനം തുടങ്ങിയവക്ക് “വൗച്ചർ ഫോർ ടൈം സേവിംഗ്” ഏർപ്പെടുത്തിയപ്പോൾ വർക്ക് ബാലൻസ് മെച്ചപ്പെട്ടതായി കണ്ടിട്ടുണ്ട്. ഡോക്ടർമാരിൽ എംപതി കുറയാൻ പ്രധാന കാരണം സമയക്കുറവാണ്. ഈ ബേൺ ഔട്ട് ചികിത്സാ പിഴവുകളുണ്ടാക്കും. അമേരിക്കയിൽ മാത്രം വർഷംതോറും 300 -400 ഡോക്ടർമാർ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്.

റോബോട്ടുകളും AI- യും ബിഗ് ഡേറ്റയെ ഉഴുതുമറിച്ച് കൃത്യമായ രോഗനിർണ്ണയത്തിന് സഹായിക്കുന്നുമുണ്ട്. ഈ തിരിച്ചറിവാണ് Deep Medicine എന്ന ആശയത്തിന്റെ ഉറവിടം.
റോബോട്ടുകളും AI- യും ബിഗ് ഡേറ്റയെ ഉഴുതുമറിച്ച് കൃത്യമായ രോഗനിർണ്ണയത്തിന് സഹായിക്കുന്നുമുണ്ട്. ഈ തിരിച്ചറിവാണ് Deep Medicine എന്ന ആശയത്തിന്റെ ഉറവിടം.

സാങ്കേതികവിദ്യ ചികിത്സയെ കൂടുതൽ മനുഷ്യവിരുദ്ധമാക്കിയെന്ന് പലരും കരുതുന്ന സമയത്ത്, ടോപ്പോൾ അതിന് വിപരീതമായ വാദമാണ് ഉയർത്തുന്നത്. കൃത്രിമബുദ്ധി (Artificial Intelligence) മനുഷ്യനെ മാറ്റിസ്ഥാപിക്കാൻ വന്നതല്ല; മനുഷ്യനെ മനുഷ്യനാക്കാൻ തിരികെ സഹായിക്കുന്നതിലാണ് അതിന്റെ സാധ്യത. ഇന്ന് ഒരു ഡോക്ടറുടെ ദിവസത്തിന്റെ വലിയൊരു പങ്ക് രേഖകൾ പൂരിപ്പിക്കാനും പരിശോധനാഫലങ്ങൾ ക്രമപ്പെടുത്താനും ഭരണപരമായ ജോലികളിലുമാണ് ചെലവാകുന്നത്. മനുഷ്യബുദ്ധി ആവശ്യപ്പെടാത്ത ഈ ആവർത്തനപ്രവർത്തനങ്ങൾ യന്ത്രങ്ങളെ ഏൽപ്പിക്കാനായാൽ, ഡോക്ടർക്ക് തിരിച്ചുകിട്ടുന്നത് സമയം മാത്രമല്ല; രോഗിയ്ക്കൊപ്പമുള്ള സാന്നിധ്യവുമാണ്. ടോപ്പോൾ സാങ്കേതികവിദ്യയെ ആഘോഷിക്കുന്നില്ല; മനുഷ്യനെ ആഘോഷിക്കുകയാണ്. യന്ത്രങ്ങൾ വേഗത്തിൽ കണക്കുകൂട്ടട്ടെ, മനുഷ്യർ സാവധാനം കേൾക്കട്ടെ എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം.

ഇതു വായിക്കുമ്പോൾ ‘ആരോഗ്യനികേതന’ത്തിലെ പഴയ വൈദ്യന്റെ രൂപം മനസ്സിൽ തെളിയും. രോഗിയുടെ നാഡി പിടിച്ച് മൗനമായി കേട്ടിരുന്ന ആ ശ്രദ്ധയും കരുതലും. ആ പഴയ മനുഷ്യത്വത്തെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള സ്വപ്നമാണ് ടോപ്പോൾ ഇവിടെ വരച്ചുകാട്ടുന്നത്.

‘‘ആളുകളെ കേൾക്കാനും നിരീക്ഷിക്കാനുമുള്ള കഴിവും രോഗ കേന്ദ്രീകൃതം എന്നതിനേക്കാൾ മനുഷ്യരെ കേന്ദ്രീകരിച്ച അറിവുകളുമായിരിക്കണം മെഡിക്കൽ വിദ്യാർത്ഥിക്ക് കൂടുതൽ വേണ്ടത്. ലബോറട്ടറി- സ്കാൻ റിപ്പോർട്ടുകൾ നോക്കി രോഗനിർണ്ണയം നടത്തുന്നതിലുപരി അവർ രോഗിയെ മനസ്സിലാക്കിയിരിക്കണം’’.

Deep Empathy: ചികിത്സയുടെ അവസാന വാക്ക്

പുസ്തകത്തിന്റെ അവസാന അധ്യായത്തിലെത്തുമ്പോൾ എറിക് ടോപ്പോൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇത്രയും പേജുകൾ കൃത്രിമബുദ്ധിയെക്കുറിച്ച് എഴുതിയ എഴുത്തുകാരൻ ഒടുവിൽ പറയുന്നത് യന്ത്രങ്ങളെക്കുറിച്ചല്ല; മനുഷ്യഹൃദയത്തെക്കുറിച്ചാണ്:
‘രോഗിയോടുള്ള അനുകമ്പയും രോഗിയെ മനസ്സിലാക്കുന്നതും സർജന്റെ കൈയ്യിലെ കത്തിയേക്കാളും ഫാർമസിസ്റ്റി​ന്റെ മരുന്നിനേക്കാളും വലുതാണ്’. ഇതിനായി ഹിപ്പോക്രാറ്റസിന്റെ ഉദ്ധരണിയെയാണ് കൂട്ടുപിടിക്കുന്നത്.

മെഡിക്കൽ വിദ്യാഭ്യാസത്തിന് എത്തുന്നവരെ ക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്:
ഇമോഷണൽ ഇൻ്റലിജൻസ്, എംപതി ഇതൊന്നും നോക്കാതെയാണ് മെഡിക്കൽ കോളേജുകളിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. (മെരിറ്റിൽ ആയാലും പണത്തിന്റെ അടിസ്ഥാനത്തിലായാലും) ചൈനയിലെ AI xiayo റോബോട്ട് നാഷനൽ മെഡിക്കൽ ലൈസൻസിഗ് പരീക്ഷ ആദ്യ ചാൻസിൽ പാസ്സായതായ ഉദാഹരണം നൽകുന്നുണ്ട്. ആളുകളെ കേൾക്കാനും നിരീക്ഷിക്കാനുമുള്ള കഴിവും രോഗ കേന്ദ്രീകൃതം എന്നതിനേക്കാൾ മനുഷ്യരെ കേന്ദ്രീകരിച്ച അറിവുകളുമായിരിക്കണം മെഡിക്കൽ വിദ്യാർത്ഥിക്ക് കൂടുതൽ വേണ്ടത്. ലബോറട്ടറി- സ്കാൻ റിപ്പോർട്ടുകൾ നോക്കി രോഗനിർണ്ണയം നടത്തുന്നതിലുപരി അവർ രോഗിയെ മനസ്സിലാക്കിയിരിക്കണം. അൽഗോരിതങ്ങളിൽ പിഴവുണ്ടായേക്കാം. അതിനുമുപരി രോഗിയുടെ ഇഷ്ടങ്ങളും മൂല്യങ്ങളും ചികിത്സാനിർണ്ണയിയുന്നതിനുമുമ്പ് അറിഞ്ഞിരിക്കണം

‘രോഗിയോടുള്ള അനുകമ്പയും രോഗിയെ മനസ്സിലാക്കുന്നതും സർജന്റെ കൈയ്യിലെ കത്തിയേക്കാളും ഫാർമസിസ്റ്റി​ന്റെ മരുന്നിനേക്കാളും വലുതാണ്’.
‘രോഗിയോടുള്ള അനുകമ്പയും രോഗിയെ മനസ്സിലാക്കുന്നതും സർജന്റെ കൈയ്യിലെ കത്തിയേക്കാളും ഫാർമസിസ്റ്റി​ന്റെ മരുന്നിനേക്കാളും വലുതാണ്’.

‘Deep Empathy’ എന്നത് സഹതാപം എന്ന വാക്കിന്റെ കൂടുതൽ തീവ്രമായ രൂപമാണ്. രോഗിയുടെ വേദന മനസ്സിലാക്കുക മാത്രമല്ല, ആ വേദനയുടെ അരികിൽ നിശ്ശബ്ദമായി കൂടെയിരിക്കാനുള്ള കഴിവുകൂടിയാണത്. രോഗം ചികിത്സിക്കുന്നതിനുമുമ്പ് രോഗിയെ കേൾക്കുക; പരിശോധനാഫലങ്ങൾ വായിക്കുന്നതിനുമുമ്പ് അയാളുടെ ഭയം വായിച്ചെടുക്കുക; ഇതാണ് ടോപ്പോൾ ഉയർത്തിക്കാട്ടുന്ന ചികിത്സയുടെ ധാർമ്മികത.

തന്റെ UC SF- ലെ റസിഡൻസി സമയത്ത് അദ്ധ്യാപകനായ ഡോ. കനു ചാറ്റർജി രോഗികളെ പരിശോധിച്ചും തൊട്ടുമായിരുന്നു കൂടുതൽ ഡ്യൂട്ടി സമയവും ചെലവാക്കിയിരുന്നത് എന്ന് എറിക്ക് ടോപോൾ ഓർമ്മിച്ചെടുക്കുന്നു. 200 ലധികം വർഷങ്ങൾക്കുമുമ്പ് കണ്ടുപിടിക്കപ്പെട്ട സ്റ്റെതസ്കോപ്പ് ഇപ്പോൾ ഒരു പഴയ ടൂൾ മാത്രമായ റബ്ബർക്കുഴലായി മാറിയിട്ടുണ്ട്. ഇപ്പോൾ രോഗികളുടെ മിടിക്കുന്ന ഹൃദയത്തിന്റെ ഉള്ളറകൾ നേരിട്ടുകാണാൻ പറ്റുന്ന അൾട്രാ സൗണ്ട് സ്മാർട്ട് ഫോണുകൾ വരെയുണ്ട്. എന്നാൽ സാന്നിധ്യം, സഹതാപം, കരുതൽ, കേൾക്കൽ, കൈത്തല സ്പർശനം, ശാരീരിക പരിശോധനകൾ ഇവയൊക്കെയാണ് ഡോക്ടർ - രോഗി ബന്ധം ഊട്ടിവളർത്തുന്നത്. ഈ മാനുഷിക ഇടപെടലുകൾ ഡിജിറ്റൈസ് ചെയ്യുക എന്നത് വിഷമകരമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

ആധുനിക ചികിത്സയിൽ നഷ്ടപ്പെട്ടുപോകുന്നത് അറിവല്ല, സമയമാണ്. സമയത്തോടൊപ്പം അപ്രത്യക്ഷമാകുന്നത് ശ്രദ്ധയും കരുതലും ആശയവിനിമയവുമാണ്. രോഗിക്ക് പലപ്പോഴും വേണ്ടത് പുതിയ മരുന്നിനേക്കാൾ ഒരു വിശദീകരണവും ഒരു ആശ്വാസവാക്കുമാണ്. എന്നാൽ അതിനുള്ള അവസരം ഡോക്ടർക്ക് ലഭിക്കാതെ പോകുന്നു. ഇവിടെയാണ് ടോപ്പോളിന്റെ ഏറ്റവും മനോഹരമായ ചിന്ത ഉയരുന്നത്.

കൃത്രിമബുദ്ധി ഡോക്ടറെ മാറ്റിസ്ഥാപിക്കുകയല്ല ചെയ്യേണ്ടത്; ഡോക്ടർക്ക് രോഗിയോടൊപ്പം ചെലവഴിക്കാനുള്ള സമയം തിരികെ നൽകുകയാണ് അതിന്റെ യഥാർത്ഥ ദൗത്യം. കമ്പ്യൂട്ടർ രേഖകൾ തയ്യാറാക്കുമ്പോൾ, ഡോക്ടർക്ക് രോഗിയുടെ കണ്ണുകളിലേക്ക് നോക്കാൻ കഴിയണം. യന്ത്രം വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ, മനുഷ്യന് വികാരങ്ങൾ വായിക്കാനാകണം. രോഗി മരിച്ചാൽ, ‘എന്റെ ഒരു രോഗി മരിച്ചു’ എന്ന് പറയുന്നതിനപ്പുറം മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കുന്നതും വീട്ടുകാർക്ക് അനുശോചന കുറിപ്പയക്കുന്നതും മരിച്ചവരുടെ ജീവിതത്തിന്റെ ഡിഗ്നിറ്റി കൂട്ടുകയും ബന്ധുക്കളുടെ ദുഃഖം കുറക്കുകയും ചെയ്യും.

സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും ഒരു കൈപിടിത്തത്തിന്റെ ഊഷ്മളതയോ ആശ്വാസം പകരുന്ന ഒരു വാക്കിന്റെ ശക്തിയോ നിശ്ശബ്ദമായ ഒരു സാന്നിധ്യത്തിന്റെ മൂല്യമോ ഒരു യന്ത്രത്തിനും പകരംവയ്ക്കാനാവില്ല എന്നുമാണ്.
സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും ഒരു കൈപിടിത്തത്തിന്റെ ഊഷ്മളതയോ ആശ്വാസം പകരുന്ന ഒരു വാക്കിന്റെ ശക്തിയോ നിശ്ശബ്ദമായ ഒരു സാന്നിധ്യത്തിന്റെ മൂല്യമോ ഒരു യന്ത്രത്തിനും പകരംവയ്ക്കാനാവില്ല എന്നുമാണ്.

അവസാനം നമ്മെ ഓർമ്മിപ്പിക്കുന്നത് ചികിത്സ ഒരിക്കലും ശാസ്ത്രമായിരുന്നില്ല എന്നതാണ്. അത് മനുഷ്യബന്ധങ്ങളുടെ ഏറ്റവും സൂക്ഷ്മമായ ഒരു കലയുമാണ്. സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും ഒരു കൈപിടിത്തത്തിന്റെ ഊഷ്മളതയോ ആശ്വാസം പകരുന്ന ഒരു വാക്കിന്റെ ശക്തിയോ നിശ്ശബ്ദമായ ഒരു സാന്നിധ്യത്തിന്റെ മൂല്യമോ ഒരു യന്ത്രത്തിനും പകരംവയ്ക്കാനാവില്ല എന്നുമാണ്. അതിനാൽ, പുസ്തകത്തിന്റെ അവസാനവരി വായിച്ചുകഴിയുമ്പോൾ വായനക്കാർ തിരിച്ചറിയുന്നത് ഒരു വലിയ സത്യമാണ്. ഈ ഗ്രന്ഥത്തിന്റെ യഥാർത്ഥ വിഷയം കൃത്രിമബുദ്ധിയല്ല; മനുഷ്യസഹാനുഭൂതിയാണ്. ചികിത്സയുടെ ആത്മാവിനെ തിരികെ കണ്ടെത്താനുള്ള ഒരു മാനവികാഹ്വാനമാണ്. യന്ത്രങ്ങൾ കൂടുതൽ ബുദ്ധിമതികളാകുന്ന ലോകത്ത് മനുഷ്യർ കൂടുതൽ കരുണയുള്ളവരാകണമെന്ന് ഓർമ്മിപ്പിക്കുന്ന നിശ്ശബ്ദ സന്ദേശം. കൃത്രിമബുദ്ധിയുടെ കാലത്ത് ഏറ്റവും അപൂർവമായ വിഭവം ഡേറ്റയല്ല, മനുഷ്യന്റെ ഹൃദയമാണെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു,

Comments