ലാറ്റിനമേരിക്ക ഇന്നും അമേരിക്കൻ ടാർഗറ്റ്; എന്തുകൊണ്ട്?

‘രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മാത്രം ചരുങ്ങിയത് 20 തവണയെങ്കിലും ഇടതുപക്ഷ സ്വഭാവമുള്ള സർക്കാറുകളെ അട്ടിമറിക്കാൻ അമേരിക്കൻ സാമ്രാജ്യം ലാറ്റിനമേരിക്കയിൽ ശ്രമിച്ചിട്ടുണ്ട്. ഇതിലധികവും അതാത് രാജ്യത്തെ തീവ്രവലതുപക്ഷത്തെ സാമ്പത്തികമായി സഹായിച്ചും ആയുധങ്ങൾ നൽകിയും പ്രൊപ്പഗാൻഡ ഏറ്റെടുത്തുമെല്ലാം നടത്തിയതാണ്’- ജോ എമെർബെർഗറും ജസ്റ്റിൻ പോഡറും ചേർന്നെഴുതിയ Extraordinary Threat: The U.S. Empire, the Media, and Twenty Years of Coup Attempts in Venezuela എന്ന പുസ്തകത്തിന്റെ വായന.

ലാറ്റിനമേരിക്കയിലെ രാജ്യങ്ങളെ ചുരുങ്ങിയത് ഒരു നൂറ്റാണ്ടിലധികമായി അമേരിക്കൻ സാമ്രാജ്യം കണക്കാക്കുന്നത്, തങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇടപെടാൻ കഴിയുന്ന പ്രദേശമായാണ്. ഇത്തരം രാജ്യങ്ങളിലെ ജനാധിപത്യ ശ്രമങ്ങൾക്കോ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കോ ഒരു കാലത്തും സമാധാനപരമായ അന്തരീക്ഷം സാമ്രാജ്യത്വ ഇടപെടൽ മൂലം ലഭിച്ചിരുന്നില്ല. നേരിട്ടുള്ള മിലിട്ടറി ഇടപെടലുകൾ മുതൽ സാമ്പത്തിക വ്യവസ്ഥയെ ഞെക്കിക്കൊല്ലുന്ന മനുഷ്യവിരുദ്ധമായ ഉപരോധങ്ങൾ വരെ നീളുന്ന ടൂൾ കിറ്റിലൂടെ എന്നും അമേരിക്കൻ സാമ്രാജ്യം ഈ രാജ്യങ്ങളിൽ അവരുടെ ഇച്ഛ നടപ്പാക്കി.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മാത്രം ചരുങ്ങിയത് 20 തവണയെങ്കിലും ഇടതുപക്ഷ സ്വഭാവമുള്ള സർക്കാറുകളെ അട്ടിമറിക്കാൻ അമേരിക്കൻ സാമ്രാജ്യം ലാറ്റിനമേരിക്കയിൽ ശ്രമിച്ചിട്ടുണ്ട്. ഇതിലധികവും അതാത് രാജ്യത്തെ തീവ്രവലതുപക്ഷത്തെ സാമ്പത്തികമായി സഹായിച്ചും ആയുധങ്ങൾ നൽകിയും പ്രൊപ്പഗാൻഡ ഏറ്റെടുത്തുമെല്ലാം നടത്തിയതാണ്. ചില ഘട്ടങ്ങളിൽ സ്വകാര്യ സൈന്യത്തെ ഉപയോഗിച്ചും തീവ്രവാദികളെ പരിശീലിപ്പിച്ചും ഇത് വിജയിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ ശ്രമങ്ങളിൽ പലതും വിജയത്തിലെത്തിയപ്പോൾ ക്യൂബ പോലുള്ള ചില രാജ്യങ്ങളിൽ ഇന്നും അത് വിജയത്തിലെത്തിക്കാൻ അമേരിക്കൻ സാമ്രാജ്യത്തിനു സാധിച്ചിട്ടില്ല. വിജയത്തിലെത്തിയ രാജ്യങ്ങളിലും പിന്നീട് ശക്തമായി ഇത്തരം ഇടതുപക്ഷ സാമ്ര്യാജ്യത്വ വിരുദ്ധ സ്വഭാവമുള്ള മൂവ്മെന്റുകൾ അധികാരത്തിലേക്ക് തിരിച്ചു വന്നിട്ടുള്ള കാഴ്ചയും ലാറ്റിനമേരിക്കയിൽ കാണാം.

എന്നാൽ, ഇന്നും തുടരുന്ന അട്ടിമറി ശ്രമങ്ങൾ ആ രാജ്യങ്ങളിലെ ജനതയുടെ ജീവിത സാഹചര്യങ്ങളെയും വികസന സ്വപനങ്ങളെയും പതിറ്റാണ്ടുകളോളം പിറകോട്ടടിക്കുകയാണ്. മാത്രമല്ല, ആ രാജ്യങ്ങളിലെ അടിസ്ഥാനവർഗ്ഗൾക്ക് ഗുണകരമായി മാറേണ്ട പ്രകൃതിവിഭവങ്ങളും മറ്റും ഉൾപ്പെടുന്ന സമ്പത്ത് അതാത് രാജ്യത്തെ ചുരുക്കം വരുന്ന ഉന്നത ശ്രേണിയിലുള്ളവർക്കും ആഗോള കോർപറേറ്റുകൾക്കും മാത്രം ലഭിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്.

വിഖ്യാത ലാറ്റിനമേരിക്കൻ എഴുത്തുകാരൻ എഡ്വേർഡ് ഗാലിയാനോ തന്റെ Open Veins of Latin America: Five Centuries of the Pillage of a Continent എന്ന പ്രസിദ്ധ പുസ്തകത്തിൽ ലാറ്റിനമേരിക്കൻ ജനതയുടെ അവസ്ഥയെക്കുറിച്ച് ഇങ്ങനെ എഴുതി:

“Our defeat was always implicit in the victory of others; our wealth has always generated our poverty by nourishing the prosperity of others - the empires and their native overseers. In the colonial and neocolonial alchemy, gold changes into scrap metal and food into poison.”

തങ്ങൾക്ക് സാമ്പത്തികമായോ സൈനികപരമായോ യാതൊരു വെല്ലുവിളിയും സൃഷ്ടിക്കാൻ വിദൂര സാധ്യത പോലുമില്ലാത്ത കുഞ്ഞൻ രാജ്യങ്ങളിലെ ജനാധിപത്യ / ഇടതുപക്ഷ പരീക്ഷണങ്ങളെ അമേരിക്കൻ സാമ്രാജ്യം എന്തിനിത്ര ഭയപ്പെടുന്നു എന്ന ചോദ്യം പ്രസ്തക്തമാണ്. തീർച്ചയായും അമേരിക്കൻ അല്ലെങ്കിൽ മറ്റ് സാമ്പത്തിക ശക്തികളുടെ കോർപറേറ്റ് കമ്പനികളുടെ താല്പര്യം സംരക്ഷിക്കുക എന്നത് ഇതിൽ പ്രധാനമാണ്. നേന്ത്രപ്പഴത്തിന്റെ കുത്തക യുണൈറ്റഡ് ഫ്രൂട്ട് കമ്പ്നി പോലുള്ള കോർപറേറ്റുകൾക്ക് ഉറപ്പാക്കാൻ വേണ്ടി മാത്രം നടത്തിയ അട്ടിമറിയുടെ ചരിത്രം നോക്കിയാൽ ഇത് വ്യക്തമാകും.

പലപ്പോഴും മേഖലയിൽ നിലവിലെ ചൂഷണ വ്യവസ്ഥക്ക് അപ്പുറമൊരു വികസന മോഡൽ മുന്നോട്ടുവെക്കുന്നതിന്റെ "threat of a good example" സാധ്യതയാണ് അമേരിക്കൻ ഇടപെടലുകളുടെ അടിസ്ഥാന കാരണം. മറ്റു രാജ്യങ്ങളും ഇത് പിന്തുടർന്നാലോ എന്ന ഭയം ഒരു തരം ഹിസ്റ്റീരിയ പോലെ അമേരിക്കൻ വിദേശ നയത്തിന്റെ ഭാഗമാണ്.

കേവലം "threat of a good example"- നപ്പുറം മേഖലയിൽ വലിയ രീതിയിൽ സാമ്പത്തികമായും ആശയപരമായും ഇടപെടൽ നടത്താൻ സാധ്യതയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണ് വെനിസ്വേല; ലോകത്തെ തന്നെ ഏറ്റവും വലിയ ഓയിൽ റിസെർവുകളിൽ ഒന്ന്. ലാറ്റിനമേരിക്കയിൽ 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഞ്ഞടിച്ച "പിങ്ക് ടൈഡ്" എന്നറിയപ്പെട്ട ഇടതുപക്ഷ മുന്നേറ്റത്തിൽ ഏറ്റവും കൃത്യമായ സോഷ്യലിസ്റ്റ് അജണ്ട മുന്നോട്ട് വെച്ചിരുന്നതും വെനിസ്വേലയായിരുന്നു. ഹ്യൂഗോ ചാവെസിനെ പോലെ യാതൊരു ഭയവും കൂടാതെ അമേരിക്കൻ സാമ്രാജ്യത്വത്തെ വാക്കു കൊണ്ടും പ്രവർത്തികൊണ്ടും നേരിട്ട നേതാവിന്റെ പോപ്പുലാരിറ്റി കൂടി ചേരുന്നതോടെ മറ്റൊരു ചെറിയ ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ ഭീഷണിക്കപ്പുറം അമേരിക്കയെ വെല്ലുവിളിക്കുന്ന സാധ്യതയായി വെനിസ്വേല മാറി.

ഇരുപതു വർഷത്തിലധികമായി അമേരിക്കൻ സാമ്രാജ്യവും അതിന്റെ ജൂനിയർ കൂട്ടാളികളും ചേർന്ന് നടത്തിയ 6 അട്ടിമറി ശ്രമങ്ങളും അത് ഏത് രീതിയിലാണ് ആ രാജ്യത്തെ ജനതക്ക് മുകളിൽ തീരാത്ത നഷ്ടങ്ങൾ സൃഷ്ടിച്ചതുമെന്നുള്ള ചരിത്രമാണ് ജോ എമെർബെർഗറും ജസ്റ്റിൻ പോഡറും ചേർന്നെഴുതിയ Extraordinary Threat: The U.S. Empire, the Media, and Twenty Years of Coup Attempts in Venezuela എന്ന പുസ്തകം.

ഇന്നും അത്തരം ശ്രമങ്ങൾ നടക്കുകയാണ്. കോവിഡ് ലോകത്തെ കീഴടക്കിയപ്പോൾ പോലും വെനിസ്വേല കോവിഡിനോടൊപ്പം അട്ടിമറി ശ്രമത്തോടും പോരാടുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്ന സാമ്രാജ്യത്വ ഇടപെടലിൽ ഏത് രീതിയിലാണ് മാധ്യമങ്ങളും മനുഷ്യാവകാശത്തിനും മറ്റും നിലകൊള്ളുന്നു എന്ന് പറയുന്ന അന്താരാഷ്ട്ര NGO കളും സഹായകമായി പ്രവർത്തിച്ചിട്ടുള്ളത് എന്നാണ് പുസ്തകം പ്രധാനമായും അന്വേഷിക്കുന്നത്.

17 -ാം വയസ്സിൽ, വളരെ പിന്നാക്കം നിൽക്കുന്ന കുടുംബ സാഹചര്യത്തിൽ നിന്ന് കാരക്കാസിലെ മിലിട്ടറി സ്‌കൂളിൽ കേഡറ്റായി ട്രൈനിങ്ങിനു ചേരുന്നതോടെയാണ് ഹ്യൂഗോ ചാവേസ് എന്ന ഒരുപക്ഷെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും പോപ്പുലറായ ഇടതുപക്ഷ നേതാവിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി വെനിസ്വേലയിൽ തുടരുന്ന ഒളിഗാറിക്കിയോടും അതിന്റെ ചൂഷണത്തോടും എതിർപ്പുള്ള വിപ്ലവപ്രസ്ഥാനങ്ങളുടെ സ്വാധീനമുള്ള നിരവധി സൈനികർ അന്ന് ആ അക്കാദമിയിൽ ഉണ്ടായിരുന്നു. പൊതുവിൽ സൈനിക സ്‌കൂളുകളിൽ ലഭിക്കുന്ന വിദ്യാഭ്യാസത്തിനപ്പുറം മാക്സിസം ഉൾപ്പെടെയുള്ള ആശയങ്ങളെ പരിചയപ്പെടുന്ന അവരുടെ ട്രെയിനിങ് കരിക്കുലത്തിൽ നിന്നാണ് ഷാവേസിലെ വിപ്ലവകാരിയുടെ ഉദയമുണ്ടാകുന്നത്.

ഹ്യൂഗോ ചാവേസ്

മിലിട്ടറി അക്കാദമി ജീവിതത്തിൽ വെച്ചാണ് സൈമൺ ബൊളിവാറും ചെ ഗുവേരയുമെല്ലാം ചാവേസിന്റെ വിപ്ലവസ്വപനങ്ങളിലേക്ക് കടന്നു വരുന്നത്. തുടർന്ന് സൈന്യത്തിനകത്തു ഇടതുപക്ഷ സ്വഭാവമുള്ള രഹസ്യ ഗ്രൂപ്പുണ്ടാക്കുകയും 1992- ൽ അധികാരം പിടിക്കാൻ പരാജയപ്പെട്ടൊരു ശ്രമത്തിനു നേതൃത്വം നൽകുകയും ചെയ്തു. പരാജിതനായ ചാവേസിന് ജനങ്ങളെ അഭിസംബോധന ചെയ്യാൻ അന്നത്തെ ഭരണകൂടം അവസരം നൽകി. തന്റെ കൂട്ടാളികളോട് ആയുധം താഴെ വെക്കാൻ പറയാനും പരാജയം ഏറ്റെടുക്കാനും വേണ്ടിയായിരുന്നു ആ അവസരമെങ്കിലും മിലിട്ടറി യൂണിഫോമിൽ രാജ്യത്തെ അഭിസംബോധന ചെയ്ത ചാവേസ് അതിനെ രാഷ്ട്രീയമായി മാറ്റിയെടുത്തു. "por ahora" അഥവാ പരാജയം ഇപ്പോളത്തെക്ക് മാത്രം എന്ന പഞ്ച് ഡയലോഗിൽ അവസാനിച്ച ആ പ്രസംഗം ദരിദ്രരിൽ ദരിദ്രമായ വെനിസ്വേലക്കാർക്കിടയിൽ ഒളിഗാർക്കിക്കും അതിന്റെ ചൂഷണത്തിനുമെതിരെ നിൽക്കുന്ന വീരനായകന്റെ പരിവേശം ചാവേസിന് നൽകി.

1998- ലെ തെരഞ്ഞെടുപ്പിലെ വിജയത്തിലൂടെയാണ് ചാവേസ് തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വത്തിലേക്ക് അഥവാ രാജ്യത്തിൻറെ പ്രസിഡന്റ് പദവിയിലേക്ക് വരുന്നത്. തുടർന്ന് 2013- ൽ തന്റെ മരണം വരെ, 2002 ലെ രണ്ടു ദിവസം വിജയിച്ച അട്ടിമറി ഒഴിച്ച് നിർത്തിയാൽ, നീണ്ട 15 വർഷം ചാവേസ് ആ രാജ്യത്തെ നയിച്ചു.

ചാവേസിന്റെ ഭരണകാലത്തിന്റെ ഏറ്റവും വലിയ നേട്ടം ദരിദ്ര നിർമ്മാർജ്ജനമായിരുന്നു. ഭരണത്തിലേറുമ്പോൾ ഏകേദശം 50% ത്തിലധികം ആളുകൾ ദരിദ്ര്യരേഖക്ക് താഴെയുണ്ടായിരുന്നത് ഒരു ദശകം കഴിയുമ്പോൾ തന്നെ ഗണ്യമായി കുറഞ്ഞ്, 30% ത്തിനു കീഴേക്ക് എത്തുന്നുണ്ട്. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സമത്വം, ഭൂപരിഷ്കരണം, വികേന്ദ്രീകൃത ജനാധിപത്യം എന്നീ മേഖലകളിലെല്ലാം കൃത്യമായ ഇടപെടൽ നടക്കുകയും അതിന്റെ നേട്ടങ്ങളുണ്ടാകുകയും ചെയ്തു. വെനിസ്വേലയുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ ഉത്പാദനം പോലുള്ള മേഖലകളിൽ ശക്തമായ ദേശസാൽക്കരണത്തിനു ആരംഭം കുറിക്കുന്നതും ഈ കാലയളവിലാണ്.

നിക്കോളാസ്  മദുറോ ചാവിസ്‌മോ

ചാവേസിന്റെ കാലഘട്ടത്തിൽ രണ്ടു തവണ അട്ടിമറി ശ്രമം നടക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ പിന്തുണയോടെ അതെല്ലാം തോൽപ്പിക്കപ്പെട്ടു. 2013- ൽ കാൻസർ ബാധിതനായി ചാവേസ് മരിച്ചപ്പോൾ പിൻഗാമിയായി വന്ന നിക്കോളാസ് മദുറോ ചാവിസ്‌മോ മുന്നോട്ട് വെച്ച സോഷ്യലിസ്റ്റ് പദ്ധതികൾ തുടരുകയാണ് ചെയ്തത്. എന്നാൽ കടുത്ത വെല്ലുവിളികളാണ് ഈ കാലഘട്ടത്തിൽ ബൊളിവറിയാൻ സ്റ്റേറ്റ് നേരിട്ടത്, ഇന്നും നേരിട്ട് കൊണ്ടിരിക്കുന്നത്. നാല് തവണയാണ് അമേരിക്കൻ പിന്തുണയോടെ വലതുപക്ഷ അട്ടിമറി ശ്രമം നടന്നത്. ഓരോ തവണയും ഇതെല്ലം ജനങ്ങളുടെ പിന്തുണയോടെ പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും സാമ്പത്തിക വ്യവസ്ഥക്ക് വലിയ ആഘാതം ഓരോ അട്ടിമറി ശ്രമങ്ങളും നൽകി.

ഇതേ കാലയളവിൽ തന്നെയാണ് അമേരിക്കൻ ഉപരോധം വെനിസ്വേലയെ വരിഞ്ഞുമുറുക്കുന്നത്. സാമ്പത്തിക വ്യവസ്ഥ തകർന്നാൽ സ്വാഭാവികമായും ജനങ്ങളിലുള്ള പിന്തുണ ബൊളിവറിയാൻ വിപ്ലവത്തിന് നഷ്ടമാകും എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഉപരോധങ്ങൾ. 2015- ൽ ഒബാമ ഭരണകൂടവും പിന്നീട് കൂടുതൽ ശക്തിയോടെ ട്രംപ് ഭരണകൂടവും നടപ്പിലാക്കിയ ഉപരോധം വർഷാവർഷം ശരാശരി 6 ബില്യൺ ഡോളർ എങ്കിലും എണ്ണ കയറ്റുമതിയിൽ വെനിസ്വേലക്ക് നഷ്ടം വരുത്തിയിട്ടുണ്ട്. വിദേശ വരുമാനത്തിന് ഏറെക്കുറെ പൂർണ്ണമായും എണ്ണ കയറ്റുമതിയെ ആശ്രയിച്ചു നിലകൊള്ളുന്ന സാമ്പത്തിക വ്യവസ്ഥക്ക് ഇത് വലിയ ആഘാതം സൃഷ്ടിച്ചു. ഇതേ കാലഘട്ടത്തിൽ ആഗോള മാർക്കറ്റിൽ എണ്ണ വിലയിലുണ്ടാകുന്ന പ്രതിസന്ധികൾ സ്ഥിതി കൂടുതൽ വഷളാക്കി. മരുന്നുൾപ്പെടയുള്ള അത്യാവശ്യ വസ്തുക്കൾ പോലും ഇറക്കുമതി ചെയ്യാൻ സാധിക്കാത്തത്ര ദുരിതത്തിലേക്ക് ഇതോടെ രാജ്യം എടുത്തെറിയപ്പെട്ടു. ബൊളിവാറിയൻ വിപ്ലവത്തിന്റെ നേട്ടങ്ങളായ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകൾ ചുരുങ്ങിപോകുകയും അതിന്റെ നേട്ടങ്ങൾ പിറകോട്ടുപോകുയകയും ചെയ്തു.

അമേരിക്കൻ ദേശീയ സുരക്ഷക്ക് അനിതരസാധാരണമായ വെല്ലുവിളി ഉയർത്തുന്നു എന്ന പേരിലാണ് 2015 മുതലുള്ള ഉപരോധം. അന്താരാഷ്ട്ര നിയമത്തിന്റെ ഏത് തലത്തിൽ നോക്കിയാലും പരിഹാസ്യമായി തോന്നാവുന്ന ഈ നടപടിയാണിത്. പ്രസിദ്ധ അമേരിക്കൻ സാമ്പത്തിക വിദഗ്ദരായ മാർക്ക് വെയ്‌സ്‌ബ്രോത്തും ജെഫ്‌റി സാഷും ചേർന്ന് നടത്തിയ പഠനം പറയുന്നത് അമേരിക്കൻ ഉപരോധം ചുരുങ്ങിയത് 2017-18 കാലഘട്ടത്തിൽ മാത്രം 40,000 പേരുടെ മരണത്തിനു കാരണമായിട്ടുണ്ടാകും എന്നാണ്.

അമേരിക്കൻ സാമ്രാജ്യത്വ പ്രൊപ്പഗാൻഡ വെനിസ്വേലയിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നാണ് പുസ്തകം അന്വേഷിക്കുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന്.

ഇതിലെ ഏറ്റവും പ്രധാനപ്പെട്ട രീതി വെനിസ്വെലയിലെ ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും ഡിസ്ക്രെഡിറ്റ് ചെയ്യുകയാണ്. ഇത്രയെല്ലാം അട്ടിമറി ശ്രമങ്ങൾ നടന്നിട്ടും കഴിഞ്ഞ ഇരുപതിലധികം വർഷമായി വീണ്ടും വീണ്ടും ജനങ്ങൾ ബൊളിവാറിയൻ വിപ്ലവത്തെ തെരഞ്ഞെടുപ്പിലൂടെ പിന്തുണക്കുകയാണ്. ഇതാണ് ലോകം മുഴുവൻ വെനിസ്വേലയിലെ തെരെഞ്ഞെടുപ്പ് സംവിധാനം കൃത്രിമം നിറഞ്ഞതാണ് എന്ന വ്യാജ പ്രചാരണം അഴിച്ചുവിടുന്നതിലേക്ക് നയിക്കുന്നത്. എന്നാൽ കണക്കുകളും സ്വതന്ത്ര നിരീക്ഷകരുമെല്ലാം ഓരോ തവണയും വെനിസ്വെലൻ തെരെഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ശരി വെക്കുന്നുണ്ട്. എന്നാൽ വലതുപക്ഷ മാധ്യമങ്ങൾ നേതൃത്വം നൽകുന്ന സാമ്രാജ്യത്വ പ്രൊപ്പഗാൻഡ വലിയ അളവിൽ അവരുടെ വ്യാജ നിർമ്മിതി വിജയിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ വിവിധ രീതികളെ പുസ്തകം വിശദമായി പരിശോധിക്കുന്നുണ്ട്.

മറ്റൊരു പ്രൊപ്പഗാൻഡ രീതി, ബൊളിവാറിയൻ വിപ്ലവത്തിന്റെ നേട്ടങ്ങളെ പൂർണ്ണമായും ഡിസ്ക്രെഡിറ്റ് ചെയ്യുകയാണ്. കണക്കുകൾ പരിശോധിച്ചാൽ 1998- നു ശേഷം അഭൂതമായ വളർച്ച വെനിസ്വേല നേടിയതായി കാണാം. എന്നാൽ ഇത് പൂർണ്ണമായും റദ്ദ് ചെയ്യുകയും പകരം കണക്കുകളുടെ പിന്തുണ ഒട്ടുമില്ലാത്ത, ചരിത്ര വിരുദ്ധമായ, ഒരിക്കൽ സമ്പന്നമായ ജനാധിപത്യം നിറഞ്ഞു നിന്ന ഭൂതകാലം ഈ രാജ്യത്തിനുണ്ടായിരുന്നു എന്ന വ്യാജ നിർമ്മിതി സൃഷ്ടിക്കുകയാണ് സാമ്രാജ്യത്വ പ്രൊപ്പഗാൻഡ ചെയ്യുന്നത്. സമൂഹത്തിലെ ന്യൂനപക്ഷം ധനികർക്കും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കോർപറേറ്റുകൾക്കും നേട്ടവും ബഹുഭൂരിപക്ഷം ജനങ്ങൾക്ക് ദാരിദ്രവും നൽകിയതായിരുന്നു ചാവേസിന് മുന്നേയുള്ള ഒളിഗാർക്കിയുടെ കാലഘട്ടം. ഭൂരിപക്ഷം ജനങ്ങൾക്ക് ഭരണത്തിൽ ഒരു പങ്കോ നേട്ടമോ ഇല്ലാത്ത ആ കാലഘട്ടം ഇതോടെ വൈറ്റ് വാഷ് ചെയ്യപ്പെടുകയുണ്ടായി. ഇതിലും മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്.

40,000-ഓളം മനുഷ്യരുടെ മരണത്തിനു നേരിട്ട് കാരണമായ ഒരു തീരുമാനത്തെ എങ്ങനെയാകും ആധുനിക മനുഷ്യ സമൂഹം വിലയിരുത്തുക? കടുത്ത മനുഷ്യാവകാശ ലംഘനം എന്നോ കൂട്ടക്കുരുതിയെന്നോ വിലയിരുത്തുമെന്നാകും പൊതുവിൽ ഉത്തരം ലഭിക്കുക. എന്നാൽ ഇത്തരം ചർച്ചകൾക്ക് ഇന്നത്തെ ലോകത്ത് നേതൃത്വം നൽകുന്ന രാജ്യങ്ങളും സംഘടനകളും വലിയ പിന്തുണ നൽകുകയോ മൗനം പാലിക്കുകയോ ഈ വിഷയത്തിൽ ചെയ്തുവെന്ന് കാണുമ്പോൾ അത്ഭുതം തോന്നാവുന്നതാണ്. എന്ന് മാത്രമല്ല ഈ തീരുമാനത്തിന്റെ ഇരയാക്കപ്പെട്ടവർക്ക് നേരെയായിരുന്നു ഇത്തരം സംഘടനകളും മറ്റും മനുഷ്യാവകാശ ലംഘനത്തിന്റെ ആരോപണങ്ങൾ ഉന്നയിച്ചത് എന്ന് കാണുമ്പോൾ അത്ഭുതം വർദ്ധിക്കേണ്ടതാണ്.

എന്നാൽ, ആധുനിക ചരിത്രത്തിൽ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചർച്ചകൾ എത്രമാത്രം രാഷ്ട്രീയമായാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ ഇതിൽ തെല്ലും അത്ഭുതം തോന്നേണ്ട കാര്യമില്ല. മനുഷ്യാവകാശത്തെ മുൻ നിർത്തി മൂന്നാം ലോക രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ശ്രമങ്ങളെ ആക്രമിക്കുക ഒരു സ്ഥിരം രീതിയാണ്. ഇതിന്റെ ഏറ്റവും ഭീകരമായ പ്രൊപ്പഗാൻഡ വേർഷനാണ് രണ്ടു പതിറ്റാണ്ടായി വെനിസ്വേല കാണുന്നത്.

വെനിസ്വേലയിൽ നിരന്തരം ജനപിന്തുണയോടെ അധികാരത്തിൽ വരുന്ന ചാവേസിനെയും പിന്നീട് മദുറോയെയും സ്വേച്ഛാധിപതികളായി ചിത്രീകരിക്കുകയാണ് ഇതിന്റെ രീതികളിൽ ഒന്ന്. പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന സാമ്പത്തിക സാഹചര്യത്തിന് കാരണമായ അമേരിക്കൻ ഉപരോധം കണ്ടില്ലെന്നു നടിക്കുകയും അതിന്റെ റിസീവിങ് എൻഡിലുള്ള ഭരണകൂടത്തിന് സകല ഉത്തരവാദിത്വവും മനുഷ്യാവകാശത്തിന്റെ പേരിൽ ചാർത്തി നൽകുകയും ചെയ്യുകയാണ് മറ്റൊന്ന്. വെനിസ്വേലയിലെ പ്രതിപക്ഷത്തിന്റെ സകല അക്രമ പ്രവർത്തനത്തോടും മനുഷ്യാവകാശ ലംഘനങ്ങളോടും കണ്ണടക്കുകയും അവരെ ജനാധിപത്യ പോരാളികളായി അവതരിപ്പിക്കുകയും ചെയ്യുകയും ഇതിന്റെ ഭാഗമാണ്.

വിദേശ മാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും എങ്ങനെയാണ് പ്രൊപ്പഗാൻഡ ടൂളായി പ്രവർത്തിക്കുന്നത് എന്ന് പുസ്തകം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതിൽ എടുത്തു പറയേണ്ടത്, പൊതുവിൽ 'ഇടതുപക്ഷ' മീഡിയയായി അറിയപ്പെടുന്ന ഇംഗ്ലീഷ് പത്രം ദി ഗാർഡിയനും ലോകപ്രസിദ്ധ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചുമാണ്.

യുവാൻ ഗൗഡിയോ

2019- ലാണ് അവസാനത്തെ അട്ടിമറി ശ്രമം നടക്കുന്നത്. അന്ന് യുവാൻ ഗൗഡിയോ എന്ന സ്വയം പ്രഖ്യാപിത പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു അട്ടിമറിക്കുള്ള ശ്രമം. സ്വയം ഒരാൾ പ്രസിഡന്റായി എന്നതിനേക്കാൾ കൗതുകമായി മാറിയത് ആ പ്രസിഡന്റിനെ അമേരിക്ക, യൂറോപ്യൻ യൂണിയൻ ഉൾപ്പെടയുള്ള 50 ലധികം രാജ്യങ്ങൾ അംഗീകരിച്ചു എന്നതാണ്. ജനങ്ങളും സൈന്യവും മദുറോക്കൊപ്പം നിന്നതോടെ മുൻപത്തെ പോലെ ഇത്തവണയും അട്ടിമറി പരാജയപ്പെട്ടു. അട്ടിമറി പരാജയപ്പെട്ടിട്ടും പല രാജ്യങ്ങളും പിന്നെയും മാസങ്ങളോളം ഗൗഡിയോയെ തന്നെ പ്രസിഡന്റായി കരുതി എന്നതും ഇന്നും ചില രാജ്യങ്ങൾ കരുതുന്നു എന്നതും വീണ്ടും വീണ്ടും കൗതുകം വർധിപ്പിക്കുന്നതാണ്.

ട്രംപ് മാറി ജോ ബൈഡൻ വരുമ്പോളും ഉപരോധത്തിലൂന്നിയ അമേരിക്കൻ സമീപനം തുടരുകയാണ്. കോവിഡ് സമയത്ത് ഐ എം എഫ് വഴി വായ്പ ലഭിക്കാനുള്ള ശ്രമം പോലും തടഞ്ഞ സാഹചര്യമുണ്ടായി. അതുകൊണ്ടുതന്നെ 2019-ലെ അട്ടിമറി ശ്രമം അവസാനത്തേതാകില്ല എന്നുറപ്പിച്ചു പറയാൻ സാധിക്കും.

Comments