‘എഴുകോൺ’ വായിക്കുമ്പോൾ, എ.കെ. ജയശ്രീയെ വായിക്കുമ്പോൾ സ്ത്രീയെ കൂടുതൽ അറിയുന്നു, അനുഭവിക്കുന്നു

‘‘എഴുകോണിലൂടെ ജയശ്രീയുടെ ജീവിതത്തെയും ജീവിതത്തെപ്പറ്റിയുള്ള വീണ്ടുവിചാര-വിശകലനങ്ങളെയും അറിയുമ്പോൾ സ്ത്രീത്വത്തിൻ്റെ വിവിധ ഭാവങ്ങൾ എൻ്റെ ശാരീരിക അനുഭവമായിത്തീരുകയായിരുന്നു. എന്തെന്നാൽ ഒരു പുരുഷനിൽ സ്ത്രീയുണ്ട്. അവൻ ഭാഗികമായി സ്ത്രീയാണ്. ഒരുപക്ഷേ പകുതിയാണ്. ജയശ്രീയെ വായിക്കുമ്പോൾ സ്ത്രീയെ കൂടുതൽ അറിയുകയും അനുഭവിയ്ക്കുകയുമായിരുന്നു’’- റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എ.കെ. ജയശ്രീയുടെ ‘എഴുകോൺ’ എന്ന ആത്മകഥയുടെ വായനാനുഭവം എഴുതുന്നു, ഹരികുമാർ ജി.

ഹരി.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ 'എഴുകോൺ' രസകരമായി വായിച്ചുപോകാൻ കഴിയുന്ന രചനയാണ്. 1957-ൽ കൊല്ലം ജില്ലയിലെ എഴുകോൺ എന്ന ഗ്രാമത്തിൽ കുമാരൻ്റെയും ജഗദമ്മയുടെയും മകളായി ജനിച്ച കുഞ്ഞിൻ്റെ, ബാലികയുടെ, കുമാരിയുടെ, യുവതിയുടെ, ഡോക്ടറും സാമൂഹ്യ പ്രവർത്തകയും ഫെമിനിസ്റ്റും ഒക്കെയും ഒക്കെയുമായ ഒരാളുടെ ജീവിതാനുഭവങ്ങളെ ഒരു നീണ്ടകഥയായി പറഞ്ഞു വച്ചിരിയ്ക്കുന്നു.

എ.കെ. ജയശ്രീയെ ഞാൻ കേൾക്കുന്നത് മൈത്രേയൻ്റെ ജീവിതപങ്കാളി എന്ന പേരിലാണ്. മൈത്രേയൻ്റെ ജീവിതത്തെപ്പറ്റി കൂടുതലറിയാൻ കൗതുകമുണ്ടായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സഹയാത്രികയായ, ഇണയായ, സുഹൃത്തായ ജയശ്രീയെപ്പറ്റിയും അറിയാൻ കൗതുകമുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ഫോണിൽ വിളിച്ച് നേരിൽ കാണാൻ ആഗ്രഹിച്ചെങ്കിലും അവരുടെ ചില തിരക്കുകളാൽ കാണാൻ കഴിഞ്ഞിരുന്നില്ല.

മൈത്രേയന്‍, എ.കെ. ജയശ്രീ

‘എഴുകോണി’ന്റെ ആമുഖത്തിലെ അവസാനത്തിൽ 'ഇതൊക്കെ മറ്റുള്ളവർ വായിച്ചറിയേണ്ടതാണോ എന്നതിൽ എനിയ്ക്ക് വ്യക്തതയില്ല, സന്ദേഹമാണുള്ളത് ' എന്നെഴുതിയിരിയ്ക്കുന്നു. എന്നാൽ എനിയ്ക്ക് ബോധ്യമാവുന്നത് തീർച്ചയായും നമ്മൾ വായിച്ചറിയേണ്ട ഒരു കാലഘട്ടത്തിൻ്റെ സ്ത്രീപ്രാതിനിധ്യത്തിൻ്റെ കഥയാണിത് എന്നാണ്.

ജയശ്രീയുടെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളയാൾ നാരായണ ഗുരുവാണെന്ന് കാണാം. പുസ്തകത്തിൻ്റെ ആദ്യ പുറങ്ങളിലൊന്നിൽ നാരായണ ഗുരുവിൻ്റെ വരികൾ,
മരണവുമില്ല, പുറപ്പുമില്ല വാഴ്‌വും
നര സുരരാദിയുമില്ല നാമരൂപം
മരുവിലമർന്ന മരിചി നീരു പോൽ നിൽ-
പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം-ചേർത്തിരിയ്ക്കുന്നു.
അതുപോലെ ഈ പുസ്തകം അവസാനിയ്ക്കുന്നതും നാരായണ ഗുരുവിൻ്റെ ജനനീനവരത്നമഞ്ജരിയിലെ ശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ്. ജീവിതത്തെ ഒരു ലീലയായി അറിയുന്ന ഗുരുദർശനത്തിലാണ് ജയശ്രീ ആനന്ദം കാണുന്നതെന്ന് കരുതുന്നു.

ഒരു ഡോക്ടറുടെ ആത്മകഥ എന്നെഴുതുവാനാണ് എനിയ്ക്ക് തോന്നുന്നത്. എന്തെന്നാൽ ഈ രചനയുടെ വലിയൊരു ഭാഗം അഥവാ നല്ലൊരു ഭാഗം ഡോക്ടർ ആയ ജയശ്രീയുടെ ജീവിതാനുഭവങ്ങളാണ്. മനുഷ്യ നൈതികതയെയും രാഷ്ട്രീയ ശരികളെയും പറ്റി ചിന്തിയ്ക്കുകയും പ്രവർത്തിയ്ക്കുകയും ചെയ്ത മനുഷ്യസ്നേഹിയായ ഒരു സ്ത്രീയെയാണ് ഞാൻ വായിച്ചത് എന്ന് പറയാനാണിഷ്ടം. ഡോക്ടറായ ജയശ്രീയ്ക്ക് താല്പര്യമുള്ള മേഖലകൾ നീതിയും ലൈംഗികതയും സ്ത്രീയും കമ്മ്യൂണിറ്റി മെഡിസിനും ആത്മീയതയുമാണ് എന്നാണ് ബോധ്യമാവുന്നത്.

എ.കെ. ജയശ്രീ

എൻ്റെ ഓർമ്മകൾക്ക്, ജീവിതാനുഭവങ്ങൾക്ക്, ഒരു കഥാരൂപം പകർന്നുകൊണ്ടിരിയ്ക്കുന്ന സമയത്താണ് ഒരു നിമിത്തം പോലെ ഈ പുസ്തകം എൻ്റെ കൈകളിലെത്തുന്നത്. എൻ്റെ കുട്ടിക്കാലവും കൗമാരവും യൗവ്വനവുമൊക്കെ കൂടുതൽ തെളിഞ്ഞ് വരാൻ ഈ കൃതിയുടെ വായന സഹായകരമായിത്തോന്നിയതുപോലെ മലയാളി അഥവാ കേരളീയരായ വായനക്കാർക്ക് ഒരു സമാന്തര ഓർമ്മാനുഭവം ഈ രചന ഒരുക്കുമെന്നുറപ്പാണ്. നമ്മൾ കളിച്ചു വളർന്ന നാട്ടിൻപുറങ്ങളും സ്കൂൾ ജീവിതവുമൊക്കെ എഴുകോൺ അത്രമേൽ മധുരതരമായി ഓർമ്മപ്പെടുത്തുന്നു, ഒരിടം നോക്കുക: ‘‘എത്ര രസമുള്ള ക്ലാസാണെങ്കിലും ഇൻ്റർവെല്ലിന് പുറത്തേയ്ക്കോടുകയാണ് പ്രധാന ലക്ഷ്യം. ചെറിയ ഇട വേളയാണെങ്കിലും, നിർത്തിയിടത്ത് നിന്ന് വീണ്ടും കളികൾ ആരംഭിച്ച് തുടങ്ങും. ഐസും നെല്ലിയ്ക്കയും കടലയും വിൽക്കുന്ന അക്കച്ചിമാരും അണ്ണന്മാരും സുലഭമായി തണുത്ത വെള്ളം തന്ന അടുത്ത വീടുകളിലെ കിണറുകളും രസക്കനികൾ കുടഞ്ഞിടുന്ന പുളിമരങ്ങളും കൂടിയായിരുന്നു ഞങ്ങൾക്ക് പ്രിയ സ്കൂൾ’’.

ജയശ്രീയെപ്പോലെ തന്നെ കൗമാര കാമനകളിൽ ശരീരത്തിൻ്റെ പാരവശ്യവും ലിംഗഭേദങ്ങളിലൂടെയുള്ള തൃഷ്ണകളും അഭിലാഷങ്ങളുടെ കുഴഞ്ഞ ലോകവുമൊക്കെ നമ്മെയും കടന്നുപോയ കൗമാരകാലത്തിൻ്റെ ഒരേ സമയം സുഖകരവും ക്ളേശകരവുമായ ഓർമ്മകളിലെത്തിയ്ക്കുന്നു. ചാൾസ് ഡിക്കൻസിൻ്റെ ഒലിവർ ട്വിസ്റ്റിനെ അനുസ്മരിപ്പിച്ച മെല്ലിച്ച ശരീരവും നോട്ടവും ഭാവമുള്ള, പഠിത്തത്തിൽ സമർത്ഥനായ, വീട്ടുവേല ചെയ്തുകൊണ്ട് പഠിക്കാൻ വന്നിരുന്ന ശേഖരനോട് തോന്നിയ അനുരാഗം ജയശ്രീ എന്ന പെൺകുട്ടിയ്ക്ക് വളരെ ക്ലേശകരമായാണനുഭവപ്പെട്ടത്.

ചാള്‍സ് ഡിക്കന്‍സ്

"സാഹചര്യത്തെയും മനുഷ്യനെയും വേർതിരിച്ച് പറയാനാവില്ല" എന്ന് എന്നോട് പറഞ്ഞത് മൈത്രേയനാണ്. ജയശ്രീ സാമാന്യം മെച്ചപ്പെട്ട, സാമ്പത്തികമായും സാംസ്കാരികമായും ഭദ്രമായ, ഒരു കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കൾ അധ്യാപകർ. നാരായണ ഗുരുവിനെ ആദരിച്ചിരുന്ന ഒരു കുടുംബത്തിൽ ജനിയ്ക്കുകയും ബാല്യത്തിൽ തന്നെ നടരാജഗുരുവിനെ കാണാനും പിന്നീട് നിത്യചൈതന്യ യതിയുമായി അടുത്ത് ഇടപഴകാനും ഒക്കെ കഴിഞ്ഞത് ജീവിതസൗഭാഗ്യമാണ്. നാരായണ ഗുരുകുലത്തിൽ വച്ച് മൈത്രേയനെ കാണാനിടവരികയും യതിയുമായുള്ള സംസാരത്തിനിടയിൽ ഭാവി ജീവിതത്തിലെ പങ്കാളിയായി, ഇണയായി, മൈത്രേയനെപ്പോലെ ഒരാളെപ്പറ്റി സംസാരിയ്ക്കുകയും അത് സാധിതപ്രായമാവുകയും ചെയ്തതും ഞാൻ ഭാഗ്യമായിത്തന്നെ കരുതുന്നു.

മൈത്രേയനുമായി ചേർത്തല്ലാതെ ജയശ്രീയെപ്പറ്റി ഒരു പാട് പറയാനുണ്ട്. ജയശ്രീ എന്ന വ്യക്തി, സ്ത്രീ, കടന്നുപോയ വികാരവിചാരങ്ങളെപ്പറ്റി, അനുഭവങ്ങളെപ്പറ്റി. അതു ഞാൻ പറയുകയല്ല വേണ്ടത്, അത് സ്വാനുഭവ കഥയായി മനോഹരമായി പറഞ്ഞു വച്ച എഴുകോൺ വായിച്ചാസ്വദിയ്ക്കണമെന്നാണ് പറയുവാനുള്ളത്. എന്നെ ഏറ്റവും സ്വാധീച്ച മനുഷ്യരിലൊരാൾ മൈത്രേയനാണ്. എഴുകോൺ വായിച്ചു തീർന്നപ്പോൾ പറയാനുള്ളത് സ്വാധീനിച്ച മനുഷ്യരിൽ ജയശ്രീയുമുണ്ട് എന്നാണ്.

എന്തെന്നാൽ 1990-കളുടെ ആരംഭം മുതൽ കേരളത്തിൻ്റെ പൊതുജീവിതത്തിൽ, രാഷ്ട്രീയത്തിൽ, ഇടപെട്ട് അരികുവൽക്കരിയ്ക്കപ്പട്ട, പീഡിതരായ മനുഷ്യരോടൊപ്പം ജീവിച്ച് അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്ന് പക്വമതിയായ സ്ത്രീത്വമാണ് ജയശ്രീ എന്ന് ഈ പുസ്തകത്തിന്റെ വായന ബോധ്യപ്പെടുത്തിത്തരുന്നു. എൻ്റെ അമ്മ, മൂന്ന് സഹോദരിമാർ, ഭാര്യ, മകൾ, എൻ്റെ മുത്തശ്ശിമാർ, ബന്ധുക്കളായ സഹോദരിമാർ, സ്ത്രീകൾ, കണ്ട് ഉള്ളിൽ ഉദിച്ച് സാഹചര്യ സമ്മർദ്ദങ്ങളാൽ അടിച്ചമർത്തപ്പെട്ട പ്രണയങ്ങളിലെ ബാല്യകാലസഖികൾ, കുമാരിമാർ, യുവതികൾ, സ്ത്രീകൾ, നഗരവീഥികളിലും എൻ്റെ ഒരു ഉറ്റസുഹൃത്തിനോടൊപ്പം കണ്ടിട്ടുള്ള സെക്സ് വർക്കേഴ്സായ സഹോദരിമാർ, അമ്മമാർ തുടങ്ങി സ്ത്രീത്വത്തിൻ്റെ വിവിധ ഭാവങ്ങളെ കണ്ടും ഓർത്തും വിചാരപ്പെട്ടും ജീവിച്ചു പോരുന്ന ഒരു വനെന്ന നിലയ്ക്ക് പല തവണ എഴുകോണിൻ്റെ വായനാനേരത്ത് കണ്ണ് നിറഞ്ഞു പോകാതിരിയ്ക്കാൻ സ്വയം നിയന്ത്രിയ്ക്കുകയായിരുന്നു.

ലൈംഗികത്തൊഴിലാളികളായ സഹോദരിമാർക്കിടയിൽ, അമ്മമാർക്കിടയിൽ ജയശ്രീ നടത്തിയ സ്നേഹവും കരുണയും നിറഞ്ഞ പ്രവർത്തനങ്ങൾ അത്രയും ആത്മാർത്ഥമായും രാഷ്ട്രീയമായും ഏറ്റെടുത്തിട്ടുള്ളവർ കേരളത്തിലെന്നല്ല, ഇന്ത്യയിൽത്തന്നെ വിരളമാണെന്നത് എൻ്റെ സാമാന്യമായ അറിവിൽ ഒട്ടും അതിശയോക്തിയല്ലെന്ന് ഉറപ്പിച്ച് പറയുന്നു.

ഒരു പുരുഷനായതുകൊണ്ട് സ്വാഭാവികമായും എൻ്റെ കാലഘട്ടത്തിൽ, എൻ്റെ നാട്ടിൽ (തെക്കൻ കേരളത്തിൽ) ജനിച്ചുവളർന്ന ഒരു പെൺകുട്ടിയെ, അവളുടെ കൗമാര സ്വപ്നങ്ങളെ, വികാരങ്ങളെ, പ്രണയങ്ങളെ, വിചാരങ്ങളെ അറിയാനുള്ള കൗതുകം എനിയ്ക്കുണ്ട്. ആ കൗതുകത്തിന് ആസ്വാദ്യത പകരാൻ ഈ പുസ്തകത്തിന് കഴിഞ്ഞുവെന്നത് ഇതിൻ്റെ വായനയുടെ സംതൃപ്തിയാണ്. നേരിൽ കണ്ടിട്ടില്ലാത്ത, മൈത്രേയൻ്റെ സംസാരങ്ങളിലൂടെയും അവരുടെ തന്നെ യൂട്യൂബിലൂടെ കണ്ട ചില പ്രഭാഷണങ്ങളിലൂടെയും അല്പമാത്രം അറിഞ്ഞിട്ടുള്ള ജയശ്രീയുടെ വിചാരവികാരങ്ങളെ ആസ്വാദനത്തിൻ്റെ പറഞ്ഞറിയിക്കാനാവാത്ത ചില തലങ്ങളിലൂടെ എന്നിലനുഭവിപ്പിക്കാൻ ഈ പുസ്തകത്തിനായിട്ടുണ്ട്.

മറ്റൊരു വായനയിലും പ്രതീക്ഷിയ്ക്കാൻ കഴിയാത്തവിധം എന്നെ വിസ്മയിപ്പിയ്ക്കുകയും, ഹൃദയത്തെയാകെ പിടിച്ചുലയ്ക്കുകയും, നൊമ്പരപ്പെടുത്തുകയും ഒരു പ്രത്യേക വിഷയമേഖലയെ അനുഭവിപ്പിയ്ക്കുകയും ചെയ്തത് 31ാം അധ്യായം മുതൽ 40-ാം അധ്യായം വരെ 110 പേജുകളിലായി ജയശ്രീ പകർത്തിവച്ച ലൈംഗികത്തൊഴിലാളികൾക്ക് വേണ്ടി ഒരു ഡോക്ടർ എന്നതിലുപരി, മനുഷ്യസ്നേഹിയായ, കാരുണ്യവതിയായ, കരുത്തുറ്റ ഒരു സ്ത്രീയായി ജീവിച്ചതിൻ്റെ ഓർമ്മകളാണ്.

സുന്ദരവും തീവ്രവും ഹൃദയസ്പർശിയുമായ വാക്കുകൾ ചേർത്ത ശീർഷകങ്ങളോടുകൂടിയ ‘വിശ്വസ്തത മുറിഞ്ഞു പോയവർ, പാപം ചെയ്യാത്തവരും കല്ലെറിയരുത്, ഒഴുകി നടന്ന ഞാനും ആഹ്ലാദം ചോർന്ന ഉത്സവങ്ങളും, ക്രമം അക്രമം അപക്രമം, ഞാനും നിന്നെപ്പോലെയാണ്, പ്രതീക്ഷയുടെ പ്രണയോത്സവങ്ങൾ, ചിതറുകയും ചേരുകയും ചെയ്യുന്ന മനുഷ്യർ, ഉണങ്ങുന്ന മുറിവുകൾ ഉണങ്ങാത്ത മുറിപ്പാടുകൾ, 'അതി' നും 'ഇതി' നുമിടയിൽ, ഇനി ഞങ്ങൾ പറയട്ടെ, ‘ഐ.ടി.പി.എ റദ്ദു ചെയ്യാലീ ' എന്നീ അധ്യായങ്ങൾ ഞാൻ ആവർത്തിച്ച് വായിക്കാനാഗ്രഹിയ്ക്കുന്നവയാണ്.

ഈ അധ്യായങ്ങൾ വായനക്കാരുടെ പാപപുണ്യബോധങ്ങളെ ( അവർക്കങ്ങനെയുണ്ടെങ്കിൽ) , ആഹ്ളാദങ്ങളെ, മുറിവുകളെ, ലിംഗബോധത്തെ ഒക്കെയും പുനർവിചിന്തനങ്ങൾക്ക് വിധേയമാക്കുകയും വിമലീകരിയ്ക്കുകയും ചെയ്യുമെന്ന് പ്രത്യാശിച്ച് പോകുന്നു. ഈ അധ്യായങ്ങൾ കൂടാതെ മുമ്പും പിമ്പുമായുള്ള പേജുകളിലും സ്ത്രീയുടെ വിധേയത്വത്തിൻ്റെയും ലൈംഗികതയുടെയും ആനന്ദത്തിൻ്റെയും നീതിബോധത്തിൻ്റെയും പ്രതിരോധങ്ങളുടെയും പ്രതിഷേധങ്ങളുടെയും രാഷ്ട്രീയത്തിൻ്റെയും അനേകം മുഖങ്ങൾ എഴുകോൺ മനോഹരവും തീവ്രവുമായി വരച്ച് കാട്ടുന്നുണ്ട്.

എ.കെ. ജയശ്രീ, കനി കുസൃതി

കേരളത്തിലെ സാമാന്യ സ്ത്രീകളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഒരു സാഹചര്യത്തിൽ ജനിച്ചുവളർന്ന് വിദ്യാഭ്യാസമാർജ്ജിയ്ക്കാനും വിപ്ളവകരമായ ഒരു സ്ത്രീപുരുഷ ബന്ധത്തിലൂടെ കനി കുസൃതി എന്ന മകൾക്ക് ജന്മം നൽകി വളർത്താനും ഒരു ഡോക്ടറാകാനും സ്ത്രീവിമോചനപ്രസ്ഥാനങ്ങളിലും ലൈംഗികത്തൊഴിലാളികൾക്കിടയിലെ നന്മനിറഞ്ഞ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാനും ഒരുപാട് യാത്രാനുഭവങ്ങൾ ആസ്വദിയ്ക്കാനും കഴിഞ്ഞ ജയശ്രീയുടെ ജീവിതം തികച്ചും അർത്ഥവത്തായ, ഗുണപരതയാർന്ന, വിജയിച്ച ജീവിതമാണെന്ന് അറിയുന്നു. എഴുകോണിലൂടെ ജയശ്രീയുടെ ജീവിതത്തെയും ജീവിതത്തെപ്പറ്റിയുള്ള വീണ്ടുവിചാര-വിശകലനങ്ങളെയും അറിയുമ്പോൾ സ്ത്രീത്വത്തിൻ്റെ വിവിധ ഭാവങ്ങൾ എൻ്റെ ശാരീരിക അനുഭവമായിത്തീരുകയായിരുന്നു. എന്തെന്നാൽ ഒരു പുരുഷനിൽ സ്ത്രീയുണ്ട്. അവൻ അമ്മയിലൂടെ വന്നവനാണ്. അവൻ്റെ ഇണയിലൂടെ അവൻ്റെ തുടർച്ച അറിയുന്നവനാണ്. അവൻ ഭാഗികമായി സ്ത്രീയാണ്. ഒരുപക്ഷേ പകുതിയാണ്. ജയശ്രീയെ വായിക്കുമ്പോൾ സ്ത്രീയെ കൂടുതൽ അറിയുകയും അനുഭവിയ്ക്കുകയുമായിരുന്നു.

ആത്മീയത ഇഷ്ടപ്പെടുന്ന ജയശ്രീ ശാസ്ത്രബോധവും പാരബോധവുമുള്ളവളാണെന്ന വൈരുദ്ധ്യമുണ്ടെങ്കിലും ഇവയെ കൂട്ടിയിണക്കി സ്വന്തം കഥകൾ കാവ്യാത്മകമായ ഭാഷയിൽ പറയുന്നതിൽ വിജയിച്ചിരിയ്ക്കുന്നു. ജയശ്രീയുടെ തന്നെ വാക്കുകൾ ആവർത്തിച്ചു കൊണ്ട് ഈ ആസ്വാദനക്കുറിപ്പ് ചുരുക്കുന്നു: " ‘‘ജീവിതക്കാഴ്ചകൾ പല കോണുകളിലൂടെ മാറി മറയുന്നതാണ് അനുഭവം. അകമെ നിന്നും പുറമെ നിന്നും കാണുന്നത് വേർതിരിയാതെ കുഴഞ്ഞുമറിഞ്ഞാണ് ആശയങ്ങൾ രൂപപ്പെടുന്നത്. അവ ചിട്ടപ്പെടുത്തലൊന്നുമില്ലാതെ വന്യമായി ഈ താളുകളിൽ ചിതറിക്കിടക്കുകയാണ്’’.

എഴുകോൺ എന്ന വായനാനുഭവം സമ്മാനിച്ചതിന് നന്ദി.

Comments